2011-06-18

വാതകത്തില്‍ അലിഞ്ഞ കോടികള്‍



ഒരു കുടം കൂടി തുറക്കാന്‍ പോകുകയാണ്‌. അതില്‍ നിന്ന്‌ പുറത്തുവരുന്ന അഴിമതി ഭൂതം ഡോ. മന്‍മോഹന്‍ സിംഗ്‌ നേതൃത്വം നല്‍കുന്ന രണ്ടാം യു പി എ സര്‍ക്കാറിനൊപ്പം നമ്മുടെ നീതിന്യായ സംവിധാനത്തെക്കൂടി പിടിച്ചുലച്ചേക്കും. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന ബഹുമതി ഇപ്പോള്‍ കരസ്ഥമായിരിക്കുന്നത്‌ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്‌ട്രം അനുവദിച്ചതിന്റെ ഭാഗമായി നടന്ന ഇടപാടിനാണ്‌. അതിലേക്ക്‌ പുതിയ ഏടുകള്‍ ചേര്‍ക്കപ്പെടുന്നുമുണ്ട്‌. എന്നാല്‍ പ്രകൃതിവാതക ഖനനത്തിന്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ അനുവാദം നല്‍കിയതും പിന്നീട്‌ വാതകത്തിന്റെ വില നിശ്ചയിച്ചതുമായ ഇടപാടുകള്‍ പരിശോധിക്കപ്പെടുകയാണെങ്കില്‍ അഴിമതിപ്പട്ടം ടെലികോം ഇടപാടിന്‌ നഷ്‌ടമാകുമെന്നാണ്‌ സൂചനകള്‍. പ്രകൃതി വാതക ഖനനം നടത്തുന്നതിന്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ അനുവാദം നല്‍കിയത്‌ സംബന്ധിച്ച്‌ പരിശോധന നടത്തിയ ശേഷം കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പ്രാഥമിക റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ കൈമാറിയിട്ടുണ്ട്‌. ഇതിന്‍മേല്‍ സര്‍ക്കാറിനുള്ള വിശദീകരണം കേട്ടതിനു ശേഷം അന്തിമ റിപ്പോര്‍ട്ട്‌ തയ്യാറാക്കും. അതോടെ മാത്രമേ ഈ ഇടപാടിലെ അഴിമതിയെക്കുറിച്ചും പൊതുഖജനാവിനുണ്ടായ നഷ്‌ടത്തെക്കുറിച്ചും വ്യക്തമായ രൂപം ലഭിക്കുകയുള്ളൂ. പ്രാഥമിക റിപ്പോര്‍ട്ട്‌ ഒന്നുറപ്പിക്കുന്നു, ആശാസ്യമല്ലാത്തത്‌ ചിലത്‌ നടന്നുവെന്ന്‌. 

കൃഷ്‌ണ - ഗോദാവരി ബേസിനിലെ ഡി ആറ്‌ ബ്ലോക്കില്‍ എണ്ണ ഖനനം നടത്തുന്നതിനുള്ള കരാര്‍ നേടിയത്‌ മുകേഷ്‌ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡാണ്‌. ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ആദ്യമുണ്ടാക്കിയ കരാറില്‍ മൂലധന ചെലവായി കാണിച്ചത്‌ 240 കോടി ഡോളറായിരുന്നു. ഇത്‌ പിന്നീട്‌ 850 കോടി ഡോളറായി പുതുക്കി നിശ്ചയിച്ചു. ഇങ്ങനെ ചെലവ്‌ പെരുപ്പിച്ച്‌ കാട്ടിയതു മൂലം പൊതു ഖജനാവിന്‌ കോടികളുടെ നഷ്‌ടമുണ്ടായെന്നാണ്‌ സി എ ജി പറയുന്നത്‌. ഇങ്ങനെ നഷ്‌ടമുണ്ടാക്കും വിധത്തില്‍ ഉത്‌പന്ന പങ്കിടല്‍ കരാറു (പ്രൊഡക്‌ഷന്‍ ഷെയറിംഗ്‌ എഗ്രിമെന്റ്‌ - പി എസ്‌ എ) ണ്ടാക്കിയതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നതാണ്‌ ഇനി അറിയേണ്ടത്‌. പി എസ്‌ എയാണ്‌ ഇതില്‍ പ്രധാനം. എണ്ണ, പ്രകൃതി വാതക നിക്ഷേപം ഉണ്ടോ ഇല്ലയോ എന്ന്‌ കണ്ടെത്താനും ഉണ്ടെങ്കില്‍ ഉത്‌പാദനം ആരംഭിക്കുന്നതിനും വേണ്ട നിക്ഷേപം വലുതാണ്‌. ഈ തുക നിക്ഷേപിക്കാനുള്ള ചുമതല സ്വകാര്യ കമ്പനിക്കാണ്‌. ഇങ്ങനെ നിക്ഷേപിക്കുന്ന തുക തിരിച്ചെടുക്കുന്നതിന്‌ ഉത്‌പന്നത്തില്‍ ഒരു ഭാഗം കമ്പനിക്ക്‌ ഉപയോഗിക്കാം. വിറ്റുവരവ്‌ അവരുടെത്‌ മാത്രം. ബാക്കി ഭാഗം വിറ്റു കിട്ടുന്നതിന്റെ നിശ്ചിത ശതമാനം കമ്പനിക്കാണ്‌. ബാക്കി പൊതു ഖജനാവിനും. 80 ശതമാനം പൊതു ഖജനാവിനും 20 ശതമാനം കമ്പനിക്കുമെന്നതാണ്‌ സാധാരണ പിന്തുടരുന്ന പങ്കിടല്‍ മാതൃക. ഇതാണ്‌ പി എസ്‌ എ കൊണ്ടുദ്ദേശിക്കുന്നത്‌. 



ഇവിടെ നിക്ഷേപത്തുക പെരുപ്പിച്ചുകാട്ടാന്‍ റിലയന്‍സിന്‌ അവസരമൊരുക്കുമ്പോള്‍ അതിന്‌ ആനുപാതികമായ പ്രകൃതി വിഭവം അവര്‍ക്ക്‌ സൗജന്യമായി ലഭിക്കുകയാണ്‌. അത്‌ വിറ്റഴിച്ച്‌ റിലയന്‍സ്‌ ലാഭമുണ്ടാക്കും. മുകേഷ്‌ അംബാനി പുതിയ കൊട്ടാരങ്ങള്‍ കെട്ടി ഉയര്‍ത്തുകയും ചെയ്യും. സി എ ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്‌ വരുന്നതിന്‌ ഏറെക്കാലം മുമ്പ്‌ തന്നെ ചെലവ്‌ പെരുപ്പിച്ച്‌ കാണിച്ചുവെന്ന വിവരം കേന്ദ്ര എണ്ണ മന്ത്രാലയത്തിനും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഓഫീസിനും അറിയാമായിരുന്നു. ആദ്യ ഘട്ടത്തില്‍ 40 യൂനിറ്റ്‌ വാതകത്തിന്റെ ഉത്‌പാദനത്തിന്‌ 240 കോടി ഡോളര്‍ ചെലവ്‌ വരുമെന്ന്‌ അറിയിച്ച റിലയന്‍സ്‌, രണ്ടാം ഘട്ടത്തില്‍ 80 യൂനിറ്റ്‌ ഉത്‌പാദനത്തിന്‌ ചെലവായി കാണിച്ചത്‌ 850 കോടി ഡോളറാണ്‌. ഉത്‌പാദനം ഇരട്ടിക്കുമ്പോള്‍ ചെലവ്‌ നാലിരട്ടിയാകുന്നതിലെ പൊരുത്തക്കേട്‌ ചൂണ്ടിക്കാണിച്ച്‌ ലോക്‌സഭാംഗമായ തപന്‍ സെന്‍ 2006ലും 2007ലും പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയോ സര്‍ക്കാറോ ഇടപെടാന്‍ തയ്യാറാകാതെ മാറി നിന്നു. മുകേഷ്‌ അംബാനിക്കുണ്ടാകുന്ന ലാഭം ഇല്ലാതാക്കേണ്ട കാര്യം അവര്‍ക്കുണ്ടായിരുന്നില്ല എന്ന്‌ അനുമാനിക്കേണ്ടിവരും. അംബാനിയുടെ ലാഭത്തിലൊരു ഭാഗം തങ്ങള്‍ക്ക്‌ ലഭിക്കുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടുമാകാം മാറി നിന്നത്‌. അവസരം മുതലെടുക്കാന്‍ മുകേഷ്‌ അംബാനി ഒട്ടും മടിച്ചതുമില്ല. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ മുപ്പത്‌ ശതമാനം ഓഹരി 760 കോടി ഡോളറിന്‌ ബ്രിട്ടീഷ്‌ പെട്രോളിയത്തിന്‌ വിറ്റു. കെ ജെ ബേസിനില്‍ ഇടപെടാന്‍ ബ്രിട്ടീഷ്‌ പെട്രോളിയത്തിന്‌ വഴിയൊരുങ്ങുകയും ചെയ്‌തു. റിലയന്‍സുമായി മാത്രമല്ല, കെയിന്‍ എനര്‍ജി തുടങ്ങിയ കമ്പനികളുമായും ഇതേ പി എസ്‌ എയാണ്‌ ഉണ്ടാക്കിയത്‌. ഖജനാവിനുണ്ടായ നഷ്‌ടം സി എ ജി കണക്ക്‌ കൂട്ടിക്കഴിയുമ്പോള്‍ ഇത്രയധികം പൂജ്യങ്ങള്‍ താന്‍ ജീവിതത്തിലിന്നോളം കണ്ടിട്ടില്ലെന്ന്‌ സ്‌പെക്‌ട്രം കേസില്‍ പറഞ്ഞ സുപ്രീം കോടതി ജഡ്‌ജിക്ക്‌ പുതിയ ആശ്ചര്യത്തിന്‌ വക കിട്ടിയേക്കും.

റിലയന്‍സ്‌ കേസില്‍ അഴിമതിയുടെ ഒരു ഘട്ടം മാത്രമേയാകുന്നുള്ളൂ പി എസ്‌ എ. രണ്ടാം ഘട്ടം പ്രകൃതി വാതകത്തിന്റെ വില നിശ്ചയിച്ചതിലാണ്‌. ഒരു മില്യന്‍(പത്ത്‌ ലക്ഷം) ബ്രിട്ടീഷ്‌ തെര്‍മല്‍ യൂനിറ്റ്‌ (എം ബി ടി യു) വാതകത്തിന്‌ 2.34 ഡോളറാണ്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ആദ്യം നിശ്ചയിച്ച വില. ഇത്രയും വാതകത്തിന്റെ ഉത്‌പാദനച്ചെലവ്‌ 1.43 ഡോളറാണെന്ന്‌ വ്യക്തമാക്കിയാണ്‌ വില പ്രഖ്യാപിച്ചത്‌. ഇതനുസരിച്ച്‌ വാതകം വാങ്ങാന്‍ മുകേഷിന്റെ സഹോദരന്‍ അനിലിന്റെ ഉടസ്ഥതയിലുള്ള റിലയന്‍സ്‌ കമ്പനിയും നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും (എന്‍ ടി പി സി) റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസുമായി കരാറുണ്ടാക്കി. ഈ വിലക്ക്‌ വില്‍ക്കുമ്പോള്‍ പോലും അമ്പത്‌ ശതമാനം ലാഭമുറപ്പായിരുന്നു. അധികം വൈകാതെ കരാറില്‍ പാകപ്പിഴകളുണ്ടെന്നും കൂടുതല്‍ വില നല്‍കണമെന്നും മുകേഷ്‌ അംബാനി ഗ്രൂപ്പ്‌ ആവശ്യപ്പെട്ടു. 


