2009-11-26

`രാജ്യസ്‌നേഹ'ത്തിനപ്പുറത്ത്‌


``അതിര്‍ത്തിത്തര്‍ക്കങ്ങള്‍, പകരക്കാരെ ഉപയോഗിച്ച്‌ നടത്തുന്ന യുദ്ധങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രകോപനം, മത യാഥാസ്ഥിതികത്വം, പരിഷ്‌കരണങ്ങള്‍ക്ക്‌ വാദിക്കുന്ന തീവ്രവാദം, വംശീയ സംഘര്‍ഷങ്ങള്‍, സാമൂഹ്യ - സാമ്പത്തിക അസമത്വം എന്നിവ ദക്ഷിണേഷ്യയുടെ മുദ്രയായി മാറിയിരിക്കുന്നു''
- ജനറല്‍ ദീപക്‌ കപൂര്‍, ഇന്ത്യന്‍ കരസേനയുടെ മേധാവി


``അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രഥമസ്ഥാനത്ത്‌ തുടരുന്നുണ്ടെങ്കിലും ചരിത്രപരമായ ഭിന്നതകള്‍, പ്രത്യയശാസ്‌ത്രപരമായ പക്ഷപാതിത്വങ്ങള്‍, സാമ്പത്തിക അസമത്വം, ഊര്‍ജ സുരക്ഷ, ജലക്ഷാമം എന്നിവയും സംഘര്‍ഷങ്ങളുടെ സൃഷ്‌ടിയില്‍ ചെറുതല്ലാത്ത പങ്ക്‌ വഹിക്കുന്നുണ്ട്‌. പുതിയകാലത്തെ സംഘര്‍ഷങ്ങള്‍ രാഷ്‌ട്രങ്ങളുമായി ബന്ധപ്പെട്ടുള്ളവ മാത്രമല്ല, ഉപ ദേശീയതകള്‍, തീവ്രവാദം, മതമൗലികവാദം, വംശീയ താത്‌പര്യങ്ങള്‍ എന്നിവ കൂടി കാരണങ്ങളാണ്‌''
- എ കെ ആന്റണി, പ്രതിരോധ മന്ത്രി


രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറിലാണ്‌ ഇവര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്‌. പശ്ചിമേഷ്യയെപ്പോലെ ദക്ഷിണേഷ്യയും സംഘര്‍ഷത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്നുവെന്ന അഭിപ്രായവും ഇരുവരും പ്രകടിപ്പിച്ചു കണ്ടു.


മൂംബൈയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ്‌ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്‌. എട്ടിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 164 പേര്‍ കൊല്ലപ്പെട്ടു. ഭീകരരില്‍ ഒമ്പതു പേരും കൊല്ലപ്പെട്ടു. അജ്‌മല്‍ അമീര്‍ കസബിനെ മാത്രമാണ്‌ ജീവനോടെ പിടികൂടിയത്‌. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ വലിയ ആഘാതമേല്‍പ്പിക്കുന്നത്‌ രാജ്യം ഇതിന്‌ മുമ്പ്‌ പലതവണ കണ്ടതാണ്‌. ഒരു നഗരത്തിന്റെ പലഭാഗത്തായി തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടത്തുന്നതും പലകുറി ആവര്‍ത്തിച്ചു. പാര്‍ലിമെന്റിനു നേര്‍ക്ക്‌ പോലും ആക്രമണമുണ്ടായി. ഇവകളോടൊന്നും താരതമ്യം ചെയ്യാനാവില്ല മുംബൈയെ. താജ്‌ മഹല്‍, ഒബ്‌റോയ്‌ ട്രിഡന്റ്‌ ഹോട്ടലുകളിലും ജൂത അധിവാസ കേന്ദ്രമായ നരിമാന്‍ ഹൗസിലും തമ്പടിച്ച ഭീകരര്‍ മൂന്നു ദിവസത്തോളം രാജ്യത്തെ ഉത്‌കണ്‌ഠയുടെ മുള്‍ മുനയില്‍ നിര്‍ത്തി. ദേശീയ സുരക്ഷാ ഗാര്‍ഡ്‌ അടക്കമുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച വിഭാഗങ്ങളുടെ സംയുക്ത ശ്രമത്തിനൊടുവിലാണ്‌ അവരെ കീഴടക്കാനായത്‌.


ഇതുകൊണ്ടു മാത്രമല്ല മൂംബൈയിലെ ആക്രമണം മറ്റുള്ളവയില്‍ നിന്ന്‌ വ്യത്യസ്‌തമാവുന്നത്‌. ആസൂത്രണം, നടത്തിപ്പ്‌, പരമാവധി ആഘാതമേല്‍പ്പിക്കല്‍ എന്നിവയിലെല്ലാം രാജ്യത്തെയാകെ അമ്പരിപ്പിക്കാന്‍ അക്രമികള്‍ക്ക്‌ കഴിഞ്ഞു. ആക്രമണം നടത്തുന്നതിനിടെപ്പോലും അതിന്റെ ആസൂത്രകരുമായി ഭീകരര്‍ ഉപഗ്രഹ ഫോണിലൂടെ ആശയ വിനിയമം നടത്തി. ഇന്ത്യന്‍ സുരക്ഷാ സേനയുടെ നീക്കങ്ങള്‍ ഒരു പരിധിവരെ അറിയാനും പ്രതിരോധ തന്ത്രങ്ങള്‍ മെനയാനും ഈ ആശയ വിനിമയം അവരെ സഹായിച്ചിട്ടുണ്ടാവാം. അതുകൊണ്ടാവണം മൂന്നു ദിവസത്തോളം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌.


അക്രമികള്‍ എത്രപേരുണ്ടായിരുന്നുവെന്നത്‌ സംബന്ധിച്ച്‌, ആക്രമണം ആരംഭിച്ച്‌ മൂന്നാം ദിവസം പോലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായ രൂപമുണ്ടായിരുന്നില്ല. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക്‌ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തെ ഇങ്ങനെ സംഗ്രഹിക്കാം. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്‌കറെ ത്വയ്യിബ ആസുത്രണം ചെയ്‌തതായിരുന്നു ആക്രമണ പദ്ധതി. ഇത്‌ നടപ്പാക്കാന്‍ തിരഞ്ഞെടുത്തവര്‍ക്ക്‌ ലശ്‌കര്‍ മൂന്നുമാസത്തോളം പരിശീലനം നല്‍കി. കറാച്ചിയില്‍ നിന്ന്‌ കപ്പല്‍ വഴി ഗുജറാത്ത്‌ തീരത്തെത്തിയ അക്രമികള്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട്‌ പിടിച്ചെടുത്ത്‌ മുംബൈ തീരത്തോട്‌ അടുത്തു. തുടര്‍ന്ന്‌ റബ്ബര്‍ ബോട്ടില്‍ മുംബൈ നഗരത്തില്‍ പ്രവേശിച്ചു. നാല്‌ സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം. ഛത്രപതി ശിവജി റെയില്‍വേ ടെര്‍മനില്‍ രക്തത്തില്‍ മുക്കിയ രണ്ടുപേരില്‍ ഒരാളാണ്‌ അമീര്‍ അജ്‌മല്‍ കസബ്‌. നവംബര്‍ 29ന്‌ ടാജ്‌ മഹല്‍ ഹോട്ടലിലെ എല്ലാ ഭാഗത്തെയും പരിശോധന പൂര്‍ത്തിയായതോടെയാണ്‌ ആക്രമണത്തിന്റെ പിടിയില്‍ നിന്ന്‌ മുംബൈ മോചിതയായത്‌.


ഇത്തരം ഗുരുതരമായ വെല്ലുവിളികളുണ്ടാവുമ്പോള്‍ നേരിടുന്നതില്‍ ഇന്ത്യന്‍ സംവിധാനങ്ങള്‍ക്കുള്ള പോരായ്‌മ, ആക്രമണത്തെക്കുറിച്ചുള്ള യാതൊരു മുന്നറിയിപ്പും നല്‍കാന്‍ കഴിയാതിരുന്ന ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ പരാജയം തൂടങ്ങി നിരവധി വിഷയങ്ങള്‍ മുംബൈ സംഭവത്തിന്‌ ശേഷം ഉയര്‍ന്നുവന്നു. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ക്ക്‌ പ്രാദേശിക കേന്ദ്രങ്ങളുണ്ടാക്കുകയും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന്‌ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ മാതൃകയില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) രൂപവത്‌കരിക്കുകയുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന നടപടികള്‍. തീര സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്‌തു. മുംബൈക്കു ശേഷം രാജ്യത്ത്‌ വലിയ ആക്രമണങ്ങള്‍ ഇതുവരെ ഉണ്ടായില്ല എന്നത്‌ തങ്ങള്‍ സ്വീകരിച്ച കര്‍ശന നടപടികളുടെ മേന്‍മയായി സര്‍ക്കാറിന്‌ അവകാശപ്പെടാം.


ആക്രമണത്തെക്കുറിച്ച്‌ അമേരിക്കന്‍ ഏജന്‍സികളുടെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അതിന്റെ ആസൂത്രകര്‍ ലശ്‌കറെ ത്വയ്യിബയുടെ നേതാക്കളാണെന്ന്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത്‌ സംബന്ധിച്ച തെളിവുകള്‍ പാക്കിസ്ഥാന്‌ കൈമാറി. ആ രാജ്യം ലശ്‌കര്‍ നേതാക്കളായ ഏഴു പേരെ അറസ്റ്റ്‌ ചെയ്‌തു. ആക്രമണത്തിനിടെ പിടിയിലായ കസബും നേരത്തെ തന്നെ ഉത്തര്‍പ്രദേശ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്ന രണ്ടുപേരെയും മുംബൈയിലെ പ്രത്യേക കോടതിയില്‍ വിചാരണ നേരിടുകയാണ്‌. അന്വേഷണങ്ങളും കോടതി നടപടികളും മുറപോലെ നടക്കും. രാജ്യത്തിനെതിരായ യുദ്ധമാണ്‌ നടന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ അതിന്‌ പതിവില്‍കവിഞ്ഞ വേഗവും കാര്യക്ഷമതയും ഉണ്ടാവുകയും ചെയ്യും. അന്വേഷണങ്ങള്‍ക്കും കുറ്റവാളികളെ കണ്ടെത്തലുകള്‍ക്കുമപ്പുറത്ത്‌ എന്തുകൊണ്ട്‌ ഇത്തരം ആക്രമണങ്ങള്‍ എന്ന പ്രശ്‌നത്തില്‍ അധിഷ്‌ഠിതമായ ഗൗരവമേറിയ ചിന്തകള്‍ ഉണ്ടായോ എന്നത്‌ സംശയാണ്‌.


ഇവിടെയാണ്‌ പശ്ചിമേഷ്യക്കൊപ്പം ദക്ഷിണേഷ്യയും സംഘര്‍ഷങ്ങളുടെ കേന്ദ്രമായിമാറുന്നതിലെ ആശങ്ക പങ്കുവെച്ചുകൊണ്ട്‌ കരസേനാ മേധാവി ദീപക്‌ കപൂറും പ്രതിരോധ മന്ത്രി എ കെ ആന്റണിയും പറഞ്ഞ വാക്കുകള്‍ അര്‍ഥവത്താവുന്നത്‌. ആ വാക്കുകളില്‍ എല്ലാമുണ്ട്‌, ഒപ്പം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല, കഴിയില്ല എന്ന നിസ്സഹായതയുമുണ്ട്‌. രാജ്യത്തിന്‌ നേര്‍ക്കുണ്ടായ അത്യപൂര്‍വവും ശക്തവുമായ ആക്രമണമെന്ന നിലക്ക്‌ ദേശീയതയുമായി ബന്ധപ്പെടുത്തി ഏറെ വൈകാരികമായാണ്‌ ജനങ്ങള്‍ മുംബൈ സംഭവത്തെ സമീപിച്ചത്‌. ജനതയുടെ വികാരം പങ്കുവെച്ചുകൊണ്ട്‌ രാഷ്‌ട്രീയ നേതാക്കളും ഭരണാധികാരികളും സമാനമായ നിലപാട്‌ സ്വീകരിച്ചു. (മൂന്നു ദിവസം നീണ്ട ആക്രമണവും അതിനെ ചെറുക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമങ്ങളും തത്സമയ സംപ്രേഷണ മത്സരമാക്കിയ ടെലിവിഷന്‍ ചാനലുകളെയും അത്‌ ഒരു ഹോളിവുഡ്‌ സിനിമപോലെ കണ്ടിരിക്കുകയും ചെയ്‌തവരെ ഒഴിവാക്കാം)


ആക്രമണം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമേല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും സമയമെടുക്കും. പക്ഷേ, പൊതു ജീവിതത്തില്‍ അതേല്‍പ്പിച്ച മുറിവുകള്‍ ഏറെക്കുറെ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ദേശീയത, രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കേവല കാരണങ്ങള്‍ക്കപ്പുറത്ത്‌ ആക്രമണത്തിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കുകയും പരിഹാരം തേടുകയും ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. ഭാവിയില്‍ ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടാവാതിരിക്കാന്‍ അതാണ്‌ വേണ്ടതും. പലവിധ ആക്രമണങ്ങള്‍ക്ക്‌ വിധേയമായിട്ടും ഇത്തരമൊരു ആലോചനയാണ്‌ നമ്മുടെ നേതാക്കളും നമ്മള്‍ തന്നെയും ചെയ്യാതിരുന്നതും.
പശ്ചിമേഷ്യയോട്‌ തെക്കനേഷ്യയെ താരതമ്യം ചെയ്‌ത്‌ കരസേനാ മേധാവിയും പ്രതിരോധ മന്ത്രിയും നടത്തിയ വിശകലനങ്ങള്‍ ഈ വഴിക്ക്‌ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്ന്‌ ഒരു ജനതയെ പറിച്ചെറിഞ്ഞ്‌ അവിടെ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്‌റാഈലിന്‌ വഴിയൊരുക്കിക്കൊടുത്തതാണ്‌ പശ്ചിമേഷ്യ ഇന്നും സംഘര്‍ഷ ഭരിതമായി തുടരാന്‍ കാരണം. അധിനിവേശത്തില്‍ നിന്ന്‌ അവരെ പിന്‍മാറ്റാന്‍ അധിനിവേശത്തിന്‌ വഴിയൊരുക്കിയവര്‍ക്കു പോലും ഇന്നും കഴിയുന്നുമില്ല.


സമാനമായ സാഹചര്യമാണ്‌ അഫ്‌ഗാനിസ്ഥാനിലും ഒരു പരിധിവരെ പാക്കിസ്ഥാനിലും ഇന്ന്‌ നിലനില്‍ക്കുന്നത്‌. ലോകവ്യാപാര കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പേരില്‍ അല്‍ഖാഇദക്കും അതിന്റെ തലവനായ ഉസാമ ബിന്‍ ലാദനുമെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക പിന്നീട്‌ അഫ്‌ഗാന്‍ ജനതയെ വേട്ടയാടുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അമേരിക്കയുടെ ഭീകരവിരുദ്ധ `യുദ്ധ'ത്തെ സര്‍വാത്മനാ പിന്തുണച്ച പാക്കിസ്ഥാന്‍ ഒമ്പതു വര്‍ഷത്തിനിപ്പുറം എത്തി നില്‍ക്കുന്നത്‌ പൊട്ടിത്തെറികളുടെയും രക്തപ്പുഴയുടെയും നടുക്കാണ്‌. മതയാഥാസ്ഥികത്വം, തീവ്രവാദം, വംശീയ സംഘര്‍ഷം എന്നിവക്കൊപ്പം സാമ്പത്തിക, സാമുഹ്യ അസമത്വങ്ങളും ഇവിടുത്തെ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാവുന്നുണ്ടെന്നാണ്‌ ഈ രാജ്യങ്ങളില്‍ നിന്ന്‌ പുറത്തുവരുന്ന നിഷ്‌പക്ഷമെന്ന്‌ കരുതാവുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌. തോക്കുകള്‍ക്ക്‌ പഞ്ഞമില്ലാത്ത അഫ്‌ഗാനില്‍ പട്ടിണിയാണ്‌.


വര്‍ഷങ്ങളായി അമേരിക്കന്‍ സൈന്യത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന്‌ വിധേയമാവുന്ന (പ്രത്യക്ഷത്തില്‍ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിട്ടില്ല, ആക്രമണങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ നിഷേധിക്കുകയും ചെയ്യും) അഫ്‌ഗാനോട്‌ ചേര്‍ന്നു കിടക്കുന്ന പാക്‌ അതിര്‍ത്തി ഗ്രാമങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. വിദേശരാജ്യത്തിന്റെ മിസൈലുകളില്‍ നിന്ന്‌ തങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം മടിക്കുന്നത്‌ കണ്ട്‌ മടുത്താണ്‌ അവര്‍ ആയുധമെടുത്തത്‌. ഇപ്പോള്‍ ഒരു ഭാഗത്തു നിന്ന്‌ പാക്‌ സൈന്യവും മറു ഭാഗത്തു നിന്ന്‌ അമേരിക്കന്‍ മിസൈലുകളും അവരെ മുച്ചൂടും മുടിക്കാന്‍ ശ്രമിക്കുന്നു. ഇവിടുത്തെ ജനതയുടെ സാമുഹ്യ, സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ ആരും ചിന്തിക്കാറുപോലുമില്ല. ക്രൂരതകള്‍ കണ്ട്‌ മടുത്ത്‌, പ്രതികാര വാഞ്‌ഛയുമായി നടക്കുന്ന ഇത്തരക്കാരുടെ മനസ്സുകളെയാണ്‌ ലശ്‌കര്‍ പോലുള്ള സംഘടനകള്‍ പലപ്പോഴും ലക്ഷ്യമിടുന്നത്‌. സ്വന്തം വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ലശ്‌കര്‍ നേതാക്കള്‍ക്ക്‌ പ്രയാസമുണ്ടാവില്ല.


