2010-03-22

ബാ കൃ പി തെറ്റോ ശരിയോ?

ഫെഡറല്‍ ഭരണക്രമത്തിന്റെ കാര്യക്ഷമമായ നടപ്പാക്കല്‍ ഇന്ത്യാ ചരിത്രത്തില്‍ ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക്‌ വഴിവെച്ചതാണ്‌. വിവിധ മേഖലകള്‍ക്ക്‌ അര്‍ഹിക്കുന്ന സ്വയം ഭരണാധികാരം ഉറപ്പാക്കിക്കൊണ്ടുള്ള ഫെഡറല്‍ ക്രമം എന്ന ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതാണ്‌ സ്വാതന്ത്ര്യത്തോടൊപ്പം വിഭജനത്തിന്റെ വേദന കൂടി സമ്മാനിച്ചത്‌ എന്ന വാദം ശക്തമാണ്‌. ബി ജെ പി നേതാവായിരുന്ന ജസ്വന്ത്‌ സിംഗിന്റെ വിവാദ പുസ്‌തകത്തില്‍ ഇത്‌ സംബന്ധിച്ചുണ്ടായ ചില പരാമര്‍ശങ്ങള്‍ വലിയ തര്‍ക്കത്തിന്‌ വഴിവെച്ചു. ജസ്വന്ത്‌ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയാണ്‌ തങ്ങളുടെ അസഹിഷ്‌ണുത ബി ജെ പി നേതൃത്വം പ്രകടിപ്പിച്ചത്‌. ജിന്നയെ മതേതരവാദിയെന്ന്‌ വിശേഷിപ്പിച്ചതില്‍ കുപിതരായി എല്‍ കെ അഡ്വാനിയെ ബി ജെ പി അധ്യക്ഷ സ്ഥാനത്തു നിന്ന്‌ നീക്കാന്‍ മുന്‍കൈ എടുത്ത ആര്‍ എസ്‌ എസ്സിന്റെ ശാഠ്യം ജസ്വന്ത്‌ സിംഗിന്റെ കാര്യത്തിലുമുണ്ടായിരുന്നു. വിഭജനത്തിന്‌ കാരണമായത്‌ മുസ്‌ലിംകളും ജിന്നയുമാണെന്ന്‌ ആവര്‍ത്തിച്ച്‌ സ്ഥാപിച്ച്‌ ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകളോട്‌ മുഖം തിരിക്കുക എന്നതായിരുന്നു സംഘ നിലപാട്‌.ഭൂരിപക്ഷ വര്‍ഗീയതയുടെ ആധിപത്യത്തിന്‌ ആര്‍ എസ്‌ എസ്‌, ജനസംഘ്‌, ബി ജെ പി എന്നിവ ലക്ഷ്യമിട്ടപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ മടി കാണിക്കാതിരുന്ന കോണ്‍ഗ്രസ്‌, ഫെഡറല്‍ ഭരണക്രമത്തെ വേണ്ടത്ര അംഗീകരിച്ചിരുന്നില്ല. സ്വാതന്ത്ര്യത്തിന്‌ ശേഷം ബഹുഭൂരിപക്ഷ കാലം ഇന്ത്യാ മഹാരാജ്യം ഭരിച്ച കോണ്‍ഗ്രസ്‌ ഉപദേശീയതാ വാദങ്ങള്‍ സജീവമായി ഉയരാന്‍ പാകത്തിലാണ്‌ ഭരണം മുന്നോട്ടുകൊണ്ടുപോയത്‌ എന്ന്‌ നിസ്സംശയം പറയാനാവും. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്‌കരിക്കുന്നതിന്‌ പ്രക്ഷോഭം പലതു വേണ്ടിവന്നു. ഭൂരിപക്ഷ ഭാഷയുടെ അടിച്ചേല്‍പ്പിക്കല്‍ തടയാന്‍ രംഗത്തിറങ്ങിയ തമിഴ്‌ ജനതയെ പോലീസിന്റെ ബുള്ളറ്റുകളാണ്‌ എതിരേറ്റത്‌. 
