2011-04-26

സെക്‌സുണ്ട്‌, സ്റ്റണ്ടുണ്ട്‌



പുതിയ സെന്‍സസ്‌ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ജനസംഖ്യ 3.3 കോടിയാണ്‌. ഏതാണ്ട്‌ ഇത്രത്തോളം അനുയായികളുള്ള `ദിവ്യ പുരുഷന്‍' സത്യസായി ബാബ മണ്ണിലേക്ക്‌ മറയുകയാണ്‌. മരണം സ്ഥിരീകരിച്ച്‌ പുട്ടപര്‍ത്തിയിലെ സത്യസായി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്‌ അദ്ദേഹം ദേഹം ഉപേക്ഷിച്ചുവെന്നാണ്‌. ദേഹി വിട്ടൊഴിഞ്ഞ കൂട്‌ നശിപ്പിച്ചുകളയുകയും ദേഹി മറ്റൊരു ദേഹത്തില്‍ പ്രവേശിച്ച്‌ തിരിച്ചെത്തുന്നത്‌ കാത്തിരിക്കുകയുമാണ്‌ സായിഭക്തര്‍. ഇത്രയും അനുയായികളും ഇത്രയും ആസ്‌തി ബലവുമുള്ള മറ്റൊരു ആള്‍ ദൈവം ലോകത്ത്‌ തന്നെ അപൂര്‍വം. 


`മാനവ സേവയാണ്‌ മാധവ സേവ'യെന്ന്‌ ഉദ്‌ഘോഷിക്കുകയും `ഞാനും നീയും ദൈവമാണ്‌, ഞാനത്‌ തിരിച്ചറിയുന്നുവെന്ന്‌ മാത്ര'മെന്ന സന്ദേശത്തിലൂടെ സ്വന്തം ദൈവികത്വം അരക്കിട്ടുറപ്പിക്കുകയും ചെയ്‌ത സത്യസായി ബാബ, അനുയായിവൃന്ദങ്ങളെയും ലോകത്തെയും അമ്പരപ്പിച്ചത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌. പാവപ്പെട്ടവര്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ പുട്ടപര്‍ത്തിയിലും ബംഗളൂരുവിലുമൊക്കെ തുടങ്ങി. ആശ്രമത്തിന്റെ ഭാഗമാകുന്ന കുട്ടികള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം നല്‍കി. വിവിധ ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സേവന പ്രവര്‍ത്തനങ്ങള്‍. അനുയായികളെയും പുറമെ നിന്ന്‌ നോക്കുന്ന സാധാരണക്കാരെയും ഭക്തിസാഗരത്തില്‍ ആറാടിക്കാന്‍ ഇതിലും വലിയ മറ്റെന്ത്‌ വേണം? ആന്ധ്രാ പ്രദേശിലെ പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തിലേക്കുള്ള തെരുവുകളില്‍ പതിനായിരങ്ങള്‍ കണ്ണീരൊഴുക്കിയതിന്റെ കാരണവും മറ്റൊന്നല്ല.

