`മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വിശ്വസിക്കരുത്. അദ്ദേഹം അസംബന്ധം പ്രചരിപ്പിക്കുകയാണ്' - ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വാക്കുകള്‍. വിഷയം ലോട്ടറിയാണ്. അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രിക്കും സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അയച്ച കത്തുകളെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് വി എസിനെ വിശ്വസിക്കരുതെന്ന പ്രസ്‌താവന ചിദംബരം നടത്തിയത്. `വി എസ് അയച്ച കത്തിന് മറുപടി നല്‍കിയിട്ടുണ്ട്. മറുപടി ലഭിച്ചില്ല എന്ന് അദ്ദേഹം പറയുന്നത് വസ്‌തുതകള്‍ക്ക് നിരക്കുന്നതല്ല' എന്നാണ് ചിദംബരം പറഞ്ഞിരുന്നതെങ്കില്‍ അത് അദ്ദേഹം വഹിക്കുന്ന പദവിയുടെ മാന്യതക്ക് യോജിച്ചതായേനേ. എന്നാല്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വിശ്വസിക്കരുതെന്ന് ജനങ്ങളോട് പറയുമ്പോള്‍ അത് ആഭ്യന്തര മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹവും അനുയായികളും ആലോചിക്കട്ടെ. മന്ത്രിമാരുപയോഗിക്കേണ്ട ഭാഷയെ സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ചിദംബരം വായിച്ച് പഠിക്കുകയും ചെയ്യട്ടെ.
ഇനി ആരെയാണ് വിശ്വസിക്കേണ്ടത്? ചിദംബരം പറയുന്നതനുസരിച്ചാണെങ്കില്‍ അദ്ദേഹത്തെ വിശ്വസിക്കണം. മന്‍മോഹന്‍ സിംഗിനെ വിശ്വസിക്കണം. ലോട്ടറി പ്രശ്‌നത്തില്‍ ആഭ്യന്തര മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും നടപടികളെ ന്യായീകരിക്കുന്ന ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരെയും വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കാന്‍ തയ്യാറാകും മുമ്പ് ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനം സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ നിയമനമാണ്. മലയാളിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ പി ജെ തോമസിനെ ആ സ്ഥാനത്തേക്ക് നിയമിച്ചത് നിയമവിധേയമല്ലെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. പി ജെ തോമസ് ആ പദവി വഹിക്കാന്‍ യോഗ്യനാണോ ഇല്ലയോ എന്നതല്ല കോടതി നിശ്ചയിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക് സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്കുള്ളയാളെ തീരുമാനിക്കുക. ഇന്നത്തെ നിലയില്‍ മന്‍മോഹന്‍ സിംഗ്, ചിദംബരം, സുഷമ സ്വരാജ് എന്നിവര്‍.
ഇവരുടെ മുമ്പാകെ എത്തിയ മൂന്ന് പേരില്‍ നിന്ന് തോമസിനെ ശിപാര്‍ശ ചെയ്യുകയായിരുന്നു. തോമസിനെ ശിപാര്‍ശ ചെയ്യുന്നതിന് സുഷമ എതിര്‍ത്തു. പക്ഷേ, മന്‍മോഹനും ചിദംബരവും നിര്‍ബന്ധം പിടിച്ചു. അങ്ങനെ സുഷമയുടെ വിയോജനക്കുറിപ്പുമായാണ് തോമസിന്റെ നിയമന ശിപാര്‍ശ രാഷ്‌ട്രപതിയുടെ മുന്നിലെത്തുന്നത്. രാഷ്‌ട്രപതി നിയമനം അംഗീകരിക്കുകയും ചെയ്‌തു.
