2014-03-30

കോര്‍പ്പറേറ്റുകളെച്ചൊല്ലി - ആന്റണിയുടെ സുവിശേഷം 29:03:14


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി (ഇന്ദിര)ന്റെ പ്രവര്‍ത്തക സമിതി അംഗവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി ഒടുവില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സംസാരിക്കുന്നു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയ ബി ജെ പിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘും കോര്‍പ്പറേറ്റുകളുമാണെന്നാണ് എ കെ ആന്റണി പറയുന്നത്. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന അജന്‍ഡയാണ് നരേന്ദ്ര മോദി മുന്നോട്ടു വെക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തുന്നുണ്ട്. ആ അജന്‍ഡ നടപ്പാക്കാനുള്ള അവസരം തുറന്നു കിട്ടാനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ് കോര്‍പ്പറേറ്റുകള്‍ എന്നാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയംഗം പറഞ്ഞുവെക്കുന്നത്.   നിയമവിധേയവും അല്ലാത്തതുമായ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി ഈ കുത്തകകളെ വളര്‍ത്തിവലുതാക്കുന്നതില്‍ ഇക്കാലത്തിനിടെ കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ എത്രയെന്നും അത്തരം നയങ്ങളിലൊരു പുനരാലോചന ഇനിയുണ്ടാകുമോയെന്നും ആന്റണി വ്യക്തമാക്കേണ്ടതുമുണ്ട്.


അദാനി, അംബാനി, എസ്സാര്‍ എന്നു തുടങ്ങി വേദാന്ത വരെ നീളുന്ന ഒരേ സമയം കോണ്‍ഗ്രസിനും ബി ജെ പിക്കും കൈയയച്ച് പണം നല്‍കിയ കുത്തകകളെക്കുറിച്ചാണ് എ കെ ആന്റണി പറയുന്നത്. പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കുന്നുവെങ്കിലും ഇപ്പറഞ്ഞ കോര്‍പ്പറേറ്റുകളുടെ ഈ തിരഞ്ഞെടുപ്പിലെ താത്പര്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരിക എന്നതാണ്.  ആ താത്പര്യം സംരക്ഷിക്കപ്പെടുന്നതിനു വേണ്ട പണം അവരൊഴുക്കുന്നുവെന്നതാണ് ആന്റണിയെ അലോസരപ്പെടുത്തുന്നത്. തങ്ങളൊഴുക്കുന്ന പണം ഫലം കാണുന്നുണ്ടെന്ന തോന്നല്‍ കോര്‍പ്പറേറ്റ് മേധാവികളില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതിന് ഓഹരി വിപണികളിലേക്ക് ഒഴുകിയെത്തുന്ന വിദേശ മൂലധനം തന്നെയാണ് തെളിവ്.


ഈ കോര്‍പ്പറേറ്റുകള്‍ ഭരണത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അതിലൂടെ അവര്‍ നേടിയെടുക്കുന്ന അനര്‍ഹമായ സമ്പാദ്യത്തെക്കുറിച്ചും പലരും ഉറക്കെപ്പറഞ്ഞിട്ടുണ്ട്. ക്രമക്കേടുകള്‍ക്ക് വഴിവെച്ചു കൊടുക്കുന്ന ഭരണ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കൃഷ്ണ - ഗോദാവരി ബേസിനില്‍ നിന്ന് ഖനനം ചെയ്യുന്ന പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതില്‍ മുകേഷ് അംബാനിയുടെ കമ്പനിക്ക് അനുകൂലമായ തീരുമാനം ഡോ. മന്‍മോഹന്‍ സിംഗ് അധ്യക്ഷനായ മന്ത്രിസഭ എടുക്കുമ്പോള്‍ അവിടെ എ കെ ആന്റണിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഖനനത്തിനായി എണ്ണപ്പാടം അനുവദിക്കുമ്പോള്‍, പൊതുമേഖലാ സ്ഥാപനമായ ദേശീയ താപോര്‍ജ കോര്‍പ്പറേഷനുമായി മുകേഷ് അംബാനിയുടെ കമ്പനിയുണ്ടാക്കിയ കരാറില്‍ പറഞ്ഞതിന്റെ ഇരട്ടിയിലധികം വില, പ്രകൃതി വാതകത്തിന് നിശ്ചയിച്ചു കൊടുത്തിരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വാതക വില വീണ്ടും വര്‍ധിപ്പിക്കാന്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭ തീരുമാനിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനാല്‍ മാത്രമാണ് അവസാനമെടുത്ത തീരുമാനം നടപ്പാകാതെ പോയത്. ഇത് റിലയന്‍സിന്റെ കമ്പനിയുടെ കാര്യം മാത്രമാണ്.


ഒഡീഷയില്‍ അലുമിനിയം പ്ലാന്റ് സ്ഥാപിക്കാനായി ആദിവാസികളുടെ ഭൂമി ഏറ്റെടുത്ത് വേദാന്ത കമ്പനിക്ക് കൈമാറാന്‍, അവസാന നിമിഷം വരെ പിന്തുണയുമായി നിന്നിരുന്നു യു പി എ സര്‍ക്കാര്‍. കല്‍ക്കരിപ്പാടങ്ങള്‍ എസ്സാറിന് അനുവദിച്ചു കൊടുക്കുന്നതിലും ലോഭം കാട്ടിയിട്ടില്ല മന്‍മോഹന്‍ സിംഗ് ഭരണകൂടം. ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ പിന്തുണയോടെ അദാനി ഗ്രൂപ്പ് നടപ്പാക്കിയ പദ്ധതികള്‍ക്കെല്ലാം വേണ്ട അനുമതികള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതില്‍ മടി കാട്ടിയിട്ടില്ല ഇവര്‍. ഇങ്ങനെയൊക്കെ പോറ്റിവളര്‍ത്തിയവര്‍ ശത്രുപക്ഷം ചേര്‍ന്ന്, രാജ്യത്തിന്റെ സര്‍വനാശത്തിന് കാരണമായേക്കാവുന്ന അവസ്ഥ (ആന്റണിയുടെ വാക്കുകളാണിത്) സൃഷ്ടിക്കാന്‍ നില്‍ക്കുമ്പോഴാണ് കോര്‍പ്പറേറ്റുകളുടെ പങ്കാളിത്തത്തെക്കുറിച്ച് ആന്റണി വിലപിക്കുന്നത്.


പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ച് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ (പ്രകൃതി വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്ന സുപ്രധാന വിധിയിലൂടെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ നല്‍കിയ സുപ്രധാന സംഭാവനയെ സ്മരിക്കുന്നു) മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനുണ്ടാകുന്ന ലാഭത്തിന്റെ കണക്ക് ലക്ഷം കോടിയില്‍ നിരത്തിയിരുന്നു സി പി ഐ നേതാവും ലോക്‌സഭാംഗവുമായ ഗുര്‍ദാസ് ദാസ്ഗുപ്ത. ഖനനത്തിനു വേണ്ട ചെലവ് കൃത്രിമമായി വര്‍ധിപ്പിച്ച് കാട്ടി പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലും അതിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയതിലും ക്രമക്കേടുണ്ടോ എന്ന സംശയം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് കണ്ടെത്താന്‍ റിലയന്‍സിന്റെ കണക്കുകള്‍ പരിശോധിക്കണമെന്ന സി എ ജിയുടെ ആവശ്യത്തെ കോടതിയില്‍ ചോദ്യം ചെയ്യുകയാണ് അംബാനി ഗ്രൂപ്പ് ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സി എ ജിയെ അനുകൂലിക്കുന്നതായിരുന്നില്ല. അനുകൂല നിലപാടെടുത്തിരുന്നുവെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വാതകവില വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കില്ലായിരുന്നുവല്ലോ?


ഇങ്ങനെ സ്വരുക്കൂട്ടിയ ലാഭത്തിലൊരംശം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ടിലേക്ക് എത്തിയിട്ടുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. അതിനേക്കാളധികം ബി ജെ പിയുടെ പക്കലെത്തുകയും നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തില്‍ പണമൊഴുക്കുകയും ചെയ്യുന്ന  സാഹചര്യം യഥാര്‍ഥത്തില്‍ എ കെ ആന്റണിയടക്കമുള്ളവരുടെ സൃഷ്ടിയാണ്. സ്വയംകൃതാനര്‍ഥത്തിന്റെ കൂടി ബാക്കിയാണ് ഇപ്പോഴത്തെ വേവലാതിയെന്ന് ചുരുക്കം. മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്‍ദം മൂലം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന മാറ്റിവെക്കേണ്ടിവരികയും സാമ്പത്തിക പരിഷ്‌കാര നടപടികളുടെ വേഗം കുറക്കുകയും ചെയ്യേണ്ടിവന്ന യു പി എയേക്കാള്‍ മുന്നണി സര്‍ക്കാറിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ ഓഹരി വില്‍പ്പനക്ക് പ്രത്യേക മന്ത്രാലയമുണ്ടാക്കിയ ബി ജെ പി തന്നെയാണ് കോര്‍പ്പറേറ്റുകള്‍ക്ക് പഥ്യം. അത്തരം നയങ്ങള്‍ക്ക് തുടക്കമിട്ടുകൊടുത്ത കോണ്‍ഗ്രസും അതിന്റെ വേഗം കൂട്ടിക്കൊടുത്ത എ കെ ആന്റണിയുടെ ഇപ്പോഴത്തെ നേതാവ് മന്‍മോഹന്‍ സിംഗുമാണ് ഇവിടെയും പ്രതിസ്ഥാനത്തു നില്‍ക്കേണ്ടിവരിക.


മോദിക്ക് വേണ്ടിയുള്ള കോര്‍പ്പറേറ്റ് ഇടപെടലിനെക്കുറിച്ച് ആന്റണി കേരളത്തില്‍ വന്ന് മലയാളത്തില്‍ വിലപിക്കുന്നതിന് മുമ്പ് തന്നെ അരവിന്ദ് കെജ്‌രിവാള്‍ ദേശീയതലത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന അനില്‍ അംബാനിയുടെ കമ്പനിയുടെ കണക്കുകള്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരിക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയം പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുമുന്നയിച്ചു കെജ്‌രിവാള്‍. നിങ്ങള്‍ അംബാനിമാര്‍ക്കൊപ്പമോ ജനങ്ങള്‍ക്കൊപ്പമോ എന്ന ചോദ്യം കോണ്‍ഗ്രസിനോടും ബി ജെ പിയോടും ചോദിച്ചപ്പോള്‍ ദേശീയ നേതാക്കളാരും ദേശീയ ഭാഷയില്‍ മറുപടി പറയാന്‍ തയ്യാറായിരുന്നില്ല. പ്രകൃതി വാതകത്തിന്റെ വില, പെട്രോളിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത്, ഡീസലിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം പടിപടിയായി കമ്പോളത്തിന് കൈമാറിക്കൊണ്ടിരിക്കുന്നത് ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യമാണ് കെജ്‌രിവാള്‍ പ്രധാനമായും ഉന്നയിച്ചത്. ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് വാള്‍മാര്‍ട്ടിനും കാരെഫോറിനും ടെസ്‌കോക്കുമൊക്കെ വഴി തുറന്നിടുന്നത് ആര്‍ക്കുവേണ്ടിയാണ് എന്നും കെജ്‌രിവാള്‍ ചോദിച്ചു.


രാജ്യത്തെ സാമ്പ്രദായിക ഇടതുപക്ഷം വര്‍ഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ് ഇവയൊക്കെ. പക്ഷേ, ഒരിക്കല്‍പ്പോലും അംബാനിമാരെ തിരഞ്ഞെടുപ്പ് വിഷയമാക്കാനോ സാമ്പത്തിക നയങ്ങളെ സാമാന്യ ജനങ്ങള്‍ക്ക് മുന്നിലൊരു സജീവ വിഷയമാക്കുന്നതിനോ (വടക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും) ഇടത് പാര്‍ട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. അതിലൊരു മാറ്റമുണ്ടാക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍ ചെയ്തത്.  അത് എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നറിയണമെങ്കില്‍ മെയ് പതിനാറിന് അസ്തമനമാകണം. നിലവിലുള്ള അധികാര രാഷ്ട്രീയത്തില്‍ യാതൊരു മാറ്റവും തത്കാലമുണ്ടാക്കിയില്ലെങ്കില്‍പ്പോലും എ കെ ആന്റണിയെപ്പോലൊരു മുതിര്‍ന്ന നേതാവ് കോര്‍പ്പറേറ്റുകളുടെ സ്വാധീനത്തെക്കുറിച്ച് വിലപിക്കുന്ന അവസ്ഥയെങ്കിലുമുണ്ടാക്കി എന്നത് പ്രധാനമാണ്.


