2012-08-21

'അമ്മ'ക്കെന്ത് കുറ്റബോധം, എന്ത് പ്രായശ്ചിത്തം?
''കാലചക്രം പിന്നോട്ട് തിരിക്കാനാവില്ല. കാലത്തിന്റെ ഗതി മുന്നോട്ട് മാത്രമാണ്. കഴിഞ്ഞത് ഒരു ക്യാന്‍സലായ ചെക്കാണ്. ഈ നിമിഷം മാത്രമാണ് നമുക്കുള്ളത്. ചെയ്തു പോയ തെറ്റുകളെ പിന്നോട്ട് പോയി തിരുത്താനാവില്ല. അവയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് ഗമിക്കുക. എപ്പോള്‍ പശ്ചാത്താപം വരുന്നുവോ ആ നിമിഷം മുതല്‍ ശരിയായ പാത പിന്തുടരണം...''

മാതൃഭൂമി ദിനപത്രത്തില്‍ 2012 ആഗസ്ത് 19ന് അമൃത വചനമെന്ന കോളത്തില്‍ 'കുറ്റബോധവും പ്രായശ്ചിത്തവും' എന്ന തലക്കെട്ടില്‍ പ്രസിദ്ധം ചെയ്ത ലേഖനത്തിലാണ് മാതാ അമൃതാനന്ദമയി ഇങ്ങനെ പറയുന്നത്. ചിന്ത കൊണ്ടും വാക്ക് കൊണ്ടും സ്പര്‍ശം കൊണ്ടും ആര്‍ക്കും ഉപദ്രവം ചെയ്യാത്ത ഒരു മനസ്സ് തരണേ, ഈശ്വരാ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ഥന എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ലേഖനം, അറിഞ്ഞോ അറിയാതെയോ അന്യരെ വേദനിപ്പിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് ആരംഭിക്കുന്നത്.


മഹത്തുക്കള്‍ (ആള്‍ ദൈവങ്ങളെ അങ്ങനെ വിശേഷിപ്പിക്കാമോ എന്നതില്‍ ഭേദചിന്തയുണ്ട്) വ്യക്തിക്കും സമഷ്ടിക്കും നല്ലനടപ്പുണ്ടാകണമെന്ന അത്യാര്‍ത്തിയില്‍ കാലങ്ങളായി പറയുന്നത് അമൃതാനന്ദമയി ആവര്‍ത്തിക്കുകയാണ്. ഒട്ടും പുതുമയില്ല. ആകെയുള്ള പുതുമ 'വിത്‌ഡ്രോ ചെയ്ത ഒരു ചെക്ക്' മുന്നിലുണ്ടെന്നതാണ്. പിന്നോട്ടു പോയി തിരുത്താനാകാത്ത അതില്‍ പശ്ചാത്താപമുണ്ടായിട്ടുണ്ടോ എന്ന് അറിയിക്കേണ്ടത് മാതാ അമൃതാനന്ദമയി തന്നെയാണ്.
പശ്ചാത്താപമുണ്ടായിട്ടുണ്ടെങ്കില്‍ ആ നിമിഷം മുതല്‍ ശരിയായ പാത പിന്തുടരാന്‍ തയ്യാറാകുകയും വേണം. വചനധാരകള്‍ സാധാരണ മനുഷ്യന്‍മാരെ ഉദ്ദേശിച്ചാണ്, ആള്‍ദൈവങ്ങള്‍ക്കോ ഭരണകര്‍ത്താക്കള്‍ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ വേണ്ടിയല്ല. അതുകൊണ്ട് തന്നെ സത്‌നാം സിംഗെന്ന ഇഹലോകത്തു നിന്ന് 'വിത്‌ഡ്രോ' ചെയ്ത ചെക്കിന്റെ കാര്യത്തില്‍ പശ്ചാത്താപത്തിന്റെ ആവശ്യമില്ല തന്നെ. അല്ലെങ്കിലും അത് ക്യാന്‍സാലായ ചെക്കല്ലല്ലോ!

ബീഹാര്‍ ഗയയില്‍ ഷേര്‍ഘാട്ടിയിലെ ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സത്‌നാം സിംഗിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു. ആ വിവരം മാതാ അമൃതാനന്ദമയിയെ നേരില്‍ കണ്ട് അറിയിച്ചുവെന്നാണ് സത്‌നാം സിംഗിന്റെ ബന്ധുവും മാധ്യമ പ്രവര്‍ത്തകനുമായ വിമല്‍ കിഷോര്‍ പറയുന്നത്. ചികിത്സ സംബന്ധിച്ച രേഖകളുമൊക്കെ കാണിച്ചു. മരണകാരണമായ ക്ഷതങ്ങള്‍ എപ്പോഴാണ് ഏല്‍പ്പിക്കപ്പെട്ടത് എന്നതില്‍ തര്‍ക്കമുണ്ടെങ്കിലും മാതാ അമൃതാനന്ദമയിയെ വിമല്‍ കിഷോര്‍ കണ്ടതിനു ശേഷമാണ് സത്‌നാമിന്റെ മരണം സംഭവിക്കുന്നത്.  മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടതിനു ശേഷവും (അത് പരിശോധിക്കാന്‍ പാകത്തില്‍ വിദഗ്ധ സംഘം സദാ വള്ളിക്കാവിലുണ്ട്) കേസ് പിന്‍വലിച്ച് സത്‌നാമിന് വേണ്ട ചികിത്സ നല്‍കണമെന്ന് അധികാരികളോട് പറയാനുള്ള അലിവ് 'കരുണാവാരിധി'യായ ആള്‍ദൈവത്തിന് ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.


ലോകത്താകെയുള്ള ജനതതിയെ ഉള്‍ക്കൊള്ളാനും അവരുടെ പ്രയാസങ്ങള്‍ ഏറ്റുവാങ്ങാനും മാത്രം വിസ്താരമുള്ള മനസ്സ്, അമൃതാനന്ദമയി ഇരിക്കുന്ന വേദിയിലേക്ക് കടന്നെത്താന്‍ ശ്രമിച്ചപ്പോള്‍ സത്‌നാം വിളിച്ച് പറഞ്ഞ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീ' മില്‍ തടഞ്ഞു നിന്നതെന്തുകൊണ്ട്? മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കാട്ടിയ ശേഷവും ബിസ്മി ചൊല്ലിയതെന്തിനെന്ന ചോദ്യം വിമലിനോട് ഉന്നയിച്ചതിന്റെ കാരണവും അറിയില്ല.  മാനസിക അസ്വാസ്ഥ്യമുള്ളയാളുടെ കാര്യത്തില്‍ ഏത് സാധാരണക്കാരനും തോന്നുന്ന അലിവ് ആള്‍ദൈവത്തിനും പരികര്‍മികള്‍ക്കും അനുയായിവൃന്ദത്തിനുമുണ്ടായില്ലെങ്കില്‍/ഉണ്ടാകുന്നില്ലെങ്കില്‍ വചനത്തിന് നല്‍കിയ അമൃതമെന്ന വിശേഷണം നിലനിന്നേക്കാം, പ്രവൃത്തി കാളകൂടത്തോടേ ചേര്‍ന്ന് നില്‍ക്കൂ. 'വിത്‌ഡ്രോവല്‍' ഉറപ്പായതുകൊണ്ടാണോ സത്‌നാമിന് വേണ്ടി ഇടപെടാതിരുന്നത് എന്ന കുത്സിതബുദ്ധിയുടെ സംശയത്തിനും ഇവിടെ സാധ്യതയുണ്ട്.

സത്‌നാമിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം നടത്തുന്ന പോലീസിനും അതിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും സത്‌നാമെന്നത് ബൗണ്‍സായ ചെക്കാണ്. കാലമെത്തും മുമ്പ് ഹാജരാക്കപ്പെട്ടപ്പോള്‍ അക്കൗണ്ടിലുള്ള നീക്കിബാക്കിയെടുത്ത് ആയുസ്സ് നീട്ടിക്കൊടുക്കാന്‍ സര്‍ക്കാറിന് സാധിക്കാത്തതുകൊണ്ട് ബൗണ്‍സായ ചെക്ക്. ആയുസ്സ്് നീട്ടിക്കൊടുക്കാന്‍ പാകത്തില്‍ അക്കൗണ്ടില്‍ നീക്കിബാക്കി വേണ്ടെന്ന് പോലീസ്/സര്‍ക്കാര്‍ സംവിധാനങ്ങളിലെ ചിലര്‍ വിചാരിച്ചതുകൊണ്ട് ബൗണ്‍സായതുമാകാം. ചെക്ക് ബൗണ്‍സായാല്‍ ശിക്ഷ ഉറപ്പാക്കിയത് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ സാമ്പത്തിക പരിഷ്‌കരണം ആരംഭിച്ച കാലത്താണ്. ഇവിടെ ബൗണ്‍സാകാന്‍ കാരണക്കാര്‍ ആരൊക്കെ എന്ന് കണ്ടെത്തിയാലേ ശിക്ഷ നടപ്പാക്കാനാകൂ. അതിന് വേണ്ടിയാണ് ഐ ജി. ബി സന്ധ്യയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പക്ഷേ, അന്വേഷണത്തിന് പോകുന്ന പോലീസ് ഉദ്യോഗസ്ഥ 'അമ്മയെ ദര്‍ശിച്ച്' മടങ്ങിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ കാര്യങ്ങളത്ര പന്തിയല്ല. പോക്കറ്റടി സംശയിച്ച് പിടികൂടിയയാളെ പോലീസ് ചോദ്യം ചെയ്തതിന്റെ മണിക്കൂര്‍ തിരിച്ചുള്ള കണക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഇവിടെ 'ദര്‍ശന പുണ്യ'വുമായി ഐ ജി മടങ്ങിയ വാര്‍ത്തയെത്തുന്നത്.

അന്വേഷണം ലക്ഷ്യമിട്ടുള്ള ഐ ജിയുടെ യാത്ര 'ദര്‍ശന പുണ്യ'ത്തില്‍ കലാശിക്കുന്നത് അബദ്ധത്തിലല്ല. സത്‌നാം സിംഗിനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കപ്പെടുന്നതിന്റെ തുടര്‍ച്ചയാണ്. അമൃതാനന്ദമയി ഇരിക്കുന്ന സ്ഥലത്തേക്ക് അടുക്കാന്‍ ശ്രമിക്കുന്ന സത്‌നാം സിംഗിനെ ആള്‍ദൈവ  വിശ്വാസികള്‍ തടയുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വള്ളിക്കാവ് കുടീരത്തിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറയില്‍ നിന്നുള്ളത്. ആശ്രമത്തില്‍ നിന്ന് പോലീസ് ജീപ്പില്‍ സത്‌നാമിനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യവുമുണ്ട്. എന്നാല്‍ അമൃതാനന്ദമയിയുടെ അനുയായികളുടെ കസ്റ്റഡിയിലായ ശേഷമുണ്ടായതിന്റെ ദൃശ്യം ലഭ്യമല്ല. അത് കണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് പോലീസ് ശ്രമിക്കുമെന്ന് കരുതുന്നുമില്ല. പോലീസ് കസ്റ്റഡിയിലെടുത്ത സത്‌നാമിന് ആദ്യം നടത്തിയത് വൈദ്യ പരിശോധനയാണ്. ഇരുപത്തിരണ്ടാണ്ട് വളര്‍ന്ന ശരീരത്തില്‍ കാര്യമായ ക്ഷതങ്ങള്‍ അപ്പോള്‍ തന്നെയുണ്ടായിരുന്നുവെന്നാണ് പരിശോധനാ ഫലം. അങ്ങനെയൊരു പരിശോധനാ ഫലത്തെക്കുറിച്ച് പോലീസോ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരോ പിന്നീട് വേവലാതിപ്പെട്ടില്ല. വേദിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചതിന് സത്‌നാമിന്റെ പേരില്‍ വധശ്രമത്തിന് കേസെടുക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാകുകയും ചെയ്തു.

മരണകാരണമായ ക്ഷതങ്ങള്‍ എവിടെവെച്ചുണ്ടായി എന്നത് സംബന്ധിച്ച് ഗൗരവമായ ആശയക്കുഴപ്പം സൃഷ്ടിച്ചെടുക്കാന്‍ നടന്ന ശ്രമങ്ങള്‍ കൂടി ഇവിടെ പരിഗണിക്കണം. അറസ്റ്റിലായ ശേഷം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവന്തപുരം പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലും സത്‌നാമിനെ പ്രവേശിപ്പിച്ചിരുന്നു. കൊല്ലം  ജില്ലാ ആശുപത്രിയിലെത്തുമ്പോള്‍ സത്‌നാമിന്റെ ആരോഗ്യനില എന്തായിരുന്നുവെന്നതില്‍ പോലീസിന് എന്തെങ്കിലും വ്യക്തതയുണ്ടോ എന്ന് അറിയില്ല. കൊണ്ടുവന്നത് ജയിലില്‍ നിന്നാണ്. കൊല്ലം ആശുപത്രിയിലെത്തുമ്പോള്‍ ക്ഷതങ്ങളുണ്ടായിരുന്നുവെങ്കില്‍ ഉത്തരവാദിത്വം ജയിലിലെ പോലീസുകാര്‍ക്കാകും. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകരായ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലം ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാനിടയില്ല. പേരൂര്‍ക്കടയില്‍ കൊണ്ടുവന്നപ്പോള്‍ ദേഹ പരിശോധന നടത്തിയില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. പേരൂര്‍ക്കടയില്‍  കൊണ്ടുവരുമ്പോള്‍ തന്നെ മുറിവുകളുണ്ടായിരുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടുവെന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടര്‍ പറയുന്നത്. മരണ കാരണം ക്ഷതങ്ങളാണ്. അവ, പക്ഷേ എവിടെവെച്ച് സംഭവിച്ചുവെന്ന് വ്യക്തമല്ല എന്ന നിലയില്‍ കാര്യങ്ങളെത്തിനില്‍ക്കുന്നു.

