2009-04-16

കുരുതിക്കളത്തിലെ പുതിയ വിവരങ്ങള്‍


``ഗര്‍ഭിണിയായ യുവതിയുടെ വയറു പിളര്‍ന്നുവെന്ന്‌ എനിക്കെതിരായ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവിടെ ഈ ഗര്‍ഭിണിയുണ്ടായിരുന്നു. ഞാന്‍ അവരുടെ വയറു പിളര്‍ന്നു. എന്താണ്‌ ചെയ്യാന്‍ കഴിയുക എന്നു കാണിച്ചുകൊടുത്തു. ഞങ്ങളുടെ ആളുകളെ കൊന്നാല്‍ എന്തുതരം പ്രതികാരമുണ്ടാവുമെന്ന്‌. ഞാനൊരു പച്ചരി തിന്നുന്ന ദുര്‍ബലനല്ല. ആരെയും ഒഴിവാക്കിയില്ല...അവര്‍ പെറ്റുപെരുകാന്‍ അനുവദിച്ചുകൂട. ഞാനിപ്പോഴും പറയും, അവര്‍ ആരായാലും, സ്‌ത്രീകളോ കുട്ടികളോ ആരായാലും ഒന്നും ചെയ്യാനാവില്ല... വെട്ടിത്തള്ളുക മാത്രം. അവരെ തകര്‍ക്കണം, കത്തിക്കണം ഈ...പലരും കൊള്ളയടിക്കാനായി സമയം പാഴാക്കി. ആവരെ ജീവനോടെ വിടരുത്‌, അതിനു ശേഷം എല്ലാം നമുക്കുള്ളതല്ലേ''- ബാബു ബജ്‌രംഗി എന്ന ബജ്‌രംഗ്‌ദള്‍ നേതാവിന്റെതാണ്‌ ഈ വാക്കുകള്‍. ഗുജറാത്ത്‌ വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും സംഘ്‌ പരിവാര്‍ സംഘടനാ നേതാക്കളുടെയും പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും പങ്ക്‌ അന്വേഷിച്ച തെഹല്‍ക്കയുടെ ഒളി ക്യാമറാ സംഘത്തോട്‌ `അഭിമാന'ത്തോടെ ബാബു ബജ്‌രംഗി പറഞ്ഞതാണിത്‌.
കേസില്‍ പ്രതിയായ ശേഷം മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പോലീസ്‌ ഉദ്യോഗസ്ഥരും തന്നെ ഏതുവിധത്തില്‍ സഹായിച്ചുവെന്നും ബാബു ബജ്‌രംഗി വിശദമായി സംസാരിക്കുന്നുണ്ട്‌. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ കുരുതികളിലൊന്നില്‍ പങ്കാളിയായെന്നു സ്വയം അവകാശപ്പെടുന്ന ബജ്‌രംഗിയെ ഗുജറാത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. പിന്നീട്‌ ഇയാള്‍ക്കു ജാമ്യം കിട്ടി. നരോദ പാട്യ, നരോദ ഗാം എന്നിവിടങ്ങളില്‍ നടന്ന കൂട്ടക്കൊലകളില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. പക്ഷേ, ജാമ്യത്തിന്റെ ബലത്തില്‍ സ്വതന്ത്രനായി നടക്കുകയാണ്‌ ബാബു ബജ്‌രംഗി.
2002ലെ ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ രണ്ടായിരത്തിലേറെ കേസുകളാണ്‌ ഗുജറാത്ത്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇതില്‍ നരോദ പാടിയ, നരോദ ഗാം, ഗുല്‍ബര്‍ഗ സൊസൈറ്റി തുടങ്ങി കുപ്രസിദ്ധമായ കേസുകള്‍ ഒഴികെ രണ്ടായിരത്തോളം കേസുകള്‍ അവസാനിപ്പിക്കാന്‍ ഗുജറാത്ത്‌ പോലീസ്‌ പിന്നീട്‌ കോടതിയുടെ അനുമതി തേടി. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളുടെയും ഇടപെടല്‍ കേസുകള്‍ അവസാനിപ്പിക്കാനുള്ള ഗുജറാത്ത്‌ പോലീസിന്റെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയായി. രണ്ടായിരത്തോളം കേസുകളും പുനരന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. നരോദ പാട്ടിയ, നരോദ ഗാം തുടങ്ങിയ കുപ്രസിദ്ധമായ കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിന്‌ സി ബി ഐ മുന്‍ ഡയറക്‌ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും കോടതി നിയോഗിച്ചു. ഈ സംഘം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ ഗുജറാത്ത്‌ സര്‍ക്കാറിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞുനടന്നുവെന്നാണ്‌ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ബെസ്റ്റ്‌ ബേക്കറി കേസിലും മറ്റും നിര്‍ണായക ഇടപെടല്‍ നടത്തിയ ടീസ്റ്റ സെറ്റില്‍വാദിനെപ്പോലുള്ളവരെ പേരെടുത്ത്‌ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നുണ്ടെന്ന്‌ റോത്തഗി പറയുന്നു.