ഇസ്‌റാഈലുമായി ഇന്ത്യയുണ്ടാക്കുന്ന കോടികളുടെ ആയുധ ഇടപാട്‌. അതിലൂടെ ഇസ്‌റാഈലിന്‌ ലഭിക്കുന്ന വരുമാനം. ആ വരുമാനം ഫലസ്‌തീന്‍ ജനതക്കുമേല്‍ തീയുണ്ടയായി വര്‍ഷിക്കുന്നുവെന്ന വാദത്തിന്‌ കനമേറെയുണ്ട്‌. തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന മിസൈലുകള്‍ തൊടുക്കുന്ന അമേരിക്കയുടെ ഒരു കൈ ഇന്ത്യയുടെ കൈയുമായി ചേര്‍ത്തുവെച്ചിരിക്കുന്നുവെന്ന വാദവും എളുപ്പത്തില്‍ തറഞ്ഞുകയറാന്‍ പാകത്തിലുള്ളതാണ്‌. ഈ ഹസ്‌തദാനം ദിനം പ്രതി മുറുകുകയാണ്‌. ഭീകരതക്കെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ട്‌. തങ്ങളെ കൊന്നൊടുക്കുന്നവനോട്‌ ഏല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്റെ സഹായിയെങ്കിലും അപായപ്പെടുത്തണമെന്ന ആഹ്വാനം. ഇത്‌ ഉചിതമായ ഭാഷയിലും വികാരത്തിലും വസ്‌തുതകളും അതിഭാവുകത്വം കലര്‍ന്ന കഥകളും ചേര്‍ത്ത്‌ അവതരിപ്പിക്കപ്പെടുമ്പോള്‍ ചാവേറാകാന്‍ ആളുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഈ ആശയപ്രചാരണത്തിന്‌ അവസരമൊരുക്കിക്കൊടുക്കുന്നത്‌ നമ്മള്‍ തന്നെയാണെന്ന വസ്‌തുതയും മറന്നുകൂട.


ഇസ്‌റാഈലും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ്‌ നമ്മുടെ ഭരണകൂടം. അതുവഴി അവര്‍ ചെയ്യുന്ന പാതകങ്ങളുടെ ചോര സ്വന്തം ദേഹത്തു കൂടി പുരളുകയാണെന്നത്‌ അവഗണിച്ചുകൊണ്ട്‌. ഈ ബന്ധം കൊണ്ട്‌ എന്തെങ്കിലും വിധത്തിലുള്ള പ്രയോജനം ലഭിക്കുന്നുണ്ടോ എന്നതിലും സംശയങ്ങളുണ്ട്‌. മുംബൈ ആക്രമണത്തിന്റെ അന്വേഷണത്തില്‍ അമേരിക്ക പങ്കാളിയായിരുന്നു. അമേരിക്കന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതില്‍ അവിടെയും കേസ്‌ നിലവിലുണ്ട്‌. എന്നിട്ടും ആക്രമണത്തിന്റെ സൂത്രധാരന്‍മാരെന്ന്‌ ഇന്ത്യ തെളിവുകളോടെ ആരോപിക്കുന്നവര്‍ക്കെതിരെ പാക്കിസ്ഥാനെക്കൊണ്ട്‌ നടപടിയെടുപ്പിക്കാന്‍ അമേരിക്കക്ക്‌ സാധിക്കുന്നില്ല. ഇന്ത്യക്കെതിരെ തുടരുന്ന ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആ രാജ്യത്തിന്‌ മേല്‍ കാര്യമായ സമ്മര്‍ദം അമേരിക്ക ചെലുത്തുന്നുമില്ല. അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ ജനതക്കു മേല്‍ മിസൈല്‍ വര്‍ഷിക്കാന്‍ മടിയില്ലാത്തവര്‍ക്ക്‌ നയതന്ത്ര സമ്മര്‍ദം ചെലുത്താന്‍ മടിയെന്ത്‌?


പുതിയ ഇഴയടുപ്പങ്ങള്‍ രാജ്യത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടോ എന്നതാണ്‌ പ്രധാന ചോദ്യം. ഇന്ത്യയുടെ വാക്കുകള്‍ക്ക്‌ ഏതെങ്കിലും ചേരിയുടെ ഗന്ധമുണ്ടോ എന്നതും. ഇതിന്‌ മറുപടി കാണുകയാണ്‌ ആദ്യം വേണ്ടത്‌. നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനായില്ലെങ്കില്‍ വീണ്ടും മുംബൈകളെ കാത്തിരിക്കേണ്ടിവരുമെന്നുറപ്പ്‌. സാമ്പത്തിക അധിനിവേശത്തിന്റെ ഇരകളായി മാറുന്നവര്‍ക്കിടയിലേക്ക്‌ പരിഷ്‌കരണങ്ങള്‍ക്ക്‌ വാദിക്കുന്ന തീവ്ര ആശയക്കാര്‍ വേരുകള്‍ ആഴ്‌ത്തുന്നുണ്ട്‌. അത്‌ മറ്റൊരു ഭാഗത്ത്‌ വലിയ അസ്വസ്ഥതകള്‍ സൃഷ്‌ടിച്ചുകൊണ്ടേയിരിക്കുന്നു. വംശം, പ്രദേശം, ഉപദേശീയത തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെ. പ്രസംഗങ്ങളില്‍ ഇവ ഓര്‍മിക്കുകയും ആക്രമണങ്ങളുടെ വാര്‍ഷികങ്ങളില്‍ രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കേവല വാദങ്ങളില്‍ തലപൂഴ്‌ത്തുകയും ചെയ്യാം. ഇരകളില്‍ ഭൂരിഭാഗവും തെരുവുകളിലുള്ളവരാണല്ലോ!


ഇവര്‍ കരുത്തുറ്റ സ്‌ത്രീകളാണ്‌

ഹേമന്ത്‌ കാര്‍ക്കറെ, വിജയ്‌ സലസ്‌കര്‍, അശോക്‌ കാംതെ, സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്‍ തുടങ്ങി അക്രമികളുടെ വെടിയേറ്റു വീണ ധീരന്‍മാര്‍. വര്‍ഷമൊന്ന്‌ പിന്നിടുമ്പോഴും ഇതില്‍ ചിലരുടെ മരണങ്ങളെക്കുറിച്ചെങ്കിലും സംശയങ്ങള്‍ തുടരുന്നുണ്ട്‌. മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ത്‌ കാര്‍ക്കറെ. ആക്രമണത്തിന്റെ വിവരമറിഞ്ഞയുടന്‍ കാമ ആശുപത്രിയിലേക്ക്‌ പാഞ്ഞെത്തി. ഭീകരരുടെ വെടിയേറ്റു വീണു. കാര്‍ക്കറെക്ക്‌ പിറകെ കാമ ആശുപത്രിക്ക്‌ മുന്നിലേക്ക്‌ തിരിച്ച വിജയ്‌ സലസ്‌കറുടെയും അശോക്‌ കാംതെയുടെയും വിധി വ്യത്യസ്‌തമായില്ല. ഈ മൂന്ന്‌ ഉദ്യോഗസ്ഥരുടെ വിധവകള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ്‌ ഇപ്പോഴും. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ എങ്ങനെയാണ്‌ കൊല്ലപ്പെട്ടത്‌ എന്നറിയാന്‍.


രാജ്യം മുമ്പ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരാക്രമണമുണ്ടാവുമ്പോള്‍ സ്വാഭാവികമായുണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ഇവരുടെ കാര്യത്തിലുമുണ്ടായിട്ടുണ്ടാവും. കൃത്യമായി കാര്യങ്ങള്‍ പരസ്‌പരം അറിയിക്കാനും പഴുതില്ലാത്ത ഒരു ഓപ്പറേഷന്‍ ആസുത്രണം ചെയ്‌ത്‌ രംഗത്തിറങ്ങാനും മഹാരാഷ്‌ട്ര പോലീസിന്‌ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ സംഭവമറിഞ്ഞയുടന്‍ കര്‍മോത്സുകരായ ഈ ഉദ്യോഗസ്ഥര്‍ ആക്രമണ സ്ഥലത്തേക്ക്‌ തിരിച്ചതില്‍ അത്ഭുതമില്ല. അക്രമികളെക്കുറിച്ചോ അവരുടെ പക്കലുള്ള ആയുധങ്ങളെക്കുറിച്ചോ അറിവില്ലാതെ ഏറ്റുമുട്ടലിനൊരുങ്ങിയ ധീരര്‍, അവര്‍ ഇരകളായി വീണു. ഒരു പക്ഷേ, ഇവര്‍ ഇത്രയും സാഹസികത കാട്ടിയിരുന്നില്ലെങ്കില്‍ കൂടുതല്‍ നിരപരാധികളുടെ ജീവന്‍ നഷ്‌ടമാവുകയും ചെയ്യുമായിരുന്നു.


പക്ഷേ, അക്രമികളെ നേരിടാന്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ ധരിച്ച്‌ പോയ ഹേമന്ത്‌ കാര്‍ക്കറെയുടെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ജാക്കറ്റുണ്ടായിരുന്നില്ല എന്നത്‌ വസ്‌തുതയായി ശേഷിക്കുന്നു. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചുവെന്ന കവിത കാര്‍ക്കറെയുടെ ചോദ്യത്തിന്‌ മറുപടികള്‍ ഉണ്ടാവുന്നില്ല. മഹാരാഷ്‌ട്ര പോലീസിനു വേണ്ടി വാങ്ങിയ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകളെ സംബന്ധിച്ച പ്രധാന രേഖകളൊന്നും കാണുന്നില്ല എന്ന മറുപടിയും കവിത കാര്‍ക്കറെക്ക്‌ ലഭിച്ചിട്ടുണ്ട്‌. കൂടുതല്‍ പോലീസിനെ കാമ ആശുപത്രിക്കു സമീപത്തേക്ക്‌ അയക്കണമെന്ന്‌ ഹേമന്ത്‌ ആവശ്യപ്പെട്ടിരുന്നുവെന്നും 40 മിനുട്ടിനു ശേഷവും കൂടുതല്‍ പോലീസുകാര്‍ നിയോഗിക്കപ്പെട്ടില്ല എന്നും കവിത പറയുന്നു. എന്തുകൊണ്ടാണ്‌ കൂടുതല്‍ പോലീസുകാരെ വിന്യസിക്കാന്‍ കഴിയാതിരുന്നത്‌ എന്ന കവിതയുടെ ചോദ്യത്തിന്‌ മറുപടിയില്ല.


ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റിനെ സംബന്ധിച്ച അവ്യക്തതകളും തുടരുന്നു. ധീരരക്തസാക്ഷികള്‍ എന്ന്‌ രാജ്യം വിശേഷിപ്പിക്കുന്നവരുടെ കാര്യത്തിലാണ്‌ ഇത്തരം വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. എന്താണ്‌ യഥാര്‍ഥത്തില്‍ സംഭവിച്ചത്‌ എന്ന്‌ ബന്ധുക്കളോട്‌ തുറന്നുപറയാനുള്ള സത്യസന്ധതയെങ്കിലും കാണിക്കുക എന്നതായിരിക്കും ഇവര്‍ക്ക്‌ നല്‍കാവുന്ന ഏറ്റവും വലിയ ആദരാഞ്‌ജലി.


ഗോഡ്‌സെയുടെ മകനായ ഗാന്ധിജിയുടെ പേരില്‍ റേഷന്‍ കാര്‍ഡുണ്ടാവുന്ന നാട്ടില്‍, നിലവാരം കുറഞ്ഞ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ വാങ്ങി, അതിന്റെ രേഖകള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.

2009-11-22

കോള്‍ ഗേള്‍ ചാവേര്‍!


തിരഞ്ഞെടുത്ത വിവരങ്ങള്‍ (സെലക്‌ടറ്റഡ്‌ ഇന്‍ഫര്‍മേഷന്‍) സമര്‍ഥമായി മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയായിരുന്നു പോലീസ്‌ - ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെക്കുറിച്ചുള്ള വിവരങ്ങള്‍ മുംബൈ പോലീസിനു മുമ്പാകെ സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറായ മകന്‍ രാഹുല്‍ ഭട്ട്‌ പ്രതിസ്ഥാനത്തു നില്‍ക്കേണ്ടിവന്ന സാഹചര്യം സൃഷ്‌ടിച്ച ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച്‌ ബോളിവുഡ്‌ സംവിധായകന്‍ മഹേഷ്‌ ഭട്ട്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‌ എഴുതിയ കത്തില്‍ പറയുന്നു. മാധ്യമങ്ങളെക്കുറിച്ച്‌ മഹേഷ്‌ ഭട്ട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌ - ``ടെലിവിഷനുകള്‍ ഓഫാക്കുക. പത്രങ്ങള്‍ വായിക്കാതിരിക്കുക. അത്‌ മുഴുവന്‍ നുണയാണ്‌. നുണകള്‍ കൂടുതല്‍ നുണകള്‍! സത്യം വില്‍ക്കുന്നവര്‍ നുണപറയുന്ന യന്ത്രങ്ങളായിരിക്കുന്നു. സത്യം അന്വേഷിക്കാന്‍ തയ്യാറാവാത്ത ഒരു കൂട്ടരുമായി എങ്ങനെ ഇടപെടും?''


രോഷപ്രകടനത്തിന്റെ പിന്നാമ്പുറം: പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്‌കറെ ത്വയ്യിബ എന്ന ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കളുമായി ചേര്‍ന്ന്‌ ഡെന്‍മാര്‍ക്കിലും ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്ന്‌ ആരോപിക്കപ്പെടുന്ന പാക്‌ വംശജനായ അമേരിക്കന്‍ പൗരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ (ദൗദ്‌ ഗിലാനി) അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്‌ ബി ഐ അറസ്റ്റ്‌ ചെയ്യുന്നു. ഇയാളുടെ സഹായി എന്ന്‌ കരുതപ്പെടുന്ന പാക്‌ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവുര്‍ ഹുസൈന്‍ റാണയെ പിന്നീട്‌ അറസ്റ്റ്‌ ചെയ്‌തു. ലശ്‌കര്‍ നേതാക്കളുമായി ഹെഡ്‌ലി നടത്തിയ ഇ മെയില്‍ ആശയവിനിമയങ്ങളില്‍ രാഹുല്‍ എന്നൊരാളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതായി എഫ്‌ ബി ഐ കണ്ടെത്തി. ഇത്‌ രാഹുല്‍ ഗാന്ധിയാണെന്ന സംശയത്തില്‍ അന്വേഷണത്തിനായി റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിംഗിന്റെ യും(റോ) ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും (ഐ ബി) ഉദ്യോഗസ്ഥര്‍ വാഷിംഗ്‌ടണിലെത്തി.


ഹെഡ്‌ലി പലതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്ന വിവരം എഫി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറി. ഹെഡ്‌ലിയുടെ ചിത്രം പുറത്തുവന്നു. ഇതിന്‌ പിറകെ മഹേഷ്‌ ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ട്‌ മുംബൈ പോലീസ്‌ കമ്മീഷണറെ സമീപിച്ച്‌ ഹെഡ്‌ലിയെ തനിക്ക്‌ പരിചയമുണ്ടായിരുന്നുവെന്നും താന്‍ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തില്‍ ഹെഡ്‌ലി വന്നിരുന്നുവെന്നും മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിക്ക്‌ സമീപം വാടകക്ക്‌ വീട്‌ എടുത്തു നല്‍കാന്‍ കഴിയുമോ എന്ന്‌ ആവശ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തുന്നു. ജിംനേഷ്യം സന്ദര്‍ശിച്ച ബോളിവുഡിലെ ചില പ്രമുഖര്‍ക്ക്‌ ഹെഡ്‌ലിയെ പരിചയപ്പെടുത്തിയിരുന്നുവെന്നും രാഹുല്‍ അറിയിച്ചു.


ഇതോടെ രാഹുല്‍ ഭട്ട്‌ ഭീകരവാദിയോ ഭീകരസംഘടനകളുടെ സഹായിയോ ആയി. പോലീസിന്റെയും നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെയും (എന്‍ ഐ എ) അന്വേഷണം പൂര്‍ത്തിയാവും മുമ്പ്‌ മുന്‍വിധികള്‍. തത്‌ക്കാലം ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്ന്‌ ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കൃഷ്‌ണ പിള്ളയുടെ പ്രസ്‌താവനകൂടിയായതോടെ ഹെഡ്‌ലി - രാഹുല്‍ ബന്ധം നേരത്തെ വിശദീകരിച്ചതിന്‌ അപ്പുറത്ത്‌ ഗൂഢമാണെന്ന ധ്വനിയോടെ വാര്‍ത്തകള്‍ വന്നു. രാഹുല്‍ ഭട്ട്‌ മാത്രമല്ല, മഹേഷ്‌ ഭട്ടിനെക്കുറിച്ചു കൂടി സംശയങ്ങളുന്നയിച്ച്‌ തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു. മഹേഷ്‌ ഭട്ടിന്റെ പുതിയ ചിത്രത്തിന്റെ പ്രദര്‍ശനം ഗുജറാത്തില്‍ തടയപ്പെട്ടു.


