2011-02-10

എത്ര ഗോവിന്ദച്ചാമിമാര്‍!



മലയാളികളെ പൊതുവില്‍ രോഷാകുലരാക്കിയ സംഭവമാണ്‌ ട്രെയിന്‍ യാത്രക്കാരിയായ പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. ഗോവിന്ദച്ചാമി എന്ന കടലൂര്‍ സ്വദേശിയാണ്‌ കുറ്റവാളിയെന്ന്‌ പോലീസ്‌ കണ്ടെത്തി. ഇയാളെ നിയമത്തിന്റെ വഴിയിലൂടെ ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യയില്‍ നിന്ന്‌ ദിനേന ഇത്തരം ക്രൂരതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. ബലാത്സംഗം ചെറുത്ത ദളിത്‌ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ഛേദിച്ചതാണ്‌ അവിടെ നിന്ന്‌ അടുത്തിടെ റിപ്പോര്‍ട്ട്‌ ചെയ്‌തതില്‍ ഏറ്റവും ക്രൂരം. ഇത്തരം സംഭവങ്ങളിലെല്ലാം വലിയ ശബ്‌ദത്തിലുള്ള അലമുറ ഉയരുന്നുണ്ട്‌. ഏത്‌ കുറ്റകൃത്യവും മടികൂടാതെ ചെയ്യാന്‍ പാകത്തിലുള്ള മനോനിലയുള്ളവര്‍ സമുഹത്തില്‍ പെരുകി വരുന്നുവെന്നതിനാല്‍ അലമുറകള്‍ കൂടുകയും ചെയ്യുന്നു.

ഇവിടെ നമുക്ക്‌ മുന്നില്‍ നടന്ന അരുംകൊലയുടെ കാര്യത്തില്‍ പ്രതിയെന്ന്‌ സംശയിക്കപ്പെടുന്നയാള്‍ പിടിയിലായിട്ടുണ്ട്‌. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയ റെയില്‍വേക്കെതിരെ രോഷം ശക്തവുമാണ്‌. രോഷപ്രകടനത്തിന്റെ ഭാഗമായി റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്‌സിന്റെ ഓഫീസ്‌ ആക്രമിച്ചതിനും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി യാത്രക്കാരെ വലച്ചതിനും റെയില്‍വേ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നീതിപീഠം നടപടി സ്വീകരിക്കാതിരിക്കുമോ എന്ന ശങ്ക മാത്രമേ നിലവിലുള്ളൂ. സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും മറ്റും പൊതുജനങ്ങള്‍ക്കും മറ്റുമുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച്‌ അത്രത്തോളം വേവലാതി കൊള്ളുന്ന നീതിന്യായ സംവിധാനം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന്‌ തന്നെ പ്രതീക്ഷിക്കുക!

സൗമ്യയെ കൊലപ്പെടുത്തിയ കേസില്‍ ഗോവിന്ദച്ചാമി കുറ്റവാളിയാണെന്ന്‌ തെളിയിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും കരുതുക. പക്ഷേ, മറ്റു ഗോവിന്ദച്ചാമിമാരോ? സ്‌ത്രീയുടെ കരച്ചില്‍ കേട്ടുവെന്നും സഹായിക്കാന്‍ ശ്രമിക്കണമെന്ന്‌ താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സഹയാത്രക്കാര്‍ ആരും സഹകരിച്ചില്ലെന്നും വയനാട്‌ സ്വദേശിയായ യുവാവ്‌ പറയുന്നുണ്ട്‌. സഹായിക്കാന്‍ ശ്രമിക്കാതിരുന്ന ഈ യാത്രക്കാരും ഒരു പരിധിവരെ ഗോവിന്ദച്ചാമിമാരാണ്‌. ഇവരെ ഗോവിന്ദച്ചാമിമാരാക്കിയതിന്റെ ഉത്തരവാദിത്വം നമുക്കെല്ലാമാണ്‌. ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട പെണ്‍കുട്ടിയെ ഏതൊക്കെ തരത്തില്‍ ഉപദ്രവിച്ചുവെന്ന്‌ പത്രത്തിന്റെ ഒന്നാം പുറത്ത്‌ എഴുതി വാണിഭം നടത്തുന്നവരും ഗോവിന്ദച്ചാമിമാര്‍ തന്നെ. സൗമ്യക്ക്‌ സംഭവിച്ചത്‌ എന്തെന്ന്‌ ഏറെക്കുറെ എല്ലാവര്‍ക്കും നേരത്തെ തന്നെ മനസ്സിലായതാണ്‌. എന്നിട്ടും പറയാവുന്നത്ര വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മിടുക്ക്‌ കാട്ടി, കച്ചവടം പൊടിപാറിക്കുന്നവരെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാകും.

