വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുജറാത്താണ് മാതൃക എന്ന വാദം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. രഹസ്യമായാണെങ്കിലും ഈ രീതിയില്‍ ചിന്തിക്കുന്നവരുടെ എണ്ണം കുറവുമല്ല. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഏകകങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ഗുജറാത്ത് മുന്നിലാണെന്ന് കോണ്‍ഗ്രസിന് പോലും സമ്മതിക്കേണ്ടിവരും.
ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക്, സംസ്ഥാനത്തേക്ക് നിക്ഷേപമായെത്തുന്ന തുകയിലെ വലിയ വര്‍ധന, വ്യവസായ സംരംഭകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന ശുഷ്‌കാന്തി എന്നിവയില്‍ മുന്നില്‍ തന്നെയാണ് ഗുജറാത്ത്. ഈ നിലക്കുള്ള മേന്‍മകളുടെ പട്ടിക പ്രദര്‍ശിപ്പിക്കുമ്പോള്‍ മറയ്‌ക്കപ്പെടുന്ന ചിലതുണ്ട്. വികസന പദ്ധതികള്‍ നടപ്പാക്കിയതു മൂലം കുടിയൊഴിയേണ്ടിവന്ന/വരുന്ന ആളുകളുടെ എണ്ണം. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന സബര്‍മതി നദീമുഖ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നത് 38,000 കുടുംബങ്ങളാണ്. സര്‍ക്കാര്‍ കണക്കില്‍ ഇത്രയുണ്ടാവില്ല. സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തെയും വേണ്ടവിധത്തില്‍ പുനരധിവസിപ്പിക്കുന്നില്ല.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഭൂമി വാങ്ങാന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയാണ് ഗുജറാത്ത് സര്‍ക്കാറിന്റെ രീതി. നിലവിലുള്ള വിപണി വില ഭൂമിക്ക് നല്‍കുകയും ചെയ്യും. വിപണി വിലക്ക് ഭൂമി കൈമാറുന്നതുകൊണ്ട് തന്നെ പരാതികള്‍ കുറയുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. വ്യവസായ സ്ഥാപനങ്ങള്‍ നേരിട്ട് ഭൂമി വിലക്കെടുക്കുക എന്നതിന്റെ അര്‍ഥം ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഭൂമി വില്‍ക്കാന്‍ സ്വയം തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തിയും മറ്റും സമ്മതിപ്പിക്കുമെന്ന് പകല്‍പോലെ വ്യക്തം. ജീവന്‍ രക്ഷിക്കാന്‍ തത്രപ്പെടേണ്ടിവരുന്നവര്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ എതിര്‍പ്പുകളൊന്നും കൂടാതെ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കുന്നുവെന്ന പ്രചാരണം നടത്താന്‍ സര്‍ക്കാറിന് സാധിക്കും.
നിര്‍മിച്ച്, ഉപയോഗിച്ച് ലാഭമെടുത്ത് കൈമാറുന്ന (ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്‌ഫര്‍ - ബി ഒ ടി) രീതിയില്‍ റോഡ് നിര്‍മാണവും മറ്റും നടപ്പാക്കുന്നതിലും ഗുജറാത്തിന് പ്രഥമ സ്ഥാനമുണ്ട്. വഡോദരയില്‍ നിന്ന് ബറൂച്ചിലേക്കുള്ള 83.3 കിലോമീറ്റര്‍ ദൂരം ദേശീയ പാത ഈ രീതിയില്‍ നിര്‍മിക്കുന്നത് ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോയാണ്. ആറ് വരി പാതക്ക് മതിപ്പ് ചെലവ് 750 കോടി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ റോഡ് നിര്‍മിക്കാനുള്ള പതിനഞ്ച് പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ അഞ്ചെണ്ണവും ലഭിച്ചത് ഗുജറാത്തിനാണ്. ആകെ 15,000 കോടി രൂപ ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 5,616.44 കോടി ലഭിച്ചത് ഗുജറാത്തിനാണ്. സംരംഭത്തിലെ സ്വകാര്യ പങ്കാളിക്ക് നിക്ഷേപവും ലാഭവും ഈടാക്കുന്നതിന് ഈ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ഉറപ്പ്. റോഡിന്റെ അനുബന്ധ വികസന പദ്ധതികളിലുള്ള പങ്കാളിത്തം ഇത്തരം കമ്പനികള്‍ക്ക് ബോണസ്സാണ്. ബി ഒ ടിയെയും പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിയെയും സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന നയമാണ് കേന്ദ്ര സര്‍ക്കാറിന്റെത്. സാമൂഹിക, സേവന മേഖലകളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് പരമാവധി സര്‍ക്കാര്‍ പിന്‍മാറുക എന്നതാണ് അവരുടെ പൊതു സമീപനം.