പേരൂര്‍ക്കടയിലെ നടപടിക്രമങ്ങളിലേക്ക് തര്‍ക്കങ്ങളൊതുങ്ങുമ്പോള്‍ കൊല്ലത്തെയും വള്ളിക്കാവിലെയും സംഭവങ്ങള്‍ മറയത്താകും.   ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ദൃശ്യങ്ങളോ കൊല്ലത്തെ ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ടോ സാധു യുവാവിന്റെ ജീവന്‍ പന്താടപ്പെടുമ്പോള്‍ ആള്‍ദൈവം പുലര്‍ത്തിയ മൗനമോ ഒന്നും ചോദ്യങ്ങള്‍ക്ക് മുന്നിലാകില്ല. അമൃതാനന്ദമയീ മഠത്തിന്റെ അധികൃതര്‍ക്ക് താഴെപ്പറയും വിധത്തില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ വിശദീകരിക്കാം - അക്രമത്തിന് മുതിര്‍ന്ന ചെറുപ്പക്കാരനെ അനുയായിവൃന്ദം പിടികൂടി പോലീസിന് കൈമാറി. പരിശോധനയില്‍ മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ പേരൂര്‍ക്കടയിലേക്ക് മാറ്റി. അവിടെയുണ്ടായിരുന്ന ഇതര അസ്വസ്ഥരുടെ (ജയില്‍ വാര്‍ഡനും ആശുപത്രി ജീവനക്കാരനുമടക്കം) ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ആക്രമണത്തിന് മുതിര്‍ന്നയാള്‍ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന് വിളിച്ച് പറഞ്ഞതിന്റെ പൊരുളെന്ത് എന്ന ചോദ്യം, വ്യാഖ്യാനങ്ങള്‍ ചുരത്തി നിലനില്‍ക്കുകയും ചെയ്യും.

ആഢ്യകുലജാതകളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റിക്കുന്ന 'ലൗ ജിഹാദ്' നടമാടുന്ന കാലത്താണ് നാം ജീവിക്കുന്നത്.  അത് വ്യാപകമായി നടക്കുമ്പോള്‍ ബ്രാഹ്മണനായി പിറന്ന ഒരു യുവാവിനെ പ്രലോഭിപ്പിച്ച് മതം മാറ്റുക എന്നത് ആയാസരഹിതമാണ്. 'ലൗ ജിഹാദി'ന് ഇരയാക്കുന്ന പെണ്‍കുട്ടികളെ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന കഥയും ഒരു കാലത്ത് പ്രചരിച്ചിരുന്നു. അത് കണക്കിലെടുത്താല്‍ മതം മാറ്റിയ ബ്രാഹ്മണയുവാവിനെ തീവ്രവാദ/ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം. അതുകൊണ്ടുതന്നെ കരുണാവാരിധിയും ലോകമാകെ പടര്‍ന്ന അനുയായികളുടെ ഏക ആശ്രയവുമായ മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ഇത്തരമൊരാളെ നിയോഗിക്കാനുള്ള സാധ്യത പ്രചരിപ്പിച്ചാല്‍ വിശ്വസിക്കാന്‍ ആളുണ്ടാകും. ശക്തമായ പ്രൊപ്പഗാന്‍ഡ സംവിധാനമുള്ള, അതിന് വഴങ്ങുന്ന മാധ്യമ സമൂഹമുള്ള ഒരു രാജ്യത്ത് പ്രചാരണം പ്രയാസമേയല്ല. ഗുണം പലതുണ്ട്.


വിദേശത്തു നിന്ന് വര്‍ഷത്തില്‍ സംഭാവനയായി എത്തുന്ന തുക ഇപ്പോള്‍ 61 കോടിയിലെത്തി നില്‍ക്കുകയാണ്. അതില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാം. 'ഇസ്‌ലാമിക ഭീകരത' ലക്ഷ്യമിടുന്ന ആള്‍ദൈവമെന്ന പേരുണ്ടെങ്കില്‍ ഈ ഭീകരതയെക്കുറിച്ച് ആവോളം ഉത്കണ്ഠ പുലര്‍ത്തുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യത കിട്ടിയേക്കാം. ഇതര സംസ്ഥാനങ്ങളില്‍ പ്രതിസന്ധി നേരിടുന്ന വ്യവസായ സംരംഭങ്ങളെ സ്വന്തം മണ്ണിലേക്ക് ആനയിച്ച് വികസന നായകരാകുന്ന ചില മുഖ്യമന്ത്രിമാര്‍ പുതിയ കുടീരങ്ങളൊരുക്കാന്‍ സഹായിച്ചേക്കാം. അത്തരത്തില്‍ ഇതിനകം സൗജന്യമായി ലഭിച്ച ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി ഇരട്ടിപ്പിക്കാനും സാധിച്ചേക്കാം. അതിന് വേണ്ടി യത്‌നിക്കണമെന്നതിനാലാകണം ബിസ്മി ചൊല്ലിയതെന്തിനെന്ന ചോദ്യം ഉയര്‍ത്തി നിര്‍ത്തുന്നത്. സത്‌നാമെന്ന ചെക്ക് 'വിത്‌ഡ്രോ' ചെയ്യപ്പെടുന്നുവെന്ന് ഉറപ്പിച്ചത്. സര്‍ക്കാറിന്റെ കണക്കില്‍ ബൗണ്‍സായ, ചെക്കിന്റെ പേരില്‍ പിഴയൊടുക്കാന്‍ ഏതെങ്കിലും സാധാരണക്കാരുണ്ടാകുമല്ലോ? കാലത്തിന്റെ ഗതി മുന്നോട്ട് തന്നെയാണ്!
                  

2012-08-14 


 

'മൊബൈല്‍' മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി


തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പ്രകടനപത്രികയില്‍ സൗജന്യങ്ങള്‍ നിരത്തുന്ന രീതി പുതുതല്ല. തിരശ്ശീലയിലെ ജീവിതത്തിന് ലഭിച്ച വലിയ ജനപിന്തുണ രാഷ്ട്രീയ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച എന്‍ ടി രാമറാവു തെലുങ്കന്റെ അഹംബോധത്തെ ഉത്തേജിപ്പിച്ച് തെലുങ്കുദേശം പാര്‍ട്ടിയുമായി രംഗത്തിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കിലോക്ക് രണ്ട് രൂപക്ക് അരി എന്നതായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ ദ്രാവിഡപ്പാര്‍ട്ടികള്‍ കിലോക്ക് രണ്ട് രൂപക്കും ഒരു രൂപക്കും അരി വാഗ്ദാനം ചെയ്ത് മടുത്തപ്പോള്‍ എല്ലാ വീട്ടിലും സൗജന്യ കളര്‍ ടി വി വിതരണം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുരട്ചിത്തലൈവി വാഗ്ദാനം ചെയ്തത് പ്ലസ് ടു കുട്ടികള്‍ക്ക് ലാപ്‌ടോപ്പായിരുന്നു.

