2010-02-17

ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌


പൂനെ സ്‌ഫോടനം അതില്‍ നഷ്‌ടപ്പെട്ട പത്ത്‌ ജീവനെക്കാളും ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ആസുര ശക്തികളെക്കാളുമൊക്കെ ശ്രദ്ധേയമാക്കിയത്‌ പി ചിദംബരം എന്ന ആഭ്യന്തര മന്ത്രിയെയാണ്‌. മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ ഉയരുമായിരുന്ന മുറവിളികള്‍ തടുത്തുനിര്‍ത്താന്‍ പളനിയപ്പന്‍ ചിദംബരത്തിന്‌ സാധിച്ചു. 2008ല്‍ ന്യൂഡല്‍ഹിയില്‍ സ്‌ഫോടന പരമ്പരയുണ്ടാവുമ്പോള്‍ ശിവരാജ്‌ പാട്ടീലായിരുന്നു ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത്‌. സ്‌ഫോടനത്തിന്‌ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയപ്പോള്‍ ധരിച്ചിരുന്ന കോട്ട്‌, പിന്നീട്‌ മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോഴേക്കും പാട്ടീല്‍ മാറ്റിയിരുന്നു. വൈകിട്ട്‌ പ്രധാനമന്ത്രി വിളിച്ച യോഗത്തിനെത്തുമ്പോഴേക്കും വീണ്ടും കോട്ട്‌ മാറ്റി. തലസ്ഥാനത്ത്‌ സ്‌ഫോടന പരമ്പരയുണ്ടായപ്പോള്‍ ആഭ്യന്തര മന്ത്രി പ്രകടിപ്പിച്ച ശുചിത്വ ബോധം പിന്നീട്‌ ചര്‍ച്ച ചെയ്യപ്പെട്ടു. 




പൂനെയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ തമിഴ്‌നാട്ടിലായിരുന്നു ചിദംബരം. പിറ്റേന്ന്‌ നേരം പുലര്‍ന്നത്‌ ചിദംബരം സ്‌ഫോടനസ്ഥലം സന്ദര്‍ശിക്കുന്നുവെന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്‌. സ്‌ഫോടനത്തില്‍ പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കൂടി കണ്ടതിനു ശേഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനൊപ്പം ചിദംബരം വാര്‍ത്താ സമ്മേളനത്തിനെത്തി.



``നിങ്ങള്‍ ഒന്നിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്‌. ഞാനം പ്രചരിപ്പിക്കില്ല. അന്വേഷണത്തിനു ശേഷം തെളിവുകളുമായി നമുക്ക്‌ സംസാരിക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം എന്റെ അറിവനുസരിച്ച്‌ മറുപടി നല്‍കിയ ശേഷമേ മടങ്ങുകയുള്ളൂ'' - വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരത്തിന്റെ ആമുഖ വാക്യങ്ങള്‍. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി. ഒരു ചോദ്യം പോലും ചോദിക്കാത്തവരെ തിരഞ്ഞുപിടിച്ച്‌ അവസരം നല്‍കി. മുമ്പ്‌ `ചിന്ത' വാരികയിലെ ചോദ്യോത്തര പംക്തിയിലേക്ക്‌ അയക്കുന്ന ചോദ്യങ്ങള്‍ ഇ എം എസ്‌ തിരുത്തിയിരുന്നതുപോലെ ചോദ്യം ചോദിക്കേണ്ടിയിരുന്നത്‌ അങ്ങനെയല്ലെന്ന്‌ പറഞ്ഞ്‌ സ്വയം ചോദ്യം ചോദിച്ച്‌ മറുപടി പറഞ്ഞ്‌ ചിദംബരം നിറഞ്ഞു. സ്‌ഫോടനത്തിന്‌ കാരണം ഇന്റലിജന്‍സ്‌ വീഴ്‌ചയല്ലെന്ന്‌ സമര്‍ഥിച്ച്‌ അദ്ദേഹം മടങ്ങി. 




രാഷ്‌ട്രീയ, ഭരണ നേതൃത്വങ്ങളിലുള്ളവരെ സംബന്ധിച്ച്‌ ഒരു വിഷയം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും അത്‌ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നതുമാണ്‌ വലിയ പ്രതിസന്ധി. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാകണമെങ്കില്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കണം. അത്‌ നല്ലപോലെ പഠിച്ചയാളാണ്‌ താനെന്ന്‌ ചിദംബരം തെളിയിച്ചു. ജര്‍ണയില്‍ സിംഗിന്റെ ഷൂ തന്റെ നേരെ കൂതിച്ചപ്പോള്‍ പോലും പതറാതിരുന്ന നയതന്ത്ര സൗന്ദര്യം.



പൂനെ നയതന്ത്ര ദൗത്യത്തിനിടെ അദ്ദേഹം പറഞ്ഞതില്‍ ഒരു കാര്യം സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല മഹാരാഷ്‌ട്രയിലെ ഭീകര വിരുദ്ധ സേനക്കാണ്‌ എന്നതായിരുന്നു. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍ ഐ എ) ഉദ്യോഗസ്ഥരെ അവിടേക്ക്‌ നിയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍ ഐ എ രൂപവത്‌കരിച്ചതിന്‌ ശേഷം ആദ്യമായാണ്‌ ഇത്തരൊരു സംഭവം നടക്കുന്നത്‌. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ പ്രാഥമിക പഠനത്തിന്‌ ഉചിതമെന്ന നിലയിലാണ്‌ പൂനെയിലേക്ക്‌ നിയോഗിച്ചത്‌ എന്നും ചിദംബരം പറഞ്ഞു. അന്വേഷണത്തില്‍ മഹാരാഷ്‌ട്ര പോലീസിനെ എന്‍ ഐ എ സഹായിക്കുക മാത്രമേ ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ക്കും ഒരു പരാതിയുമുണ്ടായില്ല.



മുംബൈ ആക്രമണത്തിന്‌ ശേഷമാണ്‌ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ (എഫ്‌ ബി ഐ) മാതൃകയില്‍ എന്‍ ഐ എ രൂപവത്‌കരിച്ചത്‌. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏകോപിപ്പിച്ച അന്വേഷണം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. പക്ഷേ, അത്തരമൊരു സംഗതിയാണോ നടക്കുന്നത്‌ എന്നത്‌ സംബന്ധിച്ച സംശയങ്ങള്‍ ഉയരുന്നുണ്ട്‌. എന്‍ ഐ എ രൂപവത്‌കരിച്ചതിനു ശേഷം ആദ്യമായി നടന്ന പൂനെ സ്‌ഫോടനത്തിന്റെ അന്വേഷണച്ചുമതല മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനക്ക്‌ തന്നെയാണെന്ന്‌ വ്യക്തമാക്കുമ്പോള്‍ ഈ സംശയം ബലപ്പെടുകയും ചെയ്യുന്നു.



കേസുകള്‍ എന്‍ ഐ എക്ക്‌ കൈമാറുന്നതിനെ പരസ്യമായി ആദ്യം ചോദ്യം ചെയ്‌തത്‌ കേരളമായിരുന്നു. സംസ്ഥാനത്തെ നാല്‌ കേസുകളാണ്‌ എന്‍ ഐ എക്ക്‌ കൈമാറിയത്‌. കോഴിക്കോട്‌ ഇരട്ട സ്‌ഫോടനം, കാശ്‌മീരില്‍ വെച്ച്‌ നാല്‌ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടത്‌, വാഗമണ്ണിലും പാനായിക്കുളത്തും സ്റ്റുഡന്റ്‌സ്‌ ഇസ്‌ലാമിക്‌ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി) ക്യാമ്പുകള്‍ നടത്തിയെന്ന ആരോപണം, കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ എന്നിവയാണ്‌ അവ. കേരള പോലീസ്‌ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട്‌ (എഫ്‌ ഐ ആര്‍) തങ്ങളുടെ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലായതിനാല്‍ അവിടുത്തെ പോലീസ്‌ സ്റ്റേഷനില്‍ റീ രജിസ്റ്റര്‍ ചെയ്യുക മാത്രമാണ്‌ ഇതുവരെ ചെയ്‌തത്‌. അന്വേഷണം നടക്കുന്നുണ്ടെന്നും വസ്‌തുതകള്‍ പുറത്തുവരുമെന്നും വിശ്വസിച്ച്‌ നമുക്ക്‌ മുന്നോട്ടുപോകാം.



കേരള സര്‍ക്കാറിനെയോ പോലീസിനെയോ അറിയിക്കാതെയാണ്‌ കേസ്‌ ഏറ്റെടുത്തത്‌ എന്ന ആക്ഷേപമാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ആദ്യം ഉന്നയിച്ചത്‌. ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്‍മേല്‍ കടന്നു കയറും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും പിന്നീട്‌ വിമര്‍ശിച്ചു. എന്നാല്‍ കേസുകള്‍ ഏറ്റെടുത്തതില്‍ അപാകതയൊന്നുമില്ലെന്നും കേരള സര്‍ക്കാറിനെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നുമാണ്‌ ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞത്‌. സ്വദേശത്തും വിദേശത്തും ഒരുപോലെ ബന്ധങ്ങളുള്ള കേസായതിനാലാണ്‌ ഈ നാലെണ്ണം എന്‍ എ ഐ ഏറ്റെടുത്തതെന്നും വിശദീകരണമുണ്ടായി. 




