2009-04-30

രഹസ്യങ്ങളുടെ താക്കോലുമായി `ക്യു'


ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ വിവാദമായ ക്യൂ ഘടകം - അതായിരുന്നു ഒട്ടാവിയോ ക്വത്‌റോച്ചി എന്ന ഇറ്റാലിയന്‍ വ്യവസായി. പിടികിട്ടാനുള്ളവരുടെ പട്ടികയില്‍ നിന്ന്‌ ഈ പേര്‌ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) നീക്കുകയും അതുവഴി ഇന്റര്‍പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ റദ്ദാകുകയും ചെയ്യുമ്പോള്‍ ക്യൂ ഘടകത്തിന്റെ പേരിലുള്ള വിവാദത്തിനും കേസുകള്‍ക്കും പൂര്‍ണ വിരാമമിടുകയാണ്‌. അറ്റോര്‍ണി ജനറല്‍ മിലന്‍ കെ ബാനര്‍ജി നല്‍കിയ നിയമോപദേശമനുസരിച്ചാണ്‌ ക്വത്‌റോച്ചിയുടെ പേര്‌ പിടികിട്ടാനുള്ളവരുടെ പട്ടികയില്‍ നിന്ന്‌ നീക്കിയത്‌ എന്നാണ്‌ സി ബി ഐ നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍, പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ക്വത്‌റോച്ചിക്കുള്ള സ്വാധീനം പരിണഗിക്കുമ്പോള്‍ മിലന്‍ കെ ബാനര്‍ജിയുടെ ഉപദേശം മാത്രമല്ല സി ബി ഐ നടപടിക്കു പിന്നിലെന്ന്‌ വ്യക്തമാണ്‌. പല രീതിയിലും നിര്‍ണായകമായ ഒരു ഘട്ടത്തിലാണ്‌ ക്വത്‌റോച്ചിക്ക്‌ അനുകൂലമായ തീരുമാനമുണ്ടാവുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.


ഇറ്റലിയിലെ കറ്റാനിയ പ്രവിശ്യയിലെ മസ്‌കാലിയില്‍ ജനിച്ച ക്വത്‌റോച്ചി 1960കളിലാണ്‌ ഇന്ത്യയിലെത്തുന്നത്‌. എണ്ണ, പ്രകൃതി വാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ കമ്പനി എനിയുടെയും അതിന്റെ എന്‍ജിനീയറിംഗ്‌ വിംഗായ സ്‌നാംപ്രൊഗെറ്റിയുടെയും പ്രതിനിധിയായി. ഇറ്റാലിയന്‍ കമ്പനിയുടെ ബിസിസനസ്സ്‌ എക്‌സിക്യൂട്ടീവ്‌ മാത്രമായിരുന്നു ക്വത്‌റോച്ചി. 1974ല്‍ രാജീവ്‌ ഗാന്ധിയെയും ഭാര്യ സോണിയാ ഗാന്ധിയെയും പരിചയപ്പെടുന്നതോടെ ക്വത്‌റോച്ചിയുടെ സ്വാധീനം വര്‍ധിച്ചു. സോണിയാ ഗാന്ധിയുടെ ഇറ്റലിക്കാരനായ സുഹൃത്ത്‌ മോലിനാരിയാണ്‌ ക്വത്‌റോച്ചിയെ പരിചയപ്പെടുത്തിയത്‌ എന്നാണ്‌ കഥ. ക്വത്‌റോച്ചിയും രാജീവും കുടുംബ സുഹൃത്തുക്കളായി. രാജീവിലൂടെ ഇന്ദിരാഗാന്ധി സര്‍ക്കാറിലേക്ക്‌ ക്വത്‌റോച്ചി വാതിലുകള്‍ തുറന്നു. അതുവഴി വിവിധ അന്താരാഷ്‌ട്ര കരാറുകളുടെ ഇടനിലക്കാരനായി. ഇന്ദിരയുടെ മരണശേഷം രാജീവ്‌ പ്രധാനമന്ത്രിയായ കാലത്താണ്‌ സ്വീഡിഷ്‌ കമ്പനിയായ എ ബി ബൊഫോഴ്‌സുമായി ആയുധക്കരാറുണ്ടാക്കിയത്‌. ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങുന്നതിനുണ്ടാക്കിയ കരാറില്‍ 160 കോടിയുടെ അഴിമതി നടന്നുവെന്ന്‌ ആരോപണമുണ്ടായി. ബൊഫോഴ്‌സ്‌ കമ്പനി കോഴ നല്‍കിയാണ്‌ ഇന്ത്യയില്‍ നിന്ന്‌ ആയുധക്കരാര്‍ സമ്പാദിച്ചതെന്ന്‌ സ്വീഡിഷ്‌ റേഡിയോയാണ്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ബൊഫോഴ്‌സ്‌ കമ്പനിയുടെ എം ഡി മാര്‍ട്ടിന്‍ അര്‍ദ്‌ബോയുടെ ഡയറിക്കുറിപ്പില്‍ മിസ്റ്റര്‍ ക്യൂവിന്റെ കാര്യം പരാമര്‍ശിച്ചിരുന്നു. മിസ്റ്റര്‍ ആറുമായി അടുപ്പമുള്ള മിസ്റ്റര്‍ ക്യൂവിന്‌ കോഴപ്പണം കൈമാറിയതിന്റെ സൂചനകളാണ്‌ ഡയറിക്കുറിപ്പിലുണ്ടായിരുന്നത്‌. ഇതോടേയാണ്‌ മിസ്റ്റര്‍ ക്യൂ എന്ന ഘടകം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ വിവാദവിഷയമായത്‌.