രാജ്യത്തെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെല്ലാം   മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുന്നതിനെക്കുറിച്ച് രണ്ടാം യു പി എ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ജനപിന്തുണയാര്‍ജിക്കുന്നതിന് പുതിയ വഴികള്‍ തേടുകയാണെന്നാണ് പൊതുവില്‍ തോന്നുക. എല്ലാ വീട്ടിലും മൊബൈല്‍ ഫോണ്‍ ലഭ്യമാക്കി ജനങ്ങളെയാകെ സാങ്കേതിക വിദ്യാ വിപ്ലവത്തിന്റെ ഭാഗമാക്കാനുള്ള സദ്‌വിചാരമാണ് പദ്ധതിക്ക് പിന്നിലെന്ന് കരുതുകയുമാകാം. അതങ്ങനെയാണോ എന്നറിയണമെങ്കില്‍ യു പി എയിലെ ഘടകകക്ഷിയായി തുടരുന്ന ദ്രാവിഡ മുന്നേറ്റ കഴകം 2004ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനത്തെ ആദ്യം വിശകലനം ചെയ്യണം.

ടെലിവിഷനില്ലാത്ത വീടുകളിലെല്ലാം കളര്‍ ടെലിവിഷന്‍ സൗജന്യമായി നല്‍കുമെന്നതായിരുന്നു ഡി എം കെയുടെ അന്നത്തെ വാഗ്ദാനം. ഇപ്പോള്‍ യു പി എ ആലോചിക്കുന്നത് പോലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയില്ല ഡി എം കെ. കരുണാനിധിയുടെ നേതൃത്വത്തില്‍ ഡി എം കെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറിയതോടെ സൗജന്യ കളര്‍ ടെലിവിഷന്‍ വിതരണം ആരംഭിച്ചു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കി ടെലിവിഷനുകള്‍ മൊത്തമായി വാങ്ങി വിതരണം  ചെയ്തപ്പോള്‍ ഡി എം കെക്കും കരുണാനിധിയുടെ ബന്ധുവായ മാരന്റെ കുടുംബത്തിനും ഉണ്ടായ നേട്ടങ്ങള്‍ ചില്ലറയല്ല. മാരന്‍ കുടുംബത്തിന്റെതാണ് സണ്‍ നെറ്റ്‌വര്‍ക്കിലുള്ള ഉപഗ്രഹ ചാനലുകളെല്ലാം. അവരുടെതായി കേബിള്‍ വിതരണ ശൃംഖല വേറെ. പിന്നെ സിനിമാ നിര്‍മാണവും.


ഒരു ബി പി എല്‍ കുടുംബത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ടെലിവിഷന്‍ സൗജന്യമായി എത്തുമ്പോള്‍ ഒരു കേബിള്‍ കണക്ഷന്‍ മാരന്‍ കുടുംബത്തിന് കീഴിലുള്ള കമ്പനിക്ക് ലഭിക്കും. അങ്ങനെ ലഭിക്കുന്ന പണത്തിന്റെ ചെറിയൊരു വിഹിതം ഡി എം കെയുടെ ഫണ്ടിലേക്ക് എത്തിയിട്ടുണ്ടാകുമോ? അതോ കരുണാനിധി കുടുംബത്തിന്റെ സ്വത്തിലേക്ക് ചേര്‍ന്നിട്ടുണ്ടാകുമോ? ഇതു രണ്ടുമുണ്ടായിട്ടില്ലെന്ന് ഉറപ്പിക്കാനാകില്ല. കേബിള്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചാല്‍ അത് മാരന്റെ കമ്പനിയുടെ പരസ്യ വരുമാനം വര്‍ധിക്കുമെന്ന് ഉറപ്പ്. ആ കേബിളുകളിലൂടെ സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ പരസ്യത്തിലും വര്‍ധനയുണ്ടാകും. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ വീതംവെപ്പ് ഏത് വിധത്തിലായിരിക്കും? ടെലിവിഷനുകള്‍ മൊത്തമായി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ലഭിച്ച കമ്മീഷന്‍ പാര്‍ട്ടിയുടെ അക്കൗണ്ടിലോ നേതാവിന്റെ കുടുംബത്തിന്റെ അക്കൗണ്ടിലോ എത്തിക്കാണുക? തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ട്.
ഡി എം കെക്ക് തമിഴ്‌നാടെന്ന ഒരു തീരത്തെ ചാകര മാത്രമേ ലഭിച്ചുള്ളൂ.


രാജ്യം ഭരിക്കുന്ന യു പി എ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് രാജ്യത്താകെ ചാകരക്കോള് തുറക്കുകയാണ് എല്ലാ കുടുംബത്തിലും മൊബൈല്‍ ഫോണെന്ന ആശയം. കോള് കൊയ്യാന്‍ അവസരം ലഭിക്കുക കോണ്‍ഗ്രസിന് മാത്രമാണോ? പൊതു തിരഞ്ഞെടുപ്പ് 2014ല്‍ മാത്രം നടക്കാനിരിക്കെ 2012ല്‍ ഇത്തരമൊരു സൗജന്യ പദ്ധതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത് എന്തിന്? 2009ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2008ലെ ബജറ്റില്‍ മാത്രമാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി ഒന്നാം യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അത് കൂടി കണക്കിലെടുക്കുമ്പോഴാണ് മൊബേല്‍ ഫോണ്‍ സൗജന്യമായി വിതരണം ചെയ്യുക എന്ന പദ്ധതി കാലേക്കൂട്ടി ആലോചിക്കുന്നതിന്റെ സാംഗത്യം ബോധ്യപ്പെടുക.

രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ ടെലികോം കമ്പനികള്‍ക്കായി അനുവദിച്ച 122 ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന തത്വമനുസരിച്ച്, 2001ല്‍ നിശ്ചയിച്ച നിരക്ക് ഈടാക്കി വിതരണം ചെയ്ത ലൈസന്‍സുകളാണ് റദ്ദാക്കിയത്. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന രംഗത്തേക്ക്  പ്രവേശിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് സ്‌പെക്ട്രം കൈമാറിയത് കുറഞ്ഞ തുക ഫീസായി ഈടാക്കിയാണ്. ഇതാണ് 1,76,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്ന് കംപ്രട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രേഖപ്പെടുത്താനും എ രാജ വരെയുള്ളവര്‍ അറസ്റ്റിലാകാന്‍ ഇടയാക്കിയ കോഴക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാനും കാരണമായത്. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് ലൈസന്‍സും സ്‌പെക്ട്രവും ലേലത്തിന് വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലേലത്തിന് അടിസ്ഥാന തുക നിശ്ചയിച്ചിരിക്കുന്നത് 14,000 കോടി രൂപയാണ്.


അതിന് മുകളിലേക്ക് വിളിച്ച് ലേലം കൊള്ളുന്നവര്‍ക്ക് സ്‌പെക്ട്രവും ലൈസന്‍സും ലഭിക്കും. അത്രയും തുക മുടക്കി രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കരാറെടുത്താല്‍ സ്വകാര്യ കമ്പനികള്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്ക വയ്യ. അതുകൊണ്ടാണ് ടെലിഫോണ്‍ നിരക്കുകള്‍ ചെറിയ തോതിലെങ്കിലും കൂട്ടേണ്ടി വരുമെന്ന് അവര്‍ മുന്‍കൂറായി പറഞ്ഞുവെച്ചത്. നിരക്കുകള്‍ കൂട്ടിയാല്‍ ഉപഭോഗം കുറയും. അതും കമ്പനികളുടെ ലാഭത്തെ ബാധിക്കും.

