2010-02-11

`വീരഭൂമി' കയ്യേറുമ്പോള്‍


രാജ്യത്ത്‌ ഇതുവരെ നടപ്പാക്കിയ നിയമങ്ങളില്‍വെച്ച്‌ ഏറ്റവും വിപ്ലവകരമായ ഒന്നാണ്‌ ഭൂപരിഷ്‌കരണ നിയമമെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. ജന്മിമാരുടെ കുടിയാന്‍മാരായി തുടര്‍ന്നിരുന്ന ജനലക്ഷങ്ങള്‍ക്കു ഭൂമിക്കുമേല്‍ ഉടമാവകാശം നല്‍കി അവരെ സാമൂഹിക, സാമ്പത്തിക പുരോഗതിയിലേക്കു നയിക്കുക എന്നതായിരുന്നു ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം. കേരളത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം നല്‍കിയ ആദ്യത്തെ സര്‍ക്കാര്‍ 1958 ലാണ്‌ ഇതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്‌. കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ കാരണങ്ങളിലൊന്ന്‌ ഇതായിരുന്നുവെന്നതില്‍ നിന്നു തന്നെ നിയമത്തിന്റെ ശക്തി മനസ്സിലാക്കാവുന്നതേയുള്ളൂ. 




വിമോചന സമരത്തിനു മാത്രമല്ല, നിരവധി നിയമ യുദ്ധങ്ങള്‍ക്കും ഇത്‌ വഴിവെച്ചു. രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളും ഭൂപരിഷ്‌കരണത്തിന്‌ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. സ്വത്ത്‌ സമ്പാദിക്കുന്നതിന്‌ ഭരണഘടന നല്‍കുന്ന അവകാശം ഹനിക്കുന്നതാണ്‌ ഈ നിയമമെന്നായിരുന്നു കോടതികളെ സമീപിച്ചവരുടെ പ്രധാന വാദം. സാമൂഹിക മാറ്റങ്ങള്‍ക്ക്‌ അനിവാര്യമായ നിയമങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത്‌ തടഞ്ഞുകൊണ്ട്‌ ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന്‌ പ്രേരണയായത്‌ ഭൂപരിഷ്‌കരണത്തെച്ചൊല്ലിയുള്ള നിയമ നടപടികളായിരുന്നു. ഇതാണ്‌ പിന്നീട്‌ ഒമ്പതാം പട്ടിക എന്ന പേരില്‍ പ്രസിദ്ധമായത്‌.



1958ല്‍ കൊണ്ടുവന്ന നിയമം പിന്നീട്‌ വന്ന സര്‍ക്കാറുകളുടെ ഭേദഗതികളൊക്കെ ചേര്‍ത്ത്‌ അന്തിമ രൂപത്തില്‍ എത്തുന്നതിന്‌ 12 കൊല്ലം വേണ്ടിവന്നു. തോട്ടങ്ങള്‍, വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി എന്നിവയെ നിയമത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുക എന്നതായിരുന്നു ഭേദഗതികളില്‍ പ്രധാനം. 1957ലെ ഇ എം എസ്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി നിയമം നടപ്പാക്കി എന്നതിനാല്‍ വ്യക്തികളുടെ പക്കല്‍ നിര്‍ദേശിക്കപ്പെട്ടതിലും അധികമുള്ള ഭൂമി (15 ഏക്കറാണ്‌ പരമാവധി കൈവശം വെക്കാന്‍ അനുവാദമുള്ളത്‌) പിടിച്ചെടുക്കലും അത്‌ കുടിയാന്‍മാര്‍ക്കും ഭൂരഹിതരായ മറ്റുള്ളവര്‍ക്കും വിതരണം ചെയ്യലും സാങ്കേതികമായി അന്നു തന്നെ തുടങ്ങിയിരുന്നു. 




