2011-03-10

നിര്‍ണയങ്ങള്‍ പാളിച്ചകള്‍നിര്‍ണയത്തില്‍ പിഴവ്‌ പറ്റി, അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു'-പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വിശദീകരിച്ചു. നിര്‍ണയത്തില്‍ പിഴവ്‌ പറ്റിയെന്നത്‌ വസ്‌തുതയാണ്‌. അത്‌ ആര്‍ക്കാണെന്നതിലേ തര്‍ക്കത്തിന്‌ സാധ്യതയുള്ളൂ. ധനതത്വശാസ്‌ത്ര വിദഗ്‌ധനെന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന്‌ ധന വകുപ്പ്‌ ഏല്‍പ്പിച്ചുകൊടുത്ത പി വി നരസിംഹ റാവുവിനാണോ; പിന്നീട്‌ പ്രധാനമന്ത്രി പദം കൈമാറിക്കൊടുത്ത സോണിയാ ഗാന്ധിക്കാണോ; അതോ ഇവരുടെ രണ്ട്‌ പേരുടെയും പാര്‍ട്ടിയായ കോണ്‍ഗ്രസിനാണോ? എന്തായാലും രാജ്യത്തെ ജനങ്ങള്‍ക്ക്‌ നിര്‍ണയത്തില്‍ പിഴവൊന്നും പറ്റിയിട്ടില്ല. ഒരിക്കലേ ഡോ. മന്‍മോഹന്‍ സിംഗ്‌ ജനങ്ങളെ അഭിമുഖീകരിച്ചുള്ളൂ. 1999ല്‍ തെക്കന്‍ ഡല്‍ഹിയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌. അന്ന്‌ മന്‍മോഹന്‍ സിംഗ്‌ തോറ്റു. ജനത്തിന്റെ പിഴവില്ലാത്ത നിര്‍ണയം മനസ്സിലാക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ്‌ പിന്നീട്‌ മന്‍മോഹനെ രാജ്യസഭയിലേക്ക്‌ എത്തിച്ചു, വഴിയേ പ്രധാനമന്ത്രിയുമാക്കി.

സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണറായി പി ജെ തോമസിനെ നിയമിച്ചത്‌ നിയമപരമല്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്‌ നിര്‍ണയത്തില്‍ പിഴവ്‌ പറ്റിയെന്ന ഏറ്റുപറച്ചിലുണ്ടായത്‌. തോമസ്‌ അഴിമതിക്കേസില്‍ ആരോപണവിധേയനാണെന്ന കാര്യം നിയമനം തീരുമാനിക്കുന്ന സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുവോളം അദ്ദേഹം അറിഞ്ഞിരുന്നില്ല. കേരളത്തില്‍ ചീഫ്‌ സെക്രട്ടറിയും കേന്ദ്ര വകുപ്പുകളില്‍ സെക്രട്ടറിയുമായി നിയമിക്കപ്പെട്ടപ്പോള്‍ വിജിലന്‍സ്‌ കേസ്‌ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടാകുമെന്ന്‌ ധരിക്കുകയും ചെയ്‌തു. അതുകൊണ്ടാണ്‌ നിയമനവുമായി മുന്നോട്ടുപോയതെന്നും മന്‍മോഹന്‍ വിശദീകരിക്കുന്നു. സംസ്ഥാന ചീഫ്‌ സെക്രട്ടറി, കേന്ദ്ര വകുപ്പുകളുടെ സെക്രട്ടറി എന്നിവ പോലെയാണോ അഴിമതിക്കേസുകളുടെ അന്വേഷണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷണറുടെ സ്ഥാനം എന്ന്‌ അഞ്ച്‌ വര്‍ഷം ധനമന്ത്രിയും ആറ്‌ കൊല്ലം പ്രധാനമന്ത്രിയും ദീര്‍ഘകാലം പാര്‍ലിമെന്റംഗവുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ്‌ ആലോചിച്ചതേയില്ല! അതുപോട്ടെ പിഴ മൂളിയ സാഹചര്യത്തില്‍ ബി ജെ പി നേതാവ്‌ സുഷമാ സ്വരാജിനെപ്പോലെ വിശാല മനസ്സ്‌ കാട്ടി ഈ പ്രശ്‌നം ഇവിടെ അവസാനിപ്പിക്കാം.