ഈ വിലാപം പക്ഷേ, ഡല്‍ഹിയിലെത്തി നടത്താന്‍ ആന്റണി തയ്യാറാകില്ല. സാമ്പത്തിക പരിഷ്‌കാരനയങ്ങളെ വിമര്‍ശിച്ച് ബംഗളൂരുവിലെ എ ഐ സി സി സമ്മേളനത്തില്‍ പ്രസംഗിച്ച വയലാര്‍ രവിക്ക് പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൊരു മേല്‍വിലാസമുണ്ടാകാന്‍ ഏതാണ്ടൊരു ദശകത്തോളം വേണ്ടിവന്നുവെന്ന ഓര്‍മ ആന്റണിക്കുണ്ടാകും. അല്ലെങ്കില്‍ മന്‍മോഹന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെടുന്ന സോണിയക്കു ശേഷം കോണ്‍ഗ്രസ് അധ്യക്ഷനാകാനിരിക്കുന്ന രാഹുല്‍ ഗാന്ധി, ഇപ്പോള്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണാന്‍ പാകത്തില്‍ ദീര്‍ഘദൃഷ്ടി കാട്ടണം. മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍, അടുപ്പ് കൂട്ടാന്‍ വിറക് പെറുക്കുന്ന കലാവതിയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാകത്തിലുള്ളതെന്ന് ഇന്തോ - അമേരിക്കന്‍ സിവിലിയന്‍ ആണവ സഹകരണ കരാറിനെ വിശേഷിപ്പിച്ച സവിശേഷ ബുദ്ധിയില്‍ ഇക്കാലത്തിനിടെ വലിയ മാറ്റമൊന്നുമുണ്ടായതായി കാണുന്നില്ല. അതുകൊണ്ട് കോര്‍പ്പറേറ്റ് ഇടപെടലിനെക്കുറിച്ചുള്ള വിലാപം കാസര്‍കോട് മുതല്‍ പാറശ്ശാലവരെയുള്ള ദേശീയപാതയില്‍ മലയാളത്തില്‍ വിലപിക്കുന്നതാകും ആന്റണിക്ക് നന്ന്.


ആന്റണി പ്രതീക്ഷിക്കുന്നതു പോലെ, സര്‍വനാശത്തെ പ്രതിരോധിക്കാന്‍ മതേതര കക്ഷികളൊക്കെ തീരുമാനിക്കുകയും അവര്‍ യു പി എയെ പിന്തുണച്ച് അധികാരത്തിലെത്തിച്ചാലും ആന്റണി ഭയക്കുന്നത് പോലെ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന അജന്‍ഡയുള്ള നരേന്ദ്ര മോദി അധികാരത്തിലെത്തിയാലും അംബാനി മുതല്‍ വേദാന്ത വരെയുള്ള കമ്പനികളോടുള്ള സൗമനസ്യവും ഉദാര നിലപാടുകളും തുടരുമെന്ന് കരുതണം. ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവനാണ് താനെന്ന് ഗംഗയിലെ സ്‌നാനം കൊണ്ട് ബോധ്യപ്പെടുത്തിയെങ്കിലും കോര്‍പ്പറേറ്റുകളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുന്ന അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഈ തിരഞ്ഞെടുപ്പിനു ശേഷം എങ്ങനെ മുന്നോട്ടു പോകുമെന്നതിനെ ആശ്രയിച്ചിരിക്കും കോര്‍പ്പറേറ്റുകളെക്കുറിച്ചുള്ള സംഭാഷണങ്ങളുടെ ഭാവി. അല്ലെങ്കില്‍ കെജ്‌രിവാളിന്റെ മാതൃക സ്വാംശീകരിക്കാന്‍ സാമ്പ്രദായിക ഇടതുപക്ഷത്തിന് സാധിക്കണം. അതൊരു മരീചിക മാത്രമല്ലോ!

2014-03-24

മിതവാദമോ മാരീചവേഷമോ



ടി പി ചന്ദ്രശേഖരന്‍ വധം, അതില്‍ ശിക്ഷിക്കപ്പെട്ട സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍, ഈ കേസില്‍ ആരോപിക്കപ്പെടുന്ന സി പി എമ്മിന്റെ പങ്ക്. സോളാര്‍ തട്ടിപ്പ് കേസ്, ആ തട്ടിപ്പില്‍ ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്, ഈ കേസിലെ മുഖ്യ ആരോപണവിധേയരില്‍ ഒരാളായ സരിത എസ് നായര്‍ പുറത്തു പറഞ്ഞതും പറയാത്തതുമായ കഥകള്‍. സുനന്ദ പുഷ്‌കറിന്റെ പൊടുന്നനെയുണ്ടായ മരണവും അതില്‍ ശശി തരൂരിന് പങ്കുണ്ടോ എന്ന സംശയവും. കഠിനകഠോരമെന്ന് ആരോപിക്കപ്പെടുന്ന കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിലിളവ് നല്‍കിയതിന്റെ തെളിവെന്ന് അവകാശപ്പെടുന്ന കരട് വിജ്ഞാപനവും - രാഷ്ട്രീയത്തില്‍ ഇവ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വിധേയമാകാന്‍ തുടങ്ങിയിട്ട് ഏറെനാളായി. തിരഞ്ഞെടുപ്പ് അടുത്തതോടെ വാദപ്രതിവാദങ്ങള്‍ കൂടുതലായി. തീവ്രത കുറയുമെങ്കിലും തിരഞ്ഞെടുപ്പിന് ശേഷവും ഇത് തുടരും. മേല്‍ത്തട്ടിലുയരുന്ന വാദങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിലെ നേട്ടങ്ങള്‍ ലാക്കാക്കിയുള്ളതാണെങ്കിലും ഈ വിഷയങ്ങളിലോരോന്നിലും അടിസ്ഥാനമായി വര്‍ത്തിക്കുന്ന രാഷ്ട്രീയമുണ്ട്. അത് തിരിച്ചറിഞ്ഞും അറിയാതെയും വാദങ്ങളുയര്‍ത്തുന്നവരുണ്ട്, വാദങ്ങളെ മനസ്സിലാക്കുന്നവരുമുണ്ട്. അടിസ്ഥാന രാഷ്ട്രീയത്തോട് യോജിക്കുമ്പോള്‍ തന്നെ അതിലേക്ക് എത്തിച്ചേരാന്‍ സ്വീകരിച്ച മാര്‍ഗങ്ങളില്‍ വിയോജിപ്പുള്ളതിനാല്‍ പല വിഷയങ്ങളെയും എതിര്‍ക്കാന്‍ മുതിരുന്നവരുമുണ്ട്.


