2010-02-17

ചിദംബരത്തിന്റെ മാന്ത്രികദണ്ഡ്‌


പൂനെ സ്‌ഫോടനം അതില്‍ നഷ്‌ടപ്പെട്ട പത്ത്‌ ജീവനെക്കാളും ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ആസുര ശക്തികളെക്കാളുമൊക്കെ ശ്രദ്ധേയമാക്കിയത്‌ പി ചിദംബരം എന്ന ആഭ്യന്തര മന്ത്രിയെയാണ്‌. മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ ഉയരുമായിരുന്ന മുറവിളികള്‍ തടുത്തുനിര്‍ത്താന്‍ പളനിയപ്പന്‍ ചിദംബരത്തിന്‌ സാധിച്ചു. 2008ല്‍ ന്യൂഡല്‍ഹിയില്‍ സ്‌ഫോടന പരമ്പരയുണ്ടാവുമ്പോള്‍ ശിവരാജ്‌ പാട്ടീലായിരുന്നു ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത്‌. സ്‌ഫോടനത്തിന്‌ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയപ്പോള്‍ ധരിച്ചിരുന്ന കോട്ട്‌, പിന്നീട്‌ മാധ്യമ പ്രവര്‍ത്തകരെ കാണുമ്പോഴേക്കും പാട്ടീല്‍ മാറ്റിയിരുന്നു. വൈകിട്ട്‌ പ്രധാനമന്ത്രി വിളിച്ച യോഗത്തിനെത്തുമ്പോഴേക്കും വീണ്ടും കോട്ട്‌ മാറ്റി. തലസ്ഥാനത്ത്‌ സ്‌ഫോടന പരമ്പരയുണ്ടായപ്പോള്‍ ആഭ്യന്തര മന്ത്രി പ്രകടിപ്പിച്ച ശുചിത്വ ബോധം പിന്നീട്‌ ചര്‍ച്ച ചെയ്യപ്പെട്ടു. 
പൂനെയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ തമിഴ്‌നാട്ടിലായിരുന്നു ചിദംബരം. പിറ്റേന്ന്‌ നേരം പുലര്‍ന്നത്‌ ചിദംബരം സ്‌ഫോടനസ്ഥലം സന്ദര്‍ശിക്കുന്നുവെന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്‌. സ്‌ഫോടനത്തില്‍ പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കൂടി കണ്ടതിനു ശേഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനൊപ്പം ചിദംബരം വാര്‍ത്താ സമ്മേളനത്തിനെത്തി.``നിങ്ങള്‍ ഒന്നിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്‌. ഞാനം പ്രചരിപ്പിക്കില്ല. അന്വേഷണത്തിനു ശേഷം തെളിവുകളുമായി നമുക്ക്‌ സംസാരിക്കാം. നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം എന്റെ അറിവനുസരിച്ച്‌ മറുപടി നല്‍കിയ ശേഷമേ മടങ്ങുകയുള്ളൂ'' - വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരത്തിന്റെ ആമുഖ വാക്യങ്ങള്‍. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി. ഒരു ചോദ്യം പോലും ചോദിക്കാത്തവരെ തിരഞ്ഞുപിടിച്ച്‌ അവസരം നല്‍കി. മുമ്പ്‌ `ചിന്ത' വാരികയിലെ ചോദ്യോത്തര പംക്തിയിലേക്ക്‌ അയക്കുന്ന ചോദ്യങ്ങള്‍ ഇ എം എസ്‌ തിരുത്തിയിരുന്നതുപോലെ ചോദ്യം ചോദിക്കേണ്ടിയിരുന്നത്‌ അങ്ങനെയല്ലെന്ന്‌ പറഞ്ഞ്‌ സ്വയം ചോദ്യം ചോദിച്ച്‌ മറുപടി പറഞ്ഞ്‌ ചിദംബരം നിറഞ്ഞു. സ്‌ഫോടനത്തിന്‌ കാരണം ഇന്റലിജന്‍സ്‌ വീഴ്‌ചയല്ലെന്ന്‌ സമര്‍ഥിച്ച്‌ അദ്ദേഹം മടങ്ങി. 
രാഷ്‌ട്രീയ, ഭരണ നേതൃത്വങ്ങളിലുള്ളവരെ സംബന്ധിച്ച്‌ ഒരു വിഷയം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും അത്‌ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നതുമാണ്‌ വലിയ പ്രതിസന്ധി. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാകണമെങ്കില്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കണം. അത്‌ നല്ലപോലെ പഠിച്ചയാളാണ്‌ താനെന്ന്‌ ചിദംബരം തെളിയിച്ചു. ജര്‍ണയില്‍ സിംഗിന്റെ ഷൂ തന്റെ നേരെ കൂതിച്ചപ്പോള്‍ പോലും പതറാതിരുന്ന നയതന്ത്ര സൗന്ദര്യം.പൂനെ നയതന്ത്ര ദൗത്യത്തിനിടെ അദ്ദേഹം പറഞ്ഞതില്‍ ഒരു കാര്യം സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല മഹാരാഷ്‌ട്രയിലെ ഭീകര വിരുദ്ധ സേനക്കാണ്‌ എന്നതായിരുന്നു. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍ ഐ എ) ഉദ്യോഗസ്ഥരെ അവിടേക്ക്‌ നിയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍ ഐ എ രൂപവത്‌കരിച്ചതിന്‌ ശേഷം ആദ്യമായാണ്‌ ഇത്തരൊരു സംഭവം നടക്കുന്നത്‌. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ പ്രാഥമിക പഠനത്തിന്‌ ഉചിതമെന്ന നിലയിലാണ്‌ പൂനെയിലേക്ക്‌ നിയോഗിച്ചത്‌ എന്നും ചിദംബരം പറഞ്ഞു. അന്വേഷണത്തില്‍ മഹാരാഷ്‌ട്ര പോലീസിനെ എന്‍ ഐ എ സഹായിക്കുക മാത്രമേ ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ക്കും ഒരു പരാതിയുമുണ്ടായില്ല.മുംബൈ ആക്രമണത്തിന്‌ ശേഷമാണ്‌ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ (എഫ്‌ ബി ഐ) മാതൃകയില്‍ എന്‍ ഐ എ രൂപവത്‌കരിച്ചത്‌. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏകോപിപ്പിച്ച അന്വേഷണം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. പക്ഷേ, അത്തരമൊരു സംഗതിയാണോ നടക്കുന്നത്‌ എന്നത്‌ സംബന്ധിച്ച സംശയങ്ങള്‍ ഉയരുന്നുണ്ട്‌. എന്‍ ഐ എ രൂപവത്‌കരിച്ചതിനു ശേഷം ആദ്യമായി നടന്ന പൂനെ സ്‌ഫോടനത്തിന്റെ അന്വേഷണച്ചുമതല മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനക്ക്‌ തന്നെയാണെന്ന്‌ വ്യക്തമാക്കുമ്പോള്‍ ഈ സംശയം ബലപ്പെടുകയും ചെയ്യുന്നു.കേസുകള്‍ എന്‍ ഐ എക്ക്‌ കൈമാറുന്നതിനെ പരസ്യമായി ആദ്യം ചോദ്യം ചെയ്‌തത്‌ കേരളമായിരുന്നു. സംസ്ഥാനത്തെ നാല്‌ കേസുകളാണ്‌ എന്‍ ഐ എക്ക്‌ കൈമാറിയത്‌. കോഴിക്കോട്‌ ഇരട്ട സ്‌ഫോടനം, കാശ്‌മീരില്‍ വെച്ച്‌ നാല്‌ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടത്‌, വാഗമണ്ണിലും പാനായിക്കുളത്തും സ്റ്റുഡന്റ്‌സ്‌ ഇസ്‌ലാമിക്‌ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി) ക്യാമ്പുകള്‍ നടത്തിയെന്ന ആരോപണം, കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ എന്നിവയാണ്‌ അവ. കേരള പോലീസ്‌ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട്‌ (എഫ്‌ ഐ ആര്‍) തങ്ങളുടെ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലായതിനാല്‍ അവിടുത്തെ പോലീസ്‌ സ്റ്റേഷനില്‍ റീ രജിസ്റ്റര്‍ ചെയ്യുക മാത്രമാണ്‌ ഇതുവരെ ചെയ്‌തത്‌. അന്വേഷണം നടക്കുന്നുണ്ടെന്നും വസ്‌തുതകള്‍ പുറത്തുവരുമെന്നും വിശ്വസിച്ച്‌ നമുക്ക്‌ മുന്നോട്ടുപോകാം.കേരള സര്‍ക്കാറിനെയോ പോലീസിനെയോ അറിയിക്കാതെയാണ്‌ കേസ്‌ ഏറ്റെടുത്തത്‌ എന്ന ആക്ഷേപമാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ആദ്യം ഉന്നയിച്ചത്‌. ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്‍മേല്‍ കടന്നു കയറും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും പിന്നീട്‌ വിമര്‍ശിച്ചു. എന്നാല്‍ കേസുകള്‍ ഏറ്റെടുത്തതില്‍ അപാകതയൊന്നുമില്ലെന്നും കേരള സര്‍ക്കാറിനെ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നുമാണ്‌ ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞത്‌. സ്വദേശത്തും വിദേശത്തും ഒരുപോലെ ബന്ധങ്ങളുള്ള കേസായതിനാലാണ്‌ ഈ നാലെണ്ണം എന്‍ എ ഐ ഏറ്റെടുത്തതെന്നും വിശദീകരണമുണ്ടായി. 
