2015-02-13

ഒറ്റുകാരന്റെ ഭാഷ, രാജ്യസ്‌നേഹിയുടെ മുഖം


ചോദ്യം 11: ആണവ അപകടമുണ്ടായാല്‍ സി എന്‍ എല്‍ ഡി നിയമത്തിന് (ആണവ അപകടമുണ്ടായാലുള്ള നഷ്ടപരിഹാര ബാധ്യത നിര്‍വചിക്കുന്ന നിയമം) പുറത്തുള്ള നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ 46-ാം വകുപ്പ് അനുവദിക്കുന്നുണ്ടോ?


ഉത്തരം: 46-ാം വകുപ്പിന്റെ വിശാല സാധ്യതകളെക്കുറിച്ചുള്ള ആശങ്ക, സ്വദേശ - വിദേശ വിതരണക്കമ്പനികള്‍ ഉയര്‍ത്തിയിരുന്നു. സി എന്‍ എല്‍ ഡി നിയമത്തിലെ 46-ാം വ്യവസ്ഥ നല്‍കുന്നത് ഇതാണ് - ''ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഇന്ന് നിലനില്‍ക്കുന്ന ഒരു നിയമത്തെയും റദ്ദുചെയ്യുന്നതാവില്ലെന്ന് മാത്രമല്ല, അത്തരം എല്ലാ നിയമങ്ങള്‍ക്കും പുറത്തായിരിക്കുകയും ചെയ്യും. നിലനില്‍ക്കുന്ന നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ച് ആണവ സാമഗ്രികളുടെ ദാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്ന സാഹചര്യങ്ങളൊന്നും തന്നെ പുതിയ നിയമത്തോടെ ഇല്ലാതാകുന്നില്ല.'' ടെലികോം റെഗുലേറ്ററി അതോറിറ്റി നിയമം, വൈദ്യുതി നിയമം, സെക്യൂരിറ്റീസ് ആന്‍ഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിയമം, ഇന്‍ഷുറന്‍സ് കമ്മീഷന്‍ നിയമം എന്നിവയിലെല്ലാം ഉപയോഗിച്ച ഭാഷക്ക് സമാനമായതാണ് സി എന്‍ എല്‍ ഡി നിയമ (2010) ത്തിന്റെ 46-ാം വകുപ്പിലുള്ളത്. നിര്‍ദിഷ്ട നിയമങ്ങള്‍ അതിന് നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ തുടര്‍ന്നും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് അടിവരയിടാന്‍ മാത്രം പതിവായി ചേര്‍ക്കുന്നതാണ് ഈ ഭാഷ.


അമേരിക്കയുമായുണ്ടാക്കിയ സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കുന്നതിനുള്ള ഭരണപരമായ കാര്യങ്ങളില്‍ ധാരണയായെന്ന്, യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് ശേഷം പ്രഖ്യാപനമുണ്ടായതോടെ പൊതുവില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന ആമുഖത്തോടെ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചതില്‍ നിന്നുള്ള ഉദ്ധരണിയാണ് മുകളില്‍. ഇന്ത്യന്‍ യൂനിയന്റെ പാര്‍ലിമെന്റ് പാസാക്കിയ ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകളെ മറികടന്ന്, വിദേശ കമ്പനികള്‍ക്ക്, വിശിഷ്യാ അമേരിക്കന്‍ കമ്പനികള്‍ക്ക്, ഇളവ് നല്‍കാമെന്ന ഉറപ്പിലാണ് കരാര്‍ പ്രാബല്യത്തിലാക്കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യത, പൂര്‍ണമായും ഇന്ത്യ ഏറ്റെടുക്കുന്നുവെന്നും അതിനായി പൊതുമേഖലാ കമ്പനികളുള്‍പ്പെട്ട ഇന്‍ഷ്വറന്‍സ് നിധിയുണ്ടാക്കുമെന്നും ഒബാമയുടെ സന്ദര്‍ശനത്തിനിടെ വിദേശകാര്യ സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായിരുന്നു.



ഇന്ത്യയുടെ ആണവ ബാധ്യതാ നിയമത്തിലെ മറ്റ് വ്യവസ്ഥകളെ ഏത് വിധത്തിലാണ് അമേരിക്കക്ക് സ്വീകാര്യമാക്കിയത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ കുറിപ്പില്‍ നിന്ന് മനസ്സിലാക്കേണ്ടത്. അതില്‍ രാജ്യ താത്പര്യം എത്രത്തോളം സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നും.


ഇന്ത്യ പാസാക്കിയ ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകള്‍ ആണവ അപകടമുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരം പരാമര്‍ശിക്കുന്ന അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകളുമായി യോജിച്ച് പോകുന്നതാണെന്ന് സ്ഥാപിക്കാനാണ് വിദേശകാര്യ മന്ത്രാലയം യഥാര്‍ഥത്തില്‍ ശ്രമിക്കുന്നത്. അത് അമേരിക്കയെ ബോധ്യപ്പെടുത്താനായെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആണവകരാര്‍ പ്രാബല്യത്തിലാക്കാന്‍ അവര്‍ സമ്മതിച്ചുവെന്നും. ആണവ അപകടമുണ്ടായാല്‍ അതിന് ഇരയാകുന്നവര്‍ക്കും അപകടമുണ്ടായ ആണവ സംവിധാനത്തിന്റെ നടത്തിപ്പുകാര്‍ക്കും (ഇന്ത്യയില്‍ അത് ആണവോര്‍ജ കോര്‍പ്പറേഷനാണ്) നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടികള്‍ ആരംഭിക്കാമെന്നും ഇന്ത്യയുടെ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.


ഇതിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ മറികടക്കുന്ന വിധം ഇങ്ങനെയാണ് - അപകടമുണ്ടായാല്‍ നഷ്ടപരിഹാരത്തിനായി വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് മാത്രമേ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തില്‍ പറയുന്നുള്ളൂ. കോടതിയെ സമീപിക്കണമെന്നത് നിര്‍ബന്ധമല്ല. ആണവ സാമഗ്രികളുടെ വിതരണക്കാരായ കമ്പനിയും നടത്തിപ്പ് ഏജന്‍സിയും തമ്മില്‍ കരാറുണ്ടാക്കുമ്പോള്‍, കോടതിയെ സമീപിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നത് രേഖപ്പെടുത്തിയാല്‍ മതിയാകും. ആണവ സാമഗ്രികളുടെ വിതരണവും അതിന്റെ പ്രയോഗവും കരാറിന്റെ ബലത്തിലാണ് നടക്കുക. അതുകൊണ്ട് കരാറിലില്ലെങ്കില്‍ നടത്തിപ്പ് ഏജന്‍സിക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കില്ല. കരാറാകട്ടെ, പാര്‍ലിമെന്റ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കുകയും ചെയ്യും.
അമേരിക്കന്‍ കമ്പനികളുമായി ആണവോര്‍ജ കോര്‍പ്പറേഷന്‍ ഉണ്ടാക്കുന്ന കരാറില്‍, അപകടമുണ്ടായാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ നടത്തിപ്പ് ഏജന്‍സിക്കോ ഇരകളാകുന്നവര്‍ക്കോ അവകാശമുണ്ടാകില്ലെന്ന് രേഖപ്പെടുത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം മധുര സുന്ദരമായ നയതന്ത്ര ഭാഷയില്‍ പറഞ്ഞുവെക്കുന്നത്.



നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുക എന്ന് നിയമപ്രകാരം നിര്‍ബന്ധമല്ല. അതുകൊണ്ട് കോടതിയെ സമീപിക്കില്ല എന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തുന്നത് നിയമ വ്യവസ്ഥയുടെ ലംഘനമാകില്ല തന്നെ. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍ നിയമം ആവിഷ്‌കരിച്ചപ്പോള്‍ ഒളിപ്പിച്ചുവെച്ച പഴുത് സമര്‍ഥമായി ഉപയോഗിക്കുന്നൂ, നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ചുരുക്കം.


അപകടമുണ്ടായാല്‍ പരമാവധി നല്‍കേണ്ട നഷ്ടപരിഹാരം 2160 കോടി രൂപയാണ്. അതില്‍ തന്നെ ഇന്‍ഷ്വറന്‍സ് നിധിയായി നിര്‍ദേശിക്കുന്നത് 1,500 കോടി. നിധിയിലേക്ക് പൊതുമേഖലാ കമ്പനികളാകെ ചേര്‍ന്ന് കരുതേണ്ടത് 750 കോടി. ബാക്കി 750 കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 1500 കോടിയിലേറെ രൂപ നഷ്ടപരിഹാരമായി നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ ബാക്കി തുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇത്രയൊക്കെയാണെങ്കിലും അതൊന്നും നികുതിദായകരുടെ പോക്കറ്റില്‍ നിന്ന് നല്‍കേണ്ടതില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന തുക ആര്‍ എസ് എസ്സിന്റെയോ ബി ജെ പിയുടെയോ മോദി മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി വരെയുള്ളവരുടെ ആസ്തിവകകള്‍ വിറ്റ് സമാഹരിച്ചാല്‍പ്പോലും അത് ഇന്ത്യന്‍ യൂനിയനിലെ അംഗങ്ങളുടെ പണമായിരിക്കും. ഇന്‍ഷ്വറന്‍സ് നിധിയുണ്ടാക്കുന്നതിന് നടത്തിപ്പ് ഏജന്‍സിയായ ആണവോര്‍ജ കോര്‍പ്പറേഷന്‍ വര്‍ഷം തോറും പ്രീമിയം അടയ്ക്കണം. ആ തുകയും പൊതുജനത്തിന്റെ ബാധ്യതയാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചുണ്ടാക്കുന്ന വൈദ്യുതി വില്‍ക്കുമ്പോള്‍ പ്രീമിയത്തിന് ചെലവാകുന്ന തുക കൂടി ഈടാക്കുകയാകും ആണവോര്‍ജ കോര്‍പ്പറേഷന്‍ ചെയ്യുക. ജനമറിയാതെ, അവരുടെ പോക്കറ്റില്‍ നിന്ന് ഈ തുക ചോര്‍ത്തിയെടുക്കുമെന്ന് ചുരുക്കം.


ഇനി ആദ്യമുദ്ധരിച്ച ചോദ്യോത്തരത്തിലേക്ക് വരാം. അപകടമുണ്ടായാല്‍, അത് വ്യവഹരിക്കുന്ന പല നിയമങ്ങളും രാജ്യത്ത് നിലവിലുണ്ട്.  അത്തരം നിയമങ്ങളുടെ പരിധിയില്‍ ആണവ അപകടം വരുമെന്നും അവയുടെ വ്യവസ്ഥകള്‍ അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ ഉപയോഗിക്കുന്നതിന് ആണബ ബാധ്യതാ നിയമം തടസ്സമല്ലെന്നുമാണ് 46-ാം വകുപ്പ് പറയുന്നത്. എന്നാല്‍ ഇതൊരു ആലങ്കാരിക പ്രയോഗം മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. നിയമത്തില്‍ അങ്ങനെ പല ഭാഷകളുംപ്രയോഗിക്കും. അതൊന്നും നടപ്പാക്കേണ്ടതല്ലെന്നാണ് നരേന്ദ്ര മോദി ഭരണകൂടം പറഞ്ഞുവെക്കുന്നത്. പാര്‍ലിമെന്റ് പാസാക്കിയ നിയമവ്യവസ്ഥകളില്‍ പലതും ആലങ്കാരിക ഭാഷാ പ്രയോഗങ്ങള്‍ മാത്രമാണെന്നും പാലിക്കപ്പെടണമെന്ന് നിര്‍ബന്ധമില്ലെന്നും നിയമം നടപ്പാക്കാന്‍ ഭരണഘടനാപരമായി ബാധ്യതപ്പെട്ട ഒരു ഭരണകൂടം ജനങ്ങളോട് പറയുന്നത് ആദ്യമായിട്ടായിരിക്കും.


വംശഹത്യ മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ വരെ പ്രതിസ്ഥാനത്തു നിന്ന കേസുകളിലൊക്കെ നിയമ വ്യവസ്ഥയെ അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാനും സര്‍ക്കാറിന്റെ കേസ് രേഖകള്‍ ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് അയച്ച് പ്രതികളെ രക്ഷിക്കാനുള്ള ന്യായങ്ങള്‍ കണ്ടെത്താന്‍ വഴിയുണ്ടാക്കാനും മടിയില്ലാത്തവര്‍ ഭരിക്കുമ്പോള്‍ ഇതല്ല, ഇതിലപ്പുറവും പ്രതീക്ഷിക്കണം. അത്തരം തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ മടിയുണ്ടാവില്ല എന്നത് ഏകാധിപത്യത്തിന്റെ പ്രകടനം കൂടിയാണ്.


ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ ഭാഷാ നൈപുണ്യം മാലോകരെ അറിയിക്കാന്‍ മാത്രമുദ്ദേശിച്ചുള്ളതാണെന്ന്  വോട്ടര്‍മാരായ ജനങ്ങളോട് മാത്രമല്ല, അമേരിക്കയോടും അതുവഴി മറ്റ് രാഷ്ട്രങ്ങളോടുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പറയുന്നത്. പാര്‍ലിമെന്റ്, അത് പാസാക്കുന്ന നിയമങ്ങള്‍ വ്യാഖ്യാനിച്ച് നീതി നടപ്പാക്കുന്ന നീതിന്യായവ്യവസ്ഥ, അത്തരം സംവിധാനങ്ങളുടെയാകെ കാവല്‍ക്കാരായ ജനങ്ങള്‍ ഇവയൊക്കെ ഇവിടെ പരിഹസിക്കപ്പെടുകയാണ്.


