2011-05-26

അഞ്ച് + രണ്ട് = ?




ബരാക് ഹുസൈന്‍ ഒബാമ യു എസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഔദ്യോഗികമായി സ്വീകരിക്കപ്പെട്ട ആദ്യത്തെ രാഷ്ട്ര നേതാവ്, സാമ്പത്തിക പ്രതിസന്ധിക്ക് മുന്നില്‍ ലോക നേതാക്കള്‍ പകച്ചു നില്‍ക്കുമ്പോള്‍ ചാഞ്ചല്യം കൂടാതെ ഇന്ത്യയെ നയിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍, മുംബൈ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കൈയടക്കം കാട്ടിയ നയതന്ത്ര വിദഗ്ധന്‍, ബ്രസീല്‍ - റഷ്യ - ഇന്ത്യ - ചൈന - ദക്ഷിണാഫ്രിക്ക  (ബ്രിക്‌സ്) മുതല്‍ ആഫ്രിക്കന്‍ യൂനിയന്‍ വരെയും  ചേരിചേരാ മുതല്‍ ജി - 20 വരെയുമുള്ള ഉച്ചകോടികളില്‍ പ്രകാശം പരത്തുന്ന സാന്നിധ്യം എന്നിങ്ങനെ ഡോ. മന്‍മോഹന്‍ സിംഗിന്റെ വ്യക്തിത്വം ആഗോളതലത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ലോക നേതാക്കളൊക്കെ ബഹൂമാനത്തോടെയും ഒട്ടൊരു അസൂയയോടും കാണുന്നു ഈ മൃദുഭാഷിയെ. അദ്ദേഹം നേതൃത്വം നല്‍കുന്ന രണ്ടാം യു പി എ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സ്വന്തം നാട്ടില്‍ നിലനില്‍ക്കുന്ന പ്രതിച്ഛായ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൊടിയ അഴിമതികളുടെ ഉടയോന്‍മാരുടെ നേതാവ് എന്നതാണ്. 


അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആവര്‍ത്തിച്ചാണ് രണ്ടാം വാര്‍ഷികം മന്‍മോഹന്‍ സിംഗ് ആഘോഷിച്ചത്. സി പി ഐ (മാവോയിസ്റ്റ്) സ്വാധീനം സ്ഥാപിച്ച പ്രദേശങ്ങളിലെ വികസനരാഹിത്യത്തെ അഭിമുഖീകരിക്കുമെന്നതുപോലുള്ള വാഗ്ദാനങ്ങളും ആവര്‍ത്തിക്കപ്പെട്ടു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലധികമായി നിലനിര്‍ത്താന്‍ സാധിച്ചതിലും ഏഴ് വര്‍ഷം രാഷ്ട്രീയ സ്ഥിരത നല്‍കാന്‍ സാധിച്ചതിലും അദ്ദേഹം മിതമായെങ്കിലും അഭിമാനം കൊള്ളുകയും ചെയ്തു. ഏറ്റവും പ്രധാനം അഴിമതി തന്നെ. മുന്‍കാലങ്ങളില്‍ ചെയ്ത ക്രമവിരുദ്ധമായ കാര്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ വലിയ തോതില്‍ ഉയര്‍ന്നുവരികയും വിവിധ കോടതി നടപടികളിലൂടെ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. 


ടെലികോം അഴിമതിയില്‍ രാജയും കനിമൊഴിയും ഏതാനും കമ്പനികളുടെ മേധാവികളും ആരോപണ വിധേയരായി, വിചാരണത്തടവിലാണ്. എന്നാല്‍ ഈ ഇടപാട് നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല. അഴിമതിയുടെ സാധ്യത ചൂണ്ടിക്കാട്ടി എ രാജക്ക് കത്ത് നല്‍കുക പോലും ചെയ്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പിന്നീട് എന്തുകൊണ്ട് കണ്ണടച്ചുവെന്നതിന് മറുപടിയുമില്ല. ലൈസന്‍സുകള്‍ ലേലം ചെയ്ത് നല്‍കാനുള്ള സാധ്യത പരിശോധിക്കണമെന്നും ഇക്കാര്യം കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതിയുടെ പരിഗണനക്ക് വിടണമെന്നുമുള്ള നിയമ മന്ത്രാലയത്തിന്റെ ശിപാര്‍ശ പരിഗണിക്കാന്‍ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നതിനും തൃപ്തികരമായ വിശദീകരണമില്ല. ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കാതെ വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. 


കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ കാര്യത്തിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. സംഘാടക സമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയും (തിഹാര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ലോക്‌സഭാംഗമാണ്) സഹഭാരവാഹികളും മാത്രമാണ് ഉത്തരവാദികളെന്ന നിലക്കാണ് അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും. കായിക മന്ത്രാലയത്തിനോ അന്ന് മന്ത്രാലയത്തിന്റെ ചുമതല വഹിച്ച മന്ത്രിക്കോ ഒന്നിലും ബാധ്യതയില്ല. നഗര വികസന മന്ത്രാലയവും ഡല്‍ഹി സര്‍ക്കാറും അവയുടെ വിവിധ വകുപ്പുകളും ചുമതലയേറ്റെടുത്ത് പൂര്‍ത്തിയാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഴിമതിയുടെ നിഴലിലുണ്ട്. പക്ഷേ, കല്‍മാഡി എന്ന പ്രതീകത്തെ കേന്ദ്ര ബിന്ദുവാക്കി നിര്‍ത്തുമ്പോള്‍ ഇതെല്ലാം മറയത്താണ്. 


എല്ലാമന്വേഷിക്കാന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനത്തുനിന്ന് വിരമിച്ച വി കെ ഷുംഗ്ലുവിനെ നിയമിച്ചു. അദ്ദേഹം ഖണ്ഡശ്ശയായി നല്‍കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളേറെയുമായി. എല്ലാം വിവിധ മന്ത്രാലയങ്ങള്‍ പരിശോധിച്ച് വരികയാണെന്ന ഒരു വരി വിശദീകരണം മാത്രമാണ് ഇതുവരെ രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പാകെ ആ ഓഫീസ് വെച്ചത്. വിട്ടുവീഴ്ചയില്ലാത്ത നടപടി, സുതാര്യത തുടങ്ങിയ വാക്കുകള്‍ ഇവിടെ അപഹസിക്കപ്പെടും. കല്‍ക്കരി ഖനികള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ ഖജനാവിനുണ്ടായ നഷ്ടത്തിന്റെ വലിയ കണക്കുമായി ബി ജെ പി എത്തിയിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് വരും കാലത്തേ അറിയൂ. കഴമ്പുണ്ടെങ്കില്‍ മുന്നില്‍വെക്കാന്‍ ഒരു രാജയെയോ കല്‍മാഡിയെയോ കിട്ടിയേക്കില്ല. കാരണം അക്കാലത്ത് കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. 


ലോക്പാല്‍ ബില്ലിന് വേണ്ടി അന്നാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാരമിരിക്കുന്നതിന് മുമ്പാണ് എ ഐ സി സിയുടെ പ്ലീനറി സമ്മേളനം ചേര്‍ന്നത്. തിരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കുക, അഴിമതിക്കേസുകളില്‍ സമയബന്ധിതമായ വിചാരണ ഉറപ്പാക്കുക, പൊതു സംഭരണം, കരാറുകള്‍ അനുവദിക്കല്‍ എന്നിവയില്‍ സമ്പൂര്‍ണ സുതാര്യത ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരിക, പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള ലൈസന്‍സുകള്‍ മത്സരാധിഷ്ഠിത ലേലത്തിലൂടെ മാത്രം അനുവദിക്കുക, അഴിമതിയുടെയും ക്രമക്കേടിന്റെയും വിവരങ്ങള്‍ പുറത്തറിയിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ അഞ്ചിന പരിപാടി അന്ന് മുന്നോട്ടുവെച്ചത് കോണ്‍ഗ്രസ് അധ്യക്ഷ തന്നെയാണ്. ഇവയെക്കുറിച്ച് പഠിക്കാന്‍ പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയെ പ്രധാനമന്ത്രി നിയോഗിക്കുകയും ചെയ്തു. അവിടെ നിന്ന് ഒരടി മുന്നോട്ടുപോയില്ല. ഇപ്പോള്‍ ലോക്പാല്‍ ബില്ലിനെക്കുറിച്ചാണ് കൊണ്ടുപിടിച്ച ചര്‍ച്ച. പ്രധാനമന്ത്രിയെയും നീതിന്യായ വ്യവസ്ഥയിലെ ഉയര്‍ന്ന പദവികളെയും ഉള്‍പ്പെടുത്തുന്ന കാര്യം ഇവിടെയും തര്‍ക്കത്തിലാണ്. 


