2016-10-31

ചില 'ഹിന്ദുത്വ' രീതികള്‍!


''ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും അതങ്ങനെ ആയിരിക്കുമെന്നും മനസ്സിലുണ്ടാകണം. ശിവ സേന അധികാരത്തിലെത്തിയാല്‍, അങ്ങനെ അധികാരത്തിലെത്തുന്നുവെന്ന് ആദ്യം ഉറപ്പാക്കണം, ഹിന്ദു മതത്തിലേക്കുള്ള പാത എല്ലാവരും സ്വീകരിക്കേണ്ടിവരും'' - 1987ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ശിവസേനാ നേതാവ് ബാല്‍ താക്കറെ ആവര്‍ത്തിച്ച വാക്യങ്ങളാണിവ. ബാല്‍ താക്കറെ, തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായ മനോഹര്‍ ജോഷി, മറ്റ് പതിനൊന്ന് പേര്‍ എന്നിവര്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് പ്രചാരണം നടത്തിയെന്ന് കാണിച്ച് നല്‍കിയ പരാതി പരിശോധിച്ച ബോംബെ ഹൈക്കോടതി ആരോപണം അടിസ്ഥാനമുള്ളതാണെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും വിധത്തില്‍ ഹിന്ദുത്വയും ഹിന്ദൂയിസവും ഉയര്‍ത്തിക്കാട്ടുകയാണ് ഇവര്‍ ചെയ്തതെന്നും ആയത് കുറ്റകരമാണെന്നും ബോംബെ ഹൈക്കോടതി വിധിച്ചു.


ഈ ഉത്തരവ് ചോദ്യം ചെയ്ത് ബാല്‍ താക്കറെ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ എസ് വര്‍മ, എന്‍ പി സിംഗ്, കെ വെങ്കടസ്വാമി എന്നിവരടങ്ങുന്ന ബഞ്ച് ഹിന്ദുത്വ, ഹിന്ദുയിസം എന്നിവ സംബന്ധിച്ച തര്‍ക്ക വിധേയമായ നിര്‍വചനം മുന്നോട്ടുവെച്ചത്. ഹിന്ദുത്വ, ഹിന്ദുയിസം എന്നിവയെ ഹിന്ദു മതവുമായി നേരിട്ട് ബന്ധിപ്പിക്കാനാകില്ലെന്നും ഈ പ്രയോഗങ്ങള്‍ മതത്തെയല്ല, ജീവിത രീതിയെയാണ് (വേ ഓഫ് ലൈഫ്) പ്രതിനിധാനം ചെയ്യുന്നതെന്നുമായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വ്യാഖ്യാനം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കി മതത്തെ ഉപയോഗിക്കുന്നതോ ദുരുപയോഗിക്കുന്നതോ തടയുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് പ്രകാരമുള്ള കുറ്റം ബാല്‍ താക്കറെ അടക്കമുള്ളവര്‍ ചെയ്തതായി കണക്കാക്കാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചു. രാമക്ഷേത്ര നിര്‍മാണം അജന്‍ഡയായെടുത്ത് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര അരങ്ങേറുകയും 1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തതിന് ശേഷം, 1995ലായിരുന്നു ഈ വിധി.


ഹിന്ദുത്വ, ഹിന്ദുയിസം എന്നിവ ജീവീത രീതിയാണെന്ന വ്യാഖ്യാനം ശരിയോ തെറ്റോ എന്ന തര്‍ക്കം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഈ വ്യാഖ്യാനം ശരിയല്ലെന്നും എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ പരിഗണന വിഭാവനം ചെയ്യുന്ന ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യന്‍ യൂനിയനില്‍ ഹിന്ദുത്വയും ഹിന്ദുയിസവും ജീവിതരീതിയായി നിര്‍വചിക്കുന്നത് ഭൂരിപക്ഷ മത വിഭാഗത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്നവര്‍ക്ക്  അവസരങ്ങള്‍ ഒരുക്കുന്നതായി മാറുമെന്നും വാദമുയര്‍ന്നു. രാഷ്ട്രീയത്തെ മതത്തില്‍ നിന്ന് വേറിട്ടതാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍ലവാദിനെപ്പോലുള്ളവരും ഹിന്ദുത്വ നിര്‍വചനത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ഒ പി ഗുപ്തയെപ്പോലുള്ളവരും സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ  ഏഴംഗ ബഞ്ച്, ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബഞ്ച് നല്‍കിയ നിര്‍വചനം പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്.


രണ്ട് ദശകം മുമ്പ് സുപ്രീം കോടതി നല്‍കിയ വ്യാഖ്യാനം ഹിന്ദുത്വ, ഹിന്ദുയിസം തുടങ്ങിയ വാക്കുകളും അതിന്റെ പരിധിയില്‍ വരുന്നതായി സംഘപരിവാരം അവകാശപ്പെടുന്ന സംഗതികളും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുന്നതിന് അവസരമൊരുക്കിയിരുന്നു. ഇത് തുടരാന്‍ അനുവദിക്കേണ്ടതുണ്ടോ എന്ന നിര്‍ണായക സംഗതി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് രാജ്യത്തെ പരമോന്നത കോടതി ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ പ്രസംഗങ്ങളില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങളുണ്ടാകുകയാണെങ്കില്‍, അത് പ്രത്യേകം പ്രത്യേകമായി പരിഗണിക്കണമെന്നും ഏത് സാഹചര്യത്തിലാണ് ഇവ്വിധം ഉപയോഗിച്ചത് എന്ന് പരിശോധിക്കണമെന്നുമാണ് സുപ്രീം കോടതിയുടെ നിലപാട്. രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പറയാവുന്നതിന്റെയും പറയരുതാത്തതിന്റെയും പട്ടിക തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ്, സ്ഥാനാര്‍ഥിയുടെയോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെയോ മതത്തെയാണോ അതോ വോട്ടര്‍മാരുടെ മതത്തെയാണോ വ്യവഹരിക്കുന്നത് എന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കുന്നു.


ഹിന്ദുത്വക്കും ഹിന്ദുയിസത്തിനും മതവുമായി ബന്ധമില്ലെന്ന വ്യാഖ്യാനം നിലനിര്‍ത്തുകയെന്നാല്‍ ഹിന്ദുത്വ എന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്നാണ് അര്‍ഥം. അതങ്ങനെ നിലനിര്‍ത്തിക്കൊണ്ട് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് നടത്തുന്ന പരിശോധന പ്രഹസനത്തില്‍ അപ്പുറം ഒന്നുമാകാന്‍ ഇടയില്ല. ഹിന്ദുത്വ ജീവിത രീതിയാണെന്നത്, അക്രമോത്സുകമായ വര്‍ഗീയ അജന്‍ഡകള്‍ക്ക് മറയിടാനായി സംഘ്പരിവാരം കാലങ്ങളായി മുന്നോട്ടുവെക്കുന്ന ന്യായമാണ്. അതിനെ അംഗീകരിച്ചു കൊടുത്തുകൊണ്ട് മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നതിലെ ന്യായാന്യായങ്ങള്‍ പരിശോധിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. അങ്ങനെ പരിശോധിച്ചാല്‍ അതില്‍ വിവേചനമുണ്ടാകാനുള്ള സാധ്യത ഏറെയുമാണ്.


ഹിന്ദുവായി ജനിച്ച് ഇപ്പോഴും അങ്ങനെ ജീവിക്കുന്ന (ആധികാരികമെന്ന് സര്‍ക്കാര്‍ കരുതുന്ന എല്ലാ രേഖകളിലും മതം എന്നതിന് ഹിന്ദു എന്നാണ് രേഖപ്പെടുത്തിയത്) എനിക്ക് ആ മതം ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതി നിഷ്‌കര്‍ഷിച്ച് നല്‍കിയിട്ടില്ല. സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും ഈ മത വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതി നിഷ്‌കര്‍ഷിക്കുന്നില്ല. ജാതി, ഭാഷ, ആചാരങ്ങള്‍ എന്ന് തുടങ്ങി വിവിധങ്ങളായ തിരിവുകള്‍ അതിരിട്ട വിഭാഗങ്ങളെയാണ് ഹിന്ദു എന്ന പൊതു വാക്കുകൊണ്ട് പ്രതിനിധാനം ചെയ്യാന്‍ ശ്രമിക്കുന്നത്. അവര്‍ക്കെല്ലാം യോജിക്കുന്ന വിധത്തിലുള്ള പൊതുരീതി ഉണ്ടാകുക എന്നത് ഏറെക്കുറെ അസാധ്യവുമാണ്.  ആകെയുള്ളത് മനുസ്മൃതിയാണ്. അതാകട്ടെ വര്‍ണവ്യവസ്ഥയെ അരക്കിട്ട് ഉറപ്പിക്കുകയും സവര്‍ണ കോയ്മ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അതാണ് സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വയുടെയും ഹിന്ദുയിസമെന്ന മേനി പറച്ചിലിന്റെയും ആധാരം. അതിനെയാണോ പരമോന്നത കോടതി ജീവിത രീതിയെന്ന് വിശേഷിപ്പിച്ചത്? അതിലൊരു പുനരാലോചന വേണ്ടതില്ല എന്നാണോ ഇപ്പോള്‍ സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് കല്‍പ്പിക്കുന്നത്? ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതിയായി ഹിന്ദുത്വയും ഹിന്ദുയിസവും മാറിയിട്ടുണ്ടെങ്കില്‍ തന്നെ അത് നിയമപരമെന്ന് സ്ഥാപിച്ചെടുക്കേണ്ട ഉത്തരവാദിത്തം, മതനിരപേക്ഷ ജനാധിപത്യമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട, നീതിന്യായ സംവിധാനത്തിനുണ്ടോ? അത്തരത്തിലൊരു ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തുക എന്നത് പരമോന്നത കോടതിയുടെ ബാധ്യതയല്ലേ?


ഇന്ത്യന്‍വത്കരണത്തിന്റെ പര്യായമെന്ന നിലക്ക് ഹിന്ദുത്വയെ മനസ്സിലാക്കുകയും പ്രയോഗിക്കുകയും വേണമെന്നും നിലനില്‍ക്കുന്ന സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കി ഏക സംസ്‌കാരം വികസിപ്പിക്കുകയാണ് ഈ ഇന്ത്യന്‍വത്കരണമെന്നും 1995ല്‍ കോടതി പറഞ്ഞുവെച്ചിട്ടുണ്ട്. ഏക സംസ്‌കാരത്തില്‍ അധിഷ്ഠിതമായ രാഷ്ട്രമെന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദര്‍ശനത്തിനുള്ള നിയമപരമായ അംഗീകാരമായാണ് ഹിന്ദുത്വത്തിന് കോടതി നല്‍കിയ വിശാലമായ വ്യാഖ്യാനത്തെ സംഘ്പരിവാര നേതാക്കള്‍ സ്വീകരിച്ചത്. അതങ്ങനെ നിലനില്‍ക്കുക എന്നാല്‍ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്ക് നീങ്ങാന്‍ സമയമായെന്ന ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രസ്താവനകള്‍ നിയമപരമായി സാധുവാകുകയാണെന്നാണ് അര്‍ഥം. ഹൈന്ദവ പാരമ്പര്യം അംഗീകരിക്കുന്നവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ അനുവദിക്കാവൂ എന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ ആഹ്വാനം ചെയ്യുന്ന കാലത്താണ് ഏക സംസ്‌കാരം വികസിപ്പിക്കാനുള്ള ഉപാധിയായി ഹിന്ദുത്വയെ ഉപയോഗിക്കണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതും അത് പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നത് എന്നത് ഏഴംഗ ബഞ്ചിന്റെ നിലപാടിനെ കൂടുതല്‍ പ്രധാനമാക്കുന്നുണ്ട്.


