2009-04-19

വര്‍ഗീയം, ഭീകരം


എന്താണ്‌ വര്‍ഗീയത? എന്താണ്‌ തീവ്രവാദം? എന്താണ്‌ ഭീകരവാദം? ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളീയ സമൂഹം സജീവ ചര്‍ച്ചക്കു വിഷയമാക്കേണ്ടതാണ്‌ ഈ മൂന്നു ചോദ്യങ്ങള്‍. വര്‍ഗീയതയും ഭീകരവാദവും വലിയ തോതില്‍ ആരോപിക്കപ്പെട്ട തിരഞ്ഞെടുപ്പു പ്രചാരണമാണ്‌ കഴിഞ്ഞുപോയത്‌. വിവിധ മതവിശ്വാസികളില്‍ പതിവിലേറെ ആഘാതമുണ്ടാക്കും വിധത്തിലായിരുന്നു പ്രചാരണങ്ങള്‍. മലയാളികളായ നാലു പേര്‍ കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ഭീകരവാദികളുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം സജീവമാവുകയും ചെയ്‌ത പശ്ചാത്തലത്തില്‍ ഭീകരവാദം സംബന്ധിച്ച ആരോപണങ്ങള്‍ക്ക്‌ കൂടുതല്‍ കനമേറുകയും ചെയ്യുന്നുണ്ട്‌. എസ്‌ എന്‍ സി ലാവ്‌ലിനുമായി കെ എസ്‌ ഇ ബിയുണ്ടാക്കിയ കരാറിനെച്ചൊല്ലി ഉയര്‍ന്ന അഴിമതി ആരോപണവും സംസ്ഥാന സര്‍ക്കാറിന്റെ പ്രകടനവും കേന്ദ്ര സര്‍ക്കാറിന്റെ നയനിലപാടുകളും ചര്‍ച്ചയാവുമെന്ന്‌ കരുതിയിരുന്ന പ്രചാരണ രംഗം വര്‍ഗീയത, ഭീകരവാദം എന്നീ വിഷയങ്ങളിലേക്ക്‌ വഴിമാറിയത്‌ പ്രധാനമായും ഐ സി എസ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ രംഗപ്രവേശം ചെയ്‌തതോടെയാണ്‌. പി ഡി പിയ്‌ക്കു കൂടി സമ്മതനായ സ്ഥാനാര്‍ഥിയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുകയും മറ്റു മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷത്തിന്‌ പിന്തുണ നല്‍കാന്‍ പി ഡി പി തീരുമാനിക്കുകയും ചെയ്‌തു. രാഷ്‌ട്രീയത്തിലെ പ്രായോഗിക ബുദ്ധിയായിരുന്നു ഈ തീരുമാനത്തിന്‌ പിന്നില്‍. പ്രായോഗിക രാഷ്‌ട്രീയത്തില്‍ സ്വീകരിക്കുന്ന അടവുകള്‍ക്ക്‌ ആശയപരമായ അടിത്തറയുണ്ടാക്കാന്‍ സി പി എം എക്കാലത്തും ശ്രദ്ധിച്ചിരുന്നു. 2004ലെ തിരഞ്ഞെടുപ്പിന്‌ ശേഷം കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പിന്തുണക്കാന്‍ തീരുമാനിച്ചപ്പോള്‍ വര്‍ഗീയശക്തികളെ അധികാരത്തിന്‌ പുറത്തിരുത്തുക എന്ന ആശയാടിത്തറ അതിനുണ്ടായിരുന്നു. ഇക്കാര്യം പാര്‍ട്ടിക്കുള്ളിലും പുറത്തും വ്യക്തമായി ധരിപ്പിക്കാനും ആ പാര്‍ട്ടിക്ക്‌ കഴിഞ്ഞു. മുസ്‌ലിം ലീഗുമായി അടവു നയം പയറ്റിയപ്പോഴും അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നീ ആശയങ്ങളുടെ മറ അതിനുണ്ടാക്കിയിരുന്നു. പക്ഷേ, പി ഡി പിയുമായി ബന്ധമുണ്ടാക്കിയപ്പോള്‍ ഇത്തരത്തിലൊരു വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന്‌ കഴിഞ്ഞില്ല. കൂട്ടായി ആലോചിച്ചോ ഉചിതമായ അരങ്ങൊരുക്കിയോ ആയിരുന്നില്ല സി പി എം ഈ തീരുമാനത്തിലേക്ക്‌ എത്തിയത്‌ എന്ന്‌ കരുതേണ്ടിവരും.