ഇതിനെക്കാളൊക്കെ വിശാലമായൊരു വിഷയം, രാജ്യം ഏറെ ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. രാജ്യ സ്വാതന്ത്ര്യത്തിലേക്കുള്ള സമരത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ആലോചിച്ച കാലം മുതലോ, നാട്ടുരാജ്യങ്ങളുടെ ഫെഡറേഷനെ അടിമത്വത്തിലാക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച കാലം മുതലോ ഒക്കെ നിലനിന്നിരുന്ന വിഷയം. സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഭൂരിപക്ഷ മത വിഭാഗത്തില്‍ നിന്നുള്ളവരില്‍ ഒതുങ്ങി നിന്നതും ഒതുക്കി നിര്‍ത്തിയതും ദേശീയ പ്രസ്ഥാനത്തെ ഹിന്ദുത്വവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതുമൊക്കെ, ഈസ്റ്റ് ഇന്ത്യാ കമ്പനി വിത്തിട്ടു വളര്‍ത്തിയ ഭിന്നതയുടെ ആഴം വര്‍ധിപ്പിക്കുന്നതായി. അതിന്റെയൊക്കെ ബാക്കിയാണ് പല കുറി ഒഴുകിയ രുധിരപ്പുഴകള്‍. എങ്കിലും സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ സ്വഭാവമെന്തായിരിക്കണമെന്ന് തീരുമാനങ്ങളെടുത്തവര്‍, സാംസ്‌കാരിക ബഹുസ്വരത നിലനിര്‍ത്തണമെന്നും മതനിരപേക്ഷ സമൂഹം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവരുമായിരുന്നു.


മനുസ്മൃതിയിലെ വരികള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ ജാതിമതഭേദമില്ലാതെ ഏവരെയും നിര്‍ബന്ധിതരാക്കും വിധത്തില്‍ ഹിന്ദുത്വ ഭരണസംവിധാനം രാജ്യത്ത് നിലവില്‍ വരണമെന്ന് ആഗ്രഹിച്ച് സ്വാതന്ത്ര്യത്തിന് മുമ്പേ സംഘടിതരായവര്‍, സ്വാതന്ത്ര്യാനന്തരം അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് കുറച്ച് കാലം നിരോധിക്കപ്പെട്ടുവെന്നതൊഴിച്ചാല്‍ രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ വിവിധ പോഷക വിഭാഗങ്ങളും രാജ്യത്തെ ഈ വഴിക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ദേശീയതയല്ല, ഭൂരിപക്ഷ മതത്തിന്റെ രീതിമര്യാദകള്‍ക്ക് ആധിപത്യം ലഭിക്കുന്ന ദേശീയതയാണ് രാജ്യത്തിന് വേണ്ടതെന്ന വാദമാണ് ആര്‍ എസ് എസ് മുന്നോട്ടുവെച്ചിരുന്നത്. ആ ആശയഗതിയെ പിന്തുണക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുമുണ്ടായിരുന്നുവെന്നതാണ് വസ്തുത. ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരേണ്ട ബാധ്യത കോണ്‍ഗ്രസാണ് ഏറ്റെടുക്കേണ്ടത് എന്ന അഭിപ്രായം സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ തന്നെ പുലര്‍ത്തിയിരുന്നു. ഗാന്ധിവധത്തിനു ശേഷം ആര്‍ എസ് എസ് നിരോധിക്കപ്പെട്ടപ്പോള്‍ നിരോധം നീക്കാന്‍ പട്ടേല്‍ താത്പര്യമെടുത്തതിന് കാരണവും മറ്റൊന്നല്ല. ഇത്തരം ചിന്തകള്‍ക്ക് ആധിപത്യം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ് എക്കാലവും ഒരു മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചിരുന്നുവെന്നതാണ് രാഷ്ട്രീയ ചരിത്രം നല്‍കുന്ന പാഠം.


ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുന്നതിന് തീവ്ര നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന സംഘ് നേതൃത്വത്തിന്റെ നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു ഹിന്ദു മഹാസഭ, ജനസംഘം എന്നിങ്ങനെയുള്ള അവയുടെ രാഷ്ട്രീയ രൂപങ്ങള്‍. ഈ സംഘടനകള്‍ ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കായി, മാതൃ സംഘടനയുടെ അജന്‍ഡ നടപ്പാക്കാനുള്ള അധികാരത്തിനു വേണ്ടി ശ്രമിച്ചു. ഈ ശൃംഖലയിലെ കണ്ണിയാണ് ജനസംഘം രൂപാന്തരം പ്രാപിച്ചുണ്ടായ ഭാരതീയ ജനതാ പാര്‍ട്ടി. അതിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖരാണ് അടല്‍ ബിഹാരി വാജ്പയിയും ലാല്‍ കൃഷ്ണ അഡ്വാനിയും. ഈ നേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന, ബഹുസ്വരതയെ നിരാകരിക്കുന്ന രാഷ്ട്രീയത്തെയും ആ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാന്‍ നടന്ന ശ്രമത്തില്‍ അരങ്ങേറിയ കൊടിയ അക്രമങ്ങളെയും ഓര്‍ക്കാതെ വയ്യ. അടല്‍ ബിഹാരി വാജ്പയ്, ബി ജെ പിയിലെ മിതവാദിയാണെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ അഭിപ്രായത്തെ വിലയിരുത്തേണ്ടതും ഇതൊക്കെ ഓര്‍ത്തുകൊണ്ടാണ്.


അയോധ്യയില്‍ രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ്, ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വ്യവസ്ഥ എടുത്തുകളയല്‍ ഇവയൊക്കെയായിരുന്നു 80കളിലും 90കളിലും ബി ജെ പി തീവ്രമായി മുന്നോട്ടുവെച്ചിരുന്ന അജന്‍ഡകളില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. മുന്നണി രാഷ്ട്രീയത്തിന്റെ കാലത്ത് ഇവയൊക്കെ പിന്‍നിരയിലേക്ക് മാറിയെങ്കിലും, അടിസ്ഥാന അജന്‍ഡകളില്‍ അവ എന്തെങ്കിലും മാറ്റം വരുത്തിയെന്ന് കരുതുക വയ്യ. അതിന് ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് അനുവദിക്കുകയുമില്ല. 1990ല്‍ അയോധ്യയിലേക്ക് എല്‍ കെ അഡ്വാനി നടത്തിയ രഥയാത്രയും അതിന്റെ ഉപപദ്ധതി പോലെ നടത്തപ്പെട്ട അക്രമങ്ങള്‍ സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണവുമാണ് 1992ലെ കര്‍സേവയിലേക്കും ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയിലേക്കും നയിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു കൂട്ടുകക്ഷിക്ക് നേതൃത്വം നല്‍കിയാണെങ്കിലുമുള്ള ബി ജെ പിയുടെ അധികാര ലബ്ധി. ഇത്തരമൊരു കൂട്ടുകക്ഷി നിലവില്‍ വരുന്നതിന് സാഹചര്യമൊരുക്കാന്‍ സംഘ്പരിവാറും അവയുടെ പ്രചാരകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ദ്വന്ദമായിരുന്നു തീവ്ര മുഖമുള്ള അഡ്വാനിയും മിത മുഖമുള്ള വാജ്പയിയും.


