2016-08-30

അഭ്യാസത്തിലും വിദ്യ വേണം


വിദ്യാഭ്യാസം ചെറിയ അഭ്യാസമല്ലെന്ന് ബോധ്യപ്പെട്ടവരാണ് മുന്‍കാലങ്ങളില്‍ ആ വകുപ്പ് ഭരിച്ചവരൊക്കെ, വ്യക്തിയായാലും പാര്‍ട്ടിയായാലും. അക്കാര്യം പുതിയ മന്ത്രി സി രവീന്ദ്രനാഥിനും അദ്ദേഹമുള്‍ക്കൊള്ളുന്ന സഭക്ക് നേതൃത്വം നല്‍കുന്ന പിണറായി വിജയനും ബോധ്യപ്പെട്ട് തുടങ്ങിയിട്ടേയുള്ളൂ. പാഠപുസ്തകം, സ്വാശ്രയ പ്രവേശം, പൂട്ടിപ്പോകുകയോ പൂട്ടാന്‍ വെമ്പി നില്‍ക്കുകയോ ചെയ്യുന്ന എയ്ഡഡ് സ്‌കൂളുകള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ആധിക്യം എന്നിത്യാദി കാലങ്ങളായുള്ള ചെന്നിക്കുത്തുകള്‍ ഇടവേളകളില്‍ എത്തുകയാണ്. ചിലത് ഒന്നിച്ചും. ഇതൊക്കെ മന്ത്രിയുടെയോ അദ്ദേഹമുള്‍ക്കൊള്ളുന്ന ഭരണത്തിന്റെയോ മാത്രം പ്രശ്‌നമാണെന്ന തരത്തിലാണ് മുന്‍കാലത്ത് വ്യവഹരിക്കപ്പെട്ടത്, ഇപ്പോഴും ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. ഉത്തരവാദിത്വം ചാര്‍ത്താനൊരു ചുവരു വേണമെന്നേ നമുക്കുള്ളൂ, കാര്യ കാരണങ്ങള്‍ തിരിച്ച് പരിഹാരത്തിലേക്ക് എത്തുക എന്ന നിര്‍ബന്ധം ഇല്ല തന്നെ.


സ്വാശ്രയത്തിന്റെ കാര്യമെടുത്താല്‍ അതിന്റെ ജനന, വളര്‍ച്ചാ മാര്‍ഗങ്ങള്‍ ഏതാണ്ടെല്ലാവരും മറന്നിരിക്കുന്നു. 2001ല്‍ അധികാരത്തിലേറിയ എ കെ ആന്റണി സര്‍ക്കാര്‍ പ്രൊഫഷനല്‍ കോഴ്‌സുകള്‍ നടത്തുന്നതിന് സ്വാശ്രയ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും മെറിറ്റും ബാക്കി സീറ്റില്‍ മാനേജുമെന്റുകളുടെ ഫീസും എന്നാണ് പറഞ്ഞിരുന്നത്. സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന് മുന്നോട്ടുവന്ന ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ അടക്കമുള്ളവ ഈ സമവാക്യം അംഗീകരിച്ചുവെന്നും അന്ന് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞിരുന്നു. പിന്നീടൊരു തര്‍ക്കമുണ്ടായാല്‍, വായിച്ച് ബോധ്യപ്പെടുത്താന്‍ പാകത്തില്‍ ഇതൊരു രേഖയിലാക്കാന്‍ ആന്റണി സര്‍ക്കാര്‍ മെനക്കെട്ടില്ല. അത്രക്കായിരുന്നു വിശ്വാസം. കോളജ് അനുവദിച്ചതിന് തൊട്ടുപിറകെ, നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കുമെന്ന് വിശ്വസിക്കുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് ഭരണഘടന അനുവദിച്ചിരിക്കുന്ന സവിശേഷമായ അധികാരം ചൂണ്ടിക്കാട്ടി കോടതിയില്‍ പോയി. ഭരണഘടനാദത്തമായ അവകാശത്തെ ഹനിക്കവയ്യെന്ന് കോടതി പറഞ്ഞതോടെ തുടങ്ങിയതാണ് ഈ സ്വാശ്രയത്തര്‍ക്കം.


സീറ്റുകളില്‍ ആര്‍ക്ക് അധികാരമെന്നതില്‍ തുടങ്ങിയത്, അവിടേക്ക് പ്രവേശിപ്പിക്കാന്‍ ആര് പരീക്ഷ നടത്തുമെന്നതിലേക്ക് വളര്‍ന്ന് യോഗ്യതയുടെ മാനദണ്ഡങ്ങളില്‍ ആവേശിച്ച് വളര്‍ന്നങ്ങനെ വലുതായി. കോടതികളുടെ പല തരം വിധികള്‍, സര്‍ക്കാറും മാനേജുമെന്റും തമ്മിലുണ്ടാക്കിയ പലതരം കരാറുകള്‍, വര്‍ഷം തോറും മാറിവരുന്ന ഫീസ് നിരക്കുകള്‍ എന്നിങ്ങനെ പലതിനാല്‍ സങ്കീര്‍ണമായി അതങ്ങനെ തുടരുകയാണ്. എന്‍ജിനീയറിംഗിലെ സ്വാശ്രയം സീറ്റ് നിറയാന്‍ മാത്രം കുട്ടികളെ കിട്ടാതെ വിഷമിക്കുന്നുണ്ട്. മെഡിക്കല്‍ (പ്രത്യേകിച്ച് ആംഗലേയം) സ്വാശ്രയം അങ്ങനെയല്ല. കട തുറന്നവര്‍ക്കൊക്കെ നല്ല കച്ചവടമുണ്ട്. ലാഭം വെച്ചടി വെച്ചടി കയറണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ സര്‍ക്കാറുമായി വിട്ടുവീഴ്ചക്ക് അവര്‍ തയ്യാറല്ല.


യോഗ്യതയുടെ കൈയാലപ്പടി അബദ്ധത്തില്‍ മറിഞ്ഞവരാണെങ്കിലും സമ്പത്തുണ്ടെങ്കില്‍ വൈദ്യം പഠിപ്പിക്കണമെന്നാണ് അവരുടെ മതം. അതിന് പാകത്തില്‍ സര്‍ക്കാറുകള്‍ നില്‍ക്കണമെന്നത് നിര്‍ബന്ധമാണ്. പഠിപ്പിക്കാന്‍ വേണ്ട അധ്യാപകര്‍ (യോഗ്യത രണ്ടാം മാനദണ്ഡം പോലുമല്ല) ഉണ്ടോ,  പഠിക്കാന്‍ വേണ്ട സൗകര്യങ്ങളുണ്ടോ എന്നതൊന്നും ഇക്കൂട്ടര്‍ നോക്കാറുമില്ല. സര്‍ക്കാര്‍ പോലും ഇതൊന്നും നോക്കാതെ കോളജുകള്‍ തുടങ്ങുന്ന കാലത്ത് സ്വാശ്രയന്‍മാര്‍ നോക്കണമെന്ന് പറയുന്നതില്‍ ന്യായവുമില്ല.
അരാജകത്വത്തിന്റെ ഈ കവലയില്‍ നിന്നാണ് സീറ്റിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തര്‍ക്കിക്കുന്നത്. ഫീസിന്റെയും തലവരിയുടെയും സ്വാതന്ത്ര്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിങ്ങനെ വഷളാക്കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്ന് പ്രതിപക്ഷം ആരോപിക്കും. യു ഡി എഫ് ഭരിക്കുമ്പോള്‍ എല്‍ ഡി എഫും തിരിച്ചും.


എല്ലാം നിയന്ത്രിക്കാനായൊരു നിയമം കൊണ്ടുവന്നതിന്റെ പൊള്ളല്‍ രണ്ടാം മുണ്ടശ്ശേരിയെന്ന് പേരുകേട്ട എം എ ബേബിക്കും പ്രത്യേകം വിളിപ്പേരില്ലാത്ത ഇ ടി മുഹമ്മദ് ബഷീറിനും ഇപ്പോഴും മാറിയിട്ടുണ്ടാകില്ല. അവിടെ സി രവീന്ദ്രനാഥും കെ കെ ശൈലജയും എന്തു ചെയ്യാനാണ്? തര്‍ക്ക പരിഹാര ചര്‍ച്ച, അതിലുണ്ടാകുന്ന ധാരണകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പിന്‍വലിക്കല്‍, സീറ്റുകള്‍ സര്‍ക്കാറിന്റെ പക്കലാക്കാന്‍ ശ്രമിക്കല്‍, വീണ്ടും ചര്‍ച്ച അതങ്ങനെ ആവര്‍ത്തിച്ച്, മടുത്ത് ഏതെങ്കിലുമൊരു കരയില്‍ കെട്ടുക. മാനേജുമെന്റുകള്‍ ഇച്ഛിക്കുന്ന കരയും തോണി അടുക്കുന്ന കരയും ഒന്നായിരിക്കുമെന്നതാണ് ഇതുവരെയുള്ള അനുഭവം, ഇക്കുറിയും ഭിന്നമാകില്ല. സ്വാശ്രയ വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞതാക്കിയതിന്റെ പുതിയ ഉത്തരവാദികളായി ഇവര്‍ അറിയപ്പെടും, പിണറായി സര്‍ക്കാറും.


പാഠപുസ്തക വിതരണത്തിലെ പതിവ് അവതാളമാണ് രണ്ടാമത്തേത്. പി കെ അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്, പുസ്തകം കിട്ടിയില്ലേ എന്ന് നിലവിളിച്ച് തെരുവിലിറങ്ങിയവര്‍ അധികാരത്തിലെത്തിയപ്പോഴും മാറ്റമുണ്ടായില്ലെന്ന് ചുരുക്കം. കുട്ടികളുടെ എണ്ണം കണക്കാക്കി അച്ചടിച്ചില്ല, അച്ചടിച്ചത് മുഴുവനായി വിതരണം ചെയ്തതുമില്ല. അതാണ് ഓണപ്പരീക്ഷ തുടങ്ങുമ്പോഴും പുസ്തകം കിട്ടാത്തതിന് കാരണം. കുട്ടികളുടെ കണക്കെടുത്തത് അബ്ദുര്‍റബ്ബിന്റെ കാലത്താണ്. അച്ചടിച്ചത് വിതരണം ചെയ്യാതിരുന്നത് രവീന്ദ്ര നാഥിന്റെ കാലത്തും. ഉത്തരവാദിത്വത്തെച്ചൊല്ലി കലഹിക്കാന്‍ വേണ്ടോളം വഹ ഭരണ - പ്രതിപക്ഷത്തിനുണ്ടെന്ന് ചുരുക്കം.


മുഴുവന്‍ കുട്ടികള്‍ക്കും പുസ്തകം കിട്ടിയില്ലെന്ന വിവരം വിദ്യാഭ്യാസ രംഗത്തെ സമൂലം പരിഷ്‌കരിക്കാനായി വര്‍ഷങ്ങളായി അഹോരാത്രം യത്‌നിക്കുന്ന വിദ്യാര്‍ഥി സംഘടനകളൊന്നും അറിഞ്ഞതേയില്ല. അധ്യാപകസംഘടനക്കാരും അറിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കില്‍ നാല് ദിനം കൊണ്ട് പരിഹരിക്കുമായിരുന്നുവെന്ന് മന്ത്രി പറയുമ്പോള്‍, വേണ്ടത്ര അച്ചടിച്ചുവോ, അച്ചടിച്ചവ സ്‌കൂളുകളിലെത്തിച്ചുവോ എന്നൊക്കെ അറിയാനുള്ള സംവിധാനമൊന്നും ഷഷ്ഠിപൂര്‍ത്തിയിലെത്തിയ കാലത്തും കേരള സംസ്ഥാനത്ത് ഇല്ലെന്ന് ചുരുക്കം. അത്തരമൊരു സംവിധാനത്തെയാണ് താന്‍ ഭരിക്കുന്നത് എന്നും അതിലൊരു മാറ്റവും സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നുമാണ് മന്ത്രി പറയുന്നതിന്റെ ചുരുക്കം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പാഠപുസ്തകം കൃത്യസമയത്ത് കിട്ടിയോ ഇല്ലയോ എന്നറിയുന്നതിനും അത് ഭരിക്കുന്നവരുടെ ശ്രദ്ധയില്‍കൊണ്ടുവന്ന് പരിഹാരം കാണാനും താത്പര്യമില്ലെന്നും.


ഈയുള്ളവരൊക്കെ സ്‌കൂളുകളില്‍ പഠിക്കുന്ന കാലത്തും പുസ്തകം വൈകിയിട്ടുണ്ട്, കിട്ടാതിരുന്നിട്ടുമുണ്ട്. പുസ്തകം പുതുക്കുന്ന പ്രക്രിയ വൈകി, അതുകൊണ്ട് അച്ചടി വൈകി എന്ന് തുടങ്ങി ഇന്ന് കേള്‍ക്കുന്ന കാരണങ്ങളൊക്കെ തന്നെയാണ് അന്നും കേട്ടിരുന്നത്. അതുകൊണ്ട് ആരെങ്കിലും പഠിക്കാതിരുന്നിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ലെന്ന് പറയേണ്ടിവരും. പുസ്തകം കിട്ടിയാലും പഠിക്കില്ലെന്ന് നിശ്ചയമുള്ളവര്‍ അങ്ങനെ പോകും. എങ്ങനെയും പഠിക്കുമെന്ന് നിശ്ചയിച്ചവര്‍ അങ്ങനെയും.


ആശയവിനിമയത്തിന്റെയും അച്ചടിയുടെയും സൗകര്യങ്ങള്‍ വര്‍ധിച്ച ഇക്കാലത്ത് പഴയ പോലെ ഇഴയേണ്ട കാര്യമില്ല. കുട്ടികളുടെ എണ്ണമെടുപ്പ് മുന്‍കാലത്ത്, എഴുതിക്കുത്തി അയച്ച്, അതൊക്കെ ശേഖരിച്ച് കൂട്ടിക്കിഴിച്ച് ഒക്കെയായിരുന്നു. ഫോണുണ്ടായിരുന്നു. പക്ഷേ, വിളിച്ചു പറയുന്നത് മുഖവിലക്കെടുക്കാറില്ല. തെറ്റിയാല്‍ ഫോണില്‍ പറഞ്ഞതാണോ കേട്ടതാണോ തെറ്റിയത് എന്ന സംശയം വരും. ഇപ്പോഴിതൊക്കെ ഒരു ചൂണ്ടുവിരല്‍ സ്പര്‍ശം കൊണ്ട് സാധ്യമാകും. രേഖ പറക്കും - ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയും അതില്ലാതെയും. കൂട്ടാനും കിഴിക്കാനും സോഫ്റ്റ് വെയറുകളുണ്ട്. എന്നിട്ടും കണക്കൊപ്പിക്കാനാകുന്നില്ലെങ്കില്‍, ഉത്തരവാദിത്വം അത്രയേറെയാണ്. അച്ചടിച്ച പുസ്തകങ്ങളുടെ വിതരണവും ഒരു കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കാന്‍ ഇന്ന് പ്രയാസമില്ല. എന്നിട്ടും കെട്ടിക്കിടപ്പാണെങ്കില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുദ്ദേശിച്ച് നടത്തിയ അധര വ്യായാമം മുഴുവന്‍ വ്യര്‍ഥമായെന്ന് ചുരുക്കം.