ഏത് നിയമവും സ്വന്തം ഇഷ്ടത്തിനനുസരിച്ച് വായിച്ച് നടപ്പാക്കാന്‍ സാധിക്കുന്ന ഭരണകൂടത്തെ, നിലനില്‍ക്കുന്ന നിയമത്തിലെ വ്യവസ്ഥകളെ ലംഘിക്കാന്‍ മടികാട്ടാത്ത ഭരണകൂടത്തെ, ആ ലംഘനത്തിന് തടസ്സമുണ്ടാവാതിരിക്കാന്‍ മറ്റ് നിയമങ്ങളുടെ വ്യവസ്ഥകളൊക്കെ അലങ്കാരത്തിനുള്ളവ മാത്രമാണെന്ന് പറയുന്ന ഭരണകൂടത്തെ നിസ്സംഗമായി ചുമക്കുന്ന 130 കോടിയാണ് ഇവിടെയുള്ളത് എന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് നരേന്ദ്ര മോദിയും സംഘവും. ഇത്തരം പ്രവര്‍ത്തനങ്ങളെയാണോ 'ഒറ്റ്' എന്ന് വിശേഷിപ്പിക്കുന്നത്? ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെയാണോ ഒറ്റുകാര്‍ എന്ന് വിളിക്കുന്നത്? ക്ഷമിക്കുക, ഇവിടെ ഇവരാണ് യഥാര്‍ഥ 'രാജ്യ സ്‌നേഹി'കള്‍. അല്ലെങ്കില്‍ അവര്‍ മാത്രമാണ് 'രാജ്യ സ്‌നേഹി'കള്‍.


ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പും സന്ദര്‍ശനക്കാലത്തും നടന്ന 'പര്‍ദക്ക് പിറകില്‍ ഇരുന്നോട്ടെ', എന്ന് നരേന്ദ്ര മോദി തന്നെ ജനങ്ങളോട് പറഞ്ഞ സംഭാഷണങ്ങളില്‍ നടന്നത് എന്തൊക്കെ എന്ന് പതുക്കെപ്പതുക്കെ പുറത്തുവരികയാണ്. അമേരിക്കയുടെ കമ്പനികള്‍ക്ക് ബാധ്യതയൊഴിവാക്കി നല്‍കി, റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതോത്പാദനം വര്‍ധിക്കുമെന്നും അതുവഴി വ്യാവസായിക - കാര്‍ഷിക മേഖലകളുടെ വികസനത്തിന് വഴിയൊരുങ്ങുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിയാക്ടറുകളുടെ വില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നും അതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും ലാഭകേന്ദ്രീകൃതമായ ഉത്പാദനത്തിന് ഈ വൈദ്യുതിയെ ആശ്രയിക്കാനാകില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതിനിടെ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് റിയാക്ടറുകള്‍ വാങ്ങുന്നത്, അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമേ പ്രയോജനപ്പെടൂ. എന്നിട്ടും അതിനായി പാര്‍ലിമെന്റിനെയും നിയമങ്ങളെയും നീതിന്യായ വ്യവസ്ഥയെയുമൊക്കെ അവഹേളിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകുന്നുവെങ്കില്‍ അടിമത്തം അംഗീകരിക്കുന്നുവെന്ന് തന്നെയാണ് അതിന്റെ അര്‍ഥം.


56 ഇഞ്ച് നെഞ്ചുവലിപ്പം, സ്വന്തം പേര് ആയിരം വട്ടമെഴുതിയ കോട്ട്, ബരാകും ഞാനുമെന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം ഇവയൊക്കെ    ചില കണ്‍കെട്ടുകള്‍ മാത്രം. ഹൈപ്പ് നിലനിര്‍ത്താന്‍ ഏകാധിപതികള്‍ എക്കാലവും സ്വീകരിച്ച കണ്‍കെട്ടുകള്‍.


ആയതിനാല്‍ റിയാക്ടറുകള്‍ വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാം. പശ്ചിമ ബംഗാളിലെ ഹരിപ്പൂരിലും ഗുജറാത്തിലെ ഭാഗ്‌നഗറിലും മഹാരാഷ്ട്രയിലെ ജയ്താപൂരിലുമൊക്കെ നേരത്തെ ഉയര്‍ന്ന, ഇനിയും ഉയരാനിടയുള്ള പ്രതിഷേധങ്ങളെ മാവോയിസ്റ്റ് പ്രേരിതമെന്നോ മാവോയിസ്റ്റുകളുടെ നേരിട്ടുള്ള പ്രവര്‍ത്തനമെന്നോ വിദേശസഹായം സ്വീകരിച്ച് ഊര്‍ജ സ്വയംപര്യാപ്തത ആര്‍ജിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന രാജ്യദ്രോഹികളെന്നോ ഒറ്റുകാരെന്നോ വിശേഷിപ്പിക്കുന്ന രേഖകള്‍ തയ്യാറാക്കിത്തുടങ്ങാം. ഇത്തരം രേഖകളിലെ ഭാഷ ഒരിക്കലും ആലങ്കാരികമല്ലല്ലോ!!

2015-02-12

ഹൈപ്പിന് മുഖമടച്ച് ഒരടി


കൃത്രിമമായി സൃഷ്ടിക്കുകയും പ്രചണ്ഡമായ പ്രചാരണത്തിലൂടെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന 'ഹൈപ്പു'കള്‍ക്ക് മുഖമടച്ച് കിട്ടിയ അടി - ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വലിയ വിജയം വിശാലമായ അര്‍ഥത്തില്‍ അതാണ്. ഇന്ത്യന്‍ യൂനിയനിലുള്ള ജനവിഭാഗങ്ങളുടെയാകെ പ്രാതിനിധ്യമുള്ള തലസ്ഥാനം രാമന്റെ മക്കളെത്തള്ളി പിതൃശൂന്യരെ സ്വീകരിക്കുമ്പോള്‍ അതിന് സംസ്ഥാനത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് പ്രാധാന്യമുണ്ട്. ഡല്‍ഹിയില്‍ 'എന്നെ അനുസരിക്കുന്ന ഒരു മുഖ്യമന്ത്രി വേണ'മെന്ന് ജനാധിപത്യ സമ്പ്രദായത്തില്‍ അധികാരമേറിയ ഏകാധിപതി ആവശ്യപ്പെട്ടപ്പോള്‍ 'നിങ്ങളെ അനുസരിക്കാത്ത മുഖ്യമന്ത്രിയെയാണ് ഞങ്ങള്‍ക്ക് വേണ്ടത്' എന്ന് ജനം വിധിയെഴുതുമ്പോള്‍ ആ പ്രാധാന്യം വര്‍ധിക്കുന്നു. ഡല്‍ഹി സംസ്ഥാനത്തിന്റെ അതിരുകള്‍ക്കുള്ളിലേക്ക് ചുരുക്കിയാല്‍, നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാറിന്റെ പോലീസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു തുറന്ന ജയിലും, അതിന്റെ മേല്‍നോട്ടത്തിന് കിരണ്‍ ബേദിയുമെന്ന സങ്കല്‍പ്പത്തെ ജനം ശങ്കയേതുമില്ലാതെ തൂത്തെറിഞ്ഞുവെന്ന് പറയാം.


