ഹൊ! ആശ്വാസമായി. മഹത്തരമെന്ന് ലോകമാകെ, പ്രത്യേകിച്ച് യു എസ് പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമ, വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ഇടക്കാലത്തുണ്ടായ അവമതിപ്പ് മാറിക്കിട്ടി. ഇനി ഇതില്‍ പൂര്‍ണമായി വിശ്വസിക്കാം. തല ഉയര്‍ത്തിപ്പിടിച്ച് നടക്കുകയും ചെയ്യാം. കാരണമെന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ ചില അടിസ്ഥാന വസ്‌തുതകള്‍ പറയണം. ഇന്ത്യ എന്നത് ജനാധിപത്യ മതേതര റിപ്പബ്ലിക്കാണെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് പൂര്‍ണമായും ജനഹിതം പാലിക്കപ്പെടുന്ന രാജ്യം. അതനുസരിച്ചാണ് വിവിധ ഭരണ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളും ഈ പ്രതിനിധികള്‍ നിശ്ചയിക്കുന്ന ഭരണാധികാരികളും (പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ എന്നിങ്ങനെ) ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നുവെന്നാണ് സങ്കല്‍പ്പം. ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നുണ്ടോ എന്നതിലെ സംശയം ഈ സമ്പ്രദായം ആരംഭിച്ച കാലം മുതലുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഭരണാധികാരികളെ നിശ്ചയിക്കുന്ന പതിവും അപൂര്‍വമാണ്.
ഭൂരിപക്ഷം ജനപ്രതിനിധികളെ ലഭിച്ച രാഷ്‌ട്രീയ പാര്‍ട്ടിയാണ് അധികാരസ്ഥാനത്തിരിക്കുന്നവരെ തീരുമാനിക്കാറ്. രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭരണം നടത്തേണ്ടവരാരൊക്കെ എന്ന് നിശ്ചയിക്കുന്നതില്‍ വലിയ അപാകം ആര്‍ക്കും ഇക്കാലം വരെ തോന്നിയിട്ടില്ല.
ഈ പതിവും മാറിയിരിക്കുന്നുവെന്ന സംശയങ്ങള്‍ അടുത്ത കാലത്തായി ഉയര്‍ന്നുകേട്ടിരുന്നു. ഇക്കേട്ടതൊന്നും സംശയങ്ങളല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത് നീര റാഡിയയുടെ ടെലിഫോണ്‍ ചോര്‍ത്തി ആദായ നികുതി വകുപ്പ് സി ഡിയിലാക്കിയത് മാധ്യമങ്ങളിലേക്ക് ചോര്‍ന്നെത്തിയപ്പോഴാണ്. സ്വകാര്യ കമ്പനികളുടെ പൊതു പ്രചാരണം കരാറെടുത്ത് നടത്തുന്ന ഏതാനും സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി മാത്രമായിരുന്നു നീര റാഡിയ. മുകേഷ് അംബാനിക്ക് കീഴിലുള്ള റിലയന്‍സ് സ്ഥാപനങ്ങളുടെയും രത്തന്‍ ടാറ്റക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെയും പ്രചാരണക്കരാര്‍ കിട്ടിയതോടെ അധികാര കേന്ദ്രങ്ങളുമായി നീരക്കുള്ള ബന്ധം ഉറച്ചു.
ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ടെലികോം ലൈസന്‍സുകള്‍ വിവിധ കമ്പനികള്‍ക്ക് നേടിക്കൊടുക്കുന്നതില്‍ നീരയുടെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നുവെന്നാണ് ഇതിനകം പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക. ഇവിടെ നില്‍ക്കുന്നില്ല നീരയുടെ ഇടപെടലുകള്‍. രണ്ടാം യു പി എ മന്ത്രിസഭയുടെ രൂപവത്‌കരണകാലത്ത് മന്ത്രിമാരെ നിശ്ചയിക്കുന്ന പ്രക്രിയയില്‍ നീര ഇടപെട്ടിരുന്നുവെന്നതിന് ഫോണ്‍ സംഭാഷണങ്ങള്‍ സാക്ഷി. എ രാജക്ക് മന്ത്രി സ്ഥാനവും ടെലികോം വകുപ്പും ഉറപ്പാക്കിക്കൊടുക്കാന്‍ നീര സജീവമായി ഇടപെട്ടിരുന്നു. ഇവര്‍ക്ക് പിന്‍ബലമായി രാജ്യത്തെ കുത്തക കമ്പനികളുണ്ടായിരുന്നു. കമ്പനികളുടെ ഇംഗിതങ്ങള്‍ രാഷ്‌ട്രീയ നേതൃത്വത്തെ ധരിപ്പിക്കാനും അത് നടത്തിയെടുക്കുന്നതിന് ഏതൊക്കെ നേതാക്കളിലും മാധ്യമ പ്രമുഖരിലും സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമോ അവരിലൊക്കെ സമ്മര്‍ദം ചെലുത്താനും നീരക്ക് സാധിച്ചു.
