2009-11-19

വ്യാഘ്രങ്ങള്‍ക്കിടയിലെ ചെന്നായ


1996ല്‍ പിറന്ന ശിവസേന. 2006ല്‍ ജനിച്ച മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. മറാത്ത വികാരം ചൂഷണം ചെയ്‌തു നിലനില്‍ക്കാന്‍ ശ്രമിക്കുന്ന രണ്ടു സംഘടനകള്‍. ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി അബു ആസ്‌മിയെ നിയമസഭക്കുള്ളില്‍ വെച്ച്‌ മര്‍ദിച്ചു എം എന്‍ എസ്‌ അംഗങ്ങള്‍ മറാത്താ കൂറിന്റെ മാറ്റ്‌ തെളിയിക്കാന്‍ ശ്രമിച്ചു. എല്ലാ ഇന്ത്യക്കാരന്റെതുമാണ്‌ മുംബൈ എന്ന്‌ പറഞ്ഞതിന്‌ സച്ചിന്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ട്‌ ശിവസേനാ നേതാവ്‌ ബാല്‍ താക്കറെ തന്റെ അടിസ്ഥാന സിദ്ധാന്തത്തില്‍ മാറ്റമില്ല എന്ന്‌ മറാത്തക്കാരെയും രാജ്യത്തെയും ഓര്‍മിപ്പിക്കുന്നു. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ - എന്‍ സി പി സഖ്യം നില മെച്ചപ്പെടുത്തിക്കൊണ്ട്‌ അധികാരത്തിലെത്തിയതിന്റെ പിറകെയാണ്‌ ഈ രണ്ടു സംഭവങ്ങളും.


ശിവസേനക്കും എം എന്‍ എസ്സിനും ലഭിക്കുന്ന വോട്ടുകള്‍ ഒരേ കളത്തില്‍ നിന്നുള്ളതാണ്‌. അത്‌ കൂടുതല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ്‌ രണ്ട്‌ സംഭവങ്ങളുടെയും കാതല്‍. സ്റ്റേറ്റ്‌ ബേങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ക്ലര്‍ക്കുമാരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയില്‍ മറാത്തക്കാരെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന വാദവുമായി എം എന്‍ എസ്‌ നേതാവ്‌ രാജ്‌ താക്കറെ തന്റെ അജന്‍ഡ തുടരുമെന്ന വ്യക്തമായ സൂചനയും നല്‍കുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും അപ്രസക്തമാക്കി ആഗോളവത്‌കരണം വ്യാപിക്കുമ്പോഴും മറാത്തക്കാരുടെ മനസ്സില്‍ മണ്ണിന്റെ വികാരം ഉയര്‍ത്തി നിര്‍ത്താനും അത്‌ വോട്ട്‌ബേങ്കാക്കി രൂപാന്തരപ്പെടുത്താനും ഈ സംഘടനകള്‍ക്ക്‌ എങ്ങനെ സാധിക്കുന്നുവെന്നതാണ്‌ പ്രധാനം. രാജ്യത്തിന്റെ ഇതര ഭാഗത്തു നിന്ന്‌ എത്തുന്നവരെ കായികമായി നേരിടുന്നതു പോലും സംഘടിതശക്തി ഉപയോഗിച്ചു ന്യായീകരിക്കുന്ന സ്ഥിതി എങ്ങനെ വളരുന്നുവെന്നതും ചിന്തിക്കണം.


ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനം രൂപവത്‌കരിക്കുക എന്ന ആശയം ഉയരുകയും അതിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രാ പ്രദേശ്‌, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയവ നിലവില്‍ വരികയും ചെയ്‌തു. പിന്നെയും നാലു വര്‍ഷം കഴിഞ്ഞാണ്‌ മുംബൈ, കൊങ്കണ്‍, പടിഞ്ഞാറന്‍ മഹാരാഷ്‌ട്ര, വിദര്‍ഭ, മറാത്ത്‌വാഡ മേഖലകള്‍ ചേര്‍ത്ത്‌ മഹാരാഷ്‌ട്ര സംസ്ഥാനം നിലവില്‍ വരുന്നത്‌. 1955ല്‍ സംയുക്ത മഹാരാഷ്‌ട്ര സമിതി ആരംഭിച്ച പ്രക്ഷോഭത്തെ അന്നത്തെ മുംബൈ സ്റ്റേറ്റ്‌ ഭരണകൂടം ഏറെക്കുറെ കര്‍ശനമായിത്തന്നെയാണ്‌ നേരിട്ടത്‌. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നടന്ന പോലീസ്‌ വെടിവെപ്പിലും മറ്റുമായി 105 പേര്‍ മരിച്ചു. ഈ രക്തസാക്ഷിത്വത്തെക്കുറിച്ച്‌ ഓര്‍ക്കാത്തതുകൊണ്ടാണ്‌ മുംബൈ എല്ലാവരുടെതുമാണെന്ന്‌ സച്ചിന്‍ പറയുന്നത്‌ എന്നാണ്‌ ബാല്‍ താക്കറെ പറയുന്നത്‌.


ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപം കൊണ്ടതോടെ സംയുക്ത മഹാരാഷ്‌ട്ര സമിതിയുടെ പ്രസക്തി ഇല്ലാതായി. ഈ പ്രസ്ഥാനത്തില്‍ മുഖ്യ പങ്ക്‌ വഹിച്ചിരുന്ന കേശവ്‌ സീതാറാം താക്കറെയുടെ മകനും അക്കാലത്ത്‌ പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റുമായിരുന്ന ബാലസാഹേബ്‌ കേശവ്‌ താക്കറെ ആണ്‌ 1966 ജൂണ്‍ 19ന്‌ ശിവസേന രൂപവത്‌കരിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ മറാത്തക്കാര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല, മദ്രാസികളും (തെക്കേ ഇന്ത്യക്കാര്‍) വടക്കേ ഇന്ത്യക്കാരും (ഹിന്ദി മേഖലയിലുള്ളവരും) മറാത്തക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്‌ എന്നിവ പ്രചരിപ്പിച്ചുകൊണ്ടാണ്‌ ശിവസേനയുടെ രൂപവത്‌കരണത്തിലേക്കു താക്കറെ എത്തിച്ചേരുന്നത്‌.


1966 ഒക്‌ടോബര്‍ 30ന്‌ ബോംബെയിലെ ശിവാജി പാര്‍ക്കിലായിരുന്നു ശിവസേനയുടെ ആദ്യ പൊതുസമ്മേളനം. ഈ സമ്മേളനത്തില്‍ താക്കറെമാരുടെ പ്രകോപന പരമായ പ്രസംഗം കേട്ട്‌ `ആവേശ'ഭരിതരായ സേനാ പ്രവര്‍ത്തകര്‍ പുറത്തിറങ്ങി തെക്കേ ഇന്ത്യക്കാര്‍ നടത്തിയിരുന്ന കടകള്‍ ആക്രമിച്ചു, കൊള്ളയടിച്ചു. പല കടകളും തീവെച്ചു നശിപ്പിക്കുകയും ചെയ്‌തു. സേനയുടെ ആദ്യത്തെ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാമറാവു ആദിക്ക്‌ കൂടി പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ തെക്ക്‌, വടക്ക്‌ ഇന്ത്യക്കാര്‍ക്കാര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടര്‍ന്നു. വസന്തറാവു നായിക്കായിരുന്നു അന്നു മുഖ്യമന്ത്രി. ബാലസാഹേബ്‌ ദേശായി ആഭ്യന്തര മന്ത്രിയും. ഈ കോണ്‍ഗ്രസ്‌ നേതാക്കള്‍ ശിവസേനയുടെ അതിക്രമം തടയാന്‍ ഒന്നും ചെയ്‌തില്ല. ബാല്‍ താക്കറെക്ക്‌ വേണ്ട പിന്തുണ നല്‍കുകയും ചെയ്‌തു.


