ജനാധിപത്യത്തോളം പ്രഹസനമാണോ നീതിന്യായ വ്യവസ്ഥ? ഒരുപക്ഷേ അതിലധികം പ്രഹസനമാണെന്ന് പറയേണ്ടിവരും. സ്വയംകൃതമായ വൈരുധ്യങ്ങള്‍കൊണ്ട് പ്രഹസനത്തിന് ആവോളം പൊലിമ നല്‍കുന്നുമുണ്ട് നമ്മുടെ നീതിന്യായ വ്യവസ്ഥ. നിയമം എല്ലാ പൗരന്‍മാര്‍ക്കും ഒരുപോലെയാണെന്ന സങ്കല്‍പ്പമാണ് ഈ വ്യവസ്ഥയുടെ അടിസ്ഥാനം. അതനുസരിച്ചാണ് താഴേത്തലം മുതല്‍ പരമോന്നതം വരെയുള്ള കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. നിയമ വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നതില്‍ ഭേദവിചാരം സ്വാഭാവികമാണ്. തെളിവുകളുടെ സ്വീകാര്യത സംബന്ധിച്ചും ഇതേ ഭേദങ്ങളുണ്ടാകാം. ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണ പിള്ളയെ അഞ്ച് വര്‍ഷം തടവിന് വിധിച്ച വിചാരണക്കോടതിയുടെ വിധി, ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേരള ഹൈക്കോടതി അസാധുവാക്കിയത് ഉദാഹരണം. വിചാരണക്കോടതിയുടെ കണ്ടെത്തല്‍ കൃത്യമായിരുന്നുവെന്നും തെളിവുകള്‍ വിലയിരുത്തിയതില്‍ ഹൈക്കോടതിക്ക് വലിയ പാളിച്ച പറ്റിയെന്നും വിമര്‍ശിച്ച് സുപ്രീം കോടതി പിള്ളക്ക് ഒരു വര്‍ഷത്തെ കഠിന തടവ് വിധിച്ചതും ഉദാഹരണമാണ്. എന്നാല്‍ ഒരേ സ്വഭാവത്തിലുള്ള കേസില്‍ ഭിന്ന നിലപാടുകള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമ്പോള്‍ അത് ഇത്തരം യുക്തികള്‍ക്ക് അപ്പുറത്തായി മാറും.
53കാരനായ സയ്യിദ് ഹസന്‍ അലി ഖാന്‍ പറയുന്നത് താന്‍ ആക്രിക്കച്ചവടക്കാരനാണെന്നാണ്. പ്രതിവര്‍ഷം 30 ലക്ഷം രൂപയുടെ വിറ്റുവരവുണ്ട്. ഇടക്ക് കുതിരപ്പന്തയത്തില്‍ ഒരു കൈ പയറ്റാറുണ്ടെന്ന് അസൂയാലൂക്കള്‍ പറയും. ഹസന്‍ അലി ഖാന്‍ അത് നിഷേധിക്കാറില്ല. എന്നാല്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും കണക്കനുസരിച്ച് 504 കോടി ഡോളറിന്റെ നിക്ഷേപം ഖാന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേങ്കിലുണ്ട്. ഇത് രൂപയിലേക്ക് മാറ്റി വരുമാനത്തിന് നികുതി നിശ്ചയിച്ചപ്പോള്‍ അടക്കേണ്ട തുക 50,000 കോടി രൂപ. കേരള സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയടങ്കലിന്റെ നാലിരട്ടിയിലധികം വരും ഈ തുക. നികുതിയായി അടക്കേണ്ട തുക കണക്കാക്കി, ഖാന് സമന്‍സും അയച്ച് കാത്തിരിക്കുകയായിരുന്നു ആദായ നികുതി വകുപ്പ് ഇത്രയും കാലം.
അപ്പോഴാണ് നികുതി വെട്ടിച്ച് വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരികെ നാട്ടിലെത്തിക്കണമെന്നും ഇത്തരം നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് രാം ജെത്‌മലാനി, കെ പി എസ് ഗില്‍ മുതല്‍പ്പേരായ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പഞ്ചാബില്‍ തീവ്രവാദം അടിച്ചമര്‍ത്താനെന്ന പേരില്‍ നൂറുകണക്കിന് യുവാക്കളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന കെ പി എസ് ഗില്‍ കള്ളപ്പണക്കാര്‍ക്കെതിരെ കേസ് കൊടുക്കുന്നതിലെ പ്രഹസനം, ഗില്ലിനെതിരെ നീതിന്യായ വ്യവസ്ഥക്കു മുമ്പാകെ കേസുകളൊന്നും നിലവിലില്ലെന്നതിന്റെ പേരില്‍ തള്ളിക്കളയുക. എന്തായാലും ഹരജി പരിഗണിച്ച അങ്ങേത്തലക്കലെ (സുപ്രീം) കോടതി തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു.
