2016-10-03

അലിസേയും ഗുര്‍മെഹറും


രണ്ട് പെണ്‍കുട്ടികള്‍ - പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ് സ്വദേശിയായ അലിസേ ജാഫറും ഇന്ത്യന്‍ പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുര്‍മെഹര്‍ കൗറും.  അലിസേ ജാഫര്‍ ആരാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഗുര്‍മെഹര്‍ കൗര്‍, കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളാണ്. ഈ പെണ്‍കുട്ടികള്‍, അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും പെരുകുന്ന സംഘര്‍ഷത്തില്‍ ഖിന്നരാണ്. അതിന് അവര്‍ക്ക് സ്വന്തം ന്യായങ്ങളുണ്ട്. ഈ കുട്ടികള്‍ക്കുള്ള വിവേകവും ഔചിത്യബോധവും രാഷ്ട്രതന്ത്രജ്ഞരായി ചിത്രീകരിക്കപ്പെടുന്ന, ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികള്‍ക്ക്, അവരുടെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഉണ്ടാകുന്നില്ലല്ലോ എന്ന തോന്നല്‍ ഏത് രാജ്യസ്‌നേഹിക്കും ഉണ്ടായിപ്പോകും.

അമിതാഭ്‌ ബച്ചന്‍ ആശുപത്രിയിലാകുമ്പോള്‍ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്ന, രണ്‍ബീര്‍ കപൂറിന്റെ ചലച്ചിത്രം ഹിറ്റാകുമ്പോള്‍ അഭിമാനം കൊള്ളുന്ന, മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും ഗാനങ്ങളില്‍ അഭിരമിക്കുന്ന പാക്കിസ്ഥാന്‍കാരെക്കുറിച്ചാണ് അലിസേ ജാഫര്‍ എഴുതുന്നത്. 'അവരുടെ സ്മാരകങ്ങള്‍ നമ്മുടെ ചരിത്രം കൂടി ഉള്‍ച്ചേര്‍ന്നതാണ്, നമ്മുടെ ഭാഷ അവരുടെ വേരുകളില്‍ നിന്നുള്ളത് കൂടിയാണ്' എന്ന ബോധമുള്ളവരാണ് സാധാരണ പാക്കിസ്ഥാന്‍കാര്‍. ഈ വിചാരം നിലനില്‍ക്കുമ്പോഴും വൈകാരികമായ പ്രതികരണങ്ങളിലേക്ക് എങ്ങനെ പോകാനാകുന്നുവെന്നാണ് അലിസേ ജാഫര്‍ ചോദിക്കുന്നത്. 'നോക്കൂ കശ്മീരില്‍ നിങ്ങളെന്താണ് ചെയ്യുന്നത്? അതു ശരി ബലൂചിസ്ഥാനില്‍ നിങ്ങള്‍ കാട്ടുന്നതോ? നിങ്ങള്‍ ഉറി ആക്രമിച്ചു? കാര്‍ഗില്‍ നിങ്ങള്‍ മറന്നോ? ആദ്യം തുടങ്ങിയത് നിങ്ങളാണ്. അല്ല, ആദ്യം തുടങ്ങിയത് നിങ്ങളാണ്' പരസ്പരം കുറ്റപ്പെടുത്തുന്ന ഇത്തരം വൈകാരിക പ്രതികരണങ്ങള്‍ അലിസേ ജാഫര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതികരണങ്ങള്‍ കൊണ്ട് ഫലമെന്താണെന്ന് ചോദിക്കുന്നു.


മാട്ടിറച്ചി കഴിച്ചെന്ന്  ആരോപിച്ച് മുസ്‌ലിംകളെയും ദളിതുകളെയും ആക്രമിക്കുന്നതിനെക്കുറിച്ച് ഇവര്‍ക്കാര്‍ക്കും ആശങ്കയില്ല, അതേക്കുറിച്ച് ആരും ആരായുന്നുമില്ല. വ്രതം അവസാനിക്കും മുമ്പ് ഭക്ഷണം കഴിച്ചെന്ന് ആരോപിച്ച് ഹിന്ദുക്കളും മുസ്‌ലിംകളും ആക്രമിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് നമ്മളും മൗനം പാലിക്കുന്നു - അലിസേ ജാഫര്‍ തുടരുന്നു. ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരും നേരിടുന്ന ദുരിതങ്ങളെക്കുറിച്ച്, അവര്‍ ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയോ അതൊക്കെ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നവര്‍, ആക്രമണങ്ങളില്‍, സംഘര്‍ഷങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളെക്കുറിച്ച് ചിന്തിക്കുമോ എന്ന് അലിസേ ജാഫര്‍ ചോദിക്കുന്നു.


കാര്‍ഗില്‍ യുദ്ധത്തില്‍ പിതാവ് മരിക്കുമ്പോള്‍ തനിക്ക് രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞാണ് ഗുര്‍മെഹര്‍ കൗറിന്റെ ദൃശ്യ സന്ദേശം തുടങ്ങുന്നത്. പിതാവിന്റെ മരണത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് ആ രാജ്യത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചു, മുസ്‌ലിംകളെയും. എന്നാല്‍ പാക്കിസ്ഥാനെന്ന രാജ്യമോ മുസ്‌ലിംകളോ അല്ല, യുദ്ധമാണ് പിതാവിന്റെ ജീവനെടുത്തത് എന്ന് അമ്മ തന്നെ പഠിപ്പിച്ചു. യുദ്ധത്തെ, സംഘര്‍ഷങ്ങളെ തള്ളിക്കളയുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. അതിന് ആശയവിനിമയം നടത്തണമെന്ന് ഗുര്‍മെഹര്‍ കൗര്‍ പറയുന്നു. ഈ സമചിത്തത, രാഷ്ട്ര നേതാക്കള്‍ക്കുണ്ടാകാതെ പോകുന്നത് എന്തുകൊണ്ടെന്ന ചോദ്യം സ്വാഭാവികമായി ഉയരും.


പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക കേന്ദ്രത്തിന് നേര്‍ക്കുണ്ടായ ആക്രമണം, അത് മറവിയിലേക്ക് എത്തും മുമ്പ് ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ടെന്റിനു നേര്‍ക്കുണ്ടായ ആക്രമണം, രണ്ടിന്റെയും പിന്നില്‍ പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവരാണെന്നും അവര്‍ക്ക് വേണ്ട സഹായം ചെയ്തതും നിയന്ത്രിച്ചതും പാക്കിസ്ഥാനില്‍ നിന്നാണെന്നുമുള്ള വിവരം, അതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും ആ രാജ്യം അത് തള്ളിക്കളയുന്ന സ്ഥിതി. പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കണമെന്ന ആവശ്യം ആദ്യം രാഷ്ട്ര നേതാക്കളിലും അവരുടെ  പ്രസ്താവനകളിലൂടെ ജനങ്ങളിലും ഉയരുകയും അതൊരു സമ്മര്‍ദമായി വളരുകയും ചെയ്ത സാഹചര്യത്തിലാണ് 'സര്‍ജിക്കല്‍ ഓപറേഷന്‍' എന്ന പേരില്‍ ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്ന അതിര്‍ത്തി കടന്നുള്ള സൈനിക നടപടിക്ക് ഇന്ത്യ തയ്യാറായത്. 19 ജവാന്‍മാരുടെ ജീവനെടുത്തതിനുള്ള മറുപടിയായി ഇതെങ്കിലും വേണ്ടതല്ലേ എന്ന പൊതുബോധം നിലനില്‍ക്കുകയും അതിനെ ചോദ്യംചെയ്താല്‍ അത് രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നതാണ് സാഹചര്യം. അതുകൊണ്ട് തന്നെ തത്കാലം യുക്തിക്കും ബുദ്ധിക്കും നിരക്കുന്ന ചോദ്യങ്ങള്‍ ആരും ഉന്നയിക്കില്ല. കേന്ദ്ര സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തെ പിന്തുണച്ചും സൈന്യത്തിന്റെ ധീരതയെ പ്രകീര്‍ത്തിച്ചും സംഘഗാനം ആലപിക്കുക മാത്രമേ കരണീയമായുള്ളൂ.


നിയന്ത്രണ രേഖ കടക്കാന്‍ ലക്ഷ്യമിട്ട് പാക് അധീന കശ്മീരില്‍ നിലയുറപ്പിച്ച ഭീകരവാദികളുടെ താവളങ്ങള്‍ കൃത്യമായി നിര്‍ണയിക്കുകയും രാത്രിയുടെ അരണ്ട വെട്ടത്തില്‍ പരിചിതമല്ലാത്ത ഭൂപ്രദേശത്തെ രണ്ടോ മൂന്നോ കിലോമീറ്റര്‍ താണ്ടി ആക്രമിക്കുകയും കാര്യമായ ആഘാതം സൃഷ്ടിക്കുകയും ചെയ്തു ഇന്ത്യന്‍ സൈനികരെന്നാണ് മിലിറ്ററി ഓപറേഷന്റെ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിംഗ് അറിയിച്ചത്. ഇന്ത്യന്‍ സൈന്യം ഇതാദ്യമായി ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നു, അതിന് അനുമതി നല്‍കിയത് കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന നരേന്ദ്ര മോദിയുടെ   മികവാണ് എന്നാണ് പൊതുവിലുള്ള വ്യാഖ്യാനം. എന്നാല്‍ അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം പാക്കിസ്ഥാനെ ഔദ്യോഗികമായി അറിയിക്കാനും രാജ്യത്തെ ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു എന്നത് മാത്രമേ മികവായി അവകാശപ്പെടാനുള്ളൂ എന്നതാണ് വസ്തുത.