രാജയുടെ കാര്യത്തില്‍ മാത്രമല്ല, കമല്‍ നാഥിന് ഉപരിതല ഗതാഗത വകുപ്പും ആനന്ദ് ശര്‍മക്ക് വാണിജ്യ വകുപ്പും നിശ്ചയിച്ചതില്‍ പുറമെ നിന്നുള്ള സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനങ്ങളുടെ വാഹകയായതും നീരയാണെന്ന് അവരുടെ ചോര്‍ത്തപ്പെട്ട ഭാഷണങ്ങള്‍ തെളിയിക്കുന്നു.
ഈ വിവരങ്ങളാണ് മുന്‍ചൊന്ന അവമതിപ്പിന് കാരണമായത്. ഡോ. മന്‍മോഹന്‍ സിംഗ് എന്ന ലോകപ്രസിദ്ധ ധനതത്വശാസ്‌ത്രജ്ഞന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന പഴക്കം ചെന്ന രാഷ്‌ട്രീയ, സാമ്പത്തിക വിദഗ്‌ധന്‍ നായക നിരയിലുള്ള സര്‍ക്കാര്‍. ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ സ്ഥിരം സാന്നിധ്യമായ സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍. ഇതൊക്കെയായിട്ടും നീര റാഡിയ എന്ന ഇടനിലക്കാരി, മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ തീരുമാനിക്കുന്നതിലും നിര്‍ണായക സമ്മര്‍ദം ചെലുത്തിയെന്ന് മനസ്സിലാക്കുമ്പോള്‍ അവമതിപ്പുണ്ടാകുക സ്വാഭാവികം.
ഇപ്പോഴത് മാറി, വീണ്ടും അഭിമാനോസ്‌ഫുല്ലമാകുന്നതിന് കാരണമായത് ഇന്ത്യയെ സംബന്ധിച്ച അമേരിക്കന്‍ നയതന്ത്ര രേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവന്നതാണ്. നീര റാഡിയയല്ല, അമേരിക്കയാണ് നമ്മുടെ ഭരണാധികാരികള്‍ ആരാകണമെന്ന്‌് തീരുമാനിക്കുന്നത് എന്നാണ് ഈ രേഖകള്‍ പറയാതെ പറയുന്നത്. അവരല്ലാതെ മറ്റാരാണ് നമ്മുടെ ഭരണാധികാരികളെ തീരുമാനിക്കേണ്ടത്? നുണ ആവര്‍ത്തിച്ച് സത്യമാക്കുകയും അതിന്റെ പേരില്‍ ആസുരമായ ആക്രമണം നടത്തി ആയിരങ്ങളെ കൊന്നൊടുക്കി സദ്ദാം ഹുസൈനെ പുറത്താക്കുകയും ചെയ്‌ത ഇറാഖ് നമ്മുടെ മുന്നിലുണ്ട്. ആ അവസ്ഥ നമുക്കുണ്ടാക്കാതെ ഭരണാധികാരികളെ നിശ്ചയിക്കാനുള്ള അധികാരം അമേരിക്കക്ക് സ്വയം കൈമാറുകയും അവരുടെ താത്‌പര്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുകയും ചെയ്യുന്ന നേതാക്കളെക്കുറിച്ച് ആര്‍ക്കാണ് അഭിമാനം തോന്നാത്തത്? ഒരു ജനതയുടെ പ്രാഥമികമായ അവകാശം ജീവിക്കുക എന്നതാണ്. ആ അവകാശം നടപ്പാക്കിത്തന്നിരിക്കുന്നു നമ്മുടെ നേതാക്കള്‍. അതിലും വലിയൊരു സേവനം ചെയ്‌തു തരാനുണ്ടോ?