സ്റ്റേഷനറി, പര്‍ച്ചേസ്, അച്ചടി, വിദ്യാഭ്യാസം, ധനകാര്യം എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയാക്കുന്നത്. എത്ര പുസ്തകം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കും, അതിന് എത്ര പേപ്പര്‍ വേണമെന്ന് സ്റ്റേഷനറി വിഭാഗം തീരുമാനിക്കും, അതിനെത്ര തുക വേണമെന്ന് പര്‍ച്ചേസ് വിഭാഗവും. ഈ പണം ധനവകുപ്പ് അനുവദിക്കുന്ന മുറക്ക് പര്‍ച്ചേസ് വിഭാഗം വാങ്ങി  സര്‍ക്കാറിന്റെ മുദ്രണശാലക്ക് (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) നല്‍കും. ഇതാണ് തലമുറ, തലമുറ കൈമാറി കെടാതെ സൂക്ഷിക്കുന്ന ശീലം. ഒറ്റ സിറ്റിംഗില്‍ തീര്‍പ്പാക്കാവുന്ന കാര്യങ്ങളങ്ങനെ ഫയലുകളായി ഇഴഞ്ഞു നടക്കും. അതിന്മേലൊരു തീരുമാനമാകുന്ന മുറക്ക് കെ ബി പി എസില്‍ പേപ്പറെത്തും. പിന്നെത്തുടങ്ങും അച്ചടി. വേഗത്തില്‍ അച്ചടിക്കാനുള്ള സംവിധാനം കെ ബി പി എസ്സിലുള്ളതിനാല്‍ അടി തുടങ്ങിയാല്‍ പിന്നെ പ്രയാസമില്ല.


കെ ബി പി എസ് സര്‍ക്കാര്‍ സ്ഥാപനമാണ്. വേണ്ട പുസ്തകങ്ങളുടെ എണ്ണം തീരുമാനിച്ച് അറിയിച്ച് പേപ്പര്‍ വാങ്ങി അടിച്ചോളൂ എന്ന് പറയുന്നതിന് എന്താണ് മടി? കെ ബി പി എസ് നേരിട്ട് പേപ്പര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ പേപ്പര്‍ സപ്ലൈ ചെയ്യുന്നവരില്‍ നിന്നുള്ള കമ്മീഷന്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ എത്തില്ല. വര്‍ഷാവര്‍ഷം, പ്രത്യേകിച്ച് അധ്വാനമൊന്നും കൂടാതെ കിട്ടുന്ന കമ്മീഷന്‍ വേണ്ടെന്ന് വെക്കുന്നതെങ്ങനെ? പുസ്തകം അച്ചടിക്കുന്നത് കുറച്ചൊന്ന് വൈകിപ്പിച്ചാല്‍ കിട്ടാവുന്ന ഏജന്‍സിയില്‍ നിന്ന്, അടിയന്തര പ്രാധാന്യം മുന്‍ നിര്‍ത്തി വില നിശ്ചയിച്ച് പേപ്പര്‍ വാങ്ങാനാകും. അപ്പോള്‍ കമ്മീഷന്‍ തുകയൊന്ന് കൂട്ടി വാങ്ങുകയുമാകാം. ഇങ്ങനെ പുറത്തേക്ക് അറിയുന്നതും അറിയാത്തതുമായ പലതും ചേര്‍ന്നതാണ് പാഠപുസ്തക അച്ചടിയും അതിന്റെ വൈകലും. ഇതിങ്ങനെയാകയാല്‍ വരും വര്‍ഷങ്ങളിലും ഇതൊക്കെ പ്രതീക്ഷിക്കണം.


മന്ത്രി സ്ഥാനത്തിരിക്കുന്ന സി രവീന്ദ്രനാഥ് നല്ല മനുഷ്യനാണ്. ദര്‍ശന വൈഭവവുമുണ്ട്. ഇതുകൊണ്ട് മാത്രം വിദ്യാഭ്യാസത്തില്‍ അഭ്യാസിയാകില്ല. അതിനുള്ള മെയ്‌വഴക്കം അദ്ദേഹത്തിനുണ്ടോ എന്ന സംശയം ചെറിയ കാലം കൊണ്ട് തന്നെ ഉണ്ടായിരിക്കുന്നു. മന്ത്രിസഭയെ നിയന്ത്രിക്കുന്ന പഴയ കര്‍ക്കശക്കാരന്, കാര്യനിര്‍വഹണ വേഗം കൂട്ടാന്‍ പാകത്തില്‍ ഉദ്യോഗസ്ഥരെ ചലിപ്പിക്കാനാകുമോ എന്ന സംശയവും. ഇതൊക്കെ സാധിച്ചാലും നിയമമനുസരിച്ചും അല്ലാതെയും നടക്കുന്ന വലിയ കച്ചവടത്തിന്റെയും കമ്മീഷന്റെയുമൊക്കെ കടക്കല്‍ ബ്ലേഡു കൊണ്ടൊരു പോറലുണ്ടാക്കാനെങ്കിലും ഇവര്‍ക്ക് സാധിക്കുമോ? പോയ വഴിയേ അടിക്കുക, അതേ മാര്‍ഗമുള്ളൂ, അല്ലെങ്കില്‍ അതാണ് നല്ല മാര്‍ഗം.

2016-08-23

അവരുടെ കലാട്ട്, പാക്കിസ്ഥാന്റെ ബലൂച്, നമ്മുടെ കശ്മീര്‍


യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ജനസംഖ്യയില്‍ രണ്ട് ശതമാനത്തില്‍ അല്‍പ്പം അധികമേ വരൂ ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍. അവിടുത്തെ ന്യൂനപക്ഷം. 2015ല്‍ നിയമം നടപ്പാക്കേണ്ട ഏജന്‍സികളുടെ കൈകളാല്‍ വധിക്കപ്പെട്ട ആഫ്രിക്കന്‍ അമേരിക്കക്കാരുടെ എണ്ണം 1,134 ആണെന്ന് ഗാര്‍ഡിയന്‍ നടത്തിയ പഠനം പറയുന്നു. ഈ കൊലകളില്‍ 15 ശതമാനവും പൊലീസ് മാരക പ്രഹര ശേഷി ഉപയോഗിച്ചതിന്റെ ഫലമാണെന്നും.


പല മേഖലകളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന, മനുഷ്യാവകാശത്തിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്ന് വീമ്പിളക്കുന്ന സമൂഹവും ഭരണകൂടവും നിലനില്‍ക്കുന്ന ഇടത്താണ് വര്‍ണവെറിയുടെ വലുപ്പം വ്യക്തമാക്കുന്ന കണക്കുകള്‍. ഇതിങ്ങനെ തുടരുമ്പോഴും ഭൂമിയുടെ ഇതര ഭാഗങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്, വംശീയാധിക്ഷേപങ്ങളെക്കുറിച്ച്, വര്‍ണവെറിയെക്കുറിച്ച് ഒക്കെ അമേരിക്കന്‍ സമൂഹവും ഭരണകൂടവും ജാഗരൂകരാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്താനും സഖ്യരാഷ്ട്രങ്ങളെ അത് പിന്തുടരാന്‍ പ്രേരിപ്പിക്കാനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക മടിക്കാറില്ല.


യു എസ് ഭരണകൂടം നിശ്ചയിച്ച കോടതി, ഇറാഖിന്റെ പ്രസിഡന്റ് സദ്ദാം ഹുസൈന് തൂക്കുകയര്‍ വിധിച്ചതിന്റെ കാരണങ്ങളിലൊന്ന് അവിടുത്തെ ന്യൂനപക്ഷമായ കുര്‍ദുകള്‍ക്കുമേല്‍ രാസായുധം പ്രയോഗിച്ചുവെന്ന ആരോപണമായിരുന്നു. ഇറാഖ് അധിനിവേശത്തിന് കാരണമായി അമേരിക്കയും സഖ്യശക്തികളും ചൂണ്ടിക്കാട്ടിയ വിവരങ്ങള്‍ കെട്ടിച്ചമച്ചതായിരുന്നുവെന്നും അതില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് (സി ഐ എ) വലിയ പങ്കുണ്ടായിരുന്നുവെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം വ്യക്തമായിട്ടുണ്ട്.


ആയിരക്കണക്കിന് ഇറാഖികളെ കൊന്നൊടുക്കിയ, പതിനായിരക്കണക്കിന് ഇറാഖികളെ അഭയാര്‍ഥികളാക്കിയ, ശേഷിച്ച സമൂഹത്തെ ഭിന്നിപ്പിച്ച് പരസ്പരം കൊല്ലാന്‍ പ്രേരിപ്പിച്ച അധിനിവേശം സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്കന്‍ സമൂഹത്തിന് തോന്നുന്നേയില്ല. മറ്റേതെങ്കിലും രാജ്യമായിരുന്നുവെങ്കില്‍ മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചതിന്, അവര്‍ക്കുമേല്‍ അശനിപാതം നടത്തിയതിന് ഒക്കെ അതിന്റെ നേതാക്കളെ അന്താരാഷ്ട്ര കോടതിക്കു മുന്നില്‍ കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുമായിരുന്നു അമേരിക്ക.


സമ്പത്തുകൊണ്ടും ആയുധ ബലം കൊണ്ടും വന്‍ശക്തിയായി അവകാശപ്പെടുന്ന രാജ്യത്തിന് സ്വന്തം മണ്ണിലെ വര്‍ണവെറിയോ അതിന്റെ പേരിലുള്ള കൊലകളോ വലിയ കാര്യമാകില്ല. കെട്ടിച്ചമച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു രാജ്യത്തെ ചുട്ടെരിച്ചത് കുറ്റമായി തോന്നുകയില്ല. ആധിപത്യം നിലനിര്‍ത്തുന്നതിനെക്കുറിച്ചും സാമ്പത്തിക - ആയുധ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തില്‍ പുതിയ അധിനിവേശങ്ങള്‍ ആസുത്രണം ചെയ്യുന്നതിനെക്കുറിച്ചുമായിരിക്കും ചിന്ത. അതിന് പിന്തുണ ഉറപ്പാക്കും വിധത്തിലുള്ള സാമ്പത്തിക - വാണിജ്യ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരിക്കും അവര്‍ ചെയ്യുക.


ബലൂചിസ്ഥാനെയും ഗില്‍ജിത്തിനെയും പാക് അധീന കശ്മീരിനെയും കുറിച്ച് സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ പരാമര്‍ശിച്ചപ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയും ഏറെക്കുറെ അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ഭാഷയെ സ്വീകരിക്കുകയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം സൃഷ്ടിച്ച്, അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചനകള്‍ നല്‍കി രാജ്യത്തിനകത്ത് ആധിപത്യത്തിന്റെയും വിവിധ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ നടത്താനിടയുള്ള അധിനിവേശത്തിന്റെയും രാഷ്ട്രീയം വ്യവഹരിക്കുന്ന നേതാവ്, അതിര്‍ത്തിക്കപ്പുറത്തേക്കും നയം അതാണെന്ന് പറയാതെ പറയുകയാണ്്. കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണക്കുള്ള മറുപടിയായി ബലൂചിസ്ഥാനിനെ ഉയര്‍ത്തിക്കാട്ടുക വഴി, കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയാണെന്നും അത് രാജ്യത്തിന് ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്, അയല്‍ക്കാരന് മുതലെടുക്കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നതാണോ സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ എത്ര വലുതായാലും അതിലും വലുത് അയല്‍ക്കാരന്റെ വീട്ടിലുണ്ടെന്ന് പ്രഘോഷിച്ച് ഹര്‍ഷം കൊള്ളുന്നതാണോ മികവ് എന്നത് രാഷ്ട്ര നേതാക്കള്‍ ആലോചിക്കേണ്ടതാണ്, അവരെ നിശ്ചയിക്കുന്ന ജനങ്ങളും.


നൂറ്റാണ്ട് പിന്നിട്ട അധിനിവേശത്തിനും ചൂഷണത്തിനുമൊടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ വിടുമ്പോള്‍ ബലൂചിസ്ഥാന്‍ (പാക്കിസ്ഥാനില്‍പ്പെട്ട ബലൂചിനെ കലാട്ട് എന്നാണ് വിളിച്ചിരുന്നത്) സ്വതന്ത്ര പരാമാധികാര രാഷ്ട്രമായിരുന്നു. 1948ലാണ് പാക്കിസ്ഥാന്‍ ബലൂചിനെ രാജ്യത്തിന്റെ ഭാഗമാക്കുന്നത്. കലാട്ടിനെ സ്വതന്ത്ര രാഷ്ട്രമായി ഇന്ത്യയും ബ്രിട്ടനും മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ, തങ്ങള്‍ അംഗീകരിച്ചിരുന്നില്ലെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം. പ്രദേശത്തെ പാക്കിസ്ഥാന്റെ ഭാഗമാക്കുന്നതിന്, അന്ന് കലാട്ടിന്റെ പരമാധികാരിയായിരുന്ന മിര്‍ അഹ്മദ് യാര്‍ ഖാനുമായി, പലകുറി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ബല പ്രയോഗത്തിലൂടെ പാക്കിസ്ഥാനോട് ചേര്‍ത്തുവെന്നും ഔദ്യോഗിക ചരിത്രം.


