2012-05-25

ദേ പോയീ... ദാ വരുമോ?



ചെറിയ ഇടവേളക്കു ശേഷം രൂപ, മൂല്യത്തിന്റെ കാര്യത്തില്‍ പുതിയ താഴ്ച കണ്ടെത്തിയിരിക്കുന്നു. സ്വയം അശക്തമായി തുടരുകയാണെങ്കിലും വിനിമയ മൂല്യം ഇപ്പോഴും നിര്‍ണയിക്കപ്പെടുന്നത് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ കറന്‍സിയായ ഡോളറുമായുള്ള താരതമ്യത്തിലാണ്. ആ താരതമ്യത്തിലാണ് രൂപ ദുര്‍ബലമായിരിക്കുന്നത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ വിട്ടുവീഴ്ച കൂടാതെ പിന്തുടരുന്നതിനാല്‍ മൂല്യശോഷണം പ്രധാനമാകുന്നു. പ്രതാപത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഭരണ നേതൃത്വം സ്വീകരിക്കുന്ന നടപടികളും അതുപോലെ പ്രധാനമാകും.

വിനിമയ നിരക്ക് പ്രാബല്യത്തിലായതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപ എത്തിയത് ഏതാനും മാസം മുമ്പാണ്. അന്ന് വിപണിയിലേക്ക് ഡോളര്‍ ഇറക്കുകയും, ഡോളര്‍ ഇറക്കാന്‍ ഇതര ധനകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിച്ചും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ ഒരു പരിധിവരെ ഫലം കണ്ടു. പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി പലകുറി ആവര്‍ത്തിച്ചു.

മാസങ്ങള്‍ക്കു ശേഷം രൂപ വീണ്ടും താഴേക്ക്  കുതിക്കുമ്പോള്‍ കാരണമായി പ്രണാബിന്റെ നാവിന്‍ തുമ്പിലെത്തുന്നത് ഗ്രീസിലെ പ്രതിസന്ധിയാണ്. ഗ്രീസിലെ പ്രതിസന്ധിയെന്നാല്‍ യൂറോ സോണിനെയാകെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്നര്‍ഥം. അവിടുത്തെ പ്രതിസന്ധിയുടെ ഫലമായാണ് രൂപയൂടെ മൂല്യം ഇടിയുന്നതെന്നും യൂറോ സോണ്‍ ഭദ്രതയില്‍ തിരിച്ചെത്തുന്നതോടെ രൂപ ആരോഗ്യം വീണ്ടെടുക്കുമെന്നും ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പ്രണാബ് പറഞ്ഞിരുന്നു. ഇപ്പോള്‍ ആവര്‍ത്തിക്കുന്നതിന്റെ അര്‍ഥവും മറ്റൊന്നല്ല. ഏതാനും മാസം മുമ്പ് ഇക്കാര്യം പറയുമ്പോഴുള്ള സാഹചര്യം അല്‍പ്പം മാറിയിട്ടുണ്ട് എന്നത് പ്രണാബ് മറന്നിട്ടല്ല, പക്ഷേ, അതേക്കുറിച്ചൊക്കെ ഓര്‍മിപ്പിച്ച് നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുതല്‍ കെടുത്താന്‍ തയ്യാറല്ല എന്ന് മാത്രം. അമൂര്‍ത്തമായ ഘടകങ്ങളില്‍ ഊന്നി നിലനില്‍ക്കുന്ന നിരവധി ക്രയവിക്രയങ്ങളില്‍ സമ്പദ്‌വ്യവസ്ഥ അധിഷ്ഠിതമാകുമ്പോള്‍ നിക്ഷേപകരുടെ ആത്മവിശ്വാസമെന്നതിന് വലിയ പ്രാധാന്യമുണ്ട്.
രൂപയുടെ ഇപ്പോഴത്തെയും മുമ്പത്തെയും ഇടിവുകളെ താരതമ്യം ചെയ്യുമ്പോള്‍ കണക്കിലെടുക്കേണ്ട പ്രധാന സംഗതികളിലൊന്ന് അമേരിക്കന്‍ ധനകാര്യ ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ഇന്ത്യയുടെ ക്രഡിറ്റ് റേറ്റിംഗ് (കടമെടുക്കല്‍ ശേഷി) കുറച്ചുവെന്നതാണ്. അഴിമതി ആരോപണങ്ങളുടെ പെരുമഴയും സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഘടകകക്ഷികളെയോ പുറത്തുള്ള കക്ഷികളെയോ ആശ്രയിക്കേണ്ട ഗതികേടും മൂലം എട്ട് വര്‍ഷമായി ശീതീകരണിയില്‍ വെച്ചിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളെല്ലാം നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് രണ്ടാമത്തേത്. വ്യാവസായിക ഉത്പാദന നിരക്കില്‍ ഉണ്ടായ വലിയ ഇടിവും രൂപയുടെ മൂല്യശോഷണത്തെ ഗൗരവതരമാക്കുന്നുണ്ട്. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയുടെ തുടര്‍ചലനമായല്ല രൂപ താഴേക്ക് നീങ്ങിയത് എന്ന് ചുരുക്കം.