ജനപ്രാതിനിധ്യ നിയമത്തില്‍ പറയുന്നത്, സ്ഥാനാര്‍ഥിയുടെയോ അവരെ പിന്തുണക്കുന്നവരുടെയോ മതമാണോ സമ്മതിദായകരുടെ മതമാണോ എന്ന് കോടതി തിട്ടപ്പെടുത്തിയാലും ഹിന്ദുത്വ എന്നത് അതിന് പുറത്താണ് നില്‍ക്കുക. ഹിന്ദുത്വയുടെ ഭാഗമെന്ന നിലക്ക് സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന/മുന്നോട്ടുവെക്കാനിടയുള്ള വിഷയങ്ങളൊക്കെ നിയമത്തിന്റെ കണ്ണില്‍ മതബാഹ്യമായിരിക്കുമെന്ന് ചുരുക്കം. ഗോ സംരക്ഷണവും ഘര്‍വാപസിയും ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ്. ഗോ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, കോടതിയുടെ വിശദീകരണ പ്രകാരമാണെങ്കില്‍ സംസ്‌കാരങ്ങള്‍ക്കിടയിലുള്ള ഭിന്നത ഇല്ലാതാക്കി ഏക സംസ്‌കാരത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഗോ സംരക്ഷണം, അതിന് വേണ്ടി നടത്തുന്ന അക്രമോത്സുകമായ പ്രവൃത്തി ഒക്കെ, അടുത്ത തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാരം ഉപയോഗിച്ചാല്‍ നിയമപരമായി ചോദ്യംചെയ്യാനാകില്ലെന്ന് ചുരുക്കം. ഘര്‍ വാപസിയുടെ കാര്യവും ഭിന്നമാകില്ല. ഹിന്ദുത്വ അജണ്ടകളോടുള്ള എതിര്‍പ്പ്, ഇന്ത്യന്‍വത്കരണത്തോടുള്ളതാണെന്ന് വ്യാഖ്യാനിച്ച് രാജ്യദ്രോഹ മുദ്ര ചാര്‍ത്തിക്കൊടുക്കാനും വഴിയുണ്ട്.


1995ല്‍ ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഈ വിധി പുറപ്പെടുവിച്ചപ്പോഴുണ്ടായിരുന്നതില്‍ അധികം ഭീഷണി, മതനിരപേക്ഷ സമൂഹം ഇന്ന് നേരിടുന്നുണ്ട്. രാജ്യദ്രോഹിയെന്ന് ആര്‍ത്ത്, ആക്രമിക്കാന്‍ മടികാട്ടാത്ത അഭിഭാഷകക്കൂട്ടത്തെ കണ്ടത് സുപ്രീം കോടതിയില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കോടതിയിലാണ്. സംഘ്പരിവാരത്തിലെ ഇളമുറക്കാരുമായുണ്ടായ വാക്കേറ്റത്തിന് ശേഷം വിദ്യാര്‍ഥിയെ കാണാതായത് സുപ്രീം കോടതിയില്‍ നിന്ന് അധികം അകലെയല്ലാത്ത സര്‍വകലാശാലയിലാണ്. കോടതികളിലും വിദ്യാലയങ്ങളിലും മാത്രമല്ല അടുക്കളയിലേക്ക് വരെ സംഘ്പരിവാരത്തിന്റെ കൈകള്‍ നീളുകയും ജീവനെടുക്കാന്‍ മടി കാട്ടാതിരിക്കുകയും ചെയ്യുന്ന കാലം. അതിനെയൊക്കെ മൗനം കൊണ്ട് പിന്തുണക്കുന്ന ഭരണകൂടം രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും വ്യാജ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാലം. രാജ്യത്തെ സാമൂഹിക സാഹചര്യം നേരിടുന്ന നിര്‍ണായക പ്രതിസന്ധിയെ കാണുന്നില്ലെന്ന് നടിച്ച്, നീതിപീഠമെടുക്കുന്ന തീരുമാനങ്ങള്‍ നിയമപരമായി ശരിയായിരിക്കും, പക്ഷേ, അതൊരിക്കലും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതായി മാറില്ല.


തെറ്റായ തീരുമാനങ്ങളെടുത്തവര്‍ പിന്നീട് പരിതപിച്ച കാഴ്ച മുമ്പുണ്ടായിട്ടുണ്ട്. പൗരാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് അടിയന്തരവാസ്ഥക്കാലത്ത് വിധിച്ചത് തെറ്റായിപ്പോയെന്ന് ജസ്റ്റിസ് പി എന്‍ ഭഗവതിയെപ്പോലുള്ളവര്‍ പിന്നീട് പറഞ്ഞത് ഓര്‍ക്കുക. 1976ല്‍ പി എന്‍ ഭഗവതിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഭൂരിപക്ഷ വിധിക്ക് വിയോജനക്കുറിപ്പെഴുതാന്‍ ജസ്റ്റിസ് എച്ച് ആര്‍ ഖന്നയെപ്പോലെ നട്ടെല്ല് വളയാത്ത ഒരാളെങ്കിലുമുണ്ടായിരുന്നു. ഇന്ന് അതുപോലും ഉണ്ടാകുന്നില്ല. ജഡ്ജി നിയമനത്തില്‍ ഇടപെടാന്‍ അവസരം നോക്കുന്ന സര്‍ക്കാറിനെ നേരില്‍ കാണുമ്പോഴും.

2016-10-21

ഗര്‍ഭമെന്ന തെറ്റും അലസലെന്ന തിരുത്തും


ഗര്‍ഭിണിയാകുന്നതിനും പ്രസവിക്കുന്നതിനുമൊക്കെ അധികാരം കൈയാളുന്ന പാര്‍ട്ടിയുമായോ മുന്നണിയുമായോ ബന്ധമുണ്ടോ? ഉണ്ടെന്ന് വേണം കരുതാന്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഈ സര്‍ക്കാര്‍, കുറച്ച് കൂടി കൃത്യമായി പറഞ്ഞാല്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി, ഏറ്റെടുക്കേണ്ടതില്ലെന്നാണ് നിയമ, പട്ടികവിഭാഗക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി എ കെ ബാലന്റെ അഭിപ്രായം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സി പി എമ്മിന്റെയോ ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന  മുന്നണിയുടെയോ രാഷ്ട്രീയ വിശദീകരണ യോഗത്തിലല്ല ഈ അഭിപ്രായ പ്രകടനം, മറിച്ച് നിയമസഭയിലാണ്. ജനങ്ങളോടുള്ള കടമ നിറവേറ്റിയിട്ടുണ്ടെന്ന് ജനപ്രതിനിധികളൊക്കെ ഉത്തരവാദിത്തത്തോടെ പറയേണ്ട നിയമസഭയില്‍.


പാലക്കാട് ജില്ലയിലെ അട്ടപ്പാടിയെന്ന, ആലപ്പുഴ ജില്ലയോളം വലുപ്പമുള്ള പ്രദേശം, ആദിവാസികള്‍ വസിക്കുന്ന പ്രദേശം എന്ന നിലക്ക് സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. അവിടെ കുടിയേറ്റം ആരംഭിച്ച കാലം മുതല്‍ ചൂഷണത്തിന് വിധേയരാകുന്ന വിഭാഗവുമാണ് അവര്‍. ആദിവാസികളുടെ ഭൂമി കുടിയേറ്റക്കാരുടെ കൈവശമായതോടെ, ഉപജീവനത്തിന് മാര്‍ഗമില്ലാതായി ഇക്കൂട്ടര്‍ക്ക്. അന്യാധീനപ്പെട്ട ഭൂമി തിരികെ നല്‍കാനാണ് ഇതേ നിയമസഭ ആദ്യം നിയമം പാസ്സാക്കിയത്. അത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ പ്രക്ഷോഭം നടന്നു. കുടിയേറ്റക്കാരെന്ന സമ്മര്‍ദത്തെ അതിജീവിക്കാനോ അവരൊരു വോട്ടുബാങ്കാണെന്ന മിഥ്യാധാരണയെ മറികടക്കാനോ സാധിക്കാതിരുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ നിയമം നടപ്പാക്കാന്‍ തുനിഞ്ഞതേയില്ല.


ആദിവാസികളുടെ ഭൂമി കൈയേറിയ കൈയേറ്റക്കാരെ അവിടെ തുടരാന്‍ അനുവദിച്ച്, ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കാനാണ് പിന്നീട് നിയമം കൊണ്ടുവന്നത്. എ കെ ബാലന്റെ കൂടി നേതാവായിരുന്ന ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഈ നിയമ നിര്‍മാണം. അതു കഴിഞ്ഞിട്ടും രണ്ട് പതിറ്റാണ്ടായി. ആദിവാസികള്‍ക്ക് ഭൂമി വിതരണം പൂര്‍ത്തിയായോ എന്ന് ചോദിച്ചാലോ ഈ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തിയാകുമോ എന്ന് ചോദിച്ചാലോ മന്ത്രി എ കെ ബാലന് മറുപടിയുണ്ടാകില്ല.


ഇക്കാലത്തിനിടെ ആദിവാസികളുടെ ക്ഷേമത്തിനായി ബജറ്റിലും പുറത്തും അനുവദിച്ച കോടികളിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്താനായോ എന്ന് ചോദിച്ചാലും നിലവാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ കോടികള്‍ എങ്ങോട്ട് പോയെന്ന് ചോദിച്ചാലും ഇങ്ങനെ ചോര്‍ന്ന പണത്തിന് ഉത്തരവാദികളെ കണ്ടെത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാലും എ കെ ബാലന് ഉത്തരമുണ്ടാകില്ല. അഞ്ച് മാസത്തോളം പ്രായമായ പിണറായി മന്ത്രിസഭയിലെ ഒരംഗത്തിന് ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കേണ്ട ബാധ്യതയുണ്ടോ എന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ പോരേ എന്നും വേണമെങ്കില്‍ തര്‍ക്കിക്കാം.
2006 മുതല്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്തും പട്ടികവിഭാഗ ക്ഷേമം ഭരിച്ചത് ഇതേ ബാലനായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ തര്‍ക്കത്തിന്റെ സാധ്യത കുറയും.


ഈ സമകാലിക ചരിത്രം ഓര്‍ത്തുകൊണ്ട് വേണം അട്ടപ്പാടിയിലെ ശിശു മരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ നല്‍കിയ മറുപടികളെ കാണാന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചിട്ടില്ലെന്നാണ് മറുപടിയുടെ ആദ്യഭാഗം. കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അത് അലസിപ്പോയതാണെന്നും. സ്ഥിതിവിവരത്തില്‍ ഇത് ശരിയാകാം. എന്തുകൊണ്ട് അലസിപ്പോകുന്നു? അമ്മയുടെ ആരോഗ്യ നില ഭദ്രമല്ലാത്തതുകൊണ്ടാകാം. ഗര്‍ഭസ്ഥ ശിശുവിന്റെ അനാരോഗ്യമാകാം. ഇത് രണ്ടാണെങ്കിലും പ്രതിസ്ഥാനത്ത് ഭരണകൂടമുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ മനസ്സിലാക്കണം. ഉപജീവനം മുന്നോട്ടുകൊണ്ടുപോകാന്‍ പാകത്തില്‍ ഭൂമിയോ തൊഴിലവസരമോ ഉണ്ടായിരുന്നുവെങ്കില്‍ അമ്മമാര്‍ക്ക് ആരോഗ്യമുണ്ടാകുമായിരുന്നു, അലസിപ്പോകുന്ന ഗര്‍ഭങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമായിരുന്നു. ഗര്‍ഭിണികളാകുന്ന ആദിവാസി സ്ത്രീകള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന് എത്ര പദ്ധതികള്‍ മുന്‍കാലത്ത് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതൊക്കെ എവിടെച്ചെന്ന് അവസാനിച്ചുവെന്നും മന്ത്രി പരിശോധിക്കുന്നതും നന്നായിരിക്കും. ഗര്‍ഭം അലസുന്നതിന് കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവല്ലേ എന്ന് സംസ്ഥാന മെഡിക്കല്‍ സര്‍വീസില്‍ മികച്ച സേവനം നടത്തി വിരമിച്ച, സി പി എമ്മിന്റെ പഴയ നേതാവ് പി കെ കുഞ്ഞച്ചന്റെ മകള്‍, ജമീലയോട് ചോദിച്ച് ഉറപ്പിക്കാവുന്നതുമാണ്.


അലസിയത് ഈ സര്‍ക്കാറിന്റെ കാലത്താണെങ്കിലും ഗര്‍ഭമുണ്ടായത് യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണെന്നും അവരുടെ കാലത്ത് വേണ്ടത്ര ശ്രദ്ധ ആദിവാസി മേഖലകളില്‍ ഉണ്ടാകാതിരുന്നതാണ് കാരണമെന്നും പറഞ്ഞുവെക്കുകയാണ് മറുപടിയുടെ രണ്ടാം ഭാഗത്ത്. അതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന്, ശ്ലീലത്തില്‍ കുറവുണ്ടോ എന്ന് സംശയിക്കാവുന്ന വിധത്തില്‍ മറുപടി തുടരുകയും ചെയ്യുന്നു. ഈ മറുപടി കേള്‍ക്കുമ്പോള്‍ സഭക്കുള്ളിലിരുന്ന് വായപൊത്തിച്ചിരിച്ച മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ നമ്പൂതിരി ഫലിതം ആസ്വദിച്ചിട്ടുണ്ടാകാം, പക്ഷേ, ആ ദൃശ്യം നിങ്ങളെ നേതാക്കളായും ജനപ്രതിനിധികളായുമൊക്കെ നിശ്ചയിച്ച ജനങ്ങളിലുണ്ടാക്കുന്ന അവമതിപ്പിനെക്കുറിച്ച് കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.


യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഉരുവമെടുത്തത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അലസിയാല്‍ ഉത്തരവാദിത്തമില്ലെന്ന ന്യായം അംഗീകരിച്ചാല്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ തുടക്കത്തില്‍ അലസിയതൊക്കെ എ കെ ബാലന്‍ പട്ടിക വിഭാഗ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തായിരിക്കുമല്ലോ. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണോ കഴിഞ്ഞ അഞ്ച് വര്‍ഷം നിയമസഭയില്‍ ബാലന്‍ സംസാരിച്ചത് എന്ന് കൂടി സ്വയം പരിശോധിക്കുക, പാര്‍ട്ടി ഭാഷയില്‍ പറഞ്ഞാലൊരു സ്വയം വിമര്‍ശനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ശിശു മരണങ്ങള്‍ രാഷ്ട്രീയ അജണ്ടയാക്കി സന്ദര്‍ശനങ്ങള്‍ നടത്തിയതും പാര്‍ട്ടിയുടെ യുവ എം പി നിരാഹാര സമരം നടത്തിയതുമൊക്കെ മറക്കുകയും അരുത്.


കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായതും ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നതുമായ ശിശു മരണങ്ങളൊക്കെ മാറിമാറി ഭരിച്ച സര്‍ക്കാറുകളുടെ ശ്രദ്ധക്കുറവിന്റെയും ഇച്ഛാശക്തിയില്ലായ്മയുടെയും ഫലമാണ്. അത് ഇനിയുണ്ടാകില്ലെന്ന് ഉറപ്പാക്കാനും ആദിവാസികളില്‍ ഭൂരഹിതരായി അവശേഷിക്കുന്നവര്‍ക്ക് ഭുമിയും അതിജീവനം സാധ്യമാക്കും വിധത്തിലുള്ള തൊഴിലവസരവും ഉറപ്പാക്കി, അനിഷ്ട സംഭവങ്ങള്‍ ഇല്ലാതാക്കാനുമാണ് എ കെ ബാലനെ പട്ടിക വിഭാഗക്ഷേമ വകുപ്പിന്റെ ചുമതലയില്‍ ഇരുത്തിയത്. അല്ലാതെ 'വെടിവട്ടം' കൂടി സ്വയം ആസ്വദിക്കാനും ഒപ്പമുള്ളവരെ ചിരിപ്പിക്കാനുമല്ല.


സ്വന്തം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിക്കാന്‍ ലെറ്റര്‍ പാഡില്‍ ശിപാര്‍ശക്കത്ത് നല്‍കി പുതുമാതൃക സൃഷ്ടിക്കുകയും അതുവഴി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകുകയും ചെയ്ത ഇ പി ജയരാജന് പകരം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അടുത്ത സീറ്റ് ഉറപ്പിച്ചയാളാണ് എ കെ ബാലന്‍. മന്ത്രിസഭയിലേക്ക് സി പി എം നിയോഗിച്ച നേതാക്കളില്‍ രണ്ടാമനായെന്ന് ചുരുക്കം. ഇ പി ജയരാജനെപ്പോലെ തന്നെ സി പി എമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയിലെ അംഗവും. ആ നിലക്കുള്ള വളര്‍ച്ച  വ്യക്തി എന്ന നിലക്കുണ്ടായില്ലെങ്കില്‍ തെറ്റായിത്തീരും. ഇപ്പോഴത്തെയൊരു കാലാവസ്ഥയനുസരിച്ച് തിരുത്താന്‍ യോഗമുണ്ടാകാന്‍ സാധ്യത ഏറെയാണ്.

2016-10-18

തെറ്റുതിരുത്തല്‍ അവലോകനം (പണം പ്രതീക്ഷിച്ച്)


പ്രശ്‌നം മാധ്യമങ്ങളുടേതാണ്. അവരങ്ങനെ എല്ലാറ്റിനെയും പൊലിപ്പിച്ച് കാട്ടുകയും ഇല്ലാത്തതൊക്കെ ഉണ്ടെന്ന് വരുത്തുകയും ചെയ്യുകയാണ്. അതൊരു വേട്ടയാടലാണ്. അതിന്റെ ഇരയാണ് താന്‍ എന്നാണ് മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജന്‍ നിയമസഭയില്‍ വിശദീകരിച്ചത്. പ്രതിപക്ഷത്തിന്റെ പക്കല്‍ നിന്ന് പണം വാങ്ങിയാണ് മാധ്യമങ്ങള്‍ തനിക്കെതിരെ രംഗത്തുവന്നതെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം ആരോപിക്കുന്നു.


ഇതിനേക്കാള്‍ രൂക്ഷമായാണ് കേരള സംസ്ഥാനത്തെ അഭിഭാഷകരില്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കുന്നത്. കോടതി മുറിയിലെത്തി വിവരം ശേഖരിക്കാനോ ബഞ്ചു ക്ലര്‍ക്കുമാരുടെ അടുക്കല്‍ ചെന്ന് വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പിക്കാനോ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന നിലപാടിലാണ് അവര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയോ സംസ്ഥാന മുഖ്യമന്ത്രിയുടെയോ ഉപദേശങ്ങളോ നിര്‍ദേശങ്ങളോ പാലിക്കാന്‍ തയ്യാറല്ലെന്ന പരോക്ഷ സന്ദേശമാണ് ഇക്കൂട്ടര്‍ നല്‍കുന്നത്. കോടതി ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും ക്രമസമാധാനം ഭഞ്ജിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇടപെടാന്‍ മടിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോസ്റ്റര്‍ പതിച്ച് രംഗത്തുവരാന്‍ അഭിഭാഷകര്‍ തയ്യാറായിരിക്കുന്നു.


ഇ പി ജയരാജനെപ്പോലുള്ള സി പി എം നേതാക്കള്‍ മാധ്യമങ്ങളെയോ മാധ്യമ പ്രവര്‍ത്തകരെയോ കുറ്റപ്പെടുത്തി രംഗത്തുവരുന്നതില്‍ പുതുമയില്ല. സി പി എമ്മിലെ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് പിണറായി വിജയന്‍ നിരന്തരം മാധ്യമങ്ങളെ വിമര്‍ശിച്ചിരുന്നു. ഇ പി ജയരാജന്‍ തന്നെ മുഖ്യ സ്ഥാനത്തുണ്ടായ, സി പി എമ്മുമായി ബന്ധപ്പെട്ട വലിയ ആരോപണങ്ങളില്‍ ചില മാധ്യമ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായിയുടെ വിമര്‍ശം. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും മനോവീര്യം നഷ്ടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നയാളുടെ ഉത്തരവാദിത്തമായിരുന്നു. ആ നിലക്ക് വിമര്‍ശത്തെ ന്യായീകരിക്കാന്‍ പിണറായിക്കും പാര്‍ട്ടിക്കും സാധിക്കുമായിരുന്നു. അന്നുയര്‍ന്ന ആരോപണങ്ങള്‍ ഒരു പരിധിവരെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ളതായിരുന്നു, അത് പരിഹരിക്കാനും പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാനും സി പി എം തയ്യാറാകുകയും ചെയ്തിരുന്നുവെന്നത് വിമര്‍ശിക്കാനുള്ള ചെറിയ അവകാശം അവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.


പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ജയരാജന്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ബന്ധുക്കളെ നിയമിക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് സി പി എമ്മിന്റെ ആഭ്യന്തര കാര്യമല്ല. അത്തരം നിയമനങ്ങളെക്കുറിച്ചുള്ള  വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അത് പിന്തുടരാനും അവ പൊതുസ്വത്തിന്റെ പരിപാലനത്തിന് ഏതളവില്‍ ഗുണകരമാണ് എന്ന് ആലോചിക്കാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. വേണ്ട യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിട്ടുള്ളത് എന്ന് വ്യക്തമാകുമ്പോള്‍ നടന്നത് സ്വജനപക്ഷപാതമാണെന്ന് തുറന്ന് പറയാന്‍ മാധ്യമങ്ങള്‍ മടിക്കേണ്ട കാര്യവുമില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്, പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പാളിച്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ചാനല്‍ ചര്‍ച്ചകളിലെത്തിയ സി പി എം നേതാക്കളുമൊക്കെ പറഞ്ഞപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തന്നെയല്ലേ മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും വിശ്വസിക്കേണ്ടത്? അതിനനുസരിച്ച് വാര്‍ത്തകള്‍ നല്‍കിയാല്‍ അത് വേട്ടയാകുന്നത് എങ്ങനെ?