ഏതാണ്ട്‌ ഇതേ വിശദീകരണങ്ങളൊക്കെ ബാധകമാണ്‌ പൂനെയിലെ സ്‌ഫോടനത്തിനും. സ്‌ഫോടനത്തിന്‌ പിന്നില്‍ വിദേശശക്തികളുടെ സാന്നിധ്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ സംശയിക്കുന്നുണ്ട്‌. മുംബൈ ആക്രമണക്കേസില്‍ ആരോപണ വിധേയനായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടെ പേര്‌ ഇവിടെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. പാക്‌ അധീന കാശ്‌മീരില്‍ ജമാഅത്തുദ്ദഅ്‌വ നടത്തിയ സമ്മേളനത്തില്‍ ഒരാള്‍ നടത്തിയ പ്രസംഗത്തില്‍ പൂനെ ആക്രമണത്തെക്കുറിച്ച്‌ സൂചിപ്പിച്ചുവെന്ന റിപ്പോര്‍ട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. കേരളത്തില്‍ നിന്ന്‌ ഏറ്റെടുത്ത നാല്‌ കേസുകളേക്കാള്‍ ഗൗരവമുണ്ട്‌ പൂനെയിലെ സ്‌ഫോടനത്തിന്‌ എന്ന്‌ പ്രഥമ ദൃഷ്‌ട്യാതന്നെ മനസ്സിലാക്കാവുന്നതാണ്‌. എന്നിട്ടും പുനെ സ്‌ഫോടനം മഹാരാഷ്‌ട്ര പോലീസിലെ ഭീകര വിരുദ്ധ സേന അന്വേഷിച്ചാല്‍ മതിയെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.



ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും അന്വേഷിക്കുന്നത്‌ കര്‍ണാടക പോലീസാണ്‌. ഈ കേസില്‍ ആരോപണ വിധേയനായ തടിയന്റവിട നസീര്‍ കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസിലും ആരോപണ വിധേയനാണ്‌. എന്നിട്ടും കളമശ്ശേരി കേസ്‌ ഏറ്റെടുത്ത എന്‍ ഐ എയോട്‌ ബംഗളൂരു സ്‌ഫോടന പരമ്പരയുടെ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചില്ല. സ്‌ഫോടന പരമ്പരയേക്കാള്‍ വലുതാണ്‌ തട്ടിയെടുത്ത ബസ്സ്‌ യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടതിനു ശേഷം കത്തിച്ച സംഭവം എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. എന്‍ ഐ എയുടെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്‌ണനും വി എസ്‌ അച്യുതാനന്ദനും ഉന്നയിച്ച സംശയങ്ങള്‍ വെറുതയല്ലെന്നും പറയേണ്ടിവരുന്നു.



അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയ താത്‌പര്യത്തിന്‌ ഉപയോഗിച്ച ചരിത്രം ഇവിടെ കുറവല്ല. ബൊഫോഴ്‌സ്‌ കേസില്‍ സി ബി ഐയെ ഉപയോഗിച്ച വിധം ഏവര്‍ക്കും അറിവുള്ളതാണ്‌. അര്‍ജന്റീനയില്‍ പിടിയിലായ ക്വത്‌റോച്ചിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടുന്നതിന്‌ യഥാസമയത്ത്‌ നടപടി സ്വീകരിക്കാതിരുന്ന സി ബി ഐയെ ശാസിച്ചത്‌ കോടതി തന്നെയാണ്‌. എന്തുകൊണ്ട്‌ നടപടി സ്വീകരിച്ചില്ല എന്നതിന്‌ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനപ്പുറത്ത്‌ കാരണമൊന്നും തിരക്കേണ്ടതില്ല. 1984ല്‍ നടന്ന സിഖ്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലും സി ബി ഐ രാഷ്‌ട്രീയ താത്‌പര്യത്തിന്‌ അനുസരിച്ച്‌ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശക്തമാണ്‌. ആരോപണവിധേയരായവര്‍ക്കെതിരെ മൊഴി നല്‍കാനെത്തിയവരെ സി ബി ഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ച സംഭവങ്ങള്‍ വരെയുണ്ട്‌. ഇത്തരത്തില്‍ മടക്കി അയക്കപ്പെട്ടവരില്‍ ചിലരെ പിന്നീട്‌ കണ്ടെത്താനേ കഴിഞ്ഞില്ലെന്നാണ്‌ സി ബി ഐ കോടതിയെ അറിയിച്ചത്‌. 




എന്‍ ഐ എയെക്കൂടി രാഷ്‌ട്രീയ താത്‌പര്യത്തിന്‌ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ്‌ ബലപ്പെടുന്നത്‌. കോണ്‍ഗ്രസും ബി ജെ പിയും ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളിലെ കേസുകളൊന്നും എന്‍ ഐ എയുടെ പക്കലില്ല എന്നതാണ്‌ വസ്‌തുത. ഗുജറാത്തിലെയോ കര്‍ണാടകത്തിലെയോ കേസുകള്‍ അതാതിടങ്ങളിലെ പോലീസ്‌ തന്നെ കൈകാര്യം ചെയ്യുന്നു. മഹാരാഷ്‌ട്രയിലെയും ഡല്‍ഹിയിലെയും കേസുകളും അങ്ങിനെ തന്നെ. കൊട്ടിഘോഷിക്കപ്പെട്ട എന്‍ ഐ എ പിന്നെ എന്താണ്‌ ചെയ്യുന്നത്‌? ഇതാണോ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ മാതൃകയിലുള്ള അന്വേഷണ ഏജന്‍സിയെക്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?



പൂനെ സ്‌ഫോടനത്തിന്റെ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായ കെ പി രഘുവംശിയാണ്‌. 2006ലെ മലേഗാവ്‌ സ്‌ഫോടനമടക്കം കേസുകളില്‍ ആരോപണ വിധേയനാണ്‌ ഇദ്ദേഹം. മലേഗാവ്‌ കേസില്‍ രഘുവംശിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌ത ഒമ്പത്‌ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ തെളിവില്ലെന്ന്‌ കോടതിയെ അറിയിച്ചത്‌ സി ബി ഐയാണ്‌. സി ബി ഐ ഈ കേസ്‌ ഏറ്റെടുക്കുന്ന ദിവസം ഈ യുവാക്കള്‍ക്കെതിരെ രഘുവംശിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇത്തരം ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തെ സഹായിക്കുക എന്ന റോളാണ്‌ എന്‍ ഐ എക്ക്‌ ഇപ്പോഴുള്ളത്‌. മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ അസമാന്യ ശേഷിയുള്ള ഒരു ആഭ്യന്തര മന്ത്രിയുണ്ടാവുമ്പോള്‍ ഇതൊന്നും പ്രശ്‌നമേയല്ല. 




യുക്തി ഭംഗമില്ലാത്ത മറുപടികള്‍ അദ്ദേഹത്തിനുണ്ട്‌. വേണമെങ്കില്‍ ചോദ്യങ്ങള്‍ തിരുത്തി അദ്ദേഹം മറുപടി നല്‍കും. അത്‌ സ്വീകരിക്കുക എന്നതാണ്‌ നമ്മുടെ കടമ. എന്‍ ഐ എ കേസുകള്‍ ഏറ്റെടുത്തതിലെ ക്രമക്കേടും അസാംഗത്യവും കോടിയേരിയോ വി എസ്സോ ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ രാഷ്‌ട്രീയ, മഅ്‌ദനി പക്ഷ താത്‌പര്യം കാണുന്നവര്‍, ചില കേസുകളില്‍ നിന്ന്‌ എന്‍ ഐ എയെ ഒഴിവാക്കി നിര്‍ത്തുമ്പോള്‍ രാഷ്‌ട്രീയം കാണില്ല. ഒരിടത്ത്‌ എന്‍ ഐ എയെ ഉള്‍പ്പെടുത്തുന്നതാണ്‌ ദേശീയ താത്‌പര്യമെങ്കില്‍ മറ്റൊരിടത്ത്‌ അവരെ ഒഴിവാക്കുന്നതാണ്‌. മഹാരാഷ്‌ട്ര പോലീസിനു പകരം എന്‍ ഐ എയെ അന്വേഷണത്തിന്‌ നിയോഗിക്കുന്നത്‌ പോലും മറാത്ത വികാരത്തിന്റെ മാപിനി ഉപയോഗിച്ച്‌ അളക്കുന്നവരുള്ളപ്പോള്‍ പ്രത്യേകിച്ചും.

2010-02-11

`വീരഭൂമി' കയ്യേറുമ്പോള്‍


രാജ്യത്ത്‌ ഇതുവരെ നടപ്പാക്കിയ നിയമങ്ങളില്‍വെച്ച്‌ ഏറ്റവും വിപ്ലവകരമായ ഒന്നാണ്‌ ഭൂപരിഷ്‌കരണ നിയമമെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. ജന്മിമാരുടെ കുടിയാന്‍മാരായി തുടര്‍ന്നിരുന്ന ജനലക്ഷങ്ങള്‍ക്കു ഭൂമിക്കുമേല്‍ ഉടമാവകാശം നല്‍കി അവരെ സാമൂഹിക, സാമ്പത്തിക പുരോഗതിയിലേക്കു നയിക്കുക എന്നതായിരുന്നു ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം. കേരളത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം നല്‍കിയ ആദ്യത്തെ സര്‍ക്കാര്‍ 1958 ലാണ്‌ ഇതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്‌. കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ കാരണങ്ങളിലൊന്ന്‌ ഇതായിരുന്നുവെന്നതില്‍ നിന്നു തന്നെ നിയമത്തിന്റെ ശക്തി മനസ്സിലാക്കാവുന്നതേയുള്ളൂ. 




വിമോചന സമരത്തിനു മാത്രമല്ല, നിരവധി നിയമ യുദ്ധങ്ങള്‍ക്കും ഇത്‌ വഴിവെച്ചു. രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളും ഭൂപരിഷ്‌കരണത്തിന്‌ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. സ്വത്ത്‌ സമ്പാദിക്കുന്നതിന്‌ ഭരണഘടന നല്‍കുന്ന അവകാശം ഹനിക്കുന്നതാണ്‌ ഈ നിയമമെന്നായിരുന്നു കോടതികളെ സമീപിച്ചവരുടെ പ്രധാന വാദം. സാമൂഹിക മാറ്റങ്ങള്‍ക്ക്‌ അനിവാര്യമായ നിയമങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത്‌ തടഞ്ഞുകൊണ്ട്‌ ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന്‌ പ്രേരണയായത്‌ ഭൂപരിഷ്‌കരണത്തെച്ചൊല്ലിയുള്ള നിയമ നടപടികളായിരുന്നു. ഇതാണ്‌ പിന്നീട്‌ ഒമ്പതാം പട്ടിക എന്ന പേരില്‍ പ്രസിദ്ധമായത്‌.



