2011-03-24

ഹസന്‍ അലി ഖാന്റെ ഡയറി



ആഫ്രിക്കാ ഭൂഖണ്ഡത്തിന്റെ തെക്കു കിഴക്കന്‍ തീരത്താണ്‌ മൗറീഷ്യസ്‌ എന്ന ദ്വീപ്‌ രാഷ്‌ട്രം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക്‌ പടിഞ്ഞാറും. വിനോദ സഞ്ചാരത്തിന്‌ കേള്‍വി കേട്ട നാട്‌. ഹിന്ദി, തമിഴ്‌ ചലച്ചിത്ര വ്യവസായം ഏറെ ആശ്രയിക്കുന്നുണ്ട്‌ ഈ സ്ഥലത്തെ. ഇത്‌ മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച്‌ മൗറീഷ്യസിനുള്ള സ്ഥാനം. ഇന്ത്യയിലേക്ക്‌ നേരിട്ട്‌ നിക്ഷേപം നടത്തുന്ന വിദേശരാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ്‌ വിവിധ ദ്വീപുകളുടെ സമാഹാരമായ ഈ രാജ്യം. ദ്വീപുകളുടെ സമാഹാരമായ, രണ്ട്‌ കോടിയില്‍ താഴെ ജനസംഖ്യയുള്ള ഈ രാജ്യത്തു നിന്ന്‌ ഇത്രയും വലിയ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക്‌ എത്തുന്നുവെന്നത്‌ കൗതുകകരമായ ചോദ്യമാണ്‌. കൗതുകത്തിന്‌ അപ്പുറത്തുള്ള കള്ളക്കളികള്‍ ഇതിലുണ്ട്‌ താനും.

ക്രിക്കറ്റ്‌ വ്യവസായമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സാമ്പത്തിക ക്രമക്കേട്‌ പുറത്തുവന്നപ്പോള്‍ വിവിധ ടീമുകളിലെ ഓഹരി പങ്കാളിത്തം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവിധ ടീമുകളില്‍ മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനികള്‍ കോടികള്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനികളുടെ ഉടമസ്ഥര്‍ ഇന്ത്യക്കാര്‍ തന്നെയായിരുന്നു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ ഖജനാവിന്‌ 1.76 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചപ്പോഴും മൗറീഷ്യസ്‌ കേന്ദ്രമായ കമ്പനികളെക്കുറിച്ച്‌ പരാമര്‍ശമുണ്ടായി. ടെലികോം സേവനത്തിനുള്ള ലൈസന്‍സ്‌ ലഭിച്ച കമ്പനികളില്‍ ഓഹരിയെടുത്ത ഇന്ത്യന്‍ കമ്പനികളില്‍ മൗറീഷ്യസ്‌ കേന്ദ്രമായ കമ്പനികള്‍ക്ക്‌ ഓഹരിയുണ്ടായിരുന്നു. ചില കമ്പനികളുടെ ഓഹരികള്‍ പലകുറി കൈമാറ്റം ചെയ്‌തതായും കണ്ടെത്തി. ഇങ്ങനെയുള്ള കൈമാറ്റത്തില്‍ മൗറീഷ്യസ്‌ കേന്ദ്രമായ കമ്പനികളാണ്‌ പങ്കാളികളായത്‌. മിക്കവാറും കമ്പനികളുടെ മൗറീഷ്യസിലെ വിലാസം ഒന്ന്‌ തന്നെയാണെന്നും കണ്ടെത്തി. ഈ കമ്പനികളെക്കുറിച്ച്‌ അന്വേഷണം നടക്കുന്നുണ്ടെന്നാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ സുപ്രീം കോടതിയെ അറിയിച്ചത്‌. സത്യം പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കുക.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേങ്കിലുള്ള അക്കൗണ്ടില്‍ 806 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്‌ എന്ന ആരോപണം നേരിടുന്ന ഹസന്‍ അലി ഖാനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌തു വരികയാണ്‌. ചോദ്യം ചെയ്യലിനിടെ ഹസന്‍ അലി ഖാന്‍ വെളിപ്പെടുത്തിയതായി പറയുന്ന ചില കാര്യങ്ങള്‍ മൗറീഷ്യസ്‌ കേന്ദ്രമായ ഈ കമ്പനികളെക്കുറിച്ച്‌ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. അലി ഖാന്‍ പറഞ്ഞതായി പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ച്‌ നടത്തുന്നത്‌ കൊടിയ തട്ടിപ്പാണ്‌. ഏറെക്കാലമായി ഊഹാപോഹമായി പ്രചരിച്ചിരുന്ന തട്ടിപ്പിന്‌ തെളിവായി മാറും ഹസന്‍ അലി ഖാന്റെ വാക്കുകള്‍ എന്നാണ്‌ കരുതേണ്ടത്‌.

അഴിമതിയിലൂടെയും ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും കൈക്കലാക്കുന്ന കോടിക്കണക്കിന്‌ രൂപ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേരുന്ന മാഫിയ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക്‌ കടത്തും. മൗറീഷ്യസിലും മറ്റും രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളിലൂടെ (ഇവ പേരിന്‌ മാത്രമുള്ളതായിരിക്കും) നേരിട്ടുള്ള വിദേശ നിക്ഷേപമായി ഈ പണം ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തും. കടത്തിക്കൊണ്ടുപോകുന്ന കള്ളപ്പണം വ്യവസായങ്ങളിലേക്ക്‌ വിദേശ നിക്ഷേപമായി എത്തുമ്പോള്‍ വെളുത്ത പണമാകും. രാഷ്‌ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിനാമി പങ്കാളിത്തമുള്ള വ്യവസായങ്ങളിലേക്കാണ്‌ ഈ പണം തിരികെ എത്തുന്നത്‌. അതിന്‌ തെളിവുകള്‍ ഐ പി എല്ലിലും ടെലികോം രംഗത്തും ഉള്‍പ്പെട്ട കമ്പനികളുടെ ഉടമസ്ഥത നരീക്ഷിച്ചാല്‍ ലഭിക്കും. വലിയ അഴിമതികള്‍ പുറത്തുവന്നതിന്‌ ശേഷവും കള്ളപ്പണത്തിന്റെ ഈ ചാക്രിക വിനിമയം തടയാന്‍ എന്തുകൊണ്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്‌? മൗറീഷ്യസിലെ കമ്പനികളില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്‌ തത്‌കാലത്തേക്കെങ്കിലും തടയിടുന്നത്‌ നന്നാവുമെന്ന്‌ അവര്‍ക്ക്‌ തോന്നാത്തത്‌ എന്തുകൊണ്ടാണ്‌? ഉത്തരം ഹസന്‍ അലി ഖാന്റെതായി പുറത്തുവന്ന മൊഴികളിലുണ്ട്‌. മഹാരാഷ്‌ട്രയിലെ മൂന്ന്‌ മുന്‍ മുഖ്യമന്ത്രിമാരുടെ പണം താന്‍ വെളിപ്പിച്ചുകൊടുത്തിട്ടുണ്ടെന്നാണ്‌ ഖാന്‍ പറയുന്നത്‌. ഈ മൂന്ന്‌ മുന്‍ മുഖ്യമന്ത്രിമാരും ഇന്ന്‌ കേന്ദ്ര മന്ത്രിസഭയിലെ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. ധന അച്ചുതണ്ടായ ഈ നേതാക്കളെ വെറുപ്പിച്ച്‌ അധികാരത്തില്‍ തുടരാന്‍ മന്‍മോഹന്‍ സിംഗിന്‌ സാധിക്കുകയുമില്ല.

1991ല്‍ അധികാരത്തിലേറിയ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്‍മോഹന്‍ സിംഗ്‌ 1992ല്‍ കൊണ്ടുവന്ന സംവിധാനമാണ്‌ പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌. ഇന്ത്യയില്‍ രജിസ്‌ട്രേഷനില്ലാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ അനുവാദം നല്‍കുന്നതാണ്‌ ഈ സംവിധാനം. അന്നുമുതലിന്നോളം പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ സമ്പാദിച്ച്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുകയും ലാഭമെടുത്ത്‌ മടങ്ങുകയും ചെയ്‌ത ധനകാര്യ സ്ഥാപനങ്ങള്‍ നിരവധിയാണ്‌. 


കള്ളപ്പണം ഓഹരി വിപണികളിലേക്ക്‌ ഒഴുകുന്നുവെന്ന ആരോപണം ഇടക്കാലത്ത്‌ ഉയര്‍ന്നിരുന്നു. ഭീകര വാദ സംഘടനകള്‍ ഓഹരി വിപണിയില്‍ ഇടപെട്ട്‌ തങ്ങളുടെ പ്രവര്‍ത്തനത്തിന്‌ വേണ്ട പണം സമ്പാദിക്കുന്നുവെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായിരുന്ന എം കെ നാരായണന്‍ പറയുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ വഴിയുള്ള ഇടപാടുകള്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നു. പാര്‍ട്ടിസിപ്പേറ്ററി നോട്ടിലൂടെ വിപണനം നടത്താന്‍ ഉദ്ദേശിക്കുന്ന വിദേശ ധനകാര്യ സ്ഥാപനത്തിന്റെ ആകെ മൂലധനത്തിന്റെ 40 ശതമാനം വരുന്ന തുക മാത്രമേ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാകൂ എന്നതായിരുന്നു വ്യവസ്ഥ. ഈ നിയന്ത്രണം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്‌ ഇന്ത്യന്‍ വിപണികള്‍ കുത്തനെ ഇടിഞ്ഞു. ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ സൂചികയായ സെന്‍സെക്‌സ്‌ 1,700 പോയിന്റാണ്‌ ഒറ്റ ദിവസം ഇടിഞ്ഞത്‌. ഓഹരി വിപണിയിലേക്ക്‌ ഒഴുകിയിരുന്ന കണക്കില്ലാത്ത പണം എത്രയായിരുന്നുവെന്നും അത്‌ ഏതളവില്‍ നിയന്ത്രിക്കപ്പെട്ടുവെന്നും മനസ്സിലാക്കാന്‍ ഈ ഇടിവിന്റെ കണക്ക്‌ മാത്രം മതി. നിയന്ത്രണം വൈകാതെ ഒഴിവാക്കി സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു കൊടുത്തു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ആര്‍ക്ക്‌ വേണ്ടി?

ഈ ചോദ്യത്തിനും ഹസന്‍ അലി ഖാന്റെ മൊഴി മറുപടി നല്‍കുന്നുണ്ട്‌. രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പക്കലുള്ള അനധികൃത സമ്പാദ്യത്തില്‍ ഒരു വിഹിതം പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ സൗകര്യം ഉപയോഗപ്പെടുത്തി ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ്‌ ചെയ്‌തിരുന്നത്‌. ഇതോടെ കള്ളപ്പണം ഓഹരി കൈമാറ്റത്തിനായി നികുതി ഒടുക്കപ്പെട്ട വെളുത്ത പണമായി മാറി. ഇങ്ങനെ അലക്കിവെളുപ്പിച്ച പണം എത്ര കോടി വരും? 1992ല്‍ ആരംഭിച്ച പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്‌ 19 വയസ്സ്‌ പ്രായമായിരിക്കുന്നു. ഇടപാടുകള്‍ നടത്തുന്നത്‌ ഹസന്‍ അലി ഖാന്‍ മാത്രമായിരിക്കുകയുമില്ല. എന്നിട്ടും പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ സമ്പ്രദായം തത്‌കാലത്തേക്ക്‌ നിര്‍ത്തലാക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗോ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയോ ആലോചിക്കുന്നതേയില്ല. 


ഇവിടെ കള്ളപ്പണം വെളുപ്പിക്കുക എന്നത്‌ മാത്രമല്ല നടക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഇത്തരം അധോലോക സാമ്പത്തിക ശക്തികള്‍ പ്രവഹിപ്പിക്കുന്ന പണം ഓഹരി വിപണികളെ പൊടുന്നനെ ത്രസിപ്പിക്കും. ഇടപാടുകള്‍ സജീവമാകുകയും വരുമാനം ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതോടെ ഇവിടേക്ക്‌ ആകര്‍ഷിക്കപ്പെടുന്ന സാധാരണക്കാരായ നിക്ഷേകര്‍ ധാരാളമാണ്‌. വിയര്‍പ്പിന്റെ മൂല്യം ഓഹരിയിലേക്ക്‌ തിരിച്ചുവിട്ട്‌ ലാഭത്തിന്‌ കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളെ പറ്റിച്ച്‌ ഈ കള്ളപ്പണക്കാര്‍ ലാഭമെടുത്ത്‌ മടങ്ങും. അതോടെ ചില സാധാരണക്കാരെങ്കിലും തിരിച്ചുകയറാന്‍ കഴിയാത്ത ഋണഗര്‍ത്തത്തിലേക്ക്‌ പതിക്കുകയും ചെയ്യും. ചുരുക്കത്തില്‍ കള്ളപ്പണക്കാര്‍ ജനത്തെ വീണ്ടും പിഴിയുന്ന മറ്റൊരു മേഖലയായി ഇവിടം മാറും.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം കണ്ടെത്താനെന്ന പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നുണ്ട്‌ കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം 40,000 കോടിയുടെ ഓഹരി വില്‍പ്പനയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഓഹരി പൊതുജനങ്ങള്‍ക്ക്‌ കൈമാറുക മാത്രമാണ്‌ ചെയ്യുന്നത്‌ എന്നാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ മുന്‍ചൊന്ന കള്ളപ്പണക്കാര്‍ തന്നെയാണ്‌ ഈ ഓഹരികളും കൈക്കലാക്കുക. സര്‍ക്കാറിനെയും ജനങ്ങളെയും വെട്ടിച്ചുണ്ടാക്കിയ പണം കൊണ്ട്‌ പൊതുമുതലിന്റെ ഉടമസ്ഥരാകുകയാണ്‌ ഇവര്‍. ഈ സമാന്തര സമ്പദ്‌വ്യവസ്ഥയെ നയ വിരുദ്ധമായി കൊഴുക്കാന്‍ അനുവദിച്ചുകൊണ്ടാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ്‌ നേതൃത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമെന്ന്‌ ആവര്‍ത്തിച്ച്‌ ഉദ്‌ഘോഷിക്കുന്നത്‌. 


മഹാത്‌മാ ഗാന്ധിയുടെ പേരില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുണ്ടാക്കി നൂറോ നൂറ്റമ്പതോ രൂപ വീതം വര്‍ഷത്തില്‍ 100 ദിനം നല്‍കി ജനങ്ങളെ അടക്കിയിരുത്തുന്നത്‌. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ള കരങ്ങളില്‍ തന്നെയാണോ എത്തുന്നത്‌ എന്ന്‌ ഉറപ്പാക്കാന്‍ യുനീഖ്‌ ഐഡന്റിറ്റി നമ്പര്‍ നല്‍കുന്നത്‌. നൂറ്റമ്പത്‌ രൂപയുടെ തൊഴിലും കുറഞ്ഞ വിലക്കുള്ള അരിയും ലഭിക്കുന്നതിനാണ്‌ കര്‍ക്കശമായ അര്‍ഹതാ മാനദണ്ഡങ്ങള്‍. കുറഞ്ഞ വിലക്കുള്ള അരി അര്‍ഹതയില്ലാത്ത കരങ്ങളില്‍ എത്തിപ്പെട്ടാലുണ്ടാകാന്‍ ഇടയുള്ള വലിയ അപകടത്തെക്കുറിച്ച്‌ കൂലംകഷമായി ചിന്തിക്കുന്നുണ്ട്‌ നമ്മുടെ ഭരണകൂടം. അതുകൊണ്ടാണ്‌ ഭക്ഷ്യ സുരക്ഷാ ബില്ലിന്‌ ഇത്ര കാലമായിട്ടും അന്തിമ രൂപമാകാത്തത്‌.

അര്‍ഹതാ മാനദണ്ഡങ്ങളുടെ അപ്പുറവും ഇപ്പുറവുമായി കഴിയുന്ന കോടിക്കണക്കിനാളുകള്‍ അഞ്ചാണ്ട്‌ കൂടുമ്പോള്‍ വോട്ട്‌ ചെയ്യാന്‍ മാത്രമുള്ളവരാണ്‌. അധികാരം നിലനിര്‍ത്തണമെങ്കില്‍ പണം അനിവാര്യമാണ്‌. വിശ്വാസ വോട്ടെടുപ്പുകളില്‍ കോടികള്‍ മറിക്കാന്‍ ത്രാണിയുള്ളവരാണ്‌ ഇവിടെ ആവശ്യം. അവരെ പിണക്കി മുന്നോട്ടുപോകുക പ്രയാസമാണ്‌. മൗറീഷ്യസിലെ കമ്പനികളില്‍ നിന്ന്‌ ഒഴുകുന്ന കോടികള്‍ നിയന്ത്രിച്ചാലും പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ പിന്‍വലിച്ചാലും തടയപ്പെടുക ഇത്തരക്കാരുടെ പിന്‍ബലമാണ്‌. അതിന്‌ മന്‍മോഹന്‍ സിംഗോ പ്രണാബ്‌ മുഖര്‍ജിയോ തയ്യാറാകില്ല. അതേക്കുറിച്ച്‌ ആലോചിച്ചാല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി സമ്മതിക്കുകയുമില്ല. കോടികളുടെ കോഴയും അന്വേഷണവും ഒരു ലളിത്‌ മോഡിയിലോ ഒരു എ രാജയിലോ തടഞ്ഞ്‌ നിന്നുകൊള്ളും. അതിലപ്പുറം കടക്കാതിരിക്കണമെങ്കിലും ഈ പണം തന്നെ തുണക്കണം.

2011-03-19

15-ാം സഭയിലെ ടോയ്‌ലറ്റ്‌ പേപ്പര്‍



പുതിയതായിരിക്കുക എന്നത്‌ പ്രധാനമാണ്‌. പ്രത്യേകിച്ച്‌ വാണിഭത്തില്‍. മാതൃക, രൂപകല്‍പ്പന തുടങ്ങി എല്ലാ രീതിയിലും പുതിയത്‌ അവതരിപ്പിക്കുക എന്നത്‌ ഏത്‌ വാണിജ്യത്തിലും വിജയത്തിന്‌ അനിവാര്യമാണ്‌. പുതിയതിനായി ആഗ്രഹിക്കാത്തവരും കുറവ്‌. പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കുന്നത്‌ തിരഞ്ഞെടുപ്പ്‌ വിജയത്തിന്‌ വഴിയൊരുക്കുമെന്ന്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതുന്നതും അതുകൊണ്ടാണ്‌. വന്നുവന്ന്‌ അഴിമതി പോലും പുതിയതാകണമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. കേരളത്തില്‍ മാത്രമല്ല, ഡല്‍ഹിയിലും ഇത്‌ തന്നെയാണ്‌ സ്ഥിതി.