കോണ്‍ഗ്രസിന്‌ അന്ന്‌ ചില രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ കൂടി ഉണ്ടായിരുന്നു. ഇന്ത്യയില്‍ തന്നെ ശക്തമായ ട്രേഡ്‌ യൂനിയന്‍ പ്രസ്ഥാനം നിലനിന്നിരുന്ന സ്ഥലമായിരുന്നു അന്നത്തെ ബോംബെ. ട്രേഡ്‌ യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും. ഇവരുടെ വളര്‍ന്നുവരുന്ന സ്വാധീനം അവസാനിപ്പിക്കാന്‍ ബാല്‍ താക്കറെയെയും അദ്ദേഹത്തിനു കീഴിലുള്ള ചട്ടമ്പി സേനയെയും ഉപയോഗിക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. തൊഴിലാളി സംഘടനകളെ വെറുത്തിരുന്ന മുതലാളിമാര്‍ താക്കറെക്ക്‌ ആളും അര്‍ഥവും നല്‍കി സഹായിച്ചു. സേനാ നേതൃത്വം ഇക്കാലത്തിനിടെ അധോലോകവുമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ കൂടിയായപ്പോള്‍ ആക്രമണങ്ങള്‍ സര്‍വസാധാരണമായി.


1970ല്‍ സി പി ഐ നേതാവും സിറ്റിംഗ്‌ എം എല്‍ എയും ട്രേഡ്‌ യൂനിയന്‍ നേതാവുമായിരുന്ന കൃഷ്‌ണ ദേശായിയെ ശിവസേനാ പ്രവര്‍ത്തകര്‍ വധിച്ചതോടെ തൊഴിലാളി സംഘടനാ രംഗത്ത്‌ കമ്മ്യൂണിസ്റ്റ്‌ മേല്‍ക്കോയ്‌മക്ക്‌ ഇളക്കം തട്ടി. പത്തു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ പിന്തുണയോടെ നടത്തിയ അക്രമങ്ങളിലൂടെ സേന സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷം തൊഴിലാളികളെയും മറ്റും ഭയചകിതരാക്കി. ജീവനില്‍ കൊതിയുള്ളവരൊക്കെ ശിവസേനയുടെ തൊഴിലാളി സംഘടനയില്‍ അംഗങ്ങളായി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ശിവസേനക്ക്‌ അരു നില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. ഇക്കാലത്തിനിടെ ബോംബെയിലോ മഹാരാഷ്‌ട്രയിലോ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന അന്യ ദേശക്കാരായ വന്‍കിട മുതലാളിമാര്‍ക്കൊന്നും ശിവസേനയെക്കൊണ്ട്‌ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. ഉപജീവനം തേടി മുംബൈയിലെത്തുന്ന സാധാരണക്കാരോ തൊഴിലാളികളോ ചെറികിട കച്ചവടക്കാരോ മാത്രമായിരുന്നു സേനക്കാരുടെ മുഷ്‌ടിക്ക്‌ ഇരയായത്‌. മണ്ണിന്റെ മക്കള്‍ വാദം കൊണ്ട്‌ മഹാരാഷ്‌ട്രക്കാര്‍ക്ക്‌ പറയത്തക്ക ഗുണമുണ്ടായെന്നും കരുതാനാവില്ല. അങ്ങനെ ഗുണമുണ്ടായിരുന്നുവെങ്കില്‍ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യകളുടെ പരമ്പരയുണ്ടാവുമായിരുന്നില്ലല്ലോ.


മകനും (ഉദ്ധവ്‌ താക്കറെ) മരുമകനും (രാജ്‌ താക്കറെ) തമ്മിലുള്ള അധികാരത്തര്‍ക്കത്തിന്റെ ഫലമാണ്‌ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. ഈ സംഘടനയുടെ വേരുറപ്പിക്കാനായി രാജ്‌ താക്കറെ ആദ്യം ചെയ്‌തത്‌ ബീഹാറില്‍ നിന്നും മറ്റുമെത്തുന്ന തൊഴിലാളികള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ്‌. റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്റെ പരീക്ഷ എഴുതാനെത്തിയ വടക്കേ ഇന്ത്യക്കാര്‍ക്കെതിരെ എം എന്‍ എസ്സുകാര്‍ അക്രമം അഴിച്ചുവിട്ടു. ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ്‌ നേതാവായിരുന്ന വിലാസ്‌ റാവു ദേശ്‌മുഖായിരുന്നു മുഖ്യമന്ത്രി. എം എന്‍ എസ്സിനെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇപ്പോള്‍ ശത്രുപക്ഷത്തുള്ള ശിവസേനയുടെ വോട്ട്‌ പിളര്‍ത്തി അധികാരത്തിലേക്കുള്ള തങ്ങളുടെ പാത സുഗമമാക്കാന്‍ എം എന്‍ എസ്‌ വളരേണ്ടത്‌ ആവശ്യമാണെന്ന പഴുത്‌ കോണ്‍ഗ്രസ്‌ കണ്ടു.