ഇത്തരത്തിലുള്ള വികസന പദ്ധതികളുടെ വക്താവാകുകയും വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മാതൃകയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തതിനാണ് എ പി അബ്‌ദുല്ലക്കുട്ടിയെ സി പി എം പുറത്താക്കിയത്. അബ്‌ദുല്ലക്കുട്ടിയും സി പി എമ്മും തമ്മില്‍ നേരത്തെ തന്നെ അകന്നിരുന്നുവെങ്കിലും പുറത്താക്കലിലേക്ക് നയിച്ച അടിയന്തര കാരണം ഇതായിരുന്നു. 2002ല്‍ നടന്ന വംശഹത്യയെ സാമൂഹിക എന്‍ജിനീയറിംഗിന്റെ ഭാഗമായി കണ്ട നരേന്ദ്ര മോഡിയെ അംഗീകരിക്കുക എന്നത് അത് ഏത് വികസന പദ്ധതിയുടെ പേരിലാണെങ്കിലും മാനവികതയുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്നവര്‍ക്ക് പ്രയാസമുള്ള കാര്യമാണ്. എന്നിട്ടും അബ്‌ദുല്ലക്കുട്ടിയെ രണ്ട് കൈയും നീട്ടി സ്വീകരിക്കാനും കണ്ണൂര്‍ സീറ്റില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തയ്യാറായി. പ്രാദേശിക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന പ്രായോഗിക സമീപനം എന്ന നിലക്ക് അതിനെ അംഗീകരിക്കാം.
വി എം സുധീരനെതിരെ പരസ്യ പ്രസ്‌താവനക്ക് തയ്യാറായ അബ്‌ദുല്ലക്കുട്ടി തന്റെ വികസന സങ്കല്‍പ്പങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മാതൃകയായി കാണുന്ന ഗുജറാത്തിനെക്കുറിച്ചും അതിന് നേതൃത്വം നല്‍കുന്നയാളെക്കുറിച്ചും സൂചിപ്പിച്ചത്. ബി ഒ ടി സമ്പ്രദായത്തില്‍ ദേശീയ പാതാ വികസനം നടപ്പാക്കിയാല്‍ അത് ടെലികോമിനേക്കാള്‍ വലിയ അഴിമതിക്ക് വഴിവെക്കുമെന്നാണ് തിരുവനന്തപുരത്തെ വികസന കോണ്‍ഗ്രസില്‍ പങ്കെടുക്കവെ വി എം സുധീരന്‍ അഭിപ്രായപ്പെട്ടത്. ഇതില്‍ അതൃപ്‌തനായി വേദി വിട്ടിറങ്ങിയ അബ്‌ദുല്ലക്കുട്ടി ഇടത് തീവ്രവാദികള്‍ പോലും ഉന്നയിക്കാത്ത വാദമാണ് സുധീരന്‍ മുന്നോട്ടുവെക്കുന്നതെന്ന് പ്രതികരിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ ഏറെയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ സുധീരനെ വിമര്‍ശിക്കാന്‍ പുത്തന്‍കൂറ്റുകാരനായ അബ്‌ദുല്ലക്കുട്ടിയാര് എന്ന മട്ടിലായിരുന്നു. സുധീരനോട് മാപ്പ് ചോദിച്ചില്ലെങ്കില്‍ അബ്‌ദുല്ലക്കുട്ടിയെ തൃശൂര്‍ ജില്ലയുടെ അതിരിനുള്ളില്‍ കയറ്റില്ലെന്ന് അവിടുത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്‌തു.