പക്ഷേ, നിര്‍ണയത്തില്‍ കാട്ടിയ മറ്റ്‌ പിഴവുകള്‍ക്കോ? ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡി എം കെ നേതാവ്‌ എ രാജ ഒന്നാം യു പി എ സര്‍ക്കാറില്‍ ടെലികോം മന്ത്രിയായിരിക്കെയാണ്‌ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിച്ചത്‌. ഈ ഇടപാടില്‍ കോടികള്‍ കോഴയായി മറിഞ്ഞെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. എന്നിട്ടും രണ്ടാം യു പി എ സര്‍ക്കാര്‍ വന്നപ്പോള്‍ രാജക്ക്‌ മന്ത്രി സ്ഥാനം നല്‍കി. ആരൊക്കെ മന്ത്രിമാരാകണമെന്ന്‌ നിര്‍ദേശിക്കുന്നത്‌ ഘടകകക്ഷികളാണ്‌, ഡി എം കെ രാജയെ നിര്‍ദേശിച്ചു, അത്‌ അംഗീകരിക്കേണ്ടിവന്നു എന്നാണ്‌ ഇതിന്‌ മന്‍മോഹന്‍ പറയുന്ന ന്യായം. എന്നാല്‍ വകുപ്പുകള്‍ തീരുമാനിക്കുന്നത്‌ പ്രധാനമന്ത്രിയാണ്‌. അഴിമതി ആരോപണം നിലനില്‍ക്കുമ്പോള്‍ രാജക്ക്‌ തന്നെ ടെലികോം വകുപ്പ്‌ നല്‍കിയ നിര്‍ണയത്തിലെ പിഴവ്‌ എങ്ങനെ ന്യായീകരിക്കും? മന്ത്രിസഭയിലെ ഡി എം കെ പ്രതിനിധികളുടെ കാര്യത്തില്‍ അന്ന്‌ തര്‍ക്കമുണ്ടായിരുന്നു. രാജയെയും ടി ആര്‍ ബാലുവിനെയും മന്ത്രിമാരാക്കുന്നതിനോട്‌ പ്രധാനമന്ത്രി തന്നെ വിയോജിച്ചുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. ബാലുവിനെ ഒഴിവാക്കാന്‍ ഡി എം കെ തീരുമാനിച്ചു. എന്നിട്ടും രാജയെ നിലനിര്‍ത്തി. അത്‌ മന്‍മോഹന്‍ സമ്മതിക്കുകയും ചെയ്‌തു. സഖ്യകക്ഷിയുടെ സമ്മര്‍ദത്തിന്‌ വഴങ്ങിയാണ്‌ നിര്‍ണയമെന്ന വാദം പിഴവാണെന്ന്‌ ഇതിലൂടെ തെളിയുന്നു.