സര്‍ക്കാറിന്റെ പക്കലുള്ള കണക്കനുസരിച്ച്‌ പിടിച്ചെടുത്ത ഭൂമി 99,277 ഏക്കറാണ്‌. വിതരണം ചെയ്‌തത്‌ 71,400 ഏക്കറും. ഏതാനും വര്‍ഷത്തെ പഴക്കമേ ഈ കണക്കിനുള്ളൂ. ഇനിയും ഏറ്റെടുക്കാനുള്ളതായി കണക്കാക്കിയിരിക്കുന്നത്‌ 43,776 ഏക്കറാണ്‌. ഭൂപരിഷ്‌കരണം കൊണ്ട്‌ 33 ലക്ഷം പേര്‍ക്ക്‌ ഗുണം ലഭിച്ചുവെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. നാല്‌ കോടിയോളം വരുന്ന കേരളത്തിലെ ജനസംഖ്യയില്‍ അഞ്ച്‌ ശതമാനത്തോളം മാത്രമേ ഇപ്പോള്‍ ഭൂരഹിതരായുള്ളൂവെന്നും സര്‍ക്കാറിന്റെ കണക്കുണ്ട്‌. ജനകീയ ജനാധിപത്യ വിപ്ലവം നടക്കുകയും കേന്ദ്രത്തില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്‌താല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പരിപാടികളില്‍ ഒന്ന്‌ ഭൂപരിഷ്‌കരണം രാജ്യത്താകെ നടപ്പാക്കുക എന്നതാണ്‌.



ഇത്രയും വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ വേണം വയനാട്ടില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭൂമി കൈവശപ്പെടുത്തല്‍ സമരത്തെ കാണാന്‍. എം പി വീരേന്ദ്രകുമാര്‍ പൈതൃക സ്വത്തായി ലഭിച്ചുവെന്ന്‌ അവകാശപ്പെടുന്ന, ഇപ്പോള്‍ എം വി ശ്രേയാംസ്‌ കുമാറിന്റെ പൈതൃക സ്വത്തായ കൃഷ്‌ണഗിരി എസ്റ്റേറ്റാണ്‌ സി പി എമ്മിന്റെ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ആദ്യം കൈവശപ്പെടുത്തിയത്‌. സമിതിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂമിയില്‍ കുടിലുകള്‍ കെട്ടി അവകാശം സ്ഥാപിച്ചു. ഭരണനിര്‍വഹണത്തിന്റെയും ക്രമസമാധാന പാലനത്തിന്റെയും ഭാഗമായി ഭരണകൂടം ഇവരെ ഒഴിപ്പിച്ചു. ഇതുവരെ ശ്രേയാംസ്‌ കുമാറിന്റെത്‌ എന്നു പറഞ്ഞിരുന്ന ഭുമി സര്‍ക്കാറിന്റെതാണെന്ന്‌ വ്യക്തമാക്കുന്ന ബോര്‍ഡ്‌ ഇവിടെ സ്ഥാപിക്കുകയും ചെയ്‌തു. ഒരു എസ്റ്റേറ്റിലും, സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഭുമിയിലും സമരത്തിന്റെ തുടര്‍ച്ചയുണ്ടായി. 




ഇതിലൊരിടത്ത്‌ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനെത്തിയത്‌ സി പി എമ്മിന്റെ കീഴിലുള്ള കര്‍ഷകത്തൊഴിലാളികളുടെ സംഘടനയായ കെ എസ്‌ കെ ടി യു ആണ്‌. ആദിവാസികള്‍ മാത്രമല്ല, കര്‍ഷകത്തൊഴിലാളികളും ഭൂമിയില്ലാത്തവരായുണ്ടെന്നു സമരത്തിനു നേതൃത്വം നല്‍കുന്നതിലൂടെ സമൂഹത്തോട്‌ സമ്മതിക്കുകയാണ്‌ സി പി എം. ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ മുന്നോട്ടുവെച്ച ഭൂപരിഷ്‌കരണ നിയമം കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നു കൂടി സാക്ഷ്യപ്പെടുത്തപ്പെടുകയാണ്‌.