ഈ ക്രൂരകൃത്യം നടക്കുന്നത്‌, 15 വര്‍ഷം മുമ്പ്‌ നടന്ന, പെണ്‍വാണിഭമെന്നോ വ്യഭിചാരമെന്നോ ക്രൂരമായ ചൂഷണമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ വീണ്ടും സജീവ ശ്രദ്ധയിലെത്തിയ സമയത്താണ്‌. കേസില്‍ നിലവിലുള്ള സാക്ഷികളെ അവരുടെ ദുരൂഹ പശ്ചാത്തലങ്ങളുടെ സാഹചര്യത്തില്‍ മാറ്റി നിര്‍ത്താം. പക്ഷേ, ഐസ്‌ക്രീമെന്ന വിശേഷണം ഈ കേസിന്‌ ലഭിക്കുന്നതിന്‌ മുമ്പ്‌ കോഴിക്കോട്ട്‌ രണ്ട്‌ പെണ്‍കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ച കേസുണ്ടായിരുന്നു. ചൂഷണത്തിന്‌ ഇരയായതില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ ഇവരിലൊരാളുടെ പിതാവ്‌ പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. എന്നാല്‍ പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികളായിരുന്നുവെന്നും അതിന്റെ അനന്തരഫലമായിരുന്നു ആത്മഹത്യ എന്നുമാണ്‌ പോലീസ്‌ രേഖപ്പെടുത്തിയത്‌. 


ഈ പെണ്‍കുട്ടികളുടെ മരണത്തിന്‌ ഉത്തരവാദികളായ ഗോവിന്ദച്ചാമിമാരെ കണ്ടെത്താന്‍ ആരും ശ്രമിച്ചില്ല. ആ വഴിക്ക്‌ അന്വേഷണമേ വേണ്ടെന്നു തീരുമാനിച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ ഗോവിന്ദച്ചാമിമാര്‍ തന്നെയല്ലേ? ഈ സംഭവത്തിലേക്ക്‌ ഒരുപക്ഷേ നീളുമായിരുന്ന സി ബി ഐ അന്വേഷണം വേണ്ടെന്ന്‌ വിധിച്ച ന്യായാധിപനോ? ഈ കേസ്‌ തേച്ചുമാച്ചുകളയാന്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്നതുപോലുള്ള ഇടപെടലുകളുണ്ടായോ എന്ന അന്വേഷണം പോലും അപ്രസക്തമാക്കും വിധത്തില്‍ സംഭവങ്ങളെ മുഴുവന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഉപോത്‌പന്നമായി ചിത്രീകരിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിനുമില്ലേ ഒരു ഗോവിന്ദച്ചാമി ടച്ച്‌? വടക്കാഞ്ചേരിയിലെ യഥാര്‍ഥ ഗോവിന്ദച്ചാമിക്ക്‌ പണവും രാഷ്‌ട്രീയ പിന്‍ബലവുമുണ്ടായിരുന്നുവെങ്കില്‍ ഇത്തരം കഥകള്‍ ഭാവിയില്‍ നമുക്ക്‌ വായിക്കേണ്ടി/കാണേണ്ടി വരുമായിരുന്നു.

