അഞ്ചാണ്ട് കൂടുമ്പോഴത്തെ തിരഞ്ഞെടുപ്പ് ഉത്സവം. കൊടിയിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ദ്രപ്രസ്ഥത്തില്‍ അധികാരമേറും. ഈ പതിവിന് ആദ്യം മാറ്റമുണ്ടായത് 1977ലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ കൊടിയ പീഡനങ്ങളോട് ഉത്തരേന്ത്യന്‍ ജനത പ്രതികരിച്ചതിന്റെ ഫലം. അതിനു ശേഷമൊരു ഭരണമാറ്റമുണ്ടാകാന്‍ വ്യാഴവട്ടം വേണ്ടിവന്നു. ഇന്ത്യന്‍ രാഷ്‌ട്രീയം അഴിമതിയെ കേന്ദ്ര വിഷയമായി ആദ്യം ചര്‍ച്ച ചെയ്‌തത് അന്നാണ്. ബൊഫോഴ്‌സ് കോഴക്കേസില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തന്നെ ആരോപണവിധേയനായി. ധനമന്ത്രി സ്ഥാനത്തിരിക്കെ നികുതി വെട്ടിപ്പുകാര്‍ക്കെതിരെയും (ഇപ്പോഴവരെ കള്ളപ്പണക്കാര്‍ എന്ന് വിളിക്കുന്നു) അവിടെ നിന്ന് പ്രതിരോധ വകുപ്പിലേക്ക് മാറ്റിയപ്പോള്‍ ആയുധ ഇടപാടുകളിലെ കോഴക്കാര്‍ക്കെതിരെയും നീങ്ങിയ വിശ്വനാഥ് പ്രതാപ് സിംഗിനെ രാജീവ് ഗാന്ധി പുറത്താക്കിയതോടെ അഴിമതിക്കെതിരായ രാഷ്‌ട്രീയത്തിന് നേതൃരൂപം കൈവന്നു. ജാഗ്രതയോടെ നിലകൊണ്ട മാധ്യമങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ 1989ലെ തിരഞ്ഞെടുപ്പ് രാജീവ് ഗാന്ധിയുടെ വാട്ടര്‍ലൂ ആയി. ഇടത് പാര്‍ട്ടികളും ബി ജെ പിയും പുറത്തു നിന്ന് പിന്തുണച്ചപ്പോള്‍ വി പി സിംഗിന്റെ നേതൃത്വത്തില്‍ ജനതാ ദള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
അഴിമതിയുടെ തോത് വെച്ച് നോക്കിയാല്‍ 1989നേക്കാള്‍ ഗുരുതരമാണ് 2011. ടെലികോം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കടമുറി വില്‍പ്പന എന്നിവയിലെല്ലാം കോടികളുടെ അഴിമതി നടന്നതായി ആരോപണമുണ്ട്. ബഹിരാകാശത്തേക്ക് തൊടുക്കാന്‍ തയ്യാറാക്കുന്ന ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകള്‍ കുറഞ്ഞ തുകക്ക് കൈമാറാന്‍ കരാറുണ്ടാക്കി അഴിമതിക്ക് കളമൊരുക്കിയെന്നും ആക്ഷേപം. ഇത് കേന്ദ്ര സര്‍ക്കാറിനെയോ അതിലെ അംഗങ്ങളെയോ ചുറ്റിപ്പറ്റിയുള്ള ആരോപണം. മഹാരാഷ്‌ട്രയിലേക്ക് വന്നാല്‍ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണം. ഇവിടെ അമ്പേറ്റു നില്‍ക്കുന്നവരില്‍ സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നവര്‍ വരെയുണ്ട്. ആന്ധ്രാപ്രദേശിലേക്ക് വന്നാല്‍ മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്‌ഢിയുടെ കാലത്ത് സഹസ്ര കോടികളുടെ അഴിമതി നടന്നുവെന്ന് ആരോപിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. കര്‍ണാടകത്തില്‍ മക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ഭൂമി അനുവദിച്ചതിലൂടെ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നടത്തിയെന്ന് പറയുന്ന