2009-04-30

രഹസ്യങ്ങളുടെ താക്കോലുമായി `ക്യു'


ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ വിവാദമായ ക്യൂ ഘടകം - അതായിരുന്നു ഒട്ടാവിയോ ക്വത്‌റോച്ചി എന്ന ഇറ്റാലിയന്‍ വ്യവസായി. പിടികിട്ടാനുള്ളവരുടെ പട്ടികയില്‍ നിന്ന്‌ ഈ പേര്‌ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) നീക്കുകയും അതുവഴി ഇന്റര്‍പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ റദ്ദാകുകയും ചെയ്യുമ്പോള്‍ ക്യൂ ഘടകത്തിന്റെ പേരിലുള്ള വിവാദത്തിനും കേസുകള്‍ക്കും പൂര്‍ണ വിരാമമിടുകയാണ്‌. അറ്റോര്‍ണി ജനറല്‍ മിലന്‍ കെ ബാനര്‍ജി നല്‍കിയ നിയമോപദേശമനുസരിച്ചാണ്‌ ക്വത്‌റോച്ചിയുടെ പേര്‌ പിടികിട്ടാനുള്ളവരുടെ പട്ടികയില്‍ നിന്ന്‌ നീക്കിയത്‌ എന്നാണ്‌ സി ബി ഐ നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍, പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ക്വത്‌റോച്ചിക്കുള്ള സ്വാധീനം പരിണഗിക്കുമ്പോള്‍ മിലന്‍ കെ ബാനര്‍ജിയുടെ ഉപദേശം മാത്രമല്ല സി ബി ഐ നടപടിക്കു പിന്നിലെന്ന്‌ വ്യക്തമാണ്‌. പല രീതിയിലും നിര്‍ണായകമായ ഒരു ഘട്ടത്തിലാണ്‌ ക്വത്‌റോച്ചിക്ക്‌ അനുകൂലമായ തീരുമാനമുണ്ടാവുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.


ഇറ്റലിയിലെ കറ്റാനിയ പ്രവിശ്യയിലെ മസ്‌കാലിയില്‍ ജനിച്ച ക്വത്‌റോച്ചി 1960കളിലാണ്‌ ഇന്ത്യയിലെത്തുന്നത്‌. എണ്ണ, പ്രകൃതി വാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ കമ്പനി എനിയുടെയും അതിന്റെ എന്‍ജിനീയറിംഗ്‌ വിംഗായ സ്‌നാംപ്രൊഗെറ്റിയുടെയും പ്രതിനിധിയായി. ഇറ്റാലിയന്‍ കമ്പനിയുടെ ബിസിസനസ്സ്‌ എക്‌സിക്യൂട്ടീവ്‌ മാത്രമായിരുന്നു ക്വത്‌റോച്ചി. 1974ല്‍ രാജീവ്‌ ഗാന്ധിയെയും ഭാര്യ സോണിയാ ഗാന്ധിയെയും പരിചയപ്പെടുന്നതോടെ ക്വത്‌റോച്ചിയുടെ സ്വാധീനം വര്‍ധിച്ചു. സോണിയാ ഗാന്ധിയുടെ ഇറ്റലിക്കാരനായ സുഹൃത്ത്‌ മോലിനാരിയാണ്‌ ക്വത്‌റോച്ചിയെ പരിചയപ്പെടുത്തിയത്‌ എന്നാണ്‌ കഥ. ക്വത്‌റോച്ചിയും രാജീവും കുടുംബ സുഹൃത്തുക്കളായി. രാജീവിലൂടെ ഇന്ദിരാഗാന്ധി സര്‍ക്കാറിലേക്ക്‌ ക്വത്‌റോച്ചി വാതിലുകള്‍ തുറന്നു. അതുവഴി വിവിധ അന്താരാഷ്‌ട്ര കരാറുകളുടെ ഇടനിലക്കാരനായി. ഇന്ദിരയുടെ മരണശേഷം രാജീവ്‌ പ്രധാനമന്ത്രിയായ കാലത്താണ്‌ സ്വീഡിഷ്‌ കമ്പനിയായ എ ബി ബൊഫോഴ്‌സുമായി ആയുധക്കരാറുണ്ടാക്കിയത്‌. ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങുന്നതിനുണ്ടാക്കിയ കരാറില്‍ 160 കോടിയുടെ അഴിമതി നടന്നുവെന്ന്‌ ആരോപണമുണ്ടായി. ബൊഫോഴ്‌സ്‌ കമ്പനി കോഴ നല്‍കിയാണ്‌ ഇന്ത്യയില്‍ നിന്ന്‌ ആയുധക്കരാര്‍ സമ്പാദിച്ചതെന്ന്‌ സ്വീഡിഷ്‌ റേഡിയോയാണ്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ബൊഫോഴ്‌സ്‌ കമ്പനിയുടെ എം ഡി മാര്‍ട്ടിന്‍ അര്‍ദ്‌ബോയുടെ ഡയറിക്കുറിപ്പില്‍ മിസ്റ്റര്‍ ക്യൂവിന്റെ കാര്യം പരാമര്‍ശിച്ചിരുന്നു. മിസ്റ്റര്‍ ആറുമായി അടുപ്പമുള്ള മിസ്റ്റര്‍ ക്യൂവിന്‌ കോഴപ്പണം കൈമാറിയതിന്റെ സൂചനകളാണ്‌ ഡയറിക്കുറിപ്പിലുണ്ടായിരുന്നത്‌. ഇതോടേയാണ്‌ മിസ്റ്റര്‍ ക്യൂ എന്ന ഘടകം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ വിവാദവിഷയമായത്‌.


ക്വത്‌റോച്ചിയുടെ പങ്ക്‌ സംബന്ധിച്ച്‌ രാജീവ്‌ മന്ത്രിസഭയില്‍ അംഗമായിരുന്ന വി പി സിംഗ്‌ പിന്നീട്‌ വെളിപ്പെടുത്തി. ക്വത്‌റോച്ചിക്ക്‌ സന്ദര്‍ശനാനുമതി നിഷേധിച്ച തന്നെ, രാജീവ്‌ ഗാന്ധി നേരിട്ടു വിളിച്ച്‌ ക്വത്‌റോച്ചിയെ കാണാന്‍ നിര്‍ദേശിച്ചുവെന്ന്‌ വി പി സിംഗ്‌ കോടതിയില്‍ പറഞ്ഞു. ബൊഫോഴ്‌സ്‌ കോഴ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ചു. 1989ലെ തിരഞ്ഞെടുപ്പില്‍ രാജീവ്‌ ഗാന്ധിക്ക്‌ അധികാരം നഷ്‌ടമായി. കോഴ സംബന്ധിച്ച്‌ സി ബി ഐ നടത്തിയ അന്വേഷണത്തില്‍ ക്വത്‌റോച്ചിയുടെ സ്വിസ്‌ ബേങ്ക്‌ അക്കൗണ്ടുകള്‍ കണ്ടെത്തി. കോഴക്കേസില്‍ ക്വത്‌റോച്ചിയെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ്‌ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇന്റര്‍പോളിനെ അറിയിച്ചത്‌. എവിടെ വെച്ചു കണ്ടാലും അറസ്റ്റ്‌ ചെയ്യാനും ഇന്ത്യക്ക്‌ കൈമാറുന്നതിനും വേണ്ടി ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കുകയും ചെയ്‌തു. ലണ്ടനിലെ ബേങ്കില്‍ ക്വത്‌റോച്ചിക്കും ഭാര്യക്കുമുണ്ടായിരുന്ന അക്കൗണ്ടുകള്‍ ഇതിനിടെ ഇന്റര്‍പോള്‍ കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപമുണ്ടായിരുന്നത്‌ സംശയങ്ങള്‍ ബലപ്പെടുത്തി. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഇന്റര്‍പോള്‍ നടപടി സ്വീകരിച്ചു. എന്നാല്‍ 2004ല്‍ അധികാരത്തില്‍ വന്ന ഡോ. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ അക്കൗണ്ടുകള്‍ ക്വത്‌റോച്ചിക്ക്‌ തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചു. സി ബി ഐയുടെ അഭിപ്രായം പോലും ആരായാതെ അക്കൗണ്ടുകള്‍ തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചത്‌ വലിയ സംശയങ്ങള്‍ക്ക്‌ കാരണമായി. രണ്ടു വര്‍ഷം മുമ്പ്‌ അര്‍ജന്റീനയില്‍ ക്വത്‌റോച്ചി അറസ്റ്റിലായി. ക്വത്‌റോച്ചിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടുന്നതിന്‌ നടപടി സ്വീകരിക്കാന്‍ സി ബി ഐ ആദ്യം തയ്യാറായില്ല. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ക്വത്‌റോച്ചിയെ വിട്ടുകിട്ടുന്നതിന്‌ നടപടി സ്വീകരിക്കാത്തത്‌ വിമര്‍ശിക്കപ്പെടുകയും ചെയ്‌തപ്പോള്‍ സി ബി ഐ അര്‍ജന്റീനയിലെ കോടതിയെ സമീപിച്ചു. പക്ഷേ, കോടതി സി ബി ഐയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ക്വത്‌റോച്ചിയെ പിടികിട്ടാനുള്ളവരുടെ പട്ടികയില്‍ നിന്ന്‌ നീക്കിയ സി ബി ഐയുടെ നടപടി കൂടുതല്‍ ഗൗരവമേറിയതാവുന്നത്‌.


മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ഏതാനും ആഴ്‌ചകളേ ബാക്കിയുള്ളൂ. രാജ്യത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നു. ഘടകകക്ഷികളുടെ സമ്മര്‍ദമില്ലാതെ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്ന ഏക അവസരം. അതിനുമപ്പുറത്ത്‌ രണ്ടു ഘടകങ്ങള്‍ കൂടി ഈ തീരുമാനത്തിന്‌ പിന്നിലുണ്ടെന്ന്‌ കരുതണം. ഒന്ന്‌ വിദേശത്തെ ബേങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ കണക്കെടുക്കണമെന്നും അത്‌ ഇന്ത്യയിലേക്ക്‌ തിരികെക്കൊണ്ടുവരണമെന്നുമുള്ള ആവശ്യം സജീവമായതാണ്‌. രണ്ടാമത്തേത്‌ ശ്രീലങ്കയില്‍ എല്‍ ടി ടി ഇ പരാജയത്തിന്റെ വക്കിലെത്തിയതും.


ഇന്ത്യന്‍ വ്യവസായികളും രാഷ്‌ട്രീയക്കാരും വരവില്‍ കവിഞ്ഞ്‌ സമ്പാദിച്ച കോടികള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെയും മറ്റ്‌ ചെറു രാജ്യങ്ങളുടെയും ബേങ്കുകളില്‍ സുരക്ഷിതമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ വിവരം. അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുമെന്നതാണ്‌ ഈ ബേങ്കുകളെ ആശ്രയിക്കാന്‍ കാരണം. ആദായ നികുതി നല്‍കേണ്ട, വരുമാന സ്രോതസ്സ്‌ വെളിപ്പെടുത്തേണ്ട എന്നീ സൗകര്യങ്ങള്‍ക്കു പുറമെ ബിനാമി പേരുകളില്‍ നിക്ഷേപം നടത്താനും ഈ ബേങ്കുകള്‍ സൗകര്യം ചെയ്‌തുകൊടുക്കുന്നുണ്ട്‌. ബൊഫോഴ്‌സ്‌ ഇടപാടില്‍ കൈമാറ്റം ചെയ്യപ്പെട്ട കോടികളുടെ കോഴപ്പണം സ്വിസ്‌ ബേങ്കുകളിലെ അക്കൗണ്ടുകളിലാണ്‌ നിക്ഷേപിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്‌. ഇതു സംബന്ധിച്ച രേഖകള്‍ ശേഖരിക്കാന്‍ സി ബി ഐ ശ്രമിച്ചിരുന്നുവെങ്കിലും അത്‌ പൂര്‍ണമായും വിജയിച്ചിരുന്നില്ല. ആഗോള മാന്ദ്യം നേരിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇത്തരം കള്ള നിക്ഷേപങ്ങള്‍ നടത്തുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ വന്‍കിട രാജ്യങ്ങള്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന്‌ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ക്വത്‌റോച്ചി വലിയ വെല്ലുവിളിയാണ്‌. ക്വത്‌റോച്ചിയെ പിടികൂടുകയും സ്വിസ്‌ അധികൃതര്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച യഥാര്‍ഥ വിവരം കൈമാറുകയും ചെയ്‌താല്‍ ബൊഫോഴ്‌സ്‌ ഇടപാട്‌ നടക്കുന്ന സമയത്ത്‌ ആരൊക്കെയാണ്‌ സ്വിസ്‌ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങിയതെന്നും എത്ര തുക നിക്ഷേപിച്ചുവെന്നുമുള്ള യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നേക്കും. അത്‌ ആരൊക്കെയോ ഇപ്പോഴും ഭയക്കുന്നുണ്ട്‌ എന്നുവേണം കരുതാന്‍. അല്ലെങ്കില്‍ ക്വത്‌റോച്ചിയെ പെട്ടെന്ന്‌ കുറ്റവിമുക്തനാക്കാന്‍ നടപടി സ്വീകരിക്കുമായിരുന്നില്ല.


ശ്രീലങ്കയില്‍ പുലികള്‍ നേരിടുന്ന തിരിച്ചടി മറ്റൊരു തലത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ്‌. രാജീവ്‌ ഗാന്ധിയെ വധിക്കുന്നതില്‍ സുപ്രധാന പങ്ക്‌ വഹിച്ച പുലി നേതാക്കളെ ശ്രീലങ്കന്‍ സൈന്യം പിടികൂടാനും ഇന്ത്യക്ക്‌ കൈമാറാനുമുള്ള സാധ്യത നിലനില്‍ക്കുന്നു. രാജീവ്‌ ഗാന്ധിയെ വധിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ ക്വത്‌റോച്ചിയും പങ്കാളിയായിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. ക്വത്‌റോച്ചിയും എല്‍ ടി ടി ഇ നേതാവായിരുന്ന ആന്റണ്‍ ബാലശിങ്കവും പാരീസില്‍ വെച്ച്‌ പലതവണ കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്നും അവിടെവെച്ചാണ്‌ രാജീവിനെ വധിക്കാനുള്ള പദ്ധതി തയ്യാറായതെന്നുമാണ്‌ ആരോപണം. ക്വത്‌റോച്ചിയും ബാലശിങ്കവും പാരീസിലെ ഹോട്ടലില്‍ പല തവണ കൂടിക്കാഴ്‌ച നടത്തിയത്‌ ഫ്രഞ്ച്‌ ഇന്റലിജന്‍സ്‌ ഏജന്‍സി കണ്ടെത്തിയിരുന്നു. എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനം സമാഹരിക്കുന്നതിനും അവരുടെ ആയുധ ഇടപാടുകള്‍ നടത്തുന്നതിനും നേതൃത്വം നല്‍കുന്ന കെ പി എന്നറിയപ്പെടുന്ന കുമരന്‍ പത്മനാഥനും കൂടിക്കാഴ്‌ചകളില്‍ പങ്കാളിയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കൂടിക്കാഴ്‌ചകളിലൂടെയാണ്‌ രാജീവ്‌ ഗാന്ധിയെ വധിക്കുന്നതിനുള്ള പദ്ധതിക്കു വേണ്ട പണം സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്‌. ഇതിന്റെ യാഥാര്‍ഥ്യം അന്വേഷിക്കണമെന്ന ആവശ്യം ഇന്ത്യന്‍ പാര്‍ലിമെന്റിലും സുപ്രീം കോടതിയിലും ഉയര്‍ന്നിരുന്നു. ബാലശിങ്കവും ക്വത്‌റോച്ചിയും കൂടിക്കാഴ്‌ച നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫ്രഞ്ച്‌ ഇന്റലിജന്‍സ്‌ ഏജന്‍സിയുടെ പക്കലുണ്ടെന്ന ആരോപണവും അന്ന്‌ ഉയര്‍ന്നിരുന്നു. ഇത്‌ നിഷേധിക്കാനോ സമ്മതിക്കാനോ ഫ്രഞ്ച്‌ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.


എല്‍ ടി ടി ഇയുടെ പ്രധാന നേതാക്കളില്‍ ആരെങ്കിലും പിടിയിലാവുകയും രാജീവ്‌ വധത്തിലെ ക്വത്‌റോച്ചിയുടെ പങ്കിനെക്കുറിച്ച്‌ അവര്‍ എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തുകയും ക്വത്‌റോച്ചി അതിന്‌ സ്ഥിരീകരണം നല്‍കുകയും ചെയ്‌താല്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ളവര്‍ തന്നെ പ്രതിക്കൂട്ടിലാവുന്ന സാഹചര്യമുണ്ടാവും. രാജീവ്‌ ഗാന്ധിയുടെ വധത്തിന്‌ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിച്ച ജയിന്‍ കമ്മീഷന്‍ തന്നെ ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ക്വത്‌റോച്ചി എന്ന ഇറ്റാലിയന്‍ വ്യവസായി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ നിരവധി രഹസ്യങ്ങളുടെ താക്കോലാണ്‌. പന്ത്രണ്ടു വര്‍ഷത്തോളം ഇന്റര്‍പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടീസിന്റെ കീഴില്‍ തുടര്‍ന്നിട്ടും ക്വത്‌റോച്ചിയെ ഇന്ത്യക്ക്‌ കിട്ടാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ക്യൂ ഘടകത്തിന്‌ എല്ലാക്കാലത്തും ഒളിവു ജീവിതം തുടരാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എപ്പോഴെങ്കിലും പിടിക്കപ്പെടുകയും രഹസ്യങ്ങളുടെ കലവറ തുറക്കപ്പെടുകയും ചെയ്‌താല്‍ അത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്കാവും കാരണമാവുക. ഈ ഒരു സാധ്യത ഇല്ലാതാക്കണമെങ്കില്‍ ബൊഫോഴ്‌സ്‌ കോഴക്കേസിലെ അന്വേഷണം അവസാനിക്കേണ്ടതുണ്ട്‌. കേസില്‍ രാജീവ്‌ ഗാന്ധി ഉള്‍പ്പെടെ മറ്റ്‌ ആരോപണവിധേയരെയെല്ലാം തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്‌. ഇനി ക്വത്‌റോച്ചി പിടിയിലാവുകയും പുതിയ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ തെളിവുകള്‍ ലഭ്യമാവുകയും ചെയ്‌താല്‍ നഷ്‌ടങ്ങള്‍ വലുതായിരിക്കും. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയും അതുവഴി ഇന്ത്യയുടെയും നേതൃത്വം ഏറ്റെടുക്കാന്‍ പരമ്പരയിലെ അടുത്ത കണ്ണി തയ്യാറെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ക്വത്‌റോച്ചിയെ കുറ്റവിമുക്തനാക്കാന്‍ ഇതിലും നല്ലൊരു രാഷ്‌ട്രീയ കാലാവസ്ഥ ലഭിക്കാനുമില്ല. റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പിന്‍വലിച്ച്‌ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പല രഹസ്യങ്ങളും താന്‍ വെളിപ്പെടുത്തുമെന്ന്‌ ക്വത്‌റോച്ചി അടുത്തിടെ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഇന്ത്യയിലെ പ്രമുഖരുടെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുന്നതാവും തന്റെ വെളിപ്പെടുത്തലുകളെന്നും ക്വത്‌റോച്ചി പറഞ്ഞുവത്രെ. അതിനൊന്നും കാത്തുനില്‍ക്കേണ്ട കാര്യമില്ല. ഇസ്‌റാഈല്‍ കമ്പനിയുമായി അടുത്തിടെയുണ്ടാക്കിയ കരാറില്‍ 600 കോടിയുടെ അഴിമതി ആരോപണമാണ്‌ ഉയര്‍ന്നത്‌. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 160 കോടിയുടെ ബൊഫോഴ്‌സ്‌ കോഴ തുലോം തുച്ഛം. പന്ത്രണ്ട്‌ വര്‍ഷം റെഡ്‌ കോര്‍ണര്‍ നോട്ടീസിന്റെ കീഴില്‍ ജീവിക്കുക എന്നതു തന്നെ ഈ അഴിമതിക്ക്‌ മതിയായ ശിക്ഷ തന്നെ. മന്‍മോഹന്‍ സര്‍ക്കാറിന്റെ പ്രശംസാര്‍ഹമായ ഈ `നീതിബോധ'ത്തിനു മുന്നില്‍ രാജ്യസ്‌നേഹികള്‍ അഭിമാന പുളകിതരായേ മതിയാവൂ!

2009-04-28

കേസ്‌ കൂട്ടുന്ന കോടതികള്‍


2008 നവംബര്‍ 26നാണ്‌ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു മുംബൈ നഗരത്തില്‍ പത്തു ഭീകരരുടെ വിളയാട്ടമുണ്ടായത്‌. മൂന്ന്‌ ദിവസത്തെ നടപടിക്കൊടുവിലാണ്‌ കമാന്‍ഡോകള്‍ ഭീകരരെ കീഴടക്കി നഗരത്തെ മോചിപ്പിച്ചത്‌. അഞ്ചു മാസം കൊണ്ട്‌ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം പ്രത്യേക വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പിടിയിലായ ഏക ഭീകരന്‍ അജ്‌മല്‍ അമീര്‍ കസബിന്റെ വിചാരണ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ അന്വേഷണ, നീതിനിര്‍വഹണ വിഭാഗങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു റെക്കോഡാണ്‌ ഈ വേഗം. പക്ഷേ ഈ വേഗത്തിന്‌ ഒരു മറുപുറം കൂടിയുണ്ട്‌. നീതിനിര്‍വഹണ വിഭാഗത്തിന്‌ ഒച്ചിന്റെ വേഗം പോലുമില്ലെന്ന്‌ തെളിയിക്കുന്ന മറുപുറം. അതിന്റെ കണക്കുകള്‍ ഇങ്ങനെയാണ്‌. 2009 മാര്‍ച്ച്‌ മാസത്തെ കണക്കനുസരിച്ച്‌ സുപ്രീം കോടിതിയില്‍ പരിഗണന കാത്തു കിടക്കുന്ന കേസുകളുടെ എണ്ണം 50,163 ആണ്‌. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി പരിഗണന കാത്തു കഴിയുന്നത്‌ 30 ലക്ഷം കേസുകള്‍. കീഴ്‌ക്കോടതികളിലാകെ കെട്ടിക്കിടക്കുന്നത്‌ രണ്ടു കോടി 63 ലക്ഷം കേസുകളും. കേസുകള്‍ ഇങ്ങനെ ഫയലുകളില്‍ ഉറങ്ങുമ്പോള്‍ 25 ലക്ഷത്തോളം പേര്‍ വിചാരണത്തടവുകാരായി വിവിധ ജയിലുകളില്‍ കഴിയുന്നു. വിചാരണത്തടവ്‌ അഞ്ചു വര്‍ഷം പിന്നിട്ടവരുടെ കണക്കു മാത്രമാണിത്‌. കോടതികളുടെ കുറവ്‌, വേണ്ടത്ര ജഡ്‌ജിമാരില്ലാത്തത്‌, മറ്റു ജീവനക്കാരുടെ കുറവ്‌ ഇവയെല്ലാം കേസുകള്‍ കെട്ടിക്കിടക്കുന്നതിന്‌ കാരണമാവുന്നുണ്ടാവാം. അനാവശ്യ അപ്പീലുകളും റിട്ടുകളും കേസുകളുടെ എണ്ണം കൂട്ടുന്നുമുണ്ടാവാം. പക്ഷേ, വൈകിയെത്തുന്ന നീതി അനീതിക്ക്‌ തുല്യമാണെന്ന ആപ്‌തവാക്യത്തില്‍ വിശ്വസിക്കുന്ന ഒരു രാജ്യത്തിന്‌ ഈ കണക്കുകള്‍ അപമാനം തന്നെയാണ്‌. ഈ അപമാനത്തിന്‌ നിലവിലുള്ള കോടതികളും ജഡ്‌ജിമാരും പലവിധത്തില്‍ സംഭാവനകള്‍ ചെയ്യുന്നുണ്ട്‌.


കേരളത്തില്‍ വോട്ടെടുപ്പ്‌ നടന്ന ഏപ്രില്‍ പതിനാറാം തീയതി. തൃശൂരിലെ ഒരു ബൂത്തില്‍ വോട്ട്‌ ചെയ്‌ത്‌ ഇറങ്ങിയ റവന്യു മന്ത്രിയും സി പി ഐ നേതാവുമായ കെ പി രാജേന്ദ്രന്‍ പോളിംഗ്‌ സ്റ്റേഷനില്‍ വെച്ച്‌ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്‌ കെ കരുണാകരനെ കണ്ടു. നേതാക്കള്‍ കുശലം പറഞ്ഞു. അവസാനിപ്പിക്കുമ്പോള്‍ ജയദേവനെ (തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി) മറക്കല്ലേ എന്ന്‌ ലീഡറോട്‌ പറഞ്ഞു. അദ്ദേഹം ശരിയെന്ന്‌ തലയാട്ടി പതിവ്‌ ചിരിചിരിച്ചു. ജയദേവന്‌ ഒരു വോട്ടുകൂടി ഉറച്ചുവെന്ന്‌ സ്വയം പരിഹസിച്ചുകൊണ്ട്‌ കെ പി രാജേന്ദ്രന്‍ നടന്നു നീങ്ങി. സാങ്കേതിമായ അര്‍ഥത്തില്‍ പോളിംഗ്‌ സ്റ്റേഷനകത്ത്‌ മന്ത്രി വോട്ടഭ്യര്‍ഥിച്ചുവെന്ന ആരോപണത്തിന്‌ സാധ്യതയുണ്ട്‌. പക്ഷേ, സംഭവം കണ്ടു നിന്നവര്‍ക്കും പിന്നീട്‌ ടെലിവിഷന്‍ ചാനലുകളില്‍ ദൃശ്യം കണ്ടവര്‍ക്കും കൗതുകമോ തമാശയോ ആണ്‌ തോന്നിയത്‌. കോണ്‍ഗ്രസുകാര്‍ സംഗതി ആദ്യം ഗൗരവത്തിലെടുത്തു. അവര്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷനു പരാതി നല്‍കി, മന്ത്രി പോളിംഗ്‌ സ്റ്റേഷനില്‍ വെച്ച്‌ വോട്ടഭ്യര്‍ഥിച്ചത്‌ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്‌ ആരോപിച്ച്‌. പിന്നീട്‌ അവര്‍ പരാതി പിന്‍വലിക്കുകയും ചെയ്‌തു. പക്ഷേ, പൊതുതാത്‌പര്യ ഹര്‍ജികള്‍ നല്‍കുന്നതിലൂടെ പ്രശസ്‌തരാകാന്‍ ശ്രമിക്കുന്നവര്‍ ഇതില്‍ തഞ്ചം കണ്ടു. അവര്‍ കോടതിയെ സമീപിച്ചു. രാജേന്ദ്രന്റെ വോട്ട്‌ ചോദിക്കലിന്റെയും കരുണാകരന്റെ സമ്മതത്തിന്റെയും തമാശ പൊതുജനത്തിന്‌ മനസ്സിലായെങ്കിലും കോടതിക്ക്‌ മനസ്സിലായില്ല. പൊതുതാത്‌പര്യ ഹരജി ഫയലില്‍ സ്വീകരിച്ച്‌ നോട്ടീസ്‌ അയക്കാന്‍ ഉത്തരവിട്ടു. നിലനില്‍ക്കുന്ന തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചതിന്‌ മന്ത്രിയെ ശകാരിക്കാന്‍ ഒരവസരം ലഭിക്കുകയും അതിന്റെ ആഘാതത്തില്‍ മന്ത്രി രാജിവെക്കുകയുംചെയ്‌താല്‍ പൊതുതാത്‌പര്യ ഹരജിക്കാരനു മാത്രമല്ല കോടതിക്കും അവിടുത്തെ ജഡ്‌ജിക്കും ലഭിക്കാനിടയുള്ള പേരും പ്രശസ്‌തിയും എത്രയായിരിക്കും! അതിനുള്ള അവസരം പാഴാക്കിക്കളയുന്നത്‌ ബുദ്ധിയല്ലെന്നു കോടതിക്കും തോന്നിയിട്ടുണ്ടാവണം.


