2018-02-19

ബാങ്കുകളിലെ പണം നീരവുമാരുടെ ആന


''ഭരണാധികാരിയുടെ ന്യായം സാധാരണക്കാര്‍ക്കുള്ളതാണ്. തങ്ങളുടെ ബന്ധുക്കളെയും കഴിവുള്ളവരെയും ശിക്ഷിക്കാനുള്ളതല്ല''

ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍, രാജ്യത്തെ പൗരന്‍മാര്‍ക്കെല്ലാം അധാര്‍ എന്ന തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ നടപടി തുടങ്ങിയത് സബ്‌സിഡിയുള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയും അര്‍ഹര്‍ക്ക്  അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. ആനുകൂല്യങ്ങള്‍ അര്‍ഹരായവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നതിനായി ബേങ്ക് അക്കൗണ്ടുകളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനും നടപടി തുടങ്ങി.


അന്ന് ആധാറിനെ വിട്ടുവീഴ്ച കൂടാതെ എതിര്‍ത്ത ബി ജെ പി, കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും പ്രധാനമന്ത്രി സ്ഥാനവും അധികാരമൊന്നാകെയും നരേന്ദ്ര മോദിയില്‍ നിക്ഷിപ്തമാകുകയും ചെയ്തതോടെ ആധാര്‍ നടപ്പാക്കുക എന്നതില്‍ വീട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനിച്ചത്. പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിനും ആദായത്തിന് നിയമം നിഷ്‌കര്‍ഷിക്കുന്ന നികുതി പൗരന്‍മാര്‍ ഒടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും കൊണ്ടുവന്ന പാന്‍ നമ്പര്‍ മുതലിങ്ങോട്ട് ഭൂമിയുടെ ആധാരം വരെ സകലതും ആധാറുമായി ബന്ധിപ്പിക്കുക എന്നാണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ പൗരന്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല, സ്വകാര്യ ഇടപാടുകള്‍ വരെ നിരീക്ഷിക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും. ഈ സമാഹൃത വിവരങ്ങള്‍ ചോരുന്നതോ ബോധപൂര്‍വം ചോര്‍ത്തുന്നതോ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുക എന്നതിലും അതിലൂടെ പൗരന്മാരുടെ മൗലിക അവകാശമായ സ്വകാര്യത ലംഘിക്കപ്പെടില്ലേ എന്നതിലും തര്‍ക്കങ്ങള്‍ തുടരുകയാണ്.


എന്തായാലും സാധാരണക്കാരായ ആളുകളുടെ ജീവിതത്തെ, അവരുടെ സാമ്പത്തിക ഇടപാടുകളെയൊക്കെ നിരീക്ഷിക്കാനും വേണ്ടി വന്നാല്‍ ശിക്ഷിക്കാനും പാകത്തിലുള്ള വജ്രായുധമായി ആധാര്‍ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. ഒരാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന പണമെത്ര, അത് ഏതൊക്കെ വഴികളിലേക്ക് പോകുന്നു, ഇത്രയും പണത്തിന്റെ സ്രോതസ്സ് ഏതാണ് എന്നതൊക്കെ വേഗത്തില്‍ മനസ്സിലാക്കാം. അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു ശമ്പളക്കാരന്‍, നിയമം അനുശാസിക്കും വിധത്തില്‍ നികുതി ഒടുക്കാതെ, ആദായം മുഴുവന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ലെന്ന് ചുരുക്കം. എന്നാല്‍ ഇതൊന്നും രാജ്യത്തെ ധനാഢ്യന്‍മാര്‍ക്ക് ബാധകമല്ലെന്നാണ് പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്ന് 11,400 കോടി രൂപ തട്ടിയെടുത്ത നീരവ് മോദി, അമ്മാവനായ മെഹുല്‍ ചോക്‌സി ഷെട്ടി പ്രഭൃതികള്‍ പഠിപ്പിക്കുന്നത്.


വിദേശത്തു നിന്ന് രത്‌നങ്ങളും വജ്രവും ഇറക്കുന്നതിന്, പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ ഈടുപത്രം (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) ഉപയോഗപ്പെടുത്തിയാണ് ഇത്രയും തുക നീരവും മാതുലനും സ്വന്തമാക്കുന്നത്. 2011ല്‍ ആരംഭിച്ച തട്ടിപ്പ് പുറത്തുവന്നത് കഴിഞ്ഞ മാസം മാത്രം. ഏറ്റവുമധികം തട്ടിപ്പ് നടന്നത് 2017 - 18 സാമ്പത്തിക വര്‍ഷത്തിലാണ്. അതായത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ അധികാരത്തിലിരിക്കെ ആരംഭിച്ച തട്ടിപ്പ് നരേന്ദ്ര മോദി അധികാരത്തിലിരിക്കെ കൂടുതര്‍ ഊര്‍ജിതമായെന്ന് ചുരുക്കം. യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ തരപ്പെടുത്തിയ ഈടുപത്രങ്ങളില്‍ പലതും 2017 - 18ല്‍ പുതുക്കിയെടുത്ത് ഉപയോഗിക്കാനും നീരവിനും മാതുലനും സാധിച്ചു.


ഈടുപത്രങ്ങളുടെ കാലാവധി 90 ദിവസമായി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 360 ദിവസം വരെ കാലാവധിയുള്ള ഈടുപത്രങ്ങള്‍ പഞ്ചാബ് നാഷനല്‍ ബേങ്ക് നല്‍കുകയും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബേങ്ക്, ബേങ്ക് ഓഫ് ബറോഡ തുടങ്ങിയവ ഇത് അംഗീകരിച്ച് നീരവിനും സംഘത്തിനും പണം കൈമാറുകയും ചെയ്തു. പല വര്‍ഷങ്ങളിലായി ഇത്രയധികം തുക തട്ടിയെടുക്കാന്‍ നീരവിനും സംഘത്തിനും സാധിക്കുമ്പോള്‍ ആധാര്‍, പാന്‍, ടിന്‍ (ടാക്‌സ്‌പേയര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) തുടങ്ങിയ സംവിധാനങ്ങളൊന്നും ഫലം കണ്ടില്ല. ഇത്തരം നമ്പറുകളാലൊക്കെ ബന്ധിതമായിരുന്നില്ലേ നീരവിന്റെയും മാതുലന്റെയും ഇടപാടുകള്‍. ഇന്ത്യയില്‍ വ്യവസായം നടത്തുന്നവര്‍ക്കൊക്കെ ടിന്‍ നിര്‍ബന്ധമാണ്. അവര്‍ നടത്തുന്ന വ്യവസായിക ഇടപാടുകള്‍ക്കൊക്കെ അത് രേഖപ്പെടുത്തുകയും വേണം. എന്നിട്ടും പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്നുള്ള വ്യാജ ഈടുപത്രങ്ങള്‍ ഉപയോഗപ്പെടുത്തി 11,400 കോടി രൂപ തട്ടിച്ചെടുക്കും വരെ വിവരങ്ങള്‍ ആരുമറിഞ്ഞില്ല.


