'അമ്മ'ക്കെന്ത് കുറ്റബോധം, എന്ത് പ്രായശ്ചിത്തം?
''കാലചക്രം പിന്നോട്ട് തിരിക്കാനാവില്ല. കാലത്തിന്റെ ഗതി മുന്നോട്ട് മാത്രമാണ്. കഴിഞ്ഞത് ഒരു ക്യാന്‍സലായ ചെക്കാണ്. ഈ നിമിഷം മാത്രമാണ് നമുക്കുള്ളത്. ചെയ്തു പോയ തെറ്റുകളെ പിന്നോട്ട് പോയി തിരുത്താനാവില്ല. അവയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് ഗമിക്കുക. എപ്പോള്‍ പശ്ചാത്താപം വരുന്നുവോ ആ നിമിഷം മുതല്‍ ശരിയായ പാത പിന്തുടരണം...''
മാതൃഭൂമി ദിനപത്രത്തില്‍ 2012 ആഗസ്ത് 19ന് അമൃത വചനമെന്ന കോളത്തില്‍ 'കുറ്റബോധവും പ്രായശ്ചിത്തവും' എന്ന തലക്കെട്ടില്‍ പ്രസിദ്ധം ചെയ്ത ലേഖനത്തിലാണ് മാതാ അമൃതാനന്ദമയി ഇങ്ങനെ പറയുന്നത്. ചിന്ത കൊണ്ടും വാക്ക് കൊണ്ടും സ്പര്‍ശം കൊണ്ടും ആര്‍ക്കും ഉപദ്രവം ചെയ്യാത്ത ഒരു മനസ്സ് തരണേ, ഈശ്വരാ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ഥന എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ലേഖനം, അറിഞ്ഞോ അറിയാതെയോ അന്യരെ വേദനിപ്പിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് ആരംഭിക്കുന്നത്.
മഹത്തുക്കള്‍ (ആള്‍ ദൈവങ്ങളെ അങ്ങനെ വിശേഷിപ്പിക്കാമോ എന്നതില്‍ ഭേദചിന്തയുണ്ട്) വ്യക്തിക്കും സമഷ്ടിക്കും നല്ലനടപ്പുണ്ടാകണമെന്ന അത്യാര്‍ത്തിയില്‍ കാലങ്ങളായി പറയുന്നത് അമൃതാനന്ദമയി ആവര്‍ത്തിക്കുകയാണ്. ഒട്ടും പുതുമയില്ല. ആകെയുള്ള പുതുമ 'വിത്‌ഡ്രോ ചെയ്ത ഒരു ചെക്ക്' മുന്നിലുണ്ടെന്നതാണ്. പിന്നോട്ടു പോയി തിരുത്താനാകാത്ത അതില്‍ പശ്ചാത്താപമുണ്ടായിട്ടുണ്ടോ എന്ന് അറിയിക്കേണ്ടത് മാതാ അമൃതാനന്ദമയി തന്നെയാണ്.
പശ്ചാത്താപമുണ്ടായിട്ടുണ്ടെങ്കില്‍ ആ നിമിഷം മുതല്‍ ശരിയായ പാത പിന്തുടരാന്‍ തയ്യാറാകുകയും വേണം. വചനധാരകള്‍ സാധാരണ മനുഷ്യന്‍മാരെ ഉദ്ദേശിച്ചാണ്, ആള്‍ദൈവങ്ങള്‍ക്കോ ഭരണകര്‍ത്താക്കള്‍ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ വേണ്ടിയല്ല. അതുകൊണ്ട് തന്നെ സത്‌നാം സിംഗെന്ന ഇഹലോകത്തു നിന്ന് 'വിത്‌ഡ്രോ' ചെയ്ത ചെക്കിന്റെ കാര്യത്തില്‍ പശ്ചാത്താപത്തിന്റെ ആവശ്യമില്ല തന്നെ. അല്ലെങ്കിലും അത് ക്യാന്‍സാലായ ചെക്കല്ലല്ലോ!