ഒന്നാം യു പി എ സര്‍ക്കാര്‍ 2008 ജൂലൈയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച ദിവസങ്ങളില്‍ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക്‌ കുറവുണ്ടായിരുന്നില്ല. പിന്തുണ പിന്‍വലിച്ച ഇടത്‌ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടി അവസാന നിമിഷം കളം മാറ്റിച്ചവിട്ടി. ആണവ കരാര്‍ രാജ്യത്തിന്‌ ഗുണകരമാണെന്നും ആരോപിക്കുന്ന വിധത്തിലുള്ള ചതിക്കുഴികളൊന്നും അതിലില്ലെന്നും റോക്കറ്റ്‌ സാങ്കേതികവിദഗ്‌ധന്‍ മാത്രമായ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാമില്‍ നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ എഴുതിവാങ്ങിയ മുലായം സിംഗ്‌ യാദവും അമര്‍ സിംഗും സര്‍ക്കാറിന്‌ പിന്തുണ പ്രഖ്യാപിച്ചു. വിശ്വാസ പ്രമേയത്തെ എതിര്‍ക്കുമെന്ന്‌ ആദ്യം പ്രഖ്യാപിച്ച അജിത്‌ സിംഗിന്റെ രാഷ്‌ട്രീയ ലോക്‌ ദള്‍, പിന്നെയൊന്ന്‌ മനസ്സ്‌ മാറ്റി. അവസാനം പ്രതിപക്ഷത്തിനൊപ്പം നിന്ന്‌ പ്രമേയത്തെ എതിര്‍ത്ത്‌ വോട്ട്‌ ചെയ്‌തു. യു പി എ സര്‍ക്കാറിന്റെ ശക്തനായ വക്താവായി മാറിയ നാഷനല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഉമര്‍ അബ്‌ദുല്ല തനിക്ക്‌ ലഭിച്ച രണ്ട്‌ മിനുട്ട്‌ നേരം കൊണ്ട്‌ ലോക്‌സഭയില്‍ നടത്തിയ പ്രകടനം ആശ്ചര്യ ജനകമായിരുന്നു. ഇടത്‌ പാര്‍ട്ടികളുടെ നിലപാടിലെ പൊള്ളത്തരം സ്വാനുഭവം വിവരിച്ച്‌ അബ്‌ദുല്ല സമര്‍ഥിച്ചു. ഇതിനെല്ലാം ശേഷമായിരുന്നു വലിയ നാടകം. പ്രമേയം വോട്ടിനിടുന്നതിന്‌ തൊട്ടുമുമ്പ്‌ ബി ജെ പിയിലെ ചില അംഗങ്ങള്‍ ചേര്‍ന്ന്‌ ഒരു കോടി രൂപ സഭയുടെ മേശപ്പുറത്തുവെച്ചു. ജനാധിപത്യത്തെ വിലക്കു വാങ്ങിയതിന്‌ തെളിവാണിതെന്ന്‌ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ഇവര്‍ അവകാശപ്പെട്ടു.

ബി ജെ പിയുടെ ഈ നോട്ട്‌ നാടകത്തിന്റെ വിശ്വാസ്യത വൈകാതെ ചോദ്യം ചെയ്യപ്പെടുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. പണം ബി ജെ പി തന്നെ സമാഹരിച്ച്‌ എത്തിച്ചതാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവ്‌ അമര്‍ സിംഗിന്റെ വസതിയില്‍ നിന്നാണ്‌ പണം കൊണ്ടുവന്നതെന്ന്‌ ബി ജെ പി അവകാശപ്പെട്ടു. എന്തായാലും വോട്ട്‌ വാങ്ങാനായി പണം കൈമാറ്റം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത്‌ തീര്‍ച്ചയില്ലാതെ തുടരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കോണ്‍ഗ്രസ്‌ നേതാവ്‌ കിഷോര്‍ ചന്ദ്ര ദേവിന്റെ നേതൃത്വത്തിലുള്ള പാര്‍ലിമെന്ററി സമിതി തുടരന്വേഷണമാണ്‌ ശിപാര്‍ശ ചെയ്‌തത്‌. പ്രത്യേകിച്ച്‌ അന്വേഷണമൊന്നുമുണ്ടായില്ല. ലോക്‌സഭയില്‍ ഹാജരാക്കിയ ഒരു കോടി രൂപ എവിടെ നിന്ന്‌ വന്നുവെന്നത്‌ അജ്ഞാതമായി തുടരുന്നു.

ഈ പശ്ചാത്തലം മനസ്സില്‍വെച്ച്‌ വേണം വിക്കിലീക്‌സ്‌ ചോര്‍ത്തിയെടുത്ത അമേരിക്കന്‍ നയതന്ത്ര രേഖകളില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍. എം പിമാരെ വിലക്കുവാങ്ങാനായി 60 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്ന്‌ യു എസ്‌ ഉദ്യോഗസ്ഥനോട്‌ പറഞ്ഞ നചികേത കപൂര്‍ രണ്ട്‌ പെട്ടികളില്‍ സൂക്ഷിച്ച പണം കാണിച്ചുകൊടുക്കുകയും ചെയ്‌തുവെന്ന്‌ നയതന്ത്ര രേഖയില്‍ പറയുന്നു. അമേരിക്കയുടെ സന്ദേശങ്ങളില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയോ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗോ സാധാരണഗതിയില്‍ സന്ദേഹം പ്രകടിപ്പിക്കാറില്ല. അത്രക്ക്‌ ദൃഢമാണ്‌ ബന്ധം. അത്‌ പലകുറി തുറന്ന്‌ പറയുകയും ചെയ്‌തു. ഇതുപക്ഷേ, സ്വന്തം തടിക്ക്‌ കേടുണ്ടാക്കുന്ന സന്ദേശമാണ്‌. എങ്കിലും പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട്‌ പ്രണാബ്‌ മുഖര്‍ജി ലോക്‌സഭയില്‍ മറുപടി പറഞ്ഞത്‌ ഇങ്ങനെയാണ്‌ - ``സന്ദേശത്തിന്റെ ഉള്ളടക്കം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ സര്‍ക്കാറിന്‌ സാധിക്കില്ല. ഇത്തരമൊരു സന്ദേശമുണ്ടോ എന്നതും സര്‍ക്കാറിന്‌ അറിയില്ല.'' 


ഏതാണ്ട്‌ ഇതേ വാദം തന്നെയാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പിന്നീട്‌ പാര്‍ലിമെന്റില്‍ പറഞ്ഞത്‌. ഒരു പരമാധികാര രാജ്യത്തിന്റെ ഇന്ത്യയിലെ എംബസി അതിന്റെ വിദേശകാര്യ വകുപ്പിന്‌ അയക്കുന്ന സന്ദേശം ഇന്ത്യാ ഗവണ്‍മെന്റിന്‌ ലഭിക്കില്ല. വിശ്വാസ വോട്ട്‌ നേടാന്‍ കോഴ നല്‍കിയെന്ന ആരോപണം മന്‍മോഹന്‍ നിഷേധിക്കുകയും ചെയ്‌തു.

വിശദീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയമായത്‌ പ്രണാബിന്റെ മറ്റു ചില വാക്യങ്ങളാണ്‌. വിശ്വാസ വോട്ട്‌ നടന്നത്‌ 14-ാം ലോക്‌സഭയിലാണ്‌. അന്നത്തെ കാര്യങ്ങളെല്ലാം ആ സഭയുടെ കാലാവധി പൂര്‍ത്തിയായതോടെ അവസാനിച്ചു. ഇപ്പോഴത്തെ സര്‍ക്കാറിന്‌ ഉത്തരവാദിത്വമുള്ളത്‌ 15-ാം ലോക്‌സഭയോടാണ്‌. അതുകൊണ്ട്‌ തന്നെ ഇതേക്കുറിച്ച്‌ അന്വേഷണം നടത്തേണ്ട കാര്യമില്ല. അതെ, പഴയ കാര്യങ്ങളാണ്‌. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത്‌ നടന്നത്‌. പുതിയ ലോക്‌സഭയുടെ കാലത്ത്‌ നടക്കുന്നതാണെങ്കിലേ ഈ സര്‍ക്കാറിന്‌ ഉത്തരവാദിത്വമുള്ളൂ. പുതിയതാണെങ്കില്‍ അന്വേഷിക്കാമെന്ന്‌ അര്‍ഥം. കൈക്കൂലി പുത്തനായി പിടികൂടപ്പെടുന്നത്‌ അപൂര്‍വം സംഭവങ്ങളില്‍ മാത്രമാണ്‌. കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ മാര്‍ക്ക്‌ ചെയ്‌ത്‌ കൈമാറുന്ന പണം കോഴയായി നല്‍കുകയും ചെയ്യുന്ന സംഭവങ്ങളില്‍ മാത്രം. അത്തരം സംഗതികളൊന്നും ബഹുമാനപ്പെട്ട പാര്‍ലിമെന്റംഗങ്ങളുടെ കാര്യത്തില്‍ നടക്കില്ല. കോഴ നല്‍കുന്നവരുടെ കാവല്‍ക്കാരായി അന്വേഷണ ഏജന്‍സികളുള്ളപ്പോള്‍ പ്രത്യേകിച്ചും. പണം നല്‍കി എം പിമാരെ വാങ്ങി അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ തഴക്കം കോണ്‍ഗ്രസിന്‌ ഉണ്ടുതാനും. അതുകൊണ്ട്‌ കൈക്കൂലിക്കേസ്‌ തീര്‍ത്തും പുതിയതായി വേണമെന്ന്‌ പ്രണാബ്‌ മുഖര്‍ജി വാശി പിടിച്ചാല്‍ ബുദ്ധിമുട്ടാകും. 


ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ കഴുത്തോളം മുക്കിയ അഴിമതിക്കേസുകളൊന്നും പുതിയതല്ലെന്നതും ഓര്‍മവേണം. ടെലികോം ഇടപാട്‌ നടന്നത്‌ 2008ലാണ്‌. വോട്ടിന്‌ കോഴ നല്‍കിയെന്ന ആരോപണത്തിന്‌ കാരണമായ സംഭവം അരങ്ങേറുന്നതിനും മുമ്പ്‌. സാങ്കേതികമായി പറഞ്ഞാല്‍ 14-ാം ലോക്‌സഭയുടെ കാലത്ത്‌ തന്നെ. വ്യാജ രേഖകളുടെ നിര്‍മിതി, ക്രമവിരുദ്ധമായി അനുമതികള്‍ വാങ്ങിയെടുക്കല്‍ എന്ന്‌ വേണ്ട അഴിമതിയുടെ സര്‍വ രൂപങ്ങളും അരങ്ങേറി വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ മുംബൈയില്‍ ആദര്‍ശ്‌ ഫ്‌ളാറ്റ്‌ ഉയര്‍ന്നത്‌. പിന്നെയും സമയമെടുത്തു ഇത്‌ പുറത്തുവരാന്‍. എന്നിട്ടും അന്വേഷണമാരംഭിച്ചു. ഒരു മുഖ്യമന്ത്രിക്ക്‌ കസേര പോകുകയും ചെയ്‌തു. കോമണ്‍ വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി നടന്നത്‌ മത്സരങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങിന്‌ ശേഷമല്ല. മത്സരങ്ങള്‍ നടത്തുന്നതിന്‌ വേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങിയ കാലം മുതലാണ്‌. അതിലും അന്വേഷണം നടക്കുന്നു. സംഗതി പുതിയതല്ലെങ്കിലും നിവൃത്തിയില്ലെങ്കില്‍ അന്വേഷണം നടത്തേണ്ടിവരുമെന്നതിന്‌ തെളിവുകളാണിവ. അമേരിക്കന്‍ സന്ദേശത്തിലെ ഈ ആരോപണത്തെക്കുറിച്ചും വൈകാതെ അന്വേഷിക്കേണ്ടിവരും. അതുവരെ മാത്രമേ 14ഉം 15ഉം ലോക്‌സഭകളുടെ കാലഗണനകളെക്കുറിച്ചെല്ലാം വാദിക്കാനാകൂ. 


മറ്റൊരു രാജ്യത്തിന്റെ സന്ദേശത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സാധിക്കില്ലെന്നാണ്‌ പ്രണാബും മന്‍മോഹനും ഒരുപോലെ വാദിക്കുന്നത്‌. സന്ദേശത്തെക്കുറിച്ചല്ല, യൂത്ത്‌ കോണ്‍ഗ്രസിന്റെ പഴയ ജനറല്‍ സെക്രട്ടറിയായ ഇന്ത്യക്കാരന്‍, ഇന്ത്യക്കാര്‍ തന്നെയായ പാര്‍ലിമെന്റ്‌ അംഗങ്ങള്‍ക്ക്‌ പണം കൈമാറിയെന്ന ആരോപണത്തെക്കുറിച്ചാണ്‌. കൈമാറാനായി ശേഖരിച്ച കോടിക്കണക്കിന്‌ രൂപയെക്കുറിച്ചാണ്‌. അതിന്റെ ഉറവിടത്തെക്കുറിച്ചാണ്‌.

അഴിമതിയുടെ പഴക്കത്തെക്കുറിച്ച്‌ പറയാന്‍ ഇനിയൊരു സമയം കൂടി വരും. അതറിയണമെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മുന്നണിയുടെ നേതാക്കളോട്‌ ചോദിച്ചാല്‍ മതി. 27 കൊല്ലം പഴകിയ കേസില്‍ തന്നെ ശിക്ഷിച്ചുവെന്ന്‌ പറയുന്ന ഒരു നേതാവ്‌ ജയിലില്‍ കഴിയുന്നുണ്ട്‌. 15 വര്‍ഷം മുമ്പുള്ള കേസാണ്‌ പെണ്‍വാണിഭമെന്ന്‌ മറ്റൊരു നേതാവ്‌ പറയുന്നു. അത്‌ മിക്കവാറും യു ഡി എഫ്‌ നേതാക്കളൊക്കെ ആവര്‍ത്തിക്കുന്നു. 18 വര്‍ഷം മുമ്പത്തെ എണ്ണക്കേസ്‌ എന്ന്‌ പറയുന്ന നേതാക്കള്‍ രണ്ട്‌ പേരുണ്ട്‌. ഇതേ കേസിലെ മറ്റൊരു ആരോപണ വിധേയനെ സുപ്രധാനമായ ഒരു സ്ഥാനത്തേക്ക്‌ നിയമിച്ചത്‌ മൂലമുണ്ടായ പ്രയാസങ്ങള്‍ മന്‍മോഹന്‍ സിംഗ്‌ അനുഭവിച്ചിട്ട്‌ അധികം ദിനമായില്ല. 13 കൊല്ലത്തെ പഴക്കമുണ്ട്‌ ബ്രഹ്മപുരം കേസിനെന്ന്‌ പറഞ്ഞുതരാനും ആളുണ്ട്‌. കുരിയാര്‍ കുറ്റി - കാരപ്പാറ പദ്ധതിയുടെ ഭാഗമായി ഇടതും വലതും കനാലുകള്‍ നിര്‍മിച്ചതില്‍ 14 വര്‍ഷം പഴക്കമുള്ള കേസുണ്ട്‌ മറ്റൊരാള്‍ക്ക്‌. ഇതൊന്നും പോര ഇടത്‌ പക്ഷത്തു നിന്ന്‌ കൂടി നിര്‍ദേശങ്ങള്‍ വേണമെന്നാണെങ്കില്‍ പത്ത്‌ വര്‍ഷത്തോളം പഴകിയ ലാവ്‌ലിനുമായും ആളുണ്ട്‌. മകന്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ നടത്തിയ ഇടപാടുകള്‍ അഴിമതിയാണെന്ന ആരോപണം നേരിടുന്ന നേതാവ്‌ വേറെയും. 


കേസുകള്‍ എങ്ങനെ പഴകിക്കണമെന്നും പഴകിയ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇവരോട്‌ ചോദിച്ചാല്‍ പ്രണാബ്‌ മുഖര്‍ജിക്കും ഡോ. മന്‍മോഹന്‍ സിംഗിനും എളുപ്പത്തില്‍ മനസ്സിലാക്കാനാകും. ആ കൈയടക്കം സ്വായത്തമാക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ പുത്തന്‍ അഴിമതിക്കേസുകള്‍ തന്നെ വേണമെന്ന്‌ നിര്‍ബന്ധം പിടിക്കുകയല്ല. മറ്റ്‌ വാണിഭങ്ങളുടെ കാര്യത്തിലെന്ന പോലെ ഇവിടെ പുതുമ ഒരു ആകര്‍ഷക ഘടകമല്ല. പഴമ ആകര്‍ഷണീയത കുറക്കുന്നുമില്ല. ഉപ്പിലിട്ടതിന്റെയും വീഞ്ഞിന്റെയും പോലെ പഴക്കമേറുന്തോറും വീര്യമേറുന്നവയുമുണ്ട്‌. അതിന്‌ ഉദാഹരണം അവിടെത്തന്നെയുണ്ട്‌. 24 കൊല്ലം പഴകിയ ബോഫോഴ്‌സ്‌ കേസ്‌ ആദായ നികുതി അപ്പലേറ്റ്‌ ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ രൂപത്തിലും മറ്റും വീര്യമറിയിച്ചതല്ലേ? ക്വത്‌റോച്ചിക്കെതിരായ കേസ്‌ അവസാനിപ്പിക്കാന്‍ അനുവാദം നല്‍കിയ കീഴ്‌ക്കോടതി വിധി ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഒരിക്കല്‍ കൂടി വീര്യമറിയാന്‍ അവസരവുമുണ്ട്‌.

അഴിമതിയുടെ രീതികള്‍ പുതിയതാക്കാന്‍ ശ്രമിക്കാവുന്നതാണ്‌. വിപണി നിരക്കിനേക്കാള്‍ കൂടിയ തുകക്ക്‌ കരാര്‍ നല്‍കി അതിലൊരു വിഹിതം കൈക്കലാക്കുന്നത്‌ പഴയ പുത്തൂരം രീതിയാണ്‌. വലിയ നിര്‍മാണക്കരാറുകള്‍ നല്‍കുമ്പോഴും യന്ത്രോപകരണങ്ങള്‍ വാങ്ങുമ്പോഴും കമ്മീഷന്‍ പറ്റുക എന്നത്‌ കുറുപ്പന്‍മാരുടെ പഴഞ്ചന്‍ പതിവും. കമ്മീഷന്‍ എന്നത്‌ അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട രീതിയായി മാറിയതുകൊണ്ടും അന്താരാഷ്‌ട്ര രീതിമര്യാദകളെല്ലാം അതേപടി സ്വീകരിക്കണമെന്നതില്‍ കേന്ദ്ര സര്‍ക്കാറിന്‌ നിര്‍ബന്ധമുള്ളതുകൊണ്ടും കുറുപ്പന്‍മാരുടെ പഴഞ്ചന്‍ രീതി ഒരു കേസ്‌ പോലുമാകില്ല വരും കാലത്ത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതി രീതികള്‍ പുതിയതാക്കാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. കുറഞ്ഞ വിലക്ക്‌ ടോയ്‌ലെറ്റ്‌ പേപ്പര്‍ വാങ്ങി കൂടിയ വില ബില്ലില്‍ രേഖപ്പെടുത്തി. 15-ാം ലോക്‌സഭയുടെ അവസാനകാലത്ത്‌ കുറച്ചധികം ടോയ്‌ലെറ്റ്‌ പേപ്പര്‍ വാങ്ങുകയും അഴിമതി നടത്തുകയും ചെയ്‌താല്‍ 16-ാം ലോക്‌സഭയുടെ കാലത്ത്‌ മാത്രമേ പ്രശ്‌നമുണ്ടാകൂ. പതിനഞ്ചാം സഭയുടെ കാലത്ത്‌ നടന്ന പ്രശ്‌നങ്ങള്‍ക്ക്‌ പതിനാറില്‍ ഉത്തരവാദിത്വമില്ല, ആര്‍ക്കും.