ക്വത്‌റോച്ചിയുടെ പങ്ക്‌ സംബന്ധിച്ച്‌ രാജീവ്‌ മന്ത്രിസഭയില്‍ അംഗമായിരുന്ന വി പി സിംഗ്‌ പിന്നീട്‌ വെളിപ്പെടുത്തി. ക്വത്‌റോച്ചിക്ക്‌ സന്ദര്‍ശനാനുമതി നിഷേധിച്ച തന്നെ, രാജീവ്‌ ഗാന്ധി നേരിട്ടു വിളിച്ച്‌ ക്വത്‌റോച്ചിയെ കാണാന്‍ നിര്‍ദേശിച്ചുവെന്ന്‌ വി പി സിംഗ്‌ കോടതിയില്‍ പറഞ്ഞു. ബൊഫോഴ്‌സ്‌ കോഴ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ചു. 1989ലെ തിരഞ്ഞെടുപ്പില്‍ രാജീവ്‌ ഗാന്ധിക്ക്‌ അധികാരം നഷ്‌ടമായി. കോഴ സംബന്ധിച്ച്‌ സി ബി ഐ നടത്തിയ അന്വേഷണത്തില്‍ ക്വത്‌റോച്ചിയുടെ സ്വിസ്‌ ബേങ്ക്‌ അക്കൗണ്ടുകള്‍ കണ്ടെത്തി. കോഴക്കേസില്‍ ക്വത്‌റോച്ചിയെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ്‌ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇന്റര്‍പോളിനെ അറിയിച്ചത്‌. എവിടെ വെച്ചു കണ്ടാലും അറസ്റ്റ്‌ ചെയ്യാനും ഇന്ത്യക്ക്‌ കൈമാറുന്നതിനും വേണ്ടി ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കുകയും ചെയ്‌തു. ലണ്ടനിലെ ബേങ്കില്‍ ക്വത്‌റോച്ചിക്കും ഭാര്യക്കുമുണ്ടായിരുന്ന അക്കൗണ്ടുകള്‍ ഇതിനിടെ ഇന്റര്‍പോള്‍ കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപമുണ്ടായിരുന്നത്‌ സംശയങ്ങള്‍ ബലപ്പെടുത്തി. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഇന്റര്‍പോള്‍ നടപടി സ്വീകരിച്ചു. എന്നാല്‍ 2004ല്‍ അധികാരത്തില്‍ വന്ന ഡോ. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ അക്കൗണ്ടുകള്‍ ക്വത്‌റോച്ചിക്ക്‌ തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചു. സി ബി ഐയുടെ അഭിപ്രായം പോലും ആരായാതെ അക്കൗണ്ടുകള്‍ തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചത്‌ വലിയ സംശയങ്ങള്‍ക്ക്‌ കാരണമായി. രണ്ടു വര്‍ഷം മുമ്പ്‌ അര്‍ജന്റീനയില്‍ ക്വത്‌റോച്ചി അറസ്റ്റിലായി. ക്വത്‌റോച്ചിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടുന്നതിന്‌ നടപടി സ്വീകരിക്കാന്‍ സി ബി ഐ ആദ്യം തയ്യാറായില്ല. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ക്വത്‌റോച്ചിയെ വിട്ടുകിട്ടുന്നതിന്‌ നടപടി സ്വീകരിക്കാത്തത്‌ വിമര്‍ശിക്കപ്പെടുകയും ചെയ്‌തപ്പോള്‍ സി ബി ഐ അര്‍ജന്റീനയിലെ കോടതിയെ സമീപിച്ചു. പക്ഷേ, കോടതി സി ബി ഐയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ക്വത്‌റോച്ചിയെ പിടികിട്ടാനുള്ളവരുടെ പട്ടികയില്‍ നിന്ന്‌ നീക്കിയ സി ബി ഐയുടെ നടപടി കൂടുതല്‍ ഗൗരവമേറിയതാവുന്നത്‌.


മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ഏതാനും ആഴ്‌ചകളേ ബാക്കിയുള്ളൂ. രാജ്യത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നു. ഘടകകക്ഷികളുടെ സമ്മര്‍ദമില്ലാതെ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയുന്ന ഏക അവസരം. അതിനുമപ്പുറത്ത്‌ രണ്ടു ഘടകങ്ങള്‍ കൂടി ഈ തീരുമാനത്തിന്‌ പിന്നിലുണ്ടെന്ന്‌ കരുതണം. ഒന്ന്‌ വിദേശത്തെ ബേങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ കണക്കെടുക്കണമെന്നും അത്‌ ഇന്ത്യയിലേക്ക്‌ തിരികെക്കൊണ്ടുവരണമെന്നുമുള്ള ആവശ്യം സജീവമായതാണ്‌. രണ്ടാമത്തേത്‌ ശ്രീലങ്കയില്‍ എല്‍ ടി ടി ഇ പരാജയത്തിന്റെ വക്കിലെത്തിയതും.


ഇന്ത്യന്‍ വ്യവസായികളും രാഷ്‌ട്രീയക്കാരും വരവില്‍ കവിഞ്ഞ്‌ സമ്പാദിച്ച കോടികള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെയും മറ്റ്‌ ചെറു രാജ്യങ്ങളുടെയും ബേങ്കുകളില്‍ സുരക്ഷിതമായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ വിവരം. അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുമെന്നതാണ്‌ ഈ ബേങ്കുകളെ ആശ്രയിക്കാന്‍ കാരണം. ആദായ നികുതി നല്‍കേണ്ട, വരുമാന സ്രോതസ്സ്‌ വെളിപ്പെടുത്തേണ്ട എന്നീ സൗകര്യങ്ങള്‍ക്കു പുറമെ ബിനാമി പേരുകളില്‍ നിക്ഷേപം നടത്താനും ഈ ബേങ്കുകള്‍ സൗകര്യം ചെയ്‌തുകൊടുക്കുന്നുണ്ട്‌. ബൊഫോഴ്‌സ്‌ ഇടപാടില്‍ കൈമാറ്റം ചെയ്യപ്പെട്ട കോടികളുടെ കോഴപ്പണം സ്വിസ്‌ ബേങ്കുകളിലെ അക്കൗണ്ടുകളിലാണ്‌ നിക്ഷേപിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്‌. ഇതു സംബന്ധിച്ച രേഖകള്‍ ശേഖരിക്കാന്‍ സി ബി ഐ ശ്രമിച്ചിരുന്നുവെങ്കിലും അത്‌ പൂര്‍ണമായും വിജയിച്ചിരുന്നില്ല. ആഗോള മാന്ദ്യം നേരിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇത്തരം കള്ള നിക്ഷേപങ്ങള്‍ നടത്തുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ വന്‍കിട രാജ്യങ്ങള്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന്‌ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ക്വത്‌റോച്ചി വലിയ വെല്ലുവിളിയാണ്‌. ക്വത്‌റോച്ചിയെ പിടികൂടുകയും സ്വിസ്‌ അധികൃതര്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച യഥാര്‍ഥ വിവരം കൈമാറുകയും ചെയ്‌താല്‍ ബൊഫോഴ്‌സ്‌ ഇടപാട്‌ നടക്കുന്ന സമയത്ത്‌ ആരൊക്കെയാണ്‌ സ്വിസ്‌ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങിയതെന്നും എത്ര തുക നിക്ഷേപിച്ചുവെന്നുമുള്ള യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നേക്കും. അത്‌ ആരൊക്കെയോ ഇപ്പോഴും ഭയക്കുന്നുണ്ട്‌ എന്നുവേണം കരുതാന്‍. അല്ലെങ്കില്‍ ക്വത്‌റോച്ചിയെ പെട്ടെന്ന്‌ കുറ്റവിമുക്തനാക്കാന്‍ നടപടി സ്വീകരിക്കുമായിരുന്നില്ല.


