2018-01-22

മിത്രസംഹാര രക്തപുഷ്പാഞ്ജലി (കരട്)


യുദ്ധത്തിന്റെ ആദ്യഘട്ടം ആശയതലത്തിലാണ്. ആയുധമെടുത്തുള്ള യുദ്ധത്തിന്, തയ്യാറെടുക്കണമെങ്കില്‍ ആശയതലത്തിലെ വ്യക്തത അനിവാര്യമാണ്. ആശയതലത്തില്‍ വ്യക്തതയില്ലാതെ യുദ്ധഭൂമിയിലേക്ക് നീങ്ങുന്ന സൈനികര്‍, അധികം വൈകാതെ ആശയക്കുഴപ്പത്തില്‍ അകപ്പെടുമെന്നാണ് യുദ്ധ തന്ത്രങ്ങളില്‍ വിദഗ്ധരായവരുടെ പക്ഷം. ശത്രുവിനെ നിശ്ചയിക്കുന്നതില്‍, അവരുടെ കരുത്ത് വിലയിരുത്തുന്നതില്‍, ആ കരുത്ത് ആര്‍ജിക്കുന്നതില്‍ അവരെ സഹായിക്കുന്ന ദര്‍ശനങ്ങളും പരിപാടികളും കണ്ടെത്തുന്നതില്‍, പോരില്‍ ഒപ്പം നിര്‍ത്തേണ്ട മിത്രങ്ങളെ തീരുമാനിക്കുന്നതില്‍, മിത്രങ്ങള്‍ മുറുകെപ്പിടിക്കുന്ന ദര്‍ശനങ്ങള്‍ ഭാവിയില്‍ ശത്രുവിന് മൂലധനമാകുമോ എന്ന് നിശ്ചയിക്കുന്നതില്‍ ഒക്കെ സൂക്ഷ്മത വേണം യുദ്ധം ജയിക്കുന്നതിന്. കൈവരിച്ച വിജയം, സ്ഥായിയായി നിലനില്‍ക്കണമെങ്കിലും ഒപ്പം നില്‍ക്കുന്നവരുടെ വിശ്വാസ്യത പ്രധാനാണ്. ആശയവൈരുദ്ധ്യമില്ലെന്ന ഉറപ്പുമുണ്ടാകണം.


നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ബി ജെ പി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും കാവിപ്പടയുടെ അധികാരത്തിന്‍ കീഴില്‍ അമരുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട യുദ്ധതന്ത്രം നിശ്ചയിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) മാസങ്ങള്‍ ചെലവിട്ടത് ഇത്തരുണത്തില്‍ അത്ര ചെറിയ കാര്യമല്ല. ശത്രു, ബി ജെ പിയും ഏകാധിപത്യ പ്രവണത കാട്ടുന്ന അതിന്റെ പരമോന്നത നേതാവുമാണെന്നതില്‍ സംശയമില്ല. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആരുമായും ചേര്‍ന്ന് അവര്‍ക്കെതിരെ പ്രചാരണം നടത്താം. പക്ഷേ നേരിട്ടുള്ള യുദ്ധത്തില്‍ (ജനാധിപത്യത്തിലെ യുദ്ധം വോട്ടെടുപ്പാണ്) അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്നത്, ആശയവൈരുദ്ധ്യം മൂലം ആശയക്കുഴപ്പത്തിന് കാരണമാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.


വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനം. അതിനെ മുന്‍നിര്‍ത്തിയാല്‍, ഇന്ത്യന്‍ യൂണിയനിലെ ഒരു പാര്‍ട്ടിയുമായും സഖ്യം പറ്റില്ല. വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമല്ലെങ്കിലും ആഭ്യന്തര - കുത്തക മൂലധനത്തിന്റെ കുത്തൊഴുക്കിനെ  നിരുത്സാഹപ്പെടുത്തണമെന്നും സമത്വത്തില്‍ ഊന്നുന്ന സാമൂഹിക ക്രമം നിലവില്‍വരണമെന്നും ആഗ്രഹിക്കുന്ന പാര്‍ട്ടികളുമായി വിശാലമായ രാഷ്ട്രീയ ഐക്യത്തിന് സാധ്യതയുണ്ട്. എന്നാല്‍ സാമ്പത്തിക ഉദാരവത്കരണത്തെയും അതിരുകളില്ലാത്ത കമ്പോളത്തെയും അതില്‍ അധിഷ്ഠിതമായ മൂലധന ഒഴുക്കിനെയും പിന്തുണയ്ക്കുന്ന, അത്തരമൊരു അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ മുന്‍കൈ എടുത്ത കോണ്‍ഗ്രസുമായോ? ഏത് ഭീഷണമായ സാഹചര്യത്തിലും അവരുമായുള്ള സഖ്യം പാടില്ലെന്നും അത് നിലവില്‍, രാഷ്ട്രീയമായി ഒപ്പം നില്‍ക്കുന്ന വിഭാഗങ്ങളെ അകറ്റാനേ ഉപകരിക്കൂ എന്നുമാണ് ഒരു വാദം.


സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന, ഭരണ സംവിധാനമുപയോഗിച്ച് ബി ജെ പിയും അതിന്റെ തണലില്‍ പരിവാര സംഘടനകള്‍ നിയമ ബാഹ്യമായും നടപ്പാക്കാന്‍ ശ്രമിക്കുന്ന, ഹിന്ദുത്വ അജണ്ടകളോട് പോരടിക്കുമ്പോള്‍, സാമ്പത്തിക നയങ്ങളെ അത്രത്തോളം പരിഗണിക്കേണ്ടെന്നാണ് മറ്റൊരു വാദം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച ഈ വാദത്തെ തള്ളിക്കൊണ്ട്, കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പാടില്ലെന്ന് നിര്‍ദേശിക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്ന വാദം പാര്‍ട്ടി കോണ്‍ഗ്രസ് മുമ്പാകെ അവതരിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം തള്ളിക്കളയാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് സാധിക്കും. പക്ഷേ, അതിനുള്ള സാധ്യത, ഇപ്പോഴത്തെ സാഹചര്യത്തില്‍ തുലോം വിരളമാണ്.


വര്‍ഗ വൈരുധ്യത്തില്‍ നിന്ന് ശ്രദ്ധതിരിച്ച്, അവകാശബോധത്തില്‍ നിന്ന് തൊഴിലാളികളെ അകറ്റി, സംഘടിതമായ വിലപേശലിനുള്ള സാഹചര്യം ഇല്ലാതാക്കി മൂലധനശക്തികള്‍ക്ക് ഇഷ്ടം പോലെ വിഹരിക്കാനുള്ള അവസരമൊരുക്കുകയാണ് സാമ്പത്തിക പരിഷ്‌കാരങ്ങളും ഉദാരവത്കരണ നയങ്ങളുമെന്നത് വസ്തുതയാണ്. അതാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഗുണകരമെന്ന് കോണ്‍ഗ്രസും ബി ജെ പിയും കരുതുന്നുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും അവയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാറുകളും ഒരേപക്ഷത്തുനില്‍ക്കുന്നത്.


1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായതു മുതല്‍ വേഗം കൂട്ടിയ, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്ത് അരാഷ്ട്രീയത വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം വേഗം കൂടിയ തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ അരാഷ്ട്രീയ സാഹചര്യം വലിയൊരളവില്‍ സഹായം ചെയ്തിട്ടുണ്ട്. ഇടത്തരക്കാരെയും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന ഇടത്തരക്കാരെയുമാണ് അരാഷ്ട്രീയ സാഹചര്യം നിര്‍ണയകമായി സ്വാധീനിച്ചത്, അവരാണ് കമ്പോള സമ്പദ് വ്യവസ്ഥയുടെ സൗകര്യങ്ങളെ ആവോളം ആസ്വദിക്കാന്‍ തയ്യാറായതും. അവരില്‍ തന്നെയാണ് ബി ജെ പിയും ഹിന്ദുത്വ അജന്‍ഡകളും വലിയ സ്വാധീനം ഉറപ്പിച്ചത് എന്നത് വസ്തുതയാണ്. വോട്ടെടുപ്പില്‍ ബി ജെ പിക്ക് തുണയേകുന്നതില്‍ രാജ്യത്തെ നഗര മേഖലകള്‍ മുന്നില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്.