കള്ളപ്പണം തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ലീച്ച്‌റ്റെന്‍സ്റ്റീനിലെ ബേങ്കില്‍ നിക്ഷേപം നടത്തിയവരെക്കുറിച്ചുള്ള വിവരം പുറത്ത് പറയാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചു. കള്ളപ്പണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന മടിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. എന്തിനധികം, ഹസന്‍ അലി ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഹസന്‍ ഖാന്‍ അടുത്തിടെ മുംബൈയിലെ ആദായ നികുതി ഓഫീസില്‍ ചെന്നതും ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയതും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് എന്തുകൊണ്ട് കസ്റ്റഡിയിലെടുത്തില്ല എന്ന് കോടതി ചോദിച്ചത്. എന്തായാലും സര്‍ക്കാര്‍ സംവിധാനം ഉടന്‍ പ്രവര്‍ത്തിച്ചു. ഹസന്‍ അലി ഖാനെ എന്‍ഫോഴസ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു.
70 കഴിഞ്ഞ ഒട്ടാവിയോ ക്വത്‌റോച്ചി പറയുന്നത് താന്‍ ഇറ്റാലിയന്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മേധാവിയായിരുന്നുവെന്നാണ്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കുടുംബ സുഹൃത്തായിരുന്നു. അതിലപ്പുറം താനൊരു തെറ്റും ചെയ്‌തിട്ടില്ല. പക്ഷേ, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന പല ഇടപാടുകളുടെയും ഇടനിലക്കാരനായിരുന്നു ക്വത്‌റോച്ചിയെന്ന് അസൂയാലുക്കള്‍ പറയും. രാജീവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ക്വത്‌റോച്ചിക്ക് പങ്കുണ്ടെന്ന് വരെ, കൂടിയ അസൂയയുള്ളവര്‍ പറഞ്ഞിരുന്നു. ഒന്നും നിഷേധിക്കാന്‍ ക്വത്‌റോച്ചി ഇന്ത്യയിലേക്ക് വരാറില്ല. കേന്ദ്ര സര്‍ക്കാറിന്റെയും സി ബി ഐയുടെയും കണക്കില്‍ ബൊഫോഴ്‌സ് തോക്കിടപാടില്‍ കോഴപ്പണം പറ്റിയയാളാണ് ക്വത്‌റോച്ചി. കൈപ്പറ്റിയ പണത്തിന് നികുതി ഈടാക്കണമെന്ന് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധിക്കുകയും ചെയ്‌തു. എങ്കിലും 70 കഴിഞ്ഞ ക്വത്‌റോച്ചിയെ കേസും കൂട്ടവുമായി ഇനിയും ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നാണ് ഒന്നാം യു പി എ സര്‍ക്കാറിന്റെ അവസാന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗും കൂട്ടരും തീരുമാനിച്ചത്. ഇതനുസരിച്ച് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സി ബി ഐ, കോടതിയെ സമീപിച്ചു.
വയോവൃദ്ധനായ ഒരാളെ രണ്ട് പതിറ്റാണ്ടിലേറെയായി കേസിന്റെ പേരില്‍ ഉപദ്രവിക്കുന്നത് ശരിയല്ലെന്ന് നീതിന്യായ വ്യവസ്ഥയുടെ ഇങ്ങേത്തലക്കുള്ള കോടതിക്കും (ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി) തോന്നി. രണ്ട് ദശകത്തിലേറെക്കാലമായി ക്വത്‌റോച്ചിയെ ഇന്ത്യയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യാന്‍ ശ്രമിക്കുന്നു. നടന്നിട്ടില്ല. രണ്ട് തവണ ക്വത്‌റോച്ചി പുറം രാജ്യങ്ങളില്‍ വെച്ച് പിടിക്കപ്പെട്ടിരുന്നു. അന്ന് ടിയാനെ കൈമാറണമെന്നാവശ്യപ്പെട്ട് സി ബി ഐ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ, പുറം രാജ്യങ്ങളിലെ കോടതികള്‍ സമ്മതിച്ചില്ല. (അപേക്ഷ യഥാസമയം സമര്‍പ്പിക്കാന്‍ സി ബി ഐ തയ്യാറാകാഞ്ഞതാണ് ഒരു സംഭവത്തില്‍ വിട്ടുകിട്ടുന്നതിന് തടസ്സമായതെന്ന് പറയുന്നുണ്ട്. അതും അസൂയാലുക്കളാണ്.) ഇത്തരത്തില്‍ ദീര്‍ഘകാലം വിയര്‍പ്പൊഴുക്കി, 250 കോടി രൂപ ചെലവഴിച്ച് (അസൂയാലുക്കളുടെ കണക്കില്‍ അഞ്ച് കോടി) ക്വത്‌റോച്ചിക്ക് പിറകെ പായേണ്ട കാര്യമില്ലെന്ന സി ബി ഐയുടെ വാദവും അതിനോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തലകുലുക്കലും മുഖവിലക്കെടുത്തു കോടതി. കേസ് അവസാനിപ്പിക്കാന്‍ അനുവാദം നല്‍കി.