ബീഹാര്‍ ഗയയില്‍ ഷേര്‍ഘാട്ടിയിലെ ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സത്‌നാം സിംഗിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു. ആ വിവരം മാതാ അമൃതാനന്ദമയിയെ നേരില്‍ കണ്ട് അറിയിച്ചുവെന്നാണ് സത്‌നാം സിംഗിന്റെ ബന്ധുവും മാധ്യമ പ്രവര്‍ത്തകനുമായ വിമല്‍ കിഷോര്‍ പറയുന്നത്. ചികിത്സ സംബന്ധിച്ച രേഖകളുമൊക്കെ കാണിച്ചു. മരണകാരണമായ ക്ഷതങ്ങള്‍ എപ്പോഴാണ് ഏല്‍പ്പിക്കപ്പെട്ടത് എന്നതില്‍ തര്‍ക്കമുണ്ടെങ്കിലും മാതാ അമൃതാനന്ദമയിയെ വിമല്‍ കിഷോര്‍ കണ്ടതിനു ശേഷമാണ് സത്‌നാമിന്റെ മരണം സംഭവിക്കുന്നത്. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കണ്ടതിനു ശേഷവും (അത് പരിശോധിക്കാന്‍ പാകത്തില്‍ വിദഗ്ധ സംഘം സദാ വള്ളിക്കാവിലുണ്ട്) കേസ് പിന്‍വലിച്ച് സത്‌നാമിന് വേണ്ട ചികിത്സ നല്‍കണമെന്ന് അധികാരികളോട് പറയാനുള്ള അലിവ് 'കരുണാവാരിധി'യായ ആള്‍ദൈവത്തിന് ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.
ലോകത്താകെയുള്ള ജനതതിയെ ഉള്‍ക്കൊള്ളാനും അവരുടെ പ്രയാസങ്ങള്‍ ഏറ്റുവാങ്ങാനും മാത്രം വിസ്താരമുള്ള മനസ്സ്, അമൃതാനന്ദമയി ഇരിക്കുന്ന വേദിയിലേക്ക് കടന്നെത്താന്‍ ശ്രമിച്ചപ്പോള്‍ സത്‌നാം വിളിച്ച് പറഞ്ഞ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീ' മില്‍ തടഞ്ഞു നിന്നതെന്തുകൊണ്ട്? മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കാട്ടിയ ശേഷവും ബിസ്മി ചൊല്ലിയതെന്തിനെന്ന ചോദ്യം വിമലിനോട് ഉന്നയിച്ചതിന്റെ കാരണവും അറിയില്ല. മാനസിക അസ്വാസ്ഥ്യമുള്ളയാളുടെ കാര്യത്തില്‍ ഏത് സാധാരണക്കാരനും തോന്നുന്ന അലിവ് ആള്‍ദൈവത്തിനും പരികര്‍മികള്‍ക്കും അനുയായിവൃന്ദത്തിനുമുണ്ടായില്ലെങ്കില്‍/ഉണ്ടാകുന്നില്ലെങ്കില്‍ വചനത്തിന് നല്‍കിയ അമൃതമെന്ന വിശേഷണം നിലനിന്നേക്കാം, പ്രവൃത്തി കാളകൂടത്തോടേ ചേര്‍ന്ന് നില്‍ക്കൂ. 'വിത്‌ഡ്രോവല്‍' ഉറപ്പായതുകൊണ്ടാണോ സത്‌നാമിന് വേണ്ടി ഇടപെടാതിരുന്നത് എന്ന കുത്സിതബുദ്ധിയുടെ സംശയത്തിനും ഇവിടെ സാധ്യതയുണ്ട്.