അഴിമതിക്കും 500 കോടിയുടെ കനമുണ്ടെന്നാണ് ആരോപണം. ഇരുമ്പയിര് ഖനനം, അനധികൃതമായ കടത്ത് എന്നിവയുടെ പേരില്‍ ആരോപണവിധേയരായവര്‍ അതിനുമുമ്പ് തന്നെ യെദിയൂരപ്പ മന്ത്രിസഭയിലുണ്ട്. ജൂഡീഷ്യറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വേറെയും. പട്ടികയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ പ്രയാസമില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് ലോക് പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിക്കുന്നത്. അഴിമതിക്കഥകള്‍ ഒന്നിനുപിറകെ ഒന്നായി വരികയും സര്‍ക്കാറും കോണ്‍ഗ്രസും പ്രതിരോധത്തിലാകുകയും ചെയ്‌ത ഘട്ടത്തില്‍ ലോക് പാല്‍ നിയമം കൊണ്ടുവന്ന് പ്രതിച്ഛായ വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മുന്‍കൈ എടുത്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ 1968ല്‍ നാലാം ലോക്‌സഭയില്‍ അവതരിപ്പിക്കുകയും പിന്നീട് പലകുറി മാറ്റിവെക്കുകയും ചെയ്‌ത ബില്ല് വീണ്ടും മാറ്റിവെക്കാനാണ് കോണ്‍ഗ്രസും യു പി എ സര്‍ക്കാറും തീരുമാനിച്ചത്. എന്തുകൊണ്ട് ബില്ല് മാറ്റിവെച്ചുവെന്നതിന് പ്രത്യേക വിശദീകരണമൊന്നുമില്ല. അഴിമതി തടയാന്‍ ബില്ല് കൊണ്ടുവരുന്നതില്‍ ആര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാകുമോ അവരൊക്കെ അതിനുവേണ്ടി ശ്രമിച്ചിട്ടുണ്ടാകുമെന്ന് കരുതുക.
ഈ അഴിമതിക്കഥകള്‍ക്ക് സമാന്തരമായി കള്ളപ്പണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും കൊഴുത്തിരുന്നു. കൊടിയ അഴിമതിയുടെ ഉപോത്‌പന്നമാണ് അനധികൃതമായി സമ്പാദിക്കുകയും പിന്നീട് വിദേശത്തെ ബേങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കുകയും ചെയ്‌ത ഈ കള്ളപ്പണം. കണ്ടെത്തുന്ന കള്ളപ്പണത്തിന്‍മേല്‍ നികുതി ഈടാക്കി, സ്രോതസ്സിനെക്കുറിച്ച് അന്വേഷണമേ വേണ്ടെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു. അപ്പോഴാണ് റേല്‍ഗാവ് സിദ്ധിയിലെ ഗാന്ധിയന്‍ അന്നാ ഹസാരെയും അഴിമതിക്കെതിരെ പോരടിക്കുന്ന ശാന്തി ഭൂഷണെപ്പോലുള്ള പ്രഗത്ഭരും ലോക്‌പാല്‍ ബില്ലിനെക്കുറിച്ച് ചിന്തിച്ചത്. അതിന്റെ ഫലമായിരുന്നു ഹസാരെയുടെ സമരവും സംയുക്ത സമിതിയുടെ രൂപവത്‌കരണവുമെല്ലാം. വാര്‍ത്താ ചാനലുകളുടെ ക്യാമറകള്‍ ജന്തര്‍ മന്തറില്‍ തമ്പടിച്ചു. പത്രങ്ങളും പിന്തുണച്ചു. പതിവില്ലാത്ത വിധം സമരവേദിയിലേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടായി. പതിവില്ലാത്ത കാഴ്‌ചയെന്ന് തിരിച്ചറിയാന്‍ സാമ്പത്തിക വിദഗ്‌ധനായ മന്‍മോഹന്‍ സിംഗിന് എളുപ്പത്തില്‍ കഴിഞ്ഞു. ഉടന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത് അതുകൊണ്ടാണ്.