അമേരിക്ക അകപ്പെട്ട സാമ്പത്തിക പ്രതിസന്ധി, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ നേരിടുന്ന കടക്കെണി, ഈ പ്രതിസന്ധികള്‍ നേരിടുന്നതിന്റെ ഭാഗമായി യു പി എ സര്‍ക്കാര്‍ മുന്‍ കാലത്ത് നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇപ്പോള്‍ വിലയിരുത്തേണ്ടിവരും.
ഇതര രാജ്യങ്ങള്‍ കടക്കെണിയിലാകുന്നത് ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണത്തിന് കാരണമാകുന്നത് ഏത് വിധത്തിലെന്നത് ആദ്യം പരിശോധിക്കണം. രാജ്യം കരുതല്‍ ധനമായി ഡോളറില്‍ സൂക്ഷിക്കുന്ന പണം പ്രധാനമായും എത്തുന്നത് കയറ്റുമതിയിലൂടെയാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോള്‍ അവര്‍ ഇറക്കുമതി വെട്ടിക്കുറക്കും. അതായത് ഇന്ത്യയുള്‍പ്പെടെ രാഷ്ട്രങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറയും. പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. അത് എത്തിപ്പെടുന്നതും ഇന്ത്യയെപ്പോലെ വിശാലമായ കമ്പോളമുള്ള മൂന്നാം ലോക രാജ്യങ്ങളിലാണ്.

കയറ്റുമതി കുറയുകയും വിദേശ നാണ്യത്തിന്റെ വരവ് ഇടിയുകയും ചെയ്യുന്നതോടൊപ്പം ഇറക്കുമതി വര്‍ധിക്കുകയും ആഭ്യന്തര ഉത്പന്നങ്ങളുടെ വിപണി നഷ്ടമാകുകയും ചെയ്യുക എന്ന വലിയൊരു പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ആഗോളവത്കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും ഭാഗമായി വിപണികള്‍ ആകാവുന്നത്ര തുറന്ന് നല്‍കുകയും വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളുടെ വ്യവസ്ഥകളനുസരിച്ച് ഇറക്കുമതിച്ചുങ്കങ്ങള്‍ വെട്ടിക്കുറക്കുകയും ചെയ്തതിനാല്‍ ഇറക്കുമതി നിയന്ത്രിക്കാനോ ആഭ്യന്തര വിപണിയെ സംരക്ഷിച്ച് നിര്‍ത്താനോ സാധിക്കുകയുമില്ല.
ഇതിനൊപ്പം വേണം ക്രെഡിറ്റ് റേറ്റിംഗ് കുറച്ച അമേരിക്കന്‍ ഏജന്‍സിയുടെ നടപടിയെ വിലയിരുത്താന്‍. സാമ്പത്തിക ശക്തി വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ വിപണി തുറക്കലുകള്‍ വേണമെന്ന സന്ദേശമാണ് ഇതിലൂടെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ നല്‍കിയത്. അതിനുമപ്പുറത്ത് മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതിലുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് അമേരിക്കക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും കൂടുതല്‍ കടം ആവശ്യമായി വരും. ധനക്കമ്മി രണ്ടക്കത്തില്‍ (ശതമാനക്കണക്ക്) എത്തുകയോ കടം, മൊത്തം ആഭ്യന്തര ഉത്പാദനത്തോളം വലിപ്പം കൈവരിക്കുകയോ ചെയ്തതിനാല്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും ക്രെഡിറ്റ് റേറ്റിംഗ് നേരത്തെ തന്നെ കുറച്ചിട്ടുണ്ട്.

