2016-10-21

ഗര്‍ഭമെന്ന തെറ്റും അലസലെന്ന തിരുത്തും


ഗര്‍ഭിണിയാകുന്നതിനും പ്രസവിക്കുന്നതിനുമൊക്കെ അധികാരം കൈയാളുന്ന പാര്‍ട്ടിയുമായോ മുന്നണിയുമായോ ബന്ധമുണ്ടോ? ഉണ്ടെന്ന് വേണം കരുതാന്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഈ സര്‍ക്കാര്‍, കുറച്ച് കൂടി കൃത്യമായി പറഞ്ഞാല്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി, ഏറ്റെടുക്കേണ്ടതില്ലെന്നാണ് നിയമ, പട്ടികവിഭാഗക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി എ കെ ബാലന്റെ അഭിപ്രായം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സി പി എമ്മിന്റെയോ ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന  മുന്നണിയുടെയോ രാഷ്ട്രീയ വിശദീകരണ യോഗത്തിലല്ല ഈ അഭിപ്രായ പ്രകടനം, മറിച്ച് നിയമസഭയിലാണ്. ജനങ്ങളോടുള്ള കടമ നിറവേറ്റിയിട്ടുണ്ടെന്ന് ജനപ്രതിനിധികളൊക്കെ ഉത്തരവാദിത്തത്തോടെ പറയേണ്ട നിയമസഭയില്‍.


പാലക്കാട് ജില്ലയിലെ അട്ടപ്പാടിയെന്ന, ആലപ്പുഴ ജില്ലയോളം വലുപ്പമുള്ള പ്രദേശം, ആദിവാസികള്‍ വസിക്കുന്ന പ്രദേശം എന്ന നിലക്ക് സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. അവിടെ കുടിയേറ്റം ആരംഭിച്ച കാലം മുതല്‍ ചൂഷണത്തിന് വിധേയരാകുന്ന വിഭാഗവുമാണ് അവര്‍. ആദിവാസികളുടെ ഭൂമി കുടിയേറ്റക്കാരുടെ കൈവശമായതോടെ, ഉപജീവനത്തിന് മാര്‍ഗമില്ലാതായി ഇക്കൂട്ടര്‍ക്ക്. അന്യാധീനപ്പെട്ട ഭൂമി തിരികെ നല്‍കാനാണ് ഇതേ നിയമസഭ ആദ്യം നിയമം പാസ്സാക്കിയത്. അത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ പ്രക്ഷോഭം നടന്നു. കുടിയേറ്റക്കാരെന്ന സമ്മര്‍ദത്തെ അതിജീവിക്കാനോ അവരൊരു വോട്ടുബാങ്കാണെന്ന മിഥ്യാധാരണയെ മറികടക്കാനോ സാധിക്കാതിരുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ നിയമം നടപ്പാക്കാന്‍ തുനിഞ്ഞതേയില്ല.


ആദിവാസികളുടെ ഭൂമി കൈയേറിയ കൈയേറ്റക്കാരെ അവിടെ തുടരാന്‍ അനുവദിച്ച്, ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കാനാണ് പിന്നീട് നിയമം കൊണ്ടുവന്നത്. എ കെ ബാലന്റെ കൂടി നേതാവായിരുന്ന ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഈ നിയമ നിര്‍മാണം. അതു കഴിഞ്ഞിട്ടും രണ്ട് പതിറ്റാണ്ടായി. ആദിവാസികള്‍ക്ക് ഭൂമി വിതരണം പൂര്‍ത്തിയായോ എന്ന് ചോദിച്ചാലോ ഈ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തിയാകുമോ എന്ന് ചോദിച്ചാലോ മന്ത്രി എ കെ ബാലന് മറുപടിയുണ്ടാകില്ല.


