2010-03-02

മന്‍മോഹന്റെ (യു പി എയുടെ) കടല്‍


പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഉദ്‌ഘോഷിക്കുകയും ഐക്യ പുരോഗമന മുന്നണി (യുനൈറ്റഡ്‌ പ്രോഗ്രസ്സീവ്‌ അലയന്‍സ്‌- യു പി എ) നടപ്പാക്കുന്നുവെന്ന്‌ പറയുകയും ചെയ്യുന്ന വികസനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്‌. ഉപമിച്ചാല്‍ കടല്‍ പോലെ- എല്ലാം ഉള്‍ക്കൊള്ളുന്നത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷത്തേക്കായി കഴിഞ്ഞ ജൂലൈയിലും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി ഇപ്പോഴും ധനമന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റുകളില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്‌. യു പി എ സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളുടെ എണ്ണവും അതിനായി നീക്കിവെക്കുന്ന പതിനായിരക്കണക്കിന്‌ കോടികളുടെ കണക്കും പരിഗണിച്ചാല്‍ ഈ അവകാശവാദം ഏറെക്കുറെ ശരിയാണെന്ന്‌ തോന്നും. 
മഹാത്മാ ഗാന്ധിയുടെ പേരിട്ട ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ രണ്ട്‌ ബജറ്റുകളിലുമായി നീക്കിവെച്ചത്‌ ഏറെക്കുറെ ലക്ഷം കോടി രൂപയാണ്‌. ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിയായ ഇന്ദിരാ ആവാസ്‌ യോജനക്കും ചേരി നിര്‍മാര്‍ജനത്തിനും നഗര മേഖലയിലെ ദാരിദ്ര്യം ഇല്ലാതാക്കാനും ആസൂത്രണം ചെയ്‌ത രാജീവ്‌ ആവാസ്‌ യോജനക്കുമായി പതിനായിരക്കണക്കിന്‌ കോടികള്‍ വേറെ. ആറ്‌ മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യഭ്യാസം ഉറപ്പാക്കുന്നതിനുമുണ്ട്‌ കോടികള്‍. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന്‌ മൂന്നു രൂപയോളം കൂട്ടിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നവര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന അജന്‍ഡയുടെ ഭാഗമായി നീക്കിവെക്കപ്പെട്ട സാമാന്യം വലിയ തുകയെ കാണാതെപോവുന്നത്‌ എന്തുകൊണ്ട്‌ എന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചോദിക്കുന്നത്‌.
എന്താണ്‌ ഈ നീക്കിവെപ്പിന്റെ ഉദ്ദേശ്യമെന്ന്‌ മനസ്സിലായില്ലെങ്കില്‍ കോണ്‍ഗ്രസ്‌ നേതാക്കളുടെ ചോദ്യം ശരിയാണെന്നു തോന്നിപ്പോവും. നീക്കിവെച്ചിരിക്കുന്ന കോടികളെല്ലാം ഏറെക്കുറെ നിര്‍മാണ മേഖലയയെ ലക്ഷ്യമിട്ടുള്ളതാണെന്നതാണ്‌ വസ്‌തുത. ഇന്ദിരാ ആവാസ്‌ യോജനയാണെങ്കിലും രാജീവ്‌ ആവാസ്‌ യോജനയാണെങ്കിലും ഇവയോട്‌ ചേര്‍ത്തുകെട്ടുമെന്ന്‌ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള തൊഴിലുറപ്പ്‌ പദ്ധതിയാണെങ്കിലും നിര്‍മാണ മേഖലക്കാണ്‌ ഊര്‍ജം പകരുക. 