ജമ്മു കശ്മീരില്‍ തീവ്രവാദം ശക്തമായ 1990കളില്‍ അതിര്‍ത്തി കടന്നുള്ള 'ശസ്ത്രക്രിയ'കള്‍ പലത് നടത്തിയിട്ടുണ്ടെന്ന് സൈന്യത്തില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2003ല്‍ ഇരു രാഷ്ട്രങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതോടെ ഈ പതിവ് ഇന്ത്യന്‍ സൈന്യം നിര്‍ത്തിവെച്ചു. പിന്നീട് 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തി കടന്നുള്ള സാഹസിക ആക്രമണം സൈന്യം പുനരാരംഭിച്ചിരുന്നുവെന്ന് ഇത്തരം 'ശസ്ത്ര ക്രിയ'കളുടെ ഭാഗമായവര്‍ തന്നെ പറയുന്നുണ്ട്. പാക്കിസ്ഥാന് ആയുധം കൊണ്ടൊരു മറുപടി നല്‍കാന്‍ അമ്പത്തിയാറ് നെഞ്ചളവുള്ള നേതാവ് വരേണ്ടിവന്നുവെന്ന പ്രചാരണത്തില്‍ വലിയ കഴമ്പില്ലെന്ന് ചുരുക്കം.


ഇന്ത്യാ വിരുദ്ധ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് വേണ്ട സഹായം നല്‍കുകയും അവരുടെ പ്രവര്‍ത്തകരെ ആക്രമണത്തിന് സന്നദ്ധരാക്കുകയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട് പാക്കിസ്ഥാന്‍ എന്ന് ചൂണ്ടിക്കാട്ടുന്ന ഇന്ത്യ, അതിര്‍ത്തി കടന്ന് പലതവണ സൈനിക നീക്കം തന്നെ നടത്തിയിട്ടുണ്ട് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം സംഗതികള്‍ ഔദ്യോഗികമായി ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന ചെറുതല്ലാത്ത അപകടമുണ്ട്. പാക്കിസ്ഥാന്‍ സൈന്യം സ്വന്തം അതിര്‍ത്തിക്കുള്ളിലൊരു 'ശസ്ത്രക്രിയ' നടത്തുകയും ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയതാണെന്ന് ആരോപിക്കുകയും ചെയ്താല്‍ ലോക രാഷ്ട്രങ്ങള്‍ വിശ്വസിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുന്നിലുള്ളതുകൊണ്ടാണ് മുന്‍കാലത്ത് നടത്തിയ ഇത്തരം 'ശസ്ത്രക്രിയകള്‍' പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അന്നത്തെ ഭരണാധികാരികള്‍ തീരുമാനിച്ചത്. ആരോപണങ്ങളുണ്ടാകുകയും അതിന് വിശ്വാസ്യതയുണ്ടാകുകയും ചെയ്യുന്ന സാഹചര്യം നയതന്ത്രതലത്തില്‍ ഇത്രകാലം നിലനിര്‍ത്തിയ മേല്‍ക്കൈ ഇല്ലാതാക്കുമെന്ന് അവര്‍ കരുതിയിട്ടുമുണ്ടാകണം.


ഉറിയില്‍ ജവാന്‍മാരുടെ ജീവന്‍ പൊലിഞ്ഞതിന് പകരം ചെയ്തു, നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന പ്രഖ്യാപനം സാര്‍ക് ഉച്ചകോടിയില്‍ നിന്ന് നാല് അംഗ രാഷ്ട്രങ്ങള്‍ പിന്മാറിയതോടെ അര്‍ഥവത്തായി എന്നൊക്കെ അവകാശപ്പെടാന്‍ ഈ അവസരത്തില്‍ രാജ്യത്തിന് (നരേന്ദ്ര മോദി സര്‍ക്കാറിന്) സാധിക്കും. തുടര്‍ന്നുള്ള കാലത്ത് എന്ത് ചെയ്യും. പാക്കിസ്ഥാനും അവിടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകള്‍ക്കും ഇടപെടാന്‍ പാകത്തില്‍ കശ്മീര്‍ പ്രശ്‌നം ഇതുപോലെ നിലനിര്‍ത്തുമോ? അതോ അവിടുത്തെ എല്ലാ വിഭാഗവുമായി ആശയവിനിമയം നടത്താനും രാഷ്ട്രീയ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയെങ്കിലും നല്‍കാനും ശ്രമിക്കുമോ?


അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പലപ്പോഴും ആഭ്യന്തര പ്രശ്‌നങ്ങളെ ജനശ്രദ്ധയില്‍ നിന്ന് മാറ്റാന്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇവിടെയും അത് സംഭവിച്ചിട്ടുണ്ട്. ഉറി ആക്രമണവും തുടര്‍ന്നുണ്ടായ നയതന്ത്ര, സായുധ ഇടപെടലുകളും കശ്മീരിലെ സംഘര്‍ഷങ്ങളെ, അവിടുത്തെ ജനങ്ങളുടെ ദുരിതത്തെ, സൈന്യം നടത്തുന്നതായി ആരോപിക്കപ്പെടുന്ന അമിത ബലപ്രയോഗത്തെ ഒക്കെ ജനശ്രദ്ധയില്‍ നിന്ന് അകറ്റിയിരിക്കുന്നു. അര്‍ധ സൈനിക വിഭാഗത്തിലെ അംഗങ്ങള്‍ പ്രയോഗിച്ച പെല്ലറ്റേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്നലെ മരിച്ചിരുന്നു. ഒരു ടെലിവിഷന്‍ സ്‌ക്രീനിലും അത് വാര്‍ത്തയായില്ല. ദേശീയ ദിനപത്രങ്ങളില്‍ ഭൂരിഭാഗത്തിനും അത് പ്രസിദ്ധം ചെയ്യേണ്ട വാര്‍ത്തയായി തോന്നിയില്ല.


കൂടുതല്‍ വലുപ്പമുള്ള ഒന്നുണ്ടാകുമ്പോള്‍ ചെറുതാകുകയോ മറവിയിലേക്ക് നീങ്ങുകയോ ചെയ്യുന്ന ചിലത് കൂടുതല്‍ വലുപ്പമുള്ളവക്ക് കാരണങ്ങളായി ഭവിക്കുന്നുവെന്ന തോന്നല്‍ ഭരണ നേതൃത്വങ്ങള്‍ക്ക് ഇല്ലാതെ പോകുന്നുവെന്നാണ് അലിസേ ജാഫറും ഗുര്‍മെഹര്‍ കൗറും പറഞ്ഞുതരുന്നത്. കശ്മീരിലെയും ബലൂചിസ്ഥാനിലെയും ജനങ്ങളെക്കുറിച്ച് അതാത് ഭരണകൂടങ്ങള്‍ ഓര്‍ക്കണമെന്ന്, അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിലൂടെ സംഘര്‍ഷാന്തരീക്ഷം ഒഴിവാക്കാനാകുമെങ്കില്‍ അതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന്, മാട്ടിറച്ചിയുടെ പേരില്‍ ജീവനുകള്‍ ഇല്ലാതാക്കപ്പെടുന്ന സാഹചര്യം ഇല്ലാതാകണമെന്ന്, വ്രതം മുറിക്കും മുമ്പ് ഭക്ഷണം കഴിച്ചുവെന്നതിന്റെ പേരില്‍ ന്യൂനപക്ഷമായ ഇതര മതസ്ഥര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു. അതൊക്കെ നിലനില്‍ക്കുന്നതിന്റെ തുടര്‍ച്ചയാണ് വൈകാരികമായ ഈ വെല്ലുവിളികള്‍, നീയല്ലേ ആദ്യം തുടങ്ങിയത് എന്ന കുറ്റപ്പെടുത്തലുകളൊക്കെ. രാഷ്ട്രത്തിന്റെയും അതിന് നേതൃത്വം നല്‍കുന്നവരുടെയും അഭിമാനബോധത്തേക്കാള്‍ വലുതാണ് മനുഷ്യരുടെ ജീവനെന്ന് ഈ കുട്ടികള്‍ ഓര്‍മിപ്പിക്കുന്നു.


'ശത്രുരാജ്യത്തെ' സൈനികരോ അവിടെ ഭൂരിപക്ഷമായ മുസ്‌ലിംകളോ അല്ല യുദ്ധമാണ് തന്റെ പിതാവിന്റെ ജീവനെടുത്തത് എന്ന് ഗുര്‍മെഹര്‍ കൗറിന് ചെറുപ്രായത്തില്‍ തന്നെ തിരിച്ചറിയാനായി. പ്രായമേറെയായിട്ടും അനുഭവപരിചയം സിദ്ധിച്ചിട്ടും രാഷ്ട്ര നേതാക്കള്‍ക്ക് അത് തിരിച്ചറിയാനാകുന്നില്ല, അവര്‍ തിരിച്ചറിയുകയുമില്ല. അവര്‍ക്കിതൊക്കെ അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍, അധികാരത്തുടര്‍ച്ച ഉറപ്പാക്കാന്‍, കൂടുതലിടങ്ങളില്‍ അധികാരം സ്ഥാപിക്കാന്‍ ഒക്കെയുള്ള ഉപാധികളാണ്. ഒപ്പം വലിയ (ആയുധ) കച്ചവടത്തിന്റെയും.

No comments:

Post a Comment