2011-02-11

പ്രതിപക്ഷമാന്ദ്യം മുതലെടുക്കാന്‍ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ ആറാമത്തെ ബജറ്റ്‌, സമ്പൂര്‍ണ ബജറ്റായാണ്‌ അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്ക്‌ അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ബജറ്റ്‌ പൂര്‍ണമായി പാസ്സാക്കുന്നില്ല. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാസങ്ങളിലേക്ക്‌ ധനവിനിയോഗം സാധ്യമാക്കുന്നതിനുള്ള വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ മാത്രമാണ്‌ പാസ്സാക്കുന്നത്‌. അതുകൊണ്ടുതന്നെ സമ്പൂര്‍ണ ബജറ്റെന്നത്‌ സങ്കല്‍പ്പം മാത്രമാകുന്നു. ഇത്‌ ഏറ്റവും നന്നായി അറിയുന്നതും തോമസ്‌ ഐസക്കിന്‌ തന്നെയാണ്‌. രണ്ട്‌ മാസത്തിനപ്പുറം തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ, ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ അതിന്‌ പ്രകടന പത്രികയുടെ സ്വഭാവം കൈവരിക പതിവാണ്‌. ഐസക്ക്‌ ചെയ്‌തതും മറ്റൊന്നല്ല. നാല്‌ വര്‍ഷം പാലിക്കാന്‍ കഴിഞ്ഞ സാമ്പത്തിക അച്ചടക്കം തോമസ്‌ ഐസക്കിന്‌ നല്‍കുന്ന ആത്മവിശ്വാസമാണ്‌ വ്യത്യാസമായി നില്‍ക്കുന്നത്‌. തിരഞ്ഞെടുപ്പിന്‌ ശേഷം ഭരണം മാറുകയാണെങ്കില്‍ ഈ ബജറ്റ്‌ അപ്രസക്തമാകുമെന്നുറപ്പ്‌. ഇടതുപക്ഷം തിരികെ അധികാരത്തിലെത്തുകയും തോമസ്‌ ഐസക്ക്‌ വീണ്ടും ധനമന്ത്രിയാകുകയും ചെയ്‌താല്‍പോലും ബജറ്റ്‌ പുതുക്കുമെന്നാണ്‌ കരുതേണ്ടത്‌.

1996 - 2001ലെ ഇ കെ നായനാര്‍ സര്‍ക്കാറിന്റെ അവസാനകാലത്ത്‌ ധനകാര്യ മാനേജുമെന്റ്‌ താറുമാറായിരുന്നു. ട്രഷറി പലവട്ടം പൂട്ടി. ചെക്കുകള്‍ മടങ്ങി. ദൈനംദിന ചെലവ്‌ പോലും നിര്‍വഹിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ പകച്ചുനിന്നു. 2001ലെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ്‌ മുഖ്യ വിഷയമാക്കിയത്‌ ഈ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതിന്‌ ശേഷം അധികാരത്തില്‍ വന്ന യു ഡി എഫ്‌ സര്‍ക്കാര്‍ 2006ല്‍ ഖജനാവ്‌ കൈമാറുമ്പോഴും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. വിവിധ കരാറുകാര്‍ക്ക്‌ കൊടുക്കാനുള്ള കോടികള്‍ കുടിശ്ശിക. ഓവര്‍ ഡ്രാഫ്‌റ്റിന്റെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി. വികസന പദ്ധതികള്‍ക്ക്‌ പണം നീക്കിവെക്കാനോ അതിന്‌ ഖജനാവിന്‌ പുറത്തുനിന്ന്‌ വിഭവ സമാഹരണം നടത്തുന്നതിനുള്ള ഭാവനാ ശേഷി പ്രകടിപ്പിക്കാനോ കഴിയാത്ത ധനവകുപ്പ്‌. അവിടെ നിന്ന്‌ ഭരണമേറ്റെടുത്ത തോമസ്‌ ഐസക്ക്‌ ധനവകുപ്പിന്റെ യാനത്തെ നിലക്കുനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്‌ എന്ന്‌ എതിരാളികള്‍ പോലും സമ്മതിക്കും. 


സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ തീയതി മാര്‍ച്ച്‌ 31ആയി ഏകീകരിച്ചത്‌ പ്രാബല്യത്തിലായത്‌ കഴിഞ്ഞ വര്‍ഷമാണ്‌. കൂട്ടത്തോടെ ആളുകള്‍ വിരമിക്കുമ്പോള്‍ കൊടുത്തുതീര്‍ക്കേണ്ടിവരുന്ന ആയിരത്തിലേറെ കോടി രൂപ കണ്ടെത്താന്‍ പാടുപെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന്‌ തോമസ്‌ ഐസക്ക്‌ ആത്മവിശ്വാസത്തോടെ പറഞ്ഞു. ആ വിശ്വാസം ജയിക്കുന്നതാണ്‌ കണ്ടത്‌. ഇതേ വിശ്വാസമാണ്‌ 6,019.44 കോടി രൂപയുടെ കമ്മി വരുന്ന ബജറ്റ്‌ അവതരിപ്പിക്കാനും ആനുകൂല്യങ്ങള്‍ ലോഭമില്ലാതെ പ്രഖ്യാപിക്കാനും കാരണം.

ഏറെക്കുറെ സമാനമായ സാഹചര്യത്തിലാണ്‌ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2010-11) ബജറ്റ്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ. അന്നും പ്രഖ്യാപനങ്ങള്‍ ധാരാളമുണ്ടായിരുന്നു. അതിന്‌ വേണ്ട വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങളിലൊന്നായി അവതരിപ്പിച്ചത്‌ ഡാമുകളിലെ മണലെടുത്ത്‌ വില്‍ക്കുക എന്നതായിരുന്നു. ഈ പരിപാടി ആരംഭിച്ചെങ്കിലും വിജയം കണ്ടില്ല. പലയിടങ്ങളിലും അത്‌ നഷ്‌ടമുണ്ടാക്കുകയും ചെയ്‌തു. എങ്കിലും വിജയ സാധ്യതയുള്ള പദ്ധതിയായി അത്‌ നിലനില്‍ക്കുന്നു. ഡാമുകളിലെ മണലെടുപ്പില്‍ നിന്ന്‌ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെങ്കിലും 2010 - 11ല്‍ സര്‍ക്കാറിന്റെ റവന്യൂ വരുമാനം വര്‍ധിച്ചു. 2009 - 10ല്‍ 26,109.40 കോടിയായിരുന്ന വരുമാനം 31,180.82 കോടിയായി. ഈ തോത്‌ കണക്കിലെടുക്കുമ്പോള്‍ 2011 - 12ലെ ബജറ്റില്‍ 38,546.89 കോടി വരുമാനം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എങ്കിലും 6019.44 കോടി രൂപ കമ്മിയുണ്ടാകും. 


വരുമാനക്കമ്മിയുടെ ഈ വലുപ്പം സാമ്പത്തിക അച്ചടക്കത്തിന്‌ യോജിച്ചതല്ല. വരുമാനക്കമ്മി വര്‍ധിക്കുന്നതിന്‌ ആനുപാതികമായി ധനക്കമ്മിയിലും വര്‍ധനയുണ്ടാകും. രണ്ടും കുറച്ചുകൊണ്ടുവരണമെന്നത്‌ നിയമപരമായി അംഗീകരിച്ചതാണെന്ന വസ്‌തുതയും കണക്കിലെടുക്കണം. 2010-11ല്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളര്‍ച്ച 9.73 ശതമാനമാണ്‌. കേന്ദ്ര സര്‍ക്കാറിന്റെ നയസമീപനങ്ങളെ മാനദണ്ഡമാക്കി പരിശോധിച്ചാല്‍ ഇത്‌ മെച്ചപ്പെട്ട നിരക്കാണെന്ന്‌ സമ്മതിക്കേണ്ടിവരും.