1958ല്‍ കൊണ്ടുവന്ന നിയമം പിന്നീട്‌ വന്ന സര്‍ക്കാറുകളുടെ ഭേദഗതികളൊക്കെ ചേര്‍ത്ത്‌ അന്തിമ രൂപത്തില്‍ എത്തുന്നതിന്‌ 12 കൊല്ലം വേണ്ടിവന്നു. തോട്ടങ്ങള്‍, വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി എന്നിവയെ നിയമത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുക എന്നതായിരുന്നു ഭേദഗതികളില്‍ പ്രധാനം. 1957ലെ ഇ എം എസ്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി നിയമം നടപ്പാക്കി എന്നതിനാല്‍ വ്യക്തികളുടെ പക്കല്‍ നിര്‍ദേശിക്കപ്പെട്ടതിലും അധികമുള്ള ഭൂമി (15 ഏക്കറാണ്‌ പരമാവധി കൈവശം വെക്കാന്‍ അനുവാദമുള്ളത്‌) പിടിച്ചെടുക്കലും അത്‌ കുടിയാന്‍മാര്‍ക്കും ഭൂരഹിതരായ മറ്റുള്ളവര്‍ക്കും വിതരണം ചെയ്യലും സാങ്കേതികമായി അന്നു തന്നെ തുടങ്ങിയിരുന്നു. 




സര്‍ക്കാറിന്റെ പക്കലുള്ള കണക്കനുസരിച്ച്‌ പിടിച്ചെടുത്ത ഭൂമി 99,277 ഏക്കറാണ്‌. വിതരണം ചെയ്‌തത്‌ 71,400 ഏക്കറും. ഏതാനും വര്‍ഷത്തെ പഴക്കമേ ഈ കണക്കിനുള്ളൂ. ഇനിയും ഏറ്റെടുക്കാനുള്ളതായി കണക്കാക്കിയിരിക്കുന്നത്‌ 43,776 ഏക്കറാണ്‌. ഭൂപരിഷ്‌കരണം കൊണ്ട്‌ 33 ലക്ഷം പേര്‍ക്ക്‌ ഗുണം ലഭിച്ചുവെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. നാല്‌ കോടിയോളം വരുന്ന കേരളത്തിലെ ജനസംഖ്യയില്‍ അഞ്ച്‌ ശതമാനത്തോളം മാത്രമേ ഇപ്പോള്‍ ഭൂരഹിതരായുള്ളൂവെന്നും സര്‍ക്കാറിന്റെ കണക്കുണ്ട്‌. ജനകീയ ജനാധിപത്യ വിപ്ലവം നടക്കുകയും കേന്ദ്രത്തില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്‌താല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പരിപാടികളില്‍ ഒന്ന്‌ ഭൂപരിഷ്‌കരണം രാജ്യത്താകെ നടപ്പാക്കുക എന്നതാണ്‌.



ഇത്രയും വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ വേണം വയനാട്ടില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭൂമി കൈവശപ്പെടുത്തല്‍ സമരത്തെ കാണാന്‍. എം പി വീരേന്ദ്രകുമാര്‍ പൈതൃക സ്വത്തായി ലഭിച്ചുവെന്ന്‌ അവകാശപ്പെടുന്ന, ഇപ്പോള്‍ എം വി ശ്രേയാംസ്‌ കുമാറിന്റെ പൈതൃക സ്വത്തായ കൃഷ്‌ണഗിരി എസ്റ്റേറ്റാണ്‌ സി പി എമ്മിന്റെ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആദ്യം കൈവശപ്പെടുത്തിയത്‌. സമിതിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂമിയില്‍ കുടിലുകള്‍ കെട്ടി അവകാശം സ്ഥാപിച്ചു. ഭരണനിര്‍വഹണത്തിന്റെയും ക്രമസമാധാന പാലനത്തിന്റെയും ഭാഗമായി ഭരണകൂടം ഇവരെ ഒഴിപ്പിച്ചു. ഇതുവരെ ശ്രേയാംസ്‌ കുമാറിന്റെത്‌ എന്നു പറഞ്ഞിരുന്ന ഭുമി സര്‍ക്കാറിന്റെതാണെന്ന്‌ വ്യക്തമാക്കുന്ന ബോര്‍ഡ്‌ ഇവിടെ സ്ഥാപിക്കുകയും ചെയ്‌തു. ഒരു എസ്റ്റേറ്റിലും, സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഭുമിയിലും സമരത്തിന്റെ തുടര്‍ച്ചയുണ്ടായി. 




ഇതിലൊരിടത്ത്‌ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനെത്തിയത്‌ സി പി എമ്മിന്റെ കീഴിലുള്ള കര്‍ഷകത്തൊഴിലാളികളുടെ സംഘടനയായ കെ എസ്‌ കെ ടി യു ആണ്‌. ആദിവാസികള്‍ മാത്രമല്ല, കര്‍ഷകത്തൊഴിലാളികളും ഭൂമിയില്ലാത്തവരായുണ്ടെന്നു സമരത്തിനു നേതൃത്വം നല്‍കുന്നതിലൂടെ സമൂഹത്തോട്‌ സമ്മതിക്കുകയാണ്‌ സി പി എം. ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ മുന്നോട്ടുവെച്ച ഭൂപരിഷ്‌കരണ നിയമം കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നു കൂടി സാക്ഷ്യപ്പെടുത്തപ്പെടുകയാണ്‌.



നേരത്തെ പറഞ്ഞ കണക്കുകള്‍ തന്നെ അതിനു സാക്ഷിയാണ്‌. ഏറ്റെടുത്ത മിച്ചഭൂമിയില്‍ 28,000ത്തോളം ഏക്കര്‍ സ്ഥലം ഇനിയും വിതരണം ചെയ്യാനുണ്ട്‌. ഏറ്റെടുക്കേണ്ടതായി കണ്ടെത്തിയിരിക്കുന്ന 43,776 ഏക്കര്‍ ഏറ്റെടുക്കുന്നതിന്‌ നടപടിയൊന്നുമുണ്ടാവുന്നുമില്ല. ഇതിനെല്ലാം പുറമെയാണ്‌ ഹാരിസണും ടാറ്റയും അടക്കമുള്ള വന്‍കിട കമ്പനികള്‍ തോട്ടങ്ങളുടെ മറവില്‍ നടത്തിയിരിക്കുന്ന കയ്യേറ്റങ്ങള്‍. അതിനെക്കുറിച്ചൊന്നും യാതൊരു കണക്കും ഇപ്പോഴും സര്‍ക്കാറിന്റെ പക്കലില്ല. ഇപ്പോള്‍ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍, തര്‍ക്കങ്ങളില്‍ നിന്നു തര്‍ക്കങ്ങളിലേക്കു നീങ്ങുമ്പോഴാണ്‌ സി പി എം വയനാട്ടില്‍ സമരമുഖം തുറന്നിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സമരത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടും.



ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ലഭിച്ചത്‌ സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ദളിത്‌, ആദിവാസി വിഭാഗങ്ങള്‍ക്കല്ല എന്ന വിമര്‍ശം ഉയരാന്‍ തുടങ്ങിയിട്ട്‌ ദശകങ്ങളായി. എന്നാല്‍ അക്കാലത്തൊക്കെ ഈ വിമര്‍ശത്തെ തള്ളിക്കളയുന്ന നിലപാടാണ്‌ സി പി എം സ്വീകരിച്ചിരുന്നത്‌. ഇപ്പോള്‍ ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ഭൂമിക്കുവേണ്ടി നടത്തുന്ന സമരത്തിനു നേതൃത്വം നല്‍കുമ്പോള്‍ സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്കു ഭൂമി ലഭ്യമാക്കുന്നതിനു നിയമം ഉപകാരപ്പെട്ടില്ല എന്ന്‌ പരോക്ഷമായി സമ്മതിക്കുകയാണ്‌ പാര്‍ട്ടി. അല്ലെങ്കില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തങ്ങളടക്കം നേതൃത്വം നല്‍കിയ സര്‍ക്കാറുകള്‍ക്ക്‌ വീഴ്‌ച പറ്റിയെന്നു സമ്മതിക്കുകയാണ്‌. ഇത്‌ തുറന്നു സമ്മതിക്കുകയും ഭൂവിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയുമാണ്‌ സി പി എം ചെയ്യേണ്ടത്‌. അല്ലെങ്കില്‍ സമരത്തിനുവേണ്ടിയുള്ള സമരം മാത്രമായി ഇപ്പോള്‍ നടക്കുന്നതിനെ കാണേണ്ടിവരും.