നേരത്തെ പറഞ്ഞ കണക്കുകള്‍ തന്നെ അതിനു സാക്ഷിയാണ്‌. ഏറ്റെടുത്ത മിച്ചഭൂമിയില്‍ 28,000ത്തോളം ഏക്കര്‍ സ്ഥലം ഇനിയും വിതരണം ചെയ്യാനുണ്ട്‌. ഏറ്റെടുക്കേണ്ടതായി കണ്ടെത്തിയിരിക്കുന്ന 43,776 ഏക്കര്‍ ഏറ്റെടുക്കുന്നതിന്‌ നടപടിയൊന്നുമുണ്ടാവുന്നുമില്ല. ഇതിനെല്ലാം പുറമെയാണ്‌ ഹാരിസണും ടാറ്റയും അടക്കമുള്ള വന്‍കിട കമ്പനികള്‍ തോട്ടങ്ങളുടെ മറവില്‍ നടത്തിയിരിക്കുന്ന കയ്യേറ്റങ്ങള്‍. അതിനെക്കുറിച്ചൊന്നും യാതൊരു കണക്കും ഇപ്പോഴും സര്‍ക്കാറിന്റെ പക്കലില്ല. ഇപ്പോള്‍ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍, തര്‍ക്കങ്ങളില്‍ നിന്നു തര്‍ക്കങ്ങളിലേക്കു നീങ്ങുമ്പോഴാണ്‌ സി പി എം വയനാട്ടില്‍ സമരമുഖം തുറന്നിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സമരത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടും.



ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ലഭിച്ചത്‌ സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ദളിത്‌, ആദിവാസി വിഭാഗങ്ങള്‍ക്കല്ല എന്ന വിമര്‍ശം ഉയരാന്‍ തുടങ്ങിയിട്ട്‌ ദശകങ്ങളായി. എന്നാല്‍ അക്കാലത്തൊക്കെ ഈ വിമര്‍ശത്തെ തള്ളിക്കളയുന്ന നിലപാടാണ്‌ സി പി എം സ്വീകരിച്ചിരുന്നത്‌. ഇപ്പോള്‍ ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ഭൂമിക്കുവേണ്ടി നടത്തുന്ന സമരത്തിനു നേതൃത്വം നല്‍കുമ്പോള്‍ സമൂഹത്തിലെ താഴേത്തട്ടിലുള്ളവര്‍ക്കു ഭൂമി ലഭ്യമാക്കുന്നതിനു നിയമം ഉപകാരപ്പെട്ടില്ല എന്ന്‌ പരോക്ഷമായി സമ്മതിക്കുകയാണ്‌ പാര്‍ട്ടി. അല്ലെങ്കില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തങ്ങളടക്കം നേതൃത്വം നല്‍കിയ സര്‍ക്കാറുകള്‍ക്ക്‌ വീഴ്‌ച പറ്റിയെന്നു സമ്മതിക്കുകയാണ്‌. ഇത്‌ തുറന്നു സമ്മതിക്കുകയും ഭൂവിതരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയുമാണ്‌ സി പി എം ചെയ്യേണ്ടത്‌. അല്ലെങ്കില്‍ സമരത്തിനുവേണ്ടിയുള്ള സമരം മാത്രമായി ഇപ്പോള്‍ നടക്കുന്നതിനെ കാണേണ്ടിവരും.



ഇതുപോലൊരു സമരം തന്നെയാണ്‌ ചെങ്ങറയിലെ ഹാരിസണ്‍ തോട്ടത്തിലും നടന്നത്‌. നേതൃത്വം സാധുജന സംയുക്ത വിമോചന വേദി എന്ന്‌ പേരിട്ട സംഘടനക്കായിപ്പോയെന്ന്‌ മാത്രം. സ്വന്തമായി ഭൂമി ലഭിക്കാതെ സമര ഭൂമിയില്‍ നിന്നിറങ്ങില്ല എന്ന വാശി കാണിക്കുകയും ചെയ്‌തു. അവര്‍ മറ്റു ചിലതുകൂടി ചൂണ്ടിക്കാട്ടിയിരുന്നു. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ദളിതുകള്‍ക്കും മറ്റ്‌ പിന്നാക്ക വിഭാഗങ്ങള്‍ക്കും ലഭിച്ചത്‌ അഞ്ച്‌ സെന്റ്‌ ഭൂമിയോ ലക്ഷം വീട്‌ കോളനികളില്‍ വീടോ മാത്രമാണെന്നതായിരുന്നു അതില്‍ പ്രധാനം. ലക്ഷ്യമിട്ട സാമൂഹ്യ, സാമ്പത്തിക ഉന്നമനം ഈ വിഭാഗങ്ങള്‍ക്ക്‌ സാധ്യമാക്കാന്‍ ഉതകുന്ന വിധത്തില്‍ ഭൂമിയുടെ വിതരണം നടന്നില്ല. ദളിതുകളും മറ്റും ഇന്നും പിന്നാക്കാവസ്ഥയില്‍ തുടരാന്‍ പ്രധാന കാരണമിതാണ്‌ എന്നതായിരുന്നു അവരുടെ വാദം. 