ഇറാനില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ കുഴല്‍ സ്ഥാപിച്ച് പ്രകൃതി വാതകം കൊണ്ടുവന്ന് രാജ്യത്തിന്റെ ഊര്‍ജ ക്ഷാമം പരിഹരിക്കാമെന്ന് വാദിച്ച മന്ത്രിയായിരുന്നു മണി ശങ്കര്‍ അയ്യര്‍. അപ്രായോഗികമായ ഒരു പദ്ധതിക്ക് വേണ്ടി വാദിക്കുന്ന ഒരു മന്ത്രിയെ മാറ്റി പ്രായോഗികമതിയായ ഒരാളെ നിയമിക്കണമെന്ന് നിര്‍ദേശിക്കുന്നത് അമേരിക്കയാണെങ്കില്‍ പോലും സ്വീകരിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ല. അങ്ങനെ നിയമിക്കുന്നയാള്‍ ദീര്‍ഘകാലമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് വാദിക്കുന്ന ഒരാള്‍ കൂടിയാകുകയാണെങ്കില്‍ ഇരട്ടിമധുരം. അത് മാത്രമേ 2006ല്‍ മുരളി ദേവ്‌റയെ പെട്രോളിയം മന്ത്രിയായി നിയമിച്ചപ്പോള്‍ നടന്നിട്ടുള്ളൂ. ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യത്തിലേക്ക് കടന്നുകയറുന്നത് അംഗീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
വിദേശ നയത്തില്‍ വരേണ്ട മാറ്റം ഡോ. മന്‍മോഹന്‍ സിംഗിനെ നേരത്തെ തന്നെ അറിയിച്ചതാണ്. എന്നിട്ടും പെട്രോളിയം മന്ത്രി ആ മേഖലയിലേക്ക് കടന്ന് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ തുടങ്ങിയാല്‍ നിയന്ത്രിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. അത് അദ്ദേഹം വൃത്തിയായി ചെയ്യുകയും ചെയ്‌തു.
രണ്ടാം യു പി എ സര്‍ക്കാറില്‍ കമല്‍ നാഥിന് ഉപരിതല ഗതാഗത വകുപ്പ് നേടിക്കൊടുത്തതില്‍ പങ്കുണ്ടെന്ന നീര റാഡിയയുടെ അവകാശ വാദവും വിശ്വസിക്കേണ്ടതില്ല എന്ന ആശ്വാസവും ഇവിടെ നിന്ന് ലഭിക്കുന്നു. ഒന്നാം യു പി എ സര്‍ക്കാറില്‍ വാണിജ്യമാണ് കമല്‍ നാഥ് കൈകാര്യം ചെയ്‌തിരുന്നത്. ബ്രസീലുമായി ചേര്‍ന്ന് കുറുമുന്നണിയുണ്ടാക്കി ലോക വ്യാപാര സംഘടനയുടെ ദോഹ വട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെ ചെറുക്കുന്നതിന് അന്ന് കമല്‍ നാഥ് മുന്‍കൈ എടുത്തു.
ഒരു ഭാഗത്ത് അമേരിക്കക്ക് ഉന്‍മുഖമായി ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് കമല്‍ നാഥ് ഇതിന് തുനിഞ്ഞത്. രണ്ടാമത് യു പി എ അധികാരത്തില്‍ വന്നപ്പോള്‍ കമല്‍ നാഥിനെ വാണിജ്യ വകുപ്പില്‍ നിന്ന് മാറ്റി. പകരം വന്നത് ആനന്ദ് ശര്‍മ. യു എസ് വിദേശകാര്യ മന്ത്രാലയത്തിന് എംബസി അയച്ച സന്ദേശങ്ങളില്‍ നല്ല പട്ടികയില്‍പ്പെടുന്നയാളാണ് ആനന്ദ് ശര്‍മ. 2009ല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പയച്ച സന്ദേശമാണിതെന്നത് പ്രത്യേകം പ്രസ്‌താവിക്കേണ്ടതാണ്.
ഈ ഇടപെടല്‍ എന്ന് തുടങ്ങിയെന്ന് മാത്രമേ ഇനി വ്യക്തമാകാനുള്ളൂ. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമേരിക്ക പണമൊഴുക്കിയെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയയുണ്ടെന്ന് എംബസി രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തം. പഴയ ആരോപണത്തിന് ഇത് വിശ്വാസ്യത ഏറ്റുകയും ചെയ്യുന്നു. 1959ലേത് അന്ന് അവര്‍ക്കുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭീതിയുടെ ഫലമായിരുന്നുവെന്ന് ആശ്വസിക്കുക. എന്നാല്‍ ഇപ്പോഴത്തെ ഇടപെടലുകളില്‍ അത്തരം ആശ്വാസങ്ങള്‍ക്ക് സ്ഥാനമില്ല.
