2011-02-24

വേട്ടക്കാര്‍ക്ക്‌ മുന്‍വിധിയുണ്ടാവും



കുറ്റക്കാരെന്ന്‌ ആരോപിച്ച്‌ ഒമ്പത്‌ വര്‍ഷത്തോളം തടവിലിട്ട 63 പേരെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ്‌ ഗോധ്ര സംഭവത്തില്‍ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചത്‌. ആരോപണവിധേയരായ 31 പേര്‍ കുറ്റക്കാരാണെന്നും കണ്ടെത്തി. കുറ്റവിമുക്തരാക്കപ്പെട്ടവര്‍ നിരവധി വര്‍ഷം തടവില്‍ കഴിയേണ്ടിവന്നതിന്‌ എന്ത്‌ നഷ്‌ടപരിഹാരം എന്ന ചോദ്യം മറ്റ്‌ പല കേസുകളിലേതുമെന്നപോലെ ഇവിടെയും ഉയരുന്നു. പല കേസുകളിലും ഈ പ്രശ്‌നം ഉയര്‍ന്നുവെങ്കിലും യുക്തമായ ഒരു പരിഹാര നിര്‍ദേശം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഗോധ്ര കേസില്‍ കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ കോടതി വെറുതെവിട്ടവര്‍ക്ക്‌ നഷ്‌ടപരിഹാരമൊന്നും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
അയോധ്യയില്‍ നിന്ന്‌ അഹമ്മദാബാദിലേക്ക്‌ വരികയായിരുന്ന സബര്‍മതി എക്‌സ്‌പ്രസിന്റെ ആറാം നമ്പര്‍ കോച്ചിന്‌ തീവെച്ച്‌ 59 പേരെ കൊലപ്പെടുത്തിയെന്ന കേസിലാണ്‌ 31 പേര്‍ കുറ്റക്കാരെന്ന്‌ പ്രത്യേക കോടതി കണ്ടെത്തിയത്‌. 



കോടതിയുടെ തീരുമാനത്തെക്കുറിച്ച്‌ ശ്രദ്ധേയമായ പ്രതികരണമുണ്ടായത്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജെ എം പഞ്ചലിന്റെ ഭാഗത്തുനിന്നാണ്‌. ഇത്രയും പേര്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ കോടതി വിധിയില്‍ തൃപ്‌തനാണോ എന്ന ചോദ്യത്തിന്‌ കോടതിയുടെ കണ്ടെത്തലില്‍ തൃപ്‌തിയോ അതൃപ്‌തിയോ തോന്നേണ്ട കാര്യമില്ലെന്നായിരുന്നു പഞ്ചലിന്റെ മറുപടി. കോടതി ഉത്തരവ്‌ അംഗീകരിക്കുകയാണ്‌ വേണ്ടതെന്നും പഞ്ചല്‍ പറഞ്ഞു. 63 പേരെ കുറ്റവിമുക്തരാക്കിയ സാഹചര്യം വിധിപ്പകര്‍പ്പ്‌ പരിശോധിച്ച്‌ മനസ്സിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക്‌ പ്രോസിക്യൂട്ടറാണെന്നത്‌ കൂടി കണക്കിലെടുക്കുമ്പോഴാണ്‌ പഞ്ചലിന്റെ പ്രതികരണത്തിലെ പക്വത ശ്രദ്ധേയമാകുന്നത്‌. 


മുംബൈ ഭീകരാക്രമണക്കേസില്‍ അജ്‌മല്‍ കസബിന്റെ വധശിക്ഷ ശരിവെച്ച്‌ ബോംബെ ഹൈക്കോടതിയുടെ വിധിയും കഴിഞ്ഞ ദിവസം വന്നിരുന്നു. ആക്രമണം നടത്താന്‍ സഹായിച്ചുവെന്ന്‌ ആരോപിക്കപ്പെട്ട ഫഹീം അന്‍സാരി, സബാഹുദ്ദീന്‍ അഹമ്മദ്‌ എന്നിവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ വിധി ബോംബെ ഹൈക്കോടതി ശരിവെക്കുകയും ചെയ്‌തു. വിധി പുറത്തുവന്നയുടന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നികമിന്റെ പ്രതികരണമുണ്ടായി. ഫഹീം അന്‍സാരിക്കും സബാഹുദ്ദീന്‍ അഹമ്മദിനുമെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വേണ്ടവിധത്തില്‍ കോടതി കണക്കിലെടുത്തില്ലെന്നും വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും നികം പറഞ്ഞു. ഇവരെ കുറ്റവിമുക്തരാക്കിയത്‌ ശരിവെക്കാന്‍ ബോംബെ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ വിധിപ്പകര്‍പ്പ്‌ പരിശോധിച്ച്‌ കണ്ടെത്താനൊന്നും നികം മിനക്കെടുന്നില്ല. ഫഹീം അന്‍സാരിയെയും സബാഹുദ്ദീന്‍ അഹമ്മദിനെയും ഏത്‌ വിധേനയും ശിക്ഷിപ്പിക്കുക എന്നത്‌ അനിവാര്യമാണെന്ന നിലപാടിലാണ്‌ ഇവിടെ പ്രോസിക്യൂട്ടര്‍. ഇതൊരു തരം വേട്ടയാടലിന്റെ ഭാഗമാണ്‌. 


ഇതേ വേട്ട ഗുജറാത്ത്‌ പോലീസ്‌ നടത്തിയതിന്റെ ഫലമാണ്‌ 63 പേരുടെ വര്‍ഷങ്ങള്‍ നീണ്ട വിചാരണത്തടവ്‌. ഗോധ്ര തീവെപ്പിലെ മുഖ്യ സൂത്രധാരനെന്ന്‌ ആദ്യം ഗുജറാത്ത്‌ പോലീസും പിന്നീട്‌ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (സി ബി ഐയുടെ മുന്‍ ഡയറക്‌ടര്‍ ആര്‍ കെ രാഘവന്‍ നേതൃത്വം നല്‍കുന്ന സംഘം) ആരോപിച്ചത്‌ മൗലവി ഉമര്‍ജിയെയായിരുന്നു. ഇദ്ദേഹത്തിനെതിരെ യാതൊരു തെളിവുമില്ലെന്ന്‌ പ്രത്യേക കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പിന്നെ എന്തുകൊണ്ടാണ്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന്‌ ആരോപിച്ചത്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ടതല്ലേ? മനഃപൂര്‍വം കേസില്‍ കുടുക്കിയിട്ടുണ്ടെങ്കില്‍ അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടേണ്ടതുമല്ലേ? 


സംഭവം നടന്നതിന്‌ സമീപത്തെ മുസ്‌ലിം പള്ളിയിലെ ലൗഡ്‌ സ്‌പീക്കറുപയോഗിച്ച്‌ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന്‌ പോലീസ്‌ ആരോപിച്ചിരുന്നു. അത്‌ ശരിയല്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. മൗലാന അബ്‌ദുല്ല അബ്‌ദുല്ല എന്നയാളാണ്‌ പള്ളിയിലെ ലൗഡ്‌ സ്‌പീക്കറിലൂടെ സംസാരിച്ചതെന്നും പോലീസ്‌ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം നടന്ന 2002 ഫെബ്രുവരി 27ന്‌ അബ്‌ദുല്ല അബ്‌ദുല്ല വിദേശത്തായിരുന്നുവെന്ന്‌ പിന്നീട്‌ തെളിയിക്കപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്‌ വെറുതെയല്ല. സബര്‍മതി എക്‌സ്‌പ്രസ്സില്‍ സഞ്ചരിച്ചിരുന്ന കര്‍സേവകരെ ആക്രമിച്ച്‌ കൂട്ടക്കൊല ചെയ്യാന്‍ മുസ്‌ലിംകള്‍ സംഘടിതമായി ശ്രമിച്ചുവെന്ന്‌ വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. സബര്‍മതി എക്‌സ്‌പ്രസില്‍ കൊല്ലപ്പെട്ടവരെല്ലാം കര്‍സേവകരാണെന്നാണ്‌ പൊതുവില്‍ പ്രചരിപ്പിക്കപ്പെടുന്നത്‌. സ്‌ത്രീകളും കുട്ടികളുമടക്കം 59 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇവരില്‍ അയോധ്യയില്‍ നിന്ന്‌ മടങ്ങുകയായിരുന്ന കര്‍സേവകരുമുണ്ടായിട്ടുണ്ടാകും. സ്‌ത്രീകള്‍ കര്‍സേവികമാരായിരുന്നുവെന്ന്‌ വിശ്വസിക്കുക. കുട്ടികളോ? കൊല്ലപ്പെട്ടവരെ മുഴുവന്‍ കര്‍സേവകരാക്കി മാറ്റുന്നതും ആക്രമണം നടത്താന്‍ മുസ്‌ലിം പള്ളിയിലെ ലൗഡ്‌ സ്‌പീക്കറിലൂടെ ആഹ്വാനം നല്‍കിയെന്ന്‌ കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തതും തീവ്ര ഹിന്ദുത്വ രാഷ്‌ട്രീയത്തിന്‌ ബലമേകാന്‍ മാത്രമാണെന്ന്‌ കരുതേണ്ടിവരും.

സബര്‍മതി എക്‌സ്‌പ്രസിന്‌ നേര്‍ക്കുണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന്‌ പ്രത്യേക കോടതി വ്യക്തമാക്കുന്നുണ്ട്‌. 2002 ഫെബ്രുവരി 26ന്‌ നടന്ന ഗൂഢാലോചനയില്‍ സലീം പാന്‍വാല അടക്കം നാല്‌ പേര്‍ പങ്കെടുത്തുവെന്നാണ്‌ കോടതി പറയുന്നത്‌. ഗൂഢാലോചനയെക്കുറിച്ചും തുടര്‍ന്ന്‌ നടക്കാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ചും അറിയാമായിരുന്നുവെന്ന്‌ ജാബിര്‍ ബെഹ്‌റ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്‌. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ ഗുഢാലോചന നടന്നുവെന്ന്‌ കോടതി സ്ഥിരീകരിക്കുന്നത്‌. ഈ കേസില്‍ പോട്ട (പ്രിവന്‍ഷന്‍ ഓഫ്‌ ടെററിസം ആക്‌ട്‌) നേരത്തെ ചുമത്തിയിരുന്നു. പുനരവലോകന സമിതിയുടെ ശിപാര്‍ശ അംഗീകരിച്ച്‌ പോട്ട പ്രകാരം കുറ്റം ചുമത്തുന്നത്‌ ഗുജറാത്ത്‌ ഹൈക്കോടതി പിന്നീട്‌ റദ്ദാക്കി. പോട്ട പ്രകാരം ജാബിര്‍ ബെഹ്‌റ നല്‍കിയ മൊഴിയാണ്‌ കോടതി സ്വീകരിച്ചിരിക്കുന്നത്‌. പോട്ട അനുസരിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ നല്‍കുന്ന കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കാം. ഇത്തരമൊരു കേസില്‍ ഗുജറാത്ത്‌ പോലീസിലെ ഉദ്യോഗസ്ഥര്‍ ഏത്‌ വിധത്തിലാകും കുറ്റസമ്മത മൊഴി സമ്പാദിച്ചിട്ടുണ്ടാകുക എന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ. പോട്ട പിന്നീട്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. നിലവിലില്ലാത്ത നിയമമനുസരിച്ച്‌ എടുത്ത മൊഴി എങ്ങനെയാണ്‌ കോടതി തെളിവായി സ്വീകരിക്കുക എന്ന ചോദ്യം അപ്പീല്‍ വേളയിലും മറ്റും ഉന്നയിക്കപ്പെടുമെന്നുറപ്പ്‌.

ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന്‌ വഴിമരുന്നിട്ട ഗോധ്ര തീവെപ്പ്‌ എന്നാണ്‌ പൊതുവിലുള്ള മറ്റൊരു പ്രയോഗം. ഗുജറാത്തിലെ വംശഹത്യക്ക്‌ വഴിമരുന്നിട്ടത്‌ ഈ തീവെപ്പ്‌ മാത്രമാണോ? ഗോധ്രയില്‍ മരിച്ചവരുടെ മൃതദേഹം അഹമ്മദാബാദില്‍ പൊതുദര്‍ശനത്തിന്‌ വെച്ച്‌ വര്‍ഗീയ വികാരം ഇളക്കിവിട്ടവരും പോലീസിനെ നിഷ്‌ക്രിയമാക്കുകയോ അക്രമികള്‍ക്ക്‌ സഹായം നല്‍കും വിധത്തില്‍ ഉപയോഗിക്കുകയോ ചെയ്‌തവരും വംശഹത്യയില്‍ യാതൊരു പങ്കും വഹിച്ചില്ല എന്ന തോന്നലാണ്‌ ഈ വഴിമരുന്നിടല്‍ പ്രയോഗം സൃഷ്‌ടിക്കുന്നത്‌. ഒരു മാസത്തിലധികം നീണ്ട കൊല, ബലാത്സംഗം, കൊള്ളിവെപ്പ്‌, കൊള്ള എന്നിവയെല്ലാം ഗോധ്ര സംഭവത്തിന്റെ പേരില്‍ ന്യായീകരിക്കാവുന്നതാണെന്ന ധാരണ ഈ വഴിമരുന്നിടല്‍ പ്രയോഗക്കാരുടെ മനസ്സില്‍ ഉണ്ടെന്നു തന്നെ കരുതണം. അവരുടെ മനസ്സില്‍ മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സിലും ഇതേ ധാരണയുണ്ടാകണം. അതുകൊണ്ടാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക്‌ വംശഹത്യയിലുള്ള പങ്ക്‌ സൂചിപ്പിക്കുന്ന പ്രധാന വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ശേഷവും ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന്‌ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബോധിപ്പിച്ചത്‌.

വംശഹത്യ ആരംഭിക്കുന്ന സമയത്ത്‌ രണ്ട്‌ മന്ത്രിമാരെ പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ നിയോഗിച്ചതില്‍ തുടങ്ങി വംശഹത്യാ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ സംഘ്‌ പരിവാര്‍ അഭിഭാഷകരെ നിയോഗിച്ചതില്‍ വരെ എത്തി നില്‍ക്കുന്ന മോഡി ചരിതമാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്‌. എന്നിട്ടും നരേന്ദ്ര മോഡിയുടെ പങ്കാളിത്തത്തെക്കുറിച്ച്‌ അന്വേഷിക്കേണ്ടതില്ല എന്നാണ്‌ പ്രത്യേക സംഘത്തിന്റെ നിലപാട്‌. ഗോധ്ര സംഭവത്തില്‍ 63 പേരെ കുറ്റവിമുക്തരാക്കിയത്‌ ചോദ്യം ചെയ്‌ത്‌ അപ്പീല്‍ നല്‍കുമെന്ന്‌ പ്രത്യേക സംഘം വ്യക്തമാക്കിയിട്ടുണ്ട്‌. നിയമപരമായി വേണ്ടതുതന്നെയാണ്‌ ഈ നടപടി. എന്നാല്‍, ഇതേ ശുഷ്‌കാന്തി നരേന്ദ്ര മോഡിയുടെയും മറ്റ്‌ ഉന്നതരുടെയും കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നതാണ്‌ വൈരുധ്യം. വേട്ടമൃഗങ്ങളെ സംബന്ധിച്ച്‌ മുന്‍ധാരണയുണ്ടെന്ന്‌ തന്നെ കരുതേണ്ടിവരും. 


ഫഹീം അന്‍സാരിയും സബാഹുദ്ദീന്‍ അഹമ്മദും വരച്ചു തയ്യാറാക്കി നേപ്പാളില്‍വെച്ച്‌ ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറിയ മുംബൈയുടെ മാപ്പ്‌ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഇസ്‌മാഈലിന്റെ പോക്കറ്റില്‍ നിന്ന്‌ കണ്ടെത്തിയെന്ന്‌ വാദിച്ച്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ഉജ്ജ്വല്‍ നികമിന്റെ മനസ്സിലും ഇതേ വികാരം തന്നെയാകണം. ഈ വാദം രണ്ട്‌ കോടതികള്‍ തള്ളിക്കളഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രതീക്ഷ അസ്‌തമിച്ചിട്ടില്ല. മുംബൈ ആക്രമണത്തില്‍ ഇന്ത്യക്കാരായ രണ്ട്‌ മുസ്‌ലിംകള്‍ പങ്കാളികളായെന്ന്‌ സമര്‍ഥിച്ചെടുക്കേണ്ടത്‌ പ്രോസിക്യൂഷന്‍ ദൗത്യം മാത്രമായല്ല നികം കാണുന്നത്‌ എന്ന്‌ വ്യക്തം. ഇത്‌ സമര്‍ഥിക്കപ്പെടുന്നതിലൂടെ തീവ്ര ഹിന്ദുത്വവാദികള്‍ക്ക്‌ ലഭിക്കാന്‍ ഇടയുള്ള രാഷ്‌ട്രീയ മേല്‍ക്കൈ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകണം. പ്രത്യേകിച്ച്‌ ഹിന്ദുത്വ ഭീകര ശൃംഖലകളെക്കുറിച്ചുള്ള കുറ്റസമ്മത മൊഴികള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍.

59 പേര്‍ വെന്തുമരിക്കാനിടയായ സംഭവത്തില്‍ യഥാര്‍ഥ പ്രതികള്‍ക്ക്‌ ശിക്ഷ ലഭിക്കണം. ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കപ്പെട്ടതാണ്‌ ആ സംഭവമെങ്കില്‍ അതിന്‌ അര്‍ഹമായ ശിക്ഷയാകണം നല്‍കേണ്ടതും. പക്ഷേ, അതില്‍പ്പോലും വെള്ളം ചേര്‍ത്ത്‌ വര്‍ഗീയ, രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌ 63 പേര്‍ ജയിലിന്‌ പുറത്തെത്തുമ്പോള്‍ ഉയരുന്നത്‌. നരേന്ദ്ര മോഡിയുടെ പങ്ക്‌ സംബന്ധിച്ച വലിയ സംശയങ്ങള്‍ ഉയര്‍ത്തിയ ശേഷം അന്വേഷണം തുടരേണ്ടതില്ല എന്ന്‌ റിപ്പോര്‍ട്ടില്‍ എഴുതിവെക്കുമ്പോഴും ഉയരുന്ന ചോദ്യം മറ്റൊന്നല്ല. ഫഹീം അന്‍സാരിയെയും സബാഹുദ്ദീന്‍ അഹമ്മദിനെയും വിട്ടയച്ചത്‌ ശരിവെക്കപ്പെടുമ്പോള്‍ തങ്ങളുടെ തെളിവുകള്‍ വേണ്ടവിധത്തില്‍ കോടതി പരിഗണിച്ചില്ല എന്ന പ്രോസിക്യൂട്ടറുടെ പൊടുന്നനെയുള്ള പ്രതികരണവും സമാനമായ ചോദ്യം ഉയര്‍ത്തും.
നിരപരാധികള്‍ വര്‍ഷങ്ങളോളം ജയിലിനുള്ളില്‍ അടക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്താണ്‌ മാര്‍ഗമെന്ന്‌ നീതിന്യായ സംവിധാനവും ഭരണകൂടവും അടിയന്തരമായി ആലോചിക്കേണ്ടതിന്റെ ആവശ്യകത ഗോധ്ര കേസിലെ വിധി ആവര്‍ത്തിച്ചുറപ്പിക്കുന്നുമുണ്ട്‌. 



ഇത്തരം കേസുകളില്‍ ആരോപണവിധേയരാകുന്നവരെ കോടതികള്‍ കുറ്റവിമുക്തരാക്കിയാലും ദുഷ്‌പേര്‌ തുടരും. സമൂഹത്തില്‍ അവരുടെ സ്ഥാനം എപ്പോഴും സംശയിക്കപ്പെടും. ഇതിനൊരു പരിഹാരമുണ്ടാകണമെങ്കില്‍ നീതിനിര്‍വഹണം സുതാര്യവും കുറ്റമറ്റതുമാകണം. അത്‌ സാധിക്കണമെങ്കില്‍ നീതിനിര്‍വഹണത്തിന്റെ സമസ്‌ത മേഖലകളിലും മാറ്റം അനിവാര്യമാണുതാനും. നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ അസാധ്യവും അപ്രാപ്യവുമായ ആശയം.

2011-02-18

വല്ലാത്തൊരു ധീരന്‍



വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുജറാത്താണ്‌ മാതൃക എന്ന വാദം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്‌. രഹസ്യമായാണെങ്കിലും ഈ രീതിയില്‍ ചിന്തിക്കുന്നവരുടെ എണ്ണം കുറവുമല്ല. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഏകകങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ഗുജറാത്ത്‌ മുന്നിലാണെന്ന്‌ കോണ്‍ഗ്രസിന്‌ പോലും സമ്മതിക്കേണ്ടിവരും. 


ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌, സംസ്ഥാനത്തേക്ക്‌ നിക്ഷേപമായെത്തുന്ന തുകയിലെ വലിയ വര്‍ധന, വ്യവസായ സംരംഭകര്‍ക്ക്‌ സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന ശുഷ്‌കാന്തി എന്നിവയില്‍ മുന്നില്‍ തന്നെയാണ്‌ ഗുജറാത്ത്‌. ഈ നിലക്കുള്ള മേന്‍മകളുടെ പട്ടിക പ്രദര്‍ശിപ്പിക്കുമ്പോള്‍ മറയ്‌ക്കപ്പെടുന്ന ചിലതുണ്ട്‌. വികസന പദ്ധതികള്‍ നടപ്പാക്കിയതു മൂലം കുടിയൊഴിയേണ്ടിവന്ന/വരുന്ന ആളുകളുടെ എണ്ണം. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന സബര്‍മതി നദീമുഖ പദ്ധതിക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നത്‌ 38,000 കുടുംബങ്ങളാണ്‌. സര്‍ക്കാര്‍ കണക്കില്‍ ഇത്രയുണ്ടാവില്ല. സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തെയും വേണ്ടവിധത്തില്‍ പുനരധിവസിപ്പിക്കുന്നില്ല.

വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ നേരിട്ട്‌ ഭൂമി വാങ്ങാന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയാണ്‌ ഗുജറാത്ത്‌ സര്‍ക്കാറിന്റെ രീതി. നിലവിലുള്ള വിപണി വില ഭൂമിക്ക്‌ നല്‍കുകയും ചെയ്യും. വിപണി വിലക്ക്‌ ഭൂമി കൈമാറുന്നതുകൊണ്ട്‌ തന്നെ പരാതികള്‍ കുറയുന്നുവെന്ന്‌ സര്‍ക്കാര്‍ അവകാശപ്പെടുന്നു. വ്യവസായ സ്ഥാപനങ്ങള്‍ നേരിട്ട്‌ ഭൂമി വിലക്കെടുക്കുക എന്നതിന്റെ അര്‍ഥം ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്‌. ഭൂമി വില്‍ക്കാന്‍ സ്വയം തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തിയും മറ്റും സമ്മതിപ്പിക്കുമെന്ന്‌ പകല്‍പോലെ വ്യക്തം. ജീവന്‍ രക്ഷിക്കാന്‍ തത്രപ്പെടേണ്ടിവരുന്നവര്‍ക്ക്‌ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യാനാകില്ല. അതുകൊണ്ട്‌ തന്നെ എതിര്‍പ്പുകളൊന്നും കൂടാതെ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കുന്നുവെന്ന പ്രചാരണം നടത്താന്‍ സര്‍ക്കാറിന്‌ സാധിക്കും.

നിര്‍മിച്ച്‌, ഉപയോഗിച്ച്‌ ലാഭമെടുത്ത്‌ കൈമാറുന്ന (ബില്‍ഡ്‌ ഓപ്പറേറ്റ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫര്‍ - ബി ഒ ടി) രീതിയില്‍ റോഡ്‌ നിര്‍മാണവും മറ്റും നടപ്പാക്കുന്നതിലും ഗുജറാത്തിന്‌ പ്രഥമ സ്ഥാനമുണ്ട്‌. വഡോദരയില്‍ നിന്ന്‌ ബറൂച്ചിലേക്കുള്ള 83.3 കിലോമീറ്റര്‍ ദൂരം ദേശീയ പാത ഈ രീതിയില്‍ നിര്‍മിക്കുന്നത്‌ ലാര്‍സണ്‍ ആന്‍ഡ്‌ ട്യൂബ്രോയാണ്‌. ആറ്‌ വരി പാതക്ക്‌ മതിപ്പ്‌ ചെലവ്‌ 750 കോടി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ റോഡ്‌ നിര്‍മിക്കാനുള്ള പതിനഞ്ച്‌ പദ്ധതികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ അഞ്ചെണ്ണവും ലഭിച്ചത്‌ ഗുജറാത്തിനാണ്‌. ആകെ 15,000 കോടി രൂപ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 5,616.44 കോടി ലഭിച്ചത്‌ ഗുജറാത്തിനാണ്‌. സംരംഭത്തിലെ സ്വകാര്യ പങ്കാളിക്ക്‌ നിക്ഷേപവും ലാഭവും ഈടാക്കുന്നതിന്‌ ഈ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന്‌ ഉറപ്പ്‌. റോഡിന്റെ അനുബന്ധ വികസന പദ്ധതികളിലുള്ള പങ്കാളിത്തം ഇത്തരം കമ്പനികള്‍ക്ക്‌ ബോണസ്സാണ്‌. ബി ഒ ടിയെയും പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിയെയും സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന നയമാണ്‌ കേന്ദ്ര സര്‍ക്കാറിന്റെത്‌. സാമൂഹിക, സേവന മേഖലകളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന്‌ പരമാവധി സര്‍ക്കാര്‍ പിന്‍മാറുക എന്നതാണ്‌ അവരുടെ പൊതു സമീപനം. 


