2011-05-05

താഴ്‌ന്ന്‌ പറക്കുന്ന കഴുകന്‍മാര്‍

പ്രതിരോധ സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ അമേരിക്കയോളമെത്തില്ല പാക്കിസ്ഥാന്‍. എങ്കിലും ഇക്കാലത്ത്‌ ഏത്‌ രാജ്യവുമൊരുക്കുന്ന സാങ്കേതിക സംവിധാനങ്ങളെല്ലാം പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവില്‍ തയ്യാറാക്കിയിരുന്നു ആ രാജ്യം. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന വിമാനങ്ങളെ കണ്ടെത്താന്‍ റഡാറുകള്‍ ഒരുക്കിയിട്ടുണ്ട്‌ പാക്കിസ്ഥാന്‍. ഇവയുള്‍പ്പെടെ നിരീക്ഷണ സംവിധാനങ്ങളെ മുഴുവന്‍ കുറേ നേരത്തേക്ക്‌ നിര്‍ജീവമാക്കിയാണ്‌ അമേരിക്കയുടെ നാല്‌ ഹെലിക്കോപ്‌റ്ററുകള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന്‌ അബത്താബാദിലേക്ക്‌ പറന്നത്‌. തങ്ങള്‍ നിര്‍ജീവമാക്കിയവക്ക്‌ പുറത്ത്‌ നിരീക്ഷണ സംവിധാനങ്ങളുണ്ടോ എന്ന സംശയം അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌ എത്രത്തോളം താഴ്‌ന്ന്‌ പറക്കാമോ അത്രത്തോളം താഴ്‌ന്ന്‌ കോപ്‌റ്ററുകള്‍ പറന്നു. അബത്താബാദില്‍ ഉസാമ ബിന്‍ ലാദന്‍ ഒളിച്ചിരിക്കുന്നുവെന്ന്‌ അവര്‍ കരുതിയിരുന്ന കെട്ടിടത്തിലെ കമാന്‍ഡോ നടപടിക്ക്‌ ശേഷം ഉസാമ ബിന്‍ ലാദന്റെ മൃതദേഹവുമായി അമേരിക്കന്‍ കോപ്‌റ്ററുകള്‍ തിരികെപ്പറന്നു. നടപടിക്കിടെ നിയന്ത്രണം നഷ്‌ടപ്പെട്ട ഒരു കോപ്‌റ്റര്‍ ഉപേക്ഷിച്ചുവെന്ന്‌ മാത്രം.
പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ അറിവോ സമ്മതമോ കൂടാതെ ആ രാജ്യത്തിനുള്ളില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തുന്നത്‌ ഇത്‌ ആദ്യമല്ല. ആളില്ലാതെ പറക്കുന്ന വിമാനങ്ങളില്‍ നിന്ന്‌ വിദൂര നിയന്ത്രിത മിസൈലുകള്‍ പാക്കിസ്ഥാന്റെ മണ്ണിലേക്ക്‌ അമേരിക്കന്‍ സൈന്യം തൊടുത്തത്‌ പല തവണയാണ്‌. ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ `തീവ്രവാദികളാ'ണെന്ന്‌ യു എസ്‌ ആവര്‍ത്തിക്കുകയും ചെയ്‌തു. കുട്ടികളും സ്‌ത്രീകളുമടക്കം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന്‌ ആക്രമണം നടന്ന സ്ഥലത്തുള്ളവര്‍ പറഞ്ഞാലും ആരും അത്‌ മുഖവിലക്കെടുത്തിരുന്നില്ല. ഇത്തരം ആക്രമണങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ഇപ്പോഴത്തെ സംഭവം. അമേരിക്കയുടെ സൈനികര്‍ നേരിട്ട്‌ പറന്നെത്തി ഒരു ഓപ്പറേഷന്‍ നടത്തി മടങ്ങുന്നു. ആരുമറിയാതെ. ആളില്ലാത്ത വിമാനങ്ങളുപയോഗിച്ച്‌ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ പുറമെ നേരിട്ടുള്ള സൈനിക നടപടിക്ക്‌ യു എസ്‌ തയ്യാറായിരിക്കുന്നുവെന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഒരു രാജ്യത്തിന്റെയും പരമാധികാരം തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കുന്നതിന്‌ തടസ്സമല്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ അതിലൂടെ. കൊന്നത്‌ ഉസാമ ബിന്‍ ലാദനെയാണല്ലോ എന്നതുകൊണ്ട്‌ കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇത്‌ കാണാതെ പോകുകയാണ്‌. നാളെ മറ്റൊരു രാജ്യത്ത്‌ ഇതേ രീതി അമേരിക്ക പിന്തുടര്‍ന്നാല്‍ ചോദ്യം ചെയ്യാനാകുമോ ആര്‍ക്കെങ്കിലും?

