2009-04-23

വീണ്ടും ഇടിമുഴക്കങ്ങള്‍


ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ, ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത പ്രത്യാഘാതം പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത്‌ രാജ്യം അഭിമുഖീകരിക്കുകയാണ്‌. തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട്‌ നക്‌സലുകള്‍ നടത്തുന്ന ആക്രമണം. ഒന്നാം ഘട്ട വോട്ടെടുപ്പ്‌ നടന്ന ഏപ്രില്‍ പതിനാറിനും അതിനു മുമ്പും പല ഭാഗങ്ങളിലും നക്‌സലുകള്‍ ആഞ്ഞടിച്ചിരുന്നു. പോളിംഗ്‌ ദിവസം മാത്രം മരണം 19. നശിപ്പിക്കപ്പെട്ട പൊതുമുതലും സൃഷ്‌ടിക്കപ്പെട്ട ഭീതിയും പുറമെ. പോളിംഗിന്‌ മുമ്പുള്ള ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളിലും നിരവധി പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. ഒറീസ്സയിലെ കൊറാപുത്തിലുള്ള നാഷനല്‍ അലൂമിനിയം കമ്പനിയുടെ ബോക്‌സൈറ്റ്‌ ഖനി ആക്രമിച്ച നക്‌സലുകള്‍ എട്ട്‌ സി ആര്‍ പി എഫ്‌ ജവാന്‍മാരെ വധിച്ചു. പ്രത്യാക്രമണത്തില്‍ നാലു നക്‌സലുകള്‍ കൊല്ലപ്പെട്ടു. സി ആര്‍ പി എഫ്‌ ക്യാമ്പില്‍ നിന്ന്‌ വന്‍തോതില്‍ ആയുധങ്ങളും കൊണ്ടാണ്‌ നക്‌സല്‍ സംഘം മടങ്ങിയത്‌. ഖനിയിലെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോകടവസ്‌തു ശേഖരം നക്‌സലുകള്‍ക്ക്‌ പിടിച്ചെടുക്കാനായില്ലെന്ന്‌ സി ആര്‍ പി എഫും ഭരണകൂടവും ആശ്വാസം കൊള്ളുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ തലേ ദിവസമായ ഇന്നലെ ഝാര്‍ഖണ്ഡിലെയും ബീഹാറിലെയും പല പ്രദേശങ്ങളിലും ആക്രമണങ്ങളുണ്ടായി.