രഥയാത്രയും അതിന്റെ ഭാഗമായി നടന്ന ആസൂത്രിത അക്രമങ്ങളും നടക്കുമ്പോള്‍ ബി ജെ പിയിലെ ഒന്നാമനായിരുന്നു വാജ്പയി. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുമ്പോഴും. കര്‍സേവ പ്രതീകാത്മകമാണെന്നും ബാബ്‌രി മസ്ജിദിന് കേടുപാടുകളൊന്നുമുണ്ടാകില്ലെന്നും സര്‍ക്കാറിന് ഉറപ്പ് നല്‍കിയ സംഘ് നേതൃത്വത്തിനൊപ്പമുണ്ടായിരുന്നു വാജ്പയി. ഉറപ്പ് ലംഘിക്കപ്പെട്ടതിലൊരിക്കല്‍പ്പോലും ഈ 'മിത മുഖം' ഖേദിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. 2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് രാഷ്ട്രധര്‍മം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നരേന്ദ്ര മോദിയോട് പ്രഭാഷണം നടത്തിയെന്നതാണ് മിതവാദി എന്നതിന് തെളിവായി വി എം സുധീരന്‍ ചൂണ്ടിക്കാട്ടുന്നത്. അതേ കാലത്ത് രാഷ്ട്രപതി ഭവനിലുണ്ടായിരുന്നത് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രണ്ട് വട്ടം ലോക്‌സഭയിലേക്ക് പോയ കെ ആര്‍ നാരായണനായിരുന്നു. വംശഹത്യ തടയുന്നതിന് ഗുജറാത്തിലേക്ക് പട്ടാളത്തെ നിയോഗിക്കണമെന്ന് താന്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പയ് ചെവിക്കൊണ്ടില്ലെന്ന് ആത്മകഥയില്‍ നാരായണന്‍ അനുസ്മരിക്കുന്നുണ്ട്. ചോരപ്പുഴ ഒഴുക്കാന്‍ അവസരമൊരുക്കിയതിനു ശേഷം രാഷ്ട്ര ധര്‍മത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നയാള്‍ ഏത് വിധത്തിലാണ് മിതവാദിയാകുക എന്ന് വിശദീകരിക്കേണ്ട ബാധ്യത വി എം സുധീരനുണ്ട്.


അല്ലെങ്കില്‍ ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ സഹായം ചെയ്തു കൊടുത്ത ഗോവിന്ദ് വല്ലഭ് പന്ത്, ശിലാന്യാസത്തിനായി മസ്ജിദ് തുറന്ന് കൊടുത്ത രാജീവ് ഗാന്ധി, മിനാരങ്ങള്‍ തകര്‍ന്ന് വീഴുമ്പോള്‍ മൗനം പാലിച്ചിരുന്ന നരസിംഹ റാവു എന്നിവര്‍ക്കൊപ്പമാണ് സുധീരനുമെന്ന് വിശ്വസിക്കേണ്ടിവരും.


സംഘ്പരിവാര്‍ സൃഷ്ടിച്ചെടുക്കുന്ന ബിംബങ്ങള്‍ കാലാന്തരത്തില്‍ വകവെച്ചുകൊടുക്കപ്പെടുന്നുവെന്നതാണ് സുധീരന്റെ വാക്കുകളിലെ ഏറ്റവും വലിയ അപകടം. അധികാരമെന്ന അജന്‍ഡ മുന്‍കൈ നേടിയപ്പോള്‍ ടി ഡി പിയും ജെ ഡി (യു)യും എ ഐ എ ഡി എം കെയും ഡി  എം കെയുമൊക്കെ ഈ മിതവാദ കല്‍പ്പനയെ നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്. ആയിരങ്ങളുടെ ജീവനെടുത്ത വംശഹത്യക്ക് കാര്‍മികത്വം വഹിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നരേന്ദ്ര മോദി, തീവ്രമുഖമായി മാറിയപ്പോള്‍ ഇക്കൂട്ടര്‍ക്കൊക്കെ അഡ്വാനി മിതമുഖമായി മാറുകയും ചെയ്തു.   മിതമുഖയമായി സ്വയം പ്രതിഷ്ഠിച്ചെടുക്കാന്‍ അഡ്വാനി തന്നെയും ശ്രമങ്ങള്‍ നടത്തിയിരുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ മുഹമ്മദാലി ജന്നയുടെ ഖബറിടം സന്ദര്‍ശിച്ച്, ജിന്ന മതേതര നിലപാടുകാരനായിരുന്നുവെന്ന് തുറന്നുപറഞ്ഞത്. അത്രത്തോളം അംഗീകരിച്ച് കൊടുക്കുന്നത്,  ദശകങ്ങളായി നടത്തുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാകുമെന്നതിനാല്‍, ആര്‍ എസ് എസ്സിന് ദഹിച്ചില്ല. അഡ്വാനിയെ ബി ജെ പിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി അവര്‍ പ്രതികരിച്ചു. പക്ഷേ, അഡ്വാനിയെ അംഗീകരിക്കുന്ന നിലപാടിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ എത്തിക്കാന്‍ ഈ പ്രസ്താവനക്ക് സാധിച്ചു. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുള്ള നീക്കം ആരംഭിച്ചപ്പോള്‍ തന്നെ മിതമുഖം സൃഷ്ടിച്ചെടുക്കാന്‍ നരേന്ദ്ര മോദിയും ശ്രമങ്ങളാരംഭിച്ചിരുന്നു.