മഹേഷ്‌ ഭട്ടിനെ എന്‍ ഐ എ ചോദ്യം ചെയ്യണമെന്നും അത്‌ ചെയ്‌തില്ലെങ്കില്‍ എന്താണ്‌ തങ്ങള്‍ക്ക്‌ ചെയ്യാനാവുക എന്ന്‌ കാണിച്ചുതരാമെന്നും ഹിന്ദു രാഷ്‌ട്ര സേനയുടെ നേതാവ്‌ ധനഞ്‌ജയ്‌ ദേശായ്‌ ഭീഷണി മുഴക്കുന്നു. ശ്രീരാം സേന, ഹിന്ദു സംഹതി, ഇന്ദു മക്കള്‍ കക്ഷി തുടങ്ങിയ പേരു കേട്ടതും കേള്‍ക്കാത്തതുമായ സംഘടനകളുടെ നേതാക്കളുടെ യോഗത്തിന്‌ ശേഷമായിരുന്നു ധനഞ്‌ജയ്‌ ദേശായിയുടെ ഭീഷണി.


``മഹേഷ്‌ ഭട്ടും സംഘവും മതേതരവാദികള്‍ എന്ന്‌ അവകാശപ്പെട്ട്‌ ഹിന്ദുക്കള്‍ക്കെതിരെ നിലപാടെടുത്തവരാണ്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ചിലപ്പോള്‍ പോപ്പിന്റെ ക്ഷണം അവരെ തേടിയെത്തുന്നു. ഭീകരവാദത്തിന്റെ ആഘാതം ഏല്‍ക്കുമ്പോള്‍ നിരപരാധികളാണെന്ന്‌ നിലവിളിക്കുകയാണ്‌ അവര്‍'' - ശിവസേനയുടെ മുഖപത്രമായ സാംമ്‌നയുടെ മുഖപ്രസംഗം എഴുതുന്നു. ഹിന്ദി സിനിമാ സംവിധായകനും നിര്‍മാതാവുമായിരുന്ന നാനാഭായ്‌ ഭട്ടെന്ന ബ്രാഹ്‌മണനാണ്‌ മഹേഷ്‌ ഭട്ടിന്റെ പിതാവ്‌. മാതാവ്‌ മുസ്‌ലിമുമെന്നത്‌ സന്ദര്‍ഭവശാല്‍ ഇവിടെ ഓര്‍മിപ്പിക്കേണ്ടിവരുന്നു.


ഈ കഥയില്‍ ഏറ്റവും പ്രധാനം ആദ്യം ഉപയോഗിച്ച രണ്ട്‌ വാക്കുകളാണ്‌ - തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍. ഇത്തരം വിവരങ്ങള്‍ ആസൂത്രിതമായി മാധ്യമങ്ങള്‍ക്ക്‌ നല്‍കി നിഗൂഢത സൃഷ്‌ടിക്കാന്‍ ശ്രമം നടന്നുവെന്നാണ്‌ മഹേഷ്‌ ഭട്ട്‌ ആരോപിക്കുന്നത്‌. ഇതുവരെ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്‌താല്‍ മഹേഷ്‌ ഭട്ട്‌ പറഞ്ഞത്‌ ഏറെക്കുറെ ശരിയാണെന്ന്‌ പറയേണ്ടിവരും. ഹെഡ്‌ലിയുടെ ചിത്രം പുറത്തുവന്നയുടന്‍ രാഹുല്‍ ഭട്ട്‌ ഇക്കാര്യം പോലീസിനോട്‌ പറഞ്ഞിരുന്നു. ഹെഡ്‌ലിയുമായുണ്ടായിരുന്ന ബന്ധം രാഹുല്‍ വിവരിച്ചതുപോലെ തന്നെയാണോ എന്നത്‌ പോലീസ്‌ അന്വേഷിക്കുന്നു. ഈ വസ്‌തുതകള്‍ക്കപ്പുറത്ത്‌ മറ്റൊന്നും പോലീസിന്റെയും മാധ്യമങ്ങളുടെയും പക്കലില്ല. എന്നിട്ടും നിറം പിടിപ്പിച്ച കഥകള്‍ ഉണ്ടാവുകയാണ്‌. രാഹുല്‍ ചാവേര്‍ ബോംബാകാന്‍ തയ്യാറെടുത്തയാളാണോ എന്ന തലക്കെട്ട്‌ ആശ്ചര്യ ചിഹ്നമിട്ട്‌ പ്രസിദ്ധീകരിക്കപ്പെടുന്നു. മഹേഷ്‌ ഭട്ടിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ തടയാന്‍ ശിവസേന, ബജ്‌രംഗ്‌ ദള്‍ തുടങ്ങിയ സംഘടനകള്‍ നാളെ രംഗത്തിറങ്ങിയേക്കാം. ഹെഡ്‌ലിയുമായി സംസാരിച്ചിരുന്നുവെന്ന്‌ ആരോപിക്കപ്പെടുന്ന മറ്റു ബോളിവുഡ്‌ താരങ്ങള്‍ക്കും ഇതേ ഗതിയുണ്ടാവാം.


ഇത്തരം ആസൂത്രിത പ്രചാരണങ്ങള്‍ ഒരിടത്തു മാത്രം സംഭവിക്കുന്നതല്ല. ചിലര്‍ വര്‍ഗീയമായ വിഭജനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇതിന്‌ മുന്‍കൈ എടുക്കുന്നു. മറ്റു ചിലര്‍ ഇത്തരക്കാരുടെ കൈയാളുകളായി (ബോധപൂര്‍വമാവണമെന്നില്ല) മാറുന്നു. കേരളത്തിലും കര്‍ണാടകത്തിലൂം ആളിപ്പടര്‍ന്ന ലൗ ജിഹാദ്‌ ആരോപണം ഉദാഹരണമാണ്‌. കണ്ണൂര്‍ സ്വദേശി അഷ്‌കറും കര്‍ണാടകയിലെ ചാമരാജ്‌ നഗര്‍ സ്വദേശി സില്‍ജയുമായിരുന്നു ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവുകളായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്‌. അഷ്‌കറിനെ ഇഷ്‌ടപ്പെട്ട്‌ സ്വന്തം തീരുമാനപ്രകാരം വിവാഹം ചെയ്‌തതാണെന്ന്‌ സില്‍ജ രണ്ടാമതും മൊഴി നല്‍കിയതോടെ (രണ്ടാഴ്‌ച മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞതിന്‌ ശേഷം) കര്‍ണാടക ഹൈക്കോടതി ഈ കേസില്‍ ലൗ ജിഹാദ്‌ ആരോപണം തള്ളിക്കളഞ്ഞു.


അന്യമതക്കാരെ പ്രണയിച്ച്‌ മതം മാറ്റി ഭീകര പ്രവര്‍ത്തനത്തിന്‌ വിനിയോഗിക്കുന്നതിന്‌ ആസൂത്രിതമായ ശ്രമം സംസ്ഥാനത്ത്‌ നടക്കുന്നില്ലെന്ന്‌ കര്‍ണാടക പോലീസ്‌ ഹൈക്കോതിയെ അറിയിക്കുയും ചെയ്‌തു. ഇതേ നിലപാടാണ്‌ കേരള പോലീസും സംസ്ഥാന ഹൈക്കോടതിയില്‍ സ്വീകരിച്ചത്‌. ലൗ ജിഹാദ്‌ നടക്കുന്നുണ്ടോ, അതിന്‌ വിദശ ബന്ധമുണ്ടോ, വിദേശത്തു നിന്ന്‌ പണം കിട്ടുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ്‌ കെ ടി ശങ്കരന്‍, സംസ്ഥാനത്ത്‌ ലൗ ജിഹാദ്‌ നടക്കുന്നതായി കോടതി പറഞ്ഞിട്ടില്ലെന്ന്‌ വിശദീകരിക്കുകയും ചെയ്‌തു. ചുരുക്കത്തില്‍ കര്‍ണാടകത്തിലും കേരളത്തിലും ലൗ ജിഹാദ്‌ എന്ന സംഭവം നടക്കുന്നതായി പോലീസിന്റെ പക്കല്‍ വിവരമില്ലെന്നാണ്‌ രണ്ട്‌ കോടതികളിലും നടന്ന നടപടികളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുക. അപ്പോള്‍ പിന്നെ ലൗ ജിഹാദിന്‌ തെളിവായി മുമ്പ്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ എവിടെ? തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങളുടെ ആസൂത്രിതമായ ചോര്‍ത്തി നല്‍കല്‍ എന്നത്‌ ഇവിടെയും സജീവമാണെന്ന്‌ ചുരുക്കം.


ലൗ ജിഹാദ്‌ എന്ന ആസൂത്രിത പരിപാടി നടക്കുന്നതായി തെളിവില്ലെന്ന്‌ പോലീസ്‌ കോടതിയില്‍ ആവര്‍ത്തിക്കുമ്പോള്‍ നാലായിരം പെണ്‍കുട്ടികളെ മതം മാറ്റിയതിന്‌ പോലീസ്‌ കേസെടുത്തതിന്റെ കണക്കുമായി വന്ന (ജില്ലകള്‍ തിരിച്ചുള്ള കണക്കാണ്‌ പ്രസിദ്ധീകരിച്ചത്‌) കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്റെ പ്രസിദ്ധീകരണം `ജാഗ്രത' ചെയ്യേണ്ടത്‌ എന്താണ്‌? തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ കോടതിയെ അറിയിക്കണം. അല്ലെങ്കില്‍ കേസില്‍ കക്ഷിചേര്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയില്‍ ഹരജിയെങ്കിലും നല്‍കണം. ഇതൊന്നും ചെയ്യാതിരിക്കുമ്പോള്‍ ബിഷപ്പുമാരുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന `ജാഗ്രത' വേണ്ടത്ര ജാഗ്രത കാട്ടാതെയാണ്‌ പ്രവര്‍ത്തിച്ചത്‌ എന്ന്‌ പറയേണ്ടിവരും. `ജാഗ്രത' പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമല്ലെങ്കില്‍ സംസ്ഥാനത്ത്‌ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിന്‌ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തെ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌. കുറഞ്ഞപക്ഷം ജാഗ്രതക്ക്‌ ഈ വിവരം എവിടെ നിന്ന്‌ കിട്ടി എന്ന്‌ അന്വേഷിക്കുകയെങ്കിലും വേണം. സമ്പന്ന ഈഴവ കുടുംബങ്ങളിലെ നിരവധി പെണ്‍കുട്ടികളെ ലൗ ജിഹാദികള്‍ കുരുക്കിയെന്ന്‌ ആരോപിച്ച എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവരുടെ കാര്യത്തിലും ഇതൊക്കെ ബാധകമാണ്‌.


ഏറ്റവും ഒടുവില്‍ കണ്ടത്‌ കളമശ്ശേരി ബസ്സുകത്തിക്കല്‍ കേസിലെ പ്രതികളെ മാറ്റി എന്നതാണ്‌. ഇതുവരെ മുഖ്യപ്രതിയായിരുന്നയാള്‍ക്ക്‌ സംഭവത്തില്‍ പങ്കില്ലെന്ന്‌ കണ്ടെത്തിയ പോലീസ്‌ തടിയന്റവിടെ നസീര്‍ എന്നയാളെ മുഖ്യ പ്രതിയാക്കിയിരിക്കുന്നു. വിശദമായ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തിയപ്പോള്‍ ഇത്രയും നാള്‍ കുറ്റമാരോപിക്കപ്പെട്ടിരുന്നയാളെ ഒഴിവാക്കുന്നു - അന്വേഷണത്തിന്റെ സ്വാഭാവിക നടപടി ക്രമം. പക്ഷേ, ഇത്രയും നാള്‍ മുഖ്യപ്രതിയാണെന്ന്‌ പറഞ്ഞിരുന്നയാള്‍ പോലീസിന്‌ നല്‍കിയ മൊഴികള്‍ ആധികാരികമാക്കി ഉയര്‍ത്തിക്കാട്ടി കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആഴവും പരപ്പും സമര്‍ഥിച്ചിരുന്നവര്‍ എന്ത്‌ ന്യായീകരണമാണ്‌ ഇനി നല്‍കുക. ഇനി അല്‍പ്പകാലം ഇപ്പോള്‍ പിടിയിലായ കണ്ണൂര്‍ സ്വദേശി നവാസിന്റെ മൊഴികളെ വിശ്വസിക്കൂ എന്നോ?


തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങളുടെ ആസൂത്രിതമായ ചോര്‍ത്തി നല്‍കല്‍ ഇവിടെയും സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പിടിയിലാവുന്നവര്‍ പോലീസിന്‌ നല്‍കുന്ന മൊഴി മുത്തുകള്‍ മാധ്യമങ്ങളുടെ ഇഷ്‌ട ഭോജ്യമായി മാറിയത്‌. ഇത്തരം ചോര്‍ത്തി നല്‍കലുകള്‍ക്ക്‌ ആസൂത്രകരുണ്ടാവുമെന്നുറപ്പ്‌. അവരെ തിരിച്ചറിയാന്‍ കഴിയാതെ പോയതാണ്‌ മാധ്യമങ്ങള്‍ക്ക്‌ പറ്റിയ വിഡ്‌ഢിത്തം. തെളിവുകള്‍ പരിഗണിച്ച്‌, സാക്ഷികളെ വിസ്‌തരിച്ച്‌ കോടതി കുറ്റക്കാരനാണോ അല്ലയോ എന്ന്‌ പറയും മുമ്പ്‌ ഇവരെ കുറ്റവാളിയായി വിധിച്ചതില്‍ ചെറുതായെങ്കിലും ജാള്യം തോന്നേണ്ടതാണ്‌. അതുണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ടാണ്‌ രാഹുല്‍ ഭട്ടിന്റെ കാര്യത്തില്‍ വലിയ വഞ്ചനയാണ്‌ നടന്നതെന്ന തോന്നല്‍ മഹേഷ്‌ ഭട്ടിനുണ്ടാവുന്നത്‌.


ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊബൈല്‍ ഫോണ്‍ മൂംബൈ പോലീസ്‌ കണ്ടെടുത്തു. നിരവധി കോള്‍ ഗേളുകളെ ഹെഡ്‌ലി വിളിച്ചിട്ടുണ്ട്‌ എന്നാണ്‌ ഫോണ്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത്‌. ചുവന്ന തെരുവിലാവുമ്പോള്‍ വേശ്യയെന്ന്‌ വിളിക്കപ്പെടുന്നവരുടെ അല്‍പ്പം പരിഷ്‌കരിച്ച പതിപ്പാണ്‌ കോള്‍ ഗേള്‍. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയില്ലാതാവുമ്പോള്‍ ഈ വഴിയില്‍ എത്തിപ്പെടുന്നവര്‍. സമൂഹം പുച്ഛിക്കുന്നത്‌ സഹിക്കാന്‍ കഴിയാത്തതുകൊണ്ട്‌ വേഷത്തിലും ഭാവത്തിലും പരിഷ്‌കാരം വരുത്തി കോള്‍ ഗേളുകളായി മാറുന്നവര്‍. ഹെഡ്‌ലിയുമായി ബന്ധമുണ്ടായിരുന്ന സാഹചര്യത്തില്‍ ഇവരെക്കൂടി എന്‍ ഐ എ ചോദ്യം ചെയ്യണമെന്ന്‌ ഹിന്ദു സംഘടനകള്‍ക്ക്‌ ആവശ്യപ്പെടാവുന്നതാണ്‌. കോള്‍ ഗേള്‍ ചാവേറിനെ സൃഷ്‌ടിക്കാനോ അതിവേഗം പടരുന്ന ഏതെങ്കിലും ലൈംഗിക രോഗം കോള്‍ ഗേളുകള്‍ക്ക്‌ സമ്മാനിച്ച്‌ രാജ്യത്തെ അരോഗദൃഢഗാത്രരായ പുരുഷന്‍മാരെ മുച്ചൂടും ഇല്ലാതാക്കാനോ ഹെഡ്‌ലി ശ്രമിച്ചുവെന്ന്‌ പ്രചരിപ്പിക്കാവുന്നതുമാണ്‌. തിരഞ്ഞെടുത്ത വിവരങ്ങള്‍ ആസൂത്രിതമായി ചോര്‍ത്തി നല്‍കിയാല്‍ മാത്രം മതിയാവും.

2009-11-19

വ്യാഘ്രങ്ങള്‍ക്കിടയിലെ ചെന്നായ


1996ല്‍ പിറന്ന ശിവസേന. 2006ല്‍ ജനിച്ച മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. മറാത്ത വികാരം ചൂഷണം ചെയ്‌തു നിലനില്‍ക്കാന്‍ ശ്രമിക്കുന്ന രണ്ടു സംഘടനകള്‍. ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി അബു ആസ്‌മിയെ നിയമസഭക്കുള്ളില്‍ വെച്ച്‌ മര്‍ദിച്ചു എം എന്‍ എസ്‌ അംഗങ്ങള്‍ മറാത്താ കൂറിന്റെ മാറ്റ്‌ തെളിയിക്കാന്‍ ശ്രമിച്ചു. എല്ലാ ഇന്ത്യക്കാരന്റെതുമാണ്‌ മുംബൈ എന്ന്‌ പറഞ്ഞതിന്‌ സച്ചിന്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ട്‌ ശിവസേനാ നേതാവ്‌ ബാല്‍ താക്കറെ തന്റെ അടിസ്ഥാന സിദ്ധാന്തത്തില്‍ മാറ്റമില്ല എന്ന്‌ മറാത്തക്കാരെയും രാജ്യത്തെയും ഓര്‍മിപ്പിക്കുന്നു. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ - എന്‍ സി പി സഖ്യം നില മെച്ചപ്പെടുത്തിക്കൊണ്ട്‌ അധികാരത്തിലെത്തിയതിന്റെ പിറകെയാണ്‌ ഈ രണ്ടു സംഭവങ്ങളും.