ഇപ്പോള്‍ സഭക്കുള്ളില്‍ എം എല്‍ എയെ മര്‍ദിച്ചപ്പോള്‍ എം എന്‍ എസ്‌ പ്രതിനിധികളെ നാലു വര്‍ഷത്തേക്കു സസ്‌പെന്‍ഡ്‌ ചെയ്‌തു എന്നതുമാത്രമാണ്‌ നടപടിയുണ്ടായത്‌. ഹിന്ദിയില്‍ ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്‌താല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ്‌ നല്‍കിയ രാജ്‌ താക്കറെയാണ്‌ ഈ സംഭവത്തിന്‌ പ്രേരണ നല്‍കിയതെന്ന്‌ ഏവര്‍ക്കും അറിയാം. പക്ഷേ, രാജ്‌ താക്കറെക്കെതിരെയോ എം എന്‍ എസിനെതിരെയോ യാതൊരു നടപടിയും ഉണ്ടാവില്ല. ശിവസേനക്കു ബദലായി എം എന്‍ എസ്‌ ഉണ്ടാവേണ്ടത്‌ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും ആവശ്യമാണ്‌. പണ്ട്‌ ബാലിനെ വളര്‍ത്തിയവര്‍ ഇന്നു രാജിനെ വളര്‍ത്തുമ്പോള്‍ സംഘര്‍ഷ സാധ്യത ഏറെയാണ്‌. കാരണം മുന്‍ പറഞ്ഞതുതന്നെ - രണ്ട്‌ താക്കറെമാരുടെയും വളം മറാത്ത വികാരമാണ്‌. വ്യവസായികളും അധോലോകവുമായുള്ള ബന്ധമാണ്‌ ബലം. ഇതു നിലനിര്‍ത്താന്‍ ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കും.


അബു ആസ്‌മിയെ ആക്രമിച്ചതിലൂടെ മറാത്തയുടെ `അഭിമാനം' സംരക്ഷിച്ച രാജ്‌ വീണ്ടും നേട്ടമുണ്ടാക്കിയെന്ന്‌ ബാല്‍ താക്കറെയും ശിവസേനാ നേതൃത്വവും വിലയിരുത്തുന്നു. ഒറ്റക്കു മത്സരിച്ച്‌ നിയമസഭയില്‍ 13 സീറ്റ്‌ നേടിയതാണ്‌ എം എന്‍ എസ്സിന്റെ ആദ്യത്തെ നേട്ടം. സച്ചിന്റെ പ്രസ്‌താവനക്കെതിരെ രാജിന്‌ മുമ്പു രംഗത്തെത്തിയതിലൂടെ തന്റെ പഴയ നിലപാടില്‍ മാറ്റമില്ലെന്ന്‌ ഓര്‍മിപ്പിക്കുകയാണ്‌ ബാല്‍. വരും നാളുകളില്‍ ഈ പോര്‌ വര്‍ധിക്കാനാണ്‌ സാധ്യത. മഹാരാഷ്‌ട്ര നിയമസഭയേക്കാള്‍ പ്രധാനമാണ്‌ മുംബൈ മുനിസിപ്പാല്‍ കോര്‍പറേഷന്‍. അവിടെ മേല്‍ക്കൈ നേടുക എന്നത്‌ ശിവസേനക്കും എം എന്‍ എസ്സിനും ഒരു പോലെ നിര്‍ണായകമാണ്‌. എം എന്‍ എസ്‌ ശക്തമായ സാന്നിധ്യമായി നിലകൊണ്ടാല്‍ ഭരണം കോണ്‍ഗ്രസ്‌ - എന്‍ സി പി സഖ്യത്തിനു കൈപ്പിടിയില്‍ ഒതുക്കാം.


