2017-03-27

മണി ബില്ലില്‍ സുഖശയനം, ആധാര്‍ ബന്ധിത വിരേചനം


രാജ്യം അടിയന്തരാവസ്ഥയിലാണോ? നിലവിലുള്ള ജനാധിപത്യ സമ്പ്രദായങ്ങളൊക്കെ അട്ടിമറിക്കപ്പെടുമ്പോള്‍, ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍, പൗരന്റെ അവകാശങ്ങളെ ഓരോന്നായി ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോള്‍ അത് അടിയന്തരവാസ്ഥ തന്നെയാണ്. അടിയന്തരാവസ്ഥയെന്നാല്‍ ഏകാധിപത്യവുമാണ്, അത് വ്യക്തിയുടേതായാലും ആ വ്യക്തിയുടെ വിധേയത്വത്തിലുള്ള പാര്‍ട്ടിയുടേതായാലും.


ആദായനികുതി നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കണക്കില്‍പ്പെടാത്ത സമ്പത്ത് കൈവശം വെച്ചിരിക്കുന്നുവെന്നും അത് വെളിപ്പെടുത്താന്‍ ഇടയില്ലെന്നും വിശ്വസിക്കാനോ സംശയിക്കാനോ കാരണമുണ്ടെങ്കില്‍ പരിശോധന നടത്താന്‍ (റെയ്ഡ്)  ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുകയാണ് ഈ മാറ്റത്തിലൂടെ. റെയ്ഡ് നടത്താന്‍ ഉദ്ദേശിക്കുന്നുവെന്ന വിവരം ആരെയും അറിയിക്കേണ്ടതില്ല, ട്രൈബ്യൂണലുള്‍പ്പെടെ ഒരു സംവിധാനത്തിന്റെയും അനുവാദം വാങ്ങേണ്ടതില്ല. വാറണ്ടിന്റെ ആവശ്യവുമില്ല. റെയ്ഡ് നടത്തിയത് നീതിയല്ലെന്ന പരാതിയുമായി കോടതിയെ സമീപിക്കാന്‍ ആര്‍ക്കും അധികാരമുണ്ടാവില്ലെന്നതാണ് നിയമത്തില്‍ വരുത്തിയ മാറ്റത്തിന്റെ കാതല്‍. കണക്കില്‍പ്പെടാത്ത സമ്പാദ്യമുണ്ടെന്ന സംശയം റെയ്ഡ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടായാല്‍ മേലുദ്യോഗസ്ഥന്റെ അനുവാദത്തോടെ, ആറു മാസത്തേക്ക് സ്വത്ത് പിടിച്ചെടുക്കാനും നിയമത്തില്‍ വരുത്തിയ മാറ്റം അനുവാദം നല്‍കുന്നു. അത് കോടതിയില്‍ ചോദ്യംചെയ്യാന്‍ അധികാരമുണ്ടോ എന്നതില്‍ തിട്ടം പോര.


പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് ധനകാര്യ ബില്ലിലെ വ്യവസ്ഥകള്‍ പ്രാബല്യത്തിലാകുന്നതോടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എവിടെയും പരിശോധന നടത്താവുന്ന സാഹചര്യമുണ്ടാകും. കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന ശങ്കയുണ്ടായാല്‍ മാത്രം മതിയാകും. ആ ശങ്കയുടെ ഇരകള്‍ ആരൊക്കെയാകും? നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആരെയൊക്കെ ലക്ഷ്യമിട്ടുവെന്നത് നോക്കിയാല്‍ ഉത്തരം കിട്ടും. ആദ്യം ലക്ഷ്യമിട്ടത് സര്‍ക്കാറിതര സംഘടനകളെയായിരുന്നു. വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചവരെന്ന് ആരോപിച്ച്. വിദേശത്തു നിന്ന് ധനസഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ റദ്ദ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇരുപതിനായിരത്തിലധികം സന്നദ്ധ സംഘടനകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി, വികസന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം. ഇത് തെളിയിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോകളുടെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.


