2011-06-22

യശഃശരീരന്റെ ഇന്ദ്രജാലം


വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം നാട്ടിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊതു ഖജനാവിലേക്ക് മുതല്‍ക്കൂട്ടണമെന്നായിരുന്നു ആവശ്യം. ഈ പ്രധാന ആവശ്യത്തില്‍ ഊന്നിയാണ് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ബാബ രാംദേവ് സത്യഗ്രഹ സമരം ആരംഭിച്ചത്. വയറിലെ തിരയിളക്കങ്ങള്‍ ആവര്‍ത്തിച്ച് കാണിച്ച് നമ്മുടെ വാര്‍ത്താ ചാനലുകള്‍ രാംദേവിന്റെ ശേഷികളെ ബോധ്യപ്പെടുത്തി നല്‍കാന്‍ ശ്രമിച്ചു. കാവി വേഷധാരിയായ യോഗാചാര്യന്റെ സമരത്തെ പരോക്ഷമായി പിന്തുണച്ചിരുന്ന ബി ജെ പിയും സംഘ്പരിവാറിലെ ഇതര അംഗങ്ങങ്ങളും പിന്നീട് പരസ്യമായി രംഗത്തുവന്നു. സത്യഗ്രഹം തത്കാലത്തേക്ക് അവസാനിപ്പിച്ചുവെങ്കിലും തന്റെ സമരം തുടരുമെന്നാണ് രാംദേവ് പ്രഖ്യാപിച്ചിരിക്കുന്നത്. രാംലീല മൈതാനത്തു നിന്ന് രാംദേവിനെ പോലീസിനെ ഉപയോഗിച്ച് ഒഴിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഹരിദ്വാറില്‍ തുടര്‍ന്ന സമരത്തെ തിരിഞ്ഞുനോക്കിയതേയില്ല. അത് കൊണ്ടുകൂടിയാണ് സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായത് എന്നതാണ് വസ്തുത. രാംദേവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതും ഒരുപക്ഷേ വയറില്‍ വിദ്യയുള്ള സ്വാമിയെ ഒത്തുതീര്‍പ്പിന് പ്രേരിപ്പിച്ചുണ്ടാകണം. 


അനധികൃതമായി സമ്പാദിച്ചതോ നികുതി വെട്ടിച്ച് കടത്തിയതോ ആയ കോടിക്കണക്കിന് രൂപ ഇന്ത്യന്‍ പൗരന്‍മാര്‍ വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരണമെന്നതിലും. ലീച്ച്‌റ്റെന്‍സ്റ്റീനെന്ന ചെറു ദ്വീപ് രാജ്യത്തെ ബേങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ഏതാനും പേരുടെ വിവരങ്ങള്‍ ഇതിനിടെ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചു. ഇതില്‍ 18 പേരില്‍ നിന്ന് നികുതിയും പിഴയും ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നാല്‍ കള്ളപ്പണക്കാരാരൊക്കെ എന്ന വിവരം പുറത്തുവിട്ടില്ല. പേരുകള്‍ പരസ്യമാക്കി മാനഹാനിയുണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടല്ല. വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുമെന്ന ന്യായം പറയാനുമുണ്ടായിരുന്നു. എത്ര മൂടിവെച്ചാലും ചില കാര്യങ്ങള്‍ പുറത്തുവരും. അതുകൊണ്ട് നികുതിയും പിഴയും അടക്കാന്‍ നോട്ടീസ് നല്‍കപ്പെട്ടയാളുകളുടെ വിവരങ്ങള്‍ പുറത്തുവന്നു. ഇനിയും വിവരങ്ങള്‍ പുറത്തുവന്നേക്കും. ഇതെല്ലാം മൂടിവെച്ച കാര്യങ്ങളാണ്. 