ശിവസേനക്കും എം എന്‍ എസ്സിനും ലഭിക്കുന്ന വോട്ടുകള്‍ ഒരേ കളത്തില്‍ നിന്നുള്ളതാണ്‌. അത്‌ കൂടുതല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ്‌ രണ്ട്‌ സംഭവങ്ങളുടെയും കാതല്‍. സ്റ്റേറ്റ്‌ ബേങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ക്ലര്‍ക്കുമാരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയില്‍ മറാത്തക്കാരെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന വാദവുമായി എം എന്‍ എസ്‌ നേതാവ്‌ രാജ്‌ താക്കറെ തന്റെ അജന്‍ഡ തുടരുമെന്ന വ്യക്തമായ സൂചനയും നല്‍കുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും അപ്രസക്തമാക്കി ആഗോളവത്‌കരണം വ്യാപിക്കുമ്പോഴും മറാത്തക്കാരുടെ മനസ്സില്‍ മണ്ണിന്റെ വികാരം ഉയര്‍ത്തി നിര്‍ത്താനും അത്‌ വോട്ട്‌ബേങ്കാക്കി രൂപാന്തരപ്പെടുത്താനും ഈ സംഘടനകള്‍ക്ക്‌ എങ്ങനെ സാധിക്കുന്നുവെന്നതാണ്‌ പ്രധാനം. രാജ്യത്തിന്റെ ഇതര ഭാഗത്തു നിന്ന്‌ എത്തുന്നവരെ കായികമായി നേരിടുന്നതു പോലും സംഘടിതശക്തി ഉപയോഗിച്ചു ന്യായീകരിക്കുന്ന സ്ഥിതി എങ്ങനെ വളരുന്നുവെന്നതും ചിന്തിക്കണം.


ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനം രൂപവത്‌കരിക്കുക എന്ന ആശയം ഉയരുകയും അതിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രാ പ്രദേശ്‌, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയവ നിലവില്‍ വരികയും ചെയ്‌തു. പിന്നെയും നാലു വര്‍ഷം കഴിഞ്ഞാണ്‌ മുംബൈ, കൊങ്കണ്‍, പടിഞ്ഞാറന്‍ മഹാരാഷ്‌ട്ര, വിദര്‍ഭ, മറാത്ത്‌വാഡ മേഖലകള്‍ ചേര്‍ത്ത്‌ മഹാരാഷ്‌ട്ര സംസ്ഥാനം നിലവില്‍ വരുന്നത്‌. 1955ല്‍ സംയുക്ത മഹാരാഷ്‌ട്ര സമിതി ആരംഭിച്ച പ്രക്ഷോഭത്തെ അന്നത്തെ മുംബൈ സ്റ്റേറ്റ്‌ ഭരണകൂടം ഏറെക്കുറെ കര്‍ശനമായിത്തന്നെയാണ്‌ നേരിട്ടത്‌. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നടന്ന പോലീസ്‌ വെടിവെപ്പിലും മറ്റുമായി 105 പേര്‍ മരിച്ചു. ഈ രക്തസാക്ഷിത്വത്തെക്കുറിച്ച്‌ ഓര്‍ക്കാത്തതുകൊണ്ടാണ്‌ മുംബൈ എല്ലാവരുടെതുമാണെന്ന്‌ സച്ചിന്‍ പറയുന്നത്‌ എന്നാണ്‌ ബാല്‍ താക്കറെ പറയുന്നത്‌.


ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപം കൊണ്ടതോടെ സംയുക്ത മഹാരാഷ്‌ട്ര സമിതിയുടെ പ്രസക്തി ഇല്ലാതായി. ഈ പ്രസ്ഥാനത്തില്‍ മുഖ്യ പങ്ക്‌ വഹിച്ചിരുന്ന കേശവ്‌ സീതാറാം താക്കറെയുടെ മകനും അക്കാലത്ത്‌ പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റുമായിരുന്ന ബാലസാഹേബ്‌ കേശവ്‌ താക്കറെ ആണ്‌ 1966 ജൂണ്‍ 19ന്‌ ശിവസേന രൂപവത്‌കരിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ മറാത്തക്കാര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല, മദ്രാസികളും (തെക്കേ ഇന്ത്യക്കാര്‍) വടക്കേ ഇന്ത്യക്കാരും (ഹിന്ദി മേഖലയിലുള്ളവരും) മറാത്തക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്‌ എന്നിവ പ്രചരിപ്പിച്ചുകൊണ്ടാണ്‌ ശിവസേനയുടെ രൂപവത്‌കരണത്തിലേക്കു താക്കറെ എത്തിച്ചേരുന്നത്‌.


1966 ഒക്‌ടോബര്‍ 30ന്‌ ബോംബെയിലെ ശിവാജി പാര്‍ക്കിലായിരുന്നു ശിവസേനയുടെ ആദ്യ പൊതുസമ്മേളനം. ഈ സമ്മേളനത്തില്‍ താക്കറെമാരുടെ പ്രകോപന പരമായ പ്രസംഗം കേട്ട്‌ `ആവേശ'ഭരിതരായ സേനാ പ്രവര്‍ത്തകര്‍ പുറത്തിറങ്ങി തെക്കേ ഇന്ത്യക്കാര്‍ നടത്തിയിരുന്ന കടകള്‍ ആക്രമിച്ചു, കൊള്ളയടിച്ചു. പല കടകളും തീവെച്ചു നശിപ്പിക്കുകയും ചെയ്‌തു. സേനയുടെ ആദ്യത്തെ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാമറാവു ആദിക്ക്‌ കൂടി പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ തെക്ക്‌, വടക്ക്‌ ഇന്ത്യക്കാര്‍ക്കാര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടര്‍ന്നു. വസന്തറാവു നായിക്കായിരുന്നു അന്നു മുഖ്യമന്ത്രി. ബാലസാഹേബ്‌ ദേശായി ആഭ്യന്തര മന്ത്രിയും. ഈ കോണ്‍ഗ്രസ്‌ നേതാക്കള്‍ ശിവസേനയുടെ അതിക്രമം തടയാന്‍ ഒന്നും ചെയ്‌തില്ല. ബാല്‍ താക്കറെക്ക്‌ വേണ്ട പിന്തുണ നല്‍കുകയും ചെയ്‌തു.


കോണ്‍ഗ്രസിന്‌ അന്ന്‌ ചില രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ കൂടി ഉണ്ടായിരുന്നു. ഇന്ത്യയില്‍ തന്നെ ശക്തമായ ട്രേഡ്‌ യൂനിയന്‍ പ്രസ്ഥാനം നിലനിന്നിരുന്ന സ്ഥലമായിരുന്നു അന്നത്തെ ബോംബെ. ട്രേഡ്‌ യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും. ഇവരുടെ വളര്‍ന്നുവരുന്ന സ്വാധീനം അവസാനിപ്പിക്കാന്‍ ബാല്‍ താക്കറെയെയും അദ്ദേഹത്തിനു കീഴിലുള്ള ചട്ടമ്പി സേനയെയും ഉപയോഗിക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. തൊഴിലാളി സംഘടനകളെ വെറുത്തിരുന്ന മുതലാളിമാര്‍ താക്കറെക്ക്‌ ആളും അര്‍ഥവും നല്‍കി സഹായിച്ചു. സേനാ നേതൃത്വം ഇക്കാലത്തിനിടെ അധോലോകവുമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ കൂടിയായപ്പോള്‍ ആക്രമണങ്ങള്‍ സര്‍വസാധാരണമായി.


1970ല്‍ സി പി ഐ നേതാവും സിറ്റിംഗ്‌ എം എല്‍ എയും ട്രേഡ്‌ യൂനിയന്‍ നേതാവുമായിരുന്ന കൃഷ്‌ണ ദേശായിയെ ശിവസേനാ പ്രവര്‍ത്തകര്‍ വധിച്ചതോടെ തൊഴിലാളി സംഘടനാ രംഗത്ത്‌ കമ്മ്യൂണിസ്റ്റ്‌ മേല്‍ക്കോയ്‌മക്ക്‌ ഇളക്കം തട്ടി. പത്തു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ പിന്തുണയോടെ നടത്തിയ അക്രമങ്ങളിലൂടെ സേന സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷം തൊഴിലാളികളെയും മറ്റും ഭയചകിതരാക്കി. ജീവനില്‍ കൊതിയുള്ളവരൊക്കെ ശിവസേനയുടെ തൊഴിലാളി സംഘടനയില്‍ അംഗങ്ങളായി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ശിവസേനക്ക്‌ അരു നില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. ഇക്കാലത്തിനിടെ ബോംബെയിലോ മഹാരാഷ്‌ട്രയിലോ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന അന്യ ദേശക്കാരായ വന്‍കിട മുതലാളിമാര്‍ക്കൊന്നും ശിവസേനയെക്കൊണ്ട്‌ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. ഉപജീവനം തേടി മുംബൈയിലെത്തുന്ന സാധാരണക്കാരോ തൊഴിലാളികളോ ചെറികിട കച്ചവടക്കാരോ മാത്രമായിരുന്നു സേനക്കാരുടെ മുഷ്‌ടിക്ക്‌ ഇരയായത്‌. മണ്ണിന്റെ മക്കള്‍ വാദം കൊണ്ട്‌ മഹാരാഷ്‌ട്രക്കാര്‍ക്ക്‌ പറയത്തക്ക ഗുണമുണ്ടായെന്നും കരുതാനാവില്ല. അങ്ങനെ ഗുണമുണ്ടായിരുന്നുവെങ്കില്‍ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യകളുടെ പരമ്പരയുണ്ടാവുമായിരുന്നില്ലല്ലോ.


മകനും (ഉദ്ധവ്‌ താക്കറെ) മരുമകനും (രാജ്‌ താക്കറെ) തമ്മിലുള്ള അധികാരത്തര്‍ക്കത്തിന്റെ ഫലമാണ്‌ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. ഈ സംഘടനയുടെ വേരുറപ്പിക്കാനായി രാജ്‌ താക്കറെ ആദ്യം ചെയ്‌തത്‌ ബീഹാറില്‍ നിന്നും മറ്റുമെത്തുന്ന തൊഴിലാളികള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ്‌. റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്റെ പരീക്ഷ എഴുതാനെത്തിയ വടക്കേ ഇന്ത്യക്കാര്‍ക്കെതിരെ എം എന്‍ എസ്സുകാര്‍ അക്രമം അഴിച്ചുവിട്ടു. ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ്‌ നേതാവായിരുന്ന വിലാസ്‌ റാവു ദേശ്‌മുഖായിരുന്നു മുഖ്യമന്ത്രി. എം എന്‍ എസ്സിനെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇപ്പോള്‍ ശത്രുപക്ഷത്തുള്ള ശിവസേനയുടെ വോട്ട്‌ പിളര്‍ത്തി അധികാരത്തിലേക്കുള്ള തങ്ങളുടെ പാത സുഗമമാക്കാന്‍ എം എന്‍ എസ്‌ വളരേണ്ടത്‌ ആവശ്യമാണെന്ന പഴുത്‌ കോണ്‍ഗ്രസ്‌ കണ്ടു.


ഇപ്പോള്‍ സഭക്കുള്ളില്‍ എം എല്‍ എയെ മര്‍ദിച്ചപ്പോള്‍ എം എന്‍ എസ്‌ പ്രതിനിധികളെ നാലു വര്‍ഷത്തേക്കു സസ്‌പെന്‍ഡ്‌ ചെയ്‌തു എന്നതുമാത്രമാണ്‌ നടപടിയുണ്ടായത്‌. ഹിന്ദിയില്‍ ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്‌താല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ്‌ നല്‍കിയ രാജ്‌ താക്കറെയാണ്‌ ഈ സംഭവത്തിന്‌ പ്രേരണ നല്‍കിയതെന്ന്‌ ഏവര്‍ക്കും അറിയാം. പക്ഷേ, രാജ്‌ താക്കറെക്കെതിരെയോ എം എന്‍ എസിനെതിരെയോ യാതൊരു നടപടിയും ഉണ്ടാവില്ല. ശിവസേനക്കു ബദലായി എം എന്‍ എസ്‌ ഉണ്ടാവേണ്ടത്‌ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും ആവശ്യമാണ്‌. പണ്ട്‌ ബാലിനെ വളര്‍ത്തിയവര്‍ ഇന്നു രാജിനെ വളര്‍ത്തുമ്പോള്‍ സംഘര്‍ഷ സാധ്യത ഏറെയാണ്‌. കാരണം മുന്‍ പറഞ്ഞതുതന്നെ - രണ്ട്‌ താക്കറെമാരുടെയും വളം മറാത്ത വികാരമാണ്‌. വ്യവസായികളും അധോലോകവുമായുള്ള ബന്ധമാണ്‌ ബലം. ഇതു നിലനിര്‍ത്താന്‍ ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കും.


അബു ആസ്‌മിയെ ആക്രമിച്ചതിലൂടെ മറാത്തയുടെ `അഭിമാനം' സംരക്ഷിച്ച രാജ്‌ വീണ്ടും നേട്ടമുണ്ടാക്കിയെന്ന്‌ ബാല്‍ താക്കറെയും ശിവസേനാ നേതൃത്വവും വിലയിരുത്തുന്നു. ഒറ്റക്കു മത്സരിച്ച്‌ നിയമസഭയില്‍ 13 സീറ്റ്‌ നേടിയതാണ്‌ എം എന്‍ എസ്സിന്റെ ആദ്യത്തെ നേട്ടം. സച്ചിന്റെ പ്രസ്‌താവനക്കെതിരെ രാജിന്‌ മുമ്പു രംഗത്തെത്തിയതിലൂടെ തന്റെ പഴയ നിലപാടില്‍ മാറ്റമില്ലെന്ന്‌ ഓര്‍മിപ്പിക്കുകയാണ്‌ ബാല്‍. വരും നാളുകളില്‍ ഈ പോര്‌ വര്‍ധിക്കാനാണ്‌ സാധ്യത. മഹാരാഷ്‌ട്ര നിയമസഭയേക്കാള്‍ പ്രധാനമാണ്‌ മുംബൈ മുനിസിപ്പാല്‍ കോര്‍പറേഷന്‍. അവിടെ മേല്‍ക്കൈ നേടുക എന്നത്‌ ശിവസേനക്കും എം എന്‍ എസ്സിനും ഒരു പോലെ നിര്‍ണായകമാണ്‌. എം എന്‍ എസ്‌ ശക്തമായ സാന്നിധ്യമായി നിലകൊണ്ടാല്‍ ഭരണം കോണ്‍ഗ്രസ്‌ - എന്‍ സി പി സഖ്യത്തിനു കൈപ്പിടിയില്‍ ഒതുക്കാം.


ഇത്‌ രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും മാത്രം കാര്യമല്ല, പണത്തിന്റെയും അധികാരത്തിന്റെയും കൂടിയാണ്‌. അതുകൊണ്ടുതന്നെ മഹാരാഷ്‌ട്ര നിയമസഭയിലെ അക്രമത്തെയും സച്ചിനെതിരായ താരതമ്യേന മൃദുവെന്ന്‌ തോന്നിപ്പിക്കുന്ന മുന്നറിയിപ്പിനെയും ലഘുവായി കാണാന്‍ കഴിയില്ല. നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ ലക്ഷ്യമിട്ടു പുറത്തും അകത്തുമുള്ളവര്‍ കരുനീക്കുമ്പോള്‍ പ്രത്യേകിച്ചും. ഭാഷ, വംശം, സംസ്‌കാരം എന്നിവയിലൊക്കെ വൈവിധ്യം നിലനിര്‍ത്തുകയും ഒരു രാജ്യമായി തുടരുകയും ചെയ്യുന്ന ജനതക്കു ഭരണകൂടം തുല്യാവസരം നിഷേധിക്കുന്നതിന്റെ കൂടി പ്രശ്‌നങ്ങള്‍ ഇവിടെ അന്തര്‍ലീനമായുണ്ട്‌. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യമുന്നയിച്ച്‌ പോറ്റി ശ്രീരാമുലു പ്രായോപവേശം ചെയ്‌തപ്പോഴാണ്‌ ആന്ധ്രാ പ്രദേശുണ്ടായത്‌. അതിനു ശേഷവും മറാത്തക്കാര്‍ക്കും പഞ്ചാബികള്‍ക്കുമൊക്കെ കാത്തിരിക്കേണ്ടിവന്നു, പ്രക്ഷോഭമുയര്‍ത്തേണ്ടിവന്നു.