ഹസന്‍ അലിഖാന്‍ കള്ളപ്പണം സൂക്ഷിച്ചുവെന്ന് പറയുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേങ്കില്‍ തന്നെയാണ് ക്വത്‌റോച്ചിയും കോഴപ്പണം കൊണ്ടിട്ടത്. അത് പിന്നെ പല അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതെല്ലാം ആദായ നികുതി വകുപ്പിന്റെ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ അക്കൗണ്ട് നമ്പര്‍ സഹിതം പറയുന്നുമുണ്ട്. എങ്കിലും ക്വത്‌റോച്ചിയെ ബുദ്ധിമുട്ടിക്കാനാകില്ലല്ലോ. ഹസന്‍ അലിഖാന്റെതായുണ്ടെന്ന് പറയുന്ന 804 കോടി ഡോളര്‍ ആക്രിക്കച്ചവടം നടത്തി സമ്പാദിച്ചതാണെന്ന് കരുതാനാകില്ല. ഇത് മുഴുവന്‍ അലി ഖാന്റെതാണെന്നും വിശ്വസിക്കുക വയ്യ. രണ്ടിനും കോഴയുടെയും വഴിവിട്ട ഇടപാടുകളുടെയും ഗന്ധമുണ്ടാകും. എന്നിട്ടും ക്വത്‌റോച്ചിക്ക് ആനുകൂല്യവും അലി ഖാന് അറസ്റ്റും വിധിക്കുന്നത് എന്തുകൊണ്ടാണ്?
രാജീവ് ഗാന്ധി മരിക്കുന്നതിന് മുമ്പും പിമ്പും മുന്‍കൂര്‍ പാസ്സ് വാങ്ങാതെ അദ്ദേഹത്തിന്റെ വീട്ടിലെത്താന്‍ അനുവാദമുണ്ടായിരുന്ന വ്യക്തിയാണ് ക്വത്‌റോച്ചി. അദ്ദേഹത്തിന്റെ കാര്യത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന് പ്രത്യേക താത്‌പര്യമുണ്ടാകും. അത് അംഗീകരിച്ചുകൊടുക്കാന്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കേണ്ടതില്ലാത്ത നീതിന്യായ സംവിധാനത്തിന് ബാധ്യതയുമുണ്ടാവും. ഹസന്‍ അലി ഖാന് പത്താം നമ്പര്‍ ജനപഥിലേക്ക് മുന്‍കൂട്ടി പാസ്സ് വാങ്ങിയാല്‍ പോലും പ്രവേശനം കിട്ടാന്‍ ഇടയില്ല. അതുകൊണ്ട് അറസ്റ്റ് അനിവാര്യമാണ് താനും.
പത്താം നമ്പര്‍ ജനപഥില്‍ സ്ഥാനമില്ലെന്ന് കരുതി ഹസന്‍ അലി ഖാന്‍ നിസ്സാരക്കാരനാണെന്ന് കരുതരുത്. ഇദ്ദേഹത്തിന്റെ സ്വിസ് ബേങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 804 കോടി ഡോളറിന്റെ പൊടിപോലും ഇപ്പോള്‍ കാണാനില്ലെന്ന് ആദ്യം പറഞ്ഞത് ധനമന്ത്രി പ്രണാബ് മുഖര്‍ജിയാണ്. തൊട്ടു പിറകെ സ്വിസ് ബേങ്കിംഗ് അതോറിറ്റിയും ഇത് സംബന്ധിച്ച പ്രസ്‌താവന നടത്തി. അലി ഖാന് തങ്ങളുടെ രാജ്യത്തെ ഒരു അക്കൗണ്ടിലും നിക്ഷേപമില്ല. അതും കഴിഞ്ഞാണ് ആദായ നികുതി വകുപ്പ് ഓഫീസില്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടത്. ദീര്‍ഘകാലത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച്. മുഖര്‍ജിയുടെ സര്‍ട്ടിഫിക്കറ്റ് കാത്തിരിക്കുകയായിരുന്നോ ഈ ആക്രിക്കച്ചടവടക്കാരന്‍ എന്ന് ചോദിക്കരുത്.
സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച കേസ് പരിഗണിച്ചാല്‍ ക്വത്‌റോച്ചിയോളം സീനിയോറിറ്റി അവകാശപ്പെടാം ഖാന്. പൊതു മേഖലാ ബേങ്കിനെ പറ്റിച്ച കേസില്‍ 1990കളില്‍ തുടക്കം. അത് നോക്കിയാല്‍ രണ്ട് ദശാബ്‌ദമായിരിക്കുന്നു ഈ `പാവത്തെ' പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിട്ട്. അതുകൊണ്ട് തന്നെ ക്വത്‌റോച്ചിക്ക് നല്‍കിയ നീതി ഇവിടെയും ബാധകമാണ്. അലി ഖാന്റെ അക്കൗണ്ട് ശൂന്യമാണെന്ന് ധനമന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. കള്ളപ്പണം നിക്ഷേപിച്ച അക്കൗണ്ട് ഉദ്ധരിച്ച് നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധിച്ച ക്വത്‌റോച്ചിയെ അപേക്ഷിച്ച് മാന്യനാണ്, അലി ഖാന്‍. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നികുതിയടച്ച് കുറച്ച് കള്ളപ്പണം വെളിപ്പിച്ചിട്ടുമുണ്ട്. നിയമവിധേയനാകാന്‍ തയ്യാറുള്ള വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ ഇതിലധികം എന്ത് തെളിവാണ് വേണ്ടത്? എന്നിട്ടും ക്വത്‌റോച്ചിയെ വിട്ടയക്കാന്‍ ദയവ് കാട്ടിയ നീതിന്യായ സംവിധാനം ഹസന്‍ അലിഖാനെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചു.
കുറേക്കാലം കൂടി ഒളിവില്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കേസ് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും അന്വേഷണ ഏജന്‍സികള്‍ അപേക്ഷ നല്‍കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്യുമായിരുന്നു. ക്വത്‌റോച്ചിയുടെ കാര്യത്തിലെന്നപോലെ അതിമനോഹരമായ ഒരു ക്ലൈമാക്‌സ് ആവര്‍ത്തിക്കുമായിരുന്നു. ഇതല്ലെങ്കില്‍ ലീച്ച്‌റ്റെന്‍സ്റ്റീനിലെ ബേങ്കില്‍ നിക്ഷേപം നടത്തിയവരുടെ കാര്യത്തിലെന്ന പോലെ ഇരുചെവിയറിയാതെ നികുതിയൊടുക്കി തടി രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കുമായിരുന്നു.
ക്ഷമ കുറഞ്ഞുപോയി ഹസന്‍ അലി ഖാന്. കുറച്ച് കാലം കൂടി ഒളിവിലിരുന്ന് ജനാധിപത്യ, നീതിന്യായ സംവിധാനങ്ങള്‍ക്ക് കുറച്ച് സമയം കൂടി നല്‍കാമായിരുന്നു. പ്രഹസനങ്ങള്‍ക്കും വിശ്വാസ്യത അനിവാര്യമാണ്. കേസിന്റെ മെറിറ്റിലേക്ക് കടക്കേണ്ടെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാറിനും കടക്കുന്നില്ലെന്ന് പറയാന്‍ കോടതിക്കും ഒരു ഇട നല്‍കേണ്ടേ!
എല്ലാം കോടികലുടെ കണക്കാണ് പാവപ്പെട്ടവർക്കു അതിലെന്തു കാര്യം .ഖാനയും കോത്ത്റൊച്ചിമാരും സംരക്ഷിക്കാൻ ഭറണസംവിധാനം തയ്യാറാണങ്കിൽ പിന്നെ നമുക്കു അതിൽ എന്തു ചെയ്യാൻ കഴിയും അതൊക്കെ വലിയിടത്തെ കാര്യങ്ങളല്ലേ
ReplyDeleteഎന്നിട്ട് ചില്ലറ കോടികള്‍ നഷ്ടപ്പെടുത്തിയെന്ന കേസില്‍ പാവം പിള്ള അകത്ത്.....
ReplyDelete