തിരഞ്ഞെടുത്ത വിവരങ്ങള്‍ (സെലക്‌ടറ്റഡ് ഇന്‍ഫര്‍മേഷന്‍) സമര്‍ഥമായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു പോലീസ് - ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെക്കുറിച്ചുള്ള വിവരങ്ങള്‍ മുംബൈ പോലീസിനു മുമ്പാകെ സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറായ മകന്‍ രാഹുല്‍ ഭട്ട് പ്രതിസ്ഥാനത്തു നില്‍ക്കേണ്ടിവന്ന സാഹചര്യം സൃഷ്‌ടിച്ച ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് എഴുതിയ കത്തില്‍ പറയുന്നു. മാധ്യമങ്ങളെക്കുറിച്ച് മഹേഷ് ഭട്ട് പറയുന്നത് ഇങ്ങനെയാണ് - ``ടെലിവിഷനുകള്‍ ഓഫാക്കുക. പത്രങ്ങള്‍ വായിക്കാതിരിക്കുക. അത് മുഴുവന്‍ നുണയാണ്. നുണകള്‍ കൂടുതല്‍ നുണകള്‍! സത്യം വില്‍ക്കുന്നവര്‍ നുണപറയുന്ന യന്ത്രങ്ങളായിരിക്കുന്നു. സത്യം അന്വേഷിക്കാന്‍ തയ്യാറാവാത്ത ഒരു കൂട്ടരുമായി എങ്ങനെ ഇടപെടും?''
രോഷപ്രകടനത്തിന്റെ പിന്നാമ്പുറം: പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്‌കറെ ത്വയ്യിബ എന്ന ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കളുമായി ചേര്‍ന്ന് ഡെന്‍മാര്‍ക്കിലും ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിക്കപ്പെടുന്ന പാക് വംശജനായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ (ദൗദ് ഗിലാനി) അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ അറസ്റ്റ് ചെയ്യുന്നു. ഇയാളുടെ സഹായി എന്ന് കരുതപ്പെടുന്ന പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവുര്‍ ഹുസൈന്‍ റാണയെ പിന്നീട് അറസ്റ്റ് ചെയ്‌തു. ലശ്‌കര്‍ നേതാക്കളുമായി ഹെഡ്‌ലി നടത്തിയ ഇ മെയില്‍ ആശയവിനിമയങ്ങളില്‍ രാഹുല്‍ എന്നൊരാളെക്കുറിച്ച് പരാമര്‍ശിക്കുന്നതായി എഫ് ബി ഐ കണ്ടെത്തി. ഇത് രാഹുല്‍ ഗാന്ധിയാണെന്ന സംശയത്തില്‍ അന്വേഷണത്തിനായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ യും(റോ) ഇന്റലിജന്‍സ് ബ്യൂറോയുടെയും (ഐ ബി) ഉദ്യോഗസ്ഥര്‍ വാഷിംഗ്‌ടണിലെത്തി.
ഹെഡ്‌ലി പലതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്ന വിവരം എഫി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഹെഡ്‌ലിയുടെ ചിത്രം പുറത്തുവന്നു. ഇതിന് പിറകെ മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ട് മുംബൈ പോലീസ് കമ്മീഷണറെ സമീപിച്ച് ഹെഡ്‌ലിയെ തനിക്ക് പരിചയമുണ്ടായിരുന്നുവെന്നും താന്‍ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തില്‍ ഹെഡ്‌ലി വന്നിരുന്നുവെന്നും മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിക്ക് സമീപം വാടകക്ക് വീട് എടുത്തു നല്‍കാന്‍ കഴിയുമോ എന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തുന്നു. ജിംനേഷ്യം സന്ദര്‍ശിച്ച ബോളിവുഡിലെ ചില പ്രമുഖര്‍ക്ക് ഹെഡ്‌ലിയെ പരിചയപ്പെടുത്തിയിരുന്നുവെന്നും രാഹുല്‍ അറിയിച്ചു.
ഇതോടെ രാഹുല്‍ ഭട്ട് ഭീകരവാദിയോ ഭീകരസംഘടനകളുടെ സഹായിയോ ആയി. പോലീസിന്റെയും നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെയും (എന്‍ ഐ എ) അന്വേഷണം പൂര്‍ത്തിയാവും മുമ്പ് മുന്‍വിധികള്‍. തത്‌ക്കാലം ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്ന് ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കൃഷ്‌ണ പിള്ളയുടെ പ്രസ്‌താവനകൂടിയായതോടെ ഹെഡ്‌ലി - രാഹുല്‍ ബന്ധം നേരത്തെ വിശദീകരിച്ചതിന് അപ്പുറത്ത് ഗൂഢമാണെന്ന ധ്വനിയോടെ വാര്‍ത്തകള്‍ വന്നു. രാഹുല്‍ ഭട്ട് മാത്രമല്ല, മഹേഷ് ഭട്ടിനെക്കുറിച്ചു കൂടി സംശയങ്ങളുന്നയിച്ച് തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു. മഹേഷ് ഭട്ടിന്റെ പുതിയ ചിത്രത്തിന്റെ പ്രദര്‍ശനം ഗുജറാത്തില്‍ തടയപ്പെട്ടു.
മഹേഷ് ഭട്ടിനെ എന്‍ ഐ എ ചോദ്യം ചെയ്യണമെന്നും അത് ചെയ്‌തില്ലെങ്കില്‍ എന്താണ് തങ്ങള്‍ക്ക് ചെയ്യാനാവുക എന്ന് കാണിച്ചുതരാമെന്നും ഹിന്ദു രാഷ്‌ട്ര സേനയുടെ നേതാവ് ധനഞ്‌ജയ് ദേശായ് ഭീഷണി മുഴക്കുന്നു. ശ്രീരാം സേന, ഹിന്ദു സംഹതി, ഇന്ദു മക്കള്‍ കക്ഷി തുടങ്ങിയ പേരു കേട്ടതും കേള്‍ക്കാത്തതുമായ സംഘടനകളുടെ നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു ധനഞ്‌ജയ് ദേശായിയുടെ ഭീഷണി.
``മഹേഷ് ഭട്ടും സംഘവും മതേതരവാദികള്‍ എന്ന് അവകാശപ്പെട്ട് ഹിന്ദുക്കള്‍ക്കെതിരെ നിലപാടെടുത്തവരാണ്. അതുകൊണ്ട് അവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിലപ്പോള്‍ പോപ്പിന്റെ ക്ഷണം അവരെ തേടിയെത്തുന്നു. ഭീകരവാദത്തിന്റെ ആഘാതം ഏല്‍ക്കുമ്പോള്‍ നിരപരാധികളാണെന്ന് നിലവിളിക്കുകയാണ് അവര്‍'' - ശിവസേനയുടെ മുഖപത്രമായ സാംമ്‌നയുടെ മുഖപ്രസംഗം എഴുതുന്നു. ഹിന്ദി സിനിമാ സംവിധായകനും നിര്‍മാതാവുമായിരുന്ന നാനാഭായ് ഭട്ടെന്ന ബ്രാഹ്‌മണനാണ് മഹേഷ് ഭട്ടിന്റെ പിതാവ്. മാതാവ് മുസ്‌ലിമുമെന്നത് സന്ദര്‍ഭവശാല്‍ ഇവിടെ ഓര്‍മിപ്പിക്കേണ്ടിവരുന്നു.
ഈ കഥയില്‍ ഏറ്റവും പ്രധാനം ആദ്യം ഉപയോഗിച്ച രണ്ട് വാക്കുകളാണ് - തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍. ഇത്തരം വിവരങ്ങള്‍ ആസൂത്രിതമായി മാധ്യമങ്ങള്‍ക്ക് നല്‍കി നിഗൂഢത സൃഷ്‌ടിക്കാന്‍ ശ്രമം നടന്നുവെന്നാണ് മഹേഷ് ഭട്ട് ആരോപിക്കുന്നത്. ഇതുവരെ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്‌താല്‍ മഹേഷ് ഭട്ട് പറഞ്ഞത് ഏറെക്കുറെ ശരിയാണെന്ന് പറയേണ്ടിവരും. ഹെഡ്‌ലിയുടെ ചിത്രം പുറത്തുവന്നയുടന്‍ രാഹുല്‍ ഭട്ട് ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നു. ഹെഡ്‌ലിയുമായുണ്ടായിരുന്ന ബന്ധം രാഹുല്‍ വിവരിച്ചതുപോലെ തന്നെയാണോ എന്നത് പോലീസ് അന്വേഷിക്കുന്നു. ഈ വസ്‌തുതകള്‍ക്കപ്പുറത്ത് മറ്റൊന്നും പോലീസിന്റെയും മാധ്യമങ്ങളുടെയും പക്കലില്ല. എന്നിട്ടും നിറം പിടിപ്പിച്ച കഥകള്‍ ഉണ്ടാവുകയാണ്. രാഹുല്‍ ചാവേര്‍ ബോംബാകാന്‍ തയ്യാറെടുത്തയാളാണോ എന്ന തലക്കെട്ട് ആശ്ചര്യ ചിഹ്നമിട്ട് പ്രസിദ്ധീകരിക്കപ്പെടുന്നു. മഹേഷ് ഭട്ടിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ ശിവസേന, ബജ്‌രംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ നാളെ രംഗത്തിറങ്ങിയേക്കാം. ഹെഡ്‌ലിയുമായി സംസാരിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന മറ്റു ബോളിവുഡ് താരങ്ങള്‍ക്കും ഇതേ ഗതിയുണ്ടാവാം.
ഇത്തരം ആസൂത്രിത പ്രചാരണങ്ങള്‍ ഒരിടത്തു മാത്രം സംഭവിക്കുന്നതല്ല. ചിലര്‍ വര്‍ഗീയമായ വിഭജനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇതിന് മുന്‍കൈ എടുക്കുന്നു. മറ്റു ചിലര്‍ ഇത്തരക്കാരുടെ കൈയാളുകളായി (ബോധപൂര്‍വമാവണമെന്നില്ല) മാറുന്നു. കേരളത്തിലും കര്‍ണാടകത്തിലൂം ആളിപ്പടര്‍ന്ന ലൗ ജിഹാദ് ആരോപണം ഉദാഹരണമാണ്. കണ്ണൂര്‍ സ്വദേശി അഷ്‌കറും കര്‍ണാടകയിലെ ചാമരാജ് നഗര്‍ സ്വദേശി സില്‍ജയുമായിരുന്നു ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവുകളായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. അഷ്‌കറിനെ ഇഷ്‌ടപ്പെട്ട് സ്വന്തം തീരുമാനപ്രകാരം വിവാഹം ചെയ്‌തതാണെന്ന് സില്‍ജ രണ്ടാമതും മൊഴി നല്‍കിയതോടെ (രണ്ടാഴ്‌ച മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞതിന് ശേഷം) കര്‍ണാടക ഹൈക്കോടതി ഈ കേസില്‍ ലൗ ജിഹാദ് ആരോപണം തള്ളിക്കളഞ്ഞു.