അല്‍പ്പം കൂടി വികസിപ്പിച്ചാല്‍ സുഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ കൗസര്‍ ബിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി ചുട്ടുകരിച്ച്‌ ചാരം നദിയിലൊഴിക്കിയ ഗോവിന്ദച്ചാമിമാരുണ്ട്‌. ആ കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്നവരും ഗോവിന്ദച്ചാമിയുടെ പകര്‍പ്പുകളാണ്‌. ഇശ്‌റത്ത്‌ ജഹാനെന്ന പെണ്‍കുട്ടിയെ പുനെയില്‍ നിന്ന്‌ തട്ടിക്കൊണ്ടുവന്ന്‌ അഹമ്മദാബാദിലെ തെരുവിലിട്ട്‌ മറ്റ്‌ മൂന്ന്‌ പേര്‍ക്കൊപ്പം വെടിവെച്ചു കൊന്നവരോ? ഗുജറാത്തിലെ വംശഹത്യയില്‍ ഗോവിന്ദച്ചാമിമാര്‍ എത്ര വരും? വയറുപിളര്‍ന്ന്‌ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തുവെന്ന്‌ ഒളിക്യാമറക്ക്‌ മുന്നില്‍ പറഞ്ഞ ബാബു ബജ്‌രംഗിയെന്ന ഗോവിന്ദച്ചാമിക്ക്‌ എന്ത്‌ ശിക്ഷ കിട്ടി? (പുതിയ സാഹചര്യങ്ങളില്‍ ഒളിക്യാമറയെ എത്രത്തോളം വിശ്വസിക്കാം എന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു) ദളിത്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത നിയമസഭാംഗമായ ഗോവിന്ദച്ചാമി, കാശ്‌മീരിലെ ഷോപിയാനില്‍ ബന്ധുക്കളായ യുവതികളെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിമാര്‍, രാജ്യ തലസ്ഥാനത്ത്‌ ദിനേനയെന്നോണം ഒറ്റക്കും കൂട്ടമായും അവതരിക്കുന്ന ഗോവിന്ദച്ചാമിമാര്‍... അങ്ങനെ പട്ടിക അനന്തമാണ്‌.

എന്തുകൊണ്ട്‌ ഇത്തരത്തില്‍ ക്രിമിനല്‍ വാസന വളരുന്നുവെന്നത്‌ മറ്റൊരു ഗവേഷണ വിഷയമാണ്‌. ഈ ക്രിമിനലുകളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതിലെ കൊടിയ അലംഭാവം കുറ്റവാസന വളര്‍ത്തുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടണം. നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്ന്‌ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ രാജ്യത്തെ സംവിധാനങ്ങള്‍ തീര്‍ത്തും പരാജയമാണെന്ന്‌ അംഗീകരിക്കേണ്ടിവരും. ഇനി ഏതെങ്കിലും വിധത്തില്‍ അതിനുള്ള ശ്രമങ്ങളുണ്ടായാല്‍ അതിക്രമത്തിന്‌ വിധേയയായ പെണ്‍കുട്ടി എന്തുകൊണ്ട്‌ ഒരിക്കല്‍പ്പോലും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന മറുചോദ്യവുമായി നീതിന്യായ സംവിധാനം അതിനെ തളര്‍ത്തും. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അങ്ങനെ ചോദിച്ചിട്ടുണ്ട്‌. ആ ചോദ്യത്തിന്‌ പിന്നില്‍ അടവുശിഷ്‌ടത്തിന്റെ കണക്കുകളുണ്ടായിരുന്നോ എന്ന്‌ ന്യായമായും സംശയിക്കാവുന്ന സാഹചര്യമാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌.

ഇപ്പോഴുണ്ടായ രോഷപ്രകടനം പൊടുന്നനെയുണ്ടായ കടുത്ത വേദനയില്‍ നിന്നുള്ളതാണ്‌. അത്‌ വൈകാതെ തണുക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ സഹായവും മറ്റും ലഭിക്കാന്‍ ഇത്‌ സഹായകമാകും. അതിലപ്പുറമൊന്നുമുണ്ടാകില്ല. ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷക്കല്ല റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്‌സെന്നും റെയില്‍വേയുടെ സ്വത്ത്‌ വകകള്‍ കാത്തുസൂക്ഷിക്കാനാണെന്നും ജനറല്‍ മാനേജര്‍ വ്യക്തമാക്കുമ്പോള്‍ പ്രത്യേകിച്ചും. ബലാത്സംഗവും കൊലയും നടത്തിയവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു. നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക്‌ തുണയായുണ്ട്‌. ഈ പഴുതുകള്‍ സൃഷ്‌ടിച്ചുനല്‍കാന്‍ നീതി നിര്‍വഹണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയ്യാറാണ്‌. അവര്‍ മൊഴികള്‍ തെറ്റിച്ച്‌ രേഖപ്പെടുത്തും. മജിസ്‌ട്രേറ്റിന്‌ മുന്നില്‍ നല്‍കിയ മൊഴി മാറ്റിപ്പറയാന്‍ അവസരമൊരുക്കിക്കൊടുക്കും. പിടിച്ചെടുത്ത രേഖകളില്‍ ചിലത്‌ മനഃപൂര്‍വം ഒളിപ്പിക്കും. ചില പേജുകള്‍ കീറിമാറ്റും. എന്നിട്ടും അവസാനിക്കുന്നില്ലെങ്കില്‍ ഉന്നതങ്ങളെ സ്വാധീനിക്കാന്‍ വഴിയൊരുക്കിക്കൊടുക്കും.