ഇത്‌ സംബന്ധിച്ച തര്‍ക്കം നടക്കുന്നതിനിടെ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഒരു മില്യന്‍ ബ്രിട്ടീഷ്‌ തെര്‍മല്‍ യൂനിറ്റ്‌ വാതകത്തിനുള്ള വില 4.2 ഡോളറായി നിശ്ചയിച്ച്‌ നല്‍കി. എന്തിനാണ്‌ ഇത്രയും ഉയര്‍ന്ന വില നിശ്ചയിച്ച്‌ നല്‍കിയത്‌ എന്ന്‌ ചോദിക്കരുത്‌. നേരത്തെയുണ്ടാക്കിയ കരാറില്‍ പറയുന്ന വിലക്ക്‌ വാതകം നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ അനില്‍ അംബാനി ഗ്രൂപ്പ്‌ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചു. ഇത്‌ ചോദ്യം ചെയ്‌ത്‌ മുകേഷ്‌ അംബാനി സുപ്രീം കോടതിയെ സമീപിച്ചു. പ്രകൃതി വാതകം പ്രകൃതി വിഭവമാണെന്നും രാജ്യത്തിന്റെ പൊതുസ്വത്തായ ഈ വിഭവത്തിന്റെ വില നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ അധികാരമുണ്ടെന്നുമായിരുന്നു അന്ന്‌ ചീഫ്‌ ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി ബഞ്ച്‌ വിധിച്ചത്‌. മുകേഷ്‌ അംബാനി ഗ്രൂപ്പ്‌, അവര്‍ തന്നെ പറയുന്നത്‌ പ്രകാരം, 1.43 ഡോളര്‍ ചെലവഴിച്ച്‌ ഉത്‌പാദിപ്പിക്കുന്ന ഒരു എം ബി ടി യു വാതകത്തിന്‌ 4.2 ഡോളര്‍ വില ലഭിക്കണമെന്ന വാശി കേന്ദ്ര സര്‍ക്കാറിനുണ്ടായി. ഇതേ വാശി സുപ്രീം കോടതിക്കും. അനില്‍ അംബാനി ഗ്രൂപ്പ്‌ ഉയര്‍ന്ന വിലക്ക്‌ വാതകം വാങ്ങി താപ വൈദ്യുതി നിലയങ്ങളിലും മറ്റും ഉപയോഗിക്കും. ഈ വൈദ്യുതി സര്‍ക്കാര്‍ വാങ്ങി ജനങ്ങള്‍ക്ക്‌ നല്‍കും. ഇന്ധന വിലക്കനുസരിച്ച്‌ വൈദ്യുതി വില അനില്‍ അംബാനി കൂട്ടും. അതിനനുസരിച്ച്‌ ജനങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ പിരിക്കും. ഫലത്തില്‍ ഈ ഇടപാടിന്റെ ബാധ്യതയും ജനങ്ങളുടെ തലയിലാണ്‌ വരുന്നത്‌. നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ കൂടിയ വിലക്ക്‌ വാതകം വാങ്ങുമ്പോഴും ബാധ്യത ജനങ്ങള്‍ക്കാണ്‌.

