2015-02-12

ഹൈപ്പിന് മുഖമടച്ച് ഒരടി


കൃത്രിമമായി സൃഷ്ടിക്കുകയും പ്രചണ്ഡമായ പ്രചാരണത്തിലൂടെ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന 'ഹൈപ്പു'കള്‍ക്ക് മുഖമടച്ച് കിട്ടിയ അടി - ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വലിയ വിജയം വിശാലമായ അര്‍ഥത്തില്‍ അതാണ്. ഇന്ത്യന്‍ യൂനിയനിലുള്ള ജനവിഭാഗങ്ങളുടെയാകെ പ്രാതിനിധ്യമുള്ള തലസ്ഥാനം രാമന്റെ മക്കളെത്തള്ളി പിതൃശൂന്യരെ സ്വീകരിക്കുമ്പോള്‍ അതിന് സംസ്ഥാനത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് പ്രാധാന്യമുണ്ട്. ഡല്‍ഹിയില്‍ 'എന്നെ അനുസരിക്കുന്ന ഒരു മുഖ്യമന്ത്രി വേണ'മെന്ന് ജനാധിപത്യ സമ്പ്രദായത്തില്‍ അധികാരമേറിയ ഏകാധിപതി ആവശ്യപ്പെട്ടപ്പോള്‍ 'നിങ്ങളെ അനുസരിക്കാത്ത മുഖ്യമന്ത്രിയെയാണ് ഞങ്ങള്‍ക്ക് വേണ്ടത്' എന്ന് ജനം വിധിയെഴുതുമ്പോള്‍ ആ പ്രാധാന്യം വര്‍ധിക്കുന്നു. ഡല്‍ഹി സംസ്ഥാനത്തിന്റെ അതിരുകള്‍ക്കുള്ളിലേക്ക് ചുരുക്കിയാല്‍, നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാറിന്റെ പോലീസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു തുറന്ന ജയിലും, അതിന്റെ മേല്‍നോട്ടത്തിന് കിരണ്‍ ബേദിയുമെന്ന സങ്കല്‍പ്പത്തെ ജനം ശങ്കയേതുമില്ലാതെ തൂത്തെറിഞ്ഞുവെന്ന് പറയാം.


2013ല്‍ ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി 31 സീറ്റ് നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടി 28 സീറ്റ് നേടിയപ്പോള്‍ 15 വര്‍ഷം ഭരണത്തിലിരുന്ന കോണ്‍ഗ്രസ് എട്ട് സീറ്റിലൊതുങ്ങി. മൂന്ന് സീറ്റ് മറ്റുള്ളവര്‍ക്കായിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബി ജെ പിയാണ് നേടിയത്. ഒരു സീറ്റില്‍ രണ്ട് ലക്ഷത്തിലധികവും ബാക്കി സീറ്റുകളിലെല്ലാം ഒരു ലക്ഷത്തിലധികവും വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ബി ജെ പിയുടെ സ്ഥാനാര്‍ഥികള്‍ക്ക്. ഒമ്പത് മാസത്തിനിപ്പുറം 2015 ഫെബ്രുവരിയില്‍ ജനം നല്‍കിയ വിധി ഇങ്ങനെയാണ് -ആം ആദ്മി പാര്‍ട്ടിക്ക് 67 സീറ്റ്. ബി ജെ പിക്ക് മൂന്ന്. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ചിത്രത്തിലേ ഇല്ല. ആകെ പോള്‍ ചെയ്തതിന്റെ 54 ശതമാനത്തിലധികം വോട്ട് ആം ആദ്മി പാര്‍ട്ടി നേടിയിട്ടുണ്ട്. ബി ജെ പിക്ക് ലഭിച്ചത് 32. 2 ശതമാനം വോട്ട്. 2013ല്‍ ബി ജെ പിക്ക് ലഭിച്ചതിനെ അപേക്ഷിച്ച് ഒരു ശതമാനം കുറവ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ച 31.14 ശതമാനത്തേക്കാള്‍ ഒരു ശതമാനം അധികം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി ജെ പിക്കും ഹൈന്ദവ ദേശീയതക്ക് വേണ്ടി നിലകൊള്ളുന്ന ആര്‍ എസ് എസിനും സമാഹരിക്കാവുന്ന പരമാവധി വോട്ട് ഇത്രയും മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ബാക്കി 69 ശതമാനത്തിന് വിശ്വസിക്കാവുന്ന ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ അപര്യാപ്തതയാണ് 54 ശതമാനത്തിലധികം വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കുമ്പോള്‍ ജനം ഉയര്‍ത്തിക്കാട്ടുന്നത്.