നിര്‍ണയത്തിലെ പിഴവ്‌ ഇതിന്‌ മുമ്പേയുണ്ടായെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ തെളിയിക്കുന്നത്‌. ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം ലൈസന്‍സ്‌ എന്ന നയം മാറ്റി ലൈസന്‍സ്‌ ലേലം ചെയ്യാന്‍ സാധിക്കുമോ എന്ന്‌ ചോദിച്ച്‌ 2007ല്‍ ടെലികോം മന്ത്രിക്ക്‌ പ്രധാനമന്ത്രി കത്തയച്ചിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റിയും ടെലികോം കമ്മീഷനും ഇത്‌ അനുവദിക്കില്ലെന്നായിരുന്നു രാജയുടെ മറുപടി. ഈ രണ്ട്‌ സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ളതാണ്‌. അവയുടെ തീരുമാനം മാറ്റുന്നതിന്‌ പ്രധാനമന്ത്രിക്ക്‌ ശ്രമിക്കാമായിരുന്നു. അതിന്‌ ശ്രമിച്ചില്ല എന്നത്‌ നിര്‍ണയത്തിലെ പിഴവാണ്‌. മൂന്നാം തലമുറ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലേലം ചെയ്‌താണ്‌ നല്‍കിയത്‌. ടെലികോം റെഗുലേറ്ററി അതോറിറ്റി, ടെലികോം കമ്മീഷന്‍ എന്നിവയുടെ നിര്‍ദേശം മാറ്റാന്‍ സാധിക്കുമായിരുന്നുവെന്നതിന്‌ തെളിവാണിത്‌.
ലൈസന്‍സ്‌ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതാനും ദിവസം മാറ്റിവെക്കണമെന്നാവശ്യപ്പെട്ടും എ രാജക്ക്‌ പ്രധാനമന്ത്രി കത്ത്‌ നല്‍കിയിരുന്നു. അതിനുള്ള മറുപടി നിഷേധാത്മകമായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിക്കാന്‍ മടിക്കുന്ന മന്ത്രിയെ തുടരാന്‍ അനുവദിച്ച നിര്‍ണയത്തില്‍ പിഴവുണ്ടായി. എ രാജ നല്‍കിയ മറുപടിയിലെ ഭാഷ മര്യാദയില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണെന്ന്‌ സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരത്തിലൊരു കത്ത്‌ കിട്ടിയിട്ടും അതിനോട്‌ ഉചിതമായി പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന നിര്‍ണയമോ?

ടെലികോം ലൈസന്‍സ്‌ സംബന്ധിച്ച്‌ തീരുമാനങ്ങളെടുത്ത രാഷ്‌ട്രീയ നേതാക്കളില്‍ എ രാജ മാത്രമാണ്‌ ഇപ്പോള്‍ ആരോപണവിധേയനായുള്ളത്‌. മറ്റാരെങ്കിലും ആരോപണവിധേയരാകുമെന്ന്‌ ഇപ്പോഴത്തെ അവസ്ഥയില്‍ കരുതാനാകില്ല. ധനവകുപ്പിന്റെ അനുവാദമില്ലാതെ ലൈസന്‍സ്‌ ലേലവുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ല. ലൈസന്‍സ്‌ അനുവദിച്ച്‌ അഞ്ച്‌ ദിവസം കഴിഞ്ഞ്‌ ഇടപാട്‌ ക്രമവിരുദ്ധമാണെന്ന്‌ കാണിച്ച്‌ അന്നത്തെ ധനമന്ത്രി പി ചിദംബരം പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. ഈ കത്തെഴുതാനുള്ള നിര്‍ണയം നേരത്തെ എടുക്കാതിരുന്ന ചിദംബരം പിഴവ്‌ കാട്ടിയോ എന്നതില്‍ അന്വേഷണമില്ല. 1.76 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്‌ടമുണ്ടാക്കിയെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലും 22,000 കോടിയുടെ നഷ്‌ടമുണ്ടാക്കിയെന്ന്‌ സി വി സിയും 40,000 മുതല്‍ 50,000 വരെ കോടിയുടെ നഷ്‌ടമുണ്ടാക്കിയെന്ന്‌ ഇപ്പോള്‍ സി ബി ഐയും വിലയിരുത്തുന്നതാണ്‌ അഴിമതിക്കേസ്‌. ഇതില്‍ രാജക്ക്‌ മാത്രം ലഭിച്ച കോഴപ്പണം സി ബി ഐയുടെ കണക്കനുസരിച്ച്‌ 3,000 കോടി. ഇത്രയും വലിയ കോഴ ഇടപാട്‌ നടത്തിയത്‌ രാജ മാത്രമാണെന്ന്‌ നിര്‍ണയിക്കുന്നതില്‍ പിഴവുണ്ടോ?