ഇത്തരം പ്രവൃത്തികളെല്ലാം ഒരു മറയായി കാണേണ്ടതുണ്ടോ? സായിബാബയും അദ്ദേഹത്തിന്റെ ദിവ്യ പരിവേഷം പ്രയോജനപ്പെടുത്തി സ്വന്തം താത്‌പര്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന ചിലരും നടത്തുന്ന നാടകത്തിന്റെ ഭാഗമാണോ ഇതെല്ലാം? സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന പി എന്‍ ഭഗവതി മുതല്‍ ജസ്റ്റിസായിരുന്ന വി ആര്‍ കൃഷ്‌ണയ്യര്‍ വരെയുള്ളവരും ഡോ. മന്‍മോഹന്‍ സിംഗ്‌ മുതല്‍ നരേന്ദ്ര മോഡി വരെയുള്ളവരും പ്രാര്‍ഥനാപൂര്‍വം കൈകൂപ്പിയ വ്യക്തിത്വം വിട്ടൊഴിഞ്ഞതിന്റെ വേദന അവസാനിക്കും മുമ്പ്‌ ചെളിവാരി എറിയുന്നതിന്റെ ഭാഗമാണ്‌ ഇത്തരം ചോദ്യങ്ങളെന്ന്‌ വിലയിരുത്തപ്പെട്ടേക്കാം. എന്നാലും ഒരു പോസ്റ്റ്‌മോര്‍ട്ടം അനിവാര്യമാകുന്നു. കാരണം ജീവിച്ചിരിക്കെ മൂന്ന്‌ കോടിയിലേറെ ആളുകളെ അന്ധമായ വിശ്വാസത്തിലേക്ക്‌ നയിച്ച വ്യക്തി മരണ ശേഷം ഇതിലധികം ആളുകളെ അതിലേക്ക്‌ നയിക്കാനുള്ള സാധ്യത ഏറെയാണ്‌.

ദിവ്യശക്തിയുണ്ടെന്ന്‌ അവകാശപ്പെട്ടിരുന്ന ബാബ കഥാവശേഷനാകുന്നത്‌ 86-ാം വയസ്സിലാണ്‌. താന്‍ ദേഹമുപേക്ഷിക്കുക 96-ാമത്തെ വയസ്സിലായിരിക്കുമെന്ന്‌ അദ്ദേഹം പ്രവചിച്ചിരുന്നു. പ്രവചനം തെറ്റിപ്പോയി. അവസാന നാളുകളില്‍ സ്വയം കല്‍പ്പിച്ചു നല്‍കിയ ദിവ്യത്വമൊന്നും അദ്ദേഹത്തിന്‌ തുണയായുണ്ടായിരുന്നില്ല. ശ്വസിക്കാനുള്ള യന്ത്രസഹായവും തുടര്‍ച്ചയായ ഡയാലിസിസുമാണ്‌ ദിവസങ്ങളോളം ജീവന്‍ പിടിച്ചുനിര്‍ത്തിയതെന്ന്‌ അദ്ദേഹത്തിന്റെ തന്നെ ആശുപത്രിയിലെ വിദഗ്‌ധര്‍ പറയുന്നു. ദിവ്യത്വം ആരോപിക്കുന്ന അനുയായികള്‍ ഓര്‍ക്കാന്‍ വേണ്ടി മാത്രമാണ്‌ ഇത്‌ എഴുതിയത്‌.

ഇനി ബാബയും അദ്ദേഹം സ്ഥാപിച്ച ശ്രീ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ആലോചിക്കാം. എവിടെ നിന്നാണ്‌ ഇതിനൊക്കെ പണം വരുന്നത്‌? അനുയായികളില്‍ നിന്ന്‌ ലഭിക്കുന്ന സംഭാവനയില്‍ നിന്ന്‌. അതിന്‌ കണക്കുകള്‍ എന്തെങ്കിലുമുണ്ടോ? ഇല്ലെന്ന്‌ തന്നെ കരുതണം. കാരണം ആരോടും കണക്കു കാണിക്കേണ്ട ബാധ്യതയില്ലായിരുന്നു ബാബക്ക്‌. അതിനുള്ള അവസരം നമ്മുടെ ഭരണകര്‍ത്താക്കള്‍ ഉണ്ടാക്കിക്കൊടുത്തിരുന്നു. വിദേശത്തു നിന്ന്‌ ലഭിക്കുന്ന സംഭാവനക്ക്‌ മാത്രം കണക്കുകള്‍ അറിയിക്കണം. വിദേശത്തുള്ളവര്‍ നേരിട്ട്‌ പ്രശാന്തി നിലയത്തിലെത്തി നല്‍കുന്ന പണത്തിനോ പാരിതോഷികങ്ങള്‍ക്കോ കണക്ക്‌ വേണ്ടതില്ല. ട്രസ്റ്റിന്റെ നടത്തിപ്പ്‌ സംബന്ധിച്ച റിപ്പോര്‍ട്ടുകളും സത്യസായിയില്‍ നിന്ന്‌ വാങ്ങേണ്ടതില്ലെന്ന്‌ നമ്മുടെ ഭരണകൂടം തീരുമാനിച്ചു. 