സുപ്രീം കോടതിയുടെ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തു നിന്ന്‌ വിരമിക്കാന്‍ ഏതാനും ദിവസം മാത്രം ശേഷിക്കെയാണ്‌ ഈ കേസില്‍ വിധി പറയാന്‍ കെ ജി ബാലകൃഷ്‌ണന്‍ തീരുമാനിച്ചത്‌. രാജ്യത്തെ പ്രമുഖ വ്യവസായികളായ സഹോദരന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പ്രഖ്യാപിച്ച്‌ ചരിത്രത്തില്‍ ഇടം നേടാനായിരുന്നു കെ ജി ബാലകൃഷ്‌ണന്റെ ഉദ്ദേശ്യമെന്ന്‌ വിശ്വസിക്കുക പ്രയാസമാണ്‌. അതിനപ്പുറത്ത്‌ കാരണങ്ങളുണ്ടാകണം ഈ തിടുക്കത്തിന്‌. കേന്ദ്ര സര്‍ക്കാറിന്‌ വില നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന്‌ മാത്രമാണ്‌ വിധി. അതുകൊണ്ട്‌ പ്രത്യക്ഷത്തില്‍ വിധിയില്‍ അപാകം കാണാനാകുകയുമില്ല. കോടികളുടെ ലാഭം മുകേഷിന്‌ ഉണ്ടാകുമെന്ന്‌ ജഡ്‌ജിമാര്‍ക്ക്‌ അറിയാമായിരുന്നുവെന്ന വസ്‌തുത കാണാതിരുന്നുകൂടാ. കൂടിയ വിലക്ക്‌ പ്രകൃതി വാതകം വില്‍ക്കാന്‍ അനുവാദം ലഭിച്ചതിന്‌ ശേഷമാണ്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ മുപ്പത്‌ ശതമാനം ഓഹരി ബ്രിട്ടീഷ്‌ പെട്രോളിയത്തിന്‌ മുകേഷ്‌ അംബാനി വിറ്റത്‌. കൂടിയ വിലക്ക്‌ വില്‍ക്കാനുള്ള അനുവാദം ലഭിച്ചില്ലായിരുന്നുവെങ്കില്‍ 30 ശതമാനം ഓഹരിക്ക്‌ 760 കോടി ഡോളര്‍ നല്‍കാന്‍ ബ്രിട്ടീഷ്‌ പെട്രോളിയം തയ്യാറാകുമായിരുന്നില്ല. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ ഓഹരി വില കൂട്ടുക എന്ന ഉദ്ദേശ്യം കൂടി കേന്ദ്ര സര്‍ക്കാറിനും സുപ്രീം കോടതിക്കുമുണ്ടായിരുന്നോ എന്ന്‌ സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.

ചുരുക്കത്തില്‍ ബഹുമുഖമായ അഴിമതിയുടെ അഗ്രം മാത്രമാണ്‌ സി എ ജിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ കാണുന്നത്‌. ടെലികോം അഴിമതിയില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചുവെന്ന്‌ കരുതപ്പെടുന്ന നീതിന്യായ വ്യവസ്ഥയെ ഈ ഇടപാടില്‍ എവിടെ നിര്‍ത്തും? ചെലവ്‌ പെരുപ്പിച്ചു കാണിക്കുകയാണെന്ന്‌ ചൂണ്ടിക്കാണിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്‌ത കത്തുകള്‍ മുന്നിലുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുകയും പ്രകൃതിവാതകത്തിന്റെ വില കൂട്ടി നല്‍കി ലാഭം വീണ്ടും ഇരട്ടിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്‌ത മന്‍മോഹന്‍ സിംഗിനെയും കൂട്ടരെയും എവിടെ നിര്‍ത്തും? ഒന്നാം യു പി എ സര്‍ക്കാറിന്റെ പകുതിയില്‍ തുടങ്ങി രണ്ടാം യു പി എ സര്‍ക്കാറില്‍ അടുത്തകാലം വരെ എണ്ണ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച മുരളി ദേവ്‌റക്ക്‌ മുകേഷ്‌ അംബാനിയുമായി അടുത്ത ബന്ധമുണ്ടെന്നത്‌ പകല്‍ പോലുള്ള രഹസ്യമാണ്‌. കോണ്‍ഗ്രസിന്റെ ഫണ്ട്‌ ശേഖരണത്തില്‍ ദേവ്‌റ വഹിച്ച പങ്ക്‌ ഏത്‌ എ ഐ സി സി ഭാരവാഹിയോട്‌ ചോദിച്ചാലും പറഞ്ഞുതരികയും ചെയ്യും. അതുകൊണ്ട്‌ തന്നെ ഒരു രാജയുടെയോ കനിമൊഴിയുടെയോ ഏതാനും സ്വകാര്യ കമ്പനി മുതലാളിമാരുടെയോ ചുമലില്‍ ടെലികോം അഴിമതി കെട്ടിവെച്ചതുപോലെ കാര്യങ്ങള്‍ നടന്നുകൊള്ളണമെന്നില്ല. സി എ ജിയുടെ അന്തിമ റിപ്പോര്‍ട്ട്‌ വരുന്നതിന്‌ മുമ്പ്‌ തന്നെ പ്രതിരോധമൊരുക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment