2017-11-08

130 കോടിയുടെ തുറന്ന ജയില്‍



''പ്രജകളെ തങ്ങളുടെ ഇരകളായി കണക്കാക്കി അവരെ ഭക്ഷിക്കാന്‍ തയ്യാറെടുത്തിരിക്കുന്നവരെക്കുറിച്ചാണ് എനിക്ക് സംശയം''
(മഹാഭാരതത്തെ അധികരിച്ച് നരേന്ദ്ര കോലി എഴുതിയ 'അധികാരം' എന്ന നോവലില്‍ നിന്ന്)


കള്ളപ്പണം കണ്ടെത്തുക, കള്ളനോട്ട് ഇല്ലാതാക്കുക, ഭീകരവാദ സംഘടനകളുടെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'മിന്നലാക്രമണം'. അതീവ രഹസ്യമായി, മന്ത്രിസഭാംഗങ്ങളെപ്പോലും അറിയിക്കാതെ ആസൂത്രണം ചെയ്ത, അവസാനമിനുട്ടില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി, പ്രഖ്യാപനം പൂര്‍ത്തിയാകും വരെ മന്ത്രിമാരെ 'കരുതല്‍ തടവില്‍' വെച്ച് ഒക്കെ നടപ്പാക്കിയതാണ് ഈ തീരുമാനമെന്ന് അനുയായി വൃന്ദം പാടി നടന്നു. 15.44 ലക്ഷം കോടി മൂല്യം വരുന്ന, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പകരം വിതരണത്തിന് രണ്ടായിരത്തിന്റെ പുതിയ നോട്ട് അച്ചടിച്ച് തയ്യാറാക്കാന്‍ ഏതാനും ആഴ്ചകള്‍ എന്തായാലും വേണ്ടിവരും. ഇത്രയും കാലം നോട്ട് പിന്‍വലിക്കാനുള്ള പദ്ധതി രഹസ്യമായി സൂക്ഷിച്ചത് തന്നെ അപൂര്‍വമനോഹരമായ സംഗതിയായി വാഴ്ത്തപ്പെട്ടു.



രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താന്‍, കള്ളപ്പണക്കാരെ മുഴുവന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഒക്കെ വഴിയൊരുക്കുമെന്ന് വലിയ വായില്‍ പ്രചരിപ്പിച്ചതോടെ ദേശവാസികളില്‍ വലിയൊരു വിഭാഗം പുളകിതഗാത്രരായി. നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ട് നടത്തിയ പ്രഖ്യാപനത്തിന്റെ ഗരിമ, ആ വാഗ്‌ധോരണിയില്‍ വഴിഞ്ഞൊഴുകിയ രാജ്യത്തോടുള്ള പ്രതിബദ്ധത, അത് സൃഷ്ടിച്ച രാജ്യസ്‌നേഹം മൂലമുണ്ടായ വികാര വിക്ഷോഭം ഇതൊക്കെ അന്നന്നത്തെ അന്നത്തിന് വിയര്‍പ്പൊഴുക്കുന്നവരെ, അന്നോളം ബി ജെ പിയെയും നരേന്ദ്ര മോദിയെയും അത്ര മമതയോടെ കാണാത്തവരെയൊക്കെ ആവേശം കൊള്ളിച്ചു.