പന്ത്രണ്ട് ദിവസം മാധ്യമ വേട്ട അരങ്ങേറിയെന്ന് ജയരാജന്‍ പറയുന്നു. ഈ ദിവസങ്ങളില്‍ സി പി എമ്മിന്റെ ഒരു നേതാവ് പോലും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. മുന്‍കാലങ്ങളില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നതില്‍ പിശുക്ക് കാട്ടിയിട്ടില്ലാത്ത പിണറായി വിജയന്‍ പോലും അതിന് തയ്യാറായില്ല, മാധ്യമങ്ങളില്‍ വരുന്നത് മുഴുവന്‍ ശരിയല്ലെന്ന് പറയാന്‍ പോലും പിണറായി സന്നദ്ധനായിരുന്നില്ല. ഇതിനൊക്കെ ശേഷമാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയത്. തനിക്ക് പിഴവ് പറ്റിയെന്ന് സെക്രട്ടേറിയറ്റില്‍ ജയരാജന്‍ സമ്മതിച്ചുവെന്നാണ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുകയും ചെയ്തു. ഇതിനൊക്കെ ശേഷവും മാധ്യമ വേട്ടയാണ് നടന്നതെന്ന് ജയരാജന്‍ പറയുകയും പ്രതിപക്ഷത്തിന്റെ പണം പറ്റിയാണ് ഈ വേട്ട നടത്തിയത് എന്ന് ആരോപിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനമെന്താണ്? ജയരാജന്‍ പറയുന്നതാണ് വസ്തുതയെങ്കില്‍ മാധ്യമ വേട്ടക്ക് ചൂട്ടുപിടിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും സഹോദരതുല്യനെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന പിണറായി വിജയനും ചെയ്തത്. അങ്ങനെയാണോ എന്ന് വിശദീകരിക്കേണ്ട ചുമതല പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമുണ്ട്.


സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് തുടക്കമിടുകയും അതിന് പിറകെ ജയരാജനെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്തത്, കേരള രാഷ്ട്രീയത്തിന് അത്രത്തോളം പരിചിതമല്ലാത്ത നടപടിയാണ്. ആരോപണമുയര്‍ന്നാല്‍ ആരോപണമുന്നയിച്ചവര്‍ തെളിവ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതെന്റെ മനസ്സാക്ഷിക്ക് വിശ്വസിക്കാവതല്ല എന്ന് വിശദീകരിക്കുകയും ചെയ്ത്, ആരോപണവിധേയരെ സംരക്ഷിക്കാന്‍ തത്രപ്പെട്ട ഒരു മുഖ്യമന്ത്രിയെ കണ്ടുപരിചയമുണ്ട് കേരളത്തിന്.


കോഴ, സ്വജനപക്ഷപാതം, അനധികൃത നിയമനം എന്നിങ്ങനെ ആ സര്‍ക്കാറിന്റെ കാലത്ത് ഉയരാത്ത ആരോപണമൊന്നുമില്ല. സംഗതി ഗൗരവമുള്ളതാണെന്നും പാര്‍ട്ടിയും മുന്നണിയുമൊക്കെ ചര്‍ച്ച ചെയ്യുമെന്നും കുറ്റംചെയ്തവരുണ്ടെങ്കില്‍ വിടില്ലെന്നുമൊക്കെ ആവര്‍ത്തിച്ചയാളാണ് അന്നും ഇന്നും കെ പി സി സി പ്രസിഡന്റായിരിക്കുന്ന വി എം സുധീരന്‍. ആരോപണ വിധേയരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് വരെ അദ്ദേഹം വാദിച്ചുനോക്കി. ഒന്നും ഫലം കണ്ടില്ല. ആദര്‍ശധീരനായി തുടരുന്ന അദ്ദേഹം, കെ ബാബുവിനെതിരായ ആരോപണത്തില്‍ റെയ്ഡ് ഉള്‍പ്പെടെ പരിശോധനകള്‍ക്ക് വിജിലന്‍സ് തയ്യാറായപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാട് അംഗീകരിക്കാന്‍ തയ്യാറായി. അത്തരമൊരു നിര എതിര്‍പക്ഷത്ത് നില്‍ക്കെ, ആരോപണം പരിശോധിക്കുകയും അതില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കാത്തവരെ വിമര്‍ശിക്കുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.


ആ കഴമ്പില്ലായ്മ, സാമാന്യ ബോധമുള്ള ജനത്തിന് മനസ്സിലാകുന്ന ഘട്ടത്തിലാണ് മാധ്യമ വേട്ട ആരോപിച്ച് ജയരാജന്‍ രംഗത്തുവരുന്നത്. താന്‍ പ്രവര്‍ത്തിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നും അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ അതൃപ്തരായ മാഫിയ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ പുറത്താതയെന്നും വിശദീകരിക്കുന്നത്. സി പി എമ്മിന്റെയും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും മേല്‍ പതിച്ച കളങ്കം, മന്ത്രിയുടെ രാജിയിലൂടെയും വിജിലന്‍സ് അന്വേഷണത്തിലൂടെയും കഴുകിക്കളയാന്‍ നടത്തിയ ശ്രമത്തെ നിഷ്ഫലമാക്കുന്നതാണ് ജയരാജന്റെ നടപടി.


പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നടത്തിയ ഏറ്റുപറച്ചില്‍ നിയമസഭയില്‍ നടത്താന്‍ ജയരാജന് സാധിക്കില്ല. അത് ചെയ്താല്‍ സ്വജന പക്ഷപാതിത്വം കാട്ടിയെന്ന് സമ്മതിക്കലാകും. നിയമവും ചട്ടവുമനുസരിച്ചാണ് നിയമനങ്ങള്‍ നടത്തിയത്, അതിന്‍മേല്‍ സംശയമുയര്‍ന്ന സാഹചര്യത്തില്‍ രാജിവെച്ചു, അന്വേഷണത്തില്‍ നിരപരാധിത്വം തെളിയുമെന്നൊക്കെ വിശദീകരിച്ച് ഒഴിയാവുന്നതേയുള്ളൂ. അതിന് പകരം മാധ്യമ വേട്ട ആരോപിക്കുകയും അതിന് പ്രതിപക്ഷം പണം നല്‍കിയെന്ന് ആക്ഷേപിക്കുകയുമൊക്കെ ചെയ്യുമ്പോള്‍, നിലവില്‍ ശരമേല്‍ക്കാതെ നില്‍ക്കുന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സംശയത്തിന്റെ നിഴലിലാകാനുള്ള സാധ്യത തുറന്നിടുക കൂടിയാണ് ജയരാജന്‍ ചെയ്യുന്നത്.


തെറ്റുണ്ടെങ്കില്‍ തിരുത്തും, അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നൊക്കെ പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളടക്കമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നു. അതിന് തെളിവായാണ് ജയരാജന്റെ രാജി അടക്കമുള്ള നടപടികളെ കണ്ടതും. ഇതൊക്കെ സാങ്കേതികമായ തിരുത്തലേ ആകുന്നുള്ളൂ. യഥാര്‍ഥ തിരുത്ത്, വ്യക്തികളുടെ സ്വഭാവത്തിലാണ് വരേണ്ടത്. പ്രത്യേകിച്ച് ഉയര്‍ന്ന നേതൃതലത്തില്‍ വിരാജിക്കുന്നവരുടെ. അതുണ്ടാകുന്നില്ലെങ്കില്‍ രാജി വെച്ചതുകൊണ്ടോ അന്വേഷണം നേരിട്ടതുകൊണ്ടോ പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാകില്ല.


വീഴ്ചയുണ്ടായെന്ന് പാര്‍ട്ടിക്ക് മുമ്പാകെ സമ്മതിച്ച നേതാവ്, വാക്കിലും പ്രവൃത്തിയിലും തിരുത്തുള്‍ക്കൊണ്ടുവെന്ന തോന്നല്‍ ഉണ്ടാകുമ്പോഴാണ് കീഴ്ഘടകങ്ങളിലുള്ളവര്‍ക്കും അത് പാഠമാകുക. അതിന് പകരം, മാധ്യമങ്ങളുടെ പിഴയാണൊക്കെ എന്ന് വാതോതാരെ വാദിച്ചാല്‍ പാര്‍ട്ടിയെടുക്കുന്ന നടപടികളൊക്കെ രോഗലക്ഷണങ്ങള്‍ മാറുന്നതിനുള്ള ചികിത്സ മാത്രമാണെന്ന് പ്രവര്‍ത്തകരും പൊതുജനവും ധരിക്കും. അതിന് വേണ്ടിയാണല്ലോ ഇത്രയേറെ സമയവും പണവും വ്യയം ചെയ്ത് തെറ്റുതിരുത്തല്‍ രേഖകളൊക്കെ തയ്യാറാക്കി വിതരണം ചെയ്യുന്നത് എന്ന്  വിചാരിക്കുകയും ചെയ്യും.


മാധ്യമങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍വിധികളുണ്ട്. അത് അവ്വിധമാക്കിത്തീര്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് മാധ്യമങ്ങള്‍ വഹിച്ചിട്ടുമുണ്ട്. കോടതി വളപ്പില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ അടിച്ചോടിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ അങ്ങുമിങ്ങുമല്ലാത്ത നിലപാട് അദ്ദേഹം സ്വീകരിച്ചത് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു. മാധ്യമങ്ങളുടെ മേല്‍ക്കൈ ഇല്ലാതാക്കുക എന്ന അജന്‍ഡ അദ്ദേഹത്തിനുണ്ടെന്ന തോന്നലും പ്രബലമാണ്. അതിന്റെ തുടര്‍ച്ചയാണോ ജയരാജന്റെ മാധ്യമ വിര്‍ശവുമെന്ന സംശയം ബലപ്പെടുകയാണ്. അതില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സി പി എമ്മിനും മുഖ്യമന്ത്രിക്കു തന്നെയുമുണ്ട്.


രാജിവെച്ചിറങ്ങിയ ജയരാജന്‍ ഇനിയങ്ങോട്ട് ലഭിക്കുന്ന പൊതുയോഗ വേദികളിലെല്ലാം ഈ വിമര്‍ശം തുടരുകയാണെങ്കില്‍, പ്രതിസ്ഥാനത്തു നില്‍ക്കു മാധ്യമങ്ങളും അതിന്റെ പ്രവര്‍ത്തകരും മാത്രമയിരിക്കില്ല, രാജിയിലേക്ക് നയിക്കും വിധത്തില്‍ പൊതുനിലപാടെടുത്ത പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവരായിരിക്കുമെന്ന് അവര്‍ ഓര്‍ക്കുന്നത് നന്നാകും.

2016-10-13

ഭരണകൂടം, സ്വകാര്യസ്വത്ത്, കുടുംബം


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, 1964ന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ നേതൃത്വത്തിലുള്ള ഭരണം കേരളത്തിലുണ്ടായപ്പോഴൊക്കെ സ്വജനപക്ഷപാതമെന്ന ആരോപണം ഉയര്‍ന്നിരുന്നു. 1957ല്‍ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ഭരണം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും സെല്‍ ഭരണമെന്ന ആക്ഷേപമുണ്ടായി. പോലീസിനെയുള്‍പ്പെടെ ഭരണത്തിന്റെ ഏതാണ്ടെല്ലാ വിഭാഗങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകങ്ങള്‍ നിയന്ത്രിക്കുകയാണെന്നായിരുന്നു ആക്ഷേപം. ഇ എം എസ് സര്‍ക്കാറിനെ കേന്ദ്രം പിരിച്ചിവിടുന്നതിലേക്ക് നയിച്ച വിമോചനസമരത്തില്‍ സെല്‍ ഭരണം മുദ്രാവാക്യമായി ഉയരുകയും ചെയ്തിരുന്നു.