സത്‌നാമിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം നടത്തുന്ന പോലീസിനും അതിനെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനും സത്‌നാമെന്നത് ബൗണ്‍സായ ചെക്കാണ്. കാലമെത്തും മുമ്പ് ഹാജരാക്കപ്പെട്ടപ്പോള്‍ അക്കൗണ്ടിലുള്ള നീക്കിബാക്കിയെടുത്ത് ആയുസ്സ് നീട്ടിക്കൊടുക്കാന്‍ സര്‍ക്കാറിന് സാധിക്കാത്തതുകൊണ്ട് ബൗണ്‍സായ ചെക്ക്. ആയുസ്സ്് നീട്ടിക്കൊടുക്കാന്‍ പാകത്തില്‍ അക്കൗണ്ടില്‍ നീക്കിബാക്കി വേണ്ടെന്ന് പോലീസ്/സര്‍ക്കാര്‍ സംവിധാനങ്ങളിലെ ചിലര്‍ വിചാരിച്ചതുകൊണ്ട് ബൗണ്‍സായതുമാകാം. ചെക്ക് ബൗണ്‍സായാല്‍ ശിക്ഷ ഉറപ്പാക്കിയത് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ സാമ്പത്തിക പരിഷ്‌കരണം ആരംഭിച്ച കാലത്താണ്. ഇവിടെ ബൗണ്‍സാകാന്‍ കാരണക്കാര്‍ ആരൊക്കെ എന്ന് കണ്ടെത്തിയാലേ ശിക്ഷ നടപ്പാക്കാനാകൂ. അതിന് വേണ്ടിയാണ് ഐ ജി. ബി സന്ധ്യയുടെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പക്ഷേ, അന്വേഷണത്തിന് പോകുന്ന പോലീസ് ഉദ്യോഗസ്ഥ 'അമ്മയെ ദര്‍ശിച്ച്' മടങ്ങിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ കാര്യങ്ങളത്ര പന്തിയല്ല. പോക്കറ്റടി സംശയിച്ച് പിടികൂടിയയാളെ പോലീസ് ചോദ്യം ചെയ്തതിന്റെ മണിക്കൂര്‍ തിരിച്ചുള്ള കണക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഇവിടെ 'ദര്‍ശന പുണ്യ'വുമായി ഐ ജി മടങ്ങിയ വാര്‍ത്തയെത്തുന്നത്.
അന്വേഷണം ലക്ഷ്യമിട്ടുള്ള ഐ ജിയുടെ യാത്ര 'ദര്‍ശന പുണ്യ'ത്തില്‍ കലാശിക്കുന്നത് അബദ്ധത്തിലല്ല. സത്‌നാം സിംഗിനെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കപ്പെടുന്നതിന്റെ തുടര്‍ച്ചയാണ്. അമൃതാനന്ദമയി ഇരിക്കുന്ന സ്ഥലത്തേക്ക് അടുക്കാന്‍ ശ്രമിക്കുന്ന സത്‌നാം സിംഗിനെ ആള്‍ദൈവ വിശ്വാസികള്‍ തടയുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വള്ളിക്കാവ് കുടീരത്തിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറയില്‍ നിന്നുള്ളത്. ആശ്രമത്തില്‍ നിന്ന് പോലീസ് ജീപ്പില്‍ സത്‌നാമിനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യവുമുണ്ട്. എന്നാല്‍ അമൃതാനന്ദമയിയുടെ അനുയായികളുടെ കസ്റ്റഡിയിലായ ശേഷമുണ്ടായതിന്റെ ദൃശ്യം ലഭ്യമല്ല. അത് കണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് പോലീസ് ശ്രമിക്കുമെന്ന് കരുതുന്നുമില്ല. പോലീസ് കസ്റ്റഡിയിലെടുത്ത സത്‌നാമിന് ആദ്യം നടത്തിയത് വൈദ്യ പരിശോധനയാണ്. ഇരുപത്തിരണ്ടാണ്ട് വളര്‍ന്ന ശരീരത്തില്‍ കാര്യമായ ക്ഷതങ്ങള്‍ അപ്പോള്‍ തന്നെയുണ്ടായിരുന്നുവെന്നാണ് പരിശോധനാ ഫലം. അങ്ങനെയൊരു പരിശോധനാ ഫലത്തെക്കുറിച്ച് പോലീസോ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരോ പിന്നീട് വേവലാതിപ്പെട്ടില്ല. വേദിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചതിന് സത്‌നാമിന്റെ പേരില്‍ വധശ്രമത്തിന് കേസെടുക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാകുകയും ചെയ്തു.