തടങ്കലിലാക്കുമെന്ന് യാര്‍ ഖാനെ ഭീഷണിപ്പെടുത്തിയാണ് കലാട്ടിനെ കൂട്ടിച്ചേര്‍ത്തത് എന്ന് ബലൂചുകാര്‍ പറയുന്നു. പരമാധികാരം സംരക്ഷിക്കുന്നതിന് ബലൂചുകാര്‍ നടത്തിയ ശ്രമങ്ങളെ അടിച്ചമര്‍ത്തിയെന്നും. അതേ അടിച്ചമര്‍ത്തല്‍ ഇപ്പോഴും തുടരുകയാണെന്നാണ് അവരുടെ പക്ഷം. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിയമവിരുദ്ധ നടപടികളെത്തുടര്‍ന്ന് കാണാതായവരുടെ എണ്ണം കാല്‍ ലക്ഷമാണെന്നാണ് വിമതര്‍ പറയുന്നത്.
സ്വാതന്ത്ര്യം തേടുന്ന ജനതക്കു മേല്‍ (അത്തരം വാഞ്ഛകളെ വിഘടനവാദമായാണ് ഔദ്യോഗിക ഭരണകൂടങ്ങള്‍ വിശേഷിപ്പിക്കുക) ബോംബ് വര്‍ഷിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തെയാണ് ബലൂചിസ്ഥാനെ പരാമര്‍ശിച്ചപ്പോള്‍ നരേന്ദ്ര മോദി വിമര്‍ശിച്ചത്. അവിടെ നിന്നുള്ളവര്‍ തന്നെ നന്ദി അറിയിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പറയുമ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് വിടുതല്‍ നേടി സ്വതന്ത്ര പരമാധികാര രാഷ്ട്രമാകാനുള്ള ബലൂചികളുടെ ഇംഗിതത്തെ നാം പിന്തുണക്കുന്നുണ്ട് എന്ന് തന്നെയാണ് അര്‍ഥം.


കശ്മീരിലേക്ക് വന്നാല്‍, ആ ഭൂവിഭാഗത്തെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കിയപ്പോള്‍ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം വാഗ്ദാനം ചെയ്തിരുന്നു നമ്മുടെ നേതാക്കള്‍. ആ വാഗ്ദാനം പാലിക്കാതിരിക്കുകയും കശ്മീരിനെ യൂനിയന്റെ ഭാഗമാക്കി നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അനുവദിച്ച പ്രത്യേക അധികാരാവകാശങ്ങളൊക്കെ വെട്ടിക്കുറക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടത്തോട് എതിര്‍പ്പുണ്ടാകുക സ്വാഭാവികമാണ്. കശ്മീരികള്‍ക്ക് സ്വയം നിര്‍ണയത്തിന് അവസരമുണ്ടായാല്‍ ആ പ്രദേശം തങ്ങളുടെ ഭാഗത്തേക്ക് എത്തുമെന്ന് വിശ്വസിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടം ഇത്തരം എതിര്‍പ്പുകളെ സജീവമാക്കി നിര്‍ത്താനോ ആയുധവും പണവും പ്രദാനം ചെയ്ത് രൂക്ഷമാക്കാനോ ശ്രമിക്കുന്നു. സൈന്യമോ രഹസ്യാന്വേഷണ വിഭാഗമോ പരിശീലിപ്പിച്ച തീവ്രവാദികളെ അതിര്‍ത്തി കടത്തിവിട്ട് ആക്രമണങ്ങള്‍ നടത്തി അരക്ഷിതമാണ് കശ്മീരെന്ന് വരുത്താനും യത്‌നിക്കുന്നു. ഇതില്ലാതാക്കണമെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ആദ്യം വേണ്ടത്. അതിന് മുന്‍കൈയെടുക്കാത്തവര്‍ക്ക് (അത് ബി ജെ പിയും നരേന്ദ്ര മോദിയും മാത്രമല്ല) സ്വയം പഴിച്ചതിന് ശേഷമേ അന്യനെ കുറ്റപ്പെടുത്താന്‍ അവകാശമുള്ളൂ.


ബലൂചികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു, അവര്‍ക്കു മേല്‍ പാക് സൈന്യം ബോംബുകള്‍ വര്‍ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ കശ്മീരില്‍ ഒഴുക്കിയ ചോര കണ്ടില്ലെന്ന് നടിക്കുകയാണ്. 13 ലക്ഷം പെല്ലറ്റുകള്‍ ജനങ്ങള്‍ക്കു നേര്‍ക്ക് ഉതിര്‍ത്തത് (ബുള്ളറ്റുകളുടെയും അത് പൊഴിച്ച ജീവനുകളുടെയും കഥ വേറെ) നേട്ടമായി കാണുകയും സമാധാനപാലനത്തിന് ഇനിയും അത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവരെയാണ് ബലൂചിന് മേല്‍ പറക്കുന്ന പോര്‍ വിമാനങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നത്. വിഘടനവാദത്തിലെ പങ്കാളിത്തമോ തീവ്രവാദികളുമായുള്ള ബന്ധമോ ആരോപിച്ച് പാക് സൈന്യം കസ്റ്റഡിയിലെടുതുത്തതിന് ശേഷം കാണാതായ 25,000 പേരുടെ കഥ ബലൂചുകാര്‍ പറയുമ്പോള്‍ ഇങ്ങനെ കാണാതായ പതിനായിരങ്ങളുടെ കഥ കശ്മീരിലുമുണ്ടെന്ന് മറക്കരുത്. കശ്മീരില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളില്‍ ഒടുങ്ങിയവര്‍ ആരൊക്കെ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും. ഇവ്വിധം വാദങ്ങളൊന്നുമില്ലാത്ത ഗുജറാത്തിലെ മണ്ണില്‍, നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സൃഷ്ടിക്കപ്പെട്ട ഏറ്റുമുട്ടല്‍ കൊലകളില്‍ ഒടുങ്ങിയവരെത്ര എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും.


സ്വന്തം ജനതയെ അടിച്ചമര്‍ത്താന്‍ മാരകായുധങ്ങള്‍ പ്രയോഗിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നവര്‍, മണിപ്പൂരിലും നാഗാലന്‍ഡിലും അസമിലുമൊക്കെ ഏതു വിധത്തിലാണ് സൈന്യത്തെ ഉപയോഗിച്ചത് എന്ന് ആലോചിക്കണം. അവിടെ ഉയര്‍ന്ന ആവശ്യങ്ങള്‍ ഭരണകൂടത്തിന്റെ ഭാഷയില്‍ വിഘടനവാദവും ജനങ്ങളുടെ ഭാഷയില്‍ സ്വാതന്ത്ര്യ വാദവുമാണല്ലോ. നാഗ വിഭാഗങ്ങളുടെ പരമാധികാരമെന്ന ആവശ്യത്തില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കരാറില്‍ ഒപ്പിട്ട നാഗ സംഘടനയുടെ നേതാവ് പറഞ്ഞിട്ട് വര്‍ഷമാകുന്നതേയുള്ളൂ. ബലൂചിലെ ജനങ്ങളുടെ അവകാശങ്ങളെ അംഗീകരിക്കുകയും അവരോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഭരണ സംവിധാനം ഈ ജനതയോട് എന്ത് സമീപനമാണ് സ്വീകരിക്കുക?


സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കി,  കൊലക്കും ബലാത്സംഗത്തിനും സ്വാതന്ത്ര്യം നല്‍കിയത് തെറ്റായിപ്പോയെന്ന് തുറന്ന് പറയുമോ? അത്തരം നിയമങ്ങള്‍ ഇല്ലാതാക്കുമെന്ന് പറയുമോ? 1528 ജീവനുകളെ സൈന്യം നിഷ്‌കരുണം ഇല്ലാതാക്കി, ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടി സ്വീകരിക്കും?


വാഗ്ദാന ലംഘനം, അമിത ബലപ്രയോഗം, കൊല, ബലാത്സംഗം ഒക്കെ നമ്മുടേതാകുമ്പോള്‍ ന്യായീകരിക്കാവുന്ന, അവകാശ ലംഘനങ്ങളൊന്നുമില്ലാത്ത, അവകള്‍ ചൂണ്ടിക്കാട്ടുന്നവരെ ദേശക്കൂറില്ലാത്തവരായി ചിത്രീകരിക്കാവുന്ന വഹകളാണ്. മറ്റുള്ളവരുടെ കാര്യത്തില്‍  കുറ്റം, മനുഷ്യാവകാശങ്ങളുടെ ഹീനമായ ലംഘനം, വേണ്ടി വന്നാല്‍ ആയുധ പ്രയോഗത്തിലുടെ ഇല്ലാതാക്കേണ്ട ഭരണകൂട ഭീകരത. അതാണ് അധിനിവേശത്തിന്റെ ഭാഷ. അതിന്റെ പ്രയോഗം ലോകം പലകുറി കണ്ടതാണ്. ആ പ്രയോഗത്തെ, ലജ്ജാലേശമില്ലാതെ ന്യായീകരിക്കുന്നതും. അവിടേക്ക് ഇന്ത്യന്‍ യൂനിയനുമെത്തണമെന്നാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. ലോക പര്യടനം നടത്തി, വന്‍ശക്തികളുടെ പട്ടികയില്‍ ഞങ്ങളുമുണ്ടെന്ന് സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലെ പരാമര്‍ശങ്ങളെ കാണാന്‍. അതിനെ രാജ്യം കൂടുതല്‍ കര്‍ക്കശമായ നിലപാടിലേക്ക് മാറുന്നുവെന്നും എതിരാളിയെ അവന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ആക്രമിക്കാന്‍ കരുത്തുകാട്ടുന്നുവെന്നും വ്യാഖ്യാനിക്കാം. സ്വയം സൃഷ്ടിച്ച പുണ്ണുകള്‍ ലോകത്തിന് മുന്നില്‍ കൂടുതല്‍ മിഴിവോടെ തുറന്ന് കാട്ടുന്നുണ്ട് ഈ തന്ത്രം എന്ന മറുപുറം കൂടി അതിനുണ്ട്. അത് തുറന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാകില്ലെന്ന പ്രതീക്ഷയില്‍.

2016-08-18

പൗരനാക്കാനും പരേതനാക്കാനും


ഈ രാജ്യം ആര്‍ക്ക് ജീവിക്കാനുള്ളതാണ് എന്നതില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന് (ആര്‍ എസ് എസ്) ഒരു കാഴ്ചപ്പാടുണ്ട്. ഇതൊരു ഹിന്ദു സ്ഥാനമാകണമെന്നും ഹിന്ദു മതത്തിന്റെ രീതികള്‍ പൊതുരീതിയാകണമെന്നും അത് സ്വീകരിക്കാന്‍ സന്നദ്ധരായവര്‍ മാത്രം രാജ്യത്ത് തുടര്‍ന്നാല്‍ മതിയെന്നുമാണ് അവരുടെ കാഴ്ചപ്പാട്. അത് നടപ്പാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ പല നിലക്ക് പുരോഗമിക്കുന്നുണ്ട്. ലോക്‌സഭയില്‍ ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടുകയും നരേന്ദ്ര മോദി പരമാധികാരിയാകുകയും ചെയ്തതോടെ ഈ ശ്രമങ്ങള്‍ക്ക് വേഗം കൂടുകയും ചെയ്തു. ജനം ചിലത് നേരിട്ട് അറിയുന്നു, ചിലത് നേരിട്ടല്ലാതെയും. അറിയാതെ സ്വാംശീകരിച്ച് പോകുന്നതും കുറവല്ല.


ആര്‍ എസ് എസ്സിന്റെ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കായി ഭരണഘടനാപരവും അല്ലാത്തതുമായ ഏതാണ്ടെല്ലാ വേദികളും ഉപയോഗപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെയും വര്‍ഗീയ അജന്‍ഡകളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെയും ഭീതിയുടെ നിഴലിലേക്ക് മാറ്റി, അനുസരണ പഠിപ്പിക്കാനുള്ള ചുമതല സംഘപരിവാര സംഘടനകളോ അവരുടെ തന്നെ സൃഷ്ടികളായ, 'സാമൂഹിക വിരുദ്ധരെ'ന്ന് മോദിമാരാല്‍ വിശേഷിപ്പിക്കപ്പെടുന്നവരോ ഏറ്റെടുത്തിരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ചിലത് നിയമത്തിന്റെ മറവിലാണ്. ചില പ്രവര്‍ത്തനങ്ങള്‍ക്ക് നിയമത്തിന്റെ പിന്‍ബലം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്യുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഒരു നിയമ ഭേദഗതിയും ഒരു നിയമ നിര്‍മാണവും ഇതിന് തെളിവാണെന്ന് പറയേണ്ടിവരും.


1955ലാണ് പൗരത്വ നിയമം രാജ്യത്ത് പ്രാബല്യത്തിലായത്. അനധികൃത കുടിയേറ്റം തടയുക എന്നതായിരുന്നു നിയമത്തിന്റെ പ്രഥമോദ്ദേശ്യം. പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തങ്ങുകയോ യാത്രാരേഖകള്‍ പ്രകാരം അനുവദിക്കപ്പെട്ട കാലപരിധിയിലധികം രാജ്യത്ത് തുടരുകയോ ചെയ്യുന്നവരെ വിദേശികളായി കണക്കാക്കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതിലൊരു ഭേദഗതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്തു മതങ്ങളില്‍പ്പെട്ടവര്‍ക്ക് 1955ലെ നിയമത്തിലെ വ്യവസ്ഥ ബാധകമല്ലെന്നാണ് ഭേദഗതി. അതായത് കാലാവധിയുള്ള പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തുന്ന ഈ മതക്കാരായ ആളുകള്‍ ആറ് വര്‍ഷം രാജ്യത്ത് തുടര്‍ന്നാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് ചുരുക്കം.


പട്ടികയില്‍ നിന്ന് മുസ്‌ലിം മാത്രമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിയമ ഭേദഗതി പാര്‍ലിമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ബി ജെ പിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ലോക്‌സഭയില്‍ ബില്ല് പാസ്സാകും. രാജ്യസഭയില്‍ എന്‍ ഡി എക്ക് പോലും ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രയാസമാണ്. ഇതൊക്കെ അറിഞ്ഞിട്ടും ഭേദഗതിക്ക് ശ്രമിക്കുന്നുവെന്നതിലാണ് യഥാര്‍ഥ രാഷ്ട്രീയം.