2011-03-18

നിങ്ങള്‍ക്ക്‌ ഒരു ചുക്കുമറിയില്ല!



പാര്‍ട്ടിയോ വ്യക്തിയോ വലുത്‌ എന്ന ചോദ്യം കേരള രാഷ്‌ട്രീയത്തിലെ തുടര്‍ ചര്‍ച്ചയായിട്ട്‌ വര്‍ഷങ്ങളായി. വ്യക്തിയല്ല പാര്‍ട്ടിയാണ്‌ വലുതെന്ന വാദമാണ്‌ സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വം മുന്നോട്ടുവെക്കുന്നത്‌. അവര്‍ക്ക്‌ അവരുടേതായ ന്യായങ്ങളുണ്ട്‌. മുന്നോട്ടുവെക്കുന്ന നയനിലപാടുകളുടെ വ്യത്യസ്‌തതയും അതില്‍ ഉറച്ചുനില്‍ക്കാന്‍ കാണിക്കുന്ന ധൈര്യവും വി എസ്‌ അച്യുതാനന്ദനെ വേറിട്ട്‌ നിര്‍ത്തുന്നുവെന്നും അതുകൊണ്ട്‌ പാര്‍ട്ടിയേക്കാള്‍ വലിയ പ്രാധാന്യം അദ്ദേഹത്തിന്‌ ലഭിക്കുകയാണെന്നും വി എസ്സിനെ പിന്തുണക്കുന്നവര്‍ പറയുന്നു. വി എസ്സ്‌ പിന്തുടരുന്ന നയനിലപാടുകള്‍ പാര്‍ട്ടിയുടേത്‌ തന്നെയാണെന്നും അദ്ദേഹത്തെ വേറിട്ട വഴിയിലാണെന്ന്‌ വരുത്താന്‍ ശ്രമിക്കുന്നവര്‍ സി പി എമ്മില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നുമാണ്‌ ഇതിന്‌ ഔദ്യോഗിക നേതൃത്വത്തിന്റെ എതിര്‍വാദം.

വൈരനിര്യാതനബുദ്ധിയോടെ പ്രവര്‍ത്തിച്ച്‌ സി പി എമ്മില്‍ ആധിപത്യം ഉറപ്പിച്ച ചരിത്രമാണ്‌ വി എസ്സിന്റേത്‌. പ്രസിദ്ധമായ പാലക്കാട്‌ വെട്ടിനിരത്തല്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണവും. താന്‍ കൈപിടിച്ച്‌ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക്‌ കയറ്റിവിട്ട പിണറായി വിജയന്‍ പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായി കൈയടക്കുകയും എക്കാലത്തും ആഗ്രഹമായി കൊണ്ടുനടന്നിരുന്ന മുഖ്യമന്ത്രി പദം ലഭിക്കില്ലെന്ന്‌ തോന്നുകയും ചെയ്‌തതോടെയാണ്‌ ജനകീയ പ്രതിച്ഛായയുടെ സൃഷ്‌ടി ആരംഭിക്കുന്നത്‌. ഇടം കൈയില്‍ വലം കൈ കൊണ്ട്‌ വെട്ടി വലം കൈ അന്തരീക്ഷത്തില്‍ വീശി പറ്റില്ല (ഈ പ്രയോഗത്തിന്‌ പണ്ട്‌ വായിച്ച ഒരു ഫീച്ചറിനോട്‌ കടപ്പാട്‌) എന്ന്‌ തറപ്പിച്ച്‌ പറഞ്ഞിരുന്ന പാര്‍ട്ടി സെക്രട്ടറി യായിരുന്നു വി എസ്‌. 1991ല്‍ വിജയം മണത്തപ്പോള്‍ പാര്‍ട്ടി, പാര്‍ലിമെന്ററി പദവികള്‍ പരസ്‌പരം മാറാമെന്ന വാദം മുന്നോട്ടുവെച്ച്‌ തിരഞ്ഞെടുപ്പിനിറങ്ങി. രാജീവ്‌ ഗാന്ധി സ്‌ഫോടനത്തില്‍ മരിച്ചതോടെ ഉയര്‍ന്ന സഹതാപ തരംഗമില്ലായിരുന്നുവെങ്കില്‍ അന്ന്‌ വി എസ്‌ മുഖ്യമന്ത്രിയാവുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഇന്നത്തെ ജനകീയ പ്രതിച്ഛായ ഉണ്ടാവുമായിരുന്നോ എന്ന്‌ കൗതുകത്തിനെങ്കിലും ആലോചിച്ച്‌ നോക്കാവുന്നതാണ്‌.

പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നതില്‍ തളരാതെ, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ 2001 - 06 കാലത്ത്‌ വളര്‍ത്തിയെടുത്ത പ്രതിച്ഛായയാണ്‌ അദ്ദേഹത്തെ 2006ലെ പ്രതിസന്ധിയില്‍ തുണച്ചത്‌. ഇപ്പോള്‍ സീറ്റ്‌ നിഷേധിക്കപ്പെടുമ്പോഴുയരുന്ന പ്രതിഷേധങ്ങളുടെ കാരണവും അതാണ്‌. പാര്‍ട്ടിയില്‍ നിന്നും പുറത്തുനിന്നുമുള്ള സഹായത്തോടെ ദീര്‍ഘകാലമായി വി എസ്‌ നടത്തി വന്ന വിവിധ അഴിമതിക്കേസുകളുടെ ഡിവിഡന്റ്‌, ഭരണത്തിന്റെ അവസാന നാളുകളില്‍ ലഭിച്ചത്‌ കൂടുതല്‍ കരുത്തനാക്കുകയും ചെയ്‌തു. തന്നെ മത്സരിപ്പിക്കുക എന്നതല്ലാതെ പാര്‍ട്ടിക്ക്‌ മറ്റൊരു മാര്‍ഗവുമില്ലെന്ന കണക്ക്‌ കൂട്ടലില്‍ അദ്ദേഹം എത്തി. അതുകൊണ്ടാണ്‌ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ 2006ല്‍ നടത്തിയതുപോലൊരു ആസൂത്രിതമായ ചരടുവലിക്ക്‌ തയ്യാറാവാതിരുന്നത്‌. 


2006ല്‍ യു ഡി എഫ്‌ പ്രതിരോധത്തില്‍ നില്‍ക്കെ, വി എസ്സിന്റെ സ്ഥാനാര്‍ഥിത്വ വിവാദം ശക്തമാക്കി സി പി എമ്മിനെയും ഇടത്‌ മുന്നണിയെയും ദുര്‍ബലമാക്കാന്‍ ശ്രമിച്ച ചില മാധ്യങ്ങളെങ്കിലും ഇക്കുറി കരുതലെടുത്തു. വി എസ്സിനെ അമിതമായി ഉയര്‍ത്തിക്കാട്ടി, 2006ലേതുപോലൊരു അവസ്ഥ സൃഷ്‌ടിക്കുന്നത്‌ ഇക്കുറി യു ഡി എഫിന്‌ ഗുണകരമാവില്ലെന്ന്‌ അവര്‍ കരുതി. അതവരുടെ രാഷ്‌ട്രീയം. അതില്‍ തെറ്റ്‌ കാണാനാവില്ല. ഈ മാധ്യമങ്ങളുടെ പിന്തുണയില്‍ ഇടക്കാലത്തെങ്കിലും രമിച്ചു പോയതില്‍ വി എസ്സിന്‌ ഇപ്പോഴൊരു കുണ്‌ഠിതം തോന്നുന്നുണ്ടാവണം. വി എസ്സിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ്‌, പ്രതിപക്ഷത്തിരിക്കേണ്ടിവന്നാലും ഒരു വ്യക്തിയെ അമിതമായി ആശ്രയിച്ച്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന്‌ സി പി എം തീരുമാനിച്ചത്‌. പാര്‍ട്ടിയുടെ വീക്ഷണത്തിലൂടെ ഈ തീരുമാനത്തെ വിശകലനം ചെയ്‌താല്‍ ഇതില്‍ തെറ്റ്‌ കാണാനാവില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ പാര്‍ട്ടിയാണ്‌. ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌ പാര്‍ട്ടിയുടെയും മുന്നണിയുടെയും നയനിലപാടുകളാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ജയ, പരാജയങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതും. വ്യക്തിഗത മികവുകള്‍ ഇത്തരമൊരു മത്സരരീതിയെ സഹായിക്കാന്‍ പ്രയോജനപ്പെടുത്താം. അതിനപ്പുറം വേണ്ടെന്നാണ്‌ പാര്‍ട്ടിയുടെ തീരുമാനമെന്ന്‌ ആശയ തലത്തില്‍ വ്യാഖ്യാനിക്കാം. പ്രായോഗിക തലത്തില്‍ വി എസ്സും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോരിലെ ക്ലൈമാക്‌സായും കാണാം.

ഈ തീരുമാനം മാറ്റി വി എസ്സിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമായി വരും. വ്യക്തികള്‍ അപ്രസക്തരാമെന്ന വാദം എല്ലാവര്‍ക്കും ബാധകമാണോ? അങ്ങനെയെങ്കില്‍ പാര്‍ട്ടി തെറ്റെന്ന്‌ വിലിയിരുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കേണ്ടതല്ലേ? വി എസ്സിനെ മത്സരിപ്പിക്കേണ്ടെന്ന്‌ തീരുമാനിച്ച സംസ്ഥാന കമ്മിറ്റി യോഗം തന്നെ മറ്റൊരു കാര്യത്തില്‍ കൂടി തീരുമാനമെടുത്തു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ശശിയെ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്താനുള്ള തീരുമാനം. ശശിക്കെതിരായ പരാതി എന്താണെന്ന്‌ സി പി എം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. എന്നാല്‍ സ്‌ത്രീയോട്‌/സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറിയെന്നതാണ്‌ പരാതി എന്ന്‌ ഇതിനകം പത്രം വായിക്കുന്ന മലയാളികളൊക്കെ മനസ്സിലാക്കിയിട്ടുണ്ട്‌. 


ഏതെങ്കിലും ഒരു പാര്‍ട്ടി അംഗം സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറുന്നതുപോലെ ശശി ചെയ്‌തതിനെ കാണാനാവില്ല. സി പി എം എന്ന പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സമിതിയില്‍ അംഗമായിരുന്നയാളാണ്‌ ശശി. കണ്ണൂര്‍ പോലെ പാര്‍ട്ടിയുടെ കോട്ടയായ ജില്ലയുടെ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ട ശുദ്ധിയെക്കുറിച്ച്‌ ഭരണഘടനയില്‍ പറയുന്നുണ്ട്‌. നേതൃതലത്തിലേക്കെത്തിയ വ്യക്തിയാവുമ്പോള്‍ കൂടുതല്‍ ശുദ്ധി അനിവാര്യമാവുന്നു. ഈ ശുദ്ധി കാണിക്കാന്‍ ശശി തയ്യാറായില്ല. ഇത്‌ മാത്രമല്ല, പാര്‍ട്ടി നല്‍കിയ അധികാര സ്ഥാനം ദുരുപയോഗം ചെയ്യുക കൂടിയാണ്‌ ചെയ്‌തത്‌. എന്നിട്ടും ഈ വ്യക്തി പാര്‍ട്ടിയില്‍ നിലനില്‍ക്കട്ടെ എന്ന്‌ നേതൃത്വം തീരുമാനിക്കുമ്പോള്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന്‌ മനസ്സിലാക്കണം. കണ്ണൂരിലെ പാര്‍ട്ടി അംഗങ്ങള്‍ നേതാക്കളോളം ദുര്‍ബലരല്ലാത്തതിനാല്‍ വൈകാതെ ശശി പുറത്താക്കപ്പെടുമെന്നുറപ്പ്‌. എങ്കിലും നേതൃത്വം ഇത്തരത്തിലൊരു നിലപാട്‌ എടുത്തത്‌ എന്തുകൊണ്ടെന്ന ചോദ്യം നിലനില്‍ക്കും.

അവിടെ വി എസ്‌ അച്യുതാനന്ദനെന്ന വ്യക്തിയുടെ ചോദ്യങ്ങള്‍ക്ക്‌ പാര്‍ട്ടി നേതൃത്വത്തിന്‌ മറുപടിയുണ്ടാവില്ല. ഈ ചോദ്യങ്ങള്‍ വി എസ്സിന്റെ ശബ്‌ദത്തില്‍ ഉയരുന്നുവെന്ന്‌ മാത്രമേയുള്ളൂ. അത്‌ പാര്‍ട്ട്‌ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും ചോദ്യമാണ്‌. ഇത്തരത്തിലുള്ള ഒരാളെ അംഗത്വത്തില്‍ നിലനിര്‍ത്തിക്കൊണ്ട്‌ ഐസ്‌ക്രീം പോലുള്ള കേസുകള്‍ ഉന്നയിക്കുന്നത്‌ എങ്ങനെ എന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ വിഷമിക്കുക തന്നെ ചെയ്യും. സമാനമാണ്‌ മറ്റ്‌ പ്രശ്‌നങ്ങളും. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ പക്കല്‍ നിന്ന്‌ രണ്ട്‌ കോടി രൂപ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക്‌ വേണ്ടി വാങ്ങി എന്നത്‌ പാര്‍ട്ടി സമ്മതിച്ച കാര്യമാണ്‌. എന്തിനത്‌ വാങ്ങി? ആര്‌ തീരുമാനിച്ചു? എന്ന ചോദ്യങ്ങള്‍ക്ക്‌ ഇനിയും മറുപടിയുണ്ടായിട്ടില്ല. ഇ പി ജയരാജനെ ഇടക്കാലത്തേക്ക്‌ പത്രത്തിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന്‌ മാറ്റി നിര്‍ത്തിയാല്‍ തീരുന്നതാണോ ഈ പ്രശ്‌നം. ആ രണ്ട്‌ കോടി രൂപയാണ്‌ ലോട്ടറി പ്രശ്‌നത്തില്‍ അല്‍പ്പമെങ്കിലും സി പി എമ്മിനെ പ്രതിരോധത്തിലാക്കിയത്‌.

സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയരുകയും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പരാതി അടിസ്ഥാനമുള്ളതാണെന്ന്‌ കണ്ടെത്തുകയും ചെയ്‌ത വ്യക്തി അംഗമെന്ന നിലയിലെങ്കിലും ഉണ്ടാവണമെന്ന്‌ തോന്നുകയും ചെയ്യുമ്പോള്‍ വ്യക്തികള്‍ പ്രസക്തരാവുകയാണ്‌. ആ വ്യക്തികളുടെ തിരഞ്ഞെടുപ്പാണ്‌ പ്രശ്‌നം. വ്യക്തികള്‍ അപ്രസക്തരാണെങ്കില്‍ തന്നെ അവരുന്നയിക്കുന്ന ആശയങ്ങള്‍ പ്രസക്തമാണ്‌. അധികാരം ചൂഷണത്തിന്‌ ഉപയോഗിക്കാമെന്ന ശശിയുടെ ആശയമോ പ്രതിച്ഛായാ നിര്‍മിതിക്കാണെങ്കില്‍ കൂടി വി എസ്‌ മുന്നോട്ടുവെച്ച ആശയങ്ങളോ പ്രസക്തം? മുന്നോട്ടുവെച്ച ആശയങ്ങളിലൂടെ ജനമനസ്സില്‍ സ്ഥാനം നേടിയെടുക്കാന്‍ വി എസ്സിന്‌ സാധിച്ചിട്ടുണ്ടെങ്കില്‍ ആ ആശയങ്ങള്‍ പിന്തുടര്‍ന്ന്‌ പാര്‍ട്ടിക്ക്‌ ജനമനസ്സില്‍ സ്ഥാനമുറപ്പിക്കുക എന്നതല്ലേ നേതൃത്വം ചെയ്യേണ്ടത്‌? അതിന്‌ അവര്‍ തയ്യാറാവുമോ എന്നത്‌ ഈ തിരഞ്ഞെടുപ്പിന്‌ ശേഷവും ചര്‍ച്ച ചെയ്യപ്പെടും. 


തോട്ടമുടമകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്ന കാര്യത്തില്‍ എന്ത്‌ നിലപാടായിരിക്കും? പെണ്‍വാണിഭക്കാര്‍, അഴിമതിക്കാര്‍ എന്നിവരുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമോ? തെറ്റ്‌ ചെയ്യുന്ന പാര്‍ട്ടി അംഗത്തിന്റെ കാര്യത്തില്‍ അയാളുടെ ഔദ്യോഗിക, അനൗദ്യോഗിക പക്ഷം നോക്കാതെ നടപടിയെടുക്കാന്‍ തയ്യാറാവുമോ? ഇതിന്‌ വ്യക്തമായ മറുപടിയുണ്ടാവുന്നില്ലെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളെ വേദവാക്യമാക്കുകയും പാമോയില്‍ കേസില്‍ തള്ളിക്കളയുകയും ചെയ്യുന്ന ശിഖണ്ഡിത്വമാവും എല്ലാ കാര്യങ്ങളിലുമുള്ളതെന്ന്‌ ധരിക്കേണ്ടിവരും. മറ്റൊരു കോണ്‍ഗ്രസ്‌ എന്നതിനപ്പുറത്ത്‌ സി പി എം എന്ന പാര്‍ട്ടിക്ക്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ യാതൊരു വിലയുമില്ലാതെയാവുകയും ചെയ്യും. ഈ പാര്‍ട്ടി നിങ്ങള്‍ വിചാരിക്കുന്നതുപോലൊരു പാര്‍ട്ടിയല്ല എന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദത്തിന്‌ യാതൊരു അര്‍ഥവുമുണ്ടാവില്ല.