ആ നിലക്ക് സാമ്പത്തിക പരിഷ്‌കാരങ്ങളെയും കമ്പോള സമ്പദ് വ്യവസ്ഥയെയും അനുകൂലിക്കുന്ന കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് സംഘ പരിവാരത്തിന്റെയും അവരുടെ അജണ്ടകളുടെയും സ്ഥായീവത്കരണത്തിന് സഹായിക്കുമെന്നത് താത്വിക വിശകലനത്തില്‍ ശരിയാണ്.


പ്രായോഗതലത്തില്‍ അതങ്ങനെയാണോ എന്നതിലാണ് സംശയം. സാമ്പത്തിക പരിഷ്‌കരണത്തിന് വേഗം കൂട്ടിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അതിന്റെ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ ശീലിക്കുകയോ ആസ്വദിച്ച് വളരുകയോ ചെയ്തവരാണ് രാജ്യ ജനസംഖ്യയിലെ ഭൂരിഭാഗവും. നിലനില്‍ക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക - രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഈ നയങ്ങളില്‍ നിന്നൊരു മടക്കം, സി പി എം ഒറ്റക്ക് അധികാരത്തിലെത്തിയാല്‍ േപ്പാലും അത്ര എളുപ്പത്തില്‍ സാധിക്കാവുന്നതല്ല. അപ്പോള്‍ പിന്നെ, ആ നയങ്ങളില്‍ സ്വീകരിക്കാവുന്നയെ സ്വീകരിച്ച്, സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ബദല്‍ വളര്‍ത്തിയെടുക്കുക എന്നത് മാത്രമേ കരണീയമായുള്ളൂ. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ശേഷമുള്ള സാമൂഹിക സാഹചര്യം പഠിച്ച്, നയങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സി പി എം തന്നെ തീരുമാനിച്ചത് അതുകൊണ്ടാണ്.


അങ്ങനെ ചിന്തിച്ച പാര്‍ട്ടി, സാമ്പത്തിക നയമെന്ന കുറ്റം മാത്രം ചുമത്തി, ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനോട് അയിത്തം പ്രഖ്യാപിക്കുന്നത്, വി എസ്സിന്റെ വാക്കുകള്‍ കടമെടുത്താല്‍, അന്നാഹാരം കഴിക്കുന്നവര്‍ക്കൊക്കെ തിരിച്ചറിയുന്ന, രാജ്യത്തിന്റെ മൗലിക സ്വഭാവം തന്നെ അട്ടിമറിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വിനാശകാരിയായ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ അത് മനസ്സിലാക്കുമ്പോള്‍ പോലും, സ്വാര്‍ഥതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ചിലര്‍ തീരുമാനിച്ചതുകൊണ്ടാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കാമെന്ന പ്രതീക്ഷ, മറ്റൊരു വിഭാഗത്തിന്റെ സ്വാര്‍ഥതയാണെന്ന് അംഗീകരിക്കുമ്പോള്‍ പോലും, ആ സ്വാര്‍ഥത, ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന, ഹിന്ദുത്വ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ സഹായകമായേക്കാമെന്ന അവസ്ഥയില്‍ കൂടുതല്‍ ന്യായീകരിക്കപ്പെടുന്നതാണ്.



കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളൊഴികെ മറ്റൊരിടത്തും ലോക്‌സഭയിലേക്ക് ഒറ്റ ക്ക് മത്സരിച്ച് ജയിക്കാന്‍ സി പി എമ്മിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. അതില്‍ തന്നെ പശ്ചിമ ബംഗാളില്‍ സ്ഥിതി തുലോം മോശവും. കോണ്‍ഗ്രസുമായൊരു സഖ്യമുണ്ടാക്കിയാല്‍ ബംഗാളിലെ കുറച്ച് സീറ്റുകളിലെങ്കിലും വിജയപ്രതീക്ഷ വെക്കാന്‍ സി പി എമ്മിന് സാധിക്കും. ത്രിപുരയില്‍ സംഘ്പരിവാരം നടത്തുന്ന തീവ്ര ശ്രമം കണക്കിലെടുത്താല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അവിടെയും അവര്‍ക്ക് ഗുണം ചെയ്‌തേക്കും. അത്തരമൊരു സാധ്യതയില്ലാത്ത ഇടം കേരളമാണ്. ഐക്യ - ഇടത് ജനാധിപത്യ മുന്നണികളുടെ പ്രതിനിധികള്‍ മാത്രമേ ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് പോകുകയുള്ളൂ. അതുറപ്പാക്കിയതില്‍ ബി ജെ പിയുടെ കേരള ഘടകത്തിനുള്ള പങ്ക് പ്രത്യേകം പരാമര്‍ശിക്കുന്നു.