ഈ സംഭവം നടക്കുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ തിരുവനന്തപുരം കോടതിയില്‍ മറ്റൊരു നാടകം അരങ്ങേറി. സി ബി ഐ അന്വേഷണം നടത്തി പ്രതിപ്പട്ടിക തയ്യാറാക്കി പ്രോസിക്യൂഷന്‍ നടപടി തുടങ്ങുന്നതിന്‌ സംസ്ഥാന സര്‍ക്കാറിന്റെയും ഗവര്‍ണറുടെയും അനുമതി തേടി കാത്തിരിക്കുന്ന എസ്‌ എന്‍ സി ലാവ്‌ലിന്‍ അഴിമതി ആരോപണമാണ്‌ വിഷയം. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്നും അതിന്‌ സി പി എം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെയും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെയും പ്രതികളാക്കി കേസെടുക്കണമെന്നുമാവശ്യപ്പെട്ട്‌ അഭിഭാഷകന്‍ കൂടിയായ പൊതുതാത്‌പര്യക്കാരന്‍ തിരുവനന്തപുരത്തെ കോടതിയില്‍ ഹരജി നല്‍കി. നേരത്തെ വിജിലന്‍സും പിന്നീട്‌ സി ബി ഐയും അന്വേഷണം നടത്തിയ കേസാണിത്‌. ഫയലുകള്‍ കാണാതായതിനെക്കുറിച്ച്‌ അവര്‍ അന്വേഷിച്ചിട്ടുണ്ടോ എന്നു ചോദിക്കാനൊന്നും കോടതി മിനക്കെട്ടില്ല. ഹരജി ഫയലില്‍ സ്വീകരിച്ചു. അടുത്ത തവണ ഹരജി പരിഗണിച്ചപ്പോള്‍ പിണറായി വിജയനെതിരെയും കോടിയേരി ബാലകൃഷ്‌ണനെതിരെയും കേസെടുത്ത്‌ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്‌. സി ബി ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടതും ഹൈക്കോടതിയാണ്‌. മേല്‍ക്കോടതി ഇത്തരം ഇടപെടലുകള്‍ നടത്തിയ കേസില്‍ സാധാരണഗതിയില്‍ കീഴ്‌ക്കോടതികള്‍ ഇടപെടുന്ന പതിവില്ല. പക്ഷേ, ഇതൊന്നും തിരുവനന്തപുരത്തെ കോടതിക്കു തടസ്സമായില്ല. ഈ കേസിനു ലഭിക്കാനിടയുള്ള അനന്യസാധാരണമായ പ്രശസ്‌തി, അല്ലെങ്കില്‍ ഫയലുകള്‍ കാണാതായ സംഭവം പോലീസ്‌ അന്വേഷിച്ച്‌ ഫയലുകള്‍ യഥാസ്ഥാനത്തുണ്ടെന്ന്‌ ഉറപ്പു വരുത്തി കേസ്‌ തള്ളിക്കളയുന്നതിനുള്ള ധൃതി. രണ്ടിലൊന്നാണ്‌ കോടതിയുടെ ഈ ഇടപെടലിന്‌ കാരണമെന്ന്‌ വിലയിരുത്തേണ്ടിവരും. കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയരായ ആളുകള്‍ക്കു വേണ്ടി പല പൊതുതാത്‌പര്യക്കാരും കോടതിയില്‍ ഹരജികള്‍ നല്‍കി തള്ളിപ്പിച്ച്‌ മുഖ്യകേസിനെ ദുര്‍ബലപ്പെടുത്തിയ കാഴ്‌ച കേരളം കണ്ടതാണ്‌.


ഇതിനും മുമ്പാണ്‌ കേരള ഹൈക്കോടതിയില്‍ നിന്നു വിചിത്രമായ ചില പരാമര്‍ശങ്ങളുണ്ടായത്‌. ഒരു ക്രിമിനല്‍ കേസ്‌ പരിഗണിച്ച കോടതി കണ്ടെത്തിയത്‌ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നാണ്‌. സംസ്ഥാനത്തുള്ള ഗുണ്ടകളില്‍ ഭൂരിഭാഗവും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മണ്ഡലത്തില്‍ നിന്നുള്ളവരാണെന്ന അത്യപൂര്‍വമായ കണ്ടെത്തലും കോടതി നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഈ പരാമര്‍ശങ്ങളെന്നതിനാല്‍ പത്രമാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ഈ അഭിപ്രായ പ്രകടനങ്ങള്‍ക്കു കിട്ടി. സംഗതി രാഷ്‌ട്രീയ വിവാദവുമായി. കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്‌. 15 വര്‍ഷം മുമ്പ്‌ തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സ്‌ കത്തിച്ച സംഭവത്തില്‍ അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ ഭാര്യ സൂഫിയ മഅ്‌ദനിക്കുള്ള പങ്ക്‌ അന്വേഷിക്കാന്‍ ആലുവയിലെ കോടതിയും അടുത്തിടെ ഉത്തരവിട്ടു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ടെലിഫോണ്‍ വിളികളുടെ കണക്കും കാര്യങ്ങളും കണക്കിലെടുത്താല്‍ അന്വേഷിക്കാതിരിക്കാന്‍ കഴിയില്ലെന്ന്‌ കോടതിക്ക്‌ ഉത്തമബോധ്യമുണ്ടായിക്കാണണം.


ഇതൊക്കെ നടക്കുന്നതിനിടയിലാണ്‌ കണിച്ചുകുളങ്ങളര കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സജിത്ത്‌, ബിനീഷ്‌ എന്നിവരെക്കുറിച്ച്‌ ചില വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌. ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ഇവര്‍ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരായത്‌ ആഡംബകരക്കാറുകളിലായിരുന്നു. കോടതി വളപ്പില്‍ സര്‍വതന്ത്രസ്വതന്ത്രരായാണ്‌ ഇവര്‍ പെരുമാറിയത്‌. കുടുംബാംഗങ്ങളുമായി അടുത്തിടപഴകാന്‍ ഇരുവര്‍ക്കും പോലീസ്‌ വേണ്ട സൗകര്യം ചെയ്‌തുകൊടുത്തു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആഡംബരകാറുകളില്‍ വിലസുന്നത്‌ ചൂണ്ടിക്കാട്ടാന്‍ ഒരു പൊതുതാത്‌പര്യക്കാരനുമുണ്ടായില്ല. മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കി കേസെടുക്കാനും എന്തുകൊണ്ട്‌ ഇവര്‍ക്ക്‌ ഇത്രയും സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുന്നുവെന്ന്‌ അന്വേഷിക്കാനും ഒരു കോടതിയും മിനക്കെട്ടതുമില്ല. ഇത്‌ കൂട്ടത്തില്‍ പറഞ്ഞുവെന്ന്‌ മാത്രം. ആദ്യം പരാമര്‍ശിച്ച മൂന്നു കേസുകളുടെ കാര്യത്തിലേക്ക്‌ തിരികെ വരുക. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുകയും അഞ്ചു വര്‍ഷത്തിലധികം വിചാരണത്തടവുകാരായി തുടരുന്നവര്‍ കാല്‍ക്കോടിയോളമുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ കെ പി രാജേന്ദ്രനെതിരെ കേസെടുക്കാനും ഫയലുകള്‍ കാണാതായ സംഭവം അന്വേഷിക്കാനും കോടതികള്‍ നിര്‍ദേശിക്കുന്നത്‌. ദുര്‍ബലവും താരതമ്യേന അനാവശ്യവുമായ ഇത്തരം കേസുകള്‍ക്കായി കോടതികളുടെ വിലപ്പെട്ട സമയമാണ്‌ ചെലവഴിക്കപ്പെടുന്നത്‌. പൊതുഖജനാവിലെ പണവും നിരവധി പേരുടെ പ്രയത്‌നവും ഇതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഒരു ക്രിമിനല്‍ കേസ്‌ പരിഗണിക്കവെ ഹൈക്കോടതി നടത്തിയ അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ മറ്റൊരു കേസിന്‌ വഴിതുറന്നു. പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സുപ്രീം കോടതിയെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചതോടെ അതിനും പൊതുഖജനാവില്‍ നിന്നു പണം ചെലവഴിക്കേണ്ടിവരുന്നു.


ലഭിക്കുന്ന പരാതികളുടെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യുക മാത്രമല്ല കോടതികളുടെ ചുമതല. പരാതികള്‍ സ്വീകരിക്കും മുമ്പ്‌ അതിന്റെ സ്വാഭാവികത ഉറപ്പാക്കേണ്ട ബാധ്യതകൂടി കോടതിക്കുണ്ട്‌. ഈ ബാധ്യത നിറവേറ്റാന്‍ കോടതികള്‍ തയ്യാറാവാത്തതുകൊണ്ടാണ്‌ പ്രശസ്‌തിയും അതിലൂടെ ലഭിക്കാന്‍ ഇടയുള്ള സാമ്പത്തിക ലാഭവും ലക്ഷ്യമിടുന്ന പൊതുതാത്‌പര്യക്കാര്‍ പെരുകുന്നത്‌. വൈകിയാലും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലക്ഷക്കണക്കിനാളുകള്‍ പുറത്തു കാത്തുനില്‍ക്കുമ്പോഴാണ്‌ ഇത്തരം പൊതുതാത്‌പര്യക്കാര്‍ക്ക്‌ അനര്‍ഹമായ പരിഗണന ലഭിക്കുന്നത്‌. ഇതു കോടതിയുടെ ഭാഗത്തു നിന്നുള്ള അനീതിയായി മാത്രമേ കാണാനാവൂ. നീതിന്യായ സംവിധാനത്തെ ജനകീയമാക്കിയതിന്റെ ക്രെഡിറ്റ്‌ സുപ്രീം കോടതി മുന്‍ ജഡ്‌ജികൂടിയായ ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. കൃഷ്‌ണയ്യര്‍ കേരള ഹൈക്കോടതിയില്‍ ജഡ്‌ജിയായിരിക്കെ പത്രങ്ങളിലും മറ്റും വരുന്ന റിപ്പോര്‍ട്ടുകള്‍ സ്വമേധയാ ഹരജിയായി സ്വീകരിച്ചു സുപ്രധാനമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ പൊതുതാത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നു അക്കാലത്തെ വിധികളെല്ലാം. പിന്നീട്‌ ഇതു നീതിന്യായ സംവിധാനത്തിലെ ഒഴിവാക്കാനാവാത്ത മേഖലയായി മാറിയപ്പോള്‍ ജുഡീഷ്യല്‍ ആക്‌ടിവിസത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ശക്തമായി. ഇപ്പോള്‍ ജുഡീഷ്യല്‍ ആക്‌ടിവിസത്തിന്റെ മേഖലയും മറികടന്നിരിക്കുന്നു. പൊതുതാത്‌പര്യ ഹരജിക്കാരും കോടതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പോലും സംശയങ്ങള്‍ ഉയരുകയാണ്‌. കോടതികള്‍ പ്രശസ്‌തി ലക്ഷ്യമിട്ട്‌ അഭിപ്രായ പ്രകടനങ്ങളും നിരീക്ഷണങ്ങളും നടത്തുന്നതില്‍ സുപ്രീം കോടതി പലതവണ അതൃപ്‌തി പ്രകടിപ്പിച്ചു. ഒറ്റപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോള്‍ പൊതുവായ അഭിപ്രായപ്രകടനം നടത്തുന്നതില്‍ നിന്ന്‌ വിട്ടുനില്‍ക്കണമെന്ന്‌ ദിനേന എന്നോണം സുപ്രീം കോടതി ഓര്‍മിപ്പിക്കുന്നുണ്ട്‌. പക്ഷേ, ഒന്നും ഫലപ്രദമാവുന്നില്ല. കെട്ടിക്കിടക്കുന്ന കേസുകളും അതില്‍ കുടുങ്ങി നശിക്കുന്ന ജീവിതങ്ങളുമല്ല, സ്വകാര്യമായുണ്ടാകുന്ന പ്രശസ്‌തിയും അതിലൂടെ പിന്നീട്‌ ലഭിക്കാനിടയുള്ള സ്ഥാനമാനങ്ങളുമാണ്‌ ജഡ്‌ജിമാരുടെ മുഖ്യ പരിഗണനയായി വരുന്നത്‌. അങ്ങനെ വരുമ്പോള്‍ പൊതുതാത്‌പര്യക്കാരെ വെറുപ്പിക്കനാവില്ല. രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട പരാതികളാണെങ്കില്‍ പ്രത്യേകിച്ചും.


ഇന്ന്‌ ഇടതുപക്ഷം ഭരണത്തിലായതിനാല്‍ കോടതി ഇടപെടലുകളെ പരമാവധി ആഘോഷിക്കുകയാണ്‌ കോണ്‍ഗ്രസും യു ഡി എഫും. ചന്ദന വേട്ടയുമായി ബന്ധപ്പെട്ട ഒരു കേസ്‌ പരിഗണിക്കവെ മന്ത്രിയുടെ ഓഫീസും ചന്ദന മാഫിയയും തമ്മില്‍ ബന്ധമുണ്ടെന്നു ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ്‌ കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാറില്‍ വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥനെ വീട്ടില്‍ ഇരുത്തിയതെന്നത്‌ അവരുടെ ഓര്‍മയില്‍ ഉണ്ടോ ആവോ?

2009-04-23

വീണ്ടും ഇടിമുഴക്കങ്ങള്‍


ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ, ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത പ്രത്യാഘാതം പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത്‌ രാജ്യം അഭിമുഖീകരിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട്‌ നക്‌സലുകള്‍ നടത്തുന്ന ആക്രമണം. ഒന്നാം ഘട്ട വോട്ടെടുപ്പ്‌ നടന്ന ഏപ്രില്‍ പതിനാറിനും അതിനു മുമ്പും പല ഭാഗങ്ങളിലും നക്‌സലുകള്‍ ആഞ്ഞടിച്ചിരുന്നു. പോളിംഗ്‌ ദിവസം മാത്രം മരണം 19. നശിപ്പിക്കപ്പെട്ട പൊതുമുതലും സൃഷ്‌ടിക്കപ്പെട്ട ഭീതിയും പുറമെ. പോളിംഗിന്‌ മുമ്പുള്ള ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളിലും നിരവധി പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. ഒറീസ്സയിലെ കൊറാപുത്തിലുള്ള നാഷനല്‍ അലൂമിനിയം കമ്പനിയുടെ ബോക്‌സൈറ്റ്‌ ഖനി ആക്രമിച്ച നക്‌സലുകള്‍ എട്ട്‌ സി ആര്‍ പി എഫ്‌ ജവാന്‍മാരെ വധിച്ചു. പ്രത്യാക്രമണത്തില്‍ നാലു നക്‌സലുകള്‍ കൊല്ലപ്പെട്ടു. സി ആര്‍ പി എഫ്‌ ക്യാമ്പില്‍ നിന്ന്‌ വന്‍തോതില്‍ ആയുധങ്ങളും കൊണ്ടാണ്‌ നക്‌സല്‍ സംഘം മടങ്ങിയത്‌. ഖനിയിലെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോകടവസ്‌തു ശേഖരം നക്‌സലുകള്‍ക്ക്‌ പിടിച്ചെടുക്കാനായില്ലെന്ന്‌ സി ആര്‍ പി എഫും ഭരണകൂടവും ആശ്വാസം കൊള്ളുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ തലേ ദിവസമായ ഇന്നലെ ഝാര്‍ഖണ്ഡിലെയും ബീഹാറിലെയും പല പ്രദേശങ്ങളിലും ആക്രമണങ്ങളുണ്ടായി.

1964ല്‍ രൂപംകൊണ്ട സി പി ഐ എമ്മിന്റെ നയപരിപാടികളില്‍ വിയോജിച്ചുകൊണ്ടാണ്‌ ഇന്ത്യയില്‍ നക്‌സല്‍ പ്രസ്ഥാനം രൂപം കൊള്ളുന്നത്‌. ബംഗാളിലെ നക്‌സല്‍ബാരി ജില്ലയില്‍ നടന്ന കര്‍ഷക സമരം സായുധ വിപ്ലവത്തിലൂടെ അധികാരം പിടിക്കാനുള്ള പടപ്പുറപ്പാടായി വ്യാഖാനിക്കപ്പെട്ടു. ചൈനയില്‍ മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സാംസ്‌കാരിക വിപ്ലവത്തിന്റെ ആവേശം സിരകളില്‍ സൂക്ഷിച്ചിരുന്ന, പ്രത്യയശാസ്‌ത്ര ദൃഢതയുള്ള ചെറുപ്പക്കാര്‍ നക്‌സല്‍ പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജന്മിത്വത്തിനും അവരുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചിരുന്ന പോലീസിനും നേര്‍ക്ക്‌ ആക്രമണങ്ങളുണ്ടായി. ആന്ധ്രാ പ്രദേശിലെ തെലുങ്കാനയായിരുന്നു നക്‌സലുകളുടെ മറ്റൊരു പ്രധാന കേന്ദ്രം. നക്‌സല്‍ പ്രസ്ഥാനങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സംസ്‌കാരിക സംഘങ്ങള്‍ നാടാകെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്‌തു. പോലീസിന്റെ ശക്തമായ ഇടപെടലും വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ആശയതലത്തില്‍ നടത്തിയ പ്രതിരോധവും നേതൃതലത്തിലുണ്ടായ അഭിപ്രായ ഭിന്നതകളും നക്‌സല്‍ പ്രസ്ഥാനത്തെ ശോഷണത്തിലേക്ക്‌ നയിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. പ്രസ്ഥാനത്തിന്‌ തുടക്കമിട്ട ചാരു മജുംദാറും കനു സന്യാലും പ്രസ്ഥാനത്തിലെ ആദ്യത്തെ പിളര്‍പ്പിന്‌ കാരണക്കാരായി. പിന്നീട്‌ നിരവധി പിളര്‍പ്പുകള്‍. അടിയന്തരാവസ്ഥക്കു ശേഷം ഈ തകര്‍ച്ച ഏറെക്കുറെ പൂര്‍ണമാവുകയും ചെയ്‌തു. പിന്നീട്‌ ഒറ്റക്കും തെറ്റക്കും പ്രവര്‍ത്തിച്ച നക്‌സല്‍ ഗ്രുപ്പുകള്‍ പാര്‍ലിമെന്ററി രാഷ്‌ട്രീയത്തിന്റെ പാതയിലേക്ക്‌ പ്രവേശിച്ചു. ബീഹാറില്‍ വിനോദ്‌ മിശ്രയുടെ നേതൃത്വത്തിലുള്ള നക്‌സല്‍ ഗ്രൂപ്പ്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ച്‌ വിജയിച്ചു. ഇപ്പോഴും ബീഹാറിലെ ചില പ്രദേശങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട്‌ ഈ ഗ്രൂപ്പിന്‌. സി പി ഐ (എം എല്‍) ദേശീയ, പ്രാദേശിക തലങ്ങളില്‍ പല പിളര്‍പ്പുകള്‍ക്ക്‌ വിധേയമായി തുടരുന്നുണ്ട്‌. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷമായി സാമ്പ്രദായിക പ്രതിഷേധങ്ങളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുക മാത്രമാണ്‌ ഈ ഗ്രൂപ്പുകള്‍ ചെയ്യുന്നത്‌. അപവാദം ആന്ധ്രയിലെ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പായിരുന്നു. ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ നയങ്ങള്‍ക്കെതിരെ അവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്‍പറ്റി ഐ ടി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാമൂഹ്യസുരക്ഷാ മേഖലയില്‍ നിന്ന്‌ പിന്‍വാങ്ങുകയും കര്‍ഷകര്‍ക്കും മറ്റ്‌ അവശവിഭാഗങ്ങള്‍ക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്‌തത്‌ നായിഡുവിനെ ശത്രുസ്ഥാനത്ത്‌ നിര്‍ത്താന്‍ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പിനെ പ്രേരിപ്പിച്ചു. നായിഡുവിനെ വധിക്കാന്‍ ശ്രമിച്ചത്‌ ഇതിന്റെ തുടര്‍ച്ചയാണ്‌.

ഇത്തരത്തില്‍ പ്രമുഖ നക്‌സല്‍ ഗ്രൂപ്പുകള്‍ നിര്‍ജീവമാവുകയും സജീവമായ ഗ്രൂപ്പുകള്‍ ചില പ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്‌തിരുന്ന അവസ്ഥ മാറി എന്നതാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്‌. അതാണ്‌ അഞ്ചു വര്‍ഷത്തെ യു പി എ സര്‍ക്കാറിന്റെ ഭരണത്തിലുണ്ടായ അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത നിര്‍ണായക വസ്‌തുത. ഒറീസ, അസം, ഛത്തിസ്‌ഗഢ്‌, ബീഹാര്‍, ഝാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌, പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്‌, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നക്‌സലുകളുടെ സ്വാധീനം പ്രകടമായുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌ ലെനിനിസ്റ്റ്‌) പീപ്പിള്‍സ്‌ വാര്‍, മാവോയിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ സെന്റര്‍ ഓഫ്‌ ഇന്ത്യ എന്നിവ ലയിച്ചുണ്ടായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാവോയിസ്റ്റ്‌) ആണ്‌ ഇപ്പോഴത്തെ ശക്തമായ വിഭാഗം. രാജ്യത്തിന്റെ പലഭാഗത്തായി നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരാണ്‌. നിരോധിക്കപ്പെട്ട സംഘടനയായതുകൊണ്ടുതന്നെ ഒളിവിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം. പിളര്‍പ്പുകളുടെയും ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും കാലം അവസാനിപ്പിച്ച്‌ കൂടുതല്‍ സംഘടിതമായി നീങ്ങാന്‍ ഇവര്‍ക്കു കഴിയുന്നുണ്ട്‌. ഛത്തീസ്‌ഗഢില്‍ ഭരണം നടത്തുന്ന ബി ജെ പിയുടെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സമാന്തര സായുധ സംഘം (സാല്‍വ ജുദും) രൂപവത്‌കരിച്ച്‌ നക്‌സലുകളെ നേരിടാന്‍ ശ്രമം നടക്കുന്നുണ്ട്‌. ഇത്തരത്തില്‍ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടും സി പി ഐ (മാവോയിസ്റ്റ്‌) അതിന്റെ സ്വാധീനം വര്‍ധിപ്പിച്ചുവെന്നതാണ്‌ ശ്രദ്ധേയം.

എന്തുകൊണ്ട്‌ ഈ വളര്‍ച്ച എന്നത്‌ ഭരണകൂടം വേണ്ടരീതിയില്‍ അഭിമുഖീകരിച്ചിട്ടില്ല. തീവ്രവാദത്തിന്റെയോ ഭീകരവാദത്തിന്റെയോ പട്ടികയില്‍ നിര്‍ത്തി ഇവരെ ഒറ്റപ്പെടുത്താനാണ്‌ ഭരണകൂടം ശ്രമിച്ചത്‌. രാജ്യത്തിന്‌ പുറത്തു കേന്ദ്രീകരിക്കുകയും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭീകര സംഘടനകളെപ്പോലെ ഭീഷണിയാണ്‌ ഇടതു തീവ്രവാദികളെന്നാണ്‌ രഭ്ടു വര്‍ഷം മുമ്പ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ അഭിപ്രായപ്പെട്ടത്‌. ഇവരെ ശക്തമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. അപ്പോഴും എന്തുകൊണ്ട്‌ ഇവരുടെ സ്വാധീനം വര്‍ധിക്കുന്നുവെന്ന പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ആരും തയ്യാറായില്ല. 1967ല്‍ ജന്മിത്വവും സാമൂഹ്യ അസന്തുലിതാവസ്ഥയും ഇല്ലാതാക്കാനാണ്‌ നക്‌സലുകള്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍, ഇന്ന്‌ ജന്മിത്വം മറ്റൊരു രീതിയില്‍ തിരിച്ചുവരുന്നുവെന്നത്‌ അവര്‍ തിരിച്ചറിയുന്നുണ്ട്‌. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ദൂരം അധികമാവുന്നു. ഊഹക്കച്ചവടക്കാരും ദല്ലാളുകളുമാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. ഇവര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കാനും സാമ്പത്തിക വളര്‍ച്ചയുടെ കണക്ക്‌ നിലനിര്‍ത്താനുമാണ്‌ ഭരണകൂടം ശ്രമിക്കുന്നത്‌. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്കും അന്താരാഷ്‌ട്ര കുത്തകകള്‍ക്കും പൊതുപണം ദുരുപയോഗം ചെയ്യാനുള്ള അവസരങ്ങള്‍ ഏറെയുണ്ടാക്കുന്നുമുണ്ട്‌. ലാഭത്തിന്റെയും ആസ്‌തിയുടെയും കണക്കില്‍ കൃത്രിമം കാട്ടി പതിനായിരം കോടി രൂപയുടെ സത്യം കംപ്യൂട്ടേഴ്‌സിന്റെ കഥ തന്നെ ഉദാഹരണം. ഇവര്‍ കൊള്ളയടിച്ചത്‌ ഓഹരി വിപണിയിലൂടെ ഒഴുകിയ പൊതുപണമാണ്‌. സത്യം ചെയര്‍മാന്‍ കളവ്‌ ഏറ്റുപറഞ്ഞപ്പോള്‍ മാത്രമാണ്‌ ഇത്‌ പുറത്തുവന്നത്‌. കോര്‍പ്പറേറ്റുകള്‍ പൊതുജനത്തിന്റെ പണം കൊള്ളയടിക്കുന്നത്‌ തടയാന്‍ സര്‍ക്കാറിന്‌ യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നതിന്റെ തെളിവാണിത്‌. കര്‍ഷകരുടെ ആത്മഹത്യകള്‍കൊണ്ട്‌ കുപ്രസിദ്ധമായ വിദര്‍ഭക്കു വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച മൂവായിരം കോടിയുടെ പ്രത്യേക പാക്കേജിന്റെ ഗതി മറ്റൊരു ഉദാഹരണം. പാക്കേജില്‍ അനുവദിച്ച പണത്തില്‍ ഭൂരിഭാഗം ഇടനിലക്കാരും സര്‍ക്കാറുദ്യോഗസ്ഥരും പങ്കുവെച്ചു. കര്‍ഷകരുടെ ദുരിതം മാറണമെങ്കില്‍ പരുത്തിക്ക്‌ ന്യായവില ലഭിക്കണം. അതു ലഭിക്കണമെങ്കില്‍ ടെക്‌സ്റ്റൈല്‍ ഇറക്കുമതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ഒഴിവാക്കണം. ഇതിന്‌ സര്‍ക്കാര്‍ തയ്യാറല്ല. അടിസ്ഥാന പ്രശ്‌നം നിലനില്‍ക്കെ മൂവായിരം കോടി രൂപ ഇടനിലക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ധൂര്‍ത്തടിക്കാന്‍ നല്‍കുക മാത്രമാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌.