കെട്ടിട നിര്‍മാണത്തെ തുണക്കുക എന്നാല്‍ സിമന്റ്‌, കമ്പി വ്യവസായങ്ങളെയും ഭവന വായ്‌പകളെയും പ്രോത്സാഹിപ്പിക്കുക എന്നാണ്‌ അര്‍ഥം. ഭവന വായ്‌പയെ പ്രോത്സാഹിപ്പിക്കുന്നത്‌ ധനവിപണിക്കാണ്‌ കരുത്തേകുക. മാന്ദ്യത്തിന്റെ കാലത്തുപോലും 7.5 ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിക്കാന്‍ ഇന്ത്യയെ സഹായിച്ച പ്രധാന മേഖല നിര്‍മാണ, ധന വിപണികളുടെ കരുത്തായിരുന്നുവെന്ന സ്ഥിതിവിവരം കൂടി അറിയണം. വ്യാവസായിക രംഗത്ത്‌ വളര്‍ച്ചയുണ്ടാക്കിയതും ഈ മേഖലകള്‍ തന്നെ. ചുരുക്കത്തില്‍ റിയല്‍ എസ്റ്റേറ്റ്‌, നിര്‍മാണ മേഖലകള്‍ക്ക്‌ കരുത്തേകുക എന്നതാണ്‌ കടല്‍ പോലുള്ള വികസന അജന്‍ഡ. 0.2 ശതമാനമെന്ന ദയനീയ നിലയിലെത്തി നില്‍ക്കുന്ന കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാന്‍ നിര്‍ദേശിക്കപ്പെടുന്നത്‌ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കലാണ്‌. 
അതായത്‌ ഉത്‌പാദന വ്യവസ്ഥയുടെ ഉടമാവകാശത്തില്‍ നിന്ന്‌ ജനകോടികളെ നീക്കി നിര്‍ത്തി അവരെ കുറഞ്ഞ കൂലിക്ക്‌ ജോലി ചെയ്യുന്ന തൊഴിലാളികളോ റിയല്‍ എസ്റ്റേറ്റ്‌ ശൃംഖലയുടെ കുടിയാന്‍മാരോ ആക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. സാമൂഹിക, സാമ്പത്തിക വികസനത്തില്‍ നിന്ന്‌ അവര്‍ ഒഴിവാക്കപ്പെടുകയായിരിക്കും ഫലം. അതായത്‌ ഇപ്പോള്‍ മുന്നോട്ടുവെക്കപ്പെട്ടിരിക്കുന്ന വികസന നയം ഉള്‍ക്കൊള്ളുകയല്ല, പുറന്തള്ളുകയാണ്‌ ചെയ്യുന്നത്‌ എന്നര്‍ഥം.കേരളത്തില്‍ അര നൂറ്റാണ്ടിലേറെ മുമ്പ്‌ ആരംഭിച്ച ഭൂപരിഷ്‌കരണത്തെക്കുറിച്ച്‌ പിന്നീടുയര്‍ന്ന വിമര്‍ശം ഇവിടെ പ്രസക്തമാണ്‌. കുടിയാന്‍മാരും കര്‍ഷക തൊഴിലാളികളുമായിരുന്ന പിന്നാക്ക ദളിത്‌ വിഭാഗങ്ങളില്‍ ഭൂരിപക്ഷത്തിനും പരിഷ്‌കരണത്തിലൂടെ ലഭിച്ചത്‌ അഞ്ച്‌ സെന്റ്‌ ഭൂമിയോ ലക്ഷംവീട്‌ കോളനിയില്‍ വീടോ മാത്രമായിരുന്നു. ഉചിതമായ ഉപജീവനമാര്‍ഗം കണ്ടെത്തി വരും തലമുറക്കെങ്കിലും സാമൂഹിക, സാമ്പത്തിക മേല്‍ഗതി ഉണ്ടാക്കിക്കൊടുക്കാന്‍ പാകത്തില്‍ ഭൂമി ലഭിച്ചില്ല. സാമൂഹികമായ പിന്നാക്കാവസ്ഥ തുടര്‍ന്നു. ഇതിലും ഭീകരമാണ്‌ പേരിനെങ്കിലും ഭൂപരിഷ്‌കരണം നടക്കാത്ത രാജ്യത്തെ മറ്റ്‌ ഭാഗങ്ങളിലെ സ്ഥിതി. അവരെ ലക്ഷ്യമിട്ടാണ്‌ തൊഴിലുറപ്പ്‌ പോലുള്ള പദ്ധതികള്‍ വരുന്നത്‌. നിലവില്‍ വര്‍ഷത്തില്‍ നൂറു ദിവസം ജോലിയും കൂലിയും ഉറപ്പുണ്ട്‌ എന്നത്‌ ആശ്വാസമാണെങ്കിലും ദീര്‍ഘകാലത്തില്‍ ഇവരെ കൂടുതല്‍ കൂടുതല്‍ സാമൂഹികമായും സാമ്പത്തികമായും പുറന്തള്ളാന്‍ മാത്രമേ പദ്ധതി ഉപകരിക്കൂ. നഗരങ്ങളില്‍ നിന്ന്‌ ചേരികള്‍ ഒഴിവാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നവര്‍ ഗ്രാമങ്ങളില്‍ പുതിയ ചേരികള്‍ സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌.നിര്‍മാണ മേഖലയെ കേന്ദ്ര ബിന്ദുവാക്കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ എന്തായിരിക്കും ഭാവിയില്‍ സമ്മാനിക്കുക എന്നറിയണമെങ്കില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ മാത്രം വിലയിരുത്തിയാല്‍ മതിയാവും. തകര്‍ച്ച തുടങ്ങുന്നത്‌ ഭവന വായ്‌പാ രംഗത്ത്‌ ബേങ്കുകള്‍ക്കുണ്ടായ പ്രതിസന്ധിയില്‍ നിന്നാണ്‌. വായ്‌പാ തിരിച്ചടവുകള്‍ മുടങ്ങി കിട്ടാക്കടം പെരുകിയതോടെ ബേങ്കുകളുടെ അടിത്തറ തകര്‍ന്നു. പുതിയ വായ്‌പകള്‍ നല്‍കാന്‍ ബേങ്കുകള്‍ തയ്യാറാവാതെ വന്നതോടെ റിയല്‍ എസ്റ്റേറ്റ്‌ വ്യവസായം തളര്‍ന്നു. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും വില ഇടിഞ്ഞു. നിര്‍മാണം സ്‌തംഭിച്ചു. 75 ഡോളറിന്‌ അമേരിക്കയില്‍ വീട്‌ കിട്ടുമെന്ന തമാശ കേരളത്തില്‍ വ്യാപിച്ചത്‌ ഈ സാഹചര്യത്തിലാണ്‌. വില ഇടിയുകയും നിര്‍മാണം സ്‌തംഭിക്കുകയും ചെയ്‌തതോടെ ഇതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലെല്ലാം തകര്‍ച്ചയുണ്ടായി. ധന വിപണി രോഗഗ്രസ്‌തമായി. വൈകാതെ വാഹന വിപണി ആകെ ഉലഞ്ഞു. സമൂലമായ തകര്‍ച്ച. അമേരിക്കന്‍ ധനവിപണിയെ ആശ്രയിച്ചു നിന്നിരുന്ന സമ്പദ്‌ വ്യവസ്ഥകളിലേക്കെല്ലാം പ്രതിസന്ധി പടര്‍ന്നു. ഈ പ്രതിസന്ധിക്ക്‌ നിദാനമായ വികസന നയമാണ്‌ ഇപ്പോള്‍ ഇന്ത്യ പിന്തുടരുന്നത്‌. 