2013ല്‍ ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി 31 സീറ്റ് നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടി 28 സീറ്റ് നേടിയപ്പോള്‍ 15 വര്‍ഷം ഭരണത്തിലിരുന്ന കോണ്‍ഗ്രസ് എട്ട് സീറ്റിലൊതുങ്ങി. മൂന്ന് സീറ്റ് മറ്റുള്ളവര്‍ക്കായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബി ജെ പിയാണ് നേടിയത്. ഒരു സീറ്റില്‍ രണ്ട് ലക്ഷത്തിലധികവും ബാക്കി സീറ്റുകളിലെല്ലാം ഒരു ലക്ഷത്തിലധികവും വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ബി ജെ പിയുടെ സ്ഥാനാര്‍ഥികള്‍ക്ക്. ഒമ്പത് മാസത്തിനിപ്പുറം 2015 ഫെബ്രുവരിയില്‍ ജനം നല്‍കിയ വിധി ഇങ്ങനെയാണ് -ആം ആദ്മി പാര്‍ട്ടിക്ക് 67 സീറ്റ്. ബി ജെ പിക്ക് മൂന്ന്. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ചിത്രത്തിലേ ഇല്ല. ആകെ പോള്‍ ചെയ്തതിന്റെ 54 ശതമാനത്തിലധികം വോട്ട് ആം ആദ്മി പാര്‍ട്ടി നേടിയിട്ടുണ്ട്. ബി ജെ പിക്ക് ലഭിച്ചത് 32. 2 ശതമാനം വോട്ട്. 2013ല്‍ ബി ജെ പിക്ക് ലഭിച്ചതിനെ അപേക്ഷിച്ച് ഒരു ശതമാനം കുറവ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ച 31.14 ശതമാനത്തേക്കാള്‍ ഒരു ശതമാനം അധികം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി ജെ പിക്കും ഹൈന്ദവ ദേശീയതക്ക് വേണ്ടി നിലകൊള്ളുന്ന ആര്‍ എസ് എസിനും സമാഹരിക്കാവുന്ന പരമാവധി വോട്ട് ഇത്രയും മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ബാക്കി 69 ശതമാനത്തിന് വിശ്വസിക്കാവുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ അപര്യാപ്തതയാണ് 54 ശതമാനത്തിലധികം വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കുമ്പോള്‍ ജനം ഉയര്‍ത്തിക്കാട്ടുന്നത്.


യു പി എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന സമാനതകളില്ലാത്ത അഴിമതി ആരോപണങ്ങളുടെ സാഹചര്യത്തില്‍ ജന ലോക്പാല്‍ ബില്ലെന്ന ആശയം മുന്നോട്ടുവെച്ച് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളും ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ഉയര്‍ന്ന ജനരോഷവുമാണ് ആം ആദ്മി പാര്‍ട്ടിയുടെ രൂപവത്കരണത്തിലേക്ക് നയിച്ചത്. 2013ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എ എ പിയുടെ സാധ്യതകളെക്കുറിച്ചുള്ള വലിയ അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയും അതിന്റെ ഓളങ്ങളാല്‍ ആം ആദ്മി ആള്‍ക്കൂട്ടം മുന്നോട്ടുനീങ്ങുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ പൂജ്യരാകുകയും ആള്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലേക്ക് പൊടുന്നനെ എത്തിയ എ എ പി നേതാക്കള്‍ പരസ്പരം ചെളിവാരിയെറിയാന്‍ തുടങ്ങുകയും ചെയ്തതോടെ ഈ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതി. അത്തരമൊരു സാഹചര്യത്തില്‍ ആള്‍ക്കൂട്ടത്തെ പാര്‍ട്ടിയെന്ന വ്യവസ്ഥാപിത സമ്പ്രദായത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയും നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ മത്സരിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രായോഗിക മാര്‍ഗങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുകയും ചെയ്തു അരവിന്ദ് കെജ്‌രിവാള്‍. അതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ കാണുന്നത്.


അതിനൊപ്പം അധികാരത്തിലിരുന്ന 49 ദിവസം സ്വീകരിച്ച നടപടികള്‍, അതുണര്‍ത്തിയ വിശ്വാസ്യത, അത്തരം നടപടികളുടെ തുടര്‍ച്ചയുണ്ടാകുമെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ സാധിച്ചത് ഒക്കെ വോട്ടിന്റെ രൂപത്തില്‍ എ എ പിയെ തുണച്ചിരിക്കുന്നു. ഒപ്പം ജനങ്ങളുമായി നിരന്തര ബന്ധം നിലനിര്‍ത്തുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങളും. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ കരം യുക്തിസഹമാക്കുമെന്ന പ്രഖ്യാപനവും എപ്പോഴാണ് ഇറങ്ങിപ്പോകേണ്ടത് എന്ന ഭീതിയില്‍ ജീവിക്കുന്ന ചേരി നിവാസികള്‍ക്ക് സുരക്ഷിത ആവാസം ഉറപ്പാക്കുമെന്ന വാഗ്ദാനവും ജനം മുഖവിലക്കെടുത്തിട്ടുണ്ടാകണം.


ഇത്രയും വലിയ വിജയം നേടാന്‍, ഈ പ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങളും മതിയായിരുന്നോ എന്ന സംശയം ബാക്കിയാകുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കാനൊരുങ്ങുന്ന നയങ്ങളും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും മൗനാനുവാദത്തോടെ സംഘ്പരിവാരം തുടക്കമിട്ട വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ഈ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മോദി അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായ ത്രിലോക്പുരി, ബവാന എന്നീ മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചത് വലിയ ഭൂരിപക്ഷത്തിലാണ്. ത്രിലോക്പുരിയില്‍ 30,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്; ബവാനയില്‍ 50,000ത്തില്‍ അധികവും. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഭൂരിപക്ഷമത വിഭാഗത്തിലെ വോട്ടുകളെ ഏകീകരിക്കാനുള്ള ശ്രമത്തെ ജനം ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞുവെന്ന് വ്യക്തം. വര്‍ഗീയമായ ചേരിതിരിവുണ്ടായതില്‍ ബി ജെ പി പിന്നാക്കം പോയതാണെങ്കില്‍, ഇത്രയും വലിയ ഭൂരിപക്ഷം എ എ പിക്ക് കിട്ടുമായിരുന്നില്ല.


