പുതിയതായിരിക്കുക എന്നത് പ്രധാനമാണ്. പ്രത്യേകിച്ച് വാണിഭത്തില്‍. മാതൃക, രൂപകല്‍പ്പന തുടങ്ങി എല്ലാ രീതിയിലും പുതിയത് അവതരിപ്പിക്കുക എന്നത് ഏത് വാണിജ്യത്തിലും വിജയത്തിന് അനിവാര്യമാണ്. പുതിയതിനായി ആഗ്രഹിക്കാത്തവരും കുറവ്. പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന് വഴിയൊരുക്കുമെന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതുന്നതും അതുകൊണ്ടാണ്. വന്നുവന്ന് അഴിമതി പോലും പുതിയതാകണമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. കേരളത്തില്‍ മാത്രമല്ല, ഡല്‍ഹിയിലും ഇത് തന്നെയാണ് സ്ഥിതി.
ഒന്നാം യു പി എ സര്‍ക്കാര്‍ 2008 ജൂലൈയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച ദിവസങ്ങളില്‍ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. പിന്തുണ പിന്‍വലിച്ച ഇടത് പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടി അവസാന നിമിഷം കളം മാറ്റിച്ചവിട്ടി. ആണവ കരാര്‍ രാജ്യത്തിന് ഗുണകരമാണെന്നും ആരോപിക്കുന്ന വിധത്തിലുള്ള ചതിക്കുഴികളൊന്നും അതിലില്ലെന്നും റോക്കറ്റ് സാങ്കേതികവിദഗ്‌ധന്‍ മാത്രമായ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാമില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എഴുതിവാങ്ങിയ മുലായം സിംഗ് യാദവും അമര്‍ സിംഗും സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. വിശ്വാസ പ്രമേയത്തെ എതിര്‍ക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച അജിത് സിംഗിന്റെ രാഷ്‌ട്രീയ ലോക് ദള്‍, പിന്നെയൊന്ന് മനസ്സ് മാറ്റി. അവസാനം പ്രതിപക്ഷത്തിനൊപ്പം നിന്ന് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്‌തു. യു പി എ സര്‍ക്കാറിന്റെ ശക്തനായ വക്താവായി മാറിയ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്‌ദുല്ല തനിക്ക് ലഭിച്ച രണ്ട് മിനുട്ട് നേരം കൊണ്ട് ലോക്‌സഭയില്‍ നടത്തിയ പ്രകടനം ആശ്ചര്യ ജനകമായിരുന്നു. ഇടത് പാര്‍ട്ടികളുടെ നിലപാടിലെ പൊള്ളത്തരം സ്വാനുഭവം വിവരിച്ച് അബ്‌ദുല്ല സമര്‍ഥിച്ചു. ഇതിനെല്ലാം ശേഷമായിരുന്നു വലിയ നാടകം. പ്രമേയം വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് ബി ജെ പിയിലെ ചില അംഗങ്ങള്‍ ചേര്‍ന്ന് ഒരു കോടി രൂപ സഭയുടെ മേശപ്പുറത്തുവെച്ചു. ജനാധിപത്യത്തെ വിലക്കു വാങ്ങിയതിന് തെളിവാണിതെന്ന് നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ഇവര്‍ അവകാശപ്പെട്ടു.
ബി ജെ പിയുടെ ഈ നോട്ട് നാടകത്തിന്റെ വിശ്വാസ്യത വൈകാതെ ചോദ്യം ചെയ്യപ്പെടുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. പണം ബി ജെ പി തന്നെ സമാഹരിച്ച് എത്തിച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവ് അമര്‍ സിംഗിന്റെ വസതിയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ബി ജെ പി അവകാശപ്പെട്ടു. എന്തായാലും വോട്ട് വാങ്ങാനായി പണം കൈമാറ്റം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത് തീര്‍ച്ചയില്ലാതെ തുടരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കിഷോര്‍ ചന്ദ്ര ദേവിന്റെ നേതൃത്വത്തിലുള്ള പാര്‍ലിമെന്ററി സമിതി തുടരന്വേഷണമാണ് ശിപാര്‍ശ ചെയ്‌തത്. പ്രത്യേകിച്ച് അന്വേഷണമൊന്നുമുണ്ടായില്ല. ലോക്‌സഭയില്‍ ഹാജരാക്കിയ ഒരു കോടി രൂപ എവിടെ നിന്ന് വന്നുവെന്നത് അജ്ഞാതമായി തുടരുന്നു.