1964ല്‍ രൂപംകൊണ്ട സി പി ഐ എമ്മിന്റെ നയപരിപാടികളില്‍ വിയോജിച്ചുകൊണ്ടാണ്‌ ഇന്ത്യയില്‍ നക്‌സല്‍ പ്രസ്ഥാനം രൂപം കൊള്ളുന്നത്‌. ബംഗാളിലെ നക്‌സല്‍ബാരി ജില്ലയില്‍ നടന്ന കര്‍ഷക സമരം സായുധ വിപ്ലവത്തിലൂടെ അധികാരം പിടിക്കാനുള്ള പടപ്പുറപ്പാടായി വ്യാഖാനിക്കപ്പെട്ടു. ചൈനയില്‍ മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സാംസ്‌കാരിക വിപ്ലവത്തിന്റെ ആവേശം സിരകളില്‍ സൂക്ഷിച്ചിരുന്ന, പ്രത്യയശാസ്‌ത്ര ദൃഢതയുള്ള ചെറുപ്പക്കാര്‍ നക്‌സല്‍ പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജന്മിത്വത്തിനും അവരുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചിരുന്ന പോലീസിനും നേര്‍ക്ക്‌ ആക്രമണങ്ങളുണ്ടായി. ആന്ധ്രാ പ്രദേശിലെ തെലുങ്കാനയായിരുന്നു നക്‌സലുകളുടെ മറ്റൊരു പ്രധാന കേന്ദ്രം. നക്‌സല്‍ പ്രസ്ഥാനങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സംസ്‌കാരിക സംഘങ്ങള്‍ നാടാകെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്‌തു. പോലീസിന്റെ ശക്തമായ ഇടപെടലും വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ആശയതലത്തില്‍ നടത്തിയ പ്രതിരോധവും നേതൃതലത്തിലുണ്ടായ അഭിപ്രായ ഭിന്നതകളും നക്‌സല്‍ പ്രസ്ഥാനത്തെ ശോഷണത്തിലേക്ക്‌ നയിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. പ്രസ്ഥാനത്തിന്‌ തുടക്കമിട്ട ചാരു മജുംദാറും കനു സന്യാലും പ്രസ്ഥാനത്തിലെ ആദ്യത്തെ പിളര്‍പ്പിന്‌ കാരണക്കാരായി. പിന്നീട്‌ നിരവധി പിളര്‍പ്പുകള്‍. അടിയന്തരാവസ്ഥക്കു ശേഷം ഈ തകര്‍ച്ച ഏറെക്കുറെ പൂര്‍ണമാവുകയും ചെയ്‌തു. പിന്നീട്‌ ഒറ്റക്കും തെറ്റക്കും പ്രവര്‍ത്തിച്ച നക്‌സല്‍ ഗ്രുപ്പുകള്‍ പാര്‍ലിമെന്ററി രാഷ്‌ട്രീയത്തിന്റെ പാതയിലേക്ക്‌ പ്രവേശിച്ചു. ബീഹാറില്‍ വിനോദ്‌ മിശ്രയുടെ നേതൃത്വത്തിലുള്ള നക്‌സല്‍ ഗ്രൂപ്പ്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ച്‌ വിജയിച്ചു. ഇപ്പോഴും ബീഹാറിലെ ചില പ്രദേശങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട്‌ ഈ ഗ്രൂപ്പിന്‌. സി പി ഐ (എം എല്‍) ദേശീയ, പ്രാദേശിക തലങ്ങളില്‍ പല പിളര്‍പ്പുകള്‍ക്ക്‌ വിധേയമായി തുടരുന്നുണ്ട്‌. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷമായി സാമ്പ്രദായിക പ്രതിഷേധങ്ങളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുക മാത്രമാണ്‌ ഈ ഗ്രൂപ്പുകള്‍ ചെയ്യുന്നത്‌. അപവാദം ആന്ധ്രയിലെ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പായിരുന്നു. ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ നയങ്ങള്‍ക്കെതിരെ അവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്‍പറ്റി ഐ ടി മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാമൂഹ്യസുരക്ഷാ മേഖലയില്‍ നിന്ന്‌ പിന്‍വാങ്ങുകയും കര്‍ഷകര്‍ക്കും മറ്റ്‌ അവശവിഭാഗങ്ങള്‍ക്കുമുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്‌തത്‌ നായിഡുവിനെ ശത്രുസ്ഥാനത്ത്‌ നിര്‍ത്താന്‍ പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പിനെ പ്രേരിപ്പിച്ചു. നായിഡുവിനെ വധിക്കാന്‍ ശ്രമിച്ചത്‌ ഇതിന്റെ തുടര്‍ച്ചയാണ്‌.

