2016-10-06

സ്വാശ്രയപ്പൂരവും മേള പ്രമാണക്കാരുംകേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിലുള്ള സ്ഥാപനങ്ങളില്‍ സ്വാശ്രയ കോഴ്‌സുകളും തുടങ്ങാന്‍ പോണേ, മഹത്തായ പാരമ്പര്യമുള്ള പൊതുവിദ്യാഭ്യാസ മേഖല തകരുമേ, രണ്ട് തരം വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ രണ്ട് തരം പൗരന്‍മാരുണ്ടാകുമേ എന്നൊക്കെയുള്ള നിലവിളിയായിരുന്നു ആദ്യം, ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി പി എമ്മിന്റെയും അവരുടെ അധ്യാപക, വിദ്യാര്‍ഥി പോഷക സംഘടനകളുടെയും, വക. 1991 മുതല്‍ 96 വരെ അധികാരത്തിലിരുന്ന യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത്. സമരത്തിനും സംഘര്‍ഷങ്ങള്‍ക്കും കുറവുണ്ടായില്ല.


1996ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ ഇടത് ജനാധിപത്യ മുന്നണിയുടെ സര്‍ക്കാര്‍ അധികാരത്തിലേറി. രണ്ടായിരമാകുമ്പോഴേക്കും സംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ മേഖല തകരുമേ എന്നതില്‍ തുടങ്ങിയുള്ള കരച്ചിലുകള്‍ക്ക് അര്‍ഥമില്ലെന്ന് സി പി എമ്മിനും അവരുടെ അധ്യാപക - വിദ്യാര്‍ഥി പോഷക സംഘടനകള്‍ക്കും ബോധ്യപ്പെട്ടു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ 21 ഏജന്‍സികള്‍ക്ക് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കി. പി ജെ ജോസഫായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി. തുലോം ദുര്‍ബലമായ ഘടകകക്ഷിക്ക് വിദ്യാഭ്യാസം പോലുള്ള സുപ്രധാന വകുപ്പ് നല്‍കേണ്ട മുന്നണി രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നതിന്റെ ആഘാതമാണ് ഇത്തരം തീരുമാനങ്ങളെന്ന വ്യാഖ്യാനം നല്‍കി സി പി എമ്മും അതിന്റെ പോഷകരും  ആശ്വസിച്ചു.


2001ല്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ എന്‍ജിനീയറിംഗില്‍ സ്വാശ്രയമാകാമെങ്കില്‍  വൈദ്യത്തില്‍ എന്തുകൊണ്ട് പാടില്ലെന്ന് ചിന്തിച്ചു. വൈദ്യത്തിന്റെ വിവിധ ശാഖകളില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ താത്പര്യമുള്ള ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ വേണ്ടത്ര അവസരമില്ലാത്തതിനാല്‍ കുട്ടികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ പോകേണ്ടി വരുന്ന ദുരവസ്ഥ, അവിടുത്തെ കോളജുകളില്‍ പലതിനും നിലവാരമില്ലാത്തതിനാല്‍ മികവുള്ള അപ്പോത്തിക്കരിമാര്‍ ഉണ്ടാകാതെ പോകുന്നത് ചികിത്സാ മേഖലയിലുണ്ടാക്കാനിടയുള്ള ദുരവ്യാപക പ്രത്യാഘാതങ്ങള്‍ ഇവയൊക്കെ ആലോചിച്ച്, പൊതുവെ ഖിന്നനായ എ കെ ആന്റണി കൂടുതല്‍ ഖിന്നനായതിന്റെ ഫലം കൂടിയായിരുന്നു ഈ തീരുമാനം.


കോളജുകള്‍ തുടങ്ങുന്നതിന് ആന്റണി മുന്നുപാധി വെച്ചു. പകുതി സീറ്റിലേക്ക് പ്രവേശം മെറിറ്റടിസ്ഥാനത്തില്‍ നടത്തണം, ആ സീറ്റുകളില്‍ സര്‍ക്കാര്‍ കോളജിലെ ഫീസേ പാടുള്ളൂ. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന് അദ്ദേഹം ആവേശം കൊണ്ടു, ഖിന്നമുക്തനായി. കോളജ് തുടങ്ങാനെത്തിയവരുമായി ചര്‍ച്ചകള്‍ നടത്തി, അമ്പത് - അമ്പത് സമവാക്യം പറഞ്ഞുറപ്പിച്ചു. മാന്യന്‍മാര്‍ തമ്മിലുള്ള കരാറുകളൊക്കെ വാക്കാലാണെന്ന് അന്ന് മനസ്സാക്ഷിയായിരുന്ന ഉമ്മന്‍ ചാണ്ടി ഓര്‍മിപ്പിച്ചു. അതിനാല്‍ മുദ്രപ്പത്രത്തില്‍ എഴുതേണ്ടെന്ന് തീരുമാനിച്ചു. കരാറനുസരിച്ച് കോളജ് തുടങ്ങിയതിന്റെ മൂന്നാം പക്കം ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ കോടതിയിലെത്തി, വിമോചന സമരത്തിന് ആധാരമായ വിദ്യാഭ്യാസ ബില്ലും അതിന്‍മേല്‍ കോടതികള്‍ പുറപ്പെടുവിച്ച തിട്ടൂരവും ഓര്‍മിപ്പിച്ചു. അങ്ങനെ രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന എ കെ ആന്റണിയുടെ ആവേശം അറബിക്കടലിലായി. അദ്ദേഹം പൂര്‍വാധികം ഖിന്നനായി. കരാര്‍ വാക്കാലാക്കിയതിലെ ഖിന്നത ഇടക്കിടെ അദ്ദേഹത്തിന് തികട്ടി വരാറുമുണ്ട്.