ആണവ ഇന്ധനവും കല്‍ക്കരിയും ഉപയോഗിച്ച് വൈദ്യുതോത്പാദന പദ്ധതികള്‍ ആരംഭിക്കുന്നതിന് എതിരെ സമരം ചെയ്യുന്ന സംഘടനകള്‍, ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന് എതിരെ സമരം ചെയ്യുന്ന സംഘടനകള്‍, പോസ്‌കോയെയും വേദാന്തയെയും പോലുള്ളവ മുന്നോട്ടുവെക്കുന്ന വന്‍കിട പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്ന സംഘടനകള്‍, അനിയന്ത്രിതമായ ഖനനത്തിന് എതിരെ സമരം ചെയ്യുന്ന സംഘടനകള്‍ ഒക്കെയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഇരകളായതില്‍ പ്രധാനം. അതിനൊപ്പം ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച സംഘടനകളും വ്യക്തികളും ലക്ഷ്യങ്ങളായി. അത്തരം സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായി. തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും നിശ്ശബ്ദരാക്കാനോ ഇല്ലാതാക്കാനോ ശ്രമം നടക്കുകയും ചെയ്യുന്നു.


ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിയമപ്രകാരം ലഭിക്കുന്ന അനിയന്ത്രിതമായ അധികാരത്തിന്റെ ഇരകള്‍ ആരായിരിക്കുമെന്നത് ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. നരേന്ദ്ര മോദിയെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ, സംഘപരിവാരത്തെയൊക്കെ വിമര്‍ശിക്കുന്ന സംഘടനകളും വ്യക്തികളുമൊക്കെ ലക്ഷ്യങ്ങളാകുമെന്നതില്‍ തര്‍ക്കം വേണ്ട. ജനത്തെയാകെ ഭീതിയിലാക്കി, അധികാരമുറപ്പിക്കുക എന്നത് ഏകാധിപതികളൊക്കെ പിന്തുടര്‍ന്ന രീതിയാണ്. 'നാവടക്കൂ പണിയെടുക്കൂ' എന്ന മുദ്രാവാക്യമുയര്‍ന്ന അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണത്തെ നിയന്ത്രിച്ച ഗൂഢസംഘവും ശ്രമിച്ചത് ജനതയെ ഭീതിയിലാഴ്ത്തി അധികാരമുറപ്പിച്ചുനിര്‍ത്താനാണ്. വംശഹത്യാ ശ്രമത്തിന് ശേഷം ഗുജറാത്തിനെ വ്യാഴവട്ടിത്തിലേറെക്കാലം നരേന്ദ്ര മോദി ഭരിച്ചത് സ്വന്തം പാര്‍ട്ടിയെപ്പോലും ഭീതിയുടെ നിഴലില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു. അത് ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ യൂണിയനില്‍, പല വിധത്തില്‍.


ഫോണ്‍ കണക്ഷന്‍ മുതല്‍ സ്‌ക്കൂളിലെ ഉച്ചക്കഞ്ഞിവരെ സകലതിനും ആധാര്‍ നിര്‍ബന്ധമാക്കുന്ന തീരുമാനം ഇതിന്റെ തുടര്‍ച്ചയായി കാണണം. പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമൊക്കെ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതിയും ഇതിനൊപ്പം കൊണ്ടുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് വിരേചനമൊഴികെ ഏതാണ്ടെല്ലാറ്റിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ആധാര്‍ കൊണ്ടുവരാന്‍ യു പി എ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരുടെ മുന്‍പന്തിയില്‍ തങ്ങളുമുണ്ടായിരുന്നുവെന്ന ഓര്‍മ പോലും മോദി, ജെയ്റ്റ്‌ലി പ്രഭൃതികള്‍ക്കില്ല, സംഘപരിവാരത്തിനുമില്ല. പൗരന്‍മാരുടെ എല്ലാ പ്രവൃത്തികളെയും ഭരണകൂടം നിരീക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഭരണകൂടത്തിന് വഴങ്ങാത്തവരുടെ ജീവിതത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുമെന്ന ഭീഷണി, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുക എന്നതിനപ്പുറത്ത് 130 കോടി വിധേയരെ സൃഷ്ടിച്ചെടുക്കാനാണ്.