കൂടുതല്‍ സ്വയം ഭരണാധികാരവും പഞ്ചാബി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ ഏകീകരിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയ അകാലികള്‍ വളരെപ്പെട്ടെന്ന്‌ വിഘടനവാദികളായി മാറി. അവരെ അത്തരത്തില്‍ ചിത്രീകരിക്കുന്നതിന്‌ കാട്ടിയ അമിത താത്‌പര്യം മൂലം പൊലിഞ്ഞ ജീവനുകള്‍ നിരവധി. ഭീകരവാദിയായി ചിത്രീകരിച്ച്‌ ആരെയും വെടിവെച്ചുകൊന്ന്‌ ഏറ്റുമുട്ടലായി ചിത്രീകരിക്കുന്ന പതിവ്‌ ഇന്ത്യയില്‍ വ്യാപകമാക്കിയതും പഞ്ചാബിന്റെ കാര്യത്തില്‍ സ്വീകരിച്ച തെറ്റായ നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു. പൂര്‍ണമായ അവഗണനയില്‍ മനംമടുത്ത്‌ വടക്ക്‌ കിഴക്കന്‍ മേഖലയിലുള്ളവര്‍ സ്വയം ഭരണത്തിനോ സ്വാതന്ത്ര്യത്തിനോ വാദമുയര്‍ത്തിയപ്പോള്‍ അവിടങ്ങളില്‍ സൈന്യത്തിന്‌ പ്രത്യേക അധികാരം നല്‍കി അടിച്ചമര്‍ത്തലിന്‌ വേഗം കൂട്ടുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. ഇപ്പോഴും സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നില്ല.കോണ്‍ഗ്രസ്‌ സര്‍ക്കാറുകള്‍ പിന്തുടര്‍ന്ന നിഷേധ നിലപാടുകളുടെ ചരിത്രത്തില്‍ നിന്നുകൊണ്ടുവേണം ഇന്ന്‌ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന കേന്ദ്ര - സംസ്ഥാന പദ്ധതിത്തര്‍ക്കത്തെ കാണാന്‍. അതിനു മുമ്പ്‌ ആര്‍ ബാലകൃഷ്‌ണ പിള്ള എന്ന കേരള കോണ്‍ഗ്രസ്‌, നായര്‍ സര്‍വീസ്‌ സൊസൈറ്റി (എന്‍ എസ്‌ എസ്‌) നേതാവിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ച വിവാദ പ്രസംഗത്തെക്കൂടി ഓര്‍ക്കണം. 1982-87 കാലത്തെ കെ കരുണാകരന്‍ മന്ത്രിസഭയില്‍(കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയ യു ഡി എഫ്‌ മന്ത്രിസഭ) വൈദ്യുതി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു ബാലകൃഷ്‌ണ പിള്ള. ഇക്കാലത്ത്‌ കേന്ദ്രം ഭരിച്ചത്‌ ഇന്ദിരയും അവരുടെ വധത്തിനു ശേഷം മകന്‍ രാജീവ്‌ ഗാന്ധിയും നയിച്ച കോണ്‍ഗ്രസ്‌ സര്‍ക്കാറുകളായിരുന്നു. 
ഇന്ദിര പ്രധാനമന്ത്രിയായിരിക്കെയാണ്‌ കേന്ദ്രം കേരളത്തോട്‌ കാട്ടുന്ന അവഗണനയെക്കുറിച്ചുള്ള ബാലകൃഷ്‌ണ പിള്ളയുടെ വിവാദ പ്രസംഗം. കാര്യങ്ങള്‍ ഇത്തരത്തില്‍ പോയാല്‍ പഞ്ചാബ്‌ മോഡല്‍ സമരത്തിന്‌ തയ്യാറാവേണ്ടിവരുമെന്നായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം. പഞ്ചാബ്‌ മോഡല്‍ സമരമെന്നാല്‍ വിഘടനം ലക്ഷ്യമിടുന്ന സമരം എന്ന ഭൂരിപക്ഷ വ്യാഖ്യാനത്തിന്‌ പിള്ളയുടെ വാക്കുകളും വിധേയമായി. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്‌ത ഒരു മന്ത്രി വിഘടനവാദ സമരത്തിന്‌ ആഹ്വാനം ചെയ്യുന്നതിലെ ഗൗരവം ചോദ്യം ചെയ്യപ്പെട്ടു. പിള്ള പ്രതിനിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസിനോ എന്‍ എസ്‌ എസ്സിനോ വിഘടന വാദ സമരം സംഘടിപ്പിക്കാനുള്ള ത്രാണിയൊന്നുമില്ലെന്ന്‌ ഏവര്‍ക്കും അറിയാം. എങ്കിലും വാദം വിഘടനത്തിന്‌ വേണ്ടിയാവുമ്പോള്‍ പൊറുക്കാവതല്ലല്ലോ. ബാലകൃഷ്‌ണ പിള്ളക്ക്‌ രാജി വെക്കേണ്ടിവന്നു. 
