2009-04-10

എറിഞ്ഞത്‌ ചെരിപ്പല്ല


ര്‍ണയില്‍ സിംഗ്‌ എന്ന പേര്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ അശുഭകരമായ ഓര്‍മകള്‍ സമ്മാനിക്കുന്നുണ്ടാവും. പഞ്ചാബില്‍ അസ്വസ്ഥതയുടെ ദിനങ്ങള്‍ക്ക്‌ തുടക്കമിട്ടയാളായി കോണ്‍ഗ്രസ്‌ ആരോപിക്കുന്നത്‌ സന്ത്‌ ജര്‍ണയില്‍ സിംഗ്‌ ബ്രാര്‍ എന്ന സിഖ്‌ പണ്ഡിതനെയാണ്‌. പിന്നീടും ഇപ്പോഴും ഭിന്ദ്രന്‍വാല എന്നറിയപ്പെടുന്ന ജര്‍ണയില്‍ സിംഗ്‌ ബ്രാര്‍. 1984ല്‍ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനിടെ സൈന്യം ഭിന്ദ്രന്‍വാലയെ വെടിവെച്ചു കൊന്നു. അതേ പേരുകാരനായ ഒരു മാധ്യമ പ്രവര്‍ത്തകനാണ്‌ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്‌ നേര്‍ക്ക്‌ ചെരുപ്പെറിഞ്ഞത്‌. ഈ സാമ്യം യാദൃച്ഛികമാണ്‌. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ സാമ്യം ചില ദുഃസൂചനകള്‍ നല്‍കുന്നുമുണ്ട്‌. 1984ലെ സിഖ്‌ വംശഹത്യയില്‍ ആരോപണവിധേയനായ ജഗ്‌ദീഷ്‌ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ സി ബി ഐ അടുത്തിടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്ക്‌ ഡല്‍ഹിയില്‍ വീണ്ടും ലോക്‌സഭാ സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചതിന്‌ പിറകെയായിരുന്നു ഈ നടപടി. സ്വാഭാവികമായും സിഖ്‌ സമൂഹം ഇതില്‍ അസ്വാഭാവികമായ ചിലത്‌ കണ്ടു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്‌ ബുഷിനെ ചെരിപ്പുകൊണ്ടെറിഞ്ഞ മുന്‍തദര്‍ അല്‍ സെയ്‌ദിയെ മാതൃകയാക്കാന്‍ ജര്‍ണയില്‍ തീരുമാനിച്ചതിന്റെ കാരണം ഇതാണ്‌.
എന്നാല്‍ ഇതു രണ്ടും മാത്രമാണോ ജര്‍ണയിലിന്റെ ചെരുപ്പേറില്‍ കലാശിച്ചത്‌ എന്നതാണ്‌ ആലോചിക്കേണ്ടത്‌. 1984ലെ സിഖ്‌വംശഹത്യയില്‍ ആരോപണവിധേയനായ സജ്ജന്‍ കുമാറിനെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ടൈറ്റ്‌ലറെയും കോടതി വെറുതെവിട്ടതാണ്‌. എന്നാല്‍ പുതിയ സാക്ഷിമൊഴിയുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാര്‍ സി ബി ഐയെ ചുമതലപ്പെടുത്തുകയായിരുന്നു. അപ്പോഴും ടൈറ്റ്‌ലര്‍ക്കെതിരെ തെളിവുണ്ടാവുമെന്നോ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്നോ ഉള്ള വ്യാമോഹമൊന്നും സിഖ്‌ സമുദായത്തിനുണ്ടായിരുന്നില്ല. കാരണം സജ്ജനും ടൈറ്റ്‌ലര്‍ക്കുമെതിരെ തെളിവു നല്‍കാന്‍ ജീവനില്‍ കൊതിയുള്ള ആരും തയ്യാറാവില്ല. ഇവര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചവരൊക്കെ പിന്നീട്‌ കാണാതായതാണ്‌ ചരിത്രം. തെളിവു നല്‍കാന്‍ ആരുമുണ്ടാകാത്തതു കൊണ്ടുതന്നെയാണ്‌ കോടതികള്‍ ഇവരെ വെറുതെ വിട്ടതും. സജ്ജനും ജഗ്‌ദീഷും നിലവില്‍ ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളുമാണ്‌. അവര്‍ക്ക്‌ വീണ്ടും സീറ്റു നല്‍കുമ്പോള്‍ വല്ലാതെ പ്രകോപിതരായതുമില്ല സിഖ്‌ സമൂഹം. അതുകൊണ്ടാണ്‌ ജര്‍ണയിലിന്റെ ചെരുപ്പേറിന്‌ കൂടുതല്‍ പരിശോധന ആവശ്യമായി വരുന്നത്‌.