ആ പ്രക്ഷോഭമുയര്‍ത്തിയ വൈകാരിക ഊര്‍ജം ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്‌. 105 പേരുടെ രക്തസാക്ഷിത്വം താക്കറെ ഓര്‍മിപ്പിക്കുന്നത്‌ അതുകൊണ്ടാണ്‌. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാവും രാസവളം മന്ത്രിയുമായ എം അഴഗിരിക്കു പാര്‍ലിമെന്റില്‍ തമിഴില്‍ മറുപടി നല്‍കാന്‍ അനുവാദമില്ല. അബു ആസ്‌മിക്കു മഹാരാഷ്‌ട്ര നിയമസഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശത്തെക്കുറിച്ചു വാദിക്കുന്നവര്‍ തന്നെയാണ്‌ അഴഗിരിക്കു മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുമതി നിഷേധിക്കുന്നത്‌. ജനാധിപത്യ സ്വയംഭരണത്തിന്റെ 62 വര്‍ഷത്തിനു ശേഷവും വിവേചനം തുടരുകയാണ്‌. ഇതു മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ ഭരണ നേതൃത്വം തന്നെ പിന്തുണക്കുന്നത്‌ കൗതുകകരമാണ്‌, ഒപ്പം സങ്കീര്‍ണവും

2009-11-15

കളിയില്‍ തോറ്റവര്‍


ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങുന്ന വര്‍ഗീയമായ വിഭജനം. ഇതിനെ അടിസ്ഥാനമാക്കി രാഷ്‌ട്രീയ നിരീക്ഷകര്‍, വിശകലന വിദഗ്‌ധര്‍ എന്നീ ഇനത്തില്‍പ്പെടുന്നവര്‍ നടത്തുന്ന അവലോകനങ്ങളും അഭിപ്രായപ്രകടനങ്ങളും. ജാതി, മത അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിച്ച്‌ അവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ ലഭിക്കാനിടയുള്ള വോട്ട്‌ മുന്‍തൂക്കത്തെക്കുറിച്ചുള്ള വിശദമായ റിപ്പോട്ടുകള്‍. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ്‌ രംഗത്തെ തീര്‍ത്തും വര്‍ഗീയമായി മാറ്റിയെടുക്കുന്നതിനെ ജനം വകവെക്കുന്നില്ല എന്നതിന്റെ തെളിവാണ്‌ ഇക്കഴിഞ്ഞ മൂന്ന്‌ ഉപതിരഞ്ഞെടുപ്പ്‌ ഫലങ്ങളും. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ മണ്ഡലങ്ങളെ വേറിട്ടെടുത്തു പരിശോധിച്ചാല്‍ ഭൂരിഭാഗം ജനങ്ങളും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത്‌ ജാതിയോ മതമോ നോക്കിയല്ലെന്നു വ്യക്തമാവും. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ്‌ ഫലം സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിര്‍ണായക പങ്ക്‌ അവകാശപ്പെടുന്ന ജാതി, മത നേതാക്കളുടെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെട്ടു രംഗത്തെത്തുന്ന ചില പാര്‍ട്ടികളുടെയും പൊള്ളത്തരം വെളിവാക്കുന്നുണ്ട്‌.


ആലപ്പുഴയിലെ നമ്പ്യാരും മേത്തനും


ആലപ്പുഴയിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ്‌ തീരുമാനിച്ചപ്പോള്‍ നായര്‍ സമുദായത്തെ അവഗണിച്ചുവെന്ന പരാതി എന്‍ എസ്‌ എസ്‌ നേതൃത്വം ഉന്നയിച്ചിരുന്നു. കെ സി വേണുപോഗാല്‍ (കെ സി വേണുഗോപാല്‍ നമ്പ്യാര്‍ എന്ന്‌ എന്‍ എസ്‌ എസ്‌ വായന) മൂന്നു തവണ തുടര്‍ച്ചയായി ജയിച്ച ആലപ്പുഴ മണ്ഡലത്തില്‍ എന്‍ എസ്‌ എസ്സിനു നിര്‍ണായക സ്വാധീനമുണ്ടെന്നും ഇക്കുറി തങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതിനാല്‍ കോണ്‍ഗ്രസും യു ഡി എഫും അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നും എന്‍ എസ്‌ എസ്‌ നേതൃത്വത്തിന്റെ മുന്നറിയിപ്പ്‌. നായര്‍ സമുദായാംഗമായതിനാല്‍ ആലപ്പുഴയിലെ സി പി ഐ സ്ഥാനാര്‍ഥി കൃഷ്‌ണപ്രസാദിന്റെ വിജയ സാധ്യത ഏറെയെന്ന വിശകലനം.


എല്ലാറ്റിന്റെയും ഒടുക്കം വോട്ടിംഗ്‌ മെഷീനിന്റെ സീലുകള്‍ പൊട്ടിത്തീര്‍ന്നപ്പോള്‍ ഈ അവകാശവാദങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതായി. കഴിഞ്ഞ തവണ കെ സി വേണുഗോപാലിന്‌ ലഭിച്ച ഭൂരിപക്ഷം ഇക്കുറി എ എ ഷുക്കൂറിന്‌ ലഭിക്കാത്തത്‌ നായര്‍ സമുദായത്തിന്റെ പ്രതികാരം മൂലമാണെന്ന വാദമുയര്‍ത്തി വേണമെങ്കില്‍ എന്‍ എസ്‌ എസ്‌ നേതാക്കള്‍ക്കു രക്ഷപ്പെടാന്‍ ശ്രമിക്കാം. തങ്ങള്‍ക്ക്‌ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി അത്തരത്തില്‍ വാര്‍ത്തകള്‍ ചിലതു പ്രസിദ്ധീകരിച്ച്‌ സംതൃപ്‌തി അടയുകയും ചെയ്യാം. പക്ഷേ, കണക്കുകളും എല്‍ ഡി എഫ്‌, യു ഡി എഫ്‌ രാഷ്‌ട്രീയ സംവിധനത്തിന്റെ പ്രവര്‍ത്തന രീതിയും വ്യക്തമായി അറിയുന്ന ആളുകളെ വിശ്വസിപ്പിക്കാന്‍ പ്രയാസപ്പെടുമെന്നു മാത്രം.


നടന്നത്‌ ഉപതിരഞ്ഞെടുപ്പാണ്‌. പൊതു തിരഞ്ഞെടുപ്പുകളില്‍പ്പോലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമുണ്ട്‌ സി പി എമ്മിന്‌. അതിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫിന്റെ പ്രവര്‍ത്തനവും സുഘടിതമായി നടക്കാറുണ്ട്‌. ഉപതിരഞ്ഞെടുപ്പാവുമ്പോള്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മികവ്‌ ഏറുക തന്നെ ചെയ്യും. ആലപ്പുഴയില്‍ സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം തോമസ്‌ ഐസക്കിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഊര്‍ജിതമായ തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം അവിടുത്തെ വോട്ടിംഗിനെ സ്വാധീനിച്ചതിന്റെ ഭാഗമായാണ്‌ അവിടെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞത്‌ എന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളോട്‌ ജനങ്ങള്‍ക്കുള്ള വിയോജിപ്പ്‌ മറികടക്കാനും കോണ്‍ഗ്രസിന്‌ നിലവിലുള്ള സ്വാധീനത്തിന്റെ വ്യാപ്‌തി കുറക്കാനും ഈ പ്രവര്‍ത്തനം കൊണ്ട്‌ കഴിഞ്ഞില്ല. അതുകൊണ്ടാണ്‌ എ എ ഷുക്കൂറിന്‌ 4,745 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനായത്‌. അതായത്‌ എന്‍ എസ്‌ എസ്‌ എന്ന പ്രസ്ഥാനം നേരത്തെ മുഴക്കിയ ഭീഷണിക്കു യാതൊരു പ്രത്യാഘാതവും സൃഷ്‌ടിക്കാനായില്ല എന്നത്‌ പകല്‍പോലെ വ്യക്തം.


ആലപ്പുഴയില്‍ തന്നെ മറ്റൊരു പ്രതിഭാസമായി ഉയര്‍ത്തിക്കാട്ടിയിരുന്നത്‌ സി പി ഐയെ തോല്‍പ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രംഗത്തെത്തിയ പി ഡി പിയായിരുന്നു. സ്ഥാപക നേതാവ്‌ അബ്‌ദുന്നാസിര്‍ മഅ്‌ദനി അവിടെ തമ്പടിച്ച്‌ പ്രവര്‍ത്തിച്ചിട്ടും സംഘടനക്ക്‌ ആകെ കിട്ടിയ വോട്ട്‌ 1,804 മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ മൂവായിരത്തോളം വോട്ട്‌ നിലനിര്‍ത്താന്‍ പോലും അവര്‍ക്ക്‌ കഴിഞ്ഞില്ല. ഇനി അത്രയും വോട്ട്‌ സമാഹരിച്ചിരുന്നുവെങ്കില്‍ തന്നെ അതാണ്‌ കൃഷ്‌ണപ്രസാദിന്റെ പരാജയത്തിന്‌ കാരണമായതെന്ന്‌ പറയാനും കഴിയില്ല. പി ഡി പിക്ക്‌ ഇനി ചെയ്യാവുന്നത്‌ സി പി ഐയെ തോല്‍പ്പിക്കാനായി തങ്ങളുടെ വോട്ട്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്ക്‌ മറിച്ചു നല്‍കി എന്ന്‌ അവകാശപ്പെടുക എന്നതു മാത്രമാണ്‌.


സഭ പറഞ്ഞാല്‍ പിന്നെ


എറണാകുളത്തേക്കു വന്നാല്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ പിന്തുണ കൂടാതെ ഒരു സ്ഥാനാര്‍ഥിക്കും ഇവിടെ ജയിക്കാനാവില്ല എന്നതാണ്‌ പരമ്പരാഗത സങ്കല്‍പ്പം. 1987ല്‍ പ്രൊഫ. എം കെ സാനു, സഭയൂടെ പരിപൂര്‍ണ പിന്തുണയുണ്ടായിരുന്ന എ എല്‍ ജേക്കബിനെ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതൊന്നും ആരും കണക്കിലെടുക്കാറില്ല. ഇക്കുറി ലത്തീന്‍ കത്തോലിക്കനല്ലാത്ത സീനു ലാല്‍ എന്ന ട്രേഡ്‌ യൂനിയന്‍ നേതാവിനെയാണ്‌ സി പി എം രംഗത്തിറക്കിയത്‌. പരമ്പരാഗത വിശ്വാസമനുസരിച്ചാണെങ്കില്‍ സീനുലാല്‍ നിലം തൊടാന്‍ പാടില്ല. കത്തോലിക്കാ സഭയുടെ നേതൃത്വം വോട്ട്‌ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ യു ഡി എഫ്‌ സ്ഥാനാര്‍ഥി ഡൊമിനിക്ക്‌ പ്രസന്റേഷന്‍ തന്നെ പരസ്യമായി പറഞ്ഞ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പക്ഷേ, സഭയുടെ തിട്ടൂരം അനുസരിച്ച്‌ വോട്ട്‌ ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറായില്ല എന്നു തന്നെ കരുതണം. കാരണം പലതാണ്‌.


സി പി എം എറണാകുളത്ത്‌ മത്സരിപ്പിച്ച സ്ഥാനാര്‍ഥി മെട്രോ പൊങ്ങച്ചത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന എറണാകുളത്തിനു യോജിച്ചയാളാണെന്ന്‌ പാര്‍ട്ടി പോലും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണല്ലോ പലരെയും ആലോചിച്ച്‌ ലഭ്യമാവാതെ വന്നപ്പോള്‍ സീനു ലാല്‍ എന്ന തീരുമാനത്തിലെത്തിയത്‌. മെട്രോ പൊങ്ങച്ചം കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ഥിക്കുള്ള പരിമിതിക്കൊപ്പം സഭാ നേതൃത്വത്തിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്തു വിശ്വാസികള്‍ പ്രവര്‍ത്തിക്കുക കൂടി ചെയ്‌തിരുന്നുവെങ്കില്‍ ഡൊമിനിക്‌ പ്രസന്റേഷന്‌ ഇപ്പോള്‍ ലഭിച്ചതിന്റെ ഇരട്ടിയിലധികമെങ്കിലും ഭൂരിപക്ഷമുണ്ടാവണമായിരുന്നു. മാത്രവുമല്ല, വോട്ട്‌ ബഹിഷ്‌കരിക്കുക എന്ന തങ്ങളുടെ തീരുമാനത്തില്‍ മുളവുകാട്ടെയും മറ്റും ജനങ്ങള്‍ ഉറച്ചു നിന്നത്‌ സഭയുടെ നിര്‍ദേശം ലംഘിച്ചു കൂടിയാണ്‌.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സഭക്കാരനായ കെ വി തോമസും സിറിയന്‍ കത്തോലിക്കാ സഭക്കാരിയായ സിന്ധു ജോയിയും ഏറ്റുമുട്ടി നേരിയ ഭൂരിപക്ഷത്തിന്‌ വിജയം കൈവിട്ടപ്പോള്‍ വിലയിരുത്തപ്പെട്ടത്‌ ഇങ്ങനെയാണ്‌ - ലത്തീന്‍ കത്തോലിക്കാ സഭക്ക്‌ സ്വീകാര്യനായ കുറേക്കൂടി ഭേദപ്പെട്ട സ്ഥാനാര്‍ഥിയുണ്ടായിരുന്നെങ്കില്‍ എറണാകുളത്ത്‌ കെ വി തോമസിനെ തോല്‍പ്പിക്കാമായിരുന്നുവെന്ന്‌. കേരളത്തിലങ്ങോളമിങ്ങോളം ഇടതുപക്ഷത്തിനെതിരായ വികാരമുണ്ടായ ഒരു തിരഞ്ഞെടുപ്പില്‍ എറണാകുളത്തു മാത്രം എന്തുകൊണ്ട്‌ മത്സരം കനത്തുവെന്നതിന്‌ സഭാ നേതൃത്വത്തിന്റെ അതൃപ്‌തിയൊന്നും തേടിപ്പോകേണ്ട കാര്യമുണ്ടായിരുന്നില്ല.


കേരളത്തിലെങ്ങും കിട്ടാത്ത ആയുര്‍വേദ ചികിത്സ ഡല്‍ഹിയിലെ കേരള ഹൗസില്‍ രണ്ടാഴ്‌ച തമ്പടിച്ച്‌ നടത്തി, കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കി എറണാകുളം സീറ്റും തരപ്പെടുത്തിപ്പോന്ന കെ വി തോമസിന്റെ ദുരയോട്‌ കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ക്ക്‌ തോന്നിയ അതൃപ്‌തിയുടെ കൂടി പ്രതിഫലനമായിരുന്നു അതെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, സഭയുടെ കണക്കില്‍ വിശദീകരിക്കാനായിരുന്നു ഏവര്‍ക്കും താത്‌പര്യം. സി പി എമ്മിന്റെ കൊടി പിടിച്ചതിന്റെ തഴമ്പ്‌ കയ്യിലും നെഞ്ചിലുമുണ്ടെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞ സീനു ലാലിനെ അപേക്ഷിച്ച്‌ 8,620 വോട്ട്‌ മാത്രമാണ്‌ ഡൊമിനിക്‌ പ്രസന്റേഷന്‌ കൂടുതല്‍ ലഭിച്ചത്‌. അതുകൊണ്ടു തന്നെ സഭയുടെ തിട്ടൂരം അനുസരിച്ചു മാത്രമല്ല ജനം വോട്ട്‌ തീരുമാനിച്ചത്‌ എന്ന്‌ വ്യക്തം. ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിച്ചതാണ്‌ ഇടതുപക്ഷത്തെ തുണച്ചതെന്നും വിശ്വാസികള്‍ സഭാ നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്നും ഇനിയും വേണമെങ്കില്‍ വാദിക്കാം.


കണ്ണൂര്‍ നിരാകരിച്ചത്‌


കണ്ണൂര്‍ കുറേക്കൂടി വ്യക്തമായ വര്‍ഗീയ വിഭജനത്തിന്‌ സാധ്യതയുള്ള മണ്ഡലമായിരുന്നു. 40 ശതമാനം മുസ്‌ലിം വോട്ടര്‍മാര്‍, 55 ശതമാനം ഹൈന്ദവരും. അഞ്ച്‌ ശതമാനത്തോളം ക്രിസ്‌തീയരും. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന എന്‍ ഡി എഫിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്‌ ഡി പി ഐ ഇവിടെ മാത്രം മത്സരിച്ച്‌ കരുത്തു തെളിയിക്കാന്‍ ശ്രമിച്ചു. കിട്ടയത്‌ 3,411 വോട്ട്‌ മാത്രം. കണ്ണൂര്‍ കേന്ദ്രമായി നടന്ന `ഭീകര വേട്ട' മുതല്‍ `ലൗ ജിഹാദ്‌' വരെ നീളുന്ന പൊള്ളുന്ന വിഷയങ്ങളുണ്ടായിരുന്നു ബി ജെ പിക്ക്‌. കിട്ടിയത്‌ 5,665 വോട്ട്‌. ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന്‌ അവകാശപ്പെടുന്നതുകൊണ്ടുതന്നെ പ്രധാനമായി പരിഗണിക്കേണ്ടത്‌ എസ്‌ ഡി പി ഐക്ക്‌ കിട്ടിയ വോട്ടാണ്‌. രാജ്യത്ത്‌ ആദ്യമായി മത്സരിക്കാനിറങ്ങിയ അവരുടെ ശക്തി എത്രമാത്രമുണ്ടെന്ന്‌ വ്യക്തമാക്കിക്കൊടുത്തുകൊണ്ട്‌ കണ്ണൂരിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യവസ്ഥാപിത ജനാധിപത്യ പാര്‍ട്ടികള്‍ക്കൊപ്പം നിന്നു. എസ്‌ ഡി പി ഐക്കു ലഭിക്കുന്ന വോട്ടുകള്‍ യു ഡി എഫിന്റെ ബേങ്കില്‍ വിള്ളലുണ്ടാക്കുമെന്നൊക്കെ വിശകലനം നടത്തിയവര്‍ക്കു കൂടിയുള്ള ജനങ്ങളുടെ മറുപടിയാണിത്‌.


മൂന്ന്‌ മണ്ഡലങ്ങളിലും യു ഡി എഫ്‌ ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ഇടതുമുന്നണി ഹൈന്ദവരായ സ്ഥാനാര്‍ഥികളെയാണ്‌ നിര്‍ത്തിയതെന്നും ഇത്‌ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണെന്നനും അത്തരമൊരു ഏകീകരണമുണ്ടാവുമെന്നും മൂന്നിടത്തും എല്‍ ഡി എഫിന്‌ ജയസാധ്യതയുണ്ടെന്നും ഫലം പുറത്തുവരും മുമ്പ്‌ ചില `സ്വതന്ത്ര' രാഷ്‌ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇതിനും തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ മറുപടി ലഭിച്ചു.