അതല്ല, അമ്യൂസ്‌മെന്റ്‌ - കണ്ടല്‍ പാര്‍ക്കുകള്‍, ഹോട്ടലുകള്‍, സഹകരണ സംഘങ്ങള്‍ ഇവയൊക്കെ സ്ഥാപിച്ച്‌ സമാന്തര സമ്പദ്‌ വ്യവസ്ഥയായി തുടരുകയും യു ഡി എഫിന്റെ ഭരണപ്പിഴവിന്റെ പഴുതില്‍ അധികാരത്തിലെത്തുക എന്ന കേവല അജന്‍ഡയിലുറക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ അനാവശ്യ സവിശേഷതകള്‍ സ്വയം അവകാശപ്പെടരുത്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ ജനം അധികാരത്തിലെത്തിക്കുന്നത്‌ അവരുടെ എല്ലാ വിഴുപ്പുകളും അറിഞ്ഞുകൊണ്ടുതന്നെയാണ്‌. നടക്കാന്‍ പോകുന്നത്‌ വിഴുപ്പലക്കലാണെന്ന മുന്നറിവോടെ തന്നെയുമാണ്‌. അത്തരം ചെറിയ മുന്‍വിധികള്‍ സി പി എം നയിക്കുന്ന മുന്നണിയെക്കുറിച്ച്‌ ഇപ്പോള്‍ തന്നെയുണ്ട്‌. ഈ വഴിയിലാണ്‌ ചില വ്യക്തികള്‍ തടസ്സങ്ങളാവുന്നത്‌. അത്തരം വ്യക്തികള്‍ അനിവാര്യതയാണെന്ന തിരിച്ചറിവ്‌ ഉണ്ടാവേണ്ടിയിരിക്കുന്നു. എല്ലാറ്റിനെയും വിഭാഗീതയുടെ കണ്ണിലൂടെ കാണാതിരിക്കാനുള്ള വിവേകം അനിവാര്യമാവുന്നു. ഇതുണ്ടാവുന്നില്ലെങ്കില്‍ എത്ര തെറ്റുതിരുത്തല്‍ രേഖകളുണ്ടായിട്ടും കാര്യമില്ല. വ്യക്തികള്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ അവര്‍ ചേരുന്ന പാര്‍ട്ടിയില്‍ തിരുത്തുകള്‍ ഒരിക്കലും ഉണ്ടാവില്ല തന്നെ.

ആളവന്‍താന്‍



ഹൊ! ആശ്വാസമായി. മഹത്തരമെന്ന്‌ ലോകമാകെ, പ്രത്യേകിച്ച്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഹുസൈന്‍ ഒബാമ, വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച്‌ ഇടക്കാലത്തുണ്ടായ അവമതിപ്പ്‌ മാറിക്കിട്ടി. ഇനി ഇതില്‍ പൂര്‍ണമായി വിശ്വസിക്കാം. തല ഉയര്‍ത്തിപ്പിടിച്ച്‌ നടക്കുകയും ചെയ്യാം. കാരണമെന്താണെന്ന്‌ മനസ്സിലാക്കണമെങ്കില്‍ ചില അടിസ്ഥാന വസ്‌തുതകള്‍ പറയണം. ഇന്ത്യ എന്നത്‌ ജനാധിപത്യ മതേതര റിപ്പബ്ലിക്കാണെന്ന്‌ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അതായത്‌ പൂര്‍ണമായും ജനഹിതം പാലിക്കപ്പെടുന്ന രാജ്യം. അതനുസരിച്ചാണ്‌ വിവിധ ഭരണ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടത്‌. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളും ഈ പ്രതിനിധികള്‍ നിശ്ചയിക്കുന്ന ഭരണാധികാരികളും (പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ എന്നിങ്ങനെ) ജനങ്ങള്‍ക്ക്‌ വേണ്ടി ഭരണം നടത്തുന്നുവെന്നാണ്‌ സങ്കല്‍പ്പം. ജനങ്ങള്‍ക്ക്‌ വേണ്ടി ഭരണം നടത്തുന്നുണ്ടോ എന്നതിലെ സംശയം ഈ സമ്പ്രദായം ആരംഭിച്ച കാലം മുതലുണ്ട്‌. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന്‌ ഭരണാധികാരികളെ നിശ്ചയിക്കുന്ന പതിവും അപൂര്‍വമാണ്‌. 


ഭൂരിപക്ഷം ജനപ്രതിനിധികളെ ലഭിച്ച രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ അധികാരസ്ഥാനത്തിരിക്കുന്നവരെ തീരുമാനിക്കാറ്‌. രാജ്യത്ത്‌ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭരണം നടത്തേണ്ടവരാരൊക്കെ എന്ന്‌ നിശ്ചയിക്കുന്നതില്‍ വലിയ അപാകം ആര്‍ക്കും ഇക്കാലം വരെ തോന്നിയിട്ടില്ല.

ഈ പതിവും മാറിയിരിക്കുന്നുവെന്ന സംശയങ്ങള്‍ അടുത്ത കാലത്തായി ഉയര്‍ന്നുകേട്ടിരുന്നു. ഇക്കേട്ടതൊന്നും സംശയങ്ങളല്ലെന്ന്‌ സ്ഥിരീകരിക്കപ്പെട്ടത്‌ നീര റാഡിയയുടെ ടെലിഫോണ്‍ ചോര്‍ത്തി ആദായ നികുതി വകുപ്പ്‌ സി ഡിയിലാക്കിയത്‌ മാധ്യമങ്ങളിലേക്ക്‌ ചോര്‍ന്നെത്തിയപ്പോഴാണ്‌. സ്വകാര്യ കമ്പനികളുടെ പൊതു പ്രചാരണം കരാറെടുത്ത്‌ നടത്തുന്ന ഏതാനും സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി മാത്രമായിരുന്നു നീര റാഡിയ. മുകേഷ്‌ അംബാനിക്ക്‌ കീഴിലുള്ള റിലയന്‍സ്‌ സ്ഥാപനങ്ങളുടെയും രത്തന്‍ ടാറ്റക്ക്‌ കീഴിലുള്ള സ്ഥാപനങ്ങളുടെയും പ്രചാരണക്കരാര്‍ കിട്ടിയതോടെ അധികാര കേന്ദ്രങ്ങളുമായി നീരക്കുള്ള ബന്ധം ഉറച്ചു. 


ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ ടെലികോം ലൈസന്‍സുകള്‍ വിവിധ കമ്പനികള്‍ക്ക്‌ നേടിക്കൊടുക്കുന്നതില്‍ നീരയുടെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നുവെന്നാണ്‌ ഇതിനകം പുറത്തുവന്ന വിവരങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ സാധിക്കുക. ഇവിടെ നില്‍ക്കുന്നില്ല നീരയുടെ ഇടപെടലുകള്‍. രണ്ടാം യു പി എ മന്ത്രിസഭയുടെ രൂപവത്‌കരണകാലത്ത്‌ മന്ത്രിമാരെ നിശ്ചയിക്കുന്ന പ്രക്രിയയില്‍ നീര ഇടപെട്ടിരുന്നുവെന്നതിന്‌ ഫോണ്‍ സംഭാഷണങ്ങള്‍ സാക്ഷി. എ രാജക്ക്‌ മന്ത്രി സ്ഥാനവും ടെലികോം വകുപ്പും ഉറപ്പാക്കിക്കൊടുക്കാന്‍ നീര സജീവമായി ഇടപെട്ടിരുന്നു. ഇവര്‍ക്ക്‌ പിന്‍ബലമായി രാജ്യത്തെ കുത്തക കമ്പനികളുണ്ടായിരുന്നു. കമ്പനികളുടെ ഇംഗിതങ്ങള്‍ രാഷ്‌ട്രീയ നേതൃത്വത്തെ ധരിപ്പിക്കാനും അത്‌ നടത്തിയെടുക്കുന്നതിന്‌ ഏതൊക്കെ നേതാക്കളിലും മാധ്യമ പ്രമുഖരിലും സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമോ അവരിലൊക്കെ സമ്മര്‍ദം ചെലുത്താനും നീരക്ക്‌ സാധിച്ചു. 


രാജയുടെ കാര്യത്തില്‍ മാത്രമല്ല, കമല്‍ നാഥിന്‌ ഉപരിതല ഗതാഗത വകുപ്പും ആനന്ദ്‌ ശര്‍മക്ക്‌ വാണിജ്യ വകുപ്പും നിശ്ചയിച്ചതില്‍ പുറമെ നിന്നുള്ള സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനങ്ങളുടെ വാഹകയായതും നീരയാണെന്ന്‌ അവരുടെ ചോര്‍ത്തപ്പെട്ട ഭാഷണങ്ങള്‍ തെളിയിക്കുന്നു.
ഈ വിവരങ്ങളാണ്‌ മുന്‍ചൊന്ന അവമതിപ്പിന്‌ കാരണമായത്‌. ഡോ. മന്‍മോഹന്‍ സിംഗ്‌ എന്ന ലോകപ്രസിദ്ധ ധനതത്വശാസ്‌ത്രജ്ഞന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. പ്രണാബ്‌ കുമാര്‍ മുഖര്‍ജിയെന്ന പഴക്കം ചെന്ന രാഷ്‌ട്രീയ, സാമ്പത്തിക വിദഗ്‌ധന്‍ നായക നിരയിലുള്ള സര്‍ക്കാര്‍. ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ സ്ഥിരം സാന്നിധ്യമായ സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍. ഇതൊക്കെയായിട്ടും നീര റാഡിയ എന്ന ഇടനിലക്കാരി, മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ തീരുമാനിക്കുന്നതിലും നിര്‍ണായക സമ്മര്‍ദം ചെലുത്തിയെന്ന്‌ മനസ്സിലാക്കുമ്പോള്‍ അവമതിപ്പുണ്ടാകുക സ്വാഭാവികം. 



ഇപ്പോഴത്‌ മാറി, വീണ്ടും അഭിമാനോസ്‌ഫുല്ലമാകുന്നതിന്‌ കാരണമായത്‌ ഇന്ത്യയെ സംബന്ധിച്ച അമേരിക്കന്‍ നയതന്ത്ര രേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവന്നതാണ്‌. നീര റാഡിയയല്ല, അമേരിക്കയാണ്‌ നമ്മുടെ ഭരണാധികാരികള്‍ ആരാകണമെന്ന്‌്‌ തീരുമാനിക്കുന്നത്‌ എന്നാണ്‌ ഈ രേഖകള്‍ പറയാതെ പറയുന്നത്‌. അവരല്ലാതെ മറ്റാരാണ്‌ നമ്മുടെ ഭരണാധികാരികളെ തീരുമാനിക്കേണ്ടത്‌? നുണ ആവര്‍ത്തിച്ച്‌ സത്യമാക്കുകയും അതിന്റെ പേരില്‍ ആസുരമായ ആക്രമണം നടത്തി ആയിരങ്ങളെ കൊന്നൊടുക്കി സദ്ദാം ഹുസൈനെ പുറത്താക്കുകയും ചെയ്‌ത ഇറാഖ്‌ നമ്മുടെ മുന്നിലുണ്ട്‌. ആ അവസ്ഥ നമുക്കുണ്ടാക്കാതെ ഭരണാധികാരികളെ നിശ്ചയിക്കാനുള്ള അധികാരം അമേരിക്കക്ക്‌ സ്വയം കൈമാറുകയും അവരുടെ താത്‌പര്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുകയും ചെയ്യുന്ന നേതാക്കളെക്കുറിച്ച്‌ ആര്‍ക്കാണ്‌ അഭിമാനം തോന്നാത്തത്‌? ഒരു ജനതയുടെ പ്രാഥമികമായ അവകാശം ജീവിക്കുക എന്നതാണ്‌. ആ അവകാശം നടപ്പാക്കിത്തന്നിരിക്കുന്നു നമ്മുടെ നേതാക്കള്‍. അതിലും വലിയൊരു സേവനം ചെയ്‌തു തരാനുണ്ടോ?

ഇറാനില്‍ നിന്ന്‌ ആയിരക്കണക്കിന്‌ കിലോമീറ്റര്‍ നീളത്തില്‍ കുഴല്‍ സ്ഥാപിച്ച്‌ പ്രകൃതി വാതകം കൊണ്ടുവന്ന്‌ രാജ്യത്തിന്റെ ഊര്‍ജ ക്ഷാമം പരിഹരിക്കാമെന്ന്‌ വാദിച്ച മന്ത്രിയായിരുന്നു മണി ശങ്കര്‍ അയ്യര്‍. അപ്രായോഗികമായ ഒരു പദ്ധതിക്ക്‌ വേണ്ടി വാദിക്കുന്ന ഒരു മന്ത്രിയെ മാറ്റി പ്രായോഗികമതിയായ ഒരാളെ നിയമിക്കണമെന്ന്‌ നിര്‍ദേശിക്കുന്നത്‌ അമേരിക്കയാണെങ്കില്‍ പോലും സ്വീകരിക്കുന്നതില്‍ തെറ്റ്‌ കാണേണ്ടതില്ല. അങ്ങനെ നിയമിക്കുന്നയാള്‍ ദീര്‍ഘകാലമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന്‌ വാദിക്കുന്ന ഒരാള്‍ കൂടിയാകുകയാണെങ്കില്‍ ഇരട്ടിമധുരം. അത്‌ മാത്രമേ 2006ല്‍ മുരളി ദേവ്‌റയെ പെട്രോളിയം മന്ത്രിയായി നിയമിച്ചപ്പോള്‍ നടന്നിട്ടുള്ളൂ. ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യത്തിലേക്ക്‌ കടന്നുകയറുന്നത്‌ അംഗീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. 


വിദേശ നയത്തില്‍ വരേണ്ട മാറ്റം ഡോ. മന്‍മോഹന്‍ സിംഗിനെ നേരത്തെ തന്നെ അറിയിച്ചതാണ്‌. എന്നിട്ടും പെട്രോളിയം മന്ത്രി ആ മേഖലയിലേക്ക്‌ കടന്ന്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ തുടങ്ങിയാല്‍ നിയന്ത്രിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ട്‌. അത്‌ അദ്ദേഹം വൃത്തിയായി ചെയ്യുകയും ചെയ്‌തു.
രണ്ടാം യു പി എ സര്‍ക്കാറില്‍ കമല്‍ നാഥിന്‌ ഉപരിതല ഗതാഗത വകുപ്പ്‌ നേടിക്കൊടുത്തതില്‍ പങ്കുണ്ടെന്ന നീര റാഡിയയുടെ അവകാശ വാദവും വിശ്വസിക്കേണ്ടതില്ല എന്ന ആശ്വാസവും ഇവിടെ നിന്ന്‌ ലഭിക്കുന്നു. ഒന്നാം യു പി എ സര്‍ക്കാറില്‍ വാണിജ്യമാണ്‌ കമല്‍ നാഥ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ബ്രസീലുമായി ചേര്‍ന്ന്‌ കുറുമുന്നണിയുണ്ടാക്കി ലോക വ്യാപാര സംഘടനയുടെ ദോഹ വട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെ ചെറുക്കുന്നതിന്‌ അന്ന്‌ കമല്‍ നാഥ്‌ മുന്‍കൈ എടുത്തു. 



ഒരു ഭാഗത്ത്‌ അമേരിക്കക്ക്‌ ഉന്‍മുഖമായി ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ്‌ കമല്‍ നാഥ്‌ ഇതിന്‌ തുനിഞ്ഞത്‌. രണ്ടാമത്‌ യു പി എ അധികാരത്തില്‍ വന്നപ്പോള്‍ കമല്‍ നാഥിനെ വാണിജ്യ വകുപ്പില്‍ നിന്ന്‌ മാറ്റി. പകരം വന്നത്‌ ആനന്ദ്‌ ശര്‍മ. യു എസ്‌ വിദേശകാര്യ മന്ത്രാലയത്തിന്‌ എംബസി അയച്ച സന്ദേശങ്ങളില്‍ നല്ല പട്ടികയില്‍പ്പെടുന്നയാളാണ്‌ ആനന്ദ്‌ ശര്‍മ. 2009ല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ വരുന്നതിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പയച്ച സന്ദേശമാണിതെന്നത്‌ പ്രത്യേകം പ്രസ്‌താവിക്കേണ്ടതാണ്‌.

ഈ ഇടപെടല്‍ എന്ന്‌ തുടങ്ങിയെന്ന്‌ മാത്രമേ ഇനി വ്യക്തമാകാനുള്ളൂ. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമേരിക്ക പണമൊഴുക്കിയെന്ന ആരോപണത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയയുണ്ടെന്ന്‌ എംബസി രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന്‌ വ്യക്തം. പഴയ ആരോപണത്തിന്‌ ഇത്‌ വിശ്വാസ്യത ഏറ്റുകയും ചെയ്യുന്നു. 1959ലേത്‌ അന്ന്‌ അവര്‍ക്കുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ ഭീതിയുടെ ഫലമായിരുന്നുവെന്ന്‌ ആശ്വസിക്കുക. എന്നാല്‍ ഇപ്പോഴത്തെ ഇടപെടലുകളില്‍ അത്തരം ആശ്വാസങ്ങള്‍ക്ക്‌ സ്ഥാനമില്ല. 


1991ല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ന്യൂനപക്ഷ സര്‍ക്കാറില്‍ ധനമന്ത്രി സ്ഥാനത്തേക്ക്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ എത്തിയത്‌ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. എവിടെ നിന്ന്‌ വന്നു ഈ അപ്രതീക്ഷിത അതിഥിയെന്നതിന്‌ വിക്കിലീക്‌സ്‌ ചോര്‍ത്തിയെടുത്ത രേഖകള്‍ ഒരു പരിധിവരെ മറുപടി നല്‍കുന്നുണ്ട്‌. അന്നുമുതലിങ്ങോട്ട്‌ മന്‍മോഹന്‍ സിംഗ്‌ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ക്കെല്ലാം അമേരിക്കന്‍ ചായ്‌വുണ്ടായിരുന്നു. പിന്നീട്‌ ദേശഭക്തിയുടെ പരകോടിയില്‍ നില്‍ക്കുന്ന ബി ജെ പിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടായപ്പോഴാണ്‌ ഇന്ത്യയും അമേരിക്കയും സ്വാഭാവിക സഖ്യകക്ഷികളാണെന്ന പ്രഖ്യാപനമുണ്ടായത്‌. അതിന്റെ തുടര്‍ച്ചയാണ്‌ 2004ല്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രധാനമന്ത്രി പദമേറിയപ്പോള്‍ സംഭവിച്ചത്‌. 


കോണ്‍ഗ്രസ്‌ പാര്‍ലിമെന്ററി പാര്‍ട്ടിയുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും പ്രധാനമന്ത്രി പദം നിരസിച്ച സോണിയാ ഗാന്ധി, പകരം നിര്‍ദേശിച്ചത്‌ പരിചയവും പാരമ്പര്യവുമുള്ള പ്രണാബ്‌ മുഖര്‍ജിയെയായിരുന്നില്ല, മന്‍മോഹന്‍ സിംഗിനെയായിരുന്നു. എന്തുകൊണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പ്‌ എന്നതിനും വിക്കിലീക്‌സ്‌ ചോര്‍ത്തിയ രേഖകള്‍ ഇപ്പോള്‍ നമുക്ക്‌ വ്യക്തത തരുന്നുണ്ട്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കാന്‍ എടുത്ത താത്‌പര്യം, ആണവോര്‍ജ സമിതിയില്‍ ഇറാനെതിരെ വോട്ട്‌ ചെയ്യാനെടുത്ത തീരുമാനം, സാമ്പത്തിക മാന്ദ്യത്തില്‍ തളര്‍ന്ന അമേരിക്കക്ക്‌ തുണയേകാന്‍ പ്രതിരോധ കരാറുകളുണ്ടാക്കാനെടുത്ത മുന്‍കൈ എന്ന്‌ തുടങ്ങി മന്‍മോഹന്റെ സേവനങ്ങള്‍ നിരവധിയാണ്‌. 