''ഭരണാധികാരിയുടെ ന്യായം സാധാരണക്കാര്‍ക്കുള്ളതാണ്. തങ്ങളുടെ ബന്ധുക്കളെയും കഴിവുള്ളവരെയും ശിക്ഷിക്കാനുള്ളതല്ല''


സാധാരണക്കാരനായ ഒരാള്‍ വായ്പക്ക് വേണ്ടി ബേങ്കുകളെ സമീപിച്ചാല്‍ നല്‍കേണ്ടി വരുന്ന രേഖകള്‍ പലതാണ്. വിധേയരാകേണ്ടി വരുന്ന പരിശോധനകളും കുറവല്ല. വായ്പ ലഭിക്കാന്‍ യോഗ്യനാണോ നല്‍കിയാല്‍ തന്നെ തിരിച്ചടവിനുള്ള ശേഷിയുണ്ടോ എന്നറിയാന്‍ പലവിധ പരിശോധനകള്‍. ഇതിനൊപ്പം ആധാറും പാനും മറ്റ് തിരിച്ചറിയല്‍ രേഖകളുമൊക്കെ നല്‍കണം. ഇതിനകമെടുത്ത വായ്പയുടെ തിരിച്ചടവില്‍ ഒരിയ്ക്കല്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ സംവിധാനമുണ്ട് (വിവിധ ബേങ്കുകളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരൊക്കെ ചേര്‍ന്ന് നടത്തുന്ന സിബില്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനം). അവ്വിധം വീഴ്ചവരുത്തിയിട്ടുണ്ടെന്ന് കണ്ടാല്‍ പുതിയ വായ്പ നിഷേധിക്കപ്പെടുമെന്ന് ഉറപ്പ്. ഇവ്വിധം പരിശോധനകളൊന്നും നീരവ് മോദിയെപ്പോലുള്ളവരുടെ കാര്യത്തിലില്ലെന്ന് വേണം മനസ്സിലാക്കാന്‍.


പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്താതെ വായ്പകള്‍ അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പരിശോധനകള്‍ ഫലം കാണാനുള്ള സാധ്യത കുറവ്. എങ്കിലും ഇത്രയും വിപുലമായ, പലവിധ നമ്പറുകളാല്‍ തീര്‍ക്കപ്പെട്ട, സുരക്ഷാ വലകള്‍ നിഷ്പ്രയാസം ലംഘിക്കപ്പെടുകയാണെങ്കില്‍ അത് ഏതാനും ബേങ്ക് ഉദ്യോഗസ്ഥരുടെ മാത്രം ഒത്താശയില്‍ സംഭവിച്ചതാകില്ലെന്ന്  ഉറപ്പ്. നീരവ് മോദിക്ക്, കണക്കില്‍ രേഖപ്പെടുത്താതെ പണം അനുവദിച്ചാല്‍, അതിന്റെ മേല്‍ നടപടിയുണ്ടാകില്ലെന്നും സംരക്ഷിക്കപ്പെടുമെന്നുമുള്ള ഉറപ്പ് ബേങ്ക് ഉദ്യോഗസ്ഥര്‍ക്കുള്ളതുകൊണ്ടാണ് ഇത്തരം നടപടികളുണ്ടാകുന്നതും തുടരുന്നതും.


വിവിധ ബേങ്കുകളില്‍ നിന്നായി 61,000 കോടി രൂപയാണ് അഞ്ച് വര്‍ഷത്തിനിടെ വിവിധ വ്യവസായികള്‍ തട്ടിക്കൊണ്ടു പോയത് എന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ, വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന വിവരം ആര്‍ ബി ഐക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. എന്നിട്ടും അത് തടയാനോ പണം തിരികെ ഈടാക്കാനോ തട്ടിപ്പുകാട്ടിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ ആര്‍ ബി ഐ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍, ഭരണാധികാരിയുടെ ന്യായം ബന്ധുക്കളെയും കഴിവുള്ളവരെയും ശിക്ഷിക്കാനുള്ളതല്ലെന്ന് ആര്‍ ബി ഐയും കീഴിലുള്ള ബേങ്കുകളും മനസ്സിലാക്കിയിട്ടുണ്ടെന്നാണ് അര്‍ഥം. അങ്ങനെ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത്, അധികാരം ഏതാണ്ട് പൂര്‍ണമായും നിക്ഷിപ്തമാക്കിയ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വിധേയനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ്.


വ്യവസായ സ്ഥാപനങ്ങള്‍ ഈടുപത്രം സമ്പാദിച്ച്, വിവിധ ബേങ്കുകളുടെ വിദേശത്തെ ബ്രാഞ്ചുകളില്‍ നിന്ന് പണം സ്വീകരിക്കുന്ന സംവിധാനം സുരക്ഷിതമല്ലെന്നും തട്ടിപ്പിനുള്ള സാധ്യതയുണ്ടെന്നും 2013ല്‍ വിവിധ ബേങ്കുകള്‍ ആര്‍ ബി ഐയെ അറിയിച്ചിരുന്നു. തട്ടിപ്പ് തടയുന്നതിന് ബേങ്കുകള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് ബോധവത്കരിക്കുകയാണ് ആര്‍ ബി ഐ ചെയ്തത്. ഇത്തരം ഇടപാടുകള്‍ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമെന്തെങ്കിലും ഏര്‍പ്പെടുത്താന്‍ ആലോചിച്ചതേയില്ല. വായ്പയെടുത്ത് കിട്ടാക്കടമാക്കി എഴുതിത്തള്ളിക്കുന്നവരും, ഇത്തരം തട്ടിപ്പുകള്‍ക്ക് മുതിരുന്നതും വന്‍കിടക്കാരാണെന്നും ഭരണ സംവിധാനത്തില്‍ അവര്‍ക്കൊക്കെ സ്വാധീനമുണ്ടെന്നുമുള്ള തിരിച്ചറിവ് മാത്രമേ ഈ അലംഭാവത്തിന് കാരണമായുള്ളൂ.


പഞ്ചാബ് നാഷനല്‍ ബേങ്കില്‍ അരങ്ങേറുന്ന തട്ടിപ്പ് വിവരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് 2016ല്‍ തന്നെ പരാതി ലഭിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അഴിമതി തടയാനും കള്ളപ്പണം ഇല്ലാതാക്കാനും അക്ഷീണം യത്‌നിക്കുന്നുവെന്നും അതിന്റെ പേരില്‍ ജീവന് തന്നെ ഭീഷണിയുണ്ടെന്നും വികാരവിവശനാകുന്ന പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മെനക്കെട്ടില്ല. അങ്ങനെയെന്തെങ്കിലുമുണ്ടായെങ്കില്‍ പഴയ ഈടുപത്രം പുതുക്കിയും പുതിയ ഈടുപത്രങ്ങള്‍ സമ്പാദിച്ചും 2017 - 18ല്‍ നീരവ് മോദി വീണ്ടും തട്ടിപ്പ് നടത്തില്ലായിരുന്നു.