യു പി എ സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്ന അഴിമതിക്കും വിലക്കയറ്റത്തിനും ഇടയാക്കുന്നതും ജനങ്ങളുടെ ആനുകൂല്യങ്ങളെയാകെ ഇല്ലാതാക്കുന്നതുമായ നയങ്ങളെ വേഗത്തില്‍ നടപ്പാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത് എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കെങ്കിലും ബോധ്യപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുമ്പോള്‍, അതിന്റെ ആനുകൂല്യം ജനത്തിന് നല്‍കാതിരിക്കുന്ന സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഡല്‍ഹിയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതലയുള്ള റിലയന്‍സ് ഏത് വിധത്തിലാണ് തങ്ങളെ പിഴിഞ്ഞ് ലാഭമുണ്ടാക്കുന്നത് എന്ന് 49 ദിവസത്തെ ഭരണത്തിനിടെ അരവിന്ദ് കെജ്‌രിവാള്‍ ജനത്തെ അറിയിച്ചു. റിലയന്‍സിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനും പ്രകൃതിവാതക വില നിശ്ചയിച്ചതില്‍ ക്രമക്കേട് ആരോപിച്ച് മുകേഷ് അംബാനിക്കും പെട്രോളിയം വകുപ്പ് മന്ത്രിമാരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുരളി ദേവ്‌റ, വീരപ്പ മൊയ്‌ലി എന്നിവര്‍ക്കും എതിരെ കേസെടുക്കാനും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായിരിക്കെ തയ്യാറായി.


സ്വകാര്യ കമ്പനികളെ ഓഡിറ്റ് ചെയ്യാന്‍ സി എ ജിക്ക് അധികാരമില്ലെന്ന് വാദിച്ച് റിലയന്‍സ് നല്‍കിയ ഹരജികള്‍ കോടതികള്‍ തള്ളുകയാണ് ചെയ്തത്. എന്നിട്ടും റിലയന്‍സിന്റെ കണക്ക് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. പ്രകൃതി വാതകവില കൂട്ടിക്കൊടുക്കാന്‍ പുതിയ വഴികള്‍ തേടി, പ്രകൃതി വാതക വില നിശ്ചയിച്ചതില്‍ ആരോപിക്കപ്പെട്ട ക്രമക്കേടിനെ പിന്തുണക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. മോദി ഭരണകൂടത്തിന്റെ വിശ്വാസ്യത ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ചോദ്യംചെയ്യപ്പെടുകയാണ് ഇതിലൂടെ സംഭവിച്ചത് എന്ന് ഡല്‍ഹിയിലെ ജനവിധി തെളിയിക്കുന്നു. കൊടിയ അഴിമതിക്ക് കാരണക്കാെരന്നും ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നവരെന്നും ആരോപിച്ച് കോണ്‍ഗ്രസിനെതിരെ പടനയിച്ചവര്‍ അതേപാതയില്‍ ചലിക്കുകയും,


പ്രകൃതിവിഭവങ്ങളേയും അതിന്റെ യഥാര്‍ഥ ഉടമകളായ ദരിദ്ര ജനങ്ങളേയും കൊടിയ ചൂഷണത്തിന് വിധേയരാക്കുകയും കൈക്കൂലി നല്‍കി സ്വന്തമാക്കുന്ന കരാറുകളിലൂടെ കോടികളുടെ അനര്‍ഹ സമ്പാദ്യമുണ്ടാക്കുകയും ചെയ്യുന്ന റിലയന്‍സ് പോലുള്ള കമ്പനികള്‍ക്ക് സൗകര്യങ്ങള്‍ ചെയ്യാന്‍ മത്സരിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഡല്‍ഹി നിവാസികളെങ്കിലും അതിവേഗത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് കൂടിയാണ് മുഖമടച്ച് അടിക്കാന്‍ അവര്‍ തീരുമാനിച്ചത്.
നരേന്ദ്ര മോദിയോ ബി ജെ പിയോ മാത്രമാണ് രക്ഷയെന്നും അവരിലൂടെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) ലക്ഷ്യമായ ഹിന്ദു രാഷ്ട്രത്തിലേക്ക് സഞ്ചരിക്കുകയാണ് മാര്‍ഗമെന്നും രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷം ചിന്തിക്കുന്നില്ല എന്നുകൂടി തെളിയിക്കുന്നു ഡല്‍ഹി ഫലം. അതുകൊണ്ട് ആശങ്കയും സമ്മാനിക്കുന്നുണ്ട്, ഈ ജനവിധി.


സമ്പൂര്‍ണാധികാരം സാധ്യമാകണമെങ്കില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വേഗം കൂടണമെന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും സംഘ് പരിവാരം തീരുമാനിക്കാനുള്ള സാധ്യത ഏറെയാണ്. ക്രമസമാധാനപാലനം കേന്ദ്ര സര്‍ക്കാറിന്റെ ചുമതലയിലായതിനാല്‍, അതിന്റെ തുടക്കം ഡല്‍ഹിയില്‍ തന്നെയാകട്ടെ എന്ന് നിശ്ചയിക്കാനും മതി.
അക്രമോത്സുകമാകുന്ന തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിക്കും അവരുടെ സര്‍ക്കാറിനും എത്രത്തോളം സാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. നിലവില്‍ ഡല്‍ഹിയില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടിയെന്ന നിലയില്‍, വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് ഇനിയും പൂര്‍ണരൂപം നല്‍കാന്‍ സാധിക്കാത്ത എ എ പിക്ക്, രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ എത്രത്തോളം സ്വാധീനമുണ്ടാക്കാനാകുമെന്നതും വ്യക്തമല്ല. ഡല്‍ഹിയിലെ ജനങ്ങളെ സ്വാധീനിക്കാന്‍ സ്വീകരിച്ച തന്ത്രങ്ങള്‍ മതിയാകില്ല ആം ആദ്മിക്ക് ഇതര ഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കണമെങ്കില്‍. ഭാഷ, സംസ്‌കാരം, ജാതി എന്ന് തുടങ്ങി വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. എല്ലാവര്‍ക്കും യോജിക്കാവുന്ന നയനിലപാടുകള്‍ക്ക് രൂപം നല്‍കേണ്ടതുമുണ്ട്. അതിലേക്കൊക്കെ ആം ആദ്മി വളരുമോ എന്നതില്‍ സംശയം നിലനില്‍ക്കുകയും ചെയ്യുന്നു.