പ്രസിദ്ധമായ ധ്യാനകേന്ദ്രത്തില്‍ ബലാത്സംഗവും കൊലയും നടക്കുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘം രൂപവത്‌കരിച്ചിരുന്നു. ഇവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ തയ്യാറാക്കി. അപ്പോഴാണ്‌ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്‌. അജ്ഞാതരായ ആളുകളുടെ പരാതി പരിഗണിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ ഭരണഘടനയുടെ 226-ാം വകുപ്പനുസരിച്ച്‌ ഹൈക്കോടതിക്ക്‌ അധികാരമില്ലെന്നായിരുന്നു ഉത്തരവ്‌. പരാതി ജ്ഞാതന്റെതായാലും അജ്ഞാതന്റെതായാലും അതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയ സംഗതികള്‍ പരിശോധിക്കണമെന്ന്‌ സുപ്രീം കോടതിക്ക്‌ തോന്നിയതേയില്ല. പണം, സ്വാധീനം, അധികാര സ്ഥാനങ്ങളുമായുള്ള അടുപ്പം എന്നിവയിലെല്ലാം ധാരാളിത്തമുള്ള ധ്യാനകേന്ദ്രത്തിനെതിരെ ജ്ഞാതരായ ആരെങ്കിലും ഇനി പരാതി നല്‍കുമെന്ന്‌ കരുതാനുമാകില്ല.

ചുരുക്കത്തില്‍ ഏത്‌ നിലവാരത്തിലുള്ള ഗോവിന്ദച്ചാമിമാര്‍ക്കും അവസരങ്ങളുള്ള, അത്‌ ഉപയോഗപ്പെടുത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന്‌ ഉറപ്പുള്ള സാഹചര്യം നിലനില്‍ക്കുന്നു. അത്‌ കേരളത്തില്‍ മാത്രമായി പരിമിതപ്പെടുന്നുമില്ല. പൗരന്റെ ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെടുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ്‌ എല്ലാ സംവിധാനങ്ങളും. കുറ്റകൃത്യത്തിന്‌ കൂട്ടുനില്‍ക്കുന്ന എല്ലാ നടപടികള്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നുമുണ്ട്‌. സുപ്രീം കോടതി വരെ പരിശോധിച്ച്‌ തള്ളിക്കളഞ്ഞ കേസുകളെന്ന്‌ നിരന്തരം പ്രഘോഷിക്കാന്‍ ഈ പരിരക്ഷ സഹായകമാകുകയും ചെയ്യുന്നു. ഇതിനെല്ലാം അവസരമൊരുക്കുമ്പോള്‍ ഏറ്റവും വലിയ ഗോവിന്ദച്ചാമിയായി നമ്മുടെ ഭരണകൂടം മാറുന്നു. അതിന്‌ മുന്നില്‍ സൗമ്യയോ കൗസര്‍ ബിയോ ആസിയയോ ഒന്നും പ്രസക്തമായ ജീവനുകളല്ല. സന്തുബന്ധുക്കളുടെ ക്ഷേമം ഉറപ്പാക്കുമ്പോള്‍ അവഗണിക്കേണ്ടവ. അവരുടെ കാര്യത്തില്‍ നമുക്ക്‌ ചെയ്യാവുന്ന ഏക കാര്യം `കേഴുക കേരളമേ' എന്നതുപോലുള്ള കോമള തലവാചകങ്ങള്‍ ഒരുക്കുക എന്നത്‌ മാത്രമാണ്‌. കേഴുന്നതില്‍ എന്ത്‌ കാര്യം? ഗോവിന്ദച്ചാമിമാരുടെ മുന്നില്‍ കേഴണമെന്നുറപ്പിച്ചവര്‍ക്ക്‌ നല്ല നമസ്‌കാരം! 