ജാതി, മത സ്വാധീനം നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഈ രണ്ട്‌ മാനദണ്ഡങ്ങളെ മാത്രം അടിസ്ഥാനമാക്കി നിരീക്ഷണവും വിശകലനങ്ങളും നടത്തുന്ന വിദഗ്‌ധരുമാണ്‌ നമ്മുടെ തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തെ വര്‍ഗീയമാക്കി വിഭജിക്കുന്നത്‌ എന്ന്‌ പറയേണ്ടിവരും. വര്‍ഷങ്ങള്‍ നീണ്ട രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു നേതാവിനെ മത്സരരംഗത്തിറക്കിയാല്‍ പോലും അത്‌ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള തീരുമാനം മാത്രമായേ വിലയിരുത്തപ്പെടാറുള്ളൂ എന്നതും കാണാതിരുന്നുകൂടാ.


2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെ വി തോമസിനെതിരെ എം എം ലോറന്‍സിനെ മത്സരിപ്പിച്ചപ്പോള്‍ അതും ലത്തീന്‍ സഭയെ പ്രീതിപ്പെടുത്താനെന്ന്‌ വിലയിരുത്തപ്പെട്ടത്‌ മുന്നിലുണ്ട്‌. ജനങ്ങള്‍ അവരുടെ ജീവതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും അതിനോട്‌ നേതാക്കളും പാര്‍ട്ടികളും പ്രതികരിക്കുന്ന രീതിയും രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളും വിലയിരുത്തി വോട്ട്‌ ചെയ്യുമ്പോള്‍ പോലും വര്‍ഗീയ ചേരിതിരിവുകളെ അടിസ്ഥാനമാക്കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയവും വിലയിരുത്തലുകളും തുടരുകയാണ്‌ പതിവ്‌.
എന്‍ എസ്‌ എസും ലത്തീന്‍ സഭയും പി ഡി പിയും എസ്‌ ഡി പി ഐയും ഒരു പോലെ പരാജയപ്പെട്ട ഉപതിരഞ്ഞെടുപ്പ്‌ പക്ഷേ, പ്രത്യേകിച്ച്‌ മാറ്റമൊന്നും ഇവിടെ ഉണ്ടാക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും എന്‍ എസ്‌ എസിന്റെ ഭീഷണികളുണ്ടാവും. അത്‌ പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ നെട്ടോട്ടമോടും. പി ഡി പിയെ ഏതെങ്കിലും ഒരു പാര്‍ശ്വത്തില്‍ തൊട്ടു നിര്‍ത്താന്‍ സി പി എം ശ്രമിക്കും. ഇതൊന്നും പ്രത്യക്ഷത്തിലുണ്ടായില്ലെങ്കിലും വിശകലനങ്ങള്‍ ഈ വഴിക്ക്‌ ഒഴുകും.

2009-11-07

`മുസ്‌ലിം' പത്രം, `ഹിന്ദു' വായന


`മാധ്യമം, സിറാജ്‌, വര്‍ത്തമാനം, തേജസ്‌ തുടങ്ങിയ മുസ്‌ലിം പത്രങ്ങള്‍...'മലയാളത്തിലെ പ്രശസ്‌തമായ ന്യൂസ്‌ ചാനലില്‍ പ്രതിവാര മാധ്യമ അവലോകന പംക്തി കൈകാര്യം ചെയ്യുന്ന പ്രസിദ്ധനായ ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്‌ ഇത്‌. മുസ്‌ലിം സംഘടനകള്‍ നടത്തുന്നവയാണ്‌ മേല്‍പറഞ്ഞ നാല്‌ പത്രങ്ങളും എന്നതു കൊണ്ട്‌ ഈ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണെന്ന്‌ പറയാനാവില്ല. പക്ഷേ, പതിവായി ഈ വിശേഷണം ഉപയോഗിക്കുമ്പോള്‍ അത്‌ നിര്‍ദോഷമാണെന്നും കരുതാനാവില്ല.


മുസ്‌ലിം പത്രങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കുന്നതിന്‌ അപ്പുറത്ത്‌ ഓരോ പത്രവും മുസ്‌ലിംകളിലെ ഏതേത്‌ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന്‌ വ്യക്തമാക്കാനും അദ്ദേഹം തയ്യാറാവാറുണ്ട്‌. ഇത്രയും ജാഗ്രത മറ്റു പത്രങ്ങളുടെ കാര്യത്തില്‍ കണ്ടുവരാറില്ല എന്നത്‌ കൂടി പരിഗണിക്കുമ്പോള്‍ പ്രശ്‌നം കുറേക്കൂടി സങ്കീര്‍ണമാണെന്ന്‌ വ്യക്തമാവും.


മുസ്‌ലിം സമുദായ സംഘടനകള്‍ നടത്തുന്ന പത്രങ്ങള്‍ സ്വന്തം സംഘടനകളെ സംബന്ധിച്ച വാര്‍ത്തകളും ആ സംഘടന ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളും പ്രചരിപ്പിക്കാന്‍ ശ്രമിക്കുക സ്വാഭാവികം. പക്ഷേ, അതുകൊണ്ടു മാത്രം അതൊരു മുസ്‌ലിം പത്രമാണെന്ന്‌ പറയാനാവുമോ? സംഘടനകളുടെ ആശയങ്ങളും നിലപാടുകളും അറിയിക്കുമ്പോള്‍ തന്നെ പൊതുസമുഹത്തെ ബാധിക്കുന്നതും അവര്‍ അറിയേണ്ടതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനാണ്‌ ഈ പത്രങ്ങളെല്ലാം ഭൂരിഭാഗം സ്ഥലവും ചിലവഴിക്കുന്നത്‌. ശബരിമല മുതല്‍ താഴേക്ക്‌ എല്ലാ ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ നല്ല താത്‌പര്യം പ്രകടിപ്പിക്കുകയും വിവിധ ഹൈന്ദവ സമുദായ സംഘടനകളുടെ വാര്‍ത്തകള്‍ക്ക്‌ നല്ല പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പത്രമാണ്‌ മാതൃഭൂമിയെന്ന്‌ അത്‌ വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട്‌ മാതൃഭൂമിയെ ഹിന്ദുപ്പത്രമെന്ന്‌ ആരും വിശേഷിപ്പിക്കാറില്ല, മേല്‍പ്പറഞ്ഞ മാധ്യമ വിദഗ്‌ധനും.


മലയാള മനോരമ അച്ചായന്റെ പത്രം എന്ന നിലക്കേ വിശേഷിപ്പിക്കപ്പെടാറുള്ളൂ. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ വല്ലപ്പോഴും ഓര്‍ത്തഡോക്‌സ്‌ പക്ഷത്തെയാണ്‌ മനോരമ പ്രതിനിധാനം ചെയ്യുന്നത്‌ എന്ന്‌ പറയാറുണ്ടെന്ന്‌ മാത്രം. ദീപികയെ വിശേഷിപ്പിക്കാന്‍ നസ്രാണി എന്ന വാക്ക്‌ ഉപയോഗിച്ചു കേട്ടിട്ടുണ്ട്‌. നസ്രാണി ദീപിക എന്നത്‌ മുന്‍ കാലങ്ങളില്‍ അവര്‍ തന്നെ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്‌. അതുകൊണ്ടുതന്നെ അത്‌ ഉപയോഗിക്കുന്നതില്‍ അപാകത തോന്നേണ്ട കാര്യമില്ല. ഈ വിശേഷണങ്ങളും `മുസ്‌ലിം പത്രങ്ങള്‍' എന്നതിനെപ്പോലെ സ്ഥിരമായവയല്ല.


തന്റെ പരിപാടിക്ക്‌ കൊഴുപ്പുകൂട്ടാന്‍ അവതാരകന്‍ ഉപയോഗിക്കുന്ന ഈ വിശേഷണം ഒറ്റനോട്ടത്തില്‍ പ്രത്യേകിച്ച്‌ ഉപദ്രവമൊന്നും ചെയ്യുന്നില്ല. പക്ഷേ, ആവര്‍ത്തിച്ച്‌ ഉപയോഗിക്കപ്പെടുമ്പോള്‍ ഈ പരിപാടി സ്ഥിരമായി വീക്ഷിക്കാന്‍ ഇടയുള്ള സമൂഹത്തിന്‌ കിട്ടാന്‍ ഇടയുള്ള ചിത്രം മുസ്‌ലിംകള്‍ക്ക്‌ വേണ്ടി മാത്രമിറങ്ങുന്ന ചില പത്രങ്ങള്‍ ഇവിടെയുണ്ട്‌ എന്നതായിരിക്കും. മുസ്‌ലിം സംഘടനകള്‍ നടത്തുകയും അവരുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ വ്യക്തമായ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ ഈ പത്രങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്‌ എന്ന വസ്‌തുത പൊതുസമൂഹത്തിന്റെ മുന്നില്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യും. സൃഷ്‌ടിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ പുറമെയാണ്‌.


ഗുജറാത്തിലെ വംശഹത്യക്ക്‌ കാരണമായിപ്പറയുന്ന സബര്‍മതി എക്‌സ്‌പ്രസ്സിലെ തീപ്പിടിത്തം യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ്‌ കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ റെയില്‍വേ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമ്മിറ്റി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഈ റിപ്പോര്‍ട്ട്‌ ഹിന്ദു ദിനപ്പത്രം പൂര്‍ണമായി പ്രസിദ്ധീകരിച്ചു. ഈ റിപ്പോര്‍ട്ട്‌ അതേപടി വിവര്‍ത്തനം ചെയ്‌ത്‌ മുന്‍പറഞ്ഞ പത്രങ്ങളിലൊന്ന്‌ പ്രസിദ്ധീകരിച്ചു. ഇത്‌ ശ്രദ്ധയില്‍പ്പെട്ട ഒരു കോളജധ്യാപകന്‍ പ്രതികരിച്ചത്‌ നിങ്ങള്‍ക്ക്‌ താത്‌പര്യമുള്ള വിധത്തില്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചുവല്ലേ എന്നായിരുന്നു. മുസ്‌ലിം സംഘടന നടത്തുന്ന പത്രം യു സി ബാനര്‍ജി റിപ്പോര്‍ട്ട്‌ വളച്ചൊടിച്ച്‌ പ്രസിദ്ധീകരിച്ചുവെന്ന സൂചനയാണ്‌ അദ്ദേഹം നല്‍കിയത്‌. ഹിന്ദു ദിനപ്പത്രത്തില്‍ വന്ന പൂര്‍ണരൂപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ക്കെന്താണ്‌ ഇതില്‍ താത്‌പര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മനസ്സിലെങ്കിലും വര്‍ഗീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന്‌ ആവര്‍ത്തിച്ച്‌ ഉപയോഗിച്ച്‌ സ്ഥാപിക്കുമ്പോള്‍ ഇത്തരം സംശയങ്ങള്‍ അധികരിക്കുക മാത്രമേയുണ്ടാവൂ.


മാധ്യമ വിശകലന വിദഗ്‌ധന്റെ മുസ്‌ലിം പത്ര പ്രയോഗവും അധ്യാപകന്റെ സംശയവും
എന്തുകൊണ്ടുണ്ടാവുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം തേടേണ്ടത്‌ ചരിത്രത്തിലും ഭാഷയിലും ഇവരണ്ടും ഏതുരീതിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതിലുമാണ്‌. മുഗള്‍ ഭരണകാലത്ത്‌ മുസ്‌ലിംകളല്ലാത്തവര്‍ തലക്കരം നല്‍കേണ്ടിവന്നിരുന്നുവെന്നാണ്‌ നാമൊക്കെ പഠിക്കുന്ന ചരിത്രം. അക്‌ബര്‍ ഇത്‌ നിര്‍ത്തലാക്കിയെന്നും ഔറംഗസീബിന്റെ കാലത്ത്‌ പുനരാരംഭിച്ചുവെന്നും പഠിക്കും. പക്ഷെ, അന്ന്‌ ഭൂസ്വാമിമാരായിരുന്ന സവര്‍ണ ഹിന്ദുക്കള്‍ താണജാതിക്കാരെക്കൊണ്ട്‌ ഭൂമിയില്‍ പണിയെടുപ്പിച്ച്‌ ധാന്യം സ്വന്തം പത്തായപ്പുരയില്‍ നിറച്ചിരുന്നത്‌ മറ്റൊരു `തലക്കരം' തന്നെയായിരുന്നുവെന്ന്‌ നാം പഠിപ്പിക്കാറില്ല, പഠിക്കാറുമില്ല. ജന്മിക്ക്‌ വേണ്ടത്ര ധാന്യം ഉത്‌പാദിപ്പിക്കാന്‍ കഴിയാത്ത കീഴാളന്‌ ജീവന്‍ നഷ്‌ടപ്പെടുന്നത്‌ അന്ന്‌ അപൂര്‍വമായിരുന്നില്ല. ഈ സമ്പ്രദായത്തില്‍ തലക്കരം മാത്രമല്ല ഈടാക്കപ്പെട്ടിരുന്നത്‌. കീഴാള കുടുംബത്തിലെ സ്‌ത്രീകള്‍ ജന്മിമാരുടെ സ്വത്തായിരുന്നു. അവര്‍ക്ക്‌ ഉപയോഗിക്കണമെന്ന്‌ തോന്നുമ്പോള്‍ അതിന്‌ സൗകര്യമൊരുക്കാന്‍ കീഴാളര്‍ക്ക്‌ `ബാധ്യത'യുണ്ടായിരുന്നു.


മുഗള്‍ രാജാക്കന്‍മാര്‍ തലക്കരം പ്രഖ്യാപിച്ചത്‌ തങ്ങളുടെ മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ തലക്കരം ഒഴിവാകുമായിരുന്നു, തുല്യതക്ക്‌ അവസരം ലഭിക്കുമായിരുന്നു. ജന്മി - കുടിയാന്‍ സമ്പ്രാദയത്തില്‍ ഈ ഒരു സാധ്യതപോലുമുണ്ടായിരുന്നില്ല. താണജാതിക്കാരന്‍ ജന്മിയുടെ ഉപയോഗത്തിന്‌ വേണ്ടി മാത്രമുള്ളവന്‍ മാത്രമായി തുടരുകയായിരുന്നു. അധികാരം, കുലമഹിമ എന്നിവയില്‍ അധിഷ്‌ഠിതമായാണ്‌ ചൂഷണവും പീഡനവും നടന്നിരുന്നത്‌ എന്ന ചരിത്രപാഠം ഒരു മതവിഭാഗത്തിലെ രാജാക്കന്‍മാര്‍ ഭൂരിപക്ഷ സമുദായത്തോട്‌ നീതികേട്‌ കാട്ടി എന്ന്‌ ലളിതവത്‌കരിക്കുകയാണ്‌ നാം ചെയ്യുന്നത്‌.


രാജ്യവിസ്‌തൃതി വര്‍ധിപ്പിക്കാന്‍ രാജാക്കന്‍മാര്‍ നടത്തിയ എല്ലാ ആക്രമണങ്ങളും കൊള്ളക്കും കൊള്ളിവെപ്പിനും കാരണമായിട്ടുണ്ട്‌. പക്ഷേ, ബാബറും ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങളെയും കൊള്ളകളെയും കുറിച്ചാണ്‌ നാം കൂടുതല്‍ പഠിക്കാറ്‌. അവര്‍ നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ചും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രത്തിലെ വീരനായകനായി മാത്രമേ മാര്‍ത്താണ്ഡവര്‍മ നമ്മുടെ മുന്നില്‍ അവതരിക്കാറുള്ളൂ. യുദ്ധത്തില്‍ എട്ടുവീട്ടില്‍ പിള്ളമാരെയും പത്മനാഭന്‍ തമ്പിയെയും കീഴടക്കി രാജ്യഭാരം പിടിച്ചെടുക്കുന്ന അദ്ദേഹം, പിള്ളമാരെ കഴുവേറ്റുകയും അവരുടെ കുടുംബങ്ങളിലെ സ്‌ത്രീകളെ തുറകയറ്റുകയും ചെയ്‌തുവെന്നതും ഒരു വീരോചിത പ്രവൃത്തിയായാണ്‌ അവതരിപ്പിക്കപ്പെടാറ്‌.


രാജ്യദ്രോഹക്കുറ്റം ചുമത്തി എട്ടുവീടരില്‍ അവേശേഷിച്ച പുരുഷന്‍മാരെ കഴുവേറ്റിയത്‌ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടേക്കാം. പക്ഷേ, നിസ്സഹരായ സ്‌ത്രീകളെ തുറകയറ്റിയതിനെയോ? സ്‌ത്രീകളെ അകാരണമായി ശിക്ഷിച്ചുവെന്നത്‌ മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. അവരെ മുക്കുവര്‍ക്ക്‌ കൈമാറാന്‍ തീരുമാനിക്കുമ്പോള്‍ മുക്കുവര്‍ അധഃകൃതരാണെന്ന ചിന്ത അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇത്തരത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ ചരിത്രം നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടാറില്ല. ബുദ്ധവിഹാരങ്ങള്‍ ആക്രമിച്ച്‌ ഭിക്ഷുക്കളുടെ തലയറുത്ത്‌ അധികാരം തിരിച്ചുപിടിച്ച സവര്‍ണസേനയെക്കുറിച്ച്‌ പരാമര്‍ശിക്കപ്പെടാറേയില്ല. പക്ഷേ, മലബാറിനെ ആക്രമിച്ചു കീഴടക്കിയ ടിപ്പു സുല്‍ത്താന്‍ അവിടെ ഭരണപരമായ പല നല്ലകാര്യങ്ങളും ചെയ്‌തുവെന്ന്‌ പറയുന്നതിന്റെ തൊട്ടുപിറകെ അദ്ദേഹത്തിന്റെ സേന ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും നിരവധി കുടുംബങ്ങളെ നിര്‍ബന്ധിച്ച്‌ മതം മാറ്റുകയും ചെയ്‌തുവെന്ന്‌ പറയാന്‍ മറക്കാറില്ല. വിദ്യാര്‍ഥികളെ സഹായിക്കാനായി പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പുകള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാവും.


ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന്‌ ആവര്‍ത്തിച്ച്‌ പറയുന്നവര്‍, അന്നത്തെ ക്ഷേത്രങ്ങള്‍ക്കു മേല്‍ ആര്‍ക്കായിരുന്നു അവകാശമെന്നോ സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും കേന്ദ്രങ്ങളായിരുന്നു അവയെന്നോ സൂചിപ്പിക്കാറില്ല. വേദം കേള്‍ക്കുന്ന താണജാതിക്കാരന്റെ ചെവിയില്‍ ഈയമുരുക്കിയൊഴിക്കണമെന്ന്‌ കല്‍പ്പിച്ചിരുന്ന സവര്‍ണരുടെ കൈകകളിലായിരുന്നു ക്ഷേത്രങ്ങള്‍. അവക്കു നേരെ നടന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ, കീഴാളന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടി ആയിരുന്നിരിക്കാം. പക്ഷേ, ചരിത്ര വ്യാഖ്യാനം ആ വഴിക്ക്‌ ചിന്തിക്കാറേയില്ല.


ഇത്‌ ചരിത്രം മാത്രമല്ല, വര്‍ത്തമാനം കൂടിയാണ്‌. കേരളത്തില്‍ നിന്ന്‌ മണിക്കൂറുകള്‍ മാത്രം സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തമിഴ്‌നാടിന്റെ ഗ്രാമങ്ങളില്‍ ഇപ്പോഴും ക്ഷേത്രങ്ങളില്‍ താണജാതിക്കാര്‍ക്ക്‌ പ്രവേശം നിഷിദ്ധമാണ്‌. ക്ഷേത്രപ്രവേശത്തിന്‌ ദളിതുകള്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ സംഘര്‍ഷമുണ്ടായ വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാറില്ലെന്ന്‌ മാത്രം. ക്ഷേത്രം പ്രവേശം മാത്രമല്ല ഇവിടെ നിഷേധിക്കപ്പെടുന്നത്‌. ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തുകൂടെ വഴി നടക്കാന്‍ താണജാതിക്കാരന്‌ ഇപ്പോഴും അവകാശം ലഭിക്കാത്ത സ്ഥലങ്ങളുണ്ട്‌. ചെറിയ ചായക്കടകളില്‍പ്പോലും ഉയര്‍ന്ന ജാതിക്കാരനും താഴ്‌ന്ന ജാതിക്കാരനും രണ്ട്‌ പാത്രത്തില്‍ വിളമ്പ്‌ പതിവുണ്ട്‌. ഹോട്ടലില്‍ താഴ്‌ന്ന ജാതിക്കാരെ ബഞ്ചിലിരിക്കാന്‍ അനുവദിക്കാത്ത സ്ഥലങ്ങളും കുറവല്ല. സാമൂഹ്യമായ അസമത്വത്തില്‍ മനംനൊന്ത്‌ മതം മാറുന്നവരുടെ എണ്ണം കുറവല്ല. കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രിസ്‌തീയരുടെ എണ്ണം വര്‍ധിച്ചതിന്‌ പിന്നില്‍ ഈ സാമൂഹ്യ വ്യവസ്ഥക്ക്‌ വലിയ പങ്കുണ്ട്‌.


ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ മതം മാറ്റാന്‍ ലൗ ജിഹാദ്‌ എന്ന പേരില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമായ ഇക്കാലത്ത്‌ `മുസ്‌ലിം പത്രങ്ങള്‍' എന്ന പ്രയോഗത്തിനും നേരത്തെ അധ്യാപകന്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും അര്‍ഥമേറുന്നു. ലൗ ജിഹാദ്‌ എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന്‌ ഡി ജി പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം മാധ്യമം, സിറാജ്‌ തുടങ്ങിയ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതേ വാര്‍ത്ത പ്രണയം നടിച്ച്‌ മതംമാറ്റാന്‍ സംഘടിത ശ്രമമെന്നതിന്‌ പ്രാധാന്യം നല്‍കി മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്യുമ്പോള്‍ മുസ്‌ലിം പത്രങ്ങള്‍ എന്ന പ്രചാരത്തിന്‌ ഏറെ അര്‍ഥതലങ്ങളുണ്ടാവും. ഒരു സമുദായത്തിന്റെ മേല്‍ നേരത്തെ തന്നെ സൃഷ്‌ടിക്കപ്പെട്ട സംശയത്തിന്റെ നിഴലിന്‌ കൂടുതല്‍ കനം വെക്കുമെന്ന്‌ അര്‍ഥം. ഇത്‌ ഒരു പരിപാടിയുടെ മാത്രം സംഭാവനയല്ല. മറിച്ച്‌ നമ്മുടെ മാധ്യമങ്ങള്‍, പൊതുമാധ്യമങ്ങളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവ പ്രത്യേകിച്ചും, സ്വീകരിച്ചുവരുന്ന നിലപാടുകളുടെ കൂടി സംഭാവനയാണ്‌.


ലവ്‌ ജിഹാദിന്റെ പേരില്‍ ആദ്യം പുറത്തുവന്നത്‌ അഷ്‌കര്‍ - സില്‍ജ സംഭവമായിരുന്നു. കര്‍ണാടകക്കാരി സില്‍ജ, കണ്ണൂര്‍കാരന്‍ അഷ്‌കറിനെ പ്രണയിച്ച്‌ ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു. ഇത്‌ സഫലമാവുന്നതിനായി മതം മാറിയിട്ടുണ്ടാവാം. പക്ഷേ, ഇത്‌ ലൗ ജിഹാദാണെന്ന്‌ ഹിന്ദു ഏകോപനസമിതി ആരോപിച്ചു. ഈ ആരോപണത്തെ അടിസ്ഥാനമാക്കി ചാനലുകളടക്കം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അഷ്‌കറിനും സില്‍ജക്കും പറയാനുള്ളത്‌ ആരെങ്കിലും കേട്ടോ എന്നത്‌ സംശയമണ്‌. കണിച്ചുകുളങ്ങരക്കേസില്‍ പ്രതിയാവുകയും ദീര്‍ഘകാലം ഒളിവില്‍ കഴിയുകയും ചെയ്‌ത സജിത്ത്‌ പോലീസിന്‌ കീഴടങ്ങും മുമ്പ്‌ രഹസ്യമായി അഭിമുഖം സംഘടിപ്പിച്ച്‌ അത്‌ ഒരു സെക്കന്റ്‌ പോലും എഡിറ്റ്‌ ചെയ്‌ത്‌ നീക്കാതെ പ്രക്ഷേപണം ചെയ്യാന്‍ താത്‌പര്യം കാട്ടിയ ചാനലുകള്‍ (റിപ്പോര്‍ട്ടര്‍മാര്‍) അഷ്‌കറിനെയും സില്‍ജയെയും കാണാന്‍ തയ്യാറാവാതിരുന്നത്‌ എന്തുകൊണ്ടാണാവോ?


വാര്‍ത്തകള്‍ വന്ന്‌ വിവാദം ശക്തമായപ്പോള്‍ അഷ്‌കറും സില്‍ജയും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു. കണിച്ചുകുളങ്ങരക്കേസിലെ പ്രതി സജിത്തിനെപ്പോലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും അത്‌ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്‌ത സന്തോഷ്‌ മാധവന്റെ അഭിമുഖം ചിത്രീകരിക്കാനും നമ്മുടെ ചാനലുകള്‍ മത്സരിച്ചിരുന്നുവെന്ന്‌ ഓര്‍ക്കുക.
ലൗ ജിഹാദിന്റെ ഭാഗമായി കര്‍ണാടകത്തിലെയും കേരളത്തിലെയും നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയിട്ടുണ്ടെന്നും അവരെ ഭീകരപ്രവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുകയാണെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്‌. ശ്രീരാമസേനയുടെ നേതാവ്‌ മുത്തലിക്ക്‌ മുതല്‍ എസ്‌ എന്‍ ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വരെയുള്ളവര്‍ ഇക്കാര്യം പറയുന്നു. ഇതിനെതിരെ ബോധവത്‌കരണം നടത്തുമെന്നും ഇരുവരും പ്രഖ്യാപിക്കുന്നുണ്ട്‌. മാധ്യമങ്ങളിലൂടെ ലൗ ജിഹാദ്‌ വലുതായതോടെയാണ്‌ ഇവര്‍ പ്രസ്‌താവനകളുമായി രംഗത്തുവരുന്നത്‌.


ഇതുപോലുള്ള കണക്കുകള്‍ മുമ്പും കേട്ടു പരിചയമുണ്ട്‌ നമുക്ക്‌. മലയാളികളായ നാല്‌ യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ ഭീകരവേട്ട കൊഴുക്കുന്ന സമയത്ത്‌ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലൊന്ന്‌ മുന്നൂറ്‌ മലയാളി യുവാക്കളെ കാശ്‌മീരിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തുവെന്നതായിരുന്നു. ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ അന്നും മാധ്യമങ്ങള്‍ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഏതായിരുന്നു ആ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ എന്ന്‌ തിരിച്ചുചോദിക്കേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍ കേരളത്തില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്യപ്പെട്ട മുന്നൂറു പേര്‍ക്ക്‌ എന്തു സംഭവിച്ചുവെന്ന്‌ കേന്ദ്ര, സംസ്ഥാന അന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തേണ്ടതല്ലേ?


ഭീകരപ്രവര്‍ത്തനം എന്ന വാക്കിനെ രാഷ്‌ട്രീയ താത്‌പര്യം മുന്‍നിര്‍ത്തി നമ്മുടെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത്‌ കണ്ടു. അബ്‌ദുന്നാസര്‍ മഅ്‌ദനിക്കെതിരായ ഒരു മൊഴി പ്രസിദ്ധീകരിക്കാതെ നമ്മുടെ മാധ്യമങ്ങള്‍ അന്ന്‌ പുറത്തിറങ്ങിയിരുന്നില്ല. തമിഴ്‌നാട്ടുകാരനായ മണി എന്ന യൂസുഫിന്റെ മുതല്‍ വിദേശത്തു നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ നാട്ടിലെത്തിച്ച സര്‍ഫറാസ്‌ നവാസിന്റെ വരെ മൊഴികള്‍ നമ്മുടെ മാധ്യമങ്ങളില്‍ അമ്മനമാടി. മൊഴിയുടെ പകര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്‌ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ മൊഴിപ്പകര്‍പ്പുകളുടെ ഒഴുക്കു നിലച്ചു. എന്തുകൊണ്ട്‌ എന്ന്‌ ആലോചിക്കേണ്ട ബാധ്യത നമുക്കില്ല. കാരണം നാം പഠിച്ച ചരിത്രം ഒരു രേഖയില്‍ മാത്രമുള്ളതാണ്‌. അറസ്റ്റിലാവുന്നവര്‍ പോലീസിന്‌ നല്‍കുന്ന മൊഴിക്ക്‌ കോടതിക്കു മുന്നില്‍ എന്ത്‌ നിയമസാധുതയുണ്ടെന്നതു പോലും കണക്കാക്കാതെ നാം വിചാരണകള്‍ നടത്തി സന്തോഷിച്ചു.


മംഗലാപുരം പോലീസ്‌ കഴിഞ്ഞ ദിവസം നടത്തിയ അറസ്റ്റ്‌ കൂടി പരിഗണിക്കുക. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ്‌ നല്‍കി പതിനെട്ട്‌ .യുവതികളെ കൊലപ്പെടുത്തിയ ആനന്ദ്‌ എന്ന മോഹന്‍ കുമാറിനെ അറസ്റ്റ്‌ ചെയ്‌തുവെന്നാണ്‌ പോലീസ്‌ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്‌. കൊല്ലപ്പെട്ട യുവതികളില്‍ അഞ്ചുപേര്‍ കാസര്‍കോട്ടുകാരാണെന്നും പോലീസ്‌ പറഞ്ഞു. എന്നിട്ടും കേരളത്തിലെ ഒരു വാര്‍ത്താചാനലിനും ഇത്‌ ബ്രേക്കിംഗ്‌ ന്യൂസായില്ല, ഫ്‌ളാഷ്‌ ന്യൂസ്‌ പോലുമായില്ല. കേരളത്തിലെ മുന്നൂറു പേരെ ഭീകരപ്രവര്‍ത്തനത്തിന്‌ റിക്രൂട്ട്‌ ചെയ്‌തുവെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകളോളം ബ്രേക്കിംഗ്‌ ന്യൂസ്‌ കൊടുത്ത ചാനലുകള്‍ക്ക്‌ പതിനെട്ടുപേരെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയത്‌ വാര്‍ത്തപോലും ആകാതിരുന്നതിന്റെ കാരണമെന്തായിരിക്കും.


അറസ്റ്റിലായത്‌ ഏതെങ്കിലും ഷഫീഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നെങ്കില്‍? എങ്കില്‍ വാര്‍ത്ത ബ്രേക്കിംഗ്‌ ന്യൂസാവുമായിരുന്നുവെന്ന്‌ ഉറപ്പ്‌. പരമ്പരക്കൊല ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവാകുമായിരുന്നു. മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണ്‌ ഇവരെ കൊലപ്പെടുത്തിയതെന്ന വ്യാഖ്യാനവും വരുമായിരുന്നു. ഷഫിഖോ അഹമ്മദോ ഷഹാബുദ്ദീനോ ആയിരുന്നുവെങ്കില്‍ വാര്‍ത്ത ചാനലുകള്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ആളുണ്ടാവുമായിരുന്നുവെന്നതിനാലാണ്‌ ബ്രേക്കിംഗ്‌ ന്യൂസാവുമായിരുന്നുവെന്ന്‌ ഉറപ്പിച്ചു പറയുന്നത്‌. പൊതുമാധ്യമങ്ങളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പത്രങ്ങളിലും ഇത്‌ വലിയ വാര്‍ത്തയായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.

2009-11-02

സുവര്‍ണക്ഷേത്രത്തില്‍ നിന്ന്‌ ദണ്ഡകാരണ്യയിലേക്ക്‌


1984 ജൂണ്‍ മൂന്നു മുതല്‍ ആറു വരെ നീണ്ടു നിന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. 1984 ഒക്‌ടോബര്‍ 31ന്‌ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനിയെ സിഖ്‌ വംശജരായ രണ്ട്‌ അംഗരക്ഷകര്‍ വെടിവെച്ചുകൊന്നു. 1984 നവംബര്‍ ഒന്നു മുതല്‍ പത്തുവരെ നീണ്ടു നിന്ന സിഖ്‌ വംശഹത്യ. തുടര്‍ന്ന്‌ പഞ്ചാബിലെ വിഘടനവാദം അടിച്ചമര്‍ത്താന്‍ പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച്‌ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളായിരുന്നു ഇവയെല്ലാം. ആദ്യം സ്വതന്ത്ര പഞ്ചാബും പിന്നീട്‌ സിഖുകാര്‍ക്കു മാത്രമായുള്ള ഖാലിസ്ഥാന്‍ രാഷ്‌ട്രവും ആവശ്യപ്പെട്ട്‌ നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കിപത്രമാണ്‌ ഈ സംഭവങ്ങളെല്ലാം എന്നാണ്‌ പൊതുവായ ധാരണ. ഇതില്‍ എത്രത്തോളം വസ്‌തുതയുണ്ടെന്ന്‌ അന്വേഷിക്കുന്നത്‌ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്‌. 25 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്‌ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.


സിഖുകാര്‍ തിങ്ങിപ്പാര്‍ക്കുകയും പഞ്ചാബി ഭാഷ സംസാരിക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത്‌ ഒരു സംസ്ഥാനം വേണമെന്ന ആവശ്യം സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഈ ആവശ്യം പ്രാവര്‍ത്തികമായത്‌ 1966ലാണ്‌. പഞ്ചാബ്‌ സംസ്ഥാനം നിലവില്‍ വന്നതോടെ സിഖ്‌ വംശജരുടെ രാഷ്‌ട്രീയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ അകാലികള്‍ സംഘടിച്ചു. 1920കളില്‍ അഴിമതിക്കാരായ പുരോഹിതരില്‍ നിന്ന്‌ ഗുരുദ്വാരകളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തനം തുടങ്ങിയ അകാലിദള്‍ രാഷ്‌ട്രീയ സംഘടനയായി മാറി. ഇത്‌ കോണ്‍ഗ്രസിന്‌ വലിയ വെല്ലുവിളിയാണ്‌ ഉയര്‍ത്തിയത്‌.


പഞ്ചാബിന്റെ അധികാരം നിലനിര്‍ത്തുന്നതിന്‌ കോണ്‍ഗ്രസ്‌ അന്ന്‌ സ്വീകരിച്ച തന്ത്രം സംസ്ഥാനത്തെ ഹിന്ദു വിഭാഗങ്ങളെ പ്രീണിപ്പിക്കുക എന്നതായിരുന്നു. അകാലിദള്‍ എന്നത്‌ സിഖുകാരുടെ മാത്രം പാര്‍ട്ടിയാണെന്നും അവര്‍ അധികാരത്തിലെത്തുന്നത്‌ ഹൈന്ദവര്‍ക്ക്‌ ഭീഷണിയാണെന്നും പ്രചരിപ്പിച്ചിരുന്നു. ലുധിയാന സ്വദേശിയായ ജഗ്‌ദീഷ്‌ ടാന്‍ഗ്രി രുപവത്‌കരിച്ച ഹിന്ദു ശിവ സേന, അമൃത്‌സറില്‍ സുരീന്ദര്‍ കുമാര്‍ ബില്ല രൂപവത്‌കരിച്ച സുരക്ഷാ സമിതി എന്നിവക്ക്‌ പരോക്ഷ പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്‌ തയ്യാറായതും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു.