ഇത്തരത്തില്‍ പ്രമുഖ നക്‌സല്‍ ഗ്രൂപ്പുകള്‍ നിര്‍ജീവമാവുകയും സജീവമായ ഗ്രൂപ്പുകള്‍ ചില പ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയും ചെയ്‌തിരുന്ന അവസ്ഥ മാറി എന്നതാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്‌. അതാണ്‌ അഞ്ചു വര്‍ഷത്തെ യു പി എ സര്‍ക്കാറിന്റെ ഭരണത്തിലുണ്ടായ അത്രയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത നിര്‍ണായക വസ്‌തുത. ഒറീസ, അസം, ഛത്തിസ്‌ഗഢ്‌, ബീഹാര്‍, ഝാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌, പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്‌, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നക്‌സലുകളുടെ സ്വാധീനം പ്രകടമായുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌ ലെനിനിസ്റ്റ്‌) പീപ്പിള്‍സ്‌ വാര്‍, മാവോയിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ സെന്റര്‍ ഓഫ്‌ ഇന്ത്യ എന്നിവ ലയിച്ചുണ്ടായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാവോയിസ്റ്റ്‌) ആണ്‌ ഇപ്പോഴത്തെ ശക്തമായ വിഭാഗം. രാജ്യത്തിന്റെ പലഭാഗത്തായി നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരാണ്‌. നിരോധിക്കപ്പെട്ട സംഘടനയായതുകൊണ്ടുതന്നെ ഒളിവിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം. പിളര്‍പ്പുകളുടെയും ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളുടെയും കാലം അവസാനിപ്പിച്ച്‌ കൂടുതല്‍ സംഘടിതമായി നീങ്ങാന്‍ ഇവര്‍ക്കു കഴിയുന്നുണ്ട്‌. ഛത്തീസ്‌ഗഢില്‍ ഭരണം നടത്തുന്ന ബി ജെ പിയുടെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സമാന്തര സായുധ സംഘം (സാല്‍വ ജുദും) രൂപവത്‌കരിച്ച്‌ നക്‌സലുകളെ നേരിടാന്‍ ശ്രമം നടക്കുന്നുണ്ട്‌. ഇത്തരത്തില്‍ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടും സി പി ഐ (മാവോയിസ്റ്റ്‌) അതിന്റെ സ്വാധീനം വര്‍ധിപ്പിച്ചുവെന്നതാണ്‌ ശ്രദ്ധേയം.

എന്തുകൊണ്ട്‌ ഈ വളര്‍ച്ച എന്നത്‌ ഭരണകൂടം വേണ്ടരീതിയില്‍ അഭിമുഖീകരിച്ചിട്ടില്ല. തീവ്രവാദത്തിന്റെയോ ഭീകരവാദത്തിന്റെയോ പട്ടികയില്‍ നിര്‍ത്തി ഇവരെ ഒറ്റപ്പെടുത്താനാണ്‌ ഭരണകൂടം ശ്രമിച്ചത്‌. രാജ്യത്തിന്‌ പുറത്തു കേന്ദ്രീകരിക്കുകയും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭീകര സംഘടനകളെപ്പോലെ ഭീഷണിയാണ്‌ ഇടതു തീവ്രവാദികളെന്നാണ്‌ രഭ്ടു വര്‍ഷം മുമ്പ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ അഭിപ്രായപ്പെട്ടത്‌. ഇവരെ ശക്തമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. അപ്പോഴും എന്തുകൊണ്ട്‌ ഇവരുടെ സ്വാധീനം വര്‍ധിക്കുന്നുവെന്ന പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ആരും തയ്യാറായില്ല. 1967ല്‍ ജന്മിത്വവും സാമൂഹ്യ അസന്തുലിതാവസ്ഥയും ഇല്ലാതാക്കാനാണ്‌ നക്‌സലുകള്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍, ഇന്ന്‌ ജന്മിത്വം മറ്റൊരു രീതിയില്‍ തിരിച്ചുവരുന്നുവെന്നത്‌ അവര്‍ തിരിച്ചറിയുന്നുണ്ട്‌. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ദൂരം അധികമാവുന്നു. ഊഹക്കച്ചവടക്കാരും ദല്ലാളുകളുമാണ്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. ഇവര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കാനും സാമ്പത്തിക വളര്‍ച്ചയുടെ കണക്ക്‌ നിലനിര്‍ത്താനുമാണ്‌ ഭരണകൂടം ശ്രമിക്കുന്നത്‌. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്കും അന്താരാഷ്‌ട്ര കുത്തകകള്‍ക്കും പൊതുപണം ദുരുപയോഗം ചെയ്യാനുള്ള അവസരങ്ങള്‍ ഏറെയുണ്ടാക്കുന്നുമുണ്ട്‌. ലാഭത്തിന്റെയും ആസ്‌തിയുടെയും കണക്കില്‍ കൃത്രിമം കാട്ടി പതിനായിരം കോടി രൂപയുടെ സത്യം കംപ്യൂട്ടേഴ്‌സിന്റെ കഥ തന്നെ ഉദാഹരണം. ഇവര്‍ കൊള്ളയടിച്ചത്‌ ഓഹരി വിപണിയിലൂടെ ഒഴുകിയ പൊതുപണമാണ്‌. സത്യം ചെയര്‍മാന്‍ കളവ്‌ ഏറ്റുപറഞ്ഞപ്പോള്‍ മാത്രമാണ്‌ ഇത്‌ പുറത്തുവന്നത്‌. കോര്‍പ്പറേറ്റുകള്‍ പൊതുജനത്തിന്റെ പണം കൊള്ളയടിക്കുന്നത്‌ തടയാന്‍ സര്‍ക്കാറിന്‌ യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നതിന്റെ തെളിവാണിത്‌. കര്‍ഷകരുടെ ആത്മഹത്യകള്‍കൊണ്ട്‌ കുപ്രസിദ്ധമായ വിദര്‍ഭക്കു വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച മൂവായിരം കോടിയുടെ പ്രത്യേക പാക്കേജിന്റെ ഗതി മറ്റൊരു ഉദാഹരണം. പാക്കേജില്‍ അനുവദിച്ച പണത്തില്‍ ഭൂരിഭാഗം ഇടനിലക്കാരും സര്‍ക്കാറുദ്യോഗസ്ഥരും പങ്കുവെച്ചു. കര്‍ഷകരുടെ ദുരിതം മാറണമെങ്കില്‍ പരുത്തിക്ക്‌ ന്യായവില ലഭിക്കണം. അതു ലഭിക്കണമെങ്കില്‍ ടെക്‌സ്റ്റൈല്‍ ഇറക്കുമതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ഒഴിവാക്കണം. ഇതിന്‌ സര്‍ക്കാര്‍ തയ്യാറല്ല. അടിസ്ഥാന പ്രശ്‌നം നിലനില്‍ക്കെ മൂവായിരം കോടി രൂപ ഇടനിലക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ധൂര്‍ത്തടിക്കാന്‍ നല്‍കുക മാത്രമാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌.