2016 ഡിസംബര്‍ അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ബേങ്കുകളിലെ ആകെ കിട്ടാക്കടം 6,14,872 കോടിയായിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന 2,61,843 കോടി. വളര്‍ച്ച 135 ശതമാനം. കിട്ടാക്കടം ഇപ്പോള്‍ എട്ട് ലക്ഷത്തിലധികം കോടിയായെന്നാണ് കണക്ക്. ഇതിനകം വിവിധ ബേങ്കുകള്‍ എഴുതിത്തള്ളിയത് ഈ കണക്കില്‍ ഉള്‍പ്പെടുമോ എന്ന് വ്യക്തതയില്ല. ഇതിന് പുറമെയാണ് 61,000 കോടിയുടെ തട്ടിപ്പും പഞ്ചാബ് നാഷനല്‍ ബേങ്കിലെ 11,400 കോടിയുടെ തട്ടിപ്പും (ഇത് ഇനിയും കൂടുമെന്നും 30,000 കോടി രൂപവരെയാകാമെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്). കിട്ടാക്കടവും തട്ടിപ്പുമായി ബേങ്കുകള്‍ക്ക് നഷ്ടം പത്ത് ലക്ഷം കോടിയോളം വരുമെന്ന് ചുരുക്കം.


ഈ അവസ്ഥയില്‍ നില്‍ക്കുന്ന ബേങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാനായി 2.1 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതില്‍ 80,000 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം (2018 - 19) നല്‍കുമെന്ന് ബജറ്റില്‍ പറയുകയും ചെയ്തു. പത്ത് ലക്ഷം കോടിയോളം തുലച്ചിട്ട്, 80,000 കോടി രൂപ ബേങ്കുകള്‍ക്ക് നല്‍കുന്ന സാമ്പത്തിക വിദഗ്ധനായ ധനമന്ത്രിയും അതിന് അനുവാദം നല്‍കുന്ന പ്രധാനമന്ത്രിയും ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത്? വിജയ് മല്യ മുതല്‍ നീരവ് മോദി വരെയുള്ള തട്ടിപ്പുകാരുടേതല്ലാതെ!


വിളയ്ക്ക് വിലയില്ലാതിരിക്കുകയും കടബാധ്യതമൂലം ആത്മഹത്യകള്‍ പെരുകുകയും ചെയ്തപ്പോള്‍ സമരത്തിനിറങ്ങിയ കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍, ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവയടക്കം, കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയനുസരിച്ച് തള്ളപ്പെട്ട കടങ്ങളുടെ കൗതുകമുള്ള കണക്ക് ഉത്തര്‍ പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമൊക്കെ വന്നിരുന്നു. 19 രൂപയുടെയും ഒരു രൂപ അമ്പത് പൈസയുടെയുമൊക്കെ കടം എഴുതിത്തള്ളി കര്‍ഷകരുടെ അഭിമാനത്തെ ചോദ്യംചെയ്ത കണക്കുകള്‍. അങ്ങനെ എഴുതിത്തള്ളിയതിന്റെ ബാധ്യതയുടെ ഒരംശം പോലും കേന്ദ്ര സര്‍ക്കാര്‍ വഹിക്കില്ലെന്നും മുഴുവന്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. കിട്ടാക്കടത്തിലൂടെയും തട്ടിപ്പിലൂടെയും നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കോടികളുടെ വിവരം അറിയാതെയാണോ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിന്റെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് ധനമന്ത്രി പറഞ്ഞത്?


ഈ കര്‍ഷകര്‍ കൂടി നിക്ഷേപമായി നല്‍കിയ പണമാണ് നീരവ് മോദിമാര്‍ തട്ടിച്ചെടുക്കുന്നതും, വിജയ് മല്യമാര്‍ കിട്ടാക്കടമാക്കുന്നതും. ഈ കര്‍ഷകര്‍ കൂടി നല്‍കുന്ന നികുതി വിഹിതത്തില്‍ നിന്നാണ് ബേങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കാനായി അരുണ്‍ ജെയ്റ്റ്‌ലി പണം നീക്കിവെയ്ക്കുന്നത്.


''ഭരണാധികാരിയുടെ ന്യായം സാധാരണക്കാര്‍ക്കുള്ളതാണ്. തങ്ങളുടെ ബന്ധുക്കളെയും കഴിവുള്ളവരെയും ശിക്ഷിക്കാനുള്ളതല്ല''. ആകയാല്‍ സാധാരണക്കാരന്‍ ഭരണകൂടത്തിന്റെ വിഹിതവും അവിഹിതവുമായ നിയമങ്ങളെ അനുസരിച്ച് ജീവിക്കട്ടെ, മോദിമാരെയും മല്യമാരെയും ശിക്ഷിക്കാനുള്ളതല്ല ഭരണാധികാരിയുടെ ന്യായങ്ങളെന്ന് മനസ്സിലാക്കട്ടെ.
(ഈ കഥയില്‍ കോണ്‍ഗ്രസിനും അവര്‍ നടപ്പാക്കിയ നയങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തം മറക്കുന്നില്ല)

2018-02-12

'രാജ്യദ്രോഹി'യുടെ ചോദ്യങ്ങള്‍


ഫ്രഞ്ച് കമ്പനിയായ ദസ്സൗള്‍ട്ട് ഏവിയേഷനില്‍ നിന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയാല്‍ രാജ്യ സുരക്ഷയാകെ അപകടത്തിലാകുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പക്ഷം. പോര്‍ വിമാനങ്ങള്‍ക്ക് നല്‍കുന്ന തുകയെത്ര എന്ന് പരസ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ യൂണിയന്‍ വാങ്ങാനുദ്ദേശിക്കുന്ന ഇനമേത് എന്നും അതിനുള്ള ആധുനിക സംവിധാനങ്ങളെന്തൊക്കെ എന്നും 'ശത്രു' രാജ്യങ്ങള്‍ക്ക് മനസ്സിലാകും. അങ്ങനെ മനസ്സിലായാല്‍ ഈ അത്യാധുനിക പോര്‍ വിമാനത്തെ പ്രതിരോധിക്കാനുള്ള ശേഷി ആ രാജ്യങ്ങള്‍ ആര്‍ജിക്കും. രാജ്യ സുരക്ഷ ഇതിലധികം അപകടത്തിലാകാനുണ്ടോ? ആകയാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല.

കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ രാജ്യ സുരക്ഷയെക്കുറിച്ച് വേവലാതിയില്ലാത്തവരാണ്, രാജ്യ സുരക്ഷയെക്കുറിച്ച് വേവലാതിയില്ലാത്തവര്‍, രാജ്യ ദ്രോഹികളാകാതെ തരമില്ല തന്നെ. കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളൊക്കെ, ഈ സമവാക്യമനുസരിച്ച്, രാജ്യ ദ്രോഹികളുടെ ഗണത്തില്‍ വരും. കരാറിന്റെ വിശദാംശങ്ങള്‍ പരമ രഹസ്യമായി സൂക്ഷിച്ച്, രാജ്യ സുരക്ഷയെ അപകടത്തിലാക്കാത്ത ഭരണപക്ഷം രാജ്യ സ്‌നേഹികളും. അല്ലെങ്കിലും നരേന്ദ്ര മോദി സര്‍ക്കാറിനോളം ആ സര്‍ക്കാറിനെ നയിക്കുന്നുവെന്ന് കരുതപ്പെടുന്ന ബി ജെ പിയോളം അവരെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ്സിനോളം ഇവരെല്ലാം ചേരുന്ന സംഘ്പരിവാരത്തിനോളം രാജ്യ സ്‌നേഹികളായ മറ്റാരെങ്കിലുമുണ്ടോ!


പാര്‍ലിമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലെ വിവരങ്ങളിലേക്ക് വരാം. മിഗ് - 21, മിഗ് - 27, മിഗ് - 29, ജാഗ്വാര്‍, മിറാഷ് 2000, സുഖോയ് - 30 എം കെ ഐ, തേജസ് എന്നിവയാണ് ഇന്ത്യന്‍ വ്യോമ സേനയുടെ പക്കലുള്ള പോര്‍ വിമാനങ്ങള്‍. ഇവയെല്ലാം ചേരുന്ന 44 പോര്‍ വിമാന വ്യൂഹങ്ങളെങ്കിലും വേണം ശത്രു രാജ്യങ്ങളുടെ (പ്രധാനമായും പാക്കിസ്ഥാനും ചൈനയും) വെല്ലുവിളി നേരിടാനെന്നാണ് വ്യോമ സേനയുടെ കണക്ക്. നിലവിലുള്ളത് 33 വ്യൂഹങ്ങള്‍ മാത്രം. 42 വ്യുഹങ്ങളുണ്ടാക്കാന്‍ പ്രതിരോധ വകുപ്പ് അനുവാദം നല്‍കിയ ശേഷവും 33 എണ്ണമേയുള്ളൂ. പ്രായാധിക്യമുള്ള മിഗ് -21, മിഗ് -27 വിമാനങ്ങളുള്ള 11 വ്യൂഹങ്ങളെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചുവെന്നും വ്യോമ സേന പറയുന്നു. അത് കൂടി ഒഴിവാക്കിയാല്‍ ആകെ വ്യൂഹങ്ങളുടെ എണ്ണം 22 ആയി ചുരുങ്ങും. വ്യോമ സേനയുടെ പ്രഹരശേഷി, 22 വ്യൂഹങ്ങളിലുള്ള മിഗ് - 29, ജാഗ്വാര്‍, സുഖോയ് - 30 എം കെ ഐ, തേജസ് വിമാനങ്ങളിലായി ചുരുങ്ങിയിരിക്കുന്നുവെന്ന് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തന്നെ രാജ്യത്തെയും ലോകത്തെയും അറിയിക്കുന്നു. രാജ്യസുരക്ഷ അപകടത്തിലാക്കാന്‍ ഇതിലധികം മറ്റെന്തെങ്കിലും വേണോ? രാജ്യ സുരക്ഷയെ അപകടത്തിലാക്കും വിധത്തില്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കുമോ നരേന്ദ്ര മോദി സര്‍ക്കാര്‍?


യുദ്ധമുണ്ടായാല്‍, ശത്രുപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ പാകത്തിലുള്ള പ്രഹരശേഷി കൈവശമില്ലെന്ന് വ്യോമ സേന പറയാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഒറ്റ എന്‍ജിന്‍ മാത്രമുള്ള മിഗ് - 21 വിമാനങ്ങളെ ഇനിയും ആശ്രയിക്കാനാകില്ലെന്നും പുതിയ പോര്‍ വിമാനങ്ങള്‍ വാങ്ങണമെന്നുമുള്ള നിര്‍ദേശം ആദ്യമുയരുന്നത് 1990കളുടെ അവസാനത്തിലാണ്. 1998 മുതല്‍ 2004 വരെ രാജ്യം ഭരിച്ചത് എ ബി വാജ്പയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറും. കൂടുതല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുക്കാതിരുന്ന അന്നത്തെ എ ബി വാജ്പയ് സര്‍ക്കാര്‍ രാജ്യ സുരക്ഷയെ അപകടത്തിലാക്കുകയാണ് ചെയ്തത് എന്ന് വേണമെങ്കില്‍ പറയാം. അന്ന് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പയ്, സര്‍ക്കാറിന് നേതൃത്വം നല്‍കിയിരുന്ന ബി ജെ പി, അതിനെ അന്നും നിയന്ത്രിച്ചിരുന്ന ആര്‍ എസ് എസ് ഒക്കെ രാജ്യ സുരക്ഷ അപകടത്തിലാക്കും വിധത്തില്‍ അന്ന് പ്രവര്‍ത്തിച്ചുവെങ്കില്‍, രാജ്യദ്രോഹിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ അവരും യോഗ്യരാണെന്ന് വരും.


വ്യോമസേനയുടെ ആവശ്യം പരിഗണിച്ച് 126 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്തത് 2007ലാണ്, ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറായിരുന്നു അധികാരത്തില്‍. ആഗോള ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ബോയിംഗ്, യൂറോഫൈറ്റര്‍, ലോക്ഹീഡ് മാര്‍ട്ടിന്‍, സാബ് ജാസ്, ദസ്സൗള്‍ട്ട്, മികോയാന്‍ എന്നീ ആറ് കമ്പനികള്‍ മത്സരിക്കാനെത്തി. സാങ്കേതിത - സാമ്പത്തിക പരിശോധനകള്‍ക്ക് ശേഷം യൂറോ ഫൈറ്ററിന്റെ ടൈഫൂണും ദസ്സൗള്‍ട്ടിന്റെ റാഫേലുമാണ് ശേഷിച്ചത്. ഇതില്‍ റാഫേലിനെ നിശ്ചയിച്ചപ്പോള്‍, ഇന്ത്യയുടെ പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ദസ്സൗള്‍ട്ടുമായുള്ള പങ്കാളിത്തം ഉറപ്പാക്കിയിരുന്നു.