ഇത്തരത്തിലുള്ള വികസന പദ്ധതികളുടെ വക്താവാകുകയും വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മാതൃകയാക്കണമെന്ന്‌ പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തതിനാണ്‌ എ പി അബ്‌ദുല്ലക്കുട്ടിയെ സി പി എം പുറത്താക്കിയത്‌. അബ്‌ദുല്ലക്കുട്ടിയും സി പി എമ്മും തമ്മില്‍ നേരത്തെ തന്നെ അകന്നിരുന്നുവെങ്കിലും പുറത്താക്കലിലേക്ക്‌ നയിച്ച അടിയന്തര കാരണം ഇതായിരുന്നു. 2002ല്‍ നടന്ന വംശഹത്യയെ സാമൂഹിക എന്‍ജിനീയറിംഗിന്റെ ഭാഗമായി കണ്ട നരേന്ദ്ര മോഡിയെ അംഗീകരിക്കുക എന്നത്‌ അത്‌ ഏത്‌ വികസന പദ്ധതിയുടെ പേരിലാണെങ്കിലും മാനവികതയുടെ പക്ഷത്തുനിന്ന്‌ ചിന്തിക്കുന്നവര്‍ക്ക്‌ പ്രയാസമുള്ള കാര്യമാണ്‌. എന്നിട്ടും അബ്‌ദുല്ലക്കുട്ടിയെ രണ്ട്‌ കൈയും നീട്ടി സ്വീകരിക്കാനും കണ്ണൂര്‍ സീറ്റില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിപ്പിക്കാനും കോണ്‍ഗ്രസ്‌ തയ്യാറായി. പ്രാദേശിക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന പ്രായോഗിക സമീപനം എന്ന നിലക്ക്‌ അതിനെ അംഗീകരിക്കാം.

വി എം സുധീരനെതിരെ പരസ്യ പ്രസ്‌താവനക്ക്‌ തയ്യാറായ അബ്‌ദുല്ലക്കുട്ടി തന്റെ വികസന സങ്കല്‍പ്പങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്ന്‌ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ മാതൃകയായി കാണുന്ന ഗുജറാത്തിനെക്കുറിച്ചും അതിന്‌ നേതൃത്വം നല്‍കുന്നയാളെക്കുറിച്ചും സൂചിപ്പിച്ചത്‌. ബി ഒ ടി സമ്പ്രദായത്തില്‍ ദേശീയ പാതാ വികസനം നടപ്പാക്കിയാല്‍ അത്‌ ടെലികോമിനേക്കാള്‍ വലിയ അഴിമതിക്ക്‌ വഴിവെക്കുമെന്നാണ്‌ തിരുവനന്തപുരത്തെ വികസന കോണ്‍ഗ്രസില്‍ പങ്കെടുക്കവെ വി എം സുധീരന്‍ അഭിപ്രായപ്പെട്ടത്‌. ഇതില്‍ അതൃപ്‌തനായി വേദി വിട്ടിറങ്ങിയ അബ്‌ദുല്ലക്കുട്ടി ഇടത്‌ തീവ്രവാദികള്‍ പോലും ഉന്നയിക്കാത്ത വാദമാണ്‌ സുധീരന്‍ മുന്നോട്ടുവെക്കുന്നതെന്ന്‌ പ്രതികരിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ ഏറെയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ സുധീരനെ വിമര്‍ശിക്കാന്‍ പുത്തന്‍കൂറ്റുകാരനായ അബ്‌ദുല്ലക്കുട്ടിയാര്‌ എന്ന മട്ടിലായിരുന്നു. സുധീരനോട്‌ മാപ്പ്‌ ചോദിച്ചില്ലെങ്കില്‍ അബ്‌ദുല്ലക്കുട്ടിയെ തൃശൂര്‍ ജില്ലയുടെ അതിരിനുള്ളില്‍ കയറ്റില്ലെന്ന്‌ അവിടുത്തെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്‌തു.

തര്‍ക്കത്തിന്റെ തലം ഇതാണോ എന്നതാണ്‌ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. കോണ്‍ഗ്രസ്‌ അഖിലേന്ത്യാടിസ്ഥാനത്തില്‍ പിന്തുടരുന്ന ഒരു നയത്തെയാണ്‌ മുതിര്‍ന്ന നേതാവായ സുധീരന്‍ വിമര്‍ശിച്ചത്‌. ഈ വിമര്‍ശത്തെ കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നുണ്ടോ? കോണ്‍ഗ്രസ്‌ പിന്തുടരുന്ന നയം ഉയര്‍ത്തിപ്പിടിക്കും വിധത്തിലാണ്‌ അബ്‌ദുല്ലക്കുട്ടി പെരുമാറിയത്‌. അങ്ങനെ പെരുമാറുന്നതിന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി വിശദീകരണം തേടുന്നത്‌ എങ്ങനെയാണ്‌? നയനിലപാടുകളേക്കാള്‍ മൂപ്പിളമക്കാണോ കോണ്‍ഗ്രസ്‌ മുന്‍തൂക്കം നല്‍കുന്നത്‌? ഇതെല്ലാമാണ്‌ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌. ഗുണപരമായ മാറ്റങ്ങള്‍ക്ക്‌ ഒരുപക്ഷേ, വഴിവെക്കാന്‍ അത്‌ ഉപകരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, മുതിര്‍ന്ന നേതാവിനെ വിമര്‍ശിച്ച കുറ്റത്തിന്‌ അബ്‌ദുല്ലക്കുട്ടിയോട്‌ പേരിനൊരു വിശദീകരണം ചോദിച്ച്‌ അവസാനിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം ആഗ്രഹിക്കുന്നത്‌. സുധീരന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ മനസ്സുകൊണ്ട്‌ തള്ളിക്കളയുകയും ചെയ്യുന്നു അവര്‍.

ദേശീയ പാതാ വികസനത്തിലുള്ള ആശങ്കയും മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവസ്ഥയും സുധീരന്‍ പ്രതിപാദിക്കുന്നതിലെ ആത്മാര്‍ഥതയും സംശയിക്കേണ്ടിവരും. ദേശീയ പാതാ വികസനത്തെക്കുറിച്ച്‌ ചര്‍ച്ചയാരംഭിച്ചിട്ട്‌ മാസങ്ങളായി. 60 മീറ്റര്‍ വീതിയെന്ന്‌ കേന്ദ്രം പറഞ്ഞു. 45 മതിയെന്ന്‌ കേരളവും. പിന്നീടത്‌ 30 മീറ്ററാക്കാന്‍ തീരുമാനിച്ചു. വിമര്‍ശമുയര്‍ന്നപ്പോള്‍ 45 മീറ്ററാകാമെന്ന്‌ സമ്മതിച്ചു. പുനരധിവാസ പാക്കേജ്‌ തയ്യാറാക്കി. അത്‌ നടപ്പാക്കുന്നതിലെ കേന്ദ്ര സഹായം സംബന്ധിച്ച്‌ തര്‍ക്കമുണ്ടായി. ഇതെല്ലാം നടക്കുമ്പോള്‍ ബി ഒ ടി സമ്പ്രദായത്തില്‍ കൊടിയ അഴിമതി നടക്കാനിടയുണ്ടെന്ന ആശങ്ക സുധീരന്‍ പ്രകടിപ്പിച്ചതായി അറിവില്ല. അതൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുമില്ല. എല്ലാം തീരുമാനമായതിന്‌ ശേഷം മുന്നറിയിപ്പുമായി രംഗത്തുവരുന്നത്‌ പ്രതിച്ഛായാ നിര്‍മാണത്തിന്റെ തന്ത്രമാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. 


ഗുജറാത്തിലെ വികസന മാതൃകയെ പിന്തുണച്ചതിന്‌ സി പി എം പുറത്താക്കിയ അബ്‌ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിലെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സുധീരന്‌ പ്രശ്‌നമുണ്ടായിരുന്നില്ല. കണ്ണൂര്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴേ എതിര്‍പ്പുണ്ടായുള്ളൂ. മറ്റ്‌ പാര്‍ട്ടികളില്‍ നിന്ന്‌ കോണ്‍ഗ്രസില്‍ ചേരുന്നവര്‍ക്ക്‌ പാര്‍ലിമെന്ററി രംഗത്ത്‌ ഉടന്‍ അവസരം നല്‍കുന്നത്‌ ശരിയല്ലെന്ന്‌ അദ്ദേഹം പറഞ്ഞുവെച്ചു. കാഴ്‌ചപ്പാടിന്റെ കാര്യത്തിലായിരുന്നു ഭിന്നതയെങ്കില്‍ മോഡിയുടെ വികസനത്തെ പിന്തുണക്കുന്നയാളെ കോണ്‍ഗ്രസിലെടുക്കുന്നത്‌ ശരിയല്ലെന്ന്‌ അന്ന്‌ തന്നെ സുധീരന്‍ പറയണമായിരുന്നു. അതുണ്ടായിട്ടില്ല. കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയതിന്‌ തൊട്ടുപിറകെ നിയമസഭാ സീറ്റ്‌ നല്‍കുന്നതിലെ അപകടത്തെക്കുറിച്ചാണ്‌ സുധീരന്‍ ഇപ്പോഴും പറയുന്നത്‌. 


അബ്‌ദുല്ലക്കുട്ടിക്ക്‌ അനുകൂലമായ നിലപാട്‌ കെ പി സി സി പ്രസിഡന്റ്‌ സ്വീകരിച്ചതില്‍ വേദനയുണ്ടെന്ന്‌ പറയുന്ന സുധീരന്‍ ബി ഒ ടി സൃഷ്‌ടിക്കാന്‍ ഇടയുള്ള അഴിമതിയുടെ ഭയാനകത ആവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. കോണ്‍ഗ്രസില്‍ താരതമ്യേന പുതുമുഖമായ നേതാവിന്റെ വിമര്‍ശ ത്തേക്കാള്‍ വലുത്‌ താനുന്നയിച്ച പ്രശ്‌നത്തിന്റെ ഗൗരവമാണെന്ന്‌ സുധീരന്‍ മനഃപൂര്‍വം മറന്നുപോകുന്നുണ്ടോ? അങ്ങനെയാണെങ്കിലും ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടും.

മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെക്കുറിച്ചുള്ള കണ്ണീരിലും വഞ്ചനയുണ്ട്‌. വ്യവസായ പദ്ധതികള്‍ക്ക്‌ ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്‌ടം നേരിടുന്നവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള ബില്ല്‌ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ പരിഗണിച്ചതാണ്‌. രണ്ടാം യു പി എ സര്‍ക്കാറിന്റെ മുമ്പിലും ഇതേ ബില്ലുണ്ട്‌. ഇതുവരെ അത്‌ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ പാസ്സാക്കാന്‍ മന്‍മോഹന്‍ സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല. മൂലമ്പിള്ളിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പുനരധിവാസ പാക്കേജ്‌ മുന്നോട്ടുവെച്ചിരുന്നു. അത്‌ നടപ്പാക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടേണ്ടതാണ്‌. പാക്കേജ്‌ പൂര്‍ണമായി നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുകയും വേണം. അതിനേക്കാള്‍ പ്രധാനമാണ്‌ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിലാക്കുക എന്നത്‌. കാരണം മൂലമ്പിള്ളികള്‍ രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുന്നത്‌ തടയേണ്ടതുണ്ട്‌. വികസന കോണ്‍ഗ്രസിലൊഴുക്കിയ കണ്ണീര്‍ യഥാര്‍ഥമാണെങ്കില്‍ സുധീരന്‍ ആദ്യം സമ്മര്‍ദം ചെലുത്തേണ്ടത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ തന്നെയാണ്‌. അതിലൂടെ മൂലമ്പിള്ളിക്കാരുടെ മാത്രമല്ല, മാതൃകാ ഗുജറാത്തിലെ ആയിരക്കണക്കിന്‌ കുടുംബങ്ങളുടെ കൂടി ദുരിതമകറ്റാന്‍ ഒരുപക്ഷേ സാധിച്ചേക്കും. 