1991ല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ന്യൂനപക്ഷ സര്‍ക്കാറില്‍ ധനമന്ത്രി സ്ഥാനത്തേക്ക് ഡോ. മന്‍മോഹന്‍ സിംഗ് എത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. എവിടെ നിന്ന് വന്നു ഈ അപ്രതീക്ഷിത അതിഥിയെന്നതിന് വിക്കിലീക്‌സ് ചോര്‍ത്തിയെടുത്ത രേഖകള്‍ ഒരു പരിധിവരെ മറുപടി നല്‍കുന്നുണ്ട്. അന്നുമുതലിങ്ങോട്ട് മന്‍മോഹന്‍ സിംഗ് സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ക്കെല്ലാം അമേരിക്കന്‍ ചായ്‌വുണ്ടായിരുന്നു. പിന്നീട് ദേശഭക്തിയുടെ പരകോടിയില്‍ നില്‍ക്കുന്ന ബി ജെ പിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടായപ്പോഴാണ് ഇന്ത്യയും അമേരിക്കയും സ്വാഭാവിക സഖ്യകക്ഷികളാണെന്ന പ്രഖ്യാപനമുണ്ടായത്. അതിന്റെ തുടര്‍ച്ചയാണ് 2004ല്‍ ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി പദമേറിയപ്പോള്‍ സംഭവിച്ചത്.
കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും പ്രധാനമന്ത്രി പദം നിരസിച്ച സോണിയാ ഗാന്ധി, പകരം നിര്‍ദേശിച്ചത് പരിചയവും പാരമ്പര്യവുമുള്ള പ്രണാബ് മുഖര്‍ജിയെയായിരുന്നില്ല, മന്‍മോഹന്‍ സിംഗിനെയായിരുന്നു. എന്തുകൊണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്നതിനും വിക്കിലീക്‌സ് ചോര്‍ത്തിയ രേഖകള്‍ ഇപ്പോള്‍ നമുക്ക് വ്യക്തത തരുന്നുണ്ട്. ആണവ കരാര്‍ പ്രാബല്യത്തിലാക്കാന്‍ എടുത്ത താത്‌പര്യം, ആണവോര്‍ജ സമിതിയില്‍ ഇറാനെതിരെ വോട്ട് ചെയ്യാനെടുത്ത തീരുമാനം, സാമ്പത്തിക മാന്ദ്യത്തില്‍ തളര്‍ന്ന അമേരിക്കക്ക് തുണയേകാന്‍ പ്രതിരോധ കരാറുകളുണ്ടാക്കാനെടുത്ത മുന്‍കൈ എന്ന് തുടങ്ങി മന്‍മോഹന്റെ സേവനങ്ങള്‍ നിരവധിയാണ്.
ഈ പ്രതിരോധ കരാറിന്റെ കാര്യത്തിലാണ് പ്രതിച്ഛായയുടെ കാര്യത്തില്‍ അതീവ തത്‌പരനായ എ കെ ആന്റണി തടശിലയാകുന്നത്. പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര മന്ത്രിസഭയുടെ വിശാലമായ പുനസ്സംഘടന പ്രധാനമന്ത്രി ഉദ്ദേശിക്കുന്നുണ്ട്. എ കെ ആന്റണിയില്‍ നിന്ന് പ്രതിരോധ വകുപ്പ് നീക്കം ചെയ്‌താല്‍ അത്ഭുതപ്പെടാനില്ല. കാരണം അത് അമേരിക്കയുടെ ആവശ്യമാണ്.
കച്ചവടത്തിനെത്തിയവര്‍ അധികാരം പിടിക്കുകയും നൂറ്റാണ്ടിലേറെ ഭരിക്കുകയും ചെയ്‌തതാണ് ചരിത്രം. അധികാരം പിടിക്കാന്‍ അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഏറെ പാടുപെടേണ്ടിവന്നിരുന്നു. ഇന്ന് അതിന്റെ ആവശ്യം അമേരിക്കക്കില്ല. അടിമത്വം സ്വയം സ്വീകരിക്കാന്‍ ഭരണാധിപന്‍മാര്‍ സന്നദ്ധരാകുമ്പോള്‍ അവരില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ജനതക്ക് അടിമയാകുന്നതില്‍ അഭിമാനിക്കാം. ജനാധിപത്യത്തില്‍ തലയുയര്‍ത്തി നടക്കുകയും ചെയ്യാം.
No comments:
Post a Comment