മരണകാരണമായ ക്ഷതങ്ങള്‍ എവിടെവെച്ചുണ്ടായി എന്നത് സംബന്ധിച്ച് ഗൗരവമായ ആശയക്കുഴപ്പം സൃഷ്ടിച്ചെടുക്കാന്‍ നടന്ന ശ്രമങ്ങള്‍ കൂടി ഇവിടെ പരിഗണിക്കണം. അറസ്റ്റിലായ ശേഷം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവന്തപുരം പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലും സത്‌നാമിനെ പ്രവേശിപ്പിച്ചിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലെത്തുമ്പോള്‍ സത്‌നാമിന്റെ ആരോഗ്യനില എന്തായിരുന്നുവെന്നതില്‍ പോലീസിന് എന്തെങ്കിലും വ്യക്തതയുണ്ടോ എന്ന് അറിയില്ല. കൊണ്ടുവന്നത് ജയിലില്‍ നിന്നാണ്. കൊല്ലം ആശുപത്രിയിലെത്തുമ്പോള്‍ ക്ഷതങ്ങളുണ്ടായിരുന്നുവെങ്കില്‍ ഉത്തരവാദിത്വം ജയിലിലെ പോലീസുകാര്‍ക്കാകും. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകരായ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലം ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാനിടയില്ല. പേരൂര്‍ക്കടയില്‍ കൊണ്ടുവന്നപ്പോള്‍ ദേഹ പരിശോധന നടത്തിയില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. പേരൂര്‍ക്കടയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ മുറിവുകളുണ്ടായിരുന്നുവെന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടുവെന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടര്‍ പറയുന്നത്. മരണ കാരണം ക്ഷതങ്ങളാണ്. അവ, പക്ഷേ എവിടെവെച്ച് സംഭവിച്ചുവെന്ന് വ്യക്തമല്ല എന്ന നിലയില്‍ കാര്യങ്ങളെത്തിനില്‍ക്കുന്നു.
പേരൂര്‍ക്കടയിലെ നടപടിക്രമങ്ങളിലേക്ക് തര്‍ക്കങ്ങളൊതുങ്ങുമ്പോള്‍ കൊല്ലത്തെയും വള്ളിക്കാവിലെയും സംഭവങ്ങള്‍ മറയത്താകും. ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ദൃശ്യങ്ങളോ കൊല്ലത്തെ ആശുപത്രിയിലെ പരിശോധനാ റിപ്പോര്‍ട്ടോ സാധു യുവാവിന്റെ ജീവന്‍ പന്താടപ്പെടുമ്പോള്‍ ആള്‍ദൈവം പുലര്‍ത്തിയ മൗനമോ ഒന്നും ചോദ്യങ്ങള്‍ക്ക് മുന്നിലാകില്ല. അമൃതാനന്ദമയീ മഠത്തിന്റെ അധികൃതര്‍ക്ക് താഴെപ്പറയും വിധത്തില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ വിശദീകരിക്കാം - അക്രമത്തിന് മുതിര്‍ന്ന ചെറുപ്പക്കാരനെ അനുയായിവൃന്ദം പിടികൂടി പോലീസിന് കൈമാറി. പരിശോധനയില്‍ മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ പേരൂര്‍ക്കടയിലേക്ക് മാറ്റി. അവിടെയുണ്ടായിരുന്ന ഇതര അസ്വസ്ഥരുടെ (ജയില്‍ വാര്‍ഡനും ആശുപത്രി ജീവനക്കാരനുമടക്കം) ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ആക്രമണത്തിന് മുതിര്‍ന്നയാള്‍ 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന് വിളിച്ച് പറഞ്ഞതിന്റെ പൊരുളെന്ത് എന്ന ചോദ്യം, വ്യാഖ്യാനങ്ങള്‍ ചുരത്തി നിലനില്‍ക്കുകയും ചെയ്യും.