ഈ മൂന്നിടത്തിന് പുറത്ത്, സി പി എമ്മിന് അല്‍പ്പമെങ്കിലും സ്വാധീനമുള്ള ഇടങ്ങളില്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണം, വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണ്. സോഷ്യലിസ്റ്റുകളായി ഇപ്പോഴും അറിയപ്പെടുന്ന ജനതാദളങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നില്‍പ്പോലും ഒരു സീറ്റ് ചോദിച്ചുവാങ്ങാനുള്ള കരുത്ത് തത്കാലം ഈ പാര്‍ട്ടിക്കില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസുമായുള്ള സഖ്യം, രാജ്യത്തിന്റെ വിശാലമായ രാഷ്ട്രീയം കണക്കിലെടുത്ത് സ്വീകരിക്കുക എന്നതായിരുന്നു ഉചിതം. അതിന് അവര്‍ തയ്യാറാകാതിരിക്കുന്നത്, എന്തെങ്കിലും നഷ്ടം കോണ്‍ഗ്രസിനോ മറ്റ് മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് കക്ഷികള്‍ക്കോ ഉണ്ടാക്കാനില്ല.


ആകെയുണ്ടാകുന്ന വലിയ നഷ്ടം, ബി ജെ പിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകില്ല എന്നതാണ്. ഒറ്റക്കെട്ടായി തങ്ങളെ ചെറുക്കാന്‍ പോലും ത്രാണിയില്ലാത്ത പ്രതിപക്ഷമാണ് രാജ്യത്തുള്ളത് എന്നും ആകയാല്‍ തങ്ങള്‍ മാത്രമാണ് രാജ്യത്തിന് സ്വീകരിക്കാവുന്ന ഏക രാഷ്ട്രീയവഴിയെന്നും പ്രചരിപ്പിക്കാന്‍ സംഘ്പരിവാരത്തിന് അവസരമുണ്ടാകും. പ്രചാരണരംഗത്ത്, അവര്‍ക്കുള്ള മികവ് കണക്കിലെടുക്കുമ്പോള്‍ അവരത് മുതലെടുക്കാനുള്ള സാധ്യത ചെറുതല്ല. ബി ജെ പിയെ മുഖ്യശത്രുവായി കാണുമ്പോള്‍ തന്നെ മിത്രങ്ങളായി കണക്കാക്കാവുന്ന പാര്‍ട്ടികളുടെ വിശ്വാസ്യത സി സി പി എം ചോദ്യം ചെയ്യുമ്പോള്‍, അവര്‍ തുറന്നിടുന്ന വാതില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൂടുതല്‍ തീവ്രമായ തുടര്‍ച്ചയിലേക്കാണ്.


കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് ഇപ്പോള്‍ വാശിപിടിക്കുന്ന പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് സാമ്പത്തിക പരിഷ്‌കരണത്തിലൂടെ തുറന്ന് കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായവത്കരണത്തിന് പശ്ചിമ ബംഗാളിലെ സി പി എം സര്‍ക്കാര്‍ ശ്രമിച്ചത്. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 'കിഫ്ബി' എന്ന മാന്ത്രികവടി ഉപയോഗിച്ച് നിക്ഷേപം സമാഹരിക്കാന്‍ ശ്രമിക്കുന്നതും അതിനായി പൊതു ഉദ്ദേശ്യ കടപ്പത്രങ്ങളും മസാല കടപ്പത്രങ്ങളും (ഇന്ത്യന്‍ രൂപ നല്‍കി വാങ്ങാവുന്ന കടപ്പത്രം വിദേശത്ത് പുറത്തിറക്കുന്നത്) പുറത്തിറക്കാന്‍ യത്‌നിക്കുന്നതും ഇപ്പോള്‍ വീറോടെ എതിര്‍ക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രദാനം ചെയ്ത അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്.