ഇതുപോലൊരു സമരം തന്നെയാണ്‌ ചെങ്ങറയിലെ ഹാരിസണ്‍ തോട്ടത്തിലും നടന്നത്‌. നേതൃത്വം സാധുജന സംയുക്ത വിമോചന വേദി എന്ന്‌ പേരിട്ട സംഘടനക്കായിപ്പോയെന്ന്‌ മാത്രം. സ്വന്തമായി ഭൂമി ലഭിക്കാതെ സമര ഭൂമിയില്‍ നിന്നിറങ്ങില്ല എന്ന വാശി കാണിക്കുകയും ചെയ്‌തു. അവര്‍ മറ്റു ചിലതുകൂടി ചൂണ്ടിക്കാട്ടിയിരുന്നു. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ദളിതുകള്‍ക്കും മറ്റ്‌ പിന്നാക്ക വിഭാഗങ്ങള്‍ക്കും ലഭിച്ചത്‌ അഞ്ച്‌ സെന്റ്‌ ഭൂമിയോ ലക്ഷം വീട്‌ കോളനികളില്‍ വീടോ മാത്രമാണെന്നതായിരുന്നു അതില്‍ പ്രധാനം. ലക്ഷ്യമിട്ട സാമൂഹ്യ, സാമ്പത്തിക ഉന്നമനം ഈ വിഭാഗങ്ങള്‍ക്ക്‌ സാധ്യമാക്കാന്‍ ഉതകുന്ന വിധത്തില്‍ ഭൂമിയുടെ വിതരണം നടന്നില്ല. ദളിതുകളും മറ്റും ഇന്നും പിന്നാക്കാവസ്ഥയില്‍ തുടരാന്‍ പ്രധാന കാരണമിതാണ്‌ എന്നതായിരുന്നു അവരുടെ വാദം. 




ഈ സമരക്കാരെ റബ്ബര്‍ മോഷ്‌ടാക്കളെന്ന്‌ വിളിച്ച്‌ ആക്ഷേപിക്കുകയാണ്‌ ഭരണകൂടം ചെയ്‌തത്‌. സര്‍ക്കാറിനെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നല്‍കി. സമരം തീര്‍ക്കുന്നതിന്‌ സര്‍ക്കാറും പ്രതിപക്ഷവും യോജിച്ച്‌ നടത്തിയ ചര്‍ച്ചകളില്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം സമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ നല്‍കാന്‍ ഇവിടെ ഭൂമിയില്ല എന്നതായിരുന്നു. ഈ നിലപാടുകളും മുമ്പ്‌ വിവരിച്ച കണക്കുകളും യോജിച്ചുപോവില്ല. വയനാട്ടില്‍ ശ്രേയാംസ്‌ കുമാറും മറ്റും ഏക്കറുകണക്കിന്‌ ഭൂമി കയ്യേറി എന്ന ആരോപണവും വൈരുധ്യമായി മാറും. ഇത്തരം കയ്യേറ്റങ്ങള്‍ നിലവിലുണ്ടെങ്കില്‍ അത്‌ ഒഴിപ്പിച്ചെടുത്ത്‌ ഭൂരഹിതരായ ജനവിഭാഗങ്ങള്‍ക്ക്‌ ഉപജീവന മാര്‍ഗം കണ്ടെത്താനായി വിതരണം ചെയ്യുകയാണ്‌ സര്‍ക്കാറിന്റെ ബാധ്യത. ആ കടമ നിറവേറ്റാന്‍ കഴിയില്ല എന്നതാണ്‌ ചെങ്ങറയിലെ സമരക്കാരോട്‌ സ്വീകരിച്ച നിലപാടില്‍ നിന്ന്‌ മനസ്സിലാക്കാനാവുക. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുമ്പ്‌ നടന്ന സമരങ്ങളോട്‌ സ്വീകരിച്ച നിലപാടും ഇവിടെ ചോദ്യം ചെയ്യപ്പെടും.



സി പി എമ്മിന്റെ നേതൃത്വത്തില്‍ പലവട്ടം സര്‍ക്കാറുകളുണ്ടായിട്ടും എന്തുകൊണ്ട്‌ ഭൂമി ഏറ്റെടുക്കലും വിതരണവും കാര്യക്ഷമമാക്കാന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന്‌ കയ്യേറ്റ ലോബിക്ക്‌ ഭരണത്തില്‍ അത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്ന ഒറ്റ മറുപടിയേ നല്‍കാനാവൂ. വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌ കടക്കാന്‍ പോകുമ്പോഴാണ്‌ വയനാട്ടിലെ ഭൂ സമരം നടക്കുന്നത്‌. കയ്യേറിയ ഭൂമി തിരിച്ചെടുത്ത്‌ തങ്ങള്‍ക്കു നല്‍കാന്‍ ഇത്രയും കാലം സര്‍ക്കാര്‍ എന്തുകൊണ്ട്‌ നടപടിയെടുത്തില്ല എന്ന്‌ സമരക്കാര്‍ തിരിച്ചുചോദിച്ചാല്‍ നേതാക്കള്‍ക്കു മറുപടിയുണ്ടാവില്ല. സര്‍ക്കാറിനെക്കൊണ്ട്‌ ഇക്കാര്യം ചെയ്യിക്കാന്‍ നിങ്ങള്‍ക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ലെന്ന്‌ സി പി എം നേതാക്കളോട്‌ ചോദിച്ചാല്‍ അവര്‍ക്കും മറുപടിയുണ്ടാവില്ല. 




വീരേന്ദ്ര കുമാര്‍ ഇടതില്‍ നിന്നു വലതിലേക്കു മാറിയപ്പോഴാണ്‌ ശ്രേയാംസിന്റെ കയ്യേറ്റം സി പി എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. ഇതുമാത്രം മതി അധികാരത്തില്‍ സ്വാധീനമുള്ളവര്‍ കാട്ടുന്ന ക്രമക്കേടുകള്‍ എത്രകാലം വേണമെങ്കിലും മറച്ചുവെക്കാനാവുമെന്നതിന്‌ തെളിവായിട്ട്‌. വീരേന്ദ്ര കുമാര്‍ ഇടതില്‍ തുടരുകയായിരുന്നെങ്കില്‍ കയ്യേറ്റത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുമായിരുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്‌ കയ്യേറ്റമുണ്ടോ എന്നു പരിശോധിച്ച്‌ ഉണ്ടെങ്കില്‍ ഒഴിപ്പിക്കുന്നതിനെ എതിര്‍ക്കില്ല എന്നു മാത്രമാണ്‌. ഇതേ വളവും തിരിവുമാണ്‌ മൂന്നാറിലെ ടാറ്റയടക്കമുള്ള വന്‍കിട കയ്യേറ്റക്കാരുടെ കാര്യത്തിലും നടക്കുന്നത്‌. ടാറ്റ നിര്‍മിച്ച അനധികൃത ഡാമിനെക്കുറിച്ചു പറയുന്നവരൊന്നും അവര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അമ്പതിനായിരം ഏക്കര്‍ ഭൂമിയെക്കുറിച്ചു മിണ്ടുന്നില്ല. ഇനി ഏറ്റെടുക്കാനുള്ളതായി സര്‍ക്കാറിന്റെ കണക്കിലുള്ളത്‌ 43,776 ഏക്കര്‍ മാത്രമാണ്‌. അവിടെയും ഈ അമ്പതിനായിരത്തിന്‌ സ്ഥാനമില്ല. അല്ലെങ്കില്‍ ഈ ഭൂമി, കണക്കിലെങ്കിലും സര്‍ക്കാറിന്റെ പക്കലാണ്‌. എങ്കില്‍ ആ ഭൂമി എവിടെയാണ്‌. ഇത്രയും ഭൂമി മൂന്നാറിലുണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാറിന്റെ കെട്ടിടങ്ങള്‍ക്ക്‌ ടാറ്റയില്‍ നിന്ന്‌ ഭൂമി തിരിച്ചു പാട്ടത്തിനു വാങ്ങേണ്ട കാര്യമെന്താണ്‌?



വയനാട്ടിലെ സമരത്തിന്റെ തുടര്‍ച്ചയായി നടന്ന ഒരു കാര്യം ശ്രേയാംസ്‌ കുമാറിന്റെ കൈവശ ഭൂമി സര്‍ക്കാറിന്റെതാണെന്നു വ്യക്തമാക്കി ബോര്‍ഡ്‌ സ്ഥാപിച്ചു എന്നതാണ്‌. ഇതിന്‌ തുടര്‍നടപടികളുണ്ടാവുമോ അതോ മുമ്പ്‌ മൂന്നാറില്‍ ടാറ്റ കൈവശപ്പെടുത്തിയ ഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ഗതി ഇതിനും വരുമോ എന്നത്‌ കാലം കാണിച്ചുതരും. 

2010-02-10

ഓം ജി ഡി പി സ്വാഹ


ആഭ്യന്തര മൊത്ത ഉത്‌പാദനത്തിന്റെ (ഗ്രോസ്‌ ഡോമസ്റ്റിക്‌ പ്രൊഡക്‌ട്‌ - ജി ഡി പി) കണക്കില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതി അളക്കുന്ന കാലത്തിലൂടെയാണ്‌ ലോകം കടന്നുപോവുന്നത്‌. രാജ്യത്തിന്റെ ആഭ്യന്തര ഉത്‌പാദനം രണ്ടക്കത്തിലെത്തിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെയും പി ചിദംബരത്തിന്റെയും ഇപ്പോള്‍ പ്രണാബ്‌ മുഖര്‍ജിയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്‌. 14 ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിച്ച ഗുജറാത്തും 11.3 ശതമാനം വളര്‍ച്ചാ നിരക്ക്‌ നടപ്പു സാമ്പത്തിക വര്‍ഷമുണ്ടാവുമെന്ന്‌ കരുതുന്ന ബീഹാറുമൊക്കെ വികസന രംഗത്ത്‌ മുന്നേറുകയാണെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നുമുണ്ട്‌. 




ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ നിഴല്‍ നീങ്ങാത്ത സാഹചര്യത്തിലും ഈ സാമ്പത്തിക വര്‍ഷം ഏഴര ശതമാനം വളര്‍ച്ചാ നിരക്ക്‌ രാജ്യത്തിന്‌ കൈവരിക്കാന്‍ സാധിക്കുമെന്ന്‌ റിസര്‍വ്‌ ബേങ്കും കേന്ദ്ര ധനമന്ത്രാലയവും ഒട്ടൊരു അഹങ്കാരത്തോടെ അവകാശപ്പെടുന്നുമുണ്ട്‌. വളര്‍ച്ചാ നിരക്ക്‌ ഏഴര ശതമാനത്തില്‍ എത്തുമെന്ന്‌ തന്നെ കരുതണം. അതിവേഗത്തില്‍ വളരുന്ന മറ്റൊരു സമ്പദ്‌ വ്യവസ്ഥയായ ചൈന പത്ത്‌ ശതമാനം വളര്‍ച്ചാ നിരക്കാണ്‌ പ്രതീക്ഷിക്കുന്നത്‌.