തര്‍ക്കത്തിന്റെ തലം ഇതാണോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. കോണ്‍ഗ്രസ് അഖിലേന്ത്യാടിസ്ഥാനത്തില്‍ പിന്തുടരുന്ന ഒരു നയത്തെയാണ് മുതിര്‍ന്ന നേതാവായ സുധീരന്‍ വിമര്‍ശിച്ചത്. ഈ വിമര്‍ശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുണ്ടോ? കോണ്‍ഗ്രസ് പിന്തുടരുന്ന നയം ഉയര്‍ത്തിപ്പിടിക്കും വിധത്തിലാണ് അബ്‌ദുല്ലക്കുട്ടി പെരുമാറിയത്. അങ്ങനെ പെരുമാറുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടി വിശദീകരണം തേടുന്നത് എങ്ങനെയാണ്? നയനിലപാടുകളേക്കാള്‍ മൂപ്പിളമക്കാണോ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്? ഇതെല്ലാമാണ് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. ഗുണപരമായ മാറ്റങ്ങള്‍ക്ക് ഒരുപക്ഷേ, വഴിവെക്കാന്‍ അത് ഉപകരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, മുതിര്‍ന്ന നേതാവിനെ വിമര്‍ശിച്ച കുറ്റത്തിന് അബ്‌ദുല്ലക്കുട്ടിയോട് പേരിനൊരു വിശദീകരണം ചോദിച്ച് അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. സുധീരന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ മനസ്സുകൊണ്ട് തള്ളിക്കളയുകയും ചെയ്യുന്നു അവര്‍.
ദേശീയ പാതാ വികസനത്തിലുള്ള ആശങ്കയും മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അവസ്ഥയും സുധീരന്‍ പ്രതിപാദിക്കുന്നതിലെ ആത്മാര്‍ഥതയും സംശയിക്കേണ്ടിവരും. ദേശീയ പാതാ വികസനത്തെക്കുറിച്ച് ചര്‍ച്ചയാരംഭിച്ചിട്ട് മാസങ്ങളായി. 60 മീറ്റര്‍ വീതിയെന്ന് കേന്ദ്രം പറഞ്ഞു. 45 മതിയെന്ന് കേരളവും. പിന്നീടത് 30 മീറ്ററാക്കാന്‍ തീരുമാനിച്ചു. വിമര്‍ശമുയര്‍ന്നപ്പോള്‍ 45 മീറ്ററാകാമെന്ന് സമ്മതിച്ചു. പുനരധിവാസ പാക്കേജ് തയ്യാറാക്കി. അത് നടപ്പാക്കുന്നതിലെ കേന്ദ്ര സഹായം സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതെല്ലാം നടക്കുമ്പോള്‍ ബി ഒ ടി സമ്പ്രദായത്തില്‍ കൊടിയ അഴിമതി നടക്കാനിടയുണ്ടെന്ന ആശങ്ക സുധീരന്‍ പ്രകടിപ്പിച്ചതായി അറിവില്ല. അതൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുമില്ല. എല്ലാം തീരുമാനമായതിന് ശേഷം മുന്നറിയിപ്പുമായി രംഗത്തുവരുന്നത് പ്രതിച്ഛായാ നിര്‍മാണത്തിന്റെ തന്ത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല.
ഗുജറാത്തിലെ വികസന മാതൃകയെ പിന്തുണച്ചതിന് സി പി എം പുറത്താക്കിയ അബ്‌ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിലെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സുധീരന് പ്രശ്‌നമുണ്ടായിരുന്നില്ല. കണ്ണൂര്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴേ എതിര്‍പ്പുണ്ടായുള്ളൂ. മറ്റ് പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേരുന്നവര്‍ക്ക് പാര്‍ലിമെന്ററി രംഗത്ത് ഉടന്‍ അവസരം നല്‍കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. കാഴ്‌ചപ്പാടിന്റെ കാര്യത്തിലായിരുന്നു ഭിന്നതയെങ്കില്‍ മോഡിയുടെ വികസനത്തെ പിന്തുണക്കുന്നയാളെ കോണ്‍ഗ്രസിലെടുക്കുന്നത് ശരിയല്ലെന്ന് അന്ന് തന്നെ സുധീരന്‍ പറയണമായിരുന്നു. അതുണ്ടായിട്ടില്ല. കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയതിന് തൊട്ടുപിറകെ നിയമസഭാ സീറ്റ് നല്‍കുന്നതിലെ അപകടത്തെക്കുറിച്ചാണ് സുധീരന്‍ ഇപ്പോഴും പറയുന്നത്.