ഇന്ത്യാ മഹാരാജ്യത്ത്‌ ഇത്രത്തോളം സ്വതന്ത്രമായ മറ്റൊരു സംവിധാനം വേറെ ഏതെങ്കിലുമുണ്ടെന്ന്‌ തോന്നുന്നില്ല. അങ്ങനെ ലഭിക്കുന്ന പണത്തിന്റെ ഒരംശമാണ്‌ ദയാദാക്ഷിണ്യമായി എത്തുന്നത്‌. ഈ ദയാദാക്ഷിണ്യമുപയോഗിച്ച്‌ അനുയായിവൃന്ദത്തിന്റെ വലിപ്പം കൂട്ടുന്നു. അനുയായികള്‍ വര്‍ധിക്കുമ്പോള്‍ സംഭാവനയും വര്‍ധിക്കും. സുരക്ഷിതമായ ഒരു സമ്പദ്‌ശൃംഖല. ആരോടും കണക്ക്‌ ബോധിപ്പിക്കേണ്ടതില്ല. ആരും ചോദിക്കാനുമില്ല. സത്യസായിക്ക്‌ സംഭാവനയായി നല്‍കിയ കോടികളുടെ കണക്ക്‌ നിരത്തി കള്ളപ്പണം വെളിപ്പിക്കുന്നവരും കുറവല്ല. സ്വീകരിച്ച പണത്തിന്‌ സത്യസായി ട്രസ്റ്റ്‌ ആരെയും അറിയിക്കേണ്ടതില്ലാത്തതുകൊണ്ട്‌ കള്ളപ്പണം വെളുപ്പിച്ചവരെ പിടിക്കാനും സാധിക്കില്ല. പലര്‍ക്കും പല സൗകര്യങ്ങള്‍. അതുകൊണ്ട്‌ തന്നെ ബാബയുടെ സവിധത്തില്‍ എക്കാലത്തും സമ്പന്നരുടെ നീണ്ട നിരയുണ്ടായിരുന്നു. മരണശേഷവും ഇവരൊക്കെ അങ്ങനെ തന്നെ തുടരും. ജീവിച്ചിരിക്കെ ബാബക്ക്‌ അനുവദിച്ച സൗകര്യങ്ങള്‍ മരണശേഷം ജനാധിപത്യ ഭരണകൂടം പിന്‍വലിക്കില്ലെന്ന്‌ ഉറപ്പ്‌.

ഈ സമ്പത്ത്‌ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നതിന്‌ തെളിവുകള്‍ ധാരാളമുണ്ട്‌. ആശ്രമത്തിന്റെ മേധാവിയായിരുന്ന നാരായണനെ പുറത്താക്കിയത്‌ അദ്ദേഹം പണം വകമാറ്റി സ്വന്തമായി വലിയ ബംഗ്ലാവ്‌ നിര്‍മിച്ചത്‌ പുറത്തായപ്പോഴാണ്‌. ലാര്‍സണ്‍ ആന്‍ഡ്‌ ട്യൂബ്രോക്ക്‌ നിര്‍മാണ കരാറുകള്‍ നല്‍കുന്നതിന്‌ പല കുറി കോഴ വാങ്ങിയത്‌ പുറത്തായതോടെയാണ്‌ എന്‍ജിനീയറായ കേണല്‍ ജോഗ റാവുവിനെ ഒഴിവാക്കുന്നത്‌. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പല കാലങ്ങളിലായി പുറത്താക്കപ്പെട്ടവര്‍ നിരവധിയാണ്‌. കണക്കുകളില്ലാതെ ഒഴുകുന്ന പണം സുലഭമായി ചോര്‍ത്തപ്പെട്ടിരുന്നുവെന്ന്‌ അര്‍ഥം. ഈ തട്ടിപ്പുകളുടെയെല്ലാം ആധാരം ബാബയുടെ ദിവ്യത്വവും അതിലുള്ള അന്ധമായ വിശ്വാസവും മാത്രമാണ്‌. ഈ ചോര്‍ത്തലിനുള്ള മറകളാണ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. എന്ത്‌ ആരോപണമുയര്‍ന്നാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നീണ്ട നിര ചൂണ്ടിക്കാട്ടി മറച്ചുപിടിക്കാന്‍ സാധിക്കുമെന്നത്‌ അനുഭവ പാഠം.