1967ല്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ ഇ എം എസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ഇ കെ ഇമ്പിച്ചിബാവക്കെതിരെ ആരോപണങ്ങളുണ്ടായി. സിഗരറ്റ് കൂടിന് പുറത്തുപോലും നിയമന ശിപാര്‍ശ നല്‍കിയിരുന്നുവെന്നായിരുന്നു ഒട്ടൊരു അതിശയോക്തിയോടെ പ്രചരിപ്പിക്കപ്പെട്ടത്. സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ തെറ്റെന്താണെന്നായിരുന്നു ഇമ്പിച്ചിബാവയുടെ മറുചോദ്യം.


1996 - 2001 കാലത്ത് ഇ കെ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന സര്‍ക്കാറിന്റെ കാലത്താണ് അധികാരം താഴേത്തട്ടിലേക്ക് എന്ന മുദ്രാവാക്യത്തെ അര്‍ഥവത്താക്കുന്നതിനായി ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയത്. ഇതേക്കുറിച്ചും ആരോപണങ്ങളുണ്ടായി. പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിവിധ പദ്ധതികളില്‍ (ആട്, കോഴി വിതരണമുള്‍പ്പെടെ) ഗുണഭോക്താക്കളെ നിശ്ചയിച്ചത് സി പി എമ്മുമായുള്ള ബന്ധം ഏത് വിധത്തിലാണ് എന്നതിനെ മാനദണ്ഡമാക്കിക്കൂടിയാണ് എന്ന് ആരോപണമുണ്ടായി. ഈ പദ്ധതി വേണ്ടത്ര വിജയം കാണാതിരുന്നതില്‍, അതിനൊരു തുടര്‍ച്ചയുണ്ടാകാതിരുന്നതില്‍ ഒക്കെ ഈ പക്ഷപാതിത്വം ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.


ഭരണത്തിന്റെ ആനുകൂല്യത്തിന് പാര്‍ട്ടിയുമായുള്ള ബന്ധം രഹസ്യ മാനദണ്ഡമായായാല്‍, കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയുമായി അടുക്കുമെന്നും അതുവഴി സ്വാധീനം വര്‍ധിക്കുമെന്നുമൊക്കെയാണ് സി പി എം നേതൃത്വം കണക്ക് കൂട്ടിയിരുന്നത് എന്ന് തോന്നും. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത് തിരിച്ചടിക്കുകയാണ് ചെയ്തത് എന്ന് ഓരോ തെരഞ്ഞെടുപ്പ് ഫലങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ചരിക്കുന്ന പാതയില്‍ നിന്നൊരു വ്യതിചലനം അവര്‍ക്ക് സാധ്യമായിരുന്നില്ല. ഇക്കുറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതിലൊരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ജനിപ്പിച്ചിരുന്നു.


ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനം മാറും, പക്ഷേ, ഉദ്യോഗസ്ഥ സംവിധാനം തുടരുന്നതാണ്. അതിലുള്ളവരെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാന്‍ ഭരണകൂടം തയ്യാറാകില്ലെന്നും രാഷ്ട്രീയചായ്‌വ് നോക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് പോലീസ് ഉദ്യോഗസ്ഥര്‍, തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പലകുറി പറഞ്ഞിരുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ണായക സ്ഥാനങ്ങളില്‍ തുടരുന്നതിലുള്ള പരാതി അറിയിക്കാനെത്തിയ ഇടത് സര്‍വീസ് സംഘടനാ നേതാക്കളോടും ഇതേ നിലപാട് മുഖ്യമന്ത്രി പങ്കുവെച്ചിരുന്നുവെന്നാണ് വിവരം.


ഈ സാഹചര്യത്തിലാണ് യോഗ്യതാ മാനദണ്ഡങ്ങളൊക്കെ അപ്രസക്തമാക്കിക്കൊണ്ട് മന്ത്രിയുടെ ബന്ധുക്കളെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിച്ചുവെന്ന ആരോപണം ഉയരുന്നത്. ഇതിന് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനമുള്‍പ്പെടെ കാര്യങ്ങളിലും സമാനമായ ആരോപണം ഉയര്‍ന്നിരിക്കുന്നു. മുന്‍കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയുമൊക്കെയാണ് പരിഗണിച്ചിരുന്നത് എങ്കില്‍ ഇക്കുറി മന്ത്രിമാരുടെ നേതാക്കളുടെ ബന്ധുക്കളെയൊക്കെയാണ് പരിഗണിക്കുന്നത് എന്ന മാറ്റമുണ്ട്.


2006 മുതല്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ സ്റ്റാഫില്‍ മരുമകളെ നിയോഗിച്ചത് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ അനുഭവങ്ങള്‍ ഉണ്ടായിരിക്കെ, പുതിയ ഇടത് മുന്നണി സര്‍ക്കാറില്‍ ഭരണ നേതൃത്വം ഏറ്റെടുത്തവര്‍ കുറേക്കൂടി ജാഗ്രത ഇക്കാര്യങ്ങളില്‍ പ്രകടിപ്പിക്കുമെന്നും അനാവശ്യ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കില്ലെന്നുമായിരുന്നു പ്രതീക്ഷ. അതുണ്ടായില്ലെന്ന് മാത്രമല്ല, സംഗതികള്‍ വഷളാകുന്ന കാഴ്ചയാണ് കാണുന്നത്.


മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരനെ നിയോഗിക്കാനുള്ള തീരുമാനമാണ് ആദ്യം തര്‍ക്കങ്ങള്‍ക്ക് വിധേയമായത്. എത്രമാത്രം സൂക്ഷ്മമായാണ് സര്‍ക്കാറിന്റെ തീരുമാനങ്ങളെ ജനം വീക്ഷിക്കുന്നത് എന്നതിന് തെളിവായി ഇതിനെ സര്‍ക്കാര്‍ കാണേണ്ടതായിരുന്നു. അധികാരത്തില്‍ നിന്നിറങ്ങിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ ഉയര്‍ന്ന പലവിധ ആരോപണങ്ങള്‍, അതില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ പങ്കിനെച്ചൊല്ലിയുണ്ടായ സംശയങ്ങള്‍ ഇതൊക്കെ ഓര്‍മയിലുള്ള സാഹചര്യത്തില്‍ കൂടിയാണം ജനം പുതിയ സര്‍ക്കാറിന്റെ തീരുമാനങ്ങളെ കൂടുതല്‍ വിമര്‍ശബുദ്ധിയോടെ സമീപിച്ചത്. അതിന്റെ പ്രതിഫലനം മാധ്യമങ്ങളിലുണ്ടായതും.


ഇതിനകം ഉയര്‍ന്ന ആരോപണങ്ങളില്‍ കേന്ദ്രസ്ഥാനത്തുള്ള വ്യവസായ മന്ത്രി ഇ പി ജയരാന്റെ കാര്യം പ്രത്യേകമായി തന്നെ എടുക്കേണ്ടതുണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ സ്ഥാനം ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന കാലത്താണ് അനധികൃത ലോട്ടറി നടത്തിപ്പിലൂടെ കോടികള്‍ തട്ടിയെടുത്തുവെന്ന ആരോപണം നേരിട്ട സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്ന് രണ്ട് കോടി രൂപ ദേശാഭിമാനി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നത്. ഇത് തിരികെക്കൊടുത്ത് പ്രശ്‌നം പരിഹരിച്ചു, പാര്‍ട്ടി നടപടിയെന്ന നിലയില്‍ ജയരാജനെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു.


എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപില്‍ പരിസ്ഥിതി നിയമങ്ങളൊക്കെ മറികടന്ന് റിയല്‍ എസ്റ്റേറ്റ് വ്യവസായം തുടങ്ങാന്‍ ശോഭ ഡെവലപ്പേഴ്‌സിന് അവസരമൊരുക്കാന്‍ ശ്രമിച്ചതില്‍ ഇതേ നേതാവിന് പങ്കുണ്ടെന്ന ആരോപണം വി എസ് സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നിരുന്നു. പരിസ്ഥിതി സംരക്ഷണം പോലുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നയമെന്താണെന്ന് മനസ്സിലാക്കി പ്രതികരിക്കുന്നതില്‍ മന്ത്രിയായ ശേഷവും അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നാണ് സമീപകാലത്തെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാകുന്നത്. തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി സംഘടിപ്പിച്ച സി പി എം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ ആരോപണങ്ങള്‍ നേരിടുന്ന വ്യവസായി വി എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ജനറല്‍ മാനേജര്‍ സ്ഥാനത്ത് ജയരാജനുണ്ടായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ ജാഗ്രത പാലിക്കാന്‍ ഈ നേതാവിന് സാധിച്ചിട്ടില്ല എന്നതിന് ഉദാഹരണങ്ങളാണ് ഇതൊക്കെ. മാനദണ്ഡങ്ങള്‍ ലംഘിച്ചോ, കൂടുതല്‍ യോഗ്യരായ മറ്റുള്ളവരുണ്ടായിരിക്കെ നേതാക്കളുടെ ബന്ധുത്വം മാനദണ്ഡമാക്കിയോ നിയമനം നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ ആ നേതാക്കളും ഉത്തരവാദിത്ത നിര്‍വഹണത്തിന് പ്രാപ്തരല്ലെന്നാണ് അര്‍ഥം. ഇവ്വിധമുള്ള നിയമനങ്ങള്‍ സ്വജനപക്ഷപാതിത്വമാണ്, ആ നിലക്ക് അഴിമതിയുമാണ്.


പ്രാഥമികമായി ഇത് വ്യക്തികളുടെ വീഴ്ചയാണ്. രണ്ടാമതായി ഭരണ നേതൃത്വത്തിന്റെ വീഴ്ചയും. മൂന്നാമതായി ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരുടെ വീഴ്ചയും. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് യോഗ്യതയും പരിചയ സമ്പത്തുമുള്ളവരെയാണ് നിയമിക്കേണ്ടത് എന്നാണ് വ്യവസായ വകുപ്പിലെ നിയമനങ്ങളെ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി. അത്തരത്തിലുള്ളയാളുകളെ നിയമിക്കാന്‍ വ്യവസായ വകുപ്പിനും അതിന് നേതൃത്വം നല്‍കുന്ന മന്ത്രിക്കും സാധിച്ചില്ലെങ്കില്‍ അതില്‍ മുഖ്യമന്ത്രിക്ക് കൂടി ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടുന്ന ഭരണനേതൃത്വത്തെ പാര്‍ട്ടി നിയന്ത്രിക്കുന്നതാണ് സി പി എമ്മിന്റെ രീതി. ഭരണനേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് വീഴ്ചയുണ്ടാകുമ്പോള്‍ അത് പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ കൂടി ജാഗ്രതക്കുറവായി കാണേണ്ടിവരും.


കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫാണ് അധികാരത്തിലിരിക്കുന്നത് എങ്കില്‍ ഇത്തരത്തില്‍ ഉത്തരവാദിത്തം നിര്‍വചിക്കപ്പെടേണ്ടി വരില്ലായിരുന്നു. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് തീരുമാനങ്ങളെടുക്കുകയും ആരോപണങ്ങളുണ്ടാകുമ്പോള്‍ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ കൂട്ടുത്തരവാദിത്തം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് അവരുടെ പതിവ്.