ഈ പശ്ചാത്തലം മനസ്സില്‍വെച്ച് വേണം വിക്കിലീക്‌സ് ചോര്‍ത്തിയെടുത്ത അമേരിക്കന്‍ നയതന്ത്ര രേഖകളില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍. എം പിമാരെ വിലക്കുവാങ്ങാനായി 60 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്ന് യു എസ് ഉദ്യോഗസ്ഥനോട് പറഞ്ഞ നചികേത കപൂര്‍ രണ്ട് പെട്ടികളില്‍ സൂക്ഷിച്ച പണം കാണിച്ചുകൊടുക്കുകയും ചെയ്‌തുവെന്ന് നയതന്ത്ര രേഖയില്‍ പറയുന്നു. അമേരിക്കയുടെ സന്ദേശങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗോ സാധാരണഗതിയില്‍ സന്ദേഹം പ്രകടിപ്പിക്കാറില്ല. അത്രക്ക് ദൃഢമാണ് ബന്ധം. അത് പലകുറി തുറന്ന് പറയുകയും ചെയ്‌തു. ഇതുപക്ഷേ, സ്വന്തം തടിക്ക് കേടുണ്ടാക്കുന്ന സന്ദേശമാണ്. എങ്കിലും പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട് പ്രണാബ് മുഖര്‍ജി ലോക്‌സഭയില്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ് - ``സന്ദേശത്തിന്റെ ഉള്ളടക്കം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ സര്‍ക്കാറിന് സാധിക്കില്ല. ഇത്തരമൊരു സന്ദേശമുണ്ടോ എന്നതും സര്‍ക്കാറിന് അറിയില്ല.''
ഏതാണ്ട് ഇതേ വാദം തന്നെയാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പിന്നീട് പാര്‍ലിമെന്റില്‍ പറഞ്ഞത്. ഒരു പരമാധികാര രാജ്യത്തിന്റെ ഇന്ത്യയിലെ എംബസി അതിന്റെ വിദേശകാര്യ വകുപ്പിന് അയക്കുന്ന സന്ദേശം ഇന്ത്യാ ഗവണ്‍മെന്റിന് ലഭിക്കില്ല. വിശ്വാസ വോട്ട് നേടാന്‍ കോഴ നല്‍കിയെന്ന ആരോപണം മന്‍മോഹന്‍ നിഷേധിക്കുകയും ചെയ്‌തു.
വിശദീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയമായത് പ്രണാബിന്റെ മറ്റു ചില വാക്യങ്ങളാണ്. വിശ്വാസ വോട്ട് നടന്നത് 14-ാം ലോക്‌സഭയിലാണ്. അന്നത്തെ കാര്യങ്ങളെല്ലാം ആ സഭയുടെ കാലാവധി പൂര്‍ത്തിയായതോടെ അവസാനിച്ചു. ഇപ്പോഴത്തെ സര്‍ക്കാറിന് ഉത്തരവാദിത്വമുള്ളത് 15-ാം ലോക്‌സഭയോടാണ്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് അന്വേഷണം നടത്തേണ്ട കാര്യമില്ല. അതെ, പഴയ കാര്യങ്ങളാണ്. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത് നടന്നത്. പുതിയ ലോക്‌സഭയുടെ കാലത്ത് നടക്കുന്നതാണെങ്കിലേ ഈ സര്‍ക്കാറിന് ഉത്തരവാദിത്വമുള്ളൂ. പുതിയതാണെങ്കില്‍ അന്വേഷിക്കാമെന്ന് അര്‍ഥം. കൈക്കൂലി പുത്തനായി പിടികൂടപ്പെടുന്നത് അപൂര്‍വം സംഭവങ്ങളില്‍ മാത്രമാണ്. കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ മാര്‍ക്ക് ചെയ്‌ത് കൈമാറുന്ന പണം കോഴയായി നല്‍കുകയും ചെയ്യുന്ന സംഭവങ്ങളില്‍ മാത്രം. അത്തരം സംഗതികളൊന്നും ബഹുമാനപ്പെട്ട പാര്‍ലിമെന്റംഗങ്ങളുടെ കാര്യത്തില്‍ നടക്കില്ല. കോഴ നല്‍കുന്നവരുടെ കാവല്‍ക്കാരായി അന്വേഷണ ഏജന്‍സികളുള്ളപ്പോള്‍ പ്രത്യേകിച്ചും. പണം നല്‍കി എം പിമാരെ വാങ്ങി അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ തഴക്കം കോണ്‍ഗ്രസിന് ഉണ്ടുതാനും. അതുകൊണ്ട് കൈക്കൂലിക്കേസ് തീര്‍ത്തും പുതിയതായി വേണമെന്ന് പ്രണാബ് മുഖര്‍ജി വാശി പിടിച്ചാല്‍ ബുദ്ധിമുട്ടാകും.