പ്ലീനറി സമ്മേളന വേദിയില്‍ തന്നെയാണ് ടെലികോം അഴിമതി അന്വേഷിക്കുന്ന ഏത് പാര്‍ലിമെന്ററി സമിതി മുമ്പാകെയും ഹാജരാകാന്‍ താന്‍ തയ്യാറാണെന്ന് മന്‍മോഹന്‍ പ്രഖ്യാപിച്ചത്. അന്വേഷണം നടത്തിയ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ചെയര്‍മാനെ നിശ്ചയിച്ച് കരട് തള്ളിക്കൊണ്ടുള്ള പ്രമേയം പാസ്സാക്കാന്‍ യു പി എ തയ്യാറായി. ഇവിടെയും ന്യായമായ സംശയം ഉയരുന്നു. ഏത് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനും തയ്യാറാണെന്നും അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നുമുള്ള വാക്കുകളില്‍ ആത്മാര്‍ഥതയുടെ കണികയുണ്ടോ എന്ന സംശയം.  


ഖജനാവിന് നഷ്ടമുണ്ടാക്കിയാണ് അനുവദിച്ചതെന്ന ആരോപണത്തിന് വിധേയമായ കല്‍ക്കരി ഖനികളിലേറെയും മധ്യേന്ത്യയിലാണ്. ഇവിടെ സ്വകാര്യ കമ്പനികളുടെ അധീനതയിലേക്ക് വരുന്നതില്‍ ആദിവാസികളുടെ അധിവാസ പ്രദേശം എത്രയുണ്ടെന്ന കണക്ക് ആരും അറിയാന്‍ ഇടയില്ല. അവരുടെ ഉപജീവനോപാധികളെ എത്രത്തോളം ബാധിക്കുമെന്നതിനെക്കുറിച്ചും കണക്കില്ല. ഇവിടെയൊക്കെയാണ് സി പി ഐ (മാവോയിസ്റ്റ്) സ്വാധീനം ഉറപ്പിച്ചിരിക്കുന്നതും. മാവോയിസ്റ്റുകളെ ശക്തമായി നേരിടുകയും ഇത്തരം മേഖലകളിലെ വികസനരാഹിത്യം അഭിമുഖീകരിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴുള്ള വൈരുധ്യം ബോധ്യമാകാന്‍ മറ്റൊന്നും ആവശ്യമില്ല. ഒറീസ്സയിലെ ജഗത്‌സിംഗ്പൂരില്‍ പോസ്‌കോയുടെ വന്‍കിട സ്റ്റീല്‍ പ്ലാന്റിന് എല്ലാ അനുമതിയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ചിതറിത്തെറിക്കുന്നവരില്‍ ആദിവാസികളുണ്ട്, രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ഗ്രാമവാസികളുമുണ്ട്. ഒറീസ്സയിലും സി പി ഐ (മാവോയിസ്റ്റ്)ക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ടെന്നത് മറക്കാതിരിക്കുക. വികസനരാഹിത്യത്തെ കേന്ദ്ര സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന രീതി ഇതില്‍ നിന്ന് വ്യക്തമാണ്. 


ഉത്തര്‍ പ്രദേശില്‍ യമുന എക്‌സ്പ്രസ് വേക്ക് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ യുക്തമായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭത്തെ മുതലെടുക്കാന്‍ പ്രധാനമന്ത്രി തന്നെയും മുന്‍കൈ എടുക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ പല ഗ്രാമങ്ങളെ ഇല്ലാതാക്കി ആണവ പാര്‍ക്ക് സ്ഥാപിക്കുന്നതില്‍ യാതൊരു മനഃസ്താപവും കാണുന്നില്ല. അവിടുത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോഴും പോലീസ് നടപടിയുണ്ടായി. പലര്‍ക്കും പരുക്കുമേറ്റു. ആര്‍ക്കും ഡോ. മന്‍മോഹന്‍ സിംഗ് ധനസഹായം പ്രഖ്യാപിച്ചതായി അറിയില്ല. പതിനായിരങ്ങളെ സ്വന്തം ഭൂമയില്‍ നിന്ന് ഇറക്കിവിടാന്‍ മാത്രമല്ല, ഇരകളെ രാഷ്ട്രീയമായി കണ്ട് സ്വന്തം പാര്‍ട്ടിക്ക് മുതലെടുക്കാന്‍ അവസരമൊരുക്കുകയും കൂടിയാണ് മന്‍മോഹന്‍ സിംഗ്. 