ബി ഒ ടിയും പൊതു സ്വകാര്യ പങ്കാളിത്ത (പബ്ലിക്‌ പ്രൈവറ്റ്‌ പാര്‍ട്ടിസിപ്പേഷന്‍ - പി പി പി) പദ്ധതിയും അഴിമതിക്ക്‌ വഴിവെക്കുമെങ്കില്‍ അത്‌ നടപ്പാക്കാന്‍ മുന്‍കൈ എടുക്കുന്നവരാണ്‌ തിരുത്തേണ്ടത്‌. ആ ആവശ്യം ഉയര്‍ത്താന്‍ സുധീരന്‍ തയ്യാറാകുമോ? അങ്ങനെ തയ്യാറായാല്‍ കോണ്‍ഗ്രസില്‍ സുധീരന്‌ തുടരാനാവുമോ? വിശാലമായ അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കുകയും ഗ്രൂപ്പുകളുടെ കോ-ഓര്‍ഡിനേഷനായിപ്പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരുപക്ഷെ നിലനില്‍ക്കാന്‍ സാധിച്ചേക്കും. പക്ഷേ, അങ്ങ്‌ വടക്ക്‌ ഈ ആശയങ്ങളുമായി ചെന്നാല്‍ ചെവിയില്‍ പിടിച്ച്‌ പുറത്താക്കാന്‍ സോണിയാ ഗാന്ധിയും മന്‍മോഹനും മടി കാണിക്കില്ല. കോണ്‍ഗ്രസ്‌ നടപ്പാക്കുന്ന നയങ്ങളില്‍ ഭിന്നതയുണ്ടെങ്കില്‍ സുധീരനെപ്പോലെ ആത്മാര്‍ഥതയുള്ള നേതാവ്‌ ആദ്യം ചെയ്യേണ്ടത്‌ അവിടെ നിന്ന്‌ ഇറങ്ങുക എന്നതാണ്‌. അല്ലെങ്കില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ സത്യസന്ധത അബ്‌ദുല്ലക്കുട്ടിക്കാണെന്ന്‌ പറയേണ്ടിവരും. മോഡിയാണ്‌ വികസനത്തില്‍ മാതൃക എന്ന തന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ

2011-02-17

ഗോാാാള്‍...



സെല്‍ഫ്‌ ഗോളുകള്‍... ഒന്നിനുപിറകെ ഒന്ന്‌. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വാര്‍ത്താ സമ്മേളനം (ദൃശ്യ മാധ്യമ പ്രതിനിധികള്‍ക്ക്‌ മാത്രം) വിളിച്ച്‌ തന്റെ പേരിലും കുറിച്ചു സെല്‍ഫ്‌ ഗോള്‍. ഇനി ഈ പട്ടികയിലേക്ക്‌ ആരാണ്‌ എന്നത്‌ കാത്തിരിക്കുകയാണ്‌. നാല്‌ ചുറ്റും അഴിമതി ആരോപണങ്ങള്‍ ഉയരുകയും സംയുക്ത പാര്‍ലിമെന്ററി സമിതിയെ നിയോഗിക്കാതെ പാര്‍ലിമെന്റ്‌ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷം ഭീഷണി മുഴക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി ദൃശ്യ മാധ്യമ പ്രവര്‍ത്തകരോട്‌ മാത്രമായി സംസാരിക്കാന്‍ തീരുമാനിച്ചത്‌. 


രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലേലം ചെയ്‌ത്‌ നല്‍കാന്‍ താന്‍, മന്ത്രിയായിരുന്ന രാജയോട്‌ നിര്‍ദേശിച്ചിരുന്നുവെന്നും ട്രായും (ടെലികോം റെഗുലേറ്ററി അതോറിറ്റിയും) ടെലികോം കമ്മീഷനും ലേലം അനുവദിക്കില്ലെന്ന മറുപടിയാണ്‌ നല്‍കിയതെന്നും പ്രധാനമന്ത്രി ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞു. അക്കാലത്ത്‌ നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ നയം അനുസരിച്ച്‌ ലൈസന്‍സ്‌ വിതരണം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ തന്നെ ആരോപണ വിധേയനായ എ രാജയെ രണ്ടാം യു പി എ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്‌ ഡി എം കെയുടെ സമ്മര്‍ദഫലമായാണ്‌. കൂട്ടുകക്ഷി സര്‍ക്കാറാവുമ്പോള്‍ ഓരോ ഘടകകക്ഷിയുടെയും മന്ത്രിസഭയിലെ പ്രതിനിധിയെ നിശ്ചയിക്കുക അതാത്‌ കക്ഷിയാണ്‌. അതനുസരിച്ച്‌ ഡി എം കെയുടെ സമ്മര്‍ദത്തിന്‌ വഴങ്ങി രാജയെ ഉള്‍പ്പെടുത്തി. വകുപ്പ്‌ ടെലികോം തന്നെ നല്‍കിയതോ? വകുപ്പ്‌ വിഭജനം പ്രധാനമന്ത്രിയുടെ മാത്രം അധികാര പരിധിയില്‍ വരുന്നതാണെന്നാണ്‌ സങ്കല്‍പ്പം. രാജക്ക്‌ ടെലികോം വകുപ്പ്‌ തന്നെ വേണമെന്ന ഡി എം കെയുടെ സമ്മര്‍ദത്തിനും താന്‍ വഴങ്ങിയെന്നാണ്‌ പ്രധാനമന്ത്രി ഇപ്പോള്‍ സമ്മതിക്കുന്നത്‌.

2008ല്‍ ടെലികോം ലൈസന്‍സ്‌ ലഭിച്ച ചില കമ്പനികള്‍ ഉടന്‍ തന്നെ വിദേശ കമ്പനികള്‍ക്ക്‌ ഓഹരി വിറ്റതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ അതില്‍ അപാകമുണ്ടെന്ന്‌ അന്ന്‌ തോന്നിയിരുന്നില്ലെന്നാണ്‌ പ്രധാനമന്ത്രിയുടെ മറുപടി. ലൈസന്‍സ്‌ ലഭിച്ച കമ്പനികള്‍ക്ക്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ധാരാളം പണം വേണ്ടതുണ്ട്‌. അത്‌ സമാഹരിക്കുന്നതിന്‌ വേണ്ടി ഓഹരി വിറ്റിട്ടുണ്ടാവുമെന്നാണ്‌ കരുതിയത്‌. അപ്പോള്‍ ലൈസന്‍സ്‌ ലഭിച്ച കമ്പനികളില്‍ ചിലതെങ്കിലും വേണ്ടത്ര സാമ്പത്തിക ഭദ്രതയില്ലാത്തവയായിരുന്നുവെന്ന്‌ പ്രധാനമന്ത്രി സമ്മതിക്കുന്നു. പണം സമാഹരിക്കാന്‍ വേണ്ടി മാത്രം ഓഹരി വിറ്റുവെന്ന്‌ കരുതി എന്ന്‌ പറയുന്നത്‌ മറ്റാരാണെങ്കിലും നമുക്ക്‌ വിശ്വാസത്തിലെടുക്കാം. 


സാമ്പത്തിക രംഗത്തെ ആശാനാണ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌. ഓഹരി വിറ്റഴിക്കുന്നതിന്റെ കാര്യത്തില്‍ അതിവിദഗ്‌ധനും. എന്നിട്ടും രണ്ടാം തലമുറ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലഭിച്ച കമ്പനികള്‍ ധനസമാഹരണം മാത്രം ലക്ഷ്യമിട്ട്‌ ഓഹരികള്‍ വിറ്റഴിച്ചുവെന്ന്‌ കരുതി അദ്ദേഹം സമാധാനപൂര്‍വം കിടന്നുറങ്ങിയെന്ന്‌ വിശ്വസിക്കാനാകുമോ? യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പലകുറി തോളില്‍ത്തട്ടി അഭിനന്ദിച്ച സാമ്പത്തികബുദ്ധി ഇത്രത്തോളമേയുള്ളൂ? കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മര്‍ദത്തിന്‌ വശംവദനായി മന്ത്രിസഭാംഗത്തിന്റെ തെറ്റായ പ്രവര്‍ത്തനത്തെ തടയാന്‍ കഴിഞ്ഞില്ലെന്ന ആരോപണം ഇതോടെ ശക്തമാവും. ലൈസന്‍സ്‌ സമ്പാദിച്ചതിന്റെ പിറ്റേന്ന്‌ ഓഹരികള്‍ വിറ്റ്‌ വലിയ ലാഭം കൊയ്യാന്‍ വിവിധ സ്ഥാപനങ്ങള്‍ക്ക്‌ സൗകര്യമൊരുക്കിക്കൊടുത്ത ധനവിദഗ്‌ധനെന്ന പേരും മന്‍മോഹന്‌ ഇതോടെ പ്രാപ്‌തമാവും. മന്‍മോഹന്‍ സ്‌കോര്‍ ചെയ്യുന്ന സെല്‍ഫ്‌ ഗോളിന്‌ സ്വന്തം മേഖലയുടെ സ്‌പര്‍ശമുണ്ടാകുക എന്നത്‌ കാവ്യനീതി മാത്രം.

സെല്‍ഫ്‌ ഗോളുകളുടെ പരമ്പര ആരംഭിച്ചത്‌ ഇങ്ങ്‌ തെക്കേ അറ്റത്ത്‌ കേരളത്തില്‍ നിന്നാണ്‌. നാലര വര്‍ഷക്കാലം ഇടത്‌ മുന്നണി, വിശിഷ്യാ സി പി എമ്മായിരുന്നു ഗോളടിയില്‍ മുന്നില്‍. എന്ത്‌ ചെയ്‌താലും കൂട്ടുത്തരവാദിത്വമില്ലായ്‌മ പ്രകടമാക്കി സ്വന്തം പോസ്റ്റില്‍ ഗോളടിക്കാന്‍ മത്സരിച്ചു. ഈ മത്സരത്തിന്റെ മികവില്‍ അധികാരം സ്വപ്‌നം കണ്ട യു ഡി എഫ്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍ നില്‍ക്കെ മത്സരം കൈയടക്കി. മലപ്പുറത്തു നിന്ന്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി തനിക്ക്‌ വധഭീഷണിയുണ്ടെന്ന്‌ ആരോപിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ്‌ തുടക്കം. ആ സെല്‍ഫ്‌ ഗോള്‍ വഴിയുണ്ടാക്കിയ ചലനം അടങ്ങിയിട്ടില്ല. സെല്‍ഫ്‌ ഗോളോടെ തളര്‍ന്ന യു ഡി എഫ്‌, മുസ്‌ലിം ലീഗ്‌ പോസ്റ്റിലേക്ക്‌ തുരുതുരാ ഗോളടിക്കാന്‍ ശ്രമം നടക്കുകയും ചെയ്യുന്നു. വധഭീഷണിയുണ്ടെന്ന ആരോപണത്തിനൊപ്പം ഒരു കുറ്റസമ്മതം കൂടി കുഞ്ഞാലിക്കുട്ടി നടത്തി. അധികാരത്തിലിരിക്കെ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങി പലതും ചെയ്യേണ്ടിവന്നിട്ടുണ്ട്‌. അതില്‍ കുറ്റസമ്മതം നടത്തുകയാണ്‌. മേലില്‍ ഇങ്ങനെയുണ്ടാവില്ല. ഈ വാര്‍ത്താസമ്മേളനം വിളിച്ചുവരുത്താനിടയുള്ള അപകടങ്ങളെക്കുറിച്ചെല്ലാം അറിവുണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവ്‌ ഉടന്‍ ഗോളടിച്ചു. `വൈകിയാണെങ്കിലും കുറ്റം സമ്മതിച്ചതിനെ അഭിനന്ദിക്കുന്നു.' ഇതിലും വലിയൊരു സെല്‍ഫ്‌ വേറെയുണ്ടോ!

ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്‌ണ പിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതോടെയാണ്‌ അടുത്ത ഗോള്‍ പിറന്നത്‌. കണ്ണൂരു നിന്ന്‌ കൊട്ടാരക്കര വരെ കൊണ്ടുപോയി കോണ്‍ഗ്രസ്‌ നേതാവും എം പിയുമായ കെ സുധാകരന്‍ ആഞ്ഞടിച്ചു. ബാര്‍ ലൈസന്‍സ്‌ റദ്ദാക്കിയ ഹൈക്കോടതി വിധി ഒഴിവാക്കാന്‍ സുപ്രീം കോടതി ജഡ്‌ജിക്ക്‌ 21 ലക്ഷം കോഴ നല്‍കിയതിന്‌ താന്‍ കാഴ്‌ചക്കാരനാണ്‌. കൊട്ടാരക്കരയില്‍ തിങ്ങിക്കൂടിയ പിള്ള അനുകൂലികളുടെ ആവേശം കണ്ട്‌ പൊടുന്നനെ പറഞ്ഞുപോയതായിരിക്കണം. പക്ഷേ, തന്റെ പ്രസംഗത്തിന്‌ ദൃശ്യമാധ്യങ്ങളില്‍ കിട്ടിയ വലിയ പ്രാധാന്യം മനസ്സിനെ മഥിക്കുന്നതായിരുന്നു. അതില്‍ വീണു. അതുകൊണ്ട്‌ പിറ്റേന്ന്‌ ആവര്‍ത്തിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. പിറകെ ടി എച്ച്‌ മുസ്‌തഫയാണ്‌ കളത്തിലെത്തിയത്‌. പാമോയില്‍ അഴിമതിക്കേസില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ സാക്ഷിയും ഭക്ഷ്യമന്ത്രിയായിരുന്ന തന്നെ ആരോപണ വിധേയനുമാക്കിയത്‌ ശരിയായില്ലെന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ സ്ഥിതിക്ക്‌ തന്നെയും ഒഴിവാക്കണമെന്നും കോടതിയോട്‌ ആവശ്യപ്പെട്ടു. തനിക്ക്‌ ആരോപണവിധേയ പദവിയുണ്ടെങ്കില്‍ അത്‌ ഉമ്മന്‍ ചാണ്ടിക്കും നല്‍കണമെന്ന്‌ മുസ്‌തഫ വാദിക്കുന്നുവെന്ന്‌ വ്യാഖ്യാനിക്കാന്‍ പഴുതിട്ട്‌ സെല്‍ഫ്‌ ഗോള്‍.

തൊട്ടുപിറകെ ബുട്ടണിഞ്ഞത്‌ അബ്‌ദുല്ലക്കുട്ടിയാണ്‌. നിര്‍മിച്ച്‌ ഉപയോഗിച്ച്‌ കൈമാറുന്ന (ബില്‍ഡ്‌ ഓപ്പറേറ്റ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫര്‍ - ബി ഒ ടി) പദ്ധതിപ്രകാരം ദേശീയ പാത നിര്‍മിക്കുന്നത്‌ ടെലികോം അഴിമതിയേക്കാള്‍ വലിയ അഴിമതിക്ക്‌ കാരണമാവുമെന്ന സുധീരന്റെ പ്രസ്‌താവനയാണ്‌ അബ്‌ദുല്ലക്കുട്ടിയെ പ്രകോപിപ്പിച്ചത്‌. (ടെലികോമില്‍ അഴിമതി നടന്നുവെന്ന്‌ പരസ്യമായി സമ്മതിക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ്‌ നേതാവായി മാറി സുധീരന്‍ സ്‌കോര്‍ ചെയ്‌ത സെല്‍ഫ്‌ ഗോളിനെ മറക്കുന്നില്ല) ഇടത്‌ തീവ്രവാദികള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ്‌ സുധീരന്‍ പറയുന്നതെന്ന്‌ വികസന കോണ്‍ഗ്രസില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന അബ്‌ദുല്ലക്കുട്ടി ആരോപിച്ചു. സ്വയം ഇറങ്ങിപ്പോന്ന്‌ ഗോളടിക്കാന്‍ മാത്രമല്ല, മറ്റുള്ളവരെ സെല്‍ഫ്‌ ഗോളടിക്കാന്‍ പാസൊരുക്കുക കൂടി ചെയ്‌തു അബ്‌ദുല്ലക്കുട്ടി. പിന്നീട്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഊഴമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പണം നല്‍കി പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചവരുടെ (പെയ്‌ഡ്‌ ന്യൂസ്‌) കൂട്ടത്തില്‍ കോണ്‍ഗ്രസുമുണ്ടെന്നത്‌ ഖേദകരമാണെന്നായി മുല്ലപ്പള്ളി. ഇതുവരെ വന്നതില്‍വെച്ച്‌ ഏറ്റവും ആകര്‍ഷകമായ സെല്‍ഫ്‌ ഗോളായിരുന്നു മുല്ലപ്പള്ളിയുടേത്‌. പക്ഷേ, പറഞ്ഞത്‌ അദ്ദേഹമായെന്നത്‌ കൊണ്ട്‌ അതിന്‌ അര്‍ഹമായ പരിഗണന ലഭിച്ചില്ല. തത്സമയ ചര്‍ച്ചകളിലൂടെയും പ്രതികരണങ്ങളിലൂടെയും മുല്ലപ്പള്ളിയുടെ ഗോളിന്‌ അര്‍ഹമായ അംഗീകാരം നല്‍കാന്‍ ആരും തയ്യാറായില്ല.

ആഘോഷിക്കപ്പെട്ടത്‌ സുധാകരന്റെ ഗോളാണ്‌. ആഘോഷം തുടരുകയും ചെയ്യും. പരമോന്നത നീതിന്യായ വ്യസ്ഥയുടെ ഭാഗമായ ഒരാള്‍ക്ക്‌ കൈക്കൂലി നല്‍കുന്നത്‌ കണ്ടുകൊണ്ടു നില്‍ക്കെ കേരള നിയമസഭയിലെ അംഗമായിരുന്നു കെ സുധാകരന്‍. അഴിമതി തടയാന്‍ ഏതൊരു പൗരനുമുള്ള ബാധ്യതയേക്കാള്‍ അധികം ബാധ്യതയുള്ള വ്യക്തി. അത്‌ പറഞ്ഞില്ല. കൈക്കൂലി നല്‍കപ്പെട്ടത്‌ റദ്ദാക്കപ്പെട്ട ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുന്നതിനാണ്‌. മദ്യ നിരോധം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട മഹാത്‌മാ ഗാന്ധിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കോണ്‍ഗ്രസിലാണ്‌ കെ സുധാകരന്‍ നേതാവായി വര്‍ത്തിക്കുന്നത്‌. എന്നിട്ടും കൈക്കൂലി നല്‍കി ബാര്‍ ലൈസന്‍സ്‌ നേടുന്നതില്‍ യാതൊരു തെറ്റും അദ്ദേഹം അന്നും ഇന്നും കാണുന്നില്ല. ബാലകൃഷ്‌ണപിള്ളയെ ശിക്ഷിച്ചതിന്‌ പിന്നിലും കൈക്കൂലിയുടെ സാന്നിധ്യമുണ്ടെന്ന്‌ സൂചിപ്പിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. സുധാകരന്‍ സാക്ഷിയായിരുന്നില്ല, ഇടനിലക്കാരനായിരുന്നു എന്ന ആരോപണത്തില്‍ മുട്ടി സെല്‍ഫ്‌ ഗോള്‍ നില്‍ക്കുന്നു. ഇടനിലക്കാരന്‌ കൊടുത്തത്‌ എത്ര എന്ന്‌ പുറത്തുവന്നിട്ടില്ല. അന്നത്തെ മുഖ്യമന്ത്രിയുടെ മകള്‍ക്കും എക്‌സൈസ്‌ മന്ത്രിക്കും കെ പി സി സി പ്രസിഡന്റിനും ഒരു എം എല്‍ എക്കും കൊടുത്തതിന്റെ കണക്കുകള്‍ ബാറുടമ പറയുന്നു. ഇതില്‍ വാസ്‌തവമുണ്ടോ എന്നതില്‍ അന്വേഷണം വേറെ വേണ്ടിവരും. ഒന്നെന്ന്‌ നിനച്ചത്‌ മൂന്നോ നാലോ സെല്‍ഫ്‌ ഗോളായതിന്റെ സന്തോഷം സുധാകരനുണ്ടാവാം. സുധാകരന്റെ ചെന്നൈ ബന്ധങ്ങളെക്കുറിച്ചും ബാറുടമ പറയുന്നു. അതന്വേഷിച്ച്‌ പോയാല്‍ വീണ്ടും ഗോളായേക്കും.

പ്രധാനമന്ത്രി മുതല്‍ മുല്ലപ്പള്ളി വരെയുള്ളവര്‍ തൊടുത്ത ഗോളുകള്‍ക്കെല്ലാം കോഴപ്പണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും മറച്ചുവെക്കലിന്റെയുമൊക്കെ പശ്ചാത്തലമുണ്ട്‌. ടെലികോം, എസ്‌ ബാന്‍ഡ്‌ എന്നിവ പോലെ ലക്ഷക്കണക്കിന്‌ കോടികളുടെ കണ്ണഞ്ചിക്കുന്ന പ്രഭ നമുടെ നാട്ടില്‍ നടക്കുന്നതിന്‌ ഇല്ല എന്നേയുള്ളൂ. പത്തോ പതിനഞ്ചോ ലക്ഷങ്ങള്‍. അല്ലെങ്കില്‍ ഗഡുക്കളായി വിതരണം ചെയ്യപ്പെടുന്ന ഏതാനും കോടികള്‍. കേരളം ഇനിയും വളരേണ്ടതുണ്ടെന്നും അതിന്‌ പറ്റിയ സാഹചര്യങ്ങള്‍ ഇവിടെയുണ്ടെന്നും മന്‍മോഹന്‍ സിംഗ്‌ ഏതാനും ദിവസം മുമ്പ്‌ ഇവിടെ പ്രസംഗിച്ച്‌ മടങ്ങിയത്‌ ഒന്നും കാണാതെയല്ല.
ഇതിനിടയില്‍ പി ശശി എന്ന രോഗബാധിതനെ മുന്നില്‍ നിര്‍ത്തി സെല്‍ഫ്‌ ഗോള്‍ അടിക്കാന്‍ സി പി എം ശ്രമിച്ചിരുന്നു. വി എസ്‌ അച്യുതാനന്ദന്‍ ഒരു പരിധിവരെ അതില്‍ വിജയിക്കുകയും ചെയ്‌തു. പക്ഷേ, എതിര്‍ താരങ്ങളുടെ മത്സരമികവിന്‌ മുന്നില്‍ അടിയറവ്‌ പറയുക എന്നത്‌ മാത്രമേ സി പി എം നേതാക്കള്‍ക്ക്‌ ഇക്കുറി മാര്‍ഗമുണ്ടായിരുന്നുള്ളൂ. 



