2014-03-16

മദ (ഠ) വികാരം വ്രണപ്പെടുമ്പോള്‍


അഞ്ച് വര്‍ഷം മുമ്പ് ഇതേ മാസങ്ങളിലായിരുന്നു പി ഡി പിയുടെ, കുറേക്കൂടി കൃത്യമാക്കിയാല്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പൊന്നാനി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചതും അതേച്ചൊല്ലി വിഭവസമൃദ്ധമായ വാദപ്രതിവാദ സദ്യയുണ്ടായതും. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണക്കോടതിയും മദ്രാസ് ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയെങ്കിലും മഅ്ദനിയുടെ ഭീകരവാദ ബന്ധത്തെക്കുറിച്ച് അക്കാലത്ത് സംശയലേശമെന്യെ വാദങ്ങളുന്നയിച്ചവര്‍ അനവധിയുണ്ടായിരുന്നു. ബംഗളൂരു സ്‌ഫോടനപരമ്പരക്കേസില്‍ മഅ്ദനിക്കുള്ള ബന്ധം സ്ഥാപിച്ചെടുക്കാന്‍ മൊഴിപ്പകര്‍പ്പുകള്‍ (എല്ലാം മാധ്യമ കൈവശാവകാശമുള്ള രേഖകളായിരുന്നു) പലത് ഹാജരാക്കപ്പെട്ടു.

അധികാരത്തിലിരുന്ന ഇടത് മുന്നണിയുടെ സ്വയംകൃതാനര്‍ഥങ്ങള്‍ക്കൊപ്പം മഅ്ദനി ബന്ധവും  പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് മടി കാട്ടിയില്ല. സര്‍ക്കാറിന് നേതൃത്വം നല്‍കിയിരുന്ന സി പി എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം (അന്ന്) വി എസ് അച്യുതാനന്ദനും മഅ്ദനി ബന്ധത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ലാഭത്തിനായി, അബ്ദുന്നാസര്‍ മഅ്ദനിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചപ്പോള്‍ അതിലെ മാധ്യമ മര്യാദയെക്കുറിച്ച് ആരും ചിന്താക്രാന്തരായില്ല.


അതിനും മുമ്പ് ലാവ്‌ലിന്‍ കേസില്‍, പിണറായി വിജയനെ മുഖ്യ ആരോപണവിധേയ സ്ഥാനത്തു നിര്‍ത്തി നിരന്തരം വിമര്‍ശിച്ച കാലത്തും അതില്‍ മര്യാദലംഘനത്തിന്റെ അംശമുണ്ടോ എന്ന ചോദ്യം, സി പി എമ്മിലെ ഔദ്യോഗിക വിഭാഗത്തിനൊപ്പം നില്‍ക്കുന്നവരൊഴിച്ചാരും ഉന്നയിച്ചു  കണ്ടില്ല. എസ് എന്‍ സി ലാവ്‌ലിനുമായി കരാറുണ്ടാക്കുന്നതിനെ എതിര്‍ത്ത, വരദാചാരിയുടെ തല പരിശോധിക്കണമെന്ന് മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ഫയലിലെഴുതി എന്ന ആഘോഷിക്കപ്പെട്ട വാര്‍ത്ത, വസ്തുതാപരമല്ലെന്ന് വന്നപ്പോഴും അത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധം ചെയ്തതില്‍ വീഴ്ചകളുണ്ടായെന്ന് സാമൂഹിക, രാഷ്ട്രീയ നിരീക്ഷകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെയായവരൊന്നും പറഞ്ഞുകണ്ടില്ല. മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ  നേര്‍ക്ക് ലൈംഗിക പീഡന ആരോപണമുയര്‍ന്ന കാലത്ത് (ഒന്നും രണ്ടും കാലങ്ങള്‍) മര്യാദകളുടെ അതിരുകള്‍ പാലിച്ചുകൊണ്ടാണോ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിചിന്തനം മേല്‍പ്പറഞ്ഞ പട്ടികയില്‍വരുന്നവരില്‍ ആരെങ്കിലും നടത്തിയിരുന്നോ? കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണ പരമ്പരകളുമായി റഊഫ് നടത്തിയ വാര്‍ത്താ സമ്മേളനങ്ങളൊക്കെ തത്സമയം സംപ്രേഷണം ചെയ്യുമ്പോള്‍ കുറഞ്ഞ അളവിലെങ്കിലും നിലനിര്‍ത്തേണ്ട സന്തുലനം പാലിക്കപ്പെടുന്നുണ്ടോ എന്നത്  ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? ചിന്തിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഉറക്കെപ്പറഞ്ഞതായി രേഖകളിലില്ല.