ഈ പ്രതിരോധ കരാറിന്റെ കാര്യത്തിലാണ്‌ പ്രതിച്ഛായയുടെ കാര്യത്തില്‍ അതീവ തത്‌പരനായ എ കെ ആന്റണി തടശിലയാകുന്നത്‌. പാര്‍ലിമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിന്‌ ശേഷം കേന്ദ്ര മന്ത്രിസഭയുടെ വിശാലമായ പുനസ്സംഘടന പ്രധാനമന്ത്രി ഉദ്ദേശിക്കുന്നുണ്ട്‌. എ കെ ആന്റണിയില്‍ നിന്ന്‌ പ്രതിരോധ വകുപ്പ്‌ നീക്കം ചെയ്‌താല്‍ അത്ഭുതപ്പെടാനില്ല. കാരണം അത്‌ അമേരിക്കയുടെ ആവശ്യമാണ്‌.
കച്ചവടത്തിനെത്തിയവര്‍ അധികാരം പിടിക്കുകയും നൂറ്റാണ്ടിലേറെ ഭരിക്കുകയും ചെയ്‌തതാണ്‌ ചരിത്രം. അധികാരം പിടിക്കാന്‍ അന്ന്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ ഏറെ പാടുപെടേണ്ടിവന്നിരുന്നു. ഇന്ന്‌ അതിന്റെ ആവശ്യം അമേരിക്കക്കില്ല. അടിമത്വം സ്വയം സ്വീകരിക്കാന്‍ ഭരണാധിപന്‍മാര്‍ സന്നദ്ധരാകുമ്പോള്‍ അവരില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ജനതക്ക്‌ അടിമയാകുന്നതില്‍ അഭിമാനിക്കാം. ജനാധിപത്യത്തില്‍ തലയുയര്‍ത്തി നടക്കുകയും ചെയ്യാം. 

2011-03-10

നിര്‍ണയങ്ങള്‍ പാളിച്ചകള്‍



നിര്‍ണയത്തില്‍ പിഴവ്‌ പറ്റി, അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു'-പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വിശദീകരിച്ചു. നിര്‍ണയത്തില്‍ പിഴവ്‌ പറ്റിയെന്നത്‌ വസ്‌തുതയാണ്‌. അത്‌ ആര്‍ക്കാണെന്നതിലേ തര്‍ക്കത്തിന്‌ സാധ്യതയുള്ളൂ. ധനതത്വശാസ്‌ത്ര വിദഗ്‌ധനെന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന്‌ ധന വകുപ്പ്‌ ഏല്‍പ്പിച്ചുകൊടുത്ത പി വി നരസിംഹ റാവുവിനാണോ; പിന്നീട്‌ പ്രധാനമന്ത്രി പദം കൈമാറിക്കൊടുത്ത സോണിയാ ഗാന്ധിക്കാണോ; അതോ ഇവരുടെ രണ്ട്‌ പേരുടെയും പാര്‍ട്ടിയായ കോണ്‍ഗ്രസിനാണോ? എന്തായാലും രാജ്യത്തെ ജനങ്ങള്‍ക്ക്‌ നിര്‍ണയത്തില്‍ പിഴവൊന്നും പറ്റിയിട്ടില്ല. ഒരിക്കലേ ഡോ. മന്‍മോഹന്‍ സിംഗ്‌ ജനങ്ങളെ അഭിമുഖീകരിച്ചുള്ളൂ. 1999ല്‍ തെക്കന്‍ ഡല്‍ഹിയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌. അന്ന്‌ മന്‍മോഹന്‍ സിംഗ്‌ തോറ്റു. ജനത്തിന്റെ പിഴവില്ലാത്ത നിര്‍ണയം മനസ്സിലാക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ്‌ പിന്നീട്‌ മന്‍മോഹനെ രാജ്യസഭയിലേക്ക്‌ എത്തിച്ചു, വഴിയേ പ്രധാനമന്ത്രിയുമാക്കി.

സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണറായി പി ജെ തോമസിനെ നിയമിച്ചത്‌ നിയമപരമല്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്‌ നിര്‍ണയത്തില്‍ പിഴവ്‌ പറ്റിയെന്ന ഏറ്റുപറച്ചിലുണ്ടായത്‌. തോമസ്‌ അഴിമതിക്കേസില്‍ ആരോപണവിധേയനാണെന്ന കാര്യം നിയമനം തീരുമാനിക്കുന്ന സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുവോളം അദ്ദേഹം അറിഞ്ഞിരുന്നില്ല. കേരളത്തില്‍ ചീഫ്‌ സെക്രട്ടറിയും കേന്ദ്ര വകുപ്പുകളില്‍ സെക്രട്ടറിയുമായി നിയമിക്കപ്പെട്ടപ്പോള്‍ വിജിലന്‍സ്‌ കേസ്‌ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടാകുമെന്ന്‌ ധരിക്കുകയും ചെയ്‌തു. അതുകൊണ്ടാണ്‌ നിയമനവുമായി മുന്നോട്ടുപോയതെന്നും മന്‍മോഹന്‍ വിശദീകരിക്കുന്നു. സംസ്ഥാന ചീഫ്‌ സെക്രട്ടറി, കേന്ദ്ര വകുപ്പുകളുടെ സെക്രട്ടറി എന്നിവ പോലെയാണോ അഴിമതിക്കേസുകളുടെ അന്വേഷണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണറുടെ സ്ഥാനം എന്ന്‌ അഞ്ച്‌ വര്‍ഷം ധനമന്ത്രിയും ആറ്‌ കൊല്ലം പ്രധാനമന്ത്രിയും ദീര്‍ഘകാലം പാര്‍ലിമെന്റംഗവുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ്‌ ആലോചിച്ചതേയില്ല! അതുപോട്ടെ പിഴ മൂളിയ സാഹചര്യത്തില്‍ ബി ജെ പി നേതാവ്‌ സുഷമാ സ്വരാജിനെപ്പോലെ വിശാല മനസ്സ്‌ കാട്ടി ഈ പ്രശ്‌നം ഇവിടെ അവസാനിപ്പിക്കാം.

പക്ഷേ, നിര്‍ണയത്തില്‍ കാട്ടിയ മറ്റ്‌ പിഴവുകള്‍ക്കോ? ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡി എം കെ നേതാവ്‌ എ രാജ ഒന്നാം യു പി എ സര്‍ക്കാറില്‍ ടെലികോം മന്ത്രിയായിരിക്കെയാണ്‌ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിച്ചത്‌. ഈ ഇടപാടില്‍ കോടികള്‍ കോഴയായി മറിഞ്ഞെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. എന്നിട്ടും രണ്ടാം യു പി എ സര്‍ക്കാര്‍ വന്നപ്പോള്‍ രാജക്ക്‌ മന്ത്രി സ്ഥാനം നല്‍കി. ആരൊക്കെ മന്ത്രിമാരാകണമെന്ന്‌ നിര്‍ദേശിക്കുന്നത്‌ ഘടകകക്ഷികളാണ്‌, ഡി എം കെ രാജയെ നിര്‍ദേശിച്ചു, അത്‌ അംഗീകരിക്കേണ്ടിവന്നു എന്നാണ്‌ ഇതിന്‌ മന്‍മോഹന്‍ പറയുന്ന ന്യായം. എന്നാല്‍ വകുപ്പുകള്‍ തീരുമാനിക്കുന്നത്‌ പ്രധാനമന്ത്രിയാണ്‌. അഴിമതി ആരോപണം നിലനില്‍ക്കുമ്പോള്‍ രാജക്ക്‌ തന്നെ ടെലികോം വകുപ്പ്‌ നല്‍കിയ നിര്‍ണയത്തിലെ പിഴവ്‌ എങ്ങനെ ന്യായീകരിക്കും? മന്ത്രിസഭയിലെ ഡി എം കെ പ്രതിനിധികളുടെ കാര്യത്തില്‍ അന്ന്‌ തര്‍ക്കമുണ്ടായിരുന്നു. രാജയെയും ടി ആര്‍ ബാലുവിനെയും മന്ത്രിമാരാക്കുന്നതിനോട്‌ പ്രധാനമന്ത്രി തന്നെ വിയോജിച്ചുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. ബാലുവിനെ ഒഴിവാക്കാന്‍ ഡി എം കെ തീരുമാനിച്ചു. എന്നിട്ടും രാജയെ നിലനിര്‍ത്തി. അത്‌ മന്‍മോഹന്‍ സമ്മതിക്കുകയും ചെയ്‌തു. സഖ്യകക്ഷിയുടെ സമ്മര്‍ദത്തിന്‌ വഴങ്ങിയാണ്‌ നിര്‍ണയമെന്ന വാദം പിഴവാണെന്ന്‌ ഇതിലൂടെ തെളിയുന്നു.

നിര്‍ണയത്തിലെ പിഴവ്‌ ഇതിന്‌ മുമ്പേയുണ്ടായെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ തെളിയിക്കുന്നത്‌. ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം ലൈസന്‍സ്‌ എന്ന നയം മാറ്റി ലൈസന്‍സ്‌ ലേലം ചെയ്യാന്‍ സാധിക്കുമോ എന്ന്‌ ചോദിച്ച്‌ 2007ല്‍ ടെലികോം മന്ത്രിക്ക്‌ പ്രധാനമന്ത്രി കത്തയച്ചിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റിയും ടെലികോം കമ്മീഷനും ഇത്‌ അനുവദിക്കില്ലെന്നായിരുന്നു രാജയുടെ മറുപടി. ഈ രണ്ട്‌ സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ളതാണ്‌. അവയുടെ തീരുമാനം മാറ്റുന്നതിന്‌ പ്രധാനമന്ത്രിക്ക്‌ ശ്രമിക്കാമായിരുന്നു. അതിന്‌ ശ്രമിച്ചില്ല എന്നത്‌ നിര്‍ണയത്തിലെ പിഴവാണ്‌. മൂന്നാം തലമുറ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലേലം ചെയ്‌താണ്‌ നല്‍കിയത്‌. ടെലികോം റെഗുലേറ്ററി അതോറിറ്റി, ടെലികോം കമ്മീഷന്‍ എന്നിവയുടെ നിര്‍ദേശം മാറ്റാന്‍ സാധിക്കുമായിരുന്നുവെന്നതിന്‌ തെളിവാണിത്‌.
ലൈസന്‍സ്‌ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതാനും ദിവസം മാറ്റിവെക്കണമെന്നാവശ്യപ്പെട്ടും എ രാജക്ക്‌ പ്രധാനമന്ത്രി കത്ത്‌ നല്‍കിയിരുന്നു. അതിനുള്ള മറുപടി നിഷേധാത്മകമായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിക്കാന്‍ മടിക്കുന്ന മന്ത്രിയെ തുടരാന്‍ അനുവദിച്ച നിര്‍ണയത്തില്‍ പിഴവുണ്ടായി. എ രാജ നല്‍കിയ മറുപടിയിലെ ഭാഷ മര്യാദയില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണെന്ന്‌ സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരത്തിലൊരു കത്ത്‌ കിട്ടിയിട്ടും അതിനോട്‌ ഉചിതമായി പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന നിര്‍ണയമോ?

ടെലികോം ലൈസന്‍സ്‌ സംബന്ധിച്ച്‌ തീരുമാനങ്ങളെടുത്ത രാഷ്‌ട്രീയ നേതാക്കളില്‍ എ രാജ മാത്രമാണ്‌ ഇപ്പോള്‍ ആരോപണവിധേയനായുള്ളത്‌. മറ്റാരെങ്കിലും ആരോപണവിധേയരാകുമെന്ന്‌ ഇപ്പോഴത്തെ അവസ്ഥയില്‍ കരുതാനാകില്ല. ധനവകുപ്പിന്റെ അനുവാദമില്ലാതെ ലൈസന്‍സ്‌ ലേലവുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ല. ലൈസന്‍സ്‌ അനുവദിച്ച്‌ അഞ്ച്‌ ദിവസം കഴിഞ്ഞ്‌ ഇടപാട്‌ ക്രമവിരുദ്ധമാണെന്ന്‌ കാണിച്ച്‌ അന്നത്തെ ധനമന്ത്രി പി ചിദംബരം പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. ഈ കത്തെഴുതാനുള്ള നിര്‍ണയം നേരത്തെ എടുക്കാതിരുന്ന ചിദംബരം പിഴവ്‌ കാട്ടിയോ എന്നതില്‍ അന്വേഷണമില്ല. 1.76 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്‌ടമുണ്ടാക്കിയെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലും 22,000 കോടിയുടെ നഷ്‌ടമുണ്ടാക്കിയെന്ന്‌ സി വി സിയും 40,000 മുതല്‍ 50,000 വരെ കോടിയുടെ നഷ്‌ടമുണ്ടാക്കിയെന്ന്‌ ഇപ്പോള്‍ സി ബി ഐയും വിലയിരുത്തുന്നതാണ്‌ അഴിമതിക്കേസ്‌. ഇതില്‍ രാജക്ക്‌ മാത്രം ലഭിച്ച കോഴപ്പണം സി ബി ഐയുടെ കണക്കനുസരിച്ച്‌ 3,000 കോടി. ഇത്രയും വലിയ കോഴ ഇടപാട്‌ നടത്തിയത്‌ രാജ മാത്രമാണെന്ന്‌ നിര്‍ണയിക്കുന്നതില്‍ പിഴവുണ്ടോ?

ആദര്‍ശ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എന്നിവയിലുയര്‍ന്ന അഴിമതി ആരോപണങ്ങളുടെ കാര്യത്തിലും ചില നിര്‍ണയങ്ങളുണ്ടായിട്ടുണ്ട്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പില്‍ എണ്ണായിരം കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന്‌ പറഞ്ഞത്‌ സി വി സിയാണ്‌. വിവിധ കേസുകളില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എന്നിട്ടും ഗെയിംസ്‌ സംഘാടക സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന്‌ സുരേഷ്‌ കല്‍മാഡിയെയോ സെക്രട്ടറി ജനറല്‍ സ്ഥാനത്തു നിന്ന്‌ ലളിത്‌ ഭാനോട്ടിനെയോ മാറ്റിനിര്‍ത്താന്‍ ആദ്യഘട്ടത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ തയ്യാറായില്ല. ഇവരെ മാറ്റാന്‍ നിയമപരമായി കഴിയില്ലെന്നായിരുന്നു അന്നത്തെ വാദം. സമിതിയുടെ കാലാവധി നീട്ടിനല്‍കുകയും ചെയ്‌തു സര്‍ക്കാര്‍. എന്നാല്‍ മന്ത്രിസഭ പുനസ്സംഘടിപ്പിച്ച്‌ അജയ്‌ മാക്കന്‍ കായിക വകുപ്പ്‌ ഏറ്റെടുത്തതിന്‌ പിറകെ കല്‍മാഡിയെയും ലളിത്‌ ഭാനോട്ടിനെയും പുറത്താക്കി. അപ്പോള്‍ നിയമപരമായ തടസ്സം ചൂണ്ടിക്കാട്ടി ഇവരെ സ്ഥാനത്ത്‌ തുടരാന്‍ അനുവദിച്ച നിര്‍ണയം എന്തിനായിരുന്നു? അത്‌ സംഭവിച്ച പാളിച്ചയോ മനഃപൂര്‍വം സൃഷ്‌ടിച്ച പാളിച്ചയോ? 


കുറച്ചു കാലം കൂടി സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിച്ചാല്‍ മാത്രമേ ഫയലുകള്‍ ശുദ്ധീകരിച്ചു മടങ്ങാന്‍ ഇവര്‍ക്ക്‌ സാധിക്കുമായിരുന്നുള്ളൂ. അതിന്‌ അവസരമൊരുക്കിയ നിര്‍ണയത്തിലെ പാളിച്ച ആര്‌ ഏറ്റെടുക്കും? സംഘാടക സമിതി ഓഫീസില്‍ നിന്ന്‌ കാണാതായ ഫയലുകള്‍ പിന്നീട്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതാണ്‌ ഫയലുകള്‍ പൂഴ്‌ത്താന്‍ അവസരം നല്‍കിയെന്നതിന്‌ തെളിവ്‌. സംഘാടക സമിതി മാത്രമല്ല, കായിക - നഗര വികസന മന്ത്രാലയങ്ങളും തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കാളിയായിരുന്നുവെന്ന്‌ കല്‍മാഡി തന്നെ പറയുമ്പോള്‍ ഈ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നവര്‍ കൂടി സംശയത്തിന്റെ നിഴലിലാകുന്നുണ്ട്‌. പക്ഷേ, അതേക്കുറിച്ചൊന്നും അന്വേഷണമുണ്ടാകില്ല. അതും ഒരു നിര്‍ണയത്തിന്റെ ഭാഗമാണെന്ന്‌ വേണം കരുതാന്‍.

ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുംഭകോണം മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്‌ അശോക്‌ ചവാനെ നീക്കി. ഫ്‌ളാറ്റ്‌ നിര്‍മിക്കാന്‍ വേണ്ട അനുമതികളില്‍ ഏറെക്കുറെ എല്ലാം നല്‍കപ്പെട്ടത്‌ വിലാസ്‌ റാവു ദേശ്‌മുഖ്‌ മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായിരിക്കെയാണ്‌. ആറ്‌ നില നിര്‍മിക്കാന്‍ നല്‍കിയ അനുമതി 31 നിലക്കാക്കി നല്‍കിയപ്പോഴും ഇദ്ദേഹമായിരുന്നു മുഖ്യമന്ത്രി. എന്നിട്ടും വിലാസ്‌ റാവു ദേശ്‌മുഖ്‌ കേന്ദ്രമന്ത്രിയായി തുടരട്ടെ എന്നായിരുന്നു നിര്‍ണയം. അതിലെന്തെങ്കിലും പിഴവുണ്ടോ? 


ഇത്തരം ഇടപാടുകള്‍ക്കെല്ലാം അടിസ്ഥാനമായി നില്‍ക്കുന്നത്‌ സാമ്പത്തിക മേഖലയില്‍ വരുത്തിയ ഉദാരവത്‌കരണങ്ങളാണ്‌. മൗറീഷ്യസിലോ മാന്‍ ദ്വീപുകളിലോ രജിസ്റ്റര്‍ ചെയ്‌ത സ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ കമ്പനികളില്‍ ഓഹരിയെടുക്കാന്‍ അനുവാദം നല്‍കിയത്‌ 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ തുടര്‍ച്ചയായാണ്‌. ഈ പഴുതുപയോഗിച്ചാണ്‌ ടെലികോം, റിയല്‍ എസ്റ്റേറ്റ്‌ എന്ന്‌ തുടങ്ങി ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ക്രിക്കറ്റ്‌ വ്യവസായത്തില്‍ വരെ ഇത്തരം കമ്പനികള്‍ കോടികളിറക്കിയത്‌. അതിലേറെ കോടികളുടെ ലാഭമെടുത്തത്‌. ഇത്തരം കമ്പനികള്‍ക്ക്‌ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട്‌ വിപണിയില്‍ ഇടപെടാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനമാണ്‌ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന്‌ ലോക്‌സഭയില്‍ പ്രണാബ്‌ മുഖര്‍ജി അവതരിപ്പിച്ച ബജറ്റില്‍ നടത്തിയത്‌. നിര്‍ണയത്തില്‍ പിഴവെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? 