അനീതികളുടെ ആവര്‍ത്തനങ്ങള്‍ അസംതൃപ്‌തരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്‌. അസംന്തുലിതാവസ്ഥ സകല സീമകളെയും ലംഘിച്ച്‌ മുന്നേറുകയും. ഇവിടെയാണ്‌ മാവോയിസ്റ്റുകള്‍ തങ്ങളുടെ വിളനിലം കണ്ടെത്തുന്നത്‌. ഒളിവിലും തെളിവിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക്‌ ഇക്കാര്യങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കുന്നു. ചിലയിടത്തെങ്കിലും ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിച്ച്‌ ആളുകളെ വശത്താക്കുന്നു. വന്‍കിട പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കലുകള്‍ നടത്തുകയും ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നുണ്ട്‌. ഒറീസയിലെ കലിംഗനഗറില്‍ ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റിന്‌ സ്ഥലമെടുത്തതിനെതിരെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ ഇരുപതോളം ആദിവാസികളെയാണ്‌ നവീന്‍ പട്‌നായിക്ക്‌ ഭരണകൂടം വെടിവെച്ചുകൊന്നത്‌. ബംഗാളില്‍ സിംഗൂരിലും നന്ദിഗ്രാമിലും ഉയര്‍ന്ന സമരങ്ങളുടെ പിന്നില്‍ മാവോയിസ്റ്റുകളുടെ നിര്‍ണായക പങ്കുണ്ടായിരുന്നു. മുഖ്യമന്ത്രി ബുദ്ധദേബ്‌ ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ പോലീസ്‌ അതിക്രമം നടന്ന ലാല്‍ഗഢില്‍ ഇപ്പോള്‍ പോലീസിനും സി പി എം പ്രവര്‍ത്തകര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്നില്ല. പോലീസ്‌ അതിക്രമങ്ങള്‍ക്കെതിരെ ജനകീയ സമിതി രൂപവത്‌കരിച്ച്‌ ആദിവാസികള്‍ നടത്തുന്ന സമരത്തിന്‌ എല്ലാ പിന്തുണയും നല്‍കുന്നത്‌ മാവോയിസ്റ്റുകളാണ്‌. ലാല്‍ഗഢിനടുത്ത്‌ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനത്തിന്‌ ഭൂമി ഏറ്റെടുക്കുന്നതിനെതിരെക്കൂടിയാണ്‌ ഇപ്പോഴത്തെ സമരം. ജനങ്ങളുടെ ചെറുത്തുനില്‍പ്പുകളില്‍ സജീവമായി ഇടപെടാന്‍ കൂടി മാവോയിസ്റ്റുകള്‍ സന്നദ്ധരായതും അവരുടെ സ്വാധീനം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ഇതിനെല്ലാം നേര്‍ക്ക്‌ മുഖം തിരിച്ചുകൊണ്ടാണ്‌ തീവ്രവാദ പ്രസ്ഥാനമായോ ഭീകരവാദ പ്രസ്ഥാനമായോ മാവോയിസ്റ്റുകളെ ഭരണകൂടം മുദ്രകുത്തുന്നത്‌.

ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പാക്കിയതു കൊണ്ടു മാത്രം പരിഹരിക്കാവുന്ന അസമത്വമല്ല, സ്വാതന്ത്ര്യത്തിന്റെ 62 വര്‍ഷം ഉണ്ടാക്കിവെച്ചിരിക്കുന്നത്‌. ഇത്‌ അടിത്തട്ടിലുള്ള ജനങ്ങള്‍, അവര്‍ നിരക്ഷ രോ വിദ്യാവിഹീനരോ ആയിരിക്കാം, മനസ്സിലാക്കി വരുന്നുവെന്ന്‌ കരുതണം. അല്ലെങ്കില്‍ അവര്‍ മാവോയിസ്റ്റുകളെ പോലീസുകാര്‍ക്ക്‌ കാട്ടിക്കൊടുക്കുമായിരുന്നു. പോലീസും സമാന്തര സായുധ സംഘങ്ങളും നിരവധി പേരെ കൊന്നൊടുക്കിയ ശേഷവും കൂടുതല്‍ പേര്‍ മാവോയിസ്റ്റുകളുടെ അടുത്തേക്ക്‌ ആകര്‍ഷിക്കപ്പെടുമായിരുന്നുമില്ല. ഈ തിരിച്ചറിവോടെ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം തയ്യാറല്ല. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇപ്പോഴത്തെ സാമ്പത്തിക നയങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന്‌ കോണ്‍ഗ്രസ്സും അതിന്റെ നേതാക്കളും ആവര്‍ത്തിക്കുന്നത്‌ അതുകൊണ്ടാണ്‌. എതിര്‍പ്പുകളെ നേരിട്ട്‌, വ്യവസായവത്‌കരണവുമായി മുന്നോട്ടുപോകുമെന്ന്‌ ബുദ്ധദേബ്‌ പ്രഖ്യാപിക്കുന്നതും. നേപ്പാളില്‍ തുടങ്ങി മധ്യേന്ത്യയിലൂടെ കടന്ന്‌ ദക്ഷിണേന്ത്യയിലേക്ക്‌ നീളുന്ന മാവോയിസ്റ്റ്‌ ഇടനാഴി ഇടതു തീവ്രവാദികള്‍ സ്ഥാപിക്കുകയാണെന്ന്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ട്‌ വര്‍ഷം രണ്ടായി. ഈ കോറിഡോര്‍ പ്രവര്‍ത്തന സജ്ജമാവുന്നുവെന്നാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്‌. അസമത്വത്തിന്റെ വ്യാപ്‌തി വര്‍ധിപ്പിക്കുന്ന നയങ്ങളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഇതിനു കൈവഴികളുണ്ടാവും. അവിടെയൊക്കെ ചോരക്കളങ്ങളും.

No comments:

Post a Comment