അന്യമതക്കാരെ പ്രണയിച്ച് മതം മാറ്റി ഭീകര പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നതിന് ആസൂത്രിതമായ ശ്രമം സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് കര്‍ണാടക പോലീസ് ഹൈക്കോതിയെ അറിയിക്കുയും ചെയ്‌തു. ഇതേ നിലപാടാണ് കേരള പോലീസും സംസ്ഥാന ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ലൗ ജിഹാദ് നടക്കുന്നുണ്ടോ, അതിന് വിദശ ബന്ധമുണ്ടോ, വിദേശത്തു നിന്ന് പണം കിട്ടുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് കെ ടി ശങ്കരന്‍, സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നതായി കോടതി പറഞ്ഞിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്‌തു. ചുരുക്കത്തില്‍ കര്‍ണാടകത്തിലും കേരളത്തിലും ലൗ ജിഹാദ് എന്ന സംഭവം നടക്കുന്നതായി പോലീസിന്റെ പക്കല്‍ വിവരമില്ലെന്നാണ് രണ്ട് കോടതികളിലും നടന്ന നടപടികളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുക. അപ്പോള്‍ പിന്നെ ലൗ ജിഹാദിന് തെളിവായി മുമ്പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എവിടെ? തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങളുടെ ആസൂത്രിതമായ ചോര്‍ത്തി നല്‍കല്‍ എന്നത് ഇവിടെയും സജീവമാണെന്ന് ചുരുക്കം.
ലൗ ജിഹാദ് എന്ന ആസൂത്രിത പരിപാടി നടക്കുന്നതായി തെളിവില്ലെന്ന് പോലീസ് കോടതിയില്‍ ആവര്‍ത്തിക്കുമ്പോള്‍ നാലായിരം പെണ്‍കുട്ടികളെ മതം മാറ്റിയതിന് പോലീസ് കേസെടുത്തതിന്റെ കണക്കുമായി വന്ന (ജില്ലകള്‍ തിരിച്ചുള്ള കണക്കാണ് പ്രസിദ്ധീകരിച്ചത്) കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ പ്രസിദ്ധീകരണം `ജാഗ്രത' ചെയ്യേണ്ടത് എന്താണ്? തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ കോടതിയെ അറിയിക്കണം. അല്ലെങ്കില്‍ കേസില്‍ കക്ഷിചേര്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജിയെങ്കിലും നല്‍കണം. ഇതൊന്നും ചെയ്യാതിരിക്കുമ്പോള്‍ ബിഷപ്പുമാരുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന `ജാഗ്രത' വേണ്ടത്ര ജാഗ്രത കാട്ടാതെയാണ് പ്രവര്‍ത്തിച്ചത് എന്ന് പറയേണ്ടിവരും. `ജാഗ്രത' പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമല്ലെങ്കില്‍ സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിന് നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തെ ഭരണകൂടത്തിന് ബാധ്യതയുണ്ട്. കുറഞ്ഞപക്ഷം ജാഗ്രതക്ക് ഈ വിവരം എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കുകയെങ്കിലും വേണം. സമ്പന്ന ഈഴവ കുടുംബങ്ങളിലെ നിരവധി പെണ്‍കുട്ടികളെ ലൗ ജിഹാദികള്‍ കുരുക്കിയെന്ന് ആരോപിച്ച എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവരുടെ കാര്യത്തിലും ഇതൊക്കെ ബാധകമാണ്.
ഏറ്റവും ഒടുവില്‍ കണ്ടത് കളമശ്ശേരി ബസ്സുകത്തിക്കല്‍ കേസിലെ പ്രതികളെ മാറ്റി എന്നതാണ്. ഇതുവരെ മുഖ്യപ്രതിയായിരുന്നയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയ പോലീസ് തടിയന്റവിടെ നസീര്‍ എന്നയാളെ മുഖ്യ പ്രതിയാക്കിയിരിക്കുന്നു. വിശദമായ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തിയപ്പോള്‍ ഇത്രയും നാള്‍ കുറ്റമാരോപിക്കപ്പെട്ടിരുന്നയാളെ ഒഴിവാക്കുന്നു - അന്വേഷണത്തിന്റെ സ്വാഭാവിക നടപടി ക്രമം. പക്ഷേ, ഇത്രയും നാള്‍ മുഖ്യപ്രതിയാണെന്ന് പറഞ്ഞിരുന്നയാള്‍ പോലീസിന് നല്‍കിയ മൊഴികള്‍ ആധികാരികമാക്കി ഉയര്‍ത്തിക്കാട്ടി കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആഴവും പരപ്പും സമര്‍ഥിച്ചിരുന്നവര്‍ എന്ത് ന്യായീകരണമാണ് ഇനി നല്‍കുക. ഇനി അല്‍പ്പകാലം ഇപ്പോള്‍ പിടിയിലായ കണ്ണൂര്‍ സ്വദേശി നവാസിന്റെ മൊഴികളെ വിശ്വസിക്കൂ എന്നോ?
തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങളുടെ ആസൂത്രിതമായ ചോര്‍ത്തി നല്‍കല്‍ ഇവിടെയും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പിടിയിലാവുന്നവര്‍ പോലീസിന് നല്‍കുന്ന മൊഴി മുത്തുകള്‍ മാധ്യമങ്ങളുടെ ഇഷ്‌ട ഭോജ്യമായി മാറിയത്. ഇത്തരം ചോര്‍ത്തി നല്‍കലുകള്‍ക്ക് ആസൂത്രകരുണ്ടാവുമെന്നുറപ്പ്. അവരെ തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് മാധ്യമങ്ങള്‍ക്ക് പറ്റിയ വിഡ്‌ഢിത്തം. തെളിവുകള്‍ പരിഗണിച്ച്, സാക്ഷികളെ വിസ്‌തരിച്ച് കോടതി കുറ്റക്കാരനാണോ അല്ലയോ എന്ന് പറയും മുമ്പ് ഇവരെ കുറ്റവാളിയായി വിധിച്ചതില്‍ ചെറുതായെങ്കിലും ജാള്യം തോന്നേണ്ടതാണ്. അതുണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ടാണ് രാഹുല്‍ ഭട്ടിന്റെ കാര്യത്തില്‍ വലിയ വഞ്ചനയാണ് നടന്നതെന്ന തോന്നല്‍ മഹേഷ് ഭട്ടിനുണ്ടാവുന്നത്.
ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊബൈല്‍ ഫോണ്‍ മൂംബൈ പോലീസ് കണ്ടെടുത്തു. നിരവധി കോള്‍ ഗേളുകളെ ഹെഡ്‌ലി വിളിച്ചിട്ടുണ്ട് എന്നാണ് ഫോണ്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത്. ചുവന്ന തെരുവിലാവുമ്പോള്‍ വേശ്യയെന്ന് വിളിക്കപ്പെടുന്നവരുടെ അല്‍പ്പം പരിഷ്‌കരിച്ച പതിപ്പാണ് കോള്‍ ഗേള്‍. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയില്ലാതാവുമ്പോള്‍ ഈ വഴിയില്‍ എത്തിപ്പെടുന്നവര്‍. സമൂഹം പുച്ഛിക്കുന്നത് സഹിക്കാന്‍ കഴിയാത്തതുകൊണ്ട് വേഷത്തിലും ഭാവത്തിലും പരിഷ്‌കാരം വരുത്തി കോള്‍ ഗേളുകളായി മാറുന്നവര്‍. ഹെഡ്‌ലിയുമായി ബന്ധമുണ്ടായിരുന്ന സാഹചര്യത്തില്‍ ഇവരെക്കൂടി എന്‍ ഐ എ ചോദ്യം ചെയ്യണമെന്ന് ഹിന്ദു സംഘടനകള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. കോള്‍ ഗേള്‍ ചാവേറിനെ സൃഷ്‌ടിക്കാനോ അതിവേഗം പടരുന്ന ഏതെങ്കിലും ലൈംഗിക രോഗം കോള്‍ ഗേളുകള്‍ക്ക് സമ്മാനിച്ച് രാജ്യത്തെ അരോഗദൃഢഗാത്രരായ പുരുഷന്‍മാരെ മുച്ചൂടും ഇല്ലാതാക്കാനോ ഹെഡ്‌ലി ശ്രമിച്ചുവെന്ന് പ്രചരിപ്പിക്കാവുന്നതുമാണ്. തിരഞ്ഞെടുത്ത വിവരങ്ങള്‍ ആസൂത്രിതമായി ചോര്‍ത്തി നല്‍കിയാല്‍ മാത്രം മതിയാവും.
