പോര്‍വിളിയുമായി മുന്നില്‍ നില്‍ക്കുന്നത് ശിഖണ്ഡിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ആയുധങ്ങളുപേക്ഷിച്ച് തേര്‍ത്തട്ടിലിരിക്കാന്‍ തയ്യാറായ ഭീഷ്മാചാര്യരെയാണ് ഇതിഹാസ കാവ്യമായ മഹാഭാരതത്തില്‍ വേദവ്യാസന്‍ ചിത്രീകരിച്ചത്. ആണും പെണ്ണുമല്ലാത്ത ഒരാളോട് യുദ്ധം ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്നായിരുന്നു ഭീഷ്മരുടെ മതം. കുരുക്ഷേത്രത്തിന് അടുത്ത് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് സംഘപരിവാര്‍ മുന്നില്‍ നിര്‍ത്തിയ ബാബ രാം ദേവെന്ന ശിഖണ്ഡിക്ക് നേര്‍ക്ക് രാത്രിയില്‍ യുദ്ധം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ശീതീകരിച്ച സത്യഗ്രഹ വേദിയിലേക്ക് അര്‍ധരാത്രിക്ക് ശേഷം പോലീസെത്തിയപ്പോള്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധ തന്ത്രമൊരുക്കിയ സംഘപരിവാറിന് ഇരട്ടി നേട്ടം. കള്ളപ്പണക്കാര്‍ക്കെതിരായ സമരത്തെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെടുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന നടപടിയാണിതെന്ന് സംഘ്പരിവാറുമായി ഒരു നിലക്കും സന്ധി ചെയ്യാത്തവര്‍ പോലും അഭിപ്രായപ്പെടുന്നു. ഇത് ആത്യന്തികമായി ഗുണകരമാകുക രാം ദേവിനും സംഘ്പരിവാറിനും തന്നെയാണ്. ഒരു ഹിന്ദു സന്യാസി അക്രമരഹിതമായ മാര്‍ഗത്തിലൂടെ നടത്തിയ സമരമാണ് അടിച്ചമര്‍ത്തപ്പെട്ടത് എന്ന പ്രചാരണവും വൈകാതെ സജീവമാകും. അരുണ്‍ ജെയ്റ്റ്‌ലിയുടെയും സുഷമ സ്വരാജിന്റെയും അഡ്വാനിയുടെയുമൊക്കെ വാക്കുകളില്‍ ഇപ്പോള്‍ തന്നെ ഈ പ്രചാരണം ഓളം വെട്ടുന്നത് കാണാം.
അഴിമതി തടയുന്നതിന് കടുത്ത വ്യവസ്ഥകളോടെ ലോക്പാല്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെ ഡല്‍ഹിയില്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ അതിനെ മറയത്തുനിന്ന് നിയന്ത്രിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) ലക്ഷ്യമിട്ടത് ഇത് തന്നെയായിരുന്നു. പ്രത്യക്ഷത്തില്‍ ഗാന്ധിയനായി ചമയുന്ന ഹസാരെക്ക് പക്ഷേ, ആര്‍ എസ് എസ്സിന്റെ ലക്ഷ്യത്തെ പ്രത്യക്ഷത്തില്‍ പിന്തുണക്കുക അസാധ്യമായിരുന്നു. കാവി വേഷധാരിയായ ബാബ രാംദേവിന് ഇത്തരം തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സര്‍ക്കാര്‍.
രാത്രി യുദ്ധത്തിന് തുനിഞ്ഞപ്പോള്‍ മാത്രമല്ല തന്ത്രപരമായ പാളിച്ച യു പി എയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിന് സംഭവിച്ചത്. സത്യഗ്രഹ സന്നദ്ധനായി രാം ദേവ് ഡല്‍ഹിയിലെത്തിയപ്പോള്‍ മുതല്‍ പാളിച്ചകളുണ്ടായി. യോഗ ഗുരു എന്ന അവകാശവാദത്തില്‍ വിശ്വസിച്ചും കണക്കില്ലാതെ ഒഴുകുന്ന പണത്തിന്റെ സ്വാധീനത്തില്‍ അകപ്പെട്ടും ഒപ്പം നിന്ന ഏതാനും ആയിരം അനുയായികളുടെ പിന്തുണ മാത്രമേ അപ്പോള്‍ രാം ദേവിനുണ്ടായിരുന്നുള്ളൂ. പ്രണാബ് മുഖര്‍ജി അടക്കം നാല് കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരും ഡല്‍ഹി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി രാം ദേവുമായി ചര്‍ച്ചക്ക് തയ്യാറായപ്പോള്‍ വലിപ്പം വര്‍ധിച്ചു. ചര്‍ച്ച നടത്തിയെന്നും സത്യഗ്രഹ സമരവുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം ഉറച്ചിരിക്കയാണെന്നും വീണ്ടും ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും ആഭ്യന്തര മന്ത്രി പി ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ രാംദേവിന്റെ വലിപ്പം വീണ്ടും കൂടി.