ഈ സമരക്കാരെ റബ്ബര്‍ മോഷ്‌ടാക്കളെന്ന്‌ വിളിച്ച്‌ ആക്ഷേപിക്കുകയാണ്‌ ഭരണകൂടം ചെയ്‌തത്‌. സര്‍ക്കാറിനെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നല്‍കി. സമരം തീര്‍ക്കുന്നതിന്‌ സര്‍ക്കാറും പ്രതിപക്ഷവും യോജിച്ച്‌ നടത്തിയ ചര്‍ച്ചകളില്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം സമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ നല്‍കാന്‍ ഇവിടെ ഭൂമിയില്ല എന്നതായിരുന്നു. ഈ നിലപാടുകളും മുമ്പ്‌ വിവരിച്ച കണക്കുകളും യോജിച്ചുപോവില്ല. വയനാട്ടില്‍ ശ്രേയാംസ്‌ കുമാറും മറ്റും ഏക്കറുകണക്കിന്‌ ഭൂമി കയ്യേറി എന്ന ആരോപണവും വൈരുധ്യമായി മാറും. ഇത്തരം കയ്യേറ്റങ്ങള്‍ നിലവിലുണ്ടെങ്കില്‍ അത്‌ ഒഴിപ്പിച്ചെടുത്ത്‌ ഭൂരഹിതരായ ജനവിഭാഗങ്ങള്‍ക്ക്‌ ഉപജീവന മാര്‍ഗം കണ്ടെത്താനായി വിതരണം ചെയ്യുകയാണ്‌ സര്‍ക്കാറിന്റെ ബാധ്യത. ആ കടമ നിറവേറ്റാന്‍ കഴിയില്ല എന്നതാണ്‌ ചെങ്ങറയിലെ സമരക്കാരോട്‌ സ്വീകരിച്ച നിലപാടില്‍ നിന്ന്‌ മനസ്സിലാക്കാനാവുക. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുമ്പ്‌ നടന്ന സമരങ്ങളോട്‌ സ്വീകരിച്ച നിലപാടും ഇവിടെ ചോദ്യം ചെയ്യപ്പെടും.



സി പി എമ്മിന്റെ നേതൃത്വത്തില്‍ പലവട്ടം സര്‍ക്കാറുകളുണ്ടായിട്ടും എന്തുകൊണ്ട്‌ ഭൂമി ഏറ്റെടുക്കലും വിതരണവും കാര്യക്ഷമമാക്കാന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന്‌ കയ്യേറ്റ ലോബിക്ക്‌ ഭരണത്തില്‍ അത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്ന ഒറ്റ മറുപടിയേ നല്‍കാനാവൂ. വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌ കടക്കാന്‍ പോകുമ്പോഴാണ്‌ വയനാട്ടിലെ ഭൂ സമരം നടക്കുന്നത്‌. കയ്യേറിയ ഭൂമി തിരിച്ചെടുത്ത്‌ തങ്ങള്‍ക്കു നല്‍കാന്‍ ഇത്രയും കാലം സര്‍ക്കാര്‍ എന്തുകൊണ്ട്‌ നടപടിയെടുത്തില്ല എന്ന്‌ സമരക്കാര്‍ തിരിച്ചുചോദിച്ചാല്‍ നേതാക്കള്‍ക്കു മറുപടിയുണ്ടാവില്ല. സര്‍ക്കാറിനെക്കൊണ്ട്‌ ഇക്കാര്യം ചെയ്യിക്കാന്‍ നിങ്ങള്‍ക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ലെന്ന്‌ സി പി എം നേതാക്കളോട്‌ ചോദിച്ചാല്‍ അവര്‍ക്കും മറുപടിയുണ്ടാവില്ല. 