എന്തായാലും, ഗുജറാത്തില്‍ മുഖ്യമന്ത്രിയായ കാലം മുതലിങ്ങോട്ട്, മൂന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പുകളിലൊക്കെ ബി ജെ പിയെ വിജയിപ്പിച്ചുവെന്ന നരേന്ദ്ര മോദിയുടെ ഹുങ്കിന് അടിയേറ്റിരിക്കുന്നു. കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടുകയും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലൊക്കെ ജയമോ ജയത്തോടടുത്ത പ്രകടനമോ കാഴ്ചവെച്ച ബി ജെ പി, പരാജയപ്പെടുത്താന്‍ കഴിയാത്ത ദുര്‍ഗമായി മാറിയിരിക്കുന്നുവെന്ന തോന്നല്‍ കോണ്‍ഗ്രസിലെയും ബി ജെ പിയെ എതിര്‍ക്കുന്ന മറ്റ് പാര്‍ട്ടികളിലെയും നേതാക്കളില്‍ നിന്ന് ഒഴിയാന്‍ ഇത് കാരണമായേക്കാം. അധികാരം വേണമെങ്കില്‍ ഇനി ബി ജെ പിയെ ശരണം പ്രാപിക്കുക എന്നതല്ലാതെ മാര്‍ഗമില്ലെന്ന ചിന്തയും ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തോടെ അപ്രസക്തമായിരിക്കുന്നു. ഡല്‍ഹിയില്‍ സമ്പൂര്‍ണ പരാജയമായെങ്കിലും തിരിച്ചുവരവിന് ശ്രമിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഈ സാഹചര്യം പ്രയോജനപ്പെട്ടേക്കും. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍, ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചാരത്തില്‍ നിന്ന് കോണ്‍ഗ്രസ് എഴുന്നേറ്റുവന്നുവെന്നത് മറക്കാതിരിക്കുക. ആം ആദ്മിയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാന്‍ ഇതര മതേതര ജനാധിപത്യ പാര്‍ട്ടികള്‍ ഒരുമ്പെടുകയും ചെയ്‌തേക്കാം. അങ്ങനെ സംഭവിച്ചാല്‍ അതുതന്നെയാകും ഡല്‍ഹി തെരഞ്ഞെടുപ്പ് അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ സംഗതി.

2015-02-07

മെഗാ - സുപ്പര്‍ സ്റ്റാര്‍


ഇക്കണ്ടതൊന്നും ലാലിസമല്ലെന്നും യഥാര്‍ഥ ലാലിസം വരാനിരിക്കുന്നതേയുള്ളൂവെന്നും ബാന്‍ഡ് ഏകോപനത്തിന്റെ ചുമതലക്കാരനായ സംഗീത സംവിധായകന്‍ പറഞ്ഞപ്പോള്‍ ഇത്രയൊന്നും ആരും നിരീച്ചിട്ടുണ്ടാകില്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനാകെ ദുഷ്‌പേരുണ്ടാക്കിയെന്ന ആരോപണമുയര്‍ന്നതോടെ സര്‍ക്കാര്‍ നല്‍കിയ പണം തിരിച്ചുനല്‍കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം മോഹന്‍ലാലെന്ന കലാകാരന്റെ ഉന്നതമായ ധാര്‍മികബോധത്തിന്റെ തെളിവായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിക്കുന്നു. കലാപ്രകടനത്തിന് നല്‍കിയ പണം തിരിച്ചുവങ്ങുന്നത് ധാര്‍മികതയല്ലെന്ന് വിശദീകരിച്ച്, പണം തിരികെ വാങ്ങേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിക്കുന്നു. മോഹന്‍ ലാല്‍ പണം തിരികെക്കൊടുത്തുവെന്ന വാര്‍ത്ത, മന്ത്രിസഭാ യോഗ തീരുമാനം വരുന്നതിന് തൊട്ടുമുമ്പ് പരക്കുന്നു. ചെക്കായി പണം കൈമാറിയെന്ന സ്ഥിരീകരണം വൈകാതെ വന്നു.


ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിക്കാന്‍ പറ്റിയ പരിപാടിയായിരുന്നോ 'ലാലിസ'മെന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഗാനമേളയും മഹാനടനവും? അത്തരമൊരു പരിപാടി വേണമെന്ന് തീരുമാനിച്ചത് ആരാണ്? ആ പരിപാടിക്ക് ഇത്രയും വലിയ തുക നല്‍കേണ്ടതുണ്ടായിരുന്നോ? വേണ്ടത്ര തയ്യാറെടുപ്പുകളൊന്നും നടത്താത്തതിനാല്‍ പരിപാടി മോശമാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണോ പരിപാടിക്കായി താന്‍ പ്രതിഫലം വാങ്ങുന്നില്ലെന്ന് മോഹന്‍ ലാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചത്? പാട്ടുകളും മറ്റും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ശേഷം വേദിയില്‍ ചുണ്ടനക്കുക മാത്രമേ ചെയ്യൂ എന്ന് സര്‍ക്കാറുമായുണ്ടാക്കിയ കരാറില്‍ മോഹന്‍ ലാല്‍ സംഘം അറിയിച്ചിരുന്നോ? പരിപാടിക്ക് ഫീസായി നല്‍കുകയും ചെക്കായി തിരികെ അയച്ചിട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കോടി അറുപത് ലക്ഷത്തിലേറെ രൂപ സംസ്ഥാനത്തെ നികുതി ദാതാക്കളുടെ പണമാകയാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കുമുണ്ട്. മാട്ടേ നാടകമായാലും (നാട്ടിന്‍ പുറങ്ങളില്‍ അരങ്ങേറുന്ന ചെറു നാടകമെന്ന് അര്‍ഥം പറയാം) ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ പണം നല്‍കാതിരിക്കുമോ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം ഇവിടെ സംഗതമല്ല. അത്തരമൊരു മാട്ടേ നാടകം നടത്താനല്ലല്ലോ സൂപ്പര്‍ മെഗാ സ്റ്റാറിനെ ഉദ്ഘാടനച്ചടങ്ങിന്റെ സംഘാടക സമിതി ചുമതലപ്പെടുത്തിയത്. അതുകൊണ്ട് ഈടാക്കിയ പണത്തിന് ആനുപാതികമായ സേവനം വേദിയില്‍ കാഴ്ചവെച്ചില്ലെങ്കില്‍ അതിന് ജനത്തിന്റെ പണം കൂലിയായി നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തവുമാണ്.


'ലാലിസ'മായി വീണുകിട്ടിയ ആയുധം ജിജിയിസത്തിലൂടെ വികസിപ്പിച്ച് ജനത്തിന്റെ കണ്ണില്‍ മണ്ണുവാരിയിട്ട ഉമ്മനിസമാണ് യഥാര്‍ഥ ലാലിസമായി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. അതാണ് ശരിയായ പത്തൊമ്പതാമത്തെ അടവും. ഉദ്ഘാടനച്ചടങ്ങില്‍ വീഴ്ചകളുണ്ടായെന്ന പരാതി പരിശോധിക്കാന്‍, ചീഫ് സെക്രട്ടറിക്കസേരയില്‍ അമര്‍ന്നിരിക്കാനുള്ള സമയം പോലും കിട്ടാതിരിക്കെ ജിജി തോംസണ്‍ ഉന്നതതല യോഗം വിളിക്കുന്നു. തിരവുഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിശ്വാസത്തിലെടുത്താല്‍ ആ യോഗം തത്സമയം കാണിക്കാന്‍ പാകത്തില്‍ ചാനല്‍ പ്രതിനിധികളെ ജിജി തോംസണ്‍ തന്നെ വിളിച്ചുവരുത്തുന്നു. യോഗ ശേഷം, പാളിച്ചകളുണ്ടായെന്ന് സമ്മതിച്ചും അവകളെ എണ്ണിയെണ്ണി വിശദീകരിച്ചും ജിജി തോംസണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്നു.