വിവിധ ട്രൈബ്യൂണലുകളുടെ അധ്യക്ഷന്‍മാരെ നിയമിക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതിയും ഇതിനൊപ്പമുണ്ടായി. സര്‍ക്കാറിന്റെയും നീതിന്യായ സംവിധാനത്തിന്റെയുമൊക്കെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സമിതിയാണ് ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാരെ നിശ്ചയിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്തിയത് സര്‍ക്കാറിന്റെ (നരേന്ദ്ര മോദിയുടെ) സംഘപരിവാരത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് മാത്രം കാര്യങ്ങള്‍ നീങ്ങണമെന്ന ഉദ്ദേശ്യത്തിലാണ്. ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍, ഗ്രീന്‍ ട്രൈബ്യൂണല്‍ തുടങ്ങി സുപ്രധാനമായ പലതിന്റെയും തലവന്‍മാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാകുകയാണ്. സര്‍ക്കാറിന്റെ ഇംഗിതമറിഞ്ഞുള്ള തീരുമാനങ്ങള്‍ മാത്രമേ ട്രൈബ്യൂണലില്‍ നിന്ന് വരേണ്ടതുള്ളൂവെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ. വിവിധ ട്രൈബ്യൂണലുകളെ ഏകോപിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അതായത് പരാതികളുടെ ബാഹുല്യം മൂലം ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകണമെന്ന നിര്‍ബന്ധബുദ്ധി സര്‍ക്കാറിനുണ്ടെന്ന് ചുരുക്കം. പരാതി നല്‍കിയാല്‍ വിധിയുണ്ടാകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന സ്ഥിതിയുണ്ടായാല്‍ അതിനെ സമീപിക്കുന്നവരുടെ എണ്ണം കുറയും. സര്‍ക്കാറിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് നരേന്ദ്ര മോദിയും സംഘവും കണക്കുകൂട്ടുന്നുണ്ടാകണം.


ഇതുള്‍പ്പെടെ അമ്പതോളം നിയമങ്ങളിലെ ഭേദഗതികളാണ് ധനകാര്യ ബില്ലിനൊപ്പം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചുട്ടെടുത്തത്. മണി ബില്ലായതിനാല്‍ ലോക്‌സഭയുടെ അംഗീകാരം മാത്രം മതിയാകും ഇവയൊക്കെ പ്രാബല്യത്തിലാകുന്നതിന്. ബി ജെ പിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ അംഗീകാരം വേണ്ടതില്ല. ധനകാര്യ ബില്ലെന്നത്, ബജറ്റ് പാസ്സാക്കുന്നതിന് വേണ്ടി കൂടിയുള്ളതാണ്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് ധനകാര്യ ബില്ല് അംഗീകരിക്കപ്പെടണം. അതുകൊണ്ട് തന്നെ ധനകാര്യ ബില്ല് മടക്കിക്കൊണ്ട്, അതിനൊപ്പം വരുത്തിയ ഭേദഗതികളിലെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാട്ടാനുള്ള അവസരം രാഷ്ട്രപതിക്ക് പോലും ഉണ്ടാകില്ല.
അടിയന്തരാവസ്ഥ നടപ്പാക്കുന്ന (പ്രഖ്യാപിച്ചിട്ടായാലും അല്ലെങ്കിലും) ഏകാധിപത്യത്തിന് രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായങ്ങളെ പരിഗണിക്കേണ്ട ആവശ്യമേയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, പൗരാവകാശങ്ങളൊക്കെ റദ്ദുചെയ്തപ്പോള്‍ ജനാധിപത്യ സമ്പ്രദായത്തിന് തൃണപരിഗണന പോലും നല്‍കിയിരുന്നില്ല ഇന്ദിരാഗാന്ധി. ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കെന്ന ഭരണഘടനാ വാഗ്ദാനത്തെ, തെല്ലും പരിഗണിക്കാന്‍ മുമ്പ് തന്നെ തയ്യാറല്ലാത്ത സംഘപരിവാരത്തിനും സംഘപരിവാരത്തെപ്പോലും പരിഗണിക്കാതെ ഏകാധിപത്യ സ്വഭാവം കാണിക്കാന്‍ മടിയില്ലാത്ത പരമാധികാരിക്കും അടിയന്തരാവസ്ഥ പ്രാബല്യത്തിലാക്കുന്നതിന് അത് ജനത്തെ അറിയിക്കുക പോലും ആവശ്യമില്ല.