കൈവശമുള്ള വിലയില്ലാതായ നോട്ട് മാറ്റിയെടുക്കാനുള്ള തിരക്കും ദുര്‍ലഭമായ രണ്ടായിരം നോട്ടിന് വേണ്ടിയുള്ള ഓട്ടവും രണ്ട് ദിനം കൊണ്ട് ബോധ്യപ്പെട്ടപ്പോള്‍ ജനം മുറുമുറുത്തു. നവംബര്‍ എട്ടിന്റെ രാത്രി എട്ടുമണിക്കുണ്ടായ പ്രഖ്യാപനത്തോടെ അന്തംവിട്ട, രാഷ്ട്രീയ - സാമ്പത്തിക വക്താക്കള്‍ മൗനം വെടിഞ്ഞു. വേണ്ട മുന്നൊരുക്കമില്ലാതെ ഈ തീരുമാനം നടപ്പാക്കിയത് ജനത്തെ വലയ്ക്കുമെന്നും ക്രയവിക്രയം മുടങ്ങുന്നത് രാജ്യത്തിന്റെ സകല മേഖലകളെയും ബാധിക്കുമെന്നും അവര്‍ തൊണ്ട കീറി. അതിന് മറുപടിയുമായി മൂന്നാം ദിനം പ്രധാനമന്ത്രി വികാരാധീനനായി, വിതുമ്പലിന്റെ വക്കിലെത്തി. ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതിന്റെ കഥ ആവര്‍ത്തിച്ചു. കള്ളപ്പണക്കാരെ കൈയാമം വെക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട തന്റെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് വിലപിച്ചു. അമ്പത് ദിനം കാത്താല്‍ 'അച്ഛാ ദിനി'ന്റെ ആരംഭം കാണാമെന്ന് ജനത്തെ ഉദ്‌ബോധിപ്പിച്ചു. രാജ്യത്തെ സ്‌നേഹിക്കുന്നവരാരും തന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. പരോക്ഷമായ ഭീഷണി എന്ന് വേണമെങ്കില്‍ പറയാം. അമ്പത് ദിനത്തിനുള്ളില്‍ പ്രയാസങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ നിങ്ങള്‍ക്കെന്നെ വിധിക്കാമെന്ന് നിറ കണ്ണുകളോടെ വാഗ്ദാനം ചെയ്തു.


ഒരാണ്ട് പിന്നിടുമ്പോഴും പ്രയാസങ്ങള്‍ അവസാനിച്ചില്ല എന്ന് മാത്രമല്ല, സാമ്പത്തിക ആരോഗ്യം മോശമാകുകയും ചെയ്തു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് മാസങ്ങളെടുത്തു. രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും കറന്‍സി വിപണിയില്‍ സുലഭമാകാന്‍ ആറ് മാസത്തോളവും. ഈ സമയം, കൃഷി, വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ് എന്ന് വേണ്ട ഏതാണ്ടെല്ലാ മേഖലകളെയും മാന്ദ്യത്തിലാക്കി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഏതാണ്ട് തകര്‍ന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ വലിയൊരളവ് പൂട്ടിപ്പോയി. ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരായി. വന്‍കിട വ്യവസായങ്ങളും വലിയ പണക്കാരും മാത്രമാണ് പ്രയാസങ്ങള്‍ കൂടാതെ തുടര്‍ന്നത്. അതായത്, കള്ളപ്പണം കൈവശം വെച്ച വന്‍കിടക്കാരെ ലക്ഷ്യമിടുകയാണെന്ന് അവകാശപ്പെട്ട് നടപ്പാക്കിയത്, അവരെ ഒരു വിധത്തിലും ബാധിക്കാതിരിക്കുകയും ഇടത്തരക്കാരെയും കര്‍ഷകരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ഏറെ വലയ്ക്കുകയും ചെയ്തുവെന്ന് ചുരുക്കം.


