2012-08-08

'ബിസ്മി ചൊല്ലി' ഒരു ആക്രമണം


ആള്‍ദൈവ വ്യവസായ മേഖലയില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിജയം കണ്ട വ്യക്തിയാണ് മാതാ അമൃതാനന്ദമയി. അതുകൊണ്ടു തന്നെ അവരുടെ നേര്‍ക്കൊരു ആക്രമണശ്രമമുണ്ടായാല്‍ വാര്‍ത്താ പ്രാധാന്യം നേടുമെന്ന് ഉറപ്പ്. അതുണ്ടാക്കുന്ന പ്രചാരണം ഏറെ വലുതാണ്. അക്രമി 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' ('ബിസ്മില്ലാ ഇര്‍ റഹിമാന്‍ ഇര്‍ റഹീം' എന്ന് മാതൃഭൂമി) എന്ന് വിളിച്ചാണ് ആക്രമിക്കാന്‍ അടുത്തതെങ്കില്‍! ആക്രമണമെന്നോ വധശ്രമമെന്നോ ഉള്ള സീമക്ക് അപ്പുറത്തേക്ക് കാര്യങ്ങളെത്തുമെന്ന് ഉറപ്പ്. ആ വിളിക്കു പിറകില്‍ ഭീകരവാദ ത്വരയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബി ജെ പിയും മറ്റും ആവശ്യപ്പെടുമ്പോള്‍ കാര്യങ്ങള്‍ കൂറേക്കൂടി വ്യക്തമാണ്.
തദ്ദേശീയരും വിദേശീയരും അമൃതാനന്ദമയിയെ കാണുമ്പോഴും അവരുടെ സംസാരം കേള്‍ക്കുമ്പോഴും കണ്ണീരൊഴുക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഏറെ പുറത്തുവന്നിട്ടുണ്ട്. അമൃതാനന്ദമയിയുടെ ഉപദേശ വാക്കുകള്‍ സ്വീകരിച്ചതിലൂടെ 'മനഃശാന്തി കൈവന്ന' നിരവധി പേരുടെ പ്രഘോഷണങ്ങളും കേട്ടു. ഇത്തരം സംഗതികള്‍ പരസ്യം ചെയ്തുണ്ടാക്കുന്നതിനേക്കാള്‍ ഏറെ വലിയ പ്രചാരണമാണ് ലോകമറിയുന്ന 'അമ്മ'യുടെ നേര്‍ക്കൊരു ആക്രമണശ്രമമുണ്ടായാല്‍ ലഭിക്കുക. അതിനൊരു ഭീകരാക്രമണച്ഛായകൂടി വന്നാലോ? പ്രചാരം പതിന്‍മടങ്ങ് വര്‍ധിപ്പിക്കാം. എന്തായാലും മാതാ അമൃതാനന്ദമയിയുടെ സുരക്ഷാ ഭടന്‍മാര്‍ ഉടന്‍ അക്രമിയെ കീഴ്‌പ്പെടുത്തി, പോലീസിന് കൈമാറി. അതുവരെ കാര്യങ്ങള്‍ ഭദ്രം. അറസ്റ്റിലായയാള്‍ രണ്ട് ദിവസത്തിനു ശേഷം മരിക്കുകയും അയാളുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്യുമ്പോള്‍ കഥയില്‍ ചോദ്യങ്ങളുയരുക സ്വാഭാവികം.
