2011-04-26

സെക്‌സുണ്ട്‌, സ്റ്റണ്ടുണ്ട്‌



പുതിയ സെന്‍സസ്‌ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ജനസംഖ്യ 3.3 കോടിയാണ്‌. ഏതാണ്ട്‌ ഇത്രത്തോളം അനുയായികളുള്ള `ദിവ്യ പുരുഷന്‍' സത്യസായി ബാബ മണ്ണിലേക്ക്‌ മറയുകയാണ്‌. മരണം സ്ഥിരീകരിച്ച്‌ പുട്ടപര്‍ത്തിയിലെ സത്യസായി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്‌ അദ്ദേഹം ദേഹം ഉപേക്ഷിച്ചുവെന്നാണ്‌. ദേഹി വിട്ടൊഴിഞ്ഞ കൂട്‌ നശിപ്പിച്ചുകളയുകയും ദേഹി മറ്റൊരു ദേഹത്തില്‍ പ്രവേശിച്ച്‌ തിരിച്ചെത്തുന്നത്‌ കാത്തിരിക്കുകയുമാണ്‌ സായിഭക്തര്‍. ഇത്രയും അനുയായികളും ഇത്രയും ആസ്‌തി ബലവുമുള്ള മറ്റൊരു ആള്‍ ദൈവം ലോകത്ത്‌ തന്നെ അപൂര്‍വം. 


`മാനവ സേവയാണ്‌ മാധവ സേവ'യെന്ന്‌ ഉദ്‌ഘോഷിക്കുകയും `ഞാനും നീയും ദൈവമാണ്‌, ഞാനത്‌ തിരിച്ചറിയുന്നുവെന്ന്‌ മാത്ര'മെന്ന സന്ദേശത്തിലൂടെ സ്വന്തം ദൈവികത്വം അരക്കിട്ടുറപ്പിക്കുകയും ചെയ്‌ത സത്യസായി ബാബ, അനുയായിവൃന്ദങ്ങളെയും ലോകത്തെയും അമ്പരപ്പിച്ചത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ പുട്ടപര്‍ത്തിയിലും ബംഗളൂരുവിലുമൊക്കെ തുടങ്ങി. ആശ്രമത്തിന്റെ ഭാഗമാകുന്ന കുട്ടികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം നല്‍കി. വിവിധ ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സേവന പ്രവര്‍ത്തനങ്ങള്‍. അനുയായികളെയും പുറമെ നിന്ന്‌ നോക്കുന്ന സാധാരണക്കാരെയും ഭക്തിസാഗരത്തില്‍ ആറാടിക്കാന്‍ ഇതിലും വലിയ മറ്റെന്ത്‌ വേണം? ആന്ധ്രാ പ്രദേശിലെ പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തിലേക്കുള്ള തെരുവുകളില്‍ പതിനായിരങ്ങള്‍ കണ്ണീരൊഴുക്കിയതിന്റെ കാരണവും മറ്റൊന്നല്ല.

ഇത്തരം പ്രവൃത്തികളെല്ലാം ഒരു മറയായി കാണേണ്ടതുണ്ടോ? സായിബാബയും അദ്ദേഹത്തിന്റെ ദിവ്യ പരിവേഷം പ്രയോജനപ്പെടുത്തി സ്വന്തം താത്‌പര്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന ചിലരും നടത്തുന്ന നാടകത്തിന്റെ ഭാഗമാണോ ഇതെല്ലാം? സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന പി എന്‍ ഭഗവതി മുതല്‍ ജസ്റ്റിസായിരുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ വരെയുള്ളവരും ഡോ. മന്‍മോഹന്‍ സിംഗ്‌ മുതല്‍ നരേന്ദ്ര മോഡി വരെയുള്ളവരും പ്രാര്‍ഥനാപൂര്‍വം കൈകൂപ്പിയ വ്യക്തിത്വം വിട്ടൊഴിഞ്ഞതിന്റെ വേദന അവസാനിക്കും മുമ്പ്‌ ചെളിവാരി എറിയുന്നതിന്റെ ഭാഗമാണ്‌ ഇത്തരം ചോദ്യങ്ങളെന്ന്‌ വിലയിരുത്തപ്പെട്ടേക്കാം. എന്നാലും ഒരു പോസ്റ്റ്‌മോര്‍ട്ടം അനിവാര്യമാകുന്നു. കാരണം ജീവിച്ചിരിക്കെ മൂന്ന്‌ കോടിയിലേറെ ആളുകളെ അന്ധമായ വിശ്വാസത്തിലേക്ക്‌ നയിച്ച വ്യക്തി മരണ ശേഷം ഇതിലധികം ആളുകളെ അതിലേക്ക്‌ നയിക്കാനുള്ള സാധ്യത ഏറെയാണ്‌.

ദിവ്യശക്തിയുണ്ടെന്ന്‌ അവകാശപ്പെട്ടിരുന്ന ബാബ കഥാവശേഷനാകുന്നത്‌ 86-ാം വയസ്സിലാണ്‌. താന്‍ ദേഹമുപേക്ഷിക്കുക 96-ാമത്തെ വയസ്സിലായിരിക്കുമെന്ന്‌ അദ്ദേഹം പ്രവചിച്ചിരുന്നു. പ്രവചനം തെറ്റിപ്പോയി. അവസാന നാളുകളില്‍ സ്വയം കല്‍പ്പിച്ചു നല്‍കിയ ദിവ്യത്വമൊന്നും അദ്ദേഹത്തിന്‌ തുണയായുണ്ടായിരുന്നില്ല. ശ്വസിക്കാനുള്ള യന്ത്രസഹായവും തുടര്‍ച്ചയായ ഡയാലിസിസുമാണ്‌ ദിവസങ്ങളോളം ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്ന്‌ അദ്ദേഹത്തിന്റെ തന്നെ ആശുപത്രിയിലെ വിദഗ്‌ധര്‍ പറയുന്നു. ദിവ്യത്വം ആരോപിക്കുന്ന അനുയായികള്‍ ഓര്‍ക്കാന്‍ വേണ്ടി മാത്രമാണ്‌ ഇത്‌ എഴുതിയത്‌.

ഇനി ബാബയും അദ്ദേഹം സ്ഥാപിച്ച ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ആലോചിക്കാം. എവിടെ നിന്നാണ്‌ ഇതിനൊക്കെ പണം വരുന്നത്‌? അനുയായികളില്‍ നിന്ന്‌ ലഭിക്കുന്ന സംഭാവനയില്‍ നിന്ന്‌. അതിന്‌ കണക്കുകള്‍ എന്തെങ്കിലുമുണ്ടോ? ഇല്ലെന്ന്‌ തന്നെ കരുതണം. കാരണം ആരോടും കണക്കു കാണിക്കേണ്ട ബാധ്യതയില്ലായിരുന്നു ബാബക്ക്‌. അതിനുള്ള അവസരം നമ്മുടെ ഭരണകര്‍ത്താക്കള്‍ ഉണ്ടാക്കിക്കൊടുത്തിരുന്നു. വിദേശത്തു നിന്ന്‌ ലഭിക്കുന്ന സംഭാവനക്ക്‌ മാത്രം കണക്കുകള്‍ അറിയിക്കണം. വിദേശത്തുള്ളവര്‍ നേരിട്ട്‌ പ്രശാന്തി നിലയത്തിലെത്തി നല്‍കുന്ന പണത്തിനോ പാരിതോഷികങ്ങള്‍ക്കോ കണക്ക്‌ വേണ്ടതില്ല. ട്രസ്റ്റിന്റെ നടത്തിപ്പ്‌ സംബന്ധിച്ച റിപ്പോര്‍ട്ടുകളും സത്യസായിയില്‍ നിന്ന്‌ വാങ്ങേണ്ടതില്ലെന്ന്‌ നമ്മുടെ ഭരണകൂടം തീരുമാനിച്ചു. 


ഇന്ത്യാ മഹാരാജ്യത്ത്‌ ഇത്രത്തോളം സ്വതന്ത്രമായ മറ്റൊരു സംവിധാനം വേറെ ഏതെങ്കിലുമുണ്ടെന്ന്‌ തോന്നുന്നില്ല. അങ്ങനെ ലഭിക്കുന്ന പണത്തിന്റെ ഒരംശമാണ്‌ ദയാദാക്ഷിണ്യമായി എത്തുന്നത്‌. ഈ ദയാദാക്ഷിണ്യമുപയോഗിച്ച്‌ അനുയായിവൃന്ദത്തിന്റെ വലിപ്പം കൂട്ടുന്നു. അനുയായികള്‍ വര്‍ധിക്കുമ്പോള്‍ സംഭാവനയും വര്‍ധിക്കും. സുരക്ഷിതമായ ഒരു സമ്പദ്‌ശൃംഖല. ആരോടും കണക്ക്‌ ബോധിപ്പിക്കേണ്ടതില്ല. ആരും ചോദിക്കാനുമില്ല. സത്യസായിക്ക്‌ സംഭാവനയായി നല്‍കിയ കോടികളുടെ കണക്ക്‌ നിരത്തി കള്ളപ്പണം വെളിപ്പിക്കുന്നവരും കുറവല്ല. സ്വീകരിച്ച പണത്തിന്‌ സത്യസായി ട്രസ്റ്റ്‌ ആരെയും അറിയിക്കേണ്ടതില്ലാത്തതുകൊണ്ട്‌ കള്ളപ്പണം വെളുപ്പിച്ചവരെ പിടിക്കാനും സാധിക്കില്ല. പലര്‍ക്കും പല സൗകര്യങ്ങള്‍. അതുകൊണ്ട്‌ തന്നെ ബാബയുടെ സവിധത്തില്‍ എക്കാലത്തും സമ്പന്നരുടെ നീണ്ട നിരയുണ്ടായിരുന്നു. മരണശേഷവും ഇവരൊക്കെ അങ്ങനെ തന്നെ തുടരും. ജീവിച്ചിരിക്കെ ബാബക്ക്‌ അനുവദിച്ച സൗകര്യങ്ങള്‍ മരണശേഷം ജനാധിപത്യ ഭരണകൂടം പിന്‍വലിക്കില്ലെന്ന്‌ ഉറപ്പ്‌.

ഈ സമ്പത്ത്‌ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നതിന്‌ തെളിവുകള്‍ ധാരാളമുണ്ട്‌. ആശ്രമത്തിന്റെ മേധാവിയായിരുന്ന നാരായണനെ പുറത്താക്കിയത്‌ അദ്ദേഹം പണം വകമാറ്റി സ്വന്തമായി വലിയ ബംഗ്ലാവ്‌ നിര്‍മിച്ചത്‌ പുറത്തായപ്പോഴാണ്‌. ലാര്‍സണ്‍ ആന്‍ഡ്‌ ട്യൂബ്രോക്ക്‌ നിര്‍മാണ കരാറുകള്‍ നല്‍കുന്നതിന്‌ പല കുറി കോഴ വാങ്ങിയത്‌ പുറത്തായതോടെയാണ്‌ എന്‍ജിനീയറായ കേണല്‍ ജോഗ റാവുവിനെ ഒഴിവാക്കുന്നത്‌. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പല കാലങ്ങളിലായി പുറത്താക്കപ്പെട്ടവര്‍ നിരവധിയാണ്‌. കണക്കുകളില്ലാതെ ഒഴുകുന്ന പണം സുലഭമായി ചോര്‍ത്തപ്പെട്ടിരുന്നുവെന്ന്‌ അര്‍ഥം. ഈ തട്ടിപ്പുകളുടെയെല്ലാം ആധാരം ബാബയുടെ ദിവ്യത്വവും അതിലുള്ള അന്ധമായ വിശ്വാസവും മാത്രമാണ്‌. ഈ ചോര്‍ത്തലിനുള്ള മറകളാണ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. എന്ത്‌ ആരോപണമുയര്‍ന്നാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നീണ്ട നിര ചൂണ്ടിക്കാട്ടി മറച്ചുപിടിക്കാന്‍ സാധിക്കുമെന്നത്‌ അനുഭവ പാഠം.

1993 ജൂണ്‍ ആറിന്‌ പ്രശാന്തി നിലയത്തില്‍ ആറ്‌ പേര്‍ വധിക്കപ്പെട്ടു. രണ്ട്‌ പേര്‍ ആശ്രമത്തിലെ ജീവനക്കാരും നാല്‌ പേര്‍ പുറത്തുള്ളവരും. ബാബയെ വധിക്കാനെത്തിയ നാല്‌ പേര്‍ രണ്ട്‌ ജീവനക്കാരെ വധിച്ചുവെന്നാണ്‌ വിശദീകരണം. ആശ്രമത്തിലെ മുറിയില്‍ പൂട്ടിയിട്ട നാല്‌ പേരെ പിന്നീടെത്തിയ പോലീസ്‌ സംഘം വധിച്ചു. കൊലയാളി സംഘത്തിലുള്ളവരെന്ന്‌ കരുതുന്ന രണ്ട്‌ പേരെ പിന്നീട്‌ പോലീസ്‌ പിടികൂടി. സംഭവത്തെക്കുറിച്ച്‌ നടന്ന അന്വേഷണങ്ങളെല്ലാം പാതിവഴിയില്‍ അവസാനിച്ചു. അക്രമം നടക്കുമ്പോള്‍ ബാബയുടെ മുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുണ്ടായിരുന്നുവെന്ന ആരോപണവും അന്ന്‌ ഉയര്‍ന്നിരുന്നു. അന്വേഷണം നടന്നാല്‍ പലതും പുറത്തുവരുമെന്നതിനാല്‍ എല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്ന ആക്ഷേപം ഇപ്പോഴും ശക്തമാണ്‌. പ്രധാനമന്ത്രി മുതല്‍ താഴേക്ക്‌ ഭരണ സംവിധാനത്തിന്റെ മുക്കിലും മൂലയിലും സ്വാധീനമുള്ള ബാബക്ക്‌ എന്തും ഒതുക്കിത്തീര്‍ക്കാന്‍ പ്രയാസമുണ്ടാകില്ല തന്നെ. 


ബാബയുടെ സഹോദരനും കോണ്‍ഗ്രസ്‌ നേതാവുമായ അന്തരിച്ച ജാനകിരാമന്‌ ഈ സംഭവത്തിലുള്ള പങ്ക്‌ സംബന്ധിച്ചും അന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആശ്രമത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്‌ നടക്കുന്നുവെന്ന്‌ മുന്‍കാലങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നയാളാണ്‌ ഇദ്ദേഹം. 1993ലെ `കൊലപാതകശ്രമ' ത്തിന്‌ ശേഷം ജനകീരാമന്‍ സത്യസായി ട്രസ്റ്റ്‌ അംഗമായി. 2004ല്‍ മരിക്കുമ്പോഴേക്കും ബഹുകോടി ആസ്‌തിയുള്ളയാളായി മാറുകയും ചെയ്‌തു.

ദുരൂഹമായ നിരവധി മരണങ്ങള്‍ പ്രശാന്തി നിലയത്തിലും പരിസരത്തും നടന്നിട്ടുണ്ട്‌. മരിച്ചവരില്‍ കോടീശ്വരന്‍മാരായ വ്യവസായികള്‍ വരെയുണ്ട്‌. ചിലര്‍ കുടുംബത്തോടെ ആത്മാഹുതി ചെയ്‌ത സംഭവങ്ങളുമുണ്ട്‌. കോടിക്കണക്കായ സ്വത്തുക്കള്‍ സത്യ സായിക്ക്‌ എഴുതിവെച്ച്‌ ആത്മഹത്യ ചെയ്‌തതാണ്‌ ചില കേസുകളെങ്കിലും. ഇത്തരം ദുരൂഹ മരണങ്ങളുടെ പിറകെ അന്നും ഇന്നും ആരും അന്വേഷണവുമായി പോകാറില്ല. സത്യസായി ബാബയുടെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ധാരാളമാണ്‌. പ്രായപൂര്‍ത്തിയെത്താത്ത നിരവധി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക വൃത്തിക്ക്‌ വിധേയരാക്കിയെന്നതാണ്‌ ആരോപണങ്ങളില്‍ പ്രധാനം. ലൈംഗിക പീഡനത്തിന്‌ ഇരയായത്‌ പരസ്യമായി പറയാനും ചിലര്‍ തയ്യാറായി. ഇത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പു തന്നെ ഉണ്ടാകുകയും ബി ബി സി പോലുള്ള മാധ്യമങ്ങളിലൂടെ അത്‌ പുറത്തു വരികയും ചെയ്‌തു. എന്നിട്ടും നമ്മുടെ ഭരണകൂടം ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ തയ്യാറായില്ല. 


ലോകത്ത്‌ ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളില്‍ എക്കാലത്തും ഏറ്റവും സജീവമായി നില്‍ക്കുന്നത്‌ ക്രിസ്‌തീയ സഭകളാണ്‌. അതിന്‌ അവര്‍ക്ക്‌ അവരുടേതായ ആവശ്യങ്ങളുമുണ്ട്‌. ഈ സഭകളിലെ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അതേക്കുറിച്ച്‌ അന്വേഷിക്കാനും കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ചിലര്‍ക്കെങ്കിലുമെതിരെ നടപടിയെടുക്കാനും സഭാ നേതൃത്വം തന്നെ തയ്യാറായി. ഇത്തരം കേസുകളില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായ രാജ്യങ്ങളുമുണ്ട്‌. മാതൃകകളായി ഇതൊക്കെ മുന്നില്‍ നില്‍ക്കുമ്പോഴാണ്‌ ഇവിടെ നിരവധി ആരോപണങ്ങള്‍ നേരിട്ട ഒരു വ്യക്തി ദേഹം ഉപേക്ഷിച്ച്‌ പോകുന്നത്‌.