ഉസമായെ ഇല്ലാതാക്കാന്‍ നടത്തിയ ഓപ്പറേഷനിലുണ്ടായിരുന്ന രഹസ്യ സ്വഭാവം എല്ലാ കാര്യങ്ങളിലും തുടരുന്നുണ്ട്‌ എന്നതാണ്‌ വസ്‌തുത. അധികാര കേന്ദ്രമോ അതിന്റെ ഭാഗമായി നില്‍ക്കുന്നവരോ ആരോപണവിധേയരാകുന്ന കേസുകളിലെല്ലാം ഈ അതാര്യത കാണാനാകും. അതാര്യതയെ ഭേദിച്ച്‌ പുറത്തുവരുന്ന വിവരങ്ങള്‍ക്ക്‌ ഒരിക്കലും ആധികാരികതയുണ്ടാകില്ലെന്നത്‌ അധികാര കേന്ദ്രങ്ങള്‍ക്ക്‌ ഗുണകരമാകുകയും ചെയ്യും. രഹസ്യം സൂക്ഷിക്കാന്‍ ഉന്‍മൂലനങ്ങള്‍ തുടരുന്നതിനും ഉദാഹരണങ്ങള്‍ നിരവധിയാണ്‌. നമുക്ക്‌ മുന്നില്‍ തര്‍ക്ക വിഷയങ്ങളായി നിലനില്‍ക്കുന്ന പല കേസുകളിലും ഇത്‌ കാണാം. 


ഗുജറാത്ത്‌ വംശഹത്യക്ക്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഒത്താശയുണ്ടായിരുന്നുവെന്ന ആരോപണം ഉയരാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപിടിച്ച്‌ 58 പേര്‍ മരിച്ച സംഭവത്തിന്‌ ശേഷം വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോഡി എന്താണ്‌ പറഞ്ഞത്‌ എന്ന്‌ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രഹസ്യങ്ങളുടെ മറ ഭേദിച്ച്‌ പുറത്തുവന്ന വിവരത്തിന്‌ ആധികാരികതയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മോഡി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ തയ്യാറാകുമ്പോള്‍ പോലും അതിന്‌ ആധികാരികത ലഭിക്കുന്നില്ല. രാഷ്‌ട്രീയത്തിലെ എതിര്‍ ചേരിയിലുള്ളവര്‍ കേന്ദ്ര ഭരണം കൈയാളുമ്പോള്‍ പോലും ഈ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നീതിപൂര്‍വകമായി അന്വേഷിക്കപ്പെടുന്നില്ല. അതാണ്‌ അധികാരകേന്ദ്രങ്ങളുടെ ശക്തി.

ഇപ്പറഞ്ഞതില്‍ നിന്ന്‌ ആയിരം മടങ്ങെങ്കിലും വലിയ അധികാര കേന്ദ്രമാണ്‌ യു എസ്‌. ഏത്‌ രാജ്യത്തിന്റെ അതിര്‍ത്തി ഭേദിച്ചും ആക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക്‌ അധികാരമുണ്ടെന്ന്‌ വിശ്വസിക്കുന്നവരാണ്‌ അതിന്റെ നേതൃത്വത്തില്‍. സൃഷ്‌ടി, സ്ഥിതി, സംഹാരങ്ങളുടെ പൂര്‍ണാധികാരം നിലനിര്‍ത്തുന്നുവെന്ന്‌ ധരിക്കുന്നവര്‍. ഉസാമ ബിന്‍ ലാദന്റെ സൃഷ്‌ടി അമേരിക്കയുടെതായിരുന്നു. അല്‍ഖാഇദ, താലിബാന്‍ എന്നിവയുടെ സൃഷ്‌ടിയിലും അവര്‍ക്കുള്ള പങ്ക്‌ ചെറുതല്ല. ഇവയുടെയെല്ലാം നിലനില്‍പ്പ്‌ ഉറപ്പാക്കാന്‍ പണമൊഴുക്കിയതും ആയുധങ്ങള്‍ വിതരണം ചെയ്‌തതും മറ്റാരുമല്ല. ഇപ്പോള്‍ സംഹാരത്തിന്‌ വേണ്ടി കോടികള്‍ ഒഴുക്കുന്നു. എല്ലാ അന്താരാഷ്‌ട്ര മര്യാദകളും ലംഘിച്ച്‌ കൊലകള്‍ നടത്തുന്നു. അണിയറയില്‍ നടക്കുന്നത്‌ എന്താണെന്ന്‌ ആരും അറിയുകയുമില്ല.