ഭൂമി വേണ്ടത്ര ലഭ്യമാണെന്നതും മാനവവിഭവശേഷിയിലുള്ള കരുത്തും ഇന്ത്യന്‍ ധനവിപണിയെ തത്‌കാലത്തേക്ക്‌ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടില്ല. പക്ഷേ, അടിസ്ഥാനമായ കാര്‍ഷിക മേഖലക്ക്‌ പ്രാമുഖ്യം നല്‍കാതിരിക്കുകയോ അതിനെ അമിതമായ സ്വകാര്യവത്‌കരണത്തിന്‌ വിധേയമാക്കുകയോ ചെയ്യുമ്പോള്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രതിസന്ധിയിലേക്ക്‌ തള്ളപ്പെടും. വളര്‍ച്ചാ നിരക്ക്‌ ഒമ്പതിലോ രണ്ടക്ക സംഖ്യയിലോ എത്തിയേക്കാം. എന്നാല്‍ അതിലും എത്രയോ വലുതായിരിക്കും ദരിദ്രരാക്കപ്പെടുകയോ സാമൂഹികമായ അപകര്‍ഷതാബോധത്തിന്‌ അടിപ്പെടുകയോ ചെയ്യുന്ന ജനങ്ങളുടെ എണ്ണം. ഇവരുടെ അസംതൃപ്‌തി സൃഷ്‌ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ വേറെയുമുണ്ടാവും. ഇടതു തീവ്രവാദമെന്നോ മാവോയിസ്റ്റ്‌ ഭീകരയെന്നോ ഒക്കെ പേരിട്ട്‌ ഇപ്പോള്‍ തന്നെ നാം ഇതിനെ അഭിസംബോധന ചെയ്യുന്നുണ്ട്‌, അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്‌.ഈ വിഭാഗങ്ങളെ പുറംതള്ളാന്‍ തന്നെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ എന്നത്‌ വ്യക്തമാവണമെങ്കില്‍ ആദായ നികുതിയില്‍ ധനമന്ത്രി അനുവദിച്ച ഇളവ്‌ പരിശോധിച്ചാല്‍ മാത്രം മതിയാവും. പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം വരെ വരുമാനമുള്ളവര്‍ നല്‍കേണ്ട നികുതി പത്ത്‌ ശതമാനമാക്കി നിജപ്പെടുത്തി. മാസം 40,000 രൂപ വരുമാനമുണ്ടെങ്കില്‍ വാര്‍ഷിക വരുമാനം 4,80,000 ആകും. ഇതില്‍ 1.6 ലക്ഷം വരെ നികുതിയില്ല. വിവിധ നിക്ഷേപങ്ങളിലൂടെ ഒരു ലക്ഷം രൂപ നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയെടുക്കാം. 2,20,000 രൂപക്ക്‌ മാത്രമാണ്‌ പത്ത്‌ ശതമാനം നികുതി നല്‍കേണ്ടത്‌. ഇതില്‍ തന്നെ ദീര്‍ഘകാല സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപം നടത്തിയാല്‍ പിന്നെയും ഇളവ്‌ ലഭിക്കും. ഭവന നിര്‍മാണ വായ്‌പയുണ്ടെങ്കില്‍ പിന്നെയും ഇളവുണ്ട്‌. എല്ലാം കഴിഞ്ഞാല്‍ നികുതിയായി അടക്കേണ്ടിവരുന്ന തുക തുലോം കുറവായിരിക്കും. 