അന്നുമുതലിന്നോളം ആണ്ടോടാണ്ട് കേരളം ആചരിക്കുന്ന സംഗതിയാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശം, ഫീസ് എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രതിപക്ഷത്തിരിക്കുന്നവരുടെ സമരങ്ങളും. 'പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉറപ്പാക്കാത്ത സാധിക്കാത്ത സര്‍ക്കാര്‍ രാജിവെച്ച് പുറത്തുപോകണ'മെന്ന് വി എസ് അച്യുതാനന്ദന്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ പറയുന്നത് കേട്ട് പാവങ്ങളെക്കുറിച്ച് ഇവര്‍ക്കുള്ള വേവലാതിയില്‍ കേരള ജനത പുളകിത ഗാത്രരായി. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുറപ്പാക്കേണ്ടത് സാമൂഹിക നീതിക്ക് അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രസ്താവിച്ചപ്പോള്‍ വാക്കിലും നോക്കിലുമുണ്ടായിരുന്ന നിശ്ചയദാര്‍ഢ്യം കണ്ട് അമ്പരന്നു.


അടുത്തയാണ്ടില്‍ കാണാമെന്ന് സര്‍ക്കാറും പ്രതിപക്ഷവും മാനേജുമെന്റുകളും ഉപചാരം ചൊല്ലിപ്പിരിയുന്ന കാഴ്ചയേ ഇനി ബാക്കിയുള്ളൂ. അതോടെ സ്വാശ്രയപ്പൂരം കണ്ട ആവേശത്തില്‍, അണിനിരന്ന കൊമ്പന്‍മാരുടെ അഴകളവുകളില്‍ അഭിരമിച്ച്, കുട്ടിക്കൊമ്പന്‍മാരുടെ കുറുമ്പുകള്‍ സമ്മാനിച്ച കൗതുകവും പേറി ജനം പിരിയും. ഭരണാധികാരികള്‍ക്ക്, സ്വാശ്രയ കോളജ് വ്യവസായം നടത്തുന്നവര്‍ക്ക്, പ്രതിപക്ഷനിരക്ക് ഒക്കെ തങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ ഇത്രയധികമാണല്ലോ എന്ന തോന്നലിലപ്പുറം എന്തുവേണം, പാവപ്പെട്ടവര്‍ക്ക് പഠിച്ച് മുന്നേറാന്‍!


ഈ തര്‍ക്കത്തിനിടയില്‍, തോന്നിയ തുക തലവരിയായും നിശ്ചിതലക്ഷങ്ങള്‍ ഫീസായും വാങ്ങി നടത്തപ്പെടുന്ന സ്വാശ്രയങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളജുകളിലും പഠിക്കാനും പഠിപ്പിക്കാനും വേണ്ടതൊക്കെയുണ്ടോ എന്ന പരിശോധനയോ അതുറപ്പാക്കാനുള്ള ശ്രമമോ നടക്കാറില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ (കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ജില്ലയൊന്നിന് മെഡിക്കല്‍ കോളജ് എന്ന നിലക്ക് ആരംഭിച്ചവയിലല്ല) അടിസ്ഥാന സൗകര്യങ്ങളും വേണ്ടത്ര രോഗികളുമുണ്ട്. പക്ഷേ, വേണ്ടത്ര അധ്യാപകരില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ കോട്ടയത്ത് പരിശോധനക്കെത്തിയാല്‍ കോഴിക്കോട്ടെയോ തിരുവനന്തപുരത്തെയോ അധ്യാപകരെ അവിടുത്തെ രജിസ്റ്ററില്‍ വെച്ച് എണ്ണം തികച്ച് അംഗീകാരം നിലനിര്‍ത്തുകയാണ് പതിവ്. കോഴിക്കോട്ട് പരിശോധനക്കെത്തുമ്പോള്‍ കോട്ടയത്തെ രജിസ്റ്ററില്‍ വെച്ചവരൊക്കെ കോഴിക്കോട്ട് തിരിച്ചെത്തും. എത്രകാലം ഇത് തുടരും. ഇങ്ങനെ പഠിപ്പിച്ചാല്‍ നാളെ സ്റ്റെതസ്‌കോപ്പും കഴുത്തിലിട്ട് എത്തുന്ന എത്രപേരെ ജനത്തിന് വിശ്വസിക്കാനാകും?