അഫ്‌ഗാനിസ്ഥാന്‍ ആക്രമണവും ഉസാമ ബിന്‍ ലാദന്‍ വേട്ടയും തുടങ്ങിയതിന്‌ കാരണമായി പറയുന്നത്‌ 2001ല്‍ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക്‌ നേര്‍ക്കുണ്ടായ ആക്രമണമാണ്‌. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖാഇദ ഏറ്റെടുക്കുന്നുവെന്ന്‌ ഉസാമ പറയുന്ന ടേപ്പ്‌ പുറത്തുവന്നത്‌ 2004ല്‍ മാത്രം. അപ്പോഴേക്കും അധിനിവേശം ആരംഭിച്ചിട്ട്‌ വര്‍ഷം മൂന്ന്‌ കഴിഞ്ഞിരുന്നു. ലോക വ്യാപാര കേന്ദ്രത്തിന്റെ ബഹുനിലക്കെട്ടിടങ്ങള്‍ക്കും പെന്റഗണിനും നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പത്താം വാര്‍ഷികം എത്തുകയാണ്‌. അപ്പോള്‍ പോലും ആക്രമണം എങ്ങനെയുണ്ടായെന്നത്‌ സംബന്ധിച്ച സംശയങ്ങള്‍ നീങ്ങിയിട്ടില്ല. അമേരിക്ക തന്നെ ആസൂത്രണം ചെയ്‌തു നടപ്പാക്കിയ ആക്രമണമായിരുന്നു ഇതെന്ന്‌ സമര്‍ഥിക്കുന്ന സിദ്ധാന്തങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ല. 


ഈ സിദ്ധാന്തങ്ങളില്‍ പലതും അമേരിക്കക്കാര്‍ തന്നെ മുന്നോട്ടുവെക്കുന്നതാണ്‌. പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിരോധ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ്‌ അമേരിക്ക. ബഹിരാകാശത്ത്‌ മിഴി പൂട്ടാതെ നിരീക്ഷണം നടത്തുന്ന ഉപഗ്രഹക്കണ്ണുകള്‍ നിരവധിയുണ്ട്‌. ഇവയുടെ എല്ലാം കണ്ണുവെട്ടിച്ച്‌ വിമാനങ്ങള്‍ ഇടിച്ചിറക്കാന്‍ സാധിച്ചതില്‍ അസ്വാഭാവികത അമേരിക്കക്കാര്‍ക്ക്‌ തോന്നിയാല്‍ അത്ഭുതമില്ല. ആക്രമണം തങ്ങളുടെ ഭരണകൂടം തന്നെയാണ്‌ ആസുത്രണം ചെയ്‌തത്‌ എന്ന്‌ വാദിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന്‌, രാജ്യത്തിന്റെ മേധാവിത്വം ചോദ്യം ചെയ്യപ്പെടും വിധത്തില്‍ പുറമെ നിന്നുള്ള ഒരു സംഘം ആക്രമണം നടത്തിയെന്ന്‌ വിശ്വസിക്കാന്‍ അവര്‍ക്ക്‌ സാധിക്കുന്നില്ല എന്നത്‌ കൂടിയാണ്‌.