ആദ്യമായി പാര്‍ലിമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ താണുകുനിഞ്ഞു നമസ്‌കരിച്ചത്, ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുള്ള അനുവാദം വാങ്ങലായിരുന്നുവെന്ന് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ബോധ്യമാകുകയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ദുര്‍ബലമാകുകയും ഭിന്നിച്ചുനിന്ന് കൂടുതല്‍ ദുര്‍ബലരാകാന്‍ സന്നദ്ധരാണെന്ന് തെളിയിക്കുകയും ചെയ്ത സംഘവിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുരടനക്കാന്‍ പോലുമാകുന്നില്ല. മണിബില്ലെന്ന പേരില്‍ ഇത്രയും നിയമങ്ങള്‍ ഒരുമിച്ച് ഭേദഗതി ചെയ്യുമ്പോള്‍ 'ജനാധിപത്യ ശ്രീകോവിലി'ന്റെ രണ്ട് വേദികളില്‍ നിശ്ശബ്ദ സാന്നിധ്യമായി അവരിരുന്നു.


സംഘപരിവാരത്തെ സമൂലം എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി തുടരുന്ന കേരളത്തിലെത്തി വാര്‍ത്താ സമ്മേളനം നടത്തി, കോര്‍പ്പറേറ്റുകളില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കിയും അതിന്റെ വിവരങ്ങള്‍ ജനത്തിന് നല്‍കുന്നത് വിലക്കിയും കമ്പനി നിയമവും ജനപ്രാതിനിധ്യ നിയമവും ഭേദഗതി ചെയ്തതിലെ അനീതി ചൂണ്ടിക്കാട്ടി. അതിനൊപ്പം ശത്രുസ്വത്ത് നിയമം ഭേദഗതി ചെയ്തത് പ്രതിപക്ഷം സഭയിലില്ലാത്ത തക്കം നോക്കിയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. പ്രതിപക്ഷം സഭയിലില്ലാത്ത സാഹചര്യം എങ്ങനെയുണ്ടായെന്ന് പറയാതെ, അത് മുതലാക്കി ഭരണപക്ഷം പ്രവര്‍ത്തിച്ചുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തുമ്പോള്‍ ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ ജാഗ്രതയില്‍ കൂടി സംശയമുയരുകയാണ്.
ഇന്ത്യന്‍ യൂണിയന്‍ ഏകാധിപത്യ - അടിയന്തരാവസ്ഥയിലാണെന്നും ദേശീയതയുടെ/രാജ്യസ്‌നേഹത്തിന്റെ പേരില്‍ അത് സ്വീകരിക്കാന്‍ സന്നദ്ധരാകുന്നവര്‍ കൂടി വരികയാണെന്നും മണിബില്ലിലൂടെ കൊണ്ടുവന്ന ഭേദഗതികളൊക്കെ ദേശത്തിന്റെ സുരക്ഷക്കാണെന്ന പ്രചണ്ഡ പ്രചാരണം ആരംഭിക്കുമ്പോള്‍ വെറുംകൈയോടെ നില്‍ക്കേണ്ടി വരുമെന്നും കോണ്‍ഗ്രസിന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്, ജനതാ ദളങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ എത്രകാലം വേണ്ടിവരുമോ ആവോ!