അമേരിക്കയും സഖ്യകക്ഷികളും ആരംഭിച്ച ഭീകരവിരുദ്ധയുദ്ധം ഫലത്തില്‍ മുസ്‌ലിംകള്‍ക്ക്‌ എതിരായിത്തീരുകയും ഭീകരത എന്നത്‌ ഇസ്‌ലാമില്‍ നിന്നുള്ള ഉപോത്‌പന്നമായി സാമ്രാജ്യത്വം പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലമാണിത്‌. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ മുസ്‌ലിം നാമധാരികളെയോ സംഘടനകളെയോ ചൂണ്ടിക്കാണിക്കുന്ന അന്വേഷണ ഏജന്‍സികള്‍ (മലേഗാവ്‌ സ്‌ഫോടനത്തിനു പിന്നില്‍ അഭിനവ്‌ ഭാരതാണെന്ന്‌ കണ്ടെത്തിയത്‌ ഈ പതിവില്‍ ചില മാറ്റങ്ങളുണ്ടാക്കിയെങ്കിലും) പൊതുവില്‍ ഒരു സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. രാജ്യത്ത്‌ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചില പ്രദേശങ്ങളെ ഭീകരതയുടെ വിളനിലം എന്ന്‌ വിശേഷിപ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം മാധ്യമങ്ങളും തിടുക്കും കൂട്ടി. ഇതിനിടയിലാണ്‌ മലയാളികള്‍ കാശ്‌മീരില്‍ കൊല്ലപ്പെടുകയും ഇതേക്കുറിച്ച്‌ നടന്ന അന്വേഷണത്തിലെ വിവരങ്ങള്‍ എന്ന പേരില്‍ നിറംപിടിപ്പിച്ച നുണകള്‍ മാധ്യമങ്ങളില്‍ നിറയുകയും ചെയ്‌തത്‌. ഇത്‌ കേരളത്തിലെ മുസ്‌ലിം സമുദായത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പര്യാപ്‌തമായിരുന്നു. ഈ നിഴലില്‍ നിന്ന്‌ സമുദായത്തെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്‌ പി ഡി പിയുമായുള്ള ബന്ധമെന്ന്‌ വിശദീകരിക്കാന്‍ സി പി എം തയ്യാറായില്ല. മറിച്ച്‌ യു ഡി എഫിന്‌ പിന്തുണ നല്‍കിയ എന്‍ ഡി എഫിനെ (ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്‌) ഭീകരവാദികളും വര്‍ഗീയവാദികളുമായി ആരോപിക്കാനാണ്‌ ആ പാര്‍ട്ടി തയ്യാറായത്‌. അതുവഴി പി ഡി പിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാനും. പി ഡി പിയെ മുസ്‌ലിം വര്‍ഗീയവാദികളുടെയും ഭീകരവാദികളുടെയും സംഘനയായി ആരോപിച്ച്‌ ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടാക്കാന്‍ മുസ്‌ലിം ലീഗ്‌ അടക്കം യു ഡി എഫ്‌ നടത്തിയ ശ്രമത്തെ എന്‍ ഡി എഫിനെ കുറ്റപ്പെടുത്തുന്നതിലൂടെ ഇല്ലാതാക്കാമെന്ന ലളിത യുക്തി.
അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെയും ഭാര്യ സൂഫിയാ മഅ്‌ദനിയുടെയും ഭീകരബന്ധത്തിന്‌ തെളിവുകള്‍ നിരത്താന്‍ യു ഡി എഫ്‌ അനുകൂല മാധ്യമങ്ങള്‍ അതിരറ്റ ഉത്സാഹം കാട്ടി. മാധ്യമങ്ങളുടെ യു ഡി എഫ്‌ അനുകൂല നിലപാട്‌ ഉപയോഗപ്പെടുത്തി ഹിന്ദുത്വ ആശയങ്ങളോട്‌ അടുപ്പം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അരങ്ങുതകര്‍ത്തുവെന്ന്‌ പറയുന്നതാവും കൂടുതല്‍ ശരി. ഇതില്‍ പ്രകോപിതനായ അബ്‌ദുന്നാസര്‍ മഅ്‌ദനി വിവേകമല്ല, വികാരം തന്നെയാണ്‌ തന്നെ ഭരിക്കുന്നത്‌ എന്ന്‌ തെളിയിച്ചു. മുസ്‌ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച അദ്ദേഹം ആ പാര്‍ട്ടി പാക്കിസ്ഥാന്‍ പക്ഷപാതിയാണെന്നു കൂടി പറഞ്ഞുവെച്ചു. ഇതിനിടെയാണ്‌ പതിനെട്ടു മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തിയത്‌. ഇതോടെ, ജമാഅത്തിന്റെ പിന്തുണ തേടി രഹസ്യ കൂടിക്കാഴ്‌ചകള്‍ നടത്തിയ യു ഡി എഫ്‌ നേതാക്കള്‍ക്ക്‌ ആ സംഘടന വര്‍ഗീയമായി. ചുരുക്കത്തില്‍ വര്‍ഗീയതയുടെയോ ഭീകരവാദത്തിന്റെയോ ആരോപണം പേറാത്ത മുസ്‌ലിം സംഘടനകള്‍ കേരളത്തില്‍ തുലോം കുറവായെന്ന അവസ്ഥ.
ഭരണമില്ലാത്ത മതം ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത വീടുപോലെയാണെന്ന്‌ സിദ്ധാന്തിച്ച അബുല്‍ അഅ്‌ല മൗദൂദിയുടെ തീവ്രനിലപാടുകള്‍ അടിസ്ഥാനമായുള്ള ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്ന്‌ പൊതുവില്‍ പറയാം. എന്നാല്‍ ജനാധിപത്യ പ്രക്രിയയില്‍ വര്‍ഷങ്ങളായി പങ്കാളിയാവുന്ന ഈ സംഘടന അതിന്റെ അടിസ്ഥാന ആശയങ്ങള്‍ അപ്പാടെ ഈ രാജ്യത്ത്‌ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ കരുതാനാവില്ല. മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളോട്‌ പ്രതികരിക്കുന്നതു കൊണ്ടുമാത്രം അവരെ വര്‍ഗീയവാദികളുടെ കൂട്ടായ്‌മയായി എണ്ണാനുമാവില്ല. ആയുധ പരിശീലനം നടത്തുകയും ആര്‍ എസ്‌ എസ്സിന്‌ ബദലാവാന്‍ ശ്രമിക്കുകയും ചെയ്യുന്നതു കൊണ്ട്‌ എന്‍ ഡി എഫിനെയും തീവ്രവാദികളായി കണക്കാക്കേണ്ടിവരും. പക്ഷേ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ജനാധിപത്യപരമായ രീതിയില്‍ നേടിയെടുക്കുന്നതിന്‌ മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്‌ അവരെന്നത്‌ മറന്നുകൂട. ഭീകരവാദ സംഘടനകളുമായി എന്‍ ഡി എഫ്‌ ബന്ധപ്പെട്ടതിന്‌ ഇതുവരെ തെളിവുകള്‍ ലഭ്യവുമല്ല. ഈ രണ്ട്‌ സംഘടനകളും മതം പ്രചരിപ്പിക്കുന്നുണ്ടാവും. അത്‌ ഭരണഘടന നല്‍കിയ അവകാശവുമാണ്‌.
