2018-01-14

കുരുക്ഷേത്രം കോടതിക്ക് പുറത്താണ്


'പരമാധികാരമുള്ള ഭരണകൂടം, അതിന്റെ ദയാവായ്പ് കൊണ്ട് നല്‍കുന്നതാണ് ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമെന്നല്ല ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളും പറയുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നിയമവാഴ്ചയാണ്. കോടതിയുടെ അധികാരം ഉപയോഗിച്ച് നിയമം സംസാരിക്കുന്നത് പൂര്‍ണമായും ഇല്ലാതാക്കണമെന്നാണോ എന്നതാണ് ചോദ്യം'- ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയുടേതാണ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തെ മാറ്റിമറിച്ച ഈ വാക്കുകള്‍. അടിയന്തരാവസ്ഥയില്‍, ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ എന്ന് പരിശോധിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ചിലെ നാല് ജഡ്ജിമാരും ജീവിക്കാനുള്ള അവകാശമുള്‍പ്പെടെ മൗലികാവകാശങ്ങളൊക്കെ എടുത്തുകളയാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് വിധിച്ചു. ഇതില്‍ വിയോജിച്ചാണ് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന ഭരണഘടനയുടെയും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെയും അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന വിധി പുറപ്പെടുവിച്ചത്. 1976ലെ ഭൂരിപക്ഷ വിധി തത്കാലം നിലനിന്നു. പക്ഷേ, എച്ച് ആര്‍ ഖന്നയുടെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റെ ഭാഗമായി, എക്കാലത്തേക്കും.


 പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയിലാണ്, സുപ്രീം കോടതിക്കുള്ളില്‍ നിന്ന് ഏകാധിപത്യവാഴ്ചക്കെതിരായ ഒറ്റപ്പെട്ടതെങ്കിലും ഉറച്ച ശബ്ദം ഉയര്‍ന്നത്. 42 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍, നാല് ജഡ്ജിമാര്‍ സുപ്രീം കോടതിക്ക് പുറത്തിറങ്ങിവന്ന് ജനങ്ങളോട് സംസാരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സംവിധാനം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് അവര്‍ തുറന്ന് പറഞ്ഞു. രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കും വിധത്തില്‍ നീതിന്യായ സംവിധാനത്തിലേക്ക് കടന്നുകയറ്റമുണ്ടാകുന്നുവെന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം. ഭീഷണമായ ഈ അവസ്ഥ മുന്നില്‍ നില്‍ക്കെ, നിശ്ശബ്ദരായിരുന്നുവെന്ന് ജനങ്ങള്‍ പിന്നീട് കുറ്റപ്പെടുത്തരുത് എന്ന് കൂടി ജസ്റ്റിസുമാരായ ജെ ചേലമേശ്വറും രഞ്ജന്‍ ഗോഗോയും കുര്യന്‍ ജോസഫും മദന്‍ ബി ലോകൂറും പറയുമ്പോള്‍ നീതിന്യായ സംവിധാനത്തെയും അതിലൂടെ ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങളുടേതാണെന്ന് ഓര്‍മിപ്പിക്കുകയാണ് അവര്‍.


ആ നിലക്ക്, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വിമര്‍ശിക്കുന്നതിനും കോടതി നടപടികളിലെ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടുന്നതിനും അപ്പുറത്ത്, ഇതില്‍ വിശാലമായ രാഷ്ട്രീയമുണ്ട്. കോടതി നിര്‍ത്തിവെച്ച്, വാര്‍ത്താ സമ്മേളനം നടത്തുക എന്ന അസാധാരണമായ തീരുമാനത്തിലേക്ക് നാല് മുതിര്‍ന്ന ജഡ്ജിമാരെ എത്തിച്ചത് പരമോന്നത കോടതി ക്രമം തെറ്റി പ്രവര്‍ത്തിക്കുന്നുവെന്ന കേവല പ്രശ്‌നം മാത്രമല്ലെന്ന് ചുരുക്കം.