കേന്ദ്ര ഭരണകൂടം പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ മാത്രം വലുതാണ് ഈ സ്വാമിയെന്ന തെറ്റായ ധാരണ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിലെങ്കിലും സൃഷ്ടിക്കപ്പെട്ടു. എന്നിട്ടും ജനം രാംദേവിനൊപ്പം നില്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്ന സൂചനകളാണ് ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മറ്റും സത്യഗ്രഹം ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. കള്ളപ്പണക്കാരെ കണ്ടെത്തി അനധികൃത സമ്പാദ്യത്തെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടവര്‍ പോലും രാംദേവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന പക്ഷക്കാരായിരുന്നു. ഇതൊന്നും അറിയാതെയല്ല രാത്രി യുദ്ധത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. സത്യഗ്രഹം തുടരുകയാണെങ്കില്‍ രാം ലീല മൈതനാത്തേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കാന്‍ ആര്‍ എസ് എസ് പദ്ധതി തയ്യാറാക്കിയിരുന്നു. സംഘ് പരിവാറിലെ വിവിധ സംഘടനകളും ഇതേ രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കി. ഈജിപ്തിലെയും ടുണീഷ്യയിലെയും ചത്വരങ്ങള്‍ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വരും ദിവസങ്ങള്‍ സംഘ് പരിവാറും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന മുഖമായി രാം ലീല മൈതാനം മാറുമെന്ന ശങ്ക കേന്ദ്ര സര്‍ക്കാറിനെ ദ്രുതഗതിയിലുള്ള നടപടിക്ക് പ്രേരിപ്പിക്കുകയായിരുന്നു. ഈ നടപടി പോലും സംഘ് പരിവാറിന് വേണ്ടത്ര ലാഭമെടുക്കാന്‍ അവസരമൊരുക്കുന്നതായി മാറിയിരിക്കുന്നുവെന്നതാണ് വസ്തുത.
ശിഖണ്ഡിക്ക് പിറകില്‍ അമ്പ് തൊടുക്കുന്നത് ആര്‍ എസ് എസ്സും പരിവാരങ്ങളുമാണെന്ന് കേന്ദ്ര സര്‍ക്കാറിന് നേരത്തെ അറിയാമായിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ രാം ദേവിനെ അപ്പോള്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമോ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ നിഷേധിച്ചുവെന്ന ആരോപണമേ നേരിടേണ്ടിവരുമായിരുന്നുള്ളൂ. അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ രാംദേവിനെ പകല്‍ വെളിച്ചത്തില്‍ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാമായിരുന്നു. ഒരു രാവ് വെളുക്കുവോളം ശീതീകരിച്ച പന്തലില്‍ സമരം തുടര്‍ന്നതുകൊണ്ട് ഒന്നും സംഭവിക്കുമായിരുന്നില്ല. രാത്രി തന്നെ പോലീസ് നടപടി സ്വീകരിക്കാന്‍ നിശ്ചയിച്ചപ്പോള്‍ പഴുതുകള്‍ നിരവധിയുണ്ടായി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് രാം ദേവ് ചാടുന്നത് സ്ത്രീകളായ അനുയായികളുടെ മധ്യത്തിലേക്കാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അറസ്റ്റ് തടയാന്‍ വിശ്വാസികളായ സ്ത്രീകള്‍ വലയം തീര്‍ത്തു. അവരെ ബലം പ്രയോഗിച്ചു നീക്കിയാണ് രാം ദേവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഭട്ട പര്‍സൗള്‍ ഗ്രാമത്തിലെ കര്‍ഷക സമരത്തെ മായാവതി സര്‍ക്കാറിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ ഉന്നയിച്ച ആരോപണം ഇവിടെയും സംഘ്പരിവാറിന് ഉയര്‍ത്താന്‍ സാധിക്കും. രാംദേവിന്റെ അനുയായികളായ സ്ത്രീകളെ പോലീസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപണമുയര്‍ന്നാല്‍! ഭട്ട പര്‍സൗളിനേക്കാള്‍ വലിയ ആഘാതമായിരിക്കും അത് സൃഷ്ടിക്കുക. സ്ത്രീകളെയും കുട്ടികളെയും പോലീസ് ഉപദ്രവിച്ചുവെന്ന ആരോപണം ഇതിനകം രാം ദേവ് ഉയര്‍ത്തിയിട്ടുമുണ്ട്. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തുടരുന്ന മണ്ടത്തരങ്ങള്‍ എന്തൊക്കെ സാധ്യതകളാണ് സംഘ് പരിവാറിന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത് എന്നത് ഊഹങ്ങള്‍ക്ക് അപ്പുറത്താണ്.