അനീതികളുടെ ആവര്‍ത്തനങ്ങള്‍ അസംതൃപ്‌തരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്‌. അസംന്തുലിതാവസ്ഥ സകല സീമകളെയും ലംഘിച്ച്‌ മുന്നേറുകയും. ഇവിടെയാണ്‌ മാവോയിസ്റ്റുകള്‍ തങ്ങളുടെ വിളനിലം കണ്ടെത്തുന്നത്‌. ഒളിവിലും തെളിവിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക്‌ ഇക്കാര്യങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കുന്നു. ചിലയിടത്തെങ്കിലും ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിച്ച്‌ ആളുകളെ വശത്താക്കുന്നു. വന്‍കിട പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കലുകള്‍ നടത്തുകയും ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നുണ്ട്‌. ഒറീസയിലെ കലിംഗനഗറില്‍ ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റിന്‌ സ്ഥലമെടുത്തതിനെതിരെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ ഇരുപതോളം ആദിവാസികളെയാണ്‌ നവീന്‍ പട്‌നായിക്ക്‌ ഭരണകൂടം വെടിവെച്ചുകൊന്നത്‌. ബംഗാളില്‍ സിംഗൂരിലും നന്ദിഗ്രാമിലും ഉയര്‍ന്ന സമരങ്ങളുടെ പിന്നില്‍ മാവോയിസ്റ്റുകളുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. മുഖ്യമന്ത്രി ബുദ്ധദേബ്‌ ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ പോലീസ്‌ അതിക്രമം നടന്ന ലാല്‍ഗഢില്‍ ഇപ്പോള്‍ പോലീസിനും സി പി എം പ്രവര്‍ത്തകര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്നില്ല. പോലീസ്‌ അതിക്രമങ്ങള്‍ക്കെതിരെ ജനകീയ സമിതി രൂപവത്‌കരിച്ച്‌ ആദിവാസികള്‍ നടത്തുന്ന സമരത്തിന്‌ എല്ലാ പിന്തുണയും നല്‍കുന്നത്‌ മാവോയിസ്റ്റുകളാണ്‌. ലാല്‍ഗഢിനടുത്ത്‌ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനത്തിന്‌ ഭൂമി ഏറ്റെടുക്കുന്നതിനെതിരെക്കൂടിയാണ്‌ ഇപ്പോഴത്തെ സമരം. ജനങ്ങളുടെ ചെറുത്തുനില്‍പ്പുകളില്‍ സജീവമായി ഇടപെടാന്‍ കൂടി മാവോയിസ്റ്റുകള്‍ സന്നദ്ധരായതും അവരുടെ സ്വാധീനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ഇതിനെല്ലാം നേര്‍ക്ക്‌ മുഖം തിരിച്ചുകൊണ്ടാണ്‌ തീവ്രവാദ പ്രസ്ഥാനമായോ ഭീകരവാദ പ്രസ്ഥാനമായോ മാവോയിസ്റ്റുകളെ ഭരണകൂടം മുദ്രകുത്തുന്നത്‌.

ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പാക്കിയതു കൊണ്ടു മാത്രം പരിഹരിക്കാവുന്ന അസമത്വമല്ല, സ്വാതന്ത്ര്യത്തിന്റെ 62 വര്‍ഷം ഉണ്ടാക്കിവെച്ചിരിക്കുന്നത്‌. ഇത്‌ അടിത്തട്ടിലുള്ള ജനങ്ങള്‍, അവര്‍ നിരക്ഷ രോ വിദ്യാവിഹീനരോ ആയിരിക്കാം, മനസ്സിലാക്കി വരുന്നുവെന്ന്‌ കരുതണം. അല്ലെങ്കില്‍ അവര്‍ മാവോയിസ്റ്റുകളെ പോലീസുകാര്‍ക്ക്‌ കാട്ടിക്കൊടുക്കുമായിരുന്നു. പോലീസും സമാന്തര സായുധ സംഘങ്ങളും നിരവധി പേരെ കൊന്നൊടുക്കിയ ശേഷവും കൂടുതല്‍ പേര്‍ മാവോയിസ്റ്റുകളുടെ അടുത്തേക്ക്‌ ആകര്‍ഷിക്കപ്പെടുമായിരുന്നുമില്ല. ഈ തിരിച്ചറിവോടെ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം തയ്യാറല്ല. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇപ്പോഴത്തെ സാമ്പത്തിക നയങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന്‌ കോണ്‍ഗ്രസ്സും അതിന്റെ നേതാക്കളും ആവര്‍ത്തിക്കുന്നത്‌ അതുകൊണ്ടാണ്‌. എതിര്‍പ്പുകളെ നേരിട്ട്‌, വ്യവസായവത്‌കരണവുമായി മുന്നോട്ടുപോകുമെന്ന്‌ ബുദ്ധദേബ്‌ പ്രഖ്യാപിക്കുന്നതും. നേപ്പാളില്‍ തുടങ്ങി മധ്യേന്ത്യയിലൂടെ കടന്ന്‌ ദക്ഷിണേന്ത്യയിലേക്ക്‌ നീളുന്ന മാവോയിസ്റ്റ്‌ ഇടനാഴി ഇടതു തീവ്രവാദികള്‍ സ്ഥാപിക്കുകയാണെന്ന്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ട്‌ വര്‍ഷം രണ്ടായി. ഈ കോറിഡോര്‍ പ്രവര്‍ത്തന സജ്ജമാവുന്നുവെന്നാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്‌. അസമത്വത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിക്കുന്ന നയങ്ങളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഇതിനു കൈവഴികളുണ്ടാവും. അവിടെയൊക്കെ ചോരക്കളങ്ങളും.

2009-04-19

വര്‍ഗീയം, ഭീകരം


എന്താണ്‌ വര്‍ഗീയത? എന്താണ്‌ തീവ്രവാദം? എന്താണ്‌ ഭീകരവാദം? ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളീയ സമൂഹം സജീവ ചര്‍ച്ചക്കു വിഷയമാക്കേണ്ടതാണ്‌ ഈ മൂന്നു ചോദ്യങ്ങള്‍. വര്‍ഗീയതയും ഭീകരവാദവും വലിയ തോതില്‍ ആരോപിക്കപ്പെട്ട തിരഞ്ഞെടുപ്പു പ്രചാരണമാണ്‌ കഴിഞ്ഞുപോയത്‌. വിവിധ മതവിശ്വാസികളില്‍ പതിവിലേറെ ആഘാതമുണ്ടാക്കും വിധത്തിലായിരുന്നു പ്രചാരണങ്ങള്‍. മലയാളികളായ നാലു പേര്‍ കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ഭീകരവാദികളുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം സജീവമാവുകയും ചെയ്‌ത പശ്ചാത്തലത്തില്‍ ഭീകരവാദം സംബന്ധിച്ച ആരോപണങ്ങള്‍ക്ക്‌ കൂടുതല്‍ കനമേറുകയും ചെയ്യുന്നുണ്ട്‌. എസ്‌ എന്‍ സി ലാവ്‌ലിനുമായി കെ എസ്‌ ഇ ബിയുണ്ടാക്കിയ കരാറിനെച്ചൊല്ലി ഉയര്‍ന്ന അഴിമതി ആരോപണവും സംസ്ഥാന സര്‍ക്കാറിന്റെ പ്രകടനവും കേന്ദ്ര സര്‍ക്കാറിന്റെ നയനിലപാടുകളും ചര്‍ച്ചയാവുമെന്ന്‌ കരുതിയിരുന്ന പ്രചാരണ രംഗം വര്‍ഗീയത, ഭീകരവാദം എന്നീ വിഷയങ്ങളിലേക്ക്‌ വഴിമാറിയത്‌ പ്രധാനമായും ഐ സി എസ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ രംഗപ്രവേശം ചെയ്‌തതോടെയാണ്‌. പി ഡി പിയ്‌ക്കു കൂടി സമ്മതനായ സ്ഥാനാര്‍ഥിയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുകയും മറ്റു മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷത്തിന്‌ പിന്തുണ നല്‍കാന്‍ പി ഡി പി തീരുമാനിക്കുകയും ചെയ്‌തു. രാഷ്‌ട്രീയത്തിലെ പ്രായോഗിക ബുദ്ധിയായിരുന്നു ഈ തീരുമാനത്തിന്‌ പിന്നില്‍. പ്രായോഗിക രാഷ്‌ട്രീയത്തില്‍ സ്വീകരിക്കുന്ന അടവുകള്‍ക്ക്‌ ആശയപരമായ അടിത്തറയുണ്ടാക്കാന്‍ സി പി എം എക്കാലത്തും ശ്രദ്ധിച്ചിരുന്നു. 2004ലെ തിരഞ്ഞെടുപ്പിന്‌ ശേഷം കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പിന്തുണക്കാന്‍ തീരുമാനിച്ചപ്പോള്‍ വര്‍ഗീയശക്തികളെ അധികാരത്തിന്‌ പുറത്തിരുത്തുക എന്ന ആശയാടിത്തറ അതിനുണ്ടായിരുന്നു. ഇക്കാര്യം പാര്‍ട്ടിക്കുള്ളിലും പുറത്തും വ്യക്തമായി ധരിപ്പിക്കാനും ആ പാര്‍ട്ടിക്ക്‌ കഴിഞ്ഞു. മുസ്‌ലിം ലീഗുമായി അടവു നയം പയറ്റിയപ്പോഴും അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നീ ആശയങ്ങളുടെ മറ അതിനുണ്ടാക്കിയിരുന്നു. പക്ഷേ, പി ഡി പിയുമായി ബന്ധമുണ്ടാക്കിയപ്പോള്‍ ഇത്തരത്തിലൊരു വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന്‌ കഴിഞ്ഞില്ല. കൂട്ടായി ആലോചിച്ചോ ഉചിതമായ അരങ്ങൊരുക്കിയോ ആയിരുന്നില്ല സി പി എം ഈ തീരുമാനത്തിലേക്ക്‌ എത്തിയത്‌ എന്ന്‌ കരുതേണ്ടിവരും.
അമേരിക്കയും സഖ്യകക്ഷികളും ആരംഭിച്ച ഭീകരവിരുദ്ധയുദ്ധം ഫലത്തില്‍ മുസ്‌ലിംകള്‍ക്ക്‌ എതിരായിത്തീരുകയും ഭീകരത എന്നത്‌ ഇസ്‌ലാമില്‍ നിന്നുള്ള ഉപോത്‌പന്നമായി സാമ്രാജ്യത്വം പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലമാണിത്‌. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ മുസ്‌ലിം നാമധാരികളെയോ സംഘടനകളെയോ ചൂണ്ടിക്കാണിക്കുന്ന അന്വേഷണ ഏജന്‍സികള്‍ (മലേഗാവ്‌ സ്‌ഫോടനത്തിനു പിന്നില്‍ അഭിനവ്‌ ഭാരതാണെന്ന്‌ കണ്ടെത്തിയത്‌ ഈ പതിവില്‍ ചില മാറ്റങ്ങളുണ്ടാക്കിയെങ്കിലും) പൊതുവില്‍ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. രാജ്യത്ത്‌ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചില പ്രദേശങ്ങളെ ഭീകരതയുടെ വിളനിലം എന്ന്‌ വിശേഷിപ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം മാധ്യമങ്ങളും തിടുക്കും കൂട്ടി. ഇതിനിടയിലാണ്‌ മലയാളികള്‍ കാശ്‌മീരില്‍ കൊല്ലപ്പെടുകയും ഇതേക്കുറിച്ച്‌ നടന്ന അന്വേഷണത്തിലെ വിവരങ്ങള്‍ എന്ന പേരില്‍ നിറംപിടിപ്പിച്ച നുണകള്‍ മാധ്യമങ്ങളില്‍ നിറയുകയും ചെയ്‌തത്‌. ഇത്‌ കേരളത്തിലെ മുസ്‌ലിം സമുദായത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പര്യാപ്‌തമായിരുന്നു. ഈ നിഴലില്‍ നിന്ന്‌ സമുദായത്തെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്‌ പി ഡി പിയുമായുള്ള ബന്ധമെന്ന്‌ വിശദീകരിക്കാന്‍ സി പി എം തയ്യാറായില്ല. മറിച്ച്‌ യു ഡി എഫിന്‌ പിന്തുണ നല്‍കിയ എന്‍ ഡി എഫിനെ (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്‌) ഭീകരവാദികളും വര്‍ഗീയവാദികളുമായി ആരോപിക്കാനാണ്‌ ആ പാര്‍ട്ടി തയ്യാറായത്‌. അതുവഴി പി ഡി പിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാനും. പി ഡി പിയെ മുസ്‌ലിം വര്‍ഗീയവാദികളുടെയും ഭീകരവാദികളുടെയും സംഘനയായി ആരോപിച്ച്‌ ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടാക്കാന്‍ മുസ്‌ലിം ലീഗ്‌ അടക്കം യു ഡി എഫ്‌ നടത്തിയ ശ്രമത്തെ എന്‍ ഡി എഫിനെ കുറ്റപ്പെടുത്തുന്നതിലൂടെ ഇല്ലാതാക്കാമെന്ന ലളിത യുക്തി.
അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെയും ഭാര്യ സൂഫിയാ മഅ്‌ദനിയുടെയും ഭീകരബന്ധത്തിന്‌ തെളിവുകള്‍ നിരത്താന്‍ യു ഡി എഫ്‌ അനുകൂല മാധ്യമങ്ങള്‍ അതിരറ്റ ഉത്സാഹം കാട്ടി. മാധ്യമങ്ങളുടെ യു ഡി എഫ്‌ അനുകൂല നിലപാട്‌ ഉപയോഗപ്പെടുത്തി ഹിന്ദുത്വ ആശയങ്ങളോട്‌ അടുപ്പം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അരങ്ങുതകര്‍ത്തുവെന്ന്‌ പറയുന്നതാവും കൂടുതല്‍ ശരി. ഇതില്‍ പ്രകോപിതനായ അബ്‌ദുന്നാസര്‍ മഅ്‌ദനി വിവേകമല്ല, വികാരം തന്നെയാണ്‌ തന്നെ ഭരിക്കുന്നത്‌ എന്ന്‌ തെളിയിച്ചു. മുസ്‌ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച അദ്ദേഹം ആ പാര്‍ട്ടി പാക്കിസ്ഥാന്‍ പക്ഷപാതിയാണെന്നു കൂടി പറഞ്ഞുവെച്ചു. ഇതിനിടെയാണ്‌ പതിനെട്ടു മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തിയത്‌. ഇതോടെ, ജമാഅത്തിന്റെ പിന്തുണ തേടി രഹസ്യ കൂടിക്കാഴ്‌ചകള്‍ നടത്തിയ യു ഡി എഫ്‌ നേതാക്കള്‍ക്ക്‌ ആ സംഘടന വര്‍ഗീയമായി. ചുരുക്കത്തില്‍ വര്‍ഗീയതയുടെയോ ഭീകരവാദത്തിന്റെയോ ആരോപണം പേറാത്ത മുസ്‌ലിം സംഘടനകള്‍ കേരളത്തില്‍ തുലോം കുറവായെന്ന അവസ്ഥ.
ഭരണമില്ലാത്ത മതം ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത വീടുപോലെയാണെന്ന്‌ സിദ്ധാന്തിച്ച അബുല്‍ അഅ്‌ല മൗദൂദിയുടെ തീവ്രനിലപാടുകള്‍ അടിസ്ഥാനമായുള്ള ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്ന്‌ പൊതുവില്‍ പറയാം. എന്നാല്‍ ജനാധിപത്യ പ്രക്രിയയില്‍ വര്‍ഷങ്ങളായി പങ്കാളിയാവുന്ന ഈ സംഘടന അതിന്റെ അടിസ്ഥാന ആശയങ്ങള്‍ അപ്പാടെ ഈ രാജ്യത്ത്‌ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ കരുതാനാവില്ല. മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളോട്‌ പ്രതികരിക്കുന്നതു കൊണ്ടുമാത്രം അവരെ വര്‍ഗീയവാദികളുടെ കൂട്ടായ്‌മയായി എണ്ണാനുമാവില്ല. ആയുധ പരിശീലനം നടത്തുകയും ആര്‍ എസ്‌ എസ്സിന്‌ ബദലാവാന്‍ ശ്രമിക്കുകയും ചെയ്യുന്നതു കൊണ്ട്‌ എന്‍ ഡി എഫിനെയും തീവ്രവാദികളായി കണക്കാക്കേണ്ടിവരും. പക്ഷേ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ജനാധിപത്യപരമായ രീതിയില്‍ നേടിയെടുക്കുന്നതിന്‌ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്‌ അവരെന്നത്‌ മറന്നുകൂട. ഭീകരവാദ സംഘടനകളുമായി എന്‍ ഡി എഫ്‌ ബന്ധപ്പെട്ടതിന്‌ ഇതുവരെ തെളിവുകള്‍ ലഭ്യവുമല്ല. ഈ രണ്ട്‌ സംഘടനകളും മതം പ്രചരിപ്പിക്കുന്നുണ്ടാവും. അത്‌ ഭരണഘടന നല്‍കിയ അവകാശവുമാണ്‌.
മതത്തിന്റെ രീതികള്‍ മാത്രമേ നടപ്പാക്കാവൂ എന്ന്‌ ശാഠ്യം പിടിക്കുന്നതാണ്‌, ഒരു മതേതര രാഷ്‌ട്രത്തില്‍ വര്‍ഗീയത. അതിനു വേണ്ടി കഠിനമായി വാദിക്കുമ്പോള്‍ അത്‌ തീവ്രവാദമാവും. ബി ജെ പിയും സംഘ്‌പരിവാര്‍ സംഘടനകളും വര്‍ഗീയവാദികളും തീവ്രവാദികളും ആവുന്നത്‌ അതിനാലാണ്‌. ഇന്ത്യയില്‍ ആര്‍ഷ ഭാരത സംസ്‌കാരമാണ്‌ നടപ്പാവേണ്ടത്‌ എന്ന്‌ അവര്‍ നിഷ്‌കര്‍ഷിക്കുന്നു. മറ്റു മത വിഭാഗങ്ങള്‍ നിലവില്‍ അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യങ്ങള്‍ എടുത്തുകളയണമെന്ന്‌ വാദിക്കുന്നു. ഹൈന്ദവ ചിഹ്നങ്ങളും ആചാരങ്ങളും നിര്‍ബന്ധമായി അനുഷ്‌ഠിക്കണമെന്ന്‌ നിര്‍ദേശിക്കുന്നു. ബി ജെ പി അധികാരത്തിലിരുന്ന സമയത്ത്‌ സ്‌കൂളുകളിലും മറ്റും പൊതുവായ പ്രാര്‍ഥനാ ഗാനങ്ങള്‍ ഉപയോഗിക്കുന്നത്‌ അവസാനിപ്പിച്ച്‌ ഹൈന്ദവ പ്രാര്‍ഥനകള്‍ ആലപിക്കണമെന്ന്‌ നിര്‍ദേശിച്ചത്‌ ഓര്‍ക്കുക. മധ്യപ്രദേശിലെ സ്‌കൂളുകളില്‍ പ്രഭാതത്തില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചതും. ഈ തീവ്രവാദം ഭീകരവാദത്തിന്റെ വഴിയിലേക്ക്‌ പ്രവേശിച്ചതിന്റെ തെളിവാണ്‌ അഭിനവ്‌ ഭാരത്‌ പോലുള്ള സംഘടനകളും പ്രഗ്യാ സിംഗിനെപ്പോലുള്ള വ്യക്തികളും. ഇത്തരത്തില്‍ സുഘടിതമായ വര്‍ഗീയ - തീവ്ര - ഭീകര വാദങ്ങളുടെ തുടര്‍ച്ച മേല്‍പ്പറഞ്ഞ മുസ്‌ലിം സംഘടനകള്‍ക്കില്ല. അവര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള തീവ്രവാദമാണ്‌ പറയുന്നത്‌. ഈ സംഘടനകളില്‍ അംഗമായവര്‍ ഒറ്റക്കും തെറ്റക്കും അതിതീവ്രതയിലേക്കോ ഭീകരതയിലേക്കോ വഴിതെറ്റിയിട്ടുണ്ടാവാമെന്നു മാത്രം.
ഈ സാഹചര്യത്തിലാണ്‌ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമുള്ള നേതാക്കള്‍ തലങ്ങും വിലങ്ങും വര്‍ഗീയതയും ഭീകരതയും ആരോപിച്ച്‌ പ്രചാരണം നടത്തിയത്‌. അതിന്‌ പ്രമുഖ മാധ്യമങ്ങളെല്ലാം ചൂട്ടുപിടിച്ചു കൊടുത്തത്‌. ഈ പ്രചണ്ഡ പ്രചാരണം മനുഷ്യരുടെ മനസ്സില്‍ എന്ത്‌ പ്രതിഫലനമാണുണ്ടാക്കുക എന്ന ആലോചന ഉണ്ടായതേയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയം എന്നതിനപ്പുറമുള്ള വീക്ഷണം പുലര്‍ത്താന്‍ ആരും ശ്രദ്ധിച്ചതുമില്ല. പി ഡി പിയും എന്‍ ഡി എഫും ജമാഅത്തെ ഇസ്‌ലാമിയും ഇടപെട്ടതുപോലെയായിരുന്നില്ല സംസ്ഥാനത്തെ ക്രൈസ്‌തവസഭകള്‍ രാഷ്‌ട്രീയത്തിലിടപെട്ടത്‌. പി ഡി പി പൊന്നാനിയില്‍ പൊതുസമ്മതനെ വേണമെന്ന്‌ നിര്‍ദേശിച്ചപ്പോള്‍ കത്തോലിക്കാ സഭ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാക്കേണ്ടവരുടെ പട്ടിക സോണിയാ ഗാന്ധിക്ക്‌ അയച്ചുകൊടുക്കുകയാണ്‌ ചെയ്‌തത്‌. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ ഓര്‍ത്തഡോക്‌സ്‌ സഭയെ അവഗണിച്ചുവെന്നാരോപിച്ച സഭാ നേതൃത്വം നാലു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന്‌ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്‌ നേതാക്കള്‍ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാപപരിഹാരം ചെയ്യാമെന്ന്‌ ഉറപ്പുകൊടുത്തപ്പോള്‍ മാത്രമാണ്‌ ഓര്‍ത്തഡോക്‌സ്‌ നേതാക്കള്‍ അടങ്ങിയത്‌. സംസ്ഥാനത്ത്‌ രണ്ടര വര്‍ഷത്തിനിടെ വായിച്ച ഇടയലേഖനങ്ങള്‍ക്ക്‌ കണക്കില്ല. എല്ലാം രാഷ്‌ട്രീയത്തില്‍ പ്രത്യക്ഷത്തില്‍ ഇടപെടുന്നതുമായിരുന്നു. സംസ്ഥാനത്ത്‌ രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം ചെയ്‌ത്‌ ബിഷപ്പുമാര്‍ പലേടത്തും പ്രസംഗിച്ചു. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിലും സ്വാശ്രയ കോളജുകള്‍ അമിത ഫീസ്‌ ഈടാക്കുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്‌തതിലും പ്രതിഷേധിച്ചായിരുന്നു വിമോചന സമരാഹ്വാനങ്ങള്‍. ഇതല്ലാതെ സഭയെ പ്രകോപിപ്പിക്കാന്‍ മറ്റൊന്നും ഈ സംസ്ഥാനത്തുണ്ടായിട്ടില്ല. ഇതിലൊന്നും പ്രകോപനമോ, വര്‍ഗീയതയോ, തീവ്രവാദമോ ആരും ദര്‍ശിച്ചില്ല. രാജ്യത്ത്‌ ഇടതുപക്ഷവും കോണ്‍ഗ്രസും പ്രചരിപ്പിക്കുന്നത്‌ കപട മതേതരത്വമാണെന്ന്‌ (സ്യൂഡോ സെക്യുലറിസം) പ്രഘോഷിക്കുന്നത്‌ ബി ജെ പിയും സംഘപരിവാര്‍ സംഘടനകളുമാണ്‌. ഇന്ന്‌ ക്രൈസ്‌തവ സഭാ നേതാക്കള്‍ ഈ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്‌ വ്യാജ മതേതരത്വാണെന്നാണ്‌ ഇവരുടെ വാദം. ചര്‍ച്ചുകളിലും ധ്യാനകേന്ദ്രങ്ങളിലും അടുത്തിടെ പുരോഹിതര്‍ നടത്തിയ പ്രസംഗങ്ങളെല്ലാം വ്യാജ മതേതരത്വത്തെ ചെറുക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ടുള്ളതാണ്‌. ബി ജെ പിയുടെ പ്രചാരണം ക്രിസ്‌തീയ പുരോഹിതരുടെ നാവുകളിലൂടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ വര്‍ഗീയതയിലേക്ക്‌ മനുഷ്യ മനസ്സുകളെ ചുരുക്കാന്‍ തന്നെയാണ്‌ തങ്ങളും ശ്രമിക്കുന്നത്‌ എന്ന അപകടം പുരോഹിതര്‍ പോലും ഉള്‍ക്കൊണ്ടിട്ടുണ്ട്‌ എന്ന്‌ തോന്നുന്നില്ല. നായര്‍ സര്‍വീസ്‌ സൊസൈറ്റി എന്ന സംഘടനയുടെ നിലപാട്‌ പരിശോധിക്കുക. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുമായി നിരന്തര യുദ്ധത്തിലാണ്‌ ഈ സംഘടനയും അതിന്റെ നേതാക്കളും. സര്‍ക്കാറിന്റെ പ്രതിനിധികളും എന്‍ എസ്‌ എസ്‌ നേതാക്കളും തമ്മിലുള്ള വാഗ്വാദം പലപ്പോഴും സഭ്യതയുടെ അതിരു ലംഘിക്കുന്ന അവസ്ഥ വരെയുണ്ടായി. കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും എന്‍ എസ്‌ എസ്‌ നേതാക്കളും തമ്മില്‍ വലിയ സൗഹൃദം രൂപപ്പെടുകയും ചെയ്‌തു. പത്തനംതിട്ടയില്‍ രമേശ്‌ ചെന്നിത്തല സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു എന്‍ എസ്‌ എസിന്റെ പ്രതീക്ഷ. അല്ലെങ്കില്‍ മറ്റേതെങ്കിലും നായര്‍ സ്ഥാനാര്‍ഥി. ഈ പ്രതീക്ഷ പൂവണിഞ്ഞില്ല. കോട്ടയത്ത്‌ സുരേഷ്‌ കുറുപ്പെന്ന തറവാടി നായരെ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുകയും ചെയ്‌തു. എന്‍ എസ്‌ എസ്സിന്റെ യു ഡി എഫ്‌ ആഭിമുഖ്യം സമദൂരത്തിലേക്ക്‌ പെട്ടെന്ന്‌ വഴിമാറിയത്‌ ഇതോടെയാണ്‌. ഇതിലൊന്നും ആരും വര്‍ഗീയതയോ സാമുദായികതയോ കാണുന്നില്ല.
പക്ഷേ, ഇപ്പുറത്ത്‌ മുസ്‌ലിം സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ ഇടപെടുമ്പോള്‍ വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്‍രെയും ആരോപണങ്ങള്‍ക്ക്‌ പഞ്ഞമില്ല. അത്‌ വലിയ ഉച്ചത്തില്‍ ഏറ്റുപാടാനും തെളിവ്‌ നിരത്താനും മാധ്യമങ്ങളുടെ പട ഉണ്ടുതാനും. മുസ്‌ലിം എന്നത്‌ വര്‍ഗീയതയുടെയും ഭീകരതയുടെയും പര്യായപദമാക്കി പ്രചരിപ്പിക്കുന്ന ആഗോള അജന്‍ഡ അറിഞ്ഞോ അറിയാതെയോ നമ്മുടെ പൊതു സമൂഹത്തില്‍ വേരുന്നിയിരിക്കുന്നുവെന്നതാണ്‌ വസ്‌തുത. ഭീകരബന്ധത്തെക്കുറിച്ച്‌ അടുത്തിടെ നടന്ന അന്വേഷണവും അതിന്റെ പിന്നാലെ അര്‍ധ സത്യങ്ങളും നുണകളും ചേരുംപടി ചേര്‍ത്ത്‌ സൃഷ്‌ടിക്കപ്പെട്ട സംഭ്രമജനകമായ വാര്‍ത്തകളും ഈ അജന്‍ഡ സ്വീകാര്യമാക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അതിന്‌ വളമേകും വിധത്തിലാണ്‌ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികളും അതിന്റെ നേതാക്കളും പ്രവര്‍ത്തിക്കുന്നത്‌. വാക്കര്‍ഥം പോലും മനസ്സിലാക്കാതെ വര്‍ഗീയത, തീവ്രവാദം, ഭീകരവാദം തുടങ്ങിയ വാക്കുകള്‍ യഥേഷ്‌ടം അവര്‍ ഉപയോഗിക്കുന്നതും അതുകൊണ്ടാണ്‌. ഈ പദങ്ങള്‍ തമ്മിലുള്ള അര്‍ഥവ്യത്യാസം പോലും അപ്രസക്തമാവുകയും ചെയ്യുന്നു. ഇവ വ്യവച്ഛേദിക്കാതെ നടത്തുന്ന ഈ പ്രചാരണങ്ങള്‍ സമൂഹത്തിലുണ്ടാക്കാന്‍ ഇടയുള്ള ആഴത്തിലുള്ള വിള്ളലുകളെക്കുറിച്ച്‌ ഇവര്‍ക്ക്‌ ആശങ്കകളില്ലെന്നതാണ്‌ ഏറെ പ്രയാസമേറ്റുന്ന സംഗതി. ഹിന്ദു വര്‍ഗീയവാദത്തോട്‌ ഇനിയും ആഭിമുഖ്യം പുലര്‍ത്താത്ത ഒരു സമൂഹം നിലനില്‍ക്കുന്നിടത്താണ്‌ ഈ പ്രചാരണങ്ങളെന്നത്‌ ഗൗരവം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മത, സമുദായ നേതൃത്വങ്ങളെയും സംഘടനകളെയും രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തുക എന്നത്‌ അപ്രായോഗികമാണ്‌. വസ്‌തുതകളെ ആധാരമാക്കി സംസാരിക്കാനും രാഷ്‌ട്രീയ മുതലെടുപ്പ്‌ മാത്രം മുന്‍നിര്‍ത്തി ആരോപണങ്ങളുന്നയിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാനും രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും തയ്യാറാവുക എന്നതാണ്‌ ഉചിതമായ പോംവഴി. വോട്ട്‌ മുന്‍നിര്‍ത്തി നയ നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനും. സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുന്നതുപോലുള്ള പ്രത്യക്ഷ ഇടപെടലുകളില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ മത, സമുദായ സംഘടനകളും ശ്രദ്ധിക്കേണ്ടതുണ്ട്‌.