3 comments:

  1. ഇന്ത്യയില്‍ ഓരോ മുപ്പത്തിനാല് മിനുറ്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാകുന്നെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് എജുക്കേഷന്‍ ആന്റ് മോണിറ്ററിങ് സെല്‍ നടത്തിയ പഠന റിപ്പോര്‍ട്ട്. പറയുന്നു. നമ്മുടെ സ്ത്രീവിരുദ്ധ സാമൂഹ്യ ജീവിതത്തിന്റെ മറ്റൊരു ഉല്പന്നമാണ് നമ്മുടെ രാഷ്ട്രീയവും. ഇന്ത്യ മഹാരാജ്യത്തെ "ഭാരത മാതാവ്" എന്ന് ഓമനിച്ചു വിളിക്കുകയും അതിലെ ഭൂപ്രദേശത്ത് വസിക്കുന്ന ദുര്‍ബലരുടെ ജനാധിപത്യാവകാശങ്ങള്‍ "പൌരുഷത്തോടെ" ഹനിക്കുകയും ചെയ്യുന്നതും ഇതേ മാനസികാവസ്ഥ ഉള്ളതിനാലാണ്. സവര്‍ണര്‍ വിശുദ്ധ പശുവിനെയും സ്ത്രീകളെയും ഒരു പോലെയാണ് കാണുന്നത്. രണ്ടിനെയും സൈദ്ധാന്തിക തലത്തില്‍ പൂജിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍ പശുവും സ്ത്രീയും 'ലിംഗപൂജ' ക്ക് ശേഷം ഉപേക്ഷിക്കുന്ന 'ഗര്‍ഭ നിരോധന ഉറകള്‍' പോലെയാണ്. പൌരുഷം തുടിക്കുന്ന രാഷ്ട്രീയവും സാമൂഹ്യ ജീവിതവും മാറ്റി സ്ത്രീയെ ഒരു വ്യക്തി എന്ന നിലക്ക് കാണുവാന്‍ എന്നാണ്‌ നമ്മള്‍ക്കാകുക?

    ReplyDelete
  2. ഞാനടക്കം എല്ലാവരും ഗോവിന്ദച്ചാമിമാർ ആണ്‌.
    മതൃകാപരമായ ശിക്ഷ തന്നെയാണ്‌ ഇതിന്‌ വിധിക്കേണ്ടത്.ജനമദ്ധ്യത്തിൽ വെച്ച് കല്ലെറിയണം.എന്നാലെ മറ്റുള്ളവരും പഠിക്കൂ.ജൂഡ്ഷ്യറി പോലും കുറ്റകൃത്യങ്ങൾക്ക് കൂട്ട് നില്ക്കുമ്പോൾ അത്തരത്തിലൊന്ന് പ്രതീക്ഷിക്ക വയ്യ.എന്നാൽ,ഒന്ന് പ്രതികരിച്ചാലൊ അവൻ തീ​‍ീവ്രവാദിയായി.അവന്റെ പേർ മുസ്ലീമാണെങ്കിൽ പിന്നെ കാര്യം ഗോവിന്ദ..

    ReplyDelete
  3. യാത്രക്കാരുടെ സുരക്ഷ റയിൾവെയുടെ ഉത്തരവാദിത്വംമല്ല എന്നു പലപ്രാവിശ്യം വ്യക്തമാക്കിയിട്ടുണ്ടു .വിദൂരയാത്രകളിൽ അക്രമിക്കപെടൂന്ന എത്രകഥകൽ അനുഭവിചിരിക്കുന്നു കണ്ടീരിക്കുന്നു ..എന്തു നടപടി ഒക്കെ അങ്ങനെതന്നെ

    നല്ല നമസ്‌കാരം

    ReplyDelete