ലേലത്തില്‍ വലിയ തുക മുടക്കി ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കുന്ന കമ്പനികള്‍ക്ക് മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചെടുക്കാന്‍ മാര്‍ഗമെന്ത്? ഈ ആലോചന കുത്തക കമ്പനികളുടെ തലപ്പത്ത് മാത്രമല്ല, സര്‍ക്കാറിന്റെ തലപ്പത്തും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ തലപ്പത്തും നടന്നുകാണണം. റിക്ഷാ വലിക്കുന്നയാള്‍ മുതല്‍ തെങ്ങ് കയറുന്നയാള്‍ വരെയുള്ളവരുടെ കൈകളിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ സ്‌പെക്ട്രവും ലൈസന്‍സും കുറഞ്ഞ നിരക്കില്‍ ആദ്യം വന്നവര്‍ക്ക് ആദ്യമെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയത് എന്നാണ് എ രാജ നേരത്തെ പറഞ്ഞത്. ആ സിദ്ധാന്തം കുറേക്കൂടി വ്യാപിപ്പിച്ചാല്‍ മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചെടുക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.


നേരത്തെ അനുവദിച്ച സ്‌പെക്ട്രം സി എ ജി റിപ്പോര്‍ട്ടിന്റെയും അഴിമതി ആരോപണത്തിന്റെയും കേസുകളുടെയും ഫലമായി റദ്ദാക്കിയപ്പോള്‍ കമ്പനികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാം. ഇന്ത്യയെ നിക്ഷേപസൗഹൃദ രാജ്യമായി കണ്ട കുത്തക കമ്പനികള്‍ക്ക്, ലൈസന്‍സും സ്‌പെക്ട്രവും റദ്ദാക്കിയ കോടതിയുത്തരവ് തീര്‍ത്തും ദഹിച്ചിരുന്നില്ല. നിക്ഷേപത്തിന് അനുകൂലമായ കാര്യങ്ങളല്ല ഇതെന്ന് അവര്‍ വിലയിരുത്തി. ഈ ചിന്താഗതി മാറ്റിയെടുക്കാനും രാജയുടെ സിദ്ധാന്തത്തിന്റെ വ്യാപനത്തിലൂടെ സാധിക്കും.
ദാരിദ്ര്യ രേഖക്ക് താഴെയുള്ള രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുന്നതിലൂടെ ചുരുങ്ങിയത് പത്ത് കോടി കണക്ഷനുള്ള അവസരമെങ്കിലും തുറന്നു കിട്ടും. പൊതുമേഖലാ കമ്പനിയായ ബി എസ് എന്‍ എല്ലിന്റെ കണക്ഷന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുവെന്ന് സങ്കല്‍പ്പിക്കുക. എങ്കിലും വലിയൊരു കമ്പോളം തുറന്നു കിട്ടുകയാണ്. അത് എങ്ങനെ വിനിയോഗിക്കണമെന്ന് സ്വകാര്യ, കുത്തക കമ്പനികള്‍ക്ക് നന്നായി അറിയാം.


ഓഫറുകളുടെയും സൗജന്യങ്ങളുടെയും പെരുമഴയുമായി അവര്‍  ഈ കമ്പോളത്തിലേക്ക് ഇറങ്ങിച്ചെല്ലും. 2008ല്‍ ലൈസന്‍സിനും സ്‌പെക്ട്രത്തിനുമായി കമ്പനികള്‍ നല്‍കിയത് 1454 കോടി രൂപ മാത്രമാണ്. 2012ല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും വരെ ലഭിച്ച നാല് കൊല്ലത്തിനിടെ ഈ തുകയുടെ പല ഇരട്ടികള്‍ കമ്പനികള്‍ നേടിയെടുത്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് നടത്തിയ നിക്ഷേപം പോലും ഇക്കാലത്തിനിടെ തിരിച്ചെടുത്തിട്ടുണ്ടാകണം. അത്തരമൊരു സാധ്യത, പുതുതായി നിക്ഷേപം നടത്താനൊരുങ്ങുന്ന കമ്പനികള്‍ക്ക് തുറന്ന് നല്‍കേണ്ട ബാധ്യത ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണകൂടത്തിനില്ലേ? അതിന് വേണ്ടി അവര്‍ക്ക് ഏറ്റവുമെളുപ്പത്തില്‍ ചെയ്യാവുന്നത് രാജ്യത്തെ എല്ലാ കുടുംബങ്ങളെയും മൊബൈല്‍ ഫോണ്‍ വരിക്കാരാക്കുക എന്നത് തന്നെയാണ്.

ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്‍ മാറ്റിവെക്കാം. ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ പരിധിയില്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവര്‍ ഉള്‍പ്പെട്ടാല്‍ സംഭവിക്കുന്ന വലിയ ബാധ്യതയെക്കുറിച്ച് നിരന്തരം തര്‍ക്കിക്കാം. ദിവസം 25 രൂപ വരുമാനമുള്ള കുടുംബം ദാരിദ്ര്യ രേഖക്ക് മുകളിലാണെന്ന് വാദിക്കാം. ഈ കാലതാമസമൊന്നും വലിയ തുക നിക്ഷേപിക്കുന്ന കമ്പനികളുടെ കാര്യത്തില്‍ പറ്റില്ല.  ലേലത്തുക ഒടുക്കി പുറത്തിറങ്ങുമ്പോള്‍ തന്നെ അത് തിരിച്ചെടുക്കാനുള്ള സംവിധാനം തയ്യാറാക്കി വെക്കണം. അതുകൊണ്ടാണ് സ്‌പെക്ട്രത്തിന്റെ പുനര്‍ലേലം നടത്തുന്നതിന് മുമ്പ് തന്നെ എല്ലാ കുടുംബങ്ങളിലും മൊബൈല്‍ ഫോണെത്തിക്കുന്നതിനെക്കുറിച്ച് മന്‍മോഹന്‍ സിംഗ് ഭരണകൂടം ആലോചിക്കുന്നത്.