ആണവ കരാറില്‍ ഒപ്പ്‌ വെച്ചതിന്‌ പിറകെ സഹസ്ര കോടികളുടെ ആയുധങ്ങള്‍ അമേരിക്കയില്‍ നിന്ന്‌ വാങ്ങാന്‍ മന്‍മോഹന്‍ തീരുമാനിച്ചു. ആഗോള ടെന്‍ഡറൊഴിവാക്കി സര്‍ക്കാറുകള്‍ തമ്മില്‍ നേരിട്ടുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ആയുധം വാങ്ങുകയാണ്‌ ചെയ്യുന്നത്‌. അമേരിക്കന്‍ കമ്പനികളില്‍ തൊഴിലവസരമുണ്ടാകുമ്പോള്‍ ഇന്ത്യന്‍ ഖജനാവിന്‌ നഷ്‌ടമുണ്ടായോ ഇല്ലയോ എന്നത്‌ ഭാവിയില്‍ പരിശോധിക്കപ്പെടും. ഇപ്പോഴത്തെ നിര്‍ണയത്തില്‍ പിഴവുണ്ടായെന്ന്‌ അന്ന്‌ കണ്ടെത്തിയാല്‍ അതിന്‌ ആര്‌ പിഴ മൂളും? ആര്‍ക്കും പിഴ മൂളേണ്ടിവരില്ലെന്നതിന്‌ ബൊഫോഴ്‌സ്‌ സാക്ഷി. ആരെങ്കിലും പിഴ മൂളേണ്ടിവരുമെങ്കില്‍ തന്നെ അവര്‍ക്ക്‌ വിചാരണ ഒഴിവാക്കി ആശ്വാസം നല്‍കുകയും ചെയ്യും. അതിന്‌ ഒട്ടാവിയോ ക്വത്‌റോച്ചി സാക്ഷി. ഈ നിര്‍ണയങ്ങളിലൊന്നും പാളിച്ചകളില്ല. ആകെ പറ്റിയ പാളിച്ചക്ക്‌ മാപ്പും. തെറ്റ്‌ മനുഷ്യസഹജമാണ്‌. മാപ്പ്‌ നല്‍കുക എന്നത്‌ ദൈവികവും.

2011-03-09

കള്ളപ്പണം...വെള്ളപ്പണം...



ജനാധിപത്യത്തോളം പ്രഹസനമാണോ നീതിന്യായ വ്യവസ്ഥ? ഒരുപക്ഷേ അതിലധികം പ്രഹസനമാണെന്ന്‌ പറയേണ്ടിവരും. സ്വയംകൃതമായ വൈരുധ്യങ്ങള്‍കൊണ്ട്‌ പ്രഹസനത്തിന്‌ ആവോളം പൊലിമ നല്‍കുന്നുമുണ്ട്‌ നമ്മുടെ നീതിന്യായ വ്യവസ്ഥ. നിയമം എല്ലാ പൗരന്‍മാര്‍ക്കും ഒരുപോലെയാണെന്ന സങ്കല്‍പ്പമാണ്‌ ഈ വ്യവസ്ഥയുടെ അടിസ്ഥാനം. അതനുസരിച്ചാണ്‌ താഴേത്തലം മുതല്‍ പരമോന്നതം വരെയുള്ള കോടതികള്‍ പ്രവര്‍ത്തിക്കുന്നത്‌. നിയമ വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതില്‍ ഭേദവിചാരം സ്വാഭാവികമാണ്‌. തെളിവുകളുടെ സ്വീകാര്യത സംബന്ധിച്ചും ഇതേ ഭേദങ്ങളുണ്ടാകാം. ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണ പിള്ളയെ അഞ്ച്‌ വര്‍ഷം തടവിന്‌ വിധിച്ച വിചാരണക്കോടതിയുടെ വിധി, ഒരു തെളിവുമില്ലെന്ന്‌ പറഞ്ഞ്‌ കേരള ഹൈക്കോടതി അസാധുവാക്കിയത്‌ ഉദാഹരണം. വിചാരണക്കോടതിയുടെ കണ്ടെത്തല്‍ കൃത്യമായിരുന്നുവെന്നും തെളിവുകള്‍ വിലയിരുത്തിയതില്‍ ഹൈക്കോടതിക്ക്‌ വലിയ പാളിച്ച പറ്റിയെന്നും വിമര്‍ശിച്ച്‌ സുപ്രീം കോടതി പിള്ളക്ക്‌ ഒരു വര്‍ഷത്തെ കഠിന തടവ്‌ വിധിച്ചതും ഉദാഹരണമാണ്‌. എന്നാല്‍ ഒരേ സ്വഭാവത്തിലുള്ള കേസില്‍ ഭിന്ന നിലപാടുകള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമ്പോള്‍ അത്‌ ഇത്തരം യുക്തികള്‍ക്ക്‌ അപ്പുറത്തായി മാറും.

53കാരനായ സയ്യിദ്‌ ഹസന്‍ അലി ഖാന്‍ പറയുന്നത്‌ താന്‍ ആക്രിക്കച്ചവടക്കാരനാണെന്നാണ്‌. പ്രതിവര്‍ഷം 30 ലക്ഷം രൂപയുടെ വിറ്റുവരവുണ്ട്‌. ഇടക്ക്‌ കുതിരപ്പന്തയത്തില്‍ ഒരു കൈ പയറ്റാറുണ്ടെന്ന്‌ അസൂയാലൂക്കള്‍ പറയും. ഹസന്‍ അലി ഖാന്‍ അത്‌ നിഷേധിക്കാറില്ല. എന്നാല്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെയും കണക്കനുസരിച്ച്‌ 504 കോടി ഡോളറിന്റെ നിക്ഷേപം ഖാന്‌ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേങ്കിലുണ്ട്‌. ഇത്‌ രൂപയിലേക്ക്‌ മാറ്റി വരുമാനത്തിന്‌ നികുതി നിശ്ചയിച്ചപ്പോള്‍ അടക്കേണ്ട തുക 50,000 കോടി രൂപ. കേരള സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയടങ്കലിന്റെ നാലിരട്ടിയിലധികം വരും ഈ തുക. നികുതിയായി അടക്കേണ്ട തുക കണക്കാക്കി, ഖാന്‌ സമന്‍സും അയച്ച്‌ കാത്തിരിക്കുകയായിരുന്നു ആദായ നികുതി വകുപ്പ്‌ ഇത്രയും കാലം. 


അപ്പോഴാണ്‌ നികുതി വെട്ടിച്ച്‌ വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ നാട്ടിലെത്തിക്കണമെന്നും ഇത്തരം നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട്‌ രാം ജെത്‌മലാനി, കെ പി എസ്‌ ഗില്‍ മുതല്‍പ്പേരായ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. പഞ്ചാബില്‍ തീവ്രവാദം അടിച്ചമര്‍ത്താനെന്ന പേരില്‍ നൂറുകണക്കിന്‌ യുവാക്കളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന കെ പി എസ്‌ ഗില്‍ കള്ളപ്പണക്കാര്‍ക്കെതിരെ കേസ്‌ കൊടുക്കുന്നതിലെ പ്രഹസനം, ഗില്ലിനെതിരെ നീതിന്യായ വ്യവസ്ഥക്കു മുമ്പാകെ കേസുകളൊന്നും നിലവിലില്ലെന്നതിന്റെ പേരില്‍ തള്ളിക്കളയുക. എന്തായാലും ഹരജി പരിഗണിച്ച അങ്ങേത്തലക്കലെ (സുപ്രീം) കോടതി തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു.

കള്ളപ്പണം തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ലീച്ച്‌റ്റെന്‍സ്റ്റീനിലെ ബേങ്കില്‍ നിക്ഷേപം നടത്തിയവരെക്കുറിച്ചുള്ള വിവരം പുറത്ത്‌ പറയാത്തത്‌ എന്തുകൊണ്ടെന്ന്‌ ചോദിച്ചു. കള്ളപ്പണക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന മടിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. എന്തിനധികം, ഹസന്‍ അലി ഖാനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിച്ചു. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഹസന്‍ ഖാന്‍ അടുത്തിടെ മുംബൈയിലെ ആദായ നികുതി ഓഫീസില്‍ ചെന്നതും ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയതും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ്‌ എന്തുകൊണ്ട്‌ കസ്റ്റഡിയിലെടുത്തില്ല എന്ന്‌ കോടതി ചോദിച്ചത്‌. എന്തായാലും സര്‍ക്കാര്‍ സംവിധാനം ഉടന്‍ പ്രവര്‍ത്തിച്ചു. ഹസന്‍ അലി ഖാനെ എന്‍ഫോഴസ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്റ്റ്‌ ചെയ്‌തു.

70 കഴിഞ്ഞ ഒട്ടാവിയോ ക്വത്‌റോച്ചി പറയുന്നത്‌ താന്‍ ഇറ്റാലിയന്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മേധാവിയായിരുന്നുവെന്നാണ്‌. പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയുടെ കുടുംബ സുഹൃത്തായിരുന്നു. അതിലപ്പുറം താനൊരു തെറ്റും ചെയ്‌തിട്ടില്ല. പക്ഷേ, രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ നടന്ന പല ഇടപാടുകളുടെയും ഇടനിലക്കാരനായിരുന്നു ക്വത്‌റോച്ചിയെന്ന്‌ അസൂയാലുക്കള്‍ പറയും. രാജീവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ക്വത്‌റോച്ചിക്ക്‌ പങ്കുണ്ടെന്ന്‌ വരെ, കൂടിയ അസൂയയുള്ളവര്‍ പറഞ്ഞിരുന്നു. ഒന്നും നിഷേധിക്കാന്‍ ക്വത്‌റോച്ചി ഇന്ത്യയിലേക്ക്‌ വരാറില്ല. കേന്ദ്ര സര്‍ക്കാറിന്റെയും സി ബി ഐയുടെയും കണക്കില്‍ ബൊഫോഴ്‌സ്‌ തോക്കിടപാടില്‍ കോഴപ്പണം പറ്റിയയാളാണ്‌ ക്വത്‌റോച്ചി. കൈപ്പറ്റിയ പണത്തിന്‌ നികുതി ഈടാക്കണമെന്ന്‌ ആദായ നികുതി വകുപ്പ്‌ അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ വിധിക്കുകയും ചെയ്‌തു. എങ്കിലും 70 കഴിഞ്ഞ ക്വത്‌റോച്ചിയെ കേസും കൂട്ടവുമായി ഇനിയും ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നാണ്‌ ഒന്നാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത്‌ ഡോ. മന്‍മോഹന്‍ സിംഗും കൂട്ടരും തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ കേസ്‌ പിന്‍വലിക്കാന്‍ അനുമതി തേടി സി ബി ഐ, കോടതിയെ സമീപിച്ചു.

വയോവൃദ്ധനായ ഒരാളെ രണ്ട്‌ പതിറ്റാണ്ടിലേറെയായി കേസിന്റെ പേരില്‍ ഉപദ്രവിക്കുന്നത്‌ ശരിയല്ലെന്ന്‌ നീതിന്യായ വ്യവസ്ഥയുടെ ഇങ്ങേത്തലക്കുള്ള കോടതിക്കും (ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി) തോന്നി. രണ്ട്‌ ദശകത്തിലേറെക്കാലമായി ക്വത്‌റോച്ചിയെ ഇന്ത്യയില്‍ കൊണ്ടുവന്ന്‌ വിചാരണ ചെയ്യാന്‍ ശ്രമിക്കുന്നു. നടന്നിട്ടില്ല. രണ്ട്‌ തവണ ക്വത്‌റോച്ചി പുറം രാജ്യങ്ങളില്‍ വെച്ച്‌ പിടിക്കപ്പെട്ടിരുന്നു. അന്ന്‌ ടിയാനെ കൈമാറണമെന്നാവശ്യപ്പെട്ട്‌ സി ബി ഐ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, പുറം രാജ്യങ്ങളിലെ കോടതികള്‍ സമ്മതിച്ചില്ല. (അപേക്ഷ യഥാസമയം സമര്‍പ്പിക്കാന്‍ സി ബി ഐ തയ്യാറാകാഞ്ഞതാണ്‌ ഒരു സംഭവത്തില്‍ വിട്ടുകിട്ടുന്നതിന്‌ തടസ്സമായതെന്ന്‌ പറയുന്നുണ്ട്‌. അതും അസൂയാലുക്കളാണ്‌.) ഇത്തരത്തില്‍ ദീര്‍ഘകാലം വിയര്‍പ്പൊഴുക്കി, 250 കോടി രൂപ ചെലവഴിച്ച്‌ (അസൂയാലുക്കളുടെ കണക്കില്‍ അഞ്ച്‌ കോടി) ക്വത്‌റോച്ചിക്ക്‌ പിറകെ പായേണ്ട കാര്യമില്ലെന്ന സി ബി ഐയുടെ വാദവും അതിനോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തലകുലുക്കലും മുഖവിലക്കെടുത്തു കോടതി. കേസ്‌ അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി.

ഹസന്‍ അലിഖാന്‍ കള്ളപ്പണം സൂക്ഷിച്ചുവെന്ന്‌ പറയുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേങ്കില്‍ തന്നെയാണ്‌ ക്വത്‌റോച്ചിയും കോഴപ്പണം കൊണ്ടിട്ടത്‌. അത്‌ പിന്നെ പല അക്കൗണ്ടുകളിലേക്ക്‌ മാറ്റി. ഇതെല്ലാം ആദായ നികുതി വകുപ്പിന്റെ അപ്പലേറ്റ്‌ ട്രൈബ്യൂണലിന്റെ ഉത്തരവില്‍ അക്കൗണ്ട്‌ നമ്പര്‍ സഹിതം പറയുന്നുമുണ്ട്‌. എങ്കിലും ക്വത്‌റോച്ചിയെ ബുദ്ധിമുട്ടിക്കാനാകില്ലല്ലോ. ഹസന്‍ അലിഖാന്റെതായുണ്ടെന്ന്‌ പറയുന്ന 804 കോടി ഡോളര്‍ ആക്രിക്കച്ചവടം നടത്തി സമ്പാദിച്ചതാണെന്ന്‌ കരുതാനാകില്ല. ഇത്‌ മുഴുവന്‍ അലി ഖാന്റെതാണെന്നും വിശ്വസിക്കുക വയ്യ. രണ്ടിനും കോഴയുടെയും വഴിവിട്ട ഇടപാടുകളുടെയും ഗന്ധമുണ്ടാകും. എന്നിട്ടും ക്വത്‌റോച്ചിക്ക്‌ ആനുകൂല്യവും അലി ഖാന്‌ അറസ്റ്റും വിധിക്കുന്നത്‌ എന്തുകൊണ്ടാണ്‌? 


രാജീവ്‌ ഗാന്ധി മരിക്കുന്നതിന്‌ മുമ്പും പിമ്പും മുന്‍കൂര്‍ പാസ്സ്‌ വാങ്ങാതെ അദ്ദേഹത്തിന്റെ വീട്ടിലെത്താന്‍ അനുവാദമുണ്ടായിരുന്ന വ്യക്തിയാണ്‌ ക്വത്‌റോച്ചി. അദ്ദേഹത്തിന്റെ കാര്യത്തില്‍ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാറിന്‌ പ്രത്യേക താത്‌പര്യമുണ്ടാകും. അത്‌ അംഗീകരിച്ചുകൊടുക്കാന്‍ കേസിന്റെ മെറിറ്റിലേക്ക്‌ കടക്കേണ്ടതില്ലാത്ത നീതിന്യായ സംവിധാനത്തിന്‌ ബാധ്യതയുമുണ്ടാവും. ഹസന്‍ അലി ഖാന്‌ പത്താം നമ്പര്‍ ജനപഥിലേക്ക്‌ മുന്‍കൂട്ടി പാസ്സ്‌ വാങ്ങിയാല്‍ പോലും പ്രവേശനം കിട്ടാന്‍ ഇടയില്ല. അതുകൊണ്ട്‌ അറസ്റ്റ്‌ അനിവാര്യമാണ്‌ താനും.

പത്താം നമ്പര്‍ ജനപഥില്‍ സ്ഥാനമില്ലെന്ന്‌ കരുതി ഹസന്‍ അലി ഖാന്‍ നിസ്സാരക്കാരനാണെന്ന്‌ കരുതരുത്‌. ഇദ്ദേഹത്തിന്റെ സ്വിസ്‌ ബേങ്ക്‌ അക്കൗണ്ടിലുണ്ടായിരുന്ന 804 കോടി ഡോളറിന്റെ പൊടിപോലും ഇപ്പോള്‍ കാണാനില്ലെന്ന്‌ ആദ്യം പറഞ്ഞത്‌ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജിയാണ്‌. തൊട്ടു പിറകെ സ്വിസ്‌ ബേങ്കിംഗ്‌ അതോറിറ്റിയും ഇത്‌ സംബന്ധിച്ച പ്രസ്‌താവന നടത്തി. അലി ഖാന്‌ തങ്ങളുടെ രാജ്യത്തെ ഒരു അക്കൗണ്ടിലും നിക്ഷേപമില്ല. അതും കഴിഞ്ഞാണ്‌ ആദായ നികുതി വകുപ്പ്‌ ഓഫീസില്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടത്‌. ദീര്‍ഘകാലത്തെ ഒളിവ്‌ ജീവിതം അവസാനിപ്പിച്ച്‌. മുഖര്‍ജിയുടെ സര്‍ട്ടിഫിക്കറ്റ്‌ കാത്തിരിക്കുകയായിരുന്നോ ഈ ആക്രിക്കച്ചടവടക്കാരന്‍ എന്ന്‌ ചോദിക്കരുത്‌. 


സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച കേസ്‌ പരിഗണിച്ചാല്‍ ക്വത്‌റോച്ചിയോളം സീനിയോറിറ്റി അവകാശപ്പെടാം ഖാന്‌. പൊതു മേഖലാ ബേങ്കിനെ പറ്റിച്ച കേസില്‍ 1990കളില്‍ തുടക്കം. അത്‌ നോക്കിയാല്‍ രണ്ട്‌ ദശാബ്‌ദമായിരിക്കുന്നു ഈ `പാവത്തെ' പ്രോസിക്യൂട്ട്‌ ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിട്ട്‌. അതുകൊണ്ട്‌ തന്നെ ക്വത്‌റോച്ചിക്ക്‌ നല്‍കിയ നീതി ഇവിടെയും ബാധകമാണ്‌. അലി ഖാന്റെ അക്കൗണ്ട്‌ ശൂന്യമാണെന്ന്‌ ധനമന്ത്രി സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌. കള്ളപ്പണം നിക്ഷേപിച്ച അക്കൗണ്ട്‌ ഉദ്ധരിച്ച്‌ നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആദായ നികുതി അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ വിധിച്ച ക്വത്‌റോച്ചിയെ അപേക്ഷിച്ച്‌ മാന്യനാണ്‌, അലി ഖാന്‍. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രഖ്യാപിച്ച പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നികുതിയടച്ച്‌ കുറച്ച്‌ കള്ളപ്പണം വെളിപ്പിച്ചിട്ടുമുണ്ട്‌. നിയമവിധേയനാകാന്‍ തയ്യാറുള്ള വ്യക്തിയാണെന്ന്‌ മനസ്സിലാക്കാന്‍ ഇതിലധികം എന്ത്‌ തെളിവാണ്‌ വേണ്ടത്‌? എന്നിട്ടും ക്വത്‌റോച്ചിയെ വിട്ടയക്കാന്‍ ദയവ്‌ കാട്ടിയ നീതിന്യായ സംവിധാനം ഹസന്‍ അലിഖാനെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ നിര്‍ബന്ധം പിടിച്ചു. 