ആദര്‍ശ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എന്നിവയിലുയര്‍ന്ന അഴിമതി ആരോപണങ്ങളുടെ കാര്യത്തിലും ചില നിര്‍ണയങ്ങളുണ്ടായിട്ടുണ്ട്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പില്‍ എണ്ണായിരം കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന്‌ പറഞ്ഞത്‌ സി വി സിയാണ്‌. വിവിധ കേസുകളില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എന്നിട്ടും ഗെയിംസ്‌ സംഘാടക സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന്‌ സുരേഷ്‌ കല്‍മാഡിയെയോ സെക്രട്ടറി ജനറല്‍ സ്ഥാനത്തു നിന്ന്‌ ലളിത്‌ ഭാനോട്ടിനെയോ മാറ്റിനിര്‍ത്താന്‍ ആദ്യഘട്ടത്തില്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ തയ്യാറായില്ല. ഇവരെ മാറ്റാന്‍ നിയമപരമായി കഴിയില്ലെന്നായിരുന്നു അന്നത്തെ വാദം. സമിതിയുടെ കാലാവധി നീട്ടിനല്‍കുകയും ചെയ്‌തു സര്‍ക്കാര്‍. എന്നാല്‍ മന്ത്രിസഭ പുനസ്സംഘടിപ്പിച്ച്‌ അജയ്‌ മാക്കന്‍ കായിക വകുപ്പ്‌ ഏറ്റെടുത്തതിന്‌ പിറകെ കല്‍മാഡിയെയും ലളിത്‌ ഭാനോട്ടിനെയും പുറത്താക്കി. അപ്പോള്‍ നിയമപരമായ തടസ്സം ചൂണ്ടിക്കാട്ടി ഇവരെ സ്ഥാനത്ത്‌ തുടരാന്‍ അനുവദിച്ച നിര്‍ണയം എന്തിനായിരുന്നു? അത്‌ സംഭവിച്ച പാളിച്ചയോ മനഃപൂര്‍വം സൃഷ്‌ടിച്ച പാളിച്ചയോ? 


കുറച്ചു കാലം കൂടി സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിച്ചാല്‍ മാത്രമേ ഫയലുകള്‍ ശുദ്ധീകരിച്ചു മടങ്ങാന്‍ ഇവര്‍ക്ക്‌ സാധിക്കുമായിരുന്നുള്ളൂ. അതിന്‌ അവസരമൊരുക്കിയ നിര്‍ണയത്തിലെ പാളിച്ച ആര്‌ ഏറ്റെടുക്കും? സംഘാടക സമിതി ഓഫീസില്‍ നിന്ന്‌ കാണാതായ ഫയലുകള്‍ പിന്നീട്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതാണ്‌ ഫയലുകള്‍ പൂഴ്‌ത്താന്‍ അവസരം നല്‍കിയെന്നതിന്‌ തെളിവ്‌. സംഘാടക സമിതി മാത്രമല്ല, കായിക - നഗര വികസന മന്ത്രാലയങ്ങളും തീരുമാനങ്ങളെടുക്കുന്നതില്‍ പങ്കാളിയായിരുന്നുവെന്ന്‌ കല്‍മാഡി തന്നെ പറയുമ്പോള്‍ ഈ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നവര്‍ കൂടി സംശയത്തിന്റെ നിഴലിലാകുന്നുണ്ട്‌. പക്ഷേ, അതേക്കുറിച്ചൊന്നും അന്വേഷണമുണ്ടാകില്ല. അതും ഒരു നിര്‍ണയത്തിന്റെ ഭാഗമാണെന്ന്‌ വേണം കരുതാന്‍.

ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുംഭകോണം മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്‌ അശോക്‌ ചവാനെ നീക്കി. ഫ്‌ളാറ്റ്‌ നിര്‍മിക്കാന്‍ വേണ്ട അനുമതികളില്‍ ഏറെക്കുറെ എല്ലാം നല്‍കപ്പെട്ടത്‌ വിലാസ്‌ റാവു ദേശ്‌മുഖ്‌ മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായിരിക്കെയാണ്‌. ആറ്‌ നില നിര്‍മിക്കാന്‍ നല്‍കിയ അനുമതി 31 നിലക്കാക്കി നല്‍കിയപ്പോഴും ഇദ്ദേഹമായിരുന്നു മുഖ്യമന്ത്രി. എന്നിട്ടും വിലാസ്‌ റാവു ദേശ്‌മുഖ്‌ കേന്ദ്രമന്ത്രിയായി തുടരട്ടെ എന്നായിരുന്നു നിര്‍ണയം. അതിലെന്തെങ്കിലും പിഴവുണ്ടോ? 