ഇക്കാലത്തിനിടെ ആദിവാസികളുടെ ക്ഷേമത്തിനായി ബജറ്റിലും പുറത്തും അനുവദിച്ച കോടികളിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്താനായോ എന്ന് ചോദിച്ചാലും നിലവാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ കോടികള്‍ എങ്ങോട്ട് പോയെന്ന് ചോദിച്ചാലും ഇങ്ങനെ ചോര്‍ന്ന പണത്തിന് ഉത്തരവാദികളെ കണ്ടെത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാലും എ കെ ബാലന് ഉത്തരമുണ്ടാകില്ല. അഞ്ച് മാസത്തോളം പ്രായമായ പിണറായി മന്ത്രിസഭയിലെ ഒരംഗത്തിന് ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കേണ്ട ബാധ്യതയുണ്ടോ എന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ പോരേ എന്നും വേണമെങ്കില്‍ തര്‍ക്കിക്കാം.
2006 മുതല്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്തും പട്ടികവിഭാഗ ക്ഷേമം ഭരിച്ചത് ഇതേ ബാലനായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ തര്‍ക്കത്തിന്റെ സാധ്യത കുറയും.


ഈ സമകാലിക ചരിത്രം ഓര്‍ത്തുകൊണ്ട് വേണം അട്ടപ്പാടിയിലെ ശിശു മരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ നല്‍കിയ മറുപടികളെ കാണാന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചിട്ടില്ലെന്നാണ് മറുപടിയുടെ ആദ്യഭാഗം. കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അത് അലസിപ്പോയതാണെന്നും. സ്ഥിതിവിവരത്തില്‍ ഇത് ശരിയാകാം. എന്തുകൊണ്ട് അലസിപ്പോകുന്നു? അമ്മയുടെ ആരോഗ്യ നില ഭദ്രമല്ലാത്തതുകൊണ്ടാകാം. ഗര്‍ഭസ്ഥ ശിശുവിന്റെ അനാരോഗ്യമാകാം. ഇത് രണ്ടാണെങ്കിലും പ്രതിസ്ഥാനത്ത് ഭരണകൂടമുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ മനസ്സിലാക്കണം. ഉപജീവനം മുന്നോട്ടുകൊണ്ടുപോകാന്‍ പാകത്തില്‍ ഭൂമിയോ തൊഴിലവസരമോ ഉണ്ടായിരുന്നുവെങ്കില്‍ അമ്മമാര്‍ക്ക് ആരോഗ്യമുണ്ടാകുമായിരുന്നു, അലസിപ്പോകുന്ന ഗര്‍ഭങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമായിരുന്നു. ഗര്‍ഭിണികളാകുന്ന ആദിവാസി സ്ത്രീകള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന് എത്ര പദ്ധതികള്‍ മുന്‍കാലത്ത് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതൊക്കെ എവിടെച്ചെന്ന് അവസാനിച്ചുവെന്നും മന്ത്രി പരിശോധിക്കുന്നതും നന്നായിരിക്കും. ഗര്‍ഭം അലസുന്നതിന് കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവല്ലേ എന്ന് സംസ്ഥാന മെഡിക്കല്‍ സര്‍വീസില്‍ മികച്ച സേവനം നടത്തി വിരമിച്ച, സി പി എമ്മിന്റെ പഴയ നേതാവ് പി കെ കുഞ്ഞച്ചന്റെ മകള്‍, ജമീലയോട് ചോദിച്ച് ഉറപ്പിക്കാവുന്നതുമാണ്.


അലസിയത് ഈ സര്‍ക്കാറിന്റെ കാലത്താണെങ്കിലും ഗര്‍ഭമുണ്ടായത് യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണെന്നും അവരുടെ കാലത്ത് വേണ്ടത്ര ശ്രദ്ധ ആദിവാസി മേഖലകളില്‍ ഉണ്ടാകാതിരുന്നതാണ് കാരണമെന്നും പറഞ്ഞുവെക്കുകയാണ് മറുപടിയുടെ രണ്ടാം ഭാഗത്ത്. അതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന്, ശ്ലീലത്തില്‍ കുറവുണ്ടോ എന്ന് സംശയിക്കാവുന്ന വിധത്തില്‍ മറുപടി തുടരുകയും ചെയ്യുന്നു. ഈ മറുപടി കേള്‍ക്കുമ്പോള്‍ സഭക്കുള്ളിലിരുന്ന് വായപൊത്തിച്ചിരിച്ച മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ നമ്പൂതിരി ഫലിതം ആസ്വദിച്ചിട്ടുണ്ടാകാം, പക്ഷേ, ആ ദൃശ്യം നിങ്ങളെ നേതാക്കളായും ജനപ്രതിനിധികളായുമൊക്കെ നിശ്ചയിച്ച ജനങ്ങളിലുണ്ടാക്കുന്ന അവമതിപ്പിനെക്കുറിച്ച് കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.


യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഉരുവമെടുത്തത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അലസിയാല്‍ ഉത്തരവാദിത്തമില്ലെന്ന ന്യായം അംഗീകരിച്ചാല്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ തുടക്കത്തില്‍ അലസിയതൊക്കെ എ കെ ബാലന്‍ പട്ടിക വിഭാഗ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തായിരിക്കുമല്ലോ. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണോ കഴിഞ്ഞ അഞ്ച് വര്‍ഷം നിയമസഭയില്‍ ബാലന്‍ സംസാരിച്ചത് എന്ന് കൂടി സ്വയം പരിശോധിക്കുക, പാര്‍ട്ടി ഭാഷയില്‍ പറഞ്ഞാലൊരു സ്വയം വിമര്‍ശനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ശിശു മരണങ്ങള്‍ രാഷ്ട്രീയ അജണ്ടയാക്കി സന്ദര്‍ശനങ്ങള്‍ നടത്തിയതും പാര്‍ട്ടിയുടെ യുവ എം പി നിരാഹാര സമരം നടത്തിയതുമൊക്കെ മറക്കുകയും അരുത്.


കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായതും ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നതുമായ ശിശു മരണങ്ങളൊക്കെ മാറിമാറി ഭരിച്ച സര്‍ക്കാറുകളുടെ ശ്രദ്ധക്കുറവിന്റെയും ഇച്ഛാശക്തിയില്ലായ്മയുടെയും ഫലമാണ്. അത് ഇനിയുണ്ടാകില്ലെന്ന് ഉറപ്പാക്കാനും ആദിവാസികളില്‍ ഭൂരഹിതരായി അവശേഷിക്കുന്നവര്‍ക്ക് ഭുമിയും അതിജീവനം സാധ്യമാക്കും വിധത്തിലുള്ള തൊഴിലവസരവും ഉറപ്പാക്കി, അനിഷ്ട സംഭവങ്ങള്‍ ഇല്ലാതാക്കാനുമാണ് എ കെ ബാലനെ പട്ടിക വിഭാഗക്ഷേമ വകുപ്പിന്റെ ചുമതലയില്‍ ഇരുത്തിയത്. അല്ലാതെ 'വെടിവട്ടം' കൂടി സ്വയം ആസ്വദിക്കാനും ഒപ്പമുള്ളവരെ ചിരിപ്പിക്കാനുമല്ല.


സ്വന്തം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിക്കാന്‍ ലെറ്റര്‍ പാഡില്‍ ശിപാര്‍ശക്കത്ത് നല്‍കി പുതുമാതൃക സൃഷ്ടിക്കുകയും അതുവഴി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകുകയും ചെയ്ത ഇ പി ജയരാജന് പകരം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അടുത്ത സീറ്റ് ഉറപ്പിച്ചയാളാണ് എ കെ ബാലന്‍. മന്ത്രിസഭയിലേക്ക് സി പി എം നിയോഗിച്ച നേതാക്കളില്‍ രണ്ടാമനായെന്ന് ചുരുക്കം. ഇ പി ജയരാജനെപ്പോലെ തന്നെ സി പി എമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയിലെ അംഗവും. ആ നിലക്കുള്ള വളര്‍ച്ച  വ്യക്തി എന്ന നിലക്കുണ്ടായില്ലെങ്കില്‍ തെറ്റായിത്തീരും. ഇപ്പോഴത്തെയൊരു കാലാവസ്ഥയനുസരിച്ച് തിരുത്താന്‍ യോഗമുണ്ടാകാന്‍ സാധ്യത ഏറെയാണ്.