2009-04-16

കുരുതിക്കളത്തിലെ പുതിയ വിവരങ്ങള്‍


``ഗര്‍ഭിണിയായ യുവതിയുടെ വയറു പിളര്‍ന്നുവെന്ന്‌ എനിക്കെതിരായ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവിടെ ഈ ഗര്‍ഭിണിയുണ്ടായിരുന്നു. ഞാന്‍ അവരുടെ വയറു പിളര്‍ന്നു. എന്താണ്‌ ചെയ്യാന്‍ കഴിയുക എന്നു കാണിച്ചുകൊടുത്തു. ഞങ്ങളുടെ ആളുകളെ കൊന്നാല്‍ എന്തുതരം പ്രതികാരമുണ്ടാവുമെന്ന്‌. ഞാനൊരു പച്ചരി തിന്നുന്ന ദുര്‍ബലനല്ല. ആരെയും ഒഴിവാക്കിയില്ല...അവര്‍ പെറ്റുപെരുകാന്‍ അനുവദിച്ചുകൂട. ഞാനിപ്പോഴും പറയും, അവര്‍ ആരായാലും, സ്‌ത്രീകളോ കുട്ടികളോ ആരായാലും ഒന്നും ചെയ്യാനാവില്ല... വെട്ടിത്തള്ളുക മാത്രം. അവരെ തകര്‍ക്കണം, കത്തിക്കണം ഈ...പലരും കൊള്ളയടിക്കാനായി സമയം പാഴാക്കി. ആവരെ ജീവനോടെ വിടരുത്‌, അതിനു ശേഷം എല്ലാം നമുക്കുള്ളതല്ലേ''- ബാബു ബജ്‌രംഗി എന്ന ബജ്‌രംഗ്‌ദള്‍ നേതാവിന്റെതാണ്‌ ഈ വാക്കുകള്‍. ഗുജറാത്ത്‌ വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും സംഘ്‌ പരിവാര്‍ സംഘടനാ നേതാക്കളുടെയും പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പങ്ക്‌ അന്വേഷിച്ച തെഹല്‍ക്കയുടെ ഒളി ക്യാമറാ സംഘത്തോട്‌ `അഭിമാന'ത്തോടെ ബാബു ബജ്‌രംഗി പറഞ്ഞതാണിത്‌.
കേസില്‍ പ്രതിയായ ശേഷം മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പോലീസ്‌ ഉദ്യോഗസ്ഥരും തന്നെ ഏതുവിധത്തില്‍ സഹായിച്ചുവെന്നും ബാബു ബജ്‌രംഗി വിശദമായി സംസാരിക്കുന്നുണ്ട്‌. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ കുരുതികളിലൊന്നില്‍ പങ്കാളിയായെന്നു സ്വയം അവകാശപ്പെടുന്ന ബജ്‌രംഗിയെ ഗുജറാത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. പിന്നീട്‌ ഇയാള്‍ക്കു ജാമ്യം കിട്ടി. നരോദ പാട്യ, നരോദ ഗാം എന്നിവിടങ്ങളില്‍ നടന്ന കൂട്ടക്കൊലകളില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. പക്ഷേ, ജാമ്യത്തിന്റെ ബലത്തില്‍ സ്വതന്ത്രനായി നടക്കുകയാണ്‌ ബാബു ബജ്‌രംഗി.
2002ലെ ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ രണ്ടായിരത്തിലേറെ കേസുകളാണ്‌ ഗുജറാത്ത്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇതില്‍ നരോദ പാടിയ, നരോദ ഗാം, ഗുല്‍ബര്‍ഗ സൊസൈറ്റി തുടങ്ങി കുപ്രസിദ്ധമായ കേസുകള്‍ ഒഴികെ രണ്ടായിരത്തോളം കേസുകള്‍ അവസാനിപ്പിക്കാന്‍ ഗുജറാത്ത്‌ പോലീസ്‌ പിന്നീട്‌ കോടതിയുടെ അനുമതി തേടി. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളുടെയും ഇടപെടല്‍ കേസുകള്‍ അവസാനിപ്പിക്കാനുള്ള ഗുജറാത്ത്‌ പോലീസിന്റെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയായി. രണ്ടായിരത്തോളം കേസുകളും പുനരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. നരോദ പാട്ടിയ, നരോദ ഗാം തുടങ്ങിയ കുപ്രസിദ്ധമായ കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിന്‌ സി ബി ഐ മുന്‍ ഡയറക്‌ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും കോടതി നിയോഗിച്ചു. ഈ സംഘം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ ഗുജറാത്ത്‌ സര്‍ക്കാറിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞുനടന്നുവെന്നാണ്‌ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ബെസ്റ്റ്‌ ബേക്കറി കേസിലും മറ്റും നിര്‍ണായക ഇടപെടല്‍ നടത്തിയ ടീസ്റ്റ സെറ്റില്‍വാദിനെപ്പോലുള്ളവരെ പേരെടുത്ത്‌ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നുണ്ടെന്ന്‌ റോത്തഗി പറയുന്നു.
ഇന്ത്യയിലെ കുറ്റാന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത സംബന്ധിച്ച്‌ നിലനില്‍ക്കുന്ന ആശങ്കകള്‍ ഉറപ്പിക്കുന്നതാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. നരേന്ദ്ര മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന മായാബെന്‍ കൊദ്‌നാനിയെയും വി എച്ച്‌ പി നേതാവ്‌ ജയ്‌ദീപ്‌ പട്ടേലിനെയും നരോദ ഗാം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ്‌ ചെയ്‌തവരാണ്‌ പ്രത്യേക അന്വേഷണ സംഘം. നരോദ പാട്ടിയ കൂട്ടക്കൊലക്കേസില്‍ മായാ ബെന്‍ കൊദ്‌നാനിക്കെതിരെ കുറ്റം ചുമത്തുകയും ചെയ്‌തു. ഏഴു വര്‍ഷത്തിന്‌ ശേഷം ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുവെന്ന പ്രതീതിയാണ്‌ ഈ നടപടികളുണ്ടാക്കിയത്‌. എന്നാല്‍ ടീസ്റ്റ സെറ്റല്‍വാദും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കുകയും അതിനായി കള്ള സാക്ഷികളെ ഹാജരാക്കുകയും ചെയ്‌തുവെന്ന്‌ പ്രത്യേക അന്വേഷണ സംഘം ആരോപിക്കുമ്പോള്‍ വൈകിയെങ്കിലും നീതി നടപ്പാകുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയാണ്‌. കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോള്‍ അഹമ്മദാബാദ്‌ സിറ്റി പോലീസ്‌ കമ്മീഷണറായിരുന്ന പി സി പാണ്ഡെക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അസ്ഥാനത്താണെന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൗസര്‍ ബാനു എന്ന ഗര്‍ഭിണിയുടെ വയറു കീറി ഭ്രൂണം പുറത്തെടുത്തു തുടങ്ങിയ പ്രചാരണങ്ങളും അവാസ്‌തവമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. തെഹല്‍ക്കയുടെ ഒളി ക്യാമറാ സംഘത്തോട്‌ ബാബു ബജ്‌രംഗി സമ്മതിച്ച കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം തള്ളിക്കളയുമ്പോള്‍ ഇവര്‍ ആര്‍ക്കു വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതു സംബന്ധിച്ച്‌ സംശയം ഉയരുകയാണ്‌. കൂട്ടക്കൊലകള്‍ നടക്കുമ്പോള്‍ കമ്മീഷണറായിരുന്ന പി സി പാണ്ഡെ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന മൊഴികളും തെഹല്‍ക്കയുടെ ടേപ്പിലുണ്ട്‌. പക്ഷേ, ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ആക്രമണം നടക്കുമ്പോള്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും സ്ഥലത്ത്‌ പോലീസ്‌ ബന്തവസ്സ്‌ ഏര്‍പ്പെടുത്താനുമാണ്‌ പാണ്ഡെ ശ്രമിച്ചതെന്ന്‌ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്സിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപ്പിടിച്ച്‌ 58 പേര്‍ മരിച്ച സംഭവത്തിന്‌ ശേഷം അഹമ്മദാബാദ്‌ നഗരത്തില്‍ ഒറ്റപ്പെട്ട അക്രമങ്ങളല്ല ഉണ്ടായത്‌. അക്രമം ഒരു ദിവസം കൊണ്ട്‌ കെട്ടടങ്ങിയുമില്ല. ദിവസങ്ങള്‍ നീണ്ട സംഘടിതമായ ആക്രമണങ്ങളാണ്‌ നടന്നത്‌. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഒരേ സമയം ആക്രമിക്കപ്പെട്ടു. ഒരു സിറ്റി പോലീസ്‌ കമ്മീഷണര്‍ ഏര്‍പ്പെടുത്തുന്ന ബന്തവസ്സ്‌ കൊണ്ട്‌ തടയാവുന്നതായിരുന്നില്ല അക്രമങ്ങള്‍. മാത്രമല്ല ക്രമസമാധാന പാലനത്തിന്‌ രംഗത്തിറങ്ങിയ പോലീസ്‌ സേന പലേടത്തും അക്രമികളെ സഹായിച്ചുവെന്നതിന്‌ തെളിവുകളുണ്ട്‌.
ഗുജറാത്ത്‌ പോലീസില്‍ എ ഡി ജി പിയായി വിരമിച്ച ആര്‍ ബി ശ്രീകുമാര്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്‌. ആസൂത്രിതമായ കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോള്‍ മോഡി മന്ത്രിസഭയിലെ അംഗങ്ങളും അഹമ്മദാബാദ്‌ കമ്മീഷണറായിരുന്ന പി സി പാണ്ഡെ അടക്കമുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയ സി ഡി പരിശോധിക്കണമെന്ന ആവശ്യവും ആര്‍ ബി ശ്രീകുമാര്‍ ഉന്നയിച്ചിരുന്നു. കൊലയിലും കൊള്ളിവെപ്പിലും മന്ത്രിമാര്‍ക്കും പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക്‌ തെളിയിക്കാന്‍ ഇത്‌ സഹായിക്കുമെന്നാണ്‌ ജസ്റ്റിസ്‌ നാനാവതി കമ്മീഷനെ ശ്രീകുമാര്‍ അറിയിച്ചത്‌. ബാബു ബജ്‌രംഗി തെഹല്‍ക്കയുടെ ഒളി ക്യാമറാ സംഘത്തോട്‌ പറഞ്ഞതും പോലീസിന്റെ ഉന്നത തലത്തില്‍ നിന്ന്‌ വിരമിച്ച ആര്‍ ബി ശ്രീകുമാര്‍ വെളിപ്പെടുത്തിയതുമായ കാര്യങ്ങള്‍ ഏതെങ്കിലും മനുഷ്യാവകാശ സംഘടനകളുടെയോ ഒരു ടീസ്റ്റ സെറ്റല്‍വാദിന്റെയോ സമ്മര്‍ദത്തിന്റെ ഫലമാണെന്ന്‌ പ്രത്യേക അന്വേഷണ ഏജന്‍സി വിശ്വസിച്ചു പോയോ ആവോ? അഹമ്മദാബാദ്‌ ആകെ കത്തിയെരിയുമ്പോള്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയുടെ പരിസരത്ത്‌ മാത്രം സിറ്റി പോലീസ്‌ കമ്മീഷണര്‍ പോയത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യവും പ്രസക്തമാണ്‌. അക്രമം നിയന്ത്രിക്കാന്‍ ഉത്തരവാദിത്തമുള്ള പോലീസ്‌ ഉദ്യോഗസ്ഥന്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ യത്‌നിക്കുകയായിരുന്നുവെന്ന കണ്ടെത്തലും അരിഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയില്ല.
എന്തുകൊണ്ട്‌ സി ബി ഐ മുന്‍ ഡയറക്‌ടര്‍ ആര്‍ കെ രാഘവനെപ്പോലെ സമുന്നതനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഇത്തരം നിഗമനത്തിലെത്തി എന്ന്‌ മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിക്കണം. രാജ്യത്തെ പോലീസ്‌ സംവിധാനത്തില്‍ ഭൂരിപക്ഷ വര്‍ഗീയതക്കുള്ള സ്വാധീനത്തിന്റെ തെളിവ്‌ ഈ ചരിത്രം നല്‍കും. 1971ലെ തലശ്ശേരി കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. ``അക്രമികളെ തുരത്താന്‍ രംഗത്തിറങ്ങിയ പോലീസുകാരില്‍ ചിലര്‍ മുസ്‌ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക്‌ ഓടിക്കോ എന്ന്‌ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇത്തരം ആക്രോശങ്ങളില്‍ നിന്ന്‌ അവരെ പിന്തിരിപ്പിക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന്‌ അന്ന്‌ ഡെപ്യൂട്ടി കലക്‌ടറായിരുന്നയാള്‍ മൊഴി നല്‍കിയിട്ടുണ്ട്‌''. ബീഹാറിലെ ബഗല്‍പൂര്‍, മഹാരാഷ്‌ട്രയിലെ മുംബൈ തുടങ്ങി വര്‍ഗീയ കലാപമുണ്ടായ സ്ഥലങ്ങളിലെല്ലാം നമ്മുടെ പോലീസ്‌ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്‌. ചിലയിടങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പോലീസ്‌ തിരഞ്ഞു പിടിച്ച്‌ ആക്രമിക്കുക പോലുമുണ്ടായി. പോലീസ്‌ സേനയില്‍ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ സ്വാധീനത്തെക്കുറിച്ച്‌ 1981ല്‍ കേന്ദ്ര സര്‍ക്കാര്‍ ന'#3391;യോഗിച്ച പോലീസ്‌ നവീകരണ കമ്മീഷന്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ഇത്‌ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തിരുന്നു. പക്ഷേ, ഇന്നോളം ഒന്നുമുണ്ടായിട്ടില്ല. ഇതുതന്നെയാണ്‌ ഗുജറാത്ത്‌ വംശഹത്യക്കിടെ പോലീസ്‌ ചെയ്‌തത്‌. പോലീസ്‌ ഉദ്യോഗസ്ഥരില്‍ ചിലര്‍ കൂട്ടക്കൊലക്ക്‌ ഒത്താശ ചെയ്‌തുകൊടുത്തു. വേണ്ടത്ര പോലീസിനെ വിന്യസിക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക്‌ സഹായം നല്‍കി. അക്രമം തടയുന്നതിന്‌ പട്ടാളത്തെ വിന്യസിക്കാനുള്ള അന്നത്തെ രാഷ്‌ട്രപതി കെ ആര്‍ നാരായണന്റെ ശിപാര്‍ശ തള്ളിക്കൊണ്ട്‌ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന വാജ്‌പയ്‌ സര്‍ക്കാറും ഒത്താശ ചെയ്‌തു. ഈ നാടകത്തിന്റെ ബാക്കി രംഗത്തിന്റെ തിരക്കഥയായി മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ കാണാനാകൂ.
സുപ്രീം കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ മോഡി മന്ത്രിസഭയിലെ ഒരംഗത്തെയും വി എച്ച്‌ പിയുടെ മുതിര്‍ന്ന നേതാവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തത്‌ ഗുജറാത്തില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ്‌ സാധ്യതകള്‍ക്ക്‌ ഒരു പരിധിവരെ തിരിച്ചടി നല്‍കി. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ ഒരു പ്രത്യേക ഭാഗം മാത്രം ഗുജറാത്ത്‌ സര്‍ക്കാറിന്റെ അഭിഭാഷകനായ മുകുള്‍ റോത്തഗി മാധ്യമങ്ങള്‍ക്ക്‌ നല്‍കുന്നതിലെ രാഷ്‌ട്രീയം വ്യക്തമാണ്‌. പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ നരേന്ദ്ര മോഡിക്കും ബി ജെ പിക്കുമുണ്ടാക്കിയ കോട്ടങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം ഈ മുതിര്‍ന്ന അഭിഭാഷകന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന്‌ കരുതേണ്ടിവരും. നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണത്തിന്‌ പകരം `എല്ലാവര്‍ക്കും സ്വീകാര്യമായ' അന്വേഷണമാണ്‌ പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്‌ എന്നും അനുമാനിക്കണം. ബി ജെ പിയുടെയും വി എച്ച്‌ പിയുടെയും നേതാക്കളെ വംശഹത്യാക്കേസില്‍ അറസ്റ്റ്‌ ചെയ്യുമ്പോള്‍ തന്നെ അവരുടെ പ്രമുഖ വിമര്‍ശകരെയെല്ലാം കുറ്റപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രദ്ധിച്ചിരിക്കുന്നു. പോലീസിലെ സഹജീവികളെ രക്ഷിച്ചെടുക്കാനും അവര്‍ തത്രപ്പെടുന്നു. 1984ലെ സിഖ്‌ വംശഹത്യാക്കേസില്‍ ആരോപണവിധേയനായ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചയുടന്‍ നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ സി ബി ഐയുടെ പാരമ്പര്യം പ്രത്യേക അന്വേഷണ സംഘം കാത്തു സൂക്ഷിക്കുകയാണ്‌.
ഗുജറാത്ത്‌ പോലീസ്‌ അട്ടിമറിച്ച ബെസ്റ്റ്‌ ബേക്കറി കേസില്‍ നീതിയുടെ പക്ഷത്തു നിന്ന്‌ പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ്‌ ടീസ്റ്റ സെറ്റല്‍വാദ്‌. നിയമപാലനവും നീതിനിര്‍വഹണവും ഉറപ്പാക്കാന്‍ ഭരണഘടനാനുസൃതമായി രൂപവത്‌കരിക്കപ്പെട്ട കാക്കത്തൊള്ളായിരം സംവിധാനങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ്‌ ടീസ്റ്റയും മറ്റു സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളും ബെസ്റ്റ്‌ ബേക്കറി കേസില്‍ ഇടപെട്ടത്‌. മുഖ്യ സാക്ഷി സാഹിറ ശൈഖ്‌ പലതവണ സാക്ഷിമൊഴി മാറ്റിയപ്പോള്‍ കേസിന്റെ ഗതി മാറിപ്പോയി എന്നത്‌ മറ്റൊരു ചരിത്രം. മൊഴിമാറ്റത്തിന്‌ സാഹിറയെ സുപ്രീം കോടതി ശിക്ഷിച്ചു. പക്ഷേ, കുടുംബാംഗങ്ങള്‍ വെന്തുമരിക്കുന്നതിന്‌ സാക്ഷിയാകേണ്ടിവന്ന നിസ്സഹായയായ യുവതി എന്തുകൊണ്ട്‌ മൊഴിമാറ്റി എന്ന്‌ അന്വേഷിക്കാന്‍ കോടതിയോ ഭരണഘടനാ സംവിധാനങ്ങളോ ഉണ്ടായില്ല.
സാഹിറയെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ബി ജെ പി നേതാക്കളുടെ പേരുകള്‍ എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. പക്ഷേ, അവര്‍ക്കെതിരെ നടപടികളുണ്ടായില്ല. അത്തരം ഒരു നീതി നിര്‍വണ സംവിധാനത്തിന്റെ പ്രയോക്താക്കളായിരിക്കുന്നവരാണ്‌ ഇപ്പോള്‍ ടീസ്റ്റ സെറ്റല്‍വാദും മറ്റും കള്ള സാക്ഷികളെ ഹാജരാക്കിയെന്ന്‌ ആരോപിക്കുന്നത്‌. നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ഭരണകൂടം നിലനില്‍ക്കുകയാണ്‌. ആരോപണവിധേയരായ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥാനക്കയറ്റം ലഭിച്ചു. പി സി പാണ്ഡെ ഗുജറാത്ത്‌ ഡി ജി പിയായി. ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയുള്ള പ്രതികള്‍ സര്‍വതന്ത്രസ്വതന്ത്രരായി, ഭീഷണികള്‍ മുഴക്കിക്കൊണ്ടു വിഹരിക്കുന്നു. ഇരകളില്‍ ആരെങ്കിലും മൊഴി നല്‍കാനുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കാനാവുമോ? നിര്‍ബന്ധിത സാഹചര്യത്തില്‍ സാക്ഷികളെ പഠിപ്പിക്കേണ്ടിവന്നിട്ടുണ്ടാവും. ധര്‍മവും സത്യവും നിലനിര്‍ത്തുന്നതിനുള്ള യുദ്ധം ജയിക്കുന്നതിന്‌ ചെറിയ നുണകള്‍ പറയുന്നതില്‍ തെറ്റില്ലെന്ന്‌ ധര്‍മപുത്രര്‍ക്ക്‌ സാക്ഷാല്‍ ശ്രീകൃഷ്‌ണന്‍ നല്‍കിയ ഉപദേശം `ആര്‍ഷ ഭാരത സംസ്‌കാര'ത്തിന്റെ ഭാഗമാണ്‌ - അന്ന്‌ വധിക്കപ്പെട്ടത്‌ ഗുരുവായ ദ്രോണരും. ഇവിടെ കറതീര്‍ന്ന ക്രിമിനലുകള്‍ക്കെതിരെയാണ്‌ യുദ്ധം. അതില്‍ ചെറിയ നുണകള്‍ അപ്രസക്തമാണ്‌. കാരണം കരുതിക്കൂട്ടിച്ചെയ്‌ത അധര്‍മം അത്ര വലുതാണ്‌.