ദസ്സൗള്‍ട്ടില്‍ നിന്ന് 18 എണ്ണം വാങ്ങാനും 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതിനാവശ്യമായ സാങ്കേതിക വിദ്യ ദസ്സൗള്‍ട്ട് കൈമാറണമെന്നും വ്യവസ്ഥ വെച്ചു. എന്നാല്‍ എച്ച് എ എല്ലില്‍ നിര്‍മിക്കുക എന്ന നിര്‍ദേശത്തെ ദസ്സൗള്‍ട്ട് എതിര്‍ത്തു. അതുകൊണ്ട് കരാര്‍ വൈകി. ഈ കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കാതെയാണ് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉണ്ടാക്കിയത്. പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയാണ് ഈ കരാറിലേക്ക് എത്തിയത്. 'ശത്രു'ക്കളുടെ ഭീഷണി മുന്‍നിര്‍ത്തി 126 പോര്‍ വിമാനങ്ങള്‍ വാങ്ങാനെടുത്ത തീരുമാനം 36ലേക്ക് പരിമിതപ്പെടുത്തുമ്പോള്‍ രാജ്യ സുരക്ഷ അപകടത്തിലാക്കുന്നത് ആരാണ്?


60,000 കോടിയോളം രൂപയാണ് 36 പോര്‍ വിമാനങ്ങള്‍ക്കും അതില്‍ ഘടിപ്പിക്കുന്ന മിറ്റിയര്‍, സ്‌കാല്‍പ്പ് തുടങ്ങിയ അത്യാധുനിക മിസൈലുകളടക്കം അയുധങ്ങള്‍ക്കുമായി കരാര്‍ പ്രകാരം നല്‍കേണ്ടത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് കരാറിനെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ അറുന്നൂറ് കോടിയോളമായിരുന്നു റാഫേലൊന്നിന് വില. പുതിയ കരാറനുസരിച്ച് വില ഇരട്ടിയോളം വര്‍ധിച്ചിരിക്കുന്നു. വര്‍ഷം നാല് കഴിയുമ്പോള്‍ വില വര്‍ധിക്കുക സ്വാഭാവികം. പക്ഷേ, അത് ഇരട്ടിയോളമാകുമ്പോഴോ? 72 വിമാനങ്ങള്‍ വാങ്ങാനുള്ള തുക നല്‍കി 36 എണ്ണം വാങ്ങുന്നതിന് പിറകില്‍ കോഴ - കമ്മീഷന്‍ ഇടപാടുകളുണ്ടോ എന്ന ആശങ്ക പങ്കുവെക്കപ്പെടുന്നതില്‍ അത്ഭുതമില്ല.


അതിര്‍ത്തികളില്‍ ഉപയോഗിക്കുന്ന ജീപ്പ്, എ ബി ബൊഫോഴ്‌സിന്റെ ഹൊവിറ്റ്‌സര്‍ തോക്ക് എന്തിന് സൈനിക നടപടിയില്‍ മരിക്കുന്ന പട്ടാളക്കാരുടെ ശരീരം കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ശവപ്പെട്ടി വാങ്ങിയതില്‍ വരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട് രാജ്യത്ത്. വ്യാജ ആയുധക്കമ്പനിയുടെ ഏജന്റുമാരായി അഭിനയിച്ചവരില്‍ നിന്ന് കോഴപ്പണം എണ്ണിവാങ്ങാന്‍ മടികാട്ടാതിരുന്ന പ്രസിഡന്റുണ്ടായിരുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന ബഹുമതി ഇപ്പോഴും ബി ജെ പിക്ക് മാത്രമേയുള്ളൂവെന്നതിനാല്‍ ആശങ്കക്ക് കനമേറുക സ്വാഭാവികമാണുതാനും.


വാങ്ങാന്‍ പോകുന്നത് 36 പോര്‍ വിമാനങ്ങളാണെന്നതും 2019 മുതല്‍ ഇവയുടെ കൈമാറ്റം തുടങ്ങുമെന്നും 2022 ആകുമ്പോഴേക്കും മുഴുവനും കൈമാറുമെന്നും അവയില്‍ ഘടിപ്പിക്കാന്‍ പോകുന്നത് മിറ്റിയര്‍, സ്‌കാല്‍പ്പ് മിസൈലുകളുള്‍പ്പെടെ ആയുധങ്ങളാണെന്നുമൊക്കെ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങളാണ് യഥാര്‍ഥത്തില്‍ രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്നത്. ഇന്ത്യ സമാഹരിക്കുന്ന സന്നാഹങ്ങളുടെ വിവരങ്ങള്‍ മനസ്സിലാക്കിയ 'ശത്രു'ക്കള്‍ക്ക് അതിന് ബദലാകാന്‍ പോന്നവ ആവനാഴിയിലെത്തിക്കാന്‍ സാധിക്കും. അതിന് ചെലവിടുന്ന പണത്തിന്റെ കണക്ക്, വിലപേശലിനുള്ള സൗകര്യം ഒരുപക്ഷേ 'ശത്രു'ക്കള്‍ക്ക് ഉണ്ടാക്കിയേക്കാമെന്ന് മാത്രം. അത്തരം വിലപേശലുകള്‍ക്കപ്പുറത്താണ് ആയുധ ഇടപാടുകളെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി രാജ്യത്തെ ജനങ്ങള്‍ക്കുണ്ടെന്ന് മോദി, ജയ്റ്റ്‌ലി, നിര്‍മല പ്രഭൃതികള്‍ക്ക് ഉണ്ടാകാതെ വരുമോ?


മുഖ്യ ശത്രു സ്ഥാനത്ത് നിര്‍ത്തുന്ന പാക്കിസ്ഥാനും ചൈനയും ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയുടെ അപ്രീതി പട്ടികയിലുള്ളവരാണ്. ഫ്രാന്‍സാകട്ടെ, അമേരിക്കയുടെ സഖ്യ രാഷ്ട്രവും. അമേരിക്ക മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ഏത് അത്രിക്രമാധിനിവേശത്തിനും പിന്തുണ നല്‍കുന്നവരാണ് അവര്‍. ആ രാജ്യത്തെ കമ്പനിയില്‍ നിന്ന് പാക്കിസ്ഥാനോ ചൈനക്കോ പോര്‍ വിമാനങ്ങളോ ആയുധങ്ങളോ കൈമാറുമ്പോള്‍, വല്യേട്ടന്റെ ഇംഗിതം കണക്കിലെടുക്കാതിരിക്കില്ല. ഇതൊന്നും കണക്കിലെടുക്കാതെയുള്ള കച്ചവടത്തിന് ഫ്രഞ്ച് കമ്പനി സന്നദ്ധമായാല്‍, അവര്‍ക്ക് വിലപേശാനുള്ള പ്രധാന സംഗതി ഇന്ത്യക്ക് കൈമാറിയ ആയുധങ്ങളുടെ വിശദ വിവരങ്ങളായിരിക്കും. അതിന്റെ പട്ടിക മുന്നില്‍വെച്ചായിരിക്കും 'ശത്രു'ക്കളുമായി കച്ചവടമുറപ്പിക്കുക. വ്യാപാരാഭിവൃദ്ധി ലക്ഷ്യമിടുന്ന കുത്തകകള്‍, ഇന്ത്യക്ക് നല്‍കിയതിന്റെ വിവരങ്ങളൊക്കെ മറച്ചുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതിനോളം മൗഢ്യം മറ്റൊന്നില്ല തന്നെ.