മതത്തിന്റെ രീതികള്‍ മാത്രമേ നടപ്പാക്കാവൂ എന്ന്‌ ശാഠ്യം പിടിക്കുന്നതാണ്‌, ഒരു മതേതര രാഷ്‌ട്രത്തില്‍ വര്‍ഗീയത. അതിനു വേണ്ടി കഠിനമായി വാദിക്കുമ്പോള്‍ അത്‌ തീവ്രവാദമാവും. ബി ജെ പിയും സംഘ്‌പരിവാര്‍ സംഘടനകളും വര്‍ഗീയവാദികളും തീവ്രവാദികളും ആവുന്നത്‌ അതിനാലാണ്‌. ഇന്ത്യയില്‍ ആര്‍ഷ ഭാരത സംസ്‌കാരമാണ്‌ നടപ്പാവേണ്ടത്‌ എന്ന്‌ അവര്‍ നിഷ്‌കര്‍ഷിക്കുന്നു. മറ്റു മത വിഭാഗങ്ങള്‍ നിലവില്‍ അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യങ്ങള്‍ എടുത്തുകളയണമെന്ന്‌ വാദിക്കുന്നു. ഹൈന്ദവ ചിഹ്നങ്ങളും ആചാരങ്ങളും നിര്‍ബന്ധമായി അനുഷ്‌ഠിക്കണമെന്ന്‌ നിര്‍ദേശിക്കുന്നു. ബി ജെ പി അധികാരത്തിലിരുന്ന സമയത്ത്‌ സ്‌കൂളുകളിലും മറ്റും പൊതുവായ പ്രാര്‍ഥനാ ഗാനങ്ങള്‍ ഉപയോഗിക്കുന്നത്‌ അവസാനിപ്പിച്ച്‌ ഹൈന്ദവ പ്രാര്‍ഥനകള്‍ ആലപിക്കണമെന്ന്‌ നിര്‍ദേശിച്ചത്‌ ഓര്‍ക്കുക. മധ്യപ്രദേശിലെ സ്‌കൂളുകളില്‍ പ്രഭാതത്തില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചതും. ഈ തീവ്രവാദം ഭീകരവാദത്തിന്റെ വഴിയിലേക്ക്‌ പ്രവേശിച്ചതിന്റെ തെളിവാണ്‌ അഭിനവ്‌ ഭാരത്‌ പോലുള്ള സംഘടനകളും പ്രഗ്യാ സിംഗിനെപ്പോലുള്ള വ്യക്തികളും. ഇത്തരത്തില്‍ സുഘടിതമായ വര്‍ഗീയ - തീവ്ര - ഭീകര വാദങ്ങളുടെ തുടര്‍ച്ച മേല്‍പ്പറഞ്ഞ മുസ്‌ലിം സംഘടനകള്‍ക്കില്ല. അവര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള തീവ്രവാദമാണ്‌ പറയുന്നത്‌. ഈ സംഘടനകളില്‍ അംഗമായവര്‍ ഒറ്റക്കും തെറ്റക്കും അതിതീവ്രതയിലേക്കോ ഭീകരതയിലേക്കോ വഴിതെറ്റിയിട്ടുണ്ടാവാമെന്നു മാത്രം.
ഈ സാഹചര്യത്തിലാണ്‌ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമുള്ള നേതാക്കള്‍ തലങ്ങും വിലങ്ങും വര്‍ഗീയതയും ഭീകരതയും ആരോപിച്ച്‌ പ്രചാരണം നടത്തിയത്‌. അതിന്‌ പ്രമുഖ മാധ്യമങ്ങളെല്ലാം ചൂട്ടുപിടിച്ചു കൊടുത്തത്‌. ഈ പ്രചണ്ഡ പ്രചാരണം മനുഷ്യരുടെ മനസ്സില്‍ എന്ത്‌ പ്രതിഫലനമാണുണ്ടാക്കുക എന്ന ആലോചന ഉണ്ടായതേയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയം എന്നതിനപ്പുറമുള്ള വീക്ഷണം പുലര്‍ത്താന്‍ ആരും ശ്രദ്ധിച്ചതുമില്ല. പി ഡി പിയും എന്‍ ഡി എഫും ജമാഅത്തെ ഇസ്‌ലാമിയും ഇടപെട്ടതുപോലെയായിരുന്നില്ല സംസ്ഥാനത്തെ ക്രൈസ്‌തവസഭകള്‍ രാഷ്‌ട്രീയത്തിലിടപെട്ടത്‌. പി ഡി പി പൊന്നാനിയില്‍ പൊതുസമ്മതനെ വേണമെന്ന്‌ നിര്‍ദേശിച്ചപ്പോള്‍ കത്തോലിക്കാ സഭ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയാക്കേണ്ടവരുടെ പട്ടിക സോണിയാ ഗാന്ധിക്ക്‌ അയച്ചുകൊടുക്കുകയാണ്‌ ചെയ്‌തത്‌. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ ഓര്‍ത്തഡോക്‌സ്‌ സഭയെ അവഗണിച്ചുവെന്നാരോപിച്ച സഭാ നേതൃത്വം നാലു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന്‌ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്‌ നേതാക്കള്‍ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാപപരിഹാരം ചെയ്യാമെന്ന്‌ ഉറപ്പുകൊടുത്തപ്പോള്‍ മാത്രമാണ്‌ ഓര്‍ത്തഡോക്‌സ്‌ നേതാക്കള്‍ അടങ്ങിയത്‌. സംസ്ഥാനത്ത്‌ രണ്ടര വര്‍ഷത്തിനിടെ വായിച്ച ഇടയലേഖനങ്ങള്‍ക്ക്‌ കണക്കില്ല. എല്ലാം രാഷ്‌ട്രീയത്തില്‍ പ്രത്യക്ഷത്തില്‍ ഇടപെടുന്നതുമായിരുന്നു. സംസ്ഥാനത്ത്‌ രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം ചെയ്‌ത്‌ ബിഷപ്പുമാര്‍ പലേടത്തും പ്രസംഗിച്ചു. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിലും സ്വാശ്രയ കോളജുകള്‍ അമിത ഫീസ്‌ ഈടാക്കുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്‌തതിലും പ്രതിഷേധിച്ചായിരുന്നു വിമോചന സമരാഹ്വാനങ്ങള്‍. ഇതല്ലാതെ സഭയെ പ്രകോപിപ്പിക്കാന്‍ മറ്റൊന്നും ഈ സംസ്ഥാനത്തുണ്ടായിട്ടില്ല. ഇതിലൊന്നും പ്രകോപനമോ, വര്‍ഗീയതയോ, തീവ്രവാദമോ ആരും ദര്‍ശിച്ചില്ല. രാജ്യത്ത്‌ ഇടതുപക്ഷവും കോണ്‍ഗ്രസും പ്രചരിപ്പിക്കുന്നത്‌ കപട മതേതരത്വമാണെന്ന്‌ (സ്യൂഡോ സെക്യുലറിസം) പ്രഘോഷിക്കുന്നത്‌ ബി ജെ പിയും സംഘപരിവാര്‍ സംഘടനകളുമാണ്‌. ഇന്ന്‌ ക്രൈസ്‌തവ സഭാ നേതാക്കള്‍ ഈ പ്രചാരണം ഏറ്റെടുത്തിരിക്കുന്നു. ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്‌ വ്യാജ മതേതരത്വാണെന്നാണ്‌ ഇവരുടെ വാദം. ചര്‍ച്ചുകളിലും ധ്യാനകേന്ദ്രങ്ങളിലും അടുത്തിടെ പുരോഹിതര്‍ നടത്തിയ പ്രസംഗങ്ങളെല്ലാം വ്യാജ മതേതരത്വത്തെ ചെറുക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ടുള്ളതാണ്‌. ബി ജെ പിയുടെ പ്രചാരണം ക്രിസ്‌തീയ പുരോഹിതരുടെ നാവുകളിലൂടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ വര്‍ഗീയതയിലേക്ക്‌ മനുഷ്യ മനസ്സുകളെ ചുരുക്കാന്‍ തന്നെയാണ്‌ തങ്ങളും ശ്രമിക്കുന്നത്‌ എന്ന അപകടം പുരോഹിതര്‍ പോലും ഉള്‍ക്കൊണ്ടിട്ടുണ്ട്‌ എന്ന്‌ തോന്നുന്നില്ല. നായര്‍ സര്‍വീസ്‌ സൊസൈറ്റി എന്ന സംഘടനയുടെ നിലപാട്‌ പരിശോധിക്കുക. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുമായി നിരന്തര യുദ്ധത്തിലാണ്‌ ഈ സംഘടനയും അതിന്റെ നേതാക്കളും. സര്‍ക്കാറിന്റെ പ്രതിനിധികളും എന്‍ എസ്‌ എസ്‌ നേതാക്കളും തമ്മിലുള്ള വാഗ്വാദം പലപ്പോഴും സഭ്യതയുടെ അതിരു ലംഘിക്കുന്ന അവസ്ഥ വരെയുണ്ടായി. കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും എന്‍ എസ്‌ എസ്‌ നേതാക്കളും തമ്മില്‍ വലിയ സൗഹൃദം രൂപപ്പെടുകയും ചെയ്‌തു. പത്തനംതിട്ടയില്‍ രമേശ്‌ ചെന്നിത്തല സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു എന്‍ എസ്‌ എസിന്റെ പ്രതീക്ഷ. അല്ലെങ്കില്‍ മറ്റേതെങ്കിലും നായര്‍ സ്ഥാനാര്‍ഥി. ഈ പ്രതീക്ഷ പൂവണിഞ്ഞില്ല. കോട്ടയത്ത്‌ സുരേഷ്‌ കുറുപ്പെന്ന തറവാടി നായരെ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുകയും ചെയ്‌തു. എന്‍ എസ്‌ എസ്സിന്റെ യു ഡി എഫ്‌ ആഭിമുഖ്യം സമദൂരത്തിലേക്ക്‌ പെട്ടെന്ന്‌ വഴിമാറിയത്‌ ഇതോടെയാണ്‌. ഇതിലൊന്നും ആരും വര്‍ഗീയതയോ സാമുദായികതയോ കാണുന്നില്ല.