അന്നും ഫെഡറല്‍ അധികാരക്രമത്തിന്റെ കാര്യക്ഷമതക്കുറവിനെക്കുറിച്ച്‌ ചര്‍ച്ചകളുണ്ടായില്ല. എന്തിനും കേന്ദ്രത്തെ കുറ്റം പറയാന്‍ തിടുക്കം കാട്ടിയിരുന്ന സി പി എം പോലും പിള്ളയുടെ വാക്കുകളില്‍ ആലോചിക്കേണ്ട ചില പ്രശ്‌നങ്ങളെങ്കിലുമുണ്ടെന്ന്‌ വിലയിരുത്തിയില്ല. കരുണാകരന്‍ മന്ത്രിസഭക്ക്‌ ഒരു പ്രതിസന്ധി സമ്മാനിക്കുക എന്ന കേവല രാഷ്‌ട്രീയത്തില്‍ അവരും ഒതുങ്ങി നിന്നു.ഇപ്പോഴത്തെ തര്‍ക്കമാരംഭിക്കുന്നത്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റോടെയാണ്‌. രണ്ട്‌ രൂപക്ക്‌ അരി നല്‍കുന്ന പദ്ധതി കൂടുതല്‍ പേരിലേക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയനുസരിച്ച്‌ കുറഞ്ഞ വിലക്ക്‌ ലഭിക്കുന്ന അരി രണ്ട്‌ രൂപക്ക്‌ നല്‍കി കേരളത്തിന്റെ സ്വന്തം പദ്ധതിയായി അവതരിപ്പിക്കുകയാണ്‌ ഐസക്ക്‌ എന്ന ആരോപണവുമായി കേന്ദ്ര സഹമന്ത്രി കെ വി തോമസ്‌ രംഗത്തെത്തി. ഇതിന്‌ തോമസ്‌ ഐസക്ക്‌ മറുപടി നല്‍കിയതോടെ തര്‍ക്കം വിവാദത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ന്നു. നഗരങ്ങളിലേക്ക്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി വ്യാപിപ്പിച്ച്‌ അയ്യങ്കാളി തൊഴില്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തെച്ചൊല്ലിയായി അടുത്ത തര്‍ക്കം. കേന്ദ്രം പ്രഖ്യാപിച്ച നഗര തൊഴിലുറപ്പ്‌ പദ്ധതി പേരുമാറ്റി അവതരിപ്പിച്ചുവെന്നായി ആരോപണം. 
മറ്റ്‌ ചില പദ്ധതികളെക്കുറിച്ചും കോണ്‍ഗ്രസ്‌ നേതാക്കന്‍മാരായ കേന്ദ്ര മന്ത്രിമാര്‍ ആക്ഷേപമുന്നയിച്ചു. കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെ കേരള ബജറ്റില്‍ ഉള്‍പ്പെടുത്തി കയ്യടി നേടാന്‍ ശ്രമം നടന്നുവെന്ന്‌ പ്രത്യക്ഷത്തില്‍ തോന്നല്‍ ഉളവാക്കപ്പെടുകയും ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യങ്ങള്‍ അനുഭവിച്ചാല്‍ മതി അതില്‍ ഇടപെടാന്‍ ശ്രമിക്കേണ്ട എന്ന വികാരം കൂടി മന്ത്രിമാരുടെ പ്രസ്‌താവനകള്‍ ജനിപ്പിച്ചിരുന്നു. 
കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അരി സംസ്ഥാന സബ്‌സിഡി കൂടി ഉള്‍പ്പെടുത്തി കിലോക്ക്‌ രണ്ടു രൂപ നിരക്കില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ സംസ്ഥാന ബജറ്റിലെ നിര്‍ദേശത്തിന്റെ ലക്ഷ്യം. അതിലെ തെറ്റെന്തെന്ന്‌ മാത്രം ആരോപണം ഉന്നയിച്ച കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കുന്നില്ല. 
കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന്‌ അനുവാദമില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്‌. കേന്ദ്രമന്ത്രിമാരുടെ വാദം മുഖവിലക്കെടുത്താല്‍ കേരള സര്‍ക്കാര്‍ സ്വന്തമായി അരി സംഭരിച്ച്‌ അത്‌ രണ്ട്‌ രൂപക്ക്‌ റേഷന്‍ കടകളിലൂടെ ലഭ്യമാക്കുകയാണ്‌ വേണ്ടതെന്നു തോന്നും. അങ്ങനെയാണെങ്കില്‍ കേന്ദ്ര ഭരണകൂടത്തിന്റെ ആവശ്യമെന്ത്‌ എന്ന ചോദ്യം ഉന്നയിക്കേണ്ടിവരും. നഗര തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ പ്രത്യേക പേര്‌ നല്‍കി കൂടുതല്‍ പ്രയോജനപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതില്‍ തെറ്റെന്തെങ്കിലുമുണ്ടോ? അഥവാ പ്രത്യേക പേര്‌ നല്‍കി പദ്ധതി കൂടുതല്‍ പ്രയോജനകരമാക്കാന്‍ ശ്രമിക്കണമെങ്കില്‍ അതിന്‌ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്‌ പണം കണ്ടെത്തണമെങ്കില്‍ വീണ്ടും കേന്ദ്ര ഭരണകൂടത്തിന്റെ ആവശ്യമെന്ത്‌ എന്ന്‌ ചോദിക്കേണ്ടിവരും.മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്‌ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും. ഡാമിന്റെ ബലക്ഷയമാണ്‌ തര്‍ക്കപ്രശ്‌നം. ഇത്‌ വിശദമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ എ എസ്‌ ആനന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ പ്രവര്‍ത്തനത്തിന്‌ വേണ്ട പണം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട്‌ നിര്‍ദേശിച്ചു. തമിഴ്‌നാടും കേരളവും തമ്മിലുള്ള തര്‍ക്കം മാത്രമാണ്‌ ഇതെന്നും അതിനാല്‍ എ എസ്‌ ആനന്ദ്‌ സമിതിയുടെ പ്രവര്‍ത്തനത്തിനുള്ള പണം ആ സംസ്ഥാനങ്ങള്‍ തന്നെ ചെലവഴിക്കണമെന്നുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്‌. സമിതി രൂപവത്‌കരണത്തെ എതിര്‍ക്കുന്ന ഡി എം കെ, കേന്ദ്ര സര്‍ക്കാറില്‍ പങ്കാളിയായതുകൊണ്ടാവണം ഇത്തരമൊരു നിലപാട്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്‌. സമിതി രൂപവത്‌കരണത്തെ ഡി എം കെയും തമിഴ്‌നാടും സ്വാഗതം ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിലപാട്‌ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുമോ? അങ്ങനെയെങ്കില്‍ തമിഴ്‌നാട്ടിലുയരുമായിരുന്ന കലാപക്കൊടി അടക്കിനിര്‍ത്താന്‍ സൈന്യം മതിയാവുമായിരുന്നില്ല. 
കേരളമായതുകൊണ്ട്‌ പ്രശ്‌നമില്ല. സമിതിയെ നിശ്ചയിച്ചാലും ഇല്ലെങ്കിലും വരും കാലത്ത്‌ എപ്പോഴെങ്കിലും മുല്ലപ്പെരിയാര്‍ അണ തകര്‍ന്ന്‌ വലിയ അപകടമുണ്ടായാലും കേന്ദ്ര സര്‍ക്കാറിന്‌ വലിയ പ്രശ്‌നമൊന്നുമില്ല.