ഇത്തരം സിദ്ധാന്തങ്ങളില്‍ വസ്‌തുതയുണ്ടോ ഇല്ലയോ എന്നത്‌ സംബന്ധിച്ച അന്വേഷണങ്ങള്‍ പ്രസക്തമാണെന്ന്‌ കരുതുന്നവരുടെ എണ്ണം അന്നും ഇന്നും കുറവാണ്‌. കാരണം അത്രത്തോളം പ്രചണ്ഡമായിരുന്നു പ്രസിഡന്റായിരുന്ന ജോര്‍ജ്‌ ബുഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അല്‍ഖാഇദവിരുദ്ധ പ്രചാരണം. ഇപ്പോള്‍ ഉസാമയെ ഇല്ലാതാക്കുമ്പോള്‍ അല്‍ഖാഇദവിരുദ്ധ വികാരത്തെ ചെറിയ അളവിലെങ്കിലും പുനരവതരിപ്പിക്കുന്നുണ്ട്‌ ഒബാമ. അതിന്റെ തെളിവാണ്‌ വൈറ്റ്‌ ഹൗസിനു മുന്നിലും മറ്റും അരങ്ങേറിയ ആഹ്ലാദ പ്രകടനങ്ങള്‍. പ്രചാരണ പ്രഘോഷത്തിനും ആഹ്‌ളാദാരവങ്ങള്‍ക്കുമടിയില്‍ രഹസ്യങ്ങള്‍ ഭദ്രമായി ഇരിക്കുമെന്ന ഉറപ്പ്‌ അമേരിക്കക്കുണ്ട്‌. മറകള്‍ ഭേദിച്ച്‌ പുറത്തുവരുന്ന വിവരങ്ങള്‍ സൃഷ്‌ടിക്കുന്ന എതിര്‍വികാരങ്ങളുടെ ചെറു വേലിയേറ്റങ്ങളെ മറികടക്കാന്‍ കഴിയുമെന്ന ഉറപ്പുമുണ്ട്‌.
ഉസാമയെ വധിച്ചത്‌ പോലും പലതും രഹസ്യമാക്കിവെക്കുക എന്ന ലക്ഷ്യത്തോടെയാണോ എന്ന്‌ സംശയിക്കേണ്ടതുണ്ട്‌. 



ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശ സേന നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ വിക്കിലീക്‌സ്‌ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ ഫയലുകള്‍ ഇതിനകം പുറത്തുവന്നു. പുറമെ പറയുന്നത്‌ പോലെയല്ല കാര്യങ്ങളെന്ന തോന്നല്‍ ഇത്‌ സൃഷ്‌ടിക്കുകയും ചെയ്‌തു. നയതന്ത്ര കേബിളുകള്‍ വിക്കിലീക്‌സ്‌ പുറത്തുവിട്ടപ്പോള്‍ പല രാഷ്‌ട്രങ്ങളുടെയും ഉള്ള്‌ ചുവന്നിട്ടുണ്ടാകണം. അവരത്‌ പരസ്യമായി പ്രകടിപ്പിച്ചില്ല എന്ന്‌ മാത്രം. ഈ പ്രതികൂല സാഹചര്യത്തെ തരണം ചെയ്‌ത്‌ സ്വന്തം മേല്‍ക്കോയ്‌മ നിലനിര്‍ത്തണമെങ്കില്‍ ഒരു മെഗാ ഇവന്റ്‌ സൃഷ്‌ടിക്കപ്പെടേണ്ടതുണ്ടായിരുന്നു. അതാണ്‌ ഉസാമയുടെ കൊലപാതകത്തിലൂടെ ഉണ്ടായത്‌ എന്ന്‌ കരുതണം.

അതിലപ്പുറത്ത്‌ ഉസാമയെ വധിച്ചതുകൊണ്ട്‌ എന്തെങ്കിലും നേട്ടം അമേരിക്കക്കോ ലോകത്തിനോ ഉണ്ടാകുന്നുണ്ടോ? ജീവനോടെ പിടികൂടി വിചാരണക്ക്‌ നിര്‍ത്തിയിരുന്നുവെങ്കില്‍ ഉസാമയുടെ നാവില്‍ നിന്ന്‌ പുറത്തുവരുമായിരുന്ന വിവരങ്ങള്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ പൊള്ളിക്കുക അമേരിക്കയെ തന്നെയായിരിക്കും. അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരുടെ ആതിഥ്യം സ്വീകരിച്ചത്‌ മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. ഇത്തരം രഹസ്യങ്ങള്‍ ഉസാമക്കൊപ്പം ഭദ്രമായി മറവുചെയ്യപ്പെട്ടു. 2001ലെ ആക്രമണത്തിന്‌ പിറകിലെ രഹസ്യങ്ങളുടെ മറ കാക്കാന്‍ അയ്‌മന്‍ അല്‍ സവാഹിരി മുതല്‍ താഴേക്ക്‌ അല്‍ഖാഇദയുടെ നേതാക്കള്‍ ജീവനോടെയുണ്ട്‌. അവരെ മുഖ്യ പ്രതിയോഗികളായി നിര്‍ത്തി ആക്രമണം തുടര്‍ന്നാല്‍ മാത്രം മതി. ഉസാമയുടെ ഒളിവ്‌ ജീവിതത്തില്‍ പാക്കിസ്ഥാനുള്ള പങ്ക്‌ ചൂണ്ടിക്കാട്ടി ആ രാജ്യത്ത്‌ കൂടുതല്‍ സജീവമായ സൈനിക നടപടി ആരംഭിക്കാന്‍ പഴുത്‌ ലഭിക്കുകയും ചെയ്യുന്നു.