യു പി എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന സമാനതകളില്ലാത്ത അഴിമതി ആരോപണങ്ങളുടെ സാഹചര്യത്തില്‍ ജന ലോക്പാല്‍ ബില്ലെന്ന ആശയം മുന്നോട്ടുവെച്ച് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളും ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് ഉയര്‍ന്ന ജനരോഷവുമാണ് ആം ആദ്മി പാര്‍ട്ടിയുടെ രൂപവത്കരണത്തിലേക്ക് നയിച്ചത്. 2013ലെ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എ എ പിയുടെ സാധ്യതകളെക്കുറിച്ചുള്ള വലിയ അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുകയും അതിന്റെ ഓളങ്ങളാല്‍ ആം ആദ്മി ആള്‍ക്കൂട്ടം മുന്നോട്ടുനീങ്ങുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ പൂജ്യരാകുകയും ആള്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലേക്ക് പൊടുന്നനെ എത്തിയ എ എ പി നേതാക്കള്‍ പരസ്പരം ചെളിവാരിയെറിയാന്‍ തുടങ്ങുകയും ചെയ്തതോടെ ഈ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതി. അത്തരമൊരു സാഹചര്യത്തില്‍ ആള്‍ക്കൂട്ടത്തെ പാര്‍ട്ടിയെന്ന വ്യവസ്ഥാപിത സമ്പ്രദായത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയും നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ മത്സരിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രായോഗിക മാര്‍ഗങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുകയും ചെയ്തു അരവിന്ദ് കെജ്‌രിവാള്‍. അതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ കാണുന്നത്.


അതിനൊപ്പം അധികാരത്തിലിരുന്ന 49 ദിവസം സ്വീകരിച്ച നടപടികള്‍, അതുണര്‍ത്തിയ വിശ്വാസ്യത, അത്തരം നടപടികളുടെ തുടര്‍ച്ചയുണ്ടാകുമെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ സാധിച്ചത് ഒക്കെ വോട്ടിന്റെ രൂപത്തില്‍ എ എ പിയെ തുണച്ചിരിക്കുന്നു. ഒപ്പം ജനങ്ങളുമായി നിരന്തര ബന്ധം നിലനിര്‍ത്തുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങളും. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ കരം യുക്തിസഹമാക്കുമെന്ന പ്രഖ്യാപനവും എപ്പോഴാണ് ഇറങ്ങിപ്പോകേണ്ടത് എന്ന ഭീതിയില്‍ ജീവിക്കുന്ന ചേരി നിവാസികള്‍ക്ക് സുരക്ഷിത ആവാസം ഉറപ്പാക്കുമെന്ന വാഗ്ദാനവും ജനം മുഖവിലക്കെടുത്തിട്ടുണ്ടാകണം.


ഇത്രയും വലിയ വിജയം നേടാന്‍, ഈ പ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങളും മതിയായിരുന്നോ എന്ന സംശയം ബാക്കിയാകുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കാനൊരുങ്ങുന്ന നയങ്ങളും പാര്‍ട്ടിയുടെയും ഭരണത്തിന്റെയും മൗനാനുവാദത്തോടെ സംഘ്പരിവാരം തുടക്കമിട്ട വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും ഈ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മോദി അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായ ത്രിലോക്പുരി, ബവാന എന്നീ മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചത് വലിയ ഭൂരിപക്ഷത്തിലാണ്. ത്രിലോക്പുരിയില്‍ 30,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്; ബവാനയില്‍ 50,000ത്തില്‍ അധികവും. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഭൂരിപക്ഷമത വിഭാഗത്തിലെ വോട്ടുകളെ ഏകീകരിക്കാനുള്ള ശ്രമത്തെ ജനം ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞുവെന്ന് വ്യക്തം. വര്‍ഗീയമായ ചേരിതിരിവുണ്ടായതില്‍ ബി ജെ പി പിന്നാക്കം പോയതാണെങ്കില്‍, ഇത്രയും വലിയ ഭൂരിപക്ഷം എ എ പിക്ക് കിട്ടുമായിരുന്നില്ല.