ഇതില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, വൈകാതെ ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ എത്തേണ്ടയാളാണ്. 1976ലെ ചരിത്രം കുറിച്ച വിയോജനം, എച്ച് ആര്‍ ഖന്നയ്ക്ക് നഷ്ടപ്പെടുത്തിയത് ചീഫ് ജസ്റ്റിസ് സ്ഥാനമായിരുന്നു. ഏകാധിപതിയായ കാലത്ത് വിമര്‍ശിച്ചത്, ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷവും ഇന്ദിരാഗാന്ധി മറന്നില്ല. സീനിയോറിറ്റി  പരിഗണിക്കാതെ വന്നപ്പോള്‍, അന്തസ്സോടെ രാജിവെച്ചിറങ്ങി എച്ച് ആര്‍ ഖന്ന. നീതിന്യായ സംവിധാനത്തിലേക്ക് എല്ലാ വിധത്തിലും കടന്നുകയറാന്‍ ശ്രമിക്കുന്ന അപ്രഖ്യാപിത ഏകാധിപത്യം ചരിത്രം ആവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. അത് മനസ്സിലാക്കാതെയല്ല ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടക്കമുള്ളവര്‍ ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ജനത്തോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ജനത്തിന്റെ, ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹം നിലനിര്‍ത്തുന്ന രാഷ്ട്രീയ സംവിധാനങ്ങളുടെയൊക്കെ ഉത്തരവാദിത്വം വര്‍ധിക്കുന്നു.


രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന കേസുകള്‍ തിരഞ്ഞെടുത്ത്, തനിക്ക് താത്പര്യമുള്ള ജഡ്ജിമാരുള്‍ക്കൊള്ളുന്ന ബഞ്ചിനെ ഏല്‍പ്പിക്കുകയാണ് ചീഫ് ജസ്റ്റിസെന്നാണ് നാല് ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന ആരോപണം. അത്തരം കേസുകളില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ ചില വിധികള്‍ നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതും ഹൈക്കോടതികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതുമാണെന്ന് ഈ ജഡ്ജിമാര്‍, മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഏതൊക്കെ കേസുകള്‍ എന്ന് പറയാന്‍ അവര്‍ തയ്യാറായില്ല. സുപ്രീം കോടതിക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താത്തത് എന്ന് അവര്‍ വിശദീകരിക്കുന്നു. അവരുടെ ഭാഗത്തു നിന്ന് നോക്കുമ്പോള്‍ ഇത് യുക്തിസഹമാണ്. പക്ഷേ, രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് നോക്കുമ്പോള്‍ ഇത് യുക്തിസഹമല്ല. ഏതൊക്കെ കേസുകളിലാണ് ഇത്തരം ഇടപെടലുകള്‍ ഉണ്ടായതെന്ന് അറിയാനും അതിലെ തീരുമാനങ്ങള്‍ രാജ്യത്തെയും ജനങ്ങളെയും ഏത് വിധത്തിലാണ് ബാധിച്ചത്/ബാധിക്കുന്നത് എന്നറിയാനുമുള്ള അവകാശം ജനാധിപത്യ സമ്പ്രദായത്തില്‍, പരമാധികാരികളായ ജനങ്ങള്‍ക്കുണ്ട്.


അതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം ചീഫ് ജസ്റ്റിസിനുണ്ട്. അല്ലെങ്കില്‍ ഈ നാല് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിവ് സഹിതം ജനത്തെ ബോധ്യപ്പെടുത്തണം. നീതിന്യായ സംവിധാനത്തില്‍ സത്യത്തിനല്ലല്ലോ, തെളിവിനാണല്ലോ വില. അതുണ്ടാകാത്ത പക്ഷം ചീഫ് ജസ്റ്റിസിനെതിരെ, അതിലൂടെ അദ്ദേഹത്തെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കഴമ്പുള്ളതാണെന്ന് വിശ്വസിക്കേണ്ടി വരും.


ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുമായിരിക്കെ അരങ്ങേറിയ നിരവധിയായ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലൊന്നാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിന്റേത്. സുഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ ബിയെയും തട്ടിക്കൊണ്ടുവന്ന ഗുജറാത്ത് പോലീസ് സുഹ്‌റാബുദ്ദീനെ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നു. കൗസര്‍ ബിയെ കൊലപ്പെടുത്തി ചുട്ടെരിക്കുകയും ചെയ്തു. ഇരുവരെയും പോലീസ് കൂട്ടിക്കൊണ്ടു പോകുന്നതിന് ദൃക്‌സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതിയെ പിന്നീട് കൊലപ്പെടുത്തി, ഏറ്റുമുട്ടലായി ചിത്രീകരിച്ചു. ഈ സംഭവത്തില്‍ ഗുജറാത്ത് പോലീസിനൊപ്പം രാജസ്ഥാന്‍ പോലീസിനും പങ്കുണ്ടായിരുന്നു.


ഈ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ സി ബി ഐ, വ്യാജ ഏറ്റുമുട്ടലിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന നിഗമനത്തില്‍ അമിത് ഷായെ കുറ്റാരോപിതനാക്കി.  അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ അമിത് ഷായെ, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ കേസില്‍ നിന്ന് വിചാരണ കൂടാതെ ഒഴിവാക്കുകയായിരുന്നു. ഈ കേസില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് അന്വേഷണ ഏജന്‍സി തന്നോട് ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടറായിരുന്ന രോഹിണി സല്യാന്‍ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. അന്വേഷണ ഏജന്‍സിയുടെ ഈ നിലപാട് മാറ്റം, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണുണ്ടായത്.


ഈ കേസ് പരിഗണിച്ചിരുന്ന പ്രത്യേക കോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയുടെ പൊടുന്നനെയുണ്ടായ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച ഹരജികള്‍ ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിലനില്‍ക്കുന്നു. കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധം പറഞ്ഞ ജസ്റ്റിസ് ലോയയെ (ക്രിമിനല്‍ കേസുകളിലെ നടപടി ക്രമമാണത്) സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നത് നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ പലര്‍ക്കും അറിയാവുന്നതാണ്. ജസ്റ്റിസ് ലോയക്ക് കോഴ വാഗ്ദാനം ചെയ്തത് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഴിയായിരുന്നുവെന്നും ആരോപണമുണ്ട്. ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷം കേസ് പരിഗണിച്ച ജഡ്ജി, വിചാരണകൂടാതെ തന്നെ കുറ്റവിമുക്തനാക്കണമെന്ന അമിത് ഷായുടെ ഹരജി അനുവദിച്ച് വിധി പുറപ്പെടുവിച്ചു.


ഈ വിധി ചോദ്യംചെയ്ത് ഉയര്‍ന്ന കോടതിയെ സമീപിക്കാന്‍ സി ബി ഐ തയ്യാറായില്ല. ഉയര്‍ന്ന കോടതിയില്‍ പോയാല്‍, ഒരു ദിവസം പോലും നിലനില്‍ക്കുന്നതല്ല പ്രത്യേക കോടതി ജഡ്ജിയുടെ വിധിയെന്ന് രാജ്യത്തെ പ്രമുഖ അഭിഭാഷകരെല്ലാം പറയുമ്പോഴും അത് ചോദ്യം ചെയ്യാന്‍ സി ബി ഐ തയ്യാറാകുന്നില്ല. അത്തരമൊരു നിലപാട് സി ബി ഐ എടുക്കുന്നത് അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെ ഇംഗിതമനുസരിച്ചാണെന്ന് മനസ്സിലാക്കുക പ്രയാസമുള്ള കാര്യമല്ല. ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചത് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണമായിരുന്നു. അതില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി, സുപ്രീം കോടതിയിലെ ജൂനിയര്‍ ജഡ്ജിമാരടങ്ങുന്ന ബഞ്ചിലേക്ക് കൈമാറാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമ്പോള്‍ അന്വേഷണ ഏജന്‍സിയെ മരവിപ്പിച്ച അതേ ശക്തികള്‍ പരമോന്നത നീതിന്യായ സംവിധാനത്തെയും മരവിപ്പിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.


മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല ഉത്തരവ് നേടിയെടുക്കാന്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണം സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങളുണ്ടാക്കിയത് രണ്ട് മാസം മുമ്പാണ്. സ്വാധീനിക്കാന്‍ ശ്രമിച്ച ജഡ്ജിമാരുടെ പട്ടികയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പേരുമുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഹരജി പരിഗണിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടുന്ന ബഞ്ച്, പ്രത്യേക ബഞ്ച് രൂപവത്കരിച്ചു. ഇങ്ങനെ ബഞ്ച് രൂപവത്കരിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിനാണെന്ന് വിശദീകരിച്ച്, മറ്റൊരു ബഞ്ച് രൂപവത്കരിച്ച് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു. വസ്തുതയുണ്ടെങ്കിലും ഇല്ലെങ്കിലും ആരോപണ വിധേയരുടെ പട്ടികയിലുള്ള ചീഫ് ജസ്റ്റിസ്, സ്വന്തം ഇഷ്ടത്തിനുള്ള ബഞ്ച് ഉണ്ടാക്കുമ്പോള്‍ സംശയമുയരുക സ്വാഭാവികം.


സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചതിന് ശേഷം, സ്വകാര്യത ലംഘിക്കുന്നുവെന്ന ആരോപണം നേരിടുന്ന ആധാര്‍ കേസില്‍, കേന്ദ്ര സര്‍ക്കാറിന് അനുകൂലമായ വിധികള്‍ പരമോന്നത കോടതി പുറപ്പെടുവിക്കുമ്പോള്‍ വീണ്ടും സംശയങ്ങളുണ്ടാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും സുപ്രീം കോടതിയിലെ ജഡ്ജിമാരെയും നിയമിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതിയുടെ കൊളീജിയം 2017 മാര്‍ച്ചില്‍ രൂപം നല്‍കിയിരുന്നു. മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തു. ഇന്നുവരെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുകയാണ് സുപ്രീം കോടതിയുടെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ചെയ്യേണ്ടത്. എന്നാല്‍ അതിന് തയ്യാറാകാതിരിക്കുമ്പോള്‍, ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടാന്‍ അവസരമൊരുക്കുന്ന സംവിധാനം കാത്തിരിക്കുകയാണ് എന്ന് കരുതാതിരിക്കാനാകില്ല. അതും ഉന്നയിക്കുന്നുണ്ട് നാല് ജഡ്ജിമാരും.


സ്ഥിതി ഇവ്വിധമാണെങ്കില്‍ ജുഡീഷ്യല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് മനസ്സിലാക്കണം. ഭരണഘടനാ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കാന്‍ അധികാരമുള്ള നീതിന്യായ സംവിധാനത്തില്‍ തീവ്ര ഹിന്ദുത്വ അജന്‍ഡകളോട് ആഭിമുഖ്യമുള്ളവര്‍ എത്തിപ്പെട്ടാല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കിടയില്‍ നിലനില്‍ക്കുന്ന പരിമിതമായ ജനാധിപത്യം പോലും അപകടത്തിലാകും. അതേക്കുറിച്ചാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പറയാതെ പറയുന്നത്. അത് മനസ്സിലായിട്ടും മൗനം പാലിച്ചുവെന്ന കുറ്റം ഇവര്‍ക്കുമേല്‍ ചാര്‍ത്താനാകില്ല, അവര്‍ പറയുന്നതിന്റെ അന്തസ്സത്ത മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ രാജ്യവും ജനങ്ങളുമുണ്ടോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം, ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസായി തുടരുന്നുവോ ഇല്ലയോ എന്നതല്ല. പരമാധികാരമുള്ള ഭരണകൂടം, അതിന്റെ ദയാവായ്പ് കൊണ്ട് നല്‍കുന്നതല്ല ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് ഈ നാല് ജഡ്ജിമാര്‍.