ഫെഡറല്‍ ഭരണക്രമത്തെ ബഹുമാനിക്കുന്ന, ഇന്ത്യ യൂനിയന്റെ ഭാഗമായി കേരളത്തെ അംഗീകരിക്കുന്ന, ഇവിടെ നിന്നുള്ള 16 എം പിമാരുടെ പിന്തുണ ലോക്‌സഭയില്‍ ആസ്വദിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെതാണ്‌ ഈ മനോഭാവം. കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്രത്തിന്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെന്നാണ്‌ സുപ്രീം കോടതിയിലെടുത്ത നിലപാട്‌ സൂചിപ്പിക്കുന്നത്‌. ഇതേ നിലപാട്‌ മറ്റ്‌ പ്രശ്‌നങ്ങളില്‍ കേന്ദ്രം സ്വീകരിക്കുമോ? പദ്ധതികളും അരിയും ഔദാര്യമായി നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ മഹത്വം പ്രഘോഷിക്കുന്ന കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ബാധ്യസ്ഥരാണ്‌. മറുപടിയില്ലെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ ആര്‍ ബാലകൃഷ്‌ണ പിള്ളയോട്‌ മാപ്പ്‌ ചോദിക്കാം.ഔദാര്യ മേമ്പൊടി ചേര്‍ക്കാന്‍ തത്രപ്പെടുന്നവര്‍ മറ്റു ചില കാര്യങ്ങള്‍ മറന്നുപോവുകയും അരുത്‌. കേരളത്തില്‍ നിന്ന്‌ പിരിക്കുന്ന നികുതിയുടെ വിഹിതം കേന്ദ്ര സര്‍ക്കാറിന്‌ കൃത്യമായി ചെന്നുചേരുന്നുണ്ട്‌. കൃത്യമായി ടിക്കറ്റെടുത്ത്‌ ട്രെയിന്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും കേരളം മുമ്പന്തിയിലുണ്ട്‌. ഇതിന്റെയൊക്കെ ബാക്കിയാണ്‌ അനുവദിക്കപ്പെടുന്ന പദ്ധതികളും അരിയും. അതുതന്നെ വേണ്ടത്രയില്ലെന്ന്‌ പരാതി പറയുന്നവരില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസ്‌ നേതാക്കളും ജനപ്രതിനിധികളുമുണ്ട്‌. വികേന്ദ്രീകൃത ഭരണ സംവിധാനവും കാര്യക്ഷമമായ ഫെഡറല്‍ ക്രമവും നടപ്പാക്കാനാണ്‌ ശ്രമിക്കേണ്ടത്‌.അതിന്‌ ത്രാണിയില്ലാതാവുമ്പോഴാണ്‌ ക്രെഡിറ്റിനു വേണ്ടി വാദിച്ച്‌ മേനി നടിക്കാന്‍ മിനക്കെടുന്നത്‌. 
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വര്‍ധിപ്പിക്കണമെന്നാണ്‌ പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ. ഇത്‌ നടപ്പാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന്‌ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി വ്യക്തമാക്കിയിട്ടുമുണ്ട്‌. വിഹിതം വര്‍ധിക്കുമെങ്കിലും കേരളത്തിന്‌ ലഭിക്കുന്ന ധനത്തില്‍ കുറവുണ്ടാവുമെന്നാണ്‌ തോമസ്‌ ഐസക്ക്‌ കണക്കുകള്‍ നിരത്തി വാദിക്കുന്നത്‌. ഇതില്‍ എന്തെങ്കിലും വസ്‌തുതയുണ്ടെങ്കില്‍ തിരുത്തലുകള്‍ ഉണ്ടാവേണ്ടതുണ്ട്‌. അതിനൊന്നും ശ്രമിക്കാതെയാണ്‌ പദ്ധതികളുടെ ക്രെഡിറ്റ്‌ സംബന്ധിച്ച്‌ തര്‍ക്കമുന്നയിക്കുന്നത്‌. ഇതിന്‌ മറുപടി പറയാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി രംഗത്തെത്തുമ്പോള്‍ വിവാദമെന്ന ഉദ്ദിഷ്‌ടകാര്യലബ്‌ധി. കുളം കലങ്ങിത്തന്നെ ഇരിക്കട്ടെ. വലയില്‍ കിട്ടുന്നത്‌ ലാഭമെന്ന്‌ കണക്കാക്കാം രണ്ട്‌ കൂട്ടര്‍ക്കും.