അനധികൃക കുടിയേറ്റക്കാരില്‍ മുസ്‌ലിംകള്‍ മാത്രം എന്തുകൊണ്ട് അനഭിമതരാകുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം അന്തരീക്ഷത്തില്‍ ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളൊക്കെ ഭീകരരല്ലെങ്കിലും ഭീകരരെല്ലാം മുസ്‌ലിംകളാണ്, അവര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കൂട്ടരാണ്, അംഗബലം വര്‍ധിപ്പിച്ച് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്, സര്‍വോപരി ഇന്ത്യാ വിഭജനത്തിന് കാരണക്കാരാണ് അങ്ങനെ പല ഉത്തരങ്ങള്‍. ഈ ഉത്തരങ്ങള്‍ ഇതിനകം സൃഷ്ടിക്കപ്പെട്ട മറ്റൊരു ചോദ്യത്തെ കൂടുതല്‍ ബലത്തോടെ മുന്നില്‍ നിര്‍ത്തും. കുടിയേറ്റക്കാരെ വിശ്വസിക്കാനാവില്ലെങ്കില്‍, നിലവില്‍ പൗരന്‍മാരായി രാജ്യത്തുള്ള മുസ്‌ലിംകളെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം. പൗരത്വമുള്ള മുസ്‌ലിംകളില്‍ പലരും ഭീകരവാദക്കേസുകളില്‍


ആരോപണവിധേയരാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത സാഹചര്യം കൂടി ചൂണ്ടിക്കാട്ടപ്പെടുമ്പോള്‍ ഈ ചോദ്യത്തിന് ബലം വീണ്ടും കൂടും. പല പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത സംശയത്തിന്റെ നിഴലിന് കനം കൂട്ടുക വഴി, വര്‍ഗീയ വിഭജനത്തിന്റെ ആഴമേറ്റുക എന്ന ഉദ്ദേശ്യത്തിലാണ് പാസ്സാകാന്‍ ഇടയില്ലെന്ന് അറിഞ്ഞിട്ടും ഈ നിയമ ഭേദഗതി അവതരിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായത്.


രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍, പ്രത്യേകിച്ച് അസമില്‍, പൗരത്വം ചോദ്യംചെയ്യപ്പെട്ട് കഴിയുന്ന ആയിരക്കണക്കായ മുസ്‌ലിംകളുണ്ട്. അവരില്‍ ചിലര്‍ ദശകങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തി തലമുറകളായി ഇവിടെ കഴിയുന്നവരാണ്. മറ്റു ചിലര്‍ ബംഗ്ലാദേശികളെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാര്‍ തന്നെയാണ്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രാബല്യത്തിലായാല്‍ ഇവരെയൊക്കെ രാജ്യത്തിന് പുറത്താക്കേണ്ടിവരും. പതിനായിരക്കണക്കിന് ആളുകള്‍ പുറംതള്ളപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അത് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വളരാന്‍ സാധ്യത ഏറെയാണ്. അതൊക്കെ മുന്നില്‍ക്കണ്ട് തന്നെയാകണം ഭേദഗതിക്ക് മോദി സര്‍ക്കാര്‍ ശ്രമിച്ചത് എന്ന് കരുതണം.


രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ പുറംതള്ളുമെന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ നരേന്ദ്ര മോദിയുടെ വാഗ്ദാനമായിരുന്നു. അസം നിയമസഭയിലേക്ക് അടുത്തു നടന്ന തെരഞ്ഞെടുപ്പിലും ബി ജെ പി ഈ വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ദാനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തടയപ്പെടുകയാണെന്ന് സ്വന്തം അണികളെ ബോധ്യപ്പെടുത്തുകയും പൊതുവില്‍ തന്നെ വംശീയ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളെ കൂടുതല്‍ കലുഷിതമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യവും ഭേദഗതി നീക്കത്തിനുണ്ട്.


പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ ന്യൂനപക്ഷങ്ങളായതുകൊണ്ടാണ് ഈ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പൗരത്വ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍ ആലോചിച്ചത് എന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം. സംഘ്പരിവാരവും അവരുടെ സര്‍ക്കാറും ഇന്ത്യന്‍ യൂണിയനിലെ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയോ അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയോ അവരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയോ ഒക്കെ ചെയ്യുന്നതിനിടെയാണ് അയല്‍ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ ആകുലത രേഖപ്പെടുത്തുന്നത്. അതില്‍ ആത്മാര്‍ഥതക്ക് അപ്പുറത്ത് വൈരം മാത്രമേ കാണാനാകൂ. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭൂരിപക്ഷമായ സമുദായത്തിനെതിരെ ഭൂരിപക്ഷ വിഭാഗത്തെ അണിനിരത്തുന്നതിനൊപ്പം ഇതര ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടി ഒറ്റപ്പെടുത്താനുള്ള ഗൂഢ ബുദ്ധി. അതിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ബുദ്ധിയും.


തീവ്രവാദ/ഭീകരവാദ ശൃംഖലകളെക്കുറിച്ച് വിവരം ശേഖരിക്കാന്‍ നടത്തുന്ന രഹസ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമ നിര്‍മാണമാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന രണ്ടാമത്തേത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിക്കുന്നവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയാണ് സ്വാഭാവികമായും ഇവിടെ ഉയരുക. അതിന് ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന് രാജ്യത്തോടുള്ള അകമഴിഞ്ഞ സ്‌നേഹം, ഇതുവരെ ആര്‍ക്കുമുണ്ടായില്ലല്ലോ എന്ന തോന്നലും. പക്ഷേ, യാഥാര്‍ഥ്യം മറിച്ചാണ്.


നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ അരങ്ങേറിയ ഏറ്റുമുട്ടലുകളില്‍ വലിയൊരു പങ്ക് വ്യാജമാണെന്ന ആരോപണം നിലവിലുണ്ട്. സാദിഖ് ജമാല്‍, സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഇശ്‌റത് ജഹാന്‍ എന്നീ പേരുകളില്‍ പ്രസിദ്ധമായ കേസുകള്‍, നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അതില്‍ ആരോപണവിധേയരായവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും.
നരേന്ദ്ര മോദിയെയോ ബി ജെ പിയുടെ ഇതര മുതിര്‍ന്ന നേതാക്കളെയോ ലക്ഷ്യമിട്ടെത്തിയ ലശ്കറെ ത്വയ്യിബ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന വിശദീകരണമാണ് കൊലപാതകം നടന്ന സമയത്ത് പോലീസ് നല്‍കിയിരുന്നത്. നേതാക്കളെ ലക്ഷ്യമിട്ട് ലശ്കറെ ത്വയ്യിബ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തെളിവായി ഹാജരാക്കപ്പെടുകയും ചെയ്തു.


ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കുകയായിരുന്നുവെന്നും നടന്നത് ഏറ്റുമുട്ടലാണെന്ന് തെളിയിക്കാന്‍ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ ആയുധങ്ങള്‍ നിക്ഷേപിച്ചത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും ആരോപണമുണ്ടായി. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. ഈ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കേണ്ടത് നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെ അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷായുടെയും അവരുടെ കീഴിലുള്ള സര്‍ക്കാറിന്റെയും ബാധ്യതയാണ്. അതിന് വേണ്ടിയാണ് പുതിയ നിയമ നിര്‍മാണമെന്ന് തിരിച്ചറിയുമ്പോഴാണ്, ചോരക്കറ പുരണ്ടതാണ് രാജ്യസ്‌നേഹമെന്ന് മനസ്സിലാകുക.


വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ 'രഹസ്യ വിവര'ങ്ങള്‍ പ്രദാനം ചെയ്യുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കാന്‍, ഏറ്റുമുട്ടലുകളുടെ ആധികാരികത ചോദ്യം ചെയ്ത് ഇത്തരം ഉദ്യോഗസ്ഥരുടെ 'മനോവീര്യം' തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിയന്ത്രിക്കാന്‍ ഒക്കെ ഉദ്ദേശിക്കുന്നുണ്ടാകണം സര്‍ക്കാര്‍. രാജ്യ സുരക്ഷക്കെന്ന പേരില്‍ ഭരണകൂടവും അതിന്റെ ആയുധങ്ങളും നടത്തുന്ന നടപടികള്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങളില്‍ ഒന്നുമാത്രമാകണം ഈ നിയമ നിര്‍മാണ നിര്‍ദേശം.
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം, രാജ്യത്ത് ചില ഭാഗങ്ങളിലെങ്കിലും നിലവിലുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുക്കാന്‍, വേണമെങ്കില്‍ ഇല്ലാതാക്കാന്‍ ഒക്കെ അവകാശം സൈനികര്‍ക്ക് നല്‍കുന്ന ഈ നിയമം, ഇത്തരം സംഭവങ്ങളുടെ പേരിലുള്ള നിയമ നടപടികളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ഇതിന്റെ മറ്റൊരു പതിപ്പാണ് പുതിയ നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


സ്വാതന്ത്ര്യം സപ്തതി ആഘോഷിക്കുകയാണ്; ലഭ്യമായ സ്വാതന്ത്ര്യങ്ങളില്‍ ഏതൊക്കെയാണ് പരിമിതപ്പെടുത്തുന്നത്, ഇല്ലാതാക്കപ്പെടുന്നത് എന്നീ സംശയങ്ങള്‍ ശക്തമാകുന്നതിനിടെ. അതിനൊപ്പമാണ് ജനതയെ കൂടുതല്‍ ഭിന്നിപ്പിക്കാനും കൂടുതല്‍ അടിച്ചമര്‍ത്താനും ലക്ഷ്യമിട്ടുള്ള നിയമ നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഹിന്ദുത്വയുടെ അതിരുകള്‍ക്കുള്ളിലാണ് നിങ്ങളുടെ സ്വാതന്ത്ര്യമെന്ന് നിയമത്തിലും പുറത്തും പറയാന്‍ ശ്രമിക്കുകയാണ് സംഘപരിവാരം. ആ പാരതന്ത്ര്യമാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്നും.

2016-08-15

കരുണാനിധിയും ഉസൈന്‍ ബോള്‍ട്ടും


''ഹൊ, ഈ കൊരന്തന്‍മാര് ഇത്തവണയുമുണ്ടോ?''
അഞ്ചാം ക്ലാസ്സിലെ അവസാന ബഞ്ചിലേക്കായിരുന്നു മേരിക്കുട്ടി ടീച്ചറുടെ ചോദ്യം.

ബഞ്ചില്‍ തിങ്ങിയിരുന്നവരില്‍ ചിലരുടെ മുഖം താണു. കരുണാനിധിയുടെ മുഖത്ത് വിടര്‍ന്ന ചിരി. സന്തോഷമാണോ സങ്കടമാണോ എന്ന് മനസ്സിലാകാത്ത ഒന്ന്. സുബ്രഹ്മണ്യന്റെ മുഖത്ത് വികാരമുണ്ടായില്ല. എത്രാമത്തെ തവണയാണ് ഈ ചോദ്യം കേള്‍ക്കുന്നത് എന്ന ഭാവം.

അഞ്ചാം ക്ലാസ്സില്‍ അഞ്ചാമത്തെ കൊല്ലമായിരുന്നു രണ്ട് പേര്‍ക്കും.

എനിക്ക് കൗതുകമേറ്റിയത് കരുണാനിധിയെന്ന പേരായിരുന്നു. അന്നോളം അങ്ങനെയൊരു പേര് ആര്‍ക്കും കേട്ടിട്ടില്ല. പേരിന്റെ കഥ സുബ്രഹ്മണ്യന്‍ ഇങ്ങനെ പറഞ്ഞു - ''ഇവന്‍ പാണ്ടിയാ... അവിടത്തെ ഏതോ വല്യ മൂപ്പീന്നിന്റെ പേരാ ഇവന്....''

കരുണാനിധി തമിഴനാണ്. ജനിച്ചതും വളര്‍ന്നതുമൊക്കെ എറണാകുളം ജില്ലയിലെ കളമശ്ശേരിക്കടുത്ത്. അപ്പനും അമ്മക്കും കൂലിപ്പണി. ഇടക്കൊക്കെ കരുണാനിധിയും പണിക്ക് പോകും. പണിക്ക് പോകാത്തപ്പോള്‍ സ്‌ക്കൂളില്‍ വരും.

പിന്നീട് വന്ന ഓരോ അധ്യാപകരും ഇവരെ കളിയാക്കി. ബഞ്ചിന് ഭാരമാകാന്‍ എന്തിനിങ്ങോട്ട് പോരുന്നുവെന്ന് വരെ ചോദ്യങ്ങള്‍.

ക്ലാസില്‍ വന്ന ദിവസമൊക്കെ ഇവര്‍ക്ക് അടി കിട്ടി. ചോദ്യത്തിന് ഉത്തരങ്ങളില്ലാത്തതിന്, ഹോം വര്‍ക്ക് ചെയ്യാത്തതിന്, കോപ്പി എഴുതാത്തതിന്, പുസ്തകം കൊണ്ടുവരാത്തതിന്, ക്ലാസില്‍ സംസാരിച്ചതിന് ഒക്കെ. പരീക്ഷകള്‍ക്ക് ശേഷമുള്ള പ്രോഗ്രസ് കാര്‍ഡ് വിതരണം ഇവരുടെ അവഹേളന വേദികളായിരുന്നു. അവസാനത്തു നിന്ന് ഒന്നാമന്‍ കരുണാനിധി. എന്തിനിങ്ങോട്ട് പോരുന്നുവെന്ന ചോദ്യത്തോട് അവന്‍ ചിരിച്ചു. കണ്ടു പഠിക്കാനായി അധ്യാപകര്‍ ചൂണ്ടിക്കാട്ടിയ പഠിപ്പിസ്റ്റുകളെ നോക്കിയും ചിരിച്ചു.

'ഒന്നു പോടെര്‍ക്ക, ചൊല്ലിപ്പഠിക്കാന്‍ എല്ലാര്‍ക്കും പറ്റോ?'' എന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ ആത്മഗതം പറഞ്ഞു. പിന്നെയും ചിരിച്ചു.
ഹെഡ്മാസ്റ്റര്‍ അന്തപ്പന്‍ സാറിന്റെ മിന്നല്‍ പരിശോധനയിലൊക്കെ പിന്‍ ബഞ്ചുകാരുടെ പിറകില്‍ അടി വീണു, കാരണങ്ങളില്ലാതെ. അടി മടുത്തെങ്കിലും ഇവന്‍മാര്‍ നിര്‍ത്തിപ്പോയെങ്കില്‍ എന്ന് അന്തപ്പന്‍ സാറിന്റെ ആത്മഗതം, എല്ലാവരും കേള്‍ക്കെ.
അടിയേക്കാള്‍ ഊക്കുള്ള പരിഹാസം.

പരിഹാസങ്ങളുടെ മൂര്‍ധന്യത്തില്‍ മലായാളം വാധ്യാരോട് കരുണാനിധി ഇടഞ്ഞു. പാഠം പഠിച്ചില്ലേലും ഒന്നാമനാകാം സാറേ എന്ന്. നീയൊന്നും ഒരിക്കലുമാകില്ലെന്ന് വാധ്യാരുടെ മറുപടി.

അന്നുച്ചക്ക് കരുണാനിധി പറഞ്ഞു, 'ഞാന്‍ ഓട്ട മത്സരത്തിന് ചേരും.'
സ്‌ക്കൂളിലന്ന് കായികമേളയല്ല - ഓട്ടവും ചാട്ടവും മത്സരമാണ്.
ഓട്ടത്തില്‍ നാലിനമോ മറ്റോ ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ. മൂന്നിനത്തിന് കരുണാനിധി പേരു കൊടുത്തു.