കുറേക്കാലം കൂടി ഒളിവില്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കേസ്‌ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും അന്വേഷണ ഏജന്‍സികള്‍ അപേക്ഷ നല്‍കുകയും കോടതി അത്‌ അംഗീകരിക്കുകയും ചെയ്യുമായിരുന്നു. ക്വത്‌റോച്ചിയുടെ കാര്യത്തിലെന്നപോലെ അതിമനോഹരമായ ഒരു ക്ലൈമാക്‌സ്‌ ആവര്‍ത്തിക്കുമായിരുന്നു. ഇതല്ലെങ്കില്‍ ലീച്ച്‌റ്റെന്‍സ്റ്റീനിലെ ബേങ്കില്‍ നിക്ഷേപം നടത്തിയവരുടെ കാര്യത്തിലെന്ന പോലെ ഇരുചെവിയറിയാതെ നികുതിയൊടുക്കി തടി രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കുമായിരുന്നു.

ക്ഷമ കുറഞ്ഞുപോയി ഹസന്‍ അലി ഖാന്‌. കുറച്ച്‌ കാലം കൂടി ഒളിവിലിരുന്ന്‌ ജനാധിപത്യ, നീതിന്യായ സംവിധാനങ്ങള്‍ക്ക്‌ കുറച്ച്‌ സമയം കൂടി നല്‍കാമായിരുന്നു. പ്രഹസനങ്ങള്‍ക്കും വിശ്വാസ്യത അനിവാര്യമാണ്‌. കേസിന്റെ മെറിറ്റിലേക്ക്‌ കടക്കേണ്ടെന്ന്‌ പറയാന്‍ കേന്ദ്ര സര്‍ക്കാറിനും കടക്കുന്നില്ലെന്ന്‌ പറയാന്‍ കോടതിക്കും ഒരു ഇട നല്‍കേണ്ടേ!

2011-03-04

വിശ്വാസം അതല്ലേ എല്ലാം!!



`മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെ വിശ്വസിക്കരുത്‌. അദ്ദേഹം അസംബന്ധം പ്രചരിപ്പിക്കുകയാണ്‌' - ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വാക്കുകള്‍. വിഷയം ലോട്ടറിയാണ്‌. അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ വി എസ്‌ അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രിക്കും സി ബി ഐ അന്വേഷണമാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും അയച്ച കത്തുകളെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ്‌ വി എസിനെ വിശ്വസിക്കരുതെന്ന പ്രസ്‌താവന ചിദംബരം നടത്തിയത്‌. `വി എസ്‌ അയച്ച കത്തിന്‌ മറുപടി നല്‍കിയിട്ടുണ്ട്‌. മറുപടി ലഭിച്ചില്ല എന്ന്‌ അദ്ദേഹം പറയുന്നത്‌ വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ല' എന്നാണ്‌ ചിദംബരം പറഞ്ഞിരുന്നതെങ്കില്‍ അത്‌ അദ്ദേഹം വഹിക്കുന്ന പദവിയുടെ മാന്യതക്ക്‌ യോജിച്ചതായേനേ. എന്നാല്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വിശ്വസിക്കരുതെന്ന്‌ ജനങ്ങളോട്‌ പറയുമ്പോള്‍ അത്‌ ആഭ്യന്തര മന്ത്രിക്ക്‌ യോജിച്ചതാണോ എന്ന്‌ അദ്ദേഹവും അനുയായികളും ആലോചിക്കട്ടെ. മന്ത്രിമാരുപയോഗിക്കേണ്ട ഭാഷയെ സംബന്ധിച്ച്‌ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ചിദംബരം വായിച്ച്‌ പഠിക്കുകയും ചെയ്യട്ടെ.

ഇനി ആരെയാണ്‌ വിശ്വസിക്കേണ്ടത്‌? ചിദംബരം പറയുന്നതനുസരിച്ചാണെങ്കില്‍ അദ്ദേഹത്തെ വിശ്വസിക്കണം. മന്‍മോഹന്‍ സിംഗിനെ വിശ്വസിക്കണം. ലോട്ടറി പ്രശ്‌നത്തില്‍ ആഭ്യന്തര മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും നടപടികളെ ന്യായീകരിക്കുന്ന ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരെയും വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കാന്‍ തയ്യാറാകും മുമ്പ്‌ ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്‌. അതില്‍ പ്രധാനം സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണറുടെ നിയമനമാണ്‌. മലയാളിയായ ഐ എ എസ്‌ ഉദ്യോഗസ്ഥന്‍ പി ജെ തോമസിനെ ആ സ്ഥാനത്തേക്ക്‌ നിയമിച്ചത്‌ നിയമവിധേയമല്ലെന്ന്‌ സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. പി ജെ തോമസ്‌ ആ പദവി വഹിക്കാന്‍ യോഗ്യനാണോ ഇല്ലയോ എന്നതല്ല കോടതി നിശ്ചയിച്ചത്‌. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്‌ സഭയിലെ പ്രതിപക്ഷ നേതാവ്‌ എന്നിവരടങ്ങുന്ന സമിതിയാണ്‌ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണര്‍ സ്ഥാനത്തേക്കുള്ളയാളെ തീരുമാനിക്കുക. ഇന്നത്തെ നിലയില്‍ മന്‍മോഹന്‍ സിംഗ്‌, ചിദംബരം, സുഷമ സ്വരാജ്‌ എന്നിവര്‍. 


ഇവരുടെ മുമ്പാകെ എത്തിയ മൂന്ന്‌ പേരില്‍ നിന്ന്‌ തോമസിനെ ശിപാര്‍ശ ചെയ്യുകയായിരുന്നു. തോമസിനെ ശിപാര്‍ശ ചെയ്യുന്നതിന്‌ സുഷമ എതിര്‍ത്തു. പക്ഷേ, മന്‍മോഹനും ചിദംബരവും നിര്‍ബന്ധം പിടിച്ചു. അങ്ങനെ സുഷമയുടെ വിയോജനക്കുറിപ്പുമായാണ്‌ തോമസിന്റെ നിയമന ശിപാര്‍ശ രാഷ്‌ട്രപതിയുടെ മുന്നിലെത്തുന്നത്‌. രാഷ്‌ട്രപതി നിയമനം അംഗീകരിക്കുകയും ചെയ്‌തു.

അന്ന്‌ തന്നെ തോമസിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടു. കേരളത്തിലേക്ക്‌ പാമോയില്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഒരാളെ അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കുന്നതിനുള്ള രാജ്യത്തെ പരമോന്നത സംവിധാനത്തിന്റെ തലപ്പത്ത്‌ നിയോഗിക്കുന്നതിന്റെ ധാര്‍മികതയാണ്‌ ഉന്നയിക്കപ്പെട്ടത്‌. ലക്ഷം കോടിയിലേറെ രൂപയുടെ അഴിമതി ആരോപിക്കപ്പെടുന്ന മൊബൈല്‍ ലൈസന്‍സ്‌ ഇടപാട്‌ നടത്തിയ ടെലികോം മന്ത്രാലയത്തില്‍ കുറച്ച്‌ കാലം തോമസ്‌ സെക്രട്ടറിയായിരുന്നു. അന്ന്‌ തുടര്‍ന്നിരുന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ അഴിമതി ആരോപിക്കപ്പെടുന്ന ഇടപാട്‌ പിന്നീട്‌ നടന്നത്‌. ഈ അഴിമതിക്കേസിന്റെ അന്വേഷണ മേല്‍നോട്ടം സി വി സിയായ തോമസ്‌ വഹിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടു. അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന്‌ തോമസ്‌ മാറി നില്‍ക്കുമെന്ന്‌ കോടതിയെ അറിയിച്ച്‌ തടിരക്ഷിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇക്കാലത്തെല്ലാം തോമസിന്റെ നിയമനത്തെ ന്യായീകരിച്ചവരാണ്‌ ചിദംബരവും മറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കളും.

പി ജെ തോമസിനെതിരെ അഴിമതിക്കേസ്‌ നിലനില്‍ക്കുന്നതും ആ കേസില്‍ കേരള സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതും സി വി സിയെ നിശ്ചയിക്കാനുള്ള സമിതിയുടെ പരിഗണനക്ക്‌ വന്നില്ലെന്നാണ്‌ നിയമനം ചോദ്യം ചെയ്‌ത്‌ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനം ചെയ്‌ത അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത്‌. എന്നാല്‍ ഇത്‌ തെറ്റാണെന്നും അഴിമതിക്കേസ്‌ താന്‍ തന്നെ സമിതിയില്‍ ഉന്നയിച്ചതാണെന്നും സുഷമ സ്വരാജ്‌ പറഞ്ഞതോടെ അറ്റോര്‍ണി ജനറല്‍ കോടതിക്ക്‌ പുറത്ത്‌ വിശദീകരണം നല്‍കി. അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സമിതിക്ക്‌ മുമ്പാകെ സമര്‍പ്പിച്ചിരുന്നില്ലെന്നാണ്‌ താന്‍ പറഞ്ഞതെന്നും സമിതിയിലെ ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും തിരുത്തി. അഴിമതിക്കേസ്‌ സമിതിയുടെ പരിഗണനക്ക്‌ വന്നിട്ടേയില്ലെന്ന്‌ അറ്റോര്‍ണി ജനറലിനെക്കൊണ്ട്‌ സുപ്രീം കോടതിയില്‍ കള്ളം പറയിച്ചത്‌ എന്തിനാണെന്ന്‌ പറയേണ്ടത്‌ ആഭ്യന്തര മന്ത്രിയാണ്‌. 


പാമോയില്‍ കേസ്‌ കേരളത്തില്‍ നടക്കുന്നതാണ്‌. അതേക്കുറിച്ച്‌ കേന്ദ്രത്തില്‍ പിടിപ്പത്‌ ജോലിയുള്ള ചിദംബരത്തെപ്പോലുള്ള മന്ത്രിമാര്‍ ഓര്‍ത്തില്ലെന്ന്‌ കരുതുക. പറ്റിപ്പോയ അബദ്ധം മറച്ചുപിടിക്കാന്‍ അറ്റോര്‍ണി ജനറലിനോട്‌ വസ്‌തുതാപരമായി തെറ്റല്ലാത്ത ഒരു കള്ളം കോടതിയില്‍ പറയാന്‍ ആവശ്യപ്പെട്ടുവെന്നും വിശ്വസിക്കുക. പക്ഷേ, പി ജെ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്‌ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സ്‌ണല്‍ മന്ത്രാലയം അഞ്ച്‌ വട്ടം ആവശ്യപ്പെട്ടിരുന്നുവെന്ന വിവരം മറച്ചുവെച്ചത്‌ എന്തിനായിരുന്നുവെന്ന്‌ വ്യക്തമാക്കേണ്ടത്‌ ചിദംബരം മാത്രമല്ല, മന്‍മോഹന്‍ സിംഗ്‌ കൂടിയാണ്‌.
സത്യസന്ധതയും കഴിവും കര്‍മശേഷിയുമുള്ള മറ്റാരും അഖിലേന്ത്യാ സര്‍വീസില്‍ ഇല്ലാത്തതുകൊണ്ടാണോ തോമസ്‌ തന്നെ സി വി സിയാവണമെന്ന്‌ മന്‍മോഹനും ചിദംബരവും നിര്‍ബന്ധം പിടിച്ചത്‌? അതോ തോമസിനെ തന്നെ നിയമിക്കണമെന്ന്‌ മറ്റാരെങ്കിലും നിര്‍ബന്ധിച്ചിരുന്നോ? 



അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഒരാള്‍ അഴിമതി അന്വേഷിക്കേണ്ട സമിതിയുടെ മേധാവിയായി തുടരുന്നത്‌ എങ്ങനെ എന്ന്‌ കോടതി ചോദിച്ച ഘട്ടത്തില്‍പ്പോലും തോമസിനെ തള്ളിപ്പറയാന്‍ ചിദംബരാദികള്‍ തയ്യാറായിരുന്നില്ല. ഇത്രമാത്രം പിന്തുണക്കാന്‍ തോമസിലുണ്ടായിരുന്ന അപൂര്‍വ കഴിവ്‌ എന്തായിരുന്നുവെന്ന്‌ വിശദീകരിക്കേണ്ട ബാധ്യതയും ഇവര്‍ക്കുണ്ട്‌. അത്‌ ചെയ്യുന്നില്ലെങ്കില്‍ ചിദംബരത്തിന്റെ മാത്രമല്ല മന്‍മോഹന്‍ സിംഗിന്റെയും ഇവരെ നിയന്ത്രിക്കുന്നയാളുകളുടെയും വിശ്വാസ്യത ചോദ്യം ചെയ്യേണ്ടിവരും. വിവരങ്ങള്‍ മറച്ചുവെക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്‌തു, തുടര്‍ച്ചയായി അസംബന്ധം പ്രചരിപ്പിച്ചു എന്നതൊക്കെ ചിദംബരത്തിനാണ്‌ ഇനി യോജിക്കുക. ആ നിലക്ക്‌ കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിശ്വസിക്കരുതെന്ന്‌ പറയുന്നതില്‍ തെറ്റുണ്ടാവില്ല തന്നെ. ഇത്രയും യോഗ്യനായ ഒരാള്‍ മുഖ്യമന്ത്രി അച്യുതാനന്ദനെ വിശ്വസിക്കരുതെന്ന്‌ ആഹ്വാനം ചെയ്യുമ്പോള്‍ അതില്‍ കുറവില്ലാത്ത അളവില്‍ വൈരുദ്ധ്യമുണ്ട്‌.

ലോട്ടറിക്കത്തിലേക്ക്‌ വന്നാലും ഇടിയുക ചിദംബരത്തിന്റെ വിശ്വാസ്യതയാണ്‌. കത്ത്‌ തര്‍ക്കം കാലഗണനയനുസരിച്ച്‌ പരിഗണിക്കുക. ലോട്ടറി പ്രശ്‌നത്തില്‍ വി എസ്‌ അയച്ച കത്ത്‌ കിട്ടിയിട്ടേ ഇല്ലെന്നാണ്‌ ചിദംബരം ആദ്യം പറഞ്ഞത്‌. അച്യുതാനന്ദന്‍ അയച്ച കത്തിന്‌ ചിദംബരം അയച്ച മറുപടിയുടെ പകര്‍പ്പ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പരസ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം നിലപാട്‌ മാറ്റി. കത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്‌ വ്യവസ്ഥകളനുസരിച്ചല്ലെന്നായി. ചിദംബരത്തിന്‌ അയച്ച കത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടില്ലെന്നും അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാണ്‌ ആവശ്യപ്പെട്ടതെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കാണ്‌ കത്തയച്ചതെന്നും അതിന്‌ മറുപടി കിട്ടിയില്ലെന്നും വി എസ്‌ പറഞ്ഞതോടെയാണ്‌ ചിദംബരം ഇദ്ദേഹത്തെ വിശ്വസിക്കരുതെന്ന്‌ ആഹ്വാനം ചെയ്‌തത്‌. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ഒരാളെ സി വി സി സ്ഥാനത്തേക്ക്‌ നിയമിക്കാന്‍ നിര്‍ബന്ധം കാട്ടുകയും അതിനെ ന്യായീകരിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ഒരാളെയാണോ അഴിമതിക്കേസില്‍ ആരോപണ വിധേയരെ വിചാരണ ചെയ്യാന്‍ നിര്‍ബന്ധം പിടിക്കുന്ന ഒരാളെയാണോ വിശ്വസിക്കേണ്ടത്‌ എന്ന്‌ ജനം ആലോചിച്ച്‌ തീരുമാനിച്ചുകൊള്ളും.

പളനിയപ്പന്‍ ചിദംബരം 1945 സെപ്‌തംബര്‍ ആറിനാണ്‌ ജനിച്ചത്‌. അദ്ദേഹം വള്ളിനിക്കറിട്ട്‌ നടക്കാറാവും മുമ്പേ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയയാളാണ്‌ വി എസ്‌ അച്യുതാനന്ദന്‍. മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജിന്റെ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും പ്രസിഡന്‍സി കോളജിലും മദ്രാസ്‌ ലോ കോളജിലും ഹാവാര്‍ഡ്‌ ബിസിനസ്സ്‌ സ്‌ക്കൂളിലും പഠിക്കാനുള്ള യോഗമോ ഭാഗ്യമോ ഉണ്ടായിട്ടില്ല. പക്ഷേ, ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ തന്നെ മുതിര്‍ന്ന നേതാക്കളിലൊരാളാണ്‌ വി എസ്‌. കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയും. അദ്ദേഹത്തെക്കുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ കുറേക്കൂടി മാന്യതയും മര്യാദയും പുലര്‍ത്തേണ്ടതാണ്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ ചിദംബരത്തിന്റെ സഹപ്രവര്‍ത്തകനായ എ രാജ അയച്ച കത്തിലെ ഭാഷ മര്യാദയില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണെന്ന്‌ സുപ്രീം കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുമ്പോള്‍ കുറേക്കൂടി അന്തസ്സുള്ള ഭാഷ ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു. 


രാജ്യത്തെ ഒരു മുതിര്‍ന്ന നേതാവിനെ അഭിസംബോധന ചെയ്യുമ്പോള്‍ അന്തസ്സ്‌ കാട്ടുക എന്നത്‌ ചിദംബരത്തിനും ബാധകമാണ്‌. വി എസിനെ വിശ്വസിക്കരുതെന്ന്‌ പ്രസ്‌താവിക്കുമ്പോള്‍ 60 വര്‍ഷത്തോളം നീണ്ട രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യമാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. നീര റാഡിയമാരോട്‌ സല്ലപിച്ചും കുത്തക കമ്പനികള്‍ക്ക്‌ അനര്‍ഹമായ ആനുകൂല്യങ്ങളൊക്കെ ചെയ്‌തുകൊടുത്തും രാജ്യത്തിന്റെ പൊതുസ്വത്ത്‌ തീറെഴുതിക്കൊടുത്തും കോടികളുടെ കോഴപ്പണം വിദേശത്തെ ബേങ്കുകളില്‍ നിക്ഷേപിച്ചുമുള്ള, ചിദംബരത്തിന്‌ പരിചിതമായ രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യത്തെക്കുറിച്ചല്ല പറയുന്നത്‌. ജനങ്ങള്‍ക്കിടയില്‍ അവരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അറിഞ്ഞ്‌ പ്രവര്‍ത്തിച്ച പാരമ്പര്യത്തെക്കുറിച്ചാണ്‌. അങ്ങനെയുള്ളവര്‍ക്കെതിരെ പറയുമ്പോള്‍ ചിദംബരം സുപ്രീം കോടതിയില്‍ നിന്ന്‌ ഇത്ര കനത്ത പ്രഹരം ഉടനുണ്ടാവുമെന്ന്‌ പ്രതീക്ഷിച്ചിരിക്കില്ല. ചിലപ്പോഴെങ്കിലും ചെട്ടിയെ കോടതി ചതിക്കാറുണ്ട്‌.