അബ്‌ദുല്ലക്കുട്ടിക്ക് അനുകൂലമായ നിലപാട് കെ പി സി സി പ്രസിഡന്റ് സ്വീകരിച്ചതില്‍ വേദനയുണ്ടെന്ന് പറയുന്ന സുധീരന്‍ ബി ഒ ടി സൃഷ്‌ടിക്കാന്‍ ഇടയുള്ള അഴിമതിയുടെ ഭയാനകത ആവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസില്‍ താരതമ്യേന പുതുമുഖമായ നേതാവിന്റെ വിമര്‍ശ ത്തേക്കാള്‍ വലുത് താനുന്നയിച്ച പ്രശ്‌നത്തിന്റെ ഗൗരവമാണെന്ന് സുധീരന്‍ മനഃപൂര്‍വം മറന്നുപോകുന്നുണ്ടോ? അങ്ങനെയാണെങ്കിലും ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടും.
മൂലമ്പിള്ളിയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെക്കുറിച്ചുള്ള കണ്ണീരിലും വഞ്ചനയുണ്ട്. വ്യവസായ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്‌ടം നേരിടുന്നവര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള ബില്ല് ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് പരിഗണിച്ചതാണ്. രണ്ടാം യു പി എ സര്‍ക്കാറിന്റെ മുമ്പിലും ഇതേ ബില്ലുണ്ട്. ഇതുവരെ അത് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ മന്‍മോഹന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. മൂലമ്പിള്ളിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പുനരധിവാസ പാക്കേജ് മുന്നോട്ടുവെച്ചിരുന്നു. അത് നടപ്പാക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടേണ്ടതാണ്. പാക്കേജ് പൂര്‍ണമായി നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തുകയും വേണം. അതിനേക്കാള്‍ പ്രധാനമാണ് നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിലാക്കുക എന്നത്. കാരണം മൂലമ്പിള്ളികള്‍ രാജ്യത്താകെ ആവര്‍ത്തിക്കപ്പെടുന്നത് തടയേണ്ടതുണ്ട്. വികസന കോണ്‍ഗ്രസിലൊഴുക്കിയ കണ്ണീര്‍ യഥാര്‍ഥമാണെങ്കില്‍ സുധീരന്‍ ആദ്യം സമ്മര്‍ദം ചെലുത്തേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെയാണ്. അതിലൂടെ മൂലമ്പിള്ളിക്കാരുടെ മാത്രമല്ല, മാതൃകാ ഗുജറാത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കൂടി ദുരിതമകറ്റാന്‍ ഒരുപക്ഷേ സാധിച്ചേക്കും.