മൂന്നിലും ഒന്നാമനായി, പതിവു പോലെ ചിരിച്ചു.

അവന്റെ ഓട്ടം ഓര്‍മയിലുണ്ട്, കൈകള്‍ ശരീരത്തില്‍ നിന്ന് അധികം അകറ്റാതെ വീശിക്കൊണ്ട്...എല്ലാ പരിഹാസങ്ങളെയും തോല്‍പ്പിക്കുമെന്ന് മുഖത്ത് ഉറപ്പിച്ച്...പാണ്ടിയെന്ന കളിയാക്കലിനെ കരിച്ച് കളയാനുള്ള തീ കണ്ണില്‍ സൂക്ഷിച്ച്....ഈര്‍ക്കിലിയില്‍ കോര്‍ത്ത മധുരവും നിറവും ചേര്‍ത്ത ഐസില്‍ തീരുന്ന ഉച്ചഭക്ഷണം കാലുകളുടെ കരുത്തിനെ ചോര്‍ത്തില്ലെന്ന വിശ്വാസത്തില്‍...ചിരിയില്‍ അമര്‍ത്തിയ നിലവിളി പുറത്തേക്ക് ഒഴുക്കും പോലെ...

സബ് ജില്ലയിലും ജില്ലയിലും അവന്‍ ഒന്നാമനായി. സംസ്ഥാനത്തേക്ക് പോയില്ല.

- - - - -
2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ട് ഓടിക്കയറിയപ്പോള്‍, അതിലൊരു നിലവിളിയുടെ കരുത്തുണ്ടെന്നാണ് ആദ്യം തോന്നിയത്. ഒളിംപിക്‌സിനെക്കുറിച്ചൊരു പ്രോഗ്രാം ചെയ്തപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗത്തിനൊപ്പം പണ്ഡിറ്റ് ജസ്‌രാജിന്റെ ആലാപനം ചേര്‍ത്തു. മനസ്സിനെ ഉലക്കുന്ന രാഗവിസ്താരം തെരഞ്ഞെടുത്തത് ബിജു റഹ്മാനായിരുന്നു (ക്യാമാറാമാന്‍ - അന്ന് ഇന്ത്യാവിഷനില്‍).

അന്ന് ഉസൈന്‍ ബോള്‍ട്ടിന്റെ ഓട്ടം കണ്ടപ്പോള്‍ ആദ്യം ഓര്‍മയിലെത്തിയത് കരുണാനിധിയായിരുന്നു. അന്ന് വെറുതെ എഴുതിവെച്ചതാണ് മുകളില്‍ ചേര്‍ത്ത കുറിപ്പ്. വാക്യങ്ങളില്‍ ചിലത് ചെറുതാക്കിയെന്ന് മാത്രം.

2016-08-11

ജി എസ് ടി: സമ്പത്തിനപ്പുറത്തെ രാഷ്ട്രീയംമൂല്യ വര്‍ധിത നികുതിയെ ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് - ജി എസ് ടി) കൊണ്ട് ആദേശം ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. പല കാരണങ്ങളാല്‍ നീണ്ടുപോയ സംഗതി, ഭരണഘടനാ ഭേദഗതി രാജ്യസഭ പാസ്സാക്കിയതോടെ വൈകാതെ പ്രാബല്യത്തിലാകുമെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. ലോക്‌സഭ നേരത്തെ പാസ്സാക്കിയ ബില്ലിന് രാജ്യസഭയുടെ അംഗീകാരം വാങ്ങുന്നതിന് ചില ഭേദഗതികള്‍ വരുത്തിയിരുന്നു. അതുകൊണ്ട് ബില്ല് വീണ്ടും ലോക്‌സഭ പാസ്സാക്കി സംസ്ഥാന നിയമസഭകളുടെ ഭൂരിഭാഗത്തിന്റെ അംഗീകാരം കാക്കുകയാണ്. അതിന് ശേഷം ജി എസ് ടി നടപ്പാക്കുന്നതിനുള്ള കൗണ്‍സില്‍ ചേര്‍ന്ന് നികുതി നിരക്കുകള്‍ നിശ്ചയിക്കണം. നിരക്കുകള്‍ നിശ്ചയിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത് പരിഹരിക്കണം. അങ്ങനെ കടമ്പകള്‍ പലതുണ്ട് ജി എസ് ടി പ്രാബല്യത്തിലാക്കുന്നതിന്.


പുതിയ നികുതി സമ്പ്രദായം എത്രയും വേഗം നടപ്പാക്കണമെന്ന ആഗ്രഹം നരേന്ദ്ര മോദി സര്‍ക്കാറിനുണ്ട്. 2017 എപ്രില്‍ ഒന്നിന് ജി എസ് ടി പ്രാബല്യത്തിലാകാനാണ് വഴി. അതുപോലും വളരെ അകലെയാണെന്നാണ് നരേന്ദ്ര മോദി - അരുണ്‍ ജെയ്റ്റ്‌ലി - അമിത് ഷാ അച്ചുതണ്ടിന്റെ തോന്നല്‍. എത്രയും വേഗം പുതിയ സമ്പ്രദായം നടപ്പാക്കിയാലേ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താന്‍ പാകത്തിലുള്ള സാമ്പത്തിക ഉത്തേജനം സാധ്യമാകൂ എന്ന് അവര്‍ കരുതുന്നു. ഇതറിയാതെയല്ല കോണ്‍ഗ്രസും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഭരണഘടനാ ഭേദഗതി ബില്ല് പാസ്സാക്കുന്നതിന് രാജ്യസഭയില്‍ കൈ ഉയര്‍ത്തിയത്. ഇടതുപക്ഷമാകട്ടെ, പുതിയ നികുതി സമ്പ്രദായം നിലവില്‍ വരുന്നത് ഫെഡറല്‍ സമ്പ്രദായത്തെ ഏത് വിധത്തില്‍ ബാധിക്കുമെന്ന ഗൗരവമുള്ള പ്രശ്‌നം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ അതിനെ അനുകൂലിക്കാന്‍ തീരുമാനിച്ചു.


സ്വാതന്ത്ര്യത്തിന്റെ ആദിയില്‍ പൊതുവില്‍പ്പന നികുതിയായിരുന്നു പ്രാബല്യത്തില്‍. അസംസ്‌കൃത വസ്തുക്കള്‍ക്കൊക്കെ നികുതി. അവ വാങ്ങിയുണ്ടാക്കുന്ന ഉത്പന്നത്തിന്റെ വിലയുടെ അടിസ്ഥാനത്തില്‍ പുതിയ നികുതി. അങ്ങനെ നികുതിക്കു മേല്‍ നികുതി ചുമത്തപ്പെടുന്ന സാഹചര്യമുണ്ടായി. ഈ അനീതി ഒഴിവാക്കാനാണ് മൂല്യവര്‍ധിത നികുതിയിലേക്ക് മാറിയത്. മൂല്യം വര്‍ധിപ്പിക്കുന്ന ഘട്ടങ്ങളിലൊക്കെ നികുതി എന്ന രീതി. നികുതിക്കു മേല്‍ നികുതി എന്നത് ഒഴിവായി. അപ്പോഴും സംസ്ഥാനങ്ങള്‍ക്കിടയില്‍ നികുതിയില്‍ അന്തരം തുടര്‍ന്നു. റവക്കും അരിക്കും തമിഴ്‌നാട്ടിലുള്ള നികുതിയാകണമെന്നില്ല കേരളത്തില്‍ എന്ന് ചുരുക്കം. ഇത് കമ്പോളത്തില്‍ മത്സരിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് വന്‍കിടക്കാര്‍ക്ക് തലവേദനയായി.


രാജ്യമാകെ ഒറ്റ നികുതായായാല്‍ ഒറ്റക്കമ്പോളം മുന്‍നിര്‍ത്തി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാമെന്ന സൗകര്യം. റിലയന്‍സിനെയും ടാറ്റയെയും ബിര്‍ളയെയും പോലുള്ള ആഭ്യന്തര കുത്തകകളൊക്കെ ചില്ലറ വില്‍പ്പന രംഗത്തേക്ക് പ്രവേശിക്കുകയും വിദേശ വന്‍കിട കമ്പനികള്‍ വൈകാതെ ഈ രംഗത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജി എസ് ടി പ്രാബല്യത്തിലാകുന്നത്. ഈ കമ്പനികളെയൊന്നും നിരാശപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്നത് കൊണ്ടുകൂടിയാണ് രാഷ്ട്രീയ എതിര്‍പ്പ് മാറ്റിവെച്ച് ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണക്കാന്‍ അവര്‍ തീരുമാനിച്ചത്. വന്‍കിട ഉത്പാദകര്‍ക്കും ഹിതകരം ഏകീകൃത നികുതിയാണ്. ചെറുകിട, ഇടത്തരം ഉത്പാദകരെ പിന്തള്ളി വിപണിയില്‍ ആധിപത്യം നേടാന്‍ സംസ്ഥാനങ്ങളുടെ അതിരുകള്‍ ബാധകമല്ലാത്ത നികുതി സഹായിക്കുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. ഈ വന്‍കിട ഉത്പാദകരെയും പിണക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.


ഏകീകൃത നികുതി, രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തെ ഏത് വിധത്തില്‍ ബാധിക്കുമെന്ന ഗൗരവമുള്ള സംശയമാണ്, ഭരണഘടനാ ഭേദഗതിയെ പിന്തുണക്കുമ്പോഴും, ഇടതുപക്ഷം ഉയര്‍ത്തിയത്. ഗൗരവമുള്ള സംശയം ഉന്നയിച്ച് കൊണ്ട് പുതിയ സമ്പ്രദായത്തെ എങ്ങനെ പിന്തുണക്കുമെന്നത് രാഷ്ട്രീയമായി അവര്‍ ഉത്തരം പറയേണ്ട ചോദ്യമാണ്. ഗൗരവമുള്ള ഈ ചോദ്യത്തിന് ഉത്തരമുണ്ടാകുന്നില്ല എന്നത് സാധാരണ ഉപഭോക്താവ്, ചെറുകിട - ഇടത്തരം ഉത്പാദകര്‍, ചെറുകിട - ഇടത്തരം കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഭാവിയില്‍ തലവേദനയായേക്കാം. സംസ്ഥാനങ്ങള്‍ക്ക് നികുതിക്ക് മേല്‍ അധികാരമില്ലാത്തത്, ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുണ്ട്. ഏതെങ്കിലുമൊരു ഉത്പന്നത്തെ കമ്പോളത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തി ഉത്പാദകര്‍ക്ക് ആശ്വാസം പ്രദാനം ചെയ്യാനുള്ള സാധ്യതകളെയും ഇല്ലാതാക്കിയേക്കും.


വിവിധ രാഷ്ട്രങ്ങളുമായി രാജ്യമുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറുകള്‍, കമ്പോളത്തില്‍ തുല്യ നിലയില്‍ മത്സരിക്കാന്‍ അവസരം പ്രദാനം ചെയ്യും വിധത്തിലായിരുന്നു. എതെങ്കിലും ഉത്പന്നത്തിന്റെ ഇറക്കുമതിച്ചുങ്കം പരിധിയിലധികം ഉയര്‍ത്തി നിര്‍ത്തി ആഭ്യന്തര ഉത്പന്നത്തിന് വില ഉയര്‍ത്തി നിര്‍ത്താനോ അതുവഴി ഉത്പാദകര്‍ക്ക് സഹായം ചെയ്യാനോ രാജ്യങ്ങള്‍ക്ക് സാധിക്കാത്ത സ്ഥിതിയുണ്ടായി. അതിന്റെ ദൂഷ്യം ഏറ്റവുമധികം അനുഭവിക്കുന്നത് ഉത്പന്ന വൈവിധ്യമുള്ള ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളാണ്. റബര്‍, കാപ്പി, തേയില, ഏലം തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വില ആഭ്യന്തര വിപണിയില്‍ ഇടിയുന്നതിനും കര്‍ഷകര്‍ പ്രതിസന്ധിയിലാകുന്നതിനും ഒരു കാരണം അതാണ്.


നികുതികളൊക്കെ കേന്ദ്ര സര്‍ക്കാറോ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ആധിപത്യമുള്ള കൗണ്‍സിലോ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായാല്‍, നികുതി നിരക്കുകള്‍ വിവിധ രാഷ്ട്രങ്ങളുമായുണ്ടാക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകളിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുള്ളതാകാന്‍ സാധ്യത ഏറെയാണ്. ഇത്തരം കരാറുകളുടെ ആഘാതം കുറക്കുന്നതിന് സ്വീകരിക്കാവുന്ന വൈക്കോല്‍ തണ പോലും സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുമെന്ന് ചുരുക്കം.
നികുതി പിരിക്കാനുള്ള അധികാരം കേന്ദ്രീകരിക്കപ്പെടുക എന്നാല്‍, സാമ്പത്തിക അധികാരം മാത്രമല്ല രാഷ്ട്രീയാധികാരം കൂടിയാണ് കേന്ദ്രീകരിക്കപ്പെടുന്നത്. ഏകാധിപത്യ പ്രവണതയുള്ള നേതാവും ഫാസിസ്റ്റ് മനോഭാവമുള്ള, വര്‍ഗീയത അടിസ്ഥാനദര്‍ശനമായ പാര്‍ട്ടിയും അധികാരത്തിലിരിക്കെ അതുണ്ടാക്കാവുന്ന അപകടം ചെറുതല്ല.


നികുതി നിരക്കുകള്‍ നിര്‍ണയിക്കാന്‍ നിര്‍ദേശിക്കപ്പെട്ട കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാരാണ് അംഗങ്ങളായുണ്ടാകുക. ബി ജെ പിയുടെ പ്രതിനിധികള്‍ ഇവിടെ ഭൂരിപക്ഷമാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍, കേന്ദ്രീകരിക്കപ്പെടുന്ന സാമ്പത്തിക - രാഷ്ട്രീയ അധികാരം സ്വന്തം താത്പര്യങ്ങളുടെ വിപുലീകരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത കുറവല്ല തന്നെ. വര്‍ഗീയ രാഷ്ട്രീയത്തെ സ്വാഗതം ചെയ്യാന്‍ സന്നദ്ധമല്ലാത്ത ഒരു ജനതയെ, സാമ്പത്തിക അധികാരം ഉപയോഗിച്ച് രാഷ്ട്രീയമായി ലക്ഷ്യമിടാന്‍ ഈ ഭരണകൂടത്തിന് മടിയുണ്ടാകില്ലെന്ന് ചുരുക്കം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ ഏത് വിധേയനയും അട്ടിമറിച്ച് ഭരണം പിടിക്കാന്‍ മടി കാട്ടുന്നില്ല ഇവരെന്നതും അതിന് കേന്ദ്രത്തിലെ അധികാരം ഉപയോഗിക്കുന്നുവെന്നതും ഇതിനകം കണ്ടതാണ്. നീതിന്യായ സംവിധാനത്തിന്റെ ഇടപെടലാണ് പലേടത്തും വിഘാതമുണ്ടാക്കിയത്.