ഏതാണ്ട്‌ ഇതേ വിശദീകരണങ്ങളൊക്കെ ബാധകമാണ്‌ പൂനെയിലെ സ്‌ഫോടനത്തിനും. സ്‌ഫോടനത്തിന്‌ പിന്നില്‍ വിദേശശക്തികളുടെ സാന്നിധ്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ സംശയിക്കുന്നുണ്ട്‌. മുംബൈ ആക്രമണക്കേസില്‍ ആരോപണ വിധേയനായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടെ പേര്‌ ഇവിടെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. പാക്‌ അധീന കാശ്‌മീരില്‍ ജമാഅത്തുദ്ദഅ്‌വ നടത്തിയ സമ്മേളനത്തില്‍ ഒരാള്‍ നടത്തിയ പ്രസംഗത്തില്‍ പൂനെ ആക്രമണത്തെക്കുറിച്ച്‌ സൂചിപ്പിച്ചുവെന്ന റിപ്പോര്‍ട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. കേരളത്തില്‍ നിന്ന്‌ ഏറ്റെടുത്ത നാല്‌ കേസുകളേക്കാള്‍ ഗൗരവമുണ്ട്‌ പൂനെയിലെ സ്‌ഫോടനത്തിന്‌ എന്ന്‌ പ്രഥമ ദൃഷ്‌ട്യാതന്നെ മനസ്സിലാക്കാവുന്നതാണ്‌. എന്നിട്ടും പുനെ സ്‌ഫോടനം മഹാരാഷ്‌ട്ര പോലീസിലെ ഭീകര വിരുദ്ധ സേന അന്വേഷിച്ചാല്‍ മതിയെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും അന്വേഷിക്കുന്നത്‌ കര്‍ണാടക പോലീസാണ്‌. ഈ കേസില്‍ ആരോപണ വിധേയനായ തടിയന്റവിട നസീര്‍ കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസിലും ആരോപണ വിധേയനാണ്‌. എന്നിട്ടും കളമശ്ശേരി കേസ്‌ ഏറ്റെടുത്ത എന്‍ ഐ എയോട്‌ ബംഗളൂരു സ്‌ഫോടന പരമ്പരയുടെ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചില്ല. സ്‌ഫോടന പരമ്പരയേക്കാള്‍ വലുതാണ്‌ തട്ടിയെടുത്ത ബസ്സ്‌ യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടതിനു ശേഷം കത്തിച്ച സംഭവം എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. എന്‍ ഐ എയുടെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്‌ണനും വി എസ്‌ അച്യുതാനന്ദനും ഉന്നയിച്ച സംശയങ്ങള്‍ വെറുതയല്ലെന്നും പറയേണ്ടിവരുന്നു.അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയ താത്‌പര്യത്തിന്‌ ഉപയോഗിച്ച ചരിത്രം ഇവിടെ കുറവല്ല. ബൊഫോഴ്‌സ്‌ കേസില്‍ സി ബി ഐയെ ഉപയോഗിച്ച വിധം ഏവര്‍ക്കും അറിവുള്ളതാണ്‌. അര്‍ജന്റീനയില്‍ പിടിയിലായ ക്വത്‌റോച്ചിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടുന്നതിന്‌ യഥാസമയത്ത്‌ നടപടി സ്വീകരിക്കാതിരുന്ന സി ബി ഐയെ ശാസിച്ചത്‌ കോടതി തന്നെയാണ്‌. എന്തുകൊണ്ട്‌ നടപടി സ്വീകരിച്ചില്ല എന്നതിന്‌ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനപ്പുറത്ത്‌ കാരണമൊന്നും തിരക്കേണ്ടതില്ല. 1984ല്‍ നടന്ന സിഖ്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലും സി ബി ഐ രാഷ്‌ട്രീയ താത്‌പര്യത്തിന്‌ അനുസരിച്ച്‌ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശക്തമാണ്‌. ആരോപണവിധേയരായവര്‍ക്കെതിരെ മൊഴി നല്‍കാനെത്തിയവരെ സി ബി ഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ച സംഭവങ്ങള്‍ വരെയുണ്ട്‌. ഇത്തരത്തില്‍ മടക്കി അയക്കപ്പെട്ടവരില്‍ ചിലരെ പിന്നീട്‌ കണ്ടെത്താനേ കഴിഞ്ഞില്ലെന്നാണ്‌ സി ബി ഐ കോടതിയെ അറിയിച്ചത്‌. 