പുരോഗമനത്തിന്റെ അളവുകോലെന്ന്‌ ദശകങ്ങളായി കരുതപ്പെടുന്ന ഈ ജി ഡി പിയെ ഇപ്പോള്‍ തള്ളിപ്പറയുന്നത്‌ സോഷ്യലിസത്തിലോ കമ്മ്യൂണിസത്തിലോ വിശ്വസിക്കുന്നവരല്ല. മറിച്ച്‌ അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പൂര്‍ണ നിയന്ത്രണത്തില്‍ തുടരുന്ന ഐക്യരാഷ്‌ട്ര സഭയാണ്‌. സാമൂഹിക അവസ്ഥ അവലോകനം ചെയ്‌ത്‌ ഐക്യരാഷ്‌ട്ര സഭ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ജി ഡി പിയെ ആധാരമാക്കി വികസനത്തെ അളക്കുന്നതിനെ മാത്രമല്ല, പുത്തന്‍ സാമ്പത്തികനയപരിപാടികളെത്തന്നെ ഒട്ടൊക്കെ തള്ളിക്കളയുന്നുണ്ട്‌. റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്ന ഏറ്റവും പ്രധാന വസ്‌തുത ലോകത്ത്‌ ദരിദ്രരരുടെ എണ്ണം വര്‍ധിക്കുന്നുവെന്നതാണ്‌. പുതിയ സാമ്പത്തിക നയങ്ങളെ തുടക്കം മുതല്‍ എതിര്‍ത്തുവന്നിരുന്നവര്‍ ഉന്നയിച്ചിരുന്ന പ്രധാന വാദങ്ങളില്‍ ഒന്ന്‌ ദരിദ്രരെ കൂടുതല്‍ ദരിദ്രരും സമ്പന്നരെ കൂടുതല്‍ സമ്പന്നരുമാക്കുന്നുവെന്നതായിരുന്നു. ഇത്‌ ഏറെക്കുറെ ശരിവെക്കുന്നതാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ പഠന റിപ്പോര്‍ട്ട്‌.



മൊത്തം ഉത്‌പാദനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, സാമൂഹിക രംഗത്തുണ്ടാവുന്ന പുരോഗതിയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പുരോഗതി വിലയിരുത്താനെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട്‌ നല്‍കുന്നുണ്ട്‌. അതായത്‌ ഇപ്പോള്‍ പതിനാലും പതിനൊന്നും പത്തും ശതമാനം വളര്‍ച്ചാ നിരക്ക്‌ നേടി എന്ന്‌ അവകാശപ്പെടുന്ന പ്രദേശങ്ങളിലെയും രാജ്യങ്ങളിലെയും സാമൂഹിക സ്ഥിതി കൂടി വിലയിരുത്തേണ്ടതുണ്ട്‌ എന്നര്‍ഥം. വലിയൊരു വിഭാഗം ജനങ്ങള്‍ പട്ടിണിയില്‍ തുടരുമ്പോള്‍ വളര്‍ച്ചയുടെ ശതമാനക്കണക്കിന്‌ പ്രസക്തിയില്ലെന്ന്‌ അര്‍ഥം. കൊടും ശൈത്യത്തില്‍ മരണ സംഖ്യ അഞ്ഞുറു കടന്നപ്പോള്‍ സുപ്രീം കോടതിയിലെ കമ്മീഷണര്‍മാര്‍ സുപ്രീം കോടതിയില്‍ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. തെരുവാധാരമായി തുടരുന്നവര്‍ നിരവധിയുള്ളതുകൊണ്ടാണ്‌ മരണ സംഖ്യ ഇത്രയും ഉയരുന്നതെന്നും ഇത്തരക്കാര്‍ക്ക്‌ രാത്രി താമസിക്കാന്‍ ഇടമൊരുക്കാന്‍ ഡല്‍ഹി സംസ്ഥാന സര്‍ക്കാറിന്‌ നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഈ റിപ്പോര്‍ട്ട്‌ പരിഗണിച്ച സുപ്രീം കോടതി രാത്രി താമസിക്കാന്‍ സൗകര്യമൊരുക്കാന്‍ ഡല്‍ഹി സര്‍ക്കാറിനോട്‌ നിര്‍ദേശിച്ചു. അപ്പോഴാണ്‌ പ്രായോഗികമായ പ്രശ്‌നം ഉയര്‍ന്നത്‌. 




 രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ എണ്ണം ലക്ഷങ്ങളാണ്‌. ഇവര്‍ക്ക്‌ രാത്രി പാര്‍പ്പിടമൊരുക്കാന്‍ എവിടെ സ്ഥലം? ദരിദ്രര്‍ക്കും ഭവനരഹിതരായവര്‍ക്കും വീട്‌ നിര്‍മിച്ചുകൊടുക്കാന്‍ ദശകങ്ങളായി പദ്ധതികള്‍ നടപ്പാക്കുന്ന രാജ്യത്താണ്‌ ഈ സ്ഥിതി. എന്നിട്ടും വളര്‍ച്ചാ നിരക്ക്‌ ഏഴര ശതമാനമെത്തുന്നതില്‍ അഭിമാനം കൊള്ളാന്‍ നമുക്ക്‌ മടിയില്ല.
ഗുജറാത്തിന്റെ വളര്‍ച്ചാ നിരക്ക്‌ 14 ശതമാനത്തിലെത്തിച്ചത്‌ മോഡിയുടെ കഴിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്നുണ്ട്‌. അടുത്തിടെ പുറത്തുവന്ന പഠന റിപ്പോര്‍ട്ട്‌ പറയുന്നത്‌ അയിത്തം ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ്‌ ഗുജറാത്ത്‌ എന്നാണ്‌. പഠനത്തിന്റെ ഭാഗമായുള്ള സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം പേരും പറഞ്ഞത്‌ തങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള തൊട്ടുകൂടായ്‌മ അനുഭവിക്കുന്നുണ്ട്‌ എന്നതായിരുന്നു. 





സവര്‍ണര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ അവര്‍ണര്‍ നിലത്ത്‌ ഇരിക്കേണ്ടിവരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശം നിഷേധിക്കപ്പെടുന്നു. തുടങ്ങി പലതരത്തില്‍. അതായത്‌ ഗുജറാത്തിന്റെ സാമൂഹിക മുഖ്യധാരയില്‍ ജാതിയില്‍ താണവന്‌ ഇപ്പോഴും പ്രവേശമില്ല. ഇത്തരക്കാര്‍ ഏത്‌ വികസനപദ്ധതിയിലാണ്‌ പരിഗണിക്കപ്പെടുക? ഇവര്‍ ഒഴിവാക്കി നിര്‍ത്തപ്പെടുമ്പോള്‍, ജി ഡി പിയിലുണ്ടാവുന്ന ഉയര്‍ച്ച എങ്ങനെയാണ്‌ സംസ്ഥാനത്തിന്റെ മൊത്തം പുരോഗതിയുടെ അളവുകോലായി കണക്കാക്കുക? വ്യവസായങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഇഷ്‌ട ഭൂമിയാണ്‌ ഗുജറാത്ത്‌ എന്ന്‌ മറ്റൊരു വാദവുമുണ്ട്‌. പശ്ചിമ ബംഗാളിലെ സിംഗൂരിനെ ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ രത്തന്‍ ടാറ്റ തിരഞ്ഞെടുത്തത്‌ ഗുജറാത്തിലെ സാനന്ദായിരുന്നുവെന്നതാണ്‌ ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌. സാനന്ദില്‍ ടാറ്റക്കായി മോഡി ഏറ്റെടുത്ത്‌ നല്‍കിയത്‌ കൃഷി ഭൂമിയായിരുന്നു. 




തന്റെ ഇംഗിതത്തിനെതിരെ നില്‍ക്കുന്നവെര, അത്‌ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളായാല്‍പ്പോലും, വെട്ടിനിരത്താന്‍ മടിയില്ലാത്ത മോഡിക്ക്‌ മുന്നില്‍ കര്‍ഷകര്‍ തളര്‍ന്നുപോയി. അതുകൊണ്ട്‌ സിംഗൂര്‍ ആവര്‍ത്തിച്ചില്ല. ഭൂമി ഏറ്റെടുത്തത്‌ ചോദ്യംചെയ്‌ത്‌ ഒരു കൂട്ടം കര്‍ഷകര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പരാതി സമര്‍പ്പിക്കാന്‍ വൈകിയെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി തള്ളുകയും ചെയ്‌തു. സിംഗൂരില്‍ ടാറ്റക്കെതിരായ സമരത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയ ബുദ്ധിജീവികളും സാംസ്‌കാരിക നായകരുമൊന്നും സാനന്ദിലെ കര്‍ഷകരുടെ തുണക്കെത്തിയില്ല. എതിരിടേണ്ടത്‌ മോഡിയെ ആണെന്നതിനാല്‍ കരുതല്‍ നല്ലതാണെന്ന്‌ അവരും കരുതിയിട്ടുണ്ടാവണം. ഈ കര്‍ഷകരെ കുടിയിറക്കി, അവരുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കി നേടുന്ന ജി ഡി പി ഉയര്‍ച്ച ഭാവിയിലേക്ക്‌ നല്ലതാണോ എന്ന ചോദ്യമാണ്‌ പരോക്ഷമായെങ്കിലും ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട്‌ ഉന്നയിക്കുന്നത്‌.



പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി തന്നെ മുന്നോട്ടുവെക്കപ്പെട്ട ആശയമാണ്‌ ആനുകൂല്യങ്ങള്‍ അര്‍ഹരായര്‍ക്കു മാത്രമെന്ന സിദ്ധാന്തം. രാജ്യത്തെ പൗരന്‍മാര്‍ക്കെല്ലാം യുനീഖ്‌ ഐഡന്റിറ്റി നമ്പര്‍ നല്‍കാന്‍ ഇന്‍ഫോസിസിന്റെ തലപ്പത്തു നിന്ന്‌ നന്ദന്‍ നിലേക്കനിയെ കൊണ്ടുവന്ന്‌ പ്രതിഷ്‌ഠിച്ച ഡോ. മന്‍മോഹന്‍ സിംഗ്‌ ലക്ഷ്യമിട്ടത്‌ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരായവരെ കണ്ടെത്തുക എന്നത്‌ തന്നെയാണ്‌. എന്നാല്‍ ഇത്തരം തിരഞ്ഞെടുപ്പുകള്‍ അപ്രായോഗികവും അശാസ്‌ത്രീയവുമാണെന്നാണ്‌ ഐക്യരാഷ്‌ട്ര സഭയുടെ പഠനം വ്യക്തമാക്കുന്നത്‌. ദാരിദ്ര്യ രേഖ എന്നത്‌ കൂടുതല്‍ അവ്യക്തമാവുകയാണെന്ന്‌ പഠനം പറയുന്നു. ഈ വര്‍ഷം ദാരിദ്ര്യ രേഖക്കു മുകളിലുള്ളവര്‍ അടുത്ത വര്‍ഷം അതിനു താഴെ എത്താം. ഇപ്പോള്‍ താഴെയുള്ളവര്‍ അടുത്ത വര്‍ഷം മുകളിലുമെത്താം. ഈ സാഹചര്യത്തില്‍ അര്‍ഹരുടെ പട്ടിക വര്‍ഷം തോറും പുതുക്കേണ്ടിവരും. അതുകൊണ്ടുതന്നെ അര്‍ഹരെ നിശ്ചയിക്കുക എന്ന രീതി അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നല്ലാതെ മറ്റ്‌ ഗുണമൊന്നുമുണ്ടാക്കില്ലെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 




റേഷന്‍ വിഹിതം സംബന്ധിച്ച്‌ കേരളവും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഉദാഹരണമാണ്‌. സംസ്ഥാനത്ത്‌ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ പറയുന്നതിലും ഏറെ അധികമാണെന്നാണ്‌ കേരളം വാദിക്കുന്നത്‌. എന്നാല്‍ കേന്ദ്രം ഇത്‌ അംഗീകരിക്കുന്നില്ല. അര്‍ഹരായവര്‍ പട്ടികക്ക്‌ പുറത്തായെന്ന പരാതി വ്യാപകമായി ഉയരുകയും ചെയ്യുന്നു. സമാനമായ അവസ്ഥ മറ്റു സംസ്ഥാനങ്ങളിലുമുണ്ട്‌. ലക്ഷക്കണക്കിനാളുകള്‍ക്ക്‌ കുറഞ്ഞ ചെലവില്‍ ഭക്ഷ്യധാന്യം വാങ്ങുന്നതിനുള്ള അവസരം നിഷേധിച്ച്‌ നാം ജി ഡി പിയുടെ ശതമാനക്കണക്കില്‍ വര്‍ധനയുണ്ടാക്കും.
ഈ വൈരുധ്യമാണ്‌ ഐക്യരാഷ്‌ട്രസഭയുടെ പഠനത്തിന്റെയും കാതല്‍. 





പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കാന്‍ സാധിക്കാതെ മറ്റെന്ത്‌ വികസനമുണ്ടായിട്ടും കാര്യമെന്തെന്ന ചോദ്യമാണ്‌ അവര്‍ പ്രധാനമായും ഉന്നയിക്കുന്നത്‌. ഇപ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാനാവാത്ത ഘട്ടത്തില്‍ ആഗോളവത്‌കരണത്തിന്റെയും സാമ്പത്തിക ഉദാരവത്‌കരണത്തിന്റെയും ശക്തനായ വക്താവായ മന്‍മോഹന്‍ സിംഗ്‌ സംസ്ഥാന സര്‍ക്കാറുകളോട്‌ ആവശ്യപ്പെടുന്നത്‌ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താനാണ്‌. കേന്ദ്രം അനുവദിക്കുന്ന റേഷന്‍ വിഹിതം പൂര്‍ണമായി വിനിയോഗിക്കാനും. പൊതുവിതരണ ശൃംഖലയെ പാടെ അവഗണിക്കുകയും ഉപഭോക്താക്കളെ ദാരിദ്ര്യ രേഖക്ക്‌ മുകളിലും താഴെയുമായി വേര്‍തിരിക്കുകയും ചെയ്‌ത മന്‍മോഹന്‍ തന്നെയാണ്‌ ഇപ്പോള്‍ ഇക്കാര്യം പറയുന്നത്‌. ഊഹ വിപണികള്‍, റിയല്‍ എസ്റ്റേറ്റ്‌ - നിര്‍മാണ മേഖല, ധന വിപണി (ഭവന, വാഹന വായ്‌പകളാണ്‌ പ്രധാനം) എന്നിവയില്‍ അധിഷ്‌ഠിതമാണ്‌ ഇന്ത്യ മുമ്പ്‌ നേടിയ ഒമ്പത്‌ ശതമാനവും ഇപ്പോള്‍ പ്രതീക്ഷിക്കുന്ന ഏഴര ശതമാനവും വളര്‍ച്ചാ നിരക്ക്‌. ഇതേ മേഖലകളിലുണ്ടായ തകര്‍ച്ചയാണ്‌ അമേരിക്കയെയും അതുവഴി ലോകത്തെയും സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നയിച്ചത്‌. അമേരിക്കയില്‍ തൊഴില്‍രഹിതരുടെയും വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവരുടെയും എണ്ണം ലക്ഷങ്ങള്‍ വരുമെന്ന കണക്കും അടുത്തിടെ പുറത്തുവന്നു. അന്നം നല്‍കാന്‍ കഴിയാത്തവരുടെ അഹംഭാവം മാത്രമാണ്‌ ജി ഡി പിയെന്ന്‌ ചുരുക്കം.



അനിവാര്യമായ ഘട്ടങ്ങളില്‍ (വന്‍ മാന്ദ്യത്തിന്റെ കാലത്ത്‌ ഒബാമക്കും തടയാനാവാത്ത വിലക്കയറ്റത്തിന്റെ കാലത്ത്‌ മന്‍മോഹന്‍ സിംഗിനും) ചില ബോധോദയങ്ങളുണ്ടാവും. പക്ഷേ, അത്‌ അധികകാലം നീണ്ടുനില്‍ക്കുമെന്നോ നയങ്ങളില്‍ മാറ്റമുണ്ടാവുമെന്നോ ആരും പ്രതീക്ഷിക്കേണ്ടതില്ല. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെടുന്ന അതേ ശ്വാസത്തില്‍ വിപണിയിലെ മത്സരം മെച്ചപ്പെടുത്താന്‍ ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വേണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമുണ്ടായാല്‍ മത്സരം കൂടുതല്‍ ശക്തമാവും. ജി ഡി പിയില്‍ കൂടുതല്‍ വര്‍ധനയുമുണ്ടായേക്കും. പക്ഷേ, അത്‌ എത്രത്തോളം പേരെ കൂടുതലായി ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുമെന്നതിലേ സംശയമുള്ളൂ. എങ്കിലെന്ത്‌ ജി ഡി പി ഉയര്‍ന്നു നില്‍ക്കില്ലേ?

2010-02-04

മുത്തങ്ങയിലുണ്ട്‌ മൂന്നാറിലില്ല...


അവര്‍ സ്വന്തമായി ഭൂമി ഇല്ലാത്തവരോ ഉണ്ടായിരുന്ന ഭൂമി അന്യാധീനപ്പെട്ടവരോ ആയിരുന്നു. അന്യാധീനപ്പെടല്‍ സ്വന്തം തെറ്റുകൊണ്ട്‌ സംഭവിച്ചതല്ല. സാമൂഹികമായി മുന്‍തൂക്കം നേടിയവര്‍ കയ്യൂക്കിലൂടെയും ചതിയിലൂടെയും ഭൂമി പിടിച്ചെടുത്തതാണ്‌. ഇവര്‍ക്ക്‌ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കുമെന്ന്‌ ഭരണകൂടം ഉറപ്പ്‌ നല്‍കി. 1975ല്‍ സംസ്ഥാന നിയമസഭയില്‍ നിയമം പാസ്സാക്കിക്കൊണ്ട്‌. ഇരുപത്‌ വര്‍ഷത്തിനിടെ നിയമം നടപ്പാക്കാനോ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തു കൊടുക്കാനോ നടപടിയുണ്ടായില്ല. 1996ല്‍ ഭരണകൂടം തിരുത്തി. അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തുകൊടുക്കുക എന്നത്‌ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ പ്രായോഗികമല്ല. അതുകൊണ്ട്‌ അന്യാധീനപ്പെട്ട ഭൂമിക്കു പകരം ഭൂമി ലഭ്യമാക്കും. 1975ലെ നിയമം ഭേദഗതി ചെയ്‌തു. 140 അംഗ സംസ്ഥാന നിയമസഭയില്‍ കെ ആര്‍ ഗൗരിയമ്മ മാത്രം എതിര്‍ത്തു. ബാക്കിയുള്ളവര്‍ കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ പിന്തുണച്ചു. നിയമ ഭേദഗതി പ്രാബല്യത്തിലായിട്ട്‌ 14 വര്‍ഷം തികയാന്‍ പോവുന്നു. എന്നിട്ടും നിയമം നടപ്പായിട്ടില്ല. ഭൂ വിതരണത്തിന്റെ ഉദ്‌്‌ഘാടനം മാത്രം പല തവണ നടന്നു.