ലൈംഗിക അതിക്രമം, കൊല, കണക്കില്ലാതൊഴുകുന്ന കോടികള്‍ ഇവക്കെല്ലാം തണലും തുണയുമായി നില്‍ക്കുന്ന ഭരണ സംവിധാനങ്ങള്‍. ഒരു സാധാരണ തട്ടുതകര്‍പ്പന്‍ ചലച്ചിത്രത്തിലെ ചേരുവകളെല്ലാമുണ്ട്‌ ഈ ദിവ്യ പരിവേഷത്തിനും അതിന്റെ നിലനില്‍പ്പിനും പിറകില്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതിനെല്ലാം മുകളില്‍ ഉയര്‍ത്തപ്പെട്ടവയാണ്‌. ഇതുമാത്രമല്ല, വര്‍ഷങ്ങള്‍ നീണ്ട ഈ അന്ധവിശ്വാസം സൃഷ്‌ടിച്ച വിന. അന്തരീക്ഷത്തില്‍ നിന്ന്‌ വിഭൂതിയും രത്‌നമോതിരവുമൊക്കെ എടുത്ത്‌ കാണികളെ അമ്പരപ്പിച്ചും മറ്റും സായിബാബ സൃഷ്‌ടിച്ച അന്ധവിശ്വാസ തരംഗത്തിന്റെ ഊര്‍ജത്തില്‍ നിന്നാണ്‌ സന്തോഷ്‌ മാധവന്‍, ഹിമവല്‍ ഭദ്രാനന്ദ, മുരളീകൃഷ്‌ണ എന്ന്‌ തുടങ്ങി സ്വാമി നിത്യാനന്ദ വരെ നീളുന്ന ശൃംഖലയുടെ സൃഷ്‌ടി. ലൈംഗിക അതിക്രമം, സാമ്പത്തിക തട്ടിപ്പ്‌ തുടങ്ങിയ ചേരുവകള്‍ ഈ പേരുകാരിലെല്ലാം കാണാം. ഈ തഴച്ചുവളരലിന്‌ എല്ലാ സഹായവും ചെയ്‌തത്‌ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്ക്‌ നേതൃത്വം നല്‍കിയവരാണ്‌. പുതിയ കാലത്തിലേക്ക്‌ രാജ്യത്തെ നയിക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍ പുട്ടപര്‍ത്തിയില്‍ ചെന്ന്‌ വണങ്ങി നില്‍ക്കുമ്പോള്‍ അന്ധവിശ്വാസത്തിന്‌ കൂടുതല്‍ വളമാകുകയും ചെയ്യുന്നു. 


ഒന്നര ലക്ഷം കോടിയെന്ന്‌ മതിപ്പു മൂല്യം കണക്കാക്കുന്ന സ്വത്ത്‌ കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച്‌ തര്‍ക്കമുയരുന്നുവെന്നാണ്‌ പുട്ടപര്‍ത്തിയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. ശുഭോദര്‍ക്കമാണിത്‌. വിവരങ്ങള്‍ പുറത്തുവരാനും യഥാര്‍ഥ പോസ്റ്റ്‌മോര്‍ട്ടം നടക്കാനും ഈ തര്‍ക്കം സഹായിച്ചേക്കും

2011-04-22

ആണവക്കതിരില്‍ വിഷംവെക്കുകയോ!



വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം ഒപ്പുവെച്ച സിവിലിയന്‍ ആണവ സഹകരണ കരാറുകളുടെ ആദ്യത്തെ പരീക്ഷണ ഭൂമിയാണ്‌ മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ജയ്‌താപൂര്‍. ആറ്‌ റിയാക്‌ടറുകള്‍ ഉള്‍ക്കൊള്ളുന്ന ആണവ പാര്‍ക്കാണ്‌ പശ്ചിമഘട്ടത്തിന്റെ ഭാഗമായി ഇവിടേക്ക്‌ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്‌. അഞ്ച്‌ ഗ്രാമങ്ങളില്‍ നിന്നായി 938 ഹെക്‌ടര്‍ ഭൂമിയിലാണ്‌ പദ്ധതി വരിക. ആറ്‌ റിയാക്‌ടറുകളും സ്ഥാപിച്ച്‌ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാവണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. ഇതിനെതിരെയാണ്‌ ജനങ്ങള്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നത്‌. എന്ത്‌ സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന്‌ മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌ - എന്‍ സി പി സര്‍ക്കാറും കേന്ദ്രത്തിലെ യു പി എ സര്‍ക്കാറും പറയുന്നു. കടുത്ത ഉപാധികളോടെയാണെങ്കിലും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക്‌ പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട്‌. ഉപാധികള്‍ വെക്കുന്നത്‌ തന്നെ ലംഘിക്കപ്പെടാനാണെന്ന്‌ പല പദ്ധതികളിലൂടെയും ജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടതാണ്‌.

എന്തുവില കൊടുത്തും രാജ്യം ഊര്‍ജ സുരക്ഷ കൈവരിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ പദ്ധതിക്ക്‌ വേണ്ടി വാദിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്‌. നിലവില്‍ എട്ട്‌ ശതമാനത്തിലധികം വളര്‍ച്ചാനിരക്കുണ്ട്‌. വരും വര്‍ഷങ്ങളില്‍ അത്‌ ഒമ്പതിലെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ നിക്ഷേപങ്ങളുടെ കേന്ദ്രമാവുമെന്നും അപ്പോള്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അതിന്‌ വേണ്ടിയാണ്‌ കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത്‌. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്‌ അമേരിക്കയുമായുള്ള ആണവ കരാര്‍ യാഥാര്‍ഥ്യമാക്കിയത്‌. 


കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന്‌ വേണ്ടി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡ കരാറില്‍ ഒപ്പുവെച്ചു. ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടന എര്‍പ്പെടുത്തിയിരുന്ന വാണിജ്യ വിലക്ക്‌ നീക്കുകയും ചെയ്‌തു. അതോടെയാണ്‌ ഫ്രാന്‍സ്‌ മുതല്‍ കസാഖ്‌സ്ഥാന്‍ വരെയുള്ള രാജ്യങ്ങളുമായി ആണവ കരാറില്‍ ഒപ്പുവെക്കാന്‍ സാധിച്ചത്‌.

ജയ്‌താപൂരിലെ നിര്‍ദിഷ്‌ട നിലയത്തിലേക്കുള്ള രണ്ട്‌ റിയാക്‌ടറുകള്‍ ഫ്രാന്‍സിലെ അരേവ എന്ന കമ്പനിയാണ്‌ നല്‍കുന്നത്‌. ഈ റിയാക്‌ടറുകളിലേക്കുള്ള ഇന്ധനവും അവര്‍ ലഭ്യമാക്കും. പശ്ചിമ ബംഗാളിലും ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും റിയാക്‌ടറുകള്‍ സ്ഥാപിക്കുന്നതിന്‌ ഉദ്ദേശ്യമുണ്ട്‌. ഇതില്‍ രണ്ടെണ്ണം അമേരിക്കയിലെ കമ്പനികളാണ്‌ നല്‍കുക. ആണവോര്‍ജത്തെ കൂടുതലായി ആശ്രയിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാറിന്‌ മറ്റു ന്യായങ്ങളുണ്ട്‌. ജല വൈദ്യുത പദ്ധതികള്‍ പരിസ്ഥിതിക്ക്‌ ആഘാതം ഏല്‍പ്പിക്കുന്നവയാണ്‌. താപ വൈദ്യുത പദ്ധതികള്‍ക്ക്‌ കല്‍ക്കരി ഉപയോഗിക്കുന്നത്‌ അന്തരീക്ഷ മലിനീകരണത്തിന്‌ കാരണമാവും. കല്‍ക്കരിയെ കൂടുതല്‍ ആശ്രയിക്കുന്നത്‌ വന നശീകരണത്തിനും കാരണമാവും. ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്ത `ശുദ്ധമായ' ഊര്‍ജം എന്ന വിശേഷണം ആണവോര്‍ജത്തിനുണ്ട്‌. ഇത്രയും സവിശേഷമായ പദ്ധതിക്ക്‌ വേണ്ടി ശ്രമിക്കുമ്പോള്‍ പ്രക്ഷോഭവുമായി രംഗത്ത്‌ വരുന്നതിന്‌ പിറകില്‍ രാഷ്‌ട്രീയവും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ കാണുന്നുണ്ട്‌.

എന്നാല്‍ മറ്റ്‌ ചില വസ്‌തുതകള്‍ ഈ പ്രക്ഷോഭം വെറുതെയല്ലെന്നതിന്‌ തെളിവാണ്‌. അല്‍ഫോണ്‍സാ മാങ്ങകളുടെ നാടായ ജയ്‌താപൂര്‍ ജൈവ വൈവിധ്യത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്‌. ലോകത്തെ തന്നെ പത്ത്‌ പ്രധാന കേന്ദ്രങ്ങളില്‍ ഒന്ന്‌. തിങ്ങിനിറഞ്ഞ മഴക്കാടുകളുടെ ഭൂമി. 5,000 ഇനം പുഷ്‌പിക്കുന്ന ചെടികള്‍ ഇവിടെയുണ്ടെന്നാണ്‌ കണക്ക്‌. 139 ഇനം സസ്‌തനികള്‍, 508 തരം പക്ഷികള്‍, 179 ഇനം ഉഭയ ജീവികള്‍ എന്നിങ്ങനെയാണ്‌ വൈവിധ്യത്തിന്റെ കണക്ക്‌. ഇവയിലെ 325 ഇനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്‌. 938 ഹെക്‌ടറില്‍ വരുന്ന പദ്ധതി ഈ ജൈവവൈവിധ്യത്തെ ഏത്‌ വിധത്തില്‍ ബാധിക്കുമെന്ന്‌ വിശേഷിച്ച്‌ വിശദീകരിക്കേണ്ടതില്ല. അഞ്ച്‌ ഗ്രാമങ്ങളില്‍ നിന്നായി കുടിയൊഴിപ്പിക്കപ്പെടുന്ന 40,000 ജനങ്ങള്‍ പുറമെ. ഇവരുടെ പുനരധിവാസത്തിന്‌ വലിയ വാഗ്‌ദാനങ്ങള്‍ പദ്ധതി നടപ്പാക്കുന്ന ആണവോര്‍ജ കോര്‍പ്പറേഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. പുനരധിവാസ പദ്ധതികളുടെ കാര്യക്ഷമതയും നടപ്പാക്കുന്നതിന്റെ വേഗവും ഇന്ത്യക്കാരനെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. വിവിധ പദ്ധതികളുടെ ഇരകളായി തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ട ലക്ഷങ്ങള്‍ ഇപ്പോള്‍ തന്നെ രാജ്യത്തുണ്ട്‌. ഭൂരിഭാഗം പേരെയും പുനരധിവസിപ്പിച്ചുവെന്ന്‌ സര്‍ക്കാറുകള്‍ പറയും. അല്ലെങ്കില്‍ സമഗ്ര പുനരധിവാസ പദ്ധതികള്‍ തയ്യാറാണെന്ന്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കും. പക്ഷേ, തെരുവിലേക്ക്‌ വലിച്ചെറിയപ്പെട്ടവര്‍ അവിടെത്തന്നെ തുടരാന്‍ വിധിക്കപ്പെടുന്നുവെന്നതാണ്‌ കാഴ്‌ച. അത്‌ സര്‍ദാര്‍ സരോവറിലാണെങ്കിലും പോലവാരത്താണെങ്കിലും ഇങ്ങ്‌ വല്ലാര്‍പാടത്താണെങ്കിലും മാറ്റമില്ല.

ഇതിലും വലിയ ഭീതി ഭൂചല സാധ്യതയാണ്‌. രാജ്യത്ത്‌ വലിയ ഭൂചലനങ്ങള്‍ക്ക്‌ സാധ്യതയുള്ള പ്രദേശമാണ്‌ രത്‌നഗിരി ഉള്‍ക്കൊള്ളുന്ന കൊങ്കണ്‍ മേഖല. മാപിനിയില്‍ അഞ്ചിലധികം രേഖപ്പെടുത്തിയ മൂന്ന്‌ ചലനങ്ങള്‍ 20 വര്‍ഷത്തിനിടെ ഇവിടെയുണ്ടായി. ഇതിലൊന്ന്‌ 6.3 രേഖപ്പെടുത്തിയതായിരുന്നു. ഒമ്പതിനായിരം പേരാണ്‌ അന്ന്‌ മരിച്ചത്‌. ഇത്തരമൊരു സ്ഥലത്ത്‌ ആറ്‌ ആണവ റിയാക്‌ടറുകള്‍ സ്ഥാപിക്കുന്നതിലെ അപകടം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന്‌ ജപ്പാനിലെ ഫുകുഷിമയില്‍ ആണവ റിയാക്‌ടര്‍ തകരുന്നതിന്‌ മുമ്പ്‌ തന്നെ. ഫുകുഷിമ ദുരന്തത്തോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയായിരുന്നു.
അമേരിക്ക നടത്തിയ രണ്ട്‌ അണുബോംബാക്രമണങ്ങളുടെ ദുരന്തം ഇപ്പോഴും പേറുന്ന രാജ്യമാണ്‌ ജപ്പാന്‍. അതുകൊണ്ട്‌ തന്നെ ആ രാജ്യം ആണവായുധങ്ങള്‍ വേണ്ടെന്നുവെച്ചു. ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം വികസിപ്പിക്കുമ്പോള്‍ തന്നെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ അവര്‍ ഏര്‍പ്പെടുത്താറുണ്ട്‌. 



അത്തരമൊരു നിലയമാണ്‌ വലിയൊരു ഭൂകമ്പത്തില്‍ തകര്‍ന്നത്‌. തുടര്‍ ചലനങ്ങളില്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക്‌ എത്തിയതും. ആണവ വികിരണം നിയന്ത്രിക്കാനും പ്ലാന്റിന്റെ പ്രവര്‍ത്തനം നിയന്ത്രണ വിധേയമാക്കാനും സാധ്യമായതെല്ലാം ചെയ്യുന്നു ജപ്പാന്‍. കഴിയാവുന്ന രാജ്യങ്ങളെല്ലാം സഹായിക്കുന്നുമുണ്ട്‌. എന്നിട്ടും ഫുകുഷിമ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബിലിന്‌ സമാനമായ അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ മാത്രമാണിത്‌. ആണവ വികിരണം എന്തൊക്കെ ദുരിതങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്ന്‌ മനസ്സിലാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. വികിരണം നിയന്ത്രിക്കണമെങ്കിലും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. ഈ സ്ഥിതി മുന്നില്‍ നില്‍ക്കുമ്പോഴും ആറ്‌ റിയാക്‌ടറുകളും ജയ്‌താപൂരില്‍ തന്നെ സ്ഥാപിക്കുമെന്ന നിര്‍ബന്ധബുദ്ധിയിലാണ്‌ സര്‍ക്കാര്‍.

രാജ്യത്ത്‌ ഇപ്പോഴുള്ള ആണവോര്‍ജ നിലയങ്ങളില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന ആകെ വൈദ്യുതി 4,780 മെഗാവാട്ടാണ്‌. ആറ്‌ പദ്ധതികളിലായുള്ള 20 റിയാക്‌ടറുകളില്‍ നിന്നാണ്‌ ഇത്രയും ഊര്‍ജം ഉത്‌പാദിപ്പിക്കുന്നത്‌. ഇതിന്റെ ഇരട്ടിയിലധികം വൈദ്യുതി (9,900 മെഗാ വാട്ട്‌) ഉത്‌പാദിപ്പിക്കുക എന്നതാണ്‌ ജയ്‌താപൂര്‍ പദ്ധതിയുടെ ലക്ഷ്യം. ഇവിടേക്ക്‌ അരേവ നല്‍കുന്നത്‌ യൂറോപ്യന്‍ പ്രഷറൈസ്‌ഡ്‌ റിയാക്‌ടര്‍ എന്ന പുതിയ ഇനമാണ്‌. ഫിന്‍ലന്‍ഡിലും ചൈനയിലുമായി നാല്‌ റിയാക്‌ടറുകള്‍ സ്ഥാപിക്കാന്‍ അരേവക്ക്‌ കരാര്‍ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. അതായത്‌ പരീക്ഷിച്ച്‌ വിജയം കണ്ട റിയാക്‌ടറുകളല്ല ഇന്ത്യ വാങ്ങി ജയ്‌താപൂരില്‍ സ്ഥാപിക്കുന്നത്‌ എന്ന്‌ അര്‍ഥം. 


പ്രവര്‍ത്തനം നിര്‍ത്താതെ തന്നെ അറ്റകുറ്റപ്പണി നടത്താന്‍ പുതിയ ഇനത്തിന്‌ സാധിക്കുമെന്നാണ്‌ അരേവയുടെ അവകാശവാദം. വിമാനം തകര്‍ന്ന്‌ വീണാല്‍ പോലും റിയാക്‌ടറിന്‌ ഒന്നും സാധിക്കില്ലെന്നും അവര്‍ പറയുന്നു. ഇതൊക്കെ വിശ്വസിച്ചാല്‍ തന്നെ, ഭൂചലന സാധ്യതയുള്ള മേഖല എന്ന അപകടത്തെ ഒഴിവാക്കാന്‍ സാധിക്കില്ല. രാജ്യത്തെ മറ്റ്‌ റിയാക്‌ടറുകളെല്ലാം ഭൂചലനത്തെ അതിജീവിക്കാന്‍ ത്രാണിയുള്ളതാണെന്നും അതേ സ്ഥിതിയാണ്‌ ജയ്‌താപൂരിലുമുണ്ടാവുക എന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ട്‌. ഇതും വിശ്വാസത്തിലെടുക്കാം. പക്ഷേ, വലിയൊരു പദ്ധതി പരിസ്ഥിതിക്ക്‌ സൃഷ്‌ടിക്കുന്ന ആഘാതം ഇതുകൊണ്ടൊന്നും ഇല്ലാതാവില്ല. പദ്ധതി മൂലം സ്വാഭാവികമായുണ്ടാവുന്ന ചെറിയ തോതിലുള്ള അണുവികിരണം ഭാവിയില്‍ സൃഷ്‌ടിക്കാന്‍ ഇടയുള്ള ദുരിതവും ഇല്ലാതാവില്ല.