ഇന്ത്യയിലെ കുറ്റാന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത സംബന്ധിച്ച്‌ നിലനില്‍ക്കുന്ന ആശങ്കകള്‍ ഉറപ്പിക്കുന്നതാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. നരേന്ദ്ര മോഡി മന്ത്രിസഭയില്‍ അംഗമായിരുന്ന മായാബെന്‍ കൊദ്‌നാനിയെയും വി എച്ച്‌ പി നേതാവ്‌ ജയ്‌ദീപ്‌ പട്ടേലിനെയും നരോദ ഗാം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ്‌ ചെയ്‌തവരാണ്‌ പ്രത്യേക അന്വേഷണ സംഘം. നരോദ പാട്ടിയ കൂട്ടക്കൊലക്കേസില്‍ മായാ ബെന്‍ കൊദ്‌നാനിക്കെതിരെ കുറ്റം ചുമത്തുകയും ചെയ്‌തു. ഏഴു വര്‍ഷത്തിന്‌ ശേഷം ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുവെന്ന പ്രതീതിയാണ്‌ ഈ നടപടികളുണ്ടാക്കിയത്‌. എന്നാല്‍ ടീസ്റ്റ സെറ്റല്‍വാദും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടക്കുകയും അതിനായി കള്ള സാക്ഷികളെ ഹാജരാക്കുകയും ചെയ്‌തുവെന്ന്‌ പ്രത്യേക അന്വേഷണ സംഘം ആരോപിക്കുമ്പോള്‍ വൈകിയെങ്കിലും നീതി നടപ്പാകുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയാണ്‌. കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോള്‍ അഹമ്മദാബാദ്‌ സിറ്റി പോലീസ്‌ കമ്മീഷണറായിരുന്ന പി സി പാണ്ഡെക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അസ്ഥാനത്താണെന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൗസര്‍ ബാനു എന്ന ഗര്‍ഭിണിയുടെ വയറു കീറി ഭ്രൂണം പുറത്തെടുത്തു തുടങ്ങിയ പ്രചാരണങ്ങളും അവാസ്‌തവമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. തെഹല്‍ക്കയുടെ ഒളി ക്യാമറാ സംഘത്തോട്‌ ബാബു ബജ്‌രംഗി സമ്മതിച്ച കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം തള്ളിക്കളയുമ്പോള്‍ ഇവര്‍ ആര്‍ക്കു വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതു സംബന്ധിച്ച്‌ സംശയം ഉയരുകയാണ്‌. കൂട്ടക്കൊലകള്‍ നടക്കുമ്പോള്‍ കമ്മീഷണറായിരുന്ന പി സി പാണ്ഡെ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന മൊഴികളും തെഹല്‍ക്കയുടെ ടേപ്പിലുണ്ട്‌. പക്ഷേ, ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ആക്രമണം നടക്കുമ്പോള്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും സ്ഥലത്ത്‌ പോലീസ്‌ ബന്തവസ്സ്‌ ഏര്‍പ്പെടുത്താനുമാണ്‌ പാണ്ഡെ ശ്രമിച്ചതെന്ന്‌ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്സിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപ്പിടിച്ച്‌ 58 പേര്‍ മരിച്ച സംഭവത്തിന്‌ ശേഷം അഹമ്മദാബാദ്‌ നഗരത്തില്‍ ഒറ്റപ്പെട്ട അക്രമങ്ങളല്ല ഉണ്ടായത്‌. അക്രമം ഒരു ദിവസം കൊണ്ട്‌ കെട്ടടങ്ങിയുമില്ല. ദിവസങ്ങള്‍ നീണ്ട സംഘടിതമായ ആക്രമണങ്ങളാണ്‌ നടന്നത്‌. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഒരേ സമയം ആക്രമിക്കപ്പെട്ടു. ഒരു സിറ്റി പോലീസ്‌ കമ്മീഷണര്‍ ഏര്‍പ്പെടുത്തുന്ന ബന്തവസ്സ്‌ കൊണ്ട്‌ തടയാവുന്നതായിരുന്നില്ല അക്രമങ്ങള്‍. മാത്രമല്ല ക്രമസമാധാന പാലനത്തിന്‌ രംഗത്തിറങ്ങിയ പോലീസ്‌ സേന പലേടത്തും അക്രമികളെ സഹായിച്ചുവെന്നതിന്‌ തെളിവുകളുണ്ട്‌.