ആഢ്യകുലജാതകളായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റിക്കുന്ന 'ലൗ ജിഹാദ്' നടമാടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അത് വ്യാപകമായി നടക്കുമ്പോള്‍ ബ്രാഹ്മണനായി പിറന്ന ഒരു യുവാവിനെ പ്രലോഭിപ്പിച്ച് മതം മാറ്റുക എന്നത് ആയാസരഹിതമാണ്. 'ലൗ ജിഹാദി'ന് ഇരയാക്കുന്ന പെണ്‍കുട്ടികളെ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന കഥയും ഒരു കാലത്ത് പ്രചരിച്ചിരുന്നു. അത് കണക്കിലെടുത്താല്‍ മതം മാറ്റിയ ബ്രാഹ്മണയുവാവിനെ തീവ്രവാദ/ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം. അതുകൊണ്ടുതന്നെ കരുണാവാരിധിയും ലോകമാകെ പടര്‍ന്ന അനുയായികളുടെ ഏക ആശ്രയവുമായ മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ഇത്തരമൊരാളെ നിയോഗിക്കാനുള്ള സാധ്യത പ്രചരിപ്പിച്ചാല്‍ വിശ്വസിക്കാന്‍ ആളുണ്ടാകും. ശക്തമായ പ്രൊപ്പഗാന്‍ഡ സംവിധാനമുള്ള, അതിന് വഴങ്ങുന്ന മാധ്യമ സമൂഹമുള്ള ഒരു രാജ്യത്ത് പ്രചാരണം പ്രയാസമേയല്ല. ഗുണം പലതുണ്ട്.
വിദേശത്തു നിന്ന് വര്‍ഷത്തില്‍ സംഭാവനയായി എത്തുന്ന തുക ഇപ്പോള്‍ 61 കോടിയിലെത്തി നില്‍ക്കുകയാണ്. അതില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാം. 'ഇസ്‌ലാമിക ഭീകരത' ലക്ഷ്യമിടുന്ന ആള്‍ദൈവമെന്ന പേരുണ്ടെങ്കില്‍ ഈ ഭീകരതയെക്കുറിച്ച് ആവോളം ഉത്കണ്ഠ പുലര്‍ത്തുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യത കിട്ടിയേക്കാം. ഇതര സംസ്ഥാനങ്ങളില്‍ പ്രതിസന്ധി നേരിടുന്ന വ്യവസായ സംരംഭങ്ങളെ സ്വന്തം മണ്ണിലേക്ക് ആനയിച്ച് വികസന നായകരാകുന്ന ചില മുഖ്യമന്ത്രിമാര്‍ പുതിയ കുടീരങ്ങളൊരുക്കാന്‍ സഹായിച്ചേക്കാം. അത്തരത്തില്‍ ഇതിനകം സൗജന്യമായി ലഭിച്ച ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി ഇരട്ടിപ്പിക്കാനും സാധിച്ചേക്കാം. അതിന് വേണ്ടി യത്‌നിക്കണമെന്നതിനാലാകണം ബിസ്മി ചൊല്ലിയതെന്തിനെന്ന ചോദ്യം ഉയര്‍ത്തി നിര്‍ത്തുന്നത്. സത്‌നാമെന്ന ചെക്ക് 'വിത്‌ഡ്രോ' ചെയ്യപ്പെടുന്നുവെന്ന് ഉറപ്പിച്ചത്. സര്‍ക്കാറിന്റെ കണക്കില്‍ ബൗണ്‍സായ, ചെക്കിന്റെ പേരില്‍ പിഴയൊടുക്കാന്‍ ഏതെങ്കിലും സാധാരണക്കാരുണ്ടാകുമല്ലോ? കാലത്തിന്റെ ഗതി മുന്നോട്ട് തന്നെയാണ്!
കരുണാനിധിയും കാരുണ്യവാനുമായ ദൈവത്തിന്റെ നാമത്തില്‍ (ബിസ്മില്ലാഹി റഹ്മാനി റഹീം)എന്ന് ചൊല്ലിയ യുവാവിനെ 'ആള്‍ ദൈവം' കൊന്നു...
ReplyDelete