സ്വയം വിമര്‍ശനവും തെറ്റുതിരുത്തലും പരിപാടിയായി തന്നെ എടുത്തിട്ടുള്ള പാര്‍ട്ടിയാണ് സി പി എം. അവക്കായി, പാര്‍ട്ടി ചെലവിടുന്ന സമയവും പണവും ഏറെയാണ് താനും. തെറ്റുതിരുത്തലുകള്‍ക്ക് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടിക്കമ്മിറ്റികള്‍ തന്നെ എത്രയായിരിക്കും. ഇത്രയൊക്കെയായിട്ടും പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് തന്നെ പിഴവുകളോ തെറ്റുകളോ സംഭവിക്കുന്നത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പരമോന്നത സമിതിയിലെ അംഗങ്ങളെ തിരുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ താഴേത്തലത്തിലെ പ്രവര്‍ത്തകരെ ഏത് വിധത്തില്‍ തിരുത്തും? വഴി കാട്ടേണ്ടവര്‍ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം പറയുന്നതില്‍ എങ്ങനെ വിശ്വാസമുണ്ടാകും?


ഇവ്വിധത്തിലുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പാര്‍ട്ടിയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് വ്യാഖ്യാനിച്ച് പ്രതിരോധിക്കുകയാണ് നേതൃത്വം മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. അത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലും വി എം സുധീരനും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ഭേദമൊന്നുമുണ്ടാകില്ല.


സ്വജനപക്ഷപാതത്തിന് ആധാരം സ്വാര്‍ഥതയാണ്. എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കുമൊക്കെ സമ്പത്തും ഐശ്വര്യവുമുണ്ടാകണമെന്ന സ്വാര്‍ഥതയുള്ളവര്‍ അധികാരസ്ഥാനത്തുണ്ടാകുകയും ക്ഷീരമുള്ളിടത്ത് ചോരക്ക് കൗതുകമുള്ള വ്യവസായം പോലുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്താല്‍ അഴിമതിക്ക് കളമൊരുങ്ങാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ക്രമവിരുദ്ധമായ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള തെറ്റുതിരുത്തല്‍ ഇവിടെ മതിയാകില്ല. അതിനപ്പുറത്തേക്ക് പോയാലേ വിശ്വാസ്യത വീണ്ടെടുക്കാനാകൂ. ഉദ്യോഗസ്ഥ സംവിധാനത്തെ പാര്‍ട്ടി നിയന്ത്രിച്ച, പ്രവര്‍ത്തകരെയും അനുഭാവികളെയും യഥേഷ്ടം നിയമിച്ച, ആനുകൂല്യവിതരണം പാര്‍ട്ടി  അടിസ്ഥാനത്തില്‍ നടത്തിയ കാലമല്ല ഇത്. വിവരങ്ങള്‍ വേഗം പുറത്തുവരുന്ന, സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ ധാരാളം ഇടം കിട്ടുന്ന കാലമാണ്. അതിനോടേല്‍ക്കാന്‍ ബന്ധുബലവും പാര്‍ട്ടി ബലവും മതിയാകില്ല.

2016-10-06

സ്വാശ്രയപ്പൂരവും മേള പ്രമാണക്കാരുംകേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിലുള്ള സ്ഥാപനങ്ങളില്‍ സ്വാശ്രയ കോഴ്‌സുകളും തുടങ്ങാന്‍ പോണേ, മഹത്തായ പാരമ്പര്യമുള്ള പൊതുവിദ്യാഭ്യാസ മേഖല തകരുമേ, രണ്ട് തരം വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ രണ്ട് തരം പൗരന്‍മാരുണ്ടാകുമേ എന്നൊക്കെയുള്ള നിലവിളിയായിരുന്നു ആദ്യം, ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി പി എമ്മിന്റെയും അവരുടെ അധ്യാപക, വിദ്യാര്‍ഥി പോഷക സംഘടനകളുടെയും, വക. 1991 മുതല്‍ 96 വരെ അധികാരത്തിലിരുന്ന യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത്. സമരത്തിനും സംഘര്‍ഷങ്ങള്‍ക്കും കുറവുണ്ടായില്ല.


1996ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ ഇടത് ജനാധിപത്യ മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറി. രണ്ടായിരമാകുമ്പോഴേക്കും സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ മേഖല തകരുമേ എന്നതില്‍ തുടങ്ങിയുള്ള കരച്ചിലുകള്‍ക്ക് അര്‍ഥമില്ലെന്ന് സി പി എമ്മിനും അവരുടെ അധ്യാപക - വിദ്യാര്‍ഥി പോഷക സംഘടനകള്‍ക്കും ബോധ്യപ്പെട്ടു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ 21 ഏജന്‍സികള്‍ക്ക് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കി. പി ജെ ജോസഫായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി. തുലോം ദുര്‍ബലമായ ഘടകകക്ഷിക്ക് വിദ്യാഭ്യാസം പോലുള്ള സുപ്രധാന വകുപ്പ് നല്‍കേണ്ട മുന്നണി രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നതിന്റെ ആഘാതമാണ് ഇത്തരം തീരുമാനങ്ങളെന്ന വ്യാഖ്യാനം നല്‍കി സി പി എമ്മും അതിന്റെ പോഷകരും  ആശ്വസിച്ചു.


2001ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ എന്‍ജിനീയറിംഗില്‍ സ്വാശ്രയമാകാമെങ്കില്‍  വൈദ്യത്തില്‍ എന്തുകൊണ്ട് പാടില്ലെന്ന് ചിന്തിച്ചു. വൈദ്യത്തിന്റെ വിവിധ ശാഖകളില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ താത്പര്യമുള്ള ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ വേണ്ടത്ര അവസരമില്ലാത്തതിനാല്‍ കുട്ടികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ പോകേണ്ടി വരുന്ന ദുരവസ്ഥ, അവിടുത്തെ കോളജുകളില്‍ പലതിനും നിലവാരമില്ലാത്തതിനാല്‍ മികവുള്ള അപ്പോത്തിക്കരിമാര്‍ ഉണ്ടാകാതെ പോകുന്നത് ചികിത്സാ മേഖലയിലുണ്ടാക്കാനിടയുള്ള ദുരവ്യാപക പ്രത്യാഘാതങ്ങള്‍ ഇവയൊക്കെ ആലോചിച്ച്, പൊതുവെ ഖിന്നനായ എ കെ ആന്റണി കൂടുതല്‍ ഖിന്നനായതിന്റെ ഫലം കൂടിയായിരുന്നു ഈ തീരുമാനം.


കോളജുകള്‍ തുടങ്ങുന്നതിന് ആന്റണി മുന്നുപാധി വെച്ചു. പകുതി സീറ്റിലേക്ക് പ്രവേശം മെറിറ്റടിസ്ഥാനത്തില്‍ നടത്തണം, ആ സീറ്റുകളില്‍ സര്‍ക്കാര്‍ കോളജിലെ ഫീസേ പാടുള്ളൂ. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന് അദ്ദേഹം ആവേശം കൊണ്ടു, ഖിന്നമുക്തനായി. കോളജ് തുടങ്ങാനെത്തിയവരുമായി ചര്‍ച്ചകള്‍ നടത്തി, അമ്പത് - അമ്പത് സമവാക്യം പറഞ്ഞുറപ്പിച്ചു. മാന്യന്‍മാര്‍ തമ്മിലുള്ള കരാറുകളൊക്കെ വാക്കാലാണെന്ന് അന്ന് മനസ്സാക്ഷിയായിരുന്ന ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിച്ചു. അതിനാല്‍ മുദ്രപ്പത്രത്തില്‍ എഴുതേണ്ടെന്ന് തീരുമാനിച്ചു. കരാറനുസരിച്ച് കോളജ് തുടങ്ങിയതിന്റെ മൂന്നാം പക്കം ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ കോടതിയിലെത്തി, വിമോചന സമരത്തിന് ആധാരമായ വിദ്യാഭ്യാസ ബില്ലും അതിന്‍മേല്‍ കോടതികള്‍ പുറപ്പെടുവിച്ച തിട്ടൂരവും ഓര്‍മിപ്പിച്ചു. അങ്ങനെ രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന എ കെ ആന്റണിയുടെ ആവേശം അറബിക്കടലിലായി. അദ്ദേഹം പൂര്‍വാധികം ഖിന്നനായി. കരാര്‍ വാക്കാലാക്കിയതിലെ ഖിന്നത ഇടക്കിടെ അദ്ദേഹത്തിന് തികട്ടി വരാറുമുണ്ട്.


അന്നുമുതലിന്നോളം ആണ്ടോടാണ്ട് കേരളം ആചരിക്കുന്ന സംഗതിയാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശം, ഫീസ് എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രതിപക്ഷത്തിരിക്കുന്നവരുടെ സമരങ്ങളും. 'പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉറപ്പാക്കാത്ത സാധിക്കാത്ത സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകണ'മെന്ന് വി എസ് അച്യുതാനന്ദന്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ പറയുന്നത് കേട്ട് പാവങ്ങളെക്കുറിച്ച് ഇവര്‍ക്കുള്ള വേവലാതിയില്‍ കേരള ജനത പുളകിത ഗാത്രരായി. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുറപ്പാക്കേണ്ടത് സാമൂഹിക നീതിക്ക് അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രസ്താവിച്ചപ്പോള്‍ വാക്കിലും നോക്കിലുമുണ്ടായിരുന്ന നിശ്ചയദാര്‍ഢ്യം കണ്ട് അമ്പരന്നു.


അടുത്തയാണ്ടില്‍ കാണാമെന്ന് സര്‍ക്കാറും പ്രതിപക്ഷവും മാനേജുമെന്റുകളും ഉപചാരം ചൊല്ലിപ്പിരിയുന്ന കാഴ്ചയേ ഇനി ബാക്കിയുള്ളൂ. അതോടെ സ്വാശ്രയപ്പൂരം കണ്ട ആവേശത്തില്‍, അണിനിരന്ന കൊമ്പന്‍മാരുടെ അഴകളവുകളില്‍ അഭിരമിച്ച്, കുട്ടിക്കൊമ്പന്‍മാരുടെ കുറുമ്പുകള്‍ സമ്മാനിച്ച കൗതുകവും പേറി ജനം പിരിയും. ഭരണാധികാരികള്‍ക്ക്, സ്വാശ്രയ കോളജ് വ്യവസായം നടത്തുന്നവര്‍ക്ക്, പ്രതിപക്ഷനിരക്ക് ഒക്കെ തങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ ഇത്രയധികമാണല്ലോ എന്ന തോന്നലിലപ്പുറം എന്തുവേണം, പാവപ്പെട്ടവര്‍ക്ക് പഠിച്ച് മുന്നേറാന്‍!


ഈ തര്‍ക്കത്തിനിടയില്‍, തോന്നിയ തുക തലവരിയായും നിശ്ചിതലക്ഷങ്ങള്‍ ഫീസായും വാങ്ങി നടത്തപ്പെടുന്ന സ്വാശ്രയങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളജുകളിലും പഠിക്കാനും പഠിപ്പിക്കാനും വേണ്ടതൊക്കെയുണ്ടോ എന്ന പരിശോധനയോ അതുറപ്പാക്കാനുള്ള ശ്രമമോ നടക്കാറില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ (കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ജില്ലയൊന്നിന് മെഡിക്കല്‍ കോളജ് എന്ന നിലക്ക് ആരംഭിച്ചവയിലല്ല) അടിസ്ഥാന സൗകര്യങ്ങളും വേണ്ടത്ര രോഗികളുമുണ്ട്. പക്ഷേ, വേണ്ടത്ര അധ്യാപകരില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ കോട്ടയത്ത് പരിശോധനക്കെത്തിയാല്‍ കോഴിക്കോട്ടെയോ തിരുവനന്തപുരത്തെയോ അധ്യാപകരെ അവിടുത്തെ രജിസ്റ്ററില്‍ വെച്ച് എണ്ണം തികച്ച് അംഗീകാരം നിലനിര്‍ത്തുകയാണ് പതിവ്. കോഴിക്കോട്ട് പരിശോധനക്കെത്തുമ്പോള്‍ കോട്ടയത്തെ രജിസ്റ്ററില്‍ വെച്ചവരൊക്കെ കോഴിക്കോട്ട് തിരിച്ചെത്തും. എത്രകാലം ഇത് തുടരും. ഇങ്ങനെ പഠിപ്പിച്ചാല്‍ നാളെ സ്റ്റെതസ്‌കോപ്പും കഴുത്തിലിട്ട് എത്തുന്ന എത്രപേരെ ജനത്തിന് വിശ്വസിക്കാനാകും?


സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അധ്യാപകരുണ്ടോ, ഉള്ളവരൊക്കെ യോഗ്യതയുള്ളവരാണോ എന്നൊന്നും ആര്‍ക്കും തിട്ടമില്ല. വൈദ്യ പഠനം നടത്തുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോ എന്നതും സംശയമാണ്. പല കോളജുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്നത്ര രോഗികളുടെ സാന്നിധ്യം പോലുമില്ല. വൈദ്യം പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് രോഗികളെ പരിശോധിച്ച് പഠിക്കാന്‍ അവസരമുണ്ടാകാറില്ലെന്ന് ചുരുക്കം. അങ്ങനെ ഡോക്ടര്‍മാരാകുന്നവരെന്ത് ചെയ്യും? അതിനാണല്ലോ കേരളത്തിലങ്ങോളമിങ്ങോളം അത്യാധുനിക ലാബുകള്‍. മലമൂത്രരക്ത പരിശോധന മുതല്‍ എം ആര്‍ ഐ സ്‌കാന്‍ വരെ നടത്തി ഫലം പരിശോധിച്ച് ചികിത്സിക്കാവതേയുള്ളൂ. ഏതൊക്കെ മരുന്ന് ഏതൊക്കെ രോഗത്തിന് എന്ന് നിര്‍മാണക്കമ്പനികള്‍ പഠിപ്പിക്കുന്നതിനാല്‍ കുറിപ്പടി എഴുത്തും എളുപ്പം. ലാബുകളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള കമ്മീഷന്‍ വരുമാന വര്‍ധനക്ക് ഉതകുകയും ചെയ്യും.


സ്വകാര്യ സ്വാശ്രയ കോളജുകള്‍ പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്നു. നിയമം കൊണ്ടുവന്ന് അവയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നത് ഉറപ്പുമാണ്. കോളജുകള്‍ ലാഭത്തില്‍ നടത്തിക്കൊണ്ടുപോകാന്‍ പാകത്തിലുള്ള ഫീസ് ഈടാക്കാന്‍ അവരെ അനുവദിക്കുക എന്നതേ മാര്‍ഗമുള്ളൂ. വേണ്ട സൗകര്യങ്ങളും യോഗ്യരായ അധ്യാപകരുമുണ്ടെന്ന് ഉറപ്പാക്കണം. സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയില്‍ നിന്ന് മെറിറ്റ് മാനദണ്ഡമാക്കി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ബാധ്യതപ്പെടുത്തണം. അതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുക എന്നതാണ് കരണീയം. സ്വാശ്രയ കോളജുകള്‍ തലവരി വാങ്ങുന്നത് കര്‍ശനമായി തടയുകയും വേണം. ഇതിലേക്ക് ശ്രദ്ധിക്കാതെ ആണ്ടോടാണ്ട് സ്വാശ്രയപ്പൂരം നടത്തുന്നത് ഈ കച്ചവടം ഇങ്ങനെ തന്നെ തുടര്‍ന്നോട്ടെ എന്ന ചിന്തയില്‍ മാത്രമാണ്.


ഭരണ, പ്രതിപക്ഷ, മാനേജ്‌മെന്റ് ഭഗവതിമാര്‍ നിയമസഭയെ സാക്ഷിയാക്കി ഉപചാരം ചൊല്ലിപ്പിരിയുന്ന മുറക്ക്, അടുത്താണ്ടത്തെ പൂരം കൊഴുപ്പിക്കാമെന്ന ഉറപ്പോടെ ജനം പിരിയും. ഇത്തവണത്തെ പൂരത്തിന് ആകെയുള്ള നേട്ടം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുബാങ്കിലേക്ക് കടന്നുകയറിയ ശേഷം ഇനി തെരുവിലെ പ്രതിപക്ഷം തങ്ങളാണെന്ന് പ്രഖ്യാപിച്ച ബി ജെ പിയെ അപ്രസക്തമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നതാണ്. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും സംബന്ധിച്ച് അതൊരു ചെറിയ കാര്യമല്ല.

2016-10-03

അലിസേയും ഗുര്‍മെഹറും


രണ്ട് പെണ്‍കുട്ടികള്‍ - പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ് സ്വദേശിയായ അലിസേ ജാഫറും ഇന്ത്യന്‍ പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുര്‍മെഹര്‍ കൗറും.  അലിസേ ജാഫര്‍ ആരാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഗുര്‍മെഹര്‍ കൗര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളാണ്. ഈ പെണ്‍കുട്ടികള്‍, അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും പെരുകുന്ന സംഘര്‍ഷത്തില്‍ ഖിന്നരാണ്. അതിന് അവര്‍ക്ക് സ്വന്തം ന്യായങ്ങളുണ്ട്. ഈ കുട്ടികള്‍ക്കുള്ള വിവേകവും ഔചിത്യബോധവും രാഷ്ട്രതന്ത്രജ്ഞരായി ചിത്രീകരിക്കപ്പെടുന്ന, ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക്, അവരുടെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഉണ്ടാകുന്നില്ലല്ലോ എന്ന തോന്നല്‍ ഏത് രാജ്യസ്‌നേഹിക്കും ഉണ്ടായിപ്പോകും.

അമിതാഭ്‌ ബച്ചന്‍ ആശുപത്രിയിലാകുമ്പോള്‍ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്ന, രണ്‍ബീര്‍ കപൂറിന്റെ ചലച്ചിത്രം ഹിറ്റാകുമ്പോള്‍ അഭിമാനം കൊള്ളുന്ന, മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങളില്‍ അഭിരമിക്കുന്ന പാക്കിസ്ഥാന്‍കാരെക്കുറിച്ചാണ് അലിസേ ജാഫര്‍ എഴുതുന്നത്. 'അവരുടെ സ്മാരകങ്ങള്‍ നമ്മുടെ ചരിത്രം കൂടി ഉള്‍ച്ചേര്‍ന്നതാണ്, നമ്മുടെ ഭാഷ അവരുടെ വേരുകളില്‍ നിന്നുള്ളത് കൂടിയാണ്' എന്ന ബോധമുള്ളവരാണ് സാധാരണ പാക്കിസ്ഥാന്‍കാര്‍. ഈ വിചാരം നിലനില്‍ക്കുമ്പോഴും വൈകാരികമായ പ്രതികരണങ്ങളിലേക്ക് എങ്ങനെ പോകാനാകുന്നുവെന്നാണ് അലിസേ ജാഫര്‍ ചോദിക്കുന്നത്. 'നോക്കൂ കശ്മീരില്‍ നിങ്ങളെന്താണ് ചെയ്യുന്നത്? അതു ശരി ബലൂചിസ്ഥാനില്‍ നിങ്ങള്‍ കാട്ടുന്നതോ? നിങ്ങള്‍ ഉറി ആക്രമിച്ചു? കാര്‍ഗില്‍ നിങ്ങള്‍ മറന്നോ? ആദ്യം തുടങ്ങിയത് നിങ്ങളാണ്. അല്ല, ആദ്യം തുടങ്ങിയത് നിങ്ങളാണ്' പരസ്പരം കുറ്റപ്പെടുത്തുന്ന ഇത്തരം വൈകാരിക പ്രതികരണങ്ങള്‍ അലിസേ ജാഫര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതികരണങ്ങള്‍ കൊണ്ട് ഫലമെന്താണെന്ന് ചോദിക്കുന്നു.


മാട്ടിറച്ചി കഴിച്ചെന്ന്  ആരോപിച്ച് മുസ്‌ലിംകളെയും ദളിതുകളെയും ആക്രമിക്കുന്നതിനെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും ആശങ്കയില്ല, അതേക്കുറിച്ച് ആരും ആരായുന്നുമില്ല. വ്രതം അവസാനിക്കും മുമ്പ് ഭക്ഷണം കഴിച്ചെന്ന് ആരോപിച്ച് ഹിന്ദുക്കളും മുസ്‌ലിംകളും ആക്രമിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് നമ്മളും മൗനം പാലിക്കുന്നു - അലിസേ ജാഫര്‍ തുടരുന്നു. ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരും നേരിടുന്ന ദുരിതങ്ങളെക്കുറിച്ച്, അവര്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയോ അതൊക്കെ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നവര്‍, ആക്രമണങ്ങളില്‍, സംഘര്‍ഷങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളെക്കുറിച്ച് ചിന്തിക്കുമോ എന്ന് അലിസേ ജാഫര്‍ ചോദിക്കുന്നു.


കാര്‍ഗില്‍ യുദ്ധത്തില്‍ പിതാവ് മരിക്കുമ്പോള്‍ തനിക്ക് രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞാണ് ഗുര്‍മെഹര്‍ കൗറിന്റെ ദൃശ്യ സന്ദേശം തുടങ്ങുന്നത്. പിതാവിന്റെ മരണത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് ആ രാജ്യത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചു, മുസ്‌ലിംകളെയും. എന്നാല്‍ പാക്കിസ്ഥാനെന്ന രാജ്യമോ മുസ്‌ലിംകളോ അല്ല, യുദ്ധമാണ് പിതാവിന്റെ ജീവനെടുത്തത് എന്ന് അമ്മ തന്നെ പഠിപ്പിച്ചു. യുദ്ധത്തെ, സംഘര്‍ഷങ്ങളെ തള്ളിക്കളയുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതിന് ആശയവിനിമയം നടത്തണമെന്ന് ഗുര്‍മെഹര്‍ കൗര്‍ പറയുന്നു. ഈ സമചിത്തത, രാഷ്ട്ര നേതാക്കള്‍ക്കുണ്ടാകാതെ പോകുന്നത് എന്തുകൊണ്ടെന്ന ചോദ്യം സ്വാഭാവികമായി ഉയരും.


പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണം, അത് മറവിയിലേക്ക് എത്തും മുമ്പ് ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ടെന്റിനു നേര്‍ക്കുണ്ടായ ആക്രമണം, രണ്ടിന്റെയും പിന്നില്‍ പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവരാണെന്നും അവര്‍ക്ക് വേണ്ട സഹായം ചെയ്തതും നിയന്ത്രിച്ചതും പാക്കിസ്ഥാനില്‍ നിന്നാണെന്നുമുള്ള വിവരം, അതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും ആ രാജ്യം അത് തള്ളിക്കളയുന്ന സ്ഥിതി. പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കണമെന്ന ആവശ്യം ആദ്യം രാഷ്ട്ര നേതാക്കളിലും അവരുടെ  പ്രസ്താവനകളിലൂടെ ജനങ്ങളിലും ഉയരുകയും അതൊരു സമ്മര്‍ദമായി വളരുകയും ചെയ്ത സാഹചര്യത്തിലാണ് 'സര്‍ജിക്കല്‍ ഓപറേഷന്‍' എന്ന പേരില്‍ ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്ന അതിര്‍ത്തി കടന്നുള്ള സൈനിക നടപടിക്ക് ഇന്ത്യ തയ്യാറായത്. 19 ജവാന്‍മാരുടെ ജീവനെടുത്തതിനുള്ള മറുപടിയായി ഇതെങ്കിലും വേണ്ടതല്ലേ എന്ന പൊതുബോധം നിലനില്‍ക്കുകയും അതിനെ ചോദ്യംചെയ്താല്‍ അത് രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നതാണ് സാഹചര്യം. അതുകൊണ്ട് തന്നെ തത്കാലം യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന ചോദ്യങ്ങള്‍ ആരും ഉന്നയിക്കില്ല. കേന്ദ്ര സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തെ പിന്തുണച്ചും സൈന്യത്തിന്റെ ധീരതയെ പ്രകീര്‍ത്തിച്ചും സംഘഗാനം ആലപിക്കുക മാത്രമേ കരണീയമായുള്ളൂ.