ഇത്‌ രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും മാത്രം കാര്യമല്ല, പണത്തിന്റെയും അധികാരത്തിന്റെയും കൂടിയാണ്‌. അതുകൊണ്ടുതന്നെ മഹാരാഷ്‌ട്ര നിയമസഭയിലെ അക്രമത്തെയും സച്ചിനെതിരായ താരതമ്യേന മൃദുവെന്ന്‌ തോന്നിപ്പിക്കുന്ന മുന്നറിയിപ്പിനെയും ലഘുവായി കാണാന്‍ കഴിയില്ല. നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ ലക്ഷ്യമിട്ടു പുറത്തും അകത്തുമുള്ളവര്‍ കരുനീക്കുമ്പോള്‍ പ്രത്യേകിച്ചും. ഭാഷ, വംശം, സംസ്‌കാരം എന്നിവയിലൊക്കെ വൈവിധ്യം നിലനിര്‍ത്തുകയും ഒരു രാജ്യമായി തുടരുകയും ചെയ്യുന്ന ജനതക്കു ഭരണകൂടം തുല്യാവസരം നിഷേധിക്കുന്നതിന്റെ കൂടി പ്രശ്‌നങ്ങള്‍ ഇവിടെ അന്തര്‍ലീനമായുണ്ട്‌. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യമുന്നയിച്ച്‌ പോറ്റി ശ്രീരാമുലു പ്രായോപവേശം ചെയ്‌തപ്പോഴാണ്‌ ആന്ധ്രാ പ്രദേശുണ്ടായത്‌. അതിനു ശേഷവും മറാത്തക്കാര്‍ക്കും പഞ്ചാബികള്‍ക്കുമൊക്കെ കാത്തിരിക്കേണ്ടിവന്നു, പ്രക്ഷോഭമുയര്‍ത്തേണ്ടിവന്നു.


ആ പ്രക്ഷോഭമുയര്‍ത്തിയ വൈകാരിക ഊര്‍ജം ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്‌. 105 പേരുടെ രക്തസാക്ഷിത്വം താക്കറെ ഓര്‍മിപ്പിക്കുന്നത്‌ അതുകൊണ്ടാണ്‌. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാവും രാസവളം മന്ത്രിയുമായ എം അഴഗിരിക്കു പാര്‍ലിമെന്റില്‍ തമിഴില്‍ മറുപടി നല്‍കാന്‍ അനുവാദമില്ല. അബു ആസ്‌മിക്കു മഹാരാഷ്‌ട്ര നിയമസഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശത്തെക്കുറിച്ചു വാദിക്കുന്നവര്‍ തന്നെയാണ്‌ അഴഗിരിക്കു മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുമതി നിഷേധിക്കുന്നത്‌. ജനാധിപത്യ സ്വയംഭരണത്തിന്റെ 62 വര്‍ഷത്തിനു ശേഷവും വിവേചനം തുടരുകയാണ്‌. ഇതു മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ ഭരണ നേതൃത്വം തന്നെ പിന്തുണക്കുന്നത്‌ കൗതുകകരമാണ്‌, ഒപ്പം സങ്കീര്‍ണവും

7 comments:

  1. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറ്രി നിരവധി പ്രശ്നങ്ങള്‍ മൂര്‍ച്ചിപ്പിച്ച് അവസാനം ബോറ്ഡ് മാറ്റുന്ന രീതി കോണ്‍ഗ്രസ്സ് മുമ്പേ കൊണ്ട് നടക്കുന്ന പരിപാടിയാണ്. താടി വടിക്കാതെ നടക്കുന്ന കാര്‍ട്ടൂണീസ്റ്റ് ഇനി അടുത്ത കലാപത്തിന് കോപ്പ് കൂട്ടുകയായിരിക്കും.