1993 ജൂണ്‍ ആറിന്‌ പ്രശാന്തി നിലയത്തില്‍ ആറ്‌ പേര്‍ വധിക്കപ്പെട്ടു. രണ്ട്‌ പേര്‍ ആശ്രമത്തിലെ ജീവനക്കാരും നാല്‌ പേര്‍ പുറത്തുള്ളവരും. ബാബയെ വധിക്കാനെത്തിയ നാല്‌ പേര്‍ രണ്ട്‌ ജീവനക്കാരെ വധിച്ചുവെന്നാണ്‌ വിശദീകരണം. ആശ്രമത്തിലെ മുറിയില്‍ പൂട്ടിയിട്ട നാല്‌ പേരെ പിന്നീടെത്തിയ പോലീസ്‌ സംഘം വധിച്ചു. കൊലയാളി സംഘത്തിലുള്ളവരെന്ന്‌ കരുതുന്ന രണ്ട്‌ പേരെ പിന്നീട്‌ പോലീസ്‌ പിടികൂടി. സംഭവത്തെക്കുറിച്ച്‌ നടന്ന അന്വേഷണങ്ങളെല്ലാം പാതിവഴിയില്‍ അവസാനിച്ചു. അക്രമം നടക്കുമ്പോള്‍ ബാബയുടെ മുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുണ്ടായിരുന്നുവെന്ന ആരോപണവും അന്ന്‌ ഉയര്‍ന്നിരുന്നു. അന്വേഷണം നടന്നാല്‍ പലതും പുറത്തുവരുമെന്നതിനാല്‍ എല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്ന ആക്ഷേപം ഇപ്പോഴും ശക്തമാണ്‌. പ്രധാനമന്ത്രി മുതല്‍ താഴേക്ക്‌ ഭരണ സംവിധാനത്തിന്റെ മുക്കിലും മൂലയിലും സ്വാധീനമുള്ള ബാബക്ക്‌ എന്തും ഒതുക്കിത്തീര്‍ക്കാന്‍ പ്രയാസമുണ്ടാകില്ല തന്നെ. 


ബാബയുടെ സഹോദരനും കോണ്‍ഗ്രസ്‌ നേതാവുമായ അന്തരിച്ച ജാനകിരാമന്‌ ഈ സംഭവത്തിലുള്ള പങ്ക്‌ സംബന്ധിച്ചും അന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആശ്രമത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്‌ നടക്കുന്നുവെന്ന്‌ മുന്‍കാലങ്ങളില്‍ ആരോപണമുന്നയിച്ചിരുന്നയാളാണ്‌ ഇദ്ദേഹം. 1993ലെ `കൊലപാതകശ്രമ' ത്തിന്‌ ശേഷം ജനകീരാമന്‍ സത്യസായി ട്രസ്റ്റ്‌ അംഗമായി. 2004ല്‍ മരിക്കുമ്പോഴേക്കും ബഹുകോടി ആസ്‌തിയുള്ളയാളായി മാറുകയും ചെയ്‌തു.