ഇതിനപ്പുറത്ത്‌ ജനങ്ങളെ കുടിയൊഴിപ്പിച്ച്‌ പദ്ധതി നടപ്പാക്കുന്നതിലെ രാഷ്‌ട്രീയവും വിഷയമാണ്‌. പശ്ചിമ ബംഗാളില്‍ കൃഷി ഭൂമി ഏറ്റെടുത്ത്‌ വ്യവസായ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ്‌ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമാണ്‌. പശ്ചിമ ബംഗാളിലെ ഹരിപൂരില്‍ ആണവോര്‍ജ പദ്ധതി സ്ഥാപിക്കാന്‍ മിനക്കെടേണ്ടതില്ലെന്ന്‌ ആ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചുകഴിഞ്ഞു. തൃണമൂലുമായി ചേര്‍ന്നാണ്‌ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്‌ മത്സരിക്കുന്നത്‌. ആതിരപ്പള്ളി ജലവൈദ്യത പദ്ധതിക്ക്‌ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്‌ പരിസ്ഥിതിക്ക്‌ ഉണ്ടാവുന്ന ആഘാതം മുന്‍നിര്‍ത്തിയാണ്‌. ഇതൊക്കെ ചില സ്ഥലങ്ങളില്‍ മാത്രം ബാധകമായ നിലപാടാണോ എന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്‌. ജയ്‌താപൂരിലെ ഗ്രാമവാസികള്‍ക്ക്‌ അവരുടെ ഭൂമി നഷ്‌ടപ്പെടുന്നതോ അവിടുത്തെ ജൈവ വൈവിധ്യം ഇല്ലാതാവുന്നതോ പ്രശ്‌നമല്ലെന്ന്‌ നിലപാടെടുക്കുന്നതിന്റെ പൊരുളെന്താണ്‌?

42,000 കോടി രൂപ മുടക്കി അരേവയില്‍ നിന്ന്‌ റിയാക്‌ടറുകള്‍ വാങ്ങുമ്പോള്‍ ഫ്രാന്‍സിന്‌ നേട്ടങ്ങള്‍ ഏറെയാണ്‌. ഇതിലും വലിയ തുകക്കാണ്‌ അമേരിക്കയില്‍ നിന്ന്‌ റിയാക്‌ടറുകള്‍ വാങ്ങുക. അതിലും ലാഭം അവര്‍ക്ക്‌ തന്നെ. ഇങ്ങനെ വാങ്ങുന്ന റിയാക്‌ടറുകള്‍ കൊണ്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ നേട്ടം ഈ രാജ്യത്തെ കമ്പനികള്‍ക്കോ അവരുടെ ഇന്ത്യയിലെ പങ്കാളികള്‍ക്കോ ആയിരിക്കും. അല്ലെങ്കില്‍ മെട്രോ നഗരങ്ങളിലെ സമ്പന്നര്‍ക്ക്‌. അല്ലാതെ പട്ടിണിയിലും ദാരിദ്ര്യത്തിലും തുടരുന്ന ഗ്രാമവാസികള്‍ക്കായിരിക്കില്ല. സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുന്ന വികസനത്തിന്‌ വേണ്ടിയാണ്‌ വൈദ്യുതിയെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ തന്നെ വ്യക്താക്കിയിട്ടുണ്ട്‌. ആ വികസനം ദരിദ്ര ഗ്രാമീണരില്‍ നിന്ന്‌ ഉണ്ടാവില്ല തന്നെ. അതുകൊണ്ട്‌ തന്നെ ജയ്‌താപൂരിലെ സമരം വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. വരും നാളുകളില്‍ മറ്റിടങ്ങളില്‍ ഉയര്‍ന്ന്‌ വരാന്‍ ഇടയുള്ള പ്രക്ഷോഭങ്ങളുടെ നാന്ദിയാണിത്‌.

2011-04-20

താരവും പാര്‍ട്ടിയും



സീമാതീതമായ അത്ഭുതത്തെ ദ്യോതിപ്പിക്കാനുള്ള ആംഗലേയ പ്രയോഗമാണ്‌ `ഓ മൈ ഗോഡ്‌'. കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ്‌ നേതക്കളെയും കളിയാക്കി രചിച്ച ഒരു കൃതിയില്‍ ഈ പ്രയോഗത്തെ `ഓ മൈ ലെനിന്‍' എന്ന്‌ തിരുത്തിയത്‌ വായിച്ച ഓര്‍മയുണ്ട്‌. പാറ്റ ഗുളികയുടെ മണമുള്ള പേജുകളിലെ തടിച്ചു കുറുകിയ അക്ഷരങ്ങള്‍ ഇപ്പോഴും കണ്‍മുന്നിലുണ്ടെങ്കിലും കൃതിയുടെ പേര്‌ ഓര്‍മയിലില്ല. ഈ പ്രയോഗത്തെ ഇപ്പോഴത്തെ കേരളീയ സാഹചര്യത്തിലേക്ക്‌ കൊണ്ടുവന്നാല്‍ `ഓ മൈ വി എസ്‌' എന്ന്‌ ഉപയോഗിക്കേണ്ടിവരുമെന്ന്‌ തോന്നുന്നു. 


ഒരു ദശാബ്‌ദത്തിനിടെ മലയാളികള്‍ക്കിടയില്‍ ഇത്രത്തോളം താര പരിവേഷം ലഭിച്ച മറ്റൊരു നേതാവില്ല തന്നെ. 2006ലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത്‌ മലമ്പുഴ മണ്ഡലത്തില്‍ പലേടത്തും പ്രായമായവരുള്‍പ്പെടെ വി എസ്സിന്‌ പുഷ്‌പാഭിഷേകം നടത്തി തൊഴുതു നിന്നതിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്‌. ഇക്കുറി അത്‌ ഒരു പടികൂടി കടന്നു. മലമ്പുഴ മണ്ഡലത്തിലെ പ്രചാരണ യോഗങ്ങളില്‍ വൃദ്ധരായവര്‍ പോലും വി എസ്സിന്റെ കാലില്‍ തൊട്ടുതൊഴുന്നതും ഭക്ത്യാദരപൂര്‍വം തൊഴുതുനില്‍ക്കുന്നതും കാണാമായിരുന്നു. വി എസ്സും ഒപ്പമുള്ള സി പി എം നേതാക്കളും ഇത്‌ ഏറെക്കുറെ ആസ്വദിച്ച്‌ ഇരിക്കുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ വി എസ്സിനെ കാണാനും ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്താനും എന്തിന്‌ ഒന്ന്‌ തൊട്ടുനോക്കാനുമൊക്കെ തടിച്ചുകൂടിയ ജനതതി അമ്പരപ്പിക്കുന്നതായിരുന്നു. എതിര്‍ പക്ഷത്തുള്ളവര്‍ക്ക്‌ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക്‌ വരെ ഇത്‌ അസൂയ ജനിപ്പിച്ചുവെന്ന്‌ നിസ്സംശയം പറയാം. 


കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാവ്‌ അന്നും ഇന്നും എ കെ ഗോപാലനെന്ന എ കെ ജിയാണ്‌. അദ്ദേഹത്തിന്‌ പോലുമില്ലാത്ത ജനകീയത വി എസ്സിന്‌ ലഭിച്ചുവെന്ന്‌ പറയാം. ഈ പിന്തുണ വോട്ടിന്റെ രൂപത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സഹായിച്ചിട്ടുണ്ടോ എന്നറിയണമെങ്കില്‍ മെയ്‌ 13 വരെ കാത്തിരിക്കണം. പിന്തുണക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണ്‌ ജനം വി എസ്സിനെ കാണാന്‍ തടിച്ചു കൂടിയത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. യു ഡി എഫ്‌ അധികാരത്തില്‍ വരുമെന്ന്‌ നിസ്സംശയം പറയുന്നവരില്‍ തന്നെ വലിയൊരു വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ വി എസ്സിനെ നിര്‍ദേശിക്കുന്ന വൈരുധ്യവും പ്രകടമായിരുന്നു.

ഈ താരപരിവേഷം സി പി എമ്മിലെ ഉള്‍പ്പാര്‍ട്ടി രാഷ്‌ട്രീയത്തില്‍ വരും നാളുകളില്‍ പ്രതിഫലിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. വി എസ്സിനെ ഉള്‍പ്പെടുത്തി പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിലും വ്യക്തി ആരാധന വര്‍ധിക്കുന്നതിലും ദോഷം ദര്‍ശിച്ച്‌ മുതിര്‍ന്ന നേതാക്കളിലൊരാളായ എം എം ലോറന്‍സ്‌ രംഗത്തുവന്നത്‌ അതിന്റെ സൂചനയാണ്‌. തിരഞ്ഞെടുപ്പില്‍ വി എസ്‌ ഫാക്‌ടര്‍ ഗുണം ചെയ്‌തുവെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ വിലയിരുത്തിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ വി എസ്‌ അച്യുതാനന്ദന്‍ നിലപാടെടുത്തതും സി പി എമ്മിനെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ കൂടി ആ നിലപാടുകള്‍ക്ക്‌ യു ഡി എഫും മാധ്യമങ്ങളും പ്രാമുഖ്യം നല്‍കിയതുമാണ്‌ താരപരിവേഷത്തിന്‌ കാരണം. ഭരണത്തിന്റെ അവസാന നാളുകളില്‍ യു ഡി എഫിനെ പ്രതിരോധത്തിലാക്കിയ ഐസ്‌ക്രീം, ആര്‍ ബലകൃഷ്‌ണ പിള്ള കേസുകള്‍ സ്വന്തം ക്രെഡിറ്റിലെഴുതാന്‍ വി എസ്സിന്‌ സാധിക്കുകയും ചെയ്‌തു. 


കാല്‍ നൂറ്റാണ്ടിലേറെ നീണ്ട നിയമ നടപടികള്‍ക്ക്‌ ശേഷം ആര്‍ ബാലകൃഷ്‌ണ പിള്ള ശിക്ഷിക്കപ്പെട്ടപ്പോള്‍ അത്‌ വി എസ്‌ അച്യുതാനന്ദന്റെ മാത്രം നേട്ടമായാണ്‌ വിശേഷിപ്പിക്കപ്പെട്ടത്‌. 87കാരനായ ഈ നേതാവ്‌ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കാതലുണ്ടെന്ന തോന്നല്‍ ഉളവാകുകയും ചെയ്‌തു. `അഴിമതിക്കെതിരെ ഞാന്‍ മുന്‍കൈ എടുത്ത്‌ നടത്തിയ പോരാട്ടങ്ങളെ' ക്കുറിച്ച്‌ അദ്ദേഹം വാചാലനായത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
ഇതിനിടെയാണ്‌ ടി എച്ച്‌ മുസ്‌തഫയുടെ ഹരജിയിലും സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണര്‍ സ്ഥാനത്തേക്കുള്ള പി ജെ തോമസിന്റെ നിയമനം നിയമപരമല്ലെന്ന സുപ്രീം കോടതി വിധിയിലും തട്ടി പാമോയില്‍ കേസ്‌ വീണ്ടും ഉയര്‍ന്നത്‌. 1991 - 96 കാലത്ത്‌ താന്‍ പ്രതിപക്ഷ നേതാവായിരിക്കെ പാമോയില്‍ കേസ്‌ ഉന്നയിച്ചതും അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്ക്‌ പങ്കുണ്ടെന്ന്‌ അന്നേ ആരോപിച്ചതും വി എസ്‌ ഉയര്‍ത്തിക്കാട്ടി. ഇടമലയാര്‍, പാമോയില്‍ തുടങ്ങിയ അഴിമതിക്കേസുകളുടെ കാര്യത്തില്‍ കോടതി നടപടികളിലൂടെ വി എസ്‌ നടത്തിയ ഇടപെടലുകള്‍ മറക്കാനാകില്ല. അതുകൊണ്ട്‌ തന്നെ `ഞാന്‍ നടത്തിയ ഇടപെടലുകള്‍', `എന്റെ പോരാട്ടം' എന്ന വാക്കുകള്‍ പൊടുന്നനെ സ്വീകരിക്കപ്പെട്ടു. `ഞാന്‍' എന്ന സൃഷ്‌ടി ഏത്‌ വിധത്തിലായിരുന്നുവെന്നത്‌ വി എസ്സിന്‌ പ്രസക്തമല്ലാതായി, പൊതു സമൂഹത്തിനും.

1991ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‌ ചില പ്രത്യേകതകളുണ്ടായിരുന്നു. 1987ല്‍ അധികാരത്തിലെത്തിയ ഇ കെ നായനാര്‍ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കും മുമ്പ്‌ പിരിച്ചുവിട്ട്‌ തിരഞ്ഞെടുപ്പ്‌ നടത്താന്‍ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമ്പോള്‍ സംസ്ഥാന സെക്രട്ടറിയാണ്‌ വി എസ്‌ അച്യുതാനന്ദന്‍. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ച വലിയ വിജയമാണ്‌ കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ തിരഞ്ഞെടുപ്പ്‌ നടത്താന്‍ പ്രേരണയായത്‌. അന്ന്‌ പാര്‍ട്ടി, പാര്‍ലിമെന്ററി പദവികള്‍ പരസ്‌പരം മാറണമെന്ന വി എസ്സിന്റെ നിര്‍ദേശം സി പി എം അംഗീകരിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി എസ്‌ മാരാരിക്കുളത്തു നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിച്ചു. വിജയിച്ചു. പക്ഷേ, രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗം യു ഡി എഫിന്‌ തുണയാകുകയാണ്‌ ചെയ്‌തത്‌. അങ്ങനെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ വി എസ്‌ പ്രതിപക്ഷ നേതാവായി. പാമോയില്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവെന്ന നിലക്ക്‌ വി എസ്‌ അതില്‍ ശക്തമായി ഇടപെട്ടു. 


ഇതേ സ്ഥിതി തന്നെയാണ്‌ ഇപ്പോള്‍ ബാലകൃഷ്‌ണപിള്ള ശിക്ഷിക്കപ്പെട്ട ഇടമലയാര്‍ കേസിലുമുണ്ടായത്‌. 1982 - 87 കാലത്ത്‌ പ്രതിപക്ഷ നേതാവായിരുന്ന ഇ കെ നായനാരും അഞ്ച്‌ പ്രതിപക്ഷ എം എല്‍ എമാരുമാണ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ടത്‌. തുടര്‍ന്ന്‌ അക്കാലത്ത്‌ നടന്ന എല്ലാ നിയമ നടപടികളുടെയും പിറകില്‍ സ്വാഭാവികമായും ഇവര്‍ തന്നെയായിരുന്നു. സി പി എമ്മിന്റെയും വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി സംഘടനയുടെയും മറ്റും പിന്തുണ ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിനും സഹപ്രവര്‍ത്തകര്‍ക്കും ലഭിച്ചിട്ടുണ്ടാകും. ഇടമലയാര്‍ കേസില്‍ ഇപ്പോള്‍ ബാലകൃഷ്‌ണ പിള്ള ശിക്ഷിക്കപ്പെടുമ്പോള്‍ കേസിന്‌ തുടക്കം കുറിച്ച ഇ കെ നായനാര്‍ക്കാണ്‌ ക്രെഡിറ്റെന്ന്‌ ആരെങ്കിലും കരുതുമോ? ഇതേ സ്ഥിതി തന്നെയാണ്‌ പാമോയില്‍ കേസിലുമുള്ളത്‌. അന്ന്‌ പ്രതിപക്ഷ നേതാവായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ കേസ്‌ ഏറ്റെടുത്തു.

ഇടമലയാര്‍ കേസില്‍ നായനാര്‍ പ്രതിപക്ഷ നേതാവായിരിക്കെ ആരംഭിച്ച നിയമയുദ്ധം വി എസ്‌ തുടര്‍ന്നു. അതിന്‌ യാതൊരു വിധത്തിലുള്ള സഹായവും ആരില്‍ നിന്നും ലഭിച്ചിട്ടില്ല എന്ന്‌ അദ്ദേഹം വാദിച്ചാല്‍ വിശ്വസിക്കുക പ്രയാസമാണ്‌. പാമോയില്‍ കേസ്‌ പിന്‍വലിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും കുരിയാര്‍ കുറ്റി - കാരപ്പാറ കേസ്‌ വാദം കേള്‍ക്കുക പോലും ചെയ്യാതെ തള്ളിക്കളയാന്‍ കോടതി തീരുമാനിച്ചപ്പോഴും പ്രതിപക്ഷ നേതൃ സ്ഥാനത്ത്‌ വി എസ്‌ അച്യുതാനന്ദനായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന്‌ അനുകൂല വിധി ലഭിച്ചതുകൊണ്ട്‌ കേസുകള്‍ മുന്നോട്ടുപോയി. അതിനര്‍ഥം, എല്ലാം വി എസ്സിന്റെ മാത്രം ജാഗ്രതയും മിടുക്കുമാണെന്ന്‌ കരുതുന്നതില്‍ വൈരുധ്യമുണ്ട്‌.