തുടര്‍ന്ന് ചീഫ് സെക്രട്ടറി അങ്ങനെ പറഞ്ഞതിലെ അതൃപ്തിയുമായി തിരുവഞ്ചൂര്‍ രംഗത്തുവരുന്നു. മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ തിരുവഞ്ചൂരിന്റെ പൊട്ടിത്തെറി. ഗെയിംസ് ഭരണസമിതിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെക്കുമെന്ന തിരുവഞ്ചൂരിന്റെ ഭീഷണി മേമ്പൊടിക്ക്. മന്ത്രിസഭാ യോഗത്തിന് ശേഷം ചീഫ് സെക്രട്ടറിയെ തള്ളിപ്പറയാതെയും ഉദ്ഘാടനച്ചടങ്ങില്‍ തന്റെ കസേരപോലും അതിഥികള്‍ക്ക് നല്‍കി വിനയവും സംഘാടനമികവും കാട്ടിയ തിരുവഞ്ചൂരിനെ പ്രകീര്‍ത്തിച്ചും മുഖ്യമന്ത്രിയുടെ വാഗ്‌ധോരണി.
പാമൊലിന്‍ കോഴക്കേസില്‍ ഇപ്പോഴും പ്രതിസ്ഥാനത്തു നില്‍ക്കുന്ന ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി കാട്ടിയ താത്പര്യം പ്രസിദ്ധമാണ്. അങ്ങനെ വന്നയൊരാള്‍ മുഖ്യമന്ത്രിയുടെ അനുമതി കൂടാതെ ഉദ്ഘാടനച്ചടങ്ങിലെ വീഴ്ച പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിക്കുകയും അതിന് ശേഷം മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്യുമോ? സംഗതികള്‍ ഇവ്വിധം തന്നെ നടക്കുക എന്നത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നുവെന്ന് ചുരുക്കം.


ലാലിസത്തിന്റെ പാളിച്ചയും ചീഫ് സെക്രട്ടറിയുടെ തര്‍ക്ക വിധേയമായ പ്രസ്താവനയും കേന്ദ്രബിന്ദുവായതോടെ, ബാര്‍ കോഴയായി തുടങ്ങി ബജറ്റ് കോഴയായി വളര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധയൊഴിഞ്ഞു. അതുതന്നെയായിരുന്നു മുഖ്യമന്ത്രിയുടെയും ആഗ്രഹമെന്ന് കരുതണം.
നിലവാരമില്ലെന്ന കാരണത്താല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കണമോ വേണ്ടയോ എന്നതില്‍ തര്‍ക്കം നിലനിന്ന കാലത്ത് ശേഷിച്ച 312 കൂടി പൂട്ടി സമ്പൂര്‍ണ മദ്യ നിരോധത്തിന് വേണ്ടി നിലകൊള്ളുന്ന മുന്നണിയും സര്‍ക്കാറുമെന്ന തോന്നലിലേക്ക് ശ്രദ്ധ തിരിച്ച ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുക. അങ്ങനെ പൂട്ടാന്‍ തീരുമാനിക്കുന്നതിലെ വിവേചനവും നിയമസാധുതയും കോടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്ന് അറിഞ്ഞുതന്നെയാണ് ആ തീരുമാനത്തിലേക്ക് സര്‍ക്കാറിനെയും മുന്നണിയെയും മുഖ്യമന്ത്രി എത്തിച്ചത്. അതിന് പിറകെ ബാര്‍ കോഴ ആരോപണം പുറത്തുവന്നു. കളം മാറിച്ചവിട്ടി മുഖ്യമന്ത്രിയാകുക എന്ന സ്വപ്‌നവുമായി നിന്ന കെ എം മാണിയെ ഒതുക്കി,


യു ഡി എഫിലെ വിശ്വസ്ത കുഞ്ഞാടായി നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിയും സംഘവും കളിച്ച കളി കൂടിയുണ്ടായിരുന്നു ഈ ആരോപണത്തിന് പിറകിലെന്ന് ഇപ്പോഴും മാണിയുടെ വിശ്വസ്തരായി തുടരുന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്. ഈ ആരോപണം വന്നതോടെ പൂട്ടിയ ബാറുകള്‍ തുറക്കുന്നതോ, ബാറുകള്‍ തുറന്ന് നല്‍കുന്നതിനുള്ള കോടതി നിര്‍ദേശങ്ങള്‍ വരുന്നതോ, ആ നിര്‍ദേശങ്ങള്‍ക്കൊപ്പം സര്‍ക്കാറിന്റെ മദ്യനയം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടതോ വലിയ ചര്‍ച്ചയാകാതെ പോയി. മദ്യനയം അട്ടിമറിച്ചാല്‍ സമരമെന്ന് ഭീഷണി മുഴക്കിയ കെ സി ബി സി മദ്യവിരുദ്ധ സമിതിയുള്‍പ്പെടെയുള്ളവരെ കാണാതെയുമായി. പൂട്ടിയ ബാറുകളിലൊക്കെ ബിയറും വൈനും നുരഞ്ഞൊഴുകുന്നതില്‍ ആര്‍ക്കും പരാതിയുമില്ലാതായി.
കോഴയരോപണം തന്നെയും ചിതറിത്തെറിച്ച് ഒന്നുമല്ലാതായിരിക്കുന്നു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ് ആവര്‍ത്തിക്കുമ്പോള്‍, ആരോപണങ്ങളെയൊക്കെ തള്ളി ബാറുടമകള്‍ രംഗത്തുവരുന്നു.


ഇതിനിടയില്‍ തന്റെ ആരോപണത്തിന് ബലമേകാന്‍ ബിജു രമേശ് പറയുന്നതൊക്കെ ലാലിസത്തിലും ജിജിയിസത്തിലും മുങ്ങിപ്പോയി.
കോഴയാരോപണം ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്നും കോഴയായി നല്‍കിയത് 20 കോടിയാണെന്നും അത് വാങ്ങിയവരില്‍ കോണ്‍ഗ്രസുകാരായ മന്ത്രിമാരുണ്ടെന്നും സംരക്ഷണം ഉറപ്പ് നല്‍കിയാല്‍ അവരുടെ പേരുകള്‍ പറയാമെന്നുമൊക്കെ ബിജു രമേശ് പറഞ്ഞിട്ടും ഒരിളക്കവുമുണ്ടായില്ല, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പോലും.