സ്വതന്ത്ര ഇന്ത്യയില്‍ അനുയായികളുടെയും സമ്പത്തിന്റെയും കണക്ക് കൊണ്ട് മറ്റുള്ളവരെ ബഹുദൂരം പിന്തള്ളിയ, രണ്ടര വര്‍ഷം മുമ്പ് മരിച്ച് പോയ സായി ബാബയുടെ നേര്‍ക്കും നടന്നിരുന്നു ആക്രമണ ശ്രമം. 1993ല്‍. പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ സത്യ സായി  ബാബയുടെ സ്വകാര്യ കൊട്ടാരത്തില്‍ സായുധരായ നാല് പേര്‍ അതിക്രമിച്ചു കയറി. കത്തിയും മറ്റ് മാരകായുധങ്ങളുമായി എത്തിയ ഇവരുടെ ലക്ഷ്യം സായി ബാബയെ കൊലപ്പെടുത്തുക എന്നതായിരുന്നുവെന്നാണ് പിന്നീട് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അക്രമികളും സായി ബാബയുടെ സുരക്ഷാ ഭടന്‍മാരും ഏറ്റുമുട്ടി. ഭടന്‍മാരില്‍ രണ്ട് പേര്‍ മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. അവസാനം അക്രമികളെ ഒരു മുറിയിലിട്ട് പൂട്ടിയ ഭടന്‍മാര്‍ പോലീസില്‍ വിവരം അറിയിച്ചു. ആന്ധ്രാ പ്രദേശ് പോലീസ് എത്തി നിമിഷങ്ങള്‍ക്കകം നാല് അക്രമികളെയും വെടിവെച്ചു കാന്നു. കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കത്തികളുമായി ആക്രമിച്ചുവെന്നും ഇതോടെ ആത്മരക്ഷാര്‍ഥം വെടിയുതിര്‍ത്തുവെന്നുമാണ് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ട വിവരം. തീയുണ്ടകള്‍ വര്‍ഷിക്കുന്ന തോക്കിനെ കത്തികൊണ്ട് നേരിടാന്‍ നാല്‍വര്‍ സംഘം ശ്രമിച്ചുവെന്നത് അന്നു തന്നെ അവിശ്വസനീയമായിരുന്നു. ആന്ധ്രാ പ്രദേശിലെ ആഭ്യന്തര സെക്രട്ടറിക്ക് പോലും ദഹിച്ചില്ല ഈ വിശദീകരണം.
സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ, ശൂന്യതയില്‍ നിന്ന് ഭസ്മവും സ്വര്‍ണ ഗോളങ്ങളും എടുത്ത് ജനതതിയെയാകെ വിസ്മയിപ്പിക്കാന്‍ ശേഷിയുള്ള, സര്‍വചരാചരങ്ങളോടുമുള്ള സ്‌നേഹം ഉദ്‌ഘോഷിക്കുന്ന സായി ബാബയെ കൊലപ്പെടുത്താന്‍ ഈ നാല് പേര്‍ എന്തുകൊണ്ട് ശ്രമിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല. ഈ കൊടും ക്രൂരതക്കായി ഇവരെ ആരാണ് നിയോഗിച്ചത് എന്നതും അറിവായില്ല. ഉത്തരങ്ങള്‍ വേണമെന്ന നിര്‍ബന്ധം പോലീസിനോ സത്യസായി ബാബക്കോ പ്രശാന്തി നിലയത്തിന്റെ ഭരണനിര്‍വഹണം നടത്തിയിരുന്നവര്‍ക്കോ ഉണ്ടായതുമില്ല. പേരിന് വേണ്ടി മാത്രം ആരംഭിച്ച അന്വേഷണം അധികം വൈകാതെ നിര്‍ത്തി പോലീസ് ഫയല്‍ അടച്ചു. ലോകം മുഴുവന്‍ അനുയായികളുള്ള, ഇന്ത്യയിലെ പ്രധാനമന്ത്രിമാര്‍ 1993ന് മുമ്പും പിമ്പും പോയി വണങ്ങി നിന്നിട്ടുള്ള ആള്‍ദൈവത്തെ വധിക്കാന്‍ ശ്രമം നടന്നിട്ട് അതിന് പിറകില്‍ ആരാണെന്ന് കണ്ടെത്താന്‍ താത്പര്യമില്ലാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യം അന്നും ഇന്നും പ്രസക്തമായി നില്‍ക്കുന്നു. സത്യസായി ബാബ മരിച്ചപ്പോഴും അതിനു ശേഷം പ്രശാന്തി നിലയത്തില്‍ നിന്ന് സുഗന്ധ വാഹിയല്ലാത്ത കഥകള്‍ പുറത്തുവന്നപ്പോഴും നാല് യുവാക്കളുടെ കൂട്ടക്കരുതി ഓര്‍മകളില്‍ നിറഞ്ഞു. ഈ നാല് പേരെ ജീവനോടെ കോടതി മുറിയില്‍ ഹാജരാക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്ന കഥകളെന്തായിരിക്കുമെന്ന ചോദ്യം വീണ്ടും സജീവമായി.