മഅ്ദനി ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി തുടരുകയാണെന്നതും ലാവ്‌ലിന്‍ കേസില്‍ സി ബി ഐ കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പിണറായി വിജയന്‍ നിയമനടപടിക്ക് മുന്നിലാണെന്നതും കേസുകളിലൊന്നും പേരുപരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും ആരോപണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട സംശയത്തിന്റെ നിഴലില്‍ നിന്ന് കുഞ്ഞാലിക്കുട്ടി മുക്തനായിട്ടില്ലെന്നതും മറക്കാതെ തന്നെയാണ് ഇത് പറയുന്നത്. പി വി നരസിംഹറാവു തുടങ്ങിവെക്കുകയും വി എം സുധീരന്‍ വരെയുള്ളവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന ആപ്തവാക്യത്തിന്റെ വഴിയിലായിരിക്കും ഇവയൊക്കെ. അത് അംഗീകരിക്കും വിധത്തിലാണ് മേല്‍പ്പറഞ്ഞ മുതിര്‍ന്ന പട്ടികയിലുള്ളവരില്‍ ഭൂരിഭാഗത്തിന്റെയും നിലപാടുകള്‍.


പക്ഷേ അഞ്ച് വര്‍ഷത്തിനിപ്പുറം അമൃതാനന്ദമയിയെക്കുറിച്ച് ആരോപണങ്ങളുമായി ശിഷ്യ രംഗത്ത് വരികയും അതേക്കുറിച്ച് ചില മാധ്യമങ്ങളെങ്കിലും വാര്‍ത്ത നല്‍കുകയും ചെയ്തപ്പോള്‍ മാധ്യമ മര്യാദയുടെ ലംഘനത്തെക്കുറിച്ച് വാചാലരാകാന്‍ പലരുമെത്തി. ഗെയില്‍ ട്രെഡ്‌വെലിന്റെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി വാര്‍ത്തകള്‍ ചമക്കുന്നത് ധാര്‍മികതക്ക് നിരക്കുന്നതാണോ എന്ന ചോദ്യം അവര്‍ ഉറക്കെ ഉന്നയിച്ചു. ജനസേവനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയിലെ ഉദാത്തത പരിഗണിക്കാതെ ആശ്രമത്തിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ആരോപണം വാര്‍ത്തയാക്കുന്നതിലെ അനൗചിത്യം അവര്‍ ചൂണ്ടിക്കാട്ടി. മര്യാദകള്‍ പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊടുന്നനെയുണ്ടായ ബോധോദയത്തിന്റെ പൊരുളെന്തായിരിക്കും? ഹിന്ദു ആത്മീയ കേന്ദ്രങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണത്തിന്റെ ഭാഗമാണ് അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങളെന്ന് സംഘ് പരിവാര്‍ നേതാക്കള്‍ കുറ്റപ്പെടുത്തുമ്പോഴാണ് ഈ ബോധോദയമെന്നത് പ്രത്യേകം സ്മരണീയമാണ്. മതവികാരം വ്രണപ്പെടുത്താനും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്ന് ആരോപിച്ച് ചിലര്‍ സമര്‍പ്പിച്ച ഹരജി മുഖവിലക്കെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതി ഉത്തരവിട്ട പശ്ചാത്തലവും ഈ ബോധോദയത്തിനൊപ്പം സ്മരിക്കണം.


രണ്ട് വര്‍ഷം മുമ്പാണ് 'സ്വാമി' അസിമാനന്ദ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ കുറ്റസമ്മത മൊഴിയുടെ വിശദവിവരങ്ങള്‍ പുറത്തുവന്നത്. വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന അസിമാനന്ദയുമായി സംസാരിച്ച് കാരവന്‍ മാസികയുടെ ലേഖിക തയ്യാറാക്കിയ റിപ്പോര്‍ട്ട് ഒന്നര മാസം മുമ്പ് പുറത്തുവന്നു. രാജ്യത്ത് പല ഭാഗങ്ങളിലായി  നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ താനുള്‍പ്പെടെ ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ ഭാഗമായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് തുറന്നു പറയുകയാണ് രണ്ടിലും അസിമാനന്ദ ചെയ്തത്. ആര്‍ എസ് എസ് കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ്‌കുമാറിനും സംഘ് മേധാവി മോഹന്‍ ഭഗവതിനും ആക്രമണ പദ്ധതികളെക്കുറിച്ച് അറിയമായിരുന്നുവെന്ന തുറന്നു പറച്ചിലുമുണ്ടായി. വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിറകെ, അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദം മൂലമാണ് കുറ്റമേറ്റുപറഞ്ഞത് എന്ന് അസിമാനന്ദ പറഞ്ഞു. അഭിമുഖമൊന്നും നടന്നിട്ടേയില്ലെന്നാണ് കാരവന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം പറഞ്ഞത്. അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയോടെ ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെ ചെയ്തികളായി ആരോപിക്കപ്പെടുന്ന കേസുകളിലൊന്നും വിചാരണ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന, ന്യൂനപക്ഷ സമുദായക്കാരായ ഏതാനും ചെറുപ്പക്കാര്‍ ജയില്‍മോചിതരായിട്ടുണ്ട്.


സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതിലും അത് നടപ്പാക്കിയതിലും ആര്‍ എസ് എസ്സിന്റെ ഉയര്‍ന്ന നേതാക്കള്‍ക്കടക്കം പങ്കുണ്ട് എന്ന് അസിമാനന്ദ പറഞ്ഞതായി വാര്‍ത്ത നല്‍കുമ്പോള്‍ അത്, ഏതെങ്കിലും വിധത്തില്‍ ഒരു മതത്തിന് എതിരാകുന്നുണ്ടോ? അസിമാനന്ദയുടെ വാക്കുകളും അതിനോടുള്ള പ്രതികരണങ്ങളും വാര്‍ത്തയാകുമ്പോള്‍ അതില്‍ മാധ്യമ മര്യാദകളുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുന്നുണ്ടോ? അങ്ങനെ ലംഘിക്കപ്പെടുന്നുണ്ടെന്നാണ് വാദമെങ്കില്‍, ഏത് സ്‌ഫോടനത്തിന്റെ പേരിലും മുസ്‌ലിം ചെറുപ്പക്കാരെ പ്രതിസ്ഥാനത്തു നിര്‍ത്തി, ഒരു സമുദായത്തിനെയാകെ സംശയത്തിന്റെ നിഴലിലാക്കും വിധത്തില്‍, നടന്നിരുന്ന(ക്കുന്ന) പ്രചാരണങ്ങളില്‍ മര്യാദകള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന്  ഇപ്പറഞ്ഞവരിലാരെങ്കിലും ഉറക്കെ ചിന്തിച്ചിരുന്നോ? ഇത്തരം പ്രചാരണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നുണ്ടോ; വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഏതെങ്കിലും കോടതി ആവശ്യപ്പെട്ടിരുന്നോ?


ഗെയില്‍ ട്രെഡ്‌വെല്‍ തന്റെ പുസ്തകത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പുറത്ത്, അമൃതാനന്ദമയി നേതൃത്വം നല്‍കുന്ന ആശ്രമ, ആശുപത്രി, വിദ്യാഭ്യാസ വ്യവസായങ്ങള്‍ക്കു നേര്‍ക്ക് മറ്റ് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. പഞ്ചായത്തിന്റെ അനുമതി കൂടാതെ കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന ആരോപണമാണ് ആശ്രമത്തിനു നേര്‍ക്കുയര്‍ന്നിരിക്കുന്നത്. ഇതിന്‍മേല്‍ പഞ്ചായത്ത് ഓംബുഡ്‌സ്മാനു മുന്നില്‍ പരാതിയുണ്ട്. അതില്‍ നിയമ നടപടി തുടരുന്നുമുണ്ട്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള അമൃത ആശുപത്രിക്കു വേണ്ടി കെട്ടിടങ്ങള്‍ നിര്‍മിച്ചുകൂട്ടിയത് അനധികൃതമായാണെന്നും അതിനുള്ള നികുതിയും പിഴയും ഒടുക്കണമെന്നുമാവശ്യപ്പെട്ടത് കൊച്ചി കോര്‍പ്പറേഷനാണ്. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാകയാല്‍ നികുതിയിളവും പിഴയില്‍ ഒഴിവുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നു ആശുപത്രി നടത്തിപ്പുകാര്‍. അനധികൃത നിര്‍മാണം നടന്നുവെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ഇളവ് ആവശ്യപ്പെടുമ്പോള്‍ സംഭവിക്കുന്നത്.
വിദേശത്തുനിന്ന് സംഭാവനയായി ലഭിച്ച പണമെത്രയെന്നും അത് എന്തിന് ചെലവിട്ടുവെന്നും സര്‍ക്കാറിനെ വ്യക്തമായി അറിയിക്കാന്‍ രാജ്യത്തെ നിയമപ്രകാരം ബാധ്യസ്ഥമാണ് അമൃതാനന്ദമയിയുടെ മഠം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ അറിയിപ്പ് മഠം നല്‍കിയിട്ടില്ലെന്നതിന് സര്‍ക്കാര്‍ രേഖകള്‍ തന്നെ തെളിവായുണ്ട്. ഇതൊക്കെ വാര്‍ത്തകളായി വരുമ്പോള്‍ അത് ഏത് വിധത്തിലാണ് മത വികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കപ്പെടുന്നതും ആകുന്നത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത, അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ നീതിപീഠത്തിന് തന്നെയുണ്ട്.