1997 ജൂലായ്‌ എട്ട്‌. ചണ്ഡീഗഢ്‌ സ്വദേശിയായ അജൈബ്‌ സിംഗ്‌ തോധിയാന്‍ ആത്മഹത്യ ചെയ്‌തു. അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തിന്റെ പരിസരത്തു വെച്ച്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌ത ഇയാള്‍ക്ക്‌ 55 വയസ്സായിരുന്നു. 1991ല്‍ അമൃത്‌സര്‍ പോലീസ്‌ പിടിച്ചുകൊണ്ടുപോയ മകന്‍ കുല്‍വീന്ദര്‍ സിംഗിനെക്കുറിച്ച്‌ ഒരു വിവരവും കിട്ടാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ഈ മധ്യവയസ്‌ക്കന്‍ സമീപിച്ചിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധിമാര്‍ എന്നിവരെയെല്ലാം കണ്ടു. ഒരു ഫലവുമുണ്ടായില്ല. കുല്‍വീന്ദര്‍ സിംഗിനെ പോലീസ്‌ എന്തുചെയ്‌തുവെന്ന്‌ ആര്‍ക്കുമറിയില്ല. അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയ മകന്‌ എന്തു സംഭവിച്ചു എന്നറിയാതെ ഒരായുസ്സു മുഴുവന്‍ നീറിയ ഈച്ചരവാര്യര്‍ക്ക്‌ പഞ്ചാബിലെ പിന്‍ഗാമിയായിരുന്നു അജൈബ്‌ സിംഗ്‌ തോധിയാന്‍. ഇത്തരം കാണാതാവലുകള്‍ പഞ്ചാബില്‍ ധാരാളമായി നടന്നിരുന്നു. കാണാതായ മക്കളെ അന്വേഷിച്ച്‌ കോടതികളും മന്ത്രിമന്ദിരങ്ങളും കയറി ഇറങ്ങുന്ന മാതാപിതാക്കള്‍ ഇപ്പോഴുമുണ്ട്‌. 1980കളില്‍ ആരംഭിച്ച തീവ്രവാദത്തിന്റെയും അതിനെ നേരിടാന്‍ ഭരണകൂടം സ്വീകരിച്ച പ്രതിതീവ്രവാദത്തിന്റെയും ജീവിക്കുന്ന രക്തസാക്ഷികളാണ്‌ ഇവര്‍.