ദുരൂഹമായ നിരവധി മരണങ്ങള്‍ പ്രശാന്തി നിലയത്തിലും പരിസരത്തും നടന്നിട്ടുണ്ട്‌. മരിച്ചവരില്‍ കോടീശ്വരന്‍മാരായ വ്യവസായികള്‍ വരെയുണ്ട്‌. ചിലര്‍ കുടുംബത്തോടെ ആത്മാഹുതി ചെയ്‌ത സംഭവങ്ങളുമുണ്ട്‌. കോടിക്കണക്കായ സ്വത്തുക്കള്‍ സത്യ സായിക്ക്‌ എഴുതിവെച്ച്‌ ആത്മഹത്യ ചെയ്‌തതാണ്‌ ചില കേസുകളെങ്കിലും. ഇത്തരം ദുരൂഹ മരണങ്ങളുടെ പിറകെ അന്നും ഇന്നും ആരും അന്വേഷണവുമായി പോകാറില്ല. സത്യസായി ബാബയുടെ ലൈംഗിക വൈകൃതങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ധാരാളമാണ്‌. പ്രായപൂര്‍ത്തിയെത്താത്ത നിരവധി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക വൃത്തിക്ക്‌ വിധേയരാക്കിയെന്നതാണ്‌ ആരോപണങ്ങളില്‍ പ്രധാനം. ലൈംഗിക പീഡനത്തിന്‌ ഇരയായത്‌ പരസ്യമായി പറയാനും ചിലര്‍ തയ്യാറായി. ഇത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പു തന്നെ ഉണ്ടാകുകയും ബി ബി സി പോലുള്ള മാധ്യമങ്ങളിലൂടെ അത്‌ പുറത്തു വരികയും ചെയ്‌തു. എന്നിട്ടും നമ്മുടെ ഭരണകൂടം ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ തയ്യാറായില്ല. 


ലോകത്ത്‌ ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളില്‍ എക്കാലത്തും ഏറ്റവും സജീവമായി നില്‍ക്കുന്നത്‌ ക്രിസ്‌തീയ സഭകളാണ്‌. അതിന്‌ അവര്‍ക്ക്‌ അവരുടേതായ ആവശ്യങ്ങളുമുണ്ട്‌. ഈ സഭകളിലെ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അതേക്കുറിച്ച്‌ അന്വേഷിക്കാനും കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ചിലര്‍ക്കെങ്കിലുമെതിരെ നടപടിയെടുക്കാനും സഭാ നേതൃത്വം തന്നെ തയ്യാറായി. ഇത്തരം കേസുകളില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായ രാജ്യങ്ങളുമുണ്ട്‌. മാതൃകകളായി ഇതൊക്കെ മുന്നില്‍ നില്‍ക്കുമ്പോഴാണ്‌ ഇവിടെ നിരവധി ആരോപണങ്ങള്‍ നേരിട്ട ഒരു വ്യക്തി ദേഹം ഉപേക്ഷിച്ച്‌ പോകുന്നത്‌.