അഡ്വാനിയെ അപേക്ഷിച്ച് വാജ്പയി മിതവാദിയും നരേന്ദ്ര മോദിയെ അപേക്ഷിച്ച് എല്‍ കെ അഡ്വാനി മിതവാദിയുമായാല്‍ നാളെ കൂടുതല്‍ തീവ്ര നിലപാടുള്ളൊരാള്‍ നേതൃത്വത്തിലേക്ക് എത്തുമ്പോള്‍ മോദി മിതമുഖമായി വാഴ്ത്തപ്പെടും. അടിസ്ഥാന അജന്‍ഡകള്‍ നടപ്പാക്കാനുള്ള പ്രവൃത്തികളുടെ ഭാഗമായി ഇക്കൂട്ടര്‍ സൃഷ്ടിച്ച ചേരിതിരിവും ചോരപ്പുഴകളും മറക്കപ്പെടേണ്ടതോ പൊറുക്കപ്പെടേണ്ടതോ ഒക്കെയായി മാറും. ബാബ്‌രി മസ്ജിദ് തകര്‍ത്തതിന്റെയോ രഥയാത്രയുടെ ഭാഗമായി അരങ്ങേറിയ സംഘര്‍ഷങ്ങളുടെയോ ഉത്തരവാദിത്വത്തില്‍ നിന്ന് അഡ്വാനി  പൊതുവെ നീക്കിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്നത് മാത്രം മതി ഉദാഹരണത്തിന്. അത്തരമൊരു ബോധം സൃഷ്ടിച്ചെടുക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യുമെന്ന, വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തിക്കുന്നത്. മിതമുഖങ്ങളെ തള്ളിപ്പറയുമ്പോള്‍ പോലും ഗുണഫലം സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന് സംഘ് നേതൃത്വം തിരിച്ചറിയുന്നുമുണ്ട്. അതിന് സാധൂകരണം നല്‍കുംവിധത്തില്‍ കെ പി സി സി പ്രസിഡന്റ് സംസാരിക്കുമ്പോള്‍, വര്‍ഗീയ അജന്‍ഡകളോടുള്ള സമരസപ്പെടലിന് സമൂഹത്തെ സജ്ജരാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രചാരണത്തിന് കൂടിയാണ് അദ്ദേഹം അംഗീകാരം നല്‍കുന്നത്. പ്രായോഗിക രാഷ്ട്രീയത്തിനപ്പുറത്ത് അടിസ്ഥാന രാഷ്ട്രീയത്തെ മനസ്സിലാക്കാത്തതുകൊണ്ടോ, മനസ്സിലാകുമ്പോഴും തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ അത് മറച്ചുവെക്കേണ്ടതുണ്ടെന്ന് തോന്നുന്നതുകൊണ്ടോ ആകാം തന്റെ അഭിപ്രായം ശരിയാണെന്ന് സുധീരന്‍ ആവര്‍ത്തിക്കുന്നത്. രണ്ടായാലും അത് ശരിയല്ല. ഹ്രസ്വകാലത്തെ നേട്ടം ലാക്കാക്കി, അടവുതന്ത്രങ്ങള്‍ പയറ്റിയത്, ദീര്‍ഘകാലത്തേക്കുണ്ടാക്കിയ നഷ്ടങ്ങളെന്തെന്ന് സി പി എം നേതാക്കളോട് ചോദിച്ചാല്‍ പറഞ്ഞു തരും. മാധവ് ഗാഡ്ഗിലിനോടും കസ്തൂരിരംഗനോടും കടപ്പാട് രേഖപ്പെടുത്തി, അതേ അടവുകള്‍ അവരിപ്പോഴും പയറ്റുകയാണെങ്കിലും.

2014-03-16

മദ (ഠ) വികാരം വ്രണപ്പെടുമ്പോള്‍


അഞ്ച് വര്‍ഷം മുമ്പ് ഇതേ മാസങ്ങളിലായിരുന്നു പി ഡി പിയുടെ, കുറേക്കൂടി കൃത്യമാക്കിയാല്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പൊന്നാനി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചതും അതേച്ചൊല്ലി വിഭവസമൃദ്ധമായ വാദപ്രതിവാദ സദ്യയുണ്ടായതും. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണക്കോടതിയും മദ്രാസ് ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയെങ്കിലും മഅ്ദനിയുടെ ഭീകരവാദ ബന്ധത്തെക്കുറിച്ച് അക്കാലത്ത് സംശയലേശമെന്യെ വാദങ്ങളുന്നയിച്ചവര്‍ അനവധിയുണ്ടായിരുന്നു. ബംഗളൂരു സ്‌ഫോടനപരമ്പരക്കേസില്‍ മഅ്ദനിക്കുള്ള ബന്ധം സ്ഥാപിച്ചെടുക്കാന്‍ മൊഴിപ്പകര്‍പ്പുകള്‍ (എല്ലാം മാധ്യമ കൈവശാവകാശമുള്ള രേഖകളായിരുന്നു) പലത് ഹാജരാക്കപ്പെട്ടു.

അധികാരത്തിലിരുന്ന ഇടത് മുന്നണിയുടെ സ്വയംകൃതാനര്‍ഥങ്ങള്‍ക്കൊപ്പം മഅ്ദനി ബന്ധവും  പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് മടി കാട്ടിയില്ല. സര്‍ക്കാറിന് നേതൃത്വം നല്‍കിയിരുന്ന സി പി എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം (അന്ന്) വി എസ് അച്യുതാനന്ദനും മഅ്ദനി ബന്ധത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ലാഭത്തിനായി, അബ്ദുന്നാസര്‍ മഅ്ദനിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചപ്പോള്‍ അതിലെ മാധ്യമ മര്യാദയെക്കുറിച്ച് ആരും ചിന്താക്രാന്തരായില്ല.


അതിനും മുമ്പ് ലാവ്‌ലിന്‍ കേസില്‍, പിണറായി വിജയനെ മുഖ്യ ആരോപണവിധേയ സ്ഥാനത്തു നിര്‍ത്തി നിരന്തരം വിമര്‍ശിച്ച കാലത്തും അതില്‍ മര്യാദലംഘനത്തിന്റെ അംശമുണ്ടോ എന്ന ചോദ്യം, സി പി എമ്മിലെ ഔദ്യോഗിക വിഭാഗത്തിനൊപ്പം നില്‍ക്കുന്നവരൊഴിച്ചാരും ഉന്നയിച്ചു  കണ്ടില്ല. എസ് എന്‍ സി ലാവ്‌ലിനുമായി കരാറുണ്ടാക്കുന്നതിനെ എതിര്‍ത്ത, വരദാചാരിയുടെ തല പരിശോധിക്കണമെന്ന് മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ഫയലിലെഴുതി എന്ന ആഘോഷിക്കപ്പെട്ട വാര്‍ത്ത, വസ്തുതാപരമല്ലെന്ന് വന്നപ്പോഴും അത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധം ചെയ്തതില്‍ വീഴ്ചകളുണ്ടായെന്ന് സാമൂഹിക, രാഷ്ട്രീയ നിരീക്ഷകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെയായവരൊന്നും പറഞ്ഞുകണ്ടില്ല. മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ  നേര്‍ക്ക് ലൈംഗിക പീഡന ആരോപണമുയര്‍ന്ന കാലത്ത് (ഒന്നും രണ്ടും കാലങ്ങള്‍) മര്യാദകളുടെ അതിരുകള്‍ പാലിച്ചുകൊണ്ടാണോ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിചിന്തനം മേല്‍പ്പറഞ്ഞ പട്ടികയില്‍വരുന്നവരില്‍ ആരെങ്കിലും നടത്തിയിരുന്നോ? കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണ പരമ്പരകളുമായി റഊഫ് നടത്തിയ വാര്‍ത്താ സമ്മേളനങ്ങളൊക്കെ തത്സമയം സംപ്രേഷണം ചെയ്യുമ്പോള്‍ കുറഞ്ഞ അളവിലെങ്കിലും നിലനിര്‍ത്തേണ്ട സന്തുലനം പാലിക്കപ്പെടുന്നുണ്ടോ എന്നത്  ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? ചിന്തിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഉറക്കെപ്പറഞ്ഞതായി രേഖകളിലില്ല.