പ്രണാബ് മുഖര്‍ജി രാഷ്ട്രപതി ഭവനിലെത്തിയതോടെ ധനകാര്യ മന്ത്രാലയത്തിലേക്ക് തിരിച്ചെത്തിയ പി ചിദംബരം ചുമതലയേറ്റതിന് തൊട്ടുപിറകെയാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. 2008ല്‍ ലൈസന്‍സും സ്‌പെക്ട്രവും വിതരണം ചെയ്യുമ്പോള്‍ ധന വകുപ്പിന്റെ ചുമതല ചിദംബരത്തിനായിരുന്നു. 2001ല്‍ നിശ്ചയിച്ച പ്രവേശ ഫീസിന് 2008ല്‍ സ്‌പെക്ട്രം കൈമാറാന്‍ എ രാജ തീരുമാനിച്ചപ്പോള്‍ നിശ്ശബ്ദനായിരുന്നു ചിദംബരം. ലൈസന്‍സ് ലഭിച്ച കമ്പനികള്‍, വിദേശ കമ്പനികള്‍ക്ക് ഓഹരി കൈമാറ്റം ചെയ്ത് കോടികള്‍ സമ്പാദിക്കുമ്പോഴും കാഴ്ചക്കാരായിരുന്നു അന്നത്തെ ധനമന്ത്രാലയം. അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ സജീവമായി നിലനില്‍ക്കുകയുമാണ്. അതിനിടെയാണ് അദ്ദേഹം ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ തിരിച്ചെത്തുന്നതും പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതും.
പ്രതീക്ഷകള്‍ തെറ്റിയില്ലെങ്കില്‍ ഈ സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി പ്രഖ്യാപിക്കപ്പെടും. ആശയ വിനിമയത്തിന്റെ പുതിയ സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ എല്ലാ കുടുംബങ്ങളെയുമെത്തിച്ചതിന്റെ ഖ്യാതി ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാറും സോണിയാ ഗാന്ധി  പ്രസിഡന്റായ കോണ്‍ഗ്രസും സ്വന്തമാക്കും. ഊര്‍ജ ക്ഷാമം മൂലം നേരിടുന്ന കൊടിയ ദുരിതങ്ങള്‍ പറയുന്നതിന് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുവോളം കാത്തിരിക്കേണ്ടി വരില്ല വിദര്‍ഭകളിലെ കലാവതിമാര്‍ക്ക്. അവര്‍ക്ക് മൊബൈല്‍ ഫോണിലൂടെ വിളിച്ച് അപ്പപ്പോള്‍ കാര്യങ്ങള്‍ ധരിപ്പിക്കാം. അരിയെത്തിയില്ലെന്ന് ഫോണ്‍ വിളിച്ച് പരാതിപ്പെടാം. ഇതിലും വലിയ ഭക്ഷ്യ സുരക്ഷ എന്താണ്! ഇത്രയും സൗകര്യമൊക്കെയേ ഒരു ജനകീയ സര്‍ക്കാറിന് ഒരുക്കാനാകൂ.