കേന്ദ്ര മന്ത്രിമാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയപ്പോള്‍ ഉണ്ടാക്കിയ ധാരണകള്‍ ലംഘിച്ചതുകൊണ്ടാണ് രാംദേവിനെതിരെ നടപടി സ്വീകരിച്ചത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും ഇപ്പോള്‍ പറയുന്നത്. ചര്‍ച്ച ചെയ്തത് എന്താണെന്നോ ധാരണ എന്തായിരുന്നുവെന്നോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. രാംദേവും അദ്ദേഹത്തിന്റെ കീഴിലുള്ള വിവിധ ട്രസ്റ്റുകളും നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശേഖരിച്ച വിവരങ്ങള്‍ മുന്നില്‍വെച്ച് വിലപേശുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് എന്നാണ് സൂചനകള്‍. എന്നാല്‍ എന്തുകൊണ്ട് ഈ വിവരങ്ങള്‍ പുറത്തുവിട്ടില്ല എന്ന ചോദ്യം ഉയരുമെന്ന് ഉറപ്പ്. ഇനി വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായാല്‍, നിരപരാധിയായ ഹിന്ദു നേതാവിനെ ഭരണകൂടം ക്രൂശിക്കുകയാണെന്ന തോന്നലാകും സൃഷ്ടിക്കപ്പെടുക. രാം ദേവിന്റെ 1994 മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ദിഗ്‌വിജയ് സിംഗിന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇക്കാലത്തിനിടെ പലകുറി രാംദേവിനെതിരെ ആരോപണമുയര്‍ന്നിരുന്നു. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന് തുടങ്ങി നിരവധിയായ ആരോപണങ്ങള്‍. എന്നിട്ടിത്ര കാലം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് ആദ്യം പറയേണ്ടിവരും ദിഗ്‌വിജയ് സിംഗ് അടക്കമുള്ള നേതാക്കള്‍ക്ക്. അതുപോലും ഇപ്പോള്‍ പറയുമ്പോള്‍ എതിരാളിയെ ഇല്ലായ്മ ചെയ്യാനുള്ള വില കുറഞ്ഞ തന്ത്രമായി പ്രചരിപ്പിക്കപ്പെടാന്‍ എളുപ്പവുമാണ്.
കള്ളപ്പണക്കാരെയും അവരുടെ സമ്പാദ്യങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിച്ചതുപോലെത്തന്നെ കപട സന്യാസിമാരെയും ആള്‍ദൈവങ്ങളെയും അവരുടെ അനധികൃത സമ്പാദ്യങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച നേതാവെന്ന് കോണ്‍ഗ്രസ് ഇപ്പോഴും അഹങ്കാരത്തോടെ വിശേഷിപ്പിക്കുന്ന രാജീവ് ഗാന്ധി നഗ്‌ന സന്യാസിയുടെ 'അനുഗ്രഹ'മായ ചവിട്ടേല്‍ക്കാന്‍ യമുനാ തീരത്തെത്തിയ കഥ പ്രസിദ്ധമാണ്. സത്യസായിബാബയുടെ ട്രസ്റ്റുകള്‍ക്ക് സ്വതന്ത്രമായി പണമിടപാട് നടത്താന്‍ അനുവാദം നല്‍കിയതും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ തന്നെ. സായിബാബക്കെതിരെ ലൈംഗിക പീഡനമുള്‍പ്പെടെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ മൗനം ദീക്ഷിച്ചതും മറ്റൊരു പാര്‍ട്ടിയുടെ സര്‍ക്കാറല്ല. ഇവരില്‍ ചിലര്‍ തിരിഞ്ഞുനില്‍ക്കുമ്പോള്‍ പൂര്‍വകാലത്തെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അടക്കിയിരുത്താനാകുമെന്നായിരുന്നു വിചാരം. അത് രാംദേവിന്റെ കാര്യത്തിലെങ്കിലും പാളിപ്പോയിരിക്കുന്നു. ഇത് ഒരു സമരത്തിന്റെ കാര്യത്തിലെ പാളിച്ച മാത്രമല്ല. അഴിമതി, കള്ളപ്പണം എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശക്തമായപ്പോള്‍ അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ചിലയിടങ്ങളില്‍ നിന്ന് കൈമാറിക്കിട്ടിയ വിവരങ്ങള്‍ പോലും മറച്ചുവെക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ ജനങ്ങളില്‍ സൃഷ്ടിച്ച വിശ്വാസ രാഹിത്യം മുതലെടുക്കാന്‍ ബി ജെ പിക്കോ സംഘ് പരിവാറിനോ സാധിച്ചിരുന്നില്ല.