വിവിധ മേഖലകളിലുണ്ടായ തളര്‍ച്ച സാമ്പത്തിക മേഖലയെ ഹ്രസ്വകാലത്തേക്ക് പ്രതികൂലമായി ബാധിക്കുമെങ്കിലും ദീര്‍ഘകാലത്തില്‍ വലിയ വളര്‍ച്ചക്കുള്ള വളമാകുമെന്നായിരുന്നു നരേന്ദ്ര മോദിയുടെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും അവകാശവാദം. എന്നാല്‍ അതുണ്ടാകുന്നതിന്റെ ലക്ഷണങ്ങളൊന്നും സമ്പദ്‌വ്യവസ്ഥ കാണിക്കുന്നില്ല. 15.44 ലക്ഷം കോടി മൂല്യം വരുന്ന നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ പത്തു മുതല്‍ പന്ത്രണ്ട് ലക്ഷം കോടി മൂല്യം വരെ മാത്രമേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് തിരികെയെത്തുകയുള്ളൂവെന്നും മൂന്നോ നാലോ ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിപണിയില്‍ നിന്ന് നീക്കം ചെയ്യാനാകുമെന്നും അത്രയും മൂല്യം പുതുതായി വിപണിയിലേക്ക് ഒഴുക്കാനാകുമെന്നുമൊക്കെയായിരുന്നു പ്രതീക്ഷ. അത്രയും വലിയ അളവ് കള്ളപ്പണം നീക്കം ചെയ്തതിന്റെ ക്രഡിറ്റ് നരേന്ദ്ര മോദിക്ക്. ഇത്രയും മൂല്യം പുതുതായി ഉള്‍പ്പെടുത്താനായതിന്റെ ആരോഗ്യം ബേങ്കുകള്‍ക്ക്. അതോടെ പുതുതായി നല്‍കാവുന്ന വായ്പയുടെ അളവ് വര്‍ധിക്കുന്നതിന്റെ പ്രയോജനം വിവിധ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക്.


ഈ സങ്കല്‍പ്പത്തെയാകെ ഇല്ലാതാക്കിക്കൊണ്ടാണ് പിന്‍വലിച്ച മൂല്യത്തിന്റെ 99 ശതമാനം തിരിച്ചെത്തിയത്. നോട്ട് ക്ഷാമത്തോടെ വായ്പാ തിരിച്ചടവ് മുടങ്ങിയും പുതിയ വായ്പ നല്‍കാന്‍ സാധിക്കാതെയും ബേങ്കുകളുടെ ആരോഗ്യം മോശമായി. കിട്ടാക്കടത്തിന്റെ തോത് എട്ട് ലക്ഷം കോടി രൂപ വര്‍ധിച്ചത് നില കൂടുതല്‍ പരുങ്ങലിലാക്കി. രണ്ട് ലക്ഷം കോടിയുടെ അധിക മൂലധനം നല്‍കി (വരുന്ന രണ്ട് വര്‍ഷം കൊണ്ട്) ബേങ്കുകളെ സംരക്ഷിച്ച് നിര്‍ത്തേണ്ടി വന്നു സര്‍ക്കാറിന്.


ഇതിനെല്ലാമപ്പുറത്ത്, രാജ്യത്തെ ജനങ്ങളുടെ അവകാശത്തിലേക്ക് ഭരണകൂടം നടത്തിയ, നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഇടപെടല്‍ കൂടിയായിരുന്നു അപ്രതീക്ഷിതമായ ഈ 'മിന്നലാക്രമണം'. സ്വത്ത് സമാഹരിക്കാനും അത് നിയമവിധേയമായി ഉപയോഗിക്കാനുമുള്ള അവകാശം രാജ്യത്തിന്റെ ഭരണഘടന നല്‍കുന്നതാണ്. അതിലും പ്രധാനമാണ് ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശം. ഇതിന്മേലുള്ള കടന്നുകയറ്റമാണ് യഥാര്‍ഥത്തില്‍ നരേന്ദ്ര മോദി നടത്തിയത്. 130 കോടി ജനങ്ങളുടെ സമ്പത്ത് അനധികൃതമായി പിടിച്ചെടുത്തു. അങ്ങനെ പിടിച്ചെടുത്തപ്പോള്‍ കോടിക്കണക്കായവരുടെ ഉപജീവന മാര്‍ഗം ചെറിയ കാലത്തേക്കെങ്കിലും ഇല്ലാതാക്കുകയും ചെയ്തു. 130 കോടിയില്‍ ഭൂരിഭാഗം വരുന്ന നിസ്സഹായരായ ജനങ്ങളെ കുറ്റവാളികളായി കണക്കാക്കി, തുറന്ന കരുതല്‍ തടങ്കലിലാക്കുകയായിരുന്നു നരേന്ദ്ര മോദി. അതില്‍ നിന്നുള്ള മോചനത്തിന് ആറ് മാസത്തോളം കാത്തിരിക്കേണ്ടിവന്നു അവര്‍ക്ക്. അപ്പോഴേക്കും കൃഷിയും കച്ചവടവും വ്യവസായവും മുന്നോട്ടു കൊണ്ടുപോകാനാവാത്തവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായി മാറിയിരുന്നു ലക്ഷങ്ങള്‍. തട്ടിപ്പറിക്കപ്പെട്ട ജീവനോപാധിക്ക് എന്ത് നഷ്ടപരിഹാരം നല്‍കി ഭരണകൂടം ഇക്കാലത്തിനിടെ?