അന്ന് തന്നെ തോമസിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടു. കേരളത്തിലേക്ക് പാമോയില്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഒരാളെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള രാജ്യത്തെ പരമോന്നത സംവിധാനത്തിന്റെ തലപ്പത്ത് നിയോഗിക്കുന്നതിന്റെ ധാര്‍മികതയാണ് ഉന്നയിക്കപ്പെട്ടത്. ലക്ഷം കോടിയിലേറെ രൂപയുടെ അഴിമതി ആരോപിക്കപ്പെടുന്ന മൊബൈല്‍ ലൈസന്‍സ് ഇടപാട് നടത്തിയ ടെലികോം മന്ത്രാലയത്തില്‍ കുറച്ച് കാലം തോമസ് സെക്രട്ടറിയായിരുന്നു. അന്ന് തുടര്‍ന്നിരുന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അഴിമതി ആരോപിക്കപ്പെടുന്ന ഇടപാട് പിന്നീട് നടന്നത്. ഈ അഴിമതിക്കേസിന്റെ അന്വേഷണ മേല്‍നോട്ടം സി വി സിയായ തോമസ് വഹിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടു. അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് തോമസ് മാറി നില്‍ക്കുമെന്ന് കോടതിയെ അറിയിച്ച് തടിരക്ഷിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇക്കാലത്തെല്ലാം തോമസിന്റെ നിയമനത്തെ ന്യായീകരിച്ചവരാണ് ചിദംബരവും മറ്റ് കോണ്‍ഗ്രസ് നേതാക്കളും.
പി ജെ തോമസിനെതിരെ അഴിമതിക്കേസ് നിലനില്‍ക്കുന്നതും ആ കേസില്‍ കേരള സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതും സി വി സിയെ നിശ്ചയിക്കാനുള്ള സമിതിയുടെ പരിഗണനക്ക് വന്നില്ലെന്നാണ് നിയമനം ചോദ്യം ചെയ്‌ത് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനം ചെയ്‌ത അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്നും അഴിമതിക്കേസ് താന്‍ തന്നെ സമിതിയില്‍ ഉന്നയിച്ചതാണെന്നും സുഷമ സ്വരാജ് പറഞ്ഞതോടെ അറ്റോര്‍ണി ജനറല്‍ കോടതിക്ക് പുറത്ത് വിശദീകരണം നല്‍കി. അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നില്ലെന്നാണ് താന്‍ പറഞ്ഞതെന്നും സമിതിയിലെ ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും തിരുത്തി. അഴിമതിക്കേസ് സമിതിയുടെ പരിഗണനക്ക് വന്നിട്ടേയില്ലെന്ന് അറ്റോര്‍ണി ജനറലിനെക്കൊണ്ട് സുപ്രീം കോടതിയില്‍ കള്ളം പറയിച്ചത് എന്തിനാണെന്ന് പറയേണ്ടത് ആഭ്യന്തര മന്ത്രിയാണ്.
പാമോയില്‍ കേസ് കേരളത്തില്‍ നടക്കുന്നതാണ്. അതേക്കുറിച്ച് കേന്ദ്രത്തില്‍ പിടിപ്പത് ജോലിയുള്ള ചിദംബരത്തെപ്പോലുള്ള മന്ത്രിമാര്‍ ഓര്‍ത്തില്ലെന്ന് കരുതുക. പറ്റിപ്പോയ അബദ്ധം മറച്ചുപിടിക്കാന്‍ അറ്റോര്‍ണി ജനറലിനോട് വസ്‌തുതാപരമായി തെറ്റല്ലാത്ത ഒരു കള്ളം കോടതിയില്‍ പറയാന്‍ ആവശ്യപ്പെട്ടുവെന്നും വിശ്വസിക്കുക. പക്ഷേ, പി ജെ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സ്‌ണല്‍ മന്ത്രാലയം അഞ്ച് വട്ടം ആവശ്യപ്പെട്ടിരുന്നുവെന്ന വിവരം മറച്ചുവെച്ചത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കേണ്ടത് ചിദംബരം മാത്രമല്ല, മന്‍മോഹന്‍ സിംഗ് കൂടിയാണ്.