നിയമം നടപ്പാക്കണമെന്നും ജീവിക്കാന്‍ ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ സമരങ്ങള്‍ പലത്‌ നടന്നു. ഇതിന്റെ മറ്റൊരു വേദിയായിരുന്നു വയനാട്‌ ജില്ലയിലെ മുത്തങ്ങ. ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനാളുകള്‍ മുത്തങ്ങ വനത്തില്‍ കയറി താമസം തുടങ്ങി. അവരവിടെ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പണിതില്ല. വനം വെട്ടി നശിപ്പിച്ചുമില്ല. വെയിലും മഴയും കൊള്ളാതിരിക്കാന്‍ കുടിലുകള്‍ ഉണ്ടാക്കി. അതിനു വേണ്ട മുള കാട്ടില്‍ നിന്നു വെട്ടി. വെച്ചുണ്ടാക്കാന്‍ വേണ്ട വിറകും ശേഖരിച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമം അനുസരിച്ചുള്ള ഭൂമി തന്നാല്‍ ഇവിടെ നിന്ന്‌ ഇറങ്ങിക്കൊള്ളാമെന്നും പറഞ്ഞു. 




അര നൂറ്റാണ്ടോളമായി കേള്‍ക്കുന്ന `തരാം തരാം' എന്ന ഉറപ്പ്‌ കേട്ട്‌ മടങ്ങിപ്പോവാനില്ലെന്നും പറഞ്ഞു. വനത്തില്‍ തമ്പടിച്ചുള്ള സമരം രണ്ടാഴ്‌ച പിന്നിട്ടപ്പോഴേക്കും ആകെ കോലാഹലമായി. വനം വ്യാപകമായി നശിപ്പിക്കപ്പെടുന്നുവെന്ന്‌ ആക്ഷേപമുണ്ടായി. കയ്യേറ്റക്കാരെ ഇറക്കിവിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന്‌ ആരോപണം. മുത്തങ്ങ വനത്തിലെ ആനത്താര നശിപ്പിക്കപ്പെടുകയാണെന്നും ഭാവിയില്‍ ആനകളാകെ ബുദ്ധിമുട്ടിലാവുമെന്നും വന, വന്യജീവി സ്‌നേഹികളുടെ രോദനം വേറെ.



2003 ഫെബ്രുവരി. മുത്തങ്ങയിലെ `കയ്യേറ്റം' ഒഴിപ്പിക്കാന്‍ അന്ന്‌ അധികാരത്തിലിരുന്ന എ കെ ആന്റണി സര്‍ക്കാര്‍ തീരുമാനിച്ചു. മലബാറിലാകെയുള്ള റിസര്‍വ്‌ പോലീസുകാരെയും വനപാലകരെയും നിയോഗിച്ചു. സായുധരായ പോലീസ്‌ സംഘം ഒരൊറ്റ ദിവസം കൊണ്ട്‌ ആളുകളെ മുഴുവന്‍ തല്ലിയോടിച്ചു. അമ്പും വില്ലും കൊണ്ട്‌ എതിര്‍ത്തു നോക്കി. അതില്‍ പരുക്കേറ്റ ഒരു പോലീസുകാരന്‍ മരിക്കുക കൂടി ചെയ്‌തതോടെ പോലീസുകാര്‍ക്കു പക കലര്‍ന്ന വീര്യമായി. കയ്യില്‍ കിട്ടിയവരെ മുഴുവന്‍ തല്ലിച്ചതച്ചു. എല്ലാം ഭദ്രം. വനഭൂമി വനപാലകരുടെ കസ്റ്റഡിയിലായി. ആനത്താര സുരക്ഷിതമായി. സര്‍ക്കാറിന്റെ ഭൂമി `കയ്യേറ്റക്കാരു'ടെ പക്കല്‍ നിന്നു തിരിച്ചെടുത്തതിന്റെ സംതൃപ്‌തി സര്‍ക്കാറിന്‌. പോലീസുകാരെ ആക്രമിച്ചതിനും സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനും കുറച്ചധികം പേര്‍ക്കെതിരെ കേസുമെടുത്തു.



മുത്തങ്ങയിലെ കയ്യേറ്റം ഒഴിപ്പിക്കുക എന്നതില്‍ മുന്‍ പിന്‍ നോക്കിയില്ല സര്‍ക്കാര്‍- കാരണം `കയ്യേറി'യത്‌ ആദിവാസികളാണ്‌. ഒഴിപ്പിക്കാന്‍ വന്നാല്‍ കൈ വെട്ടുമെന്നു ഭീഷണി മുഴക്കാന്‍ ആരുമുണ്ടായിരുന്നില്ല. സര്‍വകക്ഷി യോഗം സംഘടിപ്പിച്ചു സര്‍ക്കാറിനെ വെല്ലുവിളിക്കാന്‍ ആരും തയ്യാറായില്ല. ദീനാനുകമ്പയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന അതിരൂപതാ ബിഷപ്പുമാരാരും പ്രസ്‌താവനകള്‍ പുറപ്പെടുവിച്ചില്ല- കാരണം `കയ്യേറി'യത്‌ ആദിവാസികളാണ്‌. അധികാരത്തെ നിശ്ചയിക്കുന്ന വോട്ടിന്റെയും സമ്പത്തിന്റെയും രാഷ്‌ട്രീയത്തില്‍ ഒരു സ്വാധീനവുമില്ലാത്തവരാണ്‌.



ഇതേ കാലത്തൊക്കെ ഇടുക്കിയും മൂന്നാറും നിലനിന്നിരുന്നു. അവിടെ ടാറ്റ നടത്തിയ കയ്യേറ്റത്തെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാമായിരുന്നു. പലേടത്തും ഭൂമി കയ്യേറി റിസോര്‍ട്ടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതും അറിയാമായിരുന്നു. പക്ഷേ, കമ്മ്യൂണിസ്റ്റ്‌, കോണ്‍ഗ്രസ്‌ നേതൃത്വത്തിലുണ്ടായ സര്‍ക്കാറുകളൊന്നും ചെയ്‌തില്ല. കയ്യേറ്റം നടക്കുന്നുവെന്ന വിവരം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനോ അതിനെതിരെ സമരം ചെയ്യാനോ പ്രദേശത്തെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ സന്നദ്ധമായില്ല. മുത്തങ്ങയിലെ ആനത്താര നഷ്‌ടമാവുന്നതില്‍ വേദനിച്ചവരും ഒന്നും പറഞ്ഞില്ല. പൂഞ്ഞാര്‍ രാജാവില്‍ നിന്നു ജോണ്‍ ഡാനിയല്‍ മണ്‍റോ പാട്ടത്തിനെടുത്ത 1,36,600 ഏക്കര്‍ ഭൂമിയാണ്‌ മൂന്നാറിലെ ഇന്നത്തെ തര്‍ക്കങ്ങളുടെ മുഴുവന്‍ അടിസ്ഥാനം. ഈ പാട്ടക്കരാറാണ്‌ പിന്നീട്‌ ടാറ്റ - ഫിന്‍ലേ കമ്പനി ഏറ്റെടുത്തത്‌. അത്‌ പിന്നീട്‌ ടാറ്റ ടീയുടെതായി മാറുകയും ചെയ്‌തു.




മൂന്നാറിലെ കണ്ണന്‍ ദേവന്‍ കുന്നുകള്‍ അളന്നു തിരിക്കാന്‍ ജനാധിപത്യ ഭരണകൂടം പിന്നീട്‌ തിരുമാനിച്ചു. അതിന്റെ ഫലമാണ്‌ 1971ലെ കണ്ണന്‍ ദേവന്‍ ഹില്‍സ്‌ റിഡംപ്‌ഷന്‍ ഓഫ്‌ ലാന്‍ഡ്‌ നിയമം. തോട്ടം, വനഭൂമി, അല്ലാത്ത ഭൂമി എന്നിങ്ങനെ കണ്ണന്‍ ദേവന്‍ കുന്നുകളെ അളന്നു തിരിക്കുക എന്നതായിരുന്നു ലക്ഷ്യം.
തോട്ടം സ്ഥാപിക്കാന്‍ പാട്ടത്തിനു നല്‍കിയതില്‍ തോട്ടമായി രൂപാന്തരപ്പെടാത്ത 70,000 ഏക്കര്‍ ഭൂമി ടാറ്റയുടെ പക്കലുണ്ടെന്നു കണ്ടെത്തി. ഇത്‌ തിരിച്ചെടുത്തു വനമായുള്ളത്‌ സംരക്ഷിക്കാന്‍ നിര്‍ദേശവും നല്‍കി. ഇത്‌ പക്ഷേ, നാല്‍പ്പതാമത്തെ വര്‍ഷമെത്തുമ്പോഴും നടപ്പായിട്ടില്ല. ആദിവാസികള്‍ക്ക്‌ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനും പിന്നീട്‌ പകരം ഭൂമി നല്‍കാനും പാസ്സാക്കിയ നിയമങ്ങളെപ്പോലെ തന്നെയായി ഈ നിയമവും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ആദിവാസികള്‍ക്കു ഭൂമി നല്‍കാനുള്ള നിയമമാണ്‌ നടപ്പാവാതിരുന്നതെങ്കില്‍ ഇവിടെ സമ്പത്തും സ്വാധീനവുമുള്ള ടാറ്റയുടെ പക്കല്‍ നിന്നു ഭൂമി തിരിച്ചെടുക്കുക എന്ന നിയമമാണ്‌ നടപ്പാവാതിരുന്നത്‌ എന്ന വ്യത്യാസം മാത്രം. 





ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച എഴുപതിനായിരത്തില്‍പ്പരം ഏക്കര്‍ സ്ഥലം ടാറ്റ സ്വന്തമായി അനുഭവിച്ചു. അതില്‍ ചില ഭാഗങ്ങള്‍ കൈമാറ്റം ചെയ്‌തു. മറ്റുചില സ്ഥലങ്ങള്‍ വിറകിനു വേണ്ട മരം വളര്‍ത്താന്‍ ഉപയോഗിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു പൊതു ജനങ്ങള്‍ക്കും സര്‍ക്കാറിനും വാടകക്കു നല്‍കി പണം പിരിച്ചു. ഇടക്കാലത്ത്‌ രണ്ട്‌ നിയമസഭാ സമിതികള്‍ ഈ ക്രമക്കേട്‌ ചൂണ്ടിക്കാട്ടി. ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരികെപ്പിടിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തു. ഈ ശിപാര്‍ശകള്‍ക്കും ഒന്നൊന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്‌. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ ഒരനക്കവുമുണ്ടായില്ല.



ടാറ്റയുടെ നടപടികള്‍ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിക്കപ്പെട്ട നിരവധി ഹരജികള്‍ വിവിധ കോടതികളില്‍ തീര്‍പ്പ്‌ കാത്തു കിടന്നത്‌ നടപടികള്‍ സ്വീകരിക്കുന്നതിനു തടസ്സമായി ചൂണ്ടിക്കാട്ടി സര്‍ക്കാറുകള്‍ രക്ഷപ്പെട്ടു. വിനോദ സഞ്ചാര മേഖലയില്‍ മൂന്നാറിനുള്ള പ്രാധാന്യം മുതലെടുക്കാന്‍ പണവും സ്വാധീനവുമുള്ളവര്‍ ഇക്കാലത്തിനിടെ രംഗത്തുവന്നു. അവര്‍ ടാറ്റയില്‍ നിന്നു ഭൂമി വാങ്ങി റിസോര്‍ട്ടുകള്‍ പണിതു. സര്‍ക്കാറില്‍ നിന്നു പാട്ടത്തിനെടുത്ത ഭൂമി ടാറ്റ കൈമാറ്റം ചെയ്യുന്നുവോ എന്നൊന്നും ചോദിക്കരുത്‌. എല്ലാം അവര്‍ തീരുമാനിക്കുന്നതുപോലെ നടന്നു. ടാറ്റയുടെ മാതൃക പിന്തുടര്‍ന്നു മൂന്നാറിന്റെ പരിസര പ്രദേശങ്ങളില്‍ മറ്റു കയ്യേറ്റങ്ങളും വ്യാപകമായി നടന്നു. ഒന്നിനും തടസ്സങ്ങളുണ്ടായില്ല. രവീന്ദ്രന്‍ മുതല്‍ ശിവകാശി വരെ നീളുന്ന പേരുകളില്‍ പട്ടയം സുലഭമായിരുന്നു. അതെല്ലാം സ്വീകരിച്ച്‌ ഉദ്യോഗസ്ഥര്‍ ക്രയവിക്രയങ്ങള്‍ നടത്തിക്കൊടുത്തു. 




കയ്യേറ്റം ജനാധിപത്യ, മതേതര സമ്പ്രദായത്തിലായിരുന്നു. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും അതില്‍ പങ്കാളികളായി. പാര്‍ട്ടി നേതാക്കളോ അവരുടെ ബന്ധുക്കളോ കയ്യേറ്റക്കാരായി. ജാതി, മത വ്യത്യാസവുമുണ്ടായില്ല. കയ്യേറ്റക്കാരുടെ ഈ കമ്മ്യൂണ്‍ പൂര്‍വാധികം ശക്തമാണ്‌. മുത്തങ്ങയില്‍ കയറിയ ആദിവാസികളെപ്പോലെയല്ല, ഇവര്‍. ടാറ്റയുടെ സമ്പത്തിന്റെയും സ്വാധീനത്തിന്റെയും തണലുണ്ട്‌ ഇവര്‍ക്ക്‌. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംരക്ഷണവുമുണ്ട്‌. ഇവരുടെ പ്രതിനിധികള്‍ ഇപ്പോഴത്തെ ഭരണത്തിലുണ്ട്‌. അടുത്തുവരുന്ന ഭരണത്തിലും അതുണ്ടാവും. അതുകൊണ്ടുതന്നെ കയ്യേറ്റമൊഴിപ്പിക്കല്‍ എന്ന വാഗ്‌ദാനം ഇനിയുള്ള പതിറ്റാണ്ടുകളിലും തുടരുക തന്നെ ചെയ്യും.



ഇത്‌ മൂന്നാറിലെ മാത്രം കഥയല്ല. കയ്യൂക്കും സമ്പത്തും സ്വാധീനവുമുള്ളവര്‍ എല്ലായിടത്തും ഭൂമി കയ്യേറിയിട്ടുണ്ട്‌. അവിടെയൊന്നും ഒരു പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. ചെങ്ങറയിലെ ഹാരിസണ്‍ പ്ലാന്റേഷന്‍ വ്യാപകമായി ഭൂമി കയ്യേറിയെന്ന ആരോപണം അവിടെ സമരം ചെയ്‌ത സാധുജന സംയുക്ത സമര വേദി ഉന്നയിച്ചിരുന്നു. സമരം തീര്‍പ്പാക്കിയ സര്‍ക്കാര്‍ പക്ഷേ, ഹാരിസന്റെ തോട്ടം അളക്കാന്‍ തയ്യാറായില്ല. സമരക്കാരെ സമാധാനപരമായി ഒഴിപ്പിച്ച്‌ തോട്ടം ഹാരിസനു കൈമാറണമെന്നു വിധിച്ച കോടതിയും ഭൂമി അളന്നു തിട്ടപ്പെടുത്തി അനധികൃതമായി കയ്യേറിയ ഭൂമിയുണ്ടെങ്കില്‍ സര്‍ക്കാറിന്റെ അധീനതയിലാക്കണമെന്നു നിര്‍ദേശിച്ചില്ല. ആകയാല്‍ കയ്യേറാന്‍ സാധിച്ച ആദിവാസികളല്ലാത്തവര്‍ ഭാഗ്യവാന്‍മാര്‍, അവര്‍ക്കു ഭൂമിയില്‍ സമൃദ്ധിയും സമാധാനവും.



നടന്നത്‌, നടക്കാന്‍ ഇടയുള്ളത്‌



ടാറ്റ അനധികൃതമായി അണക്കെട്ട്‌ നിര്‍മിച്ചതായി ആദ്യം ഇടുക്കി ജില്ലാ കലക്‌ടര്‍ കണ്ടെത്തി. ഇത്‌ പിന്നീട്‌ മാധ്യമങ്ങള്‍ പുറം ലോകത്തെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം, മന്ത്രിസഭാ ഉപസമിതി, എല്‍ ഡി എഫ്‌ സമിതി, ബി ജെ പി സമിതി എന്നിവ അണക്കെട്ട്‌ സന്ദര്‍ശിച്ച്‌ അനധികൃതമാണെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. അണക്കെട്ട്‌ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട്‌ ആവശ്യപ്പെടാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ചു. ഈ തീരുമാനം എല്‍ ഡി എഫ്‌ യോഗം അംഗീകരിച്ചു. അണക്കെട്ട്‌ പൊളിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.



ഇനി ഈ തീരുമാനം ചോദ്യം ചെയ്‌തു ടാറ്റ കോടതിയെ സമീപിക്കും. പൂഞ്ഞാര്‍ രാജവംശത്തിന്റെ കാലം മുതലുള്ള രേഖകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കോടതി സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യും. ടാറ്റക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷകര്‍ ചില്ലറക്കാരാവില്ലല്ലോ. ടാറ്റ കോടതിയില്‍ പോവുമെന്നും കോടതി അറിഞ്ഞു പെരുമാറുമെന്നും സംസ്ഥാന സര്‍ക്കാറിന്‌ ഉറപ്പുണ്ട്‌. അതുകൊണ്ടാണ്‌ ആദ്യം തന്നെ ഡാം പൊളിക്കാമെന്ന്‌ തീരുമാനിച്ചത്‌. അതോടെ കയ്യേറ്റ ഭൂതം വീണ്ടും കുപ്പിയിലാവും. 




ഇതുണ്ടായില്ലെങ്കില്‍ (എം എം, എ കെ) മണിമാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭമുയരും. ലയങ്ങളിലെ തൊഴിലാളികള്‍ക്കും മൂന്നാര്‍ ടൗണിലെ സാധാരണക്കാര്‍ക്കും കുടിവെള്ളമെത്തിക്കാന്‍ സഹായിക്കുന്ന അണക്കെട്ട്‌ തകര്‍ക്കുന്നത്‌ ക്രൂരതയാണെന്ന്‌ അതിരൂപതാ ബിഷപ്പുമാര്‍ ഉദ്‌ബോധിപ്പിക്കും. അവിടെയും തീരുന്നില്ലെങ്കില്‍ ഒരു ഏറ്റുമുട്ടല്‍ സൃഷ്‌ടിക്കപ്പെട്ടേക്കാം. ഡാം തകര്‍ക്കാനെത്തിയവരെ ജനം തടഞ്ഞു. പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍. അതോടെ ഡാം പൊളിക്കലും കയ്യേറ്റമൊഴിപ്പിക്കലും എല്ലാം തത്‌കാലത്തേക്കു ശാന്തമാവും. ആദ്യത്തെ മൂന്നാറൊഴിപ്പിക്കലിനു ശേഷമുണ്ടായതുപോലെ പുതിയൊരു ദൗത്യസംഘത്തെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. പിന്നെ അടുത്തൊരു മൂന്നാര്‍ തീര്‍ഥാടനകാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്‌. മുത്തങ്ങയില്‍ നിന്ന്‌ അടിച്ചോടിക്കപ്പെട്ടവരും അവരുടെ സഹഗോത്രക്കാരും തുടരുന്നതുപോലെ.