മഅ്ദനി ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി തുടരുകയാണെന്നതും ലാവ്‌ലിന്‍ കേസില്‍ സി ബി ഐ കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പിണറായി വിജയന്‍ നിയമനടപടിക്ക് മുന്നിലാണെന്നതും കേസുകളിലൊന്നും പേരുപരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും ആരോപണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട സംശയത്തിന്റെ നിഴലില്‍ നിന്ന് കുഞ്ഞാലിക്കുട്ടി മുക്തനായിട്ടില്ലെന്നതും മറക്കാതെ തന്നെയാണ് ഇത് പറയുന്നത്. പി വി നരസിംഹറാവു തുടങ്ങിവെക്കുകയും വി എം സുധീരന്‍ വരെയുള്ളവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന ആപ്തവാക്യത്തിന്റെ വഴിയിലായിരിക്കും ഇവയൊക്കെ. അത് അംഗീകരിക്കും വിധത്തിലാണ് മേല്‍പ്പറഞ്ഞ മുതിര്‍ന്ന പട്ടികയിലുള്ളവരില്‍ ഭൂരിഭാഗത്തിന്റെയും നിലപാടുകള്‍.


പക്ഷേ അഞ്ച് വര്‍ഷത്തിനിപ്പുറം അമൃതാനന്ദമയിയെക്കുറിച്ച് ആരോപണങ്ങളുമായി ശിഷ്യ രംഗത്ത് വരികയും അതേക്കുറിച്ച് ചില മാധ്യമങ്ങളെങ്കിലും വാര്‍ത്ത നല്‍കുകയും ചെയ്തപ്പോള്‍ മാധ്യമ മര്യാദയുടെ ലംഘനത്തെക്കുറിച്ച് വാചാലരാകാന്‍ പലരുമെത്തി. ഗെയില്‍ ട്രെഡ്‌വെലിന്റെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി വാര്‍ത്തകള്‍ ചമക്കുന്നത് ധാര്‍മികതക്ക് നിരക്കുന്നതാണോ എന്ന ചോദ്യം അവര്‍ ഉറക്കെ ഉന്നയിച്ചു. ജനസേവനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയിലെ ഉദാത്തത പരിഗണിക്കാതെ ആശ്രമത്തിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ആരോപണം വാര്‍ത്തയാക്കുന്നതിലെ അനൗചിത്യം അവര്‍ ചൂണ്ടിക്കാട്ടി. മര്യാദകള്‍ പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊടുന്നനെയുണ്ടായ ബോധോദയത്തിന്റെ പൊരുളെന്തായിരിക്കും? ഹിന്ദു ആത്മീയ കേന്ദ്രങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണത്തിന്റെ ഭാഗമാണ് അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങളെന്ന് സംഘ് പരിവാര്‍ നേതാക്കള്‍ കുറ്റപ്പെടുത്തുമ്പോഴാണ് ഈ ബോധോദയമെന്നത് പ്രത്യേകം സ്മരണീയമാണ്. മതവികാരം വ്രണപ്പെടുത്താനും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്ന് ആരോപിച്ച് ചിലര്‍ സമര്‍പ്പിച്ച ഹരജി മുഖവിലക്കെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതി ഉത്തരവിട്ട പശ്ചാത്തലവും ഈ ബോധോദയത്തിനൊപ്പം സ്മരിക്കണം.


രണ്ട് വര്‍ഷം മുമ്പാണ് 'സ്വാമി' അസിമാനന്ദ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ കുറ്റസമ്മത മൊഴിയുടെ വിശദവിവരങ്ങള്‍ പുറത്തുവന്നത്. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന അസിമാനന്ദയുമായി സംസാരിച്ച് കാരവന്‍ മാസികയുടെ ലേഖിക തയ്യാറാക്കിയ റിപ്പോര്‍ട്ട് ഒന്നര മാസം മുമ്പ് പുറത്തുവന്നു. രാജ്യത്ത് പല ഭാഗങ്ങളിലായി  നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ താനുള്‍പ്പെടെ ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ ഭാഗമായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് തുറന്നു പറയുകയാണ് രണ്ടിലും അസിമാനന്ദ ചെയ്തത്. ആര്‍ എസ് എസ് കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ്‌കുമാറിനും സംഘ് മേധാവി മോഹന്‍ ഭഗവതിനും ആക്രമണ പദ്ധതികളെക്കുറിച്ച് അറിയമായിരുന്നുവെന്ന തുറന്നു പറച്ചിലുമുണ്ടായി. വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിറകെ, അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലമാണ് കുറ്റമേറ്റുപറഞ്ഞത് എന്ന് അസിമാനന്ദ പറഞ്ഞു. അഭിമുഖമൊന്നും നടന്നിട്ടേയില്ലെന്നാണ് കാരവന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം പറഞ്ഞത്. അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയോടെ ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ ചെയ്തികളായി ആരോപിക്കപ്പെടുന്ന കേസുകളിലൊന്നും വിചാരണ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന, ന്യൂനപക്ഷ സമുദായക്കാരായ ഏതാനും ചെറുപ്പക്കാര്‍ ജയില്‍മോചിതരായിട്ടുണ്ട്.


സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതിലും അത് നടപ്പാക്കിയതിലും ആര്‍ എസ് എസ്സിന്റെ ഉയര്‍ന്ന നേതാക്കള്‍ക്കടക്കം പങ്കുണ്ട് എന്ന് അസിമാനന്ദ പറഞ്ഞതായി വാര്‍ത്ത നല്‍കുമ്പോള്‍ അത്, ഏതെങ്കിലും വിധത്തില്‍ ഒരു മതത്തിന് എതിരാകുന്നുണ്ടോ? അസിമാനന്ദയുടെ വാക്കുകളും അതിനോടുള്ള പ്രതികരണങ്ങളും വാര്‍ത്തയാകുമ്പോള്‍ അതില്‍ മാധ്യമ മര്യാദകളുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുന്നുണ്ടോ? അങ്ങനെ ലംഘിക്കപ്പെടുന്നുണ്ടെന്നാണ് വാദമെങ്കില്‍, ഏത് സ്‌ഫോടനത്തിന്റെ പേരിലും മുസ്‌ലിം ചെറുപ്പക്കാരെ പ്രതിസ്ഥാനത്തു നിര്‍ത്തി, ഒരു സമുദായത്തിനെയാകെ സംശയത്തിന്റെ നിഴലിലാക്കും വിധത്തില്‍, നടന്നിരുന്ന(ക്കുന്ന) പ്രചാരണങ്ങളില്‍ മര്യാദകള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന്  ഇപ്പറഞ്ഞവരിലാരെങ്കിലും ഉറക്കെ ചിന്തിച്ചിരുന്നോ? ഇത്തരം പ്രചാരണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നുണ്ടോ; വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഏതെങ്കിലും കോടതി ആവശ്യപ്പെട്ടിരുന്നോ?