പെണ്‍വാണിഭക്കാരെ കൈയാമം വെച്ച്‌ നടത്താന്‍ ഒരവസരം കൂടി തേടുമ്പോള്‍ വി എസ്‌ പ്രധാനമായും ഉദ്ദേശിച്ചത്‌ ഐസ്‌ക്രീം കേസിനെയായിരുന്നു. ഈ കേസ്‌ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ഉയര്‍ന്നു വന്നതിന്‌ പിന്നില്‍ എം കെ മുനീര്‍ ചെയര്‍മാനായ ചാനലാണ്‌ പ്രധാന പങ്ക്‌ വഹിച്ചത്‌. അത്‌ ഉപയോഗിക്കുക എന്ന ജോലി മാത്രമാണ്‌ വി എസ്‌ ചെയ്‌തത്‌. യഥാര്‍ഥത്തില്‍ സ്വന്തം പാര്‍ട്ടിക്കും അതിലെ സര്‍വ പ്രതാപിയായ നേതാവിനുമെതിരെ യുദ്ധം ചെയ്‌തത്‌ മുനീറാണ്‌. സ്വന്തം പാര്‍ട്ടിക്കെതിരെപ്പോലും യുദ്ധം ചെയ്യാന്‍ മടിക്കാത്ത നേതാക്കള്‍ക്ക്‌ ജനങ്ങള്‍ താരപരിവേഷം നല്‍കുമെങ്കില്‍ അതിന്‌ ഏറ്റവുമധികം സാധ്യത മുനീറിനായിരുന്നു. അത്‌ ലഭിക്കാതിരുന്നതിന്റെ കാരണം ആരോപണവിധേയമായ പാര്‍ട്ടിയുടെയും മുന്നണിയുടെയും ഒപ്പം മുനീര്‍ തുടര്‍ന്നുവെന്നതാണ്‌. നേതാവിനെ ന്യായീകരിച്ചുവെന്നതും. 


ഈ വിഷയങ്ങള്‍ ഏറ്റെടുത്ത്‌ വി എസ്‌ മുന്നോട്ടുവരുമ്പോള്‍ അതിന്‌ സ്വീകാര്യത ലഭിക്കണമെങ്കില്‍ ഇടത്‌ പക്ഷത്തിന്‌ അല്‍പ്പമെങ്കിലും വേറിട്ട്‌ നില്‍ക്കാന്‍ സാധിക്കണം. അത്‌ സാധിച്ചുവെന്ന്‌ തന്നെ കരുതണം. കാരണം ഇക്കഴിഞ്ഞ എല്‍ ഡി എഫ്‌ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ വിശ്വസനീയമായ അഴിമതി ആരോപണങ്ങളൊന്നും ഉയര്‍ന്നില്ല. സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയര്‍ന്നപ്പോള്‍, അത്‌ പുറത്തറിയിക്കാന്‍ തയ്യാറായില്ലെങ്കിലും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ ആരോപണവിധേയനെ മാറ്റിനിര്‍ത്താന്‍ സി പി എം തയ്യാറായി. പാര്‍ട്ടി എന്ന നിലക്ക്‌ കുറച്ചെങ്കിലും മര്യാദ അവര്‍ നിലനിര്‍ത്തുന്നുവെന്ന്‌ തന്നെയാണ്‌ ഇത്‌ കാണിക്കുന്നത്‌. ഇതിന്റെ കൂടി ഫലമാണ്‌ വി എസ്സിന്‌ ലഭിക്കുന്ന സ്വീകാര്യത. ആ സ്വീകാര്യത താരപരിവേഷത്തിലേക്ക്‌ മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ അദ്ദേഹവും ഒപ്പം നില്‍ക്കുന്ന നേതാക്കളുമാണ്‌.

കാല്‌ തൊട്ടുതൊഴുത്‌ മാറി നില്‍ക്കുന്ന ജനങ്ങള്‍ മേലാള, കീഴാള പ്രതീതി ജനിപ്പിക്കുന്നുണ്ട്‌. അത്തരം കീഴാള പക്ഷങ്ങള്‍ക്ക്‌ സമൂഹത്തില്‍ തുല്യത ഉറപ്പാക്കാനാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പണ്ട്‌ മുതലേ പ്രവര്‍ത്തിക്കുന്നത്‌. കാല്‌ തൊട്ടുതൊഴുന്നവരെ ആശീര്‍വദിച്ച്‌ സ്വയം ആസ്വദിക്കാന്‍ തയ്യാറാകുമ്പോള്‍ അറുപതാണ്ട്‌ നീണ്ട കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തന ചരിത്രം ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. കാണാനും തൊടാനും മൊബൈല്‍ ക്യാമറയില്‍ ചിത്രമെടുക്കാനും ജനം വെമ്പി നില്‍ക്കുമ്പോള്‍ പരാജയപ്പെടുന്നത്‌ ഒരു പാര്‍ട്ടിയുടെ രാഷ്‌ട്രീയ അജന്‍ഡയാണ്‌. അതില്‍ നിന്ന്‌ മാറി നില്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ച്‌ വി എസ്‌ തന്നെ മുന്നോട്ടുവെക്കുന്ന ആശയങ്ങളാണ്‌.

തൊഴാനും തൊടാനും കൂടിയ ജനങ്ങളുടെ പ്രതീക്ഷ മാത്രമാണ്‌ ബാക്കിയാകുന്നത്‌. തിന്മകള്‍ക്കും മാഫിയകള്‍ക്കുമെതിരെ പോരാടുന്ന ഒരു നേതാവ്‌ തങ്ങള്‍ക്കുണ്ടെന്ന പ്രതീക്ഷ. പക്ഷേ, ആ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ വി എസ്സിന്‌ ഇക്കഴിഞ്ഞ അഞ്ച്‌ വര്‍ഷം സാധിച്ചോ എന്ന ചോദ്യത്തിന്‌ ഉത്തരം തേടാന്‍ താരപരിവേഷം പ്രതിബന്ധമായിരുന്നു ഇക്കുറി. വി എസ്‌ മുഖ്യമന്ത്രിയായിരിക്കെയാണ്‌ വല്ലാര്‍പാടത്തേക്ക്‌ റോഡുണ്ടാക്കാന്‍ നിരവധി കുടുംബങ്ങളെ ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചത്‌. രാജ്യത്തിനാകെ മാതൃകയാകും വിധത്തിലുള്ള പുനരധിവാസ പദ്ധതി ഇവര്‍ക്കായി തയ്യാറാക്കിയതും വി എസ്സിന്റെ മന്ത്രിസഭയാണ്‌. ഈ പദ്ധതി നടപ്പാകുന്നുവെന്ന്‌ ഉറപ്പാക്കാന്‍ ജനകീയനായ മുഖ്യമന്ത്രിക്ക്‌ സാധിച്ചില്ല എന്നത്‌ വസ്‌തുതയായി ശേഷിക്കുന്നു. സി പി എമ്മിലെ ഔദ്യോഗിക വിഭാഗം കൂച്ചുവിലങ്ങിട്ടതുകൊണ്ട്‌ വി എസ്സിന്‌ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല എന്ന വാദം ഒരു ഭാഗത്തുണ്ട്‌. പക്ഷേ, മൂലമ്പിള്ളിയിലെ പുനരധിവാസത്തിന്‌ ഇത്തരമൊരു തടസ്സവുമുണ്ടായിരുന്നില്ല. എന്നിട്ടും നടപ്പാക്കാനായില്ല.


ഇതേ വിധത്തില്‍ തന്നെ സി പി എമ്മിലെ ഔദ്യോഗികപക്ഷത്തെയും വിലയിരുത്തേണ്ടതുണ്ട്‌. എല്ലാറ്റിനും മേല്‍ പാര്‍ട്ടി എന്ന്‌ വാദിക്കുന്ന ഇവരും മൂലമ്പിള്ളിയിലെ പുനരധിവാസം ഉറപ്പാക്കണമെന്ന നിര്‍ബന്ധ ബുദ്ധി കാണിച്ചില്ല. ഇത്തരക്കാര്‍ക്ക്‌ വേണ്ടിക്കൂടിയല്ലേ പാര്‍ട്ടി എന്ന തോന്നല്‍ ഉണ്ടായതുമില്ല. കിനാലൂരില്‍ റോഡിന്‌ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരത്തിനിറങ്ങിയവരുടെ തല തല്ലിപ്പൊളിച്ച പോലീസ്‌ നടപടിയെ തള്ളിപ്പറഞ്ഞില്ല. ഭൂമി നഷ്‌ടപ്പെടുന്നവരുടെ വേദന പങ്കിടാനുള്ള ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലേ എന്ന ചോദ്യം നിലനില്‍ക്കുന്നു. `ഞാന്‍ സ്വീകരിച്ച നിലപാടുകള്‍', `എന്റെ പോരാട്ടം' എന്ന ഉദ്‌ഘോഷവും എല്ലാം പാര്‍ട്ടിയെന്ന ആവര്‍ത്തനവും സൂക്ഷ്‌മമായി വിശകലനം ചെയ്യപ്പെടേണ്ട ഘട്ടത്തിലാണ്‌ സി പി എമ്മും സമൂഹവും എത്തിനില്‍ക്കുന്നത്‌. അതൊരു വിഭാഗീയതയുടെ പരിവേഷമില്ലാതെ നടക്കുമോ എന്നതാണ്‌ പ്രധാന ചോദ്യം.
അങ്ങനെ നടന്നാല്‍ `ഓ മൈ വി എസ്‌'...

2011-04-14

രാമന്‍, ഇഖ്‌ബാല്‍, വി എസ്‌, പിള്ള



കേരളം പതിമൂന്നാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷമേ ഫലം വരൂ. അതുവരെ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിക്കും. 2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഏറെക്കുറെ ഏകപക്ഷീയമായിരുന്നു. 2001ല്‍ യു ഡി എഫ്‌ അധികാരത്തിലേറുമെന്ന്‌ വോട്ടെടുപ്പ്‌ കഴിയും മുമ്പ്‌ തന്നെ തീര്‍ച്ചയായിരുന്നു. 2006ല്‍ എല്‍ ഡി എഫ്‌ അധികാരത്തില്‍ വരുമെന്നതും. ഇക്കുറി അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ല എന്നത്‌ വസ്‌തുതയാണ്‌. അല്ലെങ്കില്‍ ഭരണത്തിനെതിരായ വിധിയെഴുത്ത്‌ എന്ന വികാരം പ്രകടമായിട്ടില്ല. ഇത്‌ ഏറെ ആശങ്കപ്പെടുത്തുക യു ഡി എഫിനെയാണ്‌.

വീറുറ്റ ഈ മത്സരത്തിനിടെ നേതാക്കളടക്കമുള്ളവര്‍ പോലും പരിധി കടന്നുള്ള പ്രസ്‌താവനക്ക്‌ തയ്യാറാകുകയുണ്ടായി. പിന്നീട്‌ വിശദീകരണത്തിലൂടെ ലഘൂകരിക്കപ്പെട്ടുവെങ്കിലും മലമ്പുഴയിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിന്റെ കാര്യത്തില്‍ വി എസ്‌ അച്യുതാനന്ദന്‍ നടത്തിയ അഭിപ്രായപ്രകടനം ഒഴിവാക്കേണ്ട ഒന്നായിരുന്നുവെന്ന്‌ സമചിത്തതയോടെ ആലോചിക്കുമ്പോള്‍ തോന്നും. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കക്ഷി തന്നെ കേരളത്തില്‍ അധികാരത്തില്‍ വന്നാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച്‌ പ്രതിരോധ മന്ത്രി എ കെ ആന്റണി നടത്തിയ പരാമര്‍ശവും ഇത്തരത്തിലുള്ളതാണ്‌. രാജ്യത്തിന്റെ ഫെഡറല്‍ ഭരണക്രമത്തിന്‌ വിരുദ്ധമായ കാര്യമാണ്‌ എ കെ ആന്റണി പറഞ്ഞത്‌. നേതാക്കളുടെ ചുവടുപിടിച്ച്‌ അണികള്‍ മുന്നേറിയത്‌ അന്തരീക്ഷം കൂടുതല്‍ മലീമസമാക്കി. അശ്ലീലത്തിലും താഴെ നിലവാരമുള്ള ചില മാസികകളും മറ്റും വിവിധ മണ്ഡലങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്‌ ഉദാഹരണം.

ഇതിനിടയിലും ചില നല്ല രീതികളുടെ തെളിവുകള്‍ ഈ തിരഞ്ഞെടുപ്പ്‌ അവശേഷിപ്പിക്കുന്നുണ്ട്‌. അതിലൊന്നാണ്‌ കുന്ദമംഗലം മണ്ഡലത്തിലെ യു സി രാമന്റെ സ്ഥാനാര്‍ഥിത്വം. കോണ്‍ഗ്രസ്‌ സീറ്റ്‌ വിഭജിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ അക്കൗണ്ടില്‍ നല്‍കിയ കുന്ദമംഗലം നേരത്തെ സംവരണ മണ്ഡലമായിരുന്നു. അവിടെ യു സി രാമനെ ലീഗ്‌ സ്ഥാനാര്‍ഥിയാക്കിയത്‌ നിര്‍ബന്ധിത സാഹചര്യത്തിലായിരുന്നു. നേരത്തെയും സംവരണ മണ്ഡലം ലഭിച്ചപ്പോള്‍ ഒരു രാമന്‍ തന്നെയായിരുന്നു ലീഗിന്റെ സ്ഥാനാര്‍ഥി. ഇക്കുറി കുന്ദമംഗലം സംവരണപ്പട്ടികക്ക്‌ പുറത്താണ്‌. അതുകൊണ്ട്‌ തന്നെ മുസ്‌ലിം ലീഗിന്റെ നിരവധി നേതാക്കള്‍ കുന്ദമംഗലത്തെ നോട്ടമിട്ടു. സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത്‌ സീറ്റിനായി ആവോളം ചരട്‌ വലിക്കുകയും ചെയ്‌തു. പക്ഷേ, യു സി രാമനെത്തന്നെ സ്ഥാനാര്‍ഥിയാക്കാനാണ്‌ മുസ്‌ലിം ലീഗ്‌ നേതൃത്വം തീരുമാനിച്ചത്‌.

സിറ്റിംഗ്‌ എം എല്‍ എയായ രാമനെ മാറ്റി സമുദായാംഗമായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയിരുന്നുവെങ്കിലും ലീഗിനോ യു ഡി എഫിനോ കോട്ടമൊന്നും സംഭവിക്കില്ലായിരുന്നു. എന്നിട്ടും രാമനെ മത്സരിപ്പിക്കാന്‍ മുസ്‌ലിം ലീഗ്‌ നേതൃത്വം തീരുമാനിക്കുമ്പോള്‍ ആ രാഷ്‌ട്രീയ മര്യാദ അംഗീകരിക്കപ്പെടേണ്ടതുണ്ട്‌. പശ്ചിമ ബംഗാളില്‍ സംവരണപ്പട്ടികയില്‍ നിന്ന്‌ മണ്ഡലം മാറിയതോടെ സിറ്റിംഗ്‌ എം എല്‍ എയെ ഒഴിവാക്കിയ കോണ്‍ഗ്രസ്‌ രീതി കണക്കിലെടുക്കുമ്പോള്‍ മുസ്‌ലിം ലീഗിന്റെ തീരുമാനത്തിന്റെ ഭംഗി ഏറുന്നുമുണ്ട്‌.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മണ്ഡലം യു ഡി എഫിന്റെ കോട്ടയാണ്‌. 2006ലെ എല്‍ ഡി എഫ്‌ തരംഗത്തിനിടയിലും കേരള കോണ്‍ഗ്രസിന്റെ സി എഫ്‌ തോമസ്‌ വിജയിച്ച സ്ഥലം. പാര്‍ലിമെന്റ്‌, തദ്ദേശഭരണ സ്ഥാപനങ്ങളിലെ വോട്ടുകളുടെ കണക്കെടുത്താല്‍ എല്‍ ഡി എഫിന്‌ പ്രതീക്ഷ ഒട്ടും ആവശ്യമില്ല. ഇവിടേക്ക്‌ ഡോ. ബി ഇഖ്‌ബാലിനെ മത്സരത്തിന്‌ നിയോഗിച്ച സി പി എം നേതൃത്വത്തിന്റെ തീരുമാനവും ശ്രദ്ധേയമാണ്‌. കേരള സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലറായിരുന്നു ബി ഇഖ്‌ബാല്‍. ന്യൂറോ സര്‍ജനായ ഇദ്ദേഹം പൊതു ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്‌തനാണ്‌. 



ജനകീയ ആസൂത്രണ പദ്ധതിയുടെ നടത്തിപ്പിലും മറ്റും വലിയ പങ്കുവഹിച്ച വ്യക്തി. ഇദ്ദേഹം വിജയിക്കുമോ ഭരണ നിര്‍ഹവണപ്രക്രിയയില്‍ പങ്കാളിയാകുമോ എന്നതൊക്കെ വോട്ടെണ്ണലിന്‌ ശേഷം അറിയേണ്ട കാര്യമാണ്‌. പക്ഷേ, ഉയര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലവും വ്യത്യസ്‌തമായ കാഴ്‌ചപ്പാടുമുള്ള ഒരു വ്യക്തിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുന്നതില്‍ ഒരു ഔന്നത്യമുണ്ട്‌. ഇതുപോലുള്ള വ്യക്തികള്‍ രാഷ്‌ട്രീയത്തില്‍ സജീവമാകുമ്പോള്‍ അരാഷ്‌ട്രീയവത്‌കരിക്കപ്പെടുന്ന യുവ സമൂഹത്തിന്‌ ഒരു സന്ദേശം കൈമാറ്റം ചെയ്യപ്പെടുന്നു.

ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി പി ഐ എടുത്ത തീരുമാനവും ശ്രദ്ധേയമാണ്‌. തുടര്‍ച്ചയായി രണ്ട്‌ തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ഒഴിവാക്കാന്‍ അവര്‍ നിശ്ചയിച്ചു. അത്‌ നടപ്പാക്കുകയും ചെയ്‌തു. ബിനോയ്‌ വിശ്വം, കെ പി രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കളെ വരെ ഒഴിവാക്കിയാണ്‌ സി പി ഐ സ്വന്തം തീരുമാനം നടപ്പാക്കിയത്‌. ഏതാണ്ട്‌ സമാനമായ ഒരു തീരുമാനം 2006ലെ തിരഞ്ഞെടുപ്പിലും സി പി ഐ എടുത്തിരുന്നു. എന്നിട്ടും അവസാന നിമിഷം പലകുറി മത്സരിച്ച കെ ഇ ഇസ്‌മാഈല്‍ പട്ടാമ്പിയില്‍ സ്ഥാനാര്‍ഥിയായി. ഇക്കുറി അത്തരം ഇളവുകളൊന്നും നല്‍കേണ്ടതില്ലെന്ന്‌ ഉറപ്പിക്കുകയായിരുന്നു ആ പാര്‍ട്ടി. കെ എം മാണിയുടെ സര്‍വാധിപത്യത്തിന്‍ കീഴിലുള്ള കേരള കോണ്‍ഗ്രസ്‌ (എം) പോലും ചില മര്യാദകള്‍ കാട്ടി. ഇടത്‌ മുന്നണി വിട്ട്‌ കേരള കോണ്‍ഗ്രസില്‍ ലയിച്ച ജോസഫ്‌ ഗ്രൂപ്പിലെ നേതാക്കള്‍ക്ക്‌ പരാതിയില്ലാത്ത വിധത്തില്‍ സീറ്റുകള്‍ നല്‍കി. കടുത്തുരുത്തി സീറ്റ്‌ സിറ്റിംഗ്‌ എം എല്‍ എയായ മോന്‍സ്‌ ജോസഫിന്‌ നല്‍കുമ്പോള്‍ അതുവരെ ഒപ്പം നിന്നിരുന്ന സ്റ്റീഫന്‍ ജോര്‍ജ്‌ വലിയ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ പോലും ഉലഞ്ഞില്ല കെ എം മാണി. എം പി വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ്‌ ജനതപോലും ഉറച്ച ഒരു തീരുമാനമെങ്കിലുമെടുത്തു. പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ വിട്ടുതരുന്നില്ലെങ്കില്‍ പകരം നീട്ടിയ നെന്‍മാറ വേണ്ടെന്ന്‌ തറപ്പിച്ച്‌ പറഞ്ഞു.

ഇത്തരം മര്യാദകളോ വ്യത്യസ്‌തതകളോ അവകാശപ്പെടാനില്ലാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്‌. പലകുറി മത്സരിച്ചവരെല്ലാം ഇക്കുറിയും കടിപിടി കൂടി സീറ്റ്‌ സ്വന്തമാക്കി. സീറ്റ്‌ കിട്ടാത്തവര്‍ സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ പരസ്യ പ്രസ്‌താവന നടത്തി. ചിലര്‍ പൊട്ടിക്കരഞ്ഞു. കെ പി സി സി പ്രസിഡന്റിനും ഇപ്പോഴും ജനബന്ധം നിലനിര്‍ത്തുന്ന ഉമ്മന്‍ ചാണ്ടിക്കും തീര്‍ത്തും അപരിചിതനായ ഒരാള്‍ സ്ഥാനാര്‍ഥിയായി എന്നത്‌ മാത്രമാണ്‌ കോണ്‍ഗ്രസിന്‌ വ്യത്യസ്‌തതയായി അവകാശപ്പെടാനുള്ളത്‌. ഇദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. യു ഡി എഫിന്‌ ഭൂരിപക്ഷം ലഭിച്ചാല്‍ യുവാക്കളുടെ പ്രതിനിധി എന്ന നിലയില്‍ അധികാര സ്ഥാനത്തെത്തുകയും ചെയ്‌തേക്കാം. എന്നാല്‍ ഇത്തരത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്‌ കേരളത്തിലെ കോണ്‍ഗ്രസിന്‌ ഗുണകരമാണോ എന്ന്‌ ചിന്തിക്കേണ്ടത്‌ ആ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയാണ്‌.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന്‌ 2011നെ വ്യത്യസ്‌തമാക്കുന്നത്‌ രണ്ട്‌ വ്യക്തികളാണ്‌. വി എസ്‌ അച്യുതാനന്ദനും ആര്‍ ബാലകൃഷ്‌ണ പിള്ളയും. 2006ല്‍ വി എസ്‌ വലിയ ഘടകമായിരുന്നു. അന്ന്‌ വി എസ്സിനെ വലിയ ഘടകമാക്കുന്നതില്‍ യു ഡി എഫിനെ പിന്തുണക്കുന്ന മാധ്യമങ്ങളും മറ്റും വലിയ പങ്കാണ്‌ വഹിച്ചത്‌. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം സി പി എമ്മിലെ ഗ്രൂപ്പ്‌ വൈരത്തെ രൂക്ഷമാക്കുമെന്നും അത്‌ മുതലെടുക്കാമെന്നുമുദ്ദേശിച്ച മാധ്യമങ്ങള്‍. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിപ്പോയി. ഇക്കുറി വി എസ്‌ തന്നെ കാര്യങ്ങള്‍ നിശ്ചയിച്ചു. അദ്ദേഹത്തിന്‌ യാതൊരു സ്വാധീനവുമില്ലാത്ത സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വി എസ്‌ അനുകൂല വാദം ഉയര്‍ന്നു. അതും അപ്രതീക്ഷിത കോണുകളില്‍ നിന്ന്‌.

കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തരം താഴ്‌ത്താന്‍ തീരുമാനിച്ച പൊളിറ്റ്‌ ബ്യൂറോ തന്നെ അദ്ദേഹത്തെ അനുകൂലിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ കണിശമായും മത്സരിക്കുമെന്ന്‌ തറപ്പിച്ചു പറഞ്ഞപ്പോള്‍ വി എസ്‌ എന്താണോ ഉദ്ദേശിച്ചത്‌ അത്‌ നടന്നു. പ്രതിപക്ഷത്തിന്‌ വി എസ്സിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കേണ്ട സ്ഥിതിയുണ്ടായി. കേരളത്തിലെ നേതാക്കള്‍ക്ക്‌ അത്‌ ഭംഗിയായി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ എ കെ ആന്റണി തന്നെ ആ ദൗത്യം ഏറ്റെടുത്തു. ആന്റണിയുടെ ഓരോ വാക്കിനും ശക്തമായി മറുപടി നല്‍കി വി എസ്‌ കളം നിറയുകയും ചെയ്‌തു.

ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയെ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നതിന്‌ മുമ്പ്‌ തന്നെ ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ യു ഡി എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. പക്ഷേ, ബാലകൃഷ്‌ണ പിള്ളക്ക്‌ വിധിച്ച ഒരു വര്‍ഷത്തെ കാരാഗൃഹ വാസമാണ്‌ യു ഡി എഫിന്റെ ആത്മവീര്യം യഥാര്‍ഥത്തില്‍ ചോര്‍ത്തിയത്‌. 25 വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിലൂടെയാണ്‌ ബാലകൃഷ്‌ണ പിള്ള കുറ്റക്കാരനാണെന്ന്‌ തെളിയിക്കാന്‍ വി എസ്‌ അച്യുതാനന്ദന്‌ സാധിച്ചത്‌. മറ്റ്‌ യു ഡി എഫ്‌ നേതാക്കള്‍ക്കെതിരെ വി എസ്‌ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനമുള്ളതാണെന്ന ധാരണ പൊതു സമൂഹത്തിന്‌ നല്‍കാന്‍ ഈ വിധി കാരണമായി. തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി അഴിമതി മാറുകയും ചെയ്‌തു. അഴിമതി നടത്തിയത്‌ സ്വന്തം പാര്‍ട്ടിയിലുള്ളവരാണെങ്കില്‍ കൂടി തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന ധ്വനി കൂടി വി എസ്‌ നല്‍കിയതോടെ വിശ്വാസ്യത ഏറുകയും ചെയ്‌തു. ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന മുന്നണിയോടല്ല സ്വയംകൃതാനര്‍ഥങ്ങളോടാണ്‌ യു ഡി എഫ്‌ യഥാര്‍ഥത്തില്‍ ഇക്കുറി പോരടിച്ചത്‌. സ്വയംകൃതാനര്‍ഥങ്ങളുടെ മൂര്‍ത്തരൂപമായി ആര്‍ ബാലകൃഷ്‌ണ പിള്ള മാറുകയും ചെയ്‌തു.

ഈ രണ്ട്‌ വ്യക്തികളും മറ്റ്‌ ചില സംഭാവനകള്‍ കൂടി നല്‍കിയിട്ടുണ്ട്‌. ഏത്‌ മുന്നണി അധികാരത്തില്‍ വന്നാലും രാഷ്‌ട്രീയ നേതാക്കള്‍ ആരോപണവിധേയരായ കേസുകള്‍ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ടിവരുമെന്നതാണ്‌ അതില്‍ പ്രധാനം. 2005ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പാമോയില്‍ അഴിമതിക്കേസ്‌ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇനി അത്തരത്തിലൊരു തീരുമാനമെടുക്കാന്‍ ആരും ധൈര്യപ്പെടില്ല. മറ്റു കേസുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമാകാന്‍ ഇടയില്ല. ഭരണം തുടരട്ടെ എന്നോ മാറട്ടെ എന്നോ ജനം വിധിയെഴുതാം. എന്തായാലും 2011ലെ തിരഞ്ഞെടുപ്പ്‌ പല വ്യത്യാസങ്ങള്‍ക്കും ഹേതുവായാല്‍ അത്ഭുതപ്പെടാനില്ല.

2011-04-13

ലോക്‌പാലിന്‌ മുന്നിലെ തൊഴുത്ത്‌



അഞ്ചാണ്ട്‌ കൂടുമ്പോഴത്തെ തിരഞ്ഞെടുപ്പ്‌ ഉത്സവം. കൊടിയിറങ്ങുമ്പോള്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ദ്രപ്രസ്ഥത്തില്‍ അധികാരമേറും. ഈ പതിവിന്‌ ആദ്യം മാറ്റമുണ്ടായത്‌ 1977ലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ കൊടിയ പീഡനങ്ങളോട്‌ ഉത്തരേന്ത്യന്‍ ജനത പ്രതികരിച്ചതിന്റെ ഫലം. അതിനു ശേഷമൊരു ഭരണമാറ്റമുണ്ടാകാന്‍ വ്യാഴവട്ടം വേണ്ടിവന്നു. ഇന്ത്യന്‍ രാഷ്‌ട്രീയം അഴിമതിയെ കേന്ദ്ര വിഷയമായി ആദ്യം ചര്‍ച്ച ചെയ്‌തത്‌ അന്നാണ്‌. ബൊഫോഴ്‌സ്‌ കോഴക്കേസില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി തന്നെ ആരോപണവിധേയനായി. ധനമന്ത്രി സ്ഥാനത്തിരിക്കെ നികുതി വെട്ടിപ്പുകാര്‍ക്കെതിരെയും (ഇപ്പോഴവരെ കള്ളപ്പണക്കാര്‍ എന്ന്‌ വിളിക്കുന്നു) അവിടെ നിന്ന്‌ പ്രതിരോധ വകുപ്പിലേക്ക്‌ മാറ്റിയപ്പോള്‍ ആയുധ ഇടപാടുകളിലെ കോഴക്കാര്‍ക്കെതിരെയും നീങ്ങിയ വിശ്വനാഥ്‌ പ്രതാപ്‌ സിംഗിനെ രാജീവ്‌ ഗാന്ധി പുറത്താക്കിയതോടെ അഴിമതിക്കെതിരായ രാഷ്‌ട്രീയത്തിന്‌ നേതൃരൂപം കൈവന്നു. ജാഗ്രതയോടെ നിലകൊണ്ട മാധ്യമങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ 1989ലെ തിരഞ്ഞെടുപ്പ്‌ രാജീവ്‌ ഗാന്ധിയുടെ വാട്ടര്‍ലൂ ആയി. ഇടത്‌ പാര്‍ട്ടികളും ബി ജെ പിയും പുറത്തു നിന്ന്‌ പിന്തുണച്ചപ്പോള്‍ വി പി സിംഗിന്റെ നേതൃത്വത്തില്‍ ജനതാ ദള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

അഴിമതിയുടെ തോത്‌ വെച്ച്‌ നോക്കിയാല്‍ 1989നേക്കാള്‍ ഗുരുതരമാണ്‌ 2011. ടെലികോം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, കടമുറി വില്‍പ്പന എന്നിവയിലെല്ലാം കോടികളുടെ അഴിമതി നടന്നതായി ആരോപണമുണ്ട്‌. ബഹിരാകാശത്തേക്ക്‌ തൊടുക്കാന്‍ തയ്യാറാക്കുന്ന ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകള്‍ കുറഞ്ഞ തുകക്ക്‌ കൈമാറാന്‍ കരാറുണ്ടാക്കി അഴിമതിക്ക്‌ കളമൊരുക്കിയെന്നും ആക്ഷേപം. ഇത്‌ കേന്ദ്ര സര്‍ക്കാറിനെയോ അതിലെ അംഗങ്ങളെയോ ചുറ്റിപ്പറ്റിയുള്ള ആരോപണം. മഹാരാഷ്‌ട്രയിലേക്ക്‌ വന്നാല്‍ ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റി കുംഭകോണം. ഇവിടെ അമ്പേറ്റു നില്‍ക്കുന്നവരില്‍ സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നവര്‍ വരെയുണ്ട്‌. ആന്ധ്രാപ്രദേശിലേക്ക്‌ വന്നാല്‍ മുന്‍ മുഖ്യമന്ത്രി വൈ എസ്‌ രാജശേഖര റെഡ്‌ഢിയുടെ കാലത്ത്‌ സഹസ്ര കോടികളുടെ അഴിമതി നടന്നുവെന്ന്‌ ആരോപിക്കുന്നത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെയാണ്‌. കര്‍ണാടകത്തില്‍ മക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ഭൂമി അനുവദിച്ചതിലൂടെ മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പ നടത്തിയെന്ന്‌ പറയുന്ന അഴിമതിക്കും 500 കോടിയുടെ കനമുണ്ടെന്നാണ്‌ ആരോപണം. ഇരുമ്പയിര്‌ ഖനനം, അനധികൃതമായ കടത്ത്‌ എന്നിവയുടെ പേരില്‍ ആരോപണവിധേയരായവര്‍ അതിനുമുമ്പ്‌ തന്നെ യെദിയൂരപ്പ മന്ത്രിസഭയിലുണ്ട്‌. ജൂഡീഷ്യറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വേറെയും. പട്ടികയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ പ്രയാസമില്ല.

ഇത്തരമൊരു സാഹചര്യത്തിലാണ്‌ ലോക്‌ പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂട്‌ പിടിക്കുന്നത്‌. അഴിമതിക്കഥകള്‍ ഒന്നിനുപിറകെ ഒന്നായി വരികയും സര്‍ക്കാറും കോണ്‍ഗ്രസും പ്രതിരോധത്തിലാകുകയും ചെയ്‌ത ഘട്ടത്തില്‍ ലോക്‌ പാല്‍ നിയമം കൊണ്ടുവന്ന്‌ പ്രതിച്ഛായ വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ മുന്‍കൈ എടുത്തേക്കുമെന്ന്‌ സൂചനയുണ്ടായിരുന്നു. എന്നാല്‍ 1968ല്‍ നാലാം ലോക്‌സഭയില്‍ അവതരിപ്പിക്കുകയും പിന്നീട്‌ പലകുറി മാറ്റിവെക്കുകയും ചെയ്‌ത ബില്ല്‌ വീണ്ടും മാറ്റിവെക്കാനാണ്‌ കോണ്‍ഗ്രസും യു പി എ സര്‍ക്കാറും തീരുമാനിച്ചത്‌. എന്തുകൊണ്ട്‌ ബില്ല്‌ മാറ്റിവെച്ചുവെന്നതിന്‌ പ്രത്യേക വിശദീകരണമൊന്നുമില്ല. അഴിമതി തടയാന്‍ ബില്ല്‌ കൊണ്ടുവരുന്നതില്‍ ആര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാകുമോ അവരൊക്കെ അതിനുവേണ്ടി ശ്രമിച്ചിട്ടുണ്ടാകുമെന്ന്‌ കരുതുക.