ഇതിനെല്ലാമപ്പുറത്ത് വരും നാളുകളില്‍ വികസിച്ച് വരാവുന്ന കൂടുതല്‍ കാര്യങ്ങളുണ്ട്. പ്രതിരോധ കരാറുകളില്‍ തങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നില്ലെന്ന പരാതി അമേരിക്കക്കുണ്ട്. ആണവ കരാര്‍ ഒപ്പ് വെക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉപാധിയായി വെച്ചിരുന്ന സൈനിക സഹകരണ കരാറുകളില്‍ ചിലതെങ്കിലും ഇനിയും ഒപ്പ് വെക്കപ്പെടാത്തതിലും അതൃപ്തിയുണ്ട്. കളങ്കമേശാത്ത പൊതുപ്രവര്‍ത്തന ചരിത്രത്തിന്റെ ഉടമയെന്ന യശസ്സില്‍ നിഴല്‍ പടര്‍ന്നാലോ എന്ന ശങ്ക മൂലം ഇത്തരം കരാറുകളുമായി മുന്നോട്ടുപോകാന്‍ മടിക്കുന്ന എ കെ ആന്റണിയെ പ്രതിരോധ വകുപ്പില്‍ തുടരാന്‍ മന്‍മോഹന്‍ സിംഗ് അനുവദിക്കുമോ എന്നതാണ് അതില്‍ പ്രധാനം. സാമ്പത്തിക പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ തന്നേക്കാള്‍ തീവ്രവാദിയായ മൊണ്ടേക് സിംഗ് അലുവാലിയയെ ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമോ എന്നതും. ഈ രണ്ട് സാധ്യതകളാകും യു പി എ സര്‍ക്കാറിന്റെ ശേഷിക്കുന്ന മൂന്ന് വര്‍ഷത്തെ നിശ്ചയിക്കുക. 


ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കല്‍, പെന്‍ഷന്‍ ഫണ്ടിലെ പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കല്‍, ഡീസലിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കൂടി എണ്ണക്കമ്പനികള്‍ക്ക് കൈമാറി റിലയന്‍സിനും ഷെല്ലിനും ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കല്‍, പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്‌സിഡി കുറേക്കൂടി പരിമിതപ്പെടുത്തല്‍,  ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ പട്ടിക കുറേക്കൂടി വെട്ടിപ്പരുവപ്പെടുത്തി ഭക്ഷ്യധാന്യ വിതരണം കാര്യക്ഷമമാക്കല്‍ എന്ന് തുടങ്ങി അനവധിയായ കാര്യങ്ങള്‍ നടപ്പാക്കുക എന്ന ചുമതലയുണ്ട് സര്‍ക്കാറിന്. അതിന് ഏറ്റവും പറ്റിയയാള്‍ അലുവാലിയയല്ലാതെ മറ്റാരുമല്ല. 
ഒറീസ്സയിലെ നിയാംഗിരിയിലെ വേദാന്ത കമ്പനിയുടെ പദ്ധതിക്കുള്ള അനുമതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി റദ്ദാക്കിയപ്പോള്‍ ആദിവാസികളുടെ ഡല്‍ഹിയിലെ പോരാളിയാണ് താനെന്ന് പ്രഖ്യാപിക്കുകയും ജഗത്‌സിംഗ്പൂരിലേക്ക് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന, ഉത്തര്‍ പ്രദേശിലെ ഭട്ട പര്‍സൗളിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് വാര്‍ത്ത സൃഷ്ടിക്കുകയും കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ജയ്താപൂരിന്റെ കാര്യം അറിയാതിരിക്കുകയും ചെയ്യുന്ന നാട്യക്കാരന്‍ രാഹുല്‍ ഗാന്ധി മിനക്കെട്ടിറങ്ങിയില്ലെങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി രണ്ട് വട്ടം പ്രധാനമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്നയാളെന്ന ഖ്യാതി മന്‍മോഹന്‍ സിംഗിനുണ്ടാകും. രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇതിലും വലിയൊരു ആശംസ നേരാനില്ല.

1 comment:

  1. ലോകജനതയുടെ മുന്നിൽ വലിയ പുണ്ണ്യാളനായിരിക്കും .പക്ഷേ രാജ്യത്തെ ജനങ്ങളുടെ മുന്നിൽ ഇത്ര ഇളീഭ്യനായ ഒരു പ്രധാനമന്ത്രി ഇതിനുമുൻപു ഉണ്ടായിട്ടുണ്ടാവില്ല.ഇത്രയേറേ അഴിമതിയിൽ ഖ്യാതിനേടിയ ഒരു മന്ത്രിസഭയും രാജ്യത്ത് ഇതിനുമുൻപു ഉണ്ടായിട്ടുണ്ടോ? ദരിദ്രജനവിഭാഗത്തിനു ന്യായമായി ലഭിക്കട്ട അവകാശങ്ങൾപോലും നിഷേധിക്കപെടുമ്പോൾ ഒന്നുമറിഞ്ഞില്ല എന്ന് നടിക്കുന്ന പ്രധാനമന്ത്രി.

    ReplyDelete