    ReplyDelete
  2. ബാൽ ഠാക്കറെ കായസ്ത എന്ന ശുദ്ര ജാതിക്കാരനാണ്.അതുകോണ്ടുതന്നെ അയാളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞാൽ കറിവേപ്പില പോലെ ബ്രാഹ്മണ്യശക്തികൾ അയാളെ തൊഴിച്ചുപുറത്താക്കും. രാജാണ് ഇനിയത്തെ താരം. അയാളെയും അവർ ഇങ്ങനെ ഉപയോഗിക്കും. ഹിന്ദുത്വശക്തികളിൽ ജനങ്ങൾ-വിശേഷിച്ച് മുസ്ലിങ്ങൾ- ഏറ്റവും വെറുക്കുന്ന നേതാക്കൾ മുഴുവൻ അബ്രാഹ്മണരാണെന്നതു ശ്രദ്ധേയമാണ്.ഠാക്കറെ,മോഡി,ഉമാഭാരതി.ആഡ്‌വാണി,തൊഗാഡിയ തുടങ്ങിയ തീവ്രവാദികൾ എല്ലാം പിന്നാക്കക്കാരോ ശുദ്രരൊ ആയിരിക്കും. ‘മിതവാദികൾ’ ആയവർ ബ്രാഹ്മണരും:വാജ്പേയി,സുഷമാ സ്വരാജ്,അരുൺ ജെയ്റ്റ്ലീ മുതൽ പേർ.യജമാനന്മാർക്കുവേണ്ടി കടിക്കയും കുരയ്ക്കയും ചെയ്യുന്ന കാവൽനായ്ക്കൾ ആണ് ബ്രാഹ്മണ ജാതി പാർട്ടിയിലെ(എല്ലാ പാർട്ടിയിലെയും) അബ്രാഹ്മണ നേതാക്കൾ.അതിനവർക്ക് എച്ചിൽക്കഷണങ്ങൾ കിട്ടും തീർച്ചയാ‍യും.അതു മതി ആ പട്ടികൾക്ക്.

    ReplyDelete
  3. അവസരവാദപരമായ നിലപാടുകളുടെ അനർത്ഥം മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന ഹ്രസ്വദ്ര്‌ഷ്ടികളായ രാഷ്ട്രീയക്കാർ ഇന്ത്യയുടെ ശാപം‌.
    സമൂഹമനസ്സാക്ഷിയുണർത്തുന്ന ഇത്തരം ലേഖനങ്ങൾക്ക് നന്ദി.

    ReplyDelete
  4. കൌശലകാരനായ ചെന്നായയാണ് എന്നും കോണ്ഗ്രസ് ,വ്യക്തമായ രാഷ്ടിയ നയമില്ലാത്തതാണു എന്നും അവരുടെ പ്രശ്നം ,അത് അവരുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതിലുംമുണ്ട് ,വിദേശരാജ്യങ്ങളോട് അമിത വിധേയത്വംമുള്ള പ്രധാന മന്ത്രി കഴിവുറ്റ നേതാക്കള്‍ ഇല്ലാത്തത് കൊണ്ട് വിദേശവനിതയെ അമരത്തിരുത്തി ഇവിടെ ജന മനസ്സുകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു അധികാരം അതാണ്‌ അവരുടെ ഭ്രാന്തു .കാലോചിതമായ ഈ ലേഖനത്തിന് ആത്മാര്‍ത്ഥമായ ആശംസകള്‍

    ReplyDelete
  5. BALTHAKARAY DUSHTA MUTHALALITHATHINDE ECHIL PATTIYANU AYALE MATHRAM NARCO TEST CHEYTHAL MATHI KARKKARE KOLLAPPEETA SAKALATHUM ARIYAM.

    ReplyDelete
  6. രാജീവ്, ലേഖനം തുടങ്ങുന്നത് ശിവസേന 1996 ല്‍ പിറന്നു എന്നു പറഞ്ഞുകൊണ്ടാണ്. അത് 1966 ല്‍ എന്നു തിരുത്തുമല്ലോ.

    ReplyDelete
  7. തിരുത്ത്‌

    അമിത്‌ ചൂണ്ടിക്കാട്ടിയത്‌ ശരിയാണ്‌. 1996 അല്ല 1966 ആണ്‌ ശിവസേന സ്ഥാപിച്ച വര്‍ഷം. തെറ്റ്‌ പറ്റിയതില്‍ ഖേദിക്കുന്നു. തിരുത്തിവായിക്കാന്‍ അപേക്ഷ

    ReplyDelete