1973ല്‍ അനന്ത്‌പൂര്‍ സാഹിബ്‌ പ്രമേയവുമായി അകാലികള്‍ രംഗത്തെത്തുന്നതോടെയാണ്‌ പഞ്ചാബിലെ തീവ്രവാദത്തെക്കുറിച്ച്‌ കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും വാചലരാവുന്നത്‌. പക്ഷെ, അന്ന്‌ അകാലികള്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും തന്നെ തീവ്ര വാദങ്ങളായിരുന്നില്ല. പല സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ അന്ന്‌ അകാലികള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനെ പഞ്ചാബിന്റെ ഭാഗമാക്കുക, പഞ്ചാബി സംസാരിക്കുന്ന പ്രദേശങ്ങള്‍ പഞ്ചാബ്‌ സംസ്ഥാനത്തിന്റെ ഭാഗമാക്കുക, നിലവിലുള്ള ഭരണഘടനയനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരങ്ങള്‍ കൈമാറുക, പഞ്ചാബില്‍ ഭുപരിഷ്‌കരണവും വ്യവസായവത്‌കരണവും നടപ്പാക്കുക, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കുക, സൈന്യത്തില്‍ സിഖുകാരുടെ എണ്ണം പരിമിതപ്പെടുത്തിയത്‌ പുനപ്പരിശോധിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. ഇവയില്‍ ഒന്നുപോലുംതീവ്ര ആശയങ്ങളായിരുന്നില്ല. പക്ഷേ, രാഷ്‌ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി, തെളിച്ചു പറഞ്ഞാല്‍ പഞ്ചാബിലെ ഹൈന്ദവ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍, കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും ഇതിനെ തീവ്രവാദമായി മുദ്രകുത്തി. അകാലികളാവട്ടെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പ്രക്ഷോഭവും തുടങ്ങി. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബില്‍ നിന്ന്‌ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ ഗോതമ്പും മറ്റു ധാന്യങ്ങളും കൊണ്ടുപോകുന്നത്‌ നിര്‍ത്തിവെക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഇതിന്റെ എല്ലാം തുടര്‍ച്ചയായിരുന്നു സുവര്‍ണക്ഷേത്രത്തിലെസൈനിക നടപടിയും കൂട്ടക്കുരുതിയും. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 1970കളില്‍ ആരംഭിച്ച്‌ വലിയ പ്രചാരമൊന്നും ലഭിക്കാതിരുന്ന ഖാലിസ്ഥാന്‍ വാദം മുന്‍നിരയിലേക്ക്‌ വന്നു. സുവര്‍ണക്ഷേത്രം ഇന്ത്യയിലെ സിഖുകാരന്റെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമാണ്‌. അവിടെ പട്ടാളത്തെ നിയോഗിച്ചവര്‍ക്കെതിരെ ആയുധമെടുത്ത്‌ പോരാടേണ്ടതിന്റെ ആവശ്യകത ഉദ്‌ബോധിപ്പിക്കാന്‍ ആളുകളുണ്ടായി. ഖാലിസ്ഥാന്‍ എന്ന മഹത്തായ ലക്ഷ്യത്തെക്കുറിച്ച്‌ അവര്‍ യുവാക്കളോട്‌ സംസാരിച്ചു. അതിര്‍ത്തിക്കപ്പുറത്തു നിന്ന്‌ ആയുധങ്ങളെത്തി. പഞ്ചാബില്‍ ചോരക്കളങ്ങള്‍ ആവര്‍ത്തിച്ചു. ഒരു ജനത ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ കേള്‍ക്കാന്‍പോലുമുള്ള സന്‍മനസ്സ്‌ കാട്ടാതിരുന്ന കോണ്‍ഗ്രസും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വിതച്ച അതൃപ്‌തിയാണ്‌ ചോരക്കളങ്ങളുടെ അടിസ്ഥാനമായത്‌.