2009-04-12

ഖദറില്‍ ചോരക്കറ


രോ രാജ്യത്തിനും അതിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന അടിസ്ഥാന മേഖലയുണ്ടാവും. ചിലയിടങ്ങളില്‍ അത്‌ കൃഷിയായിരിക്കും. മറ്റു ചില രാജ്യങ്ങള്‍ക്ക്‌ വിനോദ സഞ്ചാരം. പിന്നെയൊരിടത്ത്‌ സേവന രംഗമായിരിക്കും. ഭൂമിശാസ്‌ത്ര ഘടന, പ്രകൃതി വിഭവങ്ങള്‍, ധാതു സമ്പത്ത്‌, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലുണ്ടായ പുരോഗതി എന്നിവയാണ്‌ ഓരോ രാജ്യത്തിന്റെയും നിലനില്‍പ്പിന്‌ ആധാരമായ മേഖലകളെ നിര്‍ണയിക്കുന്നത്‌. ജനത ഉയിരെടുക്കുകയും പരമ്പരകളായി ജീവിച്ചുവരികയും ചെയ്‌ത ഭൂമി അവന്റെ രാജ്യമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ക്ക്‌ പ്രസക്തിയുള്ളൂ. അധിനിവേശത്തിലൂടെ കയ്യടക്കുകയും അവിടേക്ക്‌ ജനതയെ കുടിയിരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം സ്വാഭാവികതകളൊന്നും പ്രസക്തമല്ല. അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ്‌ അടിച്ചമര്‍ത്തുക എന്നതു തന്നെയാവും കയ്യേറ്റം നടത്തിയ ജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനം. ഇതാണ്‌ ഇസ്‌റാഈല്‍ എന്ന രാജ്യത്തിന്റെ സ്ഥിതിയും. സഹായത്തിന്‌ അമേരിക്കയും ബ്രിട്ടനുമൊക്കെയുണ്ടായിരുന്നുവെങ്കിലും ആയുധബലമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലായിരുന്നു അവര്‍ക്ക്‌. അമേരിക്കയില്‍ നിന്നും മറ്റും ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയ ഇസ്‌റാഈല്‍ ഭരണകൂടം പിന്നീട്‌ സ്വയം ആയുധങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മൂന്ന്‌ ആയുധ ഫാക്‌ടറികളുണ്ട്‌ ഇപ്പോള്‍ ഇസ്‌റാഈലില്‍. സ്വകാര്യ മേഖലയില്‍ 150 എണ്ണവും. ഇസ്‌റാഈലിന്‌ വേണ്ട ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം ആഗോള ആയുധ വിപണിയുടെ വലിയൊരു ഭാഗം ഇവ സ്വന്തമാക്കിയിരിക്കുന്നു. പ്രതിവര്‍ഷം 350 കോടി അമേരിക്കന്‍ ഡോളറാണ്‌ ഈ കമ്പനികള്‍ വഴി ലഭിക്കുന്ന വരുമാനം. ഇത്‌ ഔദ്യോഗികമായ കണക്ക്‌ മാത്രമാണ്‌. അനൗദ്യോഗിക ആയുധ ഇടപാടുകളും അതുവഴി ലഭിക്കുന്ന കോടികളും പുറമെ. രാജ്യങ്ങള്‍ക്കു മാത്രമല്ല ഇസ്‌റാഈല്‍ കമ്പനികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നത്‌. പണമുള്ള ആരുമായും അവര്‍ ആയുധ ഇടപാട്‌ നടത്തും. ലാഭമെടുക്കും.
ഇസ്‌റാഈലിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ആയുധ കമ്പനികള്‍ വഹിക്കുന്ന പങ്ക്‌ നിര്‍ണായകവുമാണ്‌. 2008ലെ കണക്കനുസരിച്ച്‌ ഇസ്‌റാഈലിലെ ആകെ ജനസംഖ്യ 71,12,359 ആണ്‌. ഇതില്‍ ഇസ്‌റാഈല്‍ പ്രദേശത്ത്‌ മാത്രമുള്ളത്‌ 33,53,936 പേര്‍ മാത്രം. ഇവരില്‍ അമ്പതിനായിരം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്നത്‌ ആയുധക്കമ്പനികളാണ്‌. അതായത്‌ ഇസ്‌റാഈലികളുടെ ആളോഹരി വരുമാനത്തില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്നുണ്ട്‌ ഈ കമ്പനികള്‍ എന്ന്‌ അര്‍ഥം. കേരളത്തിലെ ജനസംഖ്യ മൂന്നു കോടിയിലധികമാണെന്നത്‌ കൂടി കണക്കിലെടുക്കുമ്പോള്‍ ആയുധക്കമ്പനികള്‍ 50,000 പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്നുവെന്ന്‌ പറയുന്നതിലെ വലിപ്പം മനസ്സിലാവും. 2008ലെ കണക്കനുസരിച്ച്‌ 1,87,000 പേരാണ്‌ ഇസ്‌റാഈല്‍ സൈന്യത്തിലുള്ളത്‌. 4,08,000 പേര്‍ റിസര്‍വായുമുണ്ട്‌. കരയില്‍ നിന്ന്‌ പ്രയോഗിക്കാവുന്ന 14,200 ഇനം ആയുധങ്ങള്‍ ഇസ്‌റാഈല്‍ വികസിപ്പിച്ചിട്ടുണ്ട്‌. ദൂരത്തിലുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ള തരം ആയുധങ്ങള്‍ 2,783 ഇനമുണ്ട്‌. പടക്കപ്പലുകള്‍ 18. പോര്‍വിമാനങ്ങള്‍ 1,230 എണ്ണം. 386 ഹെലിക്കോപ്‌റ്ററുകളും. ഇതെല്ലാം ഔദ്യോഗികമായ കണക്കുകള്‍ മാത്രമാണ്‌. ഇത്രയും വലിയ ആയുധ ശേഖരം സ്വന്തമാക്കിയതിനു ശേഷമാണ്‌ ഇസ്‌റാഈല്‍ വിദേശ രാജ്യങ്ങളിലേക്ക്‌ ആയുധക്കയറ്റുമതി നടത്തി കോടികള്‍ സമ്പാദിക്കുന്നത്‌. വാര്‍ഷിക ബജറ്റില്‍ പ്രതിരോധത്തിന്‌ നീക്കിവെക്കുന്നത്‌ കോടികളാണ്‌. 1999ലെ പ്രതിരോധ ബജറ്റ്‌ 1870 കോടി ഡോളറായിരുന്നു. ആയുധ നിര്‍മാണം, സുസജ്ജമായ സേനയെ നിലനിര്‍ത്തല്‍ എന്നിവക്ക്‌ ഇസ്‌റാഈല്‍ നല്‍കുന്ന പ്രാമുഖ്യം വെളിവാക്കാനാണ്‌ ഈ കണക്കുകള്‍ നിരത്തിയത്‌.
സ്വന്തം ദേശത്തു നിന്ന്‌ നിഷ്‌കാസിതരായ, ഏറെക്കുറെ ഒരു ആള്‍ക്കൂട്ടത്തിന്റെ ശക്തിമാത്രം ശേഷിക്കുകയും ചെയ്യുന്ന ഫലസ്‌തീന്‍ ജനതയെ നേരിടുക എന്നതാണ്‌ ഈ സജ്ജീകരണങ്ങളുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. സാമ്രാജ്യത്വ ശക്തികളുടെ കരുത്തില്‍ ലബനനില്‍ നിന്നും സിറിയയില്‍ നിന്നും പിടിച്ചെടുത്ത പ്രദേശങ്ങള്‍ സംരക്ഷിക്കുക എന്നതും. സംരക്ഷണത്തിനു മാത്രമല്ല, പലപ്പോഴും കടന്നാക്രമണത്തിനും ഇത്‌ ഉപയോഗിക്കുന്നു. ഗാസയും വെസ്റ്റ്‌ ബാങ്കും ഉള്‍ക്കൊള്ളുന്ന ചെറിയ പ്രദേശത്തു മാത്രമായി ഒതുങ്ങിയിരിക്കുകയാണ്‌ പലസ്‌തീന്‍ ജനത. അവര്‍ക്ക്‌ ഭക്ഷണം, ഔഷധം തുടങ്ങി അവശ്യവസ്‌തുക്കളും കുടിവെള്ളം വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാവേണ്ടത്‌ ഇസ്‌റാഈലിന്റെ അധിനിവിഷ്‌ട പ്രദേശങ്ങളിലൂടെയാണ്‌. വെസ്റ്റ്‌ ബാങ്കിലും ഗാസയിലും വേണ്ട വൈദ്യുതിയുടെ ഒരു വിഹിതം നല്‍കേണ്ടതും ഇസ്‌റാഈലാണ്‌. ഭക്ഷ്യവസ്‌തുക്കളുടെയും ഔഷധത്തിന്റെയും വിതരണം ഇസ്‌റാഈല്‍ ഇടക്കിടെ നിര്‍ത്തിവെക്കും. വൈദ്യുതി വിതരണവും തടസ്സപ്പെടുത്തും. ജന്മദേശത്ത്‌ അഭയാര്‍ഥികളെപ്പോലെ കഴിയുന്ന ഫലസ്‌തീന്‍ ജനത ഇതോടെ കൂടുതല്‍ ദുരിതത്തിലാവും. ഈ ദുരിതത്തിന്റെ ഇടയിലേക്കാണ്‌ ഇസ്‌റാഈലി ടാങ്കുകള്‍ പാഞ്ഞുകയറുക. പോര്‍വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുക. മിസൈലുകള്‍ തീ തുപ്പുക. വിദേശ രാജ്യങ്ങള്‍ക്ക്‌ ആയുധം വില്‍ക്കുന്നതിലൂടെ കിട്ടുന്ന പണമാണ്‌ ഇതിനെല്ലാം ഇസ്‌റാഈലിന്‌ കരുത്ത്‌ നല്‍കുന്നത്‌.
ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണം അന്താരാഷ്‌ട്ര സമൂഹത്തിന്റെ വലിയ വിമര്‍ശം വിളിച്ചുവരുത്തിയിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്‌ട്ര സഭയുടെ നിര്‍ദേശം ലംഘിച്ചാണ്‌ ആഴ്‌ചകളോളം ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ അഴിഞ്ഞാടിയത്‌. അഞ്ഞൂറിലേറെ ഫലസ്‌തീനികള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസ്‌ പോരാളികള്‍ക്കു നേരെ എന്ന പേരില്‍ നടത്തിയ ആക്രമണങ്ങളില്‍ പലതും ജനാധിവാസ പ്രദേശങ്ങള്‍ക്കു നേര്‍ക്കുള്ളതായിരുന്നു. കൊല്ലപ്പെട്ടവരില്‍ സ്‌ത്രീകളും കുട്ടികളുമായിരുന്നു ഭൂരിഭാഗവും. ഈ ആക്രമണത്തിന്‌ ശേഷം സൈന്യത്തിന്‌ അടിയന്തര സഹായമായി ഇസ്‌റാഈല്‍ സര്‍ക്കാര്‍ അനുവദിച്ചത്‌ 59 കോടി ഡോളറായിരുന്നു. പുതിയ ആയുധങ്ങള്‍ സേനയുടെ ഭാഗമാക്കി, അടുത്ത ആക്രമണത്തിന്‌ തയ്യാറെടുക്കുന്നതിനുള്ള പണമായിരുന്നു ഇത്‌. ഇതിനു പുറമെ പ്രതിരോധ ബജറ്റില്‍ വലിയ വര്‍ധനയും വരുത്തി. അതിനു ശേഷമാണ്‌ പ്രധാനമന്ത്രി യെഹൂദ്‌ ഓള്‍മെര്‍ട്ട്‌ സ്ഥാനമൊഴിഞ്ഞത്‌. സൈന്യത്തിനും സൈന്യത്തെ ആധുനികവത്‌കരിച്ച്‌ നിലനിര്‍ത്തുന്നതിനും ഇസ്‌റാഈല്‍ നല്‍കുന്ന പ്രാധാന്യം ഇതില്‍ നിന്ന്‌ കൂടുതല്‍ വ്യക്താവുന്നു.
കണക്കൂകള്‍ ചുരുക്കത്തില്‍ വ്യക്തമാക്കുന്നത്‌ ഇതാണ്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ ആയുധക്കയറ്റുമതിയിലൂടെ പ്രതിവര്‍ഷം 350 കോടി ഡോളര്‍ ഇസ്‌റാഈല്‍ സമ്പാദിക്കുന്നു. ഏറെക്കുറെ സമാനമായ തുക വര്‍ഷംതോറും സൈന്യത്തെ ആക്രമണ സജ്ജമാക്കി നിര്‍ത്താന്‍ ഇസ്‌റാഈല്‍ ചെലവഴിക്കുന്നു. ഗാസയില്‍ അടുത്തിടെ നടന്ന ആക്രമണത്തിന്‌ ശേഷം സൈന്യത്തെ സജ്ജമാക്കി നിര്‍ത്താന്‍ 59 കോടി അനുവദിച്ച ഓല്‍മെര്‍ട്ട്‌ സര്‍ക്കാറിന്റെ നടപടി വിലയിരുത്തിയാല്‍ ഈ കണക്കില്‍ വലിയ തെറ്റുണ്ടാവില്ല. ഈ ആക്രമണ ഫണ്ടിലേക്ക്‌ തങ്ങളുടെ വിഹിതം ഉറപ്പാക്കിക്കൊണ്ടാണ്‌ ഇസ്‌റാഈലീ ആയുധക്കമ്പനികളുമായി ഏഴായിരം കോടിയിലേറെ ഡോളറിന്റെ കരാര്‍ ഇന്ത്യ ഒപ്പുവെക്കുന്നത്‌. യഥാര്‍ഥ കരാര്‍ പതിനായിരം കോടിയുടെതാണെന്നും ഇടനിലക്കാരുടെ കമ്മീഷനും മറ്റു വിഹിതങ്ങളും കിഴിച്ചാണ്‌ കരാര്‍ ഏഴായിരത്തിലേറെ കോടിയുടെതാവുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാറിന്റെ വിശദാംശങ്ങളൊന്നും ഇന്ത്യാ ഗവണ്‍മെന്റ്‌ പുറത്തുവിടാത്തതുകൊണ്ട്‌ ഇത്തരം കേട്ടുകേള്‍വികളെ വിശ്വസിക്കേണ്ടിവരുന്നു.
ബി ജെ പിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ്‌ ഇസ്‌റാഈലുമായുള്ള ആയുധ ഇടപാടുകള്‍ക്ക്‌ തുടക്കമിടുന്നത്‌. വാജ്‌പയ്‌ സര്‍ക്കാര്‍ അമേരിക്കയുമായി സൗഹൃദബന്ധം സ്ഥാപിച്ചതിന്റെ ഉപോത്‌പന്നമായിരുന്നു ഇസ്‌റാഈലുമായുള്ള ഇടപാടുകളെന്ന്‌ കരുതേണ്ടിവരും. കാരണം ഇസ്‌റാഈല്‍ ആര്‍ക്കൊക്കെ ആയുധങ്ങള്‍ നല്‍കണം, അത്‌ ഏതളവില്‍ വേണം എന്നൊക്കെ തീരുമാനിക്കുന്നത്‌ അമേരിക്കയാണ്‌. അമേരിക്കന്‍ ഭരണകൂടത്തിന്റെ പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ കരാറുമായി മുന്നോട്ടുപോകാന്‍ ഇസ്‌റാഈലിന്‌ കഴിയൂ. ആണവ കരാറില്‍ ഒപ്പ്‌ വെക്കുകയും ഇറാനുമായി അകലം പാലിക്കും വിധത്തില്‍ വിദേശ നയത്തില്‍ മാറ്റം വരുത്തുകയും ചെയ്‌തതോടെ അമേരിക്കയുടെ വിശ്വസ്‌ത പങ്കാളിയായി ഇന്ത്യ മാറിയിട്ടുണ്ട്‌. അതുകൊണ്ട്‌ ഇസ്‌റാഈലില്‍ നിന്ന്‌ ആയുധങ്ങള്‍ വാങ്ങുന്നതിനെ അമേരിക്ക ഒരു കാരണവശാലും എതിര്‍ക്കുകയുമില്ല. ബഹിരാകാശ ഗവേഷണ രംഗത്ത്‌ കൈവരിച്ച നേട്ടങ്ങള്‍ ഉപയോഗിച്ച്‌ ഇസ്‌റാഈലിന്റെ ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കാന്‍ ഇന്ത്യ തയ്യാറാവുകയും ചെയ്‌തതോടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിട്ടുണ്ട്‌. മുന്‍ കാലങ്ങളില്‍ റഷ്യയില്‍ നിന്നാണ്‌ ഇന്ത്യ ആയുധങ്ങള്‍ വാങ്ങിയിരുന്നത്‌. അതിനു മുമ്പ്‌ സോവിയറ്റ്‌ യൂണിയനില്‍ നിന്നും. 1974ലെ ആദ്യത്തെ അണ്വായുധ പരീക്ഷണത്തിന്‌ ശേഷം ഇന്ത്യക്കു മേല്‍ അമേരിക്കയും സഖ്യ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും ആയുധങ്ങളും സാങ്കേതിക വിദ്യയും ഇന്ത്യക്ക്‌ കൈമാറിയിരുന്നത്‌ സോവിയറ്റ്‌ യൂണിയനും പിന്നീട്‌ റഷ്യയുമായിരുന്നു. ഈ ബന്ധം ഒഴിവാക്കി ഇസ്‌റാഈലുമായി അടുക്കുന്നത്‌ വ്യക്തമായ ദിശാമാറ്റമാണ്‌. റഷ്യന്‍ കമ്പനികളില്‍ നിന്ന്‌ ആയുധം വാങ്ങിയതിനു പിന്നിലെ അഴിമതികളും രാജ്യത്ത്‌ വലിയ ചര്‍ച്ചയായിരുന്നു. സുഖോയ്‌ പോര്‍ വിമാനങ്ങള്‍ റഷ്യയില്‍ നിന്ന്‌ വാങ്ങിയ ഇടപാടില്‍ കോടികളുടെ അഴിമതിയുണ്ടെന്ന്‌ ആരോപണമുണ്ടായിരുന്നു.
ഇപ്പോള്‍ ഇസ്‌റാഈലില്‍ നിന്ന്‌ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുണ്ടാക്കിയ കരാറില്‍ കമ്മീഷനെന്നോ ബിസിനസ്സ്‌ ചാര്‍ജെന്നോ ഒക്കെ പേരിട്ട്‌ കോടികള്‍ കൈമാറിയെന്ന ആരോപണം ശക്തമായിട്ടുണ്ട്‌. മുന്‍കാല ഇടപാടുകളില്‍ ഇടനിലക്കാരായി നിന്നവരുടെ പേരുകള്‍ തന്നെയാണ്‌ ഇപ്പോഴും ഉയരുന്നത്‌. അഴിമതി നടന്നിട്ടുണ്ടോ, സര്‍ക്കാര്‍ ഖജനാവിന്‌ നഷ്‌ടം വന്നിട്ടുണ്ടോ എന്നതൊക്കെ ഭാവിയില്‍ അന്വേഷിച്ച്‌ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാവുന്ന കാര്യങ്ങളാണ്‌. അതു തന്നെയാണ്‌ പ്രതിരോധ മന്ത്രി എ കെ ആന്റണി പറയുന്നതും. പക്ഷേ, ഇസ്‌റാഈലിന്റെ ആക്രമണ ഫണ്ടിലേക്ക്‌ കൂടുതല്‍ പണം ലഭ്യമാക്കുന്ന കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുന്നതിലെ ധാര്‍മികതയാണ്‌ ഏറ്റവും വലിയ പ്രശ്‌നം. ഫലസ്‌തീന്‍ ജനതക്കുമേല്‍ തീയുണ്ടകള്‍ വര്‍ഷിക്കുന്നതിന്‌ ഇന്ത്യയുടെ പരോക്ഷ പിന്തുണ ഉണ്ടാവുകയാണ്‌. ഗാസയിലും വെസ്റ്റ്‌ ബാങ്കിലും നിരപരാധികളുടെ ജീവന്‍ പൊലിയുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഇന്ത്യക്കു മേല്‍ കൂടി പതിക്കുകയാണ്‌. സംശുദ്ധമായ രാഷ്‌ട്രീയ ജീവിതത്തിന്റെ ഉടമയായ എ കെ ആന്റണിക്ക്‌ ആയുധക്കരാറിന്റെ പിന്നിലെ അഴിമതിയില്‍ പങ്കുണ്ടെന്ന സംശയം രാഷ്‌ട്രീയ എതിരാളികള്‍ പോലും ഉയര്‍ത്തുന്നില്ല. അഴിമതി തടയാന്‍ ആവുന്നതെല്ലാം ചെയ്‌തുവെന്ന ആന്റണിയുടെ വാക്കുകള്‍ അവര്‍ വിശ്വസിക്കുന്നു. തന്റെ സംശുദ്ധമായ പ്രതിച്ഛായയില്‍ അഴിമതിയുടെ കറയേറ്റിട്ടില്ലെന്ന്‌ എ കെ ആന്റണിക്ക്‌ അഭിമാനിക്കാം. പക്ഷേ, നിരപരാധികളുടെ ചോരയുടെ കറ പുരളാതെ ആന്റണിക്ക്‌ രക്ഷപ്പെടാനാവുമോ?
ആയുധം വിറ്റ പണം സേനയെ സജ്ജമാക്കാന്‍ വിനിയോഗിക്കുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്‌ മറ്റു ചില സൗകര്യങ്ങള്‍ കൂടി ലഭിക്കുന്നുണ്ട്‌. പ്രതിരോധ ബജറ്റില്‍ നീക്കിവെച്ച പണം കൊണ്ട്‌ രാസ, ജൈവ ആയുധങ്ങള്‍ വികസിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നു. അടുത്തിടെ ഗാസയില്‍ നടത്തിയ ആക്രമണത്തിനിടെ പോലും രാസ ആയുധം ഇസ്‌റാഈല്‍ പ്രയോഗിച്ചുവെന്ന ആരോപണമുണ്ട്‌. 2003ല്‍ ഖാന്‍യൂനിസ്‌ പട്ടണത്തില്‍ ഇസ്‌റാഈല്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നത്‌ തെളിയിക്കപ്പെട്ട വസ്‌തുതയാണ്‌. അന്ന്‌ ഇസ്‌റാഈല്‍ പ്രയോഗിച്ച വിഷവാതകം ശ്വസിച്ച്‌ സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ്‌ ആശുപത്രിയിലായത്‌. അമേരിക്കയുടെ കണക്കനുസരിച്ച്‌ 250ഓളം ആണവായുധങ്ങള്‍ ഇസ്‌റാഈലിന്റെ പക്കലുണ്ട്‌. ഈ ശേഖരത്തിലേക്ക്‌ കൂടുതല്‍ മുതല്‍ക്കൂട്ടാന്‍ അവര്‍ക്ക്‌ പണം നീക്കിവെക്കാന്‍ കഴിയുന്നു. ഇതിനെല്ലാമുള്ള പിന്തുണയാണ്‌ ആ രാജ്യത്തു നിന്ന്‌ ആയുധം വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ നാം നല്‍കുന്നത്‌. അമേരിക്കയുമായുള്ള ബന്ധം ദൃഢതരമാക്കിയതാണ്‌ തന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമെന്ന്‌ ആവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ പിന്തുണക്കുന്ന പാര്‍ട്ടിയുമുള്ളപ്പോള്‍ ഇതിലൊന്നും ലജ്ജ തോന്നേണ്ട കാര്യവുമില്ല. കൂടുതല്‍ നിരപരാധികളുടെ ചോര ഗാസയിലെയും വെസ്റ്റ്‌ ബാങ്കിലെയും ബെയ്‌റൂത്തിലെയും തെരുവുകളില്‍ ഒഴുകട്ടെ. നമുക്ക്‌ പുതിയ സൗഹൃദങ്ങള്‍ക്കു ചിയേഴ്‌സ്‌ വിളിക്കാം.