ചുരുക്കത്തില്‍ ഇടത്തരക്കാര്‍ക്കു വേണ്ടിപ്പോലുമല്ല, ഇടത്തരക്കാരില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെയാണ്‌ ധനമന്ത്രി ലക്ഷ്യമിടുന്നത്‌. അവരുടെ പക്കല്‍ പണമുണ്ടെങ്കിലേ എല്ലാത്തരം വിപണികളിലേക്കും പണമൊഴുകൂ. അത്തരത്തില്‍ പണമൊഴുക്കുന്നവരുണ്ടെങ്കിലേ വ്യാപാരത്തില്‍ അധിഷ്‌ഠിതമായ വളര്‍ച്ചാനിരക്ക്‌ കൈവരിക്കാനാവൂ. അല്ലാത്തവര്‍ക്ക്‌ വലിയ തെരുവിന്റെ പാര്‍ശ്വങ്ങളില്‍ നിന്ന്‌ കാഴ്‌ചകള്‍ കാണാം. ബാക്കിയുള്ളവര്‍ക്ക്‌ പട്ടിണിയൊഴിവാകാന്‍ വര്‍ഷത്തില്‍ നൂറ്‌ ദിനം തൊഴിലും കുറഞ്ഞ കൂലിയും ലഭിക്കും. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ തയ്യാറാവുന്ന യുനീഖ്‌ ഐഡന്റിന്റി നമ്പറനുസരിച്ച്‌ ദാരിദ്ര്യരേഖക്ക്‌ താഴെയാണെങ്കില്‍ ഭാവിയില്‍ ഭക്ഷ്യ കൂപ്പണും ലഭിക്കും. ഈ കൂപ്പണ്‍ കൊടുത്താല്‍ ഏതു കടയില്‍ നിന്നും സാധനങ്ങള്‍ ലഭിക്കും. യഥാര്‍ഥ വില കൊടുത്ത്‌ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കൊപ്പം സ്ഥാനമുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കരുത്‌. നിങ്ങള്‍ക്ക്‌ പ്രത്യേകം ക്യൂ ഉണ്ടാവും. നിങ്ങള്‍ക്കായുള്ള സാധനങ്ങള്‍ പ്രത്യേകമായി നിരത്തിയിരിക്കുന്ന ഇടങ്ങളുമുണ്ടാവും.പുതിയ ജന്മി കുടിയാന്‍ സമ്പ്രദായം മാത്രമല്ല, പുതിയ ജാതി വ്യവസ്ഥ കൂടിയാണ്‌ നിശ്ചയിക്കപ്പെടുന്നത്‌. ഫുഡ്‌ കൂപ്പണുമായെത്തുന്നവന്‍ അയിത്തക്കാരനാവുന്ന സ്ഥിതി. എല്ലാം ഉള്‍ക്കൊള്ളുകയല്ല ഇവിടെ ചെയ്യുന്നത്‌. ചിലതൊക്കെ തിരഞ്ഞുമാറ്റാന്‍ അടിസ്ഥാനമിടുകയാണ്‌. ഈ തിരഞ്ഞുമാറ്റലിന്റെ നടപടിക്രമങ്ങള്‍ എല്ലാ നയപരിപാടികളിലുമുണ്ട്‌; ദാരിദ്ര്യരേഖ നിര്‍ണയിച്ചപ്പോഴുണ്ടായിരുന്നു, പിന്നീട്‌ അതിന്റെ മാനദണ്ഡങ്ങള്‍ മാറ്റി നിശ്ചയിച്ചപ്പോഴുണ്ടായിരുന്നു, ഇപ്പോള്‍ റെയില്‍വേ ബജറ്റില്‍ സ്വകാര്യ സംയുക്ത സംരംഭമായി റെയില്‍പാത നിര്‍മിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോഴും അതുണ്ട്‌. ഉള്‍ക്കൊള്ളുന്ന വികസനമെന്ന ആശയത്തിന്റെ ഭാഗമായി നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്‌. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌, കസ്റ്റംസ്‌ ഡ്യൂട്ടികള്‍ വര്‍ധിപ്പിച്ചത്‌ ഈ തിരിച്ചെടുക്കലിന്റെ ഭാഗമാണ്‌. പെട്രോളിയം ഉത്‌പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള നയം തീരുമാനിക്കാന്‍ നിയോഗിച്ച കിരിത്‌ പരീഖ്‌ കമ്മിറ്റിയുടെ ശിപാര്‍ശ ശ്രദ്ധിച്ചാല്‍ ഇത്‌ വ്യക്തമാണ്‌- ഗ്രാമീണ മേഖലയിലുള്ളവരുടെ വരുമാനം വര്‍ധിച്ചിട്ടുണ്ട്‌, അതുകൊണ്ടുതന്നെ അന്താരാഷ്‌ട്ര വിപണി വിലക്കനുസരിച്ച്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ മടിക്കേണ്ടതില്ല.