ഗുജറാത്ത്‌ പോലീസില്‍ എ ഡി ജി പിയായി വിരമിച്ച ആര്‍ ബി ശ്രീകുമാര്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്‌. ആസൂത്രിതമായ കൂട്ടക്കൊലകള്‍ അരങ്ങേറുമ്പോള്‍ മോഡി മന്ത്രിസഭയിലെ അംഗങ്ങളും അഹമ്മദാബാദ്‌ കമ്മീഷണറായിരുന്ന പി സി പാണ്ഡെ അടക്കമുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയ സി ഡി പരിശോധിക്കണമെന്ന ആവശ്യവും ആര്‍ ബി ശ്രീകുമാര്‍ ഉന്നയിച്ചിരുന്നു. കൊലയിലും കൊള്ളിവെപ്പിലും മന്ത്രിമാര്‍ക്കും പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക്‌ തെളിയിക്കാന്‍ ഇത്‌ സഹായിക്കുമെന്നാണ്‌ ജസ്റ്റിസ്‌ നാനാവതി കമ്മീഷനെ ശ്രീകുമാര്‍ അറിയിച്ചത്‌. ബാബു ബജ്‌രംഗി തെഹല്‍ക്കയുടെ ഒളി ക്യാമറാ സംഘത്തോട്‌ പറഞ്ഞതും പോലീസിന്റെ ഉന്നത തലത്തില്‍ നിന്ന്‌ വിരമിച്ച ആര്‍ ബി ശ്രീകുമാര്‍ വെളിപ്പെടുത്തിയതുമായ കാര്യങ്ങള്‍ ഏതെങ്കിലും മനുഷ്യാവകാശ സംഘടനകളുടെയോ ഒരു ടീസ്റ്റ സെറ്റല്‍വാദിന്റെയോ സമ്മര്‍ദത്തിന്റെ ഫലമാണെന്ന്‌ പ്രത്യേക അന്വേഷണ ഏജന്‍സി വിശ്വസിച്ചു പോയോ ആവോ? അഹമ്മദാബാദ്‌ ആകെ കത്തിയെരിയുമ്പോള്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയുടെ പരിസരത്ത്‌ മാത്രം സിറ്റി പോലീസ്‌ കമ്മീഷണര്‍ പോയത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യവും പ്രസക്തമാണ്‌. അക്രമം നിയന്ത്രിക്കാന്‍ ഉത്തരവാദിത്തമുള്ള പോലീസ്‌ ഉദ്യോഗസ്ഥന്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ യത്‌നിക്കുകയായിരുന്നുവെന്ന കണ്ടെത്തലും അരിഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയില്ല.