ഈ അഴിമതിക്കഥകള്‍ക്ക്‌ സമാന്തരമായി കള്ളപ്പണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും കൊഴുത്തിരുന്നു. കൊടിയ അഴിമതിയുടെ ഉപോത്‌പന്നമാണ്‌ അനധികൃതമായി സമ്പാദിക്കുകയും പിന്നീട്‌ വിദേശത്തെ ബേങ്ക്‌ അക്കൗണ്ടുകളില്‍ സൂക്ഷിക്കുകയും ചെയ്‌ത ഈ കള്ളപ്പണം. കണ്ടെത്തുന്ന കള്ളപ്പണത്തിന്‍മേല്‍ നികുതി ഈടാക്കി, സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷണമേ വേണ്ടെന്ന നിലപാട്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു. അപ്പോഴാണ്‌ റേല്‍ഗാവ്‌ സിദ്ധിയിലെ ഗാന്ധിയന്‍ അന്നാ ഹസാരെയും അഴിമതിക്കെതിരെ പോരടിക്കുന്ന ശാന്തി ഭൂഷണെപ്പോലുള്ള പ്രഗത്ഭരും ലോക്‌പാല്‍ ബില്ലിനെക്കുറിച്ച്‌ ചിന്തിച്ചത്‌. അതിന്റെ ഫലമായിരുന്നു ഹസാരെയുടെ സമരവും സംയുക്ത സമിതിയുടെ രൂപവത്‌കരണവുമെല്ലാം. വാര്‍ത്താ ചാനലുകളുടെ ക്യാമറകള്‍ ജന്തര്‍ മന്തറില്‍ തമ്പടിച്ചു. പത്രങ്ങളും പിന്തുണച്ചു. പതിവില്ലാത്ത വിധം സമരവേദിയിലേക്ക്‌ ജനങ്ങളുടെ ഒഴുക്കുണ്ടായി. പതിവില്ലാത്ത കാഴ്‌ചയെന്ന്‌ തിരിച്ചറിയാന്‍ സാമ്പത്തിക വിദഗ്‌ധനായ മന്‍മോഹന്‍ സിംഗിന്‌ എളുപ്പത്തില്‍ കഴിഞ്ഞു. ഉടന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത്‌ അതുകൊണ്ടാണ്‌.

മേല്‍പ്പറഞ്ഞ അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഏറ്റെടുത്തവയാണ്‌. ചില കേസുകളെങ്കിലും നീതിന്യായ സംവിധാനത്തിന്റെ കര്‍ശന നിരീക്ഷണത്തിന്‍ കീഴില്‍ അന്വേഷണം നടക്കുന്നതുമാണ്‌. എന്നിട്ടും എന്തുകൊണ്ട്‌ അതൊരു ജനകീയ മുന്നേറ്റമായി വളര്‍ത്താന്‍ സാധിച്ചില്ല? വിശ്വാസ്യത ഇവിടെ വലിയൊരു ഘടകമാണ്‌. പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി സ്‌തംഭിപ്പിച്ച്‌ സംയുക്ത പാര്‍ലിമെന്ററി സമിതി രൂപവത്‌കരിപ്പിക്കാന്‍ സാധിച്ചുവെങ്കിലും വിശാലമായ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരായ മുന്നേറ്റമായി വ്യാപിപ്പിക്കാനായില്ല. കൊടിയ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്ന ബി ജെ പി അഴിമതിക്കെതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം. മൂന്ന്‌ സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ സ്വയം സൃഷ്‌ടിച്ച പരിമിതികളാലും ഭാവനാദാരിദ്ര്യത്താലും മൂന്നോട്ട്‌ ചുവടുവെക്കാന്‍ മടിക്കുകയും ചെയ്‌തു. ഇവിടെയാണ്‌ വിശ്വനാഥ്‌ പ്രതാപ്‌ സിംഗിനെപ്പോലൊരു നേതാവിന്റെ അഭാവം രാജ്യം കണ്ടത്‌.

ലോക്‌ പാല്‍ പ്രാബല്യത്തിലാക്കിയത്‌ കൊണ്ടുമാത്രം ശുദ്ധീകരിക്കാവുന്നതാണ്‌ അഴിമതിയില്‍ മുങ്ങിയിരിക്കുന്ന വ്യവസ്ഥയെന്ന്‌ കരുതുന്നത്‌ മൗഢ്യമാകും. അത്‌ തിരിച്ചറിയാന്‍ പാകത്തിലുള്ള രാഷ്‌ട്രീയ വിവേകം അന്നാ ഹസാരെക്കോ സമര മുന്നണിയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കിരണ്‍ ബേദിക്കോ അരവിന്ദ്‌ കേജ്‌രിവാളിനോ ഉണ്ടാകില്ല. ഉണ്ടാകാന്‍ സാധ്യതയുള്ള ഒരേയൊരാള്‍ ജനതാ പരിവാറിന്റെ പാരമ്പര്യമുള്ള ശാന്തി ഭൂഷണാണ്‌. പക്ഷേ, അദ്ദേഹത്തിന്‌ പ്രായാധിക്യം തടസ്സമാണ്‌. വി പി സിംഗിനെപ്പോലൊരു രാഷ്‌ട്രീയ വ്യക്തിത്വം ഇല്ലതാനും.

എല്‍ കെ അഡ്വാനി, സുഷമ സ്വരാജ്‌, നിതിന്‍ ഗാഡ്‌കരി, പ്രകാശ്‌ കാരാട്ട്‌, സീതാറാം യെച്ചൂരി തുടങ്ങി ദേശീയ നിരയിലെന്ന്‌ അഭിമാനിക്കുന്നവരുടെ പരാജയം കൂടി ഇവിടെ കുറിക്കപ്പെടുന്നു. സ്വന്തം കണ്ണിലെ കരട്‌ എടുത്തു കളഞ്ഞിട്ടാണെങ്കില്‍ കൂടി ഈ വിഷയം ഉയര്‍ത്തി ജനങ്ങളെ അണിനിരത്തണമെന്ന തോന്നലുണ്ടായില്ല ബി ജെ പിക്ക്‌. നയനിലപാടുകളില്‍ കോണ്‍ഗ്രസിന്‌ സമാനമായ ബി ജെ പിക്ക്‌ മറ്റൊന്നും സാധ്യമാകുമായിരുന്നുമില്ല. പഴയ ജനതാ പരിവാറിന്റെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന മുലായം, ലാലു, പസ്വാന്‍, ശരദ്‌ യാദവ്‌ തുടങ്ങിയവരൊക്കെ താന്‍പോരിമയുടെ വക്താക്കളായി മാറുകയും യോജിപ്പ്‌ അസാധ്യമാം വിധത്തില്‍ അകലുകയും ചെയ്‌തു. ദേശീയ രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുന്ന ശൂന്യതയുടെ അളവ്‌ എത്രത്തോളമെന്ന്‌ മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.

ഹസാരെയുടെ സമരം രാജ്യത്തെ മധ്യവര്‍ത്തി, ഉപരി മധ്യവര്‍ത്തി സമൂഹത്തിന്റെ പ്രീതിയാണ്‌ ഏറെ പിടിച്ചുപറ്റിയതെന്ന വസ്‌തുതയും കാണാതിരുന്നുകൂടാ. അതിന്റെ കാരണം ടെലിവിഷന്‍ ചാനലുകളുടെ പ്രധാന പ്രേക്ഷകര്‍ അവരാണെന്നതാണ്‌. അതിലപ്പുറം പ്രതിബദ്ധത, പിന്തുണയുമായെത്തിയവര്‍ക്കുണ്ടെന്ന്‌ കരുതുന്നത്‌ മൗഢ്യമാകും. രാജ്യത്ത്‌ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്ന ജനസംഖ്യയുടെ പകുതിയോളം വരുന്നവര്‍ ഹസാരെയുടെ സമരത്തെക്കുറിച്ചോ ലോക്‌ പാലിന്റെ പ്രയോജനത്തെക്കുറിച്ചോ അറിഞ്ഞിട്ടുതന്നെയുണ്ടാകാന്‍ സാധ്യതയില്ല. ഇവിടെയാണ്‌ ബൊഫോഴ്‌സ്‌ അഴിമതി മുഖ്യ ആയുധമാക്കി വി പി സിംഗ്‌ നടത്തിയ പോരാട്ടം ശ്രദ്ധേയമാകുന്നത്‌. ബൊഫോഴ്‌സ്‌ കമ്പനിയെക്കുറിച്ചോ ഹൊവിറ്റ്‌സര്‍ തോക്കിനെക്കുറിച്ചോ അത്‌ വാങ്ങിയതിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കോഴയെക്കുറിച്ചോ അറിഞ്ഞില്ലെങ്കിലും രാജ്യം മുഴുവന്‍ വി പി സിംഗിലെ നേതാവിനെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ വാക്കിന്‌ വിശ്വാസ്യതയുണ്ടെന്ന്‌ മനസ്സിലാക്കി. 


അത്തരമൊരു തിരിച്ചറിയലിനും മനസ്സിലാക്കലിനും ഇപ്പോഴത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും സാധിക്കുന്നില്ല. അവിടെയാണ്‌ അന്നാ ഹസാരെയെപ്പോലുള്ളവരുടെ ഏറെക്കുറെ അരാഷ്‌ട്രീയമായ സമരം പ്രസിദ്ധി നേടുന്നതും പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയ പാരമ്പര്യമുള്ള വി എസ്‌ അച്യുതാനന്ദനെപ്പോലുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നതും.

ലോക്‌ പാലിന്‌ വേണ്ടിയായിരുന്നോ അഴിമതിയില്‍ മുങ്ങിയ ഭരണ സംവിധാനത്തിലെ മാറ്റത്തിന്‌ വേണ്ടിയായിരുന്നോ സമരം വേണ്ടിയിരുന്നത്‌? രാഷ്‌ട്രീയ സമരമായിരുന്നുവെങ്കില്‍ അത്‌ സംവിധാനത്തിന്റെ മാറ്റത്തിന്‌ വേണ്ടിയാകുമായിരുന്നു. അഴിമതിയുടെ ഉറവിടമായ ഭരണ സംവിധാനത്തെക്കൊണ്ട്‌ പുതിയൊരു നിയമം നിര്‍മിപ്പിച്ചതുകൊണ്ട്‌ എന്തെങ്കിലും ഫലമുണ്ടാകുമോ? നിയമങ്ങളും ചട്ടങ്ങളും അത്‌ നടപ്പാക്കാന്‍ സംവിധാനങ്ങളുമില്ലാത്തതുകൊണ്ടാണോ ഇവിടെ അഴിമതി അരങ്ങേറുന്നത്‌? രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിച്ചപ്പോള്‍ നിയമ മന്ത്രാലയത്തിന്റെയും തന്റെ തന്നെയും നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ എ രാജ മുന്നോട്ടുപോകുന്നത്‌ കണ്ടുനിന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‌ ഒരു കാര്യത്തിലും ഉത്തരവാദിത്വമില്ല. ലോക്‌പാല്‍ വന്നാല്‍ മന്‍മോഹനെപ്പോലെ നോക്കിനില്‍ക്കുന്നവരുടെ കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ? നീതിന്യായ സംവിധാനങ്ങളെപ്പോലും വിലക്കെടുക്കുന്നവരെ നിയന്ത്രിക്കാന്‍ അത്‌ മതിയാവുമോ?

ഏതെങ്കിലും നിയമം കൊണ്ട്‌ വൃത്തിയാക്കാവുന്ന തൊഴുത്തല്ല നമ്മുടെത്‌ എന്നെങ്കിലും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവിടെ സുഗന്ധം പൂശാനുള്ള ശ്രമം മാത്രമേ ആകുന്നുള്ളൂ ഹസാരെയുടെ സമരം. സുഗന്ധം പരത്താനായില്ലെങ്കിലും ദുര്‍ഗന്ധം കുറച്ച്‌ സമയത്തേക്ക്‌ അകറ്റി നിര്‍ത്താന്‍ സാധിച്ചേക്കും

2011-04-07

കുറി ഭാഗ്യമാണ്‌, അതില്‍ നേരു തിരയരുത്‌



നാളെ, നാളെ, നാളെ...ഭാഗ്യക്കുറിയുടെ ഏറെ പ്രസിദ്ധമായ പരസ്യ വാചകത്തിന്റെ തുടക്കം. എപ്പോള്‍ പറഞ്ഞാലും അര്‍ഥവത്താകുന്നുവെന്ന പ്രത്യേകത ഈ തുടക്കത്തിനുണ്ട്‌. അനിവാര്യമായ പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യും. നാളെ സംഭവിക്കാനിടയുള്ള നല്ല കാര്യങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയാണ്‌ പുരോഗമനത്തിന്‌ പ്രേരണയാകുന്നതും. ഭാഗ്യക്കുറിയുടെ പരസ്യവും ഈ പ്രതീക്ഷയാണ്‌ പങ്ക്‌ വെക്കുന്നത്‌. നാളെ എന്നത്‌ വലിയ പ്രലോഭനമാണെന്ന്‌ തിരിച്ചറിഞ്ഞ പരസ്യമെഴുത്തുകാരന്റെ മിടുക്ക്‌. ലോട്ടറി ആര്‌ നടത്തുന്നതായാലും ചൂതാട്ടത്തിന്റെ അംശം അതിലുണ്ട്‌ എന്നത്‌ നിഷേധിക്കാനാകില്ല. പേപ്പര്‍ ലോട്ടറിയാണെങ്കിലും ഓണ്‍ലൈന്‍ ലോട്ടറിയാണെങ്കിലും ഇത്‌ നിലനില്‍ക്കും.


 കേരള സര്‍ക്കാര്‍ നേരിട്ട്‌ നടത്തുന്നത്‌ കൊണ്ട്‌ പൂര്‍ണമായും വിശ്വാസയോഗ്യമാവണമെന്നുമില്ല. ഒന്നാം സമ്മാനങ്ങള്‍ തുടര്‍ച്ചയായി ഒരേ പ്രദേശത്തുകാര്‍ക്ക്‌ ലഭിച്ചത്‌ കേരള സര്‍ക്കാറിന്റെ ലോട്ടറിയിലാണ്‌. സമ്മാനം ലഭിക്കുന്ന ലോട്ടറി ടിക്കറ്റ്‌ സമ്മാനത്തിന്‌ തുല്യമായ തുക കൊടുത്ത്‌ വാങ്ങി കള്ളപ്പണം നിയമവിധേയമാക്കുന്ന ലോബിയാണ്‌ തുടര്‍ച്ചയായി ഒരേ പ്രദേശത്തുകാര്‍ക്ക്‌ സമ്മാനം ലഭിക്കാന്‍ കാരണമെന്ന്‌ ആക്ഷേപമുണ്ട്‌. അപ്പോള്‍ ചൂതാട്ടത്തിനപ്പുറത്തുള്ള തട്ടിപ്പ്‌ ലോട്ടറിയുടെ ഭാഗമായി നടക്കുന്നുവെന്ന്‌ സമ്മതിക്കേണ്ടിവരും. ഇതൊക്കെയാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി അതിന്റെ കുറഞ്ഞ വിശ്വാസ്യത നിലനിര്‍ത്തുന്നുണ്ട്‌.

ഈ വിശ്വാസ്യത പോലും അവകാശപ്പെടാന്‍ സാധിക്കാത്തവയാണ്‌ കേരളത്തില്‍ വിറ്റഴിച്ചിരുന്ന പുറത്തുനിന്നുള്ള ലോട്ടറികള്‍. സിക്കിം സര്‍ക്കാറിനും ഭൂട്ടാന്‍ ഭരണകൂടത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌ ഭൂരിഭാഗം. എത്ര ലോട്ടറി വില്‍ക്കുന്നുവെന്ന്‌ കണക്കില്ല. നറുക്കെടുപ്പ്‌ നടത്തുന്നത്‌ എങ്ങനെ എന്ന്‌ അറിയില്ല. ആദ്യ സമ്മാനങ്ങള്‍ ആര്‍ക്കെങ്കിലും ലഭിക്കുന്നുണ്ടോ എന്നതും അറിയില്ല. ഇവയെ നിരോധിക്കണമെന്ന കാര്യത്തില്‍ കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ ഏകാഭിപ്രായം. ഇവയുടെ പ്രവര്‍ത്തനം അന്വേഷിക്കണമെന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ല. അന്വേഷിക്കേണ്ടത്‌ സി ബി ഐ ആയിരിക്കണമെന്ന കാര്യത്തിലും ഒരേ അഭിപ്രായം. എന്നിട്ടും വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുകയും ജനങ്ങളെ അവ്യക്തതയില്‍ നിര്‍ത്തുകയും ചെയ്‌ത വിഷയമായി ലോട്ടറി മാറി. ഏറ്റവും ഒടുവില്‍ സി ബി ഐ അന്വേഷണം ആകാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത്‌ സംസ്ഥാന സര്‍ക്കാറിന്റെ വിജയമായി അതിന്‌ നേതൃത്വം നല്‍കുന്ന വ്യക്തികളും പാര്‍ട്ടികളും അവകാശപ്പെടുന്നു. തങ്ങള്‍ നടത്തിയ സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വിജയമായെന്ന്‌ പ്രതിപക്ഷത്തെ വ്യക്തികളും പാര്‍ട്ടികളും അവകാശപ്പെടുന്നു. പല കാരണങ്ങളുന്നയിച്ച്‌ നാളെ, നാളെ, നാളെ...എന്ന്‌ നീട്ടിയ അന്വേഷണത്തിനാണ്‌ ഒടുവില്‍ അരങ്ങൊരുങ്ങുന്നത്‌. അപ്പോഴും സംശയങ്ങള്‍ ബാക്കിയാകുന്നു. 