ചോരയെ ചോര കൊണ്ട്‌ നേരിടാനാണ്‌ പതിവുപോലെ ഭരണകൂടം തീരുമാനിച്ചത്‌. പ്രത്യേകിച്ച്‌ ഇന്ദിരാഗാന്ധിയുടെ വധത്തിന്‌ ശേഷം. പഞ്ചാബ്‌ ഡി ജി പിമാരായി നിയമിക്കപ്പെട്ട ജെ എച്ച്‌ റിബൈറോയും കെ പി എസ്‌ ഗില്ലും ഭരണകൂടത്തിന്റെ ഇംഗിതം പൂര്‍വാധികം ഭംഗിയായി നിര്‍വഹിച്ചുകൊടുത്തു. തീവ്രവാദ ബന്ധമാരോപിച്ച്‌ പോലീസ്‌ പിടികൂടിയ നൂറുകണക്കിന്‌ യുവാക്കളെ കാണാതായി. നിരവധി പേര്‍ പോലീസിന്റെയോ പ്രത്യേക സേനാ വിഭാഗത്തിന്റെയോ തോക്കുകള്‍ക്ക്‌ ഇരയായി. ഇവരെ വെടിവെച്ച്‌ കൊന്ന ശേഷം ഏറ്റുമുട്ടലുകളായി ചിത്രീകരിക്കുകയായിരുന്നുവെന്ന്‌ പിന്നീട്‌ വ്യക്തമാവുകയും ചെയ്‌തു. നെറ്റിയില്‍ വെടിയേറ്റ യുവാവ്‌ മരിച്ചെന്ന ധാരണയില്‍ പോലീസ്‌ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ കൊണ്ടുവന്നു. യുവാവില്‍ ജീവന്‍ ശേഷിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം ഡോക്‌ടര്‍ അറിയിച്ചപ്പോള്‍ യുവാവിന്റെ ശരീരവുമായി പോലീസ്‌ തിരിച്ചുപോയി. പതിനഞ്ചു മിനുട്ടിനകം മൃതദേഹവുമായെത്തി. അപ്പോള്‍ യുവാവിന്റെ ശരീരത്തില്‍ വെടിയേറ്റ കൂടുതല്‍ പാടുകളുണ്ടായിരുന്നു. ഇത്തരം ക്രൂരതയുടെ അധ്യായങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. പഞ്ചാബില്‍ പലേടത്തും കൂട്ട മറവുചെയ്യലുകള്‍ നടന്നു. മൃതദേഹം പലപ്പോഴും പോലീസ്‌ കനാലുകളില്‍ തള്ളി. കനാലുകളിലൂടെ മൃതദേഹം ഒഴുകിവരുന്നത്‌ പതിവായതോടെ രാജസ്ഥാന്‍ സര്‍ക്കാര്‍ പഞ്ചാബ്‌ സര്‍ക്കാറിനോട്‌ ഔദ്യോഗികമായി പരാതി പറഞ്ഞു. 2005ല്‍ പുറത്തുവന്ന ഒരു കണക്ക്‌ (സി ബി ഐ അംഗീകരിച്ചത്‌) ഇങ്ങിനെയാണ്‌. 2097 മൃതദേഹം അമൃത്‌സറിലെ മൂന്ന്‌ ശ്‌മശാനങ്ങളില്‍ മാത്രമായി പോലീസ്‌ സംസ്‌കരിച്ചു. 99 തീവ്രവാദികള്‍ മാത്രമേ കസ്റ്റഡിയിലുള്ളൂ. 109 കുടുംബങ്ങള്‍ക്ക്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നഷ്‌ടപരിഹാരം അനുവദിച്ചു. ബാക്കി കുടുംബങ്ങള്‍ നീതി കാത്തിരിക്കുന്നു. കൂടുതല്‍ ക്രൂരതകളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും കഥകളുമായി 2005ല്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജസ്വന്ത്‌ സിംഗ്‌ ഖാര്‍ല രംഗത്തുവന്നു. സര്‍ക്കാര്‍ രേഖകളാണ്‌ ഖാര്‍ല തെളിവായി ഉയര്‍ത്തിക്കാട്ടിയത്‌. 2007ല്‍ ഖാര്‍ല യെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.