ആത്മീയ വാണിജ്യം തഴച്ചു വളര്‍ന്നതോടെ കുമിഞ്ഞുകൂടിയ സമ്പത്ത് ഏത് വിധത്തില്‍ കൈക്കലാക്കാമെന്നു ചിന്തിച്ചവര്‍ പറഞ്ഞുവിട്ടതാണ് അക്രമികളെ എന്ന വാദം 1993ല്‍ തന്നെ ഉയര്‍ന്നിരുന്നു. സായി ബാബയുടെ ആശുപത്രിവാസ കാലത്തും മരണ ശേഷവും പ്രശാന്തി നിലയത്തില്‍ നിന്ന് കോടികള്‍ കടത്തപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്നതോടെ 1993ല്‍ ഉയര്‍ന്ന പുക തീയില്ലാതെയല്ലെന്ന് വ്യക്തമായി. പ്രശാന്തി നിലയത്തില്‍ നിന്ന് കടത്തിയ ലക്ഷക്കണക്കിന് രൂപ പോലീസ് പിടിച്ചെടുത്തിരുന്നുവെന്നത് കൂടി ഇവിടെ ഓര്‍ക്കണം.  ബാബയെ കൊല്ലാന്‍ ശ്രമിച്ച കേസിലെന്ന പോലെ പണം പിടിച്ചെടുത്ത കേസിലും അന്വേഷണം മുന്നോട്ടുപോയില്ല. അത് മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിച്ചവര്‍ കുറവുമായിരുന്നു. സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസിനെപ്പോലെ, സ്വാധീനവും സാമ്പത്തിക ബലവുമുള്ളയാളുകള്‍ ചേര്‍ന്ന് നടത്തുന്ന സത്യസായി ബാബ ട്രസ്റ്റ് നിലവിലുള്ളപ്പോള്‍ അന്വേഷണം നടക്കുമെന്ന് കരുതുന്നത് തന്നെ മൗഢ്യം. എല്ലാം ഭംഗിയായി മറച്ച് സായി 'സമാധി'യെ വിശിഷ്ട കുസുമങ്ങളാല്‍ പൊതിഞ്ഞ് ഭക്തിസാന്ദ്രമായ വിനോദ സഞ്ചാര വ്യവസായം വികസിപ്പിക്കാന്‍ തത്രപ്പെടുകയാണ് സത്യസായി ട്രസ്റ്റ്. അതിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ രംഗത്തുണ്ട്. ബാബയുടെ മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത സ്വത്തുവകകള്‍ കണ്ടെടുക്കുകയും പ്രശാന്തി നിലയത്തില്‍ നിന്ന് കടത്തിയ ലക്ഷങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തതോടെ സത്യസായി ട്രസ്റ്റ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള ചില നികുതി ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതെല്ലാം ഇതിനകം പുനഃസ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
1993ലെ കൊലപാതക ശ്രമം സത്യസായി ബാബയെ ഏതളവില്‍ സഹായിച്ചുവെന്നത് പരിശോധിക്കേണ്ടതാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ സായിഭക്തരുടെ എണ്ണം വേഗത്തില്‍ വര്‍ധിച്ചിട്ടുണ്ടാകും. സംഭാവനകള്‍ കൂമ്പാരമായിട്ടുണ്ടാകണം. ഇതര ആള്‍ദൈവങ്ങളെയും അവരുടെ മാര്‍ക്കറ്റിംഗ് തലവന്‍മാരെയും അസൂയപ്പെടും വിധത്തിലുള്ള വര്‍ധനയുണ്ടായിട്ടുണ്ടാകണം. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് തുടക്കമിട്ട സാമ്പത്തിക ഉദാരവത്കരണത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിച്ച് സ്വയം വികസിക്കാന്‍ സായി ബാബക്ക് അവസരമൊരുക്കിയിട്ടുണ്ടാകണം.