ശ്രീലങ്കയില്‍ പുലികള്‍ നേരിടുന്ന തിരിച്ചടി മറ്റൊരു തലത്തില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ്‌. രാജീവ്‌ ഗാന്ധിയെ വധിക്കുന്നതില്‍ സുപ്രധാന പങ്ക്‌ വഹിച്ച പുലി നേതാക്കളെ ശ്രീലങ്കന്‍ സൈന്യം പിടികൂടാനും ഇന്ത്യക്ക്‌ കൈമാറാനുമുള്ള സാധ്യത നിലനില്‍ക്കുന്നു. രാജീവ്‌ ഗാന്ധിയെ വധിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ ക്വത്‌റോച്ചിയും പങ്കാളിയായിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. ക്വത്‌റോച്ചിയും എല്‍ ടി ടി ഇ നേതാവായിരുന്ന ആന്റണ്‍ ബാലശിങ്കവും പാരീസില്‍ വെച്ച്‌ പലതവണ കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്നും അവിടെവെച്ചാണ്‌ രാജീവിനെ വധിക്കാനുള്ള പദ്ധതി തയ്യാറായതെന്നുമാണ്‌ ആരോപണം. ക്വത്‌റോച്ചിയും ബാലശിങ്കവും പാരീസിലെ ഹോട്ടലില്‍ പല തവണ കൂടിക്കാഴ്‌ച നടത്തിയത്‌ ഫ്രഞ്ച്‌ ഇന്റലിജന്‍സ്‌ ഏജന്‍സി കണ്ടെത്തിയിരുന്നു. എല്‍ ടി ടി ഇയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനം സമാഹരിക്കുന്നതിനും അവരുടെ ആയുധ ഇടപാടുകള്‍ നടത്തുന്നതിനും നേതൃത്വം നല്‍കുന്ന കെ പി എന്നറിയപ്പെടുന്ന കുമരന്‍ പത്മനാഥനും കൂടിക്കാഴ്‌ചകളില്‍ പങ്കാളിയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കൂടിക്കാഴ്‌ചകളിലൂടെയാണ്‌ രാജീവ്‌ ഗാന്ധിയെ വധിക്കുന്നതിനുള്ള പദ്ധതിക്കു വേണ്ട പണം സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്‌. ഇതിന്റെ യാഥാര്‍ഥ്യം അന്വേഷിക്കണമെന്ന ആവശ്യം ഇന്ത്യന്‍ പാര്‍ലിമെന്റിലും സുപ്രീം കോടതിയിലും ഉയര്‍ന്നിരുന്നു. ബാലശിങ്കവും ക്വത്‌റോച്ചിയും കൂടിക്കാഴ്‌ച നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫ്രഞ്ച്‌ ഇന്റലിജന്‍സ്‌ ഏജന്‍സിയുടെ പക്കലുണ്ടെന്ന ആരോപണവും അന്ന്‌ ഉയര്‍ന്നിരുന്നു. ഇത്‌ നിഷേധിക്കാനോ സമ്മതിക്കാനോ ഫ്രഞ്ച്‌ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.