എന്തുകൊണ്ട്‌ സി ബി ഐ മുന്‍ ഡയറക്‌ടര്‍ ആര്‍ കെ രാഘവനെപ്പോലെ സമുന്നതനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഇത്തരം നിഗമനത്തിലെത്തി എന്ന്‌ മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിക്കണം. രാജ്യത്തെ പോലീസ്‌ സംവിധാനത്തില്‍ ഭൂരിപക്ഷ വര്‍ഗീയതക്കുള്ള സ്വാധീനത്തിന്റെ തെളിവ്‌ ഈ ചരിത്രം നല്‍കും. 1971ലെ തലശ്ശേരി കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. ``അക്രമികളെ തുരത്താന്‍ രംഗത്തിറങ്ങിയ പോലീസുകാരില്‍ ചിലര്‍ മുസ്‌ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക്‌ ഓടിക്കോ എന്ന്‌ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇത്തരം ആക്രോശങ്ങളില്‍ നിന്ന്‌ അവരെ പിന്തിരിപ്പിക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന്‌ അന്ന്‌ ഡെപ്യൂട്ടി കലക്‌ടറായിരുന്നയാള്‍ മൊഴി നല്‍കിയിട്ടുണ്ട്‌''. ബീഹാറിലെ ബഗല്‍പൂര്‍, മഹാരാഷ്‌ട്രയിലെ മുംബൈ തുടങ്ങി വര്‍ഗീയ കലാപമുണ്ടായ സ്ഥലങ്ങളിലെല്ലാം നമ്മുടെ പോലീസ്‌ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്‌. ചിലയിടങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പോലീസ്‌ തിരഞ്ഞു പിടിച്ച്‌ ആക്രമിക്കുക പോലുമുണ്ടായി. പോലീസ്‌ സേനയില്‍ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ സ്വാധീനത്തെക്കുറിച്ച്‌ 1981ല്‍ കേന്ദ്ര സര്‍ക്കാര്‍ ന'#3391;യോഗിച്ച പോലീസ്‌ നവീകരണ കമ്മീഷന്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ഇത്‌ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തിരുന്നു. പക്ഷേ, ഇന്നോളം ഒന്നുമുണ്ടായിട്ടില്ല. ഇതുതന്നെയാണ്‌ ഗുജറാത്ത്‌ വംശഹത്യക്കിടെ പോലീസ്‌ ചെയ്‌തത്‌. പോലീസ്‌ ഉദ്യോഗസ്ഥരില്‍ ചിലര്‍ കൂട്ടക്കൊലക്ക്‌ ഒത്താശ ചെയ്‌തുകൊടുത്തു. വേണ്ടത്ര പോലീസിനെ വിന്യസിക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക്‌ സഹായം നല്‍കി. അക്രമം തടയുന്നതിന്‌ പട്ടാളത്തെ വിന്യസിക്കാനുള്ള അന്നത്തെ രാഷ്‌ട്രപതി കെ ആര്‍ നാരായണന്റെ ശിപാര്‍ശ തള്ളിക്കൊണ്ട്‌ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന വാജ്‌പയ്‌ സര്‍ക്കാറും ഒത്താശ ചെയ്‌തു. ഈ നാടകത്തിന്റെ ബാക്കി രംഗത്തിന്റെ തിരക്കഥയായി മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ കാണാനാകൂ.
സുപ്രീം കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ മോഡി മന്ത്രിസഭയിലെ ഒരംഗത്തെയും വി എച്ച്‌ പിയുടെ മുതിര്‍ന്ന നേതാവിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തത്‌ ഗുജറാത്തില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ്‌ സാധ്യതകള്‍ക്ക്‌ ഒരു പരിധിവരെ തിരിച്ചടി നല്‍കി. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ ഒരു പ്രത്യേക ഭാഗം മാത്രം ഗുജറാത്ത്‌ സര്‍ക്കാറിന്റെ അഭിഭാഷകനായ മുകുള്‍ റോത്തഗി മാധ്യമങ്ങള്‍ക്ക്‌ നല്‍കുന്നതിലെ രാഷ്‌ട്രീയം വ്യക്തമാണ്‌. പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ നരേന്ദ്ര മോഡിക്കും ബി ജെ പിക്കുമുണ്ടാക്കിയ കോട്ടങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം ഈ മുതിര്‍ന്ന അഭിഭാഷകന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന്‌ കരുതേണ്ടിവരും. നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണത്തിന്‌ പകരം `എല്ലാവര്‍ക്കും സ്വീകാര്യമായ' അന്വേഷണമാണ്‌ പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്‌ എന്നും അനുമാനിക്കണം. ബി ജെ പിയുടെയും വി എച്ച്‌ പിയുടെയും നേതാക്കളെ വംശഹത്യാക്കേസില്‍ അറസ്റ്റ്‌ ചെയ്യുമ്പോള്‍ തന്നെ അവരുടെ പ്രമുഖ വിമര്‍ശകരെയെല്ലാം കുറ്റപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രദ്ധിച്ചിരിക്കുന്നു. പോലീസിലെ സഹജീവികളെ രക്ഷിച്ചെടുക്കാനും അവര്‍ തത്രപ്പെടുന്നു. 1984ലെ സിഖ്‌ വംശഹത്യാക്കേസില്‍ ആരോപണവിധേയനായ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചയുടന്‍ നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ സി ബി ഐയുടെ പാരമ്പര്യം പ്രത്യേക അന്വേഷണ സംഘം കാത്തു സൂക്ഷിക്കുകയാണ്‌.