2017-03-10

അസിമാനന്ദ കുറ്റവിമുക്തനാകുമ്പോള്‍ രക്ഷപ്പെടുന്നവര്‍


2007ലെ റമസാന്‍ ദിനങ്ങളിലൊന്നിലാണ് അജ്മീറിലെ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായത്. മൂന്ന് പേര്‍ മരിച്ചു, പതിനഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റു. പത്ത് വര്‍ഷമെത്താറാകുമ്പോള്‍ ഈ കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നു. പല നിലക്ക് പ്രാധാന്യമുണ്ട് ഈ കേസിനും അതില്‍ എന്‍ ഐ എ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധിക്കും. സി പി ഐ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന കേസില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായ ജി എന്‍ സായി ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മഹാരാഷ്ട്ര ഗാഡ്ചിരോളിയിലെ വിചാരണക്കോടതി ശിക്ഷ വിധിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അജ്മീര്‍ സ്‌ഫോനടക്കേസില്‍ കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്.


അജ്മീറടക്കം 2006നും 2008നുമിടക്കുണ്ടായ പല സ്‌ഫോടനങ്ങളുടെയും ആസൂത്രണത്തില്‍ മുഖ്യ പങ്കുവഹിച്ചതായി ആരോപിക്കപ്പെടുകയും ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റസമ്മത മൊഴി നല്‍കുകയും ചെയ്ത സ്വാമി അസിമാനന്ദ് എന്ന പേരില്‍ അറിയപ്പെടുന്ന നവ കുമാര്‍ കര്‍മപുകാറിനെയും മറ്റ് ആറു പേരെയും കുറ്റവിമുക്തരാക്കുന്നതാണ് ജയ്പൂരിലെ പ്രത്യേക എന്‍ ഐ എ കോടതിയുടെ തീരുമാനം. പരേതനായ സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. അസിമാനന്ദ് അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ സംശയലേശമെന്യെ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടുന്നു.
അസിമാനന്ദിന്റെ, കുറ്റസമ്മത മൊഴിയെ കോടതി ഏത് വിധത്തിലാണ് പരിഗണിച്ചത് എന്നതില്‍ വ്യക്തതയായിട്ടില്ല. ബാഹ്യ സമ്മര്‍ദങ്ങളൊന്നുമില്ലാതെ, സ്വമനസ്സാലെ മൊഴി നല്‍കുകയാണ് എന്ന് കാണിച്ച് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റസമ്മത മൊഴി നല്‍കിയ അസിമാനന്ദ് പിന്നീട് ഇതില്‍ നിന്ന് പിന്‍മാറുകയും സമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റസമ്മത മൊഴി നല്‍കിയത് എന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ച്, കുറ്റസമ്മതമൊഴി നല്‍കുന്നതിലൂടെ ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് ആലോചിക്കാന്‍ രണ്ട് ദിവസത്തെ സമയം പോലും മജിസ്‌ട്രേറ്റ് നല്‍കിയിരുന്നു, രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴിയെ അസാധുവാക്കാന്‍ പാകത്തിലുള്ളതായി പിന്നിടൂള്ള നിഷേധത്തെ കോടതി കണ്ടുകാണണം.


ഇതൊക്കെയാണെങ്കിലും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) നേതാക്കളായ സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവരെ കുറ്റക്കാരായി കോടതി കണ്ടെത്തുമ്പോള്‍ 'ഹിന്ദുത്വ ഭീകരവാദ ശൃംഖല' രാജ്യത്ത് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവെക്കും വിധത്തില്‍ നിയമത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു. 'മുസ്‌ലിംകളെല്ലാം ഭീകരവാദികളല്ല പക്ഷേ എല്ലാ ഭീകരവാദികളും മുസ്‌ലിംകളാണ്' എന്ന് മുന്‍കാലത്ത് വിശദീകരിച്ചയാളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. ഭീകരവാദത്തിന്റെ വക്താക്കളാണ് മുസ്‌ലിംകള്‍ എന്ന് പ്രചാരണം നടത്തുന്നതിന് സംഘ്പരിവാരം മടിച്ചിട്ടുമില്ല. അത്തരമൊരു സാഹചര്യത്തില്‍, ആര്‍ എസ് എസ് നേതാക്കള്‍ കുറ്റക്കാരാണെന്ന കോടതി തീരുമാനത്തിന് വലിയ പ്രസക്തിയുണ്ട്. ആര്‍ എസ് എസ് നിര്‍വചിക്കുന്നത് പോലൊരു സാംസ്‌കാരിക സംഘടന മാത്രമല്ല അതെന്ന് കോടതി സാക്ഷ്യപ്പെടുത്തുകയാണ്, ചുരുങ്ങിയപക്ഷം സ്വയം സേവകരായി എത്തുന്നവര്‍ ഭീകരവാദികളായി മാറുന്നുണ്ട് എന്നെങ്കിലും. അങ്ങനെ ഭീകരവാദികളായി മാറാന്‍ പാകത്തിലുള്ള അധ്യയനം ആ സംഘടനയില്‍ നടക്കുന്നുണ്ട് എന്നും.