ഗെയില്‍ ട്രെഡ്‌വെല്‍ തന്റെ പുസ്തകത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പുറത്ത്, അമൃതാനന്ദമയി നേതൃത്വം നല്‍കുന്ന ആശ്രമ, ആശുപത്രി, വിദ്യാഭ്യാസ വ്യവസായങ്ങള്‍ക്കു നേര്‍ക്ക് മറ്റ് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. പഞ്ചായത്തിന്റെ അനുമതി കൂടാതെ കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന ആരോപണമാണ് ആശ്രമത്തിനു നേര്‍ക്കുയര്‍ന്നിരിക്കുന്നത്. ഇതിന്‍മേല്‍ പഞ്ചായത്ത് ഓംബുഡ്‌സ്മാനു മുന്നില്‍ പരാതിയുണ്ട്. അതില്‍ നിയമ നടപടി തുടരുന്നുമുണ്ട്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള അമൃത ആശുപത്രിക്കു വേണ്ടി കെട്ടിടങ്ങള്‍ നിര്‍മിച്ചുകൂട്ടിയത് അനധികൃതമായാണെന്നും അതിനുള്ള നികുതിയും പിഴയും ഒടുക്കണമെന്നുമാവശ്യപ്പെട്ടത് കൊച്ചി കോര്‍പ്പറേഷനാണ്. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാകയാല്‍ നികുതിയിളവും പിഴയില്‍ ഒഴിവുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നു ആശുപത്രി നടത്തിപ്പുകാര്‍. അനധികൃത നിര്‍മാണം നടന്നുവെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ഇളവ് ആവശ്യപ്പെടുമ്പോള്‍ സംഭവിക്കുന്നത്.
വിദേശത്തുനിന്ന് സംഭാവനയായി ലഭിച്ച പണമെത്രയെന്നും അത് എന്തിന് ചെലവിട്ടുവെന്നും സര്‍ക്കാറിനെ വ്യക്തമായി അറിയിക്കാന്‍ രാജ്യത്തെ നിയമപ്രകാരം ബാധ്യസ്ഥമാണ് അമൃതാനന്ദമയിയുടെ മഠം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ അറിയിപ്പ് മഠം നല്‍കിയിട്ടില്ലെന്നതിന് സര്‍ക്കാര്‍ രേഖകള്‍ തന്നെ തെളിവായുണ്ട്. ഇതൊക്കെ വാര്‍ത്തകളായി വരുമ്പോള്‍ അത് ഏത് വിധത്തിലാണ് മത വികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കപ്പെടുന്നതും ആകുന്നത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത, അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ നീതിപീഠത്തിന് തന്നെയുണ്ട്.


മത വികാരം വ്രണപ്പെടുത്താനും വര്‍ഗീയവിദ്വേഷം സൃഷ്ടിക്കാനുമുള്ള ശ്രമമാണെന്ന പരാതി, പ്രഥമദൃഷ്ട്യാ സ്വീകരിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കുമ്പോള്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല അമൃതാനന്ദമയിയും അവരുടെ കീഴിലുള്ള മഠവും ആശുപത്രി, വിദ്യാഭ്യാസ വ്യവസായങ്ങളുമെന്നുമുള്ള പ്രതീതി സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട്. മഠം അനധികൃത നിര്‍മാണവും ഭൂമി കൈയേറ്റവും നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്നവര്‍, ലുലു മാളിന് മുന്നില്‍പ്പോയി സമരം ചെയ്യുന്നില്ലല്ലോ എന്ന് ചോദിക്കുന്ന അമൃതാനന്ദമയി ആത്മീയതയുടെ ഏത് തലത്തിലാണെന്ന് സംശയം തോന്നിയാല്‍ അതിലുള്ളത് മത വികാരം വ്രണപ്പെടുത്താനുള്ള കുത്സിത ബുദ്ധിയല്ല, മറിച്ച് സാമാന്യ ബുദ്ധിമാത്രമാണ്. അത്രമാത്രമെങ്കിലും മനസ്സിലാകേണ്ടതുണ്ട് ധാര്‍മികമായും നിയമപരമായും ഔന്നത്യങ്ങളില്‍ വിരാജിച്ച്, 'അമ്മ'ക്കെതിരായ വാര്‍ത്തകളില്‍ ദുഷ്ടലാക്ക് കാണുന്നവര്‍ക്ക്.


രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയാല്‍ എന്ത് ചെയ്യണമെന്നതില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമ കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇത്തരം പരാമര്‍ശങ്ങളെന്ത് എന്ന് നിര്‍വചിക്കണമെന്നും പരമോന്നത കോടതി നിര്‍ദേശിച്ചിരിക്കുന്നു. അഞ്ച് വര്‍ഷം മുമ്പത്തെ തിരഞ്ഞെടുപ്പുകാലത്ത് ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി നടത്തിയ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍, അറസ്റ്റിലും നിയമനടപടിയിലും കലാശിച്ചിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച സാമുദായിക ധ്രുവീകരണം വരുണ്‍ ഗാന്ധിയുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. കേസില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. സാക്ഷികളെ മുഴുവന്‍ സ്വാധീനിച്ച് കേസ് അട്ടിമറിച്ചതാണെന്ന് പിന്നീട് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുവന്നു. ഇതൊക്കെ മുന്നില്‍ നില്‍ക്കെയാണ് വര്‍ഗീയ വിദ്വേഷ പരാമര്‍ശമെന്തെന്ന് നിര്‍വചിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു ആത്മീയ കേന്ദ്രങ്ങളെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുകയും അതിന്റെ രക്ഷാകര്‍തൃത്വം തങ്ങള്‍ക്കെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും അത് വാര്‍ത്തയാകുകയും ചെയ്താല്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാകുമോ എന്നതില്‍ വ്യക്തത വരുത്തുന്ന നിര്‍വചനം. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഭരണ, പ്രതിപക്ഷ നേതാക്കള്‍ അമൃതാനന്ദമയിയുടെ കാര്യത്തില്‍ വലിയ ജാഗ്രത കാട്ടുന്നതിനാല്‍ ആ നിര്‍വചനം ഉണ്ടാകില്ലെന്ന് തന്നെ കരുതാം.