ഭീകരാക്രമണങ്ങളില്‍ ആരോപണവിധേയരായവരുമായി ആര്‍ എസ് എസ്സിനുണ്ടായ ബന്ധം പുറത്തുവന്നത്, കര്‍ണാടകത്തില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത് എന്നിങ്ങനെ പല കാരണങ്ങള്‍ തടസ്സമായുണ്ടായിരുന്നു. ശിഖണ്ഡിയെ യുദ്ധം ജയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതോടെ ഇത്തരം തടസ്സങ്ങളെല്ലാം നീക്കിക്കിട്ടുകയാണ്. അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അശ്ലീല പ്രഹസനത്തെ രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച മാധ്യമ സംഭവമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാറിന് അവകാശപ്പെടാം.
ഇത്തരം ഫ്രാഡ് സ്വാമിമാർ രാജ്യത്ത് വളരുന്നത് മാധ്യമങ്ങൾ വഴിയാണ് അവരുടെ പേരിൽ ആരോപണമുയരുമ്പോൾ അനേഷിക്കണ്ട ഉത്തരവതിത്വങ്ങളിൽ നിന്നു സർക്കാരുകൾ മടികാണിക്കുമ്പോളാണ് അവർ ശക്തിപ്രാപിക്കുന്നത്. സർക്കരുതന്നെയാണ് ഇതിനു ന്വേണ്ടുന്ന മാധ്യമ പ്രചാരം കൊടുത്തത്
ReplyDeleteബാബാ രാംദേവ് എന്ന ഹൈടെക് യോഗിയാണ് കഴിഞ്ഞ രണ്ടു ദിവസമായി ദേശീയ(ബ്രാഹ്മണിക്) മാധ്യമങ്ങളിലെ ഹീറോ. ഇന്ന് രാവിലെ സാമിയെ അറസ്റ്റ് ചെയ്തതോടെ അയാളുടെ മൈലേജ് വല്ലാതെ വര്‍ധി(പ്പി)ച്ചിരിക്കയാണ്. കുറച്ചുനാള്‍ മുന്‍പ് അണ്ണാ ഹസാരെയായിരുന്നു ഈ മാധ്യമങ്ങളുടെ ഹീറോ. ഈ രണ്ടു പേരാണ് ഇന്‍ഡ്യയിലെ അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാന്‍ അവതാരമെടുത്ത ദേശീയ പുരുഷന്മാരെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. (മാധ്യമങ്ങള്‍ എന്തു പറയുന്നുവോ അത് തൊണ്ട തൊടാതെ വിഴുങ്ങുന്നതിനെയാണ് നാം ദേശീയത എന്നു പറയുന്നത്). ജനങ്ങളോട് യാതൊരുവിധ അക്കൌണ്ടബിലിറ്റിയുമില്ലാത്തവരും ഹിന്ദുത്വ ആശയഗതിക്കാരുമായ ഈ ആസാമികളെ ദേശീയ മാധ്യമങ്ങളും മധ്യവര്‍ഗവും പിന്തുണക്കുന്നതു മനസ്സിലാക്കാം. എന്നാല്‍ അണ്ണാ ഹസാരെയെ അഹമഹമികയാ എല്ലാവരും പിന്തുണക്കയാണുണ്ടായത്. ബ്ലോഗിലൊക്കെ എന്തൊരു പുകിലായിരുന്നു. ആ പുകിലൊന്നും ഇന്ന് ബാബാ രാംദേവിന്റെ കാര്യത്തില്‍ കാണാനില്ലെങ്കിലും അയാളുടെ പിന്നില്‍ ജനങ്ങള്‍ മുഴുവനുമുണ്ടെന്ന ധാരണ പരത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ബാബാ ഒരു യാദവനാണ്. അണ്ണാ മഹാരാഷ്ട്രാ ബ്രാഹ്മണനും. അതുകൊണ്ട് ബാബാ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയപ്പെടുമെന്നത് മൂന്നരത്തരം. എന്നിരുന്നാലും ഇന്ന് ബാബയുടെ കണ്‍ട്രോള്‍ സംഘ് പരിവാറുകാരുടെ പക്കലാണ്. അണ്ണാ ഹസാരെ., സ്വാമി അഗ്നിവേശ് , മേധാ പഠ്കര്‍ , കിരണ്‍ ബേദി മുതലായ ദേശീയ മാധ്യമങ്ങളുടെ ഓമനകളും ഒരേ സമയം മര്‍ദകനും മര്‍ദിതനും പ്രിയപ്പെട്ടവരുമായ ബ്രാഹ്മണരുടെ പിന്തുണയും ബാബയ്ക്കു ലഭിക്കുന്നുണ്ട്
ReplyDelete