അകാലികള്‍ പക്ഷേ, പഞ്ചാബിന്റെ ഭാവിയെ സംബന്ധിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുള്ളവരായിരുന്നുവെന്ന്‌ പിന്നീടുള്ള അവരുടെ നീക്കങ്ങളില്‍ നിന്ന്‌ വ്യക്തമായി. 1973ല്‍ അകാലിദള്‍ പ്രവര്‍ത്തക സമിതി പാസ്സാക്കിയ അനന്ത്‌പൂര്‍ സാഹിബ്‌ പ്രമേയം ഫെഡറല്‍ സമ്പ്രദായത്തെക്കുറിച്ചുള്ള അവരുടെ കാഴ്‌ചപ്പാട്‌ വ്യക്തമാക്കുന്നതായിരുന്നു. ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാനമായി തുടരുന്ന ചണ്ഡീഗഢ്‌ പഞ്ചാബില്‍ ലയിപ്പിക്കുക, പഞ്ചാബി സംസാരിക്കുന്ന പഞ്ചാബില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങള്‍ സംസ്ഥാനത്തിന്റെ ഭാഗമാക്കുക, ഇന്ത്യന്‍ സൈന്യത്തില്‍ സിഖുകാര്‍ക്ക്‌ കൂടുതല്‍ പങ്കാളിത്തം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രമേയം.


പ്രതിരോധം, വിദേശകാര്യം, പൊതു ആശയ വിനിമയം, നാണയം തുടങ്ങി ദേശീയ വിഷയങ്ങളില്‍ മാത്രമായി കേന്ദ്ര സര്‍ക്കാറിന്റെ അധികാരം പരിമിതപ്പെടുത്തണമെന്നും ബാക്കി അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക്‌ കൈമാറി ഫെഡറല്‍ ഭരണക്രമം കൂടുതല്‍ ശക്തമാക്കണമെന്നും അനന്ത്‌പൂര്‍ സാഹിബ്‌ പ്രമേയം ആവശ്യപ്പെട്ടിരുന്നു.


കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക്‌ കൈമാറണമെന്നും കേന്ദ്രത്തിന്‌ ലഭിക്കുന്ന നികുതിയുടെ അര്‍ഹമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക്‌ കൈമാറണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്‌. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു കൊണ്ടു മാത്രം രാജ്യത്തിന്റെ വികസനം സാധ്യമാവില്ലെന്ന്‌ അടുത്തിടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പ്രസ്‌താവിച്ചപ്പോഴും പുറത്തുവന്നത്‌ ഫെഡറല്‍ സമ്പ്രദായം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു. ഈ ആവശ്യങ്ങള്‍ 36 വര്‍ഷം മുമ്പ്‌ ഉന്നയിച്ചുവെന്നതാണ്‌ അകാലികള്‍ ചെയ്‌ത കുറ്റം.


രാജ്യത്ത്‌ ഭക്ഷ്യധാന്യങ്ങളുടെ ഉത്‌പാദനത്തില്‍ അന്നും മുമ്പന്തിയിലായിരുന്നു പഞ്ചാബ്‌. എന്നാല്‍ ഇതിന്‌ ആനുപാതികമായി മറ്റു മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. അതിന്റെ കൂടി പ്രതിഫലനമായിരുന്നു അനന്ത്‌പൂര്‍ സാഹിബ്‌ പ്രമേയം. ഈ രാഷ്‌ട്രീയ ആവശ്യങ്ങളോട്‌ ക്രിയാത്മകമായി പ്രതികരിക്കാനോ ചര്‍ച്ചകളിലൂടെ അഭിപ്രായ ഐക്യമുണ്ടാക്കി ന്യായമായ അവകാശങ്ങള്‍ അനുവദിക്കാനോ ആയിരുന്നില്ല പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിച്ചത്‌. അവര്‍ അകാലികളെ ഭിന്നിപ്പിക്കാനും അകാലികളും ഹിന്ദുക്കളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കാനുമാണ്‌ ശ്രമിച്ചത്‌. പിന്നീട്‌ ഇന്ദിരയുടെയും കോണ്‍ഗ്രസിന്റെയും ശത്രുവായി മാറിയ ജര്‍ണയില്‍ സിംഗ്‌ ഭിന്ദ്രന്‍വാലയെ അകാലി ദളിന്‌ ബദലായി വളര്‍ത്തിക്കൊണ്ടുവന്നതു പോലും കോണ്‍ഗ്രസായിരുന്നു.


തങ്ങളെ ഭിന്നിപ്പിക്കാനും പഞ്ചാബിന്റെ പൊതുവായ ആവശ്യങ്ങളെ തള്ളിക്കളയാനുമുള്ള കോണ്‍ഗ്രസ്‌ ശ്രമത്തിനെതിരെ അകാലികള്‍ പ്രക്ഷോഭം ശക്തമാക്കുന്ന കാഴ്‌ചയാണ്‌ അടിയന്തരാവസ്ഥക്ക്‌ ശേഷം കണ്ടത്‌. 1980ല്‍ ഇന്ദിരാ പ്രിയദര്‍ശിനി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഈ പ്രക്ഷോഭത്തിന്റെ മൂര്‍ച്ച കൂടി. പ്രക്ഷോഭങ്ങളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്‌ നടത്തിയ ശ്രമങ്ങള്‍ സിഖുകാരുടെ ആത്മാഭിമാനത്തിന്‌ മുറിവേല്‍പ്പിക്കുന്നതുമായിരുന്നു. 1982ല്‍ ഡല്‍ഹിയില്‍ പ്രകടനം നടത്താനുള്ള അകാലികളുടെ ശ്രമം ഹരിയാനയിലെ ഭജന്‍ലാല്‍ സര്‍ക്കാറിനെ ഉപയോഗിച്ച്‌ തടഞ്ഞത്‌ ഉദാഹരണമാണ്‌. പഞ്ചാബില്‍ നിന്ന്‌ ഡല്‍ഹിയിലേക്കുള്ള എല്ലാ വാഹനങ്ങളും ഹരിയാനയില്‍ വെച്ച്‌ തടഞ്ഞു. ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ ഹരിയാനയിലെ സ്റ്റേഷനുകളില്‍ തടഞ്ഞ്‌ സിഖ്‌ വംശജരെ മുഴുവന്‍ പുറത്താക്കി. പലേടത്തും സിഖുകാരെ പോലീസും അര്‍ധ സൈനികരും ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. 1982ല്‍ ഡല്‍ഹിയില്‍ ഏഷ്യാഡ്‌ നടന്നപ്പോഴും സിഖുകാര്‍ക്ക്‌ അയിത്തം കല്‍പ്പിച്ചു. അന്ന്‌ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സിഖ്‌ വംശജര്‍ക്ക്‌ അനുമതിയുണ്ടായിരുന്നില്ല. വ്യോമസേനയുടെ മുന്‍ മേധാവി അര്‍ജന്‍ സിംഗ്‌, ലഫ്‌റ്റനന്റ്‌ ജനറല്‍ ജഗ്‌ജിത്‌ സിംഗ്‌ അറോറ തുടങ്ങിയവര്‍ പോലും അപമാനിക്കപ്പെട്ടു.


രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാതെ തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരായെ പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ തങ്ങള്‍ കേന്ദ്ര സര്‍ക്കാറിനുള്ള കരം ഒടുക്കില്ലെന്ന്‌ 1984ല്‍ അകാലികള്‍ പ്രഖ്യാപിച്ചത്‌. പഞ്ചാബില്‍ നിന്ന്‌ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങളുടെ നീക്കം തടയുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇത്‌ തുറന്ന യുദ്ധപ്രഖ്യാപനം പോലെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്‌. ഇതിനിടെ രാജ്യത്തിന്‌ പുറത്തുള്ള ചില സിഖ്‌ നേതാക്കള്‍ ഖാലിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്‌ട്രം എന്ന ആശയം പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. ഇന്ത്യാ മഹാരാജ്യത്ത്‌ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട്‌ അപമാനിതരായ സിഖ്‌ യുവത ഈ ആശയത്തില്‍ പെട്ടെന്ന്‌ ആകൃഷ്‌ടരായതില്‍ കുറ്റം പറയാനാവുമോ? കോണ്‍ഗ്രസ്‌ വളര്‍ത്തിക്കൊണ്ടുവന്ന ജര്‍ണയില്‍ സിംഗ്‌ ഭിന്ദ്രന്‍വാല ഈ ആശയം ഏറ്റെടുക്കുകയും സുവര്‍ണ ക്ഷേത്രത്തില്‍ തമ്പടിച്ച്‌ കേന്ദ്ര സര്‍ക്കാറിനെതിരായ പോരാട്ടത്തിന്‌ അഹ്വാനം ചെയ്യുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ്‌ സുവര്‍ണക്ഷേത്രത്തിലേക്ക്‌ പട്ടാളത്തെ നിയോഗിച്ചത്‌.


രാഷ്‌ട്രീയമായ ആവശ്യത്തെ ആദ്യം വിഘടനവാദത്തിന്റെ കള്ളിയിലേക്കും പിന്നീട്‌ മതത്തിന്റെ കള്ളിയിലേക്കും ചേര്‍ത്തുവെക്കുന്നതില്‍ ഭരണകൂടം ഏതുവിധത്തില്‍ വിജയിച്ചുവെന്നതാണ്‌ അനന്ത്‌പൂര്‍ സാഹിബ്‌ പ്രമേയം മുതല്‍ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ വരെയുള്ള കാര്യങ്ങള്‍ തെളിയിക്കുന്നത്‌. അവഗണനയും അപമാനവും സഹിക്ക വയ്യെന്ന്‌ തോന്നിയ സിഖ്‌ യുവതയിലെ ഒരു വിഭാഗം ഭരണകൂടം ഒരുക്കിയ കെണിയില്‍ പൂര്‍ണമായും അകപ്പെട്ടതോയെ പട്ടാളത്തെ ഉപയോഗിച്ച്‌ അവരെ അടിച്ചമര്‍ത്തുന്നതിനുള്ള ന്യായങ്ങള്‍ സര്‍ക്കാറിന്‌ ലഭിക്കുകയും ചെയ്‌തു. ഓരോ അടിച്ചമര്‍ത്തലും ഇരകളുടെ പ്രതിഷേധത്തിനും തിരിച്ചടിക്കും കാരണമാവുമെന്നത്‌ അലംഘനീയമായ ചരിത്ര വസ്‌തുതയാണ്‌. ഇവിടെയും അത്‌ ആവര്‍ത്തിച്ചു. ഇന്ദിരാ പ്രിയദര്‍ശിനിയുടെ കൊലപാതകം, പഞ്ചാബില്‍ ശക്തമായ വിഘടനവാദം എല്ലാം ഇരകളുടെ പ്രതിഷേധത്തിന്റെയും തിരിച്ചടിയുടെയും ഫലങ്ങളായിരുന്നു.


വിഘടനവാദം ഇല്ലായ്‌മചെയ്‌തത്‌ തീര്‍ത്തും മനുഷ്യത്വ രഹിതമായിട്ടായിരുന്നു. വ്യാജ ഏറ്റമുട്ടലുകളുടെ പരമ്പര, പോലീസ്‌ പിടിച്ചുകൊണ്ടുപോയ ശേഷം കാണാതായ സിഖ്‌ യുവാക്കളുടെ നീണ്ട നിര എന്നിവയെല്ലാം അതിന്റെ ബാക്കിയായി. ഇന്ദിരയുടെ വധത്തിന്‌ ശേഷം നടന്ന സിഖ്‌ വംശഹത്യക്ക്‌ മാപ്പു ചോദിക്കുകയും ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ പക്ഷേ, വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊല ചെയ്യപ്പെട്ട നുറുകണക്കിന്‌ യുവാക്കളുടെ കാര്യത്തില്‍ മൗനം പാലിച്ചു. പോലീസോ, സൈന്യമോ പിടികൂടിയ ശേഷം കാണാതായ യുവാക്കളുടെ കാര്യത്തിലും ഒന്നും ചെയ്‌തില്ല. ചെയ്‌തതും ചെയ്യുന്നതും നീതിയാണെന്ന്‌ ഭരണകൂടത്തിന്‌ വാദിക്കാന്‍ കഴിയുമോ?


ശക്തമായ ഫെഡറല്‍ ഭരണക്രമം രാജ്യത്ത്‌ വേണമെന്ന മുഹമ്മദലി ജിന്നയുടെ ആവശ്യം അംഗികരിക്കാന്‍ ജവഹല്‍ ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭ്‌ ഭായ്‌ പട്ടേലും തയ്യാറായിരുന്നുവെങ്കില്‍ ഇന്ത്യാ വിഭജനം ഒഴിവാക്കാനാവുമായിരുന്നുവെന്ന വാദം ഇവിടെ ഓര്‍ക്കണം. ഫെഡറല്‍ ഭരണ സമ്പ്രദായം ശക്തമാക്കണമെന്ന വാദം തന്നെയാണ്‌ പിന്നീട്‌ അകാലികളും വാദിച്ചത്‌. ജിന്നയുടെ ആവശ്യം പാക്കിസ്ഥാനു വേണ്ടിയുള്ളസമ്മര്‍ദ തന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടതും അകാലികളുടെ ആവശ്യം വിഘടനവാദമായി ചിത്രീകരിക്കപ്പെട്ടതും ഒരേ പരമ്പരയിലെ നേതാക്കളായിരുന്നുവെന്നതും വസ്‌തുതയായി നിലനില്‍ക്കുന്നു. ഇപ്പോള്‍ ആ പാരമ്പര്യത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ്‌ 40,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശത്തുള്ള സി പി ഐ മാവോയിസ്റ്റുകളുടെ ആധിപത്യം തകര്‍ക്കാന്‍ ശക്തമായ നടപടി ആരംഭിക്കുന്നത്‌.


മാവോയിസ്റ്റുകള്‍ ശക്തമായ മേഖലകള്‍ പരിശോധിച്ചാല്‍ സ്വതന്ത്ര ഭരണത്തിന്റെ 62 വര്‍ഷത്തിന്‌ ശേഷവും ഗണനീയമാം വിധത്തില്‍ അവഗണിക്കപ്പെട്ട പ്രദേശങ്ങളാണിവയെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ആശയ വിനിയമം, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പോലും ദയനീയമാം വിധം പിന്തള്ളപ്പെട്ട മേഖലകള്‍. മണിപ്പൂരിലെയോ ഒറീസ്സയിലെയോ അസമിലെയോ ഉള്‍പ്രദേശങ്ങളില്‍ എന്തെങ്കിലും വാര്‍ത്താ പ്രധാന്യമുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ പോലും അത്‌ പുറത്തുവരാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടിവരുന്നുണ്ട്‌ ഇപ്പോഴും. വികസനത്തിലെ ( ഈ പദം ഉച്ചരിക്കുമ്പോള്‍ മനസ്സിലെത്തുന്ന ബിംബങ്ങളല്ല ഉദ്ദേശിക്കുന്നത്‌) ഭയാനകമായ അസംതുലിതാവസ്ഥക്ക്‌ ചെറിയ ഉദാഹരണം മാത്രമാണിത്‌.


വരുംകാലത്ത്‌ നന്ദന്‍ നിലേകനി നിശ്ചയിക്കുന്ന സവിശേഷമായ നമ്പറുകളാല്‍ രേഖപ്പെടുത്തുന്ന സാമൂഹ്യ, സാമ്പത്തിക അവസ്ഥ കണക്കിലെടുത്തായിരിക്കും ഈ മേഖലകളില്‍ സര്‍ക്കാര്‍ സഹായവും ആനുകൂല്യങ്ങളും എത്തുക എന്നത്‌ കൂടി ഓര്‍മിക്കുക. സബ്‌സിഡികള്‍ കുറക്കുകയും ഇറക്കുമതി തീരുവ ഇളവു ചെയ്യുകയും വേണമെന്ന അമേരിക്കയുടെയും ലോക ബേങ്കിന്റെയും നിര്‍ദേശങ്ങള്‍ നടപ്പാവുമ്പോള്‍ കഷ്‌ടതയനുഭവിക്കുന്നവരില്‍ ഇവര്‍ കൂടിയുണ്ടാവുമെന്നും ഓര്‍ക്കുക. ഇവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ്‌ മാവോയിസ്റ്റുകളുടെ സമരം. അതിനോട്‌ ഇത്രയും കാലം രാഷ്‌ട്രീയമായി പ്രതികരിക്കാന്‍ വിമുഖത കാട്ടിയവര്‍ ഇപ്പോള്‍ തോക്കുകള്‍ ഒരുക്കുന്നു. ചര്‍ച്ചകള്‍ക്കുള്ള അവസരം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നു. രാഷ്‌ട്രീയ ആവശ്യത്തെ ഭീകരതയുടെ കളത്തിലേക്ക്‌ നീക്കിവെച്ച്‌ സംഘടനക്ക്‌ നിരോധം ഏര്‍പ്പെടുത്തുന്നു. ചരിത്രം അതേപടി ആവര്‍ത്തിക്കില്ലെന്ന മഹദ്‌ വചനത്തില്‍ വിശ്വസിക്കുക. പുതിയ ന്യയീകരണങ്ങള്‍ക്ക്‌ കാതോര്‍ക്കുക. അല്ലെങ്കില്‍ നാളെ സംഭവിക്കാനിടയുള്ള മറ്റൊരു ചോരക്കളിയെക്കുറിച്ച്‌ ഭയക്കുക.