2009-04-10

എറിഞ്ഞത്‌ ചെരിപ്പല്ല


ര്‍ണയില്‍ സിംഗ്‌ എന്ന പേര്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ അശുഭകരമായ ഓര്‍മകള്‍ സമ്മാനിക്കുന്നുണ്ടാവും. പഞ്ചാബില്‍ അസ്വസ്ഥതയുടെ ദിനങ്ങള്‍ക്ക്‌ തുടക്കമിട്ടയാളായി കോണ്‍ഗ്രസ്‌ ആരോപിക്കുന്നത്‌ സന്ത്‌ ജര്‍ണയില്‍ സിംഗ്‌ ബ്രാര്‍ എന്ന സിഖ്‌ പണ്ഡിതനെയാണ്‌. പിന്നീടും ഇപ്പോഴും ഭിന്ദ്രന്‍വാല എന്നറിയപ്പെടുന്ന ജര്‍ണയില്‍ സിംഗ്‌ ബ്രാര്‍. 1984ല്‍ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനിടെ സൈന്യം ഭിന്ദ്രന്‍വാലയെ വെടിവെച്ചു കൊന്നു. അതേ പേരുകാരനായ ഒരു മാധ്യമ പ്രവര്‍ത്തകനാണ്‌ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്‌ നേര്‍ക്ക്‌ ചെരുപ്പെറിഞ്ഞത്‌. ഈ സാമ്യം യാദൃച്ഛികമാണ്‌. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ സാമ്യം ചില ദുഃസൂചനകള്‍ നല്‍കുന്നുമുണ്ട്‌. 1984ലെ സിഖ്‌ വംശഹത്യയില്‍ ആരോപണവിധേയനായ ജഗ്‌ദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ സി ബി ഐ അടുത്തിടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്ക്‌ ഡല്‍ഹിയില്‍ വീണ്ടും ലോക്‌സഭാ സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചതിന്‌ പിറകെയായിരുന്നു ഈ നടപടി. സ്വാഭാവികമായും സിഖ്‌ സമൂഹം ഇതില്‍ അസ്വാഭാവികമായ ചിലത്‌ കണ്ടു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്‌ ബുഷിനെ ചെരിപ്പുകൊണ്ടെറിഞ്ഞ മുന്‍തദര്‍ അല്‍ സെയ്‌ദിയെ മാതൃകയാക്കാന്‍ ജര്‍ണയില്‍ തീരുമാനിച്ചതിന്റെ കാരണം ഇതാണ്‌.
എന്നാല്‍ ഇതു രണ്ടും മാത്രമാണോ ജര്‍ണയിലിന്റെ ചെരുപ്പേറില്‍ കലാശിച്ചത്‌ എന്നതാണ്‌ ആലോചിക്കേണ്ടത്‌. 1984ലെ സിഖ്‌വംശഹത്യയില്‍ ആരോപണവിധേയനായ സജ്ജന്‍ കുമാറിനെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ടൈറ്റ്‌ലറെയും കോടതി വെറുതെവിട്ടതാണ്‌. എന്നാല്‍ പുതിയ സാക്ഷിമൊഴിയുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാര്‍ സി ബി ഐയെ ചുമതലപ്പെടുത്തുകയായിരുന്നു. അപ്പോഴും ടൈറ്റ്‌ലര്‍ക്കെതിരെ തെളിവുണ്ടാവുമെന്നോ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്നോ ഉള്ള വ്യാമോഹമൊന്നും സിഖ്‌ സമുദായത്തിനുണ്ടായിരുന്നില്ല. കാരണം സജ്ജനും ടൈറ്റ്‌ലര്‍ക്കുമെതിരെ തെളിവു നല്‍കാന്‍ ജീവനില്‍ കൊതിയുള്ള ആരും തയ്യാറാവില്ല. ഇവര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചവരൊക്കെ പിന്നീട്‌ കാണാതായതാണ്‌ ചരിത്രം. തെളിവു നല്‍കാന്‍ ആരുമുണ്ടാകാത്തതു കൊണ്ടുതന്നെയാണ്‌ കോടതികള്‍ ഇവരെ വെറുതെ വിട്ടതും. സജ്ജനും ജഗ്‌ദീഷും നിലവില്‍ ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളുമാണ്‌. അവര്‍ക്ക്‌ വീണ്ടും സീറ്റു നല്‍കുമ്പോള്‍ വല്ലാതെ പ്രകോപിതരായതുമില്ല സിഖ്‌ സമൂഹം. അതുകൊണ്ടാണ്‌ ജര്‍ണയിലിന്റെ ചെരുപ്പേറിന്‌ കൂടുതല്‍ പരിശോധന ആവശ്യമായി വരുന്നത്‌.
1997 ജൂലായ്‌ എട്ട്‌. ചണ്ഡീഗഢ്‌ സ്വദേശിയായ അജൈബ്‌ സിംഗ്‌ തോധിയാന്‍ ആത്മഹത്യ ചെയ്‌തു. അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തിന്റെ പരിസരത്തു വെച്ച്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌ത ഇയാള്‍ക്ക്‌ 55 വയസ്സായിരുന്നു. 1991ല്‍ അമൃത്‌സര്‍ പോലീസ്‌ പിടിച്ചുകൊണ്ടുപോയ മകന്‍ കുല്‍വീന്ദര്‍ സിംഗിനെക്കുറിച്ച്‌ ഒരു വിവരവും കിട്ടാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ഈ മധ്യവയസ്‌ക്കന്‍ സമീപിച്ചിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധിമാര്‍ എന്നിവരെയെല്ലാം കണ്ടു. ഒരു ഫലവുമുണ്ടായില്ല. കുല്‍വീന്ദര്‍ സിംഗിനെ പോലീസ്‌ എന്തുചെയ്‌തുവെന്ന്‌ ആര്‍ക്കുമറിയില്ല. അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയ മകന്‌ എന്തു സംഭവിച്ചു എന്നറിയാതെ ഒരായുസ്സു മുഴുവന്‍ നീറിയ ഈച്ചരവാര്യര്‍ക്ക്‌ പഞ്ചാബിലെ പിന്‍ഗാമിയായിരുന്നു അജൈബ്‌ സിംഗ്‌ തോധിയാന്‍. ഇത്തരം കാണാതാവലുകള്‍ പഞ്ചാബില്‍ ധാരാളമായി നടന്നിരുന്നു. കാണാതായ മക്കളെ അന്വേഷിച്ച്‌ കോടതികളും മന്ത്രിമന്ദിരങ്ങളും കയറി ഇറങ്ങുന്ന മാതാപിതാക്കള്‍ ഇപ്പോഴുമുണ്ട്‌. 1980കളില്‍ ആരംഭിച്ച തീവ്രവാദത്തിന്റെയും അതിനെ നേരിടാന്‍ ഭരണകൂടം സ്വീകരിച്ച പ്രതിതീവ്രവാദത്തിന്റെയും ജീവിക്കുന്ന രക്തസാക്ഷികളാണ്‌ ഇവര്‍.
1973ല്‍ അനന്ത്‌പൂര്‍ സാഹിബ്‌ പ്രമേയവുമായി അകാലികള്‍ രംഗത്തെത്തുന്നതോടെയാണ്‌ പഞ്ചാബിലെ തീവ്രവാദത്തെക്കുറിച്ച്‌ കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും വാചലരാവുന്നത്‌. പക്ഷെ, അന്ന്‌ അകാലികള്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും തന്നെ തീവ്ര വാദങ്ങളായിരുന്നില്ല. പല സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ അന്ന്‌ അകാലികള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനെ പഞ്ചാബിന്റെ ഭാഗമാക്കുക, പഞ്ചാബി സംസാരിക്കുന്ന പ്രദേശങ്ങള്‍ പഞ്ചാബ്‌ സംസ്ഥാനത്തിന്റെ ഭാഗമാക്കുക, നിലവിലുള്ള ഭരണഘടനയനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരങ്ങള്‍ കൈമാറുക, പഞ്ചാബില്‍ ഭുപരിഷ്‌കരണവും വ്യവസായവത്‌കരണവും നടപ്പാക്കുക, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കുക, സൈന്യത്തില്‍ സിഖുകാരുടെ എണ്ണം പരിമിതപ്പെടുത്തിയത്‌ പുനപ്പരിശോധിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. ഇവയില്‍ ഒന്നുപോലുംതീവ്ര ആശയങ്ങളായിരുന്നില്ല. പക്ഷേ, രാഷ്‌ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി, തെളിച്ചു പറഞ്ഞാല്‍ പഞ്ചാബിലെ ഹൈന്ദവ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍, കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും ഇതിനെ തീവ്രവാദമായി മുദ്രകുത്തി. അകാലികളാവട്ടെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പ്രക്ഷോഭവും തുടങ്ങി. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബില്‍ നിന്ന്‌ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ ഗോതമ്പും മറ്റു ധാന്യങ്ങളും കൊണ്ടുപോകുന്നത്‌ നിര്‍ത്തിവെക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഇതിന്റെ എല്ലാം തുടര്‍ച്ചയായിരുന്നു സുവര്‍ണക്ഷേത്രത്തിലെസൈനിക നടപടിയും കൂട്ടക്കുരുതിയും. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 1970കളില്‍ ആരംഭിച്ച്‌ വലിയ പ്രചാരമൊന്നും ലഭിക്കാതിരുന്ന ഖാലിസ്ഥാന്‍ വാദം മുന്‍നിരയിലേക്ക്‌ വന്നു. സുവര്‍ണക്ഷേത്രം ഇന്ത്യയിലെ സിഖുകാരന്റെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമാണ്‌. അവിടെ പട്ടാളത്തെ നിയോഗിച്ചവര്‍ക്കെതിരെ ആയുധമെടുത്ത്‌ പോരാടേണ്ടതിന്റെ ആവശ്യകത ഉദ്‌ബോധിപ്പിക്കാന്‍ ആളുകളുണ്ടായി. ഖാലിസ്ഥാന്‍ എന്ന മഹത്തായ ലക്ഷ്യത്തെക്കുറിച്ച്‌ അവര്‍ യുവാക്കളോട്‌ സംസാരിച്ചു. അതിര്‍ത്തിക്കപ്പുറത്തു നിന്ന്‌ ആയുധങ്ങളെത്തി. പഞ്ചാബില്‍ ചോരക്കളങ്ങള്‍ ആവര്‍ത്തിച്ചു. ഒരു ജനത ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ കേള്‍ക്കാന്‍പോലുമുള്ള സന്‍മനസ്സ്‌ കാട്ടാതിരുന്ന കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വിതച്ച അതൃപ്‌തിയാണ്‌ ചോരക്കളങ്ങളുടെ അടിസ്ഥാനമായത്‌.
ചോരയെ ചോര കൊണ്ട്‌ നേരിടാനാണ്‌ പതിവുപോലെ ഭരണകൂടം തീരുമാനിച്ചത്‌. പ്രത്യേകിച്ച്‌ ഇന്ദിരാഗാന്ധിയുടെ വധത്തിന്‌ ശേഷം. പഞ്ചാബ്‌ ഡി ജി പിമാരായി നിയമിക്കപ്പെട്ട ജെ എച്ച്‌ റിബൈറോയും കെ പി എസ്‌ ഗില്ലും ഭരണകൂടത്തിന്റെ ഇംഗിതം പൂര്‍വാധികം ഭംഗിയായി നിര്‍വഹിച്ചുകൊടുത്തു. തീവ്രവാദ ബന്ധമാരോപിച്ച്‌ പോലീസ്‌ പിടികൂടിയ നൂറുകണക്കിന്‌ യുവാക്കളെ കാണാതായി. നിരവധി പേര്‍ പോലീസിന്റെയോ പ്രത്യേക സേനാ വിഭാഗത്തിന്റെയോ തോക്കുകള്‍ക്ക്‌ ഇരയായി. ഇവരെ വെടിവെച്ച്‌ കൊന്ന ശേഷം ഏറ്റുമുട്ടലുകളായി ചിത്രീകരിക്കുകയായിരുന്നുവെന്ന്‌ പിന്നീട്‌ വ്യക്തമാവുകയും ചെയ്‌തു. നെറ്റിയില്‍ വെടിയേറ്റ യുവാവ്‌ മരിച്ചെന്ന ധാരണയില്‍ പോലീസ്‌ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ കൊണ്ടുവന്നു. യുവാവില്‍ ജീവന്‍ ശേഷിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ഡോക്‌ടര്‍ അറിയിച്ചപ്പോള്‍ യുവാവിന്റെ ശരീരവുമായി പോലീസ്‌ തിരിച്ചുപോയി. പതിനഞ്ചു മിനുട്ടിനകം മൃതദേഹവുമായെത്തി. അപ്പോള്‍ യുവാവിന്റെ ശരീരത്തില്‍ വെടിയേറ്റ കൂടുതല്‍ പാടുകളുണ്ടായിരുന്നു. ഇത്തരം ക്രൂരതയുടെ അധ്യായങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. പഞ്ചാബില്‍ പലേടത്തും കൂട്ട മറവുചെയ്യലുകള്‍ നടന്നു. മൃതദേഹം പലപ്പോഴും പോലീസ്‌ കനാലുകളില്‍ തള്ളി. കനാലുകളിലൂടെ മൃതദേഹം ഒഴുകിവരുന്നത്‌ പതിവായതോടെ രാജസ്ഥാന്‍ സര്‍ക്കാര്‍ പഞ്ചാബ്‌ സര്‍ക്കാറിനോട്‌ ഔദ്യോഗികമായി പരാതി പറഞ്ഞു. 2005ല്‍ പുറത്തുവന്ന ഒരു കണക്ക്‌ (സി ബി ഐ അംഗീകരിച്ചത്‌) ഇങ്ങിനെയാണ്‌. 2097 മൃതദേഹം അമൃത്‌സറിലെ മൂന്ന്‌ ശ്‌മശാനങ്ങളില്‍ മാത്രമായി പോലീസ്‌ സംസ്‌കരിച്ചു. 99 തീവ്രവാദികള്‍ മാത്രമേ കസ്റ്റഡിയിലുള്ളൂ. 109 കുടുംബങ്ങള്‍ക്ക്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നഷ്‌ടപരിഹാരം അനുവദിച്ചു. ബാക്കി കുടുംബങ്ങള്‍ നീതി കാത്തിരിക്കുന്നു. കൂടുതല്‍ ക്രൂരതകളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും കഥകളുമായി 2005ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജസ്വന്ത്‌ സിംഗ്‌ ഖാര്‍ല രംഗത്തുവന്നു. സര്‍ക്കാര്‍ രേഖകളാണ്‌ ഖാര്‍ല തെളിവായി ഉയര്‍ത്തിക്കാട്ടിയത്‌. 2007ല്‍ ഖാര്‍ല യെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന്‌ ശേഷം ഡല്‍ഹിയില്‍ അരങ്ങേറിയ വംശഹത്യ മാത്രമല്ല സിഖ്‌ സമുദായത്തിലെ മുറിവ്‌. 1980കളില്‍ ആരംഭിക്കുകയും 85നു ശേഷം ശക്തമാവുകയും ചെയ്‌ത ഭരണകൂട ഭീകരതയുടെ ഇരകള്‍ കൂടിയാണ്‌ അവര്‍. ഈ ഭീകരതയ്‌ക്ക്‌ ഇരയാവര്‍ക്കൊന്നും നീതി ലഭിച്ചിട്ടുമില്ല. ഡല്‍ഹിയിലെ വംശഹത്യക്ക്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി മാപ്പുപറയുകയും ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്‌ത കാലത്താണ്‌ ജസ്വന്ത്‌ സിംഗ്‌ ഖാര്‍ലയെ കാണാതാവുന്നത്‌. സിഖുകാരെ കൊല്ലാന്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ നിര്‍ദേശം നല്‍കുന്നത്‌ കണ്ടുവെന്ന്‌ പറഞ്ഞയാളെ കാണാതാവുന്നതും ഇതേ കാലത്താണ്‌. ഇത്തരം കാണാതാവലുകള്‍ സിഖുകാരുടെ ഭീരുത്വം കൊണ്ടാണെന്ന്‌ കരുതാനാവില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി ആയുധമെടുത്തും അല്ലാതെയും പോരാടിയവരുടെ മുന്‍പന്തിയില്‍ സിഖുകാരുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്‌ ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ധീരതയുടെ പര്യായമായി മാറിയതും സിഖുകാര്‍ തന്നെ. രാഷ്‌ട്രത്തിന്റെ ഏറ്റവും വലിയ സൈനിക ബഹുമതിയായ പരംവീര്‍ ചക്ര ലഭിച്ചവരില്‍ സിഖു വംശജര്‍ കുറവുമല്ല. ഈ ധീരതയെയും ദേശീയ ബോധത്തെയുമാണ്‌ രാഷ്‌ട്രം ഭരിച്ചവര്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്‌. സൈന്യത്തിലെ പ്രാതിനിധ്യത്തിന്‌ പരിധി നിശ്ചയിച്ച്‌ അപമാനിച്ചത്‌. ഫെഡറല്‍ സമ്പ്രദായം ഭരണഘടന വിഭാവനം ചെയ്യുന്ന അര്‍ഥത്തിലും വ്യാപ്‌തിയിലും നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടതിന്‌ വിഘടനവാദികളായി ചിത്രീകരിച്ചത്‌. പിന്നീട്‌ അടിച്ചമര്‍ത്തിയത്‌. മാപ്പുപറയലും ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം പ്രഖ്യാപിക്കലും കൊണ്ട്‌ സിഖുകാരുടെ നഷ്‌ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കാമെന്ന്‌ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത്‌ വ്യാമോഹം മാത്രമാണ്‌. ചിദംബരത്തെ ചെരുപ്പെറിഞ്ഞ ജര്‍ണയില്‍ സിംഗിന്‌ സിഖ്‌ സമുദായത്തില്‍ നിന്ന്‌ ലഭിച്ച പിന്തുണ അതാണ്‌ തെളിയിക്കുന്നതും.
രാഷ്‌ട്രത്തിന്റെ പ്രധാന ഭൂമിശാസ്‌ത്രരേഖകളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുകയും രാഷ്‌ട്രത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുന്ന ദ്വീപുകളെപ്പോലെയാണ്‌ ഒരു രാജ്യത്തെ ന്യൂനപക്ഷങ്ങള്‍. അവര്‍ക്ക്‌ സ്വന്തം അസ്‌തിത്വം നിലനിര്‍ത്തുക എന്നത്‌ ജീവശ്വാസം പോലെ സുപ്രധാനമായിരിക്കും. അതിനായി അവര്‍ കലഹിച്ചുകൊണ്ടേയിരിക്കും. ഈ കലഹത്തില്‍ അല്‍പ്പം പോലും പിന്നിലല്ല സിഖുകാര്‍. മതാചാരപ്രകാരമുള്ള കൃപാണ്‍ (വാള്‍) ധരിച്ച്‌ പാര്‍ലിമെന്റില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന്‌ സിഖുകാര്‍ ആവശ്യപ്പെട്ടത്‌ അതിനാലാണ്‌. ഇത്രയും നിഷ്‌ഠയും സ്ഥൈര്യവും പുലര്‍ത്തുന്ന ജനത അവര്‍ക്കെതിരെ നടന്ന ക്രൂരതകളുടെ ചരിത്രം വിസ്‌മരിക്കുമെന്ന്‌ കരുതാനാവില്ല. മറിച്ച്‌ നേരിട്ട ക്രൂരതകളുടെയും നീതികേടിന്റെയും ചരിത്രം വരുംതലമുറകള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുകയും ചെയ്യും. ജഗ്‌ദീഷ്‌ ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും സ്ഥാനാര്‍ഥികളാക്കി കോണ്‍ഗ്രസ്‌ വ്രണങ്ങളില്‍ ആവര്‍ത്തിച്ച്‌ കുത്തുമ്പോള്‍ പ്രത്യേകിച്ചും. വേട്ടയാടലിന്റെയും നീതികേടിന്റെയും ഭാണ്ഡത്തിന്റെ കനം കുറച്ചുകൊണ്ടാണ്‌ ജര്‍ണയില്‍ സിംഗിനെപ്പോലുള്ള ഒരാള്‍ ഒരു ഷൂ എടുത്ത്‌ ആഭ്യന്തര മന്ത്രിയുടെ നേര്‍ക്ക്‌ എറിയുന്നത്‌. അത്‌ കോണ്‍ഗ്രസ്‌ നേതാവിനു നേര്‍ക്കോ ആഭ്യന്തര മന്ത്രിക്കു നേര്‍ക്കോ ഉള്ള ഏറല്ല. മറിച്ച്‌ രാജ്യത്തിന്‌ നേര്‍ക്കുള്ള ഏറാണ്‌. രാജ്യം ഭരിച്ചവരാരും നീതികേടിന്റെ ചരിത്രം തിരുത്താന്‍ തയ്യാറായില്ല എന്ന ഓര്‍മപ്പെടുത്തലാണ്‌. അതിനെ വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കാണിക്കേണ്ട സാമാന്യ മര്യാദയുടെ ലംഘനമായൊക്കെ ചുരുക്കിക്കാണുന്നവര്‍ നീതികേടുകളെ ന്യായീകരിക്കുകയാണ്‌ ചെയ്യുന്നത്‌. കൊടുംപാതകങ്ങളുടെ ഓര്‍മയില്‍ നീറുന്നവരില്‍ ചെറിയ ഒരു വിഭാഗം സമീപ ഭാവിയില്‍ മാറിച്ചിന്തിച്ചാല്‍ സിഖ്‌ ഭീകരര്‍ എന്ന വാക്ക്‌ വീണ്ടും നമുക്ക്‌ വായിക്കേണ്ടിവരും. ഇറാഖില്‍ ഒരു ജനതക്കു മേല്‍ തീയുണ്ട വര്‍ഷിക്കുന്ന അധിനിവേശക്കാര്‍ക്കെതിരെ പോരടിക്കന്നവരെ ഭീകരര്‍ എന്ന്‌ വിശേഷിപ്പിക്കുന്നതുപോലെ.
ഒരു തിരഞ്ഞെടുപ്പ്‌ മുന്നില്‍നില്‍ക്കുന്നതിനാല്‍ ജര്‍ണയില്‍ സിംഗിന്‌ മാപ്പു നല്‍കാന്‍ കോണ്‍ഗ്രസും സര്‍ക്കാറും ആഭ്യന്തര മന്ത്രിയും തയ്യാറായി. അല്ലെങ്കില്‍ ജര്‍ണയില്‍ സിംഗ്‌ ഒരു ഭീകരനായി ചിത്രീകരിക്കപ്പെടുമായിരുന്നു. ആഭ്യന്തരമന്ത്രിയെ ഷൂവെറിഞ്ഞ്‌ വധിക്കാന്‍ ശ്രമിച്ചതിന്‌ കേസുണ്ടാകുമായിരുന്നു. ആക്രമണത്തിന്‌ ഗൂഢാലോചന നടത്തിയെന്ന്‌ ആരോപിച്ച്‌ ഏതാനും സിഖ്‌ യുവാക്കളെ അറസ്റ്റുചെയ്യുമായിരുന്നു.

2009-04-05

വിധേയരുടെ `സംഘം 19'ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ക്ക്‌ കൂടുതല്‍ വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ട്‌ അവര്‍ ആഗോള സമ്പദ്‌ വ്യവസ്ഥയില്‍ സമൂലമായ അഴിച്ചുപണി ആവശ്യപ്പെട്ടു. അകത്ത്‌ ചര്‍ച്ചകളില്‍ പങ്കെടുത്ത നേതാക്കള്‍ അമേരിക്കയുടെ വിശ്വസ്‌ത ദാസരായി തുടരാനാണ്‌ തീരുമാനിച്ചത്‌. ഫ്രാന്‍സും ജര്‍മനിയും അല്‍പ്പം മുറുമുറുത്തുവെന്ന്‌ മാത്രം. അന്താരാഷ്‌ട്ര നാണയ നിധിയിലേക്ക്‌ കൂടുതല്‍ പണം നല്‍കാമെന്നും എന്നാല്‍ അവിടെ നിന്ന്‌ വായ്‌പയൊന്നും വേണ്ടെന്നും പറഞ്ഞ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്ത്യയുടെ വിധേയത്വം അടിവരയിട്ട്‌ ഉറപ്പിക്കുകയുംചെയ്‌തു. കഴിഞ്ഞ ദിവസം സമാപിച്ച ജി - 20 ഉച്ചകോടിയില്‍ നടന്നതിനെ ഇങ്ങിനെ സംഗ്രഹിക്കാം. ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്‌ കൂട്ടായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാനാണ്‌ ജി- 20 ഉച്ചകോടി ചേര്‍ന്നത്‌. പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ മൂലധന ശക്തികളെന്ന്‌ കരുതപ്പെടുന്ന വിവിധരാജ്യങ്ങള്‍ തമ്മില്‍ ഭിന്നത നിലനിന്നിരുന്നു. വിപണികളിലേക്ക്‌ പണമൊഴുക്കി വ്യാപാര, വാണിജ്യ, ധനകാര്യ വിപണികളെ സജീവമമായി നിലനിര്‍ത്തുക എന്ന തന്ത്രമാണ്‌ അമേരിക്ക സ്വീകരിച്ചിരുന്നത്‌. ഏതാണ്ട്‌ സമാനമായ പാത ചൈനയും സ്വീകരിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സും ജര്‍മനിയും ഈ അഭിപ്രായക്കാരായിരുന്നില്ല. വിപണിയില്‍ ഒഴുക്കുന്ന പണം നിയന്ത്രിക്കണമെന്നും സാമ്പത്തിക അച്ചടക്കത്തിലൂടെ പ്രതിസന്ധി തരണം ചെയ്യണമെന്നുമാണ്‌ അവര്‍ ആവശ്യപ്പെട്ടിരുന്നത്‌. വിപണിയിലേക്ക്‌ ധാരാളം പണമെത്തിക്കുക എന്ന അമേരിക്കന്‍ നിര്‍ദേശത്തോട്‌ ബ്രിട്ടനും വലിയൊരളവില്‍ വിയോജിച്ചിരുന്നു. ഇതെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ജി 20 ഉച്ചകോടി ചേര്‍ന്നത്‌. അന്തരാഷ്‌ട്ര നാണയ നിധിയിലേക്ക്‌ 75,000 കോടി ഡോളര്‍ ലഭ്യമാക്കാനും വ്യാപാരമേഖലയില്‍ രണ്ടു വര്‍ഷം കൊണ്ട്‌ 25,000 കോടി ലഭ്യമാക്കാനും തീരുമാനിച്ച്‌ ഉച്ചകോടി പിരിഞ്ഞു. ഒപ്പം വ്യാപാര മേഖലയില്‍ കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ ലക്ഷ്യമിട്ട്‌ ലോകവ്യാപാര സംഘടനയുടെ ദോഹ വട്ട ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. സാമ്പത്തിക പ്രതിസന്ധി ലോകവ്യാപകമാണെന്നും അതിന്‌ ഓരോ രാജ്യങ്ങളും ഉത്തരവാദികളാണെന്നും അതുകൊണ്ടുതന്നെ യോജിച്ച്‌ നേരിടണമെന്നുമാണ്‌ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പറഞ്ഞിരുന്നത്‌. ഇത്‌ ഏറെക്കുറെ അംഗീകരിക്കപ്പെട്ടുവെന്നതാണ്‌ വസ്‌തുത. പ്രതിസന്ധിയുടെ ആരംഭവും അമേരിക്കയില്‍ അതിനുണ്ടായ വ്യാപ്‌തിയും കണക്കിലെടുക്കുമ്പോള്‍ ഒബാമയുടെ വാക്കുകള്‍ വസ്‌തുതാ വിരുദ്ധമാണ്‌. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ അമേരിക്കയില്‍ ദൃശ്യമാവുന്നത്‌ ഒന്നര വര്‍ഷം മുമ്പാണ്‌. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്‌ പലിശ നിരക്കുകളില്‍ അടിക്കടി കുറവുകള്‍ വരുത്തി പ്രതിസന്ധി നേരിടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഭവനനിര്‍മണത്തിന്‌ വായ്‌പകളെടുത്ത അമേരിക്കക്കാരില്‍ ഭൂരിപക്ഷത്തിനും വായ്‌പകള്‍ തിരിച്ചടക്കാന്‍ കഴിയാതെ വന്നു. ബാങ്കുകള്‍ കിട്ടാക്കടം പെരുകി തകര്‍ച്ചയുടെ വക്കിലെത്തി. പിന്നെയും ആറുമാസത്തോളം കഴിഞ്ഞാണ്‌ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന്‌ പരസ്യമായി പറയാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായത്‌. അപ്പോഴൊന്നും മറ്റു രാജ്യങ്ങളില്‍ പ്രതിസന്ധി ദൃശ്യമായിരുന്നില്ല. അവിടങ്ങളിലൊന്നും കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കു കുറക്കുന്നതു പോലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുമില്ല. അമേരിക്കന്‍ ഭരണകൂടം പ്രതിസന്ധിയുണ്ടെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും തകര്‍ച്ചയെ നേരിട്ട ബാങ്കുകള്‍ ഏറ്റെടുക്കുകയും ചെയ്‌ത ശേഷമാണ്‌ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ വന്നു തുടങ്ങിയത്‌. ഓഹരി വിപണികളില്‍ നിന്നായിരുന്നു ആദ്യ സൂചനകള്‍. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന്‌ പരസ്യമായതോടെ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളും മറ്റ്‌ രാജ്യങ്ങളുടെ ഓഹരി വിപണികളില്‍ നടത്തിയ നിക്ഷേപങ്ങള്‍, വന്‍തോതില്‍ ലാഭമെടുത്തുകൊണ്ട്‌ പിന്‍വലിച്ചതായിരുന്നു കാരണം. പണത്തിന്റെ അനര്‍ഗളമായ ഒഴുക്കും സ്വതന്ത്ര കമ്പോളവും ഉറപ്പിക്കുന്ന വിവിധ കരാറുകളില്‍ ഒപ്പുവെച്ചിരുന്ന രാജ്യങ്ങള്‍ക്കൊന്നും ലാഭമെടുത്ത്‌ പിന്‍മാറുന്ന യാങ്കികളെ തടയാന്‍ കഴിയുമായിരുന്നില്ല. ഓഹരി വിപണി കുത്തനെ ഇടിഞ്ഞതോടെ വിവിധ കമ്പനികളുടെ ആസ്‌തി ചെരുതായി. അവര്‍ സാമ്പത്തിക രക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ജീവനക്കാരെ പിരിച്ചുവിടുക, ചെലവു കുറക്കുക എന്നതല്ലാതെ മറ്റൊരു വഴിയും അവര്‍ക്കു മുന്നിലില്ലായിരുന്നു. ഇതിനൊപ്പമാണ്‌ അമേരിക്കയുടെ വന്‍ ഓഹരി പങ്കാളിത്തമുള്ള എ ഐ ജി പോലുള്ള ബഹുരാഷ്‌ട്ര സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായത്‌. ഇതും വിവിധ രാജ്യങ്ങളെ ബാധിച്ചു. അമേരിക്കയില്‍ ആരംഭിച്ച്‌ തങ്ങള്‍ക്കുണ്ടാകാവുന്ന പ്രത്യാഘാതം കുറക്കാന്‍ ലക്ഷ്യമിട്ട്‌ അവര്‍ തന്നെ വ്യാപിപ്പിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം എല്ലാ രാജ്യങ്ങള്‍ക്കും കൂടുയാണെന്നാണ്‌ ബരാക്‌ ഒബാമ പറഞ്ഞത്‌. അതാണ്‌ ജി - 20യിലെ അംഗ രാജ്യങ്ങള്‍ കൈയ്യടിച്ച്‌ പാസ്സാക്കിയത്‌. അമേരിക്ക നേരിടുന്നത്‌ കേവലമായ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല എന്നത്‌ കൂടി കണക്കിലെടുക്കണം. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ തകര്‍ച്ചയാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്‌ അമേരിക്ക അംഗീകരിക്കുന്ന സമയത്ത്‌ പ്രതിദിനം ആ രാജ്യം കടം വാങ്ങിക്കൊണ്ടിരുന്നത്‌ 200 കോടി ഡോളറായിരുന്നു. വരുമാന, ധനക്കമ്മികള്‍ ലക്ഷം കോടികളിലെത്തിയിരുന്നു. ഇതിനിടെയാണ്‌ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്‌ ഒരു ലക്ഷം കോടിയുടെ പാക്കേജുകള്‍ (ഒബാമ പ്രഖ്യാപിച്ച 87,500 കോടി ഡോളറിന്റേതടക്കം) പ്രഖ്യാപിച്ചത്‌. വിവിധ ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന്‌ വേണ്ടിവന്ന പണം പുറമെ. ഇവ രണ്ടും കൂടിയാവുമ്പോള്‍ വരും വര്‍ഷങ്ങളില്‍ സാമ്പത്തിക നില ഏരെ പരുങ്ങലിലാവുമെന്ന്‌ അമേരിക്കന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്‌. ബജറ്റ്‌ കമ്മി വന്‍തോതില്‍ ഉയരും. കൂടുതല്‍ പണം കടം വാങ്ങേണ്ടിവരും. ഇറാഖ്‌, അഫ്‌ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ തുടരുന്ന ആക്രമണത്തിനും പണംവേണം. ഇറാനെയോ ഉത്തരകൊറിയയെയോ ആക്രമിക്കേണ്ടിവന്നാല്‍ അതിനും പണം കണ്ടെത്തണം. ഇതിനെല്ലാം പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ്‌ പ്രതിസന്ധിയുടെ ഉത്തരവാദിത്തം എല്ലാ രാജ്യങ്ങള്‍ക്കുമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചത്‌. ജി -20 അംഗരാജ്യങ്ങള്‍ ചേര്‍ന്ന്‌ അന്താരാഷ്‌ട്ര നാണയ നിധിയിലേക്ക്‌ ലഭ്യമാക്കുന്ന 75,000 കോടി ഡോളറിന്റെ ഭൂരിഭാഗവും അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കപ്പെടുന്നു എന്ന്‌ അവര്‍ ഉറപ്പാക്കും. വികസ്വര രാജ്യങ്ങള്‍ക്കുള്ള സഹായം പോലും അമേരിക്കന്‍ സര്‍ക്കാറിതര ഏജന്‍സികള്‍ വഴിയോ ധനകാര്യ ഏജന്‍സികള്‍ വഴിയോ ആവും ചെലവഴിക്കപ്പെടുക. ഇത്തരത്തില്‍ പണത്തിന്റെ ഒഴുക്ക്‌ നിലനിര്‍ത്താനായാല്‍ പ്രതിസന്ധിയെ ഒരു പരിധിവരെ മറികടക്കാന്‍ കഴിയുമെന്നാണ്‌ ഒബാമ ഭരണകൂടത്തിന്റെ പ്രതീക്ഷ. ഐ എം എഫിന്‌ പണം നല്‍കാം അവിടെ നിന്ന്‌ കടം വേണ്ടെന്ന്‌ പ്രഖ്യാപിച്ചതിലൂടെ ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രകടിപ്പിച്ച വിധേയത്വം ഇവിടെ വ്യക്തവുമാണ്‌. ഈ സ്ഥിതി മുന്‍കൂട്ടിക്കണ്ടാണ്‌ ഫ്രാന്‍സും ജര്‍മനിയും വ്യത്യസ്‌തമായ നിലപാടെടുത്തത്‌. ബാങ്ക്‌ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചും വിദേശ രാജ്യങ്ങളിലുള്ളവര്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക്‌ ആദായനികുതി പോലുള്ളവ ഇളവു ചെയ്‌തു കൊടുത്തും വിവിധ രാജ്യങ്ങള്‍ നടത്തുന്ന മൂലധന സമാഹരണം ഇല്ലാതാക്കണമെന്ന്‌ ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വന്‍തോതില്‍ സമാഹരിക്കപ്പെടുന്ന ഈ പണത്തിന്റെ ഒരു ഭാഗമെങ്കിലും ആഗോള വിപണിയിലേക്ക്‌ എത്തണമെന്ന ആവശ്യമാണ്‌ ഇവര്‌ ഉന്നയിച്ചത്‌. ഒപ്പം വലിയ സമ്പന്നന്‍മാര്‍ മാത്രം പങ്കാളിയായി രൂപവത്‌കരിക്കുന്ന മൂലധനത്തിന്‌ (ഹെഡ്‌ജ്‌ ഫണ്ട്‌) വിപണികളില്‍ യഥേഷ്‌ടം വിഹരിക്കാന്‍ അനുമതി നല്‍കുന്നത്‌ നിയന്ത്രിക്കണമെന്നും ഫ്രാന്‍സും ജര്‍മനിയും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ ജി - 20 ഉച്ചകോടി അംഗീകരിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാവുമെന്ന്‌ പറയുക വയ്യ. ഹെഡ്‌ജ്‌ ഫണ്ടുകള്‍ ഉപയോഗിച്ച്‌ ഓഹരി-ഊഹ വിപണികളില്‍ ഇടപെടുകയും കൃത്രിമമായുണ്ടാക്കുന്ന ഉയര്‍ച്ചക്കിടെ വന്‍തോതില്‍ ലാഭമെടുത്ത്‌ പിന്‍മാറുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക എന്നതാണ്‌ ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും ലക്ഷ്യം. ഊഹ വിപണികളില്‍ ഏറെക്കുറെ സ്ഥിരത കൈവരിക്കാന്‍ ഇതിലൂടെ കഴിയുമെന്ന്‌ അവര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. പക്ഷെ, ധനകാര്യ വിപണി ഒരു നിയന്ത്രണവുമില്ലാതെ തുറന്നുകിടക്കുന്ന സാഹചര്യത്തില്‍ ഇവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താവാനാണ്‌ സാധ്യത. ലോക വ്യാപാര സംഘടനയുടെ ദോഹവട്ട ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കുക എന്നതാണ്‌ മറ്റൊരു തീരുമാനം. ഇന്ത്യയുടെയും ബ്രസീലിന്റെയും നേതൃത്വത്തില്‍ വികസ്വര രാജ്യങ്ങള്‍ നടത്തിയ ശക്തമയ ചെറുത്തു നില്‍പ്പു മൂലമാണ്‌ ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്‌ ഒമ്പതു വര്‍ഷമായി തടസ്സപ്പെട്ടിരിക്കുന്നത്‌. നിയന്ത്രണങ്ങള്‍ നീക്കി കാര്‍ഷിക മേഖലയെ ആഗോളവത്‌കരിക്കുക എന്നതാണ്‌ ദോഹ വട്ടത്തിലെടുത്ത പ്രധാന തീരുമാനം. കാര്‍ഷിക മേഖലക്ക്‌ കയറ്റുമതി ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക്‌ നല്‍കുന്ന സബ്‌സിഡികള്‍ ഇല്ലാതാക്കണം. ആഗോള തലത്തില്‍ മത്സരാധിഷ്‌ഠിതമായി നിലനില്‍ക്കുന്ന ഒന്നായി കാര്‍ഷിക മേഖല മാറണംമെന്നതാണ്‌ ലക്ഷ്യം. വികസ്വര രാജ്യങ്ങള്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കിയും ഇറക്കുമതി തീരുവകള്‍ കുറച്ചും സ്വതന്ത്ര വ്യാപാരത്തിന്‌ അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കണമെന്ന്‌ നിര്‍ബന്ധിക്കുമ്പോഴും വികസിത രാജ്യങ്ങള്‍, പ്രത്യേകിച്ച്‌ അമേരിക്ക, കര്‍ഷകര്‍ക്ക്‌ നല്‍കുന്ന കയറ്റുമതി സബ്‌സിഡി തുടരുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അമേരിക്കയില്‍ നിന്ന്‌ സര്‍ക്കാര്‍ സബ്‌സിഡിയോടെ കയറ്റുമതി ചെയ്യുന്ന കാര്‍ഷികോത്‌പന്നങ്ങള്‍ ഇവിടെ കുറഞ്ഞ ഇറക്കുമതി തീരുവ ഈടാക്കി സ്വീകരിച്ച്‌ കമ്പോളത്തിലിറക്കാന്‍ അനുവദിക്കണം. തദ്ദേശീയമായി ഉത്‌പാദിപ്പിക്കുന്നവയേക്കാള്‍ കുറഞ്ഞ വിലക്ക്‌ അമേരിക്കയുടെയും മറ്റും ഉത്‌പന്നങ്ങള്‍ വിപണിയിലെത്തും. ചില പ്രധാന കാര്‍ഷിക ഉത്‌പന്നങ്ങളെ മാത്രം സംരക്ഷിച്ചു നിര്‍ത്താന്‍ രാജ്യങ്ങള്‍ക്ക്‌ അനുമതിയുണ്ടാവും. അമേരിക്കയും മറ്റും കയറ്റുമതി സബ്‌സിഡി ഒഴിവാക്കാതെ ദോഹ വട്ട തീരുമാനങ്ങള്‍ നടപ്പാക്കാനാവില്ലെന്ന നിലപാടാണ്‌ ഇന്ത്യയും ബ്രസീലുമൊക്കെ സ്വീകരിച്ചത്‌. അതുകൊണ്ടാണ്‌ ഇത്രയും കാലം ഇത്‌ പ്രാബല്യത്തിലാവാതിരുന്നതും. കാര്‍ഷിക മേഖലക്കുപുറമെ, സേവന - വ്യാപാര മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ക്കുള്ള തീരുമാനവും ദോഹവട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമം പുനരരാംഭിക്കുമ്പോള്‍ അത്‌ വലിയ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. തങ്ങള്‍ക്ക്‌ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനായി വികസ്വര രാജ്യങ്ങളുടെ കാര്‍ഷിക മേഖലയെ നോട്ടമിടുകയാണ്‌ അമേരിക്ക. ഇത്‌ നടപ്പായാല്‍ കടാശ്വാസം ലഭ്യമാക്കിയും കുറഞ്ഞ പലിശക്ക്‌ വായ്‌പ നല്‍കിയും പിടിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പൂര്‍ണമായ തകര്‍ച്ചയിലേക്കാവും കാര്യങ്ങള്‍ എത്തിച്ചേരുക. ഇതിനെല്ലാം സമ്മതം മൂളി ഐ എം എഫില്‍ നിന്ന്‌ വായ്‌പയും വേണ്ടെന്ന്‌ പ്രഖ്യാപിച്ചാണ്‌ ലണ്ടനില്‍ നിന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്‌. ഇത്തരം നടപടികള്‍ കൊണ്ടൊന്നും അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. ഒരു ഇടക്കാല ആശ്വാസം സൃഷ്‌ടിക്കാന്‍ കഴിഞ്ഞേക്കുമെന്നു മാത്രം. ലണ്ടനിലെ തെരുവുകളില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ പറഞ്ഞതാണ്‌ ശരി - പുതിയ സാമ്പത്തിക സംവിധാനം നിലവില്‍ വരേണ്ടിയിരിക്കുന്നു. 1948ല്‍ ജനറല്‍ എഗ്രിമെന്റ്‌ ഓണ്‍ ട്രേഡ്‌ ആന്‍ഡ്‌ താരിഫ്‌ കരാര്‍ (ഗാട്ട്‌) രൂപവത്‌കരിച്ച്‌ അമേരിക്കയുടെ മുന്‍കൈയില്‍ ആരംഭിക്കുകയും സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചക്കു ശേഷം അതിവേഗം വ്യാപിപ്പിക്കുകയും ചെയ്‌ത ആഗോള സമ്പദ്‌ വ്യവസ്ഥ എന്ന ആശയമാണ്‌ തകര്‍ന്നിരിക്കുന്നത്‌. ഇതിന്‌ ബദല്‍ കണ്ടെത്താന്‍ ശ്രമിക്കാതെ തകരുന്ന സംവിധാനത്തെ അപ്പാടെ പുനഃസൃഷ്‌ടിക്കാനാണ്‌ ശ്രമം നടക്കുന്നത്‌. സാമ്പത്തിക മേധാവിത്തവും അതുവഴി ലോകമേധാവിത്തവും അമേരിക്കക്ക്‌ നിലനിര്‍ത്തണമെങ്കില്‍ ഈ പുനസ്സൃഷ്‌ടി കൂടിയേ കഴിയൂ. അതിനുള്ള തന്ത്രങ്ങളാണ്‌ ജി 20 ഉച്ചകോടിയില്‍ അമേരിക്ക സ്വീകരിച്ചത്‌. അത്‌ ഏറെക്കുറെ ഫലം കാണുകയും ചെയ്‌തിരിക്കുന്നു. അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക കൂടി ചെയ്‌താല്‍ ധനപരമായ കാര്യങ്ങളില്‍ അമേരിക്കക്ക്‌ വലിയൊരളവില്‍ ആശ്വാസം ലഭിക്കുകയും ചെയ്യും. ജി 20 ഉച്ചകോടിയുടെ ഇടവേളകളില്‍ അതിനുള്ള സുപ്രധാന സംഭാഷണങ്ങളും പ്രസിഡന്റ്‌ ഒബാമ നടത്തിയിരുന്നു. അതില്‍ പങ്കെടുത്ത അപൂര്‍വം പ്രമുഖരില്‍ ഒരാള്‍ ഡോ. മന്‍മോഹന്‍ സിംഗായിരുന്നു.