എന്‍ ഐ എയെക്കൂടി രാഷ്‌ട്രീയ താത്‌പര്യത്തിന്‌ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ്‌ ബലപ്പെടുന്നത്‌. കോണ്‍ഗ്രസും ബി ജെ പിയും ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളിലെ കേസുകളൊന്നും എന്‍ ഐ എയുടെ പക്കലില്ല എന്നതാണ്‌ വസ്‌തുത. ഗുജറാത്തിലെയോ കര്‍ണാടകത്തിലെയോ കേസുകള്‍ അതാതിടങ്ങളിലെ പോലീസ്‌ തന്നെ കൈകാര്യം ചെയ്യുന്നു. മഹാരാഷ്‌ട്രയിലെയും ഡല്‍ഹിയിലെയും കേസുകളും അങ്ങിനെ തന്നെ. കൊട്ടിഘോഷിക്കപ്പെട്ട എന്‍ ഐ എ പിന്നെ എന്താണ്‌ ചെയ്യുന്നത്‌? ഇതാണോ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ മാതൃകയിലുള്ള അന്വേഷണ ഏജന്‍സിയെക്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?പൂനെ സ്‌ഫോടനത്തിന്റെ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായ കെ പി രഘുവംശിയാണ്‌. 2006ലെ മലേഗാവ്‌ സ്‌ഫോടനമടക്കം കേസുകളില്‍ ആരോപണ വിധേയനാണ്‌ ഇദ്ദേഹം. മലേഗാവ്‌ കേസില്‍ രഘുവംശിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌ത ഒമ്പത്‌ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ തെളിവില്ലെന്ന്‌ കോടതിയെ അറിയിച്ചത്‌ സി ബി ഐയാണ്‌. സി ബി ഐ ഈ കേസ്‌ ഏറ്റെടുക്കുന്ന ദിവസം ഈ യുവാക്കള്‍ക്കെതിരെ രഘുവംശിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇത്തരം ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തെ സഹായിക്കുക എന്ന റോളാണ്‌ എന്‍ ഐ എക്ക്‌ ഇപ്പോഴുള്ളത്‌. മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ അസമാന്യ ശേഷിയുള്ള ഒരു ആഭ്യന്തര മന്ത്രിയുണ്ടാവുമ്പോള്‍ ഇതൊന്നും പ്രശ്‌നമേയല്ല. 
യുക്തി ഭംഗമില്ലാത്ത മറുപടികള്‍ അദ്ദേഹത്തിനുണ്ട്‌. വേണമെങ്കില്‍ ചോദ്യങ്ങള്‍ തിരുത്തി അദ്ദേഹം മറുപടി നല്‍കും. അത്‌ സ്വീകരിക്കുക എന്നതാണ്‌ നമ്മുടെ കടമ. എന്‍ ഐ എ കേസുകള്‍ ഏറ്റെടുത്തതിലെ ക്രമക്കേടും അസാംഗത്യവും കോടിയേരിയോ വി എസ്സോ ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ രാഷ്‌ട്രീയ, മഅ്‌ദനി പക്ഷ താത്‌പര്യം കാണുന്നവര്‍, ചില കേസുകളില്‍ നിന്ന്‌ എന്‍ ഐ എയെ ഒഴിവാക്കി നിര്‍ത്തുമ്പോള്‍ രാഷ്‌ട്രീയം കാണില്ല. ഒരിടത്ത്‌ എന്‍ ഐ എയെ ഉള്‍പ്പെടുത്തുന്നതാണ്‌ ദേശീയ താത്‌പര്യമെങ്കില്‍ മറ്റൊരിടത്ത്‌ അവരെ ഒഴിവാക്കുന്നതാണ്‌. മഹാരാഷ്‌ട്ര പോലീസിനു പകരം എന്‍ ഐ എയെ അന്വേഷണത്തിന്‌ നിയോഗിക്കുന്നത്‌ പോലും മറാത്ത വികാരത്തിന്റെ മാപിനി ഉപയോഗിച്ച്‌ അളക്കുന്നവരുള്ളപ്പോള്‍ പ്രത്യേകിച്ചും.