മത വികാരം വ്രണപ്പെടുത്താനും വര്‍ഗീയവിദ്വേഷം സൃഷ്ടിക്കാനുമുള്ള ശ്രമമാണെന്ന പരാതി, പ്രഥമദൃഷ്ട്യാ സ്വീകരിച്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കുമ്പോള്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല അമൃതാനന്ദമയിയും അവരുടെ കീഴിലുള്ള മഠവും ആശുപത്രി, വിദ്യാഭ്യാസ വ്യവസായങ്ങളുമെന്നുമുള്ള പ്രതീതി സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട്. മഠം അനധികൃത നിര്‍മാണവും ഭൂമി കൈയേറ്റവും നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്നവര്‍, ലുലു മാളിന് മുന്നില്‍പ്പോയി സമരം ചെയ്യുന്നില്ലല്ലോ എന്ന് ചോദിക്കുന്ന അമൃതാനന്ദമയി ആത്മീയതയുടെ ഏത് തലത്തിലാണെന്ന് സംശയം തോന്നിയാല്‍ അതിലുള്ളത് മത വികാരം വ്രണപ്പെടുത്താനുള്ള കുത്സിത ബുദ്ധിയല്ല, മറിച്ച് സാമാന്യ ബുദ്ധിമാത്രമാണ്. അത്രമാത്രമെങ്കിലും മനസ്സിലാകേണ്ടതുണ്ട് ധാര്‍മികമായും നിയമപരമായും ഔന്നത്യങ്ങളില്‍ വിരാജിച്ച്, 'അമ്മ'ക്കെതിരായ വാര്‍ത്തകളില്‍ ദുഷ്ടലാക്ക് കാണുന്നവര്‍ക്ക്.


രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയാല്‍ എന്ത് ചെയ്യണമെന്നതില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമ കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇത്തരം പരാമര്‍ശങ്ങളെന്ത് എന്ന് നിര്‍വചിക്കണമെന്നും പരമോന്നത കോടതി നിര്‍ദേശിച്ചിരിക്കുന്നു. അഞ്ച് വര്‍ഷം മുമ്പത്തെ തിരഞ്ഞെടുപ്പുകാലത്ത് ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി നടത്തിയ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍, അറസ്റ്റിലും നിയമനടപടിയിലും കലാശിച്ചിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ സൃഷ്ടിച്ച സാമുദായിക ധ്രുവീകരണം വരുണ്‍ ഗാന്ധിയുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. കേസില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. സാക്ഷികളെ മുഴുവന്‍ സ്വാധീനിച്ച് കേസ് അട്ടിമറിച്ചതാണെന്ന് പിന്നീട് ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുവന്നു. ഇതൊക്കെ മുന്നില്‍ നില്‍ക്കെയാണ് വര്‍ഗീയ വിദ്വേഷ പരാമര്‍ശമെന്തെന്ന് നിര്‍വചിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദു ആത്മീയ കേന്ദ്രങ്ങളെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുകയും അതിന്റെ രക്ഷാകര്‍തൃത്വം തങ്ങള്‍ക്കെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും അത് വാര്‍ത്തയാകുകയും ചെയ്താല്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാകുമോ എന്നതില്‍ വ്യക്തത വരുത്തുന്ന നിര്‍വചനം. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഭരണ, പ്രതിപക്ഷ നേതാക്കള്‍ അമൃതാനന്ദമയിയുടെ കാര്യത്തില്‍ വലിയ ജാഗ്രത കാട്ടുന്നതിനാല്‍ ആ നിര്‍വചനം ഉണ്ടാകില്ലെന്ന് തന്നെ കരുതാം.