ലൈംഗിക അതിക്രമം, കൊല, കണക്കില്ലാതൊഴുകുന്ന കോടികള്‍ ഇവക്കെല്ലാം തണലും തുണയുമായി നില്‍ക്കുന്ന ഭരണ സംവിധാനങ്ങള്‍. ഒരു സാധാരണ തട്ടുതകര്‍പ്പന്‍ ചലച്ചിത്രത്തിലെ ചേരുവകളെല്ലാമുണ്ട്‌ ഈ ദിവ്യ പരിവേഷത്തിനും അതിന്റെ നിലനില്‍പ്പിനും പിറകില്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതിനെല്ലാം മുകളില്‍ ഉയര്‍ത്തപ്പെട്ടവയാണ്‌. ഇതുമാത്രമല്ല, വര്‍ഷങ്ങള്‍ നീണ്ട ഈ അന്ധവിശ്വാസം സൃഷ്‌ടിച്ച വിന. അന്തരീക്ഷത്തില്‍ നിന്ന്‌ വിഭൂതിയും രത്‌നമോതിരവുമൊക്കെ എടുത്ത്‌ കാണികളെ അമ്പരപ്പിച്ചും മറ്റും സായിബാബ സൃഷ്‌ടിച്ച അന്ധവിശ്വാസ തരംഗത്തിന്റെ ഊര്‍ജത്തില്‍ നിന്നാണ്‌ സന്തോഷ്‌ മാധവന്‍, ഹിമവല്‍ ഭദ്രാനന്ദ, മുരളീകൃഷ്‌ണ എന്ന്‌ തുടങ്ങി സ്വാമി നിത്യാനന്ദ വരെ നീളുന്ന ശൃംഖലയുടെ സൃഷ്‌ടി. ലൈംഗിക അതിക്രമം, സാമ്പത്തിക തട്ടിപ്പ്‌ തുടങ്ങിയ ചേരുവകള്‍ ഈ പേരുകാരിലെല്ലാം കാണാം. ഈ തഴച്ചുവളരലിന്‌ എല്ലാ സഹായവും ചെയ്‌തത്‌ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്ക്‌ നേതൃത്വം നല്‍കിയവരാണ്‌. പുതിയ കാലത്തിലേക്ക്‌ രാജ്യത്തെ നയിക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍ പുട്ടപര്‍ത്തിയില്‍ ചെന്ന്‌ വണങ്ങി നില്‍ക്കുമ്പോള്‍ അന്ധവിശ്വാസത്തിന്‌ കൂടുതല്‍ വളമാകുകയും ചെയ്യുന്നു. 


ഒന്നര ലക്ഷം കോടിയെന്ന്‌ മതിപ്പു മൂല്യം കണക്കാക്കുന്ന സ്വത്ത്‌ കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച്‌ തര്‍ക്കമുയരുന്നുവെന്നാണ്‌ പുട്ടപര്‍ത്തിയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. ശുഭോദര്‍ക്കമാണിത്‌. വിവരങ്ങള്‍ പുറത്തുവരാനും യഥാര്‍ഥ പോസ്റ്റ്‌മോര്‍ട്ടം നടക്കാനും ഈ തര്‍ക്കം സഹായിച്ചേക്കും

4 comments:

  1. ആരുടെയെങ്കിലും കണ്ണുതുറപ്പിക്കാൻ ഇതുപോലെയുള്ള എഴുത്തുകൾക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.
    അഭിവാദ്യങ്ങളോടെ

    ReplyDelete
  2. ബാബയും പോപ്പും പിന്നെ വിമര്‍ശകരും
    സായിബാബ പലതരത്തിലുള്ള രോഗികളെ സുഖപ്പെടുത്തിയെന്ന് അവകാശപ്പെട്ടിരുന്നു എന്നാല്‍ സ്വയം രോഗിയായപ്പോള്‍ എന്ത് കൊണ്ട് സ്വയം രക്ഷപ്പെടുത്തിയില്ല എന്ന നഗ്ന സത്യം ചൂണ്ടി കാട്ടി സോഷ്യല്‍ മീഡിയകളില്‍ ആളുകളുടെ പ്രവാഹമായിരുന്നു. ബാബയുടെ “മാജിക്കുകള്‍” തുറന്ന് കാട്ടുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന ഹിറ്റ് കുത്തനെ ഉയര്‍ന്നു. ഇന്ത്യയിലെ പ്രമുഖ റാഷണലിസ്റ്റ് നേതാക്കള്‍ ടി.വി. ഷോകളില്‍ നിറഞ്ഞാടി. കള്ളത്തരത്തിലൂടെ വിശ്വാസികളെ പറ്റിക്കുന്നു എന്ന് പറഞ്ഞായിരുന്നു നിലവിളി. മരിച്ച് കഴിഞ്ഞും ഇവര്‍ രംഗത്ത് തന്നെ നിറഞ്ഞ് നിന്നു.