സത്യസന്ധതയും കഴിവും കര്‍മശേഷിയുമുള്ള മറ്റാരും അഖിലേന്ത്യാ സര്‍വീസില്‍ ഇല്ലാത്തതുകൊണ്ടാണോ തോമസ് തന്നെ സി വി സിയാവണമെന്ന് മന്‍മോഹനും ചിദംബരവും നിര്‍ബന്ധം പിടിച്ചത്? അതോ തോമസിനെ തന്നെ നിയമിക്കണമെന്ന് മറ്റാരെങ്കിലും നിര്‍ബന്ധിച്ചിരുന്നോ?
അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഒരാള്‍ അഴിമതി അന്വേഷിക്കേണ്ട സമിതിയുടെ മേധാവിയായി തുടരുന്നത് എങ്ങനെ എന്ന് കോടതി ചോദിച്ച ഘട്ടത്തില്‍പ്പോലും തോമസിനെ തള്ളിപ്പറയാന്‍ ചിദംബരാദികള്‍ തയ്യാറായിരുന്നില്ല. ഇത്രമാത്രം പിന്തുണക്കാന്‍ തോമസിലുണ്ടായിരുന്ന അപൂര്‍വ കഴിവ് എന്തായിരുന്നുവെന്ന് വിശദീകരിക്കേണ്ട ബാധ്യതയും ഇവര്‍ക്കുണ്ട്. അത് ചെയ്യുന്നില്ലെങ്കില്‍ ചിദംബരത്തിന്റെ മാത്രമല്ല മന്‍മോഹന്‍ സിംഗിന്റെയും ഇവരെ നിയന്ത്രിക്കുന്നയാളുകളുടെയും വിശ്വാസ്യത ചോദ്യം ചെയ്യേണ്ടിവരും. വിവരങ്ങള്‍ മറച്ചുവെക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്‌തു, തുടര്‍ച്ചയായി അസംബന്ധം പ്രചരിപ്പിച്ചു എന്നതൊക്കെ ചിദംബരത്തിനാണ് ഇനി യോജിക്കുക. ആ നിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിശ്വസിക്കരുതെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല തന്നെ. ഇത്രയും യോഗ്യനായ ഒരാള്‍ മുഖ്യമന്ത്രി അച്യുതാനന്ദനെ വിശ്വസിക്കരുതെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ അതില്‍ കുറവില്ലാത്ത അളവില്‍ വൈരുദ്ധ്യമുണ്ട്.
ലോട്ടറിക്കത്തിലേക്ക് വന്നാലും ഇടിയുക ചിദംബരത്തിന്റെ വിശ്വാസ്യതയാണ്. കത്ത് തര്‍ക്കം കാലഗണനയനുസരിച്ച് പരിഗണിക്കുക. ലോട്ടറി പ്രശ്‌നത്തില്‍ വി എസ് അയച്ച കത്ത് കിട്ടിയിട്ടേ ഇല്ലെന്നാണ് ചിദംബരം ആദ്യം പറഞ്ഞത്. അച്യുതാനന്ദന്‍ അയച്ച കത്തിന് ചിദംബരം അയച്ച മറുപടിയുടെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പരസ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി. കത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത് വ്യവസ്ഥകളനുസരിച്ചല്ലെന്നായി. ചിദംബരത്തിന് അയച്ച കത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടില്ലെന്നും അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കാണ് കത്തയച്ചതെന്നും അതിന് മറുപടി കിട്ടിയില്ലെന്നും വി എസ് പറഞ്ഞതോടെയാണ് ചിദംബരം ഇദ്ദേഹത്തെ വിശ്വസിക്കരുതെന്ന് ആഹ്വാനം ചെയ്‌തത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ഒരാളെ സി വി സി സ്ഥാനത്തേക്ക് നിയമിക്കാന്‍ നിര്‍ബന്ധം കാട്ടുകയും അതിനെ ന്യായീകരിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ഒരാളെയാണോ അഴിമതിക്കേസില്‍ ആരോപണ വിധേയരെ വിചാരണ ചെയ്യാന്‍ നിര്‍ബന്ധം പിടിക്കുന്ന ഒരാളെയാണോ വിശ്വസിക്കേണ്ടത് എന്ന് ജനം ആലോചിച്ച് തീരുമാനിച്ചുകൊള്ളും.