കേരളത്തിന്‌ പുറത്ത്‌ പ്രവര്‍ത്തിക്കുന്ന ലോട്ടറികളെക്കുറിച്ച്‌ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന എഫ്‌ ഐ ആര്‍ കൈമാറണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ആരംഭിക്കുമെന്നുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്‌. തര്‍ക്കം രൂക്ഷമായ കേരളത്തില്‍ മാത്രം അന്വേഷണം ഒതുക്കി നിര്‍ത്തണമെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ബന്ധമുണ്ടെന്ന്‌ തോന്നും. രാജ്യത്ത്‌ 12 സംസ്ഥാനങ്ങളിലും അഞ്ച്‌ കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാത്രമാണ്‌ ലോട്ടറി നിയമവിധേയമായിട്ടുള്ളത്‌. വടക്കു കിഴക്കന്‍ മേഖലയിലെ ഏഴ്‌ സംസ്ഥാനങ്ങളിലും പഞ്ചാബ്‌, സിക്കിം, കേരള, മഹാരാഷ്‌ട്ര എന്നിവയിലും ലോട്ടറി അനുവദിച്ചിരിക്കുന്നു. ഇവിടങ്ങളില്‍ പരസ്യമായും മറ്റ്‌ സംസ്ഥാനങ്ങളില്‍ രഹസ്യമായും ലോട്ടറി വില്‍പ്പന നടക്കുന്നുണ്ട്‌. ഒരു ദിവസം വില്‍ക്കുന്നത്‌ 40 കോടി രൂപയുടെ ടിക്കറ്റുകളാണ്‌ എന്നാണ്‌ ഏകദേശ കണക്ക്‌. ഇതില്‍ അറുപത്‌ ശതമാനവും നിയമവിധേയമല്ലാത്ത വില്‍പ്പന. 7,200 കോടിയുടെ അനധികൃത വില്‍പ്പന വര്‍ഷത്തില്‍ നടക്കുന്നുവന്നാണ്‌ കണക്ക്‌.

ഈ അനധികൃത വില്‍പ്പനാ ശൃംഖല ആരംഭിക്കുന്നത്‌ അസമിലെ മണി കുമാര്‍ സുബ്ബയില്‍ നിന്നാണ്‌. കോണ്‍ഗ്രസ്‌ നേതാവും മുന്‍ പാര്‍ലിമെന്റ്‌ അംഗവുമായ സുബ്ബ 2009ല്‍ തേസ്‌പൂരില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോള്‍ അസം നിയമസഭയിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സുബ്ബയുടെ സഹോദരനും സിറ്റിംഗ്‌ എം എല്‍ എയുമായ സഞ്‌ജയ്‌ റായ്‌ സുബ്ബ മത്സരിക്കുന്നുണ്ട്‌. 2006ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ച സഞ്‌ജയ്‌ സുബ്ബ ഇക്കുറി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാണ്‌. ലോട്ടറി രാജാവെന്ന്‌ വിളിക്കുന്നത്‌ ഇഷ്‌ടപ്പെടുന്നയാളാണ്‌ സുബ്ബ. ശൃംഖലയിലെ തെക്കേയറ്റത്തെ കണ്ണി കേരളീയര്‍ക്ക്‌ സുപരിചിതനാണ്‌ -സാന്റിയാഗോ മാര്‍ട്ടിന്‍. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച്‌ ലോട്ടറി സംഭരണ, വിതരണം നടത്തുന്നു. മ്യാന്‍മര്‍ സ്വദേശിയായ മാര്‍ട്ടിന്‍ അരുണാചല്‍ പ്രദേശില്‍ വെച്ചാണ്‌ ലോട്ടറി വ്യവസായത്തില്‍ പങ്കാളിയാകുന്നത്‌. വ്യവസായം കോയമ്പത്തൂരിലേക്ക്‌ മാറ്റിയതിന്റെ കാരണം ആര്‍ക്കും വ്യക്തമല്ല.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആര്‍ അനുസരിച്ച്‌ സി ബി ഐ നടത്തുന്ന അന്വേഷണം ഈ വിപുലമായ ശൃംഖലയിലേക്ക്‌ എത്തിപ്പെടുമോ എന്നത്‌ ഇപ്പോള്‍ വ്യക്തമല്ല. മണി കുമാര്‍ സുബ്ബ - സാന്റിയാഗോ മാര്‍ട്ടിന്‍ അച്ചുതണ്ടിന്‌ അധികാര, ഉദ്യോഗസ്ഥ കേന്ദ്രങ്ങളിലുള്ള സ്വാധീനം കണക്കിലെടുക്കുമ്പോള്‍ അത്തരമൊരു അന്വേഷണം ഉണ്ടാകാന്‍ സാധ്യത കുറവാണ്‌. നികുതി ഒടുക്കാതെ അനധികൃതമായി ലോട്ടറി വില്‍പ്പന നടത്തിയെന്നതാണ്‌ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്ന ഒരു പരാതി. അതിന്‍മേലുള്ള അന്വേഷണം കേരളത്തില്‍ ഒതുങ്ങുന്നതാണ്‌. നറുക്കെടുപ്പ്‌ സുതാര്യമല്ലെന്ന പരാതിയോ സമ്മാനങ്ങള്‍ നല്‍കുന്നില്ലെന്ന പരാതിയോ അന്വേഷിച്ച്‌ തെറ്റാണെന്ന്‌ ബോധ്യപ്പെടുത്തുക പ്രയാസമില്ല. 


മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും പരാതികളില്ലാത്ത സ്ഥിതിക്ക്‌ അതേക്കുറിച്ച്‌ അന്വേഷിക്കേണ്ടതില്ല. ലോട്ടറി നിയമവിധേയമല്ലാത്ത സ്ഥലങ്ങളില്‍ അനധികൃതമായി വില്‍പ്പന നടക്കുന്നുണ്ടെങ്കില്‍ തടയേണ്ടത്‌ അതാത്‌ സംസ്ഥാന സര്‍ക്കാറുകളാണ്‌. ചുരുക്കത്തില്‍ വര്‍ഷത്തില്‍ 13,000 കോടിയുടെ ലോട്ടറി ടിക്കറ്റ്‌ രാജ്യത്ത്‌ വില്‍ക്കുന്ന (ഇതില്‍ 60 ശതമാനം ലോട്ടറി നിയമവിധേയമല്ലാത്ത സ്ഥലങ്ങളിലാണ്‌) വലിയൊരു വ്യവസായത്തിന്‌ പരമാവധി ദൂഷ്യമുണ്ടാകാത്ത വിധത്തില്‍ അന്വേഷണം നടത്തണമെന്നതില്‍ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ബന്ധമുണ്ട്‌. അതുകൊണ്ടാവണം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആറിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം എന്ന്‌ പറഞ്ഞിരിക്കുന്നത്‌.

ഈ എഫ്‌ ഐ ആറിനെ ആധാരമാക്കി അന്വേഷണം ആരംഭിച്ച്‌, പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ പരിധി വ്യാപിപ്പിക്കാന്‍ തടസ്സമില്ല. പക്ഷേ, അതിന്‌ സി ബി ഐ മുതിരാന്‍ ഇടയില്ല. എ രാജ അറസ്റ്റിലായ ടെലികോം അഴിമതിക്കേസില്‍ അന്വേഷണം ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളായെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലുണ്ടായ ശേഷമാണ്‌ സി ബി ഐയുടെ വേഗം കൂടിയത്‌. എന്നിട്ടൊടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴോ, കൈമാറ്റം ചെയ്യപ്പെട്ട കോഴപ്പണത്തെക്കുറിച്ച്‌ ഒരക്ഷരം അതിലില്ല. 1.76 ലക്ഷം കോടിയുടെ നഷ്‌ടം ഖജനാവിനുണ്ടാക്കിയെന്ന കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ മുപ്പതിനായിരം കോടിയിലേക്ക്‌ ഒതുക്കി നിര്‍ത്താനും സി ബി ഐക്ക്‌ സാധിച്ചു. ഈ ഏജന്‍സി പാറശ്ശാലക്കും മഞ്ചേശ്വരത്തിനുമപ്പുറത്ത്‌ ലോട്ടറിക്കേസ്‌ അന്വേഷിക്കുമെന്ന്‌ കരുതുക മൗഢ്യമാവും. 


ഇനി അത്തരമെന്തെങ്കിലും ഉദ്ദേശ്യം ഏജന്‍സിക്കുണ്ടായാല്‍ തടയിടാന്‍ മന്‍മോഹന്‍ സിംഗും ചിദംബരവും വീരപ്പ മൊയ്‌ലിയുമൊക്കെ സര്‍ക്കാറിന്റെ അമരത്തുണ്ട്‌. അവരുള്ളതുകൊണ്ടാണ്‌ കേരളത്തിന്റെ പരാതിയനുസരിച്ചുള്ള സി ബി ഐ അന്വേഷണം ഇത്രയും വൈകിപ്പിക്കാന്‍ സാധിച്ചത്‌.
80,000 കോടിയുടെ അഴിമതി ലോട്ടറിക്കേസില്‍ നടന്നുവെന്ന്‌ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി പറഞ്ഞിട്ടും തൊടുന്യായം പറഞ്ഞുനിന്നു പി ചിദംബരവും കേന്ദ്ര സര്‍ക്കാറും. 



എത്ര കോടിയുടെ അഴിമതിയാണെങ്കിലും അന്വേഷണം വേണമെങ്കില്‍ അപേക്ഷ ലഭിക്കണമെന്നായി ആദ്യം. കത്ത്‌ കിട്ടിയിട്ടേ ഇല്ലെന്ന്‌ രണ്ടാമത്‌. കത്ത്‌ പേഴ്‌സണല്‍ മന്ത്രാലയത്തിന്‌ നല്‍കണമെന്നതില്‍ വിട്ടുവീഴ്‌ച പറ്റില്ലെന്ന്‌ പിന്നീട്‌ അറിയിച്ചു. പേഴ്‌സണല്‍ മന്ത്രാലയത്തിലേക്ക്‌ അയച്ച കത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നേ പറഞ്ഞിട്ടുള്ളൂ, സി ബി ഐ എന്ന്‌ വിശേഷിച്ച്‌ എഴുതിയിട്ടില്ല എന്ന്‌ വാദിച്ചു. അന്വേഷണം ആവശ്യപ്പെടും മുമ്പ്‌ കേരളം ഒരു കേസ്‌ പോലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന്‌ കുറ്റപ്പെടുത്തി. എല്ലാറ്റിനുമൊടുവിലാണ്‌ സി ബി ഐ അന്വേഷണമാകാമെന്ന്‌ സമ്മതിച്ചിരിക്കുന്നത്‌. കേരളത്തിലെ സര്‍ക്കാറിന്‌ നേതൃത്വം നല്‍കുന്നത്‌ രാഷ്‌ട്രീയത്തിലെ എതിരാളികളും ആണവ കരാറിന്‌ പാരവെക്കാന്‍ പരമാവധി ശ്രമിച്ചവരുമായ ഇടത്‌ കക്ഷികളാണെന്നതിനാല്‍ അവരുടെ ആവശ്യം അംഗീകരിക്കുന്നതിന്‌ മുമ്പ്‌ ഇത്തരം ചികഞ്ഞുനോക്കലൊക്കെ ചിദംബരത്തിനും മന്‍മോഹനും നടത്തേണ്ടിവരും. പക്ഷേ, 80,000 കോടിയുടെ അഴിമതി ആരോപണവുമായി രമേശ്‌ ചെന്നിത്തലയും അതിലേറെ വലിയ ആരോപണവുമായി വി ഡി സതീശനും ഓടിപ്പാഞ്ഞു നടന്നിട്ട്‌ അവരെ വിശ്വസിക്കാതിരുന്നതിലേ ഖേദിക്കാനുള്ളൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ കളമശ്ശേരി ബസ്സ്‌ കത്തിക്കലെന്ന `കുപ്രസിദ്ധമായ ഭീകര പ്രവര്‍ത്തനം' സംബന്ധിച്ച കേസ്‌ കേരളത്തോട്‌ ചോദിക്കുക പോലും ചെയ്യാതെ എന്‍ ഐ എക്ക്‌ കൈമാറാന്‍ തിടുക്കം കൂട്ടിയവരാണ്‌ ലോട്ടറിയില്‍ ഇത്രയും തടസ്സവാദങ്ങള്‍ ഉന്നയിച്ചതെന്നത്‌ കൂടി ഇവിടെ പ്രസക്തമാണ്‌.

നാളെ, നാളെ, നാളെ... എന്നായിരുന്ന സി ബി ഐ അന്വേഷണം ആകാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. ഇനി എന്ത്‌? എ രാജയുടെ സഹായി സാദിഖ്‌ ബാഷ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ്‌ സി ബി ഐ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ്‌ ഏറ്റവും പുതിയ ഉദാഹരണം. പ്രഖ്യാപനം വന്ന്‌ ദിവസങ്ങള്‍ക്കു ശേഷവും കേസ്‌ ഏറ്റെടുത്ത്‌ വിജ്ഞാപനം പുറപ്പെടുവിച്ചില്ല. ടെലികോം കേസ്‌ ദിനേനയെന്നോണം പരിഗണിക്കുന്നതിനാല്‍ സുപ്രീം കോടതി ഇക്കാര്യത്തില്‍ ഇടപെട്ടു. വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട്‌ ആവശ്യപ്പെടണമെന്ന്‌ അറ്റോര്‍ണി ജനറലിനോട്‌ ആവശ്യപ്പെട്ടു. എന്നിട്ടും കാര്യങ്ങള്‍ നടക്കാതായപ്പോള്‍ മൂന്ന്‌ ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ അന്ത്യശാസനം നല്‍കി. ഇവിടെ കോടതിയുടെ സജീവ പരിഗണനയിലൊന്നുമുള്ള വിഷയമല്ല ലോട്ടറി. വോട്ടെടുപ്പ്‌ തീരുന്നതോടെ ചുരുങ്ങിയത്‌ രമേശ്‌ ചെന്നിത്തലക്കും വി ഡി സതീശനുമെങ്കിലും ഇക്കാര്യത്തിലുള്ള താത്‌പര്യം നഷ്‌ടമാകുകയും ചെയ്യും. അതുകൊണ്ട്‌ സി ബി ഐ അന്വേഷണത്തിന്‌ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഒരു ഹരജി വൈകാതെ ഹൈക്കോടതിയില്‍ പ്രതീക്ഷിക്കാം. നാളെ എന്നത്‌ പ്രതീക്ഷയും പ്രലോഭനവുമാണല്ലോ

2011-04-02

ആരെട ദാരികാ...



മാലിക്‌ മഹ്‌മൂദ്‌ ഹസനെന്ന്‌ പറഞ്ഞാല്‍ പെട്ടെന്ന്‌ തിരിച്ചറിയാന്‍ പാടാണ്‌. എം എം ഹസനെന്ന്‌ പറഞ്ഞാല്‍ ആരും അറിയും. സ്വന്തം പാര്‍ട്ടിയുടെ പോലും പിന്തുണയില്ലാത്ത ഹര്‍ത്താല്‍വിരുദ്ധ സമരം പോലുള്ള പ്രഹസനങ്ങള്‍ക്ക്‌ മുന്‍കൈ എടുത്ത്‌ സ്വയം അപഹാസ്യനാകാന്‍ മടിയില്ലാത്ത കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ വക്താവ്‌. പക്ഷേ, മാലിക്‌ മഹ്‌മൂദ്‌ ഹസന്‍, എം എം ഹസനിലേക്ക്‌ വളര്‍ന്നത്‌ ഒന്ന്‌ ഇരുട്ടിവെളുത്തപ്പോഴല്ല. കെ എസ്‌ യുവിലൂടെ സംഘടനയിലെത്തി, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ്‌. 


ഹസന്‍ കെ എസ്‌ യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ സംസ്ഥാനത്ത്‌ വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്നത്‌ മുസ്‌ലിം ലീഗായിരുന്നു. അക്കാലത്ത്‌ ഖലീഫ ഉമറിനെക്കുറിച്ചുള്ള ഒരു കഥ പാഠപുസ്‌തകത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു. ഇന്നായിരുന്നുവെങ്കില്‍ `ലൗ ജിഹാദി'ന്റെ കാര്യത്തിലെന്ന പോലെ സംഘ്‌ പരിവാറും ക്രിസ്‌തീയ സഭാ നേതൃത്വവും യോജിച്ച്‌ രംഗത്തെത്താന്‍ യാതൊരു പ്രയാസവുമില്ലാത്ത വിഷയം. അന്ന്‌ ഇതിനെതിരെ രംഗത്തുവന്നത്‌ മാലിക്‌ മഹ്‌മൂദ്‌ ഹസനായിരുന്നു. പാഠപുസ്‌തകത്തെ വര്‍ഗീയവത്‌കരിക്കാന്‍ നടത്തുന്ന നീക്കം അനുവദിക്കില്ലെന്ന്‌ നിലപാടെടുത്തു. ഹസന്റെ സംഘാടന മികവില്‍ കെ എസ്‌ യു സമരരംഗത്തിറങ്ങി. ഖലീഫ ഉമറിനെക്കുറിച്ചുള്ള പാഠഭാഗം പിന്‍വലിച്ചതിനു ശേഷമേ ഹസന്‍ പിന്‍മാറിയുള്ളൂ. ഇത്തരമൊരു ചരിത്രമുള്ള നേതാവിനെ നാം ഇന്ന്‌ എങ്ങനെ കൈകാര്യം ചെയ്യുമെന്ന്‌ അറിയണമെങ്കില്‍ ശീതീകരിച്ച ടെലിവിഷന്‍ സ്റ്റുഡിയോയിലേക്ക്‌ നോക്കണം.

കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ ഹെലിക്കോപ്‌റ്റര്‍ യാത്ര ചര്‍ച്ചാവിഷയമായ ദിവസം. പ്രമുഖ ചാനലിലെ അത്താഴച്ചര്‍ച്ചക്ക്‌ ഹസനാണ്‌ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്യുന്നത്‌. അവതാരകന്‍ ഏറെക്കുറെ സി ബി ഐ ഡയറക്‌ടറുടെ റോളിലാണ്‌. (കാലം മാറി, സി ബി ഐ ഇപ്പോള്‍ ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നത്‌ ശീതീകരിച്ച മുറിയിലൊക്കെയാണ്‌) കള്ളപ്പണക്കേസില്‍ ആരോപണവിധേയനായി അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുവന്നയാളോടെന്ന പോലെയാണ്‌ ഹസനോടുള്ള പെരുമാറ്റം. രമേശ്‌ ചെന്നിത്തല ഹെലിക്കോപ്‌റ്റര്‍ ഉപയോഗിക്കുന്നതിലെ ധര്‍മാധര്‍മങ്ങള്‍ അവതാരകന്‍ തിരിച്ചും മറിച്ചും ചോദിച്ചു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്‌ വിശദീകരിച്ചു ഹസന്‍. ഒരുപക്ഷേ, വ്യക്തി എന്ന നിലക്ക്‌ ഹസന്‌ മറിച്ചൊരു അഭിപ്രായമുണ്ടായേക്കാം. പക്ഷേ, കോണ്‍ഗ്രസിന്റെ വക്താവായ അദ്ദേഹത്തിന്‌ ആ പാര്‍ട്ടിയുടെ നിലപാടേ പറയാനാകൂ. അതൊന്ന്‌ മാറ്റിപ്പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു അവതാരകന്‍. 


ഒരു ചോദ്യം, മറുപടി പറയാന്‍ ഹസന്‍ ഒരുങ്ങുമ്പോഴേക്കും അടുത്ത ചോദ്യം. മറുപടി തുടങ്ങിയ ശേഷം ടോക്ക്‌ ബാക്കിലൂടെ (അവതാരകന്റെ ചോദ്യം കേള്‍ക്കാന്‍ മറുപടി പറയേണ്ടയാളുടെ ചെവിയില്‍ ഘടിപ്പിക്കുന്നത്‌) രണ്ടാം ചോദ്യം കേള്‍ക്കുമ്പോള്‍ സംസാരം തുടരാനാകാതെ ഹസന്‍ വിഷമിക്കുന്നു. ഇത്‌ ഉടന്‍ പ്രേക്ഷകരെ കാണിച്ച്‌, ഹസന്‍ വിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന `ഔചിത്യ ബോധ'മുള്ള ഓണ്‍ലൈന്‍ എഡിറ്റര്‍. വെറുതെ വീട്ടിലിരിക്കുന്ന നേരത്ത്‌ അത്താഴച്ചര്‍ച്ചയിലൊന്ന്‌ പങ്കെടുത്തേക്കാമെന്ന്‌ വിചാരിച്ച്‌ എത്തിയയാളല്ല ഹസന്‍. തിരഞ്ഞെടുപ്പിന്റെ തിരക്കിനിടെ ചാനലിന്റെ ക്ഷണമനുസരിച്ച്‌ എത്തിയയാളാണ്‌. എന്നിട്ടും ഇങ്ങനെ പെരുമാറുന്നത്‌ എന്തുകൊണ്ടെന്ന്‌ ചോദിക്കരുത്‌. ചാനലിന്റെ രാഷ്‌ട്രീയം, ചര്‍ച്ചക്കെത്തുന്നവനെ ഉത്തരം മുട്ടിക്കുന്നതിലാണ്‌ തന്റെ മികവെന്ന മാധ്യമ പ്രവര്‍ത്തകന്റെ ധാരണ ഇവയെല്ലാം ഘടകങ്ങളായിട്ടുണ്ടാവാം.

മറ്റൊരു തിരഞ്ഞെടുപ്പ്‌ പരിപാടി. തത്സമയം നടക്കുന്ന അത്താഴച്ചര്‍ച്ചയല്ല ഇത്‌. മുന്‍കൂട്ടി നിശ്ചയിച്ച്‌ നടത്തി എഡിറ്റ്‌ ചെയ്‌ത്‌ പ്രക്ഷേപണം ചെയ്യുന്നത്‌. കുത്തകകളോടുള്ള നിലപാട്‌ എന്തെന്ന്‌ സി പി എം നേതാവ്‌ എ വിജയരാഘവന്‍ വ്യക്തമാക്കണമെന്ന്‌ ശഠിക്കുന്ന അവതാരകന്‍. 1957ല്‍ അന്ന്‌ ഇന്ത്യയിലെ അപൂര്‍വം കുത്തകളിലൊന്നായ ബിര്‍ള ഗ്രൂപ്പിനെ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ കേരളത്തിലേക്ക്‌ വ്യവസായം തുടങ്ങാന്‍ ക്ഷണിച്ചിരുന്നു. പിന്നീട്‌ സി പി ഐ നേതാവ്‌ ടി വി തോമസ്‌ വ്യവസായ മന്ത്രിയായിരിക്കെയാണ്‌ ജപ്പാനിലെ തോഷിബ ആനന്ദിനെ കൊച്ചിയിലേക്ക്‌ ക്ഷണിച്ചത്‌. ഇതൊന്നും അവതാരകന്‍ അറിഞ്ഞുകൊള്ളണമെന്നില്ല. പഴയ കാര്യങ്ങളല്ലേ! പക്ഷേ, കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തക കമ്പനികളുടെ കാര്യത്തില്‍ ഇടത്‌ മുന്നണി സര്‍ക്കാര്‍ എന്ത്‌ നിലപാടെടുത്തുവെന്നെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? അത്‌ അറിഞ്ഞിരുന്നാല്‍, ചോദ്യം കുറേക്കൂടി കൃത്യമാക്കാന്‍ സാധിക്കും. സി ഡിറ്റ്‌ കേന്ദ്രത്തിന്റെ നടത്തിപ്പ്‌ റിലയന്‍സിന്‌ കൈമാറിയതാണ്‌ വിഷയമെങ്കില്‍ അതേക്കുറിച്ച്‌ നേരിട്ട്‌ ചോദിക്കാം. അതിന്‌ പകരം കുത്തകകളെക്കുറിച്ചുള്ള നിങ്ങളുടെ നിലപാട്‌ എന്തെന്ന ചോദ്യത്തിനുള്ള മറുപടിക്കായി ശഠിക്കുമ്പോള്‍ സ്വന്തം മേധാവിത്വം സ്ഥാപിച്ചെടുക്കുക എന്നതിനപ്പുറം യാതൊന്നുമുണ്ടാകുന്നില്ല.

തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിക്കപ്പെടുന്ന സംവാദ പരിപാടികളിലൊന്നില്‍ മുസ്‌ലിം ലീഗ്‌ നേതാവ്‌ എം കെ മുനീറിനോട്‌ ചോദ്യം. ജമാഅത്തെ ഇസ്‌ലാമി, എസ്‌ ഡി പി ഐ എന്നിവയുടെ കാര്യത്തില്‍ താങ്കള്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ? ഈ രണ്ട്‌ സംഘടനകളുടെയും ആശയങ്ങളെ താന്‍ ഇപ്പോഴും ശക്തമായി എതിര്‍ക്കുന്നുവെന്ന്‌ മുനീറിന്റെ വ്യക്തമായ മറുപടി. ഈ രണ്ട്‌ സംഘടനകളുടെയും വോട്ട്‌ വേണ്ടെന്ന്‌ പറയുമോ എന്ന്‌ അടുത്ത ചോദ്യം. വോട്ടര്‍മാരെ കാണുമ്പോള്‍ ലീഗാണോ ബി ജെ പിയാണോ ജമാഅത്തെ ഇസ്‌ലാമിയാണോ എന്ന്‌ ചോദിച്ചല്ല വോട്ട്‌ ചോദിക്കുന്നത്‌ എന്ന്‌ മുനീറിന്റെ മറുപടി. വീണ്ടും ചോദ്യം. `അപ്പോള്‍ ജമാഅത്തിന്റെയും എസ്‌ ഡി പി ഐയുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക്‌ തൊട്ടുകൂടായ്‌മയില്ല അല്ലേ എന്ന്‌?' സ്വതേ സൗമ്യനായതുകൊണ്ടും അതിലുമധികം സൗമ്യനാണെന്ന്‌ ഭാവിക്കുന്നതുകൊണ്ടും മുനീര്‍ വീണ്ടും മറുപടി പറഞ്ഞു.

എവിടെയോ എന്തോ കുഴപ്പമുണ്ട്‌. ചോദ്യങ്ങള്‍ സ്വാഭാവികമായ മറുപടിക്ക്‌ വേണ്ടിയുള്ളതല്ല. മറിച്ച്‌ ചോദ്യകര്‍ത്താവിന്‌ ഇഷ്‌ടമുള്ള മറുപടിക്ക്‌ വേണ്ടിയുള്ളതാണ്‌. അത്‌ തന്നെയാണ്‌ പ്രശ്‌നവും. നമ്മുടെ ചാനലുകളില്‍ ഇപ്പോള്‍ നിറഞ്ഞു കവിയുന്ന കാക്കത്തൊള്ളായിരം തിരഞ്ഞെടുപ്പ്‌ പരിപാടികളിലൊക്കെ ആവര്‍ത്തിക്കപ്പെടുന്നതും ഇത്‌ തന്നെയാണ്‌. ദൂരദര്‍ശനിലെ പാനല്‍ ചര്‍ച്ചകള്‍ (അതില്‍ മിക്കവയും തീര്‍ത്തും മുഷിപ്പിക്കുന്നതുമായിരുന്നു) കണ്ട്‌ മടുത്തവര്‍ക്ക്‌ പുതുമ സമ്മാനിച്ചാണ്‌ പൊതു ചര്‍ച്ചകള്‍ക്ക്‌ സ്വകാര്യ ചാനലുകള്‍ വേദിയൊരുക്കിയത്‌. പുതുമ മാറിയിരിക്കുന്നു. ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നുവെങ്കില്‍ അത്‌ കുറേക്കൂടി പ്രൊഫനലായി നടത്താന്‍ ശ്രമിക്കേണ്ട സമയവുമായി. എന്നിട്ടും അതിന്‌ ശ്രമങ്ങളുണ്ടാകുന്നില്ല. അത്‌ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വേദികളായി മാറുകയും ചെയ്യുന്നു.

ബാര്‍ബര്‍ ഷോപ്പിലും ചായക്കടകളിലും രാഷ്‌ട്രീയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു മുമ്പ്‌. ഇപ്പോഴും നാട്ടിന്‍പുറങ്ങളില്‍ ഈ പതിവ്‌ തുടരുന്നുമുണ്ട്‌. ഇവിടെ നിയന്ത്രണാധികാരമുള്ള വ്യക്തിയുടെ ഇടപെടലില്ല. കാര്യം കൈവിട്ടുപോകുമെന്ന്‌ തോന്നിയാല്‍ കടയുടമ സൗഹൃദമെന്ന അധികാരം പ്രയോഗിച്ചേക്കാമെന്ന്‌ മാത്രം. യാതൊരു ക്രമസമാധാന പ്രശ്‌നവും എവിടെയുമുണ്ടാകാറില്ല. ഏതെങ്കിലും പക്ഷത്തിന്‌ ശക്തിയുണ്ടെന്ന്‌ തോന്നിയാല്‍ എതിര്‍പക്ഷം സമാധാനപരമായി വാക്കൗട്ട്‌ നടത്തിയേക്കാമെന്ന്‌ മാത്രം. ഇതിന്റെയൊരു വലിയ രൂപമാണ്‌ ഇന്ന്‌ പൊതു സ്ഥലത്ത്‌ അരങ്ങേറുന്ന ടെലിവിഷന്‍ ചര്‍ച്ചകളെന്നാണ്‌ സങ്കല്‍പ്പം. 


പങ്കെടുക്കാനെത്തുന്നവരുടെ ചോദ്യോത്തരങ്ങളിലൂടെ സംവാദം സുഗമമായി മുന്നോട്ട്‌ നയിക്കുകയും വിശദീകരണം അനിവാര്യമെന്ന്‌ തോന്നുന്ന ഘട്ടങ്ങളില്‍ ഇടപെടുകയും ചെയ്യുക എന്നതാണ്‌ ഉത്തമനായ മോഡറേറ്ററുടെ കടമ. എന്നാല്‍ ഇതല്ല നിര്‍വഹിക്കപ്പെടുന്നത്‌ എന്ന്‌ ചര്‍ച്ചകള്‍ സൂക്ഷ്‌മമായി വീക്ഷിച്ചാല്‍ മനസ്സിലാകും. ചാനലിന്റെ രാഷ്‌ട്രീയം, മോഡറേറ്ററുടെ രാഷ്‌ട്രീയം ഇതെല്ലാം പ്രകടമാകുകയാണ്‌. പലപ്പോഴും സ്വന്തം അഭിപ്രായങ്ങള്‍ മടികൂടാതെ പറയാന്‍ ഇവര്‍ തയ്യാറാവുകയും ചെയ്യും. അല്ലെങ്കില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുള്ള ചോദ്യങ്ങള്‍ ഉന്നയിക്കും. നേരത്തെ പരാമര്‍ശിച്ച സംഭവങ്ങളിലേത്‌ പോലെ താനുദ്ദേശിക്കുന്ന മറുപടി കിട്ടാനുള്ള ചോദ്യങ്ങള്‍.

എം എം ഹസനെപ്പോലൊരാളെ സ്റ്റുഡിയോയിലിരുത്തി `ഈ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാതെ നിങ്ങള്‍ക്ക്‌ പോകാന്‍ കഴിയില്ല' എന്ന മട്ടില്‍ പെരുമാറാന്‍ എന്ത്‌ അധികാരമാണ്‌ ഇവര്‍ക്കുള്ളത്‌? പിന്തിരിഞ്ഞു നോക്കിയാല്‍ ഹസന്‌ പറയാന്‍ ഒരു സമരത്തിലെ വിജയമെങ്കിലുമുണ്ട്‌. നിങ്ങള്‍ക്ക്‌ എന്താണ്‌ സ്വന്തമായുള്ളത്‌? ആ സമരത്തെക്കുറിച്ച്‌ പോലുമുള്ള അറിവില്ലായ്‌മയല്ലാതെ! കുത്തകകളെക്കുറിച്ചുള്ള സി പി എം നിലപാട്‌ പറഞ്ഞേ പറ്റൂ എന്ന്‌ ശഠിക്കാന്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ അവസരം നല്‍കിയത്‌? ഈ നേതാക്കളോ അവരുടെ മുന്‍ഗാമികളോ ചെയ്‌ത പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഈ അവസരം. അത്‌ മറന്നുപോകുമ്പോഴാണ്‌ ഷഷ്‌ഠിപൂര്‍ത്തി കഴിഞ്ഞ നേതാവിനെ ചോദ്യശരങ്ങളുതിര്‍ത്ത്‌ വിയര്‍പ്പിച്ചതില്‍ ഊറ്റം കൊള്ളാന്‍ സാധിക്കുക. 


മറിച്ച്‌ ഈ നേതാക്കള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്‌ പ്രശ്‌നങ്ങള്‍. ജനങ്ങളോട്‌ നേരിട്ട്‌ സംസാരിച്ചിരുന്നു ഇവര്‍, മുമ്പ്‌. പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു, കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇന്ന്‌ അതിനെല്ലാം ഉപാധിയായി നേതാക്കളും പ്രവര്‍ത്തകരും കാണുന്നത്‌ ടെലിവിഷന്‍ ക്യാമറകളെയാണ്‌. അങ്ങനെ കാണുമ്പോള്‍ ഇത്തരം അവഹേളനങ്ങള്‍ സഹിക്കാന്‍ ബാധ്യസ്ഥരുമാകും.
അവഹേളനങ്ങളുടെ നൈരന്തര്യം ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കും. അത്തരമൊരു ക്ലൈമാക്‌സാണ്‌ കണ്ണൂരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ കൈയേറ്റ ശ്രമമുണ്ടാകാന്‍ (കൈയേറ്റ ശ്രമമെന്നത്‌ ആ മാധ്യമ പ്രവര്‍ത്തന്‍ പ്രതിനിധാനം ചെയ്യുന്ന ചാനല്‍ തന്നെ ഉപയോഗിച്ചതാണ്‌) കാരണം. കൈയേറ്റ ശ്രമം അത്‌ ആരുടെ നേര്‍ക്കായാലും എതിര്‍ക്കപ്പെടേണ്ടതാണ്‌. വസ്‌തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ഇത്തരമൊരു സംഭവത്തിലേക്ക്‌ കാര്യങ്ങളെത്തിക്കുന്നതില്‍ മാധ്യമങ്ങളും അതിലെ പ്രവര്‍ത്തകരും ഏതളവില്‍ സംഭാവനകള്‍ ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ആലോചിക്കുന്നതും നല്ലതാണ്‌. ഹസനും വിജയരാഘവനും മുനീറുമൊക്കെ അത്തരം സംഭാവനകളുടെ ഇരകളാണ്‌.

അവഹേളനങ്ങളും കൈയാങ്കളിയും കൈയേറ്റ ശ്രമവുമൊക്കെക്കഴിഞ്ഞ്‌ ആകെ നോക്കിയാല്‍ ഉള്ളി പൊളിച്ചപോലെയാണ്‌. പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ എല്ലായിടത്തും ഒരേ പ്രശ്‌നങ്ങള്‍. ഒരേ ചോദ്യങ്ങള്‍. ഒരേ ഉത്തരങ്ങളും. പിന്നെ എന്തിനാണ്‌ ഈ പ്രഹസനം?