2009-04-02

കപട ദേശീയതയും കോടതികളും


ഭൂരിപക്ഷമതത്തിന്റെ ചിഹ്നങ്ങളും ആശയങ്ങളും ദേശീയതയുമായി ചേര്‍ത്തു നിര്‍ത്തി വ്യാജ ദേശീയത നിര്‍വചിക്കുകയും അത്‌ രാഷ്‌ട്രീയമായി മുതലെടുക്കുകയും ചെയ്യുന്ന പതിവ്‌ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യയില്‍ വ്യാപകമാണ്‌. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ രാജ്യ സുരക്ഷയെക്കുറിച്ചും രാജ്യ സ്‌നേഹത്തെക്കുറിച്ചുള്ള വ്യാജ സങ്കല്‍പ്പങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ദേശത്തിന്റെ ഐക്യവും അഖണ്ഡതയും ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു, ഇവ നിലനിര്‍ത്താന്‍ വോട്ടുചെയ്യൂ എന്ന പ്രചാരണം കോണ്‍ഗ്രസ്‌ അഴിച്ചുവിടുന്നത്‌ 1985ലെ തിരഞ്ഞെടുപ്പുകാലത്താണ്‌. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടതിന്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍. പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ദിരയെ വധിച്ചു, അവര്‍ രാജ്യത്തന്റെ അഖണ്ഡതക്കും ഐക്യത്തിനും നേര്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ വെന്ന്‌ സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിനു മാത്രമേ ഐക്യം നിലനിര്‍ത്താനാവൂ എന്ന്‌ അന്ന്‌ പാര്‍ട്ടി വാദിച്ചു. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലേക്ക്‌ ഇന്ദിരാഗാന്ധി സൈന്യത്തെ നിയോഗിച്ചതും ഖാലിസ്ഥാന്‍ വാദത്തെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട പോലീസും സൈന്യവും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുമെല്ലാം മറയ്‌ക്കപ്പെട്ടു. എല്ലാം തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി നിര്‍മിക്കപ്പെട്ട ദേശീയതയിലേക്ക്‌ ചുരുങ്ങി. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ശക്തി പ്രാപിച്ച ഭാരതീയ ജനതാ പാര്‍ട്ടിയും അവരുടെ ശക്തി സ്രോതസ്സായ സംഘ പരിവാര്‍ സംഘടനകളുമാണ്‌ ദേശീയതയുടെ വക്താക്കളായി പിന്നീട്‌ രംഗത്തെത്തിയത്‌. ഭൂരിപക്ഷ മതത്തിന്റെ ചിഹ്നങ്ങളും ആശയങ്ങളും ശീലങ്ങളുമാണ്‌ ദേശീയതയുടെ അടയാളങ്ങളെന്ന്‌ അവര്‍ പരസ്യമായി തന്നെ പ്രചരിപ്പിച്ചു. നഗരവാസികളായ ഇടത്തരക്കാര്‍ക്കിടയിലാണ്‌ ഇത്തരം ആശയങ്ങള്‍ക്ക്‌ പെട്ടെന്ന്‌ വേരോട്ടമുണ്ടായത്‌. അതുകൊണ്ടാണ്‌ നഗരങ്ങളില്‍ ബി ജെ പിക്ക്‌ സ്വാധീനം വര്‍ധിച്ചതും. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതും അതിലെല്ലാം പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പങ്ക്‌ ആരോപിക്കപ്പെടുകയോ കണ്ടെത്തപ്പെടുകയോ ചെയ്യുകയും ചെയ്‌തതോടെ ദേശീയതയെ സംബന്ധിച്ച സംഘ നിര്‍വചനങ്ങള്‍ക്ക്‌ സ്വീകാര്യതയേറി. ഏറ്റവും ഒടുവില്‍ നടന്ന മുംബൈ ഭീകരാക്രമണം ഉദാഹരണമാണ്‌. രാജ്യസുരക്ഷയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക്‌ ഇതോടെ ബി ജെ പി തുടക്കമിട്ടു. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ തടയിടാന്‍ ബി ജെ പി മുന്നോട്ടുവെക്കുന്ന ദേശീയതയുടെ പരിപാടികളിലൂടെ മാത്രമേ കഴിയൂ എന്ന നിലക്കാണ്‌ പ്രചാരണം. പല ജിഹ്വകളിലൂടെ പല തലങ്ങളില്‍ നടക്കുന്ന ഈ പ്രചാരണം രാജ്യത്തിന്റെ ഭരണഘടനയുടെ ഭാഗമായ സംവിധാനങ്ങളിലെല്ലാം സ്വാധീനം ചെലുത്തുന്നുണ്ട്‌ എന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ബി ജെ പിയുടെ അജണ്ടയായിട്ടല്ലെങ്കില്‍ കൂടി നീതിനിര്‍വഹണ സംവിധാനത്തിലും കപട ദേശീയത സ്വാധീനംചെലുത്തിത്തുടങ്ങിയോ എന്ന സംശയം ബലപ്പെടുകയാണ്‌. ഏറ്റവും ഒടുവില്‍ നടന്‍ സഞ്‌ജയ്‌ ദത്തിന്‌ സ്ഥാനാര്‍ഥിയാവുന്നതിനുള്ള അവസരം നിഷേധിച്ചുകൊണ്ട്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവും അതിന്‌ മുമ്പ്‌ കോടതിയില്‍ മുതിര്‍ന്ന വക്കീലന്‍മാര്‍ അവതരിപ്പിച്ച വാദഗതികളും ഈ ആശങ്കയാണ്‌ ഉയര്‍ത്തുന്നത്‌. 1993ലെ ബോംബെ സ്‌ഫോടന പരമ്പരയുടെ ഗൂഢാലോചനയില്‍ സഞ്‌ജയ്‌ പങ്കാളിയായി എന്ന്‌ ആരോപണമുണ്ടായിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ ഒരാളില്‍ നിന്ന്‌ എ കെ അമ്പത്തിയേഴ്‌ തോക്ക്‌ അനധികൃതമായി വാങ്ങിയെന്നും ആരോപണമുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കു ശേഷം ഗൂഢാലോചനക്കേസില്‍ സഞ്‌ജയിനെ മുംബൈയിലെ ടാഡ പ്രത്യേക കോടതി കുറ്റക്കരനല്ലെന്ന്‌ കണ്ട്‌ വെറുതെവിട്ടു. അനധികൃതമായി ആയുധം കൈവശം വെച്ചതിന്‌ ആറു വര്‍ഷം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്‌തു. തന്റെ കുടുംബം ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയില്‍ ആയുധം വാങ്ങി സൂക്ഷിക്കുകയായിരുന്നുവെന്ന്‌ സഞ്‌ജയ്‌ കോടതിയില്‍ കുറ്റസമതം നടത്തുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ശിക്ഷ. ഇതിലപ്പുറം ആയുധംസൂക്ഷിച്ചതിന്‌ തെളിവുകളൊന്നുമില്ലായിരുന്നു. ഈ കേസിലെ ശിക്ഷ സ്റ്റേ ചെയ്‌ത്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജി. 2004ല്‍ പഞ്ചാബിലെ അമൃത്‌സര്‍ മണ്ഡലത്തില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മുന്‍ ക്രിക്കറ്റ്‌ താരം നവജ്യോത്‌ സിംഗ്‌ സിദ്ദു കൊലക്കേസില്‍ കുറ്റക്കാരനാണെന്ന്‌ ചണ്ഡീഗഢ്‌ ഹൈക്കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ലോക്‌സഭാംഗത്വം രാജിവെച്ച സിദ്ദു ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചു. അമൃത്‌സര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ വേണ്ടിയാണ്‌ ശിക്ഷ സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ടത്‌. സിദ്ദുവിന്റെ ശിക്ഷ സ്റ്റേ ചെയ്‌ത സുപ്രീം കോടതി മത്സരിക്കാന്‍ അവസരമൊരുക്കിക്കൊടുത്തിരുന്നു. ഇക്കാര്യം സഞ്‌ജയിന്റെ ഹരജി പരിഗണിക്കവെ അഭിഭാഷകനായ ഹരീഷ്‌ സാല്‍വെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സഞ്‌ജയ്‌ ദത്തിന്റെ ഹരജിയുടെ മൂല്യം പരിഗണിക്കുന്നില്ലെന്ന്‌ വ്യക്തമാക്കിയ കോടതി സിദ്ദുവിന്റെ കേസും ഈ കേസും തമ്മില്‍ തുലനം ചെയ്യാനാവില്ലെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തു. കൊലക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യാന്‍ ബുദ്ധിമുട്ടു തോന്നാതിരുന്ന കോടതിക്ക്‌ അനധികൃതമായിആയുധം കൈവശംവെച്ച കേസിലെ ശിക്ഷ സ്റ്റേ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായി. ഇവിടെയാണ്‌ ദേശീയതയെ സംബന്ധിച്ച വലതുപക്ഷ ആശയങ്ങളുടെ സ്വാധീനത്തിന്റെ ശക്തി മനസ്സിലാവുന്നത്‌. 1993ല്‍ അനധികൃതമായി ആയുധം കൈവശം വെച്ച പ്രതി രാജ്യത്തിനും അതിന്റെ അഖണ്ഡതക്കുമെതിരായ യുദ്ധപ്രഖ്യാപനമാണ്‌ നടത്തിയതെന്ന വ്യാഖ്യാനം തള്ളിക്കളയാന്‍ കോടതിക്ക്‌ കഴിയില്ല തന്നെ. കൊലക്കേസ്‌ വ്യക്തികള്‍ മാത്രമുള്‍ക്കൊള്ളുന്നതാണ്‌. അനധികൃതമായി ആയുധം കൈവശം വെക്കുന്നത്‌ ദേശീയതയും രാജ്യസ്‌നേഹവുമുള്‍ക്കൊള്ളുന്ന വ്യാപ്‌തിയേറിയ കേസാണ്‌. അതില്‍ ശിക്ഷ സ്റ്റേ ചെയ്‌താല്‍ `ദേശീയവാദി'കളില്‍ നിന്ന്‌ ഉയരാന്‍ ഇടയുള്ള വിമര്‍ശനങ്ങളെ കോടതിക്ക്‌ ഭയമുണ്ട്‌. അതുകൊണ്ടാണ്‌ ഈ ഹരജിയുടെ മൂല്യത്തിലേക്ക്‌ കടക്കുന്നില്ല എന്ന്‌ കോടതി പ്രത്യേകം വ്യക്തമാക്കിയത്‌. ഈ വിധിയില്‍ ഒരുവിധ അഭി്രപ്രായ പ്രകടനങ്ങള്‍ക്കും മുതിരുന്നില്ല എന്നും ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ വിധിയിലുണ്ടെങ്കില്‍ അത്‌ ഈ കേസിലേത്‌ മാത്രമായി പരിമിതപ്പെടുത്തുകയാണെന്നും കോടതി പ്രത്യേകം പറയുന്നു. ദേശീയതയും രാജ്യസ്‌നേഹവും ഉള്‍ക്കൊള്ളാത്ത കേസുകളില്‍ ശിക്ഷ സ്റ്റേ ചെയ്‌ത്‌ മത്സരിക്കാന്‍ അനുമതി നല്‍കുമെന്ന വ്യംഗ്യമാണ്‌ ഇതിലുള്ളത്‌ എന്ന്‌ കരുതേണ്ടിവരും. നിയമലംഘകര്‍ നിയമനിര്‍മാതാക്കളാവുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ്‌ സഞ്‌ജയ്‌ ദത്തിന്റെ ഹരജിയെ എതിര്‍ത്ത മുതിര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്‌. നിയമലംഘനത്തിന്റെ മഹത്തായ ചരിത്രം അറിയാത്തവരാണ്‌ ഇവരെന്ന്‌ കരുതുക വയ്യ. സഞ്‌ജയ്‌ ദത്തിന്റെ കാര്യത്തില്‍ ഇത്തരം ചരിത്രങ്ങളൊന്നുമില്ല. പക്ഷെ, കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക്‌ കാരണമായ ഒരു നിയമത്തിന്റെ പുനപ്പരിശോധനക്ക്‌ കാരണക്കാരനായ വ്യക്തിയാണ്‌ സഞ്‌ജയ്‌ എന്നത്‌ മറക്കാനാവില്ല. ഇന്ദിരാഗാന്ധിയുടെ വധത്തിന്‌ ശേഷം രാജീവ്‌ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിയമാണ്‌ ടെററിസ്റ്റ്‌ ആന്‍ഡ്‌ ഡിസ്‌റപ്‌റ്റീവ്‌ ആക്‌ടിവിറ്റീസ്‌ പ്രിവന്‍ഷന്‍ ആക്‌ട്‌ (ഭീകരപ്രവര്‍ത്തനങ്ങളും മറ്റ്‌ വിഘടനവാദ പ്രവര്‍ത്തനങ്ങളും തടയല്‍ നിമയം -ടാഡ). ഈ നിയമപ്രകാരം അറസ്റ്റിലാവുന്നവര്‍ക്ക്‌ ജാമ്യത്തിന്‌ അവകാശമുണ്ടായിരുന്നില്ല. നിയമം പ്രാബല്യത്തിലായതോടെ അറസ്റ്റുകളില്‍ ഭൂരിഭാഗവും ടാഡ പ്രകാരമായി. നിരവധി പേര്‍ പുറംലോകം കാണാനാവാതെ ജയിലില്‍ വിചാരണത്തടവുകാരായി കഴിഞ്ഞു. ബോംബെയിലും മറ്റും ഈ നിയമപ്രകാരം നിരവധി അറസ്റ്റുകള്‍ നടന്നു. ബോംബെ സ്‌ഫോടന പരമ്പരക്കു ശേഷം സഞ്‌ജയ്‌ ദത്തിനെ അറസ്റ്റുചെയ്‌തതും ഇതേ നിയമപ്രകാരമായിരുന്നു. ഒന്നര വര്‍ഷം ദത്ത്‌ ജയിലില്‍ കഴിഞ്ഞു. ടാഡ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട്‌ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരുടെ ദുരിതങ്ങള്‍ പുറം ലോകം അറിയാന്‍ തുടങ്ങിയത്‌ സഞ്‌ജയ്‌ ദത്ത്‌ ജയിലിലായതോടെയാണ്‌. നടന്‍ എന്ന നിലക്കുണ്ടായിരുന്ന പ്രശസ്‌തി, പിതാവ്‌ സുനില്‍ ദത്ത്‌ കോണ്‍ഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായിരുന്നത്‌ ഇവരണ്ടുമാണ്‌ സഞ്‌ജയിന്റെ കേസ്‌ വാര്‍ത്തകളില്‍ നിറയാന്‍ കാരണമായത്‌. ഇതിനൊപ്പം ടാഡ ചുമത്തപ്പെട്ട മറ്റാളുകളുടെ ദുരിതങ്ങളും പുറത്തുവന്നു. ടാഡയെക്കുറിച്ച്‌ പുനര്‍വിചിന്തനം വേണമെന്ന ആവശ്യം ശക്തമായി. ഇതിന്റെ എല്ലാം ഫലമായാണ്‌ ടാഡ പിന്നീട്‌ പിന്‍വലിക്കപ്പെട്ടത്‌. 1999ല്‍ അധികാരത്തില്‍ വന്ന എന്‍ ഡി എ സര്‍ക്കാര്‍ ഭീകരവിരുദ്ധ നിയമമായ പോട്ട കൊണ്ടുവന്നപ്പോള്‍ ജാമ്യം നിഷേധിച്ച്‌ തടവില്‍ വെക്കാവുന്ന കാലയളവ്‌ 180 ദിവസമായി നിജപ്പെടുത്താനെങ്കിലും തീരുമാനിച്ചതും ദത്തിന്റെ കേസിനെത്തുടര്‍ന്ന്‌ ഉയര്‍ന്ന മുറവിളികളുടെ അടിസ്ഥാനത്തിലായിരുന്നു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന്‌ ഉറപ്പാക്കലാണ്‌ നിയമത്തിന്റെയും നീതിനിര്‍വഹണ സംവിധാനത്തിന്റെയും പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. നിയമനിര്‍മാണസഭകളിലൊന്നും അംഗമാവാതെ അതിലേക്ക്‌ സംഭാവനചെയ്‌തയാളായി സഞ്‌ജയ്‌ ദത്തിനെ കാണേണ്ടിവരും. നിയമലംഘകര്‍ നിയമനിര്‍മാതാക്കളാവുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയ മുതിര്‍ന്ന അഭിഭാഷകര്‍ക്ക്‌ ഈ സമകാലിക ചരിത്രം ഓര്‍ക്കേണ്ട ബാധ്യതയുണ്ടായിരുന്നു. അവരുടെമനപ്പൂര്‍വമായ മറവിക്ക്‌ കപടദേശീയത എന്ന ചതിക്കുഴിക്കപ്പുറം കാരണങ്ങള്‍ തേടേണ്ടതില്ല. ഇത്തരം അപേക്ഷകളില്‍ അനുകൂല തീരുമാനം എടുക്കുന്നത്‌ രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വത്‌കരണത്തെ പ്രോത്സാഹിപ്പിക്കുമെന്ന നിലപാടാണ്‌ മറ്റു ചില അഭിഭാഷകര്‍ കോടതിയില്‍ കൈക്കൊണ്ടത്‌. കുറ്റകൃത്യങ്ങളുടെ ലോകത്ത്‌ തുടര്‍ച്ചയായുണ്ടാവുകയും നിരവധി കേസുകളില്‍ പ്രതിയാവുകയും ചെയ്‌ത നിരവധിയാളുകള്‍ പതിനഞ്ചാം ലോക്‌സഭയിലേക്ക്‌ മത്സരിക്കുന്നുണ്ട്‌. ഇത്തരക്കാരെ കൂടുതല്‍ മത്സരരംഗത്തിറക്കിയിരിക്കുന്നത്‌ കപട ദേശീയതയുടെ പ്രധാന വക്താവായ ബി ജെ പിയുമാണ്‌. കാന്ദമാലില്‍ ക്രൈസ്‌തവരുടെ വംശഹത്യക്ക്‌ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ മനോജ്‌ പ്രധാന്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിയാണ്‌. മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിപ്പട്ടികകളിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യം ചെറുതല്ല. ഇതറിയാത്തവരാണ്‌ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെന്ന്‌ കരുതാനാവില്ല. മറ്റു കേസുകളെപ്പോലെയല്ല സഞ്‌ജയ്‌ ദത്തിനെതിരായ കേസ്‌ എന്ന്‌ അവരും കരുതുന്നുണ്ട്‌. വ്യക്തികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കേസും ദേശീയതയും രാജ്യസ്‌നേഹവും ഉള്‍ക്കൊള്ളുന്ന കേസും തമ്മിലുള്ള അന്തരം ഇവരും മനസ്സിലാക്കിയിരിക്കുന്നു. സുപ്രീംകോടതി സഞ്‌ജയ്‌ ദത്തിന്റെ കേസില്‍ വിധിപറയുമ്പോള്‍ മറ്റൊരു നാടകം മുംബൈയില്‍ അരങ്ങേറിക്കൊണ്ടിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിന്റെ അഭിഭാഷകയായി കോടതി നിയമിച്ച അഞ്‌ജലി വാഘ്‌മാറെയുടെ വീട്ടിലേക്ക്‌ ശിവസേനക്കാരുടെ പ്രതിഷേധ മാര്‍ച്ച്‌. കസബിന്‌ അഭിഭാഷകനുണ്ടാവുന്നത്‌ ദേശീയവികാരമുള്ളവര്‍ക്ക്‌ സഹിക്കാനാവില്ലല്ലോ. മുമ്പ്‌ കേരളത്തില്‍ വേരുകളുള്ള പാക്കിസ്ഥാന്‍ പൗരന്‍ ഫഹദിനെ ഭീകരവാദം ആരോപിച്ച്‌ ബാംഗ്ലൂര്‍ പോലീസ്‌ അറസ്റ്റുചെയ്‌തപ്പോള്‍ ഫഹദിനുവേണ്ടി ഹാജരാകാന്‍ തയ്യാറല്ലെന്ന്‌ കര്‍ണാടകത്തിലെ അഭിഭാഷകര്‍ പ്രഖ്യാപിച്ചത്‌ കൂടി ഓര്‍മിക്കുക. പ്രതിസ്ഥാനത്തുള്ളയാളുടെ ഭാഗം പറയാന്‍ ഒരാളുണ്ടാവുക എന്നത്‌ ഇന്ത്യന്‍ നീതിന്യായ പ്രക്രിയയുടെ സുതാര്യതയുടെ അവിഭാജ്യ ഘടകമാണ്‌. അതിനെ പരസ്യമായി എതിര്‍ക്കുന്നത്‌ കപട ദേശീയവാദത്തിന്റെ സ്വാധീനത്തിലേക്ക്‌ നീതിന്യായ വ്യവസ്ഥിതിയെ എത്തിക്കാനുള്ള ശ്രമമായിത്തന്നെ കാണണം. ഇത്തരം ശ്രമങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍, ചുരുങ്ങിയത്‌ അഭിഭാഷകരുടെയും ജഡ്‌ജിമാരുടെയും ചിന്തകളിലെങ്കിലും, വിള്ളലുകള്‍ ഉണ്ടാക്കിയിരിക്കുന്നു എന്ന്‌ ശങ്കിക്കേണ്ടിയിരിക്കുന്നു. നവജ്യോത്‌ സിംഗ്‌ സിദ്ദുവിന്റെയും സഞ്‌ജയ്‌ ദത്തിന്റെയും ഹരജികളിന്‍മേലുള്ള സുപ്രീം കോടതി വിധികള്‍ ഈ ശങ്കക്ക്‌ അടിസ്ഥാനവുമുണ്ടാക്കുന്നു.