ഈ പരിസരത്തു നിന്നുകൊണ്ട് വേണം ഇപ്പോള്‍ വള്ളിക്കാവില്‍ നടന്ന സംഗതികളെ വിലയിരുത്താന്‍. സായി ബാബയുടെ മരണത്തോടെ ഇന്ത്യയിലെ ഏറ്റവും 'വലിയ' ആള്‍ദൈവമായി മാറാനുള്ള സാധ്യത തുറന്നു കിടക്കുകയാണ് മാതാ അമൃതാനന്ദമയിക്ക് മുന്നില്‍. സ്വദേശത്തും വിദേശത്തുമുള്ള സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കുകയും മാര്‍ക്കറ്റിംഗ് കുറേക്കൂടി ശക്തമാക്കുകയും ചെയ്താലേ ഇത് സാധ്യമാകൂ. അതിന് നിലവില്‍ എളുപ്പവഴി ഒരു വധശ്രമത്തിന് ഇരയാക്കലാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകുമോ? അതിന്റെ ഉപകരണമായി പ്രവര്‍ത്തിച്ച സത്‌നാം സിംഗെന്ന പാവം ബീഹാറിയെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നിശ്ശബ്ദനാക്കിയതാകുമോ? സത്യ സായി ബാബക്ക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരില്‍ പലരും പ്രശാന്തി നിലയത്തിലെ അതിഥി സത്കാരം നിരന്തരം ആസ്വദിച്ചിരുന്നവരുമായിരുന്നു. അതുകൊണ്ടു തന്നെ കേസുകള്‍ അപ്രത്യക്ഷമാക്കുക എന്നത് നിഷ്പ്രയാസം സാധിച്ചു.

കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് വള്ളിക്കാവിലെ അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരമൊരു സാധ്യതയുടെ വിനിയോഗമായിരുന്നോ സത്‌നം സിംഗിന്റെ ശരീരത്തിലേറ്റ, പരിശോധനയില്‍ ബോധ്യപ്പെട്ട മരണകാരണമായ അടികള്‍?