വീരേന്ദ്ര കുമാര്‍ ഇടതില്‍ നിന്നു വലതിലേക്കു മാറിയപ്പോഴാണ്‌ ശ്രേയാംസിന്റെ കയ്യേറ്റം സി പി എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. ഇതുമാത്രം മതി അധികാരത്തില്‍ സ്വാധീനമുള്ളവര്‍ കാട്ടുന്ന ക്രമക്കേടുകള്‍ എത്രകാലം വേണമെങ്കിലും മറച്ചുവെക്കാനാവുമെന്നതിന്‌ തെളിവായിട്ട്‌. വീരേന്ദ്ര കുമാര്‍ ഇടതില്‍ തുടരുകയായിരുന്നെങ്കില്‍ കയ്യേറ്റത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുമായിരുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്‌ കയ്യേറ്റമുണ്ടോ എന്നു പരിശോധിച്ച്‌ ഉണ്ടെങ്കില്‍ ഒഴിപ്പിക്കുന്നതിനെ എതിര്‍ക്കില്ല എന്നു മാത്രമാണ്‌. ഇതേ വളവും തിരിവുമാണ്‌ മൂന്നാറിലെ ടാറ്റയടക്കമുള്ള വന്‍കിട കയ്യേറ്റക്കാരുടെ കാര്യത്തിലും നടക്കുന്നത്‌. ടാറ്റ നിര്‍മിച്ച അനധികൃത ഡാമിനെക്കുറിച്ചു പറയുന്നവരൊന്നും അവര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അമ്പതിനായിരം ഏക്കര്‍ ഭൂമിയെക്കുറിച്ചു മിണ്ടുന്നില്ല. ഇനി ഏറ്റെടുക്കാനുള്ളതായി സര്‍ക്കാറിന്റെ കണക്കിലുള്ളത്‌ 43,776 ഏക്കര്‍ മാത്രമാണ്‌. അവിടെയും ഈ അമ്പതിനായിരത്തിന്‌ സ്ഥാനമില്ല. അല്ലെങ്കില്‍ ഈ ഭൂമി, കണക്കിലെങ്കിലും സര്‍ക്കാറിന്റെ പക്കലാണ്‌. എങ്കില്‍ ആ ഭൂമി എവിടെയാണ്‌. ഇത്രയും ഭൂമി മൂന്നാറിലുണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാറിന്റെ കെട്ടിടങ്ങള്‍ക്ക്‌ ടാറ്റയില്‍ നിന്ന്‌ ഭൂമി തിരിച്ചു പാട്ടത്തിനു വാങ്ങേണ്ട കാര്യമെന്താണ്‌?



വയനാട്ടിലെ സമരത്തിന്റെ തുടര്‍ച്ചയായി നടന്ന ഒരു കാര്യം ശ്രേയാംസ്‌ കുമാറിന്റെ കൈവശ ഭൂമി സര്‍ക്കാറിന്റെതാണെന്നു വ്യക്തമാക്കി ബോര്‍ഡ്‌ സ്ഥാപിച്ചു എന്നതാണ്‌. ഇതിന്‌ തുടര്‍നടപടികളുണ്ടാവുമോ അതോ മുമ്പ്‌ മൂന്നാറില്‍ ടാറ്റ കൈവശപ്പെടുത്തിയ ഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ഗതി ഇതിനും വരുമോ എന്നത്‌ കാലം കാണിച്ചുതരും. 

2 comments:

  1. ചെങ്ങറയെ പിന്തുണച്ചവര്‍ക്ക് ഇതിനെ പിന്തുണയ്ക്കാന്‍ വൈമുഖ്യം!

    ReplyDelete
  2. ഭൂപരിഷ്കരണനിയമം ദലിതരെ വഞ്ചിച്ചതെങ്ങനെ എന്ന മുകുന്ദന്‍ പെരുവെട്ടൂരിന്റെ പഠനം കണ്ടിട്ടുണ്ടാവുമെന്നുകരുതുന്നു.സി പി എം ഭരിക്കുമ്പോള്‍ അവരല്ലാതെ മറ്റാര്‍ക്കെങ്കിലും സമരം നടത്താന്‍ പറ്റില്ല.ആരുടെയും സമരം അവര്‍ അംഗീകരിക്കില്ല.

    ReplyDelete