വാങ്ങേണ്ട പോര്‍ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതിന്റെ യുക്തി എന്ത്? ഇങ്ങനെ കുറക്കുകയും വിമാനത്തിനൊപ്പം മിസൈല്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തതു വഴി വ്യോമസേനക്കും അതുവഴി രാജ്യത്തിനുമുണ്ടാകുന്ന മേല്‍ക്കൈ എന്ത്? കരാര്‍ പുതുക്കിയപ്പോള്‍ വിമാന വില ഇരട്ടിയോളം വര്‍ധിച്ചതിന്റെ കാരണമെന്ത്? പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും ദസ്സൗള്‍ട്ടും ചേരുന്ന സംരംഭമെന്ന ആശയം ഉപേക്ഷിച്ചത് എന്തുകൊണ്ട്? സാങ്കേതിക വിദ്യ കൈമാറണമെന്ന വ്യവസ്ഥ ഒഴിവാക്കിയത് രാജ്യത്തിന് നഷ്ടമല്ലേ? എച്ച് എ എല്ലിന്റെ സ്ഥാനത്ത് ദസ്സൗള്‍ട്ടുമായുള്ള സംയുക്ത സംരംഭത്തിലേക്ക് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എത്തിയത് സ്വാഭാവികമായാണോ?


ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും ജനങ്ങളോട് പറയേണ്ടത്. ഈ ചോദ്യങ്ങളില്‍ ഒന്നിന്റെ ഉത്തരം പോലും രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്നില്ല. എന്തെങ്കിലും അപടകത്തിലാക്കുന്നുണ്ടെങ്കില്‍ അത്, നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യസന്ധതയെയാണ് (അങ്ങനെയൊന്നുണ്ടെങ്കില്‍), സര്‍ക്കാറും സംഘപരിവാരവും സ്വയം ഉടമസ്ഥാവകാശം ഏറ്റെടുത്തിരിക്കുന്ന (കപട) രാജ്യസ്‌നേഹത്തെയാണ്.


കോളിളക്കമുണ്ടാക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയദിശ മാറ്റുകയും ചെയ്ത ബൊഫോഴ്‌സ് അഴിമതിക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെടാന്‍ സി ബി ഐയെ പ്രേരിപ്പിച്ച സര്‍ക്കാറാണ് നരേന്ദ്ര മോദിയുടേത്. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ബൊഫോഴ്‌സിലെ കോഴ കണ്ടെത്തിയേ അടങ്ങൂവെന്ന വാശി ഈ സര്‍ക്കാറിനുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി റാഫേല്‍ ഇടപാട് സുതാര്യമാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തവുമുണ്ട്. രാജ്യസുരക്ഷയുടെ പേരുപറഞ്ഞ്, അതില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുമ്പോള്‍ സ്വയം അപഹാസ്യരാകുക മാത്രമേ സംഭവിക്കുകയുള്ളൂ. ആളെക്കൊന്ന് അഴിമതി ആരോപണം ഇല്ലാതാക്കാന്‍ മടിക്കാത്ത (വ്യാപം ഫെയിം) കൂട്ടര്‍ക്ക് അപഹാസ്യതയും തണലാകും.

2018-02-02

മോദിയുടെ വങ്കത്തത്തിന് ജെയ്റ്റ്‌ലിയുടെ പിഴ മൂളല്‍


പൊതു തിരഞ്ഞെടുപ്പ് ഒരു വര്‍ഷം അകലെ നില്‍ക്കുകയും ജനപിന്തുണയില്‍ ഇടിവുണ്ടായിട്ടുണ്ടെന്ന് മനസ്സിലാകുകയും ചെയ്യുന്ന ഘട്ടത്തില്‍ ജനപ്രിയമാകാന്‍ സര്‍ക്കാറുകള്‍ ശ്രമിക്കുക സ്വാഭാവികം. അതാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ 2019ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റില്‍ കാണുന്നത്. ബി ജെ പിയുടെയും ഇതര സംഘ്പരിവാര സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് പ്രചാരണ സാമഗ്രികളാക്കാന്‍ പാകത്തിലുള്ള പ്രഖ്യാപനങ്ങള്‍ എന്ന് മാത്രമേ ഇതിനെ അര്‍ഥമാക്കേണ്ടതുള്ളൂ. അല്ലെങ്കില്‍ അതിനപ്പുറത്ത് യാഥാര്‍ഥ്യബോധം ഈ നിര്‍ദേശങ്ങളിലുണ്ടെന്ന് കരുതാന്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധനമന്ത്രി തന്നെ വരച്ചിടുന്ന ചിത്രം സമ്മതിക്കുന്നില്ല. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ മറ്റ് ചില യാഥാര്‍ഥ്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിക്കുന്നുമുണ്ട്, ബജറ്റ് പ്രസംഗത്തില്‍ പ്രത്യക്ഷമായി പരാമര്‍ശിച്ചില്ലെങ്കില്‍പ്പോലും.


ആദ്യം ധനസ്ഥിതി നോക്കാം. നടപ്പ് സാമ്പത്തിക വര്‍ഷം (2017-18) ധനക്കമ്മി 5.95 ലക്ഷം കോടിയാകുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കണക്ക്. അതായത് ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനം. കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ടത് പോലെ ധനക്കമ്മി കുറക്കാനായിട്ടില്ലെന്ന് ചുരുക്കം. ഈ കണക്ക്, 2017 ഡിസംബര്‍ വരെയുള്ള ചെലവിനെ അധികരിച്ചുള്ളതാണ്. ശേഷിക്കുന്ന മൂന്ന് മാസത്തെ കണക്കുകള്‍ കൂടി എത്തുമ്പോള്‍ ധനക്കമ്മി 3.5 ശതമാനത്തില്‍ നിന്ന് വര്‍ധിക്കാനാണ് സാധ്യത. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സാമ്പ്രദായികരീതി വിട്ടുള്ള മൂലധനച്ചെലവൊന്നും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നിട്ടും ധനക്കമ്മി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെയധികം വര്‍ധിച്ചിരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം (2018-19) ധനക്കമ്മി 3.3 ശതമാനമാക്കി ചുരുക്കുമെന്നാണ് വാഗ്ദാനം. ഇതിനൊപ്പം പൊതുക്കടം, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനമാക്കി നിജപ്പെടുത്തും. വെറുതെയങ്ങനെ നിജപ്പെടുത്തുകയല്ല, അങ്ങനെ നിജപ്പെടുത്താന്‍ സര്‍ക്കാറിനെ ബാധ്യതപ്പെടുത്തി നിയമം കൊണ്ടുവരുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്.