2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ആര് അധികാരത്തില്‍ വന്നാലും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ പിന്തുടരേണ്ടി വരിക ഇതേ നയങ്ങളെയാണ്. എന്നിട്ടും അതിനെ എതിര്‍ക്കുന്നത്, ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്നതിനോളം പ്രധാനമാണെന്ന് പറഞ്ഞാല്‍, ദഹിക്കാന്‍ പ്രയാസം. സി പി എമ്മിന്റെ പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തേക്കാള്‍, രാഷ്ട്രീയ സത്യസന്ധതയേക്കാള്‍ രാജ്യം ആവശ്യപ്പെടുന്ന മറ്റുചിലതുണ്ട്. അത് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്. ഇന്ത്യയിലെ രാഷ്ട്രീയ യാഥാര്‍ഥ്യം തിരിച്ചറിയാത്ത പാര്‍ട്ടിയെന്ന ലേബല്‍ ഇനിയെങ്കിലും മാറ്റണമെന്ന തോന്നല്‍ പടനായകനുണ്ട്. പക്ഷേ, സഹ സൈന്യാധിപര്‍ സമ്മതിക്കില്ല. അവര്‍ക്കീ പാര്‍ട്ടിയെ 'ഒരു ചുക്കുമറിയാത്തവരുടെ പാര്‍ട്ടിയാക്കി' സ്മാരകശിലയാക്കിയേ പറ്റൂ.

2018-01-14

കുരുക്ഷേത്രം കോടതിക്ക് പുറത്താണ്


'പരമാധികാരമുള്ള ഭരണകൂടം, അതിന്റെ ദയാവായ്പ് കൊണ്ട് നല്‍കുന്നതാണ് ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമെന്നല്ല ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും പറയുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നിയമവാഴ്ചയാണ്. കോടതിയുടെ അധികാരം ഉപയോഗിച്ച് നിയമം സംസാരിക്കുന്നത് പൂര്‍ണമായും ഇല്ലാതാക്കണമെന്നാണോ എന്നതാണ് ചോദ്യം'- ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയുടേതാണ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തെ മാറ്റിമറിച്ച ഈ വാക്കുകള്‍. അടിയന്തരാവസ്ഥയില്‍, ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ എന്ന് പരിശോധിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിലെ നാല് ജഡ്ജിമാരും ജീവിക്കാനുള്ള അവകാശമുള്‍പ്പെടെ മൗലികാവകാശങ്ങളൊക്കെ എടുത്തുകളയാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് വിധിച്ചു. ഇതില്‍ വിയോജിച്ചാണ് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന ഭരണഘടനയുടെയും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെയും അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന വിധി പുറപ്പെടുവിച്ചത്. 1976ലെ ഭൂരിപക്ഷ വിധി തത്കാലം നിലനിന്നു. പക്ഷേ, എച്ച് ആര്‍ ഖന്നയുടെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റെ ഭാഗമായി, എക്കാലത്തേക്കും.


 പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിലാണ്, സുപ്രീം കോടതിക്കുള്ളില്‍ നിന്ന് ഏകാധിപത്യവാഴ്ചക്കെതിരായ ഒറ്റപ്പെട്ടതെങ്കിലും ഉറച്ച ശബ്ദം ഉയര്‍ന്നത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍, നാല് ജഡ്ജിമാര്‍ സുപ്രീം കോടതിക്ക് പുറത്തിറങ്ങിവന്ന് ജനങ്ങളോട് സംസാരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് അവര്‍ തുറന്ന് പറഞ്ഞു. രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കും വിധത്തില്‍ നീതിന്യായ സംവിധാനത്തിലേക്ക് കടന്നുകയറ്റമുണ്ടാകുന്നുവെന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം. ഭീഷണമായ ഈ അവസ്ഥ മുന്നില്‍ നില്‍ക്കെ, നിശ്ശബ്ദരായിരുന്നുവെന്ന് ജനങ്ങള്‍ പിന്നീട് കുറ്റപ്പെടുത്തരുത് എന്ന് കൂടി ജസ്റ്റിസുമാരായ ജെ ചേലമേശ്വറും രഞ്ജന്‍ ഗോഗോയും കുര്യന്‍ ജോസഫും മദന്‍ ബി ലോകൂറും പറയുമ്പോള്‍ നീതിന്യായ സംവിധാനത്തെയും അതിലൂടെ ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങളുടേതാണെന്ന് ഓര്‍മിപ്പിക്കുകയാണ് അവര്‍.