രാജ്യത്തെ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഇന്നും അസംഘടിത മേഖലയിലാണ്, ചെറുകിട - ഇടത്തം ഉത്പാദനശാലകളില്‍ തൊഴിലെടുക്കുന്നവര്‍. ഏകീകൃത നികുതി സമ്പ്രദായത്തിന്റെ ആനുകൂല്യത്തില്‍ വന്‍കിടക്കാര്‍ കമ്പോളം പിടിച്ചെടുക്കാന്‍ തുടങ്ങിയാല്‍ ഈ ഉത്പാദനശാലകള്‍ നിശ്ചലമാകും. അതായത് രാജ്യത്തെ അസംഘടിത മേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ പുറംതള്ളപ്പെടാന്‍ സാധ്യത ഏറെയാണ്. ഈ പ്രക്രിയയും അതുമൂലമുണ്ടാകുന്ന സാമൂഹിക സാഹചര്യവും ഏറ്റവുമധികം തുണക്കുക, വൈവിധ്യങ്ങളെ ഇല്ലാതാക്കി വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നവരെയാണ്.


ഭാവി രാഷ്ട്രീയത്തെ നിര്‍ണയിക്കാന്‍ പാകത്തിലുള്ളതാണ് ജി എസ് ടി നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതിയെങ്കില്‍, അത് രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തെ ഹനിക്കാന്‍ ഇടയുണ്ടെങ്കില്‍, അധികാര കേന്ദ്രീകരണം ലക്ഷ്യമിടുന്ന സംഘം അധികാരം കൈയാളുന്ന കാലത്ത് ഫെഡറല്‍ സമ്പ്രദായത്തിനുണ്ടാകുന്ന ഏത് ഹാനിയും വലിയ ആഘാതം സൃഷ്ടിക്കാനിടയുണ്ട് എങ്കില്‍ ഭരണഘടനാ ഭേദഗതിയെ പിന്തുണക്കുക വഴി, ഇടതുപക്ഷം വലിയ അബദ്ധമാണ് ചെയ്തത് എന്ന് കരുതേണ്ടിവരും. ഇത്തരം വെല്ലുവിളികളെയൊക്കെ അതിജീവിക്കാനുള്ള കരുത്ത് ഭരണഘടനാ ദത്തമായ ജനാധിപത്യ സമ്പ്രദായത്തിനുണ്ട് എന്ന് ആശ്വസിക്കാം. പക്ഷേ, ആ ആശ്വാസം ഇല്ലാതാക്കാനുള്ള കരുത്ത് ആര്‍ജിക്കലാണ് സംഘ്പരിവാരത്തിന്റെ ലക്ഷ്യമെന്നത് മറന്നുപോകരുതെന്ന് മാത്രം. അത് മറക്കുന്നതുകൊണ്ടാണ് ഭരണഘടനയുടെ അടിസ്ഥാന ദര്‍ശനത്തെ ലംഘിക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴും പ്രായോഗിക കാരണങ്ങള്‍ നിരത്തി പുതിയ നികുതി സമ്പ്രദായത്തെ ഇടതുപക്ഷം പിന്തുണച്ചത്.


ഉത്പാദക സംസ്ഥാനമെന്ന സ്ഥാനം നേരത്തെ തന്നെ ഇല്ലാതാകുകയും ഉപഭോക്താവെന്ന സ്ഥാനം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് പുതിയ നികുതി സമ്പ്രദായം തത്കാലത്തേക്ക് ഗുണകരമാണ്. ഖജനാവിലേക്കുള്ള ധനത്തിന്റെ ഒഴുക്ക് കൂടിയേക്കും. കൂടുതല്‍ സേവനങ്ങളെ നികുതിക്ക് വിധേയമാക്കാനുള്ള അധികാരം ലഭിക്കുന്നതും വിഭവ സമാഹരണത്തിന് സഹായിച്ചേക്കക്കും. പക്ഷേ, കാര്‍ഷിക - വ്യാവസായിക ഉത്പാദനത്തില്‍ നിലവിലുള്ളത് നിലനിര്‍ത്താനോ കൂടുതല്‍ വളരാനോ സാധിക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നതില്‍ സംശയമുണ്ട്? ഇപ്പോള്‍ തന്നെ പ്രതിസന്ധി നേരിടുന്ന പരമ്പരാഗത മേഖലകളെ പുതിയ സാഹചര്യം ഏത് വിധത്തില്‍ ബാധിക്കുമെന്നതില്‍ എന്തെങ്കിലും ആലോചന നടന്നതായി അറിവില്ല. നിലവില്‍ പ്രതിസന്ധി നേരിടുന്ന മേഖലകളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ജി എസ് ടി കാരണമാകുമോ എന്ന ശങ്ക കേരളത്തെ സംബന്ധിച്ച് അസ്ഥാനത്തല്ല.


ജി എസ് ടി എത്രയും വേഗം പ്രാബല്യത്തിലായാല്‍ രാജ്യത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കിന് വേഗം കൂടുമെന്നും വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നുമൊക്കെയാണ് മോദി - ജെയ്റ്റ്‌ലി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. യാഥാര്‍ഥ്യവുമായി എത്രത്തോളം ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ പ്രതീക്ഷയെന്നതും ചോദ്യംചെയ്യപ്പെടുന്നു. ജനം വഹിക്കുന്ന നികുതിയുടെ നിരക്കിനേക്കാളേറെ, പരമാവധി ലാഭമുറപ്പിക്കാവുന്ന ചൂഷണാവസരമാണ് നിക്ഷേപത്തിന് ഹേതു.

2016-08-08

പശു സംരക്ഷകരും സാമുഹിക വിരുദ്ധരും (ശതമാനക്കണക്ക്)


പ്രജാപതി മൗനം ഭഞ്ജിച്ചുവെന്നാണ് വരിഷ്ഠ പത്രകാര്‍ അച്ചുനിരത്തിയത്. പശു സംരക്ഷകരെന്ന പേരില്‍ രാജ്യത്ത് പ്രത്യക്ഷപ്പെടുന്നവരില്‍ 70 മുതല്‍ 80 വരെ ശതമാനം സാമുഹിക വിരുദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ അതൊരു മൗന ഭഞ്ജനമായി വരിഷ്ഠ പത്രകാരന്‍മാര്‍ക്ക് തോന്നുന്നുവെങ്കില്‍ ക്ഷീണം പ്രജാപതിക്ക് തന്നെയാണ്. ഈ ഭഞ്ജനം ഏതെങ്കിലും വിധത്തില്‍ സംഘ്പരിവാരം ഇതിനകം വ്യക്തമാക്കിയ നിലപാടുകളില്‍ നിന്ന് ഭിന്നമാകുന്നുണ്ടോ എന്ന പരിശോധന വേറെ തന്നെ നടക്കണം.


മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ മാട്ടിറച്ചി നിരോധം ഏര്‍പ്പെടുത്തുകയും കൈവശം വെക്കുന്നത് പോലും ജയില്‍ ഉറപ്പാക്കുന്നതാണെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുകയും ചെയ്തത് മുതല്‍ രാജ്യത്തെല്ലായിടത്തും നിരോധമെന്ന പഴയ ആവശ്യം സംഘ്പരിവാരം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. പശുവിനെ കശാപ്പു ചെയ്തുവെന്നോ പശുവിറച്ചി സൂക്ഷിച്ചുവെന്നോ ഒക്കെ ആരോപിച്ച് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍, മുഹമ്മദ് അഖ്‌ലാഖിനെ ഒരു സംഘം വര്‍ഗീയവാദികള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലിക്കടത്ത് ആരോപിച്ച് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഘ്പരിവാരം പിന്തുടരുന്ന അസഹിഷ്ണുത, അതിനോട് ഭരണകൂടം തുടരുന്ന നിസ്സംഗ മനോഭാവം എന്നതിലൊക്കെ പ്രതിഷേധമുണ്ടായപ്പോള്‍ രാഷ്ട്രപതിയുടെ വാക്കുകളോട് യോജിക്കുന്നുവെന്നതിലൊതുങ്ങിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. അതുവെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തേത് വരിഷ്ഠ പത്രകാര്‍ പറയുംപോലെ ഭഞ്ജനം തന്നെ.


''പശു സംരക്ഷണത്തിന് എന്ന പേരില്‍ ചിലര്‍ രംഗത്തുവരുന്നതില്‍ എനിക്ക് രോഷമുണ്ട്. രാത്രിയില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ചിലര്‍ പകല്‍ പശു സംരക്ഷകരുടെ മുഖംമൂടി അണിഞ്ഞ് വരികയാണ്. ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ശേഖരിക്കണം. 70 മുതല്‍ 80 വരെ ശതമാനം പേരും സമൂഹം അംഗീകരിക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരാണെന്ന് കണ്ടെത്താനാകും'' - ഇതാണ് പ്രധാനമന്ത്രി ഡല്‍ഹിയിലെ പ്രഭാഷണത്തില്‍ പറഞ്ഞത്.


ഇങ്ങനെ പറയാന്‍ നരേന്ദ്ര മോദിയെ നിര്‍ബന്ധിതമാക്കിയത് ഗുജറാത്തിലെ സവിശേഷ സാഹചര്യമാണെന്ന് വ്യക്തം. പശുവിനെ കശാപ്പ് ചെയ്ത് തോലെടുത്തുവെന്ന് ആരോപിച്ച് ദളിത് വിഭാഗക്കാരായ ചെറുപ്പക്കാരെ 'പശു സംരക്ഷകര്‍' മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവരികയും ഗുജറാത്തിലെ ദളിത് വിഭാഗം വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായത്തിലെ ഒരു വിഭാഗം ബി ജെ പിക്കെതിരെ രംഗത്തുവന്നതിന് പിറകെ ദളിതുകള്‍ കൂടി എതിരാകുന്ന സാഹചര്യം ഗുജറാത്തില്‍ ബി ജെ പിയുടെ ഭരണത്തുടര്‍ച്ചയെ ബാധിച്ചേക്കുമെന്ന് നരേന്ദ്ര മോദി തന്നെ സംശയിക്കുന്നു.


പതിറ്റാണ്ടിലേറെക്കാലം നരേന്ദ്ര മോദി ഭരിച്ച ഗുജറാത്തിലെ ദളിതുകള്‍, തുടരുന്ന അവഗണന ചൂണ്ടിക്കാട്ടി പ്രക്ഷോഭം നടത്തുമ്പോള്‍ ഉത്തര്‍ പ്രദേശുള്‍പ്പെടെ അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതുകളെ പാട്ടിലാക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെ അത് വലിയ തോതില്‍ ബാധിക്കുമെന്ന ശങ്കയും മോദിക്കും ബി ജെ പി പ്രസിഡന്റ് അമിത് ഷാക്കുമുണ്ടാകും. ഡല്‍ഹിക്കും ബിഹാറിനും പിറകെ ഉത്തര്‍ പ്രദേശില്‍ കൂടി തിരിച്ചടിയുണ്ടായാല്‍, ചോദ്യംചെയ്യപ്പെടാത്ത അധികാരകേന്ദ്രമെന്ന പ്രതീതി ഇല്ലാതാകുമോ എന്ന സംശയത്തില്‍ നിന്ന് കൂടിയാണ് ഈ ഭഞ്ജനമുണ്ടാകുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം അരപ്പട്ടിണിക്ക്, മുഴുപ്പട്ടിണി ചികിത്സയായെടുക്കുന്ന, ജനസംഖ്യയിലെ ഭൂരിഭാഗത്തിനുമുണ്ടാകുമെന്ന തിരിച്ചറിവ് ഇപ്പോഴും ഇവര്‍ക്കുണ്ടാകുന്നില്ല.
ഭഞ്ജനത്തിലെ വൈരുധ്യവും കാണാതെ പോയിക്കൂട.


പശു സംരക്ഷകരെന്ന പേരില്‍ രംഗത്തുവരുന്നവരില്‍ 70 മുതല്‍ 80 വരെ ശതമാനവും സാമൂഹിക വിരുദ്ധരാകാമെന്നേ നരേന്ദ്ര മോദി പറയുന്നുള്ളൂ. 30 മുതല്‍ 20 വരെ ശതമാനം സാമുഹിക വിരുദ്ധരല്ലാത്ത പശു സംരക്ഷകരാണ്. അത്തരം പശു സംരക്ഷകരെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് പറയാതെ പറയുന്നു അദ്ദേഹം. അങ്ങനെയുള്ള പശു സംരക്ഷണം രാജ്യ ഭരണകൂടത്തിന്റെ അജന്‍ഡയുടെ ഭാഗമാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. മുഹമ്മദ് അഖ്‌ലാഖിനെ കൊലയെത്തുടര്‍ന്ന് സംഘ്പരിവാറിന്റെ അസഹിഷ്ണുത വിമര്‍ശിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) മുഖപത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വേദ കാലം മുതല്‍ ഗോവധം ചെയ്യുന്നവര്‍ പാപികളാണെന്നും അവര്‍ക്ക് വധശിക്ഷ വേദം നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.


മാട്ടിറച്ചി കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് ബി ജെ പിയുടെയും ഇതര സംഘ്പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് ഈ രാജ്യത്ത് ജീവിക്കണമെന്നുണ്ടെങ്കില്‍ അവര്‍ മാട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണെന്ന് പറഞ്ഞ മനോഹര്‍ ലാല്‍ ഖട്ടര്‍, ഇപ്പോഴും ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ മുഖ്യമന്ത്രി സ്ഥാനത്തുണ്ട്. ദളിതുകളെ 'പശു സംരക്ഷകര്‍' മര്‍ദിച്ചത് നന്നായെന്ന് പറഞ്ഞ ബി ജെ പി നേതാവ് രാജ് സിംഗ്, ഗുജറാത്ത് നിയമസഭയില്‍ അംഗമാണ്. ഈ നേതാക്കളും ആര്‍ എസ് എസ് മുഖപത്രവും 'മുഖംമൂടി' ധരിച്ചതും അല്ലാത്തതുമായ 'പശു സംരക്ഷകരെ' ഏതെങ്കിലും വിധത്തില്‍ പിന്തുണക്കുന്നുണ്ടോ എന്ന് കൂടി പ്രധാനമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. സാമൂഹിക വിരുദ്ധരെ പശു സംരക്ഷണത്തിന്റെ പേരില്‍ രംഗത്തുവരാന്‍ ഈ പ്രസ്താവനകളും ലേഖനങ്ങളും ഏതെങ്കിലും വിധത്തില്‍ പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കാന്‍ സംഘ്പരിവാരത്തിന്റെ പ്രതിനിധി കൂടിയായ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്.