യു പി എ സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്ന അഴിമതിക്കും വിലക്കയറ്റത്തിനും ഇടയാക്കുന്നതും ജനങ്ങളുടെ ആനുകൂല്യങ്ങളെയാകെ ഇല്ലാതാക്കുന്നതുമായ നയങ്ങളെ വേഗത്തില്‍ നടപ്പാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത് എന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കെങ്കിലും ബോധ്യപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുമ്പോള്‍, അതിന്റെ ആനുകൂല്യം ജനത്തിന് നല്‍കാതിരിക്കുന്ന സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഡല്‍ഹിയിലെ വൈദ്യുതി വിതരണത്തിന്റെ ചുമതലയുള്ള റിലയന്‍സ് ഏത് വിധത്തിലാണ് തങ്ങളെ പിഴിഞ്ഞ് ലാഭമുണ്ടാക്കുന്നത് എന്ന് 49 ദിവസത്തെ ഭരണത്തിനിടെ അരവിന്ദ് കെജ്‌രിവാള്‍ ജനത്തെ അറിയിച്ചു. റിലയന്‍സിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനും പ്രകൃതിവാതക വില നിശ്ചയിച്ചതില്‍ ക്രമക്കേട് ആരോപിച്ച് മുകേഷ് അംബാനിക്കും പെട്രോളിയം വകുപ്പ് മന്ത്രിമാരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുരളി ദേവ്‌റ, വീരപ്പ മൊയ്‌ലി എന്നിവര്‍ക്കും എതിരെ കേസെടുക്കാനും കെജ്‌രിവാള്‍ മുഖ്യമന്ത്രിയായിരിക്കെ തയ്യാറായി.


സ്വകാര്യ കമ്പനികളെ ഓഡിറ്റ് ചെയ്യാന്‍ സി എ ജിക്ക് അധികാരമില്ലെന്ന് വാദിച്ച് റിലയന്‍സ് നല്‍കിയ ഹരജികള്‍ കോടതികള്‍ തള്ളുകയാണ് ചെയ്തത്. എന്നിട്ടും റിലയന്‍സിന്റെ കണക്ക് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. പ്രകൃതി വാതകവില കൂട്ടിക്കൊടുക്കാന്‍ പുതിയ വഴികള്‍ തേടി, പ്രകൃതി വാതക വില നിശ്ചയിച്ചതില്‍ ആരോപിക്കപ്പെട്ട ക്രമക്കേടിനെ പിന്തുണക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. മോദി ഭരണകൂടത്തിന്റെ വിശ്വാസ്യത ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ചോദ്യംചെയ്യപ്പെടുകയാണ് ഇതിലൂടെ സംഭവിച്ചത് എന്ന് ഡല്‍ഹിയിലെ ജനവിധി തെളിയിക്കുന്നു. കൊടിയ അഴിമതിക്ക് കാരണക്കാെരന്നും ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നവരെന്നും ആരോപിച്ച് കോണ്‍ഗ്രസിനെതിരെ പടനയിച്ചവര്‍ അതേപാതയില്‍ ചലിക്കുകയും,


പ്രകൃതിവിഭവങ്ങളേയും അതിന്റെ യഥാര്‍ഥ ഉടമകളായ ദരിദ്ര ജനങ്ങളേയും കൊടിയ ചൂഷണത്തിന് വിധേയരാക്കുകയും കൈക്കൂലി നല്‍കി സ്വന്തമാക്കുന്ന കരാറുകളിലൂടെ കോടികളുടെ അനര്‍ഹ സമ്പാദ്യമുണ്ടാക്കുകയും ചെയ്യുന്ന റിലയന്‍സ് പോലുള്ള കമ്പനികള്‍ക്ക് സൗകര്യങ്ങള്‍ ചെയ്യാന്‍ മത്സരിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഡല്‍ഹി നിവാസികളെങ്കിലും അതിവേഗത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് കൂടിയാണ് മുഖമടച്ച് അടിക്കാന്‍ അവര്‍ തീരുമാനിച്ചത്.
നരേന്ദ്ര മോദിയോ ബി ജെ പിയോ മാത്രമാണ് രക്ഷയെന്നും അവരിലൂടെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) ലക്ഷ്യമായ ഹിന്ദു രാഷ്ട്രത്തിലേക്ക് സഞ്ചരിക്കുകയാണ് മാര്‍ഗമെന്നും രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷം ചിന്തിക്കുന്നില്ല എന്നുകൂടി തെളിയിക്കുന്നു ഡല്‍ഹി ഫലം. അതുകൊണ്ട് ആശങ്കയും സമ്മാനിക്കുന്നുണ്ട്, ഈ ജനവിധി.