എല്‍ ടി ടി ഇയുടെ പ്രധാന നേതാക്കളില്‍ ആരെങ്കിലും പിടിയിലാവുകയും രാജീവ്‌ വധത്തിലെ ക്വത്‌റോച്ചിയുടെ പങ്കിനെക്കുറിച്ച്‌ അവര്‍ എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തുകയും ക്വത്‌റോച്ചി അതിന്‌ സ്ഥിരീകരണം നല്‍കുകയും ചെയ്‌താല്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ളവര്‍ തന്നെ പ്രതിക്കൂട്ടിലാവുന്ന സാഹചര്യമുണ്ടാവും. രാജീവ്‌ ഗാന്ധിയുടെ വധത്തിന്‌ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിച്ച ജയിന്‍ കമ്മീഷന്‍ തന്നെ ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ക്വത്‌റോച്ചി എന്ന ഇറ്റാലിയന്‍ വ്യവസായി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ നിരവധി രഹസ്യങ്ങളുടെ താക്കോലാണ്‌. പന്ത്രണ്ടു വര്‍ഷത്തോളം ഇന്റര്‍പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടീസിന്റെ കീഴില്‍ തുടര്‍ന്നിട്ടും ക്വത്‌റോച്ചിയെ ഇന്ത്യക്ക്‌ കിട്ടാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ക്യൂ ഘടകത്തിന്‌ എല്ലാക്കാലത്തും ഒളിവു ജീവിതം തുടരാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എപ്പോഴെങ്കിലും പിടിക്കപ്പെടുകയും രഹസ്യങ്ങളുടെ കലവറ തുറക്കപ്പെടുകയും ചെയ്‌താല്‍ അത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്കാവും കാരണമാവുക. ഈ ഒരു സാധ്യത ഇല്ലാതാക്കണമെങ്കില്‍ ബൊഫോഴ്‌സ്‌ കോഴക്കേസിലെ അന്വേഷണം അവസാനിക്കേണ്ടതുണ്ട്‌. കേസില്‍ രാജീവ്‌ ഗാന്ധി ഉള്‍പ്പെടെ മറ്റ്‌ ആരോപണവിധേയരെയെല്ലാം തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്‌. ഇനി ക്വത്‌റോച്ചി പിടിയിലാവുകയും പുതിയ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ തെളിവുകള്‍ ലഭ്യമാവുകയും ചെയ്‌താല്‍ നഷ്‌ടങ്ങള്‍ വലുതായിരിക്കും. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയും അതുവഴി ഇന്ത്യയുടെയും നേതൃത്വം ഏറ്റെടുക്കാന്‍ പരമ്പരയിലെ അടുത്ത കണ്ണി തയ്യാറെടുക്കുമ്പോള്‍ പ്രത്യേകിച്ചും. ക്വത്‌റോച്ചിയെ കുറ്റവിമുക്തനാക്കാന്‍ ഇതിലും നല്ലൊരു രാഷ്‌ട്രീയ കാലാവസ്ഥ ലഭിക്കാനുമില്ല. റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പിന്‍വലിച്ച്‌ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പല രഹസ്യങ്ങളും താന്‍ വെളിപ്പെടുത്തുമെന്ന്‌ ക്വത്‌റോച്ചി അടുത്തിടെ ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഇന്ത്യയിലെ പ്രമുഖരുടെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുന്നതാവും തന്റെ വെളിപ്പെടുത്തലുകളെന്നും ക്വത്‌റോച്ചി പറഞ്ഞുവത്രെ. അതിനൊന്നും കാത്തുനില്‍ക്കേണ്ട കാര്യമില്ല. ഇസ്‌റാഈല്‍ കമ്പനിയുമായി അടുത്തിടെയുണ്ടാക്കിയ കരാറില്‍ 600 കോടിയുടെ അഴിമതി ആരോപണമാണ്‌ ഉയര്‍ന്നത്‌. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 160 കോടിയുടെ ബൊഫോഴ്‌സ്‌ കോഴ തുലോം തുച്ഛം. പന്ത്രണ്ട്‌ വര്‍ഷം റെഡ്‌ കോര്‍ണര്‍ നോട്ടീസിന്റെ കീഴില്‍ ജീവിക്കുക എന്നതു തന്നെ ഈ അഴിമതിക്ക്‌ മതിയായ ശിക്ഷ തന്നെ. മന്‍മോഹന്‍ സര്‍ക്കാറിന്റെ പ്രശംസാര്‍ഹമായ ഈ `നീതിബോധ'ത്തിനു മുന്നില്‍ രാജ്യസ്‌നേഹികള്‍ അഭിമാന പുളകിതരായേ മതിയാവൂ!