മേല്‍പ്പറഞ്ഞ അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഏറ്റെടുത്തവയാണ്. ചില കേസുകളെങ്കിലും നീതിന്യായ സംവിധാനത്തിന്റെ കര്‍ശന നിരീക്ഷണത്തിന്‍ കീഴില്‍ അന്വേഷണം നടക്കുന്നതുമാണ്. എന്നിട്ടും എന്തുകൊണ്ട് അതൊരു ജനകീയ മുന്നേറ്റമായി വളര്‍ത്താന്‍ സാധിച്ചില്ല? വിശ്വാസ്യത ഇവിടെ വലിയൊരു ഘടകമാണ്. പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി സ്‌തംഭിപ്പിച്ച് സംയുക്ത പാര്‍ലിമെന്ററി സമിതി രൂപവത്‌കരിപ്പിക്കാന്‍ സാധിച്ചുവെങ്കിലും വിശാലമായ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരായ മുന്നേറ്റമായി വ്യാപിപ്പിക്കാനായില്ല. കൊടിയ അഴിമതി മൂടിവെക്കാന്‍ ശ്രമിക്കുന്ന ബി ജെ പി അഴിമതിക്കെതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വയം സൃഷ്‌ടിച്ച പരിമിതികളാലും ഭാവനാദാരിദ്ര്യത്താലും മൂന്നോട്ട് ചുവടുവെക്കാന്‍ മടിക്കുകയും ചെയ്‌തു. ഇവിടെയാണ് വിശ്വനാഥ് പ്രതാപ് സിംഗിനെപ്പോലൊരു നേതാവിന്റെ അഭാവം രാജ്യം കണ്ടത്.
ലോക് പാല്‍ പ്രാബല്യത്തിലാക്കിയത് കൊണ്ടുമാത്രം ശുദ്ധീകരിക്കാവുന്നതാണ് അഴിമതിയില്‍ മുങ്ങിയിരിക്കുന്ന വ്യവസ്ഥയെന്ന് കരുതുന്നത് മൗഢ്യമാകും. അത് തിരിച്ചറിയാന്‍ പാകത്തിലുള്ള രാഷ്‌ട്രീയ വിവേകം അന്നാ ഹസാരെക്കോ സമര മുന്നണിയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കിരണ്‍ ബേദിക്കോ അരവിന്ദ് കേജ്‌രിവാളിനോ ഉണ്ടാകില്ല. ഉണ്ടാകാന്‍ സാധ്യതയുള്ള ഒരേയൊരാള്‍ ജനതാ പരിവാറിന്റെ പാരമ്പര്യമുള്ള ശാന്തി ഭൂഷണാണ്. പക്ഷേ, അദ്ദേഹത്തിന് പ്രായാധിക്യം തടസ്സമാണ്. വി പി സിംഗിനെപ്പോലൊരു രാഷ്‌ട്രീയ വ്യക്തിത്വം ഇല്ലതാനും.
എല്‍ കെ അഡ്വാനി, സുഷമ സ്വരാജ്, നിതിന്‍ ഗാഡ്‌കരി, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങി ദേശീയ നിരയിലെന്ന് അഭിമാനിക്കുന്നവരുടെ പരാജയം കൂടി ഇവിടെ കുറിക്കപ്പെടുന്നു. സ്വന്തം കണ്ണിലെ കരട് എടുത്തു കളഞ്ഞിട്ടാണെങ്കില്‍ കൂടി ഈ വിഷയം ഉയര്‍ത്തി ജനങ്ങളെ അണിനിരത്തണമെന്ന തോന്നലുണ്ടായില്ല ബി ജെ പിക്ക്. നയനിലപാടുകളില്‍ കോണ്‍ഗ്രസിന് സമാനമായ ബി ജെ പിക്ക് മറ്റൊന്നും സാധ്യമാകുമായിരുന്നുമില്ല. പഴയ ജനതാ പരിവാറിന്റെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന മുലായം, ലാലു, പസ്വാന്‍, ശരദ് യാദവ് തുടങ്ങിയവരൊക്കെ താന്‍പോരിമയുടെ വക്താക്കളായി മാറുകയും യോജിപ്പ് അസാധ്യമാം വിധത്തില്‍ അകലുകയും ചെയ്‌തു. ദേശീയ രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുന്ന ശൂന്യതയുടെ അളവ് എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.