ധനക്കമ്മി 3.3 ശതമാനത്തിലേക്ക് ചുരുക്കുകയും ആകെ കടം ജി ഡി പിയുടെ 40 ശതമാനമാക്കുകയും ചെയ്യുന്നുവെന്നാല്‍ സര്‍ക്കാറിന്റെ ചെലവിടല്‍ ശേഷി കൂടുതല്‍ പരിമിതപ്പെടുന്നുവെന്നാണ് അര്‍ഥം. അങ്ങനെ പരിമിതപ്പെടുത്താന്‍ തയ്യാറുള്ള സര്‍ക്കാര്‍ സാമൂഹിക സുരക്ഷ ലാക്കാക്കി പല കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ ആത്മാര്‍ഥതയില്‍ സംശയമുണ്ടാകും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ചെറികിട - ഇടത്തരം - സൂക്ഷ്മ വ്യവസായങ്ങള്‍ എന്നിവയെ ഉദ്ദേശിച്ചും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാനുമുദ്ദേശിച്ചാണ് പ്രഖ്യാപനങ്ങള്‍.


ഒരു കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കും വിധത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആരോഗ്യ മേഖലയില്‍ ഏറ്റം പ്രധാനം. പത്ത് കോടി ദരിദ്ര കുടുംബങ്ങളിലായി 50 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ പ്രതിവര്‍ഷം 30,000 രൂപ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണ് അഞ്ച് ലക്ഷത്തിന്റേതായി മാറ്റുന്നത്. രാജ്യത്താകെയുള്ള ഒന്നര ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതി വ്യാപിപ്പിക്കാനും രണ്ടും മൂന്നും ഘട്ടത്തിലെ ആരോഗ്യ സംരക്ഷണം ഇന്‍ഷുറന്‍സ് ബന്ധിതമാക്കാനുമാണ് ലക്ഷ്യം. വിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ പരിഷ്‌കരണം ലക്ഷ്യമിടുന്നു. എല്ലാ വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യം വികസിപ്പിക്കും. നാല് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് ഈ രംഗത്ത് നിര്‍ദേശിക്കുന്നത്. 2018 -19ല്‍ 25,000 കോടി രൂപ കാണേണ്ടിവരുമെന്ന് ചുരുക്കം.


ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് സാമൂഹിക സംരക്ഷണ പരിപാടികള്‍ എന്നിവക്കാകെ (ബജറ്റിന് പുറമെയുള്ളത് കൂടി ചേര്‍ത്ത്) 1.38 ലക്ഷം കോടി രൂപയാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലക്കാകെ ചെലവായി കണക്കാക്കിയത് 1.22 ലക്ഷം കോടി രൂപയാണ്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 30,000 രൂപ ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്ന കാലത്തു നിന്ന് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്ന കാലത്തേക്ക്, ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മറ്റ് സാമൂഹിക സംരക്ഷണ പദ്ധതികള്‍ക്കുമായി ആകെ കൂട്ടിയത് 16,000 കോടി രൂപ മാത്രം. സംഘ്പരിവാര പ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന മുദ്രാവാക്യമാണോ അതോ ആത്മാര്‍ഥമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ ബജറ്റിലെ പ്രഖ്യാപനമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ബജറ്റില്‍ വിഹിതം നീക്കിവെച്ചിട്ടുള്ളതിനാല്‍ ആവശ്യമനുസരിച്ച് വര്‍ധിപ്പിച്ച് നല്‍കാനാകുമെന്ന് വാദിച്ച് നില്‍ക്കാനാകും അരുണ്‍ ജെയ്റ്റ്‌ലിക്കും  സംഘ് പ്രവര്‍ത്തകര്‍ക്കും. യാഥാര്‍ഥ്യം ജനത്തിന്റെ കണ്ണില്‍ പൊടിയിടലാണ്.


ഗ്രാമീണ മേഖലയിലുള്ളവരുടെ ഉപജീവനത്തിനും അവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 14.34 ലക്ഷം കോടി രൂപയാണ് ചെലവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റിലൂടെയും അല്ലാതെയും കിട്ടുന്ന 11.98 ലക്ഷം കോടിയുള്‍പ്പെടെയാണിത്. ഇതുവഴി 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും വാഗ്ദാനമുണ്ട്. കൃഷി, സ്വയം തൊഴില്‍ തുടങ്ങിയവ കൂട്ടാതെയാണ് ഇത്രയും തൊഴില്‍ ദിനങ്ങള്‍. ദേശീയ തൊഴിലുറപ്പ്, ഗ്രാമീണ റോഡ് നിര്‍മാണം, ഗ്രാമീണ ഭവന നിര്‍മാണം തുടങ്ങി ഇതിനകം നടപ്പാക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ ചേര്‍ത്താകണം ഇത്രയും തുക അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശിക്കുന്നത്. തൊഴിലുറപ്പുള്‍പ്പെടെ ഗ്രാമങ്ങളില്‍ നടപ്പാക്കപ്പെടുന്ന വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം കുറഞ്ഞുവരുന്നതിനെക്കുറിച്ച് വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ആ നിലക്ക് ഇത്രയും തുക അടുത്ത സാമ്പത്തിക വര്‍ഷം ഗ്രാമീണ മേഖലയിലേക്ക് എത്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് ചെറുതല്ലാത്ത അബദ്ധമാകും.


അടിസ്ഥാന സൗകര്യ വികസനത്തിന് (റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണമുള്‍പ്പെടെ) 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 4.94 ലക്ഷം കോടി ചെലവിടുമെന്നാണ് കണക്ക്. അടുത്ത സാമ്പത്തിക വര്‍ഷം 5.97 കോടിയായി ഇത് വര്‍ധിപ്പിച്ചിരിക്കുന്നു. ഇതിലൊരു വിഹിതം സ്വാഭാവികമായും ഗ്രാമീണ മേഖലയിലായിരിക്കും. അത് കൂടി കൂട്ടിയാണോ 14.34 ലക്ഷം കോടിയുടെ കണക്ക് ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. അത് കൂടി ചേര്‍ത്ത കണക്കാണെങ്കില്‍ ബജറ്റിന്റെ സാങ്കേതികതകളിലൂടെ ജനത്തെ സമര്‍ഥമായി കബളിപ്പിക്കുന്നുണ്ട് ജെയ്റ്റ്‌ലി. ആദ്യമായല്ല ഇത് ചെയ്യുന്നത് എന്നതിലും ഇത് ചെയ്യുന്ന ആദ്യത്തെ ധനമന്ത്രിയല്ല എന്നതിലും ആശ്വസിക്കാമെന്ന് മാത്രം.