ഇതിന് സമാന്തരമായി മറ്റ് ചില കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോകുന്നുണ്ട്. അതേക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല. കാവി വേഷധാരിയായ രാംദേവോ, പിന്തുണ നല്‍കാന്‍ രാജ്ഘട്ടില്‍ സമൂഹനൃത്തം നടത്തിയ ബി ജെ പിയോ ആര്‍ഷഭാരത മൂല്യബോധത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന, അച്ചടക്കത്തിന്റെ പര്യായ ശബ്ദമെന്ന് അവകാശപ്പെടുന്ന ആര്‍ എസ് എസ്സോ ഇത് കണ്ട മട്ട് കാണിക്കില്ല. വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചവരെ സംരക്ഷിക്കുക എന്നത് സ്വന്തം ബാധ്യതയായി കണക്കാക്കുന്ന കോണ്‍ഗ്രസിനോ അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ക്കോ ഇതൊരു പ്രശ്‌നമായി തോന്നുകയുമില്ല. പറയുന്നത് സത്യസായി ബാബയെക്കുറിച്ചും അദ്ദേഹത്തിന്റെ യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്ത സ്വത്തുക്കളെക്കുറിച്ചും അവിടെ നിന്ന് കടത്തപ്പെടുന്ന കോടികളെക്കുറിച്ചുമാണ്. യജുര്‍ മന്ദിരത്തില്‍ നിന്ന് ലഭിച്ചതെല്ലാം സത്യസായി ബാബക്ക് സംഭാവനയായി ലഭിച്ചതാണെന്ന് കരുതാം. നേരിട്ട് വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തിയിരുന്നില്ല എന്നതുകൊണ്ട് ആ വഴിക്ക് ധനസമ്പാദം സത്യസായി  ബാബക്ക് സാധിക്കില്ലല്ലോ. 


ബാബക്ക് സംഭാവനയായി ലഭിക്കുന്ന പണമാണ് സത്യസായിയുടെ പേരിലുള്ള വിവിധ ട്രസ്റ്റുകളുടെ മൂലധനമമെന്നും അതുപയോഗിച്ചാണ് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത് എന്നുമാണ് ട്രസ്റ്റുകളുടെ ഭാരവാഹികള്‍ വിശദീകരിക്കുന്നത്. സത്യസായിക്ക് സംഭാവനയായി ലഭിക്കുന്നത് ട്രസ്റ്റുകളിലേക്ക് മുതല്‍ക്കൂട്ടുകയും അത് വിവിധ ജനക്ഷേമ പരിപാടികള്‍ക്കായി ചെലവഴിക്കുകയും ചെയ്യപ്പെടുന്നുവെന്നാണ് ഈ വിശദീകരണത്തിലൂടെ മനസ്സിലാകുക. അങ്ങനെയെങ്കില്‍ ഔദ്യോഗികമായി പുറത്തുവന്ന കണക്കുകളില്‍ പറയുന്ന 11.56 കോടി രൂപ ഈച്ചപോലും കടക്കാതെ കാത്തിരുന്ന യജുര്‍ മന്ദിരത്തിന്റെ ചുവരലമാരകളില്‍ ഈ ആള്‍ദൈവം അട്ടിയിട്ട് സൂക്ഷിച്ചത് എന്തിനാണ്? 98 കിലോ സ്വര്‍ണവും 317 കിലോ വെള്ളിയും രഹസ്യമായി സൂക്ഷിച്ചത് എന്തിനാണ്? ഇങ്ങനെ രഹസ്യമായി പണം സൂക്ഷിക്കുന്നത് നിയമവിധേയമാണോ? 


സത്യസായി ബാബക്ക് സംഭാവനമായി ലഭിക്കുന്ന പണത്തിന് ആദായ നികുതി ഒഴിവാക്കിക്കൊടുത്തിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. കണക്കിലേറെപ്പണം സൂക്ഷിച്ചിരിക്കുന്നുവെന്ന വ്യക്തമായ തെളിവ് ലഭിച്ചാല്‍ പോലും സത്യസായി ബാബ ജീവച്ചിരിക്കെ, പ്രശാന്തി നിലയത്തിലോ യജുര്‍ മന്ദിരത്തിലോ തിരച്ചില്‍ നടത്താന്‍ ഇന്ത്യാ മഹാരാജ്യത്തിലെ ഒരു ഏജന്‍സിയും തയ്യാറാകുമായിരുന്നില്ല. പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ വന്ന് നമ്രശിരസ്‌കരരായി നില്‍ക്കുന്ന സംവിധമായിരുന്നു അത്. ഇനിയൊരുപക്ഷേ, ബാബയെ സംസ്‌കരിച്ച സ്ഥലത്തുയരുന്ന സ്മാരകത്തിന് മുന്നില്‍പ്പോലും ഇവരെത്തി തൊഴുതു നില്‍ക്കും. ഇതൊക്കെ അറിയാമായിരുന്നിട്ടും ഇത്രമാത്രം സ്വത്ത് തീര്‍ത്തും രഹസ്യമായി സൂക്ഷിക്കാന്‍ ഈ ആള്‍ദൈവം നിശ്ചയിച്ചത് എന്തുകൊണ്ടായിരിക്കും? 


സംഭാവനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നത് കൊണ്ടാണ് അതിനെ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഇക്കാണായ പണവും സ്വര്‍ണവും വെള്ളിയും രത്‌നങ്ങളും വജ്രങ്ങളും യാതൊതു വിധ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വേണ്ടി ചെലവാക്കാന്‍ സത്യസായി ബാബ തയ്യാറായിരുന്നില്ല എന്ന് ഇപ്പോള്‍ വ്യക്തമാണ്. അതായത് ഒരിറ്റ് വിയര്‍പ്പ് പോലും വീഴ്ത്താതെ ലഭിച്ച വലിയ സമ്പത്ത് സംഭാവനയുടെ കണക്കില്‍പ്പോലും പെടുത്താതെ സൂക്ഷിച്ചിരുന്നു സായിബാബ.  ഇത് കള്ളപ്പണമല്ലാതെ മറ്റെന്താണ്? വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ച പണത്തിന് 18 പേരില്‍ നിന്ന് നികുതിയും പിഴയും ഈടാക്കിയതുപോലെ ഇവിടെയും നടപടി സ്വീകരിക്കുമോ കേന്ദ്ര സര്‍ക്കാറും അതിന് കീഴിലുള്ള ആദായ നികുതി വകുപ്പും! ആലംബഹീനര്‍ക്ക് അത്താണിയൊരുക്കാന്‍ വിനിയോഗിക്കുമെന്ന വിശ്വാസത്തില്‍ അനുയായികള്‍ നല്‍കിയ വലിയ സമ്പത്ത് അതിന് ചെലവഴിക്കാതെ സ്വന്തം അറയില്‍ ഒളിപ്പിച്ചുസൂക്ഷിച്ചത് വിശ്വാസവഞ്ചനയല്ലേ? വിശ്വാസവഞ്ചനക്ക് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമോ നമ്മുടെ ഭരണകൂടം? 


എവിടെ നിന്നാണ് ഇത്രയും ധനം യജുര്‍ മന്ദിരത്തിലേക്ക് എത്തിയത് എന്നതിന് എന്തെങ്കിലും രേഖകളുണ്ടോ എന്ന് പരിശോധിച്ച് ദാതാക്കളാരൊക്കെ എന്ന് പരസ്യപ്പെടുത്തുകയെങ്കിലും വേണം. ട്രസ്റ്റിലേക്ക് കൈമാറിയിരുന്നില്ല എന്നത് കൊണ്ടുതന്നെ ഈ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാനായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രശാന്തി നിലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് രശീത് ട്രസ്റ്റ് ഭാരവാഹികളെ ഏല്‍പ്പിക്കാനാണ് നമ്മുടെ അധികാരികള്‍ തീരുമാനിച്ചത്. ഇതിലൊന്നും ബാബ രാംദേവിനോ ബി ജെ പിക്കോ പ്രയാസം തോന്നാന്‍ ഇടയില്ല. സായിബാബയുടെ 'സമ്പാദ്യ'മായി മാത്രമേ അവരൊക്കെ ഇതിനെ കാണാന്‍ ഇടയുള്ളൂ. യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്തതിന് പിറകെ പുട്ടപര്‍ത്തിയില്‍ നിന്ന് കോടികള്‍ പുറത്തേക്ക് ഒഴുകുന്നുവെന്നാണ് തുടര്‍ന്നുള്ള വാര്‍ത്തകള്‍. എവിടെ നിന്നാണ് ഈ കോടികള്‍? എവിടേക്കാണ് ഇതൊക്കെ കൊണ്ടുപോകുന്നത്? ആര്‍ക്കും ചോദ്യങ്ങളില്ല, ആര്‍ക്കും ഉത്തരങ്ങള്‍ ആവശ്യവുമില്ല. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച പി എന്‍ ഭവഗതിയെപ്പോലുള്ളവരുടെ മേല്‍നോട്ടമുള്ളപ്പോഴാണ് ഇത്തരം കള്ള ഇടപാടുകള്‍ നടക്കുന്നത് എന്നത് സംഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാറില്‍ കടത്തിയ 35.5 ലക്ഷവും ബസ്സില്‍ കടത്തിയ അഞ്ച് കോടി രൂപയും മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളൂ. ഇതിലുമെത്രയധികം ഇവിടെ നിന്ന് കടത്തിക്കൊണ്ട് പോയിട്ടുണ്ടാകും. പണം മാത്രമാകുമോ കടത്തിയിട്ടുണ്ടാകുക? 