പക്ഷേ, ആഗോള വിനിമയത്തിന്റെ അടിസ്ഥാന കറന്‍സിയെന്ന മുന്‍തൂക്കം ഡോളര്‍ നിലനിര്‍ത്തുന്നു. യൂറോപ്യന്‍ യൂനിയനിലെ അംഗരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ച പൊതു നാണയമെന്ന പ്രസക്തി യൂറോക്കുമുണ്ട്. ഈ സാഹചര്യങ്ങളാല്‍ ഡോളറും യൂറോയും ഭാവിയില്‍ കരുത്ത് വീണ്ടെടുക്കുമെന്ന പ്രതീക്ഷയില്‍ അമേരിക്കയിലും യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളിലും നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ ധാരാളമുണ്ടാകും. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ച് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിറ്റേന്ന് നടന്ന വിപണനത്തില്‍ അവരുടെ കടപ്പത്ര വിപണി കൂടുതല്‍ ഊര്‍ജം കൈവരിച്ചത് മാത്രം മതി ഉദാഹരണമായി. കടപ്പത്ര, ഓഹരി വിപണികളിലൂടെ ഈ ഒഴുക്ക് തുടരണമെങ്കില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള രാഷ്ട്രങ്ങളിലെ വിപണിയില്‍ വേണ്ടത്ര പങ്കാളിത്തം ലഭിച്ചാല്‍ മാത്രം പോര, മറിച്ച് അവിടേക്കുള്ള സമ്പത്തിന്റെ ഒഴുക്കിന് തടയിടുകയും വേണം. അത് സാധിക്കണമെങ്കില്‍ ക്രെഡിറ്റ് റേറ്റിംഗ് കുറക്കണം. സമ്പത്തിന്റെ ഒഴുക്ക് ശക്തമാക്കുന്നതിന് പരിഷ്‌കാരങ്ങളുടെ വേഗം കൂട്ടേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുകയും വേണം. അതാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിലൂടെ സാധിച്ചെടുത്തത്.
കടക്കെണിയില്‍ നിന്ന് ഗ്രീസിനെ രക്ഷിക്കുന്നതിന് വായ്പ വാഗ്ദാനം ചെയ്ത യൂറോപ്യന്‍ യൂനിയനും ലോക ബേങ്കുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന വട്ടിപ്പലിശക്കാരുടെത് പോലെയാണ് പെരുമാറിയത്. മുതല്‍ തിരിച്ചു കിട്ടും വരെ കൊള്ളപ്പലിശ കൃത്യമായി കിട്ടുമെന്ന് ഉറപ്പാക്കുകയാണ് വട്ടിപ്പലിശക്കാരുടെ രീതി. ഇത് ലഭിച്ചില്ലെങ്കില്‍ മുതലും പലിശയും ഈടാക്കാന്‍ പാകത്തില്‍ സ്വത്തോ സ്വര്‍ണമോ ഈടായി വാങ്ങും. ഗ്രീസെന്ന രാജ്യത്തിന്റെ കാര്യത്തില്‍ വട്ടിപ്പലിശക്കാര്‍ മുന്നോട്ടുവെച്ച പ്രധാന ഉപാധി ചെലവ് ചുരുക്കുക എന്നതായിരുന്നു. ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ചെലവഴിക്കുന്ന പണം കുത്തനെ ചുരുക്കുക എന്ന്. കൃഷിക്കും ഭക്ഷണത്തിനും നല്‍കിയിരുന്ന സബ്‌സിഡികള്‍ കുറച്ച ഗ്രീസ്, ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും വെട്ടിക്കുറച്ച് വ്യവസ്ഥകള്‍ പാലിക്കാന്‍ ശ്രമിച്ചു.

ഇതിനെതിരെയുയര്‍ന്ന ജനരോഷത്തിന്റെ പ്രതിഫലനമാണ് ഇപ്പോഴവിടുത്തെ രാഷ്ട്രീയ പ്രതിസന്ധി. അതിന്റെ അനുരണനം മൂലമുണ്ടായെന്ന് പ്രണാബ് കുമാര്‍ മുഖര്‍ജി വിശദീകരിക്കുന്ന മൂല്യശോഷണം നേരിടാന്‍ കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതും ചെലവ് ചുരുക്കലെന്ന പദ്ധതി തന്നെയാണ്. ഗ്രീസിന് വട്ടിപ്പലിശക്കാരുടെ വായ്പാ ഉപാധിയായിരുന്നു ചെലവ് ചുരുക്കലെങ്കില്‍ ഇവിടെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് സ്വയം സ്വീകരിച്ച് വിനീതമാകുന്നു.
ചെലവ് ചുരുക്കല്‍ രണ്ടിടത്തും ഒരു പോലെയാണ്. സബ്‌സിഡികള്‍ പരിമിതപ്പെടുത്തുക എന്നതാകും പ്രധാന നിര്‍ദേശം. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ, ഭക്ഷ്യവസ്തുക്കള്‍, രാസവളം എന്ന് തുടങ്ങി വിവിധ മേഖലകളിലെ സബ്‌സിഡികള്‍ പരിമിതപ്പെടുത്തുക. ഈ നിര്‍ദേശം സൗന്ദര്യവത്കരിക്കുമ്പോള്‍ ഇങ്ങനെയാകും - പദ്ധതിയേതര ചെലവുകള്‍ വെട്ടിക്കുറക്കുമെന്ന്. പദ്ധതിയേതര ചെലവ് പത്ത് ശതമാനം വെട്ടിക്കുറച്ചാല്‍ സര്‍ക്കാറിനുണ്ടാകുന്ന ലാഭം 50,000 കോടിയാണ്. ഇത് പ്രത്യക്ഷത്തിലുള്ള നേട്ടം. സബ്‌സിഡികള്‍ വെട്ടിക്കുറക്കുന്നതോടെ ഇന്ത്യന്‍ വിപണിയിലെ  അല്‍പ്പമാത്രമായ തടസ്സങ്ങള്‍ നീക്കിക്കിട്ടുന്നുവെന്ന ലാഭം അമേരിക്കക്കും ഇതര രാജ്യങ്ങള്‍ക്കുമുണ്ട്, അതോടെ ഇന്ത്യന്‍ കമ്പോളത്തിലെ കൂടുതല്‍ മേഖലകളിലേക്ക് ഉത്പന്നങ്ങള്‍ ഇറക്കി സ്വന്തം പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണിയിലുള്ള സാന്നിധ്യം കൂടുതല്‍ നഷ്ടമാകാനും വ്യവസായിക ഉത്പാദന സൂചിക വീണ്ടും  താഴേക്ക് പതിക്കാനും ഇത് കാരണമാകും.