ഇന്ത്യന്‍ യൂണിയന്റെ ഭരണം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പിയുടെ കൈകളില്‍ എത്തിയതിന് ശേഷം ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ കണ്ണികള്‍ ആരോപണവിധേയരായ കേസുകള്‍ അട്ടിമറിക്കുന്നതിന് ആസുത്രിത ശ്രമം നടക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാധ്വി പ്രഗ്യാ സിംഗും കേണല്‍ ശ്രീകാന്ത് പുരോഹിതുമൊക്കെ ആരോപണവിധേയരായ മലേഗാവ് സ്‌ഫോടനക്കേസില്‍ മൃദു സമീപനം സ്വീകരിക്കണമെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടറായ രോഹിണി സന്യാല്‍ പറഞ്ഞിരുന്നു. അജ്മീര്‍ സ്‌ഫോടനക്കേസിലും എന്‍ ഐ എ അലംഭാവം കാട്ടിയെന്ന ആരോപണം ശക്തമാണ്. അസിമാനന്ദയുള്‍പ്പെടെ ആരോപണവിധേയര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പാകത്തില്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചില്ല എന്ന് പറയുന്നത് ഈ കേസില്‍ പ്രോസിക്യൂട്ടറായിരുന്ന അശ്വിനി ശര്‍മയാണ്.


പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നവരില്‍ ഭൂരിഭാഗം പേരും കോടതിയില്‍ മൊഴി മാറ്റി. സാക്ഷികളെ സംരക്ഷിക്കാനോ അവരെ പ്രതിഭാഗം സ്വാധീനിക്കുന്നത് തടയാനോ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതേയില്ല. പ്രോസിക്യൂഷന്‍ സാക്ഷികളായി കോടതിയില്‍ ഹാജരായ പലര്‍ക്കും (വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സാക്ഷികളായുണ്ടായിരുന്നു) ജയ്പൂരില്‍ താമസ സൗകര്യമൊരുക്കിയത് പ്രതിഭാഗം അഭിഭാഷകരായിരുന്നു. ഇവര്‍ താമസിച്ച ഹോട്ടലിനെക്കുറിച്ചുള്ള വിവരം നല്‍കിയെങ്കിലും അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്താന്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ മെനക്കെട്ടില്ല. കോടതിക്ക് പുറത്ത് പ്രോസിക്യൂഷന്‍ സാക്ഷികള്‍ പ്രതിഭാഗം അഭിഭാഷകരുമായി സംസാരിക്കുന്നത് പലകുറി കണ്ടു. ഇക്കാര്യം എന്‍ ഐ എ ഉദ്യോഗസ്ഥരെ അറിയിച്ച പ്രോസിക്യൂട്ടര്‍, അശ്വിനി ശര്‍മ കോടതിയിലെ ക്ലോസ് സര്‍ക്യൂട്ട് ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ നടക്കുന്ന ശ്രമം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായതേയില്ല. സാക്ഷികളെ സംരക്ഷിക്കുകയും അവര്‍ക്ക് പേടികൂടാതെ മൊഴി നല്‍കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നായിരുന്നു എന്‍ ഐ എ ഉദ്യോഗസ്ഥരുടെ പക്ഷം.  പ്രോസിക്യൂഷന്‍ സാക്ഷികളെ, കോടതി മുറിയിലേക്ക് എത്തിച്ചിരുന്നത് പലപ്പോഴും പ്രതിഭാഗം അഭിഭാഷകര്‍ തന്നെയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം പകല്‍ വെളിച്ചത്തില്‍ നടക്കുമ്പോഴും അന്വേഷണ ഏജന്‍സിക്ക് പ്രശ്‌നമായി തോന്നിയതേയില്ല!


ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ നേതാവായിരുന്ന രണ്‍ധീര്‍ സിംഗ് ഈ കേസിലെ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞ രണ്‍ധീര്‍ സിംഗ് ഝാര്‍ഖണ്ഡിലെ ബി ജെ പി സഖ്യ സര്‍ക്കാറിന്റെ ഭാഗമാണ് ഇപ്പോള്‍. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയിലേക്ക് മടങ്ങാന്‍ ശ്രമിച്ച രണ്‍ധീറിനെ അന്ന് തള്ളിപ്പറഞ്ഞ പാര്‍ട്ടി നേതൃത്വം, പിന്നീട് സ്വീകരിച്ച് മന്ത്രിയാക്കുകയായിരുന്നു. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയായിരുന്നോ മന്ത്രിപദമെന്ന് അന്വേഷിക്കേണ്ട ചുമതല നിലവിലെ നീതിന്യായ സംവിധാനത്തില്‍ ഇല്ലതന്നെ.


സ്വാമി അസിമാനന്ദിനെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു എന്‍ ഐ എയുടെ പ്രധാന ദൗത്യം എന്ന് സംശയിക്കാന്‍ ന്യായമുണ്ട്. അഭിനവ് ഭാരത് പോലുള്ള സംഘടനകള്‍ മാത്രമല്ല സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് കുറ്റസമ്മതമൊഴിയിലുണ്ട്. ആര്‍ എസ് എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍ തിരഞ്ഞെടുത്ത് നിയോഗിച്ച ചില പ്രചാരകര്‍ ഭീകരാക്രമണങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും ഇവരുടെ ചെലവുകളെല്ലാം ഇന്ദ്രേഷ് കുമാറാണ് നോക്കിയിരുന്നതെന്നും. അസിമാനന്ദിന്റെ കുറ്റസമ്മതമൊഴിയില്‍ ഇങ്ങനെ പറയുന്നു - ''2005ല്‍ ഇന്ദ്രേഷ്ജി ശബരി ധാമിലെത്തി (ഗുജറാത്തിലെ ഡാംഗില്‍ അസിമാനന്ദിനുള്ള ആശ്രമം) എന്നെ കണ്ടു. ആര്‍ എസ് എസ്സിന്റെ നിരവധി ഉയര്‍ന്ന ഭാരവാഹികള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സുനില്‍ ജോഷിയെ ഈ ജോലിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജോഷിക്ക് വേണ്ട സഹായമെല്ലാം ചെയ്തു കൊടുക്കുമെന്നും പറഞ്ഞു''


 അസിമാനന്ദ കുറ്റക്കാരനായി മാറിയാല്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്ന, അഭിനവ് ഭാരതിന് പുറമെയുള്ള സംഘടനകള്‍ ഏതൊക്കെ എന്ന് അന്വേഷിക്കേണ്ടിവരും. ഇന്ദ്രേഷ് കുമാറിന് പുറമെ ശബരി ധാമിലെത്തിയ ഉയര്‍ന്ന ആര്‍ എസ് എസ് നേതാക്കള്‍ ആരൊക്കെ എന്ന അന്വേഷണം പേരിനെങ്കിലും നടത്തേണ്ടിവരും. (ഇപ്പോഴത്തെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ആ സംഘത്തിലുണ്ടായിരുന്നുവെന്ന്  അസിമാനന്ദ പിന്നീട് മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞിരുന്നു) ഗുഢാലോചനയില്‍ പങ്കാളിയായെന്ന് അസിമാനന്ദ തന്നെ പറയുന്ന ഇന്ദ്രേഷ് കുമാറിനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന ചോദ്യമുണ്ടാകും. സംഘ് പരിവാരത്തിന് അസ്വാസ്ഥ്യമുണ്ടാകുന്ന ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ട ഉത്തരവാദിത്തം നരേന്ദ്ര മോദിക്ക് കീഴിലാകുമ്പോള്‍ എന്‍ ഐ എക്കുണ്ടാകുക സ്വാഭാവികമാണ്. ആ ചുമതല നിര്‍വഹിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചുവെന്ന് വേണം കോടതിയുടെ തീരുമാനത്തില്‍ നിന്ന് മനസ്സിലാക്കാന്‍. അസിമാനന്ദയുടെ കുറ്റസമ്മത മൊഴി പുറത്തുവരുമ്പോള്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എയാണ് അധികാരത്തിലുണ്ടായിരുന്നത്. ഇന്ദ്രേഷിന്റെ പങ്കോ മറ്റ് ഉയര്‍ന്ന ആര്‍ എസ് എസ് നേതാക്കളുടെ പങ്കോ അന്വേഷിക്കാന്‍ അന്നും അന്വേഷണ ഏജന്‍സികള്‍ തയ്യാറായിരുന്നില്ല. അതിലേക്ക് അവരെ നയിക്കാനുള്ള ഇച്ഛാശക്തി ആ ഭരണകൂടം കാട്ടിയതുമില്ല.