ഉസാമയെ ലക്ഷ്യമിട്ട്‌ പറന്നത്‌ പോലെ ഏറെ താഴ്‌ന്ന്‌ അമേരിക്കന്‍ കോപ്‌റ്ററുകള്‍ ഏത്‌ രാജ്യത്തിലും ഇനിയും പറക്കാം. അവിടെ നിന്നൊക്കെ പ്രതിയോഗികളുടെ പട്ടികയില്‍ പറയുന്ന പേരുകാരില്‍ ഒരാളുടെ മൃതദേഹം ആരുമറിയാതെ കടലിലേക്ക്‌ നീക്കം ചെയ്യപ്പെട്ടേക്കാം. എല്ലാം രഹസ്യമായിരിക്കുമെന്ന്‌ മാത്രം. പുറത്തറിയുക യു എസ്‌ പ്രസിഡന്റോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ പറയുന്ന കാര്യങ്ങള്‍ മാത്രമായിരിക്കും. ഇറാഖിന്റെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ പിടികൂടി വിചാരണയെന്ന പ്രഹസനം നടത്താനെങ്കിലും മുന്‍ കാലത്ത്‌ തയ്യാറായിരുന്നു. അതിന്റെ പോലും ആവശ്യം ഇനിയില്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ ഒബാമ. 


ലിബിയയുടെ നേതാവ്‌ മുഅമ്മര്‍ ഗദ്ദാഫിയെ ലക്ഷ്യമിട്ട തീയുണ്ടകള്‍ അദ്ദേഹത്തിന്റെ മകന്റെയും പേരക്കുട്ടികളുടെയും ജീവനെടുത്തു. അന്താരാഷ്‌ട്ര വേദികളില്‍ യാതൊരു പ്രതിഷേധവുമുയര്‍ന്നില്ല. ഇത്‌ നീതിരഹിതമായ കൂട്ടക്കൊലയാണെന്ന്‌ ആരും പറഞ്ഞില്ല. കേണുവണങ്ങി നില്‍ക്കുകയാണ്‌ ലോക രാജ്യങ്ങള്‍. അതുകൊണ്ടാണ്‌ ഉസാമയെപ്പോലെ ചിലര്‍ എതിര്‍ക്കുമ്പോള്‍, അതിന്റെ രീതികളെക്കുറിച്ച്‌ ഭിന്നാഭിപ്രമായമുണ്ടാകുമ്പോള്‍ പോലും പിന്തുണച്ച്‌ പോകുന്നത്‌. അത്തരം എതിര്‍പ്പുകള്‍ വീണ്ടുമുയരും. അത്‌ കണക്കാക്കി പുതിയ തന്ത്രങ്ങള്‍ രഹസ്യമായി ആവിഷ്‌കരിക്കപ്പെടും. സദ്ദാം ഹുസൈനെ പുറത്താക്കിയ ശേഷം ഇറാഖില്‍ സംഘടിപ്പിക്കപ്പെട്ട വംശീയ ആക്രമണങ്ങളെപ്പോലെ. 

2 comments:

  1. നാം വെറും കണ്ണുതുറക്കാത്ത കാഴ്ചക്കാര്‍


    ഭാവുകങ്ങള്‍

    ReplyDelete
  2. ഉസാ‍മ സത്യത്തിൽ മരിച്ചോ ? ഇല്ലന്നു പറയുന്നതാവും ചിലപ്പോൾ ശരി .ഉസാമയെ കൊന്ന് അതും യു.എസ് ഭടന്മാർ വെടിവെച്ചുകൊന്നു സ്ഥിതികരിച്ച എന്തു വിവരമാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് ഒന്നും ഇല്ല അമേരിക്കൻ പ്രസിഡണ്ടിന്റെ വാർത്ത സമ്മേളനം മാത്രം .ഇതു അടുത്ത് വരുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു നാടകമാണ്.കൊന്നിട്ടുണ്ടങ്കിൽ ഉസാമയുടെ ബോഡിയെങ്കിലും പൊതുജനത്തിനു കാണിക്കുമായിരുന്നു.

    ReplyDelete