കാര്‍ഷിക ഉത്പാദന നിലവാരം നേരത്തെ തന്നെ താഴ്ന്ന നിലയിലാണ്. വ്യാവസായിക ഉത്പാദന സൂചിക കൂടി താഴുന്നതോടെ സേവന മേഖലയെയും ഓഹരി പോലുള്ള ധനകാര്യ ഉത്പന്നങ്ങളുടെ വിപണിയെയും കൂടുതല്‍ ആശ്രയിക്കുന്ന ഒന്നാകും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. സേവന മേഖലയില്‍ പ്രധാനം പുറം തൊഴില്‍ കരാറുകളാണ്. ധനകാര്യ ഉത്പന്ന വിപണിയെ നിയന്ത്രിക്കുന്നത് വിദേശ ധനകാര്യ സ്ഥാപനങ്ങളും. ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ഭരണം നടത്തുന്നുവെന്ന പേര് നിലനിര്‍ത്തി സ്വയം ഒരു കോളനിയായി രാജ്യം മാറുകയാണ്. അതിലേക്കുള്ള യാത്ര വേഗത്തിലാക്കുക എന്നതാണ് മന്‍മോഹന്റെയും പ്രണാബിന്റെയും അവരുടെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസി (ഇന്ദിര) ന്റെയും ദൗത്യം.
പൊതുമേഖലാ ബേങ്കുകളില്‍ സമ്പന്നരായ വ്യക്തികളും കുത്തക കമ്പനികളും നല്‍കാനുള്ള വായ്പാ കുടിശ്ശിക മാത്രം 50,000 കോടിയിലേറെ വരും. വിദേശത്തെ ബേങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണവും ഇതിലേറെയുണ്ട്. വിവിധ ഇനം കോഴകളിലായി നഷ്ടമായത് ഇവ രണ്ടിന്റെയും ഇരട്ടിയിലേറെ. ഓഹരി വിപണിയിലിടപെടാന്‍ സര്‍വ സ്വാതന്ത്ര്യവും ലഭിച്ച വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ദിനേന ചോര്‍ത്തിയെടുക്കുന്ന കോടികള്‍ വേറെ. ഇതെല്ലാം നിലനില്‍ക്കെ രൂപയുടെ മൂല്യത്തിലെ ഇടിവ്, ക്രെഡിറ്റ് റേറ്റിംഗിലെ നിലവാരക്കുറവ് എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞ് സബ്‌സിഡികള്‍ വെട്ടിക്കുറക്കുന്നതുള്‍പ്പെടെ പദ്ധതിയേതര ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ പോത്തു വണ്ടിയുടെ കാലത്തേക്ക് നയിക്കുകയാണ് ഈ വിശുദ്ധ പശുക്കള്‍. വണ്ടിയില്‍ കെട്ടുന്ന പോത്തുകള്‍ ജനങ്ങളാണ്, വണ്ടിയിലെ ചരക്ക് തമ്പ്രാന്റെ മുറ്റത്തേക്കുള്ളതാണ്.

1 comment:

  1. തിരക്കാണോ ? പുതിയ പോസ്റ്റുകൾക്ക് വിഷയമില്ലാതെ വരില്ല. പിന്നെന്താ മൗനം?

    ReplyDelete