ഫൈനല്‍ റൗണ്ട്‌ മത്സരത്തിന്‌ രണ്ട്‌ മാസം ഇനിയും ബാക്കിയുണ്ടെന്ന്‌ കളിക്കാരെ ഓര്‍മിപ്പിക്കുക മാത്രമേ ഇപ്പോള്‍ ചെയ്യാനാകൂ. അതുവരെ പ്രകടന മികവ്‌ നിലനിര്‍ത്തേണ്ട ബാധ്യത അവര്‍ക്കാണ്‌. കളി കണ്ട്‌ മനസ്സിലാക്കുക എന്നത്‌ മാത്രമേ കാണികള്‍ക്ക്‌ സാധിക്കൂ. ഈ ഗോളുകള്‍ക്ക്‌ പിറകിലെ വസ്‌തുതകള്‍ പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കരുത്‌. ആ വഴിക്ക്‌ അന്വേഷണങ്ങളുണ്ടാകുമെന്ന്‌ മാത്രം

2011-02-11

പ്രതിപക്ഷമാന്ദ്യം മുതലെടുക്കാന്‍



ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ ആറാമത്തെ ബജറ്റ്‌, സമ്പൂര്‍ണ ബജറ്റായാണ്‌ അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്ക്‌ അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ബജറ്റ്‌ പൂര്‍ണമായി പാസ്സാക്കുന്നില്ല. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാസങ്ങളിലേക്ക്‌ ധനവിനിയോഗം സാധ്യമാക്കുന്നതിനുള്ള വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ മാത്രമാണ്‌ പാസ്സാക്കുന്നത്‌. അതുകൊണ്ടുതന്നെ സമ്പൂര്‍ണ ബജറ്റെന്നത്‌ സങ്കല്‍പ്പം മാത്രമാകുന്നു. ഇത്‌ ഏറ്റവും നന്നായി അറിയുന്നതും തോമസ്‌ ഐസക്കിന്‌ തന്നെയാണ്‌. രണ്ട്‌ മാസത്തിനപ്പുറം തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ, ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ അതിന്‌ പ്രകടന പത്രികയുടെ സ്വഭാവം കൈവരിക പതിവാണ്‌. ഐസക്ക്‌ ചെയ്‌തതും മറ്റൊന്നല്ല. നാല്‌ വര്‍ഷം പാലിക്കാന്‍ കഴിഞ്ഞ സാമ്പത്തിക അച്ചടക്കം തോമസ്‌ ഐസക്കിന്‌ നല്‍കുന്ന ആത്മവിശ്വാസമാണ്‌ വ്യത്യാസമായി നില്‍ക്കുന്നത്‌. തിരഞ്ഞെടുപ്പിന്‌ ശേഷം ഭരണം മാറുകയാണെങ്കില്‍ ഈ ബജറ്റ്‌ അപ്രസക്തമാകുമെന്നുറപ്പ്‌. ഇടതുപക്ഷം തിരികെ അധികാരത്തിലെത്തുകയും തോമസ്‌ ഐസക്ക്‌ വീണ്ടും ധനമന്ത്രിയാകുകയും ചെയ്‌താല്‍പോലും ബജറ്റ്‌ പുതുക്കുമെന്നാണ്‌ കരുതേണ്ടത്‌.

1996 - 2001ലെ ഇ കെ നായനാര്‍ സര്‍ക്കാറിന്റെ അവസാനകാലത്ത്‌ ധനകാര്യ മാനേജുമെന്റ്‌ താറുമാറായിരുന്നു. ട്രഷറി പലവട്ടം പൂട്ടി. ചെക്കുകള്‍ മടങ്ങി. ദൈനംദിന ചെലവ്‌ പോലും നിര്‍വഹിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ പകച്ചുനിന്നു. 2001ലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ്‌ മുഖ്യ വിഷയമാക്കിയത്‌ ഈ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതിന്‌ ശേഷം അധികാരത്തില്‍ വന്ന യു ഡി എഫ്‌ സര്‍ക്കാര്‍ 2006ല്‍ ഖജനാവ്‌ കൈമാറുമ്പോഴും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. വിവിധ കരാറുകാര്‍ക്ക്‌ കൊടുക്കാനുള്ള കോടികള്‍ കുടിശ്ശിക. ഓവര്‍ ഡ്രാഫ്‌റ്റിന്റെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി. വികസന പദ്ധതികള്‍ക്ക്‌ പണം നീക്കിവെക്കാനോ അതിന്‌ ഖജനാവിന്‌ പുറത്തുനിന്ന്‌ വിഭവ സമാഹരണം നടത്തുന്നതിനുള്ള ഭാവനാ ശേഷി പ്രകടിപ്പിക്കാനോ കഴിയാത്ത ധനവകുപ്പ്‌. അവിടെ നിന്ന്‌ ഭരണമേറ്റെടുത്ത തോമസ്‌ ഐസക്ക്‌ ധനവകുപ്പിന്റെ യാനത്തെ നിലക്കുനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്‌ എന്ന്‌ എതിരാളികള്‍ പോലും സമ്മതിക്കും. 


സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ തീയതി മാര്‍ച്ച്‌ 31ആയി ഏകീകരിച്ചത്‌ പ്രാബല്യത്തിലായത്‌ കഴിഞ്ഞ വര്‍ഷമാണ്‌. കൂട്ടത്തോടെ ആളുകള്‍ വിരമിക്കുമ്പോള്‍ കൊടുത്തുതീര്‍ക്കേണ്ടിവരുന്ന ആയിരത്തിലേറെ കോടി രൂപ കണ്ടെത്താന്‍ പാടുപെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന്‌ തോമസ്‌ ഐസക്ക്‌ ആത്മവിശ്വാസത്തോടെ പറഞ്ഞു. ആ വിശ്വാസം ജയിക്കുന്നതാണ്‌ കണ്ടത്‌. ഇതേ വിശ്വാസമാണ്‌ 6,019.44 കോടി രൂപയുടെ കമ്മി വരുന്ന ബജറ്റ്‌ അവതരിപ്പിക്കാനും ആനുകൂല്യങ്ങള്‍ ലോഭമില്ലാതെ പ്രഖ്യാപിക്കാനും കാരണം.

ഏറെക്കുറെ സമാനമായ സാഹചര്യത്തിലാണ്‌ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2010-11) ബജറ്റ്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ. അന്നും പ്രഖ്യാപനങ്ങള്‍ ധാരാളമുണ്ടായിരുന്നു. അതിന്‌ വേണ്ട വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങളിലൊന്നായി അവതരിപ്പിച്ചത്‌ ഡാമുകളിലെ മണലെടുത്ത്‌ വില്‍ക്കുക എന്നതായിരുന്നു. ഈ പരിപാടി ആരംഭിച്ചെങ്കിലും വിജയം കണ്ടില്ല. പലയിടങ്ങളിലും അത്‌ നഷ്‌ടമുണ്ടാക്കുകയും ചെയ്‌തു. എങ്കിലും വിജയ സാധ്യതയുള്ള പദ്ധതിയായി അത്‌ നിലനില്‍ക്കുന്നു. ഡാമുകളിലെ മണലെടുപ്പില്‍ നിന്ന്‌ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെങ്കിലും 2010 - 11ല്‍ സര്‍ക്കാറിന്റെ റവന്യൂ വരുമാനം വര്‍ധിച്ചു. 2009 - 10ല്‍ 26,109.40 കോടിയായിരുന്ന വരുമാനം 31,180.82 കോടിയായി. ഈ തോത്‌ കണക്കിലെടുക്കുമ്പോള്‍ 2011 - 12ലെ ബജറ്റില്‍ 38,546.89 കോടി വരുമാനം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എങ്കിലും 6019.44 കോടി രൂപ കമ്മിയുണ്ടാകും. 


വരുമാനക്കമ്മിയുടെ ഈ വലുപ്പം സാമ്പത്തിക അച്ചടക്കത്തിന്‌ യോജിച്ചതല്ല. വരുമാനക്കമ്മി വര്‍ധിക്കുന്നതിന്‌ ആനുപാതികമായി ധനക്കമ്മിയിലും വര്‍ധനയുണ്ടാകും. രണ്ടും കുറച്ചുകൊണ്ടുവരണമെന്നത്‌ നിയമപരമായി അംഗീകരിച്ചതാണെന്ന വസ്‌തുതയും കണക്കിലെടുക്കണം. 2010-11ല്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 9.73 ശതമാനമാണ്‌. കേന്ദ്ര സര്‍ക്കാറിന്റെ നയസമീപനങ്ങളെ മാനദണ്ഡമാക്കി പരിശോധിച്ചാല്‍ ഇത്‌ മെച്ചപ്പെട്ട നിരക്കാണെന്ന്‌ സമ്മതിക്കേണ്ടിവരും.

ഇടത്‌ ബദലെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബജറ്റ്‌ തയ്യാറാക്കുന്നത്‌ എന്ന്‌ എല്ലായ്‌പ്പോഴും തോമസ്‌ ഐസക്കും സി പി എമ്മും എല്‍ ഡി എഫും അവകാശപ്പെടാറുണ്ട്‌. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെ ചുവടുപിടിച്ച്‌ തന്നെയാണ്‌ വി എസ്‌ സര്‍ക്കാറിന്റെ എല്ലാ ബജറ്റുകളും തയ്യാറാക്കിയത്‌ എന്ന്‌ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാനാകും. കേന്ദ്ര നയങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ട്‌ സംസ്ഥാനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനാകില്ല എന്ന വസ്‌തുത മറന്നുകൊണ്ടല്ല ഇത്‌ പറയുന്നത്‌. കേന്ദ്ര നയങ്ങളെ അടിസ്ഥാനമാക്കുമ്പോള്‍ തന്നെ സാമൂഹിക സുരക്ഷാ മേഖലകളെ പൂര്‍ണമായി തഴയുന്നില്ല എന്ന ധാരണ നിലനിര്‍ത്താന്‍ സമര്‍ഥമായി ശ്രമിക്കുകയും ചെയ്യുന്നുവെന്നു മാത്രം. ക്ഷേമ പെന്‍ഷനുകള്‍ പടിപടിയായി വര്‍ധിപ്പിച്ചത്‌, (ഇക്കുറിയും നൂറ്‌ രൂപയുടെ വര്‍ധനയുണ്ട്‌) വീട്ടുവേലക്കാരുള്‍പ്പെടെയുള്ളവര്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തിയത്‌, മത്സ്യത്തൊഴിലാളികള്‍ക്ക്‌ ട്രോളിംഗ്‌ നിരോധ കാലത്ത്‌ നല്‍കുന്ന സമാശ്വാസ തുക ഇരട്ടിയാക്കിയത്‌, അംങ്കണ്‍വാടി ടീച്ചര്‍മാര്‍ക്ക്‌ സംസ്ഥാനം നല്‍കുന്ന തുക വര്‍ധിപ്പിച്ചത്‌ എന്നിവയെല്ലാം ഈ ശ്രമത്തിന്റെ ഭാഗമാണ്‌.

അതേസമയം, വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ ബജറ്റിന്‌ പുറത്ത്‌ വിഭവ സമാഹരണം നടത്താന്‍ ഐസക്ക്‌ എല്ലാ തവണയും തയ്യാറായിരുന്നു. ഇപ്പോള്‍ റോഡുകളുടെ പുനരുദ്ധാരണത്തിനും വികസനത്തിനും പ്രഖ്യാപിച്ച 40,000 കോടി രൂപയുടെ പദ്ധതി ഉദാഹരണം. (തകര്‍ന്ന്‌ കിടക്കുന്ന റോഡുകള്‍ തോല്‍വിയുടെ പ്രധാനകാരണമാണെന്ന്‌ വി എസ്‌ സര്‍ക്കാര്‍ മനസ്സിലാക്കിയത്‌ തദ്ദേശ തിരഞ്ഞെടുപ്പിന്‌ ശേഷമാണ്‌. അതുകൊണ്ടാണ്‌ ഇക്കാര്യത്തില്‍ വിപുലമായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. ഇത്‌ തുടങ്ങിവെക്കാന്‍ പോലും ഒരു സാമ്പത്തിക വര്‍ഷം മതിയാകുകയില്ല) കേരള റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി പദ്ധതി നടത്തിപ്പ്‌ ഏല്‍പ്പിച്ചുകൊടുക്കുമെന്നാണ്‌ പ്രഖ്യാപനം. കോര്‍പ്പറേഷന്റെ ഘടനയിലും മറ്റും മാറ്റം വരുത്തുന്നതിന്‌ നിയമ ഭേദഗതി കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുന്നു. സര്‍ക്കാര്‍ വകുപ്പിനെ ഉപയോഗിച്ച്‌ ഇതൊന്നും ചെയ്യാനാകില്ലെന്ന്‌ സമ്മതിക്കുകയാണ്‌ സര്‍ക്കാര്‍. 


റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷനെപ്പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത്‌ പ്രൊഫഷണലായ ആളുകളെ നിയോഗിച്ച്‌ അവര്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി പദ്ധതികള്‍ നടപ്പാക്കുക എന്നതാണ്‌ ഉദ്ദേശ്യം. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട്‌ സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കാനോ സ്വകാര്യ, വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാനോ തയ്യാറാകുമ്പോള്‍, സര്‍ക്കാറിന്റെ കീഴില്‍ തന്നെയുള്ള ഏജന്‍സികള്‍ക്ക്‌ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി ഉപയോഗിക്കാന്‍ ഐസക്ക്‌ ശ്രമിക്കുന്നുവെന്ന വ്യത്യാസം മാത്രം. ഇത്‌ ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനുള്ള സാധ്യത ഏറെയാണ്‌. ഈ പദ്ധതി ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ പലിശ രഹിത വായ്‌പ ലഭ്യമാക്കുമെന്ന്‌ ധനമന്ത്രി പറയുന്നുണ്ട്‌. പലിശയില്ലെങ്കിലും മുടക്കുമുതല്‍ ഈ സ്ഥാപനങ്ങള്‍ക്ക്‌ തിരികെ ലഭിക്കേണ്ടതുണ്ട്‌. അത്‌ ലഭിക്കണമെങ്കില്‍ വലിയ തുക ടോളായി ഏര്‍പ്പെടുത്തേണ്ടിവരുമെന്ന്‌ ഉറപ്പ്‌. അത്തരം സംഗതികള്‍ മൂടിവെക്കുന്നുവെന്ന ന്യൂനത ഐസക്കിന്റെ ഈ പദ്ധതിക്കുണ്ട്‌.