ഇത്തരം ഇടപാടുകള്‍ക്കെല്ലാം അടിസ്ഥാനമായി നില്‍ക്കുന്നത്‌ സാമ്പത്തിക മേഖലയില്‍ വരുത്തിയ ഉദാരവത്‌കരണങ്ങളാണ്‌. മൗറീഷ്യസിലോ മാന്‍ ദ്വീപുകളിലോ രജിസ്റ്റര്‍ ചെയ്‌ത സ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ കമ്പനികളില്‍ ഓഹരിയെടുക്കാന്‍ അനുവാദം നല്‍കിയത്‌ 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ തുടര്‍ച്ചയായാണ്‌. ഈ പഴുതുപയോഗിച്ചാണ്‌ ടെലികോം, റിയല്‍ എസ്റ്റേറ്റ്‌ എന്ന്‌ തുടങ്ങി ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന ക്രിക്കറ്റ്‌ വ്യവസായത്തില്‍ വരെ ഇത്തരം കമ്പനികള്‍ കോടികളിറക്കിയത്‌. അതിലേറെ കോടികളുടെ ലാഭമെടുത്തത്‌. ഇത്തരം കമ്പനികള്‍ക്ക്‌ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട്‌ വിപണിയില്‍ ഇടപെടാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനമാണ്‌ ഇക്കഴിഞ്ഞ ഫെബ്രുവരി 28ന്‌ ലോക്‌സഭയില്‍ പ്രണാബ്‌ മുഖര്‍ജി അവതരിപ്പിച്ച ബജറ്റില്‍ നടത്തിയത്‌. നിര്‍ണയത്തില്‍ പിഴവെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? 


ആണവ കരാറില്‍ ഒപ്പ്‌ വെച്ചതിന്‌ പിറകെ സഹസ്ര കോടികളുടെ ആയുധങ്ങള്‍ അമേരിക്കയില്‍ നിന്ന്‌ വാങ്ങാന്‍ മന്‍മോഹന്‍ തീരുമാനിച്ചു. ആഗോള ടെന്‍ഡറൊഴിവാക്കി സര്‍ക്കാറുകള്‍ തമ്മില്‍ നേരിട്ടുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ആയുധം വാങ്ങുകയാണ്‌ ചെയ്യുന്നത്‌. അമേരിക്കന്‍ കമ്പനികളില്‍ തൊഴിലവസരമുണ്ടാകുമ്പോള്‍ ഇന്ത്യന്‍ ഖജനാവിന്‌ നഷ്‌ടമുണ്ടായോ ഇല്ലയോ എന്നത്‌ ഭാവിയില്‍ പരിശോധിക്കപ്പെടും. ഇപ്പോഴത്തെ നിര്‍ണയത്തില്‍ പിഴവുണ്ടായെന്ന്‌ അന്ന്‌ കണ്ടെത്തിയാല്‍ അതിന്‌ ആര്‌ പിഴ മൂളും? ആര്‍ക്കും പിഴ മൂളേണ്ടിവരില്ലെന്നതിന്‌ ബൊഫോഴ്‌സ്‌ സാക്ഷി. ആരെങ്കിലും പിഴ മൂളേണ്ടിവരുമെങ്കില്‍ തന്നെ അവര്‍ക്ക്‌ വിചാരണ ഒഴിവാക്കി ആശ്വാസം നല്‍കുകയും ചെയ്യും. അതിന്‌ ഒട്ടാവിയോ ക്വത്‌റോച്ചി സാക്ഷി. ഈ നിര്‍ണയങ്ങളിലൊന്നും പാളിച്ചകളില്ല. ആകെ പറ്റിയ പാളിച്ചക്ക്‌ മാപ്പും. തെറ്റ്‌ മനുഷ്യസഹജമാണ്‌. മാപ്പ്‌ നല്‍കുക എന്നത്‌ ദൈവികവും.