ഇടത്‌ ബദലെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ബജറ്റ്‌ തയ്യാറാക്കുന്നത്‌ എന്ന്‌ എല്ലായ്‌പ്പോഴും തോമസ്‌ ഐസക്കും സി പി എമ്മും എല്‍ ഡി എഫും അവകാശപ്പെടാറുണ്ട്‌. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെ ചുവടുപിടിച്ച്‌ തന്നെയാണ്‌ വി എസ്‌ സര്‍ക്കാറിന്റെ എല്ലാ ബജറ്റുകളും തയ്യാറാക്കിയത്‌ എന്ന്‌ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാനാകും. കേന്ദ്ര നയങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ട്‌ സംസ്ഥാനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനാകില്ല എന്ന വസ്‌തുത മറന്നുകൊണ്ടല്ല ഇത്‌ പറയുന്നത്‌. കേന്ദ്ര നയങ്ങളെ അടിസ്ഥാനമാക്കുമ്പോള്‍ തന്നെ സാമൂഹിക സുരക്ഷാ മേഖലകളെ പൂര്‍ണമായി തഴയുന്നില്ല എന്ന ധാരണ നിലനിര്‍ത്താന്‍ സമര്‍ഥമായി ശ്രമിക്കുകയും ചെയ്യുന്നുവെന്നു മാത്രം. ക്ഷേമ പെന്‍ഷനുകള്‍ പടിപടിയായി വര്‍ധിപ്പിച്ചത്‌, (ഇക്കുറിയും നൂറ്‌ രൂപയുടെ വര്‍ധനയുണ്ട്‌) വീട്ടുവേലക്കാരുള്‍പ്പെടെയുള്ളവര്‍ക്ക്‌ ക്ഷേമനിധി ഏര്‍പ്പെടുത്തിയത്‌, മത്സ്യത്തൊഴിലാളികള്‍ക്ക്‌ ട്രോളിംഗ്‌ നിരോധ കാലത്ത്‌ നല്‍കുന്ന സമാശ്വാസ തുക ഇരട്ടിയാക്കിയത്‌, അംങ്കണ്‍വാടി ടീച്ചര്‍മാര്‍ക്ക്‌ സംസ്ഥാനം നല്‍കുന്ന തുക വര്‍ധിപ്പിച്ചത്‌ എന്നിവയെല്ലാം ഈ ശ്രമത്തിന്റെ ഭാഗമാണ്‌.

അതേസമയം, വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ ബജറ്റിന്‌ പുറത്ത്‌ വിഭവ സമാഹരണം നടത്താന്‍ ഐസക്ക്‌ എല്ലാ തവണയും തയ്യാറായിരുന്നു. ഇപ്പോള്‍ റോഡുകളുടെ പുനരുദ്ധാരണത്തിനും വികസനത്തിനും പ്രഖ്യാപിച്ച 40,000 കോടി രൂപയുടെ പദ്ധതി ഉദാഹരണം. (തകര്‍ന്ന്‌ കിടക്കുന്ന റോഡുകള്‍ തോല്‍വിയുടെ പ്രധാനകാരണമാണെന്ന്‌ വി എസ്‌ സര്‍ക്കാര്‍ മനസ്സിലാക്കിയത്‌ തദ്ദേശ തിരഞ്ഞെടുപ്പിന്‌ ശേഷമാണ്‌. അതുകൊണ്ടാണ്‌ ഇക്കാര്യത്തില്‍ വിപുലമായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. ഇത്‌ തുടങ്ങിവെക്കാന്‍ പോലും ഒരു സാമ്പത്തിക വര്‍ഷം മതിയാകുകയില്ല) കേരള റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ ഘടനയില്‍ മാറ്റം വരുത്തി പദ്ധതി നടത്തിപ്പ്‌ ഏല്‍പ്പിച്ചുകൊടുക്കുമെന്നാണ്‌ പ്രഖ്യാപനം. കോര്‍പ്പറേഷന്റെ ഘടനയിലും മറ്റും മാറ്റം വരുത്തുന്നതിന്‌ നിയമ ഭേദഗതി കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുന്നു. സര്‍ക്കാര്‍ വകുപ്പിനെ ഉപയോഗിച്ച്‌ ഇതൊന്നും ചെയ്യാനാകില്ലെന്ന്‌ സമ്മതിക്കുകയാണ്‌ സര്‍ക്കാര്‍. 


റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷനെപ്പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത്‌ പ്രൊഫഷണലായ ആളുകളെ നിയോഗിച്ച്‌ അവര്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി പദ്ധതികള്‍ നടപ്പാക്കുക എന്നതാണ്‌ ഉദ്ദേശ്യം. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട്‌ സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കാനോ സ്വകാര്യ, വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാനോ തയ്യാറാകുമ്പോള്‍, സര്‍ക്കാറിന്റെ കീഴില്‍ തന്നെയുള്ള ഏജന്‍സികള്‍ക്ക്‌ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി ഉപയോഗിക്കാന്‍ ഐസക്ക്‌ ശ്രമിക്കുന്നുവെന്ന വ്യത്യാസം മാത്രം. ഇത്‌ ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനുള്ള സാധ്യത ഏറെയാണ്‌. ഈ പദ്ധതി ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ പലിശ രഹിത വായ്‌പ ലഭ്യമാക്കുമെന്ന്‌ ധനമന്ത്രി പറയുന്നുണ്ട്‌. പലിശയില്ലെങ്കിലും മുടക്കുമുതല്‍ ഈ സ്ഥാപനങ്ങള്‍ക്ക്‌ തിരികെ ലഭിക്കേണ്ടതുണ്ട്‌. അത്‌ ലഭിക്കണമെങ്കില്‍ വലിയ തുക ടോളായി ഏര്‍പ്പെടുത്തേണ്ടിവരുമെന്ന്‌ ഉറപ്പ്‌. അത്തരം സംഗതികള്‍ മൂടിവെക്കുന്നുവെന്ന ന്യൂനത ഐസക്കിന്റെ ഈ പദ്ധതിക്കുണ്ട്‌.

അധികാരത്തിലേറിയ അന്നു മുതല്‍ പ്രതികൂലമായിരുന്ന രാഷ്‌ട്രീയ കാലാവസ്ഥ ഇപ്പോള്‍ കുറച്ചൊക്കെ അനുകൂലമായി വരുന്നുവെന്ന്‌ ഇടതുപക്ഷം വിലയിരുത്തുന്നുണ്ട്‌. അത്‌ ഫലപ്രദമായി മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വിവിധ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ധനമന്ത്രി തയ്യാറായത്‌. അപ്പോഴും കേന്ദ്ര സര്‍ക്കാറിന്റെ നയ സമീപനത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നുണ്ട്‌ ഐസക്ക്‌. കൂടുതല്‍ പണം ആളുകളുടെ കൈകളിലെത്തിയാലേ അതിനനുസരിച്ച്‌ ചെലവ്‌ വര്‍ധിക്കൂ. അതുണ്ടെങ്കിലേ വിപണിയില്‍ പണത്തിന്റെ ഒഴുക്ക്‌ നിലനില്‍ക്കൂ. ഈ ഒഴുക്കുണ്ടായാലേ ഐസക്ക്‌ പ്രതീക്ഷിക്കുന്ന വിധത്തിലുള്ള വരുമാന വര്‍ധനയുണ്ടാകൂ. പക്ഷേ, ഇത്തരത്തിലുള്ള പണത്തിന്റെ ഒഴുക്ക്‌ ഭാവിയില്‍ വിലക്കയറ്റം സൃഷ്‌ടിച്ചേക്കും. അത്‌ നേരിടാന്‍ പാകത്തില്‍ കുറേക്കൂടി കര്‍ക്കശമായ ബജറ്റ്‌ അവതരിപ്പിക്കാന്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തില്ലാത്ത സാഹചര്യത്തില്‍ കഴിയുമെന്നാകും ഐസക്കിന്റെ പ്രതീക്ഷ. പക്ഷേ, അതൊരു മികച്ച ബജറ്റിംഗ്‌ സമ്പ്രദായമായി കണക്കാക്കാന്‍ സാധിക്കില്ല.