1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന്‌ ശേഷം ഡല്‍ഹിയില്‍ അരങ്ങേറിയ വംശഹത്യ മാത്രമല്ല സിഖ്‌ സമുദായത്തിലെ മുറിവ്‌. 1980കളില്‍ ആരംഭിക്കുകയും 85നു ശേഷം ശക്തമാവുകയും ചെയ്‌ത ഭരണകൂട ഭീകരതയുടെ ഇരകള്‍ കൂടിയാണ്‌ അവര്‍. ഈ ഭീകരതയ്‌ക്ക്‌ ഇരയാവര്‍ക്കൊന്നും നീതി ലഭിച്ചിട്ടുമില്ല. ഡല്‍ഹിയിലെ വംശഹത്യക്ക്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി മാപ്പുപറയുകയും ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ നഷ്‌ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്‌ത കാലത്താണ്‌ ജസ്വന്ത്‌ സിംഗ്‌ ഖാര്‍ലയെ കാണാതാവുന്നത്‌. സിഖുകാരെ കൊല്ലാന്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ നിര്‍ദേശം നല്‍കുന്നത്‌ കണ്ടുവെന്ന്‌ പറഞ്ഞയാളെ കാണാതാവുന്നതും ഇതേ കാലത്താണ്‌. ഇത്തരം കാണാതാവലുകള്‍ സിഖുകാരുടെ ഭീരുത്വം കൊണ്ടാണെന്ന്‌ കരുതാനാവില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി ആയുധമെടുത്തും അല്ലാതെയും പോരാടിയവരുടെ മുന്‍പന്തിയില്‍ സിഖുകാരുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്‌ ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ധീരതയുടെ പര്യായമായി മാറിയതും സിഖുകാര്‍ തന്നെ. രാഷ്‌ട്രത്തിന്റെ ഏറ്റവും വലിയ സൈനിക ബഹുമതിയായ പരംവീര്‍ ചക്ര ലഭിച്ചവരില്‍ സിഖു വംശജര്‍ കുറവുമല്ല. ഈ ധീരതയെയും ദേശീയ ബോധത്തെയുമാണ്‌ രാഷ്‌ട്രം ഭരിച്ചവര്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്‌. സൈന്യത്തിലെ പ്രാതിനിധ്യത്തിന്‌ പരിധി നിശ്ചയിച്ച്‌ അപമാനിച്ചത്‌. ഫെഡറല്‍ സമ്പ്രദായം ഭരണഘടന വിഭാവനം ചെയ്യുന്ന അര്‍ഥത്തിലും വ്യാപ്‌തിയിലും നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടതിന്‌ വിഘടനവാദികളായി ചിത്രീകരിച്ചത്‌. പിന്നീട്‌ അടിച്ചമര്‍ത്തിയത്‌. മാപ്പുപറയലും ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം പ്രഖ്യാപിക്കലും കൊണ്ട്‌ സിഖുകാരുടെ നഷ്‌ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കാമെന്ന്‌ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത്‌ വ്യാമോഹം മാത്രമാണ്‌. ചിദംബരത്തെ ചെരുപ്പെറിഞ്ഞ ജര്‍ണയില്‍ സിംഗിന്‌ സിഖ്‌ സമുദായത്തില്‍ നിന്ന്‌ ലഭിച്ച പിന്തുണ അതാണ്‌ തെളിയിക്കുന്നതും.