അധികാരത്തിലേറിയ അന്നു മുതല്‍ പ്രതികൂലമായിരുന്ന രാഷ്‌ട്രീയ കാലാവസ്ഥ ഇപ്പോള്‍ കുറച്ചൊക്കെ അനുകൂലമായി വരുന്നുവെന്ന്‌ ഇടതുപക്ഷം വിലയിരുത്തുന്നുണ്ട്‌. അത്‌ ഫലപ്രദമായി മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വിവിധ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ധനമന്ത്രി തയ്യാറായത്‌. അപ്പോഴും കേന്ദ്ര സര്‍ക്കാറിന്റെ നയ സമീപനത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നുണ്ട്‌ ഐസക്ക്‌. കൂടുതല്‍ പണം ആളുകളുടെ കൈകളിലെത്തിയാലേ അതിനനുസരിച്ച്‌ ചെലവ്‌ വര്‍ധിക്കൂ. അതുണ്ടെങ്കിലേ വിപണിയില്‍ പണത്തിന്റെ ഒഴുക്ക്‌ നിലനില്‍ക്കൂ. ഈ ഒഴുക്കുണ്ടായാലേ ഐസക്ക്‌ പ്രതീക്ഷിക്കുന്ന വിധത്തിലുള്ള വരുമാന വര്‍ധനയുണ്ടാകൂ. പക്ഷേ, ഇത്തരത്തിലുള്ള പണത്തിന്റെ ഒഴുക്ക്‌ ഭാവിയില്‍ വിലക്കയറ്റം സൃഷ്‌ടിച്ചേക്കും. അത്‌ നേരിടാന്‍ പാകത്തില്‍ കുറേക്കൂടി കര്‍ക്കശമായ ബജറ്റ്‌ അവതരിപ്പിക്കാന്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തില്ലാത്ത സാഹചര്യത്തില്‍ കഴിയുമെന്നാകും ഐസക്കിന്റെ പ്രതീക്ഷ. പക്ഷേ, അതൊരു മികച്ച ബജറ്റിംഗ്‌ സമ്പ്രദായമായി കണക്കാക്കാന്‍ സാധിക്കില്ല.

നടപ്പാക്കാന്‍ കഴിയാത്ത പാഴ്‌വാഗ്‌ദാനങ്ങളാണ്‌ ബജറ്റിലേതെന്ന വിമര്‍ശം പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടില്ലെന്നത്‌ ചൂണ്ടിക്കാട്ടിയാണ്‌ ഈ വിമര്‍ശം ഉന്നയിക്കുന്നത്‌. ഇത്‌ പ്രതിപക്ഷത്തിന്റെ പതിവ്‌ വിമര്‍ശം മാത്രമായേ കാണാനാകൂ. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാസര്‍കോട്‌ - തിരുവനന്തപുരം ചരക്ക്‌ റെയില്‍പാത എവിടെവരെയായി എന്നതാണ്‌ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യം. ഒരു സാമ്പത്തിക വര്‍ഷക്കാലത്തിനിടെ നാമമാത്രമായ നടപടികള്‍ മാത്രമേ ഈ പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിക്കാനാകൂ എന്ന്‌ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഹരിത ബജറ്റ്‌ എന്ന്‌ പ്രഖ്യാപിച്ച്‌ 1,000 കോടി നീക്കിവെച്ചിട്ട്‌ ഒരു രൂപയെങ്കിലും ചെലവഴിച്ചോ എന്നതാണ്‌ മറ്റൊരു ചോദ്യം. ലിംഗ നീതി ഉറപ്പാക്കുന്ന ബജറ്റ്‌ എന്ന്‌ പ്രഖ്യാപിച്ചിട്ട്‌ എന്തുണ്ടായെന്നും ചോദ്യങ്ങളുണ്ട്‌. ഇത്തരം നിര്‍ദേശങ്ങള്‍ ചില നൂതന സാധ്യതകള്‍ മുന്നോട്ടുവെക്കുകയാണ്‌ ചെയ്യുന്നത്‌ എന്നതാണ്‌ ആദ്യം മനസ്സിലാക്കേണ്ടത്‌. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഭാവനാപൂര്‍ണമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയില്‍. അല്ലാതെ എത്ര പണം ചെലവഴിച്ചുവെന്നതിനെ മാത്രം ആശ്രയിച്ച്‌ ഇവയെ വിലയിരുത്താനാകില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പണമേറെ ചെലവഴിക്കപ്പെടുന്നുണ്ട്‌. ഈ പണം വകമാറ്റുകയോ അനര്‍ഹര്‍ക്ക്‌ വിതരണം ചെയ്യുകയോ കൃത്രിമം കാട്ടുകയോ ചെയ്യുന്നത്‌ വ്യാപകമാണെന്ന്‌ തുറന്നു പറഞ്ഞത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി തന്നെയാണ്‌. പണം ചെലവഴിച്ചതിന്റെ കണക്ക്‌ മാത്രം നോക്കിയുള്ള വിലയിരുത്തല്‍ എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.

സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ പുതിയ സര്‍ക്കാര്‍ വന്ന്‌ പുതിയ ബജറ്റ്‌ അവതരിപ്പിച്ചാല്‍ പോലും സാധിക്കില്ല. അങ്കണ്‍വാടി ജീവനക്കാര്‍ക്ക്‌ പ്രഖ്യാപിച്ച അധിക ആനുകൂല്യമോ നവജാത ശിശുക്കള്‍ക്ക്‌ പ്രഖ്യാപിച്ച 10,000 രൂപയുടെ എന്‍ഡോവ്‌മെന്‍ഡോ, മൈത്രി ഭവന വായ്‌പയുടെ കുടിശ്ശിക എഴുതിത്തള്ളിയതോ പിന്‍വലിക്കാന്‍ പുതിയ സര്‍ക്കാറായാല്‍പ്പോലും മടിക്കുമെന്ന്‌ ഉറപ്പ്‌.

ഈ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ ആറാമത്തെ ബജറ്റ്‌ അവതരിപ്പിക്കപ്പെടുമ്പോള്‍ അടിസ്ഥാന നയങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റം അനുഭവവേദ്യമാകുന്നുണ്ടോ എന്നതാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. അതിന്‌ തയ്യാറാകാന്‍ പ്രതിപക്ഷത്തിന്‌ താത്‌പര്യമുണ്ടാകില്ല. നിര്‍മാണ മേഖലയെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാക്കിയാണ്‌ ഇടത്‌ ബദലുണ്ടെന്ന്‌ അവകാശപ്പെടുന്ന ഐസക്കും മുന്നോട്ടുപോയത്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു ഡി എഫ്‌ അധികാരത്തില്‍ വന്നാലും ഇത്‌ തന്നെയാകും സ്വീകരിക്കപ്പെടുക. ആഗോള സാമ്പത്തിക മാന്ദ്യം ഒരു അവസരമായി കണ്ട്‌ മുതലെടുക്കുക എന്നതാണ്‌ തന്റെ തന്ത്രമെന്ന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ ഐസക്ക്‌ പറഞ്ഞിരുന്നു. ഇതേ തന്ത്രമാണ്‌ ഇപ്പോഴത്തെ ബജറ്റിലുമുള്ളത്‌. യു ഡി എഫിനുണ്ടായ മാന്ദ്യം അവസരമായി കണ്ട്‌ മുതലെടുക്കുക. അതിന്‌ സാമ്പത്തിക അടിത്തറയില്‍ വിള്ളലുണ്ടാക്കിയാലും നഷ്‌ടമില്ലെന്ന്‌ ഐസക്കിലെ രാഷ്‌ട്രീയക്കാരന്‍ കരുതിയിരിക്കണം.

2011-02-10

എത്ര ഗോവിന്ദച്ചാമിമാര്‍!



മലയാളികളെ പൊതുവില്‍ രോഷാകുലരാക്കിയ സംഭവമാണ്‌ ട്രെയിന്‍ യാത്രക്കാരിയായ പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. ഗോവിന്ദച്ചാമി എന്ന കടലൂര്‍ സ്വദേശിയാണ്‌ കുറ്റവാളിയെന്ന്‌ പോലീസ്‌ കണ്ടെത്തി. ഇയാളെ നിയമത്തിന്റെ വഴിയിലൂടെ ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യയില്‍ നിന്ന്‌ ദിനേന ഇത്തരം ക്രൂരതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ബലാത്സംഗം ചെറുത്ത ദളിത്‌ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ഛേദിച്ചതാണ്‌ അവിടെ നിന്ന്‌ അടുത്തിടെ റിപ്പോര്‍ട്ട്‌ ചെയ്‌തതില്‍ ഏറ്റവും ക്രൂരം. ഇത്തരം സംഭവങ്ങളിലെല്ലാം വലിയ ശബ്‌ദത്തിലുള്ള അലമുറ ഉയരുന്നുണ്ട്‌. ഏത്‌ കുറ്റകൃത്യവും മടികൂടാതെ ചെയ്യാന്‍ പാകത്തിലുള്ള മനോനിലയുള്ളവര്‍ സമുഹത്തില്‍ പെരുകി വരുന്നുവെന്നതിനാല്‍ അലമുറകള്‍ കൂടുകയും ചെയ്യുന്നു.

ഇവിടെ നമുക്ക്‌ മുന്നില്‍ നടന്ന അരുംകൊലയുടെ കാര്യത്തില്‍ പ്രതിയെന്ന്‌ സംശയിക്കപ്പെടുന്നയാള്‍ പിടിയിലായിട്ടുണ്ട്‌. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയ റെയില്‍വേക്കെതിരെ രോഷം ശക്തവുമാണ്‌. രോഷപ്രകടനത്തിന്റെ ഭാഗമായി റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്‌സിന്റെ ഓഫീസ്‌ ആക്രമിച്ചതിനും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി യാത്രക്കാരെ വലച്ചതിനും റെയില്‍വേ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നീതിപീഠം നടപടി സ്വീകരിക്കാതിരിക്കുമോ എന്ന ശങ്ക മാത്രമേ നിലവിലുള്ളൂ. സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും മറ്റും പൊതുജനങ്ങള്‍ക്കും മറ്റുമുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച്‌ അത്രത്തോളം വേവലാതി കൊള്ളുന്ന നീതിന്യായ സംവിധാനം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന്‌ തന്നെ പ്രതീക്ഷിക്കുക!

സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമി കുറ്റവാളിയാണെന്ന്‌ തെളിയിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും കരുതുക. പക്ഷേ, മറ്റു ഗോവിന്ദച്ചാമിമാരോ? സ്‌ത്രീയുടെ കരച്ചില്‍ കേട്ടുവെന്നും സഹായിക്കാന്‍ ശ്രമിക്കണമെന്ന്‌ താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സഹയാത്രക്കാര്‍ ആരും സഹകരിച്ചില്ലെന്നും വയനാട്‌ സ്വദേശിയായ യുവാവ്‌ പറയുന്നുണ്ട്‌. സഹായിക്കാന്‍ ശ്രമിക്കാതിരുന്ന ഈ യാത്രക്കാരും ഒരു പരിധിവരെ ഗോവിന്ദച്ചാമിമാരാണ്‌. ഇവരെ ഗോവിന്ദച്ചാമിമാരാക്കിയതിന്റെ ഉത്തരവാദിത്വം നമുക്കെല്ലാമാണ്‌. ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട പെണ്‍കുട്ടിയെ ഏതൊക്കെ തരത്തില്‍ ഉപദ്രവിച്ചുവെന്ന്‌ പത്രത്തിന്റെ ഒന്നാം പുറത്ത്‌ എഴുതി വാണിഭം നടത്തുന്നവരും ഗോവിന്ദച്ചാമിമാര്‍ തന്നെ. സൗമ്യക്ക്‌ സംഭവിച്ചത്‌ എന്തെന്ന്‌ ഏറെക്കുറെ എല്ലാവര്‍ക്കും നേരത്തെ തന്നെ മനസ്സിലായതാണ്‌. എന്നിട്ടും പറയാവുന്നത്ര വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മിടുക്ക്‌ കാട്ടി, കച്ചവടം പൊടിപാറിക്കുന്നവരെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാകും.