പുട്ടപര്‍ത്തിയിലും രാജ്യത്തെ ഇതര ഭാഗങ്ങളിലും ഭൂമി ഇടപാടുകള്‍ ധാരാളം നടത്തിയിട്ടുണ്ട് സത്യസായി ട്രസ്റ്റ്. അയ്യായിരം കോടിയിലേറെ രൂപയുടെ ഭൂമി പുട്ടപര്‍ത്തിയുടെ പരിസരത്ത് ഉണ്ടെന്ന് സത്യസായി ബാബ ഏതാനും വര്‍ഷം മുമ്പ് പറഞ്ഞതായി അടുത്ത ഒരു അനുയായി വെളിപ്പെടുത്തിയിരുന്നു. ബാബയുടെ പേരില്‍, അല്ലെങ്കില്‍ അറിവോടെ ബിനാമിയായി നടത്തിയ ഭൂമി ഇടപാടുകള്‍ എത്രയുണ്ടാകും? ബാബ മരിച്ച് രണ്ട് മാസത്തോളമായിട്ടും യജുര്‍ മന്ദിരം തുറക്കാത്തത് ദുരൂഹമാണെന്ന തോതില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതോടെ യജുര്‍ മന്ദിരത്തിനകത്ത് എന്താണുള്ളത് എന്നത് കൗതുകത്തോടെ വലിയൊരു വിഭാഗം ശ്രദ്ധിച്ചിരുന്നു, ചുരുങ്ങിയത് സത്യസായിയുടെ അനുയായികളെങ്കിലും. ഇത്തരത്തില്‍ വിവിധ കോണുകളില്‍ നിന്ന് സൂക്ഷ്മമായി വീക്ഷിക്കപ്പെടുന്നതിനിടെയാണ് ലക്ഷങ്ങളും കോടികളും കടത്തിക്കൊണ്ടുപോയത്/പോകാന്‍ ശ്രമമുണ്ടായത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരമൊരു അവസ്ഥയില്‍ പണം കടത്താന്‍ ശ്രമിച്ചവര്‍ ഇതിലും വലിയ സൗകര്യം ലഭിച്ചിരുന്ന കാലത്ത് എത്രത്തോളം കടത്തിയിട്ടുണ്ടാകും.! 


സായിബാബയുടെ സമ്പത്തിന്റെയോ സംഭാവനയായി ലഭിച്ച പണത്തിന്റെയോ വിനിയോഗത്തെക്കുറിച്ചല്ല, മറിച്ച് നടക്കുന്ന പകല്‍ക്കൊള്ളയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രസക്തമാകുന്നത്. അതിന് നമ്മുടെ സര്‍ക്കാറുകള്‍ നടപടിയെടുക്കുമോയെന്നതും. 'മാധവ സേവ മാനവ' സേവയെന്ന് ഉദ്‌ഘോഷിച്ചും വായുവില്‍ നിന്ന് ഭസ്മവും ആഭരണവുമെടുക്കുന്ന ഇന്ദ്രജാലത്തിലൂടെ ആളുകളെ അമ്പരിപ്പിച്ചും വലിയ അനുയായിവൃന്ദത്തെ സൃഷ്ടിച്ചെടുത്ത സത്യസായിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നവരുടെ മനസ്സില്‍പ്പോലും പ്രകാശം പരത്താന്‍ സാധിച്ചില്ല എന്നത് കൂടി വ്യക്തമാകുകയാണ് ഇതിലൂടെ. 