നിയന്ത്രണ രേഖ കടക്കാന്‍ ലക്ഷ്യമിട്ട് പാക് അധീന കശ്മീരില്‍ നിലയുറപ്പിച്ച ഭീകരവാദികളുടെ താവളങ്ങള്‍ കൃത്യമായി നിര്‍ണയിക്കുകയും രാത്രിയുടെ അരണ്ട വെട്ടത്തില്‍ പരിചിതമല്ലാത്ത ഭൂപ്രദേശത്തെ രണ്ടോ മൂന്നോ കിലോമീറ്റര്‍ താണ്ടി ആക്രമിക്കുകയും കാര്യമായ ആഘാതം സൃഷ്ടിക്കുകയും ചെയ്തു ഇന്ത്യന്‍ സൈനികരെന്നാണ് മിലിറ്ററി ഓപറേഷന്റെ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിംഗ് അറിയിച്ചത്. ഇന്ത്യന്‍ സൈന്യം ഇതാദ്യമായി ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നു, അതിന് അനുമതി നല്‍കിയത് കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന നരേന്ദ്ര മോദിയുടെ   മികവാണ് എന്നാണ് പൊതുവിലുള്ള വ്യാഖ്യാനം. എന്നാല്‍ അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിക്കാനും രാജ്യത്തെ ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു എന്നത് മാത്രമേ മികവായി അവകാശപ്പെടാനുള്ളൂ എന്നതാണ് വസ്തുത.


ജമ്മു കശ്മീരില്‍ തീവ്രവാദം ശക്തമായ 1990കളില്‍ അതിര്‍ത്തി കടന്നുള്ള 'ശസ്ത്രക്രിയ'കള്‍ പലത് നടത്തിയിട്ടുണ്ടെന്ന് സൈന്യത്തില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2003ല്‍ ഇരു രാഷ്ട്രങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതോടെ ഈ പതിവ് ഇന്ത്യന്‍ സൈന്യം നിര്‍ത്തിവെച്ചു. പിന്നീട് 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തി കടന്നുള്ള സാഹസിക ആക്രമണം സൈന്യം പുനരാരംഭിച്ചിരുന്നുവെന്ന് ഇത്തരം 'ശസ്ത്ര ക്രിയ'കളുടെ ഭാഗമായവര്‍ തന്നെ പറയുന്നുണ്ട്. പാക്കിസ്ഥാന് ആയുധം കൊണ്ടൊരു മറുപടി നല്‍കാന്‍ അമ്പത്തിയാറ് നെഞ്ചളവുള്ള നേതാവ് വരേണ്ടിവന്നുവെന്ന പ്രചാരണത്തില്‍ വലിയ കഴമ്പില്ലെന്ന് ചുരുക്കം.


ഇന്ത്യാ വിരുദ്ധ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് വേണ്ട സഹായം നല്‍കുകയും അവരുടെ പ്രവര്‍ത്തകരെ ആക്രമണത്തിന് സന്നദ്ധരാക്കുകയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട് പാക്കിസ്ഥാന്‍ എന്ന് ചൂണ്ടിക്കാട്ടുന്ന ഇന്ത്യ, അതിര്‍ത്തി കടന്ന് പലതവണ സൈനിക നീക്കം തന്നെ നടത്തിയിട്ടുണ്ട് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം സംഗതികള്‍ ഔദ്യോഗികമായി ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന ചെറുതല്ലാത്ത അപകടമുണ്ട്. പാക്കിസ്ഥാന്‍ സൈന്യം സ്വന്തം അതിര്‍ത്തിക്കുള്ളിലൊരു 'ശസ്ത്രക്രിയ' നടത്തുകയും ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയതാണെന്ന് ആരോപിക്കുകയും ചെയ്താല്‍ ലോക രാഷ്ട്രങ്ങള്‍ വിശ്വസിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുന്നിലുള്ളതുകൊണ്ടാണ് മുന്‍കാലത്ത് നടത്തിയ ഇത്തരം 'ശസ്ത്രക്രിയകള്‍' പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അന്നത്തെ ഭരണാധികാരികള്‍ തീരുമാനിച്ചത്. ആരോപണങ്ങളുണ്ടാകുകയും അതിന് വിശ്വാസ്യതയുണ്ടാകുകയും ചെയ്യുന്ന സാഹചര്യം നയതന്ത്രതലത്തില്‍ ഇത്രകാലം നിലനിര്‍ത്തിയ മേല്‍ക്കൈ ഇല്ലാതാക്കുമെന്ന് അവര്‍ കരുതിയിട്ടുമുണ്ടാകണം.


ഉറിയില്‍ ജവാന്‍മാരുടെ ജീവന്‍ പൊലിഞ്ഞതിന് പകരം ചെയ്തു, നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന പ്രഖ്യാപനം സാര്‍ക് ഉച്ചകോടിയില്‍ നിന്ന് നാല് അംഗ രാഷ്ട്രങ്ങള്‍ പിന്മാറിയതോടെ അര്‍ഥവത്തായി എന്നൊക്കെ അവകാശപ്പെടാന്‍ ഈ അവസരത്തില്‍ രാജ്യത്തിന് (നരേന്ദ്ര മോദി സര്‍ക്കാറിന്) സാധിക്കും. തുടര്‍ന്നുള്ള കാലത്ത് എന്ത് ചെയ്യും. പാക്കിസ്ഥാനും അവിടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകള്‍ക്കും ഇടപെടാന്‍ പാകത്തില്‍ കശ്മീര്‍ പ്രശ്‌നം ഇതുപോലെ നിലനിര്‍ത്തുമോ? അതോ അവിടുത്തെ എല്ലാ വിഭാഗവുമായി ആശയവിനിമയം നടത്താനും രാഷ്ട്രീയ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയെങ്കിലും നല്‍കാനും ശ്രമിക്കുമോ?


അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പലപ്പോഴും ആഭ്യന്തര പ്രശ്‌നങ്ങളെ ജനശ്രദ്ധയില്‍ നിന്ന് മാറ്റാന്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇവിടെയും അത് സംഭവിച്ചിട്ടുണ്ട്. ഉറി ആക്രമണവും തുടര്‍ന്നുണ്ടായ നയതന്ത്ര, സായുധ ഇടപെടലുകളും കശ്മീരിലെ സംഘര്‍ഷങ്ങളെ, അവിടുത്തെ ജനങ്ങളുടെ ദുരിതത്തെ, സൈന്യം നടത്തുന്നതായി ആരോപിക്കപ്പെടുന്ന അമിത ബലപ്രയോഗത്തെ ഒക്കെ ജനശ്രദ്ധയില്‍ നിന്ന് അകറ്റിയിരിക്കുന്നു. അര്‍ധ സൈനിക വിഭാഗത്തിലെ അംഗങ്ങള്‍ പ്രയോഗിച്ച പെല്ലറ്റേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ മരിച്ചിരുന്നു. ഒരു ടെലിവിഷന്‍ സ്‌ക്രീനിലും അത് വാര്‍ത്തയായില്ല. ദേശീയ ദിനപത്രങ്ങളില്‍ ഭൂരിഭാഗത്തിനും അത് പ്രസിദ്ധം ചെയ്യേണ്ട വാര്‍ത്തയായി തോന്നിയില്ല.


കൂടുതല്‍ വലുപ്പമുള്ള ഒന്നുണ്ടാകുമ്പോള്‍ ചെറുതാകുകയോ മറവിയിലേക്ക് നീങ്ങുകയോ ചെയ്യുന്ന ചിലത് കൂടുതല്‍ വലുപ്പമുള്ളവക്ക് കാരണങ്ങളായി ഭവിക്കുന്നുവെന്ന തോന്നല്‍ ഭരണ നേതൃത്വങ്ങള്‍ക്ക് ഇല്ലാതെ പോകുന്നുവെന്നാണ് അലിസേ ജാഫറും ഗുര്‍മെഹര്‍ കൗറും പറഞ്ഞുതരുന്നത്. കശ്മീരിലെയും ബലൂചിസ്ഥാനിലെയും ജനങ്ങളെക്കുറിച്ച് അതാത് ഭരണകൂടങ്ങള്‍ ഓര്‍ക്കണമെന്ന്, അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിലൂടെ സംഘര്‍ഷാന്തരീക്ഷം ഒഴിവാക്കാനാകുമെങ്കില്‍ അതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന്, മാട്ടിറച്ചിയുടെ പേരില്‍ ജീവനുകള്‍ ഇല്ലാതാക്കപ്പെടുന്ന സാഹചര്യം ഇല്ലാതാകണമെന്ന്, വ്രതം മുറിക്കും മുമ്പ് ഭക്ഷണം കഴിച്ചുവെന്നതിന്റെ പേരില്‍ ന്യൂനപക്ഷമായ ഇതര മതസ്ഥര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു. അതൊക്കെ നിലനില്‍ക്കുന്നതിന്റെ തുടര്‍ച്ചയാണ് വൈകാരികമായ ഈ വെല്ലുവിളികള്‍, നീയല്ലേ ആദ്യം തുടങ്ങിയത് എന്ന കുറ്റപ്പെടുത്തലുകളൊക്കെ. രാഷ്ട്രത്തിന്റെയും അതിന് നേതൃത്വം നല്‍കുന്നവരുടെയും അഭിമാനബോധത്തേക്കാള്‍ വലുതാണ് മനുഷ്യരുടെ ജീവനെന്ന് ഈ കുട്ടികള്‍ ഓര്‍മിപ്പിക്കുന്നു.


'ശത്രുരാജ്യത്തെ' സൈനികരോ അവിടെ ഭൂരിപക്ഷമായ മുസ്‌ലിംകളോ അല്ല യുദ്ധമാണ് തന്റെ പിതാവിന്റെ ജീവനെടുത്തത് എന്ന് ഗുര്‍മെഹര്‍ കൗറിന് ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിയാനായി. പ്രായമേറെയായിട്ടും അനുഭവപരിചയം സിദ്ധിച്ചിട്ടും രാഷ്ട്ര നേതാക്കള്‍ക്ക് അത് തിരിച്ചറിയാനാകുന്നില്ല, അവര്‍ തിരിച്ചറിയുകയുമില്ല. അവര്‍ക്കിതൊക്കെ അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍, അധികാരത്തുടര്‍ച്ച ഉറപ്പാക്കാന്‍, കൂടുതലിടങ്ങളില്‍ അധികാരം സ്ഥാപിക്കാന്‍ ഒക്കെയുള്ള ഉപാധികളാണ്. ഒപ്പം വലിയ (ആയുധ) കച്ചവടത്തിന്റെയും.