കുറച്ചുകാലം പിന്നാക്കം പോയാല്‍, പാമോലിന്‍ കേസ് വന്നു - പിന്‍വലിക്കാനുള്ള തീരുമാനമായും പിന്‍വലിക്കാനാകില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവായും അത് ശരിവെച്ചുള്ള ഹൈക്കോടതി വിധിയായും. അഴിമതി നടന്നിട്ടില്ല, സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ല എന്ന ഉത്തമ ബോധ്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആവര്‍ത്തിച്ച മുഖ്യമന്ത്രി, വിചാരണ നടക്കട്ടെ എന്ന കോടതി ഉത്തരവ് അംഗീകരിക്കുന്നതായും പ്രതികരിച്ചു. ഏറ്റവുമൊടുവില്‍ സുപ്രീം കോടതി മുമ്പാകെ, വിചാരണ നടക്കട്ടെ എന്ന ഹൈക്കോടതി വിധി അംഗീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയിച്ച്, ശല്യക്കാരനായ വ്യവഹാരിയല്ലേ വി എസ് അച്യുതാനന്ദന്‍ എന്ന സംശയം സുപ്രീം കോടതിയെക്കൊണ്ട് പ്രകടിപ്പിച്ചു. കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ പാമൊലിന്‍  ഇടപാടിനെ സമര്‍ഥമായി ഉപയോഗിച്ച ഉമ്മന്‍ ചാണ്ടി, ആ കേസില്‍ ആരോപണവിധേയനായി നില്‍ക്കെ രണ്ട് ദശാബ്ദത്തിലധികം അഴിമതി പുറത്തുകൊണ്ടുവരാന്‍ യത്‌നിച്ച വി എസ് അച്യുതാനന്ദന്റെ പ്രതിച്ഛായയില്‍ നിഴല്‍ വീഴ്ത്തി ചിരിച്ചു നില്‍ക്കുന്നു.


ഇതിലും വലിയ പുകിലായിരുന്നു സോളാര്‍ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുമായി ബന്ധം, മുഖ്യമന്ത്രിയെ പരിചയം ഇവയൊക്കെ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പെന്ന് ആക്ഷേപമുണ്ടായി. പകലന്തിയോളം 'വെളിപ്പെടുത്തലു'കളുണ്ടായി, തട്ടിപ്പാരോപണത്തിലെ മുഖ്യ കഥാപാത്രത്തിനൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയെന്ന് കോണ്‍ഗ്രസ്സുകാരന്‍ തന്നെയായ ഒരാള്‍ പറയുകയും ചെയ്തു. എന്നിട്ടൊടുവില്‍,  സകലകരുത്തുമെടുത്ത് ഇടതുമുന്നണി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, സംഗതികളാകെ തിരിഞ്ഞു. നടന്നത് ഒത്തുതീര്‍പ്പ് സമരമാണോ അല്ലയോ എന്നതില്‍ വിശദീകരണം നല്‍കി തോല്‍ക്കാനായിരുന്നു ഇടത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ വിധി.


സമരമൊരു കാട്ടിക്കൂട്ടലായിരുന്നുവെന്ന ആക്ഷേപം കൃത്യമായ ഇടവേളകളില്‍ ഉയര്‍ന്നുവന്നതോടെ, സോളാര്‍ തട്ടിപ്പിനേക്കാളും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോ അദ്ദേഹത്തിന് തന്നെയോ പങ്കുണ്ടോ എന്ന സംശയത്തേക്കാളുമുപരിയായി നിന്നു ഒത്തുതീര്‍പ്പ്. ഏറ്റമൊടുവില്‍ മാണിക്കെതിരെ ആക്ഷേപമുയര്‍ന്നപ്പോള്‍ സി പി എമ്മിന് അനുതാപമുണ്ടായെന്ന് ആരോപണമുയര്‍ന്നപ്പോഴും ഒത്തുതീര്‍പ്പ് മുഖ്യവേദി അലങ്കരിച്ചു. കളമശ്ശേരി, പാറ്റൂര്‍ എന്നിത്യാദി പേരുകളില്‍ പ്രസിദ്ധമായ ഭൂമി ഇടപാടുകളും അതില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന് പങ്കുണ്ടെന്ന ആക്ഷേപവുമൊക്കെ തിളച്ചുമറിഞ്ഞ് അടുപ്പിലെ കനലറ്റു. ഒന്നില്‍നിന്നൊലേക്ക് ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന കാഴ്ച ഇവിടെയൊക്കെ കണ്ടു. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ പോയത്, ശ്രദ്ധതിരിക്കുക എന്ന കലാവിദ്യയില്‍ ഉമ്മന്‍ ചാണ്ടി കാട്ടിയ കൈയടക്കത്തിന്റെ ഫലമായിരുന്നു.


 ദേശീയ ഗെയിംസില്‍ അഴിമതി കാട്ടിയവരൊക്കെ ജയിലില്‍പ്പോകുമെന്ന് പി സി ജോര്‍ജിനെപ്പോലുള്ളവര്‍ പേര്‍ത്തും പേര്‍ത്തും പറയുമ്പോള്‍, കെ എം മാണിക്കെതിരായ ആരോപണം മുഖ്യ സ്ഥാനത്തേക്ക് തിരിച്ചെത്താതിരിക്കുക എന്ന തന്ത്രത്തിന്റെ നടപ്പാക്കല്‍ കുടിയാണത്. അതിന് മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടാകും. യു ഡി എഫിന്റെ താക്കീതൊന്നും വകവെക്കില്ലെന്ന് പറയുന്ന ജോര്‍ജ്, ശ്വാസം മുഴുമിക്കും മുമ്പ് മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുന്നതിന്റെ അര്‍ഥം മറ്റൊന്നാകാന്‍ ഇടയില്ല.


ഇതാണ് യഥാര്‍ഥത്തില്‍ മഹാനടനം. സ്വയം മികച്ച അഭിനയം പുറത്തെടുക്കുകയും അതിലൂടെ സഹനടന്‍മാരെയൊക്കെ മികച്ചത് പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മഹാനടനം. ആയതിനാല്‍ യഥാര്‍ഥ ലാലിസം ഉമ്മനിസമാണ്. പകരംവെക്കാന്‍ തത്ക്കാലം മറ്റൊന്നില്ലാത്ത പ്രതിഭാവിലാസം. എന്ത് ദുഷ്‌പേരുണ്ടായാലും അഞ്ച് വര്‍ഷത്തെ കലാപ്രകടനത്തിന് ജനം നല്‍കിയ കരാറിന് സ്വീകരിച്ച പണം തിരിച്ചുമേടിക്കുക ധാര്‍മികമല്ല തന്നെ. അഥവാ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചാല്‍ തന്നെ ജനം അത് സ്വീകരിക്കരുത്. കാരണം ഈ സര്‍ക്കാറിന് ജനങ്ങളുടെ പിന്തുണയുണ്ട്!