സത്യസായിക്ക് അതൊന്നും ലക്ഷ്യമേ ആയിരുന്നില്ലെന്ന് യജുര്‍ മന്ദിരത്തില്‍ നിന്ന് കണ്ടെടുത്ത ഇതര വസ്തുക്കള്‍ സാക്ഷ്യം പറയും. ആള്‍ദൈവം സ്വന്തം ശരീരത്തില്‍ നിന്ന് വിവിധ തരത്തിലുള്ള സുഗന്ധം വമിക്കണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. അലമാരകളില്‍ ലോകോത്തരമായ സുഗന്ധ ദ്രവ്യങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിച്ചത് അതുകൊണ്ടാണല്ലോ. മുടിയുടെ സൗന്ദര്യത്തിലും ബദ്ധശ്രദ്ധനായിരുന്നു ആള്‍ദൈവം. ഹെയര്‍ സ്‌പ്രേകളുടെ ശേഖരം സാക്ഷി. സ്വര്‍ണം കെട്ടിച്ച വെള്ളിക്കട്ടിലിലുറങ്ങി, സ്വര്‍ണത്താമ്പാളങ്ങളില്‍ ഉണ്ട്, രത്‌നഖജിതമായ സ്വര്‍ണക്കുമ്പിളില്‍ നിന്ന് വെള്ളം കുടിച്ച് ജീവിക്കുകയും പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നുവെന്ന ധാരണ ജനിപ്പിക്കുകയും ചെയത വൈരുധ്യാത്മക ആത്മീയവാദിക്ക്, ഉചിതരായ ശിഷ്യരെ ലഭിച്ചുവെന്ന് പരലോകത്തിരുന്ന് അഭിമാനിക്കാം. വ്യാജ പ്രതിച്ഛായയില്‍ മയങ്ങി ഭജനകള്‍ ആലപിക്കുന്നവര്‍ക്ക് അത് തുടരുകയും ചെയ്യാം. എന്തെന്നാല്‍ കള്ളപ്പണത്തെക്കുറിച്ചോ, കള്ളക്കടത്തിനെക്കുറിച്ചോ ആരും കൂടുതല്‍ അന്വേഷിക്കില്ല. ചക്കരക്കുടത്തില്‍ കൈയിടാന്‍ അവസരം ലഭിക്കാതെ നിരാശരായ ചില ട്രസ്റ്റ് അംഗങ്ങളോ പ്രശാന്തി നിലയം ഭാരവാഹികളോ ചോര്‍ത്തിക്കൊടുത്ത വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പോലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് കൂടി അവസരം കൊടുത്ത് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായ ട്രസ്റ്റ് അംഗങ്ങള്‍ കാര്യങ്ങള്‍ ഭംഗിയാക്കും. കാരണം അവര്‍ക്ക് മുന്നില്‍ പ്രശാന്തി നിലയത്തിലുയരുന്ന സ്മാരകം പൊന്‍മുട്ടയിടുന്ന താറാവായിട്ടുണ്ട്.

2 comments:

  1. വൈരുധ്യാത്മക ആത്മീയവാദിക്ക്, ഉചിതരായ ശിഷ്യരെ ലഭിച്ചുവെന്ന് പരലോകത്തിരുന്ന് അഭിമാനിക്കാം.

    ആള്‍ ദൈവങ്ങളുടെ സ്വന്തം രാജ്യമാണ് ഭാരതം
    ഇവരെയെല്ലാം സഹിക്കുകയല്ലാതെ നിവര്‍ത്തിയില്ല
    വിദ്യ സമ്പന്നരായ ആളുകള്‍ ഇവര്‍ക്ക് പിന്നാലെ പോകുന്നത് എന്ത് കൊണ്ടാണന്ന് മനസ്സിലാവുന്നില്ല

    താങ്കളുടെ ഈ പൊളിച്ചെഴുത്ത് കാര്യങ്ങള്‍ മനസിലാക്കുവാന്‍ ഉപകരിക്കും

    ഭാവുകങ്ങള്‍

    ReplyDelete
  2. പ്രിയ സുഹ്ര്തെ..
    ഈ തുറന്നെഴുതുകള്‍ ആള്‍ ദൈവ വിശ്വാസികള്‍ ഒരിക്കലും അംഗീകരിച്ചു തരില്ല. അവര്‍ ഇങ്ങനെയുള്ള ആള്‍ ദൈവങ്ങളെ കണ്ണും കാതും അടച്ചു തനിക്കു ജന്മം നല്‍കിയ അച്ഛനും അമ്മയ്ക്കും നല്‍കാത്ത ബഹുമാനവും പദവിയും നല്‍കി ആദരിക്കുകയാണ്. എന്തിനു പ്രപഞ്ച സൃഷ്ട്ടാവായ ദൈവത്തിനു നല്‍കുന്നതിലും വലിയ ഒരു ചൈതന്യം ആണ് വിഡ്ഢികളായ ബുദ്ധിമാന്മാര്‍ ഇവര്‍ക്ക് നല്‍കുന്നത്. ഇങ്ങനെയുള്ള ആള്‍ ദൈവങ്ങള്‍ കൂടുതല്‍ സൃഷ്ട്ടിക്കപ്പെടുന്നത് നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് മാത്രം ആയിരക്കും. ഇങ്ങനെയുള്ള ദിവ്യന്മാരെ വളര്‍ത്തുന്നതില്‍ മതങ്ങള്‍ക്കും രാഷ്ട്രീയങ്ങള്‍ക്കും പങ്കുണ്ട്. ഒരിറ്റു വിയര്‍പ്പു പോലും പോടിക്കാതെയാണ് കോടികളുടെ അതിപന്മാരായി ഈ ദൈവങ്ങള്‍ മാറുന്നത്.
    നാളെ പരലോകത്ത് ഇവരുടെ സ്ഥാനം എന്താകും..??? ഇവരുടെ ദാസന്മാരുടെയും..

    ReplyDelete