രാഷ്‌ട്രത്തിന്റെ പ്രധാന ഭൂമിശാസ്‌ത്രരേഖകളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുകയും രാഷ്‌ട്രത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുന്ന ദ്വീപുകളെപ്പോലെയാണ്‌ ഒരു രാജ്യത്തെ ന്യൂനപക്ഷങ്ങള്‍. അവര്‍ക്ക്‌ സ്വന്തം അസ്‌തിത്വം നിലനിര്‍ത്തുക എന്നത്‌ ജീവശ്വാസം പോലെ സുപ്രധാനമായിരിക്കും. അതിനായി അവര്‍ കലഹിച്ചുകൊണ്ടേയിരിക്കും. ഈ കലഹത്തില്‍ അല്‍പ്പം പോലും പിന്നിലല്ല സിഖുകാര്‍. മതാചാരപ്രകാരമുള്ള കൃപാണ്‍ (വാള്‍) ധരിച്ച്‌ പാര്‍ലിമെന്റില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന്‌ സിഖുകാര്‍ ആവശ്യപ്പെട്ടത്‌ അതിനാലാണ്‌. ഇത്രയും നിഷ്‌ഠയും സ്ഥൈര്യവും പുലര്‍ത്തുന്ന ജനത അവര്‍ക്കെതിരെ നടന്ന ക്രൂരതകളുടെ ചരിത്രം വിസ്‌മരിക്കുമെന്ന്‌ കരുതാനാവില്ല. മറിച്ച്‌ നേരിട്ട ക്രൂരതകളുടെയും നീതികേടിന്റെയും ചരിത്രം വരുംതലമുറകള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുകയും ചെയ്യും. ജഗ്‌ദീഷ്‌ ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും സ്ഥാനാര്‍ഥികളാക്കി കോണ്‍ഗ്രസ്‌ വ്രണങ്ങളില്‍ ആവര്‍ത്തിച്ച്‌ കുത്തുമ്പോള്‍ പ്രത്യേകിച്ചും. വേട്ടയാടലിന്റെയും നീതികേടിന്റെയും ഭാണ്ഡത്തിന്റെ കനം കുറച്ചുകൊണ്ടാണ്‌ ജര്‍ണയില്‍ സിംഗിനെപ്പോലുള്ള ഒരാള്‍ ഒരു ഷൂ എടുത്ത്‌ ആഭ്യന്തര മന്ത്രിയുടെ നേര്‍ക്ക്‌ എറിയുന്നത്‌. അത്‌ കോണ്‍ഗ്രസ്‌ നേതാവിനു നേര്‍ക്കോ ആഭ്യന്തര മന്ത്രിക്കു നേര്‍ക്കോ ഉള്ള ഏറല്ല. മറിച്ച്‌ രാജ്യത്തിന്‌ നേര്‍ക്കുള്ള ഏറാണ്‌. രാജ്യം ഭരിച്ചവരാരും നീതികേടിന്റെ ചരിത്രം തിരുത്താന്‍ തയ്യാറായില്ല എന്ന ഓര്‍മപ്പെടുത്തലാണ്‌. അതിനെ വാര്‍ത്താ സമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കാണിക്കേണ്ട സാമാന്യ മര്യാദയുടെ ലംഘനമായൊക്കെ ചുരുക്കിക്കാണുന്നവര്‍ നീതികേടുകളെ ന്യായീകരിക്കുകയാണ്‌ ചെയ്യുന്നത്‌. കൊടുംപാതകങ്ങളുടെ ഓര്‍മയില്‍ നീറുന്നവരില്‍ ചെറിയ ഒരു വിഭാഗം സമീപ ഭാവിയില്‍ മാറിച്ചിന്തിച്ചാല്‍ സിഖ്‌ ഭീകരര്‍ എന്ന വാക്ക്‌ വീണ്ടും നമുക്ക്‌ വായിക്കേണ്ടിവരും. ഇറാഖില്‍ ഒരു ജനതക്കു മേല്‍ തീയുണ്ട വര്‍ഷിക്കുന്ന അധിനിവേശക്കാര്‍ക്കെതിരെ പോരടിക്കന്നവരെ ഭീകരര്‍ എന്ന്‌ വിശേഷിപ്പിക്കുന്നതുപോലെ.
ഒരു തിരഞ്ഞെടുപ്പ്‌ മുന്നില്‍നില്‍ക്കുന്നതിനാല്‍ ജര്‍ണയില്‍ സിംഗിന്‌ മാപ്പു നല്‍കാന്‍ കോണ്‍ഗ്രസും സര്‍ക്കാറും ആഭ്യന്തര മന്ത്രിയും തയ്യാറായി. അല്ലെങ്കില്‍ ജര്‍ണയില്‍ സിംഗ്‌ ഒരു ഭീകരനായി ചിത്രീകരിക്കപ്പെടുമായിരുന്നു. ആഭ്യന്തരമന്ത്രിയെ ഷൂവെറിഞ്ഞ്‌ വധിക്കാന്‍ ശ്രമിച്ചതിന്‌ കേസുണ്ടാകുമായിരുന്നു. ആക്രമണത്തിന്‌ ഗൂഢാലോചന നടത്തിയെന്ന്‌ ആരോപിച്ച്‌ ഏതാനും സിഖ്‌ യുവാക്കളെ അറസ്റ്റുചെയ്യുമായിരുന്നു.