ഹസാരെയുടെ സമരം രാജ്യത്തെ മധ്യവര്‍ത്തി, ഉപരി മധ്യവര്‍ത്തി സമൂഹത്തിന്റെ പ്രീതിയാണ് ഏറെ പിടിച്ചുപറ്റിയതെന്ന വസ്‌തുതയും കാണാതിരുന്നുകൂടാ. അതിന്റെ കാരണം ടെലിവിഷന്‍ ചാനലുകളുടെ പ്രധാന പ്രേക്ഷകര്‍ അവരാണെന്നതാണ്. അതിലപ്പുറം പ്രതിബദ്ധത, പിന്തുണയുമായെത്തിയവര്‍ക്കുണ്ടെന്ന് കരുതുന്നത് മൗഢ്യമാകും. രാജ്യത്ത് ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്ന ജനസംഖ്യയുടെ പകുതിയോളം വരുന്നവര്‍ ഹസാരെയുടെ സമരത്തെക്കുറിച്ചോ ലോക് പാലിന്റെ പ്രയോജനത്തെക്കുറിച്ചോ അറിഞ്ഞിട്ടുതന്നെയുണ്ടാകാന്‍ സാധ്യതയില്ല. ഇവിടെയാണ് ബൊഫോഴ്‌സ് അഴിമതി മുഖ്യ ആയുധമാക്കി വി പി സിംഗ് നടത്തിയ പോരാട്ടം ശ്രദ്ധേയമാകുന്നത്. ബൊഫോഴ്‌സ് കമ്പനിയെക്കുറിച്ചോ ഹൊവിറ്റ്‌സര്‍ തോക്കിനെക്കുറിച്ചോ അത് വാങ്ങിയതിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കോഴയെക്കുറിച്ചോ അറിഞ്ഞില്ലെങ്കിലും രാജ്യം മുഴുവന്‍ വി പി സിംഗിലെ നേതാവിനെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ വാക്കിന് വിശ്വാസ്യതയുണ്ടെന്ന് മനസ്സിലാക്കി.
അത്തരമൊരു തിരിച്ചറിയലിനും മനസ്സിലാക്കലിനും ഇപ്പോഴത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവയുടെ നേതാക്കള്‍ക്കും സാധിക്കുന്നില്ല. അവിടെയാണ് അന്നാ ഹസാരെയെപ്പോലുള്ളവരുടെ ഏറെക്കുറെ അരാഷ്‌ട്രീയമായ സമരം പ്രസിദ്ധി നേടുന്നതും പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയ പാരമ്പര്യമുള്ള വി എസ് അച്യുതാനന്ദനെപ്പോലുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നതും.
ലോക് പാലിന് വേണ്ടിയായിരുന്നോ അഴിമതിയില്‍ മുങ്ങിയ ഭരണ സംവിധാനത്തിലെ മാറ്റത്തിന് വേണ്ടിയായിരുന്നോ സമരം വേണ്ടിയിരുന്നത്? രാഷ്‌ട്രീയ സമരമായിരുന്നുവെങ്കില്‍ അത് സംവിധാനത്തിന്റെ മാറ്റത്തിന് വേണ്ടിയാകുമായിരുന്നു. അഴിമതിയുടെ ഉറവിടമായ ഭരണ സംവിധാനത്തെക്കൊണ്ട് പുതിയൊരു നിയമം നിര്‍മിപ്പിച്ചതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോ? നിയമങ്ങളും ചട്ടങ്ങളും അത് നടപ്പാക്കാന്‍ സംവിധാനങ്ങളുമില്ലാത്തതുകൊണ്ടാണോ ഇവിടെ അഴിമതി അരങ്ങേറുന്നത്? രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് അനുവദിച്ചപ്പോള്‍ നിയമ മന്ത്രാലയത്തിന്റെയും തന്റെ തന്നെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് എ രാജ മുന്നോട്ടുപോകുന്നത് കണ്ടുനിന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഒരു കാര്യത്തിലും ഉത്തരവാദിത്വമില്ല. ലോക്‌പാല്‍ വന്നാല്‍ മന്‍മോഹനെപ്പോലെ നോക്കിനില്‍ക്കുന്നവരുടെ കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ? നീതിന്യായ സംവിധാനങ്ങളെപ്പോലും വിലക്കെടുക്കുന്നവരെ നിയന്ത്രിക്കാന്‍ അത് മതിയാവുമോ?
ഏതെങ്കിലും നിയമം കൊണ്ട് വൃത്തിയാക്കാവുന്ന തൊഴുത്തല്ല നമ്മുടെത് എന്നെങ്കിലും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവിടെ സുഗന്ധം പൂശാനുള്ള ശ്രമം മാത്രമേ ആകുന്നുള്ളൂ ഹസാരെയുടെ സമരം. സുഗന്ധം പരത്താനായില്ലെങ്കിലും ദുര്‍ഗന്ധം കുറച്ച് സമയത്തേക്ക് അകറ്റി നിര്‍ത്താന്‍ സാധിച്ചേക്കും
No comments:
Post a Comment