ഗുജറാത്ത്‌ പോലീസ്‌ അട്ടിമറിച്ച ബെസ്റ്റ്‌ ബേക്കറി കേസില്‍ നീതിയുടെ പക്ഷത്തു നിന്ന്‌ പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ്‌ ടീസ്റ്റ സെറ്റല്‍വാദ്‌. നിയമപാലനവും നീതിനിര്‍വഹണവും ഉറപ്പാക്കാന്‍ ഭരണഘടനാനുസൃതമായി രൂപവത്‌കരിക്കപ്പെട്ട കാക്കത്തൊള്ളായിരം സംവിധാനങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ്‌ ടീസ്റ്റയും മറ്റു സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളും ബെസ്റ്റ്‌ ബേക്കറി കേസില്‍ ഇടപെട്ടത്‌. മുഖ്യ സാക്ഷി സാഹിറ ശൈഖ്‌ പലതവണ സാക്ഷിമൊഴി മാറ്റിയപ്പോള്‍ കേസിന്റെ ഗതി മാറിപ്പോയി എന്നത്‌ മറ്റൊരു ചരിത്രം. മൊഴിമാറ്റത്തിന്‌ സാഹിറയെ സുപ്രീം കോടതി ശിക്ഷിച്ചു. പക്ഷേ, കുടുംബാംഗങ്ങള്‍ വെന്തുമരിക്കുന്നതിന്‌ സാക്ഷിയാകേണ്ടിവന്ന നിസ്സഹായയായ യുവതി എന്തുകൊണ്ട്‌ മൊഴിമാറ്റി എന്ന്‌ അന്വേഷിക്കാന്‍ കോടതിയോ ഭരണഘടനാ സംവിധാനങ്ങളോ ഉണ്ടായില്ല.
സാഹിറയെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ബി ജെ പി നേതാക്കളുടെ പേരുകള്‍ എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. പക്ഷേ, അവര്‍ക്കെതിരെ നടപടികളുണ്ടായില്ല. അത്തരം ഒരു നീതി നിര്‍വണ സംവിധാനത്തിന്റെ പ്രയോക്താക്കളായിരിക്കുന്നവരാണ്‌ ഇപ്പോള്‍ ടീസ്റ്റ സെറ്റല്‍വാദും മറ്റും കള്ള സാക്ഷികളെ ഹാജരാക്കിയെന്ന്‌ ആരോപിക്കുന്നത്‌. നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ഭരണകൂടം നിലനില്‍ക്കുകയാണ്‌. ആരോപണവിധേയരായ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെല്ലാം സ്ഥാനക്കയറ്റം ലഭിച്ചു. പി സി പാണ്ഡെ ഗുജറാത്ത്‌ ഡി ജി പിയായി. ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയുള്ള പ്രതികള്‍ സര്‍വതന്ത്രസ്വതന്ത്രരായി, ഭീഷണികള്‍ മുഴക്കിക്കൊണ്ടു വിഹരിക്കുന്നു. ഇരകളില്‍ ആരെങ്കിലും മൊഴി നല്‍കാനുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കാനാവുമോ? നിര്‍ബന്ധിത സാഹചര്യത്തില്‍ സാക്ഷികളെ പഠിപ്പിക്കേണ്ടിവന്നിട്ടുണ്ടാവും. ധര്‍മവും സത്യവും നിലനിര്‍ത്തുന്നതിനുള്ള യുദ്ധം ജയിക്കുന്നതിന്‌ ചെറിയ നുണകള്‍ പറയുന്നതില്‍ തെറ്റില്ലെന്ന്‌ ധര്‍മപുത്രര്‍ക്ക്‌ സാക്ഷാല്‍ ശ്രീകൃഷ്‌ണന്‍ നല്‍കിയ ഉപദേശം `ആര്‍ഷ ഭാരത സംസ്‌കാര'ത്തിന്റെ ഭാഗമാണ്‌ - അന്ന്‌ വധിക്കപ്പെട്ടത്‌ ഗുരുവായ ദ്രോണരും. ഇവിടെ കറതീര്‍ന്ന ക്രിമിനലുകള്‍ക്കെതിരെയാണ്‌ യുദ്ധം. അതില്‍ ചെറിയ നുണകള്‍ അപ്രസക്തമാണ്‌. കാരണം കരുതിക്കൂട്ടിച്ചെയ്‌ത അധര്‍മം അത്ര വലുതാണ്‌.