2012-08-08

'ബിസ്മി ചൊല്ലി' ഒരു ആക്രമണം


ആള്‍ദൈവ വ്യവസായ മേഖലയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിജയം കണ്ട വ്യക്തിയാണ് മാതാ അമൃതാനന്ദമയി. അതുകൊണ്ടു തന്നെ അവരുടെ നേര്‍ക്കൊരു ആക്രമണശ്രമമുണ്ടായാല്‍ വാര്‍ത്താ പ്രാധാന്യം നേടുമെന്ന് ഉറപ്പ്. അതുണ്ടാക്കുന്ന പ്രചാരണം ഏറെ വലുതാണ്. അക്രമി 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' ('ബിസ്മില്ലാ ഇര്‍ റഹിമാന്‍ ഇര്‍ റഹീം' എന്ന് മാതൃഭൂമി) എന്ന് വിളിച്ചാണ് ആക്രമിക്കാന്‍ അടുത്തതെങ്കില്‍! ആക്രമണമെന്നോ വധശ്രമമെന്നോ ഉള്ള സീമക്ക് അപ്പുറത്തേക്ക് കാര്യങ്ങളെത്തുമെന്ന് ഉറപ്പ്. ആ വിളിക്കു പിറകില്‍ ഭീകരവാദ ത്വരയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി ജെ പിയും മറ്റും ആവശ്യപ്പെടുമ്പോള്‍ കാര്യങ്ങള്‍ കൂറേക്കൂടി വ്യക്തമാണ്.
തദ്ദേശീയരും വിദേശീയരും അമൃതാനന്ദമയിയെ കാണുമ്പോഴും അവരുടെ സംസാരം കേള്‍ക്കുമ്പോഴും കണ്ണീരൊഴുക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഏറെ പുറത്തുവന്നിട്ടുണ്ട്. അമൃതാനന്ദമയിയുടെ ഉപദേശ വാക്കുകള്‍ സ്വീകരിച്ചതിലൂടെ 'മനഃശാന്തി കൈവന്ന' നിരവധി പേരുടെ പ്രഘോഷണങ്ങളും കേട്ടു. ഇത്തരം സംഗതികള്‍ പരസ്യം ചെയ്തുണ്ടാക്കുന്നതിനേക്കാള്‍ ഏറെ വലിയ പ്രചാരണമാണ് ലോകമറിയുന്ന 'അമ്മ'യുടെ നേര്‍ക്കൊരു ആക്രമണശ്രമമുണ്ടായാല്‍ ലഭിക്കുക. അതിനൊരു ഭീകരാക്രമണച്ഛായകൂടി വന്നാലോ? പ്രചാരം പതിന്‍മടങ്ങ് വര്‍ധിപ്പിക്കാം. എന്തായാലും മാതാ അമൃതാനന്ദമയിയുടെ സുരക്ഷാ ഭടന്‍മാര്‍ ഉടന്‍ അക്രമിയെ കീഴ്‌പ്പെടുത്തി, പോലീസിന് കൈമാറി. അതുവരെ കാര്യങ്ങള്‍ ഭദ്രം. അറസ്റ്റിലായയാള്‍ രണ്ട് ദിവസത്തിനു ശേഷം മരിക്കുകയും അയാളുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്യുമ്പോള്‍ കഥയില്‍ ചോദ്യങ്ങളുയരുക സ്വാഭാവികം.
സ്വതന്ത്ര ഇന്ത്യയില്‍ അനുയായികളുടെയും സമ്പത്തിന്റെയും കണക്ക് കൊണ്ട് മറ്റുള്ളവരെ ബഹുദൂരം പിന്തള്ളിയ, രണ്ടര വര്‍ഷം മുമ്പ് മരിച്ച് പോയ സായി ബാബയുടെ നേര്‍ക്കും നടന്നിരുന്നു ആക്രമണ ശ്രമം. 1993ല്‍. പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ സത്യ സായി  ബാബയുടെ സ്വകാര്യ കൊട്ടാരത്തില്‍ സായുധരായ നാല് പേര്‍ അതിക്രമിച്ചു കയറി. കത്തിയും മറ്റ് മാരകായുധങ്ങളുമായി എത്തിയ ഇവരുടെ ലക്ഷ്യം സായി ബാബയെ കൊലപ്പെടുത്തുക എന്നതായിരുന്നുവെന്നാണ് പിന്നീട് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അക്രമികളും സായി ബാബയുടെ സുരക്ഷാ ഭടന്‍മാരും ഏറ്റുമുട്ടി. ഭടന്‍മാരില്‍ രണ്ട് പേര്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. അവസാനം അക്രമികളെ ഒരു മുറിയിലിട്ട് പൂട്ടിയ ഭടന്‍മാര്‍ പോലീസില്‍ വിവരം അറിയിച്ചു. ആന്ധ്രാ പ്രദേശ് പോലീസ് എത്തി നിമിഷങ്ങള്‍ക്കകം നാല് അക്രമികളെയും വെടിവെച്ചു കാന്നു. കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കത്തികളുമായി ആക്രമിച്ചുവെന്നും ഇതോടെ ആത്മരക്ഷാര്‍ഥം വെടിയുതിര്‍ത്തുവെന്നുമാണ് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട വിവരം. തീയുണ്ടകള്‍ വര്‍ഷിക്കുന്ന തോക്കിനെ കത്തികൊണ്ട് നേരിടാന്‍ നാല്‍വര്‍ സംഘം ശ്രമിച്ചുവെന്നത് അന്നു തന്നെ അവിശ്വസനീയമായിരുന്നു. ആന്ധ്രാ പ്രദേശിലെ ആഭ്യന്തര സെക്രട്ടറിക്ക് പോലും ദഹിച്ചില്ല ഈ വിശദീകരണം.
സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ, ശൂന്യതയില്‍ നിന്ന് ഭസ്മവും സ്വര്‍ണ ഗോളങ്ങളും എടുത്ത് ജനതതിയെയാകെ വിസ്മയിപ്പിക്കാന്‍ ശേഷിയുള്ള, സര്‍വചരാചരങ്ങളോടുമുള്ള സ്‌നേഹം ഉദ്‌ഘോഷിക്കുന്ന സായി ബാബയെ കൊലപ്പെടുത്താന്‍ ഈ നാല് പേര്‍ എന്തുകൊണ്ട് ശ്രമിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. ഈ കൊടും ക്രൂരതക്കായി ഇവരെ ആരാണ് നിയോഗിച്ചത് എന്നതും അറിവായില്ല. ഉത്തരങ്ങള്‍ വേണമെന്ന നിര്‍ബന്ധം പോലീസിനോ സത്യസായി ബാബക്കോ പ്രശാന്തി നിലയത്തിന്റെ ഭരണനിര്‍വഹണം നടത്തിയിരുന്നവര്‍ക്കോ ഉണ്ടായതുമില്ല. പേരിന് വേണ്ടി മാത്രം ആരംഭിച്ച അന്വേഷണം അധികം വൈകാതെ നിര്‍ത്തി പോലീസ് ഫയല്‍ അടച്ചു. ലോകം മുഴുവന്‍ അനുയായികളുള്ള, ഇന്ത്യയിലെ പ്രധാനമന്ത്രിമാര്‍ 1993ന് മുമ്പും പിമ്പും പോയി വണങ്ങി നിന്നിട്ടുള്ള ആള്‍ദൈവത്തെ വധിക്കാന്‍ ശ്രമം നടന്നിട്ട് അതിന് പിറകില്‍ ആരാണെന്ന് കണ്ടെത്താന്‍ താത്പര്യമില്ലാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യം അന്നും ഇന്നും പ്രസക്തമായി നില്‍ക്കുന്നു. സത്യസായി ബാബ മരിച്ചപ്പോഴും അതിനു ശേഷം പ്രശാന്തി നിലയത്തില്‍ നിന്ന് സുഗന്ധ വാഹിയല്ലാത്ത കഥകള്‍ പുറത്തുവന്നപ്പോഴും നാല് യുവാക്കളുടെ കൂട്ടക്കരുതി ഓര്‍മകളില്‍ നിറഞ്ഞു. ഈ നാല് പേരെ ജീവനോടെ കോടതി മുറിയില്‍ ഹാജരാക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്ന കഥകളെന്തായിരിക്കുമെന്ന ചോദ്യം വീണ്ടും സജീവമായി.
ആത്മീയ വാണിജ്യം തഴച്ചു വളര്‍ന്നതോടെ കുമിഞ്ഞുകൂടിയ സമ്പത്ത് ഏത് വിധത്തില്‍ കൈക്കലാക്കാമെന്നു ചിന്തിച്ചവര്‍ പറഞ്ഞുവിട്ടതാണ് അക്രമികളെ എന്ന വാദം 1993ല്‍ തന്നെ ഉയര്‍ന്നിരുന്നു. സായി ബാബയുടെ ആശുപത്രിവാസ കാലത്തും മരണ ശേഷവും പ്രശാന്തി നിലയത്തില്‍ നിന്ന് കോടികള്‍ കടത്തപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്നതോടെ 1993ല്‍ ഉയര്‍ന്ന പുക തീയില്ലാതെയല്ലെന്ന് വ്യക്തമായി. പ്രശാന്തി നിലയത്തില്‍ നിന്ന് കടത്തിയ ലക്ഷക്കണക്കിന് രൂപ പോലീസ് പിടിച്ചെടുത്തിരുന്നുവെന്നത് കൂടി ഇവിടെ ഓര്‍ക്കണം.  ബാബയെ കൊല്ലാന്‍ ശ്രമിച്ച കേസിലെന്ന പോലെ പണം പിടിച്ചെടുത്ത കേസിലും അന്വേഷണം മുന്നോട്ടുപോയില്ല. അത് മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിച്ചവര്‍ കുറവുമായിരുന്നു. സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസിനെപ്പോലെ, സ്വാധീനവും സാമ്പത്തിക ബലവുമുള്ളയാളുകള്‍ ചേര്‍ന്ന് നടത്തുന്ന സത്യസായി ബാബ ട്രസ്റ്റ് നിലവിലുള്ളപ്പോള്‍ അന്വേഷണം നടക്കുമെന്ന് കരുതുന്നത് തന്നെ മൗഢ്യം. എല്ലാം ഭംഗിയായി മറച്ച് സായി 'സമാധി'യെ വിശിഷ്ട കുസുമങ്ങളാല്‍ പൊതിഞ്ഞ് ഭക്തിസാന്ദ്രമായ വിനോദ സഞ്ചാര വ്യവസായം വികസിപ്പിക്കാന്‍ തത്രപ്പെടുകയാണ് സത്യസായി ട്രസ്റ്റ്. അതിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ രംഗത്തുണ്ട്. ബാബയുടെ മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത സ്വത്തുവകകള്‍ കണ്ടെടുക്കുകയും പ്രശാന്തി നിലയത്തില്‍ നിന്ന് കടത്തിയ ലക്ഷങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തതോടെ സത്യസായി ട്രസ്റ്റ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള ചില നികുതി ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതെല്ലാം ഇതിനകം പുനഃസ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
1993ലെ കൊലപാതക ശ്രമം സത്യസായി ബാബയെ ഏതളവില്‍ സഹായിച്ചുവെന്നത് പരിശോധിക്കേണ്ടതാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സായിഭക്തരുടെ എണ്ണം വേഗത്തില്‍ വര്‍ധിച്ചിട്ടുണ്ടാകും. സംഭാവനകള്‍ കൂമ്പാരമായിട്ടുണ്ടാകണം. ഇതര ആള്‍ദൈവങ്ങളെയും അവരുടെ മാര്‍ക്കറ്റിംഗ് തലവന്‍മാരെയും അസൂയപ്പെടും വിധത്തിലുള്ള വര്‍ധനയുണ്ടായിട്ടുണ്ടാകണം. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് തുടക്കമിട്ട സാമ്പത്തിക ഉദാരവത്കരണത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിച്ച് സ്വയം വികസിക്കാന്‍ സായി ബാബക്ക് അവസരമൊരുക്കിയിട്ടുണ്ടാകണം.
ഈ പരിസരത്തു നിന്നുകൊണ്ട് വേണം ഇപ്പോള്‍ വള്ളിക്കാവില്‍ നടന്ന സംഗതികളെ വിലയിരുത്താന്‍. സായി ബാബയുടെ മരണത്തോടെ ഇന്ത്യയിലെ ഏറ്റവും 'വലിയ' ആള്‍ദൈവമായി മാറാനുള്ള സാധ്യത തുറന്നു കിടക്കുകയാണ് മാതാ അമൃതാനന്ദമയിക്ക് മുന്നില്‍. സ്വദേശത്തും വിദേശത്തുമുള്ള സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കുകയും മാര്‍ക്കറ്റിംഗ് കുറേക്കൂടി ശക്തമാക്കുകയും ചെയ്താലേ ഇത് സാധ്യമാകൂ. അതിന് നിലവില്‍ എളുപ്പവഴി ഒരു വധശ്രമത്തിന് ഇരയാക്കലാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകുമോ? അതിന്റെ ഉപകരണമായി പ്രവര്‍ത്തിച്ച സത്‌നാം സിംഗെന്ന പാവം ബീഹാറിയെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നിശ്ശബ്ദനാക്കിയതാകുമോ? സത്യ സായി ബാബക്ക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരില്‍ പലരും പ്രശാന്തി നിലയത്തിലെ അതിഥി സത്കാരം നിരന്തരം ആസ്വദിച്ചിരുന്നവരുമായിരുന്നു. അതുകൊണ്ടു തന്നെ കേസുകള്‍ അപ്രത്യക്ഷമാക്കുക എന്നത് നിഷ്പ്രയാസം സാധിച്ചു.

കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് വള്ളിക്കാവിലെ അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരമൊരു സാധ്യതയുടെ വിനിയോഗമായിരുന്നോ സത്‌നം സിംഗിന്റെ ശരീരത്തിലേറ്റ, പരിശോധനയില്‍ ബോധ്യപ്പെട്ട മരണകാരണമായ അടികള്‍?
ആക്രമിക്കാനടുത്ത യുവാവിനെ അംഗരക്ഷകര്‍ പിടികൂടിയ ശേഷം വചനധാരയിലൂടെ മാനസാന്തരപ്പെടുത്തി നല്ല മനുഷ്യനാക്കാന്‍ മാതാ അമൃതാനന്ദമയി ശ്രമിച്ചില്ല എന്നതില്‍ അത്ഭുതം ശേഷിക്കുന്നു. അവകാശപ്പെടുന്ന ദിവ്യത്വം ചെറിയതോതിലെങ്കിലും നിലനില്‍ക്കുന്നതാണെങ്കില്‍ അത്തരത്തിലൊരു ശ്രമമായിരുന്നു നടത്തേണ്ടത്. അമൃതാനന്ദമയിയെ വിശ്വസിച്ച് ആ വചനങ്ങളെ പിന്തുടരുന്ന അനേകായിരങ്ങള്‍ ആ സമയത്ത് അവിടെ സാക്ഷികളായുണ്ടായിരുന്നു. ബീഹാര്‍ സ്വദേശിയായ യുവാവിന്റെ യഥാര്‍ഥ പ്രശ്‌നമെന്തെന്ന് പരിശോധിക്കണമെന്ന തോന്നല്‍ അവര്‍ക്കൊന്നുമുണ്ടായില്ല. സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിയിലെത്തിയ ശേഷം ഇത്രകാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അര്‍ഥമുണ്ടായില്ലെന്നതിന് വേറെ തെളിവ് ആവശ്യമില്ല. അങ്ങനെയെന്തെങ്കിലും സംഭവിക്കാതിരുന്നത് മനഃപൂര്‍വമാണോ  എന്ന ചിന്ത രണ്ട് ദിവസത്തിനപ്പുറം സത്‌നാം ചേതനയറ്റ ശരീരമായതോടെ ശക്തമാകുകയും ചെയ്യുന്നു. 'അക്രമി' യുടെ ലക്ഷ്യമെന്തായിരുന്നു? ബിസ്മി ചൊല്ലിയതിന്റെ കാരണമെന്ത്? അങ്ങനെ ചൊല്ലിയതിന് പിറകില്‍ മറ്റ് ബന്ധങ്ങളെന്തെങ്കിലുമുണ്ടോ? എന്നിത്യാദി ചോദ്യങ്ങള്‍ സജീവമാക്കി നിര്‍ത്തണമെങ്കില്‍ സത്‌നാം ചേതനയറ്റ ശരീരമാകാതെ കഴിയില്ലല്ലോ!
ഈ കൊലയുടെ കാരണക്കാര്‍, അത് അമൃതാനന്ദമയീ ഭക്തരായാലും പോലീസായാലും മനോരോഗ ആശുപത്രിയിലെ  സുരക്ഷാ ജീവനക്കാരായാലും, നിയമത്തിന് മുന്നിലെത്താനുള്ള സാധ്യത വിരളമാണ്. ഉപജീവന മാര്‍ഗം തേടി കേരളത്തിലെത്തിപ്പെട്ട് പോകുന്ന അന്യദേശക്കാരുടെ പട്ടികയിലൊന്നായി ഇതും മാറും. ആശുപത്രി അധികൃതര്‍ ശ്വസന സഹായി നല്‍കാതിരുന്നത് മൂലം ഒഡിഷ സ്വദേശി കൊല്ലപ്പെട്ട കേസിലോ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് അന്യദേശ തൊഴിലാളി മരിച്ച കേസുകളിലോ എന്തെങ്കിലും നടപടി നമ്മുടെ നീതിന്യായ, ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ? അവിടെയൊന്നുമുണ്ടാകാത്ത നടപടി ഈ കേസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ദുരൂഹ  മരണങ്ങളുടെ വലിയ പട്ടിക നിരത്തപ്പെട്ടിട്ടും പോട്ട ധ്യാനകേന്ദ്രത്തിലെ ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്ന് ഉത്തരവിട്ട കോടതികളാണ് നമ്മുടെ മുന്നിലുള്ളത്. അതിലും വലിയ സ്വാധീന ശക്തിയാണ് ഇവിടുത്തെ കേസിന്റെ ഒരു പക്ഷത്ത്. ആക്രമണ ശ്രമമുണ്ടായെന്ന് അറിഞ്ഞയുടന്‍ പാഞ്ഞെത്തി പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുന്ന ഭരണ സംവിധാനവും. സത്‌നാം സിംഗിന് നിത്യ ശാന്തി നേരുക എന്നതിലപ്പുറം യാതൊന്നും ചെയ്യാനില്ല. വധ ശ്രമവും അക്രമിയുടെ വായില്‍ നിന്നുതിര്‍ന്നതായി പറയുന്ന 'ബിസ്മി'യും ആര്‍ക്ക് ഏതളവില്‍ ഗുണം ചെയ്തുവെന്നറിയാന്‍ കാത്തിരിക്കുക.