പക്ഷേ, ഇപ്പുറത്ത്‌ മുസ്‌ലിം സംഘടനകള്‍ രാഷ്‌ട്രീയത്തില്‍ ഇടപെടുമ്പോള്‍ വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്‍രെയും ആരോപണങ്ങള്‍ക്ക്‌ പഞ്ഞമില്ല. അത്‌ വലിയ ഉച്ചത്തില്‍ ഏറ്റുപാടാനും തെളിവ്‌ നിരത്താനും മാധ്യമങ്ങളുടെ പട ഉണ്ടുതാനും. മുസ്‌ലിം എന്നത്‌ വര്‍ഗീയതയുടെയും ഭീകരതയുടെയും പര്യായപദമാക്കി പ്രചരിപ്പിക്കുന്ന ആഗോള അജന്‍ഡ അറിഞ്ഞോ അറിയാതെയോ നമ്മുടെ പൊതു സമൂഹത്തില്‍ വേരുന്നിയിരിക്കുന്നുവെന്നതാണ്‌ വസ്‌തുത. ഭീകരബന്ധത്തെക്കുറിച്ച്‌ അടുത്തിടെ നടന്ന അന്വേഷണവും അതിന്റെ പിന്നാലെ അര്‍ധ സത്യങ്ങളും നുണകളും ചേരുംപടി ചേര്‍ത്ത്‌ സൃഷ്‌ടിക്കപ്പെട്ട സംഭ്രമജനകമായ വാര്‍ത്തകളും ഈ അജന്‍ഡ സ്വീകാര്യമാക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അതിന്‌ വളമേകും വിധത്തിലാണ്‌ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികളും അതിന്റെ നേതാക്കളും പ്രവര്‍ത്തിക്കുന്നത്‌. വാക്കര്‍ഥം പോലും മനസ്സിലാക്കാതെ വര്‍ഗീയത, തീവ്രവാദം, ഭീകരവാദം തുടങ്ങിയ വാക്കുകള്‍ യഥേഷ്‌ടം അവര്‍ ഉപയോഗിക്കുന്നതും അതുകൊണ്ടാണ്‌. ഈ പദങ്ങള്‍ തമ്മിലുള്ള അര്‍ഥവ്യത്യാസം പോലും അപ്രസക്തമാവുകയും ചെയ്യുന്നു. ഇവ വ്യവച്ഛേദിക്കാതെ നടത്തുന്ന ഈ പ്രചാരണങ്ങള്‍ സമൂഹത്തിലുണ്ടാക്കാന്‍ ഇടയുള്ള ആഴത്തിലുള്ള വിള്ളലുകളെക്കുറിച്ച്‌ ഇവര്‍ക്ക്‌ ആശങ്കകളില്ലെന്നതാണ്‌ ഏറെ പ്രയാസമേറ്റുന്ന സംഗതി. ഹിന്ദു വര്‍ഗീയവാദത്തോട്‌ ഇനിയും ആഭിമുഖ്യം പുലര്‍ത്താത്ത ഒരു സമൂഹം നിലനില്‍ക്കുന്നിടത്താണ്‌ ഈ പ്രചാരണങ്ങളെന്നത്‌ ഗൗരവം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മത, സമുദായ നേതൃത്വങ്ങളെയും സംഘടനകളെയും രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തുക എന്നത്‌ അപ്രായോഗികമാണ്‌. വസ്‌തുതകളെ ആധാരമാക്കി സംസാരിക്കാനും രാഷ്‌ട്രീയ മുതലെടുപ്പ്‌ മാത്രം മുന്‍നിര്‍ത്തി ആരോപണങ്ങളുന്നയിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാനും രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും തയ്യാറാവുക എന്നതാണ്‌ ഉചിതമായ പോംവഴി. വോട്ട്‌ മുന്‍നിര്‍ത്തി നയ നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്യാതിരിക്കാനും. സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുന്നതുപോലുള്ള പ്രത്യക്ഷ ഇടപെടലുകളില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ മത, സമുദായ സംഘടനകളും ശ്രദ്ധിക്കേണ്ടതുണ്ട്‌.