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ കഴുത്തോളം മുക്കിയ അഴിമതിക്കേസുകളൊന്നും പുതിയതല്ലെന്നതും ഓര്‍മവേണം. ടെലികോം ഇടപാട് നടന്നത് 2008ലാണ്. വോട്ടിന് കോഴ നല്‍കിയെന്ന ആരോപണത്തിന് കാരണമായ സംഭവം അരങ്ങേറുന്നതിനും മുമ്പ്. സാങ്കേതികമായി പറഞ്ഞാല്‍ 14-ാം ലോക്‌സഭയുടെ കാലത്ത് തന്നെ. വ്യാജ രേഖകളുടെ നിര്‍മിതി, ക്രമവിരുദ്ധമായി അനുമതികള്‍ വാങ്ങിയെടുക്കല്‍ എന്ന് വേണ്ട അഴിമതിയുടെ സര്‍വ രൂപങ്ങളും അരങ്ങേറി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈയില്‍ ആദര്‍ശ് ഫ്‌ളാറ്റ് ഉയര്‍ന്നത്. പിന്നെയും സമയമെടുത്തു ഇത് പുറത്തുവരാന്‍. എന്നിട്ടും അന്വേഷണമാരംഭിച്ചു. ഒരു മുഖ്യമന്ത്രിക്ക് കസേര പോകുകയും ചെയ്‌തു. കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി നടന്നത് മത്സരങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങിന് ശേഷമല്ല. മത്സരങ്ങള്‍ നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങിയ കാലം മുതലാണ്. അതിലും അന്വേഷണം നടക്കുന്നു. സംഗതി പുതിയതല്ലെങ്കിലും നിവൃത്തിയില്ലെങ്കില്‍ അന്വേഷണം നടത്തേണ്ടിവരുമെന്നതിന് തെളിവുകളാണിവ. അമേരിക്കന്‍ സന്ദേശത്തിലെ ഈ ആരോപണത്തെക്കുറിച്ചും വൈകാതെ അന്വേഷിക്കേണ്ടിവരും. അതുവരെ മാത്രമേ 14ഉം 15ഉം ലോക്‌സഭകളുടെ കാലഗണനകളെക്കുറിച്ചെല്ലാം വാദിക്കാനാകൂ.
മറ്റൊരു രാജ്യത്തിന്റെ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാധിക്കില്ലെന്നാണ് പ്രണാബും മന്‍മോഹനും ഒരുപോലെ വാദിക്കുന്നത്. സന്ദേശത്തെക്കുറിച്ചല്ല, യൂത്ത് കോണ്‍ഗ്രസിന്റെ പഴയ ജനറല്‍ സെക്രട്ടറിയായ ഇന്ത്യക്കാരന്‍, ഇന്ത്യക്കാര്‍ തന്നെയായ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് പണം കൈമാറിയെന്ന ആരോപണത്തെക്കുറിച്ചാണ്. കൈമാറാനായി ശേഖരിച്ച കോടിക്കണക്കിന് രൂപയെക്കുറിച്ചാണ്. അതിന്റെ ഉറവിടത്തെക്കുറിച്ചാണ്.
അഴിമതിയുടെ പഴക്കത്തെക്കുറിച്ച് പറയാന്‍ ഇനിയൊരു സമയം കൂടി വരും. അതറിയണമെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ നേതാക്കളോട് ചോദിച്ചാല്‍ മതി. 27 കൊല്ലം പഴകിയ കേസില്‍ തന്നെ ശിക്ഷിച്ചുവെന്ന് പറയുന്ന ഒരു നേതാവ് ജയിലില്‍ കഴിയുന്നുണ്ട്. 15 വര്‍ഷം മുമ്പുള്ള കേസാണ് പെണ്‍വാണിഭമെന്ന് മറ്റൊരു നേതാവ് പറയുന്നു. അത് മിക്കവാറും യു ഡി എഫ് നേതാക്കളൊക്കെ ആവര്‍ത്തിക്കുന്നു. 18 വര്‍ഷം മുമ്പത്തെ എണ്ണക്കേസ് എന്ന് പറയുന്ന നേതാക്കള്‍ രണ്ട് പേരുണ്ട്. ഇതേ കേസിലെ മറ്റൊരു ആരോപണ വിധേയനെ സുപ്രധാനമായ ഒരു സ്ഥാനത്തേക്ക് നിയമിച്ചത് മൂലമുണ്ടായ പ്രയാസങ്ങള്‍ മന്‍മോഹന്‍ സിംഗ് അനുഭവിച്ചിട്ട് അധികം ദിനമായില്ല. 13 കൊല്ലത്തെ പഴക്കമുണ്ട് ബ്രഹ്മപുരം കേസിനെന്ന് പറഞ്ഞുതരാനും ആളുണ്ട്. കുരിയാര്‍ കുറ്റി - കാരപ്പാറ പദ്ധതിയുടെ ഭാഗമായി ഇടതും വലതും കനാലുകള്‍ നിര്‍മിച്ചതില്‍ 14 വര്‍ഷം പഴക്കമുള്ള കേസുണ്ട് മറ്റൊരാള്‍ക്ക്. ഇതൊന്നും പോര ഇടത് പക്ഷത്തു നിന്ന് കൂടി നിര്‍ദേശങ്ങള്‍ വേണമെന്നാണെങ്കില്‍ പത്ത് വര്‍ഷത്തോളം പഴകിയ ലാവ്‌ലിനുമായും ആളുണ്ട്. മകന്‍ അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ഇടപാടുകള്‍ അഴിമതിയാണെന്ന ആരോപണം നേരിടുന്ന നേതാവ് വേറെയും.