    വത്തിക്കാന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. മരിച്ച് പോയ പഴയ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഒരു കന്യാസ്ത്രീയുടെ പാര്‍ക്കിണ്‍സണ്‍ രോഗം ഒറ്റ രാത്രി കൊണ്ട് മാറ്റി കൊടുത്തത് ശരിയാണെന്ന് തെളിഞ്ഞെന്നും ശാസ്ത്ര ലോകത്തിന് ഇതിനെ വിശദീകരിക്കുവാന്‍ കഴിയില്ല എന്നും അതിനാല്‍ മെയ് 1ന് ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധിയിലേയ്ക്ക് ഉയര്‍ത്തുന്നു എന്നും.

    പാര്‍ക്കിണ്‍സണ്‍ രോഗം വന്ന് മരിച്ച പോള്‍ രണ്ടാമന്‍ എന്ത് കൊണ്ട് സ്വയം രോഗ വിമുക്തനാകാന്‍ കഴിഞ്ഞില്ല എന്ന ചോദ്യവുമായി ഏതെങ്കിലും ഒരു റാഷണിലിസ്റ്റ് എങ്കിലും രംഗത്ത് വരുമെന്ന് വിചാരിച്ച് സോഷ്യല്‍ മീഡിയകള്‍ അരിച്ചു പെറുക്കി. ബാബയ്ക്കെതിരെ നിറഞ്ഞാടിയവര്‍ ഈ “അത്ഭുത”ത്തിനെതിരെ രംഗത്തെത്തി കണ്ടില്ല!

    “സേയിന്റ് ഫാക്റ്ററി” എന്ന് കൂടി അറിയപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ The Survivors Network of those Abused by Priests (SNAP) എന്ന കൂട്ടായ്മ പീഡനത്തിരയായ കുട്ടികളെ സംരക്ഷിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ഒന്നും ചെയ്തില്ല എന്ന് ഓര്‍മ്മിപ്പിച്ച് രംഗത്ത് വന്നത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തില്ല എന്നതും രസകരം തന്നെ! SNAP says that Vatican officials are “deepening the suffering of so many, by elevating a man who did almost nothing to stop bishops from ignoring and concealing heinous crimes.” (വിശദമായി ഇവിടെ)

    വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ കാത്തലിക്ക് പള്ളികള്‍ക്ക് പുറത്ത് പീഡനത്തിനരയായവര്‍ “കുട്ടികള്‍ക്കെതിരെ പീഡനം നടന്നു എന്ന് കണ്ടാല്‍ അപ്പോള്‍ തന്നെ അധികാരികളെ അറിയിക്കും” എന്ന് ഓര്‍മ്മപ്പെടുത്തുന്ന ലഘു രേഖകള്‍ വിതരണം ചെയ്യുമെന്ന് സ്നാപ്പ് പത്രകുറിപ്പിറക്കിയിരുന്നു.

    ചുരുക്കത്തില്‍ ബാബ വിശ്വാസികളെ പറ്റിച്ച് ജീവിച്ചു എന്ന് തുറന്ന് കാട്ടുവാന്‍ സോഷ്യല്‍ മീഡിയകളില്‍ ആവേശത്താല്‍ ഇടിയായിരുന്നു എന്നാല്‍ വത്തിക്കാന്‍ അധികാരികള്‍ അതേ അടവ് പ്രയോഗിക്കുമ്പോള്‍ ആ ആവേശക്കാരെ മഷിയിട്ട് നോക്കിയിട്ട് കാണാനില്ല! ബാബ വിരുദ്ധ ചര്‍ച്ചകള്‍ നടത്തി ഇവരെല്ലാം ക്ഷീണിച്ച് ഉറക്കമാണെന്ന് തോന്നുന്നു.....

    ReplyDelete
  3. രാജാവിനു തുണിയില്ലെന്ന് വിളിച്ചുപറയാൻ പതിനായിരങ്ങള്‍ പിറക്കേണ്ടതുണ്ട്. തുടരുക..

    ReplyDelete