പളനിയപ്പന്‍ ചിദംബരം 1945 സെപ്‌തംബര്‍ ആറിനാണ് ജനിച്ചത്. അദ്ദേഹം വള്ളിനിക്കറിട്ട് നടക്കാറാവും മുമ്പേ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയയാളാണ് വി എസ് അച്യുതാനന്ദന്‍. മദ്രാസ് ക്രിസ്‌ത്യന്‍ കോളജിന്റെ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലും പ്രസിഡന്‍സി കോളജിലും മദ്രാസ് ലോ കോളജിലും ഹാവാര്‍ഡ് ബിസിനസ്സ് സ്‌ക്കൂളിലും പഠിക്കാനുള്ള യോഗമോ ഭാഗ്യമോ ഉണ്ടായിട്ടില്ല. പക്ഷേ, ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ തന്നെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് വി എസ്. കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയും. അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ കുറേക്കൂടി മാന്യതയും മര്യാദയും പുലര്‍ത്തേണ്ടതാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ചിദംബരത്തിന്റെ സഹപ്രവര്‍ത്തകനായ എ രാജ അയച്ച കത്തിലെ ഭാഷ മര്യാദയില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുമ്പോള്‍ കുറേക്കൂടി അന്തസ്സുള്ള ഭാഷ ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഒരു മുതിര്‍ന്ന നേതാവിനെ അഭിസംബോധന ചെയ്യുമ്പോള്‍ അന്തസ്സ് കാട്ടുക എന്നത് ചിദംബരത്തിനും ബാധകമാണ്. വി എസിനെ വിശ്വസിക്കരുതെന്ന് പ്രസ്‌താവിക്കുമ്പോള്‍ 60 വര്‍ഷത്തോളം നീണ്ട രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. നീര റാഡിയമാരോട് സല്ലപിച്ചും കുത്തക കമ്പനികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങളൊക്കെ ചെയ്‌തുകൊടുത്തും രാജ്യത്തിന്റെ പൊതുസ്വത്ത് തീറെഴുതിക്കൊടുത്തും കോടികളുടെ കോഴപ്പണം വിദേശത്തെ ബേങ്കുകളില്‍ നിക്ഷേപിച്ചുമുള്ള, ചിദംബരത്തിന് പരിചിതമായ രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യത്തെക്കുറിച്ചല്ല പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ അവരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അറിഞ്ഞ് പ്രവര്‍ത്തിച്ച പാരമ്പര്യത്തെക്കുറിച്ചാണ്. അങ്ങനെയുള്ളവര്‍ക്കെതിരെ പറയുമ്പോള്‍ ചിദംബരം സുപ്രീം കോടതിയില്‍ നിന്ന് ഇത്ര കനത്ത പ്രഹരം ഉടനുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കില്ല. ചിലപ്പോഴെങ്കിലും ചെട്ടിയെ കോടതി ചതിക്കാറുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിശ്വസിക്കരുതെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല അതെ ഒരിക്കലും തെറ്റ്ണ്ടാവില്ല .
ReplyDeleteഅഴിമതിയെക്കുറിച്ചു അന്വേഷിക്കാൻ അഴിമതികാരൻ തന്നെ വേണമെന്നതാണ് ഇന്നത്തെ നിയമം .രാജ്യത്തെ ജനം ഉറ്റുനോക്കിയിരുന്ന പലകേസിലും വന്നവിധികൾ ജഡ്ജിമാർ കേസിലെ പ്രതികൾ തയ്യാറാക്കിയ ഇടങ്ങളീൽ മദ്യത്തിനും മതിരാശിക്കും വിധേയമായി എഴുതി ഉണ്ടാക്കിയതാണ്. അപ്പോൾ ഇതൊന്നും ഒരു വലിയ അപരാധമായി ഇന്നിൽ അനുഭവപെടില്ല
You said it!
ReplyDeletetracking..!
ReplyDeleteChidambaram seems to be lying many times, and feels lost his trustworthy. He does not have morality to say VS says nonsense, instead he is a bundle of nonsense
ReplyDelete