ബി ഒ ടിയും പൊതു സ്വകാര്യ പങ്കാളിത്ത (പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ - പി പി പി) പദ്ധതിയും അഴിമതിക്ക് വഴിവെക്കുമെങ്കില്‍ അത് നടപ്പാക്കാന്‍ മുന്‍കൈ എടുക്കുന്നവരാണ് തിരുത്തേണ്ടത്. ആ ആവശ്യം ഉയര്‍ത്താന്‍ സുധീരന്‍ തയ്യാറാകുമോ? അങ്ങനെ തയ്യാറായാല്‍ കോണ്‍ഗ്രസില്‍ സുധീരന് തുടരാനാവുമോ? വിശാലമായ അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കുകയും ഗ്രൂപ്പുകളുടെ കോ-ഓര്‍ഡിനേഷനായിപ്പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കുകയും ചെയ്യുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരുപക്ഷെ നിലനില്‍ക്കാന്‍ സാധിച്ചേക്കും. പക്ഷേ, അങ്ങ് വടക്ക് ഈ ആശയങ്ങളുമായി ചെന്നാല്‍ ചെവിയില്‍ പിടിച്ച് പുറത്താക്കാന്‍ സോണിയാ ഗാന്ധിയും മന്‍മോഹനും മടി കാണിക്കില്ല. കോണ്‍ഗ്രസ് നടപ്പാക്കുന്ന നയങ്ങളില്‍ ഭിന്നതയുണ്ടെങ്കില്‍ സുധീരനെപ്പോലെ ആത്മാര്‍ഥതയുള്ള നേതാവ് ആദ്യം ചെയ്യേണ്ടത് അവിടെ നിന്ന് ഇറങ്ങുക എന്നതാണ്. അല്ലെങ്കില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ സത്യസന്ധത അബ്‌ദുല്ലക്കുട്ടിക്കാണെന്ന് പറയേണ്ടിവരും. മോഡിയാണ് വികസനത്തില്‍ മാതൃക എന്ന തന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ
കൊണ്ഗ്രെസ്സ് പാര്‍ട്ടിയിലെ വിശുദ്ധനായി അറിയപ്പെടുന്ന വി.എം സുധീരനെ "വികസന വിരോധി"യാക്കുകയാണ് കൊണ്ഗ്രെസ്സിലെ പുതിയ വികസന വാഗ്ദാനം അബ്ദുള്ളക്കുട്ടി. എല്ലാവരും അഴിമതിയും, വികസനത്തിന്റെ പേരില്‍ കൊള്ളയും നടത്തുമ്പോള്‍ സുധീരന്‍ മാത്രം അതിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് എന്തിനാണ് എന്നാണ് സുധാകര ശിഷ്യന്റെ ചോദ്യം. എ.ഐ.സി.സി അംഗം ആയ സീനിയര്‍ നേതാവ് ശ്രീ.സുധീരന്‍ കമ്മ്യൂണിസ്റ്കാരെ പോലെ പെരുമാറുന്നു എന്ന് പറഞ്ഞ് അദ്ധേഹത്തെ അധിക്ഷേപിച്ച് ഇറങ്ങിപ്പോയ കൊണ്ഗ്രെസ്സിന്റെ പുതിയ വികസന വാഗ്ദാനത്തെ ഒന്ന് ശാസിക്കാന്‍ പോലും ഒരു നേതാവും തയ്യാറായില്ല. അഴിമതിയില്‍ മുങ്ങി നീരാടുന്ന കൊണ്ഗ്രെസ്സിനും യു.ഡി.എഫിനും സുധീരനേക്കാന്‍ പ്രിയം അബ്ദുല്ലക്കുട്ടിയോട് തന്നെ ആകും..
ReplyDeleteഗുജറാത്തിലെ വികസനത്തെ കുറിച്ച്..
ReplyDeleteഎന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആസിഫ് എന്ന ഒരു അഹമ്മദാബാദ്കാരന്‍ (ഗുജറാത്ത്) അവിടെ നടന്ന അല്ലെങ്കില്‍ നടത്തി കൊണ്ടിരിക്കുന്ന "വികസനത്തെ" കുറിച്ച് പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല.. അബ്ദുള്ളക്കുട്ടിയെ പോലുള്ളവര്‍ക്ക് എന്തും പറയാം..
ഈ അബുദുള്ള കുട്ടി നിലവിലുള്ള പെണ്ണിനെ ഒഴിഞ്ഞു ഗുജറാത്തിൽ നിന്നു നിക്കാഹ് ചയ്യാൻ പോന്നന്നാ ആരൊ പറഞ്ഞതു .ഇവിടെ കോൺഗ്രസ് അച്ചടക്ക നടപടി സ്വ്കരിച്ചാൽ .അടുത്തനിമിഷം ഗുജറാത്തിൽ പോകും നിയമസഭ /പാർലമെന്റു സീറ്റ് എതെങ്കിലും ഒന്നു ഉറപ്പിക്കുകയും ചെയ്യും .അതുകൊണ്ടു കോൺഗ്രസ് വലിയ ഉമ്മക്കി ഒന്നും കാണിക്കണ്ട
ReplyDelete