2009-04-01

ഭീകരന്‍ ഉണ്ടാവേണ്ടത്‌


1984 നവംബര്‍ ഒന്ന്‌, രണ്ട്‌ തിയ്യതികളില്‍ ഗുര്‍ചരണ്‍ സിംഗ്‌ റിഷി കണ്ടതും അനുഭവിച്ചതും - ഡല്‍ഹി റൂറല്‍ ഡവലപ്പ്‌മെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാനും കോണ്‍ഗ്രസ്‌ നേതാവുമായ സജ്ജന്‍ കുമാര്‍ ആയിരത്തിലധികം വരുന്ന അക്രമി സംഘത്തെ നയിക്കുന്നു. സിഖുകളെ കൊന്നൊടുക്കുക എന്ന്‌ ആക്രോശിക്കുകയാണ്‌ അക്രമി സംഘം. ഈ പ്രദേശത്തെ ഒരു സിഖുകാരനും ജീവനോട്‌ രക്ഷപ്പെടരുതെന്ന്‌ അക്രമികള്‍ക്ക്‌ സജ്ജന്‍ കുമാര്‍ നിര്‍ദേശം നല്‍കുന്നു. ഈ പട്ടികള്‍ ശിക്ഷിക്കപ്പെടണമെന്ന്‌ സജ്ജന്‍ ആക്രോശിക്കുന്നു. അഗ്‌നി വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ട്രക്കിലേക്ക്‌ അക്രമികളുടെ സംഘം ഗുര്‍ചരണിനെ എടുത്തെറിഞ്ഞു. ഭാഗ്യം കൊണ്ടു മാത്രം ജീവന്‍ തിരിച്ചുകിട്ടിയ ഗുര്‍ചരണ്‍ പിന്നീട്‌ കിടക്കയില്‍ നിന്ന്‌ എഴുന്നേറ്റിട്ടില്ല.ഡല്‍ഹിയിലെ പുല്‍ ബംഗാഷ്‌ ഗുരുദ്വാരയില്‍ ഗ്യാനി സുരീന്ദര്‍ സിംഗ്‌ കണ്ടത്‌ - അക്രമികളുടെ സംഘത്തെ നയിച്ചിരുന്നത്‌ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ജഗ്‌ദീഷ്‌ ടൈറ്റ്‌ലറായിരുന്നു. സിഖുകളെ കൊന്നൊടുക്കാന്‍ ടൈറ്റ്‌ലര്‍ കൂടെയുണ്ടായിരുന്നവര്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു. ടൈറ്റ്‌ലറുടെ ഉത്തരവ്‌ അനുസരിച്ച അനുയായികള്‍ ഭായ്‌ ബാദല്‍ സിംഗ്‌ റാഗി, താക്കുര്‍ സിംഗ്‌, അമര്‍ജിത്‌ സിംഗ്‌ ബേദിയുടെ വേലക്കാരനെയും കൊന്നു. പുല്‍ ബംഗാഷ്‌ ഗുരാദ്വാരക്ക്‌ തീവെച്ചു. ഗുരുദ്വാരയിലുണ്ടായിരുന്ന സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥാ സാഹിബിന്റെ 36 പകര്‍പ്പുകള്‍ കത്തിനശിച്ചു.എച്ച്‌ കെ എല്‍ ഭഗത്ത്‌ എന്ന കോണ്‍ഗ്രസ്‌ നേതാവിനെതിരെയും ഇത്തരം ദൃക്‌സാക്ഷി മൊഴികളുണ്ട്‌. രോഗബാധിതനായ ഭഗത്ത്‌ മരിച്ചുപോയതിനാല്‍ അത്‌ ഒഴിവാക്കുന്നു. 1984 ഒക്‌ടോബര്‍ 31ന്‌ ഇന്ദിരാഗാന്ധിയെ സുരക്ഷാഭടന്മാരായിരുന്ന ബിയാന്ത്‌ സിംഗും സത്‌വന്ത്‌ സിംഗും വെടിവെച്ചുകൊലപ്പെടുത്തിയതിനു ശേഷം ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ്‌ വംശഹത്യയുടെ സാക്ഷിമൊഴികളാണ്‌ ഇവ. ഒക്‌ടോബര്‍ 31ന്‌ വൈകിട്ട്‌ ആരംഭിച്ച കൂട്ടക്കൊലയും കൊള്ളിവെപ്പും നവംബര്‍ ഒന്ന്‌, രണ്ട്‌ തിയ്യതികളില്‍ തുടര്‍ന്നു. സംഘര്‍ഷം പൂര്‍ണമായി കെട്ടടങ്ങിയത്‌ നവംബര്‍ പത്തോടെയായിരുന്നു. സിഖുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍. മാരകായുധങ്ങളുമായി ആക്രമണം നടത്തിയവര്‍ നിരവധി പേരെ കൊലപ്പെടുത്തി. അതുകൊണ്ടും തൃപ്‌തരാവാതെ മൃതദേഹത്തിന്‌ മേല്‍ മണ്ണെണ്ണയൊഴിച്ച്‌ തീക്കൊളുത്തി. വെട്ടേറ്റ്‌ പകുതി പ്രാണനായി കിടന്നിരുന്ന പലരും വെന്തുമരിച്ചു. ചിലയിടങ്ങളില്‍ സിഖുകാരെ ജീവനോടെ ചുട്ടെരിച്ചു. സ്‌ത്രീകള്‍ കൂട്ട ബലാത്സംഗത്തിന്‌ ഇരയായി. കുട്ടികളെപ്പോലും വെറുതെവിട്ടില്ല. സിഖുകാരുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു. കൊള്ളക്കു ശേഷം അക്രമികള്‍ കടകള്‍ക്ക്‌ തീവെച്ചു. അക്രമികളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. പിന്നെ തരം കിട്ടിയപ്പോള്‍ തെരുവിലിറങ്ങിയ ഗുണ്ടകളും. ഇവര്‍ക്ക്‌ കോണ്‍ഗ്രസ്‌ നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍, എച്ച്‌ കെ എല്‍ ഭഗത്ത്‌ എന്നിവരുടെ പിന്തുണയുണ്ടായിരുന്നുവെന്നാണ്‌ ആരോപണം. ഇവര്‍ പലേടത്തും അക്രമികള്‍ക്കൊപ്പമെത്തുകയും സിഖുകാരെ കൂട്ടക്കൊല ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തുവെന്നാണ്‌ മേലുദ്ധരിച്ച സാക്ഷിമൊഴികള്‍ പറയുന്നത്‌. അക്രമത്തിനു ശേഷം ജീവച്ഛവമായി ശേഷിക്കുന്നവര്‍ നിരവധി. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ രോഷവും നീറുന്ന വേദനയുമായി കഴിയുന്ന സ്‌ത്രീകളും കുറവല്ല. ബന്ധുക്കളെ ജീവനോടെ ചുട്ടെരിച്ചതു കണ്ടതിന്റെ ആഘാതത്തില്‍ മനോനില തെറ്റിയവരുമുണ്ട്‌. ഇന്ദിരാ സഹതാപ തരംഗത്തില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‌ നേതൃത്വം നല്‍കിയ മകന്‍ രാജീവ്‌ ഗാന്ധി ഈ സംഭവങ്ങളെക്കുറിച്ച്‌ പ്രതികരിച്ചത്‌ ഇങ്ങിനെയായിരുന്നു - `` വലിയ മരങ്ങള്‍ വീഴുമ്പോള്‍ അതിന്റെ ചുവടെയുള്ള ചെറുചെടികള്‍ നശിക്കുക സ്വാഭാവികം മാത്രം''.സിഖ്‌ കൂട്ടക്കൊലയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പല കാലങ്ങളിലായി പത്ത്‌ കമ്മീഷനുകളാണ്‌ നിയോഗിക്കപ്പെട്ടത്‌. കമ്മീഷനുകളില്‍ ഭൂരിഭാഗവും തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സജ്ജന്‍ കുമാറിന്റെയും ജഗ്‌ദീഷ്‌ ടൈറ്റ്‌ലറുടെയും എച്ച്‌ കെ എല്‍ ഭഗത്തിന്റെയും പങ്കിനെക്കുറിച്ച്‌ എടുത്തുപറഞ്ഞു. വോട്ടേഴ്‌സ്‌ ലിസ്റ്റുമായാണ്‌ അക്രമികള്‍ സിഖുകാരെ തേടിയെത്തിയത്‌. ഏതു പ്രദേശത്ത്‌ ഏതു വീട്ടില്‍ സിഖുകാരുണ്ടെന്ന്‌ അക്രമികള്‍ക്ക്‌ വ്യക്തമായി അറിയാനാണ്‌ വോട്ടേഴ്‌സ്‌ ലിസ്റ്റ്‌ നല്‍കിയത്‌. വോട്ടേഴ്‌സ്‌ ലിസ്റ്റ്‌ ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന കാലമായിരുന്നില്ല അത്‌. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പക്കല്‍ നിന്നു മാത്രമേ ലിസ്റ്റ്‌ അക്രമികള്‍ക്ക്‌ ലഭിക്കാന്‍ തരമുള്ളൂ. അപ്പോള്‍ ഡല്‍ഹിയിലുള്ള സിഖുകാരെ മുഴുവന്‍ കൊലചെയ്യുക എന്ന ഉദ്ദേശ്യം ആസൂത്രിതമായ അക്രമത്തിന്‌ പിന്നിലുണ്ടായിരുന്നുവെന്ന്‌ വ്യക്തം. അക്രമികള്‍ക്ക്‌ മദ്യവും പണവും സിഖുകാരെ ജീവനോടെ ചുട്ടെരിക്കാനുള്ള മണ്ണെണ്ണയുമൊക്കെ വിതരണം ചെയ്‌തത്‌ കോണ്‍ഗ്രസ്‌ നേതാക്കളായിരുന്നുവെന്ന്‌ ആരോപണമുണ്ട്‌. ചില കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഇത്‌ സ്ഥിരീകരിക്കുന്നുമുണ്ട്‌. അക്രമികള്‍ക്ക്‌ പണമെത്തിച്ചതിലും സജ്ജന്‍ കുമാര്‍, ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍, എച്ച്‌ കെ എല്‍ ഭഗത്ത്‌ എന്നിവര്‍ക്ക്‌ പങ്കുണ്ടായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അക്രമം നടക്കുന്ന സ്ഥലങ്ങളിലേക്ക്‌ ദിവസങ്ങളോളം പോലീസ്‌ തിരിഞ്ഞു നോക്കാതിരുന്നതിനു പിന്നിലും അധികാര കേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഈ നേതാക്കളുടെ കരങ്ങളുണ്ടായിരുന്നു. 2002ല്‍ ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ കാര്‍മികത്വത്തില്‍ നടന്ന വംശഹത്യക്ക്‌ സമാനമായിരുന്നു സംഗതികള്‍. ഇന്ത്യാ മഹാരാജ്യം വിസ്‌മരിക്കാന്‍ ഇഷ്‌ടപ്പെടുന്ന ഈ സമീപകാല ചരിത്രം വിസ്‌തരിച്ചത്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലറിനെയും സജ്ജന്‍ കുമാറിനെയും വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ച പശ്ചാത്തലത്തിലാണ്‌. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇവര്‍ മത്സരിച്ച്‌, വിജയിച്ചിരുന്നു. ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ യു പി എ സര്‍ക്കാറില്‍ ദീര്‍ഘകാലം പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്നു. യു പി എയെ പിന്തുണച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള മതേതര, വര്‍ഗീയ വിരുദ്ധ പാര്‍ട്ടികള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടായതുമില്ല. സിഖ്‌ കൂട്ടക്കൊലയിലെ പങ്കിനെക്കുറിച്ച്‌ പുനരന്വേഷണം നടത്താന്‍ സി ബി ഐ തീരുമാനിച്ചപ്പോഴാണ്‌ ടൈറ്റ്‌ലര്‍ രാജിവെച്ചത്‌. ടൈറ്റ്‌ലര്‍ ഇക്കുറി നോര്‍ത്ത്‌ ഈസ്റ്റ്‌ ഡല്‍ഹിയിലും സജ്ജന്‍ കുമാര്‍ സൗത്ത്‌ ഡല്‍ഹിയിലുമാണ്‌ മത്സരിക്കുന്നത്‌. ഇവരെ മത്സരരംഗത്തിറക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ യാതൊരു മനോവിഷമവും ഉണ്ടായില്ല. രണ്ടായിരത്തിലധികം സിഖുകാര്‍ (അനൗദ്യോഗിക കണക്ക്‌) കൂട്ടക്കുരുതി ചെയ്യപ്പെട്ട ഈ സംഭവത്തെ ഭീകരപ്രവര്‍ത്തനമായി വിശേഷിപ്പിക്കാമോ എന്നതാണ്‌ ചോദ്യം. കേരളത്തില്‍ ചൂണ്ടിക്കാണിക്കാന്‍ ഒരു ഭീകരനെങ്കിലും ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ ചില മാധ്യമങ്ങളും കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും അബ്‌ദുന്നാസര്‍ മഅ്‌ദനിക്കു നേരെ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്‌ ഈ ചോദ്യം. കാശ്‌മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായവരുടെയും മറ്റും മൊഴികളുടെ അടിസ്ഥാനത്തിലാണ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിക്ക്‌ ഭീകരരുമായി ബന്ധമുണ്ടെന്ന്‌ ഒരു വിഭാഗം വാദിക്കുന്നത്‌. ഈ മൊഴികളുടെ യാഥാര്‍ഥ്യം അജ്ഞാതമാണ്‌. ഏങ്കിലും മഅ്‌ദനിയുടെ മുന്‍കാലത്തെയും ഇപ്പോഴത്തെയും നിലപാടുകളോടും ആശയങ്ങളോടും വിയോജിച്ചുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാം സജ്ജന്‍ കുമാറും ജഗ്‌ദീഷ്‌ ടൈറ്റ്‌ലറും ചെയ്‌തതു പോലെയൊന്നും മഅ്‌ദനി ചെയ്‌തിട്ടില്ല. ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്‌ലിം ലീഗ്‌ നേതൃത്വം സ്വീകരിച്ച നിലപാടില്‍ അതൃപ്‌തരായ ധാരാളം പേരുണ്ടായിരുന്നു. അവരെ തനിക്കൊപ്പം നിര്‍ത്താന്‍ മഅ്‌ദനി ശ്രമിക്കുകയും ചെയ്‌തു. വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഭാഷയിലും ശബ്‌ദത്തിലും അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ചിലരെയെങ്കിലും തീവ്രവാദത്തിലേക്ക്‌ തള്ളിവിട്ടിട്ടുമുണ്ടാവാം. അതിനുള്ള ശിക്ഷ മഅ്‌ദനി അനുഭവിച്ചുകഴിഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതു വര്‍ഷത്തിലേറെ നീണ്ട വിചാരണത്തടവ്‌. ഇപ്പോഴുയരുന്ന ആരോപണങ്ങള്‍ ശ്രദ്ധിക്കുക. മഅ്‌ദനിയുടെ ജയില്‍ മോചനം ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്സു കത്തിച്ചവര്‍ മഅ്‌ദനിയുടെ ഭാര്യ സൂഫിയയുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. ഇവരില്‍ ഒരാളാണ്‌ പിന്നീട്‌ കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ദക്ഷിണേന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതത്വം നല്‍കുന്നവരില്‍ ചിലരുടെ മക്കള്‍ക്ക്‌ എറണാകുളത്ത്‌ വിദ്യാഭ്യാസ സൗകര്യമൊരുക്കാമെന്ന്‌ സൂഫിയ മഅ്‌ദനി വാക്കു നല്‍കിയിരുന്നുവെന്നും മൊഴികളുണ്ട്‌. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്തെങ്കിലും സഹായം സൂഫിയ ചെയ്‌തതായി മൊഴികളില്‍ പറയുന്നില്ല. അവരുടെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്‌ സഹായം ചെയ്‌തുകൊടുക്കാമെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ നിശ്ചമായും ഇവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തിലേക്ക്‌ വിരല്‍ ചൂണ്ടും. പക്ഷെ, അതുമാത്രം വെച്ച്‌ ഇവര്‍ക്ക്‌ ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന്‌ പറയാനാവുമോ? സജ്ജന്‍ കുമാറിനും ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്കുമെതിരായ സാക്ഷി മൊഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്‌ ഗൗരവം കുറഞ്ഞതാണെന്ന്‌ കരുതേണ്ടിവരും. അടുത്തിടെ ഒമാന്‍ ഭരണകൂടം കൈമാറിയ സര്‍ഫറാസ്‌ നവാസിന്റെ മൊഴിയാണ്‌ മഅ്‌ദനിക്കെതിരെ ഉയര്‍ന്ന മറ്റൊരു ആയുധം. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന്‌ മോചിതനായ ശേഷം മഅ്‌ദനിയെ കണ്ടുവെന്നും തിരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പങ്കാളിയാവരുതെന്ന്‌ ആവശ്യപ്പെട്ടുവെന്നും സര്‍ഫറാസ്‌ മൊഴി നല്‍കിയിരിക്കുന്നു. തിരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പങ്കാളിയാവരുതെന്ന തന്റെ നിര്‍ദേശത്തോട്‌ മഅ്‌ദനി എന്തു മറുപടി പറഞ്ഞുവെന്ന സര്‍ഫറാസിന്റെ മൊഴി മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല. അല്ലെങ്കില്‍ ലഭിച്ചിട്ടും മൂടിവെച്ചിരിക്കുന്നു. 1995ല്‍ തിരൂരങ്ങായി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എ കെ ആന്റണി മത്സരിക്കുമ്പോള്‍ എതിര്‍ക്കാന്‍ അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ പ്രതിനിധിയുണ്ടായിരുന്നു. അന്ന്‌ സായുധരായ സ്വകാര്യ സുരക്ഷാഭടന്മാരൊരുക്കുന്ന ഭീതിജനകമായ അന്തരീക്ഷത്തില്‍ മഅ്‌ദനി തിരൂരങ്ങാടിയിലെ ഒരു കുടുംബ യോഗത്തില്‍ പ്രസംഗിച്ചതിന്‌ ഈ ലേഖിക സാക്ഷിയായിരുന്നു. ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌, ബോംബെ കലാപം, മുസ്‌ലിം ന്യൂനപക്ഷം രാജ്യത്ത്‌ നേരിടുന്ന അരക്ഷിതാവസ്ഥ, കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ കാട്ടുന്ന അവഗണന, ഹൈന്ദവ വര്‍ഗീയ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി ഇതൊക്കെ അന്നത്തെ മഅ്‌ദനിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ശ്രോതാക്കളില്‍ വികാരമുണര്‍ത്തുന്ന രൂക്ഷമായ ഭാഷയും ശബ്‌ദനിയന്ത്രണവുമുണ്ടായിരുന്നു. പക്ഷെ, അന്യസമുദായക്കാരനെ വെറുപ്പോടെ കാണാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങളൊന്നുമുണ്ടായിരുന്നില്ല. അന്ന്‌ ഉള്ളത്രയും രൂക്ഷമല്ല ഇന്നത്തെ മഅ്‌ദനിയുടെ വാക്കുകളും ശരീരഭാഷയും. ചുരുക്കത്തില്‍ അര്‍ധ സത്യങ്ങളുടെയും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കാത്ത വസ്‌തുതകളുടെയും അടിസ്ഥാനത്തില്‍ വലിയൊരു പുകമറ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. ചൂണ്ടിക്കാണിക്കാന്‍ ഒരു ഭീകരനെയെങ്കിലും സ്വന്തമായുണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയാണ്‌ ഈ മറ സൃഷ്‌ടിക്കുന്നത്‌. അവര്‍ക്ക്‌ അവരുടേതായ അജണ്ടയുണ്ടാവും. ഒരു ഹൈന്ദവ ഏകീകരണത്തിന്‌ മഅ്‌ദനിയെന്ന എളുപ്പവഴിയാണ്‌ ഈ അജണ്ട. ഇതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നത്‌ യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും ഹ്രസ്വകാല ലക്ഷ്യം. ഹൈന്ദവ ഏകീകരണമുണ്ടായാല്‍ ഭാവിയിലെങ്കിലും അതിന്റെ ഗുണഫലം ഉണ്ണാനാവുമെന്നത്‌ ബി ജെ പിയുടെ ദീര്‍ഘകാല പ്രതീക്ഷ. പി ഡി പി, പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ, ജമാഅത്തെ ഇസ്‌ലാമി ഭാവിയില്‍ രൂപവത്‌കരിക്കാനിരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടി എന്നിവയിലൂടെ വിഭജിക്കപ്പെടാന്‍ ഇടയുള്ള സ്വന്തം വോട്ടുബാങ്ക്‌ പിടിച്ചുനിര്‍ത്തുക എന്നത്‌ മുസ്‌ലിം ലീഗിന്റെ ലക്ഷ്യം. ഇതെല്ലാം ഭാവിയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള അപകടത്തെക്കുറിച്ച്‌ ചിന്തകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്ന്‌ എല്‍ ഡി എഫിന്‌ പരസ്യ പിന്തുണയുമായി മഅ്‌ദനി രംഗത്തെത്തിയതാണ്‌ ഇതിനെല്ലാം അടിസ്ഥാനം. നാളെ മഅ്‌ദനി യു ഡി എഫിന്‌ പിന്തുണ പ്രഖ്യാപിക്കുന്ന കാലത്ത്‌ ഇതിലും വലിയ സാക്ഷിമൊഴികളുമായി സി പി എമ്മും മാധ്യമങ്ങളും രംഗത്തുവരും. അപ്പോഴും വര്‍ഗീയമായ ചേരിതിരിവിന്റെ ഭീഷണിയും ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയും ഉണ്ടാവും. വ്യക്തികേന്ദ്രീകൃതമായി നിലനില്‍ക്കുന്ന മറ്റൊരു ന്യൂനപക്ഷ രാഷ്‌ട്രീയ പാര്‍ട്ടിയും അതിന്റേ നേതൃത്വത്തില്‍ ലക്ഷണയുക്തനായ മറ്റൊരു `മഅ്‌ദനി'യും ഉണ്ടാവുന്നിടത്തോളം അബ്‌ദുന്നാസര്‍ മഅ്‌ദനി നമ്മുടെ സ്വന്തം `ഭീകരനാ'യി തുടരും. സജ്ജന്‍ കുമാറുമാരും ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍മാരും തിരഞ്ഞെടുപ്പുകളില്‍ ജയിച്ച്‌ കേന്ദ്രമന്ത്രിമാരായി വിരാജിക്കുകയും ചെയ്യും.