വരിഷ്ഠ പത്രകാരുടെ ഭാഷയില്‍ ഭഞ്ജിക്കപ്പെട്ട മൗനം, ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. 'രാജ്യത്തെ പഞ്ചായത്തുകളില്‍, ഗ്രാമ പഞ്ചായത്തുകളില്‍, ജില്ലകളില്‍, സംസ്ഥാനങ്ങളിലൊക്കെ നടക്കുന്ന സംഗതികള്‍ക്ക് പ്രധാനമന്ത്രി ഉത്തരവാദിയാണെന്ന് വാദിക്കുന്നതില്‍ രാഷ്ട്രീയത്തില്‍ നല്ലതായിരിക്കും, എന്നാല്‍ അത് ഭരണത്തെ ബാധിക്കു'മെന്നാണ് നരേന്ദ്ര മോദി പറയുന്നത്. ഏതെങ്കിലും പഞ്ചായത്തില്‍ പശു സംരക്ഷകരെന്ന് അവകാശപ്പെട്ടെ രംഗത്തുവരുന്നവര്‍ ആരെയെങ്കിലും ആക്രമിച്ചാലോ/കൊലപ്പെടുത്തിയാലോ പ്രധാനമന്ത്രിക്ക് എന്തു ചെയ്യാനാകും? അതിനൊക്കെ ഉത്തരവാദിത്വമേല്‍ക്കാനുള്ളതാണോ പ്രധാനമന്ത്രി പദമെന്നാണ് നരേന്ദ്ര മോദി ചോദിക്കുന്നത്.


ഫെഡറല്‍ സമ്പ്രദായത്തില്‍ ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ്. ആ നിലക്കാണ് 'പശു സംരക്ഷകരെ'ന്ന പേരില്‍ രംഗത്തുവരുന്നവരെക്കുറിച്ച് അന്വേഷിച്ച് രേഖ തയ്യാറാക്കാനും അവരില്‍ 80 ശതമാനത്തോളം സാമുഹിക വിരുദ്ധരാണെന്ന് ബോധ്യപ്പെടാനും സംസ്ഥാന സര്‍ക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. ഈ സാമൂഹിക വിരുദ്ധരെപ്പോലെ യഥാര്‍ഥ 'പശു സംരക്ഷകരെ' കാണരുതെന്ന വ്യംഗ്യം കൂടി ഈ പ്രസ്താവനയിലുണ്ട്.


സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 പേര്‍ മരിച്ച ദുരന്തത്തിന് ശേഷം ഗുജറാത്തില്‍ ആസൂത്രിതമായ വംശഹത്യ അരങ്ങേറിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ഒരു പതിറ്റാണ്ടിന് ശേഷം, അതിലെ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് പറഞ്ഞത് 'കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ കാറില്‍ യാത്ര ചെയ്യുന്നയാള്‍ ഉത്തരവാദിയാകുന്നത് എങ്ങനെയാണ്' എന്നാണ്. ആയിരത്തിലധികം പേരുടെ ജീവനെടുത്ത,  നിരവധി സ്ത്രീകള്‍ ക്രൂരമായ അതിക്രമത്തിന് വിധേയമാക്കപ്പെട്ട, കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ട നൃശംസമായ വംശഹത്യയെക്കുറിച്ച് ഇവ്വിധം പ്രതികരിച്ച ഒരാള്‍, 'പശു സംരക്ഷകരെ'ക്കുറിച്ച് ഇത്രയെങ്കിലും പറഞ്ഞുവല്ലോ എന്ന് മാത്രമേ ആശ്വസിക്കാനുള്ളൂ. അവരാരൊക്കെ എന്ന് സംസ്ഥാന സര്‍ക്കാറുകള്‍ അന്വേഷിക്കണമെന്നെങ്കിലും പറയാനുള്ള ഉത്തരവാദിത്തം കാട്ടിയല്ലോ എന്നും. ഈ ഉത്തരവാദിത്തമെങ്കിലും ഗുജറാത്ത് ഭരിച്ചകാലത്ത് താങ്കള്‍ കാണിച്ചിട്ടുണ്ടോ എന്ന് തിരിച്ച് ചോദിക്കരുത്. ഏകപക്ഷീയമായ സംസാരം മാത്രം ഇഷ്ടപ്പെടുന്ന, അത് മാത്രം ശീലിച്ചിട്ടുള്ള വ്യക്തികള്‍ക്ക് അത്തരം ചോദ്യങ്ങള്‍ രുചിക്കയേയില്ല.


ഇപ്പോള്‍ 'പശു സംരക്ഷകരു'ടെ കാര്യത്തിലുള്ള പ്രതികരണവും ഏകപക്ഷീയമാണ്. നരേന്ദ്ര മോദി വിശേഷിപ്പിക്കുന്നത് പോലുള്ള സാമൂഹിക വിരുദ്ധര്‍, 'പശു സംരക്ഷകരെ'ന്ന പേരില്‍ രംഗത്തിറങ്ങാന്‍ പാകത്തിലുള്ള സാഹചര്യം ആരുടെ സൃഷ്ടിയാണ് എന്നതിനെക്കുറിച്ച് മോദി മൗനം പാലിക്കുന്നു. പശു സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ച്, അതിന് രംഗത്തിറങ്ങാന്‍ ഹിന്ദുത്വ വര്‍ഗീയവാദികളെ പ്രേരിപ്പിക്കും വിധത്തില്‍ പ്രസ്താവനകള്‍ നടത്തിയ നേതാക്കളുടെ കാര്യത്തിലും മൗനമാണ് പ്രധാനമന്ത്രിക്ക്. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കാന്‍ മോദിയോ അദ്ദേഹത്തിന്റെ പരമാധികാരത്തിന്‍ കീഴിലുള്ള ബി ജെ പിയോ തയ്യാറല്ല. അങ്ങനെ അഭിപ്രായം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ച്, രാജ്യത്തിന്റെ മതനിരപേക്ഷ, ബഹുസ്വര സംസ്‌കാരത്തെ നിലനിര്‍ത്താനാണ് തങ്ങള്‍ യത്‌നിക്കുന്നത് എന്ന തോന്നല്‍ സൃഷ്ടിക്കാനും ഇവര്‍ ഉദ്ദേശിക്കുന്നില്ല. അതുണ്ടാകാതിരിക്കുവോളം മോദി പറയുന്ന 'സാമൂഹിക വിരുദ്ധര്‍' സംഘ്പരിവാരത്തിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കേണ്ടിവരും. ഇവരെ സാമൂഹിക വിരുദ്ധരായി മുദ്രകുത്തി അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി ആര്‍ എസ് എസ് മുഖപത്രത്തില്‍ വന്ന ലേഖനവും ഇത്തരക്കാരുടെ സൃഷ്ടിയാണെന്ന് പറയാന്‍ തയ്യാറാകുമോ? അങ്ങനെ പറയാത്തിടത്തോളം, നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ നടത്തുന്ന രാഷ്ട്രീയ പ്രസ്താവന മാത്രമായേ മോദിയുടെ പ്രസ്താവനയെ കാണാനാകൂ.


ഹിന്ദുത്വയുടെ പേരില്‍ അതിക്രമം കാട്ടുന്നത് സാമൂഹിക വിരുദ്ധരാണെന്നും ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി ജെ പിയോ അതിനെ നിയിന്ത്രിക്കുന്ന ആര്‍ എസ് എസോ ഇത്തരം അതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുകയോ അതിനെ പിന്തുണക്കുകയോ ചെയ്യുന്നില്ലെന്നും സ്ഥാപിച്ചെടുക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. ഈ ശ്രമം ഇന്നോ ഇന്നലെയെ ആര്‍ എസ് എസ് തുടങ്ങിയതല്ല. രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വധിച്ചത് നാഥുറാം ഗോഡ്‌സെ എന്ന സാമുഹിക വിരുദ്ധനായിരുന്നുവല്ലോ? ഗാന്ധി വധത്തില്‍ സന്തുഷ്ടരായി മധുരം വിതരണം ചെയ്ത ആര്‍ എസ് എസ്, സംഘത്തില്‍ നിന്ന് മുന്‍കാല പ്രാബല്യത്തോടെ ഗോഡ്‌സെയെ പുറത്താക്കിയാണ് സാമൂഹിക വിരുദ്ധപ്പട്ടം നല്‍കിയത്! എന്നുവിചാരിച്ച് ഗോഡ്‌സെ ചെയ്ത 'സല്‍ പ്രവൃത്തി'യെ സംഘം തള്ളിപ്പറയുന്നില്ല. നെഹ്‌റുവിനൊപ്പം ചേര്‍ന്ന് പാക്കിസ്ഥാനെ പിന്തുണച്ച ഗാന്ധിയോട് ജനങ്ങള്‍ക്കുണ്ടായ രോഷം പ്രകടിപ്പിക്കുകയാണ് ഗോഡ്‌സെ ചെയ്തത് എന്ന് 1970കളില്‍ സംഘ് മുഖപത്രം വിലയിരുത്തിയത് അതുകൊണ്ടാണ്.


ആകയാല്‍ ഭഞ്ജിക്കപ്പെട്ട മൗനവും തുടരുന്ന മൗനവും തമ്മില്‍ വൈരുധ്യമില്ല. പ്രത്യക്ഷത്തില്‍ രണ്ടെന്ന് തോന്നുമെങ്കിലും വിചാരധാര ഒന്നുതന്നെയാണ്. പ്രജാപതിയാല്‍ സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കപ്പെടുന്ന എല്ലാ 'പശു സംരക്ഷകര്‍'ക്കും അത് അറിയാവുന്നതുമാണ്.

2016-08-01

ഉപദേശാപദേശങ്ങള്‍ (അര്‍പ്പണം പാത്രമറിഞ്ഞ്)


ആരും അത്രയൊന്നും ഇഷ്ടപ്പെടാത്ത ഒന്നാണ് ഉപദേശം. ആഗ്രഹവുമായി ഒത്തുപോകില്ലെന്നതാണ് അനിഷ്ടത്തിന് ഒരു കാരണം. ഉപദേശം, എതു കാര്യത്തിലാണെങ്കിലും, എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണെന്ന തോന്നലാണ് മറ്റൊരു കാരണം. ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കുക എന്നത് കുറച്ചിലാണെന്ന തോന്നലും കുറവല്ല. ആരുടെയും ഉപദേശം തേടാതിരിക്കാന്‍ മാത്രം ജ്ഞാനമുണ്ടെന്ന (മുന്‍)ധാരണയും തടസ്സമായുണ്ട്. മരുന്ന് നിര്‍ദേശിച്ച ശേഷം ജീവിതചര്യകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുന്ന (അതുമൊരു ഉപദേശമാണല്ലോ) ഡോക്ടറോട്, 'അതൊക്കെ എനിക്കറിയാ'മെന്ന് പറയാത്തവര്‍ ചുരുക്കമായിരിക്കും.

അല്ലെങ്കില്‍ തന്നെ നല്ല ജീവിതത്തിലേക്ക് മനുഷ്യനെ നയിക്കാന്‍ ഉപദേശിക്കുകയാണല്ലോ മതങ്ങളൊക്കെ ചെയ്യുന്നത്. അതിനായി വ്യയം ചെയ്തത്ര അധ്വാനമോ സമ്പത്തോ മറ്റൊന്നിനും വേണ്ടി ചെലവിട്ടിട്ടുണ്ടാകില്ല. നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ ഉപദേശം തീര്‍ത്തും ഫലശൂന്യമായിരുന്നുവെന്നല്ല, പക്ഷേ അത്രത്തോളം മനുഷ്യരാശി സ്വീകരിച്ചോ എന്നതില്‍ സംശയമുണ്ട്. പരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള ഓരോ പ്രവൃത്തിയും, രാഷ്ട്രീയം ഉള്‍പ്പെടെ, ഉപദേശത്തിന്റെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതൊക്കെ ഫലം കണ്ടിരുന്നുവെങ്കില്‍!


സാധാരണ വ്യക്തികളുടെ കാര്യത്തിലാണിതൊക്കെ. വ്യക്തികളുടെ കൂട്ടത്തിന്റെയോ അതിന്റെ നേതാവിന്റെയോ കാര്യത്തിലാകുമ്പോള്‍ സംഗതി കുറേക്കൂടി ദുര്‍ഘടമാകും. കൂട്ടത്തിന്റെ പൊതു നിലപാടിനെ പരിപോഷിപ്പിക്കും വിധത്തിലുള്ള ഉപദേശങ്ങള്‍ക്കേ സാധാരണനിലക്ക് അവിടെ സ്ഥാനമുള്ളൂ. കൂട്ടത്തിന്റെ നേതാവിനുള്ള ഉപദേശങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇതില്‍ നിന്ന് ഭിന്നമായ ഉപദേശം നല്‍കുന്നവര്‍ കുറവായിരിക്കും. വിദ്യാര്‍പ്പണം പാത്രമറിഞ്ഞു നല്‍കുന്നവരാണ് ഭുരിഭാഗവും. സ്വീകര്‍ത്താവിന് ഇഷ്ടമുള്ളതേ നല്‍കൂ, അല്ലെങ്കില്‍ സ്വീകര്‍ത്താവിന്റെ എതിരാളിയെ/എതിരാളികളെ ദുഷിക്കുന്നതേ നല്‍കൂ.
ഭിന്നമായ ഉപദേശം നല്‍കിയാല്‍ അത് സ്വീകരിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അങ്ങനെ സ്വീകരിക്കണമെങ്കില്‍ കൂട്ടത്തിന്റെ അഭിപ്രായത്തെയാകെ മറികടക്കാനോ സ്വാധീനിച്ച് തന്റെ വഴിയില്‍ വരുത്താനോ ശേഷിയുള്ളവനായിരിക്കണം നേതാവ്. അല്ലെങ്കില്‍ താന്‍ പറയുന്നതേ നടക്കൂ എന്ന് ശഠിക്കുന്ന, അങ്ങനെയേ നടക്കൂ എന്ന് ഉറപ്പാക്കുന്ന സ്വേച്ഛാധിപതിയാകണം. അങ്ങനെയൊരു നേതാവ് സൃഷ്ടിക്കപ്പെടുന്നുവെങ്കില്‍ അതില്‍ വലിയ ഉത്തരവാദിത്തം ആ കൂട്ടത്തിനാണ്.