2011-03-01

സബ്‌സിഡിക്കാരനെന്ന പുതിയ ജാതി



ബജറ്റ്‌ എന്നത്‌ കേവലം കണക്കുകള്‍ക്ക്‌ അപ്പുറത്ത്‌ ധനകാര്യ പ്രസ്‌താവന കൂടിയാണ്‌. ആ നിലക്ക്‌ ബജറ്റിന്റെ ആഘാതം (നല്ല അര്‍ഥത്തിലും മോശം അര്‍ഥത്തിലും) അത്‌ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. രണ്ടാം യു പി എ സര്‍ക്കാറിന്റെ റെയില്‍, പൊതു ബജറ്റുകള്‍ ഇതുവരെ അവതരിപ്പിച്ചത്‌ പശ്ചിമ ബംഗാളുകാരാണ്‌. മമതാ ബാനര്‍ജിയും പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും. റെയില്‍ ബജറ്റുകള്‍ ലോക്‌സഭയില്‍ വലിയ ബഹളത്തിനും മമതയുടെ രൂക്ഷമായ പ്രതികരണത്തിനും വഴിവെച്ചു. എന്നാല്‍ പ്രണാബിന്റെ ബജറ്റുകള്‍ ഇത്തരം യാതൊരു ഇളക്കത്തിനും കാരണമായിരുന്നില്ല. ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. മുതിര്‍ന്ന രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും ലോകത്തെ തന്നെ ഏറ്റവും മികച്ച ധനമന്ത്രിയെന്ന ഖ്യാതി 1984ല്‍ തന്നെ നേടിയെടുത്ത വ്യക്തി എന്ന നിലക്കും അദ്ദേഹത്തിനുള്ള കൈയടക്കമാണ്‌ ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്‌ കാര്യങ്ങള്‍ അച്ചടക്കത്തോടെ അവതരിപ്പിക്കാനും ആശങ്കക്ക്‌ വഴിവെച്ചേക്കാവുന്ന കാര്യങ്ങളെ പരമാവധി മധുരം പുരട്ടി നല്‍കാനും അദ്ദേഹത്തിന്‌ കഴിയുന്നുവെന്നതാണ്‌.
]

കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച അതേ നയം തുടര്‍ന്നിട്ടുണ്ട്‌ ഇക്കുറിയും. ഗ്രാമീണ തൊഴിലുറപ്പ്‌, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള ബഹുമുഖ പദ്ധതിയായ ഭാരത്‌ നിര്‍മാണ്‍ തുടങ്ങിയ പദ്ധതികള്‍ക്ക്‌ കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്‌. ഗ്രാമീണ ഭവന നിര്‍മാണത്തിന്‌ മൂവായിരം കോടി അനുവദിച്ചു. കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള ഭവന നിര്‍മാണത്തിന്‌ പുതിയ ഫണ്ട്‌ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. പിന്നാക്ക മേഖലകള്‍ക്ക്‌ 10,000ത്തോളം കോടി രൂപ നീക്കിവെച്ചു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചു എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ ജനപ്രിയമെന്ന്‌ തോന്നാവുന്ന നിരവധി പ്രഖ്യാപനങ്ങള്‍. പ്രത്യക്ഷ നികുതി പരിഷ്‌കരണം അടുത്ത 2012 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നു, ചരക്ക്‌, സേവന നികുതി സമ്പ്രദായം രാജ്യത്ത്‌ നടപ്പാക്കാന്‍ പോകുന്നു എന്നിവ കണക്കിലെടുത്ത്‌ നികുതി മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ക്ക്‌ ബജറ്റില്‍ ശ്രമിച്ചിട്ടില്ല. 


മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി എക്‌സൈസ്‌ തീരുവ ഇളവ്‌ നല്‍കിയിരുന്ന 130 ഉത്‌പന്നങ്ങളെ വീണ്ടും നികുതി പരിധിയില്‍ കൊണ്ടുവന്ന്‌ ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തി. സേവന മേഖലയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇവയൊഴിച്ചാല്‍ ജനങ്ങളെ നേരിട്ട്‌ ബാധിക്കുംവിധത്തില്‍ നികുതി വര്‍ധനയുണ്ടെന്ന്‌ പറയാനും സാധിക്കില്ല. ആദായ നികുതി പരിധിയില്‍ പുരുഷന്‍മാര്‍ക്ക്‌ 20,000 രൂപയുടെ വര്‍ധനയുണ്ട്‌. മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ രണ്ടര ലക്ഷം രൂപ വരെ നികുതിയില്ല. നേരത്തെ 65 വയസ്സുള്ളവര്‍ക്കായിരുന്നു ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്‌. ഇനിമുതല്‍ അത്‌ 60 വയസ്സുള്ളവര്‍ക്ക്‌ വരെ ലഭിക്കും. ഇത്‌ കണക്കാക്കുമ്പോഴും ബജറ്റ്‌ ജനപ്രിയം തന്നെ.

ഈ ജനപ്രിയ മധുരത്തില്‍ പൊതിഞ്ഞ്‌ ചിലത്‌ പ്രണാബ്‌ പ്രഖ്യാപിച്ചു. അതാകും ഈ ധനകാര്യ പ്രസ്‌താവനയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആഘാതത്തെ നിശ്ചയിക്കുക. അതില്‍ ഏറ്റവും പ്രധാനം പാചക വാതകം, മണ്ണെണ്ണ, വളം എന്നിവയുടെ സബ്‌സിഡി ഉപഭോക്താവിന്‌ നേരിട്ട്‌ നല്‍കുന്ന സമ്പ്രദായം 2012 മാര്‍ച്ച്‌ മുതല്‍ ആരംഭിക്കുമെന്നതാണ്‌. നിലവില്‍ രാജ്യത്ത്‌ നേരിട്ട്‌ സബ്‌സിഡി നല്‍കുന്ന സമ്പ്രദായമില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലൂടെയുള്ള പൊതു വിതരണ ശൃംഖലയിലൂടെയാണ്‌ മണ്ണെണ്ണ വിതരണം ചെയ്യുന്നത്‌. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണ ശൃംഖലക്ക്‌ കൈമാറും. 


പാചക വാതകത്തിനുള്ള സബ്‌സിഡി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കാണ്‌ നല്‍കുന്നത്‌. അവര്‍ സബ്‌സിഡി നിരക്കില്‍ വാതക സിലിന്‍ഡറുകള്‍ വിതരണം ചെയ്യും. വളം സബ്‌സിഡി പൊതുമേഖലാ കമ്പനികള്‍ക്കാണ്‌ നല്‍കുന്നത്‌. കുറഞ്ഞ നിരക്കില്‍ കമ്പനികളില്‍ നിന്ന്‌ കര്‍ഷകന്‌ വളം വാങ്ങാനാകും. നേരിട്ടുള്ള സബ്‌സിഡി എന്ന സമ്പ്രദായത്തിലേക്ക്‌ മാറുമ്പോള്‍ ഗുണഭോക്താക്കള്‍ ആരൊക്കെ എന്ന്‌ നിശ്ചയിക്കേണ്ടതുണ്ട്‌. അതിന്‌ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കും. അതായത്‌ നേരിട്ടുള്ള സബ്‌സിഡി എന്ന സമ്പ്രദായത്തിലേക്ക്‌ മാറുമ്പോള്‍ സബ്‌സിഡി കര്‍ശനമായി പരിമിതപ്പെടുമെന്ന്‌ അര്‍ഥം. ഗുണഭോക്താവിന്‌ സബ്‌സിഡിപ്പണം നേരിട്ട്‌ നല്‍കുമ്പോള്‍ അയാള്‍ക്ക്‌ എവിടെ നിന്ന്‌ വേണമെങ്കിലും ഉത്‌പന്നം വാങ്ങാനാകും. അതായത്‌ ഇപ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക്‌ ലഭിക്കുന്ന സബ്‌സിഡിയുടെ പ്രയോജനം ഭാവിയില്‍ പാചകവാതക, മണ്ണെണ്ണ വിതരണ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക്‌ കൂടിയാകും. ഒരു ഭാഗത്ത്‌ സബ്‌സിഡി പരിമിതപ്പെടുത്തുകയും മറുഭാഗത്ത്‌ അതിന്റെ പ്രയോജനം സ്വകാര്യ കമ്പനികള്‍ക്ക്‌ കൂടി വീതിച്ചു നല്‍കുകയുമാകും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുക.

ഗുണഭോക്താക്കളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതും പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പെടും. യൂനീഖ്‌ ഐഡന്റിറ്റി നമ്പര്‍ (ആധാര്‍) പോലുള്ളവയുടെ അടിസ്ഥാനത്തിലാകും ഗുണഭോക്താവിനെ നിശ്ചയിക്കുക. ആധാറിനായി വിവരങ്ങള്‍ ശേഖരിക്കപ്പെടുമ്പോള്‍ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുള്ള ഒരാള്‍ പിന്നീട്‌ മോശം അവസ്ഥയിലേക്ക്‌ വന്നാലും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സബ്‌സിഡി വാങ്ങുന്നവര്‍ എന്നൊരു പുതിയ ജാതി സൃഷ്‌ടിക്കപ്പെടുമെന്നതാണ്‌ സാമൂഹികമായ പ്രത്യാഘാതം. പൊതു വിതരണ ശൃംഖലയിലൂടെ സബ്‌സിഡിയുള്ള വസ്‌തുക്കള്‍ വിതരണം ചെയ്യുമ്പോള്‍ അത്‌ പൊതുസമൂഹത്തെയാകെ ലക്ഷ്യമിട്ടാണ്‌. (ഇപ്പോള്‍ ദാരിദ്ര്യരേഖക്ക്‌ മുകളില്‍, താഴെ എന്ന ഭിന്നതയുണ്ടെങ്കിലും) ഇതില്‍ നിന്ന്‌ മാറി നേരിട്ടാകുമ്പോള്‍ സബ്‌സിഡി വാങ്ങുന്നവനെന്ന അപകര്‍ഷതാബോധം ശക്തമാകും. യാത്രാ നിരക്കില്‍ ഇളവ്‌ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ സ്വകാര്യ ബസുകളില്‍ സീറ്റിന്‌ അര്‍ഹതയില്ലെന്ന അലിഖിത ചട്ടം പലേടത്തും നടപ്പാകുന്നുണ്ട്‌. ഇതിന്റെ വിശാലമായൊരു രൂപം ആലോചിച്ചു നോക്കുക.

സബ്‌സിഡിക്കാരനെന്ന `തൊട്ടുകൂടാത്തവന്റെ' സൃഷ്‌ടിക്ക്‌ തുടക്കമാകുകയാണ്‌ 2012 മാര്‍ച്ചില്‍. അമേരിക്കയിലും മറ്റും നേരിട്ടുള്ള സബ്‌സിഡിയാണ്‌ പ്രാബല്യത്തിലുള്ളത്‌. അവിടെ അതിന്റെ ഗുണഭോക്താക്കളിലേറെയും ആഫ്രിക്കന്‍ വംശജരോ വെള്ളക്കാരല്ലാത്തവരോ ആണ്‌. ഇവരില്‍ ഭൂരിഭാഗവും ചേരിനിവാസികളോ മാലിന്യ നിര്‍ഗമന കുഴലുകളില്‍ ജീവിക്കുന്നവരോ ആണുതാനും. സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തിയുള്ള വിവിധ പദ്ധതികളുടെ ആനുകൂല്യം ഒരേ ആളുകള്‍ തന്നെ അനുഭവിക്കുന്നത്‌ ഇല്ലാതാക്കണമെന്നും സബ്‌സിഡികള്‍ യഥാര്‍ഥ ഗുണഭോക്താവിലെത്തുന്നുവെന്ന്‌ ഉറപ്പാക്കണമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്‌ നേരിട്ടുള്ള സബ്‌സിഡി സമ്പ്രദായം. ഇപ്പോള്‍ പാചകവാതകം, മണ്ണെണ്ണ, വളം എന്നിവയില്‍ തുടങ്ങുന്നു. നാളെ അരി, ഗോതമ്പ്‌, ഡീസല്‍ തുടങ്ങി എല്ലാറ്റിലേക്കും വ്യാപിപ്പിക്കും. ഉയര്‍ന്ന വില നല്‍കി ഇവ വാങ്ങുന്നവന്‌ സമൂഹത്തില്‍ പുതിയൊരു അന്തസ്സ്‌ സൃഷ്‌ടിക്കപ്പെടും. ജന്മിത്വത്തിന്റെ കാലങ്ങളില്‍ സര്‍ക്കാറിലേക്ക്‌ നികുതിയൊടുക്കിയിരുന്നവര്‍ക്ക്‌ ഉണ്ടായിരുന്ന പ്രത്യേക അവകാശങ്ങളെപ്പോലെ. നേരിട്ടുള്ള സബ്‌സിഡി വ്യാപകമാകുന്നതോടെ പൊതുവിതരണ ശൃംഖല എന്നത്‌ ഇല്ലാതാകും. ബജറ്റ്‌ പ്രസംഗത്തില്‍ പൊതു വിതരണ ശൃംഖലയെന്ന്‌ ഒരിക്കല്‍ പോലും പ്രണാബ്‌ മുഖര്‍ജി പറയാതിരുന്നതിന്റെ കാരണം ഇതാണ്‌.

ഓഹരി വിറ്റൊഴിക്കലിലൂടെ 40,000 കോടി രൂപ 2011-12 സാമ്പത്തിക വര്‍ഷത്തിലും സമാഹരിക്കുന്നുണ്ട്‌. പൊതു സ്വത്തുക്കള്‍ സ്വകാര്യവത്‌കരിക്കുന്ന നയം തുടരുമെന്ന്‌ അര്‍ഥം. ബേങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌, പെന്‍ഷന്‍ ഫണ്ട്‌ എന്നിവയുടെ കാര്യത്തിലെല്ലാം പരിഷ്‌കാരം ലക്ഷ്യമിട്ട്‌ നിയമ ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ മേഖലയിലെല്ലാം വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിക്കുകയും പെന്‍ഷന്‍ ഫണ്ട്‌ ഓഹരി വിപണി പോലുള്ളവയില്‍ നിക്ഷേപിക്കാന്‍ അനുവാദം നല്‍കുകയുമൊക്കെയാകും ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി വ്യാപിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിധിയിലേക്ക്‌ പരോക്ഷ വിദേശ നിക്ഷേപം സ്വാഗതം ചെയ്യും. ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന്‌ യു എസ്‌ പ്രസിഡന്റ്‌ ഇന്ത്യന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്‌തപ്പോള്‍ പ്രഖ്യാപിച്ചതിനെ ഇവിടെ ചേര്‍ത്തു വായിക്കണം.

ഭക്ഷ്യവസ്‌തുക്കളുള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം ആശങ്കാജനകമാണെന്ന്‌ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന്‌ സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ ഒന്നുമുണ്ടായില്ല. ആഫ്രിക്കന്‍, അറബ്‌ രാജ്യങ്ങളിലെ കലുഷിതമായ രാഷ്‌ട്രീയ കാലാവസ്ഥ എണ്ണവില കുറച്ച്‌ കാലത്തേക്കെങ്കിലും ക്രമാതീതമായി ഉയര്‍ന്ന്‌ നില്‍ക്കാന്‍ കാരണമാകുമെന്ന ശങ്ക ശക്തമാണ്‌. ഇത്‌ കണക്കിലെടുത്തിട്ടുപോലുമില്ല ധനമന്ത്രി. വിപണിയിലെ പണത്തിന്റെ ഒഴുക്ക്‌ നിയന്ത്രിക്കുന്നത്‌ പോലുള്ള സാമ്പത്തിക നടപടികളിലൂടെ (റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കിലെ മാറ്റവും മറ്റും) വിലക്കയറ്റം നിയന്ത്രിച്ച്‌ നിര്‍ത്താനാകും ശ്രമിക്കുക എന്ന്‌ വ്യക്തം. ഭക്ഷ്യധാന്യങ്ങളുടെ ഉത്‌പാദനം സര്‍വകാല റെക്കോര്‍ഡിലെത്തുകയും സംഭരണകേന്ദ്രങ്ങളില്‍ ഉത്‌പന്നം കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിലും വിലക്കയറ്റമുണ്ടാകുന്നുവെന്ന വൈരുധ്യമാണ്‌ നിലനില്‍ക്കുന്നത്‌. ഇക്കാര്യം ബജറ്റ്‌ പ്രസംഗത്തില്‍ മുഖര്‍ജി ചൂണ്ടിക്കാട്ടുകയും ചെയ്‌തു. എന്നിട്ടും ഈ സ്ഥിതി ഒഴിവാക്കുന്നതിന്‌ നടപടിയൊന്നുമില്ല. ഈ വൈരുധ്യത്തിന്റെ പ്രധാന കാരണം അവധി വ്യാപാരം നിലനില്‍ക്കുന്നുവെന്നതാണ്‌. അതിന്‌ കടിഞ്ഞാണിട്ടാല്‍ ചെന്നുകൊള്ളുക റിലയന്‍സ്‌ പോലുള്ള വന്‍കിടക്കാരുടെ ദേഹത്താണ്‌. അതിന്‌ മിനക്കെടാന്‍ പ്രണാബിന്‌ തത്‌കാലം ധൈര്യമുണ്ടാകില്ല തന്നെ.

ഇതൊക്കെയാണെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത്‌ ശതമാനം വളര്‍ച്ചാ നിരക്ക്‌ പ്രതീക്ഷിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ സാമ്പത്തിക ഉത്തേജക പാക്കേജ്‌ പൂര്‍ണമായി പിന്‍വലിച്ച്‌ സ്വകാര്യ കമ്പനികളുടെ സൗകര്യം ഇല്ലാതാക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ധനക്കമ്മിയും വരുമാനക്കമ്മിയും കുറയുമെന്നാണ്‌ കണക്കുകളിലെ പ്രതീക്ഷ. അതും മികച്ച സമ്പദ്‌വ്യവസ്ഥയുടെ സൂചകമാണ്‌. വളര്‍ച്ചാ നിരക്ക്‌ രണ്ടക്കത്തിലേക്ക്‌ നീങ്ങുകയും മറ്റ്‌ സാമ്പത്തിക സൂചകങ്ങള്‍ വിയര്‍പ്പൊഴുകാത്ത സുന്ദരമുഖം നല്‍കുകയും ചെയ്യുമ്പോള്‍ പുറത്തേക്ക്‌ തള്ളപ്പെടുന്നവരുടെ എണ്ണം കൂടുമെന്ന്‌ ഉറപ്പാണ്‌. ഭാവിയില്‍ ഇപ്പോഴത്തെ ഇടത്തരക്കാരൊക്കെ ദരിദ്രരായി മാറും. അവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃപട്ടികയില്‍ ഇടം കിട്ടുകയുമില്ല. ഇവര്‍ക്കൊന്നും വേണ്ടിയല്ല ഭരണവും ബജറ്റുമെന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്‌.