ആ നിലക്ക്, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വിമര്‍ശിക്കുന്നതിനും കോടതി നടപടികളിലെ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടുന്നതിനും അപ്പുറത്ത്, ഇതില്‍ വിശാലമായ രാഷ്ട്രീയമുണ്ട്. കോടതി നിര്‍ത്തിവെച്ച്, വാര്‍ത്താ സമ്മേളനം നടത്തുക എന്ന അസാധാരണമായ തീരുമാനത്തിലേക്ക് നാല് മുതിര്‍ന്ന ജഡ്ജിമാരെ എത്തിച്ചത് പരമോന്നത കോടതി ക്രമം തെറ്റി പ്രവര്‍ത്തിക്കുന്നുവെന്ന കേവല പ്രശ്‌നം മാത്രമല്ലെന്ന് ചുരുക്കം.


ഇതില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, വൈകാതെ ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ എത്തേണ്ടയാളാണ്. 1976ലെ ചരിത്രം കുറിച്ച വിയോജനം, എച്ച് ആര്‍ ഖന്നയ്ക്ക് നഷ്ടപ്പെടുത്തിയത് ചീഫ് ജസ്റ്റിസ് സ്ഥാനമായിരുന്നു. ഏകാധിപതിയായ കാലത്ത് വിമര്‍ശിച്ചത്, ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷവും ഇന്ദിരാഗാന്ധി മറന്നില്ല. സീനിയോറിറ്റി  പരിഗണിക്കാതെ വന്നപ്പോള്‍, അന്തസ്സോടെ രാജിവെച്ചിറങ്ങി എച്ച് ആര്‍ ഖന്ന. നീതിന്യായ സംവിധാനത്തിലേക്ക് എല്ലാ വിധത്തിലും കടന്നുകയറാന്‍ ശ്രമിക്കുന്ന അപ്രഖ്യാപിത ഏകാധിപത്യം ചരിത്രം ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. അത് മനസ്സിലാക്കാതെയല്ല ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവര്‍ ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ജനത്തോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ജനത്തിന്റെ, ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹം നിലനിര്‍ത്തുന്ന രാഷ്ട്രീയ സംവിധാനങ്ങളുടെയൊക്കെ ഉത്തരവാദിത്വം വര്‍ധിക്കുന്നു.


രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന കേസുകള്‍ തിരഞ്ഞെടുത്ത്, തനിക്ക് താത്പര്യമുള്ള ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചിനെ ഏല്‍പ്പിക്കുകയാണ് ചീഫ് ജസ്റ്റിസെന്നാണ് നാല് ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന ആരോപണം. അത്തരം കേസുകളില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ ചില വിധികള്‍ നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതും ഹൈക്കോടതികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതുമാണെന്ന് ഈ ജഡ്ജിമാര്‍, മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഏതൊക്കെ കേസുകള്‍ എന്ന് പറയാന്‍ അവര്‍ തയ്യാറായില്ല. സുപ്രീം കോടതിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താത്തത് എന്ന് അവര്‍ വിശദീകരിക്കുന്നു. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോള്‍ ഇത് യുക്തിസഹമാണ്. പക്ഷേ, രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് നോക്കുമ്പോള്‍ ഇത് യുക്തിസഹമല്ല. ഏതൊക്കെ കേസുകളിലാണ് ഇത്തരം ഇടപെടലുകള്‍ ഉണ്ടായതെന്ന് അറിയാനും അതിലെ തീരുമാനങ്ങള്‍ രാജ്യത്തെയും ജനങ്ങളെയും ഏത് വിധത്തിലാണ് ബാധിച്ചത്/ബാധിക്കുന്നത് എന്നറിയാനുമുള്ള അവകാശം ജനാധിപത്യ സമ്പ്രദായത്തില്‍, പരമാധികാരികളായ ജനങ്ങള്‍ക്കുണ്ട്.


അതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം ചീഫ് ജസ്റ്റിസിനുണ്ട്. അല്ലെങ്കില്‍ ഈ നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിവ് സഹിതം ജനത്തെ ബോധ്യപ്പെടുത്തണം. നീതിന്യായ സംവിധാനത്തില്‍ സത്യത്തിനല്ലല്ലോ, തെളിവിനാണല്ലോ വില. അതുണ്ടാകാത്ത പക്ഷം ചീഫ് ജസ്റ്റിസിനെതിരെ, അതിലൂടെ അദ്ദേഹത്തെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കഴമ്പുള്ളതാണെന്ന് വിശ്വസിക്കേണ്ടി വരും.


ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുമായിരിക്കെ അരങ്ങേറിയ നിരവധിയായ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലൊന്നാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിന്റേത്. സുഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ ബിയെയും തട്ടിക്കൊണ്ടുവന്ന ഗുജറാത്ത് പോലീസ് സുഹ്‌റാബുദ്ദീനെ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നു. കൗസര്‍ ബിയെ കൊലപ്പെടുത്തി ചുട്ടെരിക്കുകയും ചെയ്തു. ഇരുവരെയും പോലീസ് കൂട്ടിക്കൊണ്ടു പോകുന്നതിന് ദൃക്‌സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതിയെ പിന്നീട് കൊലപ്പെടുത്തി, ഏറ്റുമുട്ടലായി ചിത്രീകരിച്ചു. ഈ സംഭവത്തില്‍ ഗുജറാത്ത് പോലീസിനൊപ്പം രാജസ്ഥാന്‍ പോലീസിനും പങ്കുണ്ടായിരുന്നു.


ഈ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ സി ബി ഐ, വ്യാജ ഏറ്റുമുട്ടലിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ അമിത് ഷായെ കുറ്റാരോപിതനാക്കി.  അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ അമിത് ഷായെ, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ കേസില്‍ നിന്ന് വിചാരണ കൂടാതെ ഒഴിവാക്കുകയായിരുന്നു. ഈ കേസില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് അന്വേഷണ ഏജന്‍സി തന്നോട് ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാന്‍ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. അന്വേഷണ ഏജന്‍സിയുടെ ഈ നിലപാട് മാറ്റം, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണുണ്ടായത്.


ഈ കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയുടെ പൊടുന്നനെയുണ്ടായ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച ഹരജികള്‍ ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിലനില്‍ക്കുന്നു. കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധം പറഞ്ഞ ജസ്റ്റിസ് ലോയയെ (ക്രിമിനല്‍ കേസുകളിലെ നടപടി ക്രമമാണത്) സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നത് നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ പലര്‍ക്കും അറിയാവുന്നതാണ്. ജസ്റ്റിസ് ലോയക്ക് കോഴ വാഗ്ദാനം ചെയ്തത് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഴിയായിരുന്നുവെന്നും ആരോപണമുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷം കേസ് പരിഗണിച്ച ജഡ്ജി, വിചാരണകൂടാതെ തന്നെ കുറ്റവിമുക്തനാക്കണമെന്ന അമിത് ഷായുടെ ഹരജി അനുവദിച്ച് വിധി പുറപ്പെടുവിച്ചു.


ഈ വിധി ചോദ്യംചെയ്ത് ഉയര്‍ന്ന കോടതിയെ സമീപിക്കാന്‍ സി ബി ഐ തയ്യാറായില്ല. ഉയര്‍ന്ന കോടതിയില്‍ പോയാല്‍, ഒരു ദിവസം പോലും നിലനില്‍ക്കുന്നതല്ല പ്രത്യേക കോടതി ജഡ്ജിയുടെ വിധിയെന്ന് രാജ്യത്തെ പ്രമുഖ അഭിഭാഷകരെല്ലാം പറയുമ്പോഴും അത് ചോദ്യം ചെയ്യാന്‍ സി ബി ഐ തയ്യാറാകുന്നില്ല. അത്തരമൊരു നിലപാട് സി ബി ഐ എടുക്കുന്നത് അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെ ഇംഗിതമനുസരിച്ചാണെന്ന് മനസ്സിലാക്കുക പ്രയാസമുള്ള കാര്യമല്ല. ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണമായിരുന്നു. അതില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി, സുപ്രീം കോടതിയിലെ ജൂനിയര്‍ ജഡ്ജിമാരടങ്ങുന്ന ബഞ്ചിലേക്ക് കൈമാറാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമ്പോള്‍ അന്വേഷണ ഏജന്‍സിയെ മരവിപ്പിച്ച അതേ ശക്തികള്‍ പരമോന്നത നീതിന്യായ സംവിധാനത്തെയും മരവിപ്പിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.


മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല ഉത്തരവ് നേടിയെടുക്കാന്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണം സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങളുണ്ടാക്കിയത് രണ്ട് മാസം മുമ്പാണ്. സ്വാധീനിക്കാന്‍ ശ്രമിച്ച ജഡ്ജിമാരുടെ പട്ടികയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പേരുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടുന്ന ബഞ്ച്, പ്രത്യേക ബഞ്ച് രൂപവത്കരിച്ചു. ഇങ്ങനെ ബഞ്ച് രൂപവത്കരിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിനാണെന്ന് വിശദീകരിച്ച്, മറ്റൊരു ബഞ്ച് രൂപവത്കരിച്ച് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു. വസ്തുതയുണ്ടെങ്കിലും ഇല്ലെങ്കിലും ആരോപണ വിധേയരുടെ പട്ടികയിലുള്ള ചീഫ് ജസ്റ്റിസ്, സ്വന്തം ഇഷ്ടത്തിനുള്ള ബഞ്ച് ഉണ്ടാക്കുമ്പോള്‍ സംശയമുയരുക സ്വാഭാവികം.


സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചതിന് ശേഷം, സ്വകാര്യത ലംഘിക്കുന്നുവെന്ന ആരോപണം നേരിടുന്ന ആധാര്‍ കേസില്‍, കേന്ദ്ര സര്‍ക്കാറിന് അനുകൂലമായ വിധികള്‍ പരമോന്നത കോടതി പുറപ്പെടുവിക്കുമ്പോള്‍ വീണ്ടും സംശയങ്ങളുണ്ടാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും സുപ്രീം കോടതിയിലെ ജഡ്ജിമാരെയും നിയമിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കൊളീജിയം 2017 മാര്‍ച്ചില്‍ രൂപം നല്‍കിയിരുന്നു. മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. ഇന്നുവരെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുകയാണ് സുപ്രീം കോടതിയുടെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ചെയ്യേണ്ടത്. എന്നാല്‍ അതിന് തയ്യാറാകാതിരിക്കുമ്പോള്‍, ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടാന്‍ അവസരമൊരുക്കുന്ന സംവിധാനം കാത്തിരിക്കുകയാണ് എന്ന് കരുതാതിരിക്കാനാകില്ല. അതും ഉന്നയിക്കുന്നുണ്ട് നാല് ജഡ്ജിമാരും.


സ്ഥിതി ഇവ്വിധമാണെങ്കില്‍ ജുഡീഷ്യല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് മനസ്സിലാക്കണം. ഭരണഘടനാ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കാന്‍ അധികാരമുള്ള നീതിന്യായ സംവിധാനത്തില്‍ തീവ്ര ഹിന്ദുത്വ അജന്‍ഡകളോട് ആഭിമുഖ്യമുള്ളവര്‍ എത്തിപ്പെട്ടാല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കിടയില്‍ നിലനില്‍ക്കുന്ന പരിമിതമായ ജനാധിപത്യം പോലും അപകടത്തിലാകും. അതേക്കുറിച്ചാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പറയാതെ പറയുന്നത്. അത് മനസ്സിലായിട്ടും മൗനം പാലിച്ചുവെന്ന കുറ്റം ഇവര്‍ക്കുമേല്‍ ചാര്‍ത്താനാകില്ല, അവര്‍ പറയുന്നതിന്റെ അന്തസ്സത്ത മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ രാജ്യവും ജനങ്ങളുമുണ്ടോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം, ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസായി തുടരുന്നുവോ ഇല്ലയോ എന്നതല്ല. പരമാധികാരമുള്ള ഭരണകൂടം, അതിന്റെ ദയാവായ്പ് കൊണ്ട് നല്‍കുന്നതല്ല ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ഈ നാല് ജഡ്ജിമാര്‍.