ആക്രമിക്കാനടുത്ത യുവാവിനെ അംഗരക്ഷകര്‍ പിടികൂടിയ ശേഷം വചനധാരയിലൂടെ മാനസാന്തരപ്പെടുത്തി നല്ല മനുഷ്യനാക്കാന്‍ മാതാ അമൃതാനന്ദമയി ശ്രമിച്ചില്ല എന്നതില്‍ അത്ഭുതം ശേഷിക്കുന്നു. അവകാശപ്പെടുന്ന ദിവ്യത്വം ചെറിയതോതിലെങ്കിലും നിലനില്‍ക്കുന്നതാണെങ്കില്‍ അത്തരത്തിലൊരു ശ്രമമായിരുന്നു നടത്തേണ്ടത്. അമൃതാനന്ദമയിയെ വിശ്വസിച്ച് ആ വചനങ്ങളെ പിന്തുടരുന്ന അനേകായിരങ്ങള്‍ ആ സമയത്ത് അവിടെ സാക്ഷികളായുണ്ടായിരുന്നു. ബീഹാര്‍ സ്വദേശിയായ യുവാവിന്റെ യഥാര്‍ഥ പ്രശ്‌നമെന്തെന്ന് പരിശോധിക്കണമെന്ന തോന്നല്‍ അവര്‍ക്കൊന്നുമുണ്ടായില്ല. സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിയിലെത്തിയ ശേഷം ഇത്രകാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അര്‍ഥമുണ്ടായില്ലെന്നതിന് വേറെ തെളിവ് ആവശ്യമില്ല. അങ്ങനെയെന്തെങ്കിലും സംഭവിക്കാതിരുന്നത് മനഃപൂര്‍വമാണോ  എന്ന ചിന്ത രണ്ട് ദിവസത്തിനപ്പുറം സത്‌നാം ചേതനയറ്റ ശരീരമായതോടെ ശക്തമാകുകയും ചെയ്യുന്നു. 'അക്രമി' യുടെ ലക്ഷ്യമെന്തായിരുന്നു? ബിസ്മി ചൊല്ലിയതിന്റെ കാരണമെന്ത്? അങ്ങനെ ചൊല്ലിയതിന് പിറകില്‍ മറ്റ് ബന്ധങ്ങളെന്തെങ്കിലുമുണ്ടോ? എന്നിത്യാദി ചോദ്യങ്ങള്‍ സജീവമാക്കി നിര്‍ത്തണമെങ്കില്‍ സത്‌നാം ചേതനയറ്റ ശരീരമാകാതെ കഴിയില്ലല്ലോ!
ഈ കൊലയുടെ കാരണക്കാര്‍, അത് അമൃതാനന്ദമയീ ഭക്തരായാലും പോലീസായാലും മനോരോഗ ആശുപത്രിയിലെ  സുരക്ഷാ ജീവനക്കാരായാലും, നിയമത്തിന് മുന്നിലെത്താനുള്ള സാധ്യത വിരളമാണ്. ഉപജീവന മാര്‍ഗം തേടി കേരളത്തിലെത്തിപ്പെട്ട് പോകുന്ന അന്യദേശക്കാരുടെ പട്ടികയിലൊന്നായി ഇതും മാറും. ആശുപത്രി അധികൃതര്‍ ശ്വസന സഹായി നല്‍കാതിരുന്നത് മൂലം ഒഡിഷ സ്വദേശി കൊല്ലപ്പെട്ട കേസിലോ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് അന്യദേശ തൊഴിലാളി മരിച്ച കേസുകളിലോ എന്തെങ്കിലും നടപടി നമ്മുടെ നീതിന്യായ, ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ? അവിടെയൊന്നുമുണ്ടാകാത്ത നടപടി ഈ കേസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ദുരൂഹ  മരണങ്ങളുടെ വലിയ പട്ടിക നിരത്തപ്പെട്ടിട്ടും പോട്ട ധ്യാനകേന്ദ്രത്തിലെ ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്ന് ഉത്തരവിട്ട കോടതികളാണ് നമ്മുടെ മുന്നിലുള്ളത്. അതിലും വലിയ സ്വാധീന ശക്തിയാണ് ഇവിടുത്തെ കേസിന്റെ ഒരു പക്ഷത്ത്. ആക്രമണ ശ്രമമുണ്ടായെന്ന് അറിഞ്ഞയുടന്‍ പാഞ്ഞെത്തി പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുന്ന ഭരണ സംവിധാനവും. സത്‌നാം സിംഗിന് നിത്യ ശാന്തി നേരുക എന്നതിലപ്പുറം യാതൊന്നും ചെയ്യാനില്ല. വധ ശ്രമവും അക്രമിയുടെ വായില്‍ നിന്നുതിര്‍ന്നതായി പറയുന്ന 'ബിസ്മി'യും ആര്‍ക്ക് ഏതളവില്‍ ഗുണം ചെയ്തുവെന്നറിയാന്‍ കാത്തിരിക്കുക.