ഈ ക്രൂരകൃത്യം നടക്കുന്നത്‌, 15 വര്‍ഷം മുമ്പ്‌ നടന്ന, പെണ്‍വാണിഭമെന്നോ വ്യഭിചാരമെന്നോ ക്രൂരമായ ചൂഷണമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ വീണ്ടും സജീവ ശ്രദ്ധയിലെത്തിയ സമയത്താണ്‌. കേസില്‍ നിലവിലുള്ള സാക്ഷികളെ അവരുടെ ദുരൂഹ പശ്ചാത്തലങ്ങളുടെ സാഹചര്യത്തില്‍ മാറ്റി നിര്‍ത്താം. പക്ഷേ, ഐസ്‌ക്രീമെന്ന വിശേഷണം ഈ കേസിന്‌ ലഭിക്കുന്നതിന്‌ മുമ്പ്‌ കോഴിക്കോട്ട്‌ രണ്ട്‌ പെണ്‍കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ച കേസുണ്ടായിരുന്നു. ചൂഷണത്തിന്‌ ഇരയായതില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ ഇവരിലൊരാളുടെ പിതാവ്‌ പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. എന്നാല്‍ പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികളായിരുന്നുവെന്നും അതിന്റെ അനന്തരഫലമായിരുന്നു ആത്മഹത്യ എന്നുമാണ്‌ പോലീസ്‌ രേഖപ്പെടുത്തിയത്‌. 


ഈ പെണ്‍കുട്ടികളുടെ മരണത്തിന്‌ ഉത്തരവാദികളായ ഗോവിന്ദച്ചാമിമാരെ കണ്ടെത്താന്‍ ആരും ശ്രമിച്ചില്ല. ആ വഴിക്ക്‌ അന്വേഷണമേ വേണ്ടെന്നു തീരുമാനിച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ ഗോവിന്ദച്ചാമിമാര്‍ തന്നെയല്ലേ? ഈ സംഭവത്തിലേക്ക്‌ ഒരുപക്ഷേ നീളുമായിരുന്ന സി ബി ഐ അന്വേഷണം വേണ്ടെന്ന്‌ വിധിച്ച ന്യായാധിപനോ? ഈ കേസ്‌ തേച്ചുമാച്ചുകളയാന്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്നതുപോലുള്ള ഇടപെടലുകളുണ്ടായോ എന്ന അന്വേഷണം പോലും അപ്രസക്തമാക്കും വിധത്തില്‍ സംഭവങ്ങളെ മുഴുവന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഉപോത്‌പന്നമായി ചിത്രീകരിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിനുമില്ലേ ഒരു ഗോവിന്ദച്ചാമി ടച്ച്‌? വടക്കാഞ്ചേരിയിലെ യഥാര്‍ഥ ഗോവിന്ദച്ചാമിക്ക്‌ പണവും രാഷ്‌ട്രീയ പിന്‍ബലവുമുണ്ടായിരുന്നുവെങ്കില്‍ ഇത്തരം കഥകള്‍ ഭാവിയില്‍ നമുക്ക്‌ വായിക്കേണ്ടി/കാണേണ്ടി വരുമായിരുന്നു.

അല്‍പ്പം കൂടി വികസിപ്പിച്ചാല്‍ സുഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ കൗസര്‍ ബിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി ചുട്ടുകരിച്ച്‌ ചാരം നദിയിലൊഴിക്കിയ ഗോവിന്ദച്ചാമിമാരുണ്ട്‌. ആ കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്നവരും ഗോവിന്ദച്ചാമിയുടെ പകര്‍പ്പുകളാണ്‌. ഇശ്‌റത്ത്‌ ജഹാനെന്ന പെണ്‍കുട്ടിയെ പുനെയില്‍ നിന്ന്‌ തട്ടിക്കൊണ്ടുവന്ന്‌ അഹമ്മദാബാദിലെ തെരുവിലിട്ട്‌ മറ്റ്‌ മൂന്ന്‌ പേര്‍ക്കൊപ്പം വെടിവെച്ചു കൊന്നവരോ? ഗുജറാത്തിലെ വംശഹത്യയില്‍ ഗോവിന്ദച്ചാമിമാര്‍ എത്ര വരും? വയറുപിളര്‍ന്ന്‌ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തുവെന്ന്‌ ഒളിക്യാമറക്ക്‌ മുന്നില്‍ പറഞ്ഞ ബാബു ബജ്‌രംഗിയെന്ന ഗോവിന്ദച്ചാമിക്ക്‌ എന്ത്‌ ശിക്ഷ കിട്ടി? (പുതിയ സാഹചര്യങ്ങളില്‍ ഒളിക്യാമറയെ എത്രത്തോളം വിശ്വസിക്കാം എന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു) ദളിത്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത നിയമസഭാംഗമായ ഗോവിന്ദച്ചാമി, കാശ്‌മീരിലെ ഷോപിയാനില്‍ ബന്ധുക്കളായ യുവതികളെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിമാര്‍, രാജ്യ തലസ്ഥാനത്ത്‌ ദിനേനയെന്നോണം ഒറ്റക്കും കൂട്ടമായും അവതരിക്കുന്ന ഗോവിന്ദച്ചാമിമാര്‍... അങ്ങനെ പട്ടിക അനന്തമാണ്‌.

എന്തുകൊണ്ട്‌ ഇത്തരത്തില്‍ ക്രിമിനല്‍ വാസന വളരുന്നുവെന്നത്‌ മറ്റൊരു ഗവേഷണ വിഷയമാണ്‌. ഈ ക്രിമിനലുകളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതിലെ കൊടിയ അലംഭാവം കുറ്റവാസന വളര്‍ത്തുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടണം. നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്ന്‌ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ രാജ്യത്തെ സംവിധാനങ്ങള്‍ തീര്‍ത്തും പരാജയമാണെന്ന്‌ അംഗീകരിക്കേണ്ടിവരും. ഇനി ഏതെങ്കിലും വിധത്തില്‍ അതിനുള്ള ശ്രമങ്ങളുണ്ടായാല്‍ അതിക്രമത്തിന്‌ വിധേയയായ പെണ്‍കുട്ടി എന്തുകൊണ്ട്‌ ഒരിക്കല്‍പ്പോലും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന മറുചോദ്യവുമായി നീതിന്യായ സംവിധാനം അതിനെ തളര്‍ത്തും. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അങ്ങനെ ചോദിച്ചിട്ടുണ്ട്‌. ആ ചോദ്യത്തിന്‌ പിന്നില്‍ അടവുശിഷ്‌ടത്തിന്റെ കണക്കുകളുണ്ടായിരുന്നോ എന്ന്‌ ന്യായമായും സംശയിക്കാവുന്ന സാഹചര്യമാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌.

ഇപ്പോഴുണ്ടായ രോഷപ്രകടനം പൊടുന്നനെയുണ്ടായ കടുത്ത വേദനയില്‍ നിന്നുള്ളതാണ്‌. അത്‌ വൈകാതെ തണുക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ സഹായവും മറ്റും ലഭിക്കാന്‍ ഇത്‌ സഹായകമാകും. അതിലപ്പുറമൊന്നുമുണ്ടാകില്ല. ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷക്കല്ല റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്‌സെന്നും റെയില്‍വേയുടെ സ്വത്ത്‌ വകകള്‍ കാത്തുസൂക്ഷിക്കാനാണെന്നും ജനറല്‍ മാനേജര്‍ വ്യക്തമാക്കുമ്പോള്‍ പ്രത്യേകിച്ചും. ബലാത്സംഗവും കൊലയും നടത്തിയവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു. നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക്‌ തുണയായുണ്ട്‌. ഈ പഴുതുകള്‍ സൃഷ്‌ടിച്ചുനല്‍കാന്‍ നീതി നിര്‍വഹണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയ്യാറാണ്‌. അവര്‍ മൊഴികള്‍ തെറ്റിച്ച്‌ രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിന്‌ മുന്നില്‍ നല്‍കിയ മൊഴി മാറ്റിപ്പറയാന്‍ അവസരമൊരുക്കിക്കൊടുക്കും. പിടിച്ചെടുത്ത രേഖകളില്‍ ചിലത്‌ മനഃപൂര്‍വം ഒളിപ്പിക്കും. ചില പേജുകള്‍ കീറിമാറ്റും. എന്നിട്ടും അവസാനിക്കുന്നില്ലെങ്കില്‍ ഉന്നതങ്ങളെ സ്വാധീനിക്കാന്‍ വഴിയൊരുക്കിക്കൊടുക്കും.

പ്രസിദ്ധമായ ധ്യാനകേന്ദ്രത്തില്‍ ബലാത്സംഗവും കൊലയും നടക്കുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘം രൂപവത്‌കരിച്ചിരുന്നു. ഇവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ തയ്യാറാക്കി. അപ്പോഴാണ്‌ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്‌. അജ്ഞാതരായ ആളുകളുടെ പരാതി പരിഗണിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ ഭരണഘടനയുടെ 226-ാം വകുപ്പനുസരിച്ച്‌ ഹൈക്കോടതിക്ക്‌ അധികാരമില്ലെന്നായിരുന്നു ഉത്തരവ്‌. പരാതി ജ്ഞാതന്റെതായാലും അജ്ഞാതന്റെതായാലും അതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയ സംഗതികള്‍ പരിശോധിക്കണമെന്ന്‌ സുപ്രീം കോടതിക്ക്‌ തോന്നിയതേയില്ല. പണം, സ്വാധീനം, അധികാര സ്ഥാനങ്ങളുമായുള്ള അടുപ്പം എന്നിവയിലെല്ലാം ധാരാളിത്തമുള്ള ധ്യാനകേന്ദ്രത്തിനെതിരെ ജ്ഞാതരായ ആരെങ്കിലും ഇനി പരാതി നല്‍കുമെന്ന്‌ കരുതാനുമാകില്ല.

ചുരുക്കത്തില്‍ ഏത്‌ നിലവാരത്തിലുള്ള ഗോവിന്ദച്ചാമിമാര്‍ക്കും അവസരങ്ങളുള്ള, അത്‌ ഉപയോഗപ്പെടുത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന്‌ ഉറപ്പുള്ള സാഹചര്യം നിലനില്‍ക്കുന്നു. അത്‌ കേരളത്തില്‍ മാത്രമായി പരിമിതപ്പെടുന്നുമില്ല. പൗരന്റെ ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെടുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ്‌ എല്ലാ സംവിധാനങ്ങളും. കുറ്റകൃത്യത്തിന്‌ കൂട്ടുനില്‍ക്കുന്ന എല്ലാ നടപടികള്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നുമുണ്ട്‌. സുപ്രീം കോടതി വരെ പരിശോധിച്ച്‌ തള്ളിക്കളഞ്ഞ കേസുകളെന്ന്‌ നിരന്തരം പ്രഘോഷിക്കാന്‍ ഈ പരിരക്ഷ സഹായകമാകുകയും ചെയ്യുന്നു. ഇതിനെല്ലാം അവസരമൊരുക്കുമ്പോള്‍ ഏറ്റവും വലിയ ഗോവിന്ദച്ചാമിയായി നമ്മുടെ ഭരണകൂടം മാറുന്നു. അതിന്‌ മുന്നില്‍ സൗമ്യയോ കൗസര്‍ ബിയോ ആസിയയോ ഒന്നും പ്രസക്തമായ ജീവനുകളല്ല. സന്തുബന്ധുക്കളുടെ ക്ഷേമം ഉറപ്പാക്കുമ്പോള്‍ അവഗണിക്കേണ്ടവ. അവരുടെ കാര്യത്തില്‍ നമുക്ക്‌ ചെയ്യാവുന്ന ഏക കാര്യം `കേഴുക കേരളമേ' എന്നതുപോലുള്ള കോമള തലവാചകങ്ങള്‍ ഒരുക്കുക എന്നത്‌ മാത്രമാണ്‌. കേഴുന്നതില്‍ എന്ത്‌ കാര്യം? ഗോവിന്ദച്ചാമിമാരുടെ മുന്നില്‍ കേഴണമെന്നുറപ്പിച്ചവര്‍ക്ക്‌ നല്ല നമസ്‌കാരം!