നോട്ട് മാറിയെടുക്കാനും പുതിയ നോട്ടുകള്‍ ലഭിക്കാനുമുണ്ടായ കാലതാമസവും അതിനായി മണിക്കൂറുകളും ദിവസങ്ങളും വരിനില്‍ക്കേണ്ടി വന്നതും ചെറിയ അസൗകര്യങ്ങള്‍ മാത്രമായിരുന്നു നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ വാക്കുകള്‍ ആവര്‍ത്തിച്ച സംഘ്പരിവാരത്തിനും. ഒരു ജനതയെ മുഴുവന്‍ കുറ്റവാളികളായി ചിത്രീകരിച്ച്, ചെറിയ കാലത്തേക്ക് കരുതല്‍ തടങ്കലിലാക്കുകയും ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും ചെയ്ത നടപടിയെ, വെറും അസൗകര്യം മാത്രമായി വിശേഷിപ്പിക്കുമ്പോള്‍ ജനത്തെ അവഹേളിക്കുകയാണ് നരേന്ദ്ര മോദിയും കൂട്ടരും ചെയ്തത്. ഇന്ന് (നവംബര്‍ എട്ട്) കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ ആ അവഹേളനം അവര്‍ തുടരുകയാണ്. വിപണിയില്‍ ആകെയുണ്ടായിരുന്ന കറന്‍സി മൂല്യത്തിന്റെ ആറ് ശതമാനം കള്ളപ്പണമാണെന്നായിരുന്നു നോട്ട് പിന്‍വലിക്കുന്നതിന് മുമ്പുള്ള കണക്ക്. പിന്‍വലിച്ചതിന്റെ 99 ശതമാനവും റിസര്‍വ് ബേങ്കില്‍ തിരിച്ചെത്തിയപ്പോള്‍ ഈ ആറ് ശതമാനം ഏതാണ്ട് പൂര്‍ണമായും കണക്കുള്ളതായി മാറി. കള്ളപ്പണം കണ്ടെത്താനല്ല, അതെല്ലാം വെളുപ്പിക്കാനാണ് ഈ 'അസൗകര്യം' സഹായിച്ചത് എന്നര്‍ഥം. കള്ളപ്പണം വെളുപ്പിക്കാന്‍ അവസരമൊരുക്കി, നിസ്സഹായരായവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി, ഭരണഘടന അവര്‍ക്ക് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളൊക്കെ ലംഘിച്ചവര്‍ കള്ളപ്പണ വിരുദ്ധ ദിനം ആഘോഷിക്കുമ്പോള്‍ അത് അവഹേളനമല്ലാതെ മറ്റൊന്നല്ല.


റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യാ നിയമത്തിന്റെ 26(2) വകുപ്പ് പ്രകാരം വിപണിയിലുള്ള കറന്‍സി പിന്‍വലിക്കാന്‍ സര്‍ക്കാറിന് അനുവാദം നല്‍കുന്നുണ്ട്. ഇതിന് മുമ്പ് പലവട്ടം അത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഇതുപോലെ സര്‍വതലങ്ങളെയും ബാധിക്കും വിധത്തിലുള്ള 'മിന്നലാക്രമണം' ആദ്യമായിട്ടായിരുന്നു. സ്വത്ത് സമ്പാദിക്കാനുള്ള അവകാശം ഭരണഘടനയുടെ 300 (എ) അനുച്ഛേദം ഉറപ്പുനല്‍കുന്നു. സ്വത്ത് സമ്പാദിക്കാനുള്ള അവകാശമെന്നാല്‍ അത് സ്വന്തം ആവശ്യങ്ങള്‍ക്ക്, നിയമവിധേയമായി, സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം കൂടിയാണ്. അതുകൊണ്ട് ജനങ്ങളുടെ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാനും അത് പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനുമുള്ള നരേന്ദ്ര മോദിയുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണ്. ഇത്തരം നടപടികളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. അതിന്‍മേല്‍ കോടതിയെടുക്കുന്ന തീരുമാനം പൗരന്റെ മൗലികാവകാശങ്ങളുടെ കാര്യത്തില്‍ നിര്‍ണായകമാകും.


നോട്ട് പിന്‍വലിക്കുന്നതിന് മുമ്പുള്ള രാജ്യം 90 ശതമാനം ഇടപാടുകള്‍ക്കും കറന്‍സി ഉപയോഗിക്കുന്നതായിരുന്നു. തുടക്കത്തില്‍ പ്രഖ്യാപിച്ച ലക്ഷ്യം മാറ്റിയ നരേന്ദ്ര മോദി, ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് പിന്നീട് പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി രാജ്യത്തെല്ലായിടത്തുമില്ലാതിരിക്കെ, ഡിജിറ്റല്‍ സാക്ഷരത (വെറും സാക്ഷരത പോലും പൂര്‍ണമല്ല) ജനസംഖ്യയില്‍ അമ്പത് ശതമാനത്തിന് പോലും ഇല്ലാതിരിക്കെ ഡിജിറ്റലൈസേഷന്‍ ഏത് വിധത്തില്‍ സാധിക്കുമെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. ഈ അവസരം ഉപയോഗിച്ച് പേ ടി എം പോലുള്ള ചില ഡിജിറ്റല്‍ ഇടപാട് കമ്പനികള്‍ വന്‍ ലാഭം കൊയ്തത്, നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് ഇവര്‍ക്ക് മുന്‍കൂര്‍ അറിവുണ്ടായിരുന്നോ എന്ന സംശയമുണര്‍ത്തി. ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. വിപണിയിലെ കറന്‍സി ലഭ്യത സാധാരണ നിലയില്‍ ആയതോടെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. ഗൗരവമുള്ള മറ്റൊരു സംഗതി, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ഈ മേഖലയിലെ തട്ടിപ്പ് വലിയതോതില്‍ വര്‍ധിച്ചുവെന്നതാണ്.


ജനങ്ങളുടെ സമ്പാദ്യം ചെറിയ കാലത്തേക്ക് പിടിച്ചെടുത്ത്, നിങ്ങളുടെ ദൈനംദിന ജീവിതത്തെ തകര്‍ക്കാന്‍ പാകത്തില്‍ മിന്നലാക്രമണം നടത്താന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും അതിലൂടെ ഭീതി ജനിപ്പിക്കുകയുമായിരുന്നു നോട്ട് പിന്‍വലിച്ച തീരുമാനത്തിന്റെ രാഷ്ട്രീയോദ്ദേശ്യം. ചെറിയ അസൗകര്യങ്ങള്‍ 'രാജ്യസ്‌നേഹ'ത്തിന്റെ പേരില്‍ സഹിക്കണമെന്ന് ആഹ്വാനം ചെയ്തത്, ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകളെ നിശ്ശബ്ദമാക്കാനും. അത് തുടക്കത്തില്‍ ഫലം കണ്ടുവെങ്കിലും പിന്നീട് ജനം അത് മറികടന്നുവെന്ന് വേണം കരുതാന്‍. അതൊരു തിരഞ്ഞെടുപ്പ് തിരിച്ചടിയിലേക്ക് ബി ജെ പിയെ നയിച്ചില്ലെങ്കില്‍പ്പോലും.