അഭിവാദ്യങ്ങള്‍
ReplyDeleteരാജീവ്.
അഭിവാദ്യങ്ങള്‍
ReplyDeleteരാജീവ്.
ലവ്ജിഹാദ് എന്ന അസംബന്ധവും ഭീകര-തീവ്രവാദ ബന്ധവും ആരോപിച്ചും മുസ്ലിംങ്ങളേയും അവരുമായി ബന്ധപ്പെടുന്നവരേയും എത്ര ആസൂത്രിതമായാണ് ഭരണകൂടങ്ങളും പോലീസും വേട്ടയാടുന്നതെന്ന്ചിത്രീകരിക്കുന്ന ഈ ബ്ലോഗിന് അഭിനന്ദനങ്ങള്‍ !! മാധ്യപ്രവര്‍ത്തകര്‍ പോലീസിന്റെ കൈയിലെ ഉപകരണങ്ങളാകുന്നതും പോലീസിന്റെ ഉച്ചഭാഷിണിയാകുന്നതും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട പ്രതികള്‍ക്കെതിരെ ജനകീയഭിപ്രായം സ്വരൂപിക്കുന്നതിനും മൃഗീയമായി വേട്ടയാടുന്നതിനും മാധ്യങ്ങള്‍ സഹായിച്ചു കൊണ്ടിരിക്കുന്നു.
ReplyDelete(താങ്കളുടെ ബ്ലോഗ്ഗിന്റെ ടെമ്പ്ലേറ്റ് വിഷയവും കമന്റുകളും ഒരുമിച്ചു വായിക്കാന്‍ പറ്റുന്ന തരത്തിലാക്കി മാറ്റുന്നത് നന്നായിരിക്കും. കൂടാതെ ഇപ്പോള്‍ വരികള്‍ തമ്മില്‍ ഗ്യാപ്പില്ലാതെ കൂട്ടി മുട്ടുന്നു.)
രാജീവ്,
ReplyDeleteകാര്യങ്ങള്‍ സമചിത്തതയോടെ കാണാന്‍ ശ്രമിക്കുന്ന ചിലരെങ്കിലുമുണ്ടെന്നറിയുന്നത് എത്ര ആശ്വാസപ്രദമാണ്! ഇതേ കാര്യം തന്നെയാണു ഞാന്‍ എന്റെ ബ്ളോഗിലൂടെ പറയാന്‍ ശ്രമിക്കുന്നതും പറഞ്ഞുകൊണ്ടിരിക്കുന്നതും . പക്ഷേ, ഇവിടെ 'തെരഞ്ഞെടുത്ത വിവരങ്ങള്‍' ചോര്‍ത്തിനല്കുന്നവര്‍ക്കു മാത്രമേ ഗൂഡ ഉദ്ദേശങ്ങളുള്ളോ അതോ അതു പ്രസിദ്ധീകരിക്കുന്നവര്‍ക്കും ഉണ്ടോ എന്നതും ചിന്താവിഷയമാണ്.
http://pulchaadi.blogspot.com/
മാധ്യമങ്ങളുടെ ഈ ഭ്രാന്തിന് ഒരു രീതിയുണ്ട്. മഹേഷ് ഭട്ടിന്റെ അമ്മ മുസ്ലിം ആണെന്നത് അതീവ ശ്രദ്ധേയമായ സംഗതിയാണ്.സഞ്ജയ് ദത്തിന്റെ അമ്മയും മുസ്ലിം ആയിരുന്നല്ലോ!ലൌ ജിഹാദ് കഴിഞ്ഞപ്പോളേക്കും ഹെഡ്ലി-റാണ വിഷയങ്ങളും കളമശേരി ബസ് കത്തിക്കലും വന്നു. എപ്പോഴും മുസ്ലിങ്ങൾ തീവ്രവാദികളും ഭീകരരും ആണെന്ന ധാരണ അരക്കിട്ടുറപ്പിക്കാവുന്ന വാർത്തകൾ കുക്കു ചെയ്തുകൊണ്ടിരിക്കും ഭരണകൂടവും മാധ്യമങ്ങളും. രാജീവിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ കൂരിരുട്ടിലെ മിന്നാമ്മിനുങ്ങുവെട്ടമാണ്.