കേസുകള്‍ എങ്ങനെ പഴകിക്കണമെന്നും പഴകിയ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇവരോട് ചോദിച്ചാല്‍ പ്രണാബ് മുഖര്‍ജിക്കും ഡോ. മന്‍മോഹന്‍ സിംഗിനും എളുപ്പത്തില്‍ മനസ്സിലാക്കാനാകും. ആ കൈയടക്കം സ്വായത്തമാക്കുകയാണ് വേണ്ടത്. അല്ലാതെ പുത്തന്‍ അഴിമതിക്കേസുകള്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയല്ല. മറ്റ് വാണിഭങ്ങളുടെ കാര്യത്തിലെന്ന പോലെ ഇവിടെ പുതുമ ഒരു ആകര്‍ഷക ഘടകമല്ല. പഴമ ആകര്‍ഷണീയത കുറക്കുന്നുമില്ല. ഉപ്പിലിട്ടതിന്റെയും വീഞ്ഞിന്റെയും പോലെ പഴക്കമേറുന്തോറും വീര്യമേറുന്നവയുമുണ്ട്. അതിന് ഉദാഹരണം അവിടെത്തന്നെയുണ്ട്. 24 കൊല്ലം പഴകിയ ബോഫോഴ്‌സ് കേസ് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ രൂപത്തിലും മറ്റും വീര്യമറിയിച്ചതല്ലേ? ക്വത്‌റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുവാദം നല്‍കിയ കീഴ്‌ക്കോടതി വിധി ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഒരിക്കല്‍ കൂടി വീര്യമറിയാന്‍ അവസരവുമുണ്ട്.
അഴിമതിയുടെ രീതികള്‍ പുതിയതാക്കാന്‍ ശ്രമിക്കാവുന്നതാണ്. വിപണി നിരക്കിനേക്കാള്‍ കൂടിയ തുകക്ക് കരാര്‍ നല്‍കി അതിലൊരു വിഹിതം കൈക്കലാക്കുന്നത് പഴയ പുത്തൂരം രീതിയാണ്. വലിയ നിര്‍മാണക്കരാറുകള്‍ നല്‍കുമ്പോഴും യന്ത്രോപകരണങ്ങള്‍ വാങ്ങുമ്പോഴും കമ്മീഷന്‍ പറ്റുക എന്നത് കുറുപ്പന്‍മാരുടെ പഴഞ്ചന്‍ പതിവും. കമ്മീഷന്‍ എന്നത് അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട രീതിയായി മാറിയതുകൊണ്ടും അന്താരാഷ്‌ട്ര രീതിമര്യാദകളെല്ലാം അതേപടി സ്വീകരിക്കണമെന്നതില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ബന്ധമുള്ളതുകൊണ്ടും കുറുപ്പന്‍മാരുടെ പഴഞ്ചന്‍ രീതി ഒരു കേസ് പോലുമാകില്ല വരും കാലത്ത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി രീതികള്‍ പുതിയതാക്കാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. കുറഞ്ഞ വിലക്ക് ടോയ്‌ലെറ്റ് പേപ്പര്‍ വാങ്ങി കൂടിയ വില ബില്ലില്‍ രേഖപ്പെടുത്തി. 15-ാം ലോക്‌സഭയുടെ അവസാനകാലത്ത് കുറച്ചധികം ടോയ്‌ലെറ്റ് പേപ്പര്‍ വാങ്ങുകയും അഴിമതി നടത്തുകയും ചെയ്‌താല്‍ 16-ാം ലോക്‌സഭയുടെ കാലത്ത് മാത്രമേ പ്രശ്‌നമുണ്ടാകൂ. പതിനഞ്ചാം സഭയുടെ കാലത്ത് നടന്ന പ്രശ്‌നങ്ങള്‍ക്ക് പതിനാറില്‍ ഉത്തരവാദിത്വമില്ല, ആര്‍ക്കും.
No comments:
Post a Comment