സമ്പൂര്‍ണാധികാരം സാധ്യമാകണമെങ്കില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വേഗം കൂടണമെന്നും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും സംഘ് പരിവാരം തീരുമാനിക്കാനുള്ള സാധ്യത ഏറെയാണ്. ക്രമസമാധാനപാലനം കേന്ദ്ര സര്‍ക്കാറിന്റെ ചുമതലയിലായതിനാല്‍, അതിന്റെ തുടക്കം ഡല്‍ഹിയില്‍ തന്നെയാകട്ടെ എന്ന് നിശ്ചയിക്കാനും മതി.
അക്രമോത്സുകമാകുന്ന തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിക്കും അവരുടെ സര്‍ക്കാറിനും എത്രത്തോളം സാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. നിലവില്‍ ഡല്‍ഹിയില്‍ മാത്രം സ്വാധീനമുള്ള പാര്‍ട്ടിയെന്ന നിലയില്‍, വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് ഇനിയും പൂര്‍ണരൂപം നല്‍കാന്‍ സാധിക്കാത്ത എ എ പിക്ക്, രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ എത്രത്തോളം സ്വാധീനമുണ്ടാക്കാനാകുമെന്നതും വ്യക്തമല്ല. ഡല്‍ഹിയിലെ ജനങ്ങളെ സ്വാധീനിക്കാന്‍ സ്വീകരിച്ച തന്ത്രങ്ങള്‍ മതിയാകില്ല ആം ആദ്മിക്ക് ഇതര ഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കണമെങ്കില്‍. ഭാഷ, സംസ്‌കാരം, ജാതി എന്ന് തുടങ്ങി വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. എല്ലാവര്‍ക്കും യോജിക്കാവുന്ന നയനിലപാടുകള്‍ക്ക് രൂപം നല്‍കേണ്ടതുമുണ്ട്. അതിലേക്കൊക്കെ ആം ആദ്മി വളരുമോ എന്നതില്‍ സംശയം നിലനില്‍ക്കുകയും ചെയ്യുന്നു.


എന്തായാലും, ഗുജറാത്തില്‍ മുഖ്യമന്ത്രിയായ കാലം മുതലിങ്ങോട്ട്, മൂന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പുകളിലൊക്കെ ബി ജെ പിയെ വിജയിപ്പിച്ചുവെന്ന നരേന്ദ്ര മോദിയുടെ ഹുങ്കിന് അടിയേറ്റിരിക്കുന്നു. കേന്ദ്രത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടുകയും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലൊക്കെ ജയമോ ജയത്തോടടുത്ത പ്രകടനമോ കാഴ്ചവെച്ച ബി ജെ പി, പരാജയപ്പെടുത്താന്‍ കഴിയാത്ത ദുര്‍ഗമായി മാറിയിരിക്കുന്നുവെന്ന തോന്നല്‍ കോണ്‍ഗ്രസിലെയും ബി ജെ പിയെ എതിര്‍ക്കുന്ന മറ്റ് പാര്‍ട്ടികളിലെയും നേതാക്കളില്‍ നിന്ന് ഒഴിയാന്‍ ഇത് കാരണമായേക്കാം. അധികാരം വേണമെങ്കില്‍ ഇനി ബി ജെ പിയെ ശരണം പ്രാപിക്കുക എന്നതല്ലാതെ മാര്‍ഗമില്ലെന്ന ചിന്തയും ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തോടെ അപ്രസക്തമായിരിക്കുന്നു. ഡല്‍ഹിയില്‍ സമ്പൂര്‍ണ പരാജയമായെങ്കിലും തിരിച്ചുവരവിന് ശ്രമിക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഈ സാഹചര്യം പ്രയോജനപ്പെട്ടേക്കും. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍, ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചാരത്തില്‍ നിന്ന് കോണ്‍ഗ്രസ് എഴുന്നേറ്റുവന്നുവെന്നത് മറക്കാതിരിക്കുക. ആം ആദ്മിയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാന്‍ ഇതര മതേതര ജനാധിപത്യ പാര്‍ട്ടികള്‍ ഒരുമ്പെടുകയും ചെയ്‌തേക്കാം. അങ്ങനെ സംഭവിച്ചാല്‍ അതുതന്നെയാകും ഡല്‍ഹി തെരഞ്ഞെടുപ്പ് അവശേഷിപ്പിക്കുന്ന ഏറ്റവും വലിയ സംഗതി.