സ്വകാര്യ സ്വാശ്രയ കോളജുകളില്‍ അധ്യാപകരുണ്ടോ, ഉള്ളവരൊക്കെ യോഗ്യതയുള്ളവരാണോ എന്നൊന്നും ആര്‍ക്കും തിട്ടമില്ല. വൈദ്യ പഠനം നടത്തുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോ എന്നതും സംശയമാണ്. പല കോളജുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്നത്ര രോഗികളുടെ സാന്നിധ്യം പോലുമില്ല. വൈദ്യം പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് രോഗികളെ പരിശോധിച്ച് പഠിക്കാന്‍ അവസരമുണ്ടാകാറില്ലെന്ന് ചുരുക്കം. അങ്ങനെ ഡോക്ടര്‍മാരാകുന്നവരെന്ത് ചെയ്യും? അതിനാണല്ലോ കേരളത്തിലങ്ങോളമിങ്ങോളം അത്യാധുനിക ലാബുകള്‍. മലമൂത്രരക്ത പരിശോധന മുതല്‍ എം ആര്‍ ഐ സ്‌കാന്‍ വരെ നടത്തി ഫലം പരിശോധിച്ച് ചികിത്സിക്കാവതേയുള്ളൂ. ഏതൊക്കെ മരുന്ന് ഏതൊക്കെ രോഗത്തിന് എന്ന് നിര്‍മാണക്കമ്പനികള്‍ പഠിപ്പിക്കുന്നതിനാല്‍ കുറിപ്പടി എഴുത്തും എളുപ്പം. ലാബുകളില്‍ നിന്നും കമ്പനികളില്‍ നിന്നുമുള്ള കമ്മീഷന്‍ വരുമാന വര്‍ധനക്ക് ഉതകുകയും ചെയ്യും.


സ്വകാര്യ സ്വാശ്രയ കോളജുകള്‍ പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്നു. നിയമം കൊണ്ടുവന്ന് അവയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നത് ഉറപ്പുമാണ്. കോളജുകള്‍ ലാഭത്തില്‍ നടത്തിക്കൊണ്ടുപോകാന്‍ പാകത്തിലുള്ള ഫീസ് ഈടാക്കാന്‍ അവരെ അനുവദിക്കുക എന്നതേ മാര്‍ഗമുള്ളൂ. വേണ്ട സൗകര്യങ്ങളും യോഗ്യരായ അധ്യാപകരുമുണ്ടെന്ന് ഉറപ്പാക്കണം. സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയില്‍ നിന്ന് മെറിറ്റ് മാനദണ്ഡമാക്കി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ബാധ്യതപ്പെടുത്തണം. അതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുക എന്നതാണ് കരണീയം. സ്വാശ്രയ കോളജുകള്‍ തലവരി വാങ്ങുന്നത് കര്‍ശനമായി തടയുകയും വേണം. ഇതിലേക്ക് ശ്രദ്ധിക്കാതെ ആണ്ടോടാണ്ട് സ്വാശ്രയപ്പൂരം നടത്തുന്നത് ഈ കച്ചവടം ഇങ്ങനെ തന്നെ തുടര്‍ന്നോട്ടെ എന്ന ചിന്തയില്‍ മാത്രമാണ്.


ഭരണ, പ്രതിപക്ഷ, മാനേജ്‌മെന്റ് ഭഗവതിമാര്‍ നിയമസഭയെ സാക്ഷിയാക്കി ഉപചാരം ചൊല്ലിപ്പിരിയുന്ന മുറക്ക്, അടുത്താണ്ടത്തെ പൂരം കൊഴുപ്പിക്കാമെന്ന ഉറപ്പോടെ ജനം പിരിയും. ഇത്തവണത്തെ പൂരത്തിന് ആകെയുള്ള നേട്ടം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുബാങ്കിലേക്ക് കടന്നുകയറിയ ശേഷം ഇനി തെരുവിലെ പ്രതിപക്ഷം തങ്ങളാണെന്ന് പ്രഖ്യാപിച്ച ബി ജെ പിയെ അപ്രസക്തമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നതാണ്. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും സംബന്ധിച്ച് അതൊരു ചെറിയ കാര്യമല്ല.