ബജറ്റ് പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന മറ്റൊരു മേഖല, ചെറുകിട - ഇടത്തരം - സൂക്ഷ്മ വ്യവസായങ്ങളാണ്. വായ്പ ലഭ്യമാക്കുന്നതിന് 3794 കോടി രൂപ നീക്കിവെച്ചിരിക്കുന്നു ധനമന്ത്രി. ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന വനിതകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും വായ്പ നല്‍കുന്നതിനുള്ള മുദ്രാ പദ്ധതിയില്‍ മൂന്ന് ലക്ഷം കോടിയുടെ വായ്പാ വിതരണം ലക്ഷ്യമിടുകയും ചെയ്യുന്നു. ഇത്തരം വ്യവസായങ്ങളുടെ കടബാധ്യത പരിഗണിക്കാന്‍ പ്രത്യേക പദ്ധതി ആലോചിക്കുമെന്നും പ്രഖ്യാപനമുണ്ട്.


കൃഷിക്കുമുണ്ട് വാരിക്കോരിയുള്ള പ്രഖ്യാപനങ്ങള്‍. ഉത്പാദനച്ചെലവിന്റെ അമ്പത് ശതമാനമെങ്കിലും അധികം വില വിളക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് പറയുന്ന ധനമന്ത്രി, താങ്ങുവില പ്രഖ്യാപിച്ച വിളകള്‍ക്കെല്ലാം ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും താങ്ങുവില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ പരുത്തിക്കും തുവരക്കും നിലക്കടലക്കുമൊക്കെ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആ വില കൊടുത്ത് ഉത്പന്നം കൃത്യസമയത്ത് സംഭരിക്കാന്‍ സാധിക്കാഞ്ഞത്, ആ കര്‍ഷകരെ ഏത് വിധത്തിലാണ് ബാധിച്ചത് എന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍, തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കിയിട്ടുണ്ടാകും. കൃത്യസമയത്ത് സംഭരിക്കാന്‍ സംവിധാനമില്ലാതിരിക്കെ, വില പ്രഖ്യാപിച്ചതു കൊണ്ട് മാത്രം ഒന്നുമാകില്ല. വിളയേറ്റെടുക്കുന്ന സ്വകാര്യ കമ്പനികളോ കച്ചവടക്കാരോ അല്‍പ്പം കൂടുതല്‍ തുക നല്‍കിയാല്‍ ആയെന്ന് മാത്രം.


പ്രായോഗികമല്ലാത്ത ഇത്തരം നിര്‍ദേശങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്ന യാഥാര്‍ഥ്യം, കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ വലിയ തകര്‍ച്ചയിലാണെന്നതാണ്. നോട്ട് നിരോധനവും മുന്നൊരുക്കമില്ലാതെ ജി എസ് ടി നടപ്പാക്കിയതും ഈ മേഖലകളുടെ നടുവൊടിച്ചുവെന്നത് വസ്തുതകളുടെ അകമ്പടിയോടെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. ചെറുകിട - ഇടത്തരം - സൂക്ഷ്മ വ്യവസായ മേഖലയില്‍ വലിയ പ്രതിസന്ധിയാണ്, നോട്ട് നിരോധനം സൃഷ്ടിച്ചത്. വലിയൊരളവ് പൂട്ടിപ്പോയി, ബാക്കിയുള്ളവ ഉത്പാദനം പരിമിതപ്പെടുത്തുകയും തൊഴില്‍ ശേഷി കുറക്കുകയും ചെയ്തു. എന്നാല്‍ ഇവ്വിധമൊന്നും സംഭവിച്ചിട്ടില്ലെന്നും നോട്ട് നിരോധവും ജി എസ് ടി നടപ്പാക്കലും സൃഷ്ടിച്ച താത്കാലിക പ്രയാസങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാര തീവ്രമായ ശബ്ദത്തില്‍ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ ആവര്‍ത്തനം നടത്തി, മന്ത്രിമാരും സംഘ് നേതാക്കളും പ്രവര്‍ത്തകരും. ബജറ്റില്‍ ഈ മേഖലയെ ഉത്തേജിപ്പിക്കാന്‍ പാകത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ (പ്രാവര്‍ത്തികമാകുമെന്നത് പ്രതീക്ഷ മാത്രം) ഗുരുതരമായ പ്രതിസന്ധി ഈ മേഖല നേരിടുന്നുവെന്ന് വിളിച്ചുപറയുകയാണ്. അതിന്റെ പ്രധാന കാരണം നോട്ട് നിരോധനമല്ലാതെ മറ്റൊന്നല്ല താനും. ആ നിലക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016 നവംബര്‍ എട്ടിലെ ചരിത്രപരമായ വങ്കത്തത്തിന് പിഴമൂളുകയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഈ ബജറ്റ്. അതിന്റെ ഭാരം സാധാരണക്കാരുടെ ചുമലില്‍ വെക്കുകയും ചെയ്യുന്നു. പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ള ജനപ്രിയതയുടെ ആവരണം അതിനുണ്ടെന്ന് മാത്രം.


മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങി പ്രധാനമന്ത്രി പലകാലത്തായി പ്രഖ്യാപിച്ച 'സ്വപ്‌ന പദ്ധതികളെ'ന്ന് വിശേഷിപ്പിക്കപ്പെട്ടവയുടെ പരാജയത്തെക്കുറിച്ചും സൂചിപ്പിക്കുന്നു ഈ ബജറ്റ്. മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇത്തരം കമ്പനികളെ ഇന്ത്യയില്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. തീരുവ ചുമത്തി, കമ്പോളം അപ്രാപ്യമാക്കാതെ മേക്ക് ഇന്ത്യയൊന്നും പച്ചപിടിക്കില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു സര്‍ക്കാര്‍.


250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറച്ചുകൊടുത്തും (ഇത്രയും വിറ്റുവരവുള്ള കമ്പനികള്‍ ചെറുകിട - ഇടത്തരം - സുക്ഷ്മ വ്യവസായങ്ങളാണെന്ന് മോദിയും ജെയ്റ്റ്‌ലിയും പറയുന്നു) ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാന്‍ വ്യവസ്ഥ ചെയ്തും മൂലധന ശക്തികള്‍ക്കൊപ്പമാണ് തങ്ങളെന്ന് ഈ ബജറ്റിലും ആവര്‍ത്തിക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഒപ്പം ജനപ്രിയമെന്ന് പ്രചരിപ്പിക്കാനുള്ള അവസരമുണ്ടാക്കുകയും. അതുകൊണ്ടൊക്കെ ജനപിന്തുണ നിലനിര്‍ത്താനാകുമോ? രാജസ്ഥാനില്‍ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍, കാല്‍ ചുവട്ടില്‍ നിന്ന് മണ്ണൊലിച്ച് പോകുന്നതിന്റെ വേഗം കൂടുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ജനപ്രിയ നിര്‍ദേശങ്ങളിലെ കബളിപ്പിക്കല്‍ ഏറ്റവും പെട്ടെന്ന് തിരിച്ചറിയുക ഗ്രാമീണരാണ്. അവരാണ് രാജ്യ ജനസംഖ്യയില്‍ ഇപ്പോഴും ഭൂരിപക്ഷം.