പല രൂപത്തിലുള്ള ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധനായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്നതാണ് സാഹചര്യം. മാധ്യമം, ശാസ്ത്രം, സാമ്പത്തികം എന്നീ വിഷയങ്ങളില്‍ ഉപദേഷ്ടാക്കളെ നിശ്ചയിച്ചിട്ടുണ്ട്. നിയമത്തില്‍ ഉപദേശം നല്‍കാന്‍ നിയോഗിച്ച വ്യക്തി, സ്ഥാനമേറ്റെടുക്കാന്‍ വിമുഖത അറിയിച്ചു. പകരം ആളെ നിയോഗിക്കുമോ എന്നതില്‍ തിട്ടമില്ല. വ്യവസായം, കൃഷി,  കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ഉപദേഷ്ടാക്കളെ നിയോഗിക്കാവുന്ന നിരവധിയായ വിഷയങ്ങള്‍ മുന്നിലുണ്ട് താനും. അവയിലൊക്കെ ഉപദേശമുണ്ടാകുന്നതില്‍ തെറ്റില്ല തന്നെ. ലോക പ്രശസ്ത ബോക്‌സിംഗ് താരം മുഹമ്മദലിയെ കേരളത്തിന് മെഡല്‍ സമ്മാനിച്ച താരമായി അനുസ്മരിക്കുന്ന, ആശാപൂര്‍ണാദേവി രചിച്ച 'പ്രഥം പ്രതിശ്രുതി'യും 'ബകുളിന്റെ കഥ'യും മഹാശ്വേതാ ദേവിയുടേതാണെന്ന് വിശ്വസിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്ന മന്ത്രിമാരുണ്ടായിരിക്കെ സമര്‍ഥരായ ഉപദേശകരുണ്ടാകുന്നത് നല്ലതാണെന്ന് കരുതണം.


മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ ഉപദേഷ്ടാവിനെ നിയമിച്ചപ്പോള്‍ നെറ്റി ചുളിഞ്ഞിരുന്നു, പൊതു സമൂഹത്തിലെ വിമര്‍ശക പക്ഷത്തിന്. നിയമോപദേഷ്ടാവിന്റെ നിയമനം വലിയ വിമര്‍ശത്തിന് ഇടവെച്ചു. അതിന് കാരണങ്ങളുണ്ട്. ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്നയാള്‍, സര്‍ക്കാറിനെതിരെ വ്യവഹാരം നടത്തുന്നവര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക കൂടി ചെയ്യുമ്പോള്‍ വിമര്‍ശമുയരുക സ്വാഭാവികം. പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയില്‍ നിയമിതനായ ഉപദേഷ്ടാവ്, പ്രതിഫലം പറ്റുന്നില്ലെങ്കില്‍ കൂടി, സര്‍ക്കാറിനെതിരെ കോടതിയില്‍ വാദിക്കാന്‍ നില്‍ക്കുന്നതില്‍ നീതികേടുണ്ട്. അദ്ദേഹം നല്‍കുന്ന ഉപദേശങ്ങളുടെ ഉദ്ദേശ്യശുദ്ധി നിശ്ചയമായും സംശയത്തിന്റെ നിഴലിലായിരിക്കും.


'അവതാര' പരിവേഷമുള്ള ഉപദേഷ്ടാക്കളൊന്നുമില്ലാതിരുന്ന കാലത്ത്, ഇത്തരം കേസുകളൊക്കെ വൃത്തിയായി നടത്താന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിരുന്നോ എന്ന് ചോദിക്കരുത്. അതില്‍ കാമ്പും കഴമ്പുമില്ല. കാരണം ജീവിതവും വിമര്‍ശവും തര്‍ക്കങ്ങളും വര്‍ത്തമാനകാലത്തിലേയുള്ളൂ. മലപ്പുറത്ത് വളാഞ്ചേരി മുക്കില്‍ അരങ്ങേറിയ ''ഈ പെണ്‍വാണിഭക്കാരെ കൈയാമം വെച്ച് നടത്തിക്കും, നടത്തിക്കും, ന.. ട.. ത്തി.. ക്കും...'' എന്ന പ്രസംഗം ആരും മറന്നുകാണാന്‍ ഇടയില്ല. തുടര്‍ന്നങ്ങോട്ട് അഞ്ചാണ്ട് കേരളം ഭരിച്ചപ്പോള്‍ ഇത്തരം ഉപദേശകരുടെയൊന്നും സ്പര്‍ശമുണ്ടായിരുന്നില്ല. എത്രപേരെ കൈയാമം വെച്ച് നടത്തിച്ചുവെന്നത് ആലോചിച്ച് നോക്കേണ്ടതാണ്. കോടതി നടപടികളാല്‍ ഐസ്‌ക്രീം കേസില്‍ ഇടപെടുക അസാധ്യമായിരുന്നുവെന്ന് വാദിക്കാം. പക്ഷേ, അതേ പാര്‍ലറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കപ്പെട്ടില്ലല്ലോ? അന്നുമുണ്ടായിരുന്നു കേരളത്തില്‍ ക്വാറി മാഫിയ. അന്നെന്തൊക്കെ ചെയ്തു ഇവയെ നിയന്ത്രിക്കാനെന്നും ആലോചിക്കാവുന്നതാണ്. നിയമോപദേഷ്ടാവിന്റെ നിയമനത്തോടെ ഇനിയങ്ങോട്ട് പ്രളയമെന്ന് വിചാരിച്ച് വിഷമിച്ച, സാമ്പത്തികോപദേഷ്ടാവിന്റെ നിയമനം സി പി എമ്മിന്റെ നയത്തില്‍ വെള്ളം ചേര്‍ക്കലാകുമല്ലോ എന്ന് ഖേദിക്കുന്ന, കെ പി സി സി പ്രസിഡന്റിനും ആലോചിക്കാം 2011 മുതല്‍ 2016 വരെ, അല്ലെങ്കില്‍ 2001 മുതല്‍ 2006 വരെയുള്ള കാര്യങ്ങള്‍.


സാന്‍ഡിയാഗോ മാര്‍ട്ടിന് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരള മുഖ്യന്റെ നിയമോപദേഷ്ടാവ് ഹാജരായതു കൊണ്ട്, ഇതര രാജ്യ/സംസ്ഥാന ലോട്ടറികള്‍ ഇവിടേക്ക് തിരികെ വരുമെന്നും കൊള്ള തുടരുമെന്നും പോയ കാലത്ത് ചെയ്ത കൊള്ളകള്‍ക്ക് ശിക്ഷയൊഴിവായിപ്പോകുമെന്നും വ്യാകുലപ്പെടുന്നവരോട് - സി ബി ഐ അന്വേഷിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഈ ലോട്ടറികള്‍ കാരണം കേരളത്തിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. ഈ നിഗമനം ശരിയല്ലെങ്കില്‍ ശരിയായ അന്വേഷണം നടത്തിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് ഈ സര്‍ക്കാര്‍ എന്തു ചെയ്യുന്നുവെന്നാണ് അറിയേണ്ടത്. ഇത്തരം ലോട്ടറികള്‍ ഇല്ലാതായതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന കുതിച്ചു, ഖജനാവിലേക്ക് എത്തുന്ന കോടികളും. അതുകൊണ്ട് തന്നെ സാന്‍ഡിയാഗോയുടെ ലോട്ടറിയെ മടക്കിക്കൊണ്ടുവന്ന് നഷ്ടമുണ്ടാക്കാന്‍, ബുദ്ധിയുള്ള ഒരു ഭരണാധികാരിയും തയ്യാറാകില്ല, എന്ത് ഉപദേശം കിട്ടിയാലും, ഏത് ഉപദേഷ്ടാവ് മാര്‍ട്ടിന് വേണ്ടി ഹാജരായാലും.


സാമ്പത്തിക പരിഷ്‌കാരങ്ങളെയും നവ ഉദാരവത്കരണ നയങ്ങളെയും പിന്തുണക്കുന്ന സാമ്പത്തിക വിദഗ്ധ ഉപദേഷ്ടാവായി വരുന്നതാണ് അടുത്ത പ്രശ്‌നം. ഇവ്വിധമുള്ള ഉപദേഷ്ടാവ് ഇടതുപക്ഷത്തിന്റെ നയങ്ങളെയാകെ അട്ടിമറിക്കുമെന്നും ഹിതകരമല്ലാത്ത നിക്ഷേപത്തെ ഒളിച്ചുകടത്തുമെന്നുമാണ് ആക്ഷേപം. നിക്ഷേപമുണ്ടാകുമ്പോഴുള്ള കമ്മീഷന്‍ 'പാര്‍ക്ക് ചെയ്യാനു'ള്ള കേന്ദ്രമായി ഉപദേഷ്ടാവ് സ്ഥാനത്തെ  കാണുന്നവരും ഇല്ലാതില്ല. ഇങ്ങനെയൊക്കെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്നില്ല, പക്ഷേ, അതാണ് ശരിയെന്ന് വാദിക്കുന്നതിലെ അയുക്തി ചൂണ്ടിക്കാട്ടാതിരിക്കാന്‍ സാധിക്കില്ല.


രാജ്യം ഭരിക്കുന്നവര്‍ നിശ്ചയിക്കുന്ന നയങ്ങള്‍, അത് നടപ്പാക്കുന്നതിനായി കൊണ്ടുവരുന്ന നിയമങ്ങള്‍ ഒക്കെ പിന്തുടര്‍ന്ന് ഭരിക്കാനേ ഇടതിന് അധികാരം കിട്ടിയ സംസ്ഥാനങ്ങള്‍ക്കും സാധിക്കൂ. അതുകൊണ്ട് തന്നെ ഉദാരവത്കരണത്തെയോ സാമ്പത്തിക പരിഷ്‌കരണ നടപടികളെയോ പൂര്‍ണമായി തള്ളിക്കളഞ്ഞ് ഏതെങ്കിലും സംസ്ഥാനഭരണം മുന്നോട്ടുപോകില്ല. അപ്പോള്‍ ഉദാരവത്കരണത്തെക്കുറിച്ചൊക്കെ നല്ലത് പോലെ അറിയുന്നവര്‍ തന്നെയാണ് ഉപദേഷ്ടാക്കളായി വേണ്ടത്. ഇതേ ഉദാരവത്കരണം പ്രദാനം ചെയ്ത സൗകര്യങ്ങളെ ഉപയോഗിക്കാനാണ് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ശ്രമിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കി വേണം, ഇടതുപക്ഷത്തുള്ളവരെങ്കിലും സാമ്പത്തിക ഉപദേഷ്ടാവിനെ തിരഞ്ഞെടുത്തതിനെ വിമര്‍ശിക്കാന്‍. അതില്‍ എതിര്‍പ്പില്ലാത്ത സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപദേഷ്ടാവിന്റെ  കാര്യത്തില്‍ വിശദീകരണം തേടാന്‍ തീരുമാനിക്കുന്നത്, പ്രഹസനമായി മാത്രമേ കാണാനാകൂ. പാര്‍ട്ടി അറിയാതെ തീരുമാനങ്ങളെടുക്കാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗത്തിന് കഴിയുന്നുവെന്ന് ജനറല്‍ സെക്രട്ടറി സമ്മതിക്കുന്നത് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും അവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യും.


ഉപദേഷ്ടാക്കളായി ആരെത്തുന്നുവെന്നതല്ല, സ്വീകരിക്കപ്പെടുന്ന ഉപദേശം എന്താണെന്നതും അതിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടികളുണ്ടാകുന്നുവെന്നതുമാണ്. പണവും സ്വാധീനശേഷിയുമുള്ളവര്‍ക്ക് ഏത് വിധത്തിലും കാര്യങ്ങള്‍ നടത്താവുന്ന സംവിധാനമാണ് ഇക്കാലത്തിനിടെ കേരളം ഭരിച്ചവര്‍ വികസിപ്പിച്ചെടുത്തതെന്ന് നിസ്സംശയം പറയാം. അനധികൃത കൈയേറ്റങ്ങള്‍ അതുപോലെ തുടരുന്നത്, അര്‍ഹമായവര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിക്കാത്തത്, അനധികൃത ക്വാറികള്‍ മൂവായിരത്തോളമുണ്ടെന്ന് നിയമസഭാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയുണ്ടാകാത്തത്, പൊതുനഷ്ടമുണ്ടാക്കാന്‍ പാകത്തില്‍ കേസുകള്‍ തോറ്റുകൊടുക്കുന്നത് എന്ന് വേണ്ട ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നത് വരെ നീളുന്നു ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനെല്ലാം കാരണമായി വര്‍ത്തിക്കുന്ന വലുതും ചെറുതുമായ അഴിമതി, സംവിധാനത്തെയാകെ ഗ്രസിച്ചുനില്‍ക്കുന്നുമുണ്ട്.


ഹാരിസണ്‍ മലയാളം ലിമിറ്റഡ് 60,000 ഏക്കറോളം ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതേക്കുറിച്ചുള്ള അന്വേഷണത്തിനും. അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള വ്യവഹാരം നീളുകയാണ്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതിയിലെ ആറ് ജഡ്ജിമാരെങ്കിലും പിന്‍മാറി. കേസില്‍ സര്‍ക്കാര്‍ ഭാഗം കാര്യക്ഷമമായി അവതരിപ്പിച്ചിരുന്ന അഭിഭാഷകയെ മാറ്റിക്കൊണ്ട് വ്യവഹാരത്തിന്റെ ആയുസ്സ് ഇനിയും നീട്ടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.

ഇപ്പറഞ്ഞവയിലൊക്കെ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാറിന് സാധിക്കുന്നുവെങ്കില്‍ മാത്രമേ, എത്ര വലിയ ഉപദേഷ്ടാക്കളുണ്ടായിട്ടും കാര്യമുള്ളൂ. അതുണ്ടാകുമെന്ന പ്രതീക്ഷ വളരെ അകലെയാണെന്ന വസ്തുത മുന്നില്‍ നില്‍ക്കെ, ഉപദേശകരെച്ചൊല്ലിയോ അവര്‍ നല്‍കാനിടയുള്ള ഉപദേശങ്ങളെച്ചൊല്ലിയോ തര്‍ക്കിക്കുന്നതില്‍ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ഉപദേശകരെച്ചൊല്ലിയും അവര്‍ നല്‍കാനിടയുള്ള ഉപദേശങ്ങളെക്കുറിച്ചുമാണ് നമ്മള്‍ സംസാരിക്കേണ്ടത്. മറ്റുള്ളവയൊക്കെ വാര്‍ത്താ സദ്യയിലെ വിഭവങ്ങളായി എക്കാലത്തേക്കുമുണ്ടാകുമല്ലോ!