സി പി ഐയെ (മാവോയിസ്റ്റ്) അനുകൂലിച്ചു, അക്രമത്തിന് പ്രേരിപ്പിച്ചു, രാജ്യം ഭരിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയാണ് വീല്‍ ചെയറില്ലാതെ സഞ്ചരിക്കാന്‍ സാധിക്കാത്ത സായി ബാബയെയും മറ്റ് നാല് പേരെയും ജീവപര്യന്തം തടവിന് ഗാഡ്ചിരോളിയിലെ കോടതി ശിക്ഷിച്ചത്. സായി ബാബയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാവോയിസത്തെ അനുകൂലിക്കുന്ന ലഘുലേഖകളാണ് മുഖ്യ തെളിവ്. സി പി ഐ (മാവോയിസ്റ്റ്) നേതാക്കളുടെ കത്തുകളും മറ്റും സായിബാബക്ക് എത്തിച്ചുകൊടുത്തിരുന്നുവെന്ന് രണ്ട് സാക്ഷികള്‍ മൊഴി നല്‍കിയത് കോടതി ഗൗരവത്തില്‍ എടുക്കുകയുംചെയ്തു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്താല്‍ പിന്നെ ശിക്ഷിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗം!

ഏതെങ്കിലും സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനല്ല സായി ബാബ, മാവോയിസ്റ്റുകള്‍ നടത്തിയ ഏതെങ്കിലും അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്തയാളുമല്ല. മാവോയിസ്റ്റ് താവളത്തില്‍ പോയി അക്രമങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതായി ആരോപണവുമില്ല. എന്നിട്ടും വിചാരണക്കോടതിയുടെ ന്യായാന്യായ വിചാരത്തില്‍ ജീവപര്യന്തം വിധിക്കാവുന്ന കുറ്റം ചെയ്തതായി കണ്ടെത്തി. അത്യുന്നതമായ നീതിബോധമെന്നല്ലാതെ എന്ത് പറവാന്‍.


അതേ നീതിന്യായ സംവിധാനത്തില്‍ നിന്നാണ് സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റസമ്മതമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ വ്യക്തി, സംശയാതീതമായ തെളിവുകളുടെ അഭാവത്തില്‍ വിടുതല്‍ ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച കേസില്‍ പഴുതടച്ച തെളിവുകള്‍ ഹാജരാക്കാന്‍ യത്‌നിക്കാനും സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും പൊലീസ് സകല ജാഗ്രതയും കാട്ടിയപ്പോഴാണ് പ്രോസിക്യൂഷന്‍ സാക്ഷികളെ പ്രതിഭാഗം അഭിഭാഷകര്‍ കോടതി മുറിയിലേക്ക് ആനയിക്കുന്നത് എന്‍ ഐ എ നിസ്സംഗമായി കണ്ടുകൊണ്ടിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി, തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിനീത വിധേയരായി മാറിയിരിക്കുന്നുവെന്ന് കരുതണം. അതിനോട് യോജിച്ചുപോകാന്‍ നീതിന്യായ സംവിധാനം തയ്യാറാവുകയാണോ എന്നും.