നടപ്പാക്കാന്‍ കഴിയാത്ത പാഴ്‌വാഗ്‌ദാനങ്ങളാണ്‌ ബജറ്റിലേതെന്ന വിമര്‍ശം പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടില്ലെന്നത്‌ ചൂണ്ടിക്കാട്ടിയാണ്‌ ഈ വിമര്‍ശം ഉന്നയിക്കുന്നത്‌. ഇത്‌ പ്രതിപക്ഷത്തിന്റെ പതിവ്‌ വിമര്‍ശം മാത്രമായേ കാണാനാകൂ. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാസര്‍കോട്‌ - തിരുവനന്തപുരം ചരക്ക്‌ റെയില്‍പാത എവിടെവരെയായി എന്നതാണ്‌ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യം. ഒരു സാമ്പത്തിക വര്‍ഷക്കാലത്തിനിടെ നാമമാത്രമായ നടപടികള്‍ മാത്രമേ ഈ പദ്ധതിയുടെ കാര്യത്തില്‍ സ്വീകരിക്കാനാകൂ എന്ന്‌ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഹരിത ബജറ്റ്‌ എന്ന്‌ പ്രഖ്യാപിച്ച്‌ 1,000 കോടി നീക്കിവെച്ചിട്ട്‌ ഒരു രൂപയെങ്കിലും ചെലവഴിച്ചോ എന്നതാണ്‌ മറ്റൊരു ചോദ്യം. ലിംഗ നീതി ഉറപ്പാക്കുന്ന ബജറ്റ്‌ എന്ന്‌ പ്രഖ്യാപിച്ചിട്ട്‌ എന്തുണ്ടായെന്നും ചോദ്യങ്ങളുണ്ട്‌. ഇത്തരം നിര്‍ദേശങ്ങള്‍ ചില നൂതന സാധ്യതകള്‍ മുന്നോട്ടുവെക്കുകയാണ്‌ ചെയ്യുന്നത്‌ എന്നതാണ്‌ ആദ്യം മനസ്സിലാക്കേണ്ടത്‌. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഭാവനാപൂര്‍ണമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയില്‍. അല്ലാതെ എത്ര പണം ചെലവഴിച്ചുവെന്നതിനെ മാത്രം ആശ്രയിച്ച്‌ ഇവയെ വിലയിരുത്താനാകില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പണമേറെ ചെലവഴിക്കപ്പെടുന്നുണ്ട്‌. ഈ പണം വകമാറ്റുകയോ അനര്‍ഹര്‍ക്ക്‌ വിതരണം ചെയ്യുകയോ കൃത്രിമം കാട്ടുകയോ ചെയ്യുന്നത്‌ വ്യാപകമാണെന്ന്‌ തുറന്നു പറഞ്ഞത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി തന്നെയാണ്‌. പണം ചെലവഴിച്ചതിന്റെ കണക്ക്‌ മാത്രം നോക്കിയുള്ള വിലയിരുത്തല്‍ എല്ലായ്‌പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല.

സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ പുതിയ സര്‍ക്കാര്‍ വന്ന്‌ പുതിയ ബജറ്റ്‌ അവതരിപ്പിച്ചാല്‍ പോലും സാധിക്കില്ല. അങ്കണ്‍വാടി ജീവനക്കാര്‍ക്ക്‌ പ്രഖ്യാപിച്ച അധിക ആനുകൂല്യമോ നവജാത ശിശുക്കള്‍ക്ക്‌ പ്രഖ്യാപിച്ച 10,000 രൂപയുടെ എന്‍ഡോവ്‌മെന്‍ഡോ, മൈത്രി ഭവന വായ്‌പയുടെ കുടിശ്ശിക എഴുതിത്തള്ളിയതോ പിന്‍വലിക്കാന്‍ പുതിയ സര്‍ക്കാറായാല്‍പ്പോലും മടിക്കുമെന്ന്‌ ഉറപ്പ്‌.

ഈ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ ആറാമത്തെ ബജറ്റ്‌ അവതരിപ്പിക്കപ്പെടുമ്പോള്‍ അടിസ്ഥാന നയങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റം അനുഭവവേദ്യമാകുന്നുണ്ടോ എന്നതാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. അതിന്‌ തയ്യാറാകാന്‍ പ്രതിപക്ഷത്തിന്‌ താത്‌പര്യമുണ്ടാകില്ല. നിര്‍മാണ മേഖലയെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാക്കിയാണ്‌ ഇടത്‌ ബദലുണ്ടെന്ന്‌ അവകാശപ്പെടുന്ന ഐസക്കും മുന്നോട്ടുപോയത്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു ഡി എഫ്‌ അധികാരത്തില്‍ വന്നാലും ഇത്‌ തന്നെയാകും സ്വീകരിക്കപ്പെടുക. ആഗോള സാമ്പത്തിക മാന്ദ്യം ഒരു അവസരമായി കണ്ട്‌ മുതലെടുക്കുക എന്നതാണ്‌ തന്റെ തന്ത്രമെന്ന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ ഐസക്ക്‌ പറഞ്ഞിരുന്നു. ഇതേ തന്ത്രമാണ്‌ ഇപ്പോഴത്തെ ബജറ്റിലുമുള്ളത്‌. യു ഡി എഫിനുണ്ടായ മാന്ദ്യം അവസരമായി കണ്ട്‌ മുതലെടുക്കുക. അതിന്‌ സാമ്പത്തിക അടിത്തറയില്‍ വിള്ളലുണ്ടാക്കിയാലും നഷ്‌ടമില്ലെന്ന്‌ ഐസക്കിലെ രാഷ്‌ട്രീയക്കാരന്‍ കരുതിയിരിക്കണം.