ReplyDeleteaattin thole anicha chennayagalkidayil oru manushyan! nigalude blog vazikkubol oru ashwasam mannue thanks thanks brother
ReplyDeleteഅപ്പോള്‍ പിന്നെ ലൗ ജിഹാദിന് തെളിവായി മുമ്പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എവിടെ?
ReplyDeleteഅതെ.... അതാണ് ചോദ്യം .ഇവിടെ അറിയാനുള്ള ജനത്തിന്‍റെ അവകാശത്തെ ആരാണ് തുരങ്കം വെക്കുന്നത്. മാധ്യമങ്ങള്‍ എന്തുകൊണ്ട് സത്യാന്വേഷികള്‍ ആകുന്നില്ല. എന്നിനു ഒരു ഹിഡന്‍ അജണ്ട കാത്തു സുക്ഷിക്കണം
.എന്താണ് അവര്‍ ഉദ്യേശിക്കുന്നത് .ഇവടെ മാധ്യമ മേഘലയില്‍ സമൂലമായ ഒരു പരിവര്‍ത്തനം ആവിശ്യമാണ്
കഷ്ടം!
ReplyDeleteഈ ബുജിക്ക് വിഷയം രാഹുല്‍ ഭട്ട് ആരോപണ വിധേയന്‍ ആയതാണ്.
വിദേശത്ത് നിന്ന് ഒരാള്‍ വന്നു ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചതും, റിക്രുറ്റ്മെന്റ് നടത്തിയതും അല്ല.
സഖാവെ, മഹേഷ് ഭട്ട് പറയുന്ന രീതിയില്‍ നീതി നടപ്പാക്കാന്‍ പറ്റുമോ?
ശിവസേന അല്ലാലോ, കോണ്‍ഗ്രസ് അല്ലെ മഹാരാഷ്ട്രയും ഇന്ത്യയും ഭരിക്കുന്നത്.
ചിദംബരം ഒരു ശുദ്ധ ബ്രാഹ്മണനും.
സഞ്ജയ് ദത്ത് പിടിയിലായ കാര്യത്തെ പറ്റി എന്ത് പറയുന്നു.
രാഹുലന്‍ ചുമ്മാ പോയി മൊഴി കൊടുത്തു എന്ന് പറയല്ലേ..
പിടിയിലാകും എന്ന് മനസിലയപോ പോയതാ, അല്ലിയോ?
കുറച്ചു നാള്‍ ചോദ്യം ചെയ്തോട്ടെ.
ജിമ്മില്‍ വന്ന തൊലി വെളുത്ത സായിപ്പിനോട് ബന്ധം ഒന്നും ഇല്ല എങ്കില്‍ എന്തിനാ സായിപ്പ് ചുമ്മാ രാഹുല്‍, രാഹുല്‍ എന്ന് ഫോണില്‍ പറഞ്ഞിരുന്നെ????
അപ്പൊ വിഷയം വേറെ ഒന്നുമല്ല. ന്യുന പക്ഷ സംരക്ഷകന്റെ മുഖം മൂടി എടുത്തിടണം. അതിനു മഹേഷ് ബട്ട് ന്റെ അമ്മേടെ ജാതി വരെ തപ്പി പോകും, ,,,,,,,,,,,,പിന്നെ അല്ലെ ജിഹാദ്.
"...ചിദംബരം ഒരു ശുദ്ധ ബ്രാഹ്മണനും.."
ReplyDeleteആ 'പാവം' ചെട്ടിയാരെ പിടിച്ചു പൂണൂലിടീച്ചാലേ പറയുന്നതിനു ഒരു ഗുമ്മു വരൂ അല്ലെ. ഇങ്